Saturday, July 28, 2018

അന്നദാനമെന്ന പുണ്യം.


https://www.facebook.com/photo.php?fbid=992005424312085&set=a.526887520823880.1073741826.100005079101060&type=3&theater



ഇന്നായിരുന്നു ആ ദിവസം .... അങ്ങനെ എല്ലാം തീര്‍ത്ത് ആഹാരവും നല്‍കി ഞങ്ങള്‍ അമ്മയുടെ ക്രിയാകര്‍മ്മാദികള്‍ അവസാനിപ്പിച്ചു. ഇനി എല്ലാവരും സ്വന്തം ജീവിതത്തിന്റെ അലകടലില്‍ തോണികള്‍ തുഴയണം.... അതെവിടെയായാലും എത്ര ക്ലിഷ്ടമായാലും.. ആരുണ്ടെങ്കിലും ഇല്ലെങ്കിലും ..

ഞങ്ങള്‍ക്ക് വേണ്ടി അളവില്ലാത്ത മര്‍ദ്ദനങ്ങള്‍ സഹിച്ച, അപമാനവും നിന്ദയും മാത്രം എന്നും കുടിച്ച, വേദനകളില്‍ പുളഞ്ഞ, കണ്ണില്‍ നിന്നും തീത്തുള്ളികള്‍ ഒഴുക്കിയ, ധനനഷ്ടങ്ങളേയും മാനനഷ്ടങ്ങളേയും ഉള്‍ക്കരുത്തോടെ നേരിട്ട അമ്മയ്ക്ക് മുന്നില്‍ , ഒരു മര്‍ദ്ദനത്തിലും തകര്‍ച്ചയിലും നഷ്ടത്തിലും തലകുനിയ്ക്കാത്ത മക്കളായി ഞങ്ങള്‍ക്ക് നിലനിന്നേ തീരു..

ഞങ്ങള്‍ക്ക് അമ്മയോടുള്ള കടവും കടമയും അങ്ങനെ മാത്രമേ വീട്ടാനായി പരിശ്രമിക്കാന്‍ പറ്റൂ. അതുകൊണ്ടാണ് കുറെ അമ്മമാര്‍ക്ക് അന്നദാനം ചെയ്യാമെന്ന് ഞങ്ങള്‍ തീരുമാനിച്ചതും .

ആ അമ്മമാരൊക്കെ യൂറിന്‍ ട്യൂബ് ശരീരത്തില്‍ ഘടിപ്പിച്ചിരുന്നു. അമ്മയുടെ വാക്കിംഗ് സ്റ്റിക് പിടിച്ച് സുഖമായി നടക്കാനാവുന്നുവെന്ന് പറഞ്ഞ ഒരമ്മ അനിയത്തിമാരുടേ ശിരസ്സില്‍ കൈ വെച്ചനുഗ്രഹിച്ചു.. എല്ലാം നന്നാവും.. എല്ലാം ശരിയാവും എന്ന് പറഞ്ഞു.

ഒരമ്മ ഒന്നെടുത്ത് ഒക്കത്ത് വെയ്ക്കാമോ എന്ന് ചോദിച്ചു. ഞങ്ങള്‍ക്ക് അത് സാധിച്ചില്ല.അവരുടെ ശരീരം വല്ലാതെ കുഴഞ്ഞു പോയിരുന്നു. പിന്നൊരമ്മ ഭക്ഷണത്തിനു താങ്ക്യൂ എന്ന് പറഞ്ഞു. അതീവ സുന്ദരിയായ ഒരു അമ്മയുണ്ടായിരുന്നു, പക്ഷെ, അവര്‍ക്ക് സംസാരിക്കാന്‍ കഴിവില്ല. തലച്ചോറിലെ രക്തസ്രാവം അവരെ തീര്‍ത്തും മൌനിയാക്കിയിരിക്കുന്നു.

അനിയത്തിയുടെ മകളെ എല്ലാ അമ്മമാരും പ്രത്യേകം അനുഗ്രഹിച്ചു..

പലവട്ടം കണ്ണുകള്‍ നിറഞ്ഞെങ്കിലും ഞങ്ങള്‍ കണ്ണീരിനെ ബലമായി അകത്തേക്ക് വലിച്ചു, ഗദ്ഗദം തൊണ്ടക്കുഴിയില്‍ സമ്മര്‍ദ്ദമുണ്ടാക്കിയെങ്കിലും ഞങ്ങള്‍ ഗദ്ഗദത്തെ അതിജീവിച്ചു. ആ അമ്മമാരോടൊപ്പമിരുന്ന് ആഹാരം കഴിച്ചു....

ഞങ്ങളുടെ അമ്മ എവിടെയെങ്കിലും ഇരുന്നു അതൊക്കെ അറിയുന്നുണ്ടാവും.. സന്തോഷിക്കുന്നുണ്ടാവും..

അത്തരമൊരു സുപ്രതീക്ഷയില്‍ ശുഭവിശ്വാസത്തില്‍ ഞങ്ങള്‍ മടങ്ങി..

No comments: