Tuesday, July 10, 2018

വ്യാഴവട്ടങ്ങളില്‍ ചിതറിത്തെറിക്കുന്നത്....26

https://www.facebook.com/echmu.kutty/posts/586841948161770?pnref=story
നോവല്‍ 26
അയാളുടെ പേരിലുള്ള റ്റൊയോറ്റോ കാര്‍ ഓടിയ്ക്കാതെ അവളുടെ പേരിലുള്ള പഴയ മാരുതി ഓടിച്ചായിരുന്നു അയാള്‍ സ്റ്റേഷനില്‍ വന്നിരുന്നത്.

പെണ്‍ പൊലീസും ആണ്‍ പോലീസും അവളുടെ ഭര്‍ത്താവും ചേട്ടനും ചേട്ടത്തിയമ്മയും അവളും മകനും ചേട്ടന്റെ കൂട്ടുകാരനും അടങ്ങുന്ന വലിയ സംഘമാണ് രണ്ട പോലീസ് വണ്ടികളിലായി അവളുടെ ഫ്‌ലാറ്റിലെത്തിയത്. അവള്‍ സര്‍ട്ടിഫിക്കറ്റ് വെച്ചിരുന്ന ആഭരണങ്ങള്‍ വെച്ചിരുന്ന അലമാരിയുടെ താക്കോല്‍ കാണുന്നില്ലെന്ന് അയാള്‍ അവിടെ ചെന്നപ്പോള്‍ പോലീസുകാരെ അറിയിച്ചു. എന്നാല്‍ അലമാരി പൊളിയ്ക്കാമെന്ന് ആണ്‍ പോലീസുകാര്‍ തീരുമാനിച്ചു. അങ്ങനെ പുറത്തിരുന്ന സര്‍ട്ടിഫിക്കറ്റുകള്‍ കിട്ടി. എ ടി എം കാര്‍ഡും ചെക്കുബുക്കും കിട്ടി. അവളുടെ പ്രോപ്പര്‍ട്ടി പേപ്പറുകള്‍ എടുക്കാനോ സ്വര്‍ണം എടുക്കാനോ പോലീസ് സമ്മതിച്ചില്ല. അത് അലമാരിയുടെ അകത്തെ അറയിലായിരുന്നു. വസ്തുവകകള്‍, ആഭരണങ്ങള്‍ ഇതൊക്കെ സ്ത്രീ സ്വന്തമായി സമ്പാദിക്കുമെന്ന് എത്രയായാലും പോലീസുകാര്‍ക്ക് വിശ്വസം വരുന്നുണ്ടായിരുന്നില്ല. അതുകൊണ്ട് അലമാരിയുടെ അകത്തെ ഭാഗം പൊളിയ്ക്കാനോ അവളുടെ ലോക്കറിന്റെ ചാവി അയാളില്‍ നിന്ന് മേടിച്ചു കൊടുക്കാനോ അവര്‍ കൂട്ടാക്കിയില്ല. എത്ര സമ്പാദിക്കുന്നില്ല ജോലിയില്ല എന്നൊക്കെ പറഞ്ഞാലും ഒരു എന്‍ജിനീയര്‍ അങ്ങനെ നിഷ്‌ക്കാശനും അറുപിച്ചയുമാവില്ലല്ലോ. മാരുതി കാര്‍ അവളുടെ പേരിലായതുകൊണ്ട് അതെടുക്കാന്‍ പോലീസുകാര്‍ സമ്മതിച്ചു. ആഭരണങ്ങളും പ്രോപ്പര്‍ട്ടിയുടെ പേപ്പറുമൊന്നും കോടതിയുടെ അനുവാദമില്ലാതെ എടുത്തു കൂടെന്ന അഴകുഴമ്പന്‍ നിലപാടായിരുന്നു പോലീസിന്റേത്. മകന്‍ ബുക്കുകളും കുറച്ച് ഡ്രസ്സുകളും എടുത്തു. അവന്റെ മൊബൈല്‍ ഫോണ്‍ എടുക്കാനുമവന്‍ മറന്നില്ല. മകന്റെ പാസ്സ്‌പോര്‍ട്ട്, ബെര്‍ത് സര്‍ട്ടിഫിക്കറ്റ് അവയൊന്നും അയാള്‍ അവള്‍ക്ക് കൊടുത്തില്ല.

കിട്ടിയതാകട്ടെ എന്ന് അവള്‍ ഗസ്റ്റ് ഹൌസിലേക്ക് മടങ്ങി. അവള്‍ക്കായി വാശി പിടിച്ച് വാദിക്കാന്‍ അവളുടെ ചേട്ടന്‍ പോലുമുണ്ടായിരുന്നില്ല. ചേട്ടന്‍ അയാളോട് കുറച്ചു നാള്‍ ക്ഷമിക്കാനും അവളെ കൂടുതല്‍ വാശി പിടിപ്പിക്കാതെയിരിക്കാനും ആവശ്യപ്പെടുക മാത്രമേ ചെയ്തുള്ളൂ.
ജോലിക്കു കയറണമെന്നുള്ളതുകൊണ്ട് ഇന്ദു കൂടുതല്‍ സമയം കളയാതെ,അവളുടെ അച്ഛന്റെ കൂട്ടുകാരനൊപ്പം അദ്ദേഹത്തിന്റെ കാറില്‍ എയര്‍പോര്‍ട്ടിലേക്ക് തിരിച്ചു, പോകും മുന്‍പ് അവള്‍ അമ്മായീ എന്ന് വിളിച്ച് കുറെ നേരം തേങ്ങിക്കരഞ്ഞു. അവള്‍ക്കും സങ്കടം വന്നുവെങ്കിലും മുതിര്‍ന്ന അമ്മായി എന്ന ന്നിലയില്‍ അവള്‍ അതു നിയന്ത്രിച്ചു നിറുത്തി.

ബോറടിക്കുന്നുവെന്ന് വാശി പിടിക്കുന്ന മകനെ അവനിഷ്ടപ്പെട്ട ആഹാരം വാങ്ങിക്കൊടുത്ത് ആഹ്ലാദിപ്പിച്ച് മറ്റൊരു കൂട്ടുകാരന്റെ വീട്ടില്‍ കളിയ്ക്കാന്‍ കൊണ്ടുവിട്ടിട്ട് അവര്‍ വീടുകള്‍ നോക്കാന്‍ പോയി.

അപ്പോഴാണ് അടുത്ത കുഴപ്പമുണ്ടായത്.

ആരും ഒറ്റയ്ക്ക് ഒരു സ്ത്രീയ്ക്ക് വീടു തരില്ല. ഒറ്റയ്ക്ക് പാര്‍ക്കുന്ന സ്ത്രീ പിഴച്ചവളായിരിക്കും. അവളെ കാണാന്‍ ആരൊക്കെ വരുമന്ന് പറയാന്‍ പറ്റില്ല. ചേട്ടത്തിയമ്മ ആ നിമിഷം പൊട്ടിത്തെറിച്ചു പോയി. 'മാസം ഇത്രയും വരുമാനമുള്ള ഒരു പെണ്ണിനു പിഴയ്‌ക്കേണ്ട കാര്യമെന്ത് 'എന്നായിരുന്നു അവരുടെ ചോദ്യം. 'എന്നാല്‍ വരുമാനം കൊണ്ട് മറ്റു കാര്യങ്ങള്‍ നടക്കില്ലെ'ന്ന് പറഞ്ഞ വീട്ടുടമസ്ഥനോട് 'തന്റെ വീടു വേണ്ട' എന്ന് പറയാനുള്ള തന്റേടം ചേട്ടത്തിയമ്മയ്ക്ക് മാത്രമേ ഉണ്ടായുള്ളൂ.

ഒരു ഡസനോളം വീടുകള്‍ നോക്കിയെങ്കിലും ഭര്‍ത്താവുമായി പിണക്കം, മകനും അമ്മയും ഒറ്റയ്ക്ക് എന്ന് കേള്‍ക്കുമ്പോള്‍ തന്നെ വീട്ടുടമസ്ഥര്‍ വാതില്‍ അടയ്ക്കുകയായിരുന്നു. അവളുടെ ഉദ്യോഗമോ നരച്ചു തുടങ്ങിയ തലമുടിയോ നാല്‍പത്തേഴു വയസ്സോ ഒന്നും വീടു കിട്ടുന്നതില്‍ പ്രയോജനം ചെയ്തില്ല.

ഒടുവില്‍ മകന്‍ കൂടെ ഉള്ളതുകൊണ്ട് തരാമെന്ന് ഒരു വീട്ടുടമസ്ഥന്‍ മാത്രം സമ്മതിച്ചു. മകളാണ് കൂടെ ഉള്ളതെങ്കില്‍ തരികയില്ലെന്നും അയാള്‍ പറഞ്ഞു. പോലീസ് വരിക, മറ്റ് പ്രയാസങ്ങള്‍ ഉണ്ടാവുക, വീട്ടില്‍ വഴക്കും കൈയേറ്റവും ഉണ്ടാവുക ഇതൊന്നും പാടില്ലെന്നും അയാള്‍ താക്കീതു നല്‍കി.

ഗസ്റ്റ് ഹൌസില്‍ നിന്നും ഏറ്റവും പെട്ടെന്ന് മാറണമല്ലോ എന്ന് കരുതി ആ വീട് അവള്‍ വാടകയ്ക്ക് എടുത്തു. ധാരാളം പാര്‍ക്കുകളും മരങ്ങളും പൂക്കളും കിളികളും ആയി എല്ലാ സൌകര്യങ്ങളുമുള്ള ഒരു കോളനിയായിരുന്നു അത്. നഗരത്തിന്റെ വളരെ അടുത്ത്, മകന്റെ സ്‌കൂളിനു സമീപം. ... വീട്ടില്‍ താമസിക്കണമെങ്കില്‍ റെസിഡന്റ്‌സ് വെല്‍ഫയര്‍ അസ്സോസിയേഷന്റെ എന്‍ ഓ സി കിട്ടിയേ തീരു. അവരും ഭര്‍ത്താവ് വേണമെന്ന് നിര്‍ബന്ധം പിടിക്കുമെങ്കിലും അവള്‍ വലിയൊരു ഉദ്യോഗസ്ഥയാണെന്നറിഞ്ഞും മകന്‍ കൂടെ ഉണ്ടെന്നറിഞ്ഞും വീട്ടുടമസ്ഥനു സമ്മതമാണെന്നറിഞ്ഞും എതിര്‍പ്പ് പ്രകടിപ്പിക്കുകയില്ലെന്ന് പ്രോപ്പര്‍ട്ടി ഡീലര്‍ സമാധാനം പ്രകടിപ്പിച്ചു.

മൊബൈല്‍ ഫോണ്‍ മകന്റെ കൈയില്‍ വന്നതുകൊണ്ട് അയാള്‍ ഇടയ്ക്കിടെ അവനെ വിളിച്ച് എവിടെയാണെന്ന് എന്താണെന്ന് തിരക്കുന്നുണ്ടായിരുന്നു. അവന്‍ കൂട്ടുകാരന്റെ വീട്ടില്‍ കളിക്കുകയാണെന്നറിഞ്ഞപ്പോള്‍ അമ്മയെ ശ്രദ്ധിക്കണമെന്ന് അയാള്‍ അവനെ ഓര്‍മ്മിപ്പിച്ചു.

പിറ്റേന്ന് ആ വീട് കാണാനും ആ കോളനിയില്‍ പാര്‍ക്കുന്ന അവന്റെ കൂട്ടുകാരന്റെ വീട്ടില്‍ പോകാനും ഇറങ്ങിയപ്പോഴൊന്നും അവനു ഒരു പ്രയാസവുമുണ്ടായിരുന്നില്ല.അവന്‍ സന്തോഷവാനായി അമ്മാവന്‍ ഓടിയ്ക്കുന്ന അമ്മയുടെ കാറില്‍ അമ്മയ്‌ക്കൊപ്പം ഇരുന്നു. അമ്മായിയോടും അമ്മയോടും ധാരാളം സംസാരിക്കുകയും ചെയ്തു.

ഒഴിഞ്ഞ മുറികളുള്ള വീട് കണ്ടപ്പോള്‍ മോന്റെ കണ്ണിലെ വിളക്ക് കെട്ടു. അവന് ആ വീട് ഇഷ്ടമായില്ല. അമ്മയുടെ കൈയില്‍ പണമില്ലെന്ന് പറഞ്ഞത് അവനോര്‍മ്മിച്ചു. അതെല്ലാം അമ്മാവനും ചെറിയമ്മയും കൂടി തട്ടിയെടുക്കുന്നുണ്ടെന്ന് അച്ഛന്‍ പറയാറുള്ളത് അവന്‍ മറന്നിരുന്നില്ല. ഈ വീട്ടില്‍ വെറും നിലത്ത് അവന്‍ എങ്ങനെ ഉറങ്ങും. അടുക്കളയില്‍ ഒരു പാത്രം ഇല്ല. കട്ടിലോ കിടക്കയോ കമ്പിളിയോ ഇല്ല. അവന്റെ വീട്ടില്‍ എല്ലാമുണ്ട്. ആ സുഖസൌകര്യങ്ങളും അവിടെയുള്ള അവന്റെ കൂട്ടുകാരെയും കളഞ്ഞ് അവന്‍ എന്തിനു ഈ ദാരിദ്ര്യം പിടിച്ച വീട്ടില്‍ പാര്‍ക്കണം?

കോണിപ്പടിക്ക് അരികില്‍ മാറി നിന്ന് ചെറിയ ഒച്ചയില്‍ അവന്‍ അച്ഛനെ വിളിച്ചു. അയാന്‍ എന്ന അവന്റെ ഒരു കൂട്ടുകാരന്‍ താമസിക്കുന്ന കോളനിയിലാണ് ഇപ്പോള്‍ ഉള്ളത് എന്ന് അവന്‍ അച്ഛനെ അറിയിച്ചു.

( തുടരും )

Monday, July 9, 2018

അമ്മയുടെ മകനും ഭാര്യയുടെ ഭര്‍ത്താവും .

https://www.facebook.com/echmu.kutty/posts/586047111574587?pnref=story 29/06/16
                 

എക്‌സ്‌പോര്‍ട്ട് റിജക്ട് തുണികള്‍ വില്‍ക്കുന്ന കടകള്‍ നമ്മുടെ മഹാനഗരങ്ങളില്‍ ഒത്തിരിയുണ്ട്. ചില മാര്‍ക്കറ്റുകളില്‍ ഒന്നു രണ്ട് നീണ്ട ഗലികള്‍ നിറയെ അത്തരം കടകളായിരിക്കും. എല്ലാ ആധുനിക ഫാഷനുകളിലുമുള്ള തുണികളും അവിടെ കിട്ടും.യൂ നെയിം ഇറ്റ്.. യൂ ഹാവ് ഇറ്റ് എന്ന ആംഗലേയ വചനം പോലെ. വില വളരെക്കുറവായിരിക്കും. അന്‍പതു രൂപ മുതല്‍ മുന്നൂറു രൂപ വരെ കൊടുത്താല്‍ നല്ല നല്ല വസ്ത്രങ്ങള്‍ കിട്ടും. ആകെ വേണ്ടത് സമയവും തെരഞ്ഞെടുക്കാനുള്ള മനസ്സും കുറച്ച് ക്ഷമയുമാണ്.

ഞാന്‍ ഇത്തരം വസ്ത്രങ്ങളുടെ ഒരു ആരാധികയായിരുന്നു. ആയിരുന്നു എന്നല്ല ഇപ്പോഴും ആണ്. ചില്ലറ പ്രശ്‌നങ്ങളേ അവയ്ക്കുണ്ടാവൂ. ബട്ടണ്‍ പൊട്ടിയത്, കോളറിന്റെ ഒരു ചെറിയ വലുപ്പ വ്യത്യാസം, കൈയിന്റെ നീളക്കുറവ് അങ്ങനെയൊക്കെ ...അല്‍പം വൈദഗ്ധ്യമുള്ള ഒരു തയ്യല്‍ക്കാരന്റെ നിസ്സാരമായ ചില പരിചരണങ്ങളില്‍ അവ ഫാഷനബിളായ സുന്ദരന്‍ കുപ്പായങ്ങളായി മാറും.

ഈ വസ്ത്രങ്ങള്‍ തയിച്ചവര്‍ക്ക് തന്നെ ഇത് വിറ്റാല്‍ കിട്ടുന്ന പണം എത്തിച്ചേരുമെന്ന ഉറപ്പും എന്റെ ആകര്‍ഷണത്തിനു കാരണമായിരുന്നു. വില്‍ക്കാന്‍ റോഡിലിരിക്കുന്നവരുടെ മുഖങ്ങളിലെ പതിനായിരം ചുളിവുകളില്‍ അവരുടെ വേദനപ്പെടുത്തുന്ന ജീവിതകഥകളും എഴുതപ്പെട്ടിരുന്നു.

'ജീവിതം തകര്‍ന്നു, ഇനി ഒരു വഴിയുമില്ല എന്റെ മുന്നില്‍, മരണമാണ് ഒരേ ഒരു മാര്‍ഗം' എന്ന് തോന്നിയിട്ടുള്ളപ്പോഴൊക്കെ ഞാന്‍ ഇമ്മാതിരി ഗലികളില്‍ ദേഹം തളരുവോളം കാലു കഴച്ചു പൊട്ടുവോളം ചുറ്റിത്തിരിയും. ഉരുളക്കിഴങ്ങ് വറുത്തതും ഇരുമ്പന്‍ പുളിയും ചുട്ട മധുരക്കിഴങ്ങും ഞാവല്‍പ്പഴവുമൊക്കെ മേടിച്ചു തിന്നും. നിംബു സോഡാ ലെമന്‍ എന്ന നാരങ്ങാവെള്ളം വാങ്ങി ക്കുടിക്കും. പത്തു രൂപയുടെയും അഞ്ചു രൂപയുടേയും ഞാത്തുകമ്മലുകള്‍ തെരഞ്ഞു പിടിക്കും.കുപ്പിവളകളും മെറ്റല്‍ വളകളും തടി വളകളും മോതിരങ്ങളും ജിപ്‌സി മാലകളും മേടിക്കും..

അങ്ങനെ ഒരു ദിവസമാണ് ഞാന്‍ ആ കടയില്‍ കയറിയത്. കട എന്ന് പറഞ്ഞാല്‍ ഗംഭീര കടയൊന്നുമല്ല. തകരം മേഞ്ഞ മേല്‍ക്കൂരയും നാലു ഇരുമ്പ് കാലും തകരച്ചുമരുകളുമുള്ള ഒരു കട. കുറച്ച് ഒടിഞ്ഞ ഫോള്‍ഡിംഗ് കട്ടിലുകളിലും വലിച്ചുകെട്ടിയ അയകളില്‍ തൂക്കിയിട്ട ഹാംഗറുകളിലുമായി കുറെ വസ്ത്രങ്ങള്‍.. മുപ്പത്തഞ്ചു രൂപ മുതലാണ് വില.

ഉടുപ്പുകള്‍ നോക്കുമ്പോഴാണ് ഞാന്‍ ഒരു അമ്മയെ കണ്ടത്. വെണ്ണ നിറമുള്ള ഒരു അമ്മ. കനമുള്ള തുണികൊണ്ടുണ്ടാക്കിയ ഒരു നൈറ്റിയും ധരിച്ച് .. എന്തോ ചവച്ചു തിന്നുകയാണ്. അടുത്ത് അതേ മുഖച്ഛായയുള്ള മകന്‍. അയാള്‍ അമ്മയ്ക്ക് ഭക്ഷണം കൊടുക്കുന്നു.

എന്റെ ശ്രദ്ധ അവരിലായി. അവരാണ് കടയുടമകള്‍ എന്നെനിക്ക് മനസ്സിലായി. അപ്പോഴാണ് അമ്മ അരിശത്തോടെ ആ ഭക്ഷണം തുപ്പിയത്.
അയാള്‍ ഒട്ടും ദേഷ്യപ്പെട്ടില്ല, 'നല്ലതാണമ്മാ.. തുപ്പാതെ കഴിക്കു അമ്മാ, ഇനി ഗുളികയും കഴിക്കണ്ടേ, അതു കഴിഞ്ഞ് നമുക്ക് കിടക്കാം. ചക്കര അമ്മയല്ലേ, എന്റെ മുത്തല്ലേ' എന്നൊക്കെ കൊഞ്ചിച്ച് പിന്നെയും പിന്നെയും നിര്‍ബന്ധിച്ച് ആഹാരം കൊടുത്തുകൊണ്ടേയിരുന്നു.

ഞാന്‍ വസ്ത്രം നോക്കുകയാണെന്ന വ്യാജേന ആ സ്‌നേഹം കണ്ട് ആനന്ദിച്ചു.
അമ്മയെ ഊട്ടി , പിന്നെ മരുന്നു കൊടുത്ത് ഒരു ഫോള്‍ഡിംഗ് കട്ടിലില്‍ വിരിപ്പൊക്കെയിട്ട് കിടത്തിയിട്ടാണ് അയാള്‍ എന്നെ ശ്രദ്ധിച്ചത്.

അതിനകം ഞാന്‍ മൂന്നാലു ടീഷര്‍ട്ടുകളും അനവധി ചുരുക്കുള്ള മൂന്നാലു കോട്ടണ്‍ പാവാടകളും കണ്ടുപിടിച്ചിരുന്നു.

വില പറയുന്നതിനിടയില്‍ 'അമ്മയ്ക്ക് എന്താണസുഖമെന്ന് 'ഞാന്‍ അന്വേഷിച്ചു. ആദ്യം അയാള്‍ ഒന്നും പറഞ്ഞില്ല.

പിന്നെ ചെറിയ ഒച്ചയില്‍ 'അമ്മയ്ക്ക് അല്‍സ് ഹൈമേഴ്‌സ് എന്ന മറവി രോഗമാ'ണെന്ന് പറഞ്ഞു. 'വലിയ പ്രയാസമാണ് അമ്മയെ നോക്കാന്‍... കഴിച്ചിട്ട് ഇല്ലാന്നു പറയും, ചീത്തവിളിക്കും കടയില്‍ തുപ്പും, മൂത്രമൊഴിക്കും, അപ്പിയിടും ,കണ്ണു തെറ്റിയാല്‍ അതെല്ലാം എടുത്ത് അവിടേം ഇവിടെം ആക്കും.. ആകെ പ്രശ്‌നമാണ് 'എന്ന് അയാള്‍ സങ്കടപ്പെട്ടു.

'വീട്ടില്‍ കിടത്തിക്കൂടെ ? എന്തിനാണ് ഇങ്ങനെ ഒരു പൊതുസ്ഥലത്ത് കൊണ്ടുവന്ന് അവരെ ബുദ്ധിമുട്ടിക്കുന്നത് ?'

അയാള്‍ ഉണങ്ങിയ ഒരു ചിരി മറുപടിയായി തന്നു. പിന്നെ സാവധാനം 'ഞാന്‍ മകന്‍ മാത്രമല്ല, ഒരു ഭര്‍ത്താവും അച്ഛനും കൂടിയാണ് 'എന്ന് മുഴുവനാക്കി.

ഭാര്യയെ അയാള്‍ ഒരു വാക്കു പോലും കുറ്റപ്പെടുത്തിയില്ല. മക്കളേയുമതെ.

'അമ്മയ്ക്കു എത്ര വേണമെങ്കിലും ആഹാരവും കൃത്യമായ മരുന്നും മാറിയുടുക്കാന്‍ ഒത്തിരി വസ്ത്രവും ഒക്കെ അവള്‍ തയാറാക്കിത്തരും. അമ്മയെ വീട്ടിലിരുത്തി നോക്കാന്‍ അവള്‍ക്ക് പറ്റില്ല. മക്കളെ നോക്കണം , അവരെ സ്‌കൂളില്‍ വിടണം, പഠിപ്പിക്കണം, വീട്ടു പണികള്‍ ചെയ്യണം, അതിനിടയ്ക്ക് ഇങ്ങനെ ഒരു അമ്മയെ കൂടി പരിചരിയ്ക്കാന്‍ അവള്‍ക്ക് മനസ്സില്ല. അമ്മയെ പരിചരിച്ചാലേ എനിക്ക് അവളെ നല്ല ഭാര്യയായി കാണാനാവൂ എന്ന് വാശി പിടിക്കുന്നത് എന്റെ തെമ്മാടിത്തരമല്ലേ? എന്റെ അഹന്തയും വാശിയുമല്ലേ? എന്തായാലും ഇത് എന്റെ അമ്മയാണ്. എന്റെ അമ്മയെ ഞാന്‍ പരിചരിക്കുന്നതല്ലേ അതിന്റെ മര്യാദ? അവള്‍ സാധിക്കുന്നത്ര എല്ലാ പിന്തുണയും നല്‍കുന്നുണ്ടല്ലോ. കുട്ടികളെ അവള്‍ ഭംഗിയായി നോക്കുന്നുണ്ട്. വീടു നോക്കുന്നുണ്ട്. എന്നെയും കരുതുന്നുണ്ട്. പിന്നെന്തു വേണം എനിക്ക് ?'

ഞാന്‍ നിശ്ശബ്ദയായി കേട്ടിരുന്നു. കിട്ടിയതിലെല്ലാം തികഞ്ഞ സംതൃപ്തനായി കിട്ടാത്തതിനെയെല്ലാം നിസ്സാരമായി തള്ളിക്കളഞ്ഞ് ജീവിതത്തോട് നന്ദിയുള്ളവനായി ജീവിക്കുന്ന ആ മകനെ കണ്ണു പറിയ്ക്കാതെ നോക്കിയിരുന്നു.

ഇത്തരം മനുഷ്യര്‍ ഇപ്പോഴും അവിടവിടെ നിലനില്‍ക്കുന്നതുകൊണ്ടാവാം കണ്ണീര്‍ക്കടലുകള്‍ ഭൂമിയിലെ വന്‍കരകളെ അപ്പാടെ വിഴുങ്ങാത്തത്.

വേറെ ഉത്തരമൊന്നും എനിക്ക് അന്നേരം തോന്നുന്നുണ്ടായിരുന്നില്ല.

വ്യാഴവട്ടങ്ങളില്‍ ചിതറിത്തെറിക്കുന്നത്....25


https://www.facebook.com/echmu.kutty/posts/585647704947861?pnref=story

നോവല്‍ 25.

ആ ബഹളത്തിനിടയില്‍ ഫോണില്‍ വന്ന മെസ്സേജ് അവള്‍ കണ്ടില്ല. ഒരു വിധത്തില്‍ അവനെ സമാധാനിപ്പിച്ച് അവന്റെ ഒരു കൂട്ടുകാരന്റെ വീട്ടില്‍ കളിയ്ക്കാന്‍ കൊണ്ടുവിടാമെന്ന് അമ്മവാഗ്ദാനം ചെയ്ത് , ഇന്ദു വാങ്ങിക്കൊണ്ടുവന്ന ടീഷര്‍ട്ടും ട്രൌസറും ഒത്തിരി പുന്നാരിക്കലിലും ഉമ്മകളിലും കുതിര്‍ത്ത് ധരിപ്പിച്ച് , പാസ്തയും ഓംലെറ്റും ഐസ്ഡ് എസ്‌കിമോയും കഴിപ്പിച്ച് , ഓഫീസിലെ ഒരു സഹപ്രവര്‍ത്തകനെ വിളിച്ച് അവന്റെ ഒരു കളി ക്കൂട്ടുകാരന്റെ വീട്ടില്‍ കൊണ്ടുവിട്ട ശേഷമാണ് അവള്‍ ഫോണ്‍ മെസ്സെജ് നോക്കിയത്.

ഭര്‍ത്താവ് അവളുടെ എ ടി എം കാര്‍ഡ് ഉപയോഗിച്ച് രണ്ടരലക്ഷത്തിലധികം രൂപ അയാളുടെ എക്കൌണ്ടിലേക്ക് മാറ്റിയിരിക്കുന്നുവെന്ന ബാങ്ക് അറിയിപ്പ് മെസ്സേജുകളായിരുന്നു അത്. അറുപതിനായിരം രൂപ ക്യാഷായി പിന്‍വലിക്കുകയും ബാക്കി രണ്ടുലക്ഷം നേരിട്ട് എക്കൌണ്ട് ട്രാന്‍സ്ഫര്‍ ചെയ്യുകയുമായിരുന്നു അയാള്‍ ചെയ്തത്. അയാള്‍ അങ്ങനെ ചെയ്യുമോ ചെയ്യില്ലേ എന്നൊക്കെ അവള്‍ മനസ്സിലിട്ട് പാറ്റിക്കൊഴിച്ചെങ്കിലും ചെയ്യും എന്നവള്‍ ആ നിമിഷം വരെയും കരുതിയിരുന്നില്ല. സത്യംപറഞ്ഞാല്‍ അവള്‍ ഞെട്ടിപ്പോയി. ഞെട്ടലൊതുക്കി ബാങ്കില്‍ വിളിച്ച് ആ എ ടി എം കാര്‍ഡ് റദ്ദാക്കാന്‍ അവള്‍ ആവശ്യപ്പെട്ടു.

ചേട്ടത്തിയമ്മ അവളോട് ഈ മെയില്‍ ചെക് ചെയ്യാന്‍ ആവശ്യപ്പെട്ടപ്പോഴാണ് പാസ്സ് വേര്‍ഡ് അയാള്‍ മാറ്റിയിരിക്കുന്നുവെന്ന് അവള്‍ക്ക് മനസ്സിലായത്.

സൈബര്‍ സെല്ലില്‍ പരാതി കൊടുക്കണമെന്ന് ചേട്ടത്തിയമ്മ രോഷംകൊണ്ടപ്പോള്‍ 'നീ മിണ്ടാതിരിക്ക്, അവളുടെ യുക്തം പോലെ ചെയ്യട്ടേ' എന്ന് ചേട്ടന്‍ അവരെ വിലക്കി.

അവള്‍ക്ക് ഒരു വീട് എടുക്കണമെന്ന് അവള്‍ ചേട്ടനോട് പറഞ്ഞു. ചേട്ടന് പൊടുന്നനെ ഒന്നും പറയാന്‍ കഴിഞ്ഞില്ല, ഒട്ടുനേരം കഴിഞ്ഞ് വാക്കുകള്‍ അളന്നു തൂക്കി 'നിനക്ക് ധാരാളം സഹപ്രവര്‍ത്തകരില്ലേ, അവര്‍ സഹായിക്കില്ലേ, എന്തിനാണ് അതിനൊക്കെ ഞാന്‍' എന്നായിരുന്നു ചേട്ടന്റെ ചോദ്യം.

ചേട്ടത്തിയമ്മ അപ്പോള്‍ വല്ലാതെ ഒച്ചവെച്ചു. പിന്നെ നമ്മള്‍ വന്നതെന്തിനാണെന്നായിരുന്നു അവരുടെ ചോദ്യം .

അവള്‍ ഇന്നലെത്തന്നെ സഹപ്രവര്‍ത്തകരൊടെല്ലാം 'വീട് എനിക്കൊരു വീട് 'എന്ന് ജപിച്ചിരുന്നു. അതുകൊണ്ട് ഉച്ചയായപ്പോഴേക്കും കുറച്ച് വീടുകള്‍ പോയിക്കാണാമെന്നായി.

അപ്പോഴാണ് മറ്റൊരു പോലീസ് സ്റ്റേഷനില്‍ നിന്ന് ഫോണ്‍ വന്നത്. പോലീസുകാരന്റെ ശബ്ദത്തില്‍ തികഞ്ഞ ധാര്‍ഷ്ട്യമുണ്ടായിരുന്നു.
ഭര്‍ത്താവിന്റെ പരാതി കിട്ടിയിട്ടുണ്ടെന്നും അദ്ദേഹത്തിന്റെ മകനെയും കൊണ്ട് അവള്‍ അങ്ങനെ ഒളിച്ചു താമസിക്കാന്‍ പാടില്ലെന്നും പോലീസുകാരന്‍ പറഞ്ഞു. മകനെയും കൂട്ടി ഉടനടി സ്റ്റേഷനില്‍ ഹാജരാകണമെന്ന് അയാള്‍ അവളോട് കല്‍പിച്ചു. അവള്‍ അവിടെ വരില്ലെന്നും വിമന്‍സ് സെല്ലില്‍ ഹാജരാകാമെന്നും അവള്‍ പതറാതെ മറുപടി നല്‍കി.

അപ്പൊഴേക്കും വിവരമറിഞ്ഞ് അവളുടെ ചേട്ടന്റെ ഒരു കൂട്ടുകാരനും എത്തിച്ചേര്‍ന്നു. അയാള്‍ക്ക് അവളുടെ ഭര്‍ത്താവിനെ നല്ല പരിചയമുണ്ടായിരുന്നു. 'എന്തിനു ആ നട്ടിന്റെ കൂടെ ഇത്ര കാലം പാര്‍ത്തു'വെന്ന് അയാള്‍ അവളോട് ചോദിച്ചു.

ചോദ്യങ്ങള്‍ വളരെ എളുപ്പത്തില്‍ ചോദിയ്ക്കാമെന്നും ഉത്തരങ്ങള്‍ അത്ര എളുപ്പത്തില്‍ കിട്ടുകയില്ലെന്നും അവള്‍ക്ക് അറിവുള്ളതാണല്ലോ.

മകനേയും കൂട്ടി ചേട്ടനും ചേട്ടത്തിയമ്മയും ഇന്ദുമോളും ചേട്ടന്റെ സുഹൃത്തുമൊന്നിച്ച് അവള്‍ വിമന്‍സ് സെല്ലില്‍ ചെന്നു.

'നാളെ പരാതി കേള്‍ക്കാം' എന്നായിരുന്നു അവരുടെ മറുപടി. 'ഭാര്യയും ഭര്‍ത്താവുമായാല്‍ ഇത്തിരി വഴക്കൊക്കെ ഉണ്ടാകും . അതൊക്കെ നിസ്സാരം ,അതിലിത്ര പരാതിക്ക് കാര്യമെന്ത് ' എന്നായിരുന്നു പ്രായമുള്ള ഒരു പോലീസുകാരന്‍ ചോദിച്ചത്.

ഡി സി പി യ്ക്ക് പരാതി എഴുതിയപ്പോള്‍ അവര്‍ വൈമനസ്യത്തോടെ അതു വാങ്ങി. വനിതാ സബ് ഇന്‍ സ് പെക്ടര്‍ വീട്ടില്‍ പോയിക്കഴിഞ്ഞിരുന്നു. ഡി സി പി ഉടനെ തിരികെ വരാന്‍ പറഞ്ഞപ്പോള്‍ അവര്‍ ഒടുവില്‍ എത്തിച്ചേര്‍ന്നു.

അതിനകം അവളുടെ ഭര്‍ത്താവിനെയും പോലീസുകാര്‍ ഫോണ്‍ ചെയ്ത് വരുത്തി.

അയാള്‍ മകനെ ഓടിച്ചെന്ന് കെട്ടിപ്പിടിച്ചു. കണ്ണില്‍ വെള്ളം നിറച്ചുകൊണ്ട് 'നിനക്കെന്നെ വേണ്ടേ മോനേ? നീയും എന്നെ ഉപേക്ഷിച്ചോ' എന്ന് ചോദിച്ചു.

അച്ഛന്റെ നിറഞ്ഞൊഴുകുന്ന കണ്ണീരില്‍ അവന്‍ തകര്‍ന്നു പോയി, 'അച്ഛാ' എന്ന് വിളിച്ചുകൊണ്ട് അവന്‍ അയാളെ ഗാഢം പുണര്‍ന്നു. കുഞ്ഞല്ലേ അവന്‍.. അവന്റെ ഉറപ്പുകള്‍ അത്രയല്ലേ ഉള്ളൂ

അവള്‍ പരാതിയില്‍ എഴുതിയതൊക്കെ സത്യമാണെന്ന് അവളുടെ ഭര്‍ത്താവ് സമ്മതിച്ചു, മകനോട് ചോദിച്ചപ്പോള്‍ അവനും എല്ലാം സത്യമാണെന്ന് പറഞ്ഞു. 'തനിക്കടിക്കാമായിരുന്നില്ലേ ഭാര്യയെ? ഭര്‍ത്താവിനു ഭാര്യയെ അടിച്ച് എല്ലൊടിക്കാം . അതിലൊരു തെറ്റുമില്ല. എന്നാല്‍ മകനെക്കൊണ്ട് അടിപ്പിച്ചതെന്തിനാണ് ' എന്നായിരുന്നു പോലീസുകാരുടെ ചോദ്യം. അയാള്‍ അടിച്ചാല്‍ അവള്‍ക്ക് കൂടുതല്‍ പരിക്കു പറ്റുമെന്നു കരുതിയാണ് മകനെക്കൊണ്ട് അടിപ്പിച്ചതെന്ന് അയാള്‍ പറഞ്ഞപ്പോള്‍ പോലീസുകാര്‍ നിശ്ശബ്ദരായി. വനിതാ പോലീസ് അവള്‍ക്ക് അറിവ് പകര്‍ന്നു, 'എന്റെ ഭര്‍ത്താവ് എന്നെ അടിക്കാറുണ്ട്. തെറി പറയാറുണ്ട്. അയാള്‍ വെള്ളമടിച്ച് കിടന്നുറങ്ങുമ്പോള്‍ ഞാനുമയാളെ നല്ല അടി അടിക്കും. പച്ചത്തെറിയും പറയും '

അങ്ങനെ അടിച്ചും പകരമടിച്ചും തെറി കേട്ടും പറഞ്ഞും എന്തിനാണ് ജീവിക്കുന്നതെന്ന് അവള്‍ അവരോട് ചോദിച്ചു.

'വേറെ എന്താ വഴി' എന്നായിരുന്നു അവരുടെ ഉത്തരം. നമ്മുടെ കോടതികളും വക്കീലുമാരുമൊക്കെ വലിയ തട്ടിപ്പാണെന്നും വക്കീലുമാര്‍ പണം പിടുങ്ങുന്ന, മറുഭാഗം കൂടുന്ന കള്ളന്മാരാണെന്നും ജഡ്ജിമാരും കൈക്കൂലി വാങ്ങുമെന്നും വനിതാ സബ് ഇന്‍സ്‌പെക്ടര്‍ അവളെ താക്കീതു ചെയ്തു. അതുകൊണ്ട് കേസിനൊന്നും പോകാതിരിക്കുന്നതാണ് നല്ലതെന്നും കുറച്ചുനാള്‍ പിണങ്ങി മാറിത്താമസിച്ചാല്‍ അയാള്‍ മര്യാദ പഠിക്കുമെന്നും അവര്‍ പറഞ്ഞു. അയാള്‍ക്ക് ജോലി ഇല്ലാത്തതുകൊണ്ട് ' ആ രണ്ടരലക്ഷം അയാളുടെ ചെലവിനെടുത്തോട്ടെ അതിപ്പോ കൊണ്ടുവാ എന്ന് വാശി പിടിക്കേണ്ടതില്ല. നിങ്ങള്‍ക്ക് ശമ്പളമുണ്ടല്ലോ' എന്നായിരുന്നു പൊതുവേ ആണും പെണ്ണുമായ പോലീസുകാരുടെ ന്യായം.

ഭര്‍ത്താവിനെതിരേ നിയമപരമായ നടപടികള്‍ക്ക് മുതിരാന്‍ പോലീസിനു ഒരു താല്‍പര്യവുമുണ്ടായിരുന്നില്ല. അതു വേണ്ടെന്ന് അവര്‍ ആവര്‍ത്തിച്ചു പറഞ്ഞു. ചേട്ടനും അവളെ പിന്തുണച്ചില്ല. അച്ഛനെ പൊലീസിനെക്കൊണ്ട് പിടിപ്പിച്ചാല്‍ മോനു വിഷമമാവുമെന്ന് എല്ലാവരും ആളാംവീതം അവളെ പിന്തിരിപ്പിച്ചു. ചേട്ടത്തിയമ്മയോട് സംസാരിക്കരുതെന്ന് ചേട്ടന്‍ വിലക്ക് കല്‍പിച്ചിരുന്നു. എല്ലാ ഉല്‍ക്കണ്ഠയും മനസ്സിലൊതുക്കി അവര്‍ നിശ്ശബ്ദയായി നിന്നു.

ചേട്ടന്റെ കൂട്ടുകാരന് ആകെപ്പാടെ ഒന്നും അത്ര പിടിക്കുന്നുണ്ടായിരുന്നില്ല. അയാള്‍ക്കിട്ട് നാല് അടിയെങ്കിലും കൊടുക്കാത്ത പോലീസ് എന്തിനു കൊള്ളാമെന്ന് ചോദിച്ചപ്പോള്‍ വയസ്സന്‍ പോലീസുകാരന്‍ ചിരിച്ചു. 'ഈ പെണ്ണുങ്ങളെ വിശ്വസിക്കാന്‍ കൊള്ളില്ല, നമ്മള്‍ അവരുടെ ഭര്‍ത്താവിനെ അടിച്ചാല്‍ നാളെ അവര്‍ ഒന്നാവുകയും നമുക്കെതിരേ പരാതിയുമായി വരികയും ചെയ്യും. '

എന്നാല്‍ അവളുടെ സര്‍ട്ടിഫിക്കറ്റുകള്‍, വസ്ത്രങ്ങള്‍ , എ ടി എം കാര്‍ഡ്, ചെക്കു ബുക്ക് , മകന്റെ സ്‌ക്കൂള്‍ ബുക്കുകള്‍, വസ്ത്രങ്ങള്‍ ഒക്കെ എടുക്കാന്‍ പോലീസ് കൂടെ പോകണമെന്ന് എ സി പി താഴെയുള്ള പോലീസുകാര്‍ക്ക് നിര്‍ദ്ദേശം കൊടുത്തു. തന്നെയുമല്ല, എസി പി ചോദിച്ചപ്പോള്‍ ഈ മെയിലിന്റെ പാസ്സ് വേര്‍ഡ് അവളുടെ ഭര്‍ത്താവ് വെളിപ്പെടുത്തി. അവള്‍ ഫോണിലൂടെ തന്നെ അത് ഉടന്‍ മാറ്റി സെറ്റ് ചെയ്തു. ഗൂഗിളിന്റെ അറിയിപ്പ് വന്നിട്ടുണ്ടായിരുന്നു അവളുടെ എക്കൌണ്ടില്‍ അന്നേരം.

( തുടരും )

വ്യാഴവട്ടങ്ങളില്‍ ചിതറിത്തെറിക്കുന്നത്....24


a

നോവല്‍24

രാവിലെ ഒമ്പതു മണിയ്ക്ക് വാതില്‍ക്കല്‍ അക്ഷമയോടെയുള്ള, ഉറക്കെയുള്ള മുട്ടുകള്‍ കേട്ടപ്പോഴാണ് അവള്‍ ഉണര്‍ന്നത്. സ്ഥലകാലബോധം വരാന്‍ കുറച്ചു മിനിറ്റുകള്‍ എടുത്തു. മകന്റെ മൃദുലമായ കരവലയം അവളില്‍ സുരക്ഷിതയെന്ന ഒരു പുഞ്ചിരി തെളിയിക്കാതിരുന്നില്ല.. നിദ്രയില്‍ ലയിച്ചു കിടക്കവേ, അവന്റെ തുപ്പലൂര്‍ന്ന് വീണ കമ്മീസിന്റെ കൈ നനവ് ഇടതു കൈ കൊണ്ട് തുടച്ച് , തലമുടി ഒന്നൊതുക്കി അവള്‍ വാതില്‍ തുറന്നപ്പോള്‍ കണ്ടത് ചേട്ടനെയും ചേട്ടത്തിയമ്മയേയും ഇന്ദുമോളേയുമായിരുന്നു.

ഇന്ദു മോള്‍ 'അമ്മായീ' എന്ന് വിളിച്ച് അവളെ കെട്ടിപ്പിടിച്ച് ഏങ്ങലടിച്ചു കരഞ്ഞു. ചേട്ടനും ചേട്ടത്തിയമ്മയും മൌനമായിരുന്നതേയുള്ളൂ.

കുറച്ച് കഴിഞ്ഞ് അവള്‍ എല്ലാം വിശദീകരിച്ചപ്പോള്‍ ചേട്ടന്‍ ചോദിച്ചു. 'ഇനി എന്താണ് നിന്റെ ഉദ്ദേശം ? എന്തു ചെയ്യാനാണ് നീ അഗ്രഹിക്കുന്നത്? തീരുമാനങ്ങള്‍ നീ സ്വന്തമായി എടുക്കണം. ഒടുവില്‍ ഞങ്ങള്‍ പറഞ്ഞു അതുകൊണ്ട് ചെയ്തു എന്നാവരുത്. സ്വന്തം ജീവിതത്തിന്റെ നിയന്ത്രണം സ്വയം ഏറ്റെടുക്കണം.'

അവള്‍ക്ക് പൊടുന്നനെ വിശാലമായ ഒരു മരുഭൂമിയില്‍ ഒറ്റപ്പെട്ടതു പോലെ തോന്നി.

ഇത് പറയാനാണോ ചേട്ടന്‍ വിമാനം കയറി വന്നത്? ഉത്തരവാദിത്തം എന്ന ഭാരത്തിന്റെ ഘനം ചേട്ടന്റെ ചുമലിലല്ല എന്ന് പിന്നെയും പിന്നെയും പ്രഖ്യാപിയ്ക്കാന്‍..

മോന് അവര്‍ പാര്‍ത്തിരുന്ന ആ കോളനിയില്‍ തന്നെ വീടെടുത്ത് താമസിക്കണമെന്നാണ് ആഗ്രഹമെന്ന് അവന്‍ അറിയിച്ചിട്ടുണ്ട്. അവന്റെ കൂട്ടുകാരെല്ലാം അവിടെയാണ്. അവന്റെ സ്‌ക്കൂള്‍ ബസ്സ് അവിടെയാണ് വരിക. അവന്‍ അധിക ദിവസവും അമ്മയ്‌ക്കൊപ്പം പാര്‍ക്കും. വേണെമെങ്കില്‍ ഒന്നോ രണ്ടോ ദിവസം അച്ഛന്റെ കൂടെയും അവനു നില്‍ക്കാമല്ലോ.

'അപ്പോള്‍ അവന്‍ സ്ഥിരമായി നിനക്ക് ഒപ്പമുണ്ടാവില്ലേ' എന്ന ചേട്ടത്തിയമ്മയുടെ ചോദ്യത്തില്‍ വല്ലാത്ത ഉല്‍ക്കണ്ഠ നിഴലിട്ടിരുന്നു.

'അവന്‍ അച്ഛനെ കാണരുതെന്ന് ഞാന്‍ പറയാമോ, ഏട്ടത്തി' എന്നവള്‍ ചോദിച്ചപ്പോള്‍ ചേട്ടന്‍ കര്‍ശനമായി വിലക്കി. 'ഒരിക്കലും നീ ആ തെറ്റ് ചെയ്യരുത്.'

അപ്പോഴാണ് മോന്‍ ഉണര്‍ന്നത്.

എണീറ്റപ്പോള്‍ അവന്റെ മുഖം ഇരുണ്ടു.

'ഇന്ദു ചേച്ചിയെ കാണണ്ട' എന്നവന്‍ അലറി. 'അമ്മയ്ക്ക് എന്നെക്കാള്‍ ഇഷ്ടം ഇന്ദു ചേച്ചിയോടാണെന്ന് അച്ഛന്‍ പറഞ്ഞു തന്നിട്ടുണ്ട്. അതല്ലേ അമ്മ അന്ന് അങ്ങനെ ചെയ്തത്?'

അവള്‍ എത്ര ശ്രമിച്ചിട്ടും അവന്‍ ശാന്തനായില്ല.

അമ്മാവനേയും അമ്മായിയേയും അവിടെ കണ്ടതും അവനു തീരെ ഇഷ്ടമായില്ല. അവര്‍ അവനു കിട്ടേണ്ട അവന്റെ അമ്മയുടെ സമ്പാദ്യം തട്ടിയെടുക്കുന്നവരാണെന്ന് അച്ഛന്‍ അവനെ അറിയിച്ചിട്ടുണ്ട്.

ഇവരൊക്കെക്കൂടി അമ്മയെ പറ്റിക്കുമോ, അച്ഛന്‍ പറയുമ്പോലെ പണമെല്ലാം അടിച്ചുമാറ്റുമോ എന്ന വല്ലാത്ത ഒരു തരം അരക്ഷിതത്വം അവനെ വലയം ചെയ്തു.

ഇന്ദുചേച്ചി വിശദീകരണത്തിനു മുതിര്‍ന്നത് അവനെ കൂടുതല്‍ അരിശം പിടിപ്പിച്ചതേയുള്ളൂ. അവള്‍ രണ്ട് വര്‍ഷം മുന്‍പൊരിക്കല്‍ അവനെയും അമ്മായിയേയും കാണാന്‍ വന്ന സമയത്ത് ഒരു രാത്രി അവന്‍ ദേഷ്യം പിടിച്ച് അവന്റെ അമ്മയെ ഒരു ജി ഐ പൈപ്പ് കഷണം കൊണ്ട് തല്ലാന്‍ ശ്രമിച്ചിരുന്നു. തണുപ്പുകാലമായതുകൊണ്ട് അവന്‍ സ്വറ്റര്‍ ധരിക്കണമെന്ന് അമ്മ നിര്‍ബന്ധിച്ചതായിരുന്നു അതിനു കാരണം. നല്ല തടിമിടുക്കും പത്ത് പന്ത്രണ്ട് വയസ്സ് മുതിര്‍ച്ചയുമുള്ള ഇന്ദുചേച്ചി അവന്റെ അടി ബലമായി തടുക്കുകയും പകരം അവനെ നല്ല ചുട്ട അടി അടിക്കുകയും ചെയ്തു. 'പെറ്റമ്മയെ തല്ലുന്നോടാ വൃത്തികെട്ടവനെ' എന്ന് ചോദിച്ചായിരുന്നു ചേച്ചി അടിച്ചത്. ഇന്ദു ചേച്ചി ക്യാന്‍സര്‍ പിടിച്ചോ വണ്ടിയിടിച്ചോ റേപ് ചെയ്യപ്പെട്ടോ മരിക്കുമെന്ന് അവന്‍ അന്ന് ശപിച്ചപ്പോള്‍ ' എന്റെ മോന്‍ അങ്ങനെ ഒരിയ്ക്കലും പറയരു'തെന്ന് അമ്മ അവനെ വിലക്കിയെങ്കിലും 'അവനെ അടിക്കരുതെടീ നാശം പിടിച്ചവളേ' എന്ന് ഇന്ദുചേച്ചിയെ തടഞ്ഞില്ല.

അച്ഛന്‍ അപ്പോള്‍ വീട്ടിലുണ്ടായിരുന്നില്ല. അച്ഛന്‍ തിരിച്ചെത്തും മുമ്പേ അവന്‍ കുറെ കരഞ്ഞു പിഴിഞ്ഞെങ്കിലും അമ്മയോടും ചേച്ചിയോടും അപ്പോഴേക്കും ഒരുവിധംസ്‌നേഹമാവുകയും ചെയ്തുകഴിഞ്ഞിരുന്നു. അതിനുശേഷം ഇന്നലെയാണ് അവന്‍ അമ്മയെ അടിച്ചത്... അത് അവന്റെ ഇഷ്ടത്തിനല്ല, പിന്നെ അവന്‍ പതുക്കെമാത്രമേ അടിച്ചതുമുള്ളൂ.

പക്ഷെ, പിന്നീട് കുറെ നാള്‍ കഴിഞ്ഞ് അച്ഛനോട് ഇക്കാര്യം പറഞ്ഞപ്പോഴാണ് ആണ്‍കുട്ടിയായ അവനെ തല്ലാന്‍ ഇന്ദു എന്ന പെണ്‍കുട്ടിക്ക് ഒരു അധികാരവുമില്ലെന്ന കാര്യം അവനു മനസ്സിലായത്. ആണ്‍കുട്ടികളെ പെണ്ണുങ്ങള്‍, അമ്മൂമ്മയായാലും അമ്മയായാലും ചേച്ചിയായാലും ടീച്ചറായാലും ആരു തന്നെയായാലും എപ്പോഴും ബഹുമാനിക്കണം. അവരെ ദേഷ്യം പിടിപ്പിച്ച് അടികൊള്ളാനും അവരുപദ്രവിച്ചു എന്ന് പരാതിപ്പെടാനും നില്‍ക്കരുത്. ആണ്‍കുട്ടികള്‍ക്ക് അവര്‍ ആശിക്കുന്നതു പോലെ സേവനവും ശുശ്രൂഷയും സ്‌നേഹവും കൊടുക്കാന്‍ മാത്രമായിട്ടാണ്, ആണ്‍കുട്ടികളെ പൂര്‍ണമായും അനുസരിക്കാന്‍ മാത്രമായിട്ടാണ് ദൈവം പെണ്‍കുട്ടികളെ ഭൂമിയില്‍ ജനിപ്പിക്കുന്നത്. അച്ഛന്‍ പല പല ബുക്കുകളില്‍ നിന്നും ഇന്റര്‍നെറ്റില്‍ നിന്നും മറ്റും പെണ്ണുങ്ങള്‍ക്ക് ഈ ലോകത്ത് എന്തു സ്ഥാനമാണുള്ളത്, അവര്‍ക്ക് എത്ര ബുദ്ധിയാണുള്ളത് ,എന്തു കഴിവാണുള്ളത് എന്തൊക്കെയാണ് അവരുടെ ജോലികള്‍ എന്നൊക്കെ അവനു വിശദമായി പറഞ്ഞുകൊടുത്തിട്ടുണ്ട്.

മാമിയെപ്പറ്റിയും അവനു പരാതി ഉണ്ട്. മാമി അവന്‍ കുഞ്ഞായിരുന്നപ്പോള്‍ കുളിപ്പിച്ചിട്ടൊക്കെയുണ്ട്. പക്ഷെ, അതൊക്കെ അവനെ കരയിച്ചുകൊണ്ടായിരുന്നു, അവനോട് സ്‌നേഹമുണ്ടായിരുന്നെങ്കില്‍ കാലില്‍ കിടത്തി കുളിപ്പിക്കുമ്പോള്‍ അവനെ കരയിക്കുമായിരുന്നില്ല.

അവന്‍ മുഖം കുത്തി വീര്‍പ്പിച്ചു തന്നെ ഇരുന്നു.

( തുടരും )

Sunday, July 8, 2018

ഭാര്യയുടെ അമ്മ

https://www.facebook.com/echmu.kutty/posts/582717431907555?pnref=story
20/5/16

20/5/19
'ഇതെന്തൊരു ജീവിതം' എന്ന് പലപ്പോഴും കടുത്ത വേദനയോടെ ഓര്‍മ്മിക്കേണ്ടി വന്നിട്ടുള്ള അനുഭവങ്ങളാണ് ഞാന്‍ നേരിട്ടു കണ്ടും പറഞ്ഞു കേട്ടും അറിഞ്ഞിട്ടുള്ള ഈ സ്ത്രീ ജന്മങ്ങളുടേത്. ഭാര്യയ്ക്ക് എന്തെങ്കിലും കഴിവോ മിടുക്കോ ഉണ്ടെന്ന് പൂര്‍ണമനസ്സോടെ സമ്മതിക്കുന്ന ഭര്‍ത്താക്കന്മാര്‍ വളരെ വിരളമാണല്ലോ. സമ്മതിക്കുന്നെങ്കില്‍ തന്നെ പരിഹാസത്തിന്റെ മേമ്പൊടിയോടേയോ പുച്ഛത്തിന്റെ പൂമ്പൊടിയോടേയോ കപടവിനയത്തിന്റെ കുനിയലോടേയോ ഒക്കെയാവും. അച്ചാറുണ്ടാക്കും കോഴിക്കറി വെക്കും അവിയലുണ്ടാക്കും എന്നൊക്കെ കഷ്ടിച്ചു പറയുമെന്നല്ലാതെ എന്റെ ഭാര്യ നല്ലൊരു സര്‍ജനാണെന്നോ ആര്‍ക്കിടെക്റ്റാണെന്നോ സയന്റിസ്റ്റാണെന്നോ എന്നൊന്നും സ്‌നേഹാദരങ്ങളോടെയോ ബഹുമാനത്തോടെയോ ആത്മവിശ്വാസത്തോടെയോ അഭിമാനത്തോടെയോ പറയുന്ന ഭര്‍ത്താക്കന്മാരെ കാണാനേ കഴിഞ്ഞിട്ടില്ല. ഞാനായതുകൊണ്ട് അറിവില്ലാത്ത, കഴിവില്ലാത്ത, ബുദ്ധിയില്ലാത്ത ബോധമില്ലാത്ത അവളെ അങ്ങ് സഹിക്കുന്നു, അവള്‍ എന്റെ പോലെ ഒരാളുടെ ഭാര്യയായതുകൊണ്ട് ഇങ്ങനെ സുഖമായി ജീവിച്ചു പോകുന്നു എന്ന മട്ടിലുള്ള താന്‍പ്രമാണിത്തം തമാശയായിട്ടെങ്കിലും പ്രകടിപ്പിയ്ക്കാത്ത പുരുഷന്മാര്‍ തീരേക്കുറവാണ്.

ഭാര്യ തന്നെ അങ്ങനെയാവുമ്പോള്‍ , അവളെ പെറ്റു വളര്‍ത്തിയ അമ്മയോ? ആ അമ്മയെ മകളുടെ ഭര്‍ത്താവിന് എത്ര ആദരവും ബഹുമാനവും ഉണ്ടാകും?

വീടില്ലാത്തവര്‍, പണമില്ലാത്തവര്‍, ആരോഗ്യമില്ലാത്തവര്‍, ബന്ധുക്കളില്ലാത്തവര്‍, വിധവകള്‍ ഇമ്മാതിരി അമ്മമാര്‍ മാത്രമല്ല, പെണ്മക്കളുടെ ഭര്‍ത്താക്കന്മാരില്‍ നിന്ന് മോശപ്പെട്ട പെരുമാറ്റം ഏറ്റുവാങ്ങേണ്ടി വരുന്നത്. ഇതെല്ലാമുള്ളവര്‍ക്കും മോശമായ പെരുമാറ്റം കിട്ടുന്നുണ്ട്. വിധവയല്ലെങ്കില്‍ അല്‍പം ഭേദമുണ്ടാവും.. മറ്റൊരു പുരുഷന്‍ സഹായത്തിനുണ്ടല്ലോ, കാവലുണ്ടല്ലോ എന്ന പൊതുസമൂഹത്തിന്റെ കപടമര്യാദയും കള്ളവകതിരിവും ആണതിനു കാരണം.

അനാരോഗ്യവതിയായ അമ്മയെ ചികില്‍സിക്കാനുള്ള പണത്തിനു ഭര്‍ത്താവിനെ ആശ്രയിക്കേണ്ടി വരുന്ന മകള്‍ ഈ പ്രപഞ്ചത്തിലെ ഏറ്റവും നാണംകെട്ട ജന്മമായി മാറുന്നതിങ്ങനെയാണ്. ' പണത്തിനു അത്യാവശ്യമുണ്ടോ? എന്തുകൊണ്ട് ഇത്രയും ചെലവ് വരുന്നു നിന്റെ അമ്മയെ ചികില്‍സിക്കാന്‍? നിന്റെ അമ്മയും നീയും ചേര്‍ന്ന് എന്നെ ചൂഷണം ചെയ്യുകയാണോ? നിന്റെ അമ്മയ്ക്ക് കിട്ടുന്ന പെന്‍ഷന്‍ എന്തു ചെയ്യുന്നു? എന്റെ വീട്ടില്‍ വന്ന് താമസിക്കണമെങ്കില്‍ ആ പെന്‍ഷന്‍ പണം എന്നെ ഏല്‍പ്പിക്കണം' എന്നിങ്ങനെ അവിശ്വാസത്തിന്റെ നൂറു ചോദ്യങ്ങള്‍ക്കും പ്രസ്താവനകള്‍ക്കുമപ്പുറം അര്‍ദ്ധസമ്മതമായി 'പണം വളരെ അത്യാവശ്യമാണെങ്കില്‍ തരാം' എന്ന ഔദാര്യത്തിലെത്തുമ്പോഴേക്കും ആ ഭാര്യയുടെ മകള്‍ദേഹവുംദേഹിയും അപമാനത്താല്‍ ആയിരം കഷണമായി ഉടഞ്ഞിട്ടുണ്ടാവും.

ഭര്‍ത്താവിന്റെ ആരെയെങ്കിലുമാണ് ചികില്‍സിക്കേണ്ടി വരുന്നതെങ്കില്‍ ഇതാണോ സീന്‍?ഒരിയ്ക്കലുമല്ല. ഭാര്യയുടെ സ്വര്‍ണമായാലും സ്വത്തായാലും എല്ലാം അതിവേഗം പണത്തിന്റെ ആവശ്യത്തിനായി വിനിയോഗിക്കപ്പെടും. അതിനു വിസമ്മതം കാണിക്കുന്ന ഭാര്യ ലോകം കണ്ടിട്ടുള്ള ഏറ്റവും ക്രൂരമായ തിന്മയുടെ മൂര്‍ത്തിയായി ചിത്രീകരിക്കപ്പെടും. ഇല്ലേ?

അതിലപ്പുറമാണ് രോഗിണിയായ അമ്മയെ ശുശ്രൂഷിക്കാനുള്ള അനുവാദം നേടേണ്ടി വരുന്ന മകളുടെ ഭാര്യാവേഷം. 'എന്തിനു നീ പോകണം ? എത്ര നാള്‍ അവിടെ നില്‍ക്കണം ? ഈ ശുശ്രൂഷ മറ്റാരേയെങ്കിലും ഏല്‍പ്പിക്കാന്‍ സാധിക്കില്ലേ? ഏതു വണ്ടിക്കു പോയി ഏതു വണ്ടിക്ക് മടങ്ങി വരുമെന്ന് പറയൂ. പിന്നെ അവിടെ എമര്‍ജന്‍സി അവസ്ഥയായി എന്ന് പറഞ്ഞ് ഒരു കാരണവശാലും താമസം നീട്ടരുത്. അക്കാര്യത്തില്‍ നിനക്ക് ഉറപ്പ് വേണം' ഇങ്ങനെ ഒട്ടനവധി ഉപാധികളില്‍ ഒപ്പ് വെപ്പിച്ച ശേഷമാണ് ഭര്‍ത്താവ് സ്വന്തം ഭാര്യയെന്ന ഒരമ്മ പെറ്റ മകളെ അവളുടെ പെറ്റമ്മയെ ശുശ്രൂഷിക്കാനയയ്ക്കുന്നത്. പെറ്റമ്മ രോഗിണിയായിക്കിടക്കുന്ന, അവള്‍ ജനിച്ചു വളര്‍ന്ന ആ വീട്ടില്‍ നില്‍ക്കുന്ന ഓരോ നിമിഷവും ഭര്‍ത്താവിനെയും അയാളുടെ വീടിനെയും അവിടത്തെ ചുമതലകളേയും പറ്റി ഓര്‍ത്തോര്‍ത്ത് വേപഥുപൂണ്ട് കഴിയണമവള്‍.

ഇത് ഭര്‍തൃമാതാവിനെയോ പിതാവിനേയോ ശുശ്രൂഷിയ്‌ക്കേണ്ട അവസ്ഥയാണെങ്കിലോ ... ഒന്നാലോചിക്കു.. അതിങ്ങനെയായിരിക്കുമോ? അവരെ ശുശ്രൂഷിച്ചാല്‍ കിട്ടുന്ന പുണ്യത്തെപ്പറ്റി, നന്മയെപ്പറ്റി , സ്വര്‍ഗ്ഗവാതിലുകളുടെ തുറക്കലുകളെപ്പറ്റി , അവരെ ശുശ്രൂഷിക്കാന്‍ അവള്‍ തെരഞ്ഞെടുക്കപ്പെട്ടതിലെ അനുഗ്രഹത്തെപ്പറ്റി... ഹൌ ! അങ്ങനെ എത്രമാത്രം വാഴ്ത്തുകള്‍ അവള്‍ ഒരു ചെടിപ്പുമില്ലാതെ കേട്ടു നില്‍ക്കേണ്ടതുണ്ട്...

കുടുംബവും അതിന്റെ നിയമങ്ങളും പുരുഷനുവേണ്ടി പുരുഷനാല്‍ നിര്‍മ്മിക്കപ്പെട്ട്, അധികപങ്കും സ്ത്രീകളാല്‍ മാത്രം അനുഷ്ഠിക്കപ്പെടുന്ന, എന്നാല്‍ എപ്പോഴും പുരുഷനാല്‍ മാത്രം വിലയിരുത്തപ്പെടുന്ന ഏകപക്ഷീയതയാണ് ... എന്നെന്നും.

( ചില ആശുപത്രി അനുഭവങ്ങളില്‍ നിന്ന്.. )

ഭാര്യയേയും അവരുടെ വീട്ടുകാരേയും തന്നെയും തന്റെ വീട്ടുകാരേയും പോലെ സ്വന്തമെന്ന് കരുതുന്ന സ്‌നേഹവാന്മാരും നല്ലവരുമായ ,നിലവിലുള്ള നമ്മുടെ കുടുംബസങ്കല്‍പങ്ങളില്‍ പോലും ജനാധിപത്യവും സമത്വവും പുലര്‍ത്തി ജീവിക്കുന്ന എല്ലാ പുരുഷന്മാരേയും അതുപോലെയുള്ള സ്ത്രീകളേയും ഈ ആശുപത്രി അനുഭവക്കുറിപ്പില്‍ നിന്ന് പൂര്‍ണമായും ഒഴിവാക്കിയിരിക്കുന്നു.

വ്യാഴവട്ടങ്ങളില്‍ ചിതറിത്തെറിക്കുന്നത്....23

https://www.facebook.com/echmu.kutty/posts/583681991811099?pnref=story
നോവല്‍ 23

വിമന്‍സ് ഹെല്‍പ് ലൈനില്‍ വിളിച്ച് പരാതിയുണ്ടെന്ന് പറയുവാന്‍ അവള്‍ തീരുമാനിച്ചു. ഇനി ആ വീട്ടിലേക്ക് മടങ്ങുവാന്‍ അവള്‍ക്ക് മനസ്സില്ല. ഉടുത്ത വേഷത്തോടെയാണ് അവള്‍ ആ വീട് വിട്ടത്.

അവളുടെയും പിന്നെ അയാളുടെയും പേരിലുള്ള ആ വീട്ടിലാണ് എല്ലാ സാധനങ്ങളും. അവള്‍ക്ക് കിട്ടിയ സമ്മാനങ്ങള്‍, അവാര്‍ഡുകള്‍, അവളുടെ വസ്ത്രങ്ങള്‍, പുസ്തകങ്ങള്‍, പാത്രങ്ങള്‍, സര്‍ട്ടിഫിക്കറ്റുകള്‍, ചെറിയ കൌതുകവസ്തുക്കള്‍, അമ്മ കൊടുത്ത കുറച്ച് ആഭരണങ്ങള്‍, മകനെ ആദ്യം പൊതിഞ്ഞ റ്റര്‍ക്കി റ്റവല്‍, അവനെ ആദ്യം ഇടീപ്പിച്ച ജിബില, കുഞ്ഞു കരിവളകള്‍ , അവന്റെ കൊഴിഞ്ഞു വീണ പൊക്കിള്‍ക്കൊടി അങ്ങനെ അവളുടെ ഹൃദയത്തോട് ചേര്‍ന്ന് നില്‍ക്കുന്ന എല്ലാമെല്ലാം. .. അവളുടെ ജീവിതം മുഴുവന്‍ അവിടെ ആ മുറികളില്‍ പരന്നു കിടക്കുകയാണ്..

പോലീസുകാരി പറഞ്ഞു, 'നിങ്ങളുടെ ഓഫീസ് എവിടെയാണെന്ന് പറയൂ. അവിടെ വന്ന് മൊഴിയെടുക്കാം.അല്ലാതെ ഫോണില്‍ പറഞ്ഞാല്‍ ശരിയാവില്ല.'

അവള്‍ വിലാസം കൊടുത്തു.

ഓഫീസിലെ എച്ച് ആര്‍ ഡിവിഷനില്‍ ചെന്ന് അവള്‍ക്ക് താമസിക്കാനിടമില്ലെന്നും ജീവിതം ഇത്ര ദുരിതപൂര്‍ണമായെന്നും എഴുതിക്കൊടുത്തു. ഓഫീസ് ഗസ്റ്റ് ഹൌസിലെ ഒരു ഡബിള്‍ റൂം അവള്‍ക്ക് അനുവദിച്ച് അപ്പോള്‍ തന്നെ എച്ച് ആര്‍ ഹെഡ് ഉത്തരവായി.
ചേട്ടനെയും ചേട്ടത്തിയമ്മയേയും അനിയത്തിയേയും വിളിച്ച് വിവരങ്ങള്‍ പറഞ്ഞു. കേട്ട വാര്‍ത്തയുടെ ആഘാതത്തില്‍ ആരും കൂടുതല്‍ സംസാരിച്ചില്ല.

ഉച്ചയ്ക്ക് മകനെ സ്‌ക്കൂളില്‍ ചെന്ന് വിളിച്ചുകൊണ്ടു വന്നു. സ്‌ക്കൂള്‍ ബസ്സില്‍ വീട്ടിലേക്ക് പോകാത്തതില്‍ അവന്‍ വിരോധം ഒന്നും പറഞ്ഞില്ല. ഓഫീസിന്റെ ഗസ്റ്റ് ഹൌസില്‍ അവള്‍ അവനൊപ്പം താമസിച്ചു.

ഒരു മൂന്നര മണിയായപ്പോള്‍ അയാള്‍ക്ക് മനസ്സിലായി, മോനും അവളും കൂടി വീട് വിട്ടിരിക്കുന്നു എന്ന്.. മകന്‍ സ്‌ക്കൂള്‍ ബസ്സില്‍ മടങ്ങി വന്നില്ല എന്ന് കണ്ടപ്പോള്‍ അയാള്‍ തുടരെത്തുടരെ അവളുടെ ഫോണില്‍ വിളിച്ചു. അവള്‍ എടുത്തതേയില്ല.

വരാമെന്ന് പറഞ്ഞെങ്കിലും വിമന്‍ ഹെല്‍പ് ലൈനില്‍ നിന്ന് ആരും അവളെ അന്വേഷിച്ചു വന്നില്ല. ഒരു ഫോണ്‍ പോലും വരികയുണ്ടായില്ല.

ഒരു സഹപ്രവര്‍ത്തകന്റെ കൈയില്‍ നിന്ന് കടം വാങ്ങിയ പതിനായിരം രൂപ മാത്രമേ അവളുടെ പക്കല്‍ അപ്പോള്‍ ഉണ്ടായിരുന്നുള്ളൂ. മകന്‍ സ്‌കൂള്‍ യൂണിഫോമില്‍ തന്നെയായിരുന്നു. അവള്‍ അവനു ഇഷ്ടമുള്ള ആഹാരം വയറു നിറയെ മേടിച്ചു കൊടുത്തു. ആഹാരം കഴിക്കുമ്പോള്‍ 'അമ്മയുടെ കൈയില്‍ പൈസയില്ല, അല്ലേ' എന്നവന്‍ ചോദിക്കാതിരുന്നില്ല. അവന്റെ ശബ്ദത്തില്‍ ഉല്‍ക്കണ്ഠ നിഴലിട്ടിരുന്നു. അവള്‍ അവനെ സമാധാനിപ്പിച്ചുകൊണ്ട് പറഞ്ഞു. 'അതൊക്കെ ശരിയാവും മോന്‍ വിഷമിക്കാതെ ഭക്ഷണം കഴിച്ചോളൂ,.' വയറു നിറഞ്ഞപ്പോള്‍ സന്തോഷത്തോടെ മുറിയിലെ ടി വി ഓണ്‍ ചെയ്ത് അവന്‍ കട്ടിലില്‍ കിടന്നു, അങ്ങനെ ടി വി കണ്ട് കിടന്ന് അവന്‍ ഉറങ്ങിപ്പോയി. പാവം, ഇന്നലത്തെ രാത്രി അവന് എത്ര മേല്‍ ആഘാതം നല്‍കിയിരിക്കുമെന്ന് ഓര്‍ത്ത് അവള്‍ക്ക് കരച്ചില്‍ വന്നു.

നാളെ രാവിലെ എത്താമെന്ന് ചേട്ടത്തിയമ്മ അവളെ വിളിച്ചറിയിച്ചത് അപ്പോഴാണ്. ചേട്ടനും വരുന്നുണ്ടെന്ന് അവര്‍ അവളെ സമാധാനിപ്പിച്ചു. ചേട്ടനേക്കാള്‍ ചേട്ടത്തിയമ്മ വരുന്നുണ്ടെന്നതാണ് അവളെ കൂടുതല്‍ ശാന്തയാക്കിയത് .

രാത്രി എട്ടര മണിയായപ്പോള്‍ അവളുടെ ഒന്നു രണ്ട് സഹപ്രവര്‍ത്തകര്‍ വന്നു,അവര്‍ കുറച്ച് ഫയലുകളും ഡ്രോയിംഗുകളും കൊണ്ടുവന്നിരുന്നു. അടിയന്തരമായി അവള്‍ തീരുമാനമെടുക്കേണ്ട കാര്യങ്ങളായിരുന്നു അതിലുണ്ടായിരുന്നത്. ഉച്ചയ്ക്ക് ഓഫീസ് വിട്ടതുകൊണ്ട് അവയൊന്നും അവള്‍ നോക്കീരുന്നില്ല. കൃത്യം അപ്പോഴാണ് പരിചയമില്ലാത്ത നമ്പറില്‍ നിന്ന് അവള്‍ക്ക് ഫോണ്‍ വന്നത്. അവള്‍ ഫോണ്‍ എടുത്തു.

പോലീസ് സ്റ്റേഷനില്‍ നിന്നായിരുന്നു അത്.

അയാള്‍ പോലീസില്‍ പരാതിപ്പെട്ടിരുന്നു. അവള്‍ അയാളുടെ മകനേയും തട്ടിക്കൊണ്ട് മുങ്ങിയെന്നായിരുന്നു അയാളുടെ പരാതി.

അവള്‍ പറഞ്ഞു.' ഞാനും എന്റെ മകനും ഇവിടെ തന്നെയുണ്ട്. എങ്ങും മുങ്ങിയിട്ടില്ല. ഞാന്‍ അയാള്‍ക്കൊപ്പം ഇനി താമസിക്കില്ല. അയാള്‍ എന്നെ അടിക്കുകയും കൊല്ലാന്‍ ശ്രമിക്കുകയും ഞാന്‍ പെറ്റ എന്റെ മകനെക്കൊണ്ട് എന്നെ അടിപ്പിക്കുകയും ചെയ്തു. എന്റെ എ റ്റി എം കാര്‍ഡും ചെക്കുബുക്കുമടക്കം സകല സാധനങ്ങളും ആ വീട്ടിലാണുള്ളത്.'

പോലീസുകാരന്‍ 'ഒ കെ മാഡം' എന്ന് ഫോണ്‍ വെച്ചു.

അവള്‍ ഫയലുകള്‍ നോക്കി, ഡ്രോയിംഗുകളില്‍ ഒപ്പ് വെച്ചു.
സഹപ്രവര്‍ത്തകര്‍ ധൈര്യമായിരിക്കാന്‍ ആശ്വസിപ്പിച്ച് നല്ല രാത്രി നേര്‍ന്ന് മടങ്ങിയപ്പോള്‍ അവള്‍ വാതില്‍ തഴുതിട്ട് മകനെ ഗാഢമായി ആലിംഗനം ചെയ്തു കിടന്നു.

അടുത്ത നിമിഷം അവളുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി. അവള്‍ സ്പര്‍ശിച്ചതറിഞ്ഞ് അവന്‍ മോഹനമായ ഒരു പുഞ്ചിരിയോടെ തിരിഞ്ഞ് കിടന്ന് അവളുടെ മേല്‍ കാല്‍ കയറ്റി വെച്ചു. എന്നിട്ട് സമാധാനമായി ഉറക്കം തുടര്‍ന്നു.

അവന്റെ പുറത്ത് മന്ദമായി തട്ടിക്കൊണ്ട് അവളും മെല്ലെ ഉറക്കത്തിലേക്ക് വഴുതി ..

ശാന്തവും ഗാഢവുമായ നിദ്ര. ആരുടേയും അലട്ടില്ലാത്ത ദു:സ്വപ്നങ്ങളില്ലാത്ത സുഖനിദ്ര.

( തുടരും )

വ്യാഴവട്ടങ്ങളില്‍ ചിതറിത്തെറിക്കുന്നത്....22

https://www.facebook.com/echmu.kutty/posts/581645992014699
നോവല്‍ 22

അതൊരു സാധാരണ ദിവസമായിരുന്നു. രാവിലെ അവളെ ഓഫീസില്‍കൊണ്ട് വിടുവാന്‍ അയാള്‍ക്ക് പഴയതുപോലെ മടി വന്നുതുടങ്ങിയിരുന്നു. അവള്‍ക്കാണെങ്കില്‍ അയാളുടെ എല്ലാ മാറ്റങ്ങളും മനസ്സിലാകുന്നുമുണ്ടായിരുന്നു. പക്ഷെ, അവളായിട്ട് വഴക്കുണ്ടാക്കുകയില്ലെന്നത് അവളുടെ ഭീഷ്മപ്രതിജ്ഞയായിരുന്നുവല്ലോ.

എത്ര ഒളിപ്പിച്ചുവെക്കാന്‍ ശ്രമിച്ചാലും ചില സത്യങ്ങള്‍ക്ക് ചില സ്വഭാവങ്ങള്‍ക്ക് പുറത്ത് വരാതിരിക്കാന്‍ കഴിയില്ല, ചെയ്ത തെറ്റുകളില്‍ പശ്ചാത്താപമുള്ളവനായി അയാള്‍ പെരുമാറിയത് വളരെ കഷ്ടപ്പെട്ടായിരുന്നു. അയാള്‍ക്ക് സത്യമായും പശ്ചാത്താപമൊന്നുമുണ്ടായിരുന്നില്ല. അയാളാണ് ശരി എന്നു തന്നെയായിരുന്നു അയാള്‍ മനസ്സില്‍ കരുതിയിരുന്നത്.

ജോലി അന്വേഷിക്കാനുള്ള താല്‍പര്യം ദിവസം ചെല്ലുംതോറും അയാളില്‍ കുറഞ്ഞു വന്നു. കൂടുകാര്‍ വിളിക്കുമ്പോള്‍ നോക്കുന്നു നോക്കുന്നു എന്ന് പറയുന്നതല്ലാതെ ശരിക്കും അയാള്‍ ഒന്നും നോക്കീരുന്നില്ല.

എന്തിനാണ് അയാള്‍ ജോലിക്ക് പോകുന്നതെന്ന് അയാള്‍ക്ക് മനസ്സിലായില്ല. അവള്‍ക്ക് നല്ല വരുമാനമുണ്ട്. അവര്‍ക്ക് മൂന്നു പേര്‍ക്കും കഴിയാന്‍ അതു ഇഷ്ടം പോലെ മതി. അപ്പോള്‍ അയാള്‍ ജോലിക്ക് പോകണമെന്നും ദുബായില്‍ പോകണമെന്നും മറ്റും പറയുന്നത് അവള്‍ക്കിവിടെ തോന്ന്യാസമായി ജീവിക്കാനും പണത്തിനോട് ആര്‍ത്തി പെരുത്തിട്ടും തന്നെയല്ലേ? അതയാള്‍ സമ്മതിക്കില്ല, കൊക്കില്‍ ജീവനുണ്ടെങ്കില്‍ സമ്മതിക്കില്ല. മകനോട് അക്കാര്യം അയാള്‍ പലപ്പോഴും പറഞ്ഞു കൊടുത്തിട്ടുണ്ട്. പന്ത്രണ്ട് വയസ്സായെങ്കിലും അവനൊരു മന്തനാണെന്ന്, മൊണ്ണയാണെന്ന് ,മന്ദബുദ്ധിയാണെന്ന് അയാള്‍ക്ക് തോന്നീട്ടുണ്ട്. അതിനു കാരണം അവളാണെന്നും അവളോടുള്ള അവന്റെ ഇഷ്ടമാണെന്നും.. അവനെ എങ്ങനെയാണ് പെണ്ണിനെ നിലക്ക് നിറുത്താന്‍ പോന്ന ഒരു ആണാക്കി മാറ്റേണ്ടതെന്ന് അയാള്‍ക്ക് എന്നും ഉല്‍ക്കണ്ഠയുണ്ടായിരുന്നു.

അവള്‍ വൈകുന്നേരം വീട്ടിലെത്തിയപ്പോള്‍ വീട്ടില്‍ കുറച്ചു കാലമായി ഇല്ലാതിരുന്ന ആ ഘനം മടങ്ങി വന്നുവെന്ന് അവള്‍ക്ക് മനസ്സിലായി. എന്നാലും ഒന്നും ഭാവിക്കാതെ അവള്‍ ചായ ഉണ്ടാക്കുകയായിരുന്നു.

അപ്പോഴാണ് അയാള്‍ ബാങ്ക് സ്റ്റേറ്റ്‌മെന്റുമായി അവളുടെ അടുത്ത് വന്നത്, അവളുടെ മുടിക്ക് പിടിച്ച് കറക്കിക്കൊണ്ട് അയാള്‍ അലറി..

'ഈ പൈസ നീ നിന്റെ അമ്മയ്ക്ക് എന്ന് കൊടുത്തു നായിന്റെ മോളേ? നിന്റെ വേശ്യത്തള്ളയ്ക്കും അറുവാണിച്ചി അനിയത്തിയ്ക്കും കാലകത്തി കെടന്ന് വ്യഭിചരിച്ചാ പോരേ? എന്തിനാടീ നീ കാശ് കൊടുക്കണേ തേവിടിശ്ശീ..'

അവള്‍ക്ക് എല്ലാ നിയന്ത്രണവും നഷ്ടമായി.. അവള്‍ അലറി..

'നീയാരെടാ പട്ടിക്കഴുവേറീ അത് ചോദിക്കാന്‍..? നീയാരെടാ അവരെ തെറി വിളിയ്ക്കാന്‍ ?'

അയാള്‍ ഇരുപതു പ്രാവശ്യം എണ്ണിക്കൊണ്ട് അവളുടെ മുഖത്തടിച്ചു. വായില്‍ നിന്ന് പൂക്കുല പോലെ ചോര ചീറ്റി. മോന്‍ വലിയ വായിലേ കരഞ്ഞുകൊണ്ട് ഓടിവന്ന് അവളെ കെട്ടിപ്പിടിച്ചു. 'അമ്മാ, സോറി പറയൂ, സോറി പറയൂ അല്ലെങ്കില്‍ അമ്മയെ തല്ലിക്കൊന്നാലോ'

അവള്‍ ഒടുങ്ങാത്ത വൈരാഗ്യത്തോടെ അലറി

'ഇല്ല. ഇയാളോട് ഞാന്‍ ഇനി സോറി പറയില്ല. എന്നെ കൊന്ന് അയാള്‍ ജയിലിലാകട്ടെ.'

അയാള്‍ അവളെ അടിച്ചു വീഴ്ത്തി, ഒരു തലയിണ കൊണ്ട് വന്ന് മുഖത്ത് വെച്ച് അമര്‍ത്തി 'ചാകടീ ചാക് 'എന്ന് അട്ടഹസിച്ചു.

മോന്‍ ഉറക്കെ കരഞ്ഞുകൊണ്ട് അയാളെ പിടിച്ചു വലിച്ചു. 'അമ്മയെ കൊല്ലല്ലേ, അച്ഛാ' എന്ന് വിമ്മിവിമ്മി ഏങ്ങലടിച്ചു.

അയാള്‍ ഒരു നിമിഷം നിന്നപ്പോള്‍ അവള്‍ പിടഞ്ഞെണീറ്റു. അവള്‍ സോറി പറയുന്നില്ലെന്ന് കണ്ടപ്പോള്‍ അയാള്‍ ഒരു അടി കൂടി അവള്‍ക്ക് കൊടുത്തിട്ട് , കാലില്‍ കിടന്ന ചെരിപ്പൂരി മകന്റെ കൈയിലേല്‍പ്പിച്ചു.
എന്നിട്ട് രാക്ഷസനെപ്പോലെ അലറി.

'ഞാനീ തേവിടിശ്ശിയെ അടിക്കാന്‍ പാടില്ലെങ്കില്‍, നീയടിക്കടാ.. ചെരിപ്പുകൊണ്ട് അടിക്ക് .. '

അവന്‍ ഭയന്നു വിളറി, വിറച്ചു.. മടിച്ചു.

അപ്പോള്‍ മൂര്‍ച്ചയുള്ള പിച്ചാത്തി കാണിച്ച് അയാള്‍ അവനെ വിരട്ടി .

'നീയടിച്ചില്ലെങ്കില്‍ ഞാന്‍ നിന്നെ ശരിപ്പെടുത്തും.'

അവന്‍ ഒരു നിയന്ത്രണവുമില്ലാതെ ഏങ്ങലടിച്ചു കരഞ്ഞുകൊണ്ട് പെറ്റമ്മയുടെ കാലിലും പുറത്തും അച്ഛന്റെ ചെരിപ്പുകൊണ്ട് പതുക്കെ അടിച്ചു.

അപ്പോള്‍ അയാള്‍ ഉഗ്രമൂര്‍ത്തിയായി കല്‍പ്പിച്ചു.

'പുറത്തും കാലിലുമൊന്നുമല്ല, ഈ വേശ്യയുടെ മുഖത്തടിക്കടാ നായേ! '

ഇപ്പോള്‍ അവന്‍ സ്വന്തം അമ്മയുടെ മുഖത്ത് ചെരിപ്പ് കൊണ്ട് അടിക്കുകയാണ്.. അടിച്ചുകൊണ്ടിരിക്കുകയാണ്.. അവന്റെ അച്ഛന്‍ മതി എന്ന് പറയുന്നത് വരെ.

പിന്നെ അവന്‍ കരഞ്ഞു. കരഞ്ഞു കരഞ്ഞ് കരഞ്ഞ്..ഏങ്ങലടിച്ച് ...ഏങ്ങലടിച്ച്.. ഏങ്ങലടിച്ച്..

അവള്‍ പിന്നെ ഒന്നും പറഞ്ഞില്ല. ഒന്നും ചെയ്തില്ല.

അയാള്‍ മതിയാകുവോളം അസഭ്യം പറഞ്ഞു. അവളുടെ എഴുപത്തഞ്ചു വയസ്സായ അമ്മയെ, അവളുടെ അനിയത്തിയെ , അനിയത്തിയുടെ പതിനഞ്ചുകാരിയായ മകളെ, ചേട്ടത്തിയമ്മയെ, അവരുടെ മകളെ..

ചേട്ടനെ പിമ്പെന്ന് വിളിക്കാനും അയാള്‍ക്ക് മടിയുണ്ടായില്ല.

അവള്‍ ശബ്ദിച്ചില്ല. മൌനത്തെ തന്നെ കവചമായി അവള്‍ ധരിച്ചു.

ആരും ഭക്ഷണം കഴിച്ചില്ല.. അയാള്‍ രാവിലെ നാലു മണിയാകുന്നതുവരെ അവളെയും അവളുടെ വീട്ടുകാരേയും തെറി പറഞ്ഞു. എത്ര പറഞ്ഞിട്ടും അയാള്‍ക്ക് തൃപ്തിയാകുന്നുണ്ടായിരുന്നില്ല. മകന്‍ തേങ്ങിത്തേങ്ങി ഒടുവില്‍ തറയില്‍ തന്നെ കിടന്നുറങ്ങി. അവള്‍ അടുക്കളയില്‍ കുത്തിയിരുന്ന് നേരം വെളുപ്പിച്ചു.

രാവിലെ മോനെ എണീപ്പിച്ച് അവള്‍ സ്‌ക്കൂളിലേക്ക് പറഞ്ഞയച്ചു. കുളിച്ച് തയാറായി ഓഫീസിലേക്ക് ഇറങ്ങി. അയാള്‍ അവള്‍ക്കൊപ്പം വന്നു. ബാങ്കിലേക്കാണ് അയാള്‍ കാറോടിച്ചത്. ബാങ്കില്‍ ചെന്ന് അവളുടെ സാലറി എക്കൌണ്ട് ജോയിന്റ് എക്കൌണ്ട് ആക്കണമെന്ന് അയാള്‍ അപേക്ഷ എഴുതി, അവളുടേയും അയാളുടേയും ഫോട്ടൊ പതിച്ച് അവളെക്കൊണ്ട് ഒപ്പും വെപ്പിച്ചശേഷം അയാള്‍ അവളെ ഓഫീസില്‍ ഇറക്കിവിട്ടു.

അവള്‍ മൌനമായി ഓഫീസിനുള്ളിലേക്ക് നടന്നു.

സ്വന്തം ക്യാബിനില്‍ ചെന്ന് ബാങ്കിലെ റിലേഷന്‍ഷിപ്പ് മാനേജരെ ഫോണില്‍ വിളിച്ച് ആ അപേക്ഷ ഒരു കാരണവശാലും പരിഗണിക്കരുതെന്ന് കരച്ചില്‍ മുട്ടിത്തിരിയുന്ന തൊണ്ടയോടെ അവള്‍ അപേക്ഷിച്ചു.

ക്യാബിനിലേക്ക് കടന്നുവന്ന അവളുടെ ജൂനിയര്‍മാര്‍, അടിയേറ്റ് വീങ്ങിയ ആ മുഖം നോക്കി, അമ്പരന്നു നില്‍ക്കുകയായിരുന്നു അപ്പോള്‍ .

( തുടരും )