Wednesday, December 7, 2016

മഞ്ഞില്‍ നനഞ്ഞ ചെയില്‍

https://www.facebook.com/groups/1945563405669128/permalink/2616111515280977/
https://www.facebook.com/echmu.kutty/posts/453679901477976

ഹണിമൂണ്‍ കോട്ടേജുകളായിരുന്നു പണിതുകൊണ്ടിരുന്നത്. ദില്ലിയില്‍ താമസിച്ചിരുന്ന ഒരു റിട്ടയേര്‍ഡ് സ്ക്വാഡ്രണ്‍ ലീഡറുടെ ഡ്രീം പ്രോജക്ടായിരുന്നു അത്.

ഹിമാചല്‍ പ്രദേശില്‍ സോലാനടുത്തുള്ള ചെയില്‍ എന്ന സ്ഥലത്ത്..

കെട്ടിടനിര്‍മ്മാണത്തൊഴിലാളികളും എന്‍ജിനീയര്‍മാരുമെല്ലാം നേരത്തെ പോയിക്കഴിഞ്ഞിരുന്നു. അതുകൊണ്ട് എന്‍റെ യാത്ര തനിച്ചായിരുന്നു.

തണുപ്പുകാലമായിരുന്നത് കൊണ്ട് ദില്ലിയിലെ ഐ എസ് ബി ടി യില്‍ കമ്പിളി പുതച്ചവരായിരുന്നു അധികവും. രാത്രി പത്തുമണിയ്ക്കായിരുന്നു സോലാനിലേക്കുള്ള ബസ്. ബസ്സ് സ്റ്റാന്‍ഡില്‍ പിടിയ്ക്കുമ്പോഴേക്കും പുരുഷന്മാര്‍ ഓടിക്കൂടും. പിന്നെ ഒരു തിക്കും തിരക്കും ഉന്തും തള്ളുമാണ്. കൈയൂക്കുള്ളവര്‍ ആദ്യമാദ്യം കയറിപ്പറ്റും. അതുകൊണ്ട് ഇടിച്ചിടിച്ചു കയറിയാലേ രക്ഷയുള്ളൂ. അത് അത്ര സുഖകരമായ ഒരു അഭ്യാസമൊന്നുമല്ല. എന്നുമെവിടെയും ആര്‍ക്കും കൊട്ടിനോക്കാവുന്ന ഒരു ചെണ്ടയാണ് സ്ത്രീ ശരീരമെന്നല്ലേ പൊതുധാരണ അല്ലെങ്കില്‍ നമ്മള്‍ പുലര്‍ത്തിക്കൊണ്ടു വരുന്ന സംസ്ക്കാരം.

വിന്‍ഡോ സീറ്റ് തരപ്പെടുത്തി, സ്കാര്‍ഫ് കൊണ്ട് തല മൂടിക്കെട്ടി ഷാളും പുതച്ച് കൂനിക്കൂടി ഇരുന്നു. നല്ല തണുപ്പായതുകൊണ്ട് ബസ്സിന്‍റെ വാതിലും ജനലുമെല്ലാം ‘ അടയ്ക്കൂ അടയ്ക്കൂ’ എന്ന് എല്ലാവരും മുറവിളി കൂട്ടുന്നുണ്ടായിരുന്നു. പോരാത്തതിനു ‘ എന്‍റെ പെട്ടി കയറ്റിയോ, കമ്പിളി പുതച്ചിട്ടുണ്ടോ നിങ്ങള്‍ , ജോഗീന്ദറെവിടെ, ഓടി വരൂ.. ദാ, ബസ്സിപ്പോള്‍ പോകും’ എന്നും മറ്റുമുള്ള യാത്രികരുടെ അരക്ഷിതമായ ഉല്‍ക്കണ്ഠകളുമുണ്ടായിരുന്നു.

അധികം വൈകാതെ ബസ്സ് പുറപ്പെട്ടു.

കുറച്ച് കോളേജു വിദ്യാര്‍ഥികള്‍ പുറകിലെ സീറ്റുകളിലിരുന്നു

ബഹളമുണ്ടാക്കിക്കൊണ്ടിരുന്നു. മുതിര്‍ന്നവരാരോ ‘മിണ്ടാതിരിക്ക് പിള്ളേരേ’ എന്ന് ശാസിച്ചപ്പോള്‍ അവര്‍ ഒരു നിമിഷം അടങ്ങി.

പിന്നീട് കേട്ടത് പഞ്ചാബി ഭാഷയിലുള്ള നാടോടി  ഗാനങ്ങളായിരുന്നു.

ശ്രുതി മധുരം.. സുന്ദരം.

യാതൊരു കലര്‍പ്പുമില്ലാത്ത നാടന്‍ ശീലുകള്‍...

കുട്ടികള്‍ മല്‍സരിച്ചു പാടി. ഒരു സാധാരണ ട്രാന്‍സ്പോര്‍ട്ട് ബസ്സിലെ ദൂരയാത്രയെ അവര്‍ അങ്ങനെ അവിസ്മരണീയമാക്കി മാറ്റി.

നിലാവുദിച്ചു കഴിഞ്ഞിരുന്നു. നഗരമായാലും ഗ്രാമമായാലും ചേരിയായാലും നിലാവിനു പിശുക്കില്ല. പുല്‍ത്തകിടിയും രാജരഥ്യയും അതിനൊരു പോലെ. എല്ലായിടത്തും സ്വന്തം പാല്‍ക്കുടം അളവ് നോക്കാതെ തട്ടിമറിയ്ക്കുന്നു നിലാവ്..
ബസ്സിനകത്ത് ചുരുണ്ട് കൂടിയിരിക്കേ നിലാവില്‍ കുതിരുന്ന ദൃശ്യങ്ങള്‍ കണ്ണിനു സാന്ത്വനമായി.
ഞാന്‍ മെല്ലെ ഉറക്കത്തിലേക്ക് വഴുതി.
രാവിലെ സോലാന്‍ ബസ് സ്റ്റാന്‍ഡില്‍ ചെന്നിറങ്ങുമ്പോള്‍, ജനത്തിരക്ക് നന്നെ കുറവായിരുന്നു. ലേശം പേടി തോന്നാതിരുന്നില്ല.
എങ്കിലും ബുദ്ധിമുട്ടില്ലാതെ ചെയിലിലേക്കുള്ള ബസ്സില്‍ കയറിക്കൂടാന്‍ കഴിഞ്ഞു. ഏകദേശം നാല്‍പത് കിലോമീറ്റര്‍ ദൂരം ഓടിത്തീര്‍ക്കാന്‍ ഒന്നര മണിക്കൂറെടുക്കുമെന്ന് കണ്ടക്ടര്‍ പഹാഡി ഹിന്ദിയില്‍ അറിയിച്ചു .

ഹണി മൂണ്‍ കോട്ടേജുകള്‍ ഒരു ഹരിത താഴ് വാരത്തിലായിരുന്നു നിര്‍മ്മിച്ചിരുന്നത്. പച്ചവര്‍ണത്തിന്‍റെ ധാരാളിത്തത്തില്‍ മുങ്ങി നിവര്‍ന്ന ഒരു കൂടാരമായിരുന്നു ആ താഴ് വാരം. അങ്ങകലെ അത്യുന്നതങ്ങളില്‍ തൂമഞ്ഞു പുതച്ച ഗിരിനിരകള്‍ , പേരറിയാത്തവയും അറിയുന്നവയുമായ ഒട്ടനേകം കിളികളുടെ നിലയ്ക്കാത്ത കൂജനം. അവിടെ അടുത്തു തന്നെ, വിരല്‍ വെച്ചാല്‍ മുറിഞ്ഞു പോവുന്ന അത്രയും ഒഴുക്കും തണുപ്പുമുണ്ടെങ്കിലും നല്ല തെളിനീരൊഴുകുന്ന നീര്‍ച്ചോല.. വെള്ളത്തിനടിയില്‍ തെളിഞ്ഞു മിന്നുന്ന പലവര്‍ണങ്ങളിലുള്ള ചെറിയ കല്ലുകള്‍... ഹിമാലയന്‍ പ്രകൃതി സൌന്ദര്യത്തിന്‍റെ ഊഞ്ഞാലിലായിരുന്നു മഞ്ഞില്‍ നനഞ്ഞ സുന്ദരിയെപ്പോലെ ചെയില്‍ എനിക്ക് വെളിപ്പെട്ടത് .
തൊട്ടടുത്ത് താമസിച്ചിരുന്ന പഹാഡി കുടുംബത്തിലായിരുന്നു ഭക്ഷണവും താമസവുമെല്ലാം ഏര്‍പ്പാടാക്കിയിരുന്നത്. പച്ച മുളകും സവാളയും മല്ലിയിലയും ഒക്കെ പച്ചയ്ക്ക് അരിഞ്ഞിട്ട കടലയും ചായയുമാണ് പ്രഭാത ഭക്ഷണമായി അവര്‍ വിളമ്പിയത്. അത് രുചികരമായിരുന്നു.

പട്യാലാമഹാരാജാവിന്‍റെ കൊട്ടാരമുണ്ട് ചെയിലില്‍. ഒരു വാസ്തുവിദ്യാ അല്‍ഭുതമാണതെന്ന് ചില ആര്‍ക്കിടെക്ടുമാര്‍ പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. കേട്ടുവെന്നേയുള്ളൂ. കൊട്ടാരത്തിനകത്ത് കേറാന്‍ എനിക്ക് സാധിച്ചില്ല. അവിടെ അറ്റകുറ്റപ്പണികള്‍ നടക്കുകയായിരുന്നു. ബ്രിട്ടീഷുകാരെ നേപ്പാള്‍ യുദ്ധത്തില്‍ സഹായിച്ചതിനു പ്രതിഫലമായി കിട്ടിയ ഭൂമിയില്‍ പണിതുയര്‍ത്തിയ കൊട്ടാരമാണത്. ഈസ്റ്റ് ഇന്ത്യാക്കമ്പനിയും നേപ്പാള്‍ രാജാവും തമ്മില്‍ നടന്ന യുദ്ധത്തില്‍ പാട്യാല മഹാരാജാവ് ഒത്തിരി ധനവും തന്‍റെ സൈന്യവും എല്ലാം ഇംഗ്ലീഷുകാര്‍ക്ക് നല്‍കി സഹായിച്ചു. നേപ്പാളിനെ ശരിയ്ക്കും ഒരു പാഠം പഠിപ്പിക്കണമെന്നായിരുന്നു പാട്യാല മഹാരാജാവിന്‍റെ മോഹം. 1814 മുതല്‍ 1816 വരെയുള്ള രണ്ട് വര്‍ഷക്കാലം നീണ്ടു നിന്ന യുദ്ധം അവസാനിച്ചത്

എല്ലായിടത്തുമെന്ന പോലെ ബ്രിട്ടീഷുകാര്‍ക്ക് മാത്രം ഗുണമുണ്ടാവുന്ന കരാറോടെ ആയിരുന്നു. സുഗൌലി ട്രീറ്റി എന്നാണ് ഈ കരാറിന്‍റെ പേര്. കരാര്‍ പ്രകാരം ബ്രിട്ടീഷുകാര്‍ക്ക് നേപ്പാളിന്‍റെ മൂന്നിലൊരു ഭാഗം ലഭ്യമായി.

ചെയിലില്‍ ഭൂമി ലഭിച്ചെങ്കിലും ഏകദേശം നൂറുവര്‍ഷത്തിനിപ്പുറം പാട്യാല മഹാരാജാവ് കൊട്ടാരമുണ്ടാക്കിയത് അക്കാലത്തെ വൈസ്രോയ് ആയിരുന്ന ലോര്‍ഡ് കിച്നറുമായി പിണങ്ങിയതു കൊണ്ടായിരുന്നു. ‘ അമ്പടാ! സൂര്യനസ്തമിയ്ക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തെ ഒരു നിസ്സാര പട്യാല രാജന്‍ വെല്ലുവിളിയ്ക്കുന്നോ? ഇനി മുതല്‍ ബ്രിട്ടീഷിന്‍ഡ്യാക്കമ്പനിയുടെ സിംല എന്ന സമ്മര്‍ ക്യാപിറ്റലില്‍ കയറിപ്പോകരുതെ’ന്നായി വൈസ്രോയി. അങ്ങനെയാണ് മഹാരാജാവായിരുന്ന ഭൂപീന്ദര്‍സിംഗ് ചെയിലില്‍ ഈ കൊട്ടാരം നിര്‍മ്മിക്കുന്നത്. സിംലയേക്കാള്‍ ഉയരത്തിലാണല്ലോ ചെയില്‍. കസൌട്ടിയും സിംലയും ചെയിലില്‍ നിന്ന് നോക്കിയാല്‍ കാണാം. 2444 മീറ്റര്‍ പൊക്കത്തിലൂള്ള ക്രിക്കറ്റ് ഗ്രൌണ്ടും പോളോ ഗ്രൌണ്ടും ഈ കൊട്ടാരത്തിനു സ്വന്തം. ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള ക്രിക്കറ്റ് ഗ്രൌണ്ടാണിത്. 

ഉയരമേറിയ ദേവദാരുമരങ്ങളും ചിര്‍ പൈനും അതിരിട്ട വന്യമായ പച്ചപ്പില്‍ ഈ ഗ്രൌണ്ട് ഒരു പതക്കം പോലെ മിന്നിത്തിളങ്ങുന്നു. ഇവിടെ ബാസ്കറ്റ് ബോള്‍ കോര്‍ട്ടും ഫുട്ബോള്‍ കോര്‍ട്ടും ഉണ്ട്. ചെയില്‍ മിലിറ്ററി സ്കൂളിന്‍റെ കൈവശമാണ് ഇപ്പോള്‍ ഈ ഗ്രൌണ്ട്. കാരണം ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടിയപ്പോള്‍ പാട്യാലാ മഹാരാജാവ് ചെയിലിലെ മിക്കവാറും ഭൂസ്വത്തുക്കള്‍ ഇന്ത്യാമഹാരാജ്യത്തിനു വിട്ടുകൊടുത്തു. അതുകൊണ്ട് ആര്‍മി കേഡറ്റുകള്‍ കളിച്ചു തിമര്‍ക്കുന്നു, ആ ഗ്രൌണ്ടില്‍..

ശീതകാലത്തില്‍ അപൂര്‍വമായ വെയില്‍ ചായും മുന്‍പേ ഔദ്യോഗിക കൃത്യങ്ങള്‍ ഒരുവിധം അവസാനിപ്പിച്ച് ഞാന്‍ ഗുരുദ്വാരയിലേക്ക് പോയി. അവിടെ ഭക്ഷണം കിട്ടും. തണുപ്പ് കൊണ്ടാണോ എന്തോ എനിക്ക് നന്നായി വിശക്കുന്നുണ്ടായിരുന്നു. എത്ര പാവ് ആട്ടയ്ക്ക് റൊട്ടിയുണ്ടാക്കണമെന്ന് ചോദിയ്ക്കുന്ന പഹാഡി കുടുംബിനിയോട് ഉച്ച ഭക്ഷണത്തിനും അത്താഴത്തിനുമിടയില്‍ പിന്നെയും അരപ്പാവ് ആട്ടയ്ക്ക് റൊട്ടിയുണ്ടാക്കിത്തരൂ എന്ന് പറയാന്‍ എനിക്ക് മടി തോന്നി.

സത്യം പറഞ്ഞാല്‍ ഗുരുദ്വാരയിലെ ലങ്കാറില്‍ മൂന്നു നേരം ഭക്ഷണം കഴിച്ചുമാത്രം ജീവിതം തള്ളിനീക്കുന്നവര്‍ ഉത്തരേന്ത്യയില്‍ ഒത്തിരിയുണ്ട്. സര്‍ദാര്‍ജിമാര്‍ ലങ്കാര്‍ ( ഗുരുദ്വാരയിലെ സര്‍വാണി സദ്യ ) നടത്തുമ്പോള്‍, ജാതിയും മതവും കുലവും ഗോത്രവും മണ്ണാങ്കട്ടയുമൊന്നും ചോദിക്കില്ല. എല്ലാവര്‍ക്കും പൂരിയും കിഴങ്ങുകറിയും ഹല്‍വയും വിളമ്പും.

സൈറ്റില്‍ നിന്ന് ബസ്സ് സ്റ്റാന്‍ഡ് വരെ നടന്നു. ബസ് സ്റ്റാന്‍ഡില്‍ നിന്ന് വെറും ഇരുനൂറു മീറ്റര്‍ അപ്പുറത്താണ് ഗുരുദ്വാര. പടരുന്ന സാന്ധ്യവെളിച്ചത്തിലും താഴ് വാരങ്ങളിലലിയുന്ന മഞ്ഞിന്‍റെ വെണ്മയിലും ഗുരുദ്വാര അതി മനോഹരമായി തോന്നിച്ചു. അത് ശരിയ്ക്കും ഒരു പള്ളിയെയാണു ഓര്‍മ്മിപ്പിച്ചത്. ഉരുണ്ട ഹിമാലയന്‍ കല്ലുകള്‍ പാവിയ വഴിത്താരയിലൂടെ നടന്നിറങ്ങുമ്പോള്‍ ചുറ്റുമുള്ള ദേവദാരുക്കളും പൈന്‍ മരങ്ങളും കാറ്റിലാടിക്കൊണ്ട് സ്വാഗതം പറഞ്ഞു.
എനിക്ക് വലിയ ആഹ്ലാദം തോന്നി.

പാലസ് പണിയും മുന്‍പേ പാട്യാലാ മഹാരാജാവായിരുന്ന ഭൂപീന്ദര്‍ സിംഗ് ഈ ഗുരുദ്വാരയാണത്രേ പണികഴിപ്പിച്ചത്. 1907ലാണ് ഒരു ചെറിയ പള്ളിയെ അനുസ്മരിപ്പിയ്ക്കുന്ന ഗുരുദ്വാര നിര്‍മ്മിയ്ക്കപ്പെട്ടത്. സര്‍ദാര്‍ജി കുടുംബങ്ങളുടെ എണ്ണത്തില്‍ വന്ന കുറവ് പിന്നീട് ഈ ഗുരുദ്വാരയെ അഗണ്യകോടിയില്‍ തള്ളി. ആരും ശ്രദ്ധിക്കാനില്ലാതെ ഗുരുദ്വാര ശോചനീയമായി. പിന്നീട് വിദേശരാജ്യങ്ങളില്‍ താമസമാക്കിയ സര്‍ദാര്‍ജിമാര്‍ കൈയയച്ചു സംഭാവന ചെയ്തിട്ടാണ് ഗുരുദ്വാര ഇപ്പോള്‍ കാണും വിധം മനോഹരമായി പുതുക്കിപ്പണിതത്. അപ്പോഴും പഴയകാല ഗുരുദ്വാരയുടെ ച്ഛായയും രീതിയും നിലനിറുത്താന്‍ അവര്‍ തീര്‍ച്ചയായും ശ്രദ്ധിച്ചിട്ടുണ്ട്.
കുറച്ചു നേരം ഗുരുമുഖിയിലുള്ള ഗ്രന്ഥമോതുന്നത് കേട്ട് തലയും കുമ്പിട്ടിരുന്നു.
പിന്നീട് വിളമ്പിക്കിട്ടിയ ഭക്ഷണം കഴിച്ച് , പഹാഡി കുടുംബത്തിലേക്ക് മടങ്ങി.

രാത്രി കുറെ വൈകിയപ്പോള്‍ ആരോ പുല്ലാങ്കുഴലൂതുന്നത് കേള്‍ക്കായി. ഹൃദയമുരുക്കുന്ന ആ നാദധാരയില്‍, വേദനയുടെയോ കണ്ണീരിന്‍റെയോ ആഴത്തിലുള്ള സ്പര്‍ശമുണ്ടായിരുന്നു. ഹിമാലയ താഴ് വരയില്‍, പച്ചപ്പിന്‍റെ തൊട്ടിലില്‍, രാത്രിയുടെ നിശബ്ദതയില്‍ ആ വേണുഗാനം നിലയ്ക്കാതെ ഒഴുകിക്കൊണ്ടിരുന്നു...