Sunday, July 22, 2018

ഇംഗ്ലീഷ് പറയുന്നൊരു ധന്വന്തരി...2



രണ്ട്

അടുത്ത ദിവസങ്ങളില്‍ ക്ഷയരോഗം സ്ഥിരീകരിയ്ക്കപ്പെട്ടു. ഗവണ്‍മെന്റ് ഉടമസ്ഥതയിലുള്ള ക്ഷയരോഗാശുപത്രിയിലേയ്ക്ക് അവളെ അയയ്ക്കണമെന്ന് ചെറുപ്പക്കാരന്‍ ഡോക്ടര്‍ തീര്‍ത്തു പറഞ്ഞു. അല്ലെങ്കില്‍ മറ്റു രോഗികള്‍ക്ക് കൂടി ഈ അസുഖം പകരും. ഇമ്മാതിരി പകര്‍ച്ച വ്യാധിക്കാരായ മാരക രോഗികള്‍ക്ക് ചികിത്സ തേടാനുള്ളതല്ല അദ്ദേഹം ജോലി ചെയ്യുന്ന സര്‍ക്കാര്‍ ആശുപത്രി.

'''ഇറ്റീസ് നോട്ട് എ ജോക് ' ' അദ്ദേഹത്തിന്റെ സ്വരത്തില്‍ ഒട്ടും ദയവുണ്ടായിരുന്നില്ല. തന്നെയുമല്ല അവളെ ചികത്സിയ്ക്കുന്നതിനു മടിയും അറപ്പുമുണ്ടെന്ന് ആ ദാക്ഷിണ്യമില്ലാത്തതും മുറുക്കമുള്ളതുമായ മുഖം വിളിച്ചു പറഞ്ഞു.

''' നിങ്ങള്‍ ഒരു മുസ്ലിമോ ക്രിസ്ത്യാനിയോ താഴ്ന്ന ജാതിക്കാരിയോ ആണെന്നാണ് അദ്ദേഹം ധരിച്ചിട്ടുള്ളത്. അത്തരം രോഗികളെ അദ്ദേഹത്തിന് വെറുപ്പാണ്.''' നഴ്‌സ് സ്വരം നന്നെ താഴ്ത്തി അവളോട് മന്ത്രിച്ചു.
'''നിങ്ങളുടെ ഇരുണ്ട നിറമാണു അദ്ദേഹം അങ്ങനെ വിചാരിയ്ക്കാന്‍ കാരണം.'''

അന്ന് രാവിലെ, ആ ആശുപത്രിയില്‍ ദളിതനായ ഒരു മെഡിക്കല്‍ വിദ്യാര്‍ഥി, സവര്‍ണ്ണ അധ്യാപകരുടേയും സഹപാഠികളുടേയും നിന്ദയും പരിഹാസവും പുച്ഛവും എല്ലാം വിഷമാക്കി കുടിച്ച് ആത്മഹത്യ ചെയ്തിരുന്നു. അയാള്‍ ഒരു മണ്ടനാണെന്നും സംവരണം കൊണ്ട് സീറ്റ് കിട്ടിയതാണെന്നും പരീക്ഷപ്പേടി കൊണ്ട് മരിച്ചതാണെന്നും അവളുടെ കട്ടിലിനപ്പുറത്ത് കിടന്നിരുന്ന രോഗി, വലിയൊരു ചിരിയോടെ അവള്‍ക്ക് പറഞ്ഞു കൊടുക്കാതിരുന്നില്ല. അയാള്‍ ദരിദ്രനെങ്കിലും ഉയര്‍ന്ന ജാതിക്കാരനായിരുന്നു.

ഒരു ടാക്‌സിയില്‍ സ്വന്തം ഒറ്റമുറി വീട്ടിലേയ്ക്ക് പുറപ്പെടുമ്പോള്‍ ക്ഷയരോഗാശുപത്രിയിലേയ്ക്ക് പോവുകയില്ലെന്ന് അവള്‍ ഉറപ്പിച്ചു. എല്ലുന്തി, മഞ്ഞ നിറവും അടര്‍ന്നു വീഴാറായ ചെതുമ്പലുകളുടെ ജീര്‍ണ്ണതയുള്ള തൊലിയുമായി പേക്കോലങ്ങളായ പരമ ദരിദ്രര്‍ ഒരു ഡ്രിപ്പ് ബോട്ടിലുമേന്തി ക്ഷയ രോഗാശുപത്രിയുടെ വരാന്തയില്‍ മരണവും കാത്ത് കഴിയുന്നത് അവള്‍ കണ്ടിട്ടുണ്ടായിരുന്നു. അവിടെ ലഭിയ്ക്കുന്ന ചികിത്സയെന്തെന്ന് അവരുടെ ആ ദൈന്യവും പകച്ച കണ്ണുകളും ആരേയും ബോധ്യമാക്കിയിരുന്നു. മരിയ്ക്കുന്നങ്കില്‍ അത് സ്വന്തം ഒറ്റ മുറിയില്‍ മതി, ആ ആശുപത്രിയില്‍ വേണ്ട എന്നായിരുന്നു അവള്‍ അവസാനം തീരുമാനിച്ചത്. ആ തീരുമാനമെടുക്കാനുള്ള പരമ സ്വാതന്ത്ര്യമായിരുന്നു സ്വന്തം ദയനീയ ജീവിതത്തോട് പോരടിച്ച് അവള്‍ സ്വരുക്കൂട്ടിയ ഏക സമ്പാദ്യം.

ടാക്‌സിയുടെ പിന്‍ സീറ്റില്‍ എത്ര ശ്രമിച്ചിട്ടും അവള്‍ക്ക് ഇരിയ്ക്കാന്‍ കഴിഞ്ഞില്ല. പല്ലുകള്‍ കൂട്ടിയിടിച്ച്, മുട്ടുകള്‍ നെഞ്ചോട് ചേര്‍ത്തമര്‍ത്തി വിറച്ചുകൊണ്ട് ആ സീറ്റില്‍ അവള്‍ കുഴഞ്ഞു വീഴുകയായിരുന്നു. സ്ത്രീകളോട് വളരെ മോശമായി പെരുമാറുന്ന പുരുഷന്മാര്‍ വര്‍ദ്ധിച്ചു വരുന്ന ഒരു നഗരത്തിലായിരുന്നു, ആ ദിവസങ്ങളില്‍ അവള്‍ ജീവിച്ചിരുന്നത്.

വിദേശികളും സ്വദേശികളുമായ ഒട്ടനവധി സ്ത്രീകള്‍ പലതരം ആക്രമണങ്ങള്‍ക്കിരകളായി അക്കാലത്ത് മരണപ്പെട്ടു കഴിഞ്ഞിരുന്നു. സ്ത്രീകള്‍ ആഭരണങ്ങള്‍ ധരിയ്ക്കരുതെന്നും രാത്രിയില്‍ ഒരു കാരണവശാലും ഒറ്റയ്ക്ക് പുറത്തു പോകരുതെന്നും ടാക്‌സിയില്‍ പകല്‍ പോലും തനിയെ സഞ്ചരിയ്ക്കരുതെന്നും നല്ലതുപോലെ മൂടി മറച്ച് വസ്ത്രധാരണം ചെയ്യണമെന്നും നഗരത്തിലെ പോലീസ് മേധാവി ടി വിയിലും പത്രങ്ങളിലും പ്രത്യക്ഷപ്പെട്ട് സ്ത്രീകള്‍ക്ക് ഉപദേശങ്ങള്‍ നല്‍കിക്കൊണ്ടിരുന്നു. അനാഥരും ഏകാകികളുമായ സ്ത്രീകളെക്കുറിച്ച്, അവരെന്തെല്ലാം ചെയ്യാം ചെയ്തുകൂടാ എന്നതിനെക്കുറിച്ച് അദ്ദേഹം ഒന്നും പറഞ്ഞിരുന്നില്ല.

വണ്ടി ഓടിത്തുടങ്ങിയപ്പോള്‍ അവളുടെ ഉള്ളില്‍ ഭയത്തിന്റെ കആ ഴക്കടലുകള്‍ തിരയടിച്ചു. അനാഥവും ഒറ്റപ്പെട്ടതുമായ പെണ്‍ ശരീരത്തെ ആര്‍ക്കു വേണമെങ്കിലും എന്തെങ്കിലും ഒരു ന്യായത്തിന്റെ പേരില്‍ എങ്ങനെ വേണമെങ്കിലും അപമാനിയ്ക്കാമല്ലോ എന്ന ഭയത്തില്‍ അവള്‍ വെന്തു. ഉരുക്ക് ശരീരമുള്ള ഒരു മധ്യവയസ്‌ക്കനായിരുന്നു കാറിന്റെ ഡ്രൈവര്‍. അയാളുടെ ചെമ്പിച്ച തലയിലേയ്ക്ക് ഉല്‍ക്കണ്ഠയോടെ പാളി നോക്കി. അയാള്‍ക്ക് കഴുകന്റെ കണ്ണുകളും കുറുക്കന്റെ കൌശലവുമുണ്ടായിരിയ്ക്കുമോ എന്ന് ചിന്തിച്ച് ചിന്തിച്ച് അവള്‍ തളര്‍ന്നു. ജാഗ്രത, ജാഗ്രത ഇനിയുമിനിയും ജാഗ്രത എന്നുരുവിട്ടിട്ടും വണ്ടി ഓടിത്തുടങ്ങിയപ്പോള്‍ രോഗാണുക്കള്‍ ശരീരത്തിലേല്‍പ്പിച്ച ക്ഷീണം അവളുടെ മിഴികളെ തമ്മില്‍ ചേര്‍ത്തടയ്ക്കുകയായിരുന്നു.

ആ പഴയ കാറിന്റെ അസ്ഥിവാരം തകര്‍ന്ന് പോകുന്നതു മാതിരിയുള്ള കുലുക്കവുമായി അതു നിന്നപ്പോഴാണ് അവള്‍ കണ്ണു തുറന്നത്. പരിഭ്രമം കൊണ്ട് അവള്‍ക്ക് കാഴ്ച കിട്ടുന്നുണ്ടായിരുന്നില്ല. കാറ് എവിടെയാവും നിറുത്തിയതെന്ന് അവളുടെ ക്ഷീണിച്ച കണ്ണുകള്‍ ചുറ്റുപാടും ഉഴറി. ഏതു നിമിഷത്തിലാണ് ദുരന്തത്തിന്റെ കല്‍ മഴ പെയ്തിറങ്ങുകയെന്ന് അവള്‍ ഭീതിപ്പെട്ടു.

അടുത്ത നിമിഷം താമസിച്ചിരുന്ന വൃത്തിഹീനമായ തെരുവ്, അതിന്റെ എല്ലാ ശബ്ദകോലാഹലങ്ങളുമായി, നിറഞ്ഞു കവിഞ്ഞ ദുര്‍ഗന്ധവുമായി അവളെ കവര്‍ന്നെടുത്തു. മീറ്ററില്‍ കാണിച്ച തുക മാത്രം വാങ്ങി, ആ ടാക്‌സി ഡ്രൈവര്‍ മടങ്ങിപ്പോയപ്പോള്‍ ഒരു ദീര്‍ഘശ്വാസമാഗ്രഹിച്ചെങ്കിലും അവളുടെ രോഗാതുരമായ നെഞ്ച് കഴച്ച് പൊട്ടിക്കൊണ്ട് വിസമ്മതിച്ചു.

അവള്‍ക്ക് ലജ്ജയും തന്നത്താന്‍ അവമതിയും തോന്നി. ആ പാവപ്പെട്ട ഡ്രൈവറെക്കുറിച്ച് എന്തെല്ലാമാണ് വിചാരിച്ചത്? അയാള്‍ ഒരുപക്ഷെ, മകനു സ്‌കൂളില്‍ കൊടുക്കേണ്ട ഫീസിനെപ്പറ്റിയോ അമ്മയുടെ അസുഖത്തെപ്പറ്റിയോ ഒക്കെ ചിന്തിച്ച് പരവശപ്പെട്ടുകൊണ്ട് വണ്ടി ഓടിച്ചുകൊണ്ടിരുന്നതാവാം! എല്ലാ മനുഷ്യരും മറ്റ് മനുഷ്യരെ സദാ ഭയപ്പെട്ട് മാത്രം കഴിയണമെന്ന് ആരെല്ലാമോ തീരുമാനിച്ച് നടപ്പാക്കുന്ന ഒരു നാടകത്തിലാണല്ലോ അവളും ആ നിമിഷം വരെ അഭിനയിച്ചതെന്നോര്‍ത്തപ്പോള്‍, സമഗ്ര വീക്ഷണമില്ലാത്ത ഒരു പക്ഷപാത നാടകം തരുന്ന മടുപ്പും പരിഹാസവുമാണു അവള്‍ക്ക് സ്വയം തോന്നിയത്

മുറി തണുത്തും ഇരുളടഞ്ഞും പൊടി പിടിച്ചും കിടന്നു. ഒന്നും വൃത്തിയാക്കാനോ എന്തെങ്കിലും ചെയ്യാനോ അവള്‍ക്ക് ആരോഗ്യമുണ്ടായിരുന്നില്ല. ആരുമില്ലാത്തവര്‍ക്ക് അതിഥികള്‍ വരില്ലെന്നുള്ളതാവാം അവര്‍ ചിട്ടയോ അടുക്കിപ്പെറുക്കലോ വൃത്തിയാക്കലോ ഇല്ലാതെ പലപ്പോഴും കഴിഞ്ഞുകൂടുന്നതിനു കാരണമെന്ന് അവള്‍ക്ക് മനസ്സിലായി.

നിലത്തു വിരിച്ച പുല്‍പ്പായില്‍ കിടന്ന നിമിഷം അവളുറങ്ങിപ്പോയി.

വാതില്‍ക്കല്‍ ആരോ ശക്തിയായി മുട്ടുന്ന ശബ്ദമാണ് അവളെ ഉണര്‍ത്തിയത്. ബോധമുണ്ടാകാന്‍ പിന്നെയും ഒട്ടു സമയമെടുത്തു.
മുറിയില്‍ ഇരുള്‍ പരക്കുവാന്‍ തുടങ്ങുകയായിരുന്നു. കുളിരും പനിയും നിമിത്തം അവളുടെ പല്ലുകള്‍ കൂടിയിടിച്ചു. എഴുന്നേറ്റ് ലൈറ്റിട്ടപ്പോള്‍, കുറഞ്ഞ വോള്‍ട്ടേജിന്റെ അരിശത്തില്‍ ബള്‍ബ് അതൃപ്തിയോടെ മുനിഞ്ഞു കത്തി.

അത് ഡോക്ടര്‍ ഗുപ്തയായിരുന്നു!

അദ്ദേഹത്തിനെ എങ്ങനെ സ്വീകരിച്ചിരുത്തുമെന്ന് അവള്‍ക്ക് മനസ്സിലായില്ല. ഒരു വൃത്തിയുള്ള ഇരിപ്പിടം പോലും അവളുടെ പക്കലുണ്ടായിരുന്നില്ല. ദാരിദ്ര്യം പിടിച്ച കെട്ടിടം പണിക്കാര്‍ മാത്രമായിരുന്നുവല്ലോ അന്നു വരെയും അവളുടെ സന്ദര്‍ശകര്‍. അവര്‍ വെറും തറയില്‍ കുന്തിച്ചിരിയ്ക്കും, പെണ്ണുങ്ങള്‍ പാവാടകള്‍ പരത്തിയിട്ട് കാല്‍ നീട്ടി തറയിലിരിയ്ക്കും. അവര്‍ക്ക് ഇരിപ്പിടങ്ങളുടെ അലങ്കാരം ഒരുകാലത്തും ആവശ്യമുണ്ടായിരുന്നില്ല.

പാത്യമ്പുറത്തിന്റെ കറുത്തിരുണ്ട ചുമരില്‍ ചാരി നിന്നുകൊണ്ട് അദ്ദേഹം ചിരിച്ചു, വാത്സല്യമൊഴുകുന്ന ചിരി, ദയയലിഞ്ഞ് ചേര്‍ന്ന ചിരി. അത്രയും വാത്സല്യവും ദയയും അവളോട് കാണിച്ചിട്ടുള്ളവര്‍ ദുര്‍ലഭമായിരുന്നു. പ്രത്യേകിച്ചും അപ്പോഴത്തെ തികഞ്ഞ ഏകാന്തവും പരമ ദരിദ്രവുമായ ചുറ്റുപാടില്‍. അദ്ദേഹം എന്തു പറഞ്ഞാലും അനുസരിയ്ക്കുമെന്ന് ആ നിമിഷം അവള്‍ക്ക് ബോധ്യമായി.

' ''നാളെ രാവിലെ ഓ പിയില്‍ വരണം. ഞാനുണ്ടാവും അവിടെ. കൃത്യമായി മരുന്നു കഴിയ്ക്കണം. ഇത് വളരെ അപകടം പിടിച്ച ഒരു രോഗമാണ്. ചികിത്സിച്ചില്ലെങ്കില്‍ ശരിയാവില്ല.'''

അടുത്ത നിമിഷത്തില്‍ അവള്‍ പൊട്ടിക്കരഞ്ഞുകൊണ്ട് അദ്ദേഹത്തിന്റെ മുന്‍പില്‍ മുട്ടുകുത്തിയിരുന്നു.ശരീരമാകെ ഉലച്ചുകൊണ്ട് ഉയരുന്ന തേങ്ങലുകള്‍ക്കിടയ്ക്ക് വാക്കുകള്‍ ഉടഞ്ഞു ചിതറി.

' ''എനീയ്ക്ക് ജീവിയ്ക്കണമെന്നില്ല ഡോക്ടര്‍. എനിയ്ക്കിങ്ങനെ.......മരുന്നു കഴിച്ച്......ആര്‍ക്കുവേണ്ടി എന്തിനുവേണ്ടി എന്നറിയാതെ.'''

അലിവോടെ, ഒരു പൂവിന്റെ മൃദുലതയോടെ തോളില്‍ കൈകള്‍ വെച്ച് അദ്ദേഹം അവളോട് എഴുന്നേല്‍ക്കുവാന്‍ പറഞ്ഞു. മനുഷ്യ ജീവിതം വളരെ വിലപ്പിടിപ്പുള്ളതാണെന്നറിയുന്ന അപൂര്‍വ നിമിഷങ്ങള്‍ ഒരു ഡോക്ടര്‍ക്ക് അറിയുന്നതു പോലെ മറ്റാര്‍ക്കും അറിയാനാവില്ലെന്ന് അദ്ദേഹം വിശദീകരിച്ചു. എത്ര മേല്‍ ശ്രദ്ധിച്ചാലും വളരെ എളുപ്പത്തില്‍, ഒന്നു കണ്ണടച്ചു തുറക്കുമ്പോഴേയ്ക്ക്, നമ്മെ കബളിപ്പിച്ച് ജീവനുമായി കടന്നു കളയാന്‍ പറ്റുന്ന ഒരാളുമായി നിരന്തരം ഏറ്റുമുട്ടുമ്പോഴാണ് ജീവിതത്തിന്റെ വില നാമറിയുന്നത്.

നമ്മുടെ നിലപാട് ശരിയായിരുന്നുവെന്ന് ആരോടെങ്കിലും എന്നെങ്കിലും വിശദീകരിയ്ക്കണമെങ്കില്‍ നമ്മള്‍ ബാക്കിയുണ്ടാവണമല്ലോ. അതുകൊണ്ട് മരുന്ന് കഴിച്ച് ആരോഗ്യം വീണ്ടെടുക്കണം. ഏതു സമരമാണ് ചെയ്യുന്നതെങ്കിലും അത് വിജയം വരെ എത്തിയ്ക്കാനുള്ള പരിശ്രമം നടത്തണമെങ്കില്‍ ഈ ശരീരം കൂടിയേ കഴിയൂ.

''' മോളെ എന്ന് വിളിയ്ക്കാന്‍ ആവശ്യപ്പെട്ടത് ഓര്‍മ്മയുണ്ടോ? അച്ഛന്റെ വാക്കുകള്‍ തട്ടിക്കളയരുത്.'''

അദ്ദേഹം യാത്ര പറഞ്ഞു പോയിട്ടും എന്തിനെന്നില്ലാതെ അവളുടെ കണ്ണുകള്‍ ഒഴുകിക്കൊണ്ടിരുന്നു.

( തുടരും )

No comments: