Sunday, July 8, 2018

വ്യാഴവട്ടങ്ങളില്‍ ചിതറിത്തെറിക്കുന്നത്....23

https://www.facebook.com/echmu.kutty/posts/583681991811099?pnref=story
നോവല്‍ 23

വിമന്‍സ് ഹെല്‍പ് ലൈനില്‍ വിളിച്ച് പരാതിയുണ്ടെന്ന് പറയുവാന്‍ അവള്‍ തീരുമാനിച്ചു. ഇനി ആ വീട്ടിലേക്ക് മടങ്ങുവാന്‍ അവള്‍ക്ക് മനസ്സില്ല. ഉടുത്ത വേഷത്തോടെയാണ് അവള്‍ ആ വീട് വിട്ടത്.

അവളുടെയും പിന്നെ അയാളുടെയും പേരിലുള്ള ആ വീട്ടിലാണ് എല്ലാ സാധനങ്ങളും. അവള്‍ക്ക് കിട്ടിയ സമ്മാനങ്ങള്‍, അവാര്‍ഡുകള്‍, അവളുടെ വസ്ത്രങ്ങള്‍, പുസ്തകങ്ങള്‍, പാത്രങ്ങള്‍, സര്‍ട്ടിഫിക്കറ്റുകള്‍, ചെറിയ കൌതുകവസ്തുക്കള്‍, അമ്മ കൊടുത്ത കുറച്ച് ആഭരണങ്ങള്‍, മകനെ ആദ്യം പൊതിഞ്ഞ റ്റര്‍ക്കി റ്റവല്‍, അവനെ ആദ്യം ഇടീപ്പിച്ച ജിബില, കുഞ്ഞു കരിവളകള്‍ , അവന്റെ കൊഴിഞ്ഞു വീണ പൊക്കിള്‍ക്കൊടി അങ്ങനെ അവളുടെ ഹൃദയത്തോട് ചേര്‍ന്ന് നില്‍ക്കുന്ന എല്ലാമെല്ലാം. .. അവളുടെ ജീവിതം മുഴുവന്‍ അവിടെ ആ മുറികളില്‍ പരന്നു കിടക്കുകയാണ്..

പോലീസുകാരി പറഞ്ഞു, 'നിങ്ങളുടെ ഓഫീസ് എവിടെയാണെന്ന് പറയൂ. അവിടെ വന്ന് മൊഴിയെടുക്കാം.അല്ലാതെ ഫോണില്‍ പറഞ്ഞാല്‍ ശരിയാവില്ല.'

അവള്‍ വിലാസം കൊടുത്തു.

ഓഫീസിലെ എച്ച് ആര്‍ ഡിവിഷനില്‍ ചെന്ന് അവള്‍ക്ക് താമസിക്കാനിടമില്ലെന്നും ജീവിതം ഇത്ര ദുരിതപൂര്‍ണമായെന്നും എഴുതിക്കൊടുത്തു. ഓഫീസ് ഗസ്റ്റ് ഹൌസിലെ ഒരു ഡബിള്‍ റൂം അവള്‍ക്ക് അനുവദിച്ച് അപ്പോള്‍ തന്നെ എച്ച് ആര്‍ ഹെഡ് ഉത്തരവായി.
ചേട്ടനെയും ചേട്ടത്തിയമ്മയേയും അനിയത്തിയേയും വിളിച്ച് വിവരങ്ങള്‍ പറഞ്ഞു. കേട്ട വാര്‍ത്തയുടെ ആഘാതത്തില്‍ ആരും കൂടുതല്‍ സംസാരിച്ചില്ല.

ഉച്ചയ്ക്ക് മകനെ സ്‌ക്കൂളില്‍ ചെന്ന് വിളിച്ചുകൊണ്ടു വന്നു. സ്‌ക്കൂള്‍ ബസ്സില്‍ വീട്ടിലേക്ക് പോകാത്തതില്‍ അവന്‍ വിരോധം ഒന്നും പറഞ്ഞില്ല. ഓഫീസിന്റെ ഗസ്റ്റ് ഹൌസില്‍ അവള്‍ അവനൊപ്പം താമസിച്ചു.

ഒരു മൂന്നര മണിയായപ്പോള്‍ അയാള്‍ക്ക് മനസ്സിലായി, മോനും അവളും കൂടി വീട് വിട്ടിരിക്കുന്നു എന്ന്.. മകന്‍ സ്‌ക്കൂള്‍ ബസ്സില്‍ മടങ്ങി വന്നില്ല എന്ന് കണ്ടപ്പോള്‍ അയാള്‍ തുടരെത്തുടരെ അവളുടെ ഫോണില്‍ വിളിച്ചു. അവള്‍ എടുത്തതേയില്ല.

വരാമെന്ന് പറഞ്ഞെങ്കിലും വിമന്‍ ഹെല്‍പ് ലൈനില്‍ നിന്ന് ആരും അവളെ അന്വേഷിച്ചു വന്നില്ല. ഒരു ഫോണ്‍ പോലും വരികയുണ്ടായില്ല.

ഒരു സഹപ്രവര്‍ത്തകന്റെ കൈയില്‍ നിന്ന് കടം വാങ്ങിയ പതിനായിരം രൂപ മാത്രമേ അവളുടെ പക്കല്‍ അപ്പോള്‍ ഉണ്ടായിരുന്നുള്ളൂ. മകന്‍ സ്‌കൂള്‍ യൂണിഫോമില്‍ തന്നെയായിരുന്നു. അവള്‍ അവനു ഇഷ്ടമുള്ള ആഹാരം വയറു നിറയെ മേടിച്ചു കൊടുത്തു. ആഹാരം കഴിക്കുമ്പോള്‍ 'അമ്മയുടെ കൈയില്‍ പൈസയില്ല, അല്ലേ' എന്നവന്‍ ചോദിക്കാതിരുന്നില്ല. അവന്റെ ശബ്ദത്തില്‍ ഉല്‍ക്കണ്ഠ നിഴലിട്ടിരുന്നു. അവള്‍ അവനെ സമാധാനിപ്പിച്ചുകൊണ്ട് പറഞ്ഞു. 'അതൊക്കെ ശരിയാവും മോന്‍ വിഷമിക്കാതെ ഭക്ഷണം കഴിച്ചോളൂ,.' വയറു നിറഞ്ഞപ്പോള്‍ സന്തോഷത്തോടെ മുറിയിലെ ടി വി ഓണ്‍ ചെയ്ത് അവന്‍ കട്ടിലില്‍ കിടന്നു, അങ്ങനെ ടി വി കണ്ട് കിടന്ന് അവന്‍ ഉറങ്ങിപ്പോയി. പാവം, ഇന്നലത്തെ രാത്രി അവന് എത്ര മേല്‍ ആഘാതം നല്‍കിയിരിക്കുമെന്ന് ഓര്‍ത്ത് അവള്‍ക്ക് കരച്ചില്‍ വന്നു.

നാളെ രാവിലെ എത്താമെന്ന് ചേട്ടത്തിയമ്മ അവളെ വിളിച്ചറിയിച്ചത് അപ്പോഴാണ്. ചേട്ടനും വരുന്നുണ്ടെന്ന് അവര്‍ അവളെ സമാധാനിപ്പിച്ചു. ചേട്ടനേക്കാള്‍ ചേട്ടത്തിയമ്മ വരുന്നുണ്ടെന്നതാണ് അവളെ കൂടുതല്‍ ശാന്തയാക്കിയത് .

രാത്രി എട്ടര മണിയായപ്പോള്‍ അവളുടെ ഒന്നു രണ്ട് സഹപ്രവര്‍ത്തകര്‍ വന്നു,അവര്‍ കുറച്ച് ഫയലുകളും ഡ്രോയിംഗുകളും കൊണ്ടുവന്നിരുന്നു. അടിയന്തരമായി അവള്‍ തീരുമാനമെടുക്കേണ്ട കാര്യങ്ങളായിരുന്നു അതിലുണ്ടായിരുന്നത്. ഉച്ചയ്ക്ക് ഓഫീസ് വിട്ടതുകൊണ്ട് അവയൊന്നും അവള്‍ നോക്കീരുന്നില്ല. കൃത്യം അപ്പോഴാണ് പരിചയമില്ലാത്ത നമ്പറില്‍ നിന്ന് അവള്‍ക്ക് ഫോണ്‍ വന്നത്. അവള്‍ ഫോണ്‍ എടുത്തു.

പോലീസ് സ്റ്റേഷനില്‍ നിന്നായിരുന്നു അത്.

അയാള്‍ പോലീസില്‍ പരാതിപ്പെട്ടിരുന്നു. അവള്‍ അയാളുടെ മകനേയും തട്ടിക്കൊണ്ട് മുങ്ങിയെന്നായിരുന്നു അയാളുടെ പരാതി.

അവള്‍ പറഞ്ഞു.' ഞാനും എന്റെ മകനും ഇവിടെ തന്നെയുണ്ട്. എങ്ങും മുങ്ങിയിട്ടില്ല. ഞാന്‍ അയാള്‍ക്കൊപ്പം ഇനി താമസിക്കില്ല. അയാള്‍ എന്നെ അടിക്കുകയും കൊല്ലാന്‍ ശ്രമിക്കുകയും ഞാന്‍ പെറ്റ എന്റെ മകനെക്കൊണ്ട് എന്നെ അടിപ്പിക്കുകയും ചെയ്തു. എന്റെ എ റ്റി എം കാര്‍ഡും ചെക്കുബുക്കുമടക്കം സകല സാധനങ്ങളും ആ വീട്ടിലാണുള്ളത്.'

പോലീസുകാരന്‍ 'ഒ കെ മാഡം' എന്ന് ഫോണ്‍ വെച്ചു.

അവള്‍ ഫയലുകള്‍ നോക്കി, ഡ്രോയിംഗുകളില്‍ ഒപ്പ് വെച്ചു.
സഹപ്രവര്‍ത്തകര്‍ ധൈര്യമായിരിക്കാന്‍ ആശ്വസിപ്പിച്ച് നല്ല രാത്രി നേര്‍ന്ന് മടങ്ങിയപ്പോള്‍ അവള്‍ വാതില്‍ തഴുതിട്ട് മകനെ ഗാഢമായി ആലിംഗനം ചെയ്തു കിടന്നു.

അടുത്ത നിമിഷം അവളുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി. അവള്‍ സ്പര്‍ശിച്ചതറിഞ്ഞ് അവന്‍ മോഹനമായ ഒരു പുഞ്ചിരിയോടെ തിരിഞ്ഞ് കിടന്ന് അവളുടെ മേല്‍ കാല്‍ കയറ്റി വെച്ചു. എന്നിട്ട് സമാധാനമായി ഉറക്കം തുടര്‍ന്നു.

അവന്റെ പുറത്ത് മന്ദമായി തട്ടിക്കൊണ്ട് അവളും മെല്ലെ ഉറക്കത്തിലേക്ക് വഴുതി ..

ശാന്തവും ഗാഢവുമായ നിദ്ര. ആരുടേയും അലട്ടില്ലാത്ത ദു:സ്വപ്നങ്ങളില്ലാത്ത സുഖനിദ്ര.

( തുടരും )

No comments: