Thursday, July 19, 2018

ജാതവേദന്‍ ജഡ്ജിയുടെ ജീവിത സമസ്യകളും ഒരു അഫിഡവിറ്റും.

https://www.facebook.com/echmu.kutty/posts/612430578936240?pnref=story&_rdc=1&_rdr
28/08/16                                          

വിഡ്ഡ്യമ്പൂരി എന്ന് ചില വിരുതന്‍ വക്കീലുമാര്‍ തരം കിട്ടുമ്പോഴൊക്കെ വിളിക്കുന്നുണ്ടെന്ന് ജാതവേദന്‍ ജഡ്ജിയ്ക്ക് അറിയാം. അത് കാര്യമാക്കാറില്ല. ഇനി ഇപ്പോ അങ്ങനെയാണെങ്കില്‍ത്തന്നെ ഒരു തികഞ്ഞ വിഡ്ഡ്യാവുന്നതും അത്ര എളുപ്പമൊന്നുമല്ലല്ലോ.

കൂടുമ്പോള്‍ ഇമ്പമുണ്ടാവുന്നതാണ് കുടുംബമെന്ന് ചിറ്റശ്ശിയാണ് ആദ്യം ജാതവേദന്‍ ജഡ്ജിയ്ക്ക് ഒരു കഥയായി വായിച്ചുകൊടുത്തത്, ചെറുപ്പന്നേ ആയിരുന്നു അത്. പിന്നെ സ്‌കൂളിലും കോളേജിലും ലോകോളേജിലും പോയി ചിറ്റശ്ശിയുടെ ആ ജാതവേദന്‍ ഉണ്ണി പഠിച്ച് പഠിച്ച് സ്വര്‍ണമെഡലൊക്ക വാങ്ങി നാട്ടുകാരുടെ ഭാഷയില്‍ പറഞ്ഞാല്‍ മ്മടെ തിരുമേനി വക്കീലായി...

സുബ്രഹ്മണ്യയ്യര്‍ എന്ന ദുശ്ശാസനന്‍ സീനിയര്‍ ലോയറുടെ കീഴില്‍ അധികകാലം പ്രാക്ടീസ് ചെയ്തു നരകിക്കേണ്ടി വന്നില്ല. ന്നാലോ നരകിച്ച കാലം ശ്ശി കേമായിരുന്നു താനും. ഉണ്ണാനും ഉറങ്ങാനും കൂടി ശാന്തി കിട്ടീട്ടില്ല. അപ്പോഴേക്കും ശ്രാദ്ധമൂട്ടണ്ടോരുടെ സുകൃതാവും ഓരോരോ പദവികള്‍ കോടതികളില്‍ അങ്ങനെ കിട്ടി ബോധിച്ചു .

ഇതിന്റെ ഇടയില്‍ വേളിയും കുടുംബവും ഉണ്ടായി.

ഡോക്ടറായിരുന്നു സാവിത്രി അന്തര്‍ജ്ജനം. കേള്‍വി കേട്ട ഇല്ലത്ത്ന്ന് തന്നെ. ഇത്തിരി അന്തല്യായ ഉണ്ടായിരുന്നു. അല്ലെങ്കില്‍ ആയിരുന്നു എന്ന് ഭൂതകാലത്തില്‍ പറയേണ്ട ഗതികേട് ജാതവേദന്‍ ജഡ്ജിക്ക് വന്നു ചേരില്ലല്ലോ .

എന്ന് വെച്ചാല്‍...

സാധാരണ എം ബി ബി എസ് പാസ്സായവര്‍ക്ക് മറ്റുള്ളവരുടെ ശരീരത്തെപ്പറ്റി ഇത്തിരിയൊക്കെ വിലയില്ലായ്മ കാണുമെങ്കിലും സ്വന്തം ശരീരത്തെക്കുറിച്ചാവുമ്പോള്‍ അങ്ങനെ ഉണ്ടാവാറില്ല.

എന്നാല്‍ സാവിത്രി ഡോക്ടര്‍ക്ക് അങ്ങനെയായിരുന്നു.

ആദ്യത്തെ പ്രസവം കഴിഞ്ഞപ്പോള്‍ തന്നെ ഗൈനക്കോളജിസ്റ്റ് ശ്രീദേവി ഭട്ടതിരി താക്കീതു തന്നു.

' ഇനി പ്രസവിക്കരുത്. ഡോ. സാവിത്രിയ്ക്ക് അതിനുള്ള ശേഷില്യ. '

ശരിയായിരുന്നു. ആദ്യത്തെ മാസം മുതല്‍ ബെഡ് റെസ്റ്റ് ആയിരുന്നു. അനങ്ങാന്‍ പാടില്ല, തിരിയാന്‍ പാടില്ല, കുനിയാന്‍ പാടില്ല. നിവരാന്‍ പാടില്ല. ഒരു കാക്ക കരയണ ശല്യം കൂടി പാടില്ല.

നല്ല ശിക്ഷ .

ഒടുക്കം വേഗം തന്നെ ഓപ്പറേഷന്‍ ചെയ്ത് മിനിക്കുട്ടിയെ അങ്ങെടുത്ത് ചിറ്റശ്ശിയെ ഏല്‍പ്പിച്ചു. മിനിക്കുട്ടി അപ്പോഴും ഇപ്പോഴും ചിറ്റശ്ശിയുടെ വാല്‍സല്യത്തില്‍ തന്നെ.

ജാതവേദന്‍ ജഡ്ജിയ്ക്ക് തീരെ നിര്‍ബന്ധമുണ്ടായിരുന്നില്ല. വയ്യാത്ത കാര്യം വീണ്ടും ചെയ്യണമെന്ന് ... പക്ഷെ, സാവിത്രി സമ്മതിച്ചില്ല. അവള്‍ക്ക് ഒരുണ്യമ്പൂരി കൂടിയേ കഴിയൂ. അവനെ ഓത്ത് ചൊല്ലിയ്ക്കണം, പൂണൂലിടുവിക്കണം... അങ്ങനെ അങ്ങനെ സ്വപ്നം കണ്ട് അവന്റെ പഠിപ്പും ജോലീം വേളീം ആയിനിയൂണും... എന്നു വേണ്ട അതിനൊരവസാനം ഉണ്ടായിരുന്നില്ല.

ഒരബദ്ധത്തില്‍ ഒരു ദൌര്‍ബല്യത്തില്‍ ആ അന്തല്യായയ്ക്ക് വഴങ്ങി..

മണിക്കുട്ടന്‍ വന്നു...

പക്ഷെ, സാവിത്രി പോയി... ഇപ്പോ കൂടിയാ ഇമ്പം എന്ന് വായിച്ചു തന്ന അതേ ചിറ്റശ്ശി തന്നേള്ളൂ, ജാതവേദന്‍ ജഡ്ജിയ്ക്ക് കുടുംബത്ത് കുട്ടികളെ നോക്കാന്‍.. പിന്നെ ചിറ്റശ്ശീടെ പരിചയക്കാരി ഒരു നായര്‍ സ്ത്രീയുമുണ്ട് ഭക്ഷണം കാലാക്കാന്‍...

ചിറ്റശ്ശിയ്ക്ക് ആരുമില്ല. വേട്ടമ്പൂരി കാലേ മരിച്ചു. മക്കളും ഉണ്ടായില്ല. അതും ഇപ്പോ അനുഗ്രഹമായത് ജാതവേദന്‍ ജഡ്ജിയ്ക്ക് തന്നെ.

ജഡ്ജിയെ കാണുമ്പോള്‍ ചിറ്റശ്ശിയ്ക്ക് എപ്പോഴും സങ്കടം തോന്നും..

'ആരുല്യാണ്ടായില്ലേ എന്റെ കുട്ടിയ്ക്ക് ...'

തലമുടീം നരച്ച് കഷണ്ടീം കേറിത്തുടങ്ങിയ ജാതവേദന്‍ ജഡ്ജിയെ ഇപ്പോഴും കുട്ടീന്നും മോനേന്നും വിളിയ്ക്കണ ഒരേ ഒരാള്‍ പല്ലൊക്കെ പോയ ചിറ്റശ്ശിയാണ്. അമ്മയും അച്ഛനുമൊക്കെ പോയിട്ട് കാലം കുറെ ആയല്ലോ.

കുടുംബകോടതി എന്ന കൂടുമ്പോള്‍ ഇമ്പമുള്ള കോടതിയിലേയ്ക്ക് മാറ്റം കിട്ടിയ ജാതവേദന്‍ ജഡ്ജി ആദ്യം ഓര്‍ത്തത് ചിറ്റശ്ശിയെ ആണ്. അങ്ങനെ വിശദീകരിച്ച് ഒരു ബോര്‍ഡ് എഴുതിവെച്ചാലോ എന്നും ഒരു നിമിഷം അന്തല്യായ തോന്നാതിരുന്നില്ല.

ഇംഗ്ലീഷില്‍ സി എന്നും എല്‍ എന്നും എഴുതി വെച്ചതു മാതിരി കോണ്‍ക്രീറ്റില്‍ പണിതവയായിരുന്നു കോടതിക്കെട്ടിടങ്ങള്‍. അതിലെ സി എന്നെഴുതിയ ഭാഗത്താണ് കൂടുമ്പോള്‍ ഇമ്പമുള്ള കോടതി. നല്ല ഇമ്പം തന്നെയാണ്. കുട്ടികള്‍ ചിരിക്കണതും കൊഞ്ചണതും ചിലപ്പോള്‍ കരയണതും ആണ് ആകെള്ള ഒരു ഇമ്പം .

എന്തിനാണ് മനുഷ്യബന്ധങ്ങള്‍ എന്ന് ജാതവേദന്‍ ജഡ്ജി വളരെ ഗൌരവമായി ഒരു ഡോക്ടറേറ്റ് തീസ്സീസ് പോലെ ആലോചിയ്ക്കാനും എഴുതാനും തുടങ്ങിയത് കുടുംബകോടതിയില്‍ വന്ന ശേഷമായിരുന്നു. വൈ ഡു സ്മാര്‍ട്ട് വിമന്‍ ഗോ ഫോര്‍ ഡംബ് മെന്‍ എന്നും അതേ പോലെ വൈ ഡു സ്മാര്‍ട്ട് മെന്‍ ഗോ ഫോര്‍ ഡംബ് വിമന്‍ എന്നും ജാതവേദന്‍ ജഡ്ജി പട്ടിക തയാറാക്കിക്കൊണ്ടിരുന്നു.

ജഡ്ജിയ്ക്ക് മതവും ജാതിയും പാടില്ലെന്നും അന്ധവിശ്വാസങ്ങള്‍ വെച്ചു പുലര്‍ത്തരുതെന്നും ആകെയുള്ള ഒരേയൊരു വേദം നിയമമായിരിയ്ക്കണമെന്നും ജാതവേദന്‍ ജഡ്ജി ഉറച്ചു വിശ്വസിച്ചു . അങ്ങനെ വിശ്വസിക്കാത്ത ജഡ്ജിമാര്‍ വിധിക്കുമ്പോഴാണ് വിചിത്ര വിധികള്‍ ഉണ്ടാവുന്നതെന്നും നല്ല ഉറപ്പായിരുന്നു. നിയമം അല്ലാത്ത വേദങ്ങള്‍ അവര്‍ക്കുണ്ടാവുന്നത് ചിലപ്പോഴൊക്കെ വളരെ എളുപ്പത്തില്‍ മനസ്സിലാകുന്നുണ്ടായിരുന്നു. പിന്നെ അവരെയൊക്കെ പോലെ കുടുംബത്തില്‍ ഭാര്യ ഇല്ല എന്ന വേദന ഉള്ളതുകൊണ്ട് ജാതവേദന്‍ ജഡ്ജി നിയമവൃത്തങ്ങളിലും ശരിയ്ക്കും ഒറ്റപ്പെട്ടു പോയ ഒരാത്മാവായി.

ഒരു തരം മിന്നുന്ന കറുത്ത നിറമുള്ള നീണ്ട കായകള്‍ തൂങ്ങിക്കിടക്കുന്ന വലിയ തണല്‍ മരങ്ങള്‍ ഉഷ്ണിക്കുന്ന കോടതിമുറിയിലേക്ക് എപ്പോഴും തണുത്ത കാറ്റിനെ വഹിച്ചുകൊണ്ടു വരാറുണ്ട് . ഭര്‍ത്താവില്‍ നിന്ന് ചെലവിനു കിട്ടാന്‍ കേസു കൊടുത്തിരുന്ന ഒരു ചടച്ചു മെല്ലിച്ച സ്ത്രീ ആ കറുത്ത കായകള്‍ രുചിയോടെ വലിച്ച് ഈമ്പുന്നത് ജാതവേദന്‍ ജഡ്ജി എപ്പോഴും കാണാറുമുണ്ട് . ' വല്ല മാവോ കശുമാവോ ആയിരുന്നെങ്കില്‍ ... വെശപ്പ് മാറ്റായിരുന്നു....കേസ് വിളിക്കേണെന്റെടക്ക്.... ' എന്ന് അവള്‍ പിറുപിറുക്കുന്നുണ്ടെന്ന് സംശയം തോന്നുകയും കൂടി ചെയ്തു.

പെണ്ണുങ്ങള്‍ എന്തിനാണ് ആണുങ്ങളില്‍ നിന്ന് ചെലവിനു കിട്ടാന്‍ കേസ് കൊടുക്കുന്നതെന്ന് ചില കേസുകളില്‍ ജാതവേദന്‍ ജഡ്ജിക്ക് സംശയമുണ്ടാവാറുണ്ട്. അത്തരമൊരു കേസായിരുന്നു ആ സ്ത്രീയുടേത്.
എത്ര നാള്‍ ജോലിയും കൂലിയും കളഞ്ഞ് നടന്നാലാണ് കേസ് ഒന്ന് തീര്‍പ്പാവുക. കേസുള്ള ദിവസങ്ങളിലൊക്കെ ആ സ്ത്രീ പട്ടിണിയാകുന്നുണ്ടാവും. ഈ കോടതീലു വന്ന് ഇങ്ങനെ കെട്ടിത്തിരിയണത് എളുപ്പല്ലല്ലോ. ഭര്‍ത്താവിനു ഒരു പലചരക്ക് കടയുണ്ട്. ഭേദപ്പെട്ട വരുമാനവും കിട്ടുന്നുണ്ട് . എന്നാലും എനിക്കെതിരേ കേസിനു പോയോള്‍ക്ക് അഞ്ചു പൈസ കൊടുക്കില്ലെന്ന് വാശി. കേസിനും പോലീസിന്റടുത്തും പെണ്ണ് പോകരുതെന്ന നിര്‍ബന്ധം എല്ലാ ആണുങ്ങള്‍ക്കും ഉണ്ടാവാറുണ്ട്. അത് തന്നെയുമല്ല, പെണ്ണിനു വേറെ ആണുങ്ങളുമായി അടുപ്പമുണ്ടെന്നും അവരില്‍ നിന്ന് ചെലവിനു മേടിച്ചോളു എന്നും കോടതിയില്‍ വന്ന് വിളിച്ചു പറയുകയും ചെയ്യും. അയാള്‍ നോട്ടീസ് കൈപ്പറ്റിയിട്ടില്ലെന്ന് തന്നെയാണ് ഇപ്പോഴും ജാതവേദന്‍ ജഡ്ജിയ്ക്ക് ഓര്‍മ്മ തോന്നുന്നത്.

ചെലവിനു കൊടുക്കാന്‍ വിധിച്ച രണ്ട് കേസുകളെന്തുകൊണ്ടോ മറക്കാന്‍ പറ്റാത്ത വിധം ജാതവേദന്‍ ജഡ്ജിയുടെ മനസ്സിലുണര്‍ന്നു കിടപ്പുണ്ട്.

അഞ്ഞൂറു രൂപയുടെ ഒറ്റയുറുപ്പിക നാണയങ്ങള്‍ ഒരു കുട്ടിസ്സഞ്ചിയിലിട്ട് കൊണ്ട് വന്ന് പെണ്ണിനോട് എണ്ണി എടുത്തോളാന്‍ പറഞ്ഞ എക്‌സ് ഭര്‍ത്താവിനെ അവിടെ ഇരുന്ന് എണ്ണിത്തിട്ടപ്പെടുത്തിയിട്ട് പോയാല്‍ മതിയെന്ന് കല്‍പിച്ചതാണ് ഒരു കേസ്. എക്‌സ് ഭാര്യയെ പരിഹസിക്കുന്ന പോലെയല്ല കോടതിയെ കളിയാക്കുന്നതെന്നെങ്കിലും അയാള്‍ പഠിയ്‌ക്കേണ്ടേ?

പിന്നൊരു വിദ്വാന്‍ ആറുമാസമായിട്ടും ഒരു രൂപ പോലും ചെലവിനു കൊടുത്തിരുന്നില്ല. പോലീസിനെ വിട്ടു വിളിച്ചു കൊണ്ടുവരീച്ചു. അയാളുടെ പോക്കറ്റില്‍ നാലു രൂപയാണുള്ളത്. അത് എടുത്ത് കൊടുക്കാന്‍ നിര്‍ദ്ദേശിക്കുമ്പോള്‍ ജാതവേദന്‍ ജഡ്ജിക്ക് സ്വയം അടിയുറച്ച് വിശ്വസിക്കുന്ന നിയമത്തിന്റെ ഉറപ്പില്‍ തന്നെ സംശയം തോന്നി.
ഭര്‍ത്താവ് തല്ലുന്നുവെന്നോ കുട്ടിയെ വിട്ടു തരാതെ പിടിച്ചു വച്ചിരിക്കുന്നുവെന്നോ അല്ലെങ്കില്‍ അയാളില്‍ നിന്ന് ചെലവിനു കിട്ടണമെന്നോ ഒക്കെയുള്ള ആവശ്യങ്ങള്‍ക്കായിരുന്നു നാട്ടിലെ സ്ത്രീകള്‍ പൊതുവേ കുടുംബ കോടതികളെ സമീപിച്ചിരുന്നത്. കല്യാണ സമയത്ത് നല്‍കിയ സ്ത്രീധനവും സ്വര്‍ണവും കാറും എല്ലാം തിരികെത്തരണമെന്ന് വാദിക്കുന്ന ചില വാശിക്കാരി പെണ്ണുങ്ങളും അഞ്ചോ ആറോ ഉണ്ടായിരുന്നു. കുടുംബകോടതിയ്ക്ക് മറ്റ് കോടതികളെപ്പോലെ ഇതൊക്കെ നിസ്സാരമാണെന്ന് പറയുക വയ്യ. കാര്യം നാട്ടിലെ മറ്റു ഭയാനകമായ കേസുകളുടെ സ്‌പെസിഫിക് ഗ്രാവിറ്റി നോക്കുമ്പോള്‍ പെണ്ണുങ്ങളുടെ ഇമ്മാതിരി ആവശ്യങ്ങള്‍ അത്ര പ്രധാനമൊന്നുമല്ലെന്ന് രാജ്യത്തെ നിയമവ്യവസ്ഥയ്ക്ക് അറിയാമെങ്കിലും..

നിയമത്തില്‍ അന്തര്‍ലീനമായ ഈ നിസ്സാര പരിഗണനയെ വക്കീല്‍മാര്‍ ഒരിക്കലും സ്ത്രീകളോട് വെളിപ്പെടുത്തിയിരുന്നില്ല. പല പല തിരക്കുകളില്‍ പെട്ടിരിക്കയാണെങ്കിലും അതി ഭയങ്കരമായി അധ്വാനിച്ചും കേസ് കമ്പോടു കമ്പ് പഠിച്ചും വേണ്ടത്ര ഫീസു വാങ്ങാതെയുമാണു കേസ് വാദിക്കുന്നതെന്ന നാട്യം പെണ്ണുങ്ങളുടെ കേസുകള്‍ വാദിക്കുന്ന എല്ലാ വക്കീലുമാര്‍ക്കും സ്വതസിദ്ധമായിരുന്നു. ഒരു നിസ്സാര കാരണമായാലും മതി, അപ്പോള്‍ ഭര്‍ത്താക്കന്മാര്‍ കേസ് ജയിച്ചേക്കുമെന്ന ഭീതിയും വക്കീലുമാര്‍ അവര്‍ക്ക് പറ്റുന്ന മാതിരിയെല്ലാം സ്ത്രീകളില്‍ പടര്‍ത്താറുമുണ്ടായിരുന്നു. ഭര്‍ത്താവുമായി കേസിലേര്‍പ്പെട്ട ഒരു പെണ്ണിനും തരിമ്പ് പോലും ജയിക്കുമെന്ന ആത്മവിശ്വാസം ഉണ്ടായിരുന്നില്ല. അതു കൊടുക്കാന്‍ കഴിവുള്ള ഒരു വക്കീലും മറ്റു നാടുകളിലെന്ന പോലെ അവിടെയും ഇല്ലായിരുന്നു.

ഇതൊക്കെ ജാതവേദന്‍ ജഡ്ജിയ്ക്ക് നല്ല ബോധ്യമുണ്ട്.

വക്കീലുമാരെ പറഞ്ഞിട്ടും കാര്യമൊന്നുമില്ല. പരിപാവനമായ നമ്മുടെ കുടുംബങ്ങള്‍ ഒരു കാരണവശാലും തകരുവാന്‍ പാടില്ലെന്ന പാണപ്പാട്ട് കേട്ടു വളര്‍ന്നവര്‍ തന്നെയല്ലേ അവരും? കുറച്ച് കാലം നിയമം പഠിച്ചതുകൊണ്ടോ ആ കറുത്ത ഭൂതത്താന്‍കോട്ട് ഇട്ട് യുവര്‍ ഓണര്‍ യുവര്‍ ഓണര്‍ എന്ന് പറഞ്ഞതുകൊണ്ടോ ഒന്നും പണ്ട് കേട്ട് പഠിച്ചതിന് ഇളക്കം വരില്ലല്ലോ. ഭാര്യമാരുടേ കേസ് വാദിക്കുന്ന വക്കീലന്മാരില്‍ അധികവും അവരെങ്ങനെയെങ്കിലും വഴക്കൊഴിഞ്ഞ് ഭര്‍ത്താവിനൊപ്പം ഒരുമിച്ച് ജീവിക്കണം എന്ന് തന്നെയാണു ഉള്ളുകൊണ്ട് ആശിച്ചിരുന്നത്. തന്നെയുമല്ല, മിക്കവാറും വക്കീലന്മാരൊക്കെ ഭര്‍ത്താക്കന്മാരും അച്ഛന്മാരും ആയിരുന്നു താനും. പിഴിയാവുന്ന ഫീസിനു വേണ്ടി കേസ് വാദിക്കുകയാവാമെങ്കിലും പെണ്ണുങ്ങള്‍ അല്‍പം അടങ്ങി ഒതുങ്ങി തഞ്ചപ്പെട്ട് ഭര്‍ത്താക്കന്മാരെ പാട്ടിലാക്കി കഴിയണമെന്നു തന്നെയാണ് ഭൂരിപക്ഷം വക്കീലുമാരും കരുതിയിരുന്നത്.

പിന്നെ ചില ഭയങ്കര വിരുതന്മാരുണ്ട്... വിരുതത്തികളുമുണ്ട് രണ്ടോ മൂന്നോ ... ഭര്‍ത്താവ് ഭാര്യയെ പറ്റിക്കുന്നവനാണെന്നറിഞ്ഞാല്‍ ഇവരും ചേരും ആ പെണ്ണിനെ പറ്റിയ്ക്കാന്‍... കാശായിട്ടാണെങ്കില്‍ അങ്ങനെ .. ആവശ്യത്തിലും എത്രയോ അധികം ഫീസു ചുമത്തുക, മേടിച്ച ഫീസ് കിട്ടീട്ടില്ലെന്ന് പറയുക. ഇനി വേറെ വല്ല സേവനവുമായിട്ടാണെങ്കില്‍ അങ്ങനെ മുതലാക്കുക .. എന്തിനു ഡിന്നറായിട്ടും ലഞ്ചായിട്ടും ഫാമിലി ടൂറായിട്ടുമൊക്കെ വരെ പെണ്ണുങ്ങള്‍ കക്ഷികളാവുമ്പോള്‍ പറ്റിയ്ക്കുന്ന വക്കീലുമാരുണ്ട്.

ഇതൊക്കെ ആരാണെന്നും എങ്ങനെയാണ് അവരുടെ ഓപ്പറേഷനെന്നും ജാതവേദന്‍ ജഡ്ജിയ്ക്ക് നല്ല നിശ്ചയമുണ്ട്. അതുകൊണ്ട് ഇവരൊക്കെ ചേര്‍ന്ന് വിഡ്ഡ്യമ്പൂരി എന്ന് വിളിച്ചാലൊന്നും ജാതവേദന്‍ ജഡ്ജി കുലുങ്ങാന്‍ പോകുന്നില്ല.

എന്നാലും ഇന്നത്തെ ദിവസം ഇത്തിരി ഒന്നന്ധാളിച്ചു എന്നുള്ളത് വാസ്തവം തന്നെയാണ്. അതുകൊണ്ടാണ് വേഗം തന്നെ അന്ത്യൂടിച്ച് വീട്ടിലെ ഓഫീസ് മുറിയിലേക്ക് കയറിപ്പോന്നത്. മിനിക്കുട്ടിയും മണിക്കുട്ടനും ടി വി ചാനലിലും വീഡിയോ ഗെയിമിലുമായി സ്വയം മറന്നിരിക്കുന്നുണ്ടായിരുന്നു. സാധാരണ അവരെ വിളിച്ച് നാലു നല്ല വാക്കു പറയേ കൊഞ്ചിക്കേ ഒക്കെ പതിവുണ്ട്. കൊഞ്ചിക്കാനുള്ളത്ര ശിശുപ്രായം ഒന്നുമല്ല, ഇപ്പോള്‍. എന്നാലും അമ്മല്യാത്ത കുട്ടികളല്ലേ.. അച്ഛനെങ്കിലും ഒന്നു പുന്നാരിച്ചില്ലെങ്കില്‍ , ഒന്നു തൊട്ട് തലോടിയില്ലെങ്കില്‍.. ഇതൊക്കെ മനസ്സ് തുറന്ന് ധാരാളായിട്ട് ചെയ്യണംന്നാണല്ലോ ജാതവേദന്‍ ജഡ്ജി കോടതീല്‍ പറയാറ്.. കേസും കൊണ്ട് വരുന്ന അമ്മമാരോടും അച്ഛന്മാരോടും.

ജനലയൊക്കെ വിശാലമായി തുറന്നിട്ടു. ഫാനിലും ഏ സീലും ഒക്കെ സുഖം പുറത്തുന്നള്ള കാറ്റ് തന്നെയാണ്. കുറച്ച് നേരം മേശപ്പുറത്തിരിയ്ക്കണ സാവിത്രീടെ പടം നോക്കി ഇരുന്നു. കഷ്ടകാലം എന്നല്ലേ പറയേണ്ടു. അല്ലാച്ചാല്‍ ഇത്ര ചെറുപ്പത്തില്‍ ഇങ്ങനെ പോകണ്ട വല്ല കാര്യവുമുണ്ടായിരുന്നോ?

ഒക്കെ വിധ്യാണ്.. ചിറ്റശ്ശി പറയുമ്പോലെ. ..

അന്ധാളിപ്പിച്ച കേസ് കെട്ട് എടുത്ത് മുന്നില്‍ നിവര്‍ത്തി വെച്ചു. ഒരു പുതുമയുമില്ലാത്ത സാധാരണ കേസായിരുന്നു ഇന്നത്തെ ദിവസം വരെ ...

ഒരാളുടെ ഭാര്യ വേറൊരുത്തന്റെ ഒപ്പം പോയി.. കുട്ടിയേം കൊണ്ടാ പോയേന്നും ഭര്‍ത്താവ് പിടിച്ചുകൊണ്ട് വരികയായിരുന്നൂന്നും ഭാര്യ. അവരു ചെന്നെത്തിയ നാട്ടിലെ പോലീസിലും കോടതിയിലും പോയ കഥയൊക്കെ കേസു കടലാസ്സിലുണ്ട്. അല്ല, കുട്ടിയെ ഉപേക്ഷിച്ചിട്ടാ പോയേന്ന് ഭര്‍ത്താവ്. ഭാര്യയ്ക്ക് ഇപ്പോ എന്തായാലും ആ കുട്ടിയെ വേണം. ചെറിയ ജോലിയുണ്ട് ഭാര്യയ്ക്ക്. അതിലും ഒക്കെ വളരെ വളരെ മെച്ചള്ള നിലയിലാണ് ഭര്‍ത്താവിന്റെ വരുമാനവും സ്ഥിതിയും സോഷ്യല്‍ സ്റ്റാറ്റസും സല്‍പ്പേരും ഒക്കെ..

ഭര്‍ത്താവ് കഠിനമായി പീഡിപ്പിച്ചതുകൊണ്ട് രക്ഷപ്പെടാന്‍ നോക്കിയതാണ് ഭാര്യ എന്നാണവരുടെ വാദം. തന്നെയുമല്ല, കല്യാണം കഴിച്ചു എന്ന് രേഖപ്പെടുത്തീട്ടുള്ള കടലാസ്സിനു നിയമപരമായി ഒരു വാലിഡിറ്റിയും ഇല്ല. അതൊരു സൂത്രക്കരാറാണ്. ഭര്‍ത്താവാണെങ്കില്‍ രണ്ടാമത് കല്യാണം കഴിക്കുകയും ചെയ്തു എന്നാണ് ഭാര്യ പറയുന്നത് .
അതിനു ഭര്‍ത്താവ് ഒന്നും മറുപടി പറഞ്ഞിട്ടില്ല. കുട്ടിയ്ക്ക് അയാളെയാണ് ഇഷ്ടം എന്നാണ് അയാള്‍ ഏതുനേരവും പറയുന്നത്.

അതിപ്പോ കുട്ടി എവിടെയാണോ അവിടെയാണിഷ്ടമെന്നാണ് എല്ലാവരും പറയുക. സത്യമാവണമെന്ന് ഒരു നിര്‍ബന്ധവുമില്ല. കുട്ടികള്‍ക്ക് മിക്കവാറും പേര്‍ക്കും ഒരു അന്തല്യായയോ ചിണുങ്ങിക്കരച്ചിലോ ഒക്കെയാണ് അധികവും പതിവ്. ചില വേന്ദ്രക്കുട്ട്യോളും ഉണ്ടാവാറുണ്ട്. അച്ഛനേം അമ്മയേം തരാതരം പോലെ പറ്റിച്ച് സ്വന്തം കാര്യം ക്ഷ്യാക്കുന്ന കുട്ടികള്‍. ഇതിന്റെയൊക്കെ ഇടയില്‍ അപാരബുദ്ധിശക്തിയും കാര്യവിവരവുമായി പ്രത്യക്ഷപ്പെടുന്ന കുട്ടികളും ഉണ്ട്, ശരിക്കും മിന്നല്‍പ്പിണര്‍ പോലെ. അതുകൊണ്ട് കുട്ടികളെ പറ്റി അങ്ങനെ ഇളക്കാന്‍ പറ്റാത്ത ഒരു മുന്‍വിധിയും ജാതവേദന്‍ ജഡ്ജി വെച്ചു പുലര്‍ത്താറില്ല.

അതിനിടയിലാണ് ഇന്ന് ഈ അഫിഡവിറ്റ് ഭര്‍ത്താവിന്റെ വക്കീല്‍ ഹാജരാക്കിയത്. അത് കണ്ടപ്പോള്‍ ശരിയ്ക്കും ഒന്നന്ധാളിച്ചു. കോടതിയില്‍ ഹാജരായി നേരിട്ട് പറയുമോ ഈ അഫിഡവിറ്റിലൊപ്പിട്ടിരിയ്ക്കുന്ന ആളെന്ന് ചോദിച്ചപ്പോള്‍ വക്കീല്‍ തികഞ്ഞ ആത്മവിശ്വാസത്തോടെ ഉവ്വെന്നറിയിച്ചു..

അന്ധാളിപ്പ് പൂര്‍ത്തിയായി.. അതാണ് കേസ് അടുത്ത ദിവസത്തേയ്ക്ക് മാറ്റി വെച്ചത്.

അച്ഛന്‍ ബലാല്‍സംഗം ചെയ്തു ചെറിയച്ഛന്‍ തുണില്ലാത്ത ഫോട്ടൊ എടുത്തു അമ്മാവന്‍ കുളിമുറീലു കൂടെക്കയറി എന്നൊക്കെ കേള്‍ക്കണത് ഇപ്പോ തീരെ നിസ്സാരമായിട്ടുണ്ട്. ചില പെണ്‍കുട്ടികള്‍ക്ക് പേരും കൂടി ഇല്ലാതാവണതും നാടുകളുടെ പേരില്‍ അവരറിയപ്പെടുന്നതും കാണുന്നുണ്ട്.

അച്ഛന്റെ മോളെ പ്രസവിച്ചു ... അച്ഛനീന്ന് ചെലവിനു കിട്ടണം എന്ന് കേസുമായി വന്ന പതിനെട്ടുകാരിയേയും ഇരുപത്തെട്ട് തികയാത്ത അവളുടെ ചോരക്കുഞ്ഞിനേയും കണ്ണിലുദിച്ച വല്യൊരു കുരു പൊട്ടുംപോലെ കണ്ടതും ജാതവേദന്‍ ജഡ്ജിയ്ക്ക് നല്ല ഓര്‍മ്മയുണ്ട്.

എന്നാലും ഈ അഫിഡവിറ്റ് ഒപ്പിട്ട അച്ഛനെ ഏതു ശ്രേണിയില്‍ പെടുത്തണമെന്നറിയാതെ കുഴങ്ങിപ്പോവുകയാണ്. ...

എത്ര്യായാലും ജാതവേദന്‍ ജഡ്ജിയും ഒരച്ഛനാണല്ലോ.

ബലാല്‍സംഗം ചെയ്യാ... ഗര്‍ഭണ്ടാക്കാ ഇതൊന്നും ഒരു അച്ഛനും ഒരു മോളോടും ചെയ്യാന്‍ പാടില്ല. എന്നാലും ഒരു നിമിഷത്തെ ദൌര്‍ബല്യം എന്ന് ഉപയോഗിച്ച് പരിചയിച്ച വാക്കുണ്ട് ... ഒരു സഹായത്തി നാ യിട്ട് , പിന്നെ അച്ഛനാണെങ്കിലും ഒരു ആണല്ലേ എന്നൊരു വളിച്ചു പുളിച്ച ന്യായം ഉണ്ട്. തലേം മൊലേം വന്ന പെണ്‍കുട്ടി അവളെ സൂക്ഷിക്കണ്ടതായിരുന്നു എന്നും വേണങ്കില്‍ നാണല്യാതെ പറഞ്ഞു നോക്കാം.

ജാതവേദന്‍ ജഡ്ജിക്ക് തല പെരുക്കുന്നതു പോലെ തോന്നി.
ഇങ്ങനെയൊക്കെയാണല്ലോ വിചിത്ര ന്യായങ്ങള്‍ ഉണ്ടാക്കുന്നത്. അതിലും എളുപ്പം പെണ്‍കുട്ട്യോളെ ജനിപ്പിക്കാണ്ട് നോക്കല്ലേന്ന് ചിറ്റശ്ശി ഒരു ദിവസം പത്രം നോക്കി പുലമ്പുന്നത് കൂടി ഓര്‍മ്മ വന്നപ്പോള്‍ ഇരിയ്ക്കപ്പൊറുതി കിട്ടാതായി ജാതവേദന്‍ ജഡ്ജിയ്ക്ക്...

എന്തൊരു കാലാ ഇത്... ഇതേരിക്കും കലികാലം. ...

അഫിഡവിറ്റ് നോക്കാതെ പറ്റില്ലല്ലോ...

കേസ് കേള്‍ക്കണ്ടേ..

അച്ഛന്‍ എഴുതി ഒപ്പിട്ടിരിക്കുന്നു.. അയാള്‍ ജനിപ്പിച്ച മോള് വഴി പിഴച്ചവളാണെന്ന്. ... അവളുടെ പക്കല്‍ അവള്‍ പെറ്റ കുഞ്ഞിനെ ഏല്‍പ്പിച്ചാല്‍ അതും വഴി പിഴച്ചു പോകുമെന്ന്... കുഞ്ഞിനെ അതിന്റെ അച്ഛന്‍ തന്നെ പരിപാലിച്ചു വളര്‍ത്തിയാല്‍ മതിയെന്ന്...

എന്തൊരു തന്തയാണത് ..

അത്ര പിഴച്ചവളാണോ ആ സ്ത്രീ... കണ്ടിട്ട് അങ്ങനെ തോന്നിയില്ല. പക്ഷെ, കാണാത്ത എത്രയോ അടരുകളുണ്ടാവും ഓരോ മുഖത്തിലും... കേള്‍ക്കാത്ത എത്രയോ ശബ്ദങ്ങളുണ്ടാവും ഓരോ തൊണ്ടയിലും. പറയാത്ത എത്രയോ വാക്കുകളുണ്ടാവും ഓരോ ചുണ്ടിലും...

എന്നാലും ഈ അഫിഡവിറ്റ് ഭര്‍ത്താവ് സമ്പാദിച്ചത് അതിശയം തന്നെ.

അച്ഛന് എത്ര വിരോധമുണ്ടായിട്ടാവണം ഇത് എഴുതിക്കൊടുത്തത്.. എന്താവും അതിനു കാരണം...അല്ലെങ്കില്‍ എന്താവും മോളേക്കാളും മോളുടെ ഭര്‍ത്താവിനോട് സ്‌നേഹം തോന്നാന്‍ കാരണം.. മകളുടെ ജീവിതത്തില്‍ എന്നും കണ്ണീരായിരിക്കണമെന്ന് നിര്‍ബന്ധമുണ്ടാവാന്‍ കാരണം .. നാട്ടുകൂട്ടങ്ങളും കോടതിയും ഭാവികാലത്ത് പ്രസവിച്ച കുഞ്ഞും കൂടി വഴി പിഴച്ചവള്‍ എന്ന് സ്വന്തം മകളെ വിളിക്കുന്നതില്‍ അച്ഛനു വിഷമമില്ലാതാകുന്നത് ഏതവസ്ഥയിലാകും?

ജാതവേദന്‍ ജഡ്ജിക്ക് ഉത്തരം കിട്ടിയില്ല.

മകള്‍ വഴി പിഴച്ചവളാണെങ്കിലും ഒരച്ഛനു അവളെ സംരക്ഷിക്കാനല്ലേ തോന്നേണ്ടത്? അതിനു പകരം ആലോചിച്ചുറപ്പിച്ച് ഇങ്ങനൊരു കടലാസ്സില്‍ അതെഴുതി എന്നേക്കുമായി സ്വഭാവഹത്യ ചെയ്ത് അവളെ നാട്ടുകാര്‍ക്ക് കൂടി കൊല ചെയ്യാന്‍ വിട്ടുകൊടുക്കുന്നത് ... ആ അക്ഷരങ്ങളില്‍ നിന്ന് വിഷം നിറഞ്ഞ ഒരു ഉഗ്ര സര്‍പ്പത്തിന്റെ ചീറ്റല്‍ കേള്‍ക്കുന്നുണ്ടെന്ന് ജാതവേദന്‍ ജഡ്ജിയ്ക്ക് തോന്നി.

ഭര്‍ത്താവില്‍ നിന്ന് ചെലവിനു കിട്ടണമെന്ന് ആ സ്ത്രീ ആവശ്യപ്പെട്ടിട്ടില്ല. കുട്ടിയെ വിട്ടു കിട്ടണമെന്നതാണ് ഒരേയൊരു ആവശ്യം. കല്യാണം വാലിഡായിരുന്നില്ലെന്ന് സമ്മതിക്കുന്നുമുണ്ട്.

കല്യാണം സൂത്രക്കരാറാണെന്ന് ജാതവേദന്‍ ജഡ്ജിയ്ക്ക് ആ കടലാസ്സ് കണ്ടപ്പോള്‍ തന്നെ ബോധ്യമായതായിരുന്നു. ആ കരാറ് നിയമപരമാക്കീട്ടുണ്ടൊ എന്ന് ഭാര്യയും ഭര്‍ത്താവും പറയുന്നില്ല.

ഭാര്യ വഴി പിഴച്ചവളാണെന്നും കുഞ്ഞിനെ കൊടുക്കരുതെന്നും മാത്രമേ ഭര്‍ത്താവ് ആവര്‍ത്തിക്കുന്നുള്ളൂ.

ഈ വഴി പിഴച്ചു, കണ്ടോള്‍ടെ കൂടെ പോയീ എന്ന് പറേണത് വല്യ എളുപ്പാന്നാ മനുഷ്യരുടെ മുഴുവന്‍ വിചാരം. കോടതീം നിയമോം ഒന്നും അറിയാത്ത ചില ഏഭ്യര് , ഈ സിനിമാ സീരിയല്‍ സംവിധായകരുണ്ടല്ലോ അവരുടെ സിനിമകളും സീരിയലും ഒക്കെ കണ്ടിട്ടാവും ആണും പെണ്ണുമായ ആള്‍ക്കാരിങ്ങനെ ചുമ്മാ വിളിച്ചു പറേണതെന്ന് ചിലപ്പോള്‍ തോന്നാറുണ്ട്.

ജാതവേദന്‍ ജഡ്ജി ഭര്‍ത്താവിനോട് ചോദിയ്ക്കാനുള്ള ചോദ്യങ്ങളുടെ നോട്ട് കുറിയ്ക്കാന്‍ തുടങ്ങി.

കല്യാണം വാലിഡാണോ അല്ലയോ?

മറ്റൊരുത്തന്റെ കൂടെ ഓടിപ്പോയ ആദ്യത്തെ പെണ്ണില്‍ നിന്ന് ഡിവോഴ്‌സ് മേടിച്ചോ? ( ച്ചാല്‍, വാലിഡ് കല്യാണത്തീന്ന് ഓടിപ്പോയീ എന്ന് സ്ഥാപിക്കുകയും ആ ബന്ധം തെളിയിക്കുകയും ചെയ്താല്‍ ഡിവോഴ്‌സിനു വിഷമം ഇല്ലല്ലോ എന്ന് ന്യായം )

ഭര്‍ത്താവ് രണ്ടാമതും കല്യാണം കഴിച്ചോ?

അഫിഡവിറ്റ് ഒപ്പിട്ട അച്ഛനെ കോടതിയില്‍ ഹാജരാക്കണമെന്ന് എന്തായാലും നിര്‍ദ്ദേശിക്കണം. ഒപ്പിടാനുള്ള ന്യായങ്ങള്‍ ചോദിച്ചു മനസ്സിലാക്കണം. ചുമ്മാ ഒരു കടലാസ്സ് ഒപ്പിട്ട് കോടതിയില്‍ കൊടുത്താലൊന്നും പോരാ... തന്തയായാലും തള്ളയായാലും.

ഭാര്യയോട് ചോദിയ്ക്കാനുള്ള ചോദ്യങ്ങളും കുറിച്ചു വെച്ചു.

ഭര്‍ത്താവ് നിങ്ങളില്‍ നിന്ന് ഡിവോഴ്‌സ് വാങ്ങിയോ?

നിങ്ങള്‍ക്ക് എന്തെങ്കിലും മെയിന്റനന്‍സ് കിട്ടണമെങ്കില്‍ വാലിഡ് കല്യാണമാവണമെന്ന് അറിയാമോ?

ഭര്‍ത്താവ് വേറെ കല്യാണം കഴിച്ചു എന്ന് തെളിയിക്കാന്‍ വല്ല രേഖയുമുണ്ടോ?

നിങ്ങളുടെ അച്ഛന്‍ ഒപ്പിട്ട ഈ അഫിഡവിറ്റിനെപ്പറ്റി അറിയാമോ?

പൂണൂല്‍ തിരുമ്മിക്കൊണ്ട് പിന്നെയും കമ്പ്യൂട്ടറില്‍ കുറച്ചുനേരം അങ്ങനെ മൌസ് ചലിപ്പിച്ച് കഴ്‌സര്‍ നീക്കിക്കൊണ്ടിരുന്നു. .. ഇനീപ്പോ എന്താ ചോദിക്കേണ്ടേ എന്ന് പിന്നെയും കുറച്ച് നേരം കൂടി ആലോചിച്ചു. ആലോചന മുറുകാന്‍ നേരം കുറച്ച് മൈന്‍ സ്വീപ്പര്‍ കളിച്ചു... മൈനുകള്‍ പൊട്ടിച്ചുകൊണ്ടിരുന്നു.

അപ്പോ ഈ കേസില്‍ നിയമപരമായ കല്യാണം ഉണ്ടോ എന്നും അത് നിയമമനുസരിച്ച് വേര്‍പെടുത്തിയിട്ടുണ്ടോ എന്നും ഉറപ്പ് വരുത്തലാണ് പ്രധാന വെല്ലുവിളി. നിയമപരമായ കല്യാണമല്ലെങ്കില്‍ അതില്‍ ജനിയ്ക്കുന്ന കുട്ടിയ്ക്ക് ഒരേ ഒരു രക്ഷാകര്‍ത്താവേ ഉള്ളൂ.. അത് അമ്മയാണ്. അതുകൊണ്ടു തന്നെ അമ്മയുടെ സ്വഭാവദൂഷ്യം രണ്ടാമതു പരിഗണിയ്‌ക്കേണ്ട വിഷയമാകുന്നു.

എന്നാലും അതങ്ങോട്ട് വിഴുങ്ങാന്‍ സാധിക്കുന്നില്ല. ഒരച്ഛനാണ് മകള്‍ സ്വഭാവദൂഷ്യമുള്ളവളാണെന്ന് എഴുതി ഒപ്പിട്ടിരിക്കുന്നത്. അതെങ്ങനെ പ്രാധാന്യം കുറഞ്ഞ വിഷയമാകും. വെറുതെ ഒരു പേരും ഒരു ശരീരവും അല്ലല്ലോ അച്ഛന്‍ .. കഥയും കവിതയും എഴുതുന്നവര്‍ പറയുന്നത് അമ്മ കഷ്ടപ്പെട്ട് വളര്‍ത്തുമ്പോഴും അച്ഛന്‍ എവിടെയോ ഉണ്ടെന്ന തോന്നല്‍ കിട്ട്യാല്‍ മതി, മക്കള്‍ക്ക് ആരോ ഉണ്ടെന്ന സുരക്ഷിതത്വബോധം വരുമെന്നാണല്ലോ. ഇതു മാതിരി ഒരു അഫിഡവിറ്റ് മുന്നിലിരിയ്ക്കുമ്പോള്‍ ആ കഥേം കവിതേം എഴുതിയവരേയും അത് വായിച്ച് രസിച്ചവരേയും പോലെ ജഡ്ജിയ്ക്ക് കരുതാന്‍ വയ്യല്ലോ . കാരണം ജഡ്ജി എഴുതണത് കഥയല്ല.... വിധിക്കുറിപ്പ് ആണ്..

അപ്പോ ഒരു തെറ്റും വരാതെ ചെയ്യണം .

' അച്ഛാ,' മണിക്കുട്ടിയാണ്.

എന്താന്ന് ചോദിക്കും പോലെ മുഖമുയര്‍ത്തുമ്പോഴേയ്ക്കും അവള്‍ വന്ന് മടിയിലിരുന്ന് തോളത്തേയ്ക്ക് തല ചാരി വെച്ചു..

മൌസില്‍ നിന്ന് കൈപ്പത്തി എടുത്ത് മാറ്റി കുട്ടിയെ കെട്ടിപ്പിടിച്ച് ആ മുഖത്ത് തലോടുമ്പോള്‍ ജാതവേദന്‍ ജഡ്ജിയ്ക്ക് തോന്നി. അവള്‍ക്ക് പനിക്കുന്നുണ്ടെന്ന്... തന്നെയുമല്ല , അച്ഛനാവുന്നത് കഠിനമാണെന്ന്.. അന്ത്യശ്വാസം വലിക്കുമ്പോള്‍ പോലും ചെയ്തു തീര്‍ക്കാനാവാത്ത ഒരു ചുമതലയാണെന്ന്... അത് വാശികൊണ്ടും വൈരാഗ്യംകൊണ്ടും വഞ്ചനകൊണ്ടും ചതികൊണ്ടും ഒരിയ്ക്കലും പൂര്‍ത്തീകരിയ്ക്കാന്‍ കഴിയില്ലെന്ന്...

ആ തോന്നലെല്ലാം ശരിയായിരുന്നുവെന്ന് ജാതവേദന്‍ ജഡ്ജിയ്ക്ക് അടുത്ത ദിവസം തന്നെ ബോധ്യമായി. കേസ് വേണ്ടെന്നും കുട്ടിയെ വിട്ടുകൊടുക്കാമെന്നും ഭര്‍ത്താവ് സമ്മതിച്ചതായിരുന്നു കാരണം.

ആദ്യകല്യാണം വാലിഡായിരുന്നോ എന്നോ അത് ഡൈവോഴ്‌സ് ആയോ എന്നോ ചോദിക്കേണ്ടി വന്നില്ല. അഫിഡവിറ്റ് ഒപ്പിട്ട അച്ഛനെ ഹാജരാക്കാന്‍ നിര്‍ദ്ദേശിക്കേണ്ടി വന്നില്ല.

വഴിപിഴച്ചവള്‍ എന്ന് കേസിനു മറുപടി നല്‍കിത്തുടങ്ങിയ ദിവസം മുതല്‍ പലവട്ടം ആവര്‍ത്തിച്ചു വിളിച്ച അതേ സ്ത്രീയ്ക്ക് പെണ്‍ കുഞ്ഞിനെ കൊടുത്തേക്കാമെന്ന് ഭര്‍ത്താവിന്റെ വക്കീല്‍ പറയുമ്പോള്‍ ജാതവേദന്‍ ജഡ്ജിക്ക് ഉറപ്പാവുകയായിരുന്നു അയാള്‍ അതുവരെ പറഞ്ഞുകൊണ്ടിരുന്ന കളവുകളുടെ ഭാരം എത്രയാണെന്ന്... അത് ചുമക്കാന്‍ അയാള്‍ക്ക് തന്നെ ശേഷിയില്ലാതായെന്ന്...

No comments: