Saturday, July 21, 2018

ക്‌ലാവു പിടിച്ച് പച്ചയായിത്തീരുന്ന സ്‌നേഹനാണ്യങ്ങള്‍ അല്ലെങ്കില്‍! ജീവിതത്തിലെ ചില നിമിഷങ്ങള്‍

https://www.facebook.com/echmu.kutty/posts/630927323753232061016

                                                  
നാണ്യങ്ങളുടെ വലുപ്പമോ വിനിമയശേഷിയോ ആയിരിക്കുമോ സ്‌നേഹനാണ്യങ്ങളെ നെഞ്ചോട് ചേര്‍ത്ത് പിടിക്കാന്‍ പ്രേരിപ്പിക്കുന്നതെന്ന് ഞാനെപ്പോഴും ആലോചിക്കാറുണ്ട്. എന്റെ അനുഭവങ്ങളില്‍ ഞാന്‍ അതിരറ്റ് സ്‌നേഹിച്ച സ്‌നേഹനാണ്യങ്ങളെല്ലാം ഭയങ്കര കട്ടിയുള്ള പുറംതൊലി പുതച്ചവയായിരുന്നു, പുറം തൊലിയുടെ മിന്നിത്തിളക്കമാവട്ടെ കണ്ണഞ്ചിക്കുന്നതും. കണ്ണഞ്ചിക്കുന്ന ആ പുറംതൊലിയെ അലിയിക്കാനുള്ള കഴിവ് എന്റെ സ്‌നേഹവര്‍ഷത്തിനുണ്ടായില്ല എന്ന് മനസ്സിലാക്കാനാണ് ജീവിതത്തിന്റെ പുറമ്പോക്കില്‍ ഒരു കുടില്‍ കെട്ടിപ്പാര്‍ക്കുന്ന എനിക്കിപ്പോള്‍ ഇഷ്ടം. അല്ലെങ്കില്‍ അതാണ് എന്റെ മനസ്സമാധാനം.

വേറെ ഒരാള്‍ മാറണമെന്ന്, അയാള്‍ക്ക് ഇന്നയിന്ന മാറ്റങ്ങള്‍ സംഭവിക്കണമെന്ന് കൊതിക്കുന്നത് പരമാബദ്ധമാണെന്ന് ജീവിതം പലയാവര്‍ത്തി പഠിപ്പിച്ചു കഴിഞ്ഞു. മറ്റൊരാളിന്റെ മാറ്റത്തിനായി ഒത്തിരി തവണ സ്വന്തം തല കല്ലില്‍ തല്ലിയിട്ടുണ്ട് ഞാന്‍ . തല പൊട്ടിച്ചിതറിപ്പഴുത്തതും ചോര ചാലിട്ടൊഴുകിയതും മാത്രം മിച്ചം. പഴുത്ത മുറിവുകള്‍ ഉണങ്ങിയതുമില്ല. ഒഴുകിയ ചോര നിലച്ചതുമില്ല. ഈച്ചയാര്‍ക്കുന്ന മുറിവുകളോടെയും ദുര്‍ഗന്ധമുയരുന്ന ചോരച്ചാലുകളോടെയും പുറമ്പോക്കിലെ ഈ ജീവിതം അങ്ങനെ കടന്നു പോകുന്നു.

ഞാന്‍ പരിചയിച്ച സ്‌നേഹം ഒരു അല്‍ഭുതവസ്തുവാണ്. അത് ഒരു വിശദീകരണത്തിലും ഒതുങ്ങില്ല. അതു കൊടുത്താല്‍ കിട്ടില്ല. കിട്ടുന്നവര്‍ അത് കൊടുക്കണമെന്നില്ല. പിടിച്ചു വാങ്ങാനോ തട്ടിപ്പറിയ്ക്കാനോ കഴിയില്ല. എടുത്തു കൈയില്‍ കൊടുത്താലും സ്വീകരിക്കപ്പെടണമെന്നില്ല. സ്‌നേഹമെന്നത് എല്ലായ്‌പോഴും ഒരേ പോലെ ഒരാളോട് ഉണ്ടാവണമെന്ന് നിര്‍ബന്ധം പിടിക്കാനും പറ്റില്ല. സ്‌നേഹം ചില കാലങ്ങളില്‍ ചിലരില്‍ ചിലപ്പോഴൊക്കെ ഒരു അളവുകളിലും ഒതുങ്ങാതെ സംഭവിച്ചു പോകുന്ന ഒരു പ്രതിഭാസമാണ്. അതുകൊണ്ടു തന്നെ സ്‌നേഹമെന്ത് എന്ന് വ്യക്തമായിപ്പറയാനുള്ള അറിവെനിക്കില്ല. അല്ലെങ്കില്‍ ജീവിതത്തിനെ പറ്റിയുള്ള സംശയങ്ങളിലും അറിവില്ലായ്മകളിലും കുരുങ്ങുന്ന ഞാന്‍ എന്റെ സ്‌നേഹം പകര്‍ന്ന പാത്രങ്ങള്‍ തകര്‍ന്നും ഞെണുങ്ങിയും പൊടിഞ്ഞും ക്ലാവു പിടിച്ചും പെരുവഴിയില്‍ അനാഥമായിപ്പോയിയെന്ന് മാത്രം പറഞ്ഞ് ആരംഭിക്കാം.

കൂട്ടുകാരന്റെ അമ്മ എന്റെയും അമ്മയാവണമല്ലോ. അവര്‍ക്ക് മകനെന്ന് തോന്നുന്ന ആള്‍ അപ്പോള്‍ എന്റെ കൂട്ടുകാരന്റെ സഹോദരനാവണം. ഞാന്‍ ഓരോരുത്തരെ സ്‌നേഹിക്കാന്‍ കണ്ടുപിടിയ്ക്കുന്ന കാരണങ്ങള്‍ ഇങ്ങനെയൊക്കെയായിരുന്നു. അയാളുടെ ചാരനിറമുള്ള സണ്ണിയിലിരുന്ന് ഞാന്‍ യാത്ര പോയിട്ടുണ്ട്. കൂട്ടുകാരന്റെ കുടുംബ വകയായ ക്ഷേത്രത്തിലെ ദര്‍ശനത്തിന് എനിക്കൊപ്പം കൂട്ടുവന്നത് ആ സണ്ണിയാണ്.

ജീവിതത്തിന്റെ അതീവ സന്നിഗ്ദ്ധമായ ഒരു ഘട്ടത്തില്‍ ഒരു പലായനമെന്നോണം അയാള്‍ ഉത്തരേന്ത്യയിലേക്ക് ഉദ്യോഗം അന്വേഷിച്ച് വന്നപ്പോള്‍ എന്റെ സ്വന്തം സഹോദരന്‍ വന്നതു പോലെ ഞാന്‍ സ്വാഗതം ചെയ്യുകയും ആഹ്ലാദിക്കുകയും ചെയ്തു. നല്ല തണുപ്പ് കാലമായിരുന്നു അത്. അയാള്‍ക്ക് കമ്പിളി വസ്ത്രങ്ങളും ഷൂസും സോക്‌സും രജായിയുമെല്ലാം വാങ്ങിക്കൊടുക്കാനുള്ള പണത്തിനായി ഞാന്‍ എന്റെ കൂട്ടുകാരനോട് കെഞ്ചി.

ഇറച്ചിയും മീനുമൊക്കെ കഴിക്കാന്‍ അയാള്‍ക്ക് ആഗ്രഹമുണ്ടാവുമല്ലോ എന്ന് കരുതി ഞാനവയൊക്കെ വാങ്ങി പാകം ചെയ്തു വിളമ്പി. ഹിന്ദിയോ ഇംഗ്ലീഷോ വേണ്ടതു പോലെ അറിയാത്ത അയാള്‍ക്ക് ജോലി കൊടുക്കാന്‍ എനിക്ക് പരിചയമുള്ളവരോടൊക്കെ ഞാന്‍ ആവശ്യപ്പെട്ടു. അയാളുടെ റെസ്യൂമേ തയാറാക്കി. അയാള്‍ക്ക് ഒരു ഭേദപ്പെട്ട ജീവിതമുണ്ടാക്കിക്കൊടുക്കേണ്ടത് എന്റെ ചുമതലയായി എന്തുകൊണ്ടോ ഞാന്‍ കരുതി.

ഭേദപ്പെട്ട കമ്പനിയില്‍ ജോലി ചെയ്തിരുന്ന എന്റെ അനിയത്തിക്ക് സ്വൈരം കൊടുക്കാതെ അവളോട് എന്നും അയാള്‍ക്കായി ജോലി അഭ്യര്‍ഥിച്ചു. എന്നേക്കാള്‍ പാവവും മണ്ടിയുമായിരുന്ന അവള്‍ക്ക് അയാള്‍ തനിയെ ജോലി കണ്ടുപിടിച്ചുകൊള്ളട്ടെ എന്നോ എന്നെക്കൊണ്ട് അതിനൊന്നും വയ്യെന്നോ ഒക്കെ ആലോചിക്കാന്‍ പോലും കഴിയുമായിരുന്നില്ല.

അയാള്‍ക്ക് രോഗം വന്നപ്പോള്‍ അയാളെ ഞാന്‍ എന്റെ മകനാക്കി മാറ്റി. അത്രത്തോളം വാല്‍സല്യമായിരുന്നു എനിക്കയാളോടുണ്ടായിരുന്നത്. അയാള്‍ ആരെക്കുറിച്ച് എന്തു പറഞ്ഞാലും അത് സത്യമായിരിക്കുമെന്ന് ഞാന്‍ ഉറച്ചു വിശ്വസിച്ചിരുന്നു. അതനുസരിച്ച് എന്റെ ജീവിതത്തിലെ ചില നിര്‍ണായക തീരുമാനങ്ങള്‍ പോലും ഞാനെടുത്തിട്ടുണ്ട്.

വിനയത്തിന്റെ അവതാരമായിരുന്നു അയാള്‍. ഇത്രയും വിനയം ഞാന്‍ മറ്റാരിലും ഇതുവരെ കണ്ടിട്ടില്ല. ഇനി കാണുമെന്നും എനിക്ക് തോന്നുന്നില്ല. ആള്‍രൂപമാര്‍ന്ന വിനയമായി ഒരു മനുഷ്യനു എങ്ങനെ ജീവിയ്ക്കാന്‍ കഴിയുമെന്ന് അയാളെ കാണുമ്പോഴൊക്കെ ഞാന്‍ അതിശയിച്ചിട്ടുണ്ട്. അങ്ങനെയാണ് മനുഷ്യര്‍ ജീവിയ്‌ക്കേണ്ടതെന്ന് വിചാരിച്ചിട്ടുണ്ട്. സുഹൃത്ത് എന്ന നിലയില്‍ അയാള്‍ എനിക്കെന്നും ആശ്വാസമായിരുന്നു. എന്റെ ഏതാവശ്യത്തിനും അയാളുടെ പിന്തുണയും സഹായവും ലഭ്യമായിരുന്നു.

ഒടുവില്‍ എന്റെ അനിയത്തിയുടെ സഹായത്തില്‍ ഉദ്യോഗസ്ഥനാവുകയും വരുമാനം ലഭിക്കുകയും ചെയ്തപ്പോള്‍ എന്റെ ഹൃദയത്തിന്റെ ഒരു കഷണം അയാള്‍ വലിച്ചു പറിച്ച് ! കൊണ്ടുപോയി. ഒന്നു സ്തബ്ധയായെങ്കിലും , ഒടുവില്‍ ഞാനതംഗീകരിച്ചു. അതല്ലാതെ എനിക്ക് മറ്റൊരു മാര്‍ഗവുമുണ്ടായിരുന്നില്ല. അന്നു മുതല്‍ അയാള്‍ എന്റെ അനിയനായി. ജീവിതത്തിലാകെപ്പാടെ എന്നെ ചേച്ചി എന്ന് സംബോധന ചെയ്തിട്ടുള്ള ഒരേ ഒരു ബന്ധുവും അയാളായിത്തീര്‍ന്നു.

സുഹൃത്ബന്ധങ്ങള്‍ കെട്ടിപ്പുലര്‍ച്ചയുടേതായി രൂപാന്തരപ്പെടുമ്പോള്‍ ദയനീയമായി തകര്‍ന്നു പോകുന്നു എന്നാണെന്റെ അനുഭവം. സുഹൃത്ബന്ധത്തിന്റെ തുറവിയും ഉന്മാദവും കരുതലും സ്‌നേഹവും വിശ്വാസവും ഒന്നും സാമൂഹ്യവ്യവസ്ഥകള്‍ നിയമാനുസൃതം അടുക്കടുക്കായി സൃഷ്ടിച്ചിട്ടുള്ള കെട്ടിപ്പുലര്‍ച്ചയുടെ ബന്ധങ്ങള്‍ക്ക് ഉണ്ടാവുക വയ്യ.. കാരണം ഓരോ കുടുംബത്തിനുള്ളിലും അതതിന്റെ കരുത്തും ബലഹീനതയും അന്തര്‍ലീനമായിരിക്കുമല്ലോ.
.
ഞങ്ങളുടെ ഏറ്റവും വലിയ ബലഹീനത അനാഥത്വമായിരുന്നു. ചോദിക്കാനും പറയാനും ആരുമില്ലെന്നതായിരുന്നു. ഒറ്റപ്പെടലുകളുടെ സമരങ്ങളായിരുന്നു. ഞങ്ങളില്‍ അംഗങ്ങള്‍ കൂടുമ്പോള്‍ ഞങ്ങള്‍ സന്തോഷിച്ചു. എന്നാല്‍ വന്നവര്‍ക്ക് അതിനായില്ല, കാരണം ഒറ്റപ്പെടലുകള്‍ അവര്‍ക്ക് അപരിചിതമായിരുന്നു.

സുഹൃത്തിനു ഒറ്റപ്പെടല്‍ വിഷയമാകുന്നില്ല. പക്ഷെ, ബന്ധുവിനു അത് വലിയ വിഷയമാകുന്നു . തന്നെയുമല്ല ആറേഴു വര്‍ഷങ്ങള്‍ക്കുള്ളില്‍ ബലഹീനതയും ഒറ്റപ്പെടലും ചൂഷണത്തിന്റെ പ്രധാന ഉപാധിയായിത്തീരുകയും ചെയ്തു. .

അപ്പോള്‍ അയാളെ നിസ്വാര്‍ഥമായി ഇഷ്ടപ്പെട്ട, മുഖം കറുത്ത് ഒരു വാക്കു പോലും അയാളോട് ശബ്ദിച്ചിട്ടില്ലാത്ത ഞാനായിരുന്നു അയാളുടെ ഏറ്റവും വലിയ ശത്രു. എന്താണ് ഞാന്‍ ചെയ്ത കുറ്റം? അയാള്‍ക്കിഷ്ടമില്ലാതെ വന്നെങ്കിലും അയാള്‍ വലിച്ചെറിഞ്ഞെങ്കിലും എന്റെ ഹൃദയത്തിന്റെ കഷണത്തെ സ്‌നേഹിക്കാനും സംരക്ഷിക്കാനും പിന്തുണയ്ക്കാനും എനിക്ക് ചുമതലയുണ്ടായിരുന്നു. എന്റെ ഹൃദയത്തിന്റെ കഷണങ്ങള്‍ എന്റെ ഗര്‍ഭപാത്രത്തോളം ആഴത്തില്‍ വേരൂന്നിയവയാണ്. അതുകൊണ്ട് ഏതറ്റം വരെയും ആ ചുമതല ഞാന്‍ നിര്‍വഹിച്ചേ കഴിയൂ...

അപ്പോള്‍ തേന്‍ പോലെ മധുരമെന്ന് അന്ന് വരെ ഞാന്‍ ! കരുതിയ വിനയത്തിന്റെയും സൌഹൃദത്തിന്റെയും മറുപുറം ദൃശ്യമായി. .
അത് ഭയാനകവും ജുഗുപ്‌സാവഹവുമായിരുന്നു.

ഇന്നും അങ്ങനെ തന്നെയാണത്. വാക്കുകളസ്ത്രങ്ങളായി എയ്യപ്പെടുമ്പോള്‍ കൊള്ളുന്നയിടം മുറിഞ്ഞ് ചോരയൊഴുകണമെന്നതാണ് വിനയത്തിന്റെ പോലും ശത്രുതാശാസ്ത്രം. കിട്ടിയതൊന്നും ലഭിച്ചില്ലെന്ന് ഘോരഘോരം പറയുന്നതാണ് വിനയത്തിന്റെയും ചൂഷണരീതി. വിനയം പോലും കള്ളം പറയുമ്പോള്‍ പേടിച്ചരണ്ട സത്യം പതുക്കെ പുറത്തിറങ്ങി എത്തി നോക്കുകയേ ഉള്ളൂ. സത്യത്തിനു മുടന്തന്‍ കാലാണല്ലോ ഉള്ളത്. അത് നടന്നു വരുമ്പോഴേക്കും വിനയത്തിന്റെ കള്ളങ്ങള്‍ ലോകം മുഴുവന്‍ പരന്നിരിക്കും. എന്റെ സ്‌നേഹത്തിനു മനസ്സിലാകാതെ പോയ ഭാഷയും രീതിയും ശാസ്ത്രവും എന്നും അതായിരുന്നു.

എന്നിട്ട് ഞാന്‍ വല്ലതും പഠിച്ചോ?

ഇല്ല. കാരണം സ്‌നേഹം മാത്രമായിരുന്നു എന്റെ ഏക നിധി. അതില്‍ നിന്ന് എത്ര എടുത്താലും അതു കുറഞ്ഞു പോകുമായിരുന്നില്ല. കാരണം അത് കുബേരന്റെ ധനം പോലെ ആഴമേറിയതും വിശാലവുമായിരുന്നു.

സ്‌നേഹവര്‍ഷത്തില്‍ തോരാതെ മുങ്ങിക്കുളിച്ചവര്‍, ഒരുപാട് സ്‌നേഹം പകരാനും അത് അത്രയുമായോ അതിലധികമായോ മടക്കിക്കിട്ടാനും ഭാഗ്യമുണ്ടായവര്‍... സ്‌നേഹനാണ്യങ്ങളുടെ ഭണ്ഡാരപ്പുരകള്‍ സ്വന്തമായുള്ളവര്‍.. അവരൊക്കെ സ്‌നേഹത്തെപ്പറ്റി പറയുന്നതു കേട്ടുകൊണ്ട് ഞാനിങ്ങനെ വെറുതേ...

ബാക്കി അടുത്ത കുറിപ്പില്‍...

No comments: