Sunday, February 16, 2020

പ്ളാസ്റ്റിക് നിരോധനം, മരട് പൊളിക്കൽ, ഒരുപാട് ശരിക്കും അറിയാൻ തുടങ്ങുകയാണ്, ഇതൊരു കപ്പിൻറെ വഞ്ചനയാണ്. അലൻ താഹ


04/01/2020

പ്ളാസ്റ്റിക് നിരോധനം വന്നതിനു ശേഷമാണ് ഒരു കല്യാണത്തിനു പോയത്.

സ്റ്റീൽ ഗ്ളാസ്സിൽ വെള്ളം.

നാല് പായസത്തിന് നാലു പ്ളാസ്റ്റിക് ലെയേർഡ് ഡിസ്പോസിബിൾ കടലാസ് ഗ്ളാസ്സുകൾ ചോദിച്ചു വാങ്ങുന്നവർ, കുറഞ്ഞത് അത്തരം രണ്ട് ഗ്ളാസ്സെങ്കിലും ചോദിച്ചു വാങ്ങുന്നവർ, വാഴയിലയിൽ പായസങ്ങൾ വിളമ്പി മേടിച്ചു നക്കി നക്കി കഴിക്കുന്നതു കണ്ടു...

എനിക്കിഷ്ടമായി..

ഇലയിൽ നിന്ന് കൈകൊണ്ട് പായസം വടിച്ചു നക്കി കഴിക്കാൻ മനുഷ്യർ മറന്നിട്ടില്ല. അത്രയൊന്നും മനുഷ്യർ മാറീട്ടില്ല..

                                                 
                                                           

മരട് പൊളിക്കൽ

അങ്ങനെ സ്ഫോടകവസ്തുക്കൾ കൊണ്ട് നിർമ്മിതികൾ തകർക്കപ്പെടുന്നു.... എത്ര മനുഷ്യാദ്ധ്വാനം..എത്ര കെട്ടിട നിർമ്മാണ പദാർത്ഥങ്ങൾ, എത്ര മനുഷ്യരുടെ വീടുകൾ...

എല്ലാം അവസാനിക്കുന്നു.

രാജ്യത്ത് നിലവിലുള്ള കെട്ടിട നിർമ്മാണ നിയമങ്ങളെ വെല്ലുവിളിച്ച് നടത്തുന്ന നിർമ്മിതികൾ ഒഴിവാക്കുക തന്നെ വേണം. കെട്ടിടത്തിന് അനുമതി നല്കുന്നവരും ഡിസൈൻ ചെയ്യുന്ന സാങ്കേതിക വിദഗ്ധരും കെട്ടിടം വില്പനക്ക് വെക്കുന്നവരും സൂക്ഷ്മമായി ശ്രദ്ധിക്കേണ്ടുന്ന കാര്യമാണ് കെട്ടിടം നിയമവിധേയമാണോ എന്നുള്ള ഉറപ്പുവരുത്തൽ..

അത് ചെയ്യാതെ ഒത്തിരി മനുഷ്യരെ, നഗരത്തിലെ ഒരു പ്രധാന ഭാഗത്തെ ഇങ്ങനെ ശിക്ഷിച്ചിട്ട് ആരെയാണ് നമ്മൾ നന്നാക്കാൻ ശ്രമിക്കുന്നത്?

കെട്ടിടനിർമ്മാണ പദാർത്ഥങ്ങൾ പുനരുപയോഗിക്കാനാവുമോ എന്നൊരു സാധ്യത അന്വേഷിച്ചിരുന്നോവെന്ന് അറിയില്ല എനിക്ക്. ഇല്ലെങ്കിൽ നമ്മൾ ചെയ്യുന്നത് കൊടിയ അബദ്ധമാണ്. ദുരുപയോഗം ചെയ്യാനുള്ള കെട്ടിട നിർമ്മാണ പദാർത്ഥങ്ങൾ ഇല്ല എന്ന അവസ്ഥയെ നമ്മൾ എന്ന് തിരിച്ചറിയും ?

എത്ര അദ്ധ്വാനമാണ് ഓരോ കെട്ടിടവും എന്നറിയുന്നതുകൊണ്ട് അവ പൊളിഞ്ഞു വീഴുന്നതു കാണുമ്പോൾ എനിക്ക് വല്ലാതെ സങ്കടം വരും...


                                       
                                             
ഞാൻ ഒരുപാട് പേരെ ഇപ്പോൾ ശരിക്കും അറിയാൻ തുടങ്ങുകയാണ്...

അവരുടെ സൗഹൃദവും സ്നേഹവും അനുഗ്രഹവും ഞാൻ ആഗ്രഹിച്ചിരുന്നു. അവരുടെ നല്ല ഓർമ്മകളിൽ ഞാനുണ്ടാവണമെന്ന് കരുതി പ്രയത്നിച്ചിരുന്നു. രാഷ്ട്രീയത്തിലെ അഭിപ്രായവ്യത്യാസങ്ങൾ വ്യക്തി സ്നേഹ ബന്ധങ്ങളിൽ പ്രശ്നമുണ്ടാക്കേണ്ടതില്ലെന്ന് വിചാരിച്ചിരുന്നു.

ഇപ്പോൾ എനിക്ക് ശരിക്കും ഭയമാവുന്നു. അത് ഞാൻ വെറുതേ എഴുതുകയല്ല.

