Saturday, July 14, 2018

വ്യാഴവട്ടങ്ങളില്‍ ചിതറിത്തെറിക്കുന്നത്...36

https://www.facebook.com/echmu.kutty/posts/597517490427549?pnref=story
നോവല്‍ 36

അവള്‍ മൊബൈലില്‍ പാസ് വേര്‍ഡ് ഇട്ടു.

പകലൊന്നും അവനത് മനസ്സിലായില്ല. രാത്രിയാണ് അവന്‍ അതു കണ്ടുപിടിച്ചത്. അവനു സഹിക്കാന്‍ കഴിഞ്ഞില്ല.

അവന്‍ ബഹളം വെച്ചു തുടങ്ങി. അവന്റെ മൊബൈലൊ പാസ് വേര്‍ഡോ അവള്‍ക്ക് പ്രാപ്യമല്ല. അവന്‍ തരികയുമില്ല. അവന്റേത് അവന്റെ അച്ഛനു മാത്രമേ കൊടുക്കു. അവളുടേത് അവനു കിട്ടിയേ പറ്റൂ.

അവന്‍ അച്ഛനെപ്പോലെ അലറി,സാധനങ്ങള്‍ വലിച്ചെറിഞ്ഞ് പൊട്ടിച്ചു. അമ്മയുടെ മുഖത്ത് നോക്കി കൈക്കൂലിക്കാരി, സെക്കന്‍ഡ് ക്ലാസ് എന്‍ജിനീയര്‍, ദളിത് , നുണച്ചി എന്നൊക്കെ വിളിച്ചു. ' നീ വീട്ടില്‍ നിന്നിറങ്ങിയപ്പോള്‍ നിന്റെ അലമാരിയില്‍ എങ്ങനാടീ ഒന്നരലക്ഷം രൂപ ബാക്കി ഇരുന്നത് ? അത് നീ കൈക്കൂലി മേടിച്ച പണമല്ലേടീ' എന്ന് ചോദിച്ചു. അവന്‍ അച്ഛന്‍ തന്നെയായി മാറിക്കഴിഞ്ഞിരുന്നു. അമ്മയുടെ ഫോണ്‍ അവന്‍ പലവട്ടം വലിച്ചെറിഞ്ഞു നോക്കി. അത് ഒരു അസാമാന്യ ഫോണ്‍ ആയിരുന്നു. അതു പൊട്ടിയില്ല.

സഹിക്കാന്‍ കഴിയാതായി എന്ന് തോന്നിയപ്പോള്‍ അവള്‍ അവന്റെ കരണം പുകയുമാറ് രണ്ടെണ്ണം പൊട്ടിച്ചു. അവന്‍ അടങ്ങുകയല്ല, പകരം കര്‍ട്ടണ്‍ റോഡ് ഊരി 'നിന്നെ ഞാന്‍ അടിച്ചു കൊല്ലുമെടീ ബിച്ചേ ' എന്നലറുകയാണ് ചെയ്തത്. അവന്‍ അടിച്ചേക്കുമോ മരിച്ചു പോയേക്കുമോ അങ്ങനെ അവന്‍ ജയിലില്‍ പോകേണ്ടി വരുമോ എന്ന ഭീതിയില്‍ അവള്‍ വിറപൂണ്ട് നില്‍ക്കുമ്പോഴാണ് വാതില്‍ക്കല്‍ ആരോ ബെല്ലടിച്ചത്.

തുറന്നപ്പോള്‍ ചേട്ടത്തിയമ്മയും അവരുടെ ജാമാതാവുമായിരുന്നു.

ഒരു നിമിഷം ശാന്തനായെങ്കിലും അവരോട് വീട് വിട്ട് പുറത്തിറങ്ങണമെന്ന് അവന്‍ കല്‍പ്പിച്ചു. ഉടന്‍ തന്നെ ഫോണ്‍ എടുത്ത് അച്ഛനെ വിളിച്ചു വിവരം പറയുകയും ചെയ്തു. അയാള്‍ ഇന്ദുമോളുടെ ഭര്‍ത്താവിനോട് മകനു അമ്മായിയേയും ഇന്ദുവിനേയും അമ്മാവനേയും ഒക്കെ ഭയങ്കര പേടിയാണെന്നും അതുകൊണ്ട് വീടു വിട്ടു പോകണമെന്നും അല്ലെങ്കില്‍ അയാള്‍ വന്ന് മകനെ കൊണ്ടുപോകുമെന്നും പറഞ്ഞപ്പോള്‍ 'ശരി , ഞങ്ങള്‍ പൊയ്‌ക്കൊള്ളാം' എന്ന് ഇന്ദുവിന്റെ ഭര്‍ത്താവിനു സമ്മതിക്കേണ്ടി വന്നു.

അവള്‍ ചേട്ടത്തിയമ്മയേയും ജാമാതാവിനെയും പോകാന്‍ അനുവദിച്ചില്ല ആ പയ്യനെ അവള്‍ ആദ്യമായിട്ട് കാണുകയായിരുന്നു. ഇന്ദുവിന്റെ കല്യാണത്തിനു പോകാന്‍ ഭര്‍ത്താവ് അനുവദിക്കാതിരുന്നതുകൊണ്ടും മോനു ഒട്ടും താല്‍പര്യം ഇല്ലാതിരുന്നതുകൊണ്ടും അവള്‍ മൂത്ത അമ്മായി ആയിട്ടും അതിനു പോയിരുന്നില്ല. അവള്‍ 'അവരിപ്പോള്‍ വീടു വിട്ട് പോകണ്ട' എന്ന് പറയുന്നത് കേള്‍ക്കുന്നതനുസരിച്ച് അവന്‍ ബഹളം വര്‍ദ്ധിപ്പിച്ചുകൊണ്ടിരുന്നു. അവര്‍ പോയില്ലെങ്കില്‍ വീട് വിട്ട് അവന്‍ ഇറങ്ങിപ്പോകുമെന്നും അമ്മായിയെ അടിച്ചുകൊല്ലുമെന്നും അവന്‍ ഭീഷണിപ്പെടുത്തി. അവന്‍ ജുവനൈല്‍ ആയതുകൊണ്ട് ആരെ അവന്‍ എന്തുചെയ്താലും അവനെ പോലീസിനോ കോടതിയ്‌ക്കോ ഒന്നും ചെയ്യാന്‍ പറ്റില്ലെന്നും അവന്‍ വെല്ലുവിളിച്ചു. എല്ലാ കാര്യങ്ങളും നിയമങ്ങളും അവന് അച്ഛന്‍ പറഞ്ഞുകൊടുത്തിട്ടുണ്ട്. ഒടുവില്‍ ഒരുതരത്തിലും അവന്‍ വഴങ്ങുന്നില്ലെന്ന് കണ്ടപ്പോള്‍ രാത്രി ഒരുമണിയ്ക്ക് അവളുടെ ചേട്ടത്തിയമ്മയും അവരുടെ ജാമാതാവും കൂടീ വിടു വിട്ടിറങ്ങി.

അതവന്‍ തീരെ പ്രതീക്ഷിച്ചില്ലായിരുന്നു.

അവന്‍ ഞെട്ടിപ്പോയി.

അവള്‍ അവനോട് ഒരക്ഷരം പോലും പിന്നീട് സംസാരിച്ചില്ല. അവള്‍ പോയി കിടന്നു. കുറെ ഏറെ നേരം കഴിഞ്ഞ് മെല്ലെ മെല്ലെ പൂച്ചയെപ്പോലെ പതുങ്ങി അവനും അവളുടെ കട്ടിലില്‍ വന്നു കിടന്നു. മെല്ലെ അവളെ തൊട്ടു . അവള്‍ അവന്റെ കൈ എടുത്തു മാറ്റിയില്ല. പകരം ഇത്രയും പറഞ്ഞു. 'ഞാന്‍ എണ്ണതേപ്പിച്ച് കൈ വളരുന്നോ കാലു വളരുന്നോ എന്ന് നോക്കി വളര്‍ത്തിയ കൈയാണിത്. അത് നീ ഇന്ന് എന്റെ നേരേ ഓങ്ങി, അമ്മേടേ കുട്ടി ചീത്തവാക്കുകള്‍ ഒരിയ്ക്കലും പറയരുതെന്ന് പഠിപ്പിച്ച എന്നെ തന്നെ നീ അത്ര വലിയ ഒരു ചീത്ത വാക്ക് വിളിച്ചു. നിന്റെ പാപങ്ങള്‍ കൂടി വരികയാണ് മോനെ. ദൈവം എല്ലാം കാണുന്നും കേള്‍ക്കുന്നും ഉണ്ട്. അതുകൊണ്ട്...'

അത്യുച്ചത്തില്‍ പൊട്ടിക്കരഞ്ഞുകൊണ്ട് അവന്‍ അവളെ ഉമ്മവെച്ചു. തുപ്പലിനും കണ്ണീരിനുമിടയില്‍ വിങ്ങിക്കൊണ്ട് അവന്‍ കേണു. 'എനിക്കിതൊന്നും ചെയ്യണമെന്നില്ലമ്മാ.. പക്ഷെ, എനിക്ക് എന്തോ പറ്റിപോകുന്നു. അമ്മ വിലക്കിയ സകല തെറി വാക്കുകളും ഞാന്‍ പഠിച്ചു കഴിഞ്ഞു. അതു അമ്മയെ വിളിക്കാന്‍ എനിക്ക് ഒരു മടിയുമില്ലാതായി. '

തേങ്ങിക്കരയുന്ന അവനെ മുറുകെ പുണര്‍ന്നു അവന്റെ പുറത്ത് തട്ടിത്തട്ടി അവള്‍ മെല്ലെ ഉറക്കി...

ഉറക്കം വരാതെ കിടക്കുമ്പോള്‍ അയാളെ കൊല്ലാന്‍ ആര്‍ക്കെങ്കിലും കൊട്ടേഷന്‍ കൊടുക്കാന്‍ കഴിയുമോ എന്നായിരുന്നു അവള്‍ ആലോചിച്ചതത്രയും. ആരോടു പറയും ? പത്തുലക്ഷമൊക്കെ അവള്‍ക്ക് കൊടുക്കാന്‍ കഴിയും. അങ്ങനെ ആരേയും പരിചയപ്പെടാത്തതില്‍ അവള്‍ക്ക് വലിയ ഖേദം തോന്നി. കൊട്ടേഷന്‍കാരെ പരിചയപ്പെടണമെന്ന് പത്രത്തിലോ ഇന്റര്‍നെറ്റിലോ പരസ്യം കൊടുക്കാന്‍ കഴിയില്ലല്ലോ. പിന്നെ അവര്‍ അവളുടെ പിന്നാലെ കൂടിയാല്‍ അതും ഉപദ്രവമാകും. പോലീസ് യാതൊരു സഹായവും സ്ത്രീകള്‍ക്ക് ചെയ്യുകയില്ല . ഉപദ്രവിക്കുകയേ ഉള്ളൂ.

അയാള്‍ കീ കൊടുക്കുമ്പോള്‍ തുള്ളുന്ന പാവയായി മാറിക്കഴിഞ്ഞ അവനെ അവള്‍ക്കിനി വിശ്വസിക്കാനും പറ്റില്ല.വിശ്വസിക്കുന്ന മാതിരി അഭിനയിക്കാനേ കഴിയൂ. അവനുറങ്ങിയെന്ന് ഉറപ്പായപ്പോള്‍ അവള്‍ സ്വന്തം ഫോണ്‍ പരിശോധിച്ചു, അതില്‍ നിന്ന് ഒരു ചാറ്റ് അവന്‍ അയാള്‍ക്ക് അയച്ചുകൊടുത്തിട്ടുണ്ടെന്ന് അവള്‍ കണ്ടുപിടിച്ചു. അവള്‍ ഒരു പെണ്‍കുഞ്ഞിന്റെ വിദ്യാഭ്യാസച്ചെലവ് സ്‌പോണ്‍സര്‍ ചെയ്യുന്നുണ്ടായിരുന്നു. അതാണ് അവന്‍ അയച്ചുകൊടുത്തിട്ടുള്ളത്. കൂടുതല്‍ എന്തെങ്കിലുമയച്ചിട്ടുണ്ടോ എന്നവള്‍ക്ക് മനസ്സിലായില്ല. എല്ലാം ഡിലീറ്റ് ചെയ്യപ്പെട്ടിരിക്കാം. അല്ലെങ്കില്‍ മറ്റൊന്നും അയച്ചിട്ടില്ലായിരിക്കാം. ഫോണ്‍ മാത്രമല്ല അവളുടെ കമ്പ്യൂട്ടറും അവള്‍ അപ്പോള്‍ തന്നെ പാസ് വേര്‍ഡ് ഇട്ട് ഭദ്രമാക്കി.

നാളെ രാവിലെ സൈബര്‍ സെല്ലിനെ സമീപിക്കാനും അവള്‍ തീരുമാനിച്ചു.

അതിരാവിലെ അവനുണരും മുമ്പ് ചേട്ടത്തിയമ്മയും ജാമാതാവും മടങ്ങി വന്നു. ചേട്ടത്തിയമ്മ വക്കീല്‍ അവളോട് കേസ് ഒത്ത് തീരരുതെന്ന് പറഞ്ഞത് ചൂണ്ടിക്കാട്ടി. അന്ന് അത് ചെയ്തിരുന്നെങ്കില്‍ അയാളാണ് കുട്ടിയെ വളര്‍ത്താന്‍ ഫിറ്റ് പാരെന്റ് എന്ന് അയാള്‍ക്ക് കോടതിയില്‍ പ്രൂവ് ചെയ്യേണ്ടി വരുമായിരുന്നു. അത് അത്ര എളുപ്പമായിരിക്കില്ല, കുട്ടി ഇത്ര ചീത്തയാവുകയും ഇല്ലായിരുന്നു, ഇപ്പോള്‍ അയാള്‍ക്ക് അവളോട് എത്ര വെറുപ്പ് ഉണ്ടോ അതു മുഴുവന്‍ അയാള്‍ അവനില്‍ കുത്തിക്കേറ്റിക്കഴിഞ്ഞു. അവള്‍ മിണ്ടാതെ ഇരുന്നതുകൊണ്ടാണ് ആ അവസരം അയാള്‍ക്ക് ലഭിച്ചത്.

'നീ ഇനിയെങ്കിലും ഡിവോഴ്‌സിനും ഡൊമസ്റ്റിക് വയലന്‍സിനും കേസ് കൊടുക്കണം. കുട്ടിയുടെ കസ്റ്റഡി നിനക്കായി കിട്ടുമോ എന്നും പരീക്ഷിക്കണം.' ചേട്ടത്തിയമ്മയുടെ സ്വരം കര്‍ശനമായിരുന്നു.

'അവനു എന്നോട് കൂടുതല്‍ വിരോധമാകുമോ എന്ന് കരുതിയാണ് ഞാനന്ന് ആ മീഡിയേഷനു സമ്മതിച്ചത് ' അവള്‍ വിക്കി..

'എന്നിട്ട് ഇപ്പോള്‍ അവനു അമ്മായിയെ ഇഷ്ടമാണോ ?' എന്ന് ഇന്ദുവിന്റെ ഭര്‍ത്താവ് ചോദിച്ചപ്പോള്‍ അവള്‍ക്ക് മൊഴി മുട്ടി.

അവള്‍ക്കറിയില്ല. സത്യമായും അറിയില്ല. അവളുടെ മകന്‍ അവളെ അല്‍പമെങ്കിലും സ്‌നേഹിക്കുന്നുണ്ടോ എന്ന് അവള്‍ക്കറിയില്ല. അവന്‍ പണം ചോദിക്കാറുണ്ട് , ഈ പലഹാരം തിന്നാന്‍ വാങ്ങിത്തരൂ, ഈ ബുക് വാങ്ങിത്തരൂ , ഈ ബെല്‍റ്റ് വാങ്ങിത്തരൂ, ഈ പാവ വാങ്ങിത്തരൂ എന്നൊക്കെ പറയാറുണ്ട്. അവള്‍ എല്ലാം വാങ്ങിക്കൊടുക്കാറുമുണ്ട്.

അതാണോ സ്‌നേഹം ?

അവളുടെ മനസ്സു വായിച്ചപോലെ ഇന്ദുവിന്റെ ഭര്‍ത്താവ് പറഞ്ഞു. 'അവനു അമ്മായി ഇപ്പോള്‍ ഒരു എ ടി എം കാര്‍ഡ് മാത്രമാണ്. അതാണ് സത്യം. '

അവള്‍ ഒരു മന്ദബുദ്ധിയെപ്പോലെ ചേട്ടത്തിയമ്മയെയും അവരുടെ ജാമാതാവിനെയും തുറിച്ചു നോക്കി.

( തുടരും )

No comments: