Monday, July 9, 2018

വ്യാഴവട്ടങ്ങളില്‍ ചിതറിത്തെറിക്കുന്നത്....25


https://www.facebook.com/echmu.kutty/posts/585647704947861?pnref=story

നോവല്‍ 25.

ആ ബഹളത്തിനിടയില്‍ ഫോണില്‍ വന്ന മെസ്സേജ് അവള്‍ കണ്ടില്ല. ഒരു വിധത്തില്‍ അവനെ സമാധാനിപ്പിച്ച് അവന്റെ ഒരു കൂട്ടുകാരന്റെ വീട്ടില്‍ കളിയ്ക്കാന്‍ കൊണ്ടുവിടാമെന്ന് അമ്മവാഗ്ദാനം ചെയ്ത് , ഇന്ദു വാങ്ങിക്കൊണ്ടുവന്ന ടീഷര്‍ട്ടും ട്രൌസറും ഒത്തിരി പുന്നാരിക്കലിലും ഉമ്മകളിലും കുതിര്‍ത്ത് ധരിപ്പിച്ച് , പാസ്തയും ഓംലെറ്റും ഐസ്ഡ് എസ്‌കിമോയും കഴിപ്പിച്ച് , ഓഫീസിലെ ഒരു സഹപ്രവര്‍ത്തകനെ വിളിച്ച് അവന്റെ ഒരു കളി ക്കൂട്ടുകാരന്റെ വീട്ടില്‍ കൊണ്ടുവിട്ട ശേഷമാണ് അവള്‍ ഫോണ്‍ മെസ്സെജ് നോക്കിയത്.

ഭര്‍ത്താവ് അവളുടെ എ ടി എം കാര്‍ഡ് ഉപയോഗിച്ച് രണ്ടരലക്ഷത്തിലധികം രൂപ അയാളുടെ എക്കൌണ്ടിലേക്ക് മാറ്റിയിരിക്കുന്നുവെന്ന ബാങ്ക് അറിയിപ്പ് മെസ്സേജുകളായിരുന്നു അത്. അറുപതിനായിരം രൂപ ക്യാഷായി പിന്‍വലിക്കുകയും ബാക്കി രണ്ടുലക്ഷം നേരിട്ട് എക്കൌണ്ട് ട്രാന്‍സ്ഫര്‍ ചെയ്യുകയുമായിരുന്നു അയാള്‍ ചെയ്തത്. അയാള്‍ അങ്ങനെ ചെയ്യുമോ ചെയ്യില്ലേ എന്നൊക്കെ അവള്‍ മനസ്സിലിട്ട് പാറ്റിക്കൊഴിച്ചെങ്കിലും ചെയ്യും എന്നവള്‍ ആ നിമിഷം വരെയും കരുതിയിരുന്നില്ല. സത്യംപറഞ്ഞാല്‍ അവള്‍ ഞെട്ടിപ്പോയി. ഞെട്ടലൊതുക്കി ബാങ്കില്‍ വിളിച്ച് ആ എ ടി എം കാര്‍ഡ് റദ്ദാക്കാന്‍ അവള്‍ ആവശ്യപ്പെട്ടു.

ചേട്ടത്തിയമ്മ അവളോട് ഈ മെയില്‍ ചെക് ചെയ്യാന്‍ ആവശ്യപ്പെട്ടപ്പോഴാണ് പാസ്സ് വേര്‍ഡ് അയാള്‍ മാറ്റിയിരിക്കുന്നുവെന്ന് അവള്‍ക്ക് മനസ്സിലായത്.

സൈബര്‍ സെല്ലില്‍ പരാതി കൊടുക്കണമെന്ന് ചേട്ടത്തിയമ്മ രോഷംകൊണ്ടപ്പോള്‍ 'നീ മിണ്ടാതിരിക്ക്, അവളുടെ യുക്തം പോലെ ചെയ്യട്ടേ' എന്ന് ചേട്ടന്‍ അവരെ വിലക്കി.

അവള്‍ക്ക് ഒരു വീട് എടുക്കണമെന്ന് അവള്‍ ചേട്ടനോട് പറഞ്ഞു. ചേട്ടന് പൊടുന്നനെ ഒന്നും പറയാന്‍ കഴിഞ്ഞില്ല, ഒട്ടുനേരം കഴിഞ്ഞ് വാക്കുകള്‍ അളന്നു തൂക്കി 'നിനക്ക് ധാരാളം സഹപ്രവര്‍ത്തകരില്ലേ, അവര്‍ സഹായിക്കില്ലേ, എന്തിനാണ് അതിനൊക്കെ ഞാന്‍' എന്നായിരുന്നു ചേട്ടന്റെ ചോദ്യം.

ചേട്ടത്തിയമ്മ അപ്പോള്‍ വല്ലാതെ ഒച്ചവെച്ചു. പിന്നെ നമ്മള്‍ വന്നതെന്തിനാണെന്നായിരുന്നു അവരുടെ ചോദ്യം .

അവള്‍ ഇന്നലെത്തന്നെ സഹപ്രവര്‍ത്തകരൊടെല്ലാം 'വീട് എനിക്കൊരു വീട് 'എന്ന് ജപിച്ചിരുന്നു. അതുകൊണ്ട് ഉച്ചയായപ്പോഴേക്കും കുറച്ച് വീടുകള്‍ പോയിക്കാണാമെന്നായി.

അപ്പോഴാണ് മറ്റൊരു പോലീസ് സ്റ്റേഷനില്‍ നിന്ന് ഫോണ്‍ വന്നത്. പോലീസുകാരന്റെ ശബ്ദത്തില്‍ തികഞ്ഞ ധാര്‍ഷ്ട്യമുണ്ടായിരുന്നു.
ഭര്‍ത്താവിന്റെ പരാതി കിട്ടിയിട്ടുണ്ടെന്നും അദ്ദേഹത്തിന്റെ മകനെയും കൊണ്ട് അവള്‍ അങ്ങനെ ഒളിച്ചു താമസിക്കാന്‍ പാടില്ലെന്നും പോലീസുകാരന്‍ പറഞ്ഞു. മകനെയും കൂട്ടി ഉടനടി സ്റ്റേഷനില്‍ ഹാജരാകണമെന്ന് അയാള്‍ അവളോട് കല്‍പിച്ചു. അവള്‍ അവിടെ വരില്ലെന്നും വിമന്‍സ് സെല്ലില്‍ ഹാജരാകാമെന്നും അവള്‍ പതറാതെ മറുപടി നല്‍കി.

അപ്പൊഴേക്കും വിവരമറിഞ്ഞ് അവളുടെ ചേട്ടന്റെ ഒരു കൂട്ടുകാരനും എത്തിച്ചേര്‍ന്നു. അയാള്‍ക്ക് അവളുടെ ഭര്‍ത്താവിനെ നല്ല പരിചയമുണ്ടായിരുന്നു. 'എന്തിനു ആ നട്ടിന്റെ കൂടെ ഇത്ര കാലം പാര്‍ത്തു'വെന്ന് അയാള്‍ അവളോട് ചോദിച്ചു.

ചോദ്യങ്ങള്‍ വളരെ എളുപ്പത്തില്‍ ചോദിയ്ക്കാമെന്നും ഉത്തരങ്ങള്‍ അത്ര എളുപ്പത്തില്‍ കിട്ടുകയില്ലെന്നും അവള്‍ക്ക് അറിവുള്ളതാണല്ലോ.

മകനേയും കൂട്ടി ചേട്ടനും ചേട്ടത്തിയമ്മയും ഇന്ദുമോളും ചേട്ടന്റെ സുഹൃത്തുമൊന്നിച്ച് അവള്‍ വിമന്‍സ് സെല്ലില്‍ ചെന്നു.

'നാളെ പരാതി കേള്‍ക്കാം' എന്നായിരുന്നു അവരുടെ മറുപടി. 'ഭാര്യയും ഭര്‍ത്താവുമായാല്‍ ഇത്തിരി വഴക്കൊക്കെ ഉണ്ടാകും . അതൊക്കെ നിസ്സാരം ,അതിലിത്ര പരാതിക്ക് കാര്യമെന്ത് ' എന്നായിരുന്നു പ്രായമുള്ള ഒരു പോലീസുകാരന്‍ ചോദിച്ചത്.

ഡി സി പി യ്ക്ക് പരാതി എഴുതിയപ്പോള്‍ അവര്‍ വൈമനസ്യത്തോടെ അതു വാങ്ങി. വനിതാ സബ് ഇന്‍ സ് പെക്ടര്‍ വീട്ടില്‍ പോയിക്കഴിഞ്ഞിരുന്നു. ഡി സി പി ഉടനെ തിരികെ വരാന്‍ പറഞ്ഞപ്പോള്‍ അവര്‍ ഒടുവില്‍ എത്തിച്ചേര്‍ന്നു.

അതിനകം അവളുടെ ഭര്‍ത്താവിനെയും പോലീസുകാര്‍ ഫോണ്‍ ചെയ്ത് വരുത്തി.

അയാള്‍ മകനെ ഓടിച്ചെന്ന് കെട്ടിപ്പിടിച്ചു. കണ്ണില്‍ വെള്ളം നിറച്ചുകൊണ്ട് 'നിനക്കെന്നെ വേണ്ടേ മോനേ? നീയും എന്നെ ഉപേക്ഷിച്ചോ' എന്ന് ചോദിച്ചു.

അച്ഛന്റെ നിറഞ്ഞൊഴുകുന്ന കണ്ണീരില്‍ അവന്‍ തകര്‍ന്നു പോയി, 'അച്ഛാ' എന്ന് വിളിച്ചുകൊണ്ട് അവന്‍ അയാളെ ഗാഢം പുണര്‍ന്നു. കുഞ്ഞല്ലേ അവന്‍.. അവന്റെ ഉറപ്പുകള്‍ അത്രയല്ലേ ഉള്ളൂ

അവള്‍ പരാതിയില്‍ എഴുതിയതൊക്കെ സത്യമാണെന്ന് അവളുടെ ഭര്‍ത്താവ് സമ്മതിച്ചു, മകനോട് ചോദിച്ചപ്പോള്‍ അവനും എല്ലാം സത്യമാണെന്ന് പറഞ്ഞു. 'തനിക്കടിക്കാമായിരുന്നില്ലേ ഭാര്യയെ? ഭര്‍ത്താവിനു ഭാര്യയെ അടിച്ച് എല്ലൊടിക്കാം . അതിലൊരു തെറ്റുമില്ല. എന്നാല്‍ മകനെക്കൊണ്ട് അടിപ്പിച്ചതെന്തിനാണ് ' എന്നായിരുന്നു പോലീസുകാരുടെ ചോദ്യം. അയാള്‍ അടിച്ചാല്‍ അവള്‍ക്ക് കൂടുതല്‍ പരിക്കു പറ്റുമെന്നു കരുതിയാണ് മകനെക്കൊണ്ട് അടിപ്പിച്ചതെന്ന് അയാള്‍ പറഞ്ഞപ്പോള്‍ പോലീസുകാര്‍ നിശ്ശബ്ദരായി. വനിതാ പോലീസ് അവള്‍ക്ക് അറിവ് പകര്‍ന്നു, 'എന്റെ ഭര്‍ത്താവ് എന്നെ അടിക്കാറുണ്ട്. തെറി പറയാറുണ്ട്. അയാള്‍ വെള്ളമടിച്ച് കിടന്നുറങ്ങുമ്പോള്‍ ഞാനുമയാളെ നല്ല അടി അടിക്കും. പച്ചത്തെറിയും പറയും '

അങ്ങനെ അടിച്ചും പകരമടിച്ചും തെറി കേട്ടും പറഞ്ഞും എന്തിനാണ് ജീവിക്കുന്നതെന്ന് അവള്‍ അവരോട് ചോദിച്ചു.

'വേറെ എന്താ വഴി' എന്നായിരുന്നു അവരുടെ ഉത്തരം. നമ്മുടെ കോടതികളും വക്കീലുമാരുമൊക്കെ വലിയ തട്ടിപ്പാണെന്നും വക്കീലുമാര്‍ പണം പിടുങ്ങുന്ന, മറുഭാഗം കൂടുന്ന കള്ളന്മാരാണെന്നും ജഡ്ജിമാരും കൈക്കൂലി വാങ്ങുമെന്നും വനിതാ സബ് ഇന്‍സ്‌പെക്ടര്‍ അവളെ താക്കീതു ചെയ്തു. അതുകൊണ്ട് കേസിനൊന്നും പോകാതിരിക്കുന്നതാണ് നല്ലതെന്നും കുറച്ചുനാള്‍ പിണങ്ങി മാറിത്താമസിച്ചാല്‍ അയാള്‍ മര്യാദ പഠിക്കുമെന്നും അവര്‍ പറഞ്ഞു. അയാള്‍ക്ക് ജോലി ഇല്ലാത്തതുകൊണ്ട് ' ആ രണ്ടരലക്ഷം അയാളുടെ ചെലവിനെടുത്തോട്ടെ അതിപ്പോ കൊണ്ടുവാ എന്ന് വാശി പിടിക്കേണ്ടതില്ല. നിങ്ങള്‍ക്ക് ശമ്പളമുണ്ടല്ലോ' എന്നായിരുന്നു പൊതുവേ ആണും പെണ്ണുമായ പോലീസുകാരുടെ ന്യായം.

ഭര്‍ത്താവിനെതിരേ നിയമപരമായ നടപടികള്‍ക്ക് മുതിരാന്‍ പോലീസിനു ഒരു താല്‍പര്യവുമുണ്ടായിരുന്നില്ല. അതു വേണ്ടെന്ന് അവര്‍ ആവര്‍ത്തിച്ചു പറഞ്ഞു. ചേട്ടനും അവളെ പിന്തുണച്ചില്ല. അച്ഛനെ പൊലീസിനെക്കൊണ്ട് പിടിപ്പിച്ചാല്‍ മോനു വിഷമമാവുമെന്ന് എല്ലാവരും ആളാംവീതം അവളെ പിന്തിരിപ്പിച്ചു. ചേട്ടത്തിയമ്മയോട് സംസാരിക്കരുതെന്ന് ചേട്ടന്‍ വിലക്ക് കല്‍പിച്ചിരുന്നു. എല്ലാ ഉല്‍ക്കണ്ഠയും മനസ്സിലൊതുക്കി അവര്‍ നിശ്ശബ്ദയായി നിന്നു.

ചേട്ടന്റെ കൂട്ടുകാരന് ആകെപ്പാടെ ഒന്നും അത്ര പിടിക്കുന്നുണ്ടായിരുന്നില്ല. അയാള്‍ക്കിട്ട് നാല് അടിയെങ്കിലും കൊടുക്കാത്ത പോലീസ് എന്തിനു കൊള്ളാമെന്ന് ചോദിച്ചപ്പോള്‍ വയസ്സന്‍ പോലീസുകാരന്‍ ചിരിച്ചു. 'ഈ പെണ്ണുങ്ങളെ വിശ്വസിക്കാന്‍ കൊള്ളില്ല, നമ്മള്‍ അവരുടെ ഭര്‍ത്താവിനെ അടിച്ചാല്‍ നാളെ അവര്‍ ഒന്നാവുകയും നമുക്കെതിരേ പരാതിയുമായി വരികയും ചെയ്യും. '

എന്നാല്‍ അവളുടെ സര്‍ട്ടിഫിക്കറ്റുകള്‍, വസ്ത്രങ്ങള്‍ , എ ടി എം കാര്‍ഡ്, ചെക്കു ബുക്ക് , മകന്റെ സ്‌ക്കൂള്‍ ബുക്കുകള്‍, വസ്ത്രങ്ങള്‍ ഒക്കെ എടുക്കാന്‍ പോലീസ് കൂടെ പോകണമെന്ന് എ സി പി താഴെയുള്ള പോലീസുകാര്‍ക്ക് നിര്‍ദ്ദേശം കൊടുത്തു. തന്നെയുമല്ല, എസി പി ചോദിച്ചപ്പോള്‍ ഈ മെയിലിന്റെ പാസ്സ് വേര്‍ഡ് അവളുടെ ഭര്‍ത്താവ് വെളിപ്പെടുത്തി. അവള്‍ ഫോണിലൂടെ തന്നെ അത് ഉടന്‍ മാറ്റി സെറ്റ് ചെയ്തു. ഗൂഗിളിന്റെ അറിയിപ്പ് വന്നിട്ടുണ്ടായിരുന്നു അവളുടെ എക്കൌണ്ടില്‍ അന്നേരം.

( തുടരും )

No comments: