Sunday, July 1, 2018

വ്യാഴവട്ടങ്ങളില്‍ ചിതറിത്തെറിക്കുന്നത്....2

https://www.facebook.com/echmu.kutty/posts/560369900808975?pnref=story

നോവല്‍ 2

ഒരു പെണ്ണിന്റെ ശമ്പളം...അല്ലെങ്കില്‍ വരുമാനം അത് എത്രയാവാം ? നിങ്ങള്‍ക്ക് ആര്‍ക്കെങ്കിലും അറിയുമോ?

എത്രയായിരിക്കണമെന്നതിനെപ്പറ്റി കൃത്യമായ ഒരു കണക്കുണ്ടെന്ന് മനസ്സിലായിട്ടുണ്ടോ?

അത് അവളുടെ ഭര്‍ത്താവിനു കിട്ടുന്നതിനേക്കാള്‍ കുറവായിരിക്കണം എന്നതാണ് ആ കണക്ക്.

കല്യാണം ആലോചിച്ച് വന്ന സകലമാന പേര്‍ക്കും ഈ ഡിമാന്‍ഡ് ഉണ്ടായിരുന്നു. വരനേക്കാള്‍ കൂടുതല്‍ ശമ്പളം പറ്റുന്ന വധു പാടില്ല. ' ഈ ജോലി വേണ്ടാന്ന് വെയ്ക്കു.... മള്‍ട്ടി നാഷണല്‍ കമ്പനികള്‍ , പ്രൈവറ്റ് കമ്പനികള്‍, കോര്‍പ്പറേറ്റുകള്‍ എല്ലാവരും തിന്മയുടെ അവതാരങ്ങള്‍ ആണ്... അവിടങ്ങളില്‍ സ്ത്രീകള്‍ ജോലി ചെയ്യാതിരിക്കുന്നതാണ് ഉത്തമം.'
തന്നേക്കാള്‍ നേരെ ഇരട്ടി വരുമാനമുള്ള പെണ്ണിനെ സ്വീകരിക്കാന്‍ തയാറായവനോട് അങ്ങനേം ഒരു ബഹുമാനമുണ്ടായി.

'അവള്‍ക്ക് നല്ല ജോലിയാണല്ലോ... എനിക്കെന്തായാലും ഒന്നിനും ബുദ്ധിമുട്ടേണ്ടി വരില്ലെന്ന' കല്യാണസമ്മതത്തിനോട് ഒരു ആദരവുണ്ടായി..
പരിചയത്തിന്റെ ലോകത്തുള്ള കാക്കയും ഉറുമ്പും അടക്കം എല്ലാവരും ആളാം വീതം ഉപദേശം തന്നു.

' അദ്ദേഹത്തിനു കോമ്പ്‌ലക്‌സ് ഉണ്ടാവാതെ നോക്കേണ്ടത് നിന്റെ ചുമതലയാണ് കേട്ടോ. നീ വല്യ കമ്പനിയില്‍... ഇരട്ടി ശമ്പളത്തില്‍ ... അദ്ദേഹമാണ് നിന്റെ പരമാധികാരി എന്ന രീതിയിലേ എവിടേം പെരുമാറാവൂ. പുരുഷന്മാര്‍ക്ക് കോമ്പ്‌ലക്‌സ് ഉണ്ടായാല്‍ പിന്നെ വലിയ ബുദ്ധിമുട്ടാണ് ജീവിക്കാന്‍... നീ എപ്പോഴും മറ്റു സ്ത്രീകളേക്കാള്‍ കുറച്ച് കൂടുതല്‍ എളിമപ്പെട്ട് നില്‍ക്കണം. '

ഒരേ ബിരുദമുള്ള, അതും റാങ്കും മാര്‍ക്കും ഒക്കെ കൂടുതലൂള്ള പുരുഷന് ജോലിയുടെ ഏണിപ്പടവുകള്‍ കയറാന്‍ വളരെ എളുപ്പമാണ്.. അയാള്‍ മനസ്സു വെച്ചാല്‍ ...അതു അയാള്‍ അദ്ധ്വാനിച്ച് കയറട്ടെ അങ്ങനെ നിന്റൊപ്പവും തീര്‍ച്ചയായും നിന്നേക്കാള്‍ മേലെയും എത്തട്ടെ, നിന്റെ ജോലിയും പദവിയും അയാള്‍ക്ക് അതിനൊരു പ്രചോദനമാവട്ടെ എന്ന് ആരും പറഞ്ഞില്ല. പകരം നീ അയാള്‍ക്ക് കുറവ് തോന്നിപ്പിയ്ക്കാതെ ജീവിയ്ക്കണം എപ്പോഴും ബഹുമാനം പ്രദര്‍ശിപ്പിച്ചുകൊണ്ട് , വിനയപ്പെട്ടുകൊണ്ട് എന്ന് കാണുന്നവരെല്ലാം സാധിക്കുമ്പോഴൊക്കെ പറഞ്ഞു തന്നു.

കല്യാണം വേണ്ടത് പെണ്ണിനു ..

കുടുംബം വേണ്ടത് പെണ്ണിനു...

മാതൃത്വം അനുഭവിച്ച് സായൂജ്യം നേടേണ്ടത് പെണ്ണിനു...

സ്‌നേഹവും സുരക്ഷിതത്വവും വേണ്ടത് പെണ്ണിനു..

ഇതെല്ലാം ആണിന്റെ മാത്രം പക്കല്‍ ബാങ്കില്‍ ഇട്ടിട്ടുള്ള , ആണിനെ ഊണിലും ഉറക്കത്തിലും സദാ പ്രീണിപ്പിച്ച് കൂടെ നിറുത്തിയാല്‍, സംതൃപ്തനായ ആണിനാല്‍ ദയാപൂര്‍വം അനുഗ്രഹിക്കപ്പെട്ടാല്‍ പെണ്ണിനു മേല്‍ വര്‍ഷിക്കപ്പെടുന്ന സൌഭാഗ്യങ്ങളാണ്.

കൂടുതല്‍ ശമ്പളം, ഉയര്‍ന്ന ജോലി , മുപ്പത്തിനാലു വയസ്സെന്ന പ്രായം, ഇരുണ്ട നിറം... ആദിവാസിയുടേയോ ദളിതയുടേയോ മുഖച്ഛായ ഇതൊക്കെ അവളെന്ന പെണ്ണിന്റെ ഒരിയ്ക്കലും പരിഹരിയ്ക്കാനാവാത്ത കുറവുകള്‍ ആയിരുന്നു.

അപ്പോഴാണ് അവളുടെ ഈ കുറവുകള്‍ക്കിടയിലും പുരുഷന്‍ കനിഞ്ഞു നല്‍കിയ അടുത്ത സൌഭാഗ്യമായി, അമ്മയെന്ന പദവിയിലേക്ക് അവള്‍ നടക്കുവാന്‍ തുടങ്ങിയത്. ഗര്‍ഭം ധരിച്ചാലും പത്തു മാസം ചുമന്നാലും പ്രസവിച്ചാലും പിന്നെ എങ്ങനെയൊക്കെയോ കഷ്ടപ്പെട്ട് വളര്‍ത്തിയാലും ഒന്നും പുരുഷന്‍ നിക്ഷേപിച്ച ആ ബീജത്തിന്റെ മഹത്വത്തിനൊപ്പം വരില്ലല്ലോ അവളുടെ പ്രയത്‌നമൊന്നും തന്നെ...

അപ്പോള്‍ അവള്‍ ആ പാഠം വായിച്ചിരുന്നില്ല. ...

ജീവിതം യാതൊരു തിരക്കും പ്രകടിപ്പിക്കാത്ത ഒരു ഗുരുവാണ്. പാഠങ്ങള്‍ എല്ലാം ഒറ്റയടിയ്ക്ക് ആരേയും പഠിപ്പിക്കുകയില്ല... മെല്ലെ മെല്ലെ ഒരോന്നോരോന്നായി ആവശ്യം പോലെ സമയമെടുത്തേ പഠിപ്പിക്കുകയുള്ളൂ...കാരണം ജീവിതപ്പരീക്ഷ നമ്മള്‍ തനിച്ചു മാത്രം എഴുതേണ്ടതാണ്.. ഓരോരുത്തരുടേയും സിലബസ്സും പരീക്ഷാതീയതിയും സമയവും ഫലവും ഒക്കെ വേറെവേറെയാണ്...

( തുടരും )

No comments: