Monday, July 16, 2018

വ്യാഴവട്ടങ്ങളില്‍ ചിതറിത്തെറിക്കുന്നത്....41

https://www.facebook.com/echmu.kutty/posts/602194723293159?pnref=story&_rdc=1&_rdr
നോവല്‍ 41.

മോനും അവളും ചേട്ടത്തിയമ്മയും കൂടി അയാള്‍ അവള്‍ക്കയച്ച ലിസ്റ്റിലെ പല സ്‌കൂളുകളൂം പോയിക്കണ്ടു. അഡ്മിഷന്‍ ശരിയാക്കിക്കഴിഞ്ഞാല്‍ മാളിലെ ഐസ് സ്‌കേറ്റിംഗിനു കൊണ്ടുപോവണമെന്ന് അമ്മയോട് അവന്‍ ആശ പ്രകടിപ്പിച്ചു.

പല സ്‌കൂളുകള്‍ കണ്ടതില്‍ ഒരു സ്‌കൂള്‍ അവന് വലിയ ഇഷ്ടമായി. അവിടേയ്ക്കുള്ള അവന്റെ ആദ്യ പ്രവേശനം തന്നെ അതിഗംഭീരമായിരുന്നു. കാറിനു പോകാന്‍ അനുവാദമില്ലാത്ത വഴികളിലൂടെ ഒക്കെ ഓടി അത് നേരെ ഓഫീസിനകത്തേക്ക് ചെന്നു കയറി. ത്രീ ഇഡിയറ്റ്‌സിലെ ആമിര്‍ഖാന്‍ രോഗിയേയും കൊണ്ട് സ്‌കൂട്ടറില്‍ ആശുപത്രി വാര്‍ഡില്‍ എത്തിയപോലെ ആയിരുന്നു അത്. പ്രിന്‍സിപ്പലടക്കം എല്ലാവരും പുറത്തിറങ്ങി വന്ന് 'ആരെടാ ഇത് 'എന്ന് ശ്രദ്ധിച്ചു. ആദ്യം അബദ്ധം പറ്റിയ ഒരു ജാള്യമുണ്ടായിരുന്നെങ്കിലും ആ അതീവ ശ്രദ്ധ പിന്നെ അവന്‍ ഒരു കുസൃതിരസത്തോടെ, കള്ളച്ചിരിയോടെ ആസ്വദിച്ചു.

അവന്‍ എന്‍ട്രന്‍സ് പരീക്ഷ എഴുതി.

പഴയ സ്‌ക്കൂളിലെ പരീക്ഷയില്‍ തോല്‍ക്കാന്‍ കാരണം അമ്മയാണെന്ന് അച്ഛന്‍ അവനെ പറഞ്ഞു ബോധ്യമാക്കിയിരുന്നു. അമ്മ ആ സ്‌കൂളില്‍ ചെന്ന് അച്ഛന്‍ ഒരു കുടിയനാണെന്ന് പറഞ്ഞതുകൊണ്ടാണ് അവര്‍ അവനെ തോല്‍പ്പിച്ചത്. കുടിയന്മാരുടെ മക്കളെ ഒന്നും ആ സ്‌കൂളില്‍ പഠിപ്പിക്കില്ല.

പുതിയ സ്‌കൂളില്‍ അമ്മ അങ്ങനെ പറയാതെ നോക്കണമെന്ന്, അവന്റെ വീട്ടില്‍ വഴക്കുണ്ടെന്ന് പറയാതെ നോക്കണമെന്ന് അവന്‍ അമ്മായിയോട് പറഞ്ഞു. അമ്മായി വയസ്സിനു മൂത്തതായതുകൊണ്ട് അമ്മായി പറഞ്ഞാല്‍ അമ്മ കേള്‍ക്കുമെന്ന് അവന്‍ വിശ്വസിക്കുന്നുണ്ടെന്നായിരുന്നു അവന്റെ ന്യായം.

അവളുടെ വിസിറ്റിംഗ് കാര്‍ഡ് കണ്ടപ്പോഴാണ് സ്‌കൂള്‍ അധികൃതര്‍ അവനു പ്രവേശനം നല്‍കാമെന്ന് സമ്മതിച്ചത്. വാര്‍ഷിക ഫീസ് ആറുലക്ഷമായിരുന്നു. അഡ്വാന്‍സായി അരലക്ഷം അവള്‍ അപ്പോള്‍ തന്നെ നല്‍കി. അങ്ങനെ ഒരു ബോര്‍ഡിംഗ് സ്‌ക്കൂള്‍ അവനായി കാത്തിരിക്കാന്‍ തയാറായി.

പിന്നെയും ഒന്നു രണ്ട് സ്‌കൂളുകളില്‍ കൂടി അവള്‍ സ്വന്തം കാര്‍ഡ് കാണിച്ച് പ്രവേശനം ഉറപ്പിച്ചു. കാരണം അവന്റെ എന്‍ട്രന്‍സ് പരീക്ഷാ റിസല്‍റ്റ് അത്ര മെച്ചമൊന്നുമായിരുന്നില്ല, എവിടേയും. എന്നാല്‍ അയാളുടെ ലിസ്റ്റില്‍ ആദ്യത്തെ ബോര്‍ഡിംഗ് സ്‌ക്കൂള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അയാളുടെ ലിസ്റ്റിലെ മറ്റൊരു സ്‌കൂളില്‍ കൂടി അവള്‍ പണമടച്ച് അഡ്മിഷന്‍ ഉറപ്പാക്കി. അവര്‍ മൂന്നുലക്ഷമായിരുന്നു അഡ്വാന്‍സ് ആവശ്യപ്പെട്ടത്. മുഴുവന്‍ ഫീസ് ഒമ്പതുലക്ഷമായിരുന്നു അവിടെ.

യാത്രയിലുടനീളം അവന്‍ പൂര്‍ണ സന്തോഷവാനായിരുന്നു. അവനെ സ്‌ക്കൂളില്‍ ചേര്‍ക്കാന്‍ പോകുമ്പോള്‍ അമ്മായിയും വരണമെന്നും അവിടെ വന്നിട്ട് പിന്നെ അമ്മായിക്ക് അമ്മാവന്റെടുത്തേക്ക് മടങ്ങാമെന്നും മറ്റും അവന്‍ ഇഷ്ടം പോലെ സംസാരിച്ചിരുന്നു.

യാത്ര കഴിഞ്ഞ് തിരികെ വന്ന് അച്ഛനെ പോയി കണ്ടപ്പോള്‍ അവന്റെ നിലപാട് മാറി. അവന്‍ വീട്ടിനടുത്ത് മാത്രമേ പഠിക്കു എന്നായി. അയാള്‍ തുടരെത്തുടരെ അവളെ ചീത്ത പറഞ്ഞ് ഈ മെയിലുകള്‍ അയച്ചുകൊണ്ടിരുന്നു. അവന്റെ പഠിത്തക്കാര്യത്തില്‍ അവള്‍ക്ക് ശ്രദ്ധയില്ലെന്നും ഒരു തെരുവുപട്ടിയെ കൂടെ പാര്‍പ്പിച്ച് അതിന്റെ വാക്കുകള്‍ക്കനുസരിച്ച് അവള്‍ ജീവിക്കുന്നുവെന്നുമായിരുന്നു അയാള്‍ എഴുതിക്കൊണ്ടിരുന്നത്.

അവള്‍ അപ്പോഴും അയാള്‍ക്ക് മര്യാദയില്ലാത്ത മറുപടികളൊന്നും തന്നെ എഴുതിയില്ല. അവന്റെ സ്‌കൂള്‍ പ്രവേശനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ എല്ലാം എഴുതുകയും ചെയ്തു.

ചേട്ടത്തിയമ്മയെ തെരുവുപട്ടി എന്ന് അയാള്‍ വിളിച്ചതറിഞ്ഞ് അവളുടെ തികച്ചും ശാന്തരായ സഹപ്രവര്‍ത്തകര്‍ കൂടി അതീവ രോഷാകുലരായി. അവര്‍ക്കെല്ലാം അയാളോട് നേരത്തെ തന്നെ കടുത്ത വിരോധമായിക്കഴിഞ്ഞിരുന്നു. അവളുടെ സുരക്ഷയെക്കുറിച്ച് അവര്‍ക്ക് പോലും എന്നും ആകുലരാവേണ്ടി വരുന്ന സ്ഥിതിവിശേഷമാണല്ലോ അയാള്‍ എപ്പോഴും ഉണ്ടാക്കിക്കൊണ്ടിരുന്നത്.

അങ്ങനെ ഒരു ദിവസം ഉച്ചനേരത്താണ് സൈബര്‍ സെല്ലിലെ ഓഫീസര്‍മാര്‍ വന്നത്. അവര്‍ സാധാരണ ഉടുപ്പുകളിലായിരുന്നു. അവനോട് അവര്‍ സംസാരിച്ചു. എന്നാല്‍ അവര്‍ പോലിസുകാരാണെന്ന് അവനു വിശ്വാസം വന്നില്ല. അവന്‍ അവരുടെ ഐ ഡി കാര്‍ഡ് ചോദിച്ചു. അവള്‍ എഴുതിയ പരാതിയും അവന്‍ വായിച്ചു. ആരു ചെയ്തു എന്ന് കണ്ടുപിടിക്കണമെന്നാണ് അവള്‍ പരാതിപ്പെട്ടിരുന്നത്. അവനാണ് ചെയ്തതെന്ന് പോലീസുകാരോട് അവന്‍ സമ്മതിച്ചു. ടോയ് ലറ്റിലിരുന്നാണ് അയച്ചു കൊടുത്തതെന്നും അവന്‍ ഏറ്റുപറഞ്ഞു. അവര്‍ യാത്ര പറഞ്ഞു പിരിഞ്ഞപ്പോള്‍ അവന്‍ ഉടനെ അച്ഛനെ വിളിച്ചു വിവരമറിയിച്ചു.

അവളുടെ ഓഫീസിലെ ആരോ വേഷം കെട്ടി വന്നതാണെന്നായിരുന്നു അയാളുടെ വിചാരം. അതിന്റെ പിന്നില്‍ ചേട്ടത്തിയമ്മയുടെ ബുദ്ധിയാണ് കളിച്ചതെന്നും അയാള്‍ ഉറപ്പാക്കി. ആ വിവരം അയാള്‍ അപ്പോള്‍ തന്നെ മകനു പകര്‍ന്നു നല്‍കുകയും ചെയ്തു.

അടുത്ത ദിവസം ഒരു ഞായറാഴ്ചയായിരുന്നതുകൊണ്ട് അവനെ അവരുടെ പഴയ ഫ്‌ലാറ്റിന്റവിടെ കളിയ്ക്കാന്‍ കൊണ്ടുവിട്ട ശേഷം അമ്മയും അമ്മായിയും കൂടി ആ വീട്ടില്‍ ജോലി ചെയ്തിരുന്ന മെയിഡിനെ കാണുവാന്‍ പോയി. അവന്റെയും അയാളുടേയും വിവരങ്ങള്‍ അവള്‍ക്ക് നല്‍കിയിരുന്ന ഒരു പ്രധാന വ്യക്തിയായിരുന്നു ആ മെയിഡ്. കാരണം മെയിഡിനു അവളോടുണ്ടായിരുന്ന കൂറ് അപാരമായിരുന്നു. അയാള്‍ കുഞ്ഞിനെ എങ്ങനെയെല്ലാം വഴിതെറ്റിയ്ക്കുന്നുവെന്ന് ആ പെണ്‍കുട്ടി അന്നും സങ്കടപ്പെടാതിരുന്നില്ല. അവന്‍ അമ്മയെ തല്ലിക്കൊല്ലുന്നത് കാണാന്‍ കാത്തിരിക്കുകയാണ് ആ അച്ഛനെന്ന് പറയുമ്പോള്‍ ആ പെണ്‍ കുട്ടിയുടെ മുഖത്ത് വല്ലാത്ത ഉല്‍ക്കണ്ഠയുണ്ടായിരുന്നു.

മടക്കത്തില്‍ മകനെ കൂട്ടാന്‍ ചെന്ന അവളേയും ചേട്ടത്തിയമ്മയേയും സൈബര്‍ സെല്ലില്‍ പരാതികൊടുത്തതിനു അയാള്‍ കണക്കറ്റു ഭര്‍ല്‌സിച്ചു. ചേട്ടത്തിയമ്മയുടെ ഫോട്ടോ എടുത്തു.അവരെ ഒരുപാട് അസഭ്യം പറഞ്ഞു. അവന്‍ സന്തോഷത്തോടെ എല്ലാം കേട്ടിരുന്നിട്ട് അമ്മയ്‌ക്കൊപ്പം അമ്മയുടെ വീട്ടിലേയ്ക്ക് മടങ്ങി വന്നു. ചേട്ടത്തിയമ്മയാണോ ആ പരാതിയ്ക്ക് പിന്നില്‍ എന്നുറപ്പിയ്ക്കാനായി മാത്രം അയാള്‍ പോലീസ് കമ്മീഷണര്‍ക്കും സ്റ്റേറ്റ് ചൈല്‍ഡ് വെല്‍ഫയര്‍ ബോര്‍ഡിനും അന്നു രാത്രി തന്നെ പരാതിയും എഴുതി.

വെല്‍ഫെയര്‍ ബോര്‍ഡ് എന്തായാലും ഒന്നും അന്വേഷിച്ചില്ല. പോലീസ് കമ്മീഷണര്‍ ഓഫീസില്‍ നിന്ന് അവന്റെ അമ്മയ്ക്കും അമ്മായിയ്ക്കും അവിടെ ഹാജരാകാന്‍ ആവശ്യപ്പെട്ടുകൊണ്ട് കൃത്യമായി ഫോണ്‍ വന്നു.സൈബര്‍ സെല്ലുകാര്‍ പരാതി അന്വേഷിച്ചതില്‍ തെറ്റൊന്നും പറ്റിയിട്ടില്ലെന്നും അവനെ അയാള്‍ പരാതിപ്പെട്ടതു പോലെ ആരും ബുദ്ധിമുട്ടിക്കുകയോ വേദനിപ്പിക്കുകയോ ഉപദ്രവിക്കുകയോ ചെയ്തിട്ടില്ലെന്നും പോലീസുകാര്‍ അവളോടും ചേട്ടത്തിയമ്മയോടും പല ചോദ്യങ്ങള്‍ ചോദിച്ച് ഉറപ്പ് വരുത്തുകയും അവരില്‍ നിന്ന് സ്റ്റേറ്റ്‌മെന്റ് എടുക്കുകയും ചെയ്തു. അയാളെ നേരിട്ട് വിളിപ്പിച്ച് ആ തെറ്റിദ്ധാരണ മാറ്റിക്കൊള്ളാമെന്ന് അവര്‍ ഏറ്റു. കുടുംബജീവിതത്തിലെ അലട്ടലുകള്‍ കുട്ടികളെ എത്രയെല്ലാം ബുദ്ധിമുട്ടിക്കുന്നുവെന്ന് മാത്രമാണ് പോലീസ് ഓഫീസര്‍മാര്‍ക്കും അവളോട് പറയാനുണ്ടായിരുന്നത്. അവള്‍ നിസ്സഹായയാണെന്നും അച്ഛനാണീ കഥയിലെ കുറ്റവാളിയെന്നും പോലീസുകാര്‍ തന്നെ സമ്മതിക്കാതിരുന്നില്ല.

ഡൊമസ്റ്റിക് വയലന്‍സ് കേസ് ഫയല്‍ ചെയ്താല്‍ ഉടനെ സ്ത്രീ സുരക്ഷ ഉറപ്പാക്കപ്പെടും എന്നാണല്ലോ പറഞ്ഞു കേട്ടിട്ടുള്ളത്. അത് അങ്ങനെയൊന്നുമല്ലെന്ന് അവള്‍ക്ക് മനസ്സിലായി. അയാള്‍ നോട്ടീസ് സ്വീകരിച്ച് കോടതിയില്‍ വരാതെ, അയാളുടെ മറുപടി ലഭിയ്ക്കാതെ കോടതി ഏകപക്ഷീയമായ ഒരു തീരുമാനവും എടുക്കുകയില്ല. അവളോട് സുരക്ഷാ ഓഫീസറെ കാണുവാന്‍ മജിസ്‌ട്രേറ്റ് ഓര്‍ഡര്‍ നല്‍കിയതനുസരിച്ച് അവള്‍ ആ മാഡത്തെ പോയിക്കണ്ടു കഥകള്‍ എല്ലാം വിസ്തരിച്ചു പറഞ്ഞു. അവള്‍ ഒറ്റയ്ക്ക് താമസിക്കുന്ന വീട്ടില്‍ അവളില്ലാത്തപ്പോള്‍ മകന്റെ ഒത്താശയോടെ കയറി വന്ന് , അവളുടെയും പേരുള്ള പഴയ വീടിന്റെ സര്‍ട്ടി ഫൈഡ് ആധാരം അയാള്‍ മോഷ്ടിച്ചുകൊണ്ടു പോയ വിവരമറിഞ്ഞ് ആ ഓഫീസര്‍ പോലും ഞെട്ടിപ്പോയി. അവര്‍ തികഞ്ഞ സഹതാപത്തോടെ എല്ലാം കേട്ടിരുന്നു. വിശദമായ കുറിപ്പ് എഴുതി.

ഞെട്ടലും സഹതാപവുമൊക്കെ കഴിഞ്ഞ് തിരികെ വരുമ്പോള്‍ അവരുടെ അസ്സിസ്റ്റന്‍ഡുമാര്‍ തയാറായി നില്‍പ്പുണ്ടായിരുന്നു. നാലായിരം രൂപയെങ്കിലും കൊടുത്തില്ലെങ്കില്‍ നല്ല റിപ്പോര്‍ട്ട് കോടതിയില്‍ കൊടുക്കില്ലെന്നും അയാള്‍ക്ക് നോട്ടീസ് സെര്‍വ് ചെയ്യില്ലെന്നും അവര്‍ പോലീസ് മുറയില്‍ ഭീഷണിപ്പെടുത്തി. അവള്‍ക്ക് പണം കൊടുക്കുകയല്ലാതെ വേറെ വഴിയൊന്നുമുണ്ടായിരുന്നില്ല.നമ്മുടെ നാട്ടിലെ നീതി തേടലില്‍ പരാതിപ്പെടുന്നവരെ ഭയപ്പെടുത്തി പണം പിടുങ്ങുന്നതും ഒരു പ്രധാന ഭാഗമാണല്ലോ.

മോന്‍ അവള്‍ക്കൊപ്പം തന്നെ നിന്നിരുന്നുവെങ്കിലും മിക്കവാറും എന്നും അച്ഛനെ കാണാനും കൂട്ടുകാരുമൊത്തു കളിക്കാനും ആ വീടുള്ള ഫ്‌ലാറ്റ് സമുച്ചയത്തില്‍ പോകുമായിരുന്നു. സ്വാഭാവികമായും തിരികെ വരുമ്പോള്‍ അവന്‍ വഴക്ക് കൂടാനുള്ള മൂഡിലായിരിക്കും. വളരെ സൂക്ഷിച്ച് ഇടപെട്ടില്ലെങ്കില്‍ കാര്യങ്ങള്‍ വഷളാകും എന്ന അവസ്ഥ എപ്പോഴും വീട്ടില്‍ സംജാതമായിരുന്നു.

അങ്ങനെ ഒരു രാത്രിയായിരുന്നു അത്, അവനു വേണ്ടി ചേട്ടത്തിയമ്മ പാസ്ത ഉണ്ടാക്കുമ്പോള്‍ , അവനറിയാതെ ചൂടുപാത്രത്തില്‍ കൈ തൊട്ടു പോയി... അവന്‍ അലറി കരഞ്ഞു, പിഴിഞ്ഞു അവന്റെ അച്ഛനെ വിളിച്ചു, ആ ഫോണ്‍ അവന്‍ അവളുടെ ചെവിയില്‍ വെച്ച് അയാളുടെ തെറി മുഴുവന്‍ കേള്‍പ്പിച്ചു..അത്രയും ആയപ്പോള്‍ പിന്നെ അവന് അതിവേഗം നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു.

അമ്മയെ അടിച്ചുകൊല്ലുമെന്ന് അവന്‍ ഭീഷണിപ്പെടുത്തി. കൈയും കാലും ഒടിച്ചിട്ടാല്‍ ജോലിക്ക് പോകുന്നതൊന്നു കാണണമെന്നും കാറില്‍ പോകുമ്പോള്‍ ലോറി കയറ്റിയാല്‍ അമ്മയുടെ പണി കഴിയുമെന്നും അങ്ങനെ അമ്മയുടെ ഡെത്ത് ആനിവേഴ്‌സറി അവന്‍ ആഘോഷിക്കുമെന്നും അലറി. പിന്നെ തുടരെത്തുടരെ ബിച്ച് എന്നും നപുംസകമേ എന്നും വിളിച്ചു. ഓഫീസിലെ സകല ജൂനിയേഴ്‌സുമായി അമ്മയ്ക്ക് ലൈംഗികബന്ധമില്ലേ എന്ന് ചോദിച്ചു.

അവള്‍ അവനെ കൈവീശി ഒറ്റയടി കൊടുത്തപ്പോള്‍ അവനുറക്കെ നിലവിളിച്ചുകൊണ്ട് അവളുടെ കൈ പിടിച്ചു ആഞ്ഞു തിരിച്ചു. പിന്നെ അവള്‍ ബാല്‍ക്കണിയില്‍ നിന്ന് മുറിയിലേക്ക് വരാന്‍ കൂട്ടാക്കിയില്ല. രാത്രി നാലു മണി വരെ അവള്‍ ബാല്‍ക്കണിയില്‍ തന്നെ ഒരേ നില്‍പ്പ് നിന്നു. അവന്‍ അച്ഛനെ വിളിച്ചു. അലറിക്കരഞ്ഞു. അയാള്‍ ഉടനെ വരാമെന്നു പറഞ്ഞെങ്കിലും വന്നില്ല. അവന്‍ ഒരുപാടു സമയം കാത്തിരുന്നു .ഒടുവില്‍ കട്ടിലില്‍ പോയി കിടന്നു.. കരഞ്ഞുകൊണ്ട്.. അന്നേരമാണ് ചേട്ടത്തിയമ്മ അവനോട് സംസാരിച്ചത്..

'എന്തിനാണ് മോനെ, നീ അച്ഛനമ്മമാരുടെ വഴക്കിനിടയില്‍ നിന്ന് ഇങ്ങനെ സ്വയം നശിപ്പിക്കുന്നത് ? അച്ഛനേയും അമ്മയേയും സ്‌നേഹിക്കു, ഒരാളെ സ്‌നേഹിക്കുന്നതിനു മറ്റെയാളെ വെറുക്കണമെന്നുണ്ടോ ? നീയിങ്ങനെ മോശമായി പെരുമാറുന്നത് എത്ര കഷ്ടമാണ്? നിന്റെ അമ്മയായതുകൊണ്ടാണ് അവള്‍ അത്ര പാവമായതുകൊണ്ടാണ് നിന്നെ ഇന്നും സഹിക്കുന്നത്. ഞാനായിരുന്നെങ്കില്‍ നിന്നെയും നിന്റെ അച്ഛനേയും എന്നേ മറന്നു കളയുമായിരുന്നു, എന്നേ നിങ്ങള്‍ക്ക് കാണാന്‍ പറ്റാത്തിടത്തേക്ക് ഓടി രക്ഷപ്പെടുമായിരുന്നു ... നീ ഇങ്ങ നെ മോശമായി പെരുമാറരുതു കുട്ടീ .... '

നിറുത്താതെ അങ്ങനെ ഒത്തിരി സംസാരിക്കുന്നതോടൊപ്പം ചേട്ടത്തിയമ്മ അവന്റെ തലയിലും മുതുകത്തും തടവിക്കൊണ്ടേയിരുന്നു.. അവന്റെ തലമുടിയാകെ വിയര്‍ത്തു നനഞ്ഞിരുന്നു. അമ്മായിയെ കേള്‍ക്കുന്നതോടൊപ്പം അവന്‍ ഉറക്കെ ഉറക്കെ ശ്വാസം വലിക്കുന്നുമുണ്ടായിരുന്നു.

പൊടുന്നനെ അവന്‍ പിന്നെയും വലിയ ഒച്ചയില്‍ ഏങ്ങലടിച്ചു കരഞ്ഞു... എന്നിട്ട് പറഞ്ഞു 'അമ്മയെ വിളിക്കു അവിടെ നില്‍ക്കണ്ടാന്നു പറയൂ, അമ്മ അവിടെ നിന്ന് താഴോട്ട് ചാടിയാലോ? അമ്മയെ വിളിക്കു.. '

ചേട്ടത്തിയമ്മ അവളെ അകത്തേക്ക് വിളിച്ചു. അപ്പോള്‍ അവന്‍ കൈ പിടിച്ച് അമ്മയോട് കട്ടിലില്‍ ഇരിക്കാന്‍ പറഞ്ഞു. പതുക്കെ അമ്മയുടെ മടിയിലേക്ക് മുഖം പൂഴ്ത്തി... പിന്നെ മതിവരുവോളം കരഞ്ഞു. അവന്റെ പുറം തടവുകയും കെടിപ്പിടിക്കുകയും ചെയ്തതല്ലാതെ അവള്‍ ഒരക്ഷരം പോലും പറഞ്ഞില്ല.

ചേട്ടത്തിയമ്മ കുറച്ചു കഴിഞ്ഞു വന്നു നോക്കിയപ്പോള്‍ കണ്ടത് ആലിംഗനത്തിലമര്‍ന്നുറങ്ങുന്ന അമ്മയേയും മകനേയുമാണ്. അവന്റെ തുപ്പലില്‍ പതിവു പോലെ അവളുടെ ഉടുപ്പിന്റെ കൈ നനയുന്നുണ്ടായിരുന്നു.

നിറഞ്ഞൊഴുകുന്ന കണ്ണുകള്‍ തുടച്ച് ലൈറ്റണച്ച് ചേട്ടത്തിയമ്മയും പോയി കിടന്നു.

( തുടരും )

No comments: