Wednesday, October 21, 2009

മൂന്നു സ്ത്രീകൾ

പ്രായം ചെന്ന മൂന്നു സ്ത്രീകൾ കിടക്കുന്ന ഈ മുറിക്കു മുൻപിൽ കുറെ നേരമായി  കാത്തിരിക്കുന്നു.

നാശം, വല്ലാത്ത തിരക്കാണുള്ളിൽ.

ഒന്ന് കയറി നോക്കാൻ പോലും സാധിക്കുന്നില്ല.

തിക്കും തിരക്കുമായി ആരേയും കാണുവാൻ ഒരു താല്പര്യവുമില്ല. ഒരൽപ്പം സാവകാശത്തോടെ കാണുന്നതാണ് നല്ലതെന്ന് കരുതി വാതിലിനടുത്തിട്ടിരിക്കുന്ന വെളുത്ത ബെഞ്ചിൽ അയാൾ താടിക്ക് കൈയും കൊടുത്ത് ഇരിക്കുകയായിരുന്നു.

മൂന്നു പേരെയും പരിശോധിക്കാൻ ഡോക്ടർമാരും നേഴ്സുമാരും വളരെ ധിറുതിയിൽ മുറിയിലേക്ക് കയറിപ്പോവുകയും ഇറങ്ങി വരികയുമൊക്കെ ചെയ്യുന്നുണ്ട്. എന്നാൽ ആരും അയാളുടെ സാന്നിധ്യം ശ്രദ്ധിച്ചില്ല. ഇത്തിരി മുൻപ് വന്ന പ്രധാന ഡോക്ടർ മാത്രം വാതിലിനരികിൽ നിന്ന് ആരേയൊ തിരയുന്ന മാതിരി ചുറ്റും നോക്കുന്നുണ്ടായിരുന്നു. എങ്കിലും അയാളെ കണ്ണിൽ പെട്ടതായി അദ്ദേഹവും ഭാവിച്ചില്ല.

ക്ഷമയോടെ അയാൾ കാത്തിരുന്നു.

അല്ലെങ്കിലും ധിറുതിയൊന്നും  ഒരിക്കലും കാണിക്കാറില്ല. പിന്നെ  ചിലരെയൊക്കെ ഓർക്കാപ്പുറത്ത് ചെന്നു കാണേണ്ടി വരാറുണ്ട്. അതത്ര ഇഷ്ടമായിട്ടല്ല. എങ്കിലും അത്തരം ബുദ്ധിമുട്ടുകൾ സാധാരണയായി സഹിക്കുകയാണ് പതിവ്.

ആദ്യത്തെ സ്ത്രീ ഒരു സന്യാസിനിയായിരുന്നു. അവരെ അയാൾക്ക് തീരെ പരിചയമുണ്ടായിരുന്നില്ല. ആ സ്ത്രീ പാർത്തിരുന്ന ആശ്രമത്തിൽ പലരെയും സന്ദർശിച്ചിട്ടുണ്ടെങ്കിലും ഇവരെ ഒരിക്കലും കാണുകയുണ്ടായിട്ടില്ല. സാധാരണയായി ആരുമായും ബന്ധം പുലർത്താത്ത  വിചിത്രമായ ചില ആചാര രീതികളാണ് ആശ്രമത്തിൽ ഉണ്ടായിരുന്നത്. അതുകൊണ്ട് കൂടിയാവാം ജനലിനപ്പുറത്തു നിൽക്കുമ്പോഴോ വാതിൽ കടന്നു പോകുമ്പോഴോ ഇതു പോലെ വരാന്തയിൽ കാത്തിരിക്കുമ്പോഴോ ഒന്നും ഒരിക്കലും കാണുവാൻ ഇടവന്നിട്ടില്ല. പക്ഷെ, ഇന്ന് കാണാതിരിക്കാൻ ഒരു നിർവാഹവുമില്ല.

അയാൾ സ്വയം പറഞ്ഞു , ‘അതെ, കണ്ടേ തീരു.‘

പെട്ടെന്നാണ് അരികിലിരുന്ന വയസ്സൻ ചോദിച്ചത്, ‘എന്താ, എന്തെങ്കിലും പറഞ്ഞോ‘? അയാൾ ‘ഇല്ല‘എന്ന അർഥത്തിൽ തല കുലുക്കി.

വയസ്സൻ പറഞ്ഞു, ‘നടുവിലെ ബെഡ്ഡിൽ കിടക്കുന്നത് എന്റെ ഭാര്യയാണ്. ഒരു രക്ഷയുമില്ല എന്നാണ് ഡോക്ടർ പറയുന്നത്‘.

അയാൾ മൌനം പാലിച്ചതേയുള്ളൂ.

വരാന്തയുടെ അരികെയുള്ള ചവിട്ട് പടികളിൽ  ഒരു കാലിറക്കി വെച്ച് നിന്നിരുന്ന ചെറുപ്പക്കാരൻ വയസ്സന്റെ അടുത്തേക്ക് വന്ന്, ബെഞ്ചിൽ ഇരുന്നു.

ആ മുഖത്ത് പ്രകടമായ ക്ഷീണമുണ്ടായിരുന്നു. ഉറക്കം തളം കെട്ടിയ കണ്ണുകളും ഷേവു ചെയ്യാത്ത മുഖവും  പ്രായക്കൂടുതൽ തോന്നിപ്പിച്ചു.

വയസ്സൻ  പിറുപിറുത്തു, ‘എത്ര നാളായി ഇങ്ങനെ കിടക്കുന്നു, ഇതൊന്നവസാനിക്കുന്നതാണ് എല്ലാവർക്കും നല്ലത്. നിനക്കും ലീവ് കിട്ടുവാൻ വിഷമമുള്ളപ്പോൾ…..‘

‘അച്ഛൻ ഒന്നു മിണ്ടാതിരിക്കു, ഓഫീസിനെ പറ്റി ഓർമ്മിക്കുമ്പോൾ ഭ്രാന്തു പിടിക്കുന്നത് പോലെ തോന്നുന്നു. അമ്മ രണ്ട് മാസം കഴിഞ്ഞ് കിടപ്പിലായിരുന്നെങ്കിൽ ഞാൻ ഇവിടെ തന്നെ നിൽക്കുമായിരുന്നു.‘

ചെറുപ്പക്കാരൻ മടുപ്പോടെ കൈകൾ കൂട്ടിത്തിരുമ്മി, പിന്നെ കോട്ടുവായിട്ടു.

‘ഇവിടെ നിന്ന് എന്തു ചെയ്യാനാണ്? നിന്റെ അമ്മ എന്നും ഇങ്ങനെയായിരുന്നു, എപ്പോഴും പ്രശ്നങ്ങൾ, അതുകൊണ്ടല്ലേ ഞാൻ പ്രൊമോഷനൊക്കെ വേണ്ടാ എന്നു വെച്ച് ഈ നശിച്ച നാട്ടിൽ തന്നെ നിന്നത്? ജീവിതത്തിൽ ഒരു സുഖവും എനിക്കുണ്ടായില്ല, എപ്പോഴും ചികിത്സയും പഥ്യങ്ങളും തന്നെ….‘

വയസ്സന്റെ ശബ്ദത്തിൽ കയ്പ് മാത്രമേ ഉണ്ടായിരുന്നുള്ളൂ.

ആ വയസ്സിയെ മുൻപ് ഒന്നു രണ്ട് പ്രാവശ്യം കണ്ടിട്ടുണ്ടെന്ന് അയാൾക്ക് അറിയാമായിരുന്നു.

ആദ്യം കണ്ടപ്പോൾ അവർക്ക് ക്ഷയ രോഗം മൂർച്ഛിച്ചിരിക്കുകയായിരുന്നു. അവർ വലിയ ശബ്ദത്തിൽ ശ്വസിച്ച് കൊണ്ടിരുന്നു. ഓക്സിജൻ റ്റ്യൂബ് അകറ്റിക്കളയുമ്പോഴൊക്കെയും  വയസ്സൻ വഴക്ക് പറഞ്ഞിരുന്നു.അന്ന് കുറെ നേരം അവരെ നോക്കി നിന്നുവെങ്കിലും പ്രത്യേകിച്ച് കാര്യമൊന്നുമുണ്ടായില്ല.

രണ്ടാമത് കണ്ടപ്പോൾ അവർക്ക് ഒരു അബോർഷൻ സംഭവിച്ചിരിക്കുകയായിരുന്നു. അപ്പോഴും അവരെ ആരും സമാധാനിപ്പിക്കുവാൻ ഉണ്ടായിരുന്നില്ലെന്ന് അയാൾ ഓർമ്മിച്ചു. ‘ഇത്രയും കാലം കഴിഞ്ഞിട്ട് നാശം ഇങ്ങനെ വേണമായിരുന്നോ‘ എന്ന് ശപിച്ച്   വയസ്സൻ അന്നും  മുറിയിൽ ഉലാത്തിയിരുന്നു.

ചെറുപ്പക്കാരൻ  പതിനഞ്ചിന്റെ കൌമാരവുമായി മുറിയിലിട്ടിരുന്ന സോഫ മേൽ കലങ്ങിയ കണ്ണുകളോടെ കിടന്നിരുന്നു.

സ്ത്രീയാകട്ടെ വിളർത്ത് ക്ഷീണിച്ച് ഇമകൾ പോലും അനക്കാനാകാതെ കുറെ റ്റ്യൂബുകളിൽ പിണഞ്ഞു വളരെ നേരിയതായി ശ്വസിച്ചുകൊണ്ടിരുന്നു.

അന്നും കുറെ കഴിഞ്ഞ് മടങ്ങിപ്പോവേണ്ടതായി വന്നു.

പക്ഷെ, ഇന്ന് കാണാതിരിക്കാൻ ഒരു നിർവാഹവുമില്ല.

അയാൾ പറഞ്ഞു , ‘അതെ, കണ്ടേ തീരു.‘

ചെറുപ്പക്കാരൻ സ്വരം താഴ്ത്തി വയസ്സനോട് അന്വേഷിക്കുന്നത് അയാളുടെ ചെവിയിൽ വീഴാതിരുന്നില്ല, ‘അച്ഛൻ ശ്രദ്ധിക്കാതിരുന്നതാണോ, അതോ…..‘

‘എന്താണ് നീ പറയുന്നത്?‘

‘അമ്മയുടെ അപ്പുറത്ത് കിടക്കുന്ന ആ സ്ത്രീ……. അതിനെ അറിയുമോ.‘

‘അവളെ അറിയാത്ത ആണുങ്ങളുണ്ടോ ഈ നാട്ടിൽ?‘ വയസ്സന്റെ മുഖത്തെ അശ്ലീലച്ചിരി മകനിലേക്കും മെല്ലെ പടർന്നെങ്കിലും  അത് അവിടെ തന്നെ ഉറഞ്ഞു.

‘എന്നിട്ട്  അമ്മയെ അവിടെ കിടക്കാൻ അനുവദിച്ചത്…..‘

‘ഈ മൂന്നു സ്ത്രീകൾക്കും ഒരേ രോഗമാണ്, ഒരേ സ്റ്റേജാണ് എന്നാണ് ഡോക്ടർമാർ പറയുന്നത്. അതു കേട്ടപ്പോൾ എനിക്ക് അസഹ്യത തോന്നി.‘

‘മറ്റേത് ആ ആശ്രമത്തിലെ സന്യാസിനിയമ്മയല്ലേ? അവരെ ഇതിനു മുൻപ് അമ്പലങ്ങളിൽ മാത്രമേ കണ്ടിട്ടുള്ളൂ. എന്നിട്ട്……തൊട്ടപ്പുറത്ത് ഈ സ്ത്രീ… അതിനു പണമുണ്ടായിരിക്കും ധാരാളം. അതല്ലേ ജനറൽ വാർഡിലൊന്നും പോകാതെ……‘

ആ സ്ത്രീയേയും അയാൾ  വളരെ വർഷങ്ങൾക്ക് മുൻപ് കണ്ടിട്ടുണ്ടായിരുന്നു.

ഒരു കൂട്ട ബലാത്സംഗത്തിനു ശേഷം റോഡരികിൽ മലർന്നു കിടക്കുകയായിരുന്നു ആ നഗ്ന ശരീരം.

വാർന്നൊഴുകിയ രക്തവും ആഴത്തിലേറ്റ മുറിവുകളുമായി ബോധം കെട്ടു കിടന്ന ആ ശരീരത്തെ പോലീസുകാർ ആംബുലൻസുമായി വന്ന് അതിനുള്ളിലേക്ക് കയറ്റി വെക്കുന്നതും നോക്കി, അന്നു കുറെ സമയം  ചെലവാക്കി.

പിന്നീട് ആശുപത്രിയിലും പോയി വന്നു. എങ്കിലും അവരെ  അപ്പോൾ കാണാൻ കഴിഞ്ഞില്ല.

അവിടത്തെ ഡോക്ടറെ മാത്രമേ കാണാൻ സാധിച്ചുള്ളൂ , അതാകട്ടെ വളരെ ധിറുതിയിലും.

പക്ഷെ, ഇന്ന്  കാണാതിരിക്കാൻ ഒരു നിർവാഹവുമില്ല.

അയാൾ മന്ത്രിച്ചു, ‘അതെ, കണ്ടേ തീരു.‘

മുറിയിൽ നിന്ന് പുറത്തേക്ക് വന്ന നേഴ്സിന്റെ മുഖത്തിന് തീരെ തെളിച്ചമില്ലായിരുന്നു. ചെറുപ്പക്കാരൻ ഉൽക്കണ്ഠയോടെ ‘എന്താണ് സ്ഥിതി‘ എന്നന്വേഷിച്ചു.

‘ചെയ്യാനുള്ളതൊക്കെ പരമാവധി ചെയ്യുന്നുണ്ട്, എന്നാലും എല്ലാവരേയും വിവരമറിയിക്കുന്നതാണു നല്ലത്‘.

ചെറുപ്പക്കാരൻ വാച്ച് നോക്കിക്കൊണ്ട് പുറത്തേക്ക് നടന്നപ്പോൾ, വയസ്സനും  പിന്തുടർന്നു.

അയാൾക്കപ്പോഴാണു മുറിയിൽ കയറാൻ സാവകാശം കിട്ടിയത്.

നടുവിലെ ബെഡ്ഡിൽ കിടക്കുന്ന സ്ത്രീക്കരികിലുള്ള മേശപ്പുറത്തു മാത്രമേ, ഫ്ലാസ്ക്കും മറ്റ് ചില വീട്ടുസ്സാധനങ്ങളും കണ്ടുള്ളൂ. മറ്റു രണ്ട് രോഗിണികളുടേയും മേശപ്പുറങ്ങൾ അവരെപ്പോലെ തനിച്ചും ശൂന്യവുമായി കാണപ്പെട്ടു.

പെട്ടെന്ന് മുറിയിലേക്ക് കടന്നു വന്ന നേഴ്സ് അയാളോട് ചോദിച്ചു, ‘നിങ്ങൾ ഈ സ്ത്രീയുടെ ആരെങ്കിലുമാണോ?‘

വിളറി വെളുത്ത്, പ്രയാസപ്പെട്ട് ശ്വാസം കഴിയ്ക്കുന്ന സ്ത്രീയുടെ കട്ടിലിലേക്ക് വിരൽ ചൂണ്ടിയാണ് നേഴ്സ് സംസാരിച്ചത്.

അയാൾ മൌനമായി നിന്നതേയുള്ളൂ.

‘അല്ലാ, സന്യാസിനി മരിച്ചാൽ ആശ്രമത്തിലറിയിക്കാൻ പറഞ്ഞിട്ടുണ്ട്, ആ കൊച്ച് സ്വാമി. ഇവരെ ഇവിടെയാക്കി പണവും കെട്ടി പോയവർ പിന്നെ വന്നതേയില്ല. ഒന്നും പറഞ്ഞിട്ട് കാര്യമില്ല, പല ആണുങ്ങൾക്കൊപ്പം ജീവിച്ചാൽ ………‘.

അയാളുടെ നിശ്ശബ്ദത കണ്ടിട്ടാവണം നേഴ്സ് ചില ട്യൂബുകളെല്ലാം നിവർത്തി ശരിയാക്കീട്ട് പുറത്തേക്ക് ഇറങ്ങി.

വ്രതാനുഷ്ഠാനങ്ങളും  അസുഖവും, ഭർത്താവും മകനും വിവിധങ്ങളായ രോഗങ്ങളും, പല പുരുഷന്മാരും ദീനവും എല്ലാം ഏറിയും കുറഞ്ഞുമുള്ള കാലയളവുകളിൽ അതിഥികളായി ഉപയോഗിച്ച് ശീലിച്ച ആ സ്ത്രീ ശരീരങ്ങളെ, അയാൾ പതിയെ, വളരെ പതിയെ നിശ്ബ്ദമായി സ്പർശിച്ചു. കാറ്റായി മുക്തിയും മഴയായി ദയയും മഞ്ഞായി സൌഹ്റുദവും അയാളുടെ സ്പർശനത്തിൽ വാർന്നൊഴുകി.

സന്യാസിനി കണ്ണുകൾ തുറന്നടച്ചു .

ഭർത്താവും മകനുമുള്ള സ്ത്രീയുടെ വിരൽ  അയാളുടെ വിരലുകളിൽ മുറുകി.

ശ്വാസം വിലങ്ങുന്ന സ്ത്രീ പുഞ്ചിരിക്കാൻ ശ്രമിച്ചു.

അതിനു ശേഷം അയാൾക്ക് അവിടെ ആരേയും കാത്തിരിക്കുവാനുണ്ടായിരുന്നില്ല.

Sunday, October 11, 2009

പാമ്പമ്യാര്


                               
അതി രാവിലെയാണ് നാട്ടിലാകെ വാർത്ത പരന്നത്.

‘തങ്കമ്യാരെ കാണാനില്ലാത്രെ‘

സത്യം പറഞ്ഞാൽ ആരുമത് വിശ്വസിച്ചില്ല.

കാരണമുണ്ട്.

സാധാരണ മനുഷ്യരെ കാണാതാകുന്ന പോലെ തങ്കമ്യാരെ കാണാതാകുമെന്ന് നാട്ടിലാർക്കും തോന്നിയിട്ടില്ല.

നാട്ടുവഴികളിൽ ആകാശത്തു നിന്ന് വീണതു പോലെയോ ഭൂമിയിൽ നിന്ന് മുളച്ചത് പോലെയോ ആണ് ആ സ്ത്രീ പ്രത്യക്ഷപ്പെടാറ്.

നരച്ച ഗോതമ്പ് നിറമുള്ള പുടവ സ്ഥിരമായി ധരിച്ചിരുന്ന അമ്യാർ ഒരിക്കലും ജാക്കറ്റിട്ടിരുന്നില്ല. വെഞ്ചാമരം പോലെ നരച്ച തലമുടിയും, സോഡാക്കുപ്പിയുടെ അടിഭാഗം വെട്ടിവെച്ചതു പോലെയുള്ള ഒരു കണ്ണടയും അവർക്കുണ്ടായിരുന്നു.

മുറുക്കും ചീടയും തേങ്കുഴലും മറ്റും നിറച്ച ഒരു കുട്ടയും ചുമന്ന് നാട്ടിലാകെ  അവർ തന്റെ സാന്നിധ്യമറിയിച്ചു.

കാണുന്നവരോടെല്ലാം കുശലം ചോദിച്ചു. ചോദ്യങ്ങൾക്ക് ഉത്തരം കൊടുക്കാതെ പോകാൻ ആരേയും  അനുവദിച്ചില്ല.

താഴ്ന്ന ജാതിക്കാരെ കാണുമ്പോൾ അമ്യാർക്ക് ചില ശീലങ്ങളൊക്കെയുണ്ടായിരുന്നു. കാലം മാറിയത് അറിയാത്തതു പോലെ,  അത് അംഗീകരിക്കാൻ മനസ്സില്ലാത്തതു പോലെ.

അവരെ കാണുമ്പോൾ ഭയന്ന മുഖഭാവത്തോടെ ഒതുങ്ങി വേലിയോട് ചേർന്ന് നടക്കുക, അവരിൽ നിന്ന് മുറുക്കിന്റെ പണം വാങ്ങുമ്പോൾ, നാണ്യങ്ങളാണെങ്കിൽ അവയിൽ വെള്ളം തളിക്കുക, (നോട്ടുകളിൽ വെള്ളം തളിക്കാറില്ലായിരുന്നു) അവരിൽ നിന്ന് ഒന്നും കൈയിൽ വാങ്ങുകയോ അവർക്ക് ഒന്നും കൈയിൽ കൊടുക്കാതിരിക്കയോ ചെയ്യുക, ഇങ്ങനെ ചില ശീലങ്ങൾ.

കുറഞ്ഞ ജാതിക്കാരോട്, അവരുടെ വീട്ടു വിശേഷങ്ങൾ അമ്യാർ അന്വേഷിച്ചിരുന്നില്ലെന്ന് കരുതരുത്.  വിവിധ ജാതിക്കാരും തരക്കാരുമായ  സ്ത്രീകളോട്  മനസ്സു തുറന്ന് സംസാരിച്ച് രസിക്കുന്നതിലായിരുന്നു അവർക്ക് വിശ്രമവും ആനന്ദവും കിട്ടിയിരുന്നത്. അതു കൊണ്ട് ഇന്ന ആൾ, ഇന്ന വീട്ടിലെ കുട്ടി, ഇന്നത് ചെയ്യുന്നു എന്നൊക്കെ നല്ല നിശ്ചയവുമായിരുന്നു.

ജാതിയിൽ താഴ്ന്നവരിലെ മുതിർന്നവർ ഒരിക്കലും തങ്കമ്യാരോട് ഒരു എതിർപ്പും പ്രകടിപ്പിച്ചില്ല.

അതുപോലെയാണോ പുതിയ തലമുറയിലെ കുട്ടികൾ?

ജാതിയുടെ പേരിൽ കോപ്രായം കാണിക്കുന്നവരെ അവർ വെറുതെ വിടുമോ?

കുട്ടികൾക്ക് വയസ്സിയുടെ ജാത്യഹങ്കാരവും ധാർഷ്ട്യവും തീരെ സഹിക്കാൻ പറ്റിയില്ല.

അവർ അമ്യാരുടെ സമീപത്തു കൂടി മന:പൂർവം നടന്നു, വഴി നിറഞ്ഞ് നിന്നു.

അപ്പോഴെല്ലാം ആ സ്ത്രീ ഒതുങ്ങി വേലിയോട് പറ്റിച്ചേരാൻ ശ്രമിച്ചു, അതുകൊണ്ട്, നിന്ന നിലയിൽ നിന്ന് അനങ്ങാനാകാതെ നാട്ടു വഴികളിൽ സ്തംഭിച്ച് നിൽക്കേണ്ടിയും വന്നു.

കുറഞ്ഞ ജാതിക്കാരിലെ മുതിർന്നവർ ‘അമ്യാരെ‘ എന്നോ ‘തമ്പുരാട്ടി‘ എന്നോ മാത്രം  വിളിച്ചപ്പോൾ അവരുടെ കുട്ടികൾ അങ്ങനെ ആദരിക്കാനൊന്നും തയാറായില്ല.

അമ്പല നടയിലുള്ള കുട്ടന്റെ കടയിലെ റൊട്ടിക്കും ബണ്ണിനുമാണു കുട്ടികൾ വയസ്സിയുടെ മുറുക്കിനേക്കാൾ  പ്രാധാന്യം കൊടുത്തത്.

വല്ലപ്പോഴും മുറുക്കോ മറ്റു പലഹാരങ്ങളോ വാങ്ങിയാൽ കുട്ടികൾ ഓരോരുത്തരായി ഓരോ തവണയായി അമ്യാർക്ക് ഒറ്റ രൂപയുടേയും രണ്ട് രൂപയുടേയും നോട്ടുകൾ  തറയിലേക്കെറിഞ്ഞു കൊടുത്തു പോന്നു.  ഓരോ തവണയും വയസ്സിക്ക് നോട്ട് പെറുക്കുവാനായി അവരുടെ മുൻപിൽ കുനിഞ്ഞ് നിവരേണ്ടിയിരുന്നു.

അപ്പോഴൊന്നും വയസ്സി കുട്ടികളോട് വഴക്കിനു പോയിരുന്നില്ല. എന്നാൽ പഴയ മുറുക്കാണെന്ന് കുട്ടികൾ കുറ്റപ്പെടുത്തുമ്പോൾ മാത്രം കൈയോങ്ങിക്കൊണ്ട് ‘നീ പോടാ രാക്ഷസാ‘ എന്ന് അലറുമായിരുന്നു. കുട്ടികളാകട്ടെ, ആ സമയം കൂക്കിയാർത്തുകൊണ്ട് ഓടിക്കളയും.

പതിനഞ്ചു വയസ്സിൽ ഭർത്താവ് നഷ്ടപ്പെട്ട ആ സ്ത്രീക്ക്, ഭർത്താവിന്റെ അമ്മയും കൂടി മരിച്ചപ്പോൾ ഏകാന്തത മാത്രമായി കൂട്ടിന്.

എനിക്ക് ഓർമ്മയുള്ളപ്പോൾ തന്നെ  ഒരെഴുപത് വയസ്സുകാരിയായിരുന്ന അവർ, ഏകദേശം നാല്പത് വർഷമെങ്കിലുമായി  ഒറ്റക്ക് പലഹാരങ്ങൾ ഉണ്ടാക്കി വിറ്റും ചുരുക്കം ചില ബ്രാഹ്മണഭവനങ്ങളിൽ ഭക്ഷണം പാചകം ചെയ്തു കൊടുത്തും ജീവിതം നയിക്കുകയാണ്.

നാട്ടിലെ ബ്രാഹ്മണരെല്ലാം ബോംബെക്കും മദ്രാസിലേക്കുമായി ജീവിതം പറിച്ച് നട്ടിരുന്ന കാലമായിരുന്നു അത്. ബ്രാഹ്മണരുടെ വീടുകൾ മറ്റ് ജാതിക്കാർ വാങ്ങിക്കൊണ്ടിരുന്നു.

തികഞ്ഞ ജാതി വിശ്വാസിയും കേറിക്കിടക്കാൻ സ്വന്തമായി ഒരു മുറി പോലുമില്ലാത്തവളുമായ അമ്യാർക്ക് പിന്നെ വാടക മുറികൾ മാറാതിരിക്കാൻ പറ്റുന്നതെങ്ങനെ?

ആറു മാസത്തിൽ അഞ്ച് വാടകമുറികൾ മാറേണ്ടി വന്നപ്പോൾ അവർ ശിവൻ കോവിലിന്റെ നടയിൽ നിന്ന് നെഞ്ചത്തടിച്ചുകൊണ്ട് ചോദിച്ചു. ‘ഉനക്ക് മതി വരലയാ? എന്നെ ഇപ്പടി അലയ വിടറയേ?‘

ശിവൻ ഒന്നും പറഞ്ഞില്ല.

അഞ്ചാമത്തെ വാടക മുറി കോവിലിനു പരിസരത്തിലുള്ള വാര്യത്തെയായിരുന്നു, കൊച്ചു വാരസ്യാരുടെ വാര്യം. അതൊരു ഒറ്റപ്പെട്ട കെട്ടിടമായിരുന്നു.

താമസം തുടങ്ങി നാലഞ്ച് ദിവസം കഴിഞ്ഞതേ ഉണ്ടായിരുന്നുള്ളൂ. കൊച്ച് വാരസ്യാർ എറണാകുളത്ത് താമസിക്കുന്ന മകൾക്കൊപ്പം കഴിയാൻ തന്റെ ഭർത്താവിനെയും കൂട്ടിപ്പോയി. അമ്യാർ വാടകക്ക് പാർക്കുന്നത് കൊണ്ട് വീട് കാവലും കൂടി അങ്ങോട്ട് ഏല്പിച്ച്, സമാധാനത്തോടെയാണ് വാരസ്യാർ പോയത്.

വൈകുന്നേരം കുളിച്ച്, ശിവൻ കോവിലിൽ പോയി വന്ന് അത്താഴമായ നേന്ത്രപ്പഴവും ചുക്കുവെള്ളവും കഴിച്ച്, നാളത്തെ വില്പനയ്ക്ക് വേണ്ട പലഹാരങ്ങൾ കുട്ടയിലടുക്കി  വാടകമുറിയുടെ വാതിലുമടച്ചപ്പോഴാണ് അമ്യാർ മുറിയിലെ അതിഥിയെ കണ്ടത്.

മറ്റാരുമല്ല, നല്ല ഒന്നാന്തരം ഒരു മൂർഖൻ പാമ്പ്!!!

പാമ്പ്  പത്തി വിതുർത്ത് അമ്യാരുടെ ഉറക്കപ്പായിൽ ചുറ്റിയിരിക്കുകയാണ്!!!

ശ്വാസം  മരവിച്ചുപോയ വയസ്സി കൈയിൽത്തടഞ്ഞ പഴയ പുടവ എങ്ങനെയോ പാമ്പിനു നേരെ ആഞ്ഞെറിഞ്ഞു. പതിനെട്ട് മുഴം പുടവയിൽ ഒതുങ്ങിയ പാമ്പിനാകട്ടെ, പെട്ടെന്ന് തന്റെ ഉശിരൊന്നും കാണിക്കാൻ പറ്റിയില്ല.

ആ സമയം നോക്കി വാതിൽ തുറക്കാൻ അവർ ശ്രമിച്ചെങ്കിലും പുടവയിലകപ്പെട്ട പാമ്പ് പത്തി ഉയർത്തി ഉഗ്രമായി ചീറി.  വാതിലിനു പുറകിലിരുന്ന മുണ്ടൻ വടിയെടുത്ത്, പാമ്പിനെ തലങ്ങും വിലങ്ങും പ്രഹരിക്കുമ്പോൾ അമ്യാർക്ക് ശരിക്കും ബോധമില്ലായിരുന്നു.

ഭയമാണ് അവരെക്കൊണ്ട് അത് ചെയ്യിച്ചത്.

പാമ്പ്, പുടവയ്ക്കുള്ളിൽ തന്നെയിരുന്ന് സിദ്ധി കൂടി.

അതിനെ വലിച്ച് പുറത്തിടാനുള്ള മന:സാന്നിധ്യമൊന്നും വയസ്സിക്ക് ബാക്കിയുണ്ടായിരുന്നില്ല.

പാമ്പിനെ സംസ്ക്കരിക്കാതെയും കുളിച്ച് ദേഹശുദ്ധി വരുത്താതെയും പച്ചവെള്ളം പോലും കഴിക്കാൻ പാടില്ലാ എന്നു കരുതിയത് കൊണ്ട്  ദാഹിച്ച് വലഞ്ഞ് ശവത്തിനു കാവലിരിക്കേണ്ടിയും വന്നു.

ഇന്നലെ വരെ കണ്ട തങ്കമ്യാരെ അല്ല പിറ്റേന്ന് മുതൽ നാട്ടുകാർ കണ്ടത്.

പാമ്പിന്റെ ശവം ദഹിപ്പിക്കണമെന്ന് അവർ വാശി പിടിച്ചു. അതും ബ്രാഹ്മണരുടെ ചുടലയിൽ തന്നെ വേണം. പ്രായശ്ചിത്തമായി എന്തും ചെയ്യാനൊരുക്കമാണ്. വാധ്യാർ പറഞ്ഞാൽ മതി. ആചാരപ്രകാരമുള്ള എല്ലാ കർമ്മങ്ങളും കഴിച്ച് പന്ത്രണ്ടാം ദിവസം അടിയന്തിരവും  ചെയ്യണം.

വാധ്യാർക്ക്  സത്യത്തിൽ യാതൊന്നും പിടി കിട്ടിയില്ല.

പിന്നെ അസാധാരണമായ ആ വാശി കണ്ടപ്പോൾ അദ്ദേഹം എല്ലാം സമ്മതിച്ചുവെന്നു മാത്രം.

ചുടലയിലേക്ക് സ്ത്രീകൾ മുള മഞ്ചത്തിലേറി മാത്രമേ പോകാറുള്ളൂ എന്ന ആചാരം ഓർമ്മിപ്പിച്ച് പാമ്പിന്റെ ശവഘോഷയാത്രയിൽ പങ്കെടുക്കുന്നതിൽ നിന്ന് വാധ്യാർ തങ്കമ്യാരെ കർശനമായി വിലക്കി. താനെല്ലാം ഭംഗിയായി ചെയ്തുകൊള്ളാമെന്ന് അദ്ദേഹം ഉറപ്പു കൊടുത്തു.

ഒരു സന്താനമില്ലാത്ത ബ്രാഹ്മണന്റെ അടിയന്തിരം നടത്തുമ്പോലെയാണു പാമ്പിന്റെ അടിയന്തിരം നടത്തിയത്. അതിനു പുറമേ തങ്കമ്യാരുടെ സുരക്ഷയ്ക്കായി പാമ്പിന്റെ രൂപമുണ്ടാക്കി പൂജിച്ച ഏലസ്സും  വാധ്യാർ തയാറാക്കി നൽകി.

വയസ്സിയെ സമാധാനിപ്പിക്കാൻ വാധ്യാർക്ക് കുറേ നാടകം കളിക്കേണ്ടി വന്നു.

അദ്ദേഹത്തെ പൂർണമായും വിശ്വസിച്ച അവരാകട്ടെ ഒരു കുറവും വരുത്താതെ പണം ചെലവാക്കി, വാധ്യാർക്ക് നല്ല ദക്ഷിണയും സമ്മാനിച്ചു.

എങ്കിലും അമ്യാരിൽ വന്ന മാറ്റം കഠിനവും ദയനീയവുമായിരുന്നു.

‘പാമ്പെ കൊന്ന അമ്യാരാക്കും, നാൻ‘ എന്നു പിറുപിറുത്തുകൊണ്ട്   ആ തളർന്ന രൂപം  നാട്ടിടവഴികളിൽ ചുറ്റിത്തിരിഞ്ഞു തുടങ്ങി. ചുരുക്കം ചില ദിവസങ്ങളിൽ മാത്രം വല്ല മുറുക്കോ ചീടയോ അവരുടെ കുട്ടയിൽ സ്ഥാനം പിടിച്ചിരുന്നു.

ആ അനാഥയെച്ചൊല്ലി  ആരും വ്യാകുലപ്പെടുവാനുണ്ടായിരുന്നില്ല.

കുട്ടികൾ അമ്യാരുടെ പുറകെ പാട്ടയും കൊട്ടി നടന്നു, അവർക്ക്  തമാശക്കളി. അവർ നീട്ടിപ്പാടി,

‘പാമ്പമ്യാരേ മൊട്ടച്ചി

മുറുക്കെടുക്കടീ മൊട്ടച്ചീ

ജാക്കറ്റിടെടീ മൊട്ടച്ചീ

പാമ്പു കടിക്കൂടി മൊട്ടച്ചീ‘

ഒന്നും ശ്രദ്ധിക്കാതെ അമ്യാർ എല്ലായ്പോഴും ആ മൂർഖൻ പാമ്പിനൊപ്പം ഇഴഞ്ഞു കൊണ്ടിരുന്നു.

വീട്ടുടമസ്ഥയായ കൊച്ചു വാരസ്യാർക്കാവട്ടെ ഭയവും വേവലാതിയുമാവുകയായിരുന്നു.

ആലോചിച്ചാൽ കൊച്ചു വാരസ്യാരെയും കുറ്റം പറയാൻ പറ്റില്ല.

തലയ്ക്ക് അല്പം നൊസ്സു പോലെയുള്ള ഒരു അനാഥ തള്ളയെ വീട്ടിൽ താമസിപ്പിക്കാൻ എങ്ങനെയാണ് സാധിക്കുക?  എന്തെങ്കിലും പുലിവാലുണ്ടായാൽ ആരാണു സമാധാനം പറയുക?

മൂന്നാലു ദിവസത്തിനുള്ളിൽ വാടക മുറിയൊഴിയണമെന്ന് അവർ തങ്കമ്യാരോട് പറഞ്ഞു. വളരെ സമാധാനത്തിലാണ് കൊച്ചു വാരസ്യാർ സംസാരിച്ചത്. അവരെന്നും ഒരു തികഞ്ഞ മര്യാദക്കാരിയായിരുന്നു.

അമ്യാർ കൊച്ചു വാരസ്യാരെ മിഴിച്ച് നോക്കി, ഒന്നും മനസ്സിലാകാത്തതു പോലെ, എന്നിട്ട് പുലമ്പി. ‘പാമ്പെ കൊന്ന അമ്യാരാക്കും, നാൻ.’

അതും പറഞ്ഞ് പുറത്തേക്കിറങ്ങിയ അവരെ കൊച്ചു വാരസ്യാർ നിറഞ്ഞ കണ്ണുകളോടെ നോക്കി നിന്നു.

അമ്യാർ ശരവേഗത്തിൽ നടന്നത് ശിവൻ കോവിലിലേക്കായിരുന്നു. നേരെ നടയ്ക്കൽ ചെന്നു നിന്ന് ദീപ പ്രഭയിൽ കുളിച്ച് നിൽക്കുന്ന ശിവനോട് വിരൽ ചൂണ്ടിക്കൊണ്ട് ചോദിച്ചു, ‘എതുക്ക് ഇപ്പടി ശെയ്തായ്? ചൊല്ലിയിരുക്കലാമേ, നീ അനുപ്പിനതാക്കുമെന്റ്. പേശാമേ വന്തിരുപ്പേനെ.‘

ശിവൻ എന്നത്തേയും പോലെ നിശ്ശബ്ദനായിരുന്നതേയുള്ളൂ.

പിന്നീട് അമ്യാരെ ആരും കാണുകയുണ്ടായില്ല.

അവരെ കാണാതായപ്പോൾ കൊച്ചു വാരസ്യാർ ആ  മുറി പരിശോധിച്ചു.

പഴയ പുടവകളും പാത്രങ്ങളും പലഹാരം അടുക്കി വെക്കുന്ന കുട്ടയും  മുണ്ടൻ വടിയും തറയിൽ കിടന്നിരുന്നു. 

ജനൽപ്പടിയിൽ മൂന്നാലു ഒറ്റ രൂപാനോട്ടുകളും കുറച്ച് ചില്ലറയുമുണ്ടായിരുന്നു.

ഏകാന്തമായ ആ ജീവിതത്തിന്റെ ബാക്കിപത്രം പോലെ.