Wednesday, July 18, 2018

വ്യാഴവട്ടങ്ങളില്‍ ചിതറിത്തെറിക്കുന്നത്...47

https://www.facebook.com/echmu.kutty/posts/656734607839170
നോവല്‍ 47

മീഡിയേഷനു വന്ന വക്കീലിന്റെ മുന്നില്‍ അവള്‍ കണ്ണീരോടെ ഇരുന്നു. അവളുടെ വക്കീല്‍ ഗുമസ്തന്‍ അവള്‍ക്ക് കൂട്ടായെന്ന പോലെ ആ മുറിയില്‍ തന്നെ മറ്റൊരു കസേരയില്‍ ഇരുപ്പു പിടിച്ചിരുന്നു. കുട്ടിയെ നല്ല സ്‌കുളില്‍ , ബോര്‍ഡിംഗില്‍ നിറുത്തി അവന്റെ ജീവിതം നന്നാക്കണമെന്ന മോഹം മാത്രമേ അവള്‍ക്കുണ്ടായിരുന്നുള്ളൂ. മുഴുവന്‍ സമയവും അച്ഛന്‍ അമ്മയെ ദുഷിക്കുന്നത് കേട്ട് കേട്ട് , ഒന്നിനും ഒരു അടുക്കും ചിട്ടയും സംസ്‌ക്കാരവുമില്ലാതെ വളര്‍ന്ന് അവന്‍ നശിച്ചു പോകരുതെന്ന ഉല്‍ക്കണ്ഠയായിരുന്നു അവളുടേത്. അവധിക്കാലം അവന്‍ അച്ഛനൊപ്പം തന്നെ ചെലവഴിച്ചോട്ടെ... പഠിത്തത്തിലും സ്‌പോര്‍ട്‌സിലും ഒക്കെ മിടുക്കനാവാന്‍ , ഈ വഴക്കിന്റെ അന്തരീക്ഷത്തില്‍ നിന്ന് മാറി നില്‍ക്കുന്നതല്ലേ മകനു നല്ലതാവുക എന്നായിരുന്നു അവളുടെ വിചാരം.

മകന്‍ അച്ഛനൊപ്പം കുറച്ച് ദൂരെ ഇരുന്ന് 'കൊല്ലും, കൊന്നു കളയും' എന്ന് പിറുപിറുക്കുന്നുണ്ടായിരുന്നു. 'തുലഞ്ഞു പോ' എന്ന് ശപിക്കുന്നുണ്ടായിരുന്നു. അവന്‍ ഇടതു കൈയിന്റെ നടുവിരല്‍ നിവര്‍ത്തിക്കാണിക്കുന്ന അശ്ലീലാംഗ്യം കൂടി പ്രദര്‍ശിപ്പിച്ചപ്പോള്‍ അവള്‍ ഞെട്ടിപ്പോയി. അവളുടെ ഭര്‍ത്താവ് അവനെ വിലക്കുന്നതിനു പകരം പലതും പറഞ്ഞ് എരികേറ്റി പ്രോല്‍സാഹിപ്പിക്കുകയാണെന്നും അവള്‍ കണ്ടു.

കുട്ടിയെ ബോര്‍ഡിംഗില്‍ വിടണമെന്ന അവളുടെ ആവശ്യം ന്യായമാണെന്ന് മീഡിയേഷന്‍ വക്കീലിനു സമ്മതിക്കേണ്ടി വന്നു.
അവള്‍ക്ക് ശേഷം മോനും ഭര്‍ത്താവും മീഡിയേറ്ററോട് സംസാരിച്ചു. അമ്മയെ കാണാന്‍ പുരുഷന്മാര്‍ ആ വീട്ടില്‍ വരാറുണ്ടെന്നും അമ്മയുടെ ചേട്ടത്തിയമ്മയാണ് എല്ലാറ്റിനും കാരണമെന്നും മകന്‍ പറഞ്ഞു. അമ്മ അവനെ തല്ലുമെന്നും ആഹാരം നല്‍കില്ലെന്നും തന്നെ വെച്ചു കഴിക്കാന്‍ നോക്കിയപ്പോള്‍ കൈ പൊള്ളിയെന്നും അവന്‍ പരാതിപ്പെട്ടു.

ചേട്ടത്തിയമ്മയെ കൊല്ലണമെന്നാണ് ആഗ്രഹമെന്ന് അവളുടെ ഭര്‍ത്താവ് രോഷം കൊണ്ടപ്പോള്‍ മീഡിയേറ്റര്‍ പറഞ്ഞു. 'എന്നാ പിന്നെ അങ്ങനാവട്ടെ. അവരു മരിക്കും , നിങ്ങള്‍ ജയിലിലാകും, കുട്ടിയെ നിങ്ങളുടെ ഭാര്യ കൊണ്ടുപോകും. '

അവള്‍ പിഴച്ചവളാണെന്ന് പറഞ്ഞുകൊണ്ടിരിക്കുന്ന ഭര്‍ത്താവിനും മകനുമൊപ്പം അവിടെ ഇരിക്കാന്‍ ഒട്ടും താല്‍പര്യമുണ്ടായിരുന്നില്ലെങ്കിലും ആ പ്രക്രിയ തീരും വരെ കാത്തിരിക്കാന്‍ അവള്‍ നിര്‍ബന്ധിതയായിരുന്നു.

അവന്‍ അവളെ അധിക്ഷേപിക്കുമ്പോഴും അവളിലെ അമ്മയ്ക്ക് പ്രസവിച്ച മകന്റെ താടിക്ക് ഒന്നു പിടിക്കണമെന്ന് കൊതി തോന്നി. അവള്‍ അവനെ ഒന്നു തൊടാന്‍ ശ്രമിച്ചപ്പോള്‍ അവളുടെ ഭര്‍ത്താവ് അലറി.
'ഡോണ്ട് ടച്ച് ഹിം.'

ആ നിമിഷം ഒരു കത്തിയോ തോക്കോ കൈയിലുണ്ടായിരുന്നെങ്കില്‍ അവള്‍ ഒരു കൊലപാതകിയായിത്തീരുമായിരുന്നു.

വീണ്ടും രണ്ടു ദിവസം കൂടി മിഡിയേഷന്‍ വെച്ചിരുന്നെങ്കിലും അവള്‍ അതിനു പോയില്ല. അവള്‍ക്ക് പുതുതായൊന്നും പറയാനുണ്ടായിരുന്നില്ല.
അയാള്‍ വന്നിരുന്നുവെന്ന് വക്കീല്‍ ഗുമസ്തന്‍ അവളോട് ഫോണില്‍ പറഞ്ഞു.

ഡൊമസ്റ്റിക് വയലന്‍സ് കേസില്‍ പരാതി ഫയല്‍ ചെയ്ത് ഒമ്പതു മാസമായിട്ടും മജിസ്ടറേറ്റ് കോടതി ഒരുത്തരവും പുറപ്പെടുവിച്ചിരുന്നില്ല.
അത്തവണത്തെ കേസ് ഡേറ്റിനു അവള്‍, ഫ്‌ലാറ്റിന്മേലുള്ള അവളുടെ അവകാശം, അവള്‍ വാങ്ങിയ കടയുടെ ഓണര്‍ഷിപ്പ് പേപ്പര്‍, ലോക്കറിലും ഫ്‌ലാറ്റിലും അവള്‍ വെച്ചിട്ടുള്ള സ്വര്‍ണം, അയാള്‍ക്ക് അവള്‍ വാങ്ങിക്കൊടുത്ത ഭൂമിയ്ക്ക് ചെലവാക്കിയ പണം എല്ലാറ്റിന്റേയും പുറത്ത് അവകാശമുന്നയിച്ചുകൊണ്ടുള്ള പെറ്റീഷന്‍ മജിസ്‌റ്റ്രേറ്റ് കോടതിയില്‍ നല്‍കി. അന്നയാള്‍ കോടതിയില്‍ വന്നതേയില്ല. കരിങ്കല്ലിന്റെ മുഖഭാവവുമായി ഇരിക്കുന്ന വനിതാ മജിസ്‌ട്രേറ്റ് കേസ് അടുത്ത അവധിയ്ക്ക് വെച്ചു.

കാത്തിരിപ്പിന്റെ കാലം അങ്ങനെ സെക്കന്‍ഡുകളായി കടന്നു പോയി.

( തുടരും )

No comments: