Wednesday, May 16, 2018

ധനമെന്ന ആയുധം

https://www.facebook.com/echmu.kutty/posts/817434665102496
https://www.facebook.com/groups/184366481910921/permalink/608576849489880/

അച്ഛന്‍റെ മകളായി ജീവിക്കുന്ന കാലത്താണ് ആ അനുഭവമുണ്ടായത്. അമ്മയുടെ അകന്ന ബന്ധത്തില്‍ പെട്ട ഒരു സഹോദരന്‍ നഗരത്തിലെ പ്രധാനപ്പെട്ട ഹോട്ടലില്‍ ഭക്ഷണം കഴിച്ചിട്ട്, കൊടുക്കാന്‍ പണമില്ലാതെ അപമാനിതനാവുന്ന കാഴ്ച ...

അച്ഛനൊപ്പം മസാലദോശ തിന്നാന്‍ പോയതായിരുന്നു. എന്ത് സവിശേഷ സന്ദര്‍ഭമായിരുന്നു അതെന്ന് ഇപ്പോള്‍ ഓര്‍മ്മിക്കുന്നില്ല. എന്തായാലും പതിനഞ്ചു തികയും മുമ്പാണ്. പതിനഞ്ചു വയസ്സിനുശേഷം അങ്ങനെ ഒരു കാര്യമുണ്ടായിട്ടില്ല.

അച്ഛന്‍ അവസാനമായി ഒരു ഉമ്മ തന്നതും ആ വയസ്സിനു മുന്‍പാണ്.

എല്ലാവരും ഉച്ചത്തില്‍ തട്ടിക്കയറുന്നതു കണ്ടാണ് മസാലദോശയില്‍ നിന്ന് ഞാന്‍ മുഖമുയര്‍ത്തിയത്. അച്ഛന്‍ നേരത്തെ അത് ശ്രദ്ധിച്ചിരുന്നിരിക്കണം. അച്ഛന്‍റെ മുഖം ചിന്താകുലമായിരുന്നു.

പണമില്ലെന്നറിഞ്ഞിട്ടും എന്തിനു ഭക്ഷണം കഴിച്ചു എന്നതായിരുന്നു അവിടത്തെ പ്രശ്നം. ആ മനുഷ്യന്‍ അതീവദയനീയമായ മുഖത്തോടെ നില്‍ക്കുകയല്ലാതെ ഒരക്ഷരം മറുപടി പറയുന്നുണ്ടായിരുന്നില്ല. വിശപ്പ് അയാളുടെ മാനാഭിമാനങ്ങളെ ചോര്‍ത്തിക്കളഞ്ഞിരിക്കാം. അതുകൊണ്ടു തന്നെ എന്തു പറയുമെന്ന് വിഷമിക്കുകയാവണം. വാക്കുകള്‍ കിട്ടാതെ വേദനിക്കുകയാവണം.

അച്ഛന്‍ അയാളുടെ പണം കൊടുക്കുന്നതും അയാളെ സമാധാനിപ്പിക്കുന്നതും ഞാന്‍ കണ്ടു. വണ്ടിക്കൂലിക്കുള്ള പണവും അച്ഛന്‍ കൊടുത്തുവെന്ന് എനിക്ക് മനസ്സിലായി.

അയാള്‍ അടുത്ത് വന്ന് എന്‍റെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി, താന്‍ ഇന്ന ആളാണെന്ന് പറഞ്ഞു. ബന്ധം വിശദീകരിച്ചു. അമ്മയെ അന്വേഷിച്ചു.എനിക്ക് ഒന്നും തോന്നിയില്ല. കാരണം മാതാപിതാക്കളുടെ മിശ്രവിവാഹം നിമിത്തം ബന്ധുക്കളുമായി ഒരടുപ്പവും ഇല്ലാതെ തികച്ചും ഒറ്റപ്പെട്ടാണല്ലോ ഞങ്ങള്‍ വളര്‍ന്നത്. ഞാന്‍ ഒരു മര്യാദച്ചിരി ചിരിക്കുകയും ചുമ്മാ തലയാട്ടുകയും ചെയ്തു.

നനഞ്ഞ കണ്ണുകള്‍ തുടച്ചുകൊണ്ട് അയാള്‍ നടന്നകന്നു.

പട്ടിണി മനുഷ്യരെ അപമാനിക്കുമെന്ന് ഞാന്‍ കണ്ടു. കച്ചവടം മനുഷ്യരെ വേദനിപ്പിക്കുമെന്ന് ഞാന്‍ മനസ്സിലാക്കി. ഒരു നേരത്തെ ഭക്ഷണം അത്ര വലിയ ഹോട്ടലിലും പ്രധാന കാര്യമാണെന്ന് ഞാന്‍ പഠിച്ചു. വിളിക്കുമ്പോഴെല്ലാം നിറഞ്ഞ സ്നേഹത്തോടെ അമ്മ തരുന്ന ഭക്ഷണം വീടീനു പുറത്തിറങ്ങുമ്പോള്‍ പണം കൊടുത്താല്‍ മാത്രം കിട്ടുന്ന ഒരു ഉല്‍പന്നമാണെന്നും പണമില്ലെങ്കില്‍ ഭക്ഷണം കഴിക്കുന്നത് ഒരു വലിയ കുറ്റമാവുമെന്നും ഞാന്‍ അറിഞ്ഞു.

അച്ഛനെപ്പറ്റി വളരെ ഉയര്‍ന്ന അഭിപ്രായം തോന്നിയ ഒരു നിമിഷമായിരുന്നു എനിക്കത്. സംഗീതവും രാഷ്ട്രീയവും സിനിമയും പുസ്തകങ്ങളും രോഗീ ചികില്‍സയും ഞങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നതിലെന്ന പോലെ ഇമ്മാതിരി മര്യാദകളിലും അച്ഛന്‍ എന്നും മുന്നിലായിരുന്നു. ഉയര്‍ന്ന ജാതിക്കാരായ അമ്മയുടെ ബന്ധുക്കളേയും അമ്മയുടെ നാട്ടുകാരേയും എന്നും കാര്യമായിത്തന്നെ അച്ഛന്‍ പരിഗണിച്ചിരുന്നു.

ധനം എന്നെ അതിക്രൂരമായി അപമാനപ്പെടുത്തിയ അനവധി ജീവിതസന്ദര്‍ഭങ്ങള്‍ ഉണ്ടായിട്ടുണ്ട്. എനിക്കതിലൊരിക്കലും മറക്കാനാവാത്തത് എന്‍റെ മാതൃത്വത്തിനു വിലയിട്ട വേദനയാണ്. അതൊരു വല്ലാത്ത അനുഭവമായിരുന്നു. ദരിദ്രനാരായണിക്ക് കുഞ്ഞിനെ വളര്‍ത്താന്‍ കഴിയില്ലെന്ന പ്രഖ്യാപനം... അറിയിപ്പ്.. അത് കേള്‍ക്കുമ്പോള്‍ സര്‍വാംഗം എരിഞ്ഞു കത്തുന്ന ഒരു മുളകിന്‍റെ ചുട്ടുനീറ്റലുണ്ടാകും. മാതൃത്വമെന്നത് ചുമ്മാ ഗര്‍ഭം ധരിച്ച് അങ്ങു പെറ്റാല്‍ കിട്ടുന്ന സുലഭതയല്ല. അത് അതിനുശേഷവും ആവശ്യമുള്ള മറ്റു നൂറായിരം കാര്യങ്ങളും കൂടിച്ചേര്‍ന്നതാണെന്ന് മനസ്സിലാവും.

പിന്നീട് എന്‍റെ എല്ലാ സ്വപ്നങ്ങളിലും യാഥാര്‍ഥ്യങ്ങളിലും ഭ്രമകല്‍പനകളിലും മഞ്ഞപ്പവനും വജ്രഖനികളും കറന്‍സിനോട്ടുകളും നവരത്നങ്ങളും നദികള്‍ പോലെ ഒഴുകി, ഒഴുകിയെന്നേ ഉള്ളൂ. എനിക്കവ കോരിയെടുത്ത് സൂക്ഷിക്കാന്‍ കഴിഞ്ഞതേയില്ല. അങ്ങനെയുള്ള എന്നെ അങ്ങു പണക്കാരിയാക്കിക്കളയാമെന്ന് ജീവിതത്തിലിതുവരെ ആരും പറയുകയോ അതിനായി യത്നിക്കുകയോ ഉണ്ടായിട്ടില്ല. എന്‍റെ യത്നങ്ങള്‍ വേണ്ടത്ര വിജയിപ്പിക്കാനാവശ്യമായ മിടുക്കും കഴിവും എനിക്കുണ്ടായിരുന്നതുമില്ല.

ധനമേല്‍പ്പിച്ച ഇത്തരമൊരു ഉണങ്ങാക്കലയുള്ളതുകൊണ്ട് പല വിചിത്രാനു ഭവങ്ങളേയും എനിക്ക് നിറഞ്ഞ പുഞ്ചിരിയോടെ നേരിടാന്‍ കഴിഞ്ഞിട്ടുണ്ട്.

വാടകവീട്ടില്‍ നിന്ന് ഇറക്കിവിടുന്നത് ...

എന്നെ അതിഥികള്‍ക്ക് ആരും തന്നെ പരിചയപ്പെടുത്താതിരിക്കുന്നത്...

വിളിക്കാത്ത കല്യാണത്തിനു അകമ്പടി പോകേണ്ടി വരികയും 'അയ്യോ! ഈ സ്ത്രീയെ ഞങ്ങള്‍ കല്യാണം വിളിച്ചിട്ടില്ലല്ലോ' എന്ന് കേള്‍ക്കുകയും ചെയ്യുമ്പോള്‍ അകമ്പടിക്കു കൊണ്ടുപോയവര്‍ എങ്ങുമെന്നില്ലാതെ ബന്ധുക്കള്‍ക്കിടയില്‍ മറഞ്ഞു പോകുന്നത്...

'അര രൂപ സമ്പാദിച്ചിട്ടുണ്ടോ ജീവിതത്തിലിന്നുവരെ' എന്ന് എപ്പോഴും വിരല്‍ ചൂണ്ടി ചോദിക്കുന്നത്...

എനിക്ക് ധനാര്‍ത്തിയുണ്ടെന്ന് തെളിയിക്കാന്‍ കിണഞ്ഞു പരിശ്രമിക്കുന്നത്...

'ഞാന്‍ അന്യരുടേ ധനം അടിച്ചു മാറ്റാന്‍ നോക്കി'യെന്ന് പ്രഖ്യാപിക്കുന്നത്...

'സ്വന്തമായി അധ്വാനിച്ചുണ്ടാക്കിയ പണം എടുത്ത് മറ്റുള്ളവരെ സഹായിക്കു..യൂ കാന്‍ എക്സ്പെരിമെന്‍റ് വിത് യുവര്‍ ഓണ്‍ മണി നോട്ട് വിത് അദേഴ്സ് മണി' എന്ന് ഗര്‍ജ്ജിക്കുന്നത്...

ഒത്തിരി ധനം ശരിക്കും ആവശ്യമായിരുന്ന ദൈന്യകാലത്തൊന്നും എനിക്കത് ഒട്ടും ലഭ്യമായില്ല. അതുകൊണ്ട് ന്യായവും നീതിയും ഒന്നും കണക്കിനു വാങ്ങാന്‍ എനിക്ക് കഴിഞ്ഞതുമില്ല.

ധനം, അത്യാവശ്യങ്ങളുള്ളവര്‍ക്ക് ഒരിക്കലും തികയാന്‍ കൂട്ടാക്കാത്തതും കൂട്ടിവെച്ചവര്‍ക്ക് ആരുടെ അത്യാവശ്യത്തേയും എങ്ങനെ വേണമെങ്കിലും നിഷേധിക്കാന്‍ പ്രാപ്തി കൊടുക്കുന്നതുമായ വിചിത്രായുധമാണ്. അത് തരുന്ന സുഖങ്ങളെ മാത്രമല്ല... തരുന്ന സങ്കടങ്ങളേയും വേദനയേയും കൂടി കാണേണ്ടതുണ്ട്..

അമ്മ ആശുപത്രിയില്‍ കിടക്കുന്ന സങ്കടകാലത്ത് ഒരു തവണ എന്‍റെ പക്കല്‍ ബില്ല് അടയ്ക്കാനുള്ള പണം തികഞ്ഞില്ല. ആശുപത്രിയില്‍ നിന്ന് അമ്മയെ ഡിസ് ചാര്‍ജ് ചെയ്യുകയുമാണ്. എന്‍റെ ഹൃദയമിടിപ്പ് അറിയുന്ന ജെന്നി മൂപ്പതിനായിരം രൂപ കൊണ്ടു വന്നു തന്നു. എന്‍റെയും അനിയത്തിയുടേയും പക്കലുണ്ടായിരുന്നതെല്ലാം കൊടുത്തു. ഇനിയും പണം വേണം. ഒരു വഴിയും ഇല്ല. ഒടുവില്‍ പണമില്ലെന്നും അമ്മയെ ആശുപത്രിയില്‍ തന്നെ കിടത്തു എന്നും പണം തന്ന് നാളെ കൊണ്ടുപൊക്കോളാമെന്നും പറഞ്ഞപ്പോള്‍ ആശുപത്രി അധികൃതര്‍ തടഞ്ഞു.

'എച്മുക്കുട്ടി അമ്മയെ കൊണ്ടുപോയ്ക്കൊള്ളൂ, നാളെയോ മറ്റന്നാളോ സൌകര്യം പോലെ വന്നടച്ചാല്‍ മതി'.

ഞാന്‍ ഞെട്ടിപ്പോയി. എച്മുക്കുട്ടിയെ പരിചയമുള്ളവര്‍... എഴുത്തില്‍ നിന്ന് ഇതിലും വലിയ ഏതൊരംഗീകാരമാണ് എനിക്കാവശ്യം ?

എനിക്ക് വാവിട്ട് കരയാന്‍ തോന്നി.

പുസ്തകങ്ങള്‍ രണ്ടെണ്ണമേ പ്രസിദ്ധീകരിച്ചുള്ളൂ.കഥകള്‍ തെരഞ്ഞെടുക്കാന്‍ മാത്രമല്ല അച്ചടിക്കൂലി നല്‍കാനും വായനക്കാരുണ്ടായി, കൂലി നല്‍കാതെ ഇനി ബുക്ക് പ്രസാധനം ചെയ്യാമെന്ന് വാക്ക് തരാന്‍ പ്രമുഖ പ്രസാധകരുമുണ്ടായി..

'എന്തിനാണെഴുതുന്നത് എഴുതുന്ന പോലെയാണോ നീ ജിവിക്കുന്നത് നീയൊരു കാപട്യക്കാരിയല്ലേ' എന്ന ചോദ്യങ്ങള്‍ക്ക് 'എഴുതിയിട്ടൊന്നും ഒരു കാര്യവുമില്ല' എന്ന തീര്‍പ്പുകല്‍പ്പിക്കലിനു 'ദരിദ്രനാരായണി'യെന്ന വിളിപ്പേരിന് 'പത്തുകാശുണ്ടാക്കാത്തവള്‍' എന്ന കളിയാക്കലിന് എന്‍റെ ഉത്തരം.

അന്ധേബാബ എനിക്ക് പഠിപ്പിച്ചു തന്ന ഉത്തരം.

'അന്ധേബാബാ കൊ കമ്പള്‍ ദോ ഖാനാ ദോ' എന്ന് ദീനമായി നിലവിളിക്കുമ്പോള്‍ പണം നല്‍കിയാല്‍ സ്വീകരിക്കുമായിരുന്നില്ല അദ്ദേഹം. കമ്പിളിയും ആഹാരവും മതി. അന്ധന് പണമെന്തിനാണെന്ന് അദ്ദേഹം ചോദിക്കും.

ഇന്നും എനിക്ക് കാണാന്‍ ഒത്തിരി ആശയുള്ള ഒരാളാണ് സൌത്ത് ദില്ലിയിലെ ഊടുവഴികളിലൂടേ ദീനനായി അലഞ്ഞിരുന്ന ദയനീയമായി നിലവിളിച്ചിരുന്ന ഭിക്ഷുവായ അന്ധേബാബ....


Monday, February 19, 2018

പ്രണയമധുരത്തിന്‍റെ ഓണനാളുകള്‍

https://www.facebook.com/echmu.kutty/posts/475390242640275
01/09/2015
മുതിര്‍ന്ന മക്കളുള്ള അമ്മമാരായിരുന്നു  എല്ലാവരും.

വിധവകളായിരുന്നു  അവര്‍.  ഒരാള്‍ക്ക് നടക്കാന്‍ വയ്യ.  മറ്റൊരാള്‍ക്ക്   അല്‍പം കാഴ്ചക്കുറവുണ്ട്. തിമിരത്തിന്റെ  ഓപ്പറേഷന്‍ ചെയ്യണം.  ഇനിയുമൊരാള്‍ക്ക്  പാര്‍ക്കിന്‍സണ്‍സ് ഡിസീസ്  ആരംഭിച്ചിട്ടുണ്ട് .  ഫ്‌ലാറ്റുകളില്‍   ജോലിക്കാരികള്‍ക്കൊപ്പം    അവര്‍ പാര്‍ക്കുന്നു. മക്കള്‍ ദൂരെ ദൂരെ ... നഗരങ്ങളില്‍  അല്ലെങ്കില്‍ വിദേശത്ത്..

അവര്‍ക്കൊപ്പമിരുന്നു  കാപ്പി  കുടിക്കുകയായിരുന്നു.  കായ വറുത്തതും ശര്‍ക്കരപുരട്ടിയും ഉണ്ടായിരുന്നു. പിന്നെ  ചെണ്ടമുറിയന്‍ പഴം  പുഴുങ്ങിയതും.   വിവിധ അടുക്കളകളില്‍  നിന്ന്   വ്യത്യസ്തതയുള്ള  ഓണസ്സുഗന്ധങ്ങള്‍ ഫ്‌ലാറ്റു സമുച്ചയത്തിന്റെ  നീളന്‍ വരാന്തകളിലൂടെ
 ഓണം വന്നോണം വന്നെന്ന്  കാറ്റിലലിഞ്ഞുകൊണ്ടിരുന്നു.

 ഗ്യാസടുപ്പും  പ്രഷര്‍ക്കുക്കറും  മിക്‌സിയും പൈപ്പുവെള്ളവും ഒന്നും   ജന്മം കൊണ്ടിട്ടില്ലാത്ത  ഓണദിനങ്ങളേയും അവയിലെ പുക മണക്കുന്ന  വിയര്‍പ്പിറ്റുന്ന  അദ്ധ്വാനത്തേയും പറ്റി അമ്മമാര്‍ വാചാലരായി.  കടം  വാങ്ങിയും അരിച്ചിട്ടിയും തുണിച്ചിട്ടിയും പിടിച്ചും  ഒക്കെ അവര്‍ ഓണമാഘോഷിച്ച  കഥകള്‍ ഞാന്‍ കേട്ടു. തുമ്പപ്പൂവും കാശിത്തുമ്പയും കൃഷ്ണകിരീടവും  കാക്കപ്പൂവും മുക്കുറ്റിയും  തൃക്കാക്കരയപ്പനും  ഞങ്ങള്‍ക്കിടയില്‍  വന്ന് പുഞ്ചിരി  തൂകി.

ഇന്നവര്‍ ഹൈടെക് അമ്മമാരാണ്. നെറ്റ് ഫോണും ഈ  മെയിലുമെല്ലാം ഉപയോഗിക്കുന്നവര്‍.  അവര്‍ക്ക്  ഫേസ്ബുക്കും  വാട്‌സ് ആപ്പുമുണ്ട് . അതുകൊണ്ടൊക്കെ തന്നെ   ഇന്നത്തെ  ജീവിതത്തിന്റെയും  ഓണത്തിന്റെയും ഒക്കെ  ചില  എളുപ്പങ്ങളും  ചില  കുഴപ്പങ്ങളും  അവര്‍ക്കറിയുകയും  ചെയ്യാം.

ഈ സൌകര്യങ്ങള്‍ ചെറുപ്പത്തിലുണ്ടായിരുന്നെങ്കില്‍  ...  ജീവിതത്തിനു  കുറച്ചു കൂടി തുറവി ഉണ്ടായിരുന്നെങ്കില്‍  എന്നവര്‍  പറഞ്ഞപ്പോള്‍ ചില  പ്രണയമധുരങ്ങള്‍  തേന്‍തുള്ളികളാവുന്നത് ഞാന്‍ കണ്ടു.

മനോഹരമായിരുന്നു ആ കാഴ്ച .  പലവര്‍ണങ്ങളില്‍  ചമച്ച  അതിസുന്ദരമായ  ഒരു  ഓണപ്പൂക്കളമായി  ചുളിവുകള്‍ വീണ  അമ്മ മുഖങ്ങള്‍ വിടര്‍ന്നു. നരച്ച  മുടിയിഴകള്‍  ആ പൂക്കളത്തിലെ  നന്ത്യാര്‍വട്ടങ്ങളായി  വെണ്‍ശോഭയണച്ചു.

നടക്കാന്‍ വിഷമമുള്ള അമ്മയാണ് ആദ്യം സംസാരിച്ചത്.   പത്താം ക്ലാസ്സും തുന്നലും പഠിച്ചു  കഴിഞ്ഞപ്പോഴായിരുന്നു  ക്രാഫ്റ്റ്‌സ്   കൂടി  പഠിയ്ക്കാനായി  ജ്യേഷ്ഠന്‍  അമ്മയെ  നിര്‍ബന്ധിച്ചത്.  ക്രാഫ്റ്റ്‌സ് ടീച്ചര്‍  എന്ന തസ്തികയിലേക്കും അപേക്ഷിയ്ക്കാമല്ലോ  എന്നായിരുന്നു  ജ്യേഷ്ഠന്റെ  താല്‍പര്യം.  അമ്മ  വഴങ്ങി.  ജ്യേഷ്ഠനൊപ്പം  ഇടയ്‌ക്കെല്ലാം വീട്ടില്‍ വന്നിരുന്ന  കൂട്ടുകാരനും  ബന്ധുവുമായിരുന്ന ഒരു  ചേട്ടനാണ്  അമ്മയ്ക്ക് ചില  വിപ്ലവ പുസ്തകങ്ങളൊക്കെ  കൊടുത്തത്.  എന്നു വെച്ചാല്‍  ഗോര്‍ക്കിയുടെ   അമ്മയും  യൂഗോയുടെ  പാവങ്ങളും മറ്റും..

പുസ്തകങ്ങള്‍ വായിച്ചു.  മെല്ലെമെല്ലെ   ജ്യേഷ്ഠന്റെ  കൂട്ടുകാരനോട്  പ്രത്യേകമായ ഒരു സ്‌നേഹം... അല്ല  ഒരിഷ്ടം..  അതൊന്നുമല്ല..

'പിന്നെ ... ' എന്ന്  പ്രേരിപ്പിച്ചു  എന്നിലെ  കഥക്കള്ളി.

' ഇടയ്‌ക്കെങ്കിലും  കാണാന്‍ ഒരു മോഹം.'

അതു  പറയുമ്പോള്‍  അമ്മയുടെ കണ്ണുകള്‍ക്ക്  ശംഖുപുഷ്പത്തിന്റെ  അരുമയുള്ള  നീലിമ...  മൃദുലത.

' എന്നിട്ട് ? '  ഇപ്പോള്‍ അമ്മമാര്‍ക്കും  താല്‍പര്യമായി.

 ' ഒന്നുണ്ടായില്ല..  ക്രാഫ്റ്റ്‌സ്  കഴിയും  മുന്‍പേ  എന്റെ  കല്യാണം  കഴിഞ്ഞു ...  പിന്നെ  മക്കളായി.. പ്രാരബ്ധങ്ങളായി.. ഭര്‍ത്താവിന്റെ  കൂടെ  ഏകദേശം  ഇന്ത്യാരാജ്യം മുഴുവന്‍ ചുറ്റിക്കറങ്ങി.  പട്ടാളക്കാരന്റെ  ഭാര്യയാവുമ്പോ  അങ്ങനെയല്ലേ  രാജ്യസ്‌നേഹം  കാണിക്കാന്‍ പറ്റുള്ളൂ..

എന്നാലും  ഒന്നും  മറന്നിട്ടില്ല..  എല്ലാ  ഉത്രാടത്തിനും  കാണാന്‍ വരും..  ഇപ്പോള്‍  എന്നെ പോലെ  തന്നെയാണ്.  നടക്കാന്‍ വയ്യ.  ഭാര്യേം കൂട്ടിയാ വരിക.  പറേമ്പോ  ഞങ്ങള്‍  ബന്ധുക്കളാണല്ലോ.  ഇത്തിരി  നേരം  സംസാരിച്ചിരിക്കും.  ചായയും  പഴം നുറുക്കും  കഴിക്കും...

എന്നാലും പോണേനു  മുമ്പ്  ആരും  കാണാതെ  ആരും  അറിയാതെ  ഒന്നു  നോക്കും... എന്നെ..  അത്  ഞാന്‍  മാത്രെ  കാണുള്ളൂ..

ഇപ്പൊ  എത്ര കാലം  കഴിഞ്ഞു... എന്നാലും.. '

ഒരു ശംഖുപുഷ്പം  കണ്ണെഴുതുന്നത്  എനിക്ക് കാണാനായി.

ചെണ്ടമുറിയന്‍ പഴം നുറുക്കിനു  നല്ല സ്വാദുണ്ടെന്ന്  എന്നെ  അഭിനന്ദിച്ചിട്ടാണ്,  കാഴ്ചക്കുറവുള്ള  കണ്ണുകള്‍  ഒന്നമര്‍ത്തിത്തുടച്ചിട്ടാണ്   അമ്മ  സംസാരിച്ചു  തുടങ്ങിയത്. 

 ' അമ്മായിയുടെ മകനായിരുന്നു.  അന്നേ വിമാനത്താവളത്തില്‍  ജോലിയില്‍  കയറിയിരുന്നു.  വൈക്കേഴ്‌സ്  വിസ്‌കൌണ്ടും  ഡഗ്ലസ് ഡി സിയും  ഫൊക്കറും  പോലെയുള്ള  വിമാനങ്ങള്‍ ഇന്ത്യയില്‍  പറന്നിരുന്ന  കാലത്ത്  തന്നെ.. അതുകൊണ്ട്  ജോലിയും അന്നേ  അകലങ്ങളിലായിരുന്നു.' 

' കാണാനൊക്കെ  വിഷമം ആയിരുന്നു  അല്ലേ..'  ഞാന്‍ അല്‍പം  കുസൃതിയോടെ  തിരക്കി.

' ഉം. ഇന്നത്തെ  പോലെ  ഈ  കൈവെള്ളയില്‍  വെച്ച്  വലുതാക്കി  കാണുകയും വിശേഷം പറയുകയും ചെയ്യണ നോക്കിയാ വിദ്യയൊന്നും അന്നില്ലല്ലോ.'

അമ്മയുടെ  ഫോണ്‍  നോക്കിയയുടെ  ആധുനിക  സെറ്റാണെന്ന് എനിക്ക് മനസ്സിലായി.

അമ്മ ഒരു ചെറു പുഞ്ചിരിയോടെ തുടര്‍ന്നു.

' എന്റെ  അച്ഛന്‍  അമ്മായിയോട്  പറഞ്ഞു.  ഒന്നു രണ്ടു വട്ടം. അമ്മായി ഒന്നും  പറഞ്ഞില്ല.  പിന്നെ ചോദിയ്ക്കാന്‍ അച്ഛനും മടിയായി.  അക്കൊല്ലം അവധിയ്ക്ക് വന്നപ്പോള്‍ ആരും കാണാതെ  എന്നോട് നേരിട്ട്  തന്നെ  ചോദിച്ചു .  വീട്ടില്‍  പറയൂ എന്ന് മാത്രമേ  ഞാന്‍  മറുപടി പറഞ്ഞുള്ളൂ. അക്കാലത്തൊക്കെ അങ്ങനെയാണ് . ഒന്നും തുറന്നു  പറയാന്‍  പാടില്ല. ഒരു മൂളല്‍... ചെറിയ  ഒരു തലയാട്ടല്‍.. അതു തന്നെ  വളരെക്കൂടുതലാണ്.

അമ്മായിയ്ക്ക്  അന്നേരം സ്ത്രീധനം കൂടിയേ  കഴിയൂ.  അത്  അച്ഛനു  ഒട്ടും പിടിച്ചില്ല . അങ്ങനെ   ആ അവധിക്കാലവും കഴിഞ്ഞു പോയി. പിന്നത്തെ  അവധിക്കു മുമ്പേ  അച്ഛന്‍ എന്റെ  കല്യാണം കഴിപ്പിച്ചു . ...

എന്നാലും എല്ലാ തിരുവോണത്തിനും  വിളിക്കും.. അല്ലെങ്കില്‍  പൂരാടത്തിന്  കിട്ടണ മാതിരി  ഒരു കാര്‍ഡയയ്ക്കും... ഫോണ്‍  സൌകര്യായേപ്പിന്നെ  വിളിയ്ക്കലാണ്  പതിവ്.  ബുദ്ധിമുട്ടിലാണ്  പാവം. മക്കളായിട്ട്  ഒരു  മോളേ ഉള്ളൂ. ആ കുട്ടി മിണ്ടില്ല. ... അതുകൊണ്ട്  ഭാര്യയ്ക്കും  അധികവും മൌനം തന്നെ.  ആ കുട്ടി  പഠിച്ചിട്ടൊക്കെ ഉണ്ട്.. ജോലീം  ഉണ്ട്.   പക്ഷെ,  കല്യാണം ...'

അമ്മ  നിറുത്തി.. ഞാന്‍  മൊഴി  എന്ന തമിഴ്  സിനിമ ഓര്‍ത്തു.. കോശിശ് എന്ന  ഹിന്ദി സിനിമ  ഓര്‍ത്തു.  സിനിമകള്‍  ജീവിതങ്ങളായി  പരാവര്‍ത്തനം ചെയ്യപ്പെടുകയില്ല...

 ' എന്താ  തിരുവോണത്തിനു വിളിയ്ക്കണേന്നറിയോ ...'  അമ്മയുടെ വിറയാര്‍ന്ന ശബ്ദത്തില്‍  ഒരു  കൌമാര കുതൂഹലം...

ഞാന്‍  ചെവി വട്ടം  പിടിച്ചു..

'അന്നേയ്  ..തിരുവോണത്തിന്റന്നേയ് ... എന്റെ   പിറന്നാളാണ്. '

മൂന്ന്  അമ്മമാരുടെയും   പഞ്ചാരച്ചിരിയില്‍  ഏതെല്ലാമോ   ആകാശകുസുമങ്ങളാല്‍  അലംകൃതമായൊരു   ഓണപ്പൂക്കളം  വിടര്‍ന്നു .....

Monday, February 12, 2018

സ്പര്‍ശനങ്ങളെപ്പറ്റി...

 
അഴിമുഖത്തില്‍@ സൈറ മുഹമ്മദ് എഴുതിയ  മനോഹരമായ കുറിപ്പ്.. അതിനെത്തുടര്‍ന്ന് @ഋഹമെ ഖീലെ എല്‍സ ജോസ് ഫേസ് ബുക്കിലിട്ട കുറിപ്പും പ്രതികരണങ്ങളും.. അവയൊക്കെയാണ്   ഒരുപക്ഷെ,   എന്റെ ഈ  വാക്കുകള്‍ക്കുള്ള പ്രേരണ..

സ്പര്‍ശമെന്നത് നമ്മുടെ സംസ്‌ക്കാരത്തില്‍  ഒരു പുറം കാര്യമല്ല... അത്  ഒരു  അകം കാര്യമാണ്. അയിത്തം എന്ന  സങ്കല്‍പം  ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും  കഴിയുന്നത്ര വെച്ചു പുലര്‍ത്തുന്ന, അതിനു യോജിക്കുന്ന ന്യായങ്ങളെ  വേദ പുരാണ ഇതിഹാസ മത ഗ്രന്ഥങ്ങള്‍ മുതല്‍  വ്യക്തി ശുചിത്വം വരെ പരതി കണ്ടു പിടിക്കുന്ന  അപൂര്‍വ ജനതയാണ് നമ്മള്‍...  നമുക്ക്  സ്പര്‍ശമെന്നത് തെറ്റായി  കാണാനാണ്  എപ്പോഴും എളുപ്പം. നാടക ചലച്ചിത്ര അഭിനേതാക്കളെ,  അവരുടെ പ്രശസ്തിയേയും പണത്തേയും പ്രധാനമായി എണ്ണുമ്പോഴും  അവന്‍ അവള്‍  എന്ന് വില കുറച്ച് കാണുന്നതില്‍  ഈ സ്പര്‍ശമെന്ന  പ്രക്രിയയ്ക്ക് വലിയ  പങ്കുണ്ട്.

നമ്മുടെ നമസ്‌തെ  എന്ന കൈ കൂപ്പല്‍  തന്നെ  അകല്‍ച്ചയെ  ആണ് ധ്വനിപ്പിക്കുന്നത്.  കൈകൂപ്പലിനു എന്തൊക്കെ  ദിവ്യത്വം  കല്‍പിച്ചാലും.. അതിനു  ഒരു തുറവി ഇല്ല. അപരിചിതരെ  തൊടുന്നത്  അതീവ  ദുസ്സഹമായ  ഒരു  അനുഭവമാണെന്ന് എഴുതുന്നതില്‍ പ്രധാനപ്പെട്ട  എഴുത്തുകാരും  പുകഴ്‌പെറ്റ  ചലച്ചിത്ര സംവിധായകരും ഒക്കെയുണ്ട്.  അപ്പോള്‍ പിന്നെ  നമസ്‌തെയുടെ  ദിവ്യത്വം തന്നെയാവുമല്ലോ   നമുക്ക്  ശരണം.

കുറെക്കാലം മുന്‍പാണ്.. തൃശ്ശൂര്‍ നിന്ന്  കോഴിക്കോട്ടേക്ക് പോവുകയായിരുന്നു ഞാന്‍..  ഒരു സീറ്റില്‍  മോടിയില്‍  വസ്ത്രം ധരിച്ച് കാഴ്ചയില്‍ തന്നെ  ഒരു മുതിര്‍ന്ന പ്രൊഫസറെ പോലെ തോന്നിപ്പിക്കുന്ന ഒരാള്‍  ഇരിക്കുന്നുണ്ടായിരുന്നു. രണ്ടാള്‍ക്കിരിക്കാവുന്ന സീറ്റില്‍  തനിച്ചിരിക്കുകയായിരുന്ന  അദ്ദേഹത്തിനരികില്‍  പോയി ഞാനിരുന്നു. മറ്റ്  സീറ്റുകളില്‍ എല്ലാം ആളുണ്ടായിരുന്നത്  കൊണ്ടും  കുറെ ഏറെ നേരം ബസ്സില്‍  നിന്നു യാത്ര ചെയ്യേണ്ടി  വരുമല്ലോ എന്ന ഉല്‍ക്കണ്ഠ കൊണ്ടുമാണ് ഞാനങ്ങനെ ചെയ്തത്. എന്നാല്‍ അദ്ദേഹത്തിനു അത്  സഹിക്കാന്‍ കഴിഞ്ഞില്ല.  അദ്ദേഹം വലിയ  ബഹളമുണ്ടാക്കുകയും  അദ്ദേഹത്തിന്റെ  മകളാവാന്‍ മാത്രം  പ്രായമുണ്ടായിരുന്ന  എന്നെ  കഠിനമായി അധിക്ഷേപിക്കുകയും  സീറ്റില്‍ നിന്ന് എഴുന്നേല്‍ക്കാന്‍ നിര്‍ബന്ധിതയാക്കുകയും ചെയ്തു.  ബസ്സ് ഓടുമ്പോള്‍ അന്യ സ്ത്രീയുടെ  സ്പര്‍ശനമുണ്ടായാലോ  എന്ന  ഭയമാണതിനു കാരണമെന്ന് അദ്ദേഹം തന്റെ  ചാരിത്ര്യശുദ്ധിയെയും സത്സ്വഭാവത്തേയും  ഉച്ചത്തില്‍  വ്യക്തമാക്കി.

പിന്നീട്  അനവധി തവണ ഔദ്യോഗിക കാര്യങ്ങള്‍ക്കായി സ്വദേശികളും വിദേശികളുമായ  ഒട്ടേറെ  പുരുഷന്മാര്‍ക്കൊപ്പം യാത്ര ചെയ്യേണ്ടി വന്നപ്പോള്‍  ഒരു കാര്യം ഞാന്‍ മനസ്സിലാക്കി.  അറിയാത്ത മട്ടില്‍ സ്പര്‍ശിക്കുന്നത്  എന്തുകൊണ്ടോ നമ്മുടെ നാട്ടിലുള്ളവര്‍ക്ക് കൂടുതല്‍ പഥ്യമാണ്. സ്പര്‍ശമെന്ന പാപബോധം ഉള്ളില്‍ കിടന്ന് കലമ്പല്‍ കൂട്ടുന്നതുകൊണ്ടാവാം..

എന്നുവെച്ച് എല്ലാവരും അങ്ങനെയായിരുന്നില്ല... അറിഞ്ഞ്  വേണ്ടപ്പോള്‍ വേണ്ടതു മാതിരി .. സ്പര്‍ശം  കൊണ്ട്  മനസ്സില്‍ കയറിക്കൂടിയവര്‍ ഉണ്ടായിരുന്നു.. ഉണ്ട്...  ഇനിയും ഉണ്ടാകും...

സാണ്ട് എന്ന് വിളിക്കുന്ന  കാളക്കൂറ്റന്മാരും പേരൊന്നുമില്ലാത്ത  വെറും  കില്ലപ്പട്ടികളും ദില്ലി നഗരത്തിലെ റോഡുകളില്‍ ഒരു പതിവ് കാഴ്ചയായിരുന്നു. തിളയ്ക്കുന്ന  വെയിലില്‍  ഒരു കാക്ക പോലും പുറത്തിറങ്ങാത്ത  ഉച്ചനേരത്തും വെയില്‍  കുടിച്ച് മയങ്ങിയ പോലെ കാളക്കൂറ്റന്മാര്‍ അലസമായി റോഡില്‍ ചുറ്റിത്തിരിയുന്നുണ്ടാവും.  കില്ലപ്പട്ടികള്‍ പൊറുതികേടോടെ  ഓടുകയും ചവറുവീപ്പകള്‍ മണപ്പിക്കുകയും  ചെളിവെള്ളം നക്കിക്കുടിക്കുകയും  നാവു പുറത്തിട്ട് കിതയ്ക്കുകയും  ചെയ്യുന്നുണ്ടാവും...

അങ്ങനൊരു  നട്ടുച്ചയായിരുന്നു.

ഞാന്‍  വഴി നടക്കുകയും  എന്റെ കഷ്ടകാലത്തിനു  ഒരു  കാളക്കൂറ്റനു എന്നെ ഓടിയ്ക്കാന്‍  തോന്നുകയും ചെയ്ത  നട്ടുച്ച കൂടിയുമായിരുന്നു അത് ..

പ്രാണഭയം ഒരു വല്ലാത്ത  ഭയമാണെന്ന്  ജീവിതത്തില്‍  അനുഭവിച്ചറിയേണ്ടി വന്നവളാണ് ഞാന്‍.. അത് സിനിമയില്‍  കാണുന്നതു പോലെയോ കടലാസ്സില്‍ എഴുതി വായിക്കുന്നതു പോലെയോ അല്ലെന്ന്  നല്ല  തീര്‍ച്ചയുള്ള ഒരാള്‍... അതുകൊണ്ട് തന്നെ ഒരാള്‍ ഇന്നയാളെ  കൊല്ലുമെന്ന് എന്നോടാരെങ്കിലും പറഞ്ഞാല്‍ അത്  തമാശയായിട്ടെടുക്കാനോ  ഹേയ്, എന്ന് നിസ്സാരമാക്കാനോ  എനിക്കൊരിക്കലും കഴിയില്ല.

ആ നട്ടുച്ചയും  അങ്ങനെയായിരുന്നു.. അതുകൊണ്ട് ചട്ടിയില്‍ നിന്ന്  അടുപ്പിലേക്ക് ചാടിയെന്നതുപോലെ ഞാന്‍ ഓടി... പറ്റാവുന്ന വേഗതയില്‍.. ആ കാളക്കൂറ്റന്‍  എന്റെ പിന്നാലെ ഭ്രാന്തെടുത്തു പാഞ്ഞു.. ...

പ്രാണഭയത്തോടെ ,  ഹൃദയം  പുറത്തേക്ക്  ചാടുന്ന കിതപ്പോടെ ഞാനോടിക്കയറിയത്  ദീര്‍ഘകായനായ  ഒരു സര്‍ദാര്‍ജിയുടെ കൈകള്‍ക്കുള്ളിലേയ്ക്കായിരുന്നു.  അദ്ദേഹത്തിന്റെ  നെഞ്ചോട് ചേര്‍ന്ന്  നിന്ന് മരണത്തെ പിന്തള്ളി  ഞാന്‍ കിതച്ചു..

' ബേബി... കൂള്‍ഡൌണ്‍'  എന്ന് എന്റെ  പുറത്ത്  തട്ടി ആശ്വസിപ്പിക്കുകയും  എന്നെ സുരക്ഷിതമായി ബസ്സു കയറ്റി വിടുകയും ചെയ്ത  അദ്ദേഹത്തെ  ...

ഗുരുതരമായ ക്ഷയരോഗം ബാധിച്ച് ആശുപത്രിയിലായിരുന്നു  ഞാന്‍..  ദില്ലി നഗരത്തിലെ  വലിയൊരു  ആതുരാലയത്തില്‍.. ജീവന്‍ അപകടത്തിലാണെന്ന സംശയമുണ്ടായെങ്കിലും   ക്ഷയമാണെനിക്കെന്ന് തിരിച്ചറിയപ്പെട്ടിട്ടില്ല..അതുകൊണ്ടു  തന്നെ  ന്യൂമോണിയ  ആണെന്ന വിശ്വാസത്തിലാണ് ചികില്‍സ . ഈ ലോകത്തിലെ എരിവന്‍ മുളകുകളെല്ലാം കൂടി അരച്ച് കുരുമുളകു വെള്ളത്തില്‍ കലക്കിയതു പോലെ എരിഞ്ഞു നീറുന്ന ഒരു മരുന്ന് ഡ്രിപ്പായി നല്‍കിക്കൊണ്ടായിരുന്നു ചികിത്സ ആരംഭിച്ചത്. അതു കഴിഞ്ഞ് ചെസ്റ്റ് ഫിസിയോതെറാ!പ്പി എന്ന പേരില്‍ ഒരു ഇടി ചികിത്സയുമുണ്ടെന്ന്  നഴ്‌സ് എന്നെ  അറിയിച്ചു. നെഞ്ചില്‍ കനത്തു കിടക്കുന്ന കഫം ഇളക്കിക്കളയുവാനായിരുന്നു അത്. ഇങ്ങനെ കഫം പുറത്തു വന്നില്ലെങ്കില്‍ ട്യൂബിട്ട് എടുക്കുമെന്നും അവര്‍ പറഞ്ഞു. കാലഹരണപ്പെട്ട മെഷീനിലെ പഴഞ്ചന്‍ ട്യൂബിടുന്നതുകൊണ്ട് രോഗിയ്ക്ക് പ്രയാസം കൂടുകയേയുള്ളു എന്ന് പറഞ്ഞ നഴ്‌സിന്റെ മുഖത്ത് ഒരു അര്‍ദ്ധ മന്ദഹാസം വിരിഞ്ഞു.

കൈമുട്ടോളമെത്തുന്ന വലിയ ഗ്ലൌസുകള്‍ ധരിച്ചിരുന്ന, ചെറുപ്പക്കാരനായ ഒരു ഡോക്ടര്‍ യാതൊരു താല്പര്യവുമില്ലാത്ത മുഖഭാവത്തോടെയായിരുന്നു,  ബെഡ്ഡിനരികിലേയ്ക്ക് വന്നത്. പ്രധാന ഡോക്ടറുടെ  നിരീക്ഷണത്തില്‍, വീര്‍പ്പിച്ചു കെട്ടിയ മുഖവുമായി അദ്ദേഹം ചെസ്റ്റ് ഫിസിയോതെറാപ്പി ചെയ്യാന്‍ ആരംഭിച്ചു. മന്ദ താളത്തില്‍ നിന്ന് ചടുലമായി മുറുകിക്കയറുന്ന മട്ടന്നൂര്‍ ശങ്കരന്‍ കുട്ടിയുടെ തായമ്പകയായിരുന്നു നെഞ്ചും കൂടില്‍ അരങ്ങേറിയത്. അതിന്റെ അവസാനത്തില്‍ കനത്തു കല്ലിച്ചു കിടന്ന കഫം രക്തക്കലര്‍പ്പോടെ പുറത്തേയ്ക്ക് തെറിച്ചു വീണു. ചര്‍ദ്ദിച്ച് അവശയായി ബോധം മറയുന്നതിനു മുന്‍പുള്ള ആ മൂടിക്കെട്ടിയ ഇരുട്ടില്‍ പെരുവഴിയില്‍ അനാഥയാക്കപ്പെട്ട പിഞ്ചു ബാലികയെപ്പോലെ ഡോക്ടറുടെ കൈ പിടിച്ച് ഞാന്‍ എന്തൊക്കെയോ പുലമ്പി…..

അന്നു രാത്രി ഉറക്കം വരാതെ കടുത്ത നെഞ്ചു വേദനയുമായി തിരിഞ്ഞും മറിഞ്ഞും കിടക്കുമ്പോള്‍   ഡോക്ടര്‍ എന്റരികില്‍ വന്നു ..  'പെയിന്‍ അസഹ്യമാണല്ലേ'   എന്ന് ചോദിച്ചു...

എനിക്കുത്തരമുണ്ടായിരുന്നില്ല. നറു നെയ് പുരട്ടിയ ചപ്പാത്തിയുടെ സുഗന്ധമുള്ള   കൈവിരലുകള്‍ കൊണ്ട് അദ്ദേഹം എന്റെ കവിളില്‍ മന്ദ്രമായി തട്ടി..  എന്നിട്ടു പറഞ്ഞു.'  ഉറങ്ങൂ..  ഐ വില്‍ ബി ഹിയര്‍.. '

അത്ര മേല്‍  മൃദുലമായി സ്പര്‍ശിക്കാന്‍ , അങ്ങനൊരു  ധൈര്യം  തരാന്‍ ...

Monday, June 5, 2017

ഇന്ന് വാവാണ്..

https://www.facebook.com/echmu.kutty/posts/468051056707527

കര്‍ക്കടക വാവ്..

ബലിയിടുന്ന ദിവസം. തിരുവല്ലത്ത്, വര്‍ക്കലയില്‍, ആലുവായില്‍.. തിരുന്നാവായയില്‍ കാശിയില്‍, കുരുക്ഷേത്രത്തില്‍, ഗയയില്‍, ഹരിദ്വാരില്‍, ഹൃഷികേശില്‍, ജഗന്നാഥ് ഘട്ടില്‍.. നമ്മുടെ ഭാരതദേശത്ത് ഇങ്ങനെ ഒത്തിരി ഒത്തിരി സ്ഥലത്ത് ബലിയിടല്‍ നടക്കുന്നുണ്ടാവും..
ആരൊക്കേയോ ആര്‍ക്കൊക്കേയോ വേണ്ടി..

ഞാന്‍ ഇതുവരെയുള്ള ജീവിതത്തില്‍ ഒരിയ്ക്കലേ ബലിയിട്ടിട്ടുള്ളൂ.
അത് ഹൃഷികേശിലായിരുന്നു.. കുറച്ചു വര്‍ഷങ്ങള്‍ക്ക് മുമ്പ്. അച്ഛനും അമ്മീമ്മയും പോയതിനു ശേഷം..

നല്ല തിരക്കായിരുന്നു അവിടെ. എല്ലാ നാട്ടില്‍ നിന്നുമുള്ളവരുടെ ഉറ്റവരേയും ഉടയവരേയും കൊണ്ട് ഗംഗാ തടം നിറഞ്ഞിരുന്നു. നീണ്ട ബലത്തായ ഇരുമ്പ് ചങ്ങലകളില്‍ പിടിച്ചുകൊണ്ടു വേണം ഗംഗയില്‍ ഇറങ്ങി മുങ്ങാന്‍.. അതിശക്തമായ ഒഴുക്കും വെള്ളത്തിന്‍റെ ഹിമശൈത്യവും അപകട സാധ്യത കൂട്ടിയിരുന്നു.

മരണം എത്തിനോക്കാത്ത ബന്ധങ്ങള്‍ ഈ പ്രപഞ്ചത്തിലില്ലെന്നും നമ്മള്‍ എല്ലാവരും എപ്പോഴും മരിച്ചവരുടെ ബന്ധുക്കളാണെന്നും എന്നോടു പറഞ്ഞ കുട്ടി ലാമയെ ഞാനപ്പോള്‍ ഓര്‍മ്മിച്ചു. കുഞ്ഞു മരിച്ച സങ്കടത്തില്‍ പൊട്ടിക്കരയുന്ന അമ്മയോട് ആരും മരിയ്ക്കാത്ത വീട്ടില്‍ നിന്ന് കടുക് മേടി ച്ചു കൊണ്ടുവരാന്‍ ബുദ്ധന്‍ അരുളിച്ചെയ്ത കഥ പറയുമ്പോഴാണ് കുട്ടിലാമ മരണവുമായി നമുക്കുള്ള ശാശ്വതബന്ധത്തെപ്പറ്റി വാചാലനായത്.

ബലിയിടാനുള്ള പൂജാദികര്‍മ്മങ്ങള്‍ ചെയ്യുന്ന പുണൂല്‍ ധാരികള്‍ അച്ഛനുള്ള ബലി വളരെ ഭംഗിയായി ഇടീച്ചു. അമ്മീമ്മ അമ്മയുടെ ജ്യേഷ്ഠത്തിയാണെന്നും അവര്‍ക്ക് മക്കളില്ലെന്നും പറഞ്ഞപ്പോള്‍ പൂണൂല്‍ധാരികളുടെ താല്‍പര്യം ഗണ്യമായി കുറഞ്ഞു. എന്നാല്‍ മകളായി ത്തന്നെ എല്ലാ കര്‍മ്മങ്ങളും ചെയ്യാനാണ് വന്നിരിക്കുന്നതെന്ന് അറിയിക്കേ അവര്‍ ഉഷാറായി.. മന്ത്രങ്ങള്‍ ചൊല്ലി.. എന്നാലും എല്ലാ ക്രമങ്ങളും പൂര്‍ണമാക്കിയില്ല... കുറെ സ്റ്റെപ്പുകള്‍ അവര്‍ സൌകര്യപൂര്‍വം ഒഴിവാക്കി..

അമ്മീമ്മയ്ക്ക് മക്കളില്ലല്ലോ എന്ന ന്യായീകരണം.. ഇത്രയൊക്കെ മതി.. എന്ന ആശ്വസിപ്പിക്കല്‍..
അമ്മീമ്മ മരിച്ചപ്പോള്‍ നാട്ടിലെ എല്ലാ വീടുകളില്‍ നിന്നും ആദരാഞ്ജലികള്‍ അര്‍പ്പിക്കുവാന്‍ സ്ത്രീകള്‍ കൂട്ടമായി വന്നിരുന്നു.. ‘എന്‍റെ ടീച്ചറെ’ എന്ന് അവരില്‍ പലരും വിങ്ങിപ്പൊട്ടിയിരുന്നു. അവരൊക്കെ ‘ എന്‍റെ അമ്മേ’ എന്ന് വിളിക്കുന്നതിനു പകരമാണ് ‘ എന്‍റെ ടീച്ചറെ’ എന്ന് വിളിച്ചത്. അത് അവര്‍ക്കും അമ്മീമ്മയ്ക്കും മാത്രം അറിയാവുന്ന ഹൃദയ പിന്തുണകളുടെ പങ്കുവെയ്ക്കലുകളായിരുന്നുവല്ലോ.

ബ്രാഹ്മണരുടെ ശ്മശാനത്തില്‍ അമ്മീമ്മയ്ക്ക് പ്രവേശനമുണ്ടായിരുന്നില്ല. ഒരു തരത്തിലുള്ള ജാതി മത ചിന്തകളുമില്ലാതെ ജീവിച്ച അമ്മീമ്മ അങ്ങനെ ഒരു പ്രത്യേക ജാതിച്ചുടലയില്‍ അവസാനിക്കേണ്ട വ്യക്തിയുമായിരുന്നില്ല . അതുകൊണ്ടു തന്നെ പൊതുശ്മശാനത്തില്‍ കൂട്ടിയ ചിത കത്തിയ്ക്കാന്‍ ജാതിയും മതവും നോക്കാതെ ശിഷ്യന്മാരില്‍ പലരും തയാറായി ..

മരണാനന്തരകര്‍മ്മങ്ങളിലോ മറ്റ് ആചാരങ്ങളിലോ ഒന്നും അമ്മീമ്മ അല്‍പം പോലും വിശ്വസിച്ചിരുന്നില്ല. അതുകൊണ്ടാവണം ഹൃഷികേശിലെ പൂജാരിയോട് അയാള്‍ ചെയ്തത് ന്യായമായില്ലെന്ന് ഞാന്‍ തര്‍ക്കിക്കുമ്പോള്‍ ഗംഗയുടെ വെണ്‍നുരയലകളില്‍ അമ്മീമ്മയുടെ ചിരി കാണാമായിരുന്നു.

പിന്നീടിന്നുവരെ ഞാന്‍ ബലിയിട്ടിട്ടില്ല.

Thursday, June 1, 2017

ഒരു സി ബി ഐ സ്നേഹബന്ധം

https://www.facebook.com/echmu.kutty/posts/466738346838798

ചടുലമായ ചലനങ്ങളോടെ അയാള്‍ കടന്നു വന്നപ്പോള്‍ തോന്നി, ആരാണപ്പാ? നമ്മുടെ മെഗാസ്റ്റാര്‍ മമ്മൂട്ടി വരുമ്പോള്‍ ടി വിയില്‍ കേള്‍ക്കാറുള്ളതു മാതിരി പെ പ്പെ പെ പെ പ പ്പെ... ഒരു സി ബി ഐ ചലനം...ബാന്‍ഡ് വാദ്യം . അന്തരീക്ഷത്തിലാവണം, ഫ്രണ്ട് ഓഫീസില്‍ ഞാന്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ, ആ സമയത്ത്. ബാന്‍ഡ് വായിക്കാനൊന്നും ആരും ഉണ്ടായിരുന്നില്ല, അവിടെ.

കുറഞ്ഞചെലവില്‍ ഒരു വീടുണ്ടാക്കാനാണ് അയാള്‍ വന്നത്. എന്നുവെച്ചാല്‍ നൂറ് ഗജ് ( കഷ്ടിച്ച് രണ്ട് സെന്‍റ് ) ഭൂമിയില്‍, ഏറ്റവും കുറഞ്ഞ ചെലവില്‍ ഒരു വീട്..

ഞാനുദ്ദേശിച്ചത് ശരിയായിരുന്നു. അയാളുടെ ചലനങ്ങള്‍ സൂചിപ്പിച്ചതു പോലെ അയാളൊരു സി ബി ഐ ഓഫീസര്‍ തന്നെയായിരുന്നു.

എനിക്കാണെങ്കില്‍ ഈ പട്ടാളം, പോലീസ് എന്നൊക്കെ കേള്‍ക്കുമ്പോള്‍ തന്നെ ഒരസ്വസ്ഥതയാണ്. യൂണിഫോമും കവാത്തും ആ മാതിരി ദടപിടലുമൊക്കെ കണ്ടാല്‍ എനിക്ക് ആ നിമിഷം ബോധക്കേട് വരും.

ഞാന്‍ വളരെ സൂക്ഷിച്ച് എന്നാല്‍ കിറുകൃത്യമായി ടേംസ് ആന്‍ഡ് കണ്ടീഷന്‍സ് അവതരിപ്പിച്ചു. ആദ്യത്തെ സൈറ്റ് വിസിറ്റ്, സോയില്‍ ടെസ്റ്റ്, വീട്ടിനെത്ര വലുപ്പം വേണം, എത്ര മുറി വേണം എന്നൊക്കെയുള്ള സ്വപ്നങ്ങള്‍ അയാള്‍ ഞങ്ങളുമായി പങ്കുവെയ്ക്കേണ്ടതിന്‍റെ ആവശ്യം, ഡിസൈന്‍ ചെയ്യാനെടുക്കുന്ന സമയം, പിന്നെ ഭരണസഭാ അധികൃതര്‍ ഞങ്ങള്‍ വരച്ചുകൊടുക്കുന്ന ഡിസൈന്‍ അംഗീകരിക്കാന്‍ കാണിക്കുന്ന ബുദ്ധിമുട്ട്, പ്രത്യേകിച്ച് ചെലവ് ചുരുക്കിയുള്ള കെട്ടിട നിര്‍മ്മാണമെന്നു കേട്ടാലുടനെ അവര്‍ ചോദിക്കുന്ന പതിനായിരം ചോദ്യങ്ങള്‍, അതിനൊക്കെയുള്ള ഉത്തരങ്ങള്‍, അവിടത്തെ പ്ലാനറുമായി അവസാനമില്ലാത്ത നെടു നെടുങ്കന്‍ ചര്‍ച്ചകള്‍ , പിന്നെ എല്ലാറ്റിനും ഒടുവില്‍ അവര്‍ ചോദിക്കുന്ന കൈക്കൂലി...

ഇത്രയുമെത്തിയപ്പോള്‍ സി ബി ഐ ഓഫീസര്‍ കൈ ഉയര്‍ത്തി എന്നെ വിലക്കി.. മുറുകിയ മുഖത്തൊടെ പറഞ്ഞു. ‘ ഞാന്‍ കൈക്കൂലി കൊടുത്തിട്ട് സാങ്ഷന്‍ വാങ്ങുന്ന പ്രശ്നമില്ല.’

ഞാനൊന്നും മിണ്ടിയില്ല.

എനിക്ക് കൈക്കൂലി കൊടുക്കാന്‍ വലിയ ആശയൊന്നുമില്ല. തന്നെയുമല്ല അതു കൊടുക്കാന്‍ മടിയും ഭയങ്കര പേടിയുമാണ്. എന്നാല്‍ പി ഡബ്ലി യൂ ഡി മാനുവല്‍ വിടര്‍ത്തി കാണിച്ച് , നിങ്ങള്‍ ഉണ്ടാക്കാന്‍ പോകുന്ന ചെലവു ചുരുങ്ങിയ കെട്ടിടത്തിനു അനുമതി തരണമെങ്കില്‍ ഇത്ര രൂപ വേണമെന്നും മറ്റും ഭരണസഭാ ഉദ്യോഗസ്ഥര്‍ ഒരു ഉളുപ്പുമില്ലാതെ പറയുമ്പോള്‍ വീടുവെയ്ക്കാനാശയുള്ള പാവപ്പെട്ട മനുഷ്യര്‍ ഫയലിനിടയ്ക്കും മറ്റും വെച്ച് പണം നല്‍കാറുണ്ടെന്ന് എനിക്കറിയാം..

ഒരു സി ബി ഐ ഓഫീസര്‍ കൈക്കൂലി കൊടുക്കാതെ ആ അനുമതി നേടുന്നെങ്കില്‍ എനിക്കെന്തു ചേതം?

ബാക്കി കാര്യങ്ങളെപ്പറ്റിയുള്ള എന്‍റെ വിവരണം കഴിഞ്ഞപ്പോള്‍ അയാള്‍ കര്‍ശനമായി പറഞ്ഞു.
‘എസ്റ്റിമേറ്റ് കൃത്യമായിരിക്കണം.ഒരു രൂപ കൂടുതലായാല്‍ പോലും ഞാന്‍ തരില്ല. കാരണം ലോണെടുക്കുന്ന പണമാണ്. വേറെ ഒരു പൈസ പോലും എന്‍റെ പക്കലില്ല. ‘

എനിക്ക് നല്ല ഭയം തോന്നി.

കാര്യം ആര്‍ക്കിടെക്ട് എന്ന വാക്കിനു ശകലം ഗ്ലാമറൊക്കെ തുടക്കത്തില്‍ ഉണ്ടാവുമെങ്കിലും വീടുപണി തുടങ്ങുമ്പോള്‍ ക്ലയന്‍റിനു തോന്നുന്ന ബഹുമാനവും സ്നേഹവും അടുപ്പവും ഒന്നും അതു തീരാറാവുമ്പോഴേക്കും അത്രയ്ക്കങ്ങോട്ട് ബാക്കിയാവാറില്ല. എന്‍റെ ബോസ് അതെനിക്ക് പലവട്ടം പറഞ്ഞു തന്നിട്ടുണ്ട്. പോക്കറ്റിലെ പണം തീരാറായിത്തുടങ്ങുമ്പോള്‍ മനുഷ്യരുടെ യഥാര്‍ഥ സ്വഭാവം പുറത്തു വരുമെന്നാണ് അദ്ദേഹം പറയുന്നത്. ഇയാളാണെങ്കില്‍ പോലീസുകാരനാണ്. വെറുതെ ഇയാളുടെ വായിലിരിക്കുന്ന പോലീസ് ഭാഷ കേള്‍ക്കേണ്ടി വരരുതല്ലോ.

അതുകൊണ്ട് ഫൈനല്‍ ചര്‍ച്ചകള്‍ക്കും തീരുമാനത്തിനുമായി സി ബി ഐ ഓഫീസറെ ഞാന്‍ ബോസിന്‍റെ ക്യാബിനില്‍ കൊണ്ടു വിട്ടു.

അധികം വൈകാതെ ബോസ് എന്നെ വിളിക്കുകയും എഗ്രിമെന്‍റ് ഫോം കൊണ്ടുചെല്ലാന്‍ പറയുകയും ചെയ്തു.

വീടുകളുടെ ഡിസൈന്‍ ചര്‍ച്ചകള്‍ക്ക് വരുമ്പോള്‍ സാധാരണയായി പുരുഷന്മാര്‍ സ്ത്രീകളെ കൂടിക്കൊണ്ടു വരാറുണ്ട്. കൊണ്ടു വരണമെന്ന് ഞങ്ങള്‍ നിര്‍ബന്ധമായി പറയുകയും ചെയ്യാറുണ്ട്. എന്നാല്‍ ഈ സി ബി ഐ ഓഫീസര്‍ തനിച്ചാണു വന്നത്. ഞങ്ങള്‍ അക്കാര്യം പറഞ്ഞപ്പോള്‍ അത് പറ്റില്ല എന്ന് വളരെ അറുത്തു മുറിച്ചു പറയുകയും ചെയ്തു അയാള്‍.

ആര്‍ക്കിടെക്ട് ഇത്തിരി നേരം കണ്ണു മിഴിച്ചു നിന്നു.. കൂടുതലൊന്നും വാദിച്ചില്ല. സി ബി ഐ പോലീസിനെ പേടിയില്ലാത്ത ആര്‍ക്കിടെക്ട് ഉണ്ടോ..

അങ്ങനെ ഡിസൈന്‍ റെഡി ... ഡ്രാഫ്റ്റ്സ്മാന്‍ പ്ലാന്‍ വരച്ചു തയാറാക്കി.നഗരസഭാ അധികൃതരെ കാണാന്‍ പോയത് ഞാനും ആര്‍ക്കിടെക്ടും സി ബി ഐ പോലീസു കാരനുമൊന്നിച്ചാണ്.
അപ്പോഴല്ലേ... എന്താ ആ ഐഡന്‍റിറ്റി കാര്‍ഡിന്‍റെ ഒരു ഗമ... കൈക്കൂലിയോ... അയ്യേ! അതെന്തോന്നു സാധനം എന്ന മട്ടിലായിരുന്നു നഗരസഭാ അധികൃതര്‍.. അവര്‍ ഒരു ചോദ്യവും ഞങ്ങളോട് പോലും ചോദിച്ചില്ല.

റെക്കോര്‍ഡ് സ്പീഡില്‍ വീടു പണിയാനുള്ള അനുമതി കിട്ടി.

വീടുപണി ആരംഭിച്ചു.

ബില്ല് കൊടുക്കുമ്പോള്‍ ഇപ്പോ ഉദാഹരണത്തിനു അമ്പത്താറായിരത്തി ഇരുനൂറ്റി ഏഴു രൂപ അമ്പതു പൈസ എന്ന് കമ്പ്യൂട്ടര്‍ പ്രിന്‍റ് വന്നാല്‍ സാധാരണ മനുഷ്യര്‍ ഒന്നുകില്‍ അമ്പതു പൈസ കൂട്ടിത്തരും അല്ലെങ്കില്‍ കുറച്ചു തരും. സി ബി ഐ സാര്‍ കൃത്യം അമ്പതു പൈസ തരും. ഞങ്ങള്‍ സാറിന്‍റെ കൃത്യം കണക്ക് കണ്ട് അന്തംവിട്ടിട്ടുണ്ട്. അതേ സമയം നമ്മുടെ പണികള്‍ വീഴ്ചയില്ലാത്തതാവണമെന്ന് തികഞ്ഞ കരുതലെടുക്കുകയും ചെയ്തിട്ടുണ്ട്.

മാസ്റ്റര്‍ ബെഡ് റൂമില്‍ ഭാര്യയ്ക്ക് ജാലക കാഴ്ച നിര്‍ബന്ധമെന്ന് പറഞ്ഞ് ബേ വിന്‍ഡോ ചെയ്യിച്ചു. രണ്ട് പെണ്‍മക്കളുടേയും മുറികളില്‍ കളര്‍ കോമ്പിനേഷനുകള്‍ വ്യത്യസ്തമാകണമെന്ന് പറഞ്ഞു. അടുക്കളയില്‍, കുളിമുറികളില്‍.. എന്ന് വേണ്ട എല്ലായിടത്തും പേഴ്സണല്‍ ടച്ച് എന്ന് പറയുന്ന ആ വിശദമാക്കലുകള്‍ ഉണ്ടായിരുന്നു അയാള്‍ക്ക്. എന്നാല്‍ അയാളുടെ ഭാര്യയേയും മക്കളേയും ഞങ്ങള്‍ക്കൊരിയ്ക്കലും കാണാന്‍ കഴിഞ്ഞതുമില്ല.

വീട് പണി തീര്‍ന്നു. അപൂര്‍വമായി മാത്രം സാധിക്കുന്ന ഒരു നേട്ടം പോലെ എസ്റ്റിമേറ്റില്‍ അല്‍പം കുറഞ്ഞ തുകയ്ക്ക് ഞങ്ങള്‍ക്ക് ആ പണി തീര്‍ക്കാനായി...

സി ബി ഐ പേടി തന്നെ കാരണം...

വാസ്തു പൂജയ്ക്കും ഗൃഹപ്രവേശത്തിനുമൊന്നും ഞങ്ങളെ ആരും ക്ഷണിച്ചില്ല... ഞങ്ങള്‍ പോയതുമില്ല. സി ബി ഐ ഇനി ഈ വഴി വരില്ലല്ലോ എന്നതായിരുന്നു ഞങ്ങളുടെ ഏറ്റവും വലിയ ആശ്വാസം..

കുറെക്കാലം കഴിഞ്ഞ് ... ആ സ്ഥലത്തിനടുത്ത് തന്നെ മറ്റൊരു രണ്ട് സെന്‍റ് പ്ലോട്ടിന്‍റെ സാധ്യതയുമായി ഒരു ക്ലയന്‍റ് വന്നപ്പോഴാണ് ...

ഞങ്ങള്‍ ചെയ്ത ആ വീട് അയാള്‍ കണ്ടിട്ടുണ്ട്. .. അതുകൊണ്ടാണ് ശരിയ്ക്കും ഞങ്ങളെ തേടി വന്നത് തന്നെ..

സി ബി ഐ ഓഫീസര്‍ക്കും ഫാമിലിയ്ക്കും ഒക്കെ സുഖമല്ലേ എന്ന ഞങ്ങളുടെ മര്യാദച്ചോദ്യത്തിന് കിട്ടിയ ഉത്തരമിതായിരുന്നു..

‘അദ്ദേഹം സി ബി ഐ ഒക്കെ അന്നേ വിട്ടു.. വിവാഹമോചനത്തിന്‍റെ ഏറ്റവും വലിയ കരാറായിരുന്നു ആ വീട്.. അതുണ്ടാക്കി .. അതില്‍ അമ്മയും മക്കളും താമസിക്കുന്നുണ്ട് ... അദ്ദേഹം എവിടെയാണെന്ന് അവര്‍ക്കറിയില്ല.. അറിയേണ്ട കാര്യവുമില്ലല്ലോ.. ‘

സ്നേഹിക്കുന്നവരുടെ ... നമ്മെ ആവശ്യമുള്ളവരുടെ ഇടയില്‍ നില്‍ക്കുമ്പോള്‍ മാത്രമല്ലേ നമുക്ക് മേല്‍വിലാസവും ഐഡന്‍റിറ്റി കാര്‍ഡും ഒക്കെ വേണ്ടതുള്ളൂ.. അങ്ങനെ ആരുമില്ലെങ്കില്‍ പിന്നെ...

Wednesday, May 31, 2017

ഓണപ്പുടവയുടെ ഊടും പാവും

https://www.facebook.com/echmu.kutty/posts/464837220362244

ഓണത്തിനും ദീപാവലിക്കും അമ്മീമ്മ കുറച്ചധികം പുതിയ തുണികള്‍ വാങ്ങുമായിരുന്നു. വില കൂടിയ തുണികളൊന്നുമല്ല, പൂക്കളുള്ള ചീട്ടി, വെളുത്ത മല്‍മല്‍, കോടിക്കളറുള്ള ജഗന്നാഥന്‍ എന്നിങ്ങനെ അറിയപ്പെട്ടിരുന്ന സാധാരണ തുണികള്‍ .. ജഗന്നാഥനും മല്‍മലും ഷിമ്മീസുകളും മറ്റ് അടിവസ്ത്രങ്ങളും തയിക്കാനും ചീട്ടി അഥവാ പരുത്തിത്തുണി ഉടുപ്പുകള്‍ തയിക്കാനും ഉപയോഗിച്ചിരുന്നു.

എന്‍റെ ഒരു സഹപാഠിനിയുടെ അച്ഛനായിരുന്നു പരിസരത്തെ ആസ്ഥാന തയ്യല്‍ക്കാരന്‍. അദ്ദേഹത്തിനു വലിയ ഡിസൈന്‍ സെന്‍സൊന്നും ഉണ്ടായിരുന്നില്ല. ഫ്രില്ലുകള്‍, ബോ, ഷോ ബട്ടണ്‍, എംബ്രോയിഡറി എന്നതിനെയൊക്കെ അദ്ദേഹം പൂര്‍ണമായും അവഗണിച്ചു. എത്ര പറഞ്ഞുകൊടുത്താലും അദ്ദേഹത്തിന്‍റെ തയ്യലില്‍ അമ്മീമ്മ പ്രതീക്ഷിക്കുകയും ആശിക്കുകയും ചെയ്ത ഒരു പൂര്‍ണത കിട്ടിയിരുന്നില്ല. അതുകൊണ്ട് ആ കുപ്പായങ്ങളില്‍ ഞങ്ങളുടെ സൌന്ദര്യം വേണ്ടത്രയും മിന്നിത്തിളങ്ങുന്നില്ലെന്ന് അമ്മീമ്മ വിശ്വസിച്ചിരുന്നു. ഞാനും അനിയത്തിയും പരമ സുന്ദരിമാരും ബഹു മിടുക്കികളുമാണെന്നായിരുന്നു എന്നും അമ്മീമ്മ കരുതിയിരുന്നത്.
ആദിമമനുഷ്യരുടെ പോലെ വിരൂപമായ മുഖവും ശരീരവുമാണ് ഉള്ളതെന്ന് സദാ ചൂണ്ടിക്കാട്ടി, വെളുത്ത നിറത്തിന്‍റേയും കൊഴുത്തുരുണ്ട ശരീരത്തിന്‍റെയും മറ്റും അഹങ്കാരത്തോടെ ഞങ്ങളെ നിരന്തരം നിന്ദിക്കുന്നവരുമായി വണക്കത്തോടെ ഇടപഴകേണ്ട ഗതികേടു വന്നതില്‍ അതുകൊണ്ടു തന്നെ പില്‍ക്കാലത്ത് അമ്മീമ്മ വല്ലാതെ വേദനിക്കുകയും ദു:ഖിക്കുകയും ചെയ്തിരുന്നു.

ഒരു മധ്യവേനല്‍ അവധിക്കാലത്താണ് അമ്മീമ്മ പഴയൊരു തയ്യല്‍ മെഷീന്‍ വാങ്ങിയത്. അല്‍പം ദൂരെയുള്ള ഒരു ബ്രാഹ്മണഗൃഹത്തിലെ പാട്ടിയുടേതായിരുന്നു ആ മെഷീന്‍. കൈകൊണ്ടും കാലുകൊണ്ടും തയിക്കാനുള്ള സൌകര്യം അതിലുണ്ടായിരുന്നു. അതിന്‍റെ എന്തൊക്കെയോ ഭാഗങ്ങള്‍ ഏതോ ഒരു കാലത്ത് വിദേശ നിര്‍മിതമായിരുന്നുവത്രേ. അതിനൊരു സ്പെഷ്യല്‍ രാജകീയ ആഢ്യത്വമുണ്ടെന്ന് ഉടമസ്ഥയായ പാട്ടി അഭിമാനത്തോടെ കരുതിയിരുന്നു.

പണ്ട് കാലത്ത് അമ്മീമ്മയുടെ തറവാട്ടു മഠത്തില്‍ തുണികള്‍ തയിച്ചിരുന്ന തയ്യല്‍ക്കാരനെ അദ്ദേഹത്തിന്‍റെ വീട്ടില്‍ ചെന്നു കണ്ട് ശിഷ്യത്വം സ്വീകരിക്കുകയായിരുന്നു പിന്നീട് അമ്മീമ്മ ചെയ്തത്. സമൃദ്ധമായ വാര്‍ദ്ധക്യത്താല്‍ അതീവ ക്ഷീണിതനായിരുന്നങ്കിലും അമ്മീമ്മയെ പഠിപ്പിക്കാന്‍ അദ്ദേഹം യാതൊരു മടിയും പ്രയാസവും കാണിച്ചില്ല. ഞങ്ങള്‍ കുട്ടികള്‍ക്ക് അദ്ദേഹത്തെ കണ്ടപ്പോള്‍ അല്‍ഭുതം തോന്നി ... നന്നെ പ്രായമായിട്ടും അദ്ദേഹത്തിന്‍റെ കണ്ണിനു കാഴ്ചക്കുറവോ കൈകള്‍ക്ക് വിറയലോ ഒന്നുമുണ്ടായിരുന്നില്ല. അഞ്ചാറു കിലോ മീറ്റര്‍ ദൂരം സൈക്കിള്‍ ചവുട്ടി വന്ന് കിതപ്പോടെ കുറച്ചു നേരം വരാന്തയില്‍ ചുവരും ചാരി വിശ്രമിച്ചിരുന്നു അദ്ദേഹം. വലുപ്പമുള്ള ഇലച്ചീന്തില്‍ അമ്മീമ്മ വിളമ്പിക്കൊടുക്കുന്ന ഉപ്പുമാവും, വെളുത്ത പൂക്കളുള്ള വിദേശ നിര്‍മിതമായ ചില്ലുഗ്ലാസില്‍ ഒഴിച്ചുകൊടുക്കുന്ന തുടുത്ത ചായയും കുറെ സമയമെടുത്ത് കഴിച്ചു തീര്‍ക്കുമായിരുന്നു. അതുകഴിഞ്ഞ് തയ്യല്‍ മെഷീന്‍റെ പുറകിലിരുന്ന് അദ്ദേഹം ഭക്തിപൂര്‍വം കുരിശു വരച്ച് ‘എന്‍റെ ഈശോയേ’ എന്ന് ജപിക്കും. പിന്നെ കത്രികയും ന്യൂസ് പേപ്പറും സ്കെയിലും മാര്‍ക്കിംഗ് ചോക്കും തുണികളുമെല്ലാമായി ഒരു ദടപിടലോടെ അമ്മീമ്മയെ തയ്യല്‍ പഠിപ്പിച്ചു തുടങ്ങും .

വീടിനു പുറത്ത് മേടവെയില്‍ ഉരുകിത്തിളച്ചു കിടക്കും. മുളങ്കൂട്ടങ്ങള്‍ ദീനമായി കരയുന്നുണ്ടാവും. ചെമ്പോത്തും പോത്താംകീരികളും മൈനകളുമെല്ലാം തിളയ്ക്കുന്ന വെയില്‍ കുടിച്ച് മരത്തണലുകളീല്‍ ചാഞ്ഞു മയങ്ങുന്നുണ്ടാവും..

അമ്മീമ്മ അതിയായ ഉല്‍സാഹത്തോടെ തയ്യല്‍ പഠിച്ചുകൊണ്ടിരുന്നു. സൂക്ഷിച്ചില്ലെങ്കില്‍ വിരലില്‍ സൂചി കയറുമെന്ന് ആ അധ്യാപകന്‍ അമ്മീമ്മയെ എപ്പോഴും താക്കീതു ചെയ്യാറുണ്ടായിരുന്നു. ആ വിരട്ടല്‍ കേള്‍ക്കുമ്പോള്‍ ഞങ്ങള്‍ക്ക് വല്ലാത്ത പേടി തോന്നും. അതുകൊണ്ട് അദ്ദേഹം ക്ലാസ് കഴിഞ്ഞ് പോകുന്നതുവരെ ഞങ്ങള്‍ ഇടയ്ക്കിടെ രാമനാമം ചൊല്ലും. പോരാത്തതിനു അര്‍ജുനന്‍ , ഫല്‍ഗുനന്‍ എന്നും ചൊല്ലുമായിരുന്നു. ഇതൊക്കെയാണെങ്കിലും തയ്യല്‍ പഠിക്കേണ്ട എന്ന് അമ്മീമ്മയോട് ഉറപ്പിച്ചു പറയാനുള്ള ധൈര്യം ഞങ്ങള്‍ക്കുണ്ടായിരുന്നില്ല.

സ്ത്രീകളുടെ വസ്ത്രങ്ങളെല്ലാം സാമാന്യം ഭംഗിയായി തയിക്കാന്‍ ആ മധ്യ വേനലവധിക്കാലത്ത് അമ്മീമ്മ പഠിച്ചു. പിന്നീട് വിവിധ തരം തയ്യലുകളുടെ വസന്തകാലമായിരുന്നു വീട്ടില്‍ .
റേഷന്‍ കടയില്‍ നിന്നു കിട്ടുന്ന തുണികളും അമ്മിമ്മയുടെ പഴയ സാരികളും ധാരാളം ഞൊറിവുകളുള്ള പാവാടകളായും ഫ്രോക്കുകളായും രൂപം മാറി. കട്പീസ് സെന്‍ററില്‍ നിന്ന് അമ്മ കൊണ്ടുത്തരുന്ന തുണിക്കഷണങ്ങള്‍ വേണ്ട രീതിയില്‍ യോജിപ്പിച്ച് അമ്മീമ്മ നല്ല ഡിസൈനര്‍ ഉടുപ്പുകള്‍ തയിച്ചു തരുമായിരുന്നു. ആപ്ലിക് വര്‍ക്ക് ചെയ്ത ഭംഗിയുള്ള തലയിണ ഉറകളും കിടക്കവിരികളും അമ്മീമ്മയുടെ വിരലുകളില്‍ നിന്നും ജന്മം കൊണ്ടു. ബംഗാളി സ്ത്രീകള്‍ പഴയ സാരികള്‍ അടുക്കടുക്കായി കൂട്ടിത്തയിച്ചുണ്ടാക്കുന്ന പുതപ്പുകള്‍ അസാമാന്യ കലാവിരുതോടെയാണ് അമ്മീമ്മ നിര്‍മ്മിച്ചത്. ആ പുതപ്പുകള്‍ എനിക്കും അനിയത്തിക്കും ഒരേ പോലെ ഇഷ്ടമായിരുന്നു. അമ്മീമ്മയുടെ പഴയ സാരികള്‍ കൊണ്ട് ഉണ്ടാക്കിയ ആ പുതപ്പുകളില്‍ നിന്ന് ഞങ്ങള്‍ക്ക് സദാ അവരുടെ സുഗന്ധം കിട്ടിപ്പോന്നു. ആ സുഗന്ധം ഞങ്ങള്‍ക്ക് പകര്‍ന്നു തന്ന വൈകാരിക സുരക്ഷിതത്വമാകട്ടെ നിസ്സീമമായിരുന്നു.

ഓണത്തിനെന്നല്ല ഒരു ആഘോഷത്തിനും അച്ഛന്‍ അങ്ങനെ കൃത്യമായി തുണികളൊന്നുമെടുക്കാറില്ല. അത്തരം കാര്യങ്ങളിലൊന്നും അച്ഛന് ഒട്ടും ശ്രദ്ധയുണ്ടായിരുന്നില്ല. എങ്കിലും വളരെ വല്ലപ്പോഴും അല്ലെങ്കില്‍ വളരെ ദുര്‍ലഭമായി എന്നാല്‍ തികച്ചും അപ്രതീക്ഷിതമായി ഉടുപ്പുകള്‍ വാങ്ങിത്തരികയും ഉണ്ടായിട്ടുണ്ട്.

ഓണത്തിനു അച്ഛന്‍ മേടിച്ചു തന്നതെന്ന് പറഞ്ഞ് സ്കൂളില്‍ എല്ലാവരും പുത്തനുടുപ്പുകള്‍ കാണിക്കുമ്പോള്‍ ഞങ്ങള്‍ അല്‍പം പരവശരാകാറുണ്ടായിരുന്നു. ഞങ്ങള്‍ക്ക് അമ്മയും അമ്മീമ്മയും മേടിച്ചു തന്ന ഉടുപ്പുകളെന്ന് പറയുമ്പോഴും അവയെ തൊട്ടുകാണിക്കുമ്പോഴും വേണ്ടത്ര ഗമ പോരെന്നു തോന്നിയിരുന്നു. അച്ഛന്‍ മേടിച്ചു തന്ന ഉടുപ്പാണെന്ന് പറയുവാന്‍ സാധിക്കുമ്പോഴാണ് ശരിക്കും ഗമ കിട്ടുന്നതെന്നായിരുന്നു അക്കാലത്തൊക്കെ വിചാരം. അങ്ങനെ പറയാന്‍ സാധിക്കാത്തതില്‍ അന്നേരം വല്ലാത്ത സങ്കടവുമുണ്ടായിട്ടുണ്ട്.

ബോംബെ ഡൈയിംഗിന്‍റെയും ഹാന്‍റ്റെക്സിന്‍റെയുമൊക്കെ ക്ലോത്ത് ക്ലബ്ബില്‍ ചേര്‍ന്ന് വര്‍ഷം മുഴുവന്‍ പണമടച്ചാണ് ഓണത്തിനും വിഷുവിനുമൊക്കെ അമ്മ ഉടുപ്പ് എടുത്ത് തന്നിരുന്നത്. കട് പീസ് സെന്‍ററിലും എന്‍ ടി സിയിലും ഒക്കെ അമ്മയ്ക്ക് ക്ലോത്ത്ക്ലബ്ബുകളില്‍ അംഗത്വമുണ്ടായിരുന്നു. സ്വന്തം ശമ്പളത്തില്‍ നിന്ന് ഞങ്ങള്‍ മുതിരും വരെ ഇങ്ങനെ എല്ലാക്കൊല്ലവും പണമടച്ചു അമ്മ ഭേദപ്പെട്ട വസ്ത്രങ്ങള്‍ വാങ്ങിച്ചു തന്നുകൊണ്ടിരുന്നു.

ഓണത്തിനു എല്ലാവര്‍ക്കും തുണികള്‍ കൊടുക്കുന്നത് അമ്മീമ്മയുടെ പതിവായിരുന്നു. പാലും പച്ചക്കറിയും മറ്റും കൊണ്ടുതരുന്നവര്‍ക്ക്, പറമ്പില്‍ പണിയെടുക്കുന്നവര്‍ക്ക്, വീട്ടു ജോലിക്ക് സഹായിക്കുന്നവര്‍ക്ക് എല്ലാം അമ്മീമ്മ മറക്കാതെ ജഗന്നാഥന്‍ മുണ്ടും ബ്ലൌസും തോര്‍ത്തുമൊക്കെ ഓണപ്പുടവയായി നല്‍കും. ഞങ്ങള്‍ക്കും പൂക്കളുള്ള ചീട്ടിത്തുണിയുടെ കുപ്പായങ്ങള്‍ തയിച്ചു തരും. എന്നാല്‍ സ്വന്തമായി യാതൊന്നും വാങ്ങുകയില്ല .

ഉത്രാടത്തിന്‍റെ അന്ന് കൃത്യമായി ഉച്ചയൂണിനു മുമ്പ് ഒരു നെയ്ത്തുകാരന്‍ വീട്ടില്‍ വന്നിരുന്നു. അയാള്‍ കൊണ്ടുവരുന്ന പരുക്കന്‍ സാരിയായിരുന്നു എല്ലാ വര്‍ഷവും അമ്മീമ്മയുടെ ഓണപ്പുടവ. ഞങ്ങള്‍ കുട്ടികള്‍ക്ക് ആ പുടവ ഒട്ടും ഇഷ്ടമായിരുന്നില്ല. പരമ ദയനീയമായിരുന്നു അതിന്‍റെ ഡിസൈന്‍. എല്ലാ വര്‍ഷവും ഒരേ പോലെ ചെറുതും വലുതുമായ കള്ളികള്‍ സാരി മുഴുവന്‍ അങ്ങനെ പടര്‍ന്നു കിടക്കും. സാരിയുടെ മുന്താണിക്കോ ബോര്‍ഡറിനോ ഒന്നും ഒരു എടുപ്പുമുണ്ടാവുകയില്ല. കളര്‍ കോമ്പിനേഷനുകളാകട്ടെ അതിലും പരിതാപകരം. വെളുപ്പോ മങ്ങിയ വെളുപ്പോ ആയിരിക്കും ബേസ് കളര്‍. അതില്‍ മഞ്ഞയോ മങ്ങിയ പച്ചയോ അതുമല്ലെങ്കില്‍ ഓറഞ്ചോ ഒക്കെ യാതൊരു കലാബോധവുമില്ലാതെ നെടുകെയും കുറുകെയും നെയ്തിട്ടുണ്ടാകും. തുണിയാണെങ്കിലോ തികച്ചും പരുക്കന്‍. .. പലവട്ടം അലക്കി അവിടവിടെ നൂലു പൊന്തിയ പോലെ അല്ലെങ്കില്‍ ഉരക്കടലാസ്സ് പോലെ ... വല്ല കര്‍ട്ടനോ ബെഡ് ഷീറ്റോ മറ്റോ ആക്കാനേ ആ സാരി കൊള്ളുകയുള്ളൂ എന്ന് ഞാനും അനിയത്തിയും ഉറച്ചു വിശ്വസിച്ചു.

എന്തിനാണ് അമ്മീമ്മ ഈ പരുക്കന്‍ സാരി വാങ്ങുന്നതെന്നും തിരുവോണത്തിന്‍റെ അന്ന് അതുടുക്കുന്നതെന്നും ഓണാവധി കഴിഞ്ഞ് സ്കൂള്‍ തുറക്കുന്ന ദിവസം അതുടുത്തുകൊണ്ട് സ്കൂളിലേക്ക് പോകുന്നതെന്നും ഞങ്ങള്‍ക്ക് മനസ്സിലായതേ ഇല്ല.

കുറച്ച് മുതിര്‍ന്നപ്പോള്‍ അതും പറഞ്ഞ് ഞങ്ങള്‍ അമ്മീമ്മയോട് ഉശിരോടെ തര്‍ക്കിച്ചു..

‘സാരീണ്ട് ടീച്ചറെ’ എന്നയാള്‍ പറയുമ്പോള്‍ അമ്മീമ്മ അയാളുടെ പക്കലുണ്ടാവാറുള്ള ചില സാരികളൊക്കെ തൊട്ടു നോക്കും. എന്നിട്ട് ആദ്യം തന്നെ കുറച്ച് തോര്‍ത്തുമുണ്ടുകള്‍ വാങ്ങും.

‘ ടീച്ചറെ, സാരി’ എന്ന് അയാള്‍ വീണ്ടും പറയും.

‘ കൈനീട്ടായിട്ടുള്ള സാരിയാ. ടീച്ചര്‍ക്കാണ് ആദ്യം.. ടീച്ചര്‍ വാങ്ങിയാ മുഴുവനും വിറ്റ് പോവും. സാരി എട്ക്കണം ടീച്ചറെ.. ‘

ഇങ്ങനെയാണ് ആ സാരി വില്‍പന.

അതു കഴിഞ്ഞ് അമ്മീമ്മ അയാള്‍ക്ക് വലിയൊരു നാക്കിലയില്‍ ഗോതമ്പുപായസമടക്കമുള്ള ഉത്രാടസ്സദ്യ വിളമ്പും.

അയാളുടെ വിശ്വാസത്തെ വേദനിപ്പിക്കാന്‍ അമ്മീമ്മ ഒട്ടും ഇഷ്ടപ്പെട്ടിരുന്നില്ല. എന്നാല്‍ അതൊരു വെറും നല്ല മനസ്സു മാത്രവുമായിരുന്നില്ല. അയാളുടെ അധ്വാനത്തെയും അവര്‍ ഏറെ വില മതിച്ചിരുന്നു. അയാളുടെ അധ്വാനവും വിശ്വാസവും മാത്രമായിരുന്നു ആ അനാകര്‍ഷകമായ ഓണപ്പുടവയുടെ ഊടും പാവും. അതിനെ നിസ്സാരമായിക്കരുതാന്‍ അമ്മീമ്മ തയാറായിരുന്നില്ല. ഞങ്ങള്‍ കുട്ടികളും ആ സാരിയെ അതുകൊണ്ടു തന്നെ നിസ്സാരമായി കാണാന്‍ പാടില്ലെന്ന് അവര്‍ നിര്‍ബന്ധം പിടിച്ചു.

ഓണാവധിക്കു ശേഷം സ്കൂളിലെ മറ്റ് ടീച്ചര്‍മാര്‍ സ്വര്‍ണക്കസവുള്ള കേരളാസ്സാരിയും അതീവ മൃദുലമായ മറ്റ് പട്ടു സാരികളും ഉടുത്തു വരുമ്പോള്‍ അമ്മീമ്മ മാത്രം ഉരക്കടലാസ്സു പോലെയുള്ള നെയ്ത്തുസ്സാരി ധരിച്ച് സ്കൂളിലെത്തി. യാതൊരു കലാബോധവുമില്ലാത്ത വിചിത്ര നിറങ്ങള്‍ പടര്‍ന്നതും വില കുറഞ്ഞതുമായ ആ ഓണപ്പുടവ ധരിച്ചിട്ടും അവര്‍ ഒരു നക്ഷത്രം പോലെ ജ്വലിച്ചു. അത് തീര്‍ച്ചയായും മറ്റൊരാളുടെ അധ്വാനത്തെ ഒട്ടും ചൂഷണം ചെയ്യാതെ,അതിനെ തികച്ചും വിലമതിക്കുന്ന അവരുടെ മനസ്സിന്‍റെ സൌന്ദര്യം കൊണ്ടു തന്നെയായിരുന്നു.

ആരേയും ഒന്നിനു വേണ്ടിയും ചൂഷണം ചെയ്യാന്‍ ഇഷ്ടപ്പെടാത്ത ഒരു മനസ്സിനുടമയാവുന്നത് ഒട്ടും എളുപ്പമല്ലല്ലോ.

Friday, May 12, 2017

സ്ത്രീ ശരീരമെന്ന ഒടുങ്ങാത്ത കൌതുകം ...

https://www.facebook.com/echmu.kutty/posts/462990357213597

മനസ്സ് വിങ്ങിപ്പോയതുകൊണ്ടു മാത്രം എഴുതാതിരിക്കാനാവില്ലെന്ന് തോന്നിയതുകൊണ്ടു മാത്രം എഴുതപ്പെടുന്നൊരു കുറിപ്പാണിത്.
ഈ കുറിപ്പ് ഇരുനൂറു വര്‍ഷം മുന്‍പ് മരിച്ചു പോയൊരു പെണ്ണിനെ പറ്റിയാണ്... അവളുടെ ശരീരഭാഗങ്ങളെപ്പറ്റിയാണ്.

ആ പേരു ഓര്‍മ്മ വന്നു കാണും എന്ന വിശ്വാസത്തില്‍ ..

ഒരര്‍ഥത്തില്‍ വേദനിപ്പിക്കപ്പെടുന്ന, നിന്ദിക്കപ്പെടുന്ന ഓരോ പെണ്ണും സാര്‍ ട്ട് ജി ബ്രാട് മാനാണ്... ആ ജീവിതത്തിന്‍റെ അടുത്തും അകലെയുമായ പൊട്ടുകളാണ്.

1816ല്‍ യൂറോപ്പിലെ കഠിനമായ തണുപ്പ് സഹിയ്ക്കാതെ മരിച്ചു പോയ ഒരു ഇരുപത്തേഴുകാരിയാണ് സാര്‍ ട്ട് ജി. മനുഷ്യ സമൂഹത്തില്‍ എന്നും ഒരേ പോലെ കത്തി നില്‍ക്കുന്ന സ്ത്രീ ശരീരമെന്ന ഒടുങ്ങാത്ത കൌതുകത്തിന്‍റെ അതീവ ദയനീയമായ ഇര.
സാര്‍ട്ട്ജി പിറന്നത് ദക്ഷിണാഫ്രിക്കയിലാണ്. ഖൊസിയാന്‍ എന്ന ആഫ്രിക്കന്‍ ഗോത്രത്തില്‍ പെട്ട ഒരു സ്ത്രീ ജന്മം.

ഇംഗ്ലീഷുകാരും ഡച്ചുകാരും നാനൂറു വര്‍ഷം മുന്‍പ് ദക്ഷിണാഫ്രിക്കയിലെത്തിയപ്പോള്‍ ഈ ഗോത്രക്കാരെ കുറ്റിക്കാട്ടിലെ മനുഷ്യര്‍ എന്നു വിളിച്ചു പോന്നു. അവരെ അടിമകളാക്കി പിടിക്കുന്നതിലും പതുക്കെപ്പതുക്കെ ഇല്ലായ്മ ചെയ്യുന്നതിലും അവര്‍ പരസ്പരം മല്‍സരിച്ചു.
അങ്ങനെ ഒരു ദിവസം സാര്‍ട്ജി ഇംഗ്ലീഷുകാരുടെ പിടിയിലായി. ആ ശരീരം കണ്ട നേവല്‍ സര്‍ജനായ സായിപ്പിന്‍റെ തലയില്‍ ഒത്തിരി കാര്യങ്ങള്‍ ഒരേ സമയം തെളിഞ്ഞു. അയാള്‍ സാര്‍ട് ജിയെ വിലയ്ക്ക് വാങ്ങി.

ഖൊസിയാന്‍ ഗോത്രത്തിന്‍റെ ശാരീരിക പ്രത്യേകതകളുമായി പിറന്ന ആ ശരീരത്തെ അയാള്‍ മുഴുവനായും ഉപയോഗിച്ചു...
എന്താണ് ആ ഗോത്രത്തിന്‍റെ പ്രത്യേകത എന്നറിയുമോ?

തൊട്ട് കണ്ണെഴുതാവുന്ന നിറം. കീഴടക്കാനാവാത്ത കുന്നുകള്‍ പോലെ ഉന്തി നില്‍ക്കുന്ന ചന്തികള്‍, സദാ വെല്ലുവിളിക്കുന്ന ഉയര്‍ന്ന മുലകള്‍, നീണ്ടുരുണ്ട് കരുത്തുറ്റ തുടകള്‍, വലുപ്പമേറിയ യോനീതടം..
സായിപ്പ് സാര്‍ ട് ജി യെ ഇംഗ്ലണ്ടിലെത്തിച്ചു .. ഒരു കൂട്ടിലിട്ട് പ്രദര്‍ശനത്തിനു വെച്ചു. ഇംഗ്ലീഷുകാര്‍ പണം നല്‍കി ആ ശരീരം തൊട്ടു രസിച്ചു. അനുഭവിച്ചു തളര്‍ന്നു. പണം കുറെ കൈയില്‍ വന്നു കഴിഞ്ഞപ്പോള്‍ ഡോക്ടര്‍ സായിപ്പിനു പതുക്കെപ്പതുക്കെയാണെങ്കിലും ഈ പ്രദര്‍ശനം ബോറടിച്ചു തുടങ്ങി..

അങ്ങനെ അയാള്‍ സാര്‍ ട് ജിയെ ഒരു സര്‍ക്കസ്സുകാരനു വിറ്റു. സര്‍ക്കസ്സുകാരന്‍ ചില സര്‍ക്കസ്സുവിദ്യകളൊക്കെ പഠിപ്പിച്ചു.. പഠിപ്പിക്കുമ്പോള്‍ ആകാവുന്ന പോലെയൊക്കെ ശിഷ്യയെ രുചിച്ചു. എന്നിട്ട് പാരീസില്‍ പ്രദര്‍ശനത്തിനു വെച്ചു.

ഫ്രഞ്ചുകാര്‍ക്ക് അല്‍ഭുതം താങ്ങാനായില്ല. അവരും സാര്‍ട്ജിയെ ഭോഗിച്ചുല്ലസിച്ചു. പക്ഷെ, അതെ... സാര്‍ ട്ജി തുണിയുടുക്കാതെ ... തുണിയുടുക്കാനാവാതെ... യൂറോപ്പിലെ കൊടും തണുപ്പില്‍... അതെ, മഞ്ഞിനു സ്വയം തോന്നിക്കാണും ഈ നീറുന്ന ജീവിതം അവസാനിപ്പിച്ചു കൊടുക്കേണ്ട ധര്‍മ്മം തന്‍റെയാണെന്ന് ...
സാര്‍ട്ജി മരിച്ചു. ..
എന്നിട്ടോ..

ഫ്രഞ്ചുകാര്‍ ആ ശരീരത്തില്‍ മരുന്നുകള്‍ പുരട്ടി പാരീസിലെ മൂസി ഡി ഹോമി എന്ന മ്യൂസിയത്തില്‍ പ്രദര്‍ശനത്തിനു വെച്ചു. അതും ബോറടിച്ചപ്പോള്‍ ഒടുവില്‍ വെള്ളക്കാരെ എപ്പോഴും അതിശയിപ്പിച്ച ആ യോനീദളങ്ങളുള്‍പ്പടെ ഫോര്‍മലിനില്‍ ഇട്ട് ലബോറട്ടറിയില്‍ സൂക്ഷിച്ചു.

പിന്നെ കാലം കടന്നു പോയി... ഈസ്റ്ററും ക്രിസ്തുമസ്സും പലവട്ടം വന്നു..

1940കളില്‍ സാര്‍ട് ജിയുടെ ദയനീയമായ കഥ ലോകമറിഞ്ഞു തുടങ്ങിയിരുന്നു. പിന്നീട് കവിതകളും ലേഖനങ്ങളും വന്നു. 1978ല്‍ ഖോസിയന്‍ ഗോത്രക്കാരിയായ ഡയാന ഫെറസ് ‘ നിന്നെ വീട്ടിലേക്ക് കൊണ്ടുപോകാന്‍ ഞാന്‍ വന്നിരിക്കുന്നു’ എന്ന തലക്കെട്ടില്‍ എഴുതിയ കവിത ഏറെ വായിക്കപ്പെട്ടു. അമേരിക്കന്‍ നരവംശ ശാസ്ത്രജ്ഞനായ സ്റ്റീഫന്‍ ജെ ഗുള്‍ഡ് എഴുതിയ ലേഖനവും സാര്‍ട്ജിയെ ലോകശ്രദ്ധയില്‍ എത്തിക്കാന്‍ കാരണമായി..

ദക്ഷിണാഫ്രിക്ക സ്വതന്ത്രമായതിനു ശേഷം 1994 ല്‍ നെല്‍സണ്‍ മണ്ടേല തികച്ചും ഔദ്യോഗികമായി നിയമപരമായി സാര്‍ട് ജിയുടെ ഭൌതികാവശിഷ്ടങ്ങളെ തിരിച്ചു തരണമെന്ന് ഫ്രാന്‍സിനോട് ആവശ്യപ്പെട്ടു. എന്നിട്ടും എട്ടു കൊല്ലം ആ ആവശ്യത്തിനു പുറത്ത് അടയിരുന്നതിനു ശേഷമാണ് ഫ്രാന്‍സ് ആ ശരീരഭാഗങ്ങള്‍ കൈമാറിയത്.

ദക്ഷിണാഫ്രിക്ക പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ സാര്‍ട്ജിയെ ഖോസിയാന്‍ ഗോത്രാചാരപ്രകാരം സംസ്ക്കരിച്ചു.
സ്ത്രീകളുടേയും കുട്ടികളുടേയും ക്ഷേമത്തിനു വേണ്ടിയുള്ള കേന്ദ്രങ്ങള്‍ക്ക് ദക്ഷിണാഫ്രിക്ക സാര്‍ട്ജിയുടെ പേരു നല്‍കി. കടലോര പരിസ്ഥിതി സം രക്ഷണത്തിനു വേണ്ടി ദക്ഷിണാഫ്രിക്ക ആദ്യം കടലിലിറക്കിയ കപ്പലിന്‍റെ പേരും സാര്‍ട്ജി ബ്രാട് മാന്‍ എന്നാണ്. ...

ആന്ധ്രാപ്രദേശിലെ സ്ത്രീകളുടെ വലുപ്പമേറിയ പിന്‍ഭാഗത്തെപ്പറ്റി സംസാരിക്കുന്നത് കേട്ടിരിക്കേണ്ടി വന്ന ഒരു നിസ്സഹായതയില്‍... സമൃദ്ധമായ മാറിടങ്ങള്‍ക്കു നേരെയുള്ള കൈനീളലുകളെപ്പറ്റി നൊമ്പരപ്പെടുന്ന ഒരു കണ്ണീരിനിടയില്‍.. സ്ത്രീ ശരീരം എന്ന അവസാനിക്കാത്ത കൌതുകമെന്ന് എണ്ണപ്പെടുന്ന ജീവിതത്തിന്‍റെ ഓരോ നിമിഷങ്ങളിലും...
വിങ്ങുന്ന ഒരു ഓര്‍മ്മയായി... സാര്‍ ട്ജി ബ്രാഡ് മാന്‍..