ഞാൻ സൗഹൃദവും സ്നേഹവും അനുഗ്രഹവും ആശിച്ച പലയിടങ്ങളിലും ഒളിച്ചു വെയ്ക്കപ്പെട്ടിരുന്ന തുറുകണ്ണുകളും രക്തദാഹമുള്ള വക്ത്രഗഹ്വരങ്ങളും നഖങ്ങളും ദംഷ്ട്രകളും തേറ്റകളും പ്രത്യക്ഷപ്പെട്ടു കഴിഞ്ഞു. അവയിൽ കൊല്ല്, ചീന്ത്, പുറത്താക്ക് എന്നീ അലർച്ചകൾ, ജാതി മത വംശ രാഷ്ട്രീയ ശുദ്ധികളുടെ പ്രഖ്യാപനങ്ങൾ...

ജാതിമതദേശപരിഗണനകളുടെ വേരുകളില്ലാത്തവരാണ് ഞാനും എൻറെ നെഞ്ചിൽ പറ്റി നില്ക്കുന്നവരും..

ഞങ്ങളുടെ കെറ്റിലിലും വെള്ളം തിളച്ചു തുടങ്ങുകയാണോ...  

                                                       

ഇതൊരു കപ്പിൻറെ വഞ്ചനയാണ്


ഇതൊരു കപ്പിൻറെ വഞ്ചനയാണ്. പച്ച നിറമുള്ള ഒരു സ്റ്റോൺവെയർ കപ്പിൻറെ വഞ്ചന.

കുറെക്കാലം മുമ്പേയുള്ള ഓഫീസ് ജോലിക്കാലത്ത്...

ഭയങ്കര തിരക്ക് പിടിച്ച ഒരു ദിവസത്തെ ജോലികൾ ഒന്നൊതുക്കി, ഞാൻ റൂമിലേക്ക് മടങ്ങിയതാണ്.

കാപ്പിക്ക് വില കൂടുതലായതുകൊണ്ട് ഞാൻ ചായ കുടിച്ചു ശീലിച്ചു കഴിഞ്ഞിരുന്നു. ആർഭാടങ്ങൾ ഓരോന്നായി കുറക്കണമെന്ന ജീവിതനിയോഗത്തിലായിരുന്നു അക്കാലം ഞാൻ.

നല്ല തണുപ്പുള്ള ജനുവരി മാസമാണ്, ദില്ലിയിൽ.

മുറിയിലെത്തി, മസാലയൊക്കെയിട്ട്, കൃത്യം പാകത്തിൽ പാല്പൊടിയും ചായവെള്ളവും പഞ്ചസാരയും ചേർത്ത് ചായ ഞാൻ പച്ചക്കപ്പിലേക്ക് പകർന്നു.

ഉയരം കുറഞ്ഞ മോഡയിലിരുന്ന് ചായ കുടിക്കാൻ പോവുകയാണ്. കപ്പ് കൈയിലെടുത്ത് ചുണ്ടോട് ചേർത്ത നിമിഷം... ആ കപ്പ് അതിൻറെ പിടി മാത്രം എൻറെ കൈയിൽ അവശേഷിപ്പിച്ച് ഡിം എന്ന് താഴേക്കൂർന്നു വീണുടഞ്ഞു തകർന്നു.

ചായ കുടിക്കാൻ കൊതിച്ചിരുന്ന എനിക്ക് ഒരു തുള്ളി ചായ പോലും കിട്ടിയില്ല.

ചില പച്ചക്കപ്പുകൾ ഇങ്ങനേമുണ്ട്.


                                                               

കോടതികളിൽ നിന്ന് മറ്റൊന്നും പ്രതീക്ഷിച്ചില്ല, അലൻ, താഹ കേസിലായാലും...

പൗരത്വ ഉൽക്കണ്ഠകളുമായി ബന്ധപ്പെട്ട കേസുകളിലായാലും...

വെറുപ്പിൻറെ വിവിധ തരം വീഡിയോ ഓഡിയോ ആവിഷ്കാരങ്ങളുമായി ഇപ്പോൾ ഒരുപാടു പേർ എന്നോടു സംസാരിക്കുന്നുണ്ട്. അവരെല്ലാം അപരരെ ചെയ്യാനാഗ്രഹിക്കുന്ന കാര്യങ്ങൾ കേൾക്കുമ്പോൾ എനിക്ക് മനസ്സിലാവുന്നത് അനേകമനേകം ഹിറ്റ്ലറുമാരും മുസ്സോളിനിമാരും അങ്ങനെയുള്ള ഏകാധിപത്യ പ്രവണതകൾ ഓരോ ഇഞ്ചിലും പോറ്റിവളർത്തുന്നവരും ഒരുപാടുണ്ടെന്ന് തന്നെയാണ്.

അപരരെ വെറുക്കുക, അതികഠിനമായി ശിക്ഷിക്കണമെന്ന് ആഗ്രഹിക്കുക, ഇഞ്ചിഞ്ചായി വധിക്കണമെന്ന് അലറുക... പേടിയാവുകയാണ് കേൾക്കുമ്പോൾ..

വെറുപ്പ് നമ്മെത്തന്നെ പൊള്ളയാക്കുന്ന, നമ്മെത്തന്നെ തിന്നു തീർക്കുന്ന അഗ്നിയാണ്...




No comments: