Wednesday, February 29, 2012

ചോർന്നു പോകുന്ന സമയത്തുള്ളികൾ


കുടുംബ മാധ്യമത്തിലെ സ്വകാര്യത്തിലും( 2012 ജനുവരി 27 വെള്ളിയാഴ്ച)
ഗൾഫ് മാധ്യമത്തിലെ ചെപ്പിലും (2012 ഫെബ്രുവരി 17 വെള്ളിയാഴ്ച) പ്രസിദ്ധീകരിച്ചത്.

ഒന്നിനും സമയമില്ലെന്ന് പരാതിപ്പെടുന്നവരും വിലപിയ്ക്കുന്നവരുമാണ് അധികം സുഹൃത്തുക്കളും. എല്ലാ മനുഷ്യർക്കും കിട്ടിയിട്ടുള്ള ഈ ഇരുപത്തിനാലുമണിക്കൂർ സമയമില്ലാത്തവരെ മാത്രം പറ്റിച്ച് എവിടെപ്പോകുന്നുവെന്ന് ചോദിച്ചാൽ…… ഇത്ര ധിറുതിയിൽ അതെവിടെ പോയി മറയുന്നുവെന്ന് ചോദിച്ചാൽ. ആവോ! എവിടെയൊക്കെയാണാവോ അത് ആരുമറിയാതെ ഇങ്ങനെ ചോർന്നു പോകുന്നത്. അനന്തമായ സമയം ഈ അൽഭുത പ്രപഞ്ചത്തിനു പോലും കൈവശമില്ല. ആ നിത്യ സത്യം തിരിച്ചറിഞ്ഞവരാകട്ടെ, ഒരു മനസ്സമാധാനത്തിന് അനന്തമായ സമയത്തിന്റെ അവകാശിയായി എക്കാലവും ദൈവത്തെ ചൂണ്ടിക്കാണിച്ചു പോന്നു.

പണ്ടൊക്കെ എല്ലാവർക്കും ഒത്തിരി സമയമുണ്ടായിരുന്നുവെന്ന് പറയുന്നവരുണ്ട്.  കൂട്ടുകുടുംബമായിരുന്നതു കൊണ്ട് അമ്മൂമ്മയുണ്ടായിരുന്നു, അമ്മായിയുണ്ടായിരുന്നു, അപ്പാപ്പനുണ്ടായിരുന്നു…. എന്നൊക്കെ പറയുന്നതു കേൾക്കാറുണ്ട്. ശരിയായിരിയ്ക്കും.  ഉത്തരവാദിത്തങ്ങൾ വിഭജിച്ചു നൽകാൻ കൂടുതൽ ആളുകളുണ്ടാവുമ്പോൾ, അല്ലെങ്കിൽ മറ്റുള്ളവരുടെ ചുമതലകൾ പോലും നല്ല മനസ്സോടെ സ്വയം ഏറ്റെടുത്ത് ചെയ്യാൻ ആരെങ്കിലുമൊക്കെ തയാറാവുമ്പോൾ, അങ്ങനെ സമയം ധാരാളം വീണു കിട്ടിയ ഭാഗ്യവാന്മാരും ഭാഗ്യവതികളും ഉണ്ടായിരുന്നിരിയ്ക്കാം. തന്നെയുമല്ല അന്ന് ഭൂരിഭാഗം ജനതയ്ക്കും ലോകത്തിന്റെ വിസ്താരം നന്നെ കുറവുമായിരുന്നല്ലോ. എല്ലാറ്റിനും പുറമേ ഭൂതകാലമായിരുന്നു എപ്പോഴും കൂടുതൽ  നല്ലതെന്ന സർവ സാധാരണമായ ഒരു വെറും തോന്നൽ കൂടി  ഇത്തരമൊരു പറച്ചിലുണ്ടാവാൻ കാരണമാകുന്നുണ്ടാവാം.

കൂട്ടുകുടുംബങ്ങൾ ഇല്ലാതാവുകയോ നന്നെ കുറഞ്ഞു പോവുകയോ ചെയ്ത ഈ കാലത്ത് ആ ഗൃഹാതുര സ്മരണകളിൽ മുഴുകിക്കൊണ്ടിരുന്നാൽ പോരല്ലോ. വീണു പോയ സമയത്തുള്ളികളെ പിടിച്ചെടുക്കുവാനുള്ള ഒരു കണ്ടുപിടുത്തവും ഇതു വരെ ഉണ്ടായിട്ടുമില്ല. ആ നിലയ്ക്ക് ചിന്തിയ്ക്കാനുള്ള പ്രേരണയും ഉത്തരവാദിത്തബോധവും ചുമതലകൾ നിർവഹിയ്ക്കാനുള്ള കഴിവും തികഞ്ഞ സമയബോധവും വളർത്തുന്നതിൽ നാം കൂടുതൽ ശ്രദ്ധ പതിപ്പിച്ചേ മതിയാകൂ. കുട്ടികൾക്ക് മാത്രമല്ല, മുതിർന്ന സ്ത്രീ പുരുഷന്മാർക്കും ഈ വളർച്ച ഉണ്ടാകേണ്ടതുണ്ട്. 


അനുസരണ, പിന്നെയും അനുസരണ, പിന്നെയും പിന്നെയും അനുസരണ എന്നതാണ് നമ്മുടെ ഒരു നല്ല രീതി. നമുക്കായി ആലോചിയ്ക്കാനും നിർദ്ദേശങ്ങളും വിലക്കുകളും തരാതരം പോലെ പുറപ്പെടുവിയ്ക്കാനും ആരെങ്കിലും ഒക്കെ ഉണ്ടായാൽ മതി. ചുമതലയേ ഇല്ലെങ്കിൽ, അതുപോലും ശരിയ്ക്ക് മനസ്സിലാകുന്നില്ലെങ്കിൽ പിന്നെ നിർവഹിയ്ക്കാനുള്ള കഴിവ് എന്തിനാണ്? ഇതൊന്നുമില്ലാത്തപ്പോൾ സമയബോധത്തിന്റെ ആവശ്യമുണ്ടോ?

ഒരു മീറ്റിംഗ് പറഞ്ഞ സമയത്ത് തുടങ്ങി, ട്രെയിൻ കൃത്യ സമയത്ത് വന്നു, സർക്കാർ ഓഫീസ് പത്തുമണിയ്ക്ക് തുറന്നു, കോടതി ഒരു വർഷത്തിനുള്ളിൽ തന്നെ ശിക്ഷ വിധിച്ചു എന്നതൊക്കെ നമുക്ക് ആശ്ചര്യകരമായ ഒരു വാർത്തയാകുന്നതിന് നമ്മുടെ ഈ വളർച്ചക്കുറവ് ഒരു കാരണമാണ്. ഈ പറഞ്ഞതൊന്നും കൃത്യമായി സംഭവിച്ചില്ലെങ്കിലാണ് അത് വാർത്തയാകേണ്ടതെന്ന് നാം തിരിച്ചറിയേണ്ട കാലം അതിക്രമിച്ചില്ലേ? ആ ഒരു ബോധത്തിലേയ്ക്ക് നമ്മൾ ഉണരാറായില്ലേ?

സമയമില്ല എന്നതൊരു വെറും ശീലമാണ് പലർക്കും, ഒരു ഒഴിവുകഴിവുമാണ് പലപ്പോഴും. കാരണം, ഇങ്ങനെ പറയുന്ന എല്ലാവർക്കും സ്വയം ഇഷ്ടപ്പെടുന്നതെന്തും ചെയ്യാൻ സമയം കിട്ടാറുണ്ട്. ഒരാൾ ഏറ്റവും കൂടുതൽ ആഗ്രഹിയ്ക്കുന്ന പ്രവൃത്തി ചെയ്യാൻ അയാൾക്ക് സമയം കിട്ടാതെ വരികയില്ല. എന്തു വന്നാലും ഒരു സ്ഥിരം മദ്യപാനി മദ്യപിച്ചിരിയ്ക്കും എന്നതു പോലെയാണ് അക്കാര്യം. അപ്പോൾ താല്പര്യം കുറഞ്ഞ കാര്യങ്ങൾക്ക് നീക്കിവെയ്ക്കാനാണ് സമയം ഇല്ലാതാകുന്നത് എന്നതാണ് ശരിയായ സത്യം. 

ആർക്കും ഒരിയ്ക്കലും പുനർ സൃഷ്ടിയ്ക്കാൻ സാധിയ്ക്കാത്തതു കൊണ്ട് ഏറ്റവും വില പിടിപ്പുള്ള ഒരു സമ്പത്തായി മാറുന്നു സമയം. ആ ധനം ശരിയായി  സൂക്ഷിയ്ക്കാൻ വേണ്ട കഴിവുണ്ടാകണമെന്ന് നമ്മൾ ആരേയും അങ്ങനെ ഉപദേശിയ്ക്കാറില്ല; സ്വത്ത് സൂക്ഷിയ്ക്കുവാനും വർദ്ധിപ്പിയ്ക്കുവാനും കഴിവുണ്ടാകണമെന്ന് ഉപദേശിയ്ക്കുന്നതു പോലെ. 

മറ്റുള്ളവരോടും തന്നോടു തന്നെയും ഉള്ള ഉത്തരവാദിത്തവും പരിഗണനയും കൂടിയാണ്  സമയം. സമയമില്ല എന്നു പറയുമ്പോൾ നമ്മൾ പാലിയ്ക്കാത്തത് ഈ ഉത്തരവാദിത്തമാണ്, കൊടുക്കുവാൻ മടിയ്ക്കുന്നത് ഈ പരിഗണനയാണ്. കുറച്ചു കൂടി ലളിതമായിപ്പറഞ്ഞാൽ, വേണ്ടതു വേണ്ടപ്പോൾ ചെയ്യാൻ കഴിയുന്ന ശീലമാണ് യഥാർത്ഥത്തിലുള്ള സമയബോധം.  ഇക്കാര്യം ശരിയ്ക്കും മനസ്സിലാക്കിയാൽ പന്ത്രണ്ടു വർഷം സമയമെടുത്ത് ഒരു മേല്പാലം പണിയുന്ന സർക്കാരുകളല്ല നമുക്കുണ്ടാവുക. വൈകി വൈകി മാത്രം സംഭവിയ്ക്കുന്ന ഓരോ സാമൂഹ്യ പരിഷ്ക്കരണങ്ങളുടേയും ജനോപകാര പദ്ധതികളുടേയും നിയമ നിർമ്മാണങ്ങളുടേയും മുൻപിൽ സർക്കാർ കാര്യം മുറപോലെ നടന്നോളും എന്നു കരുതി ഉദാസീനരായിരിയ്ക്കുന്ന ജനതയുമായിരിയ്ക്കില്ല, നമ്മൾ. 

ഉത്തരവാദിത്തവും ചുമതലയും സമയബോധവും ഉള്ളവരുടെയും ഇല്ലാത്തവരുടേയും മാനസിക കല്പനകൾക്ക് തമ്മിൽ വലിയ വ്യത്യാസങ്ങളുണ്ട്. ഉള്ളവർക്ക് പ്രകാശവേഗമുണ്ടാവുന്നതുകൊണ്ട് ബാഹ്യലോകത്തിന്റെ സമയ സങ്കൽ‌പ്പങ്ങൾ വളരെ മെല്ലെയാണെന്ന് തോന്നും. അവർക്ക് പുതിയ പുതിയ ആശയങ്ങളും അവ നടപ്പിലാക്കാനുള്ള പരിശ്രമത്തിനു വേണ്ട സമയവും എപ്പോഴുമുണ്ടാകും. അവർ എണ്ണത്തിൽ കുറവായിരിയ്ക്കുമെങ്കിലും അവരെ കാണാതെ പോകാൻ ആർക്കും കഴിയില്ല.
ഇല്ലാത്തവർക്കാകട്ടെ  ഒച്ചിനോടും മത്സരിയ്ക്കേണ്ടി വരുന്നതുകൊണ്ട് ഒന്നിനും സമയം തികയുകയില്ല. നിർഭാഗ്യവശാൽ നമ്മിൽ അധികം പേരും എന്നും ഒച്ചിനോട് മത്സരിച്ചുകൊണ്ടിരിയ്ക്കുന്നു! നാഴികമണിയുടെ ഓരോ ചലനത്തിലും അയ്യോ! നേരം പോയെന്ന് കരയുന്നു. നമ്മുടേത് എന്ന് കിറുകൃത്യമായി അടയാളപ്പെടുത്തപ്പെട്ടിട്ടുള്ള പ്രവൃത്തികൾ പോലും മുഴുവനാക്കാൻ സാധിയ്ക്കാതെ ലോകത്തെ മുഴുവൻ കുറ്റപ്പെടുത്തുന്നു.

ഇങ്ങനെയൊക്കെ വിചാരിച്ചിരിയ്ക്കുമ്പോൾ പെട്ടെന്ന് ഒരു ദിവസം എല്ലാം പിന്നിൽ ഉപേക്ഷിച്ച്, പലപ്പോഴും ആരോടും ഒന്നും പറഞ്ഞേൽ‌പ്പിയ്ക്കാൻ പോലുമാകാതെ “സമയമാം രഥത്തിൽ  സ്വർഗ്ഗയാത്ര ചെയ്യുന്നു..“Monday, February 20, 2012

ബാബു                                                                 
https://www.facebook.com/echmu.kutty/posts/1138616076317685

17/2/19

ബാബു, ആരാന്നാ?

രാജകീയ നായയാ ബാബു. ന്ന്ച്ചാൽ നല്ല ഒന്നാന്തരം അൽസേഷൻ.

തവിടിന്റെ നെറം, ഒത്ത വലുപ്പം, തേറ്റപ്പല്ല്, ഇടി കുടുക്കം മാതിരി കൊരയ്ക്കണ അവന്റെ മുമ്പിൽ ചെന്ന് പെടണോൻ..ങാ, പെട്ടോന്റെ പെട്ടഫലം. പെട്ടോരൊക്കെ തോരാണ്ട് മൂത്രിച്ച് അണച്ചോണ്ട് ഓടി. 

കാശിനു വാങ്ങീതല്ല, ദാനം കിട്ടീതാണ്. ആര്ക്ക്? സാമിക്ക്.അയിനും ണ്ട് ഒരു കാരണം. പറേമ്പോ ത്തിരി നാറ്റണ്ട് . വേണങ്കി മുണ്ടോണ്ട് മൂക്ക് പൊത്താ.

ഒരു പോലീസാരൻ മരുന്നിന് വന്നു, വന്നപ്പോ എളിമ, ചമ്മല്, പെടപ്പ്..അസുകം  സൊയം വാങ്ങീത്, അറിയാണ്ട് പകർന്ന്യല്ല. അയാള് മുറീലിരുന്ന് പൊറുപൊറു വെച്ചത് കേട്ടീരുന്നു, വരാന്തേൽയ്ക്ക്, പോരെങ്കി ജനലിക്കൂടി കാണാര്ന്നു. ഞാനപ്പോ ആ വാഴേടെ തടം കെളയ്ക്കായിരുന്നൂ. “വഴി നട്ക്കണ ചെല പെണ്ണങ്ങളെ, ലോഡ്ജീന്നും ഹോട്ടലീന്നും എറങ്ങി വരണ ചെല ചെറ്റോളെ, പാലത്തിന്റെ അടീലെ ഇരുട്ടില് പതുങ്ങണ അസത്തുക്കളെ പിടിച്ച് റ്റേഷനീ കൊണ്ടോവുമ്പോ പറ്റണ നാറ്റക്കേസാ. നമ്മ്ടെ നാട്ടിലു കോടതി കാലത്ത് പതിനൊന്നു മണിയ്ക്കല്ലേ  തൊട്ങ്ങാഅതു കാരണം രാത്രി മുഴോൻ ആ അശ്രീകരങ്ങള് റ്റേഷനില് ണ്ടാവും. അപ്പോ പോലീസ് ആണുങ്ങൾക്കും തോന്ന്ല്ല്യേ  ചില്ലറ നേരമ്പോക്കിന് പൂതിഡോക്ടറേ. നമ്മള് എല്ലാരും മനിഷ്യമ്മാരല്ലേ?അതാപ്പോ , നീറ്റം, കുരു, വെള്ളം വരല്. ഒന്നും തോന്നില്ല, തോന്നിയാ പ്രാണ സഞ്ചാരം…“ 

സാമി ങ്ങ്നെ ചുടണ മാതിരി നോക്കി……ന്നട്ട് മരുന്നെഴ്തി. അപ്പോ ആ പോലീസാരന്റെ കൈയില് സാമിയ്ക്ക് കൊടക്കാൻ അന്തശ്ശ്ള്ള ഒരു നോട്ട്ല്ല. 

“അത് ശരി ,മരുന്നു വെറ്തെ വേണല്ലേ?“ എന്നായി സാമി. ഒന്നിരുത്തി നോക്കീട്ട് കടുപ്പ്ത്തില് പറ്ഞ്ഞു. “ഈ സൂക്ക്ട്ന് വെറ്തെ മരുന്ന് തരാമ്പ്റ്റല്യാ.“ ങ്ങനെയൊന്നും കൊനഷ്ട് പറയാത്ത തങ്കപ്പെട്ട മൻഷ്യനാ. അപ്പോ കാര്യം സ്വയമ്പനാക്കാൻ പോലീസ് കൊണ്ടുക്കൊട്ത്തതാ ഇബനെ, പോലീസാര്ക്കും ണ്ടല്ലോ നായ വളർത്തല്…… ആ കൂട്ടത്തീന്ന് കിട്ട്യ ശിങ്കാ‍ണ് ബാബു. 

ന്താ ഒരു ശേവ്‍ര്യം! നായയാണെങ്കി ങ്ങനെരിയ്ക്കണം! പകൽ മുഴോൻ അവനെ കൂട്ട്ലിടും. കൊറെ ആള്ക്കാര് നിത്യോം വര്ന്ന വീടല്ലേ, അതും ആവത് ല്യാത്തോര്. അയ്യോ! അമ്മേ..ആവൂന്നൊക്കെ കര്ഞ്ഞ് വര്ണ മനുഷ്യര്ടെ മുമ്പിൽയ്ക്ക് ബാബു കൊരച്ച്ണ്ട് പാഞ്ഞു ചെന്നാ പിന്നെ അവര്ക്ക് വല്യ സികിത്സൊന്നും വേണ്ട്യരില്ല.

രാത്രീലാ അവനെ തൊയിരത്ത്ല് വിടണത്. പറമ്പിലെ എല്യോളേം പെരുച്ചാഴിയോളേയും ഒക്കെ അവൻ അമക്കണത് അപ്പോ തന്ന്യാ. കാര്യം രാജകീയനാ ന്നാലും ഈ  ജന്തുക്കളെ അവനും ഇഷ്ടാന്നേയ്. പറേമ്പോ എല്ലാം പറേണ്ടേ?. അവൻ ഈ മഠത്തിലൊന്നും കഴീണ്ടോനല്ല……ഈ വെണ്ടയ്ക്ക സാമ്പാറും കയ്പയ്ക്ക മെഴുക്കേരട്ടിയും അപ്പളോം തിന്ന്ട്ടാ ഒരു അൽസേഷൻ നായ ജീവിക്ക്ണ്ടത്? അയിനും പൊറമേ കൊറച്ചു മോരും കുടിച്ചാ മതിയാ? ഒരു പൂണൂലും ഇടീപ്പിച്ച് കൊറച്ച് മന്ത്രോം കൂടി ആയാ ഭേഷായി……നായയ്ക്കും വേണേയ് തലേലെഴുത്ത്! 

അതെയതെ, കാറിൽ ചിറ്റാനൊക്കെ കൊണ്ടൂവും. നായ സൂട്ടും കോട്ടുട്ട് കാറിലിരിയ്ക്കാനാ ജനിച്ചേ? ങ്ങള് പെണ്ണങ്ങള്ടെ ഒരു പ്രശ്നം ഇതാ. ചക്ക് ന്ന് പറ്ഞ്ഞാ അപ്പോ കൊക്ക് ന്ന് തിരിയും. തിന്നണ കാര്യം പറേമ്പോ കാറിന്റെ കാര്യം പറേര്ത്. ചോറിനു പകേരം കാറെട്ത്ത് ഉരുട്ടി വിഴ്ങ്ങ്യാ മത്യോ ? ങാ, അത് പോട്ടെ, അപ്പോ അവന്റെ തീറ്റക്കാര്യം, അത് പറയാം…… തേറ്റപ്പല്ലോണ്ട് ഒരു കഷണം എറച്ചി അവൻ മത്യാവോളം കടിച്ചു വലിച്ച്ണ്ടാ? പാവം, സാമ്പാറും മോളോഷ്യോം കൂട്ടി ചോറുണ്ണും……ഉരുളക്കിഴങ്ങ് കറീം കൂട്ടി ചപ്പാത്തി തിന്നും…….കാണുമ്പോ കരച്ചില് വരുംനായയ്ക്ക് നായേടെ ജീവിതാ‍ണ് വേണ്ടത്, പൂണൂലിട്ട മനുഷ്യന്റെ ജീവിതല്ല..

അതെ, കൂറ് ങ്ങള് പറഞ്ഞ മാതിരിയാ. അല്ലെങ്കി അന്ന് പാമ്പ് വന്ന് ചവിട്ട് പടീല് കെടന്ന ദിവസം സാമി മരിച്ച് പോണ്ടതാര്ന്നു. ഇവൻ സാമ്യേ അനങ്ങാൻ സമ്മതിയ്ക്കാണ്ട് ഒറ്റ നിൽ‌പ്പാ. സൂക്ഷിച്ച് നോക്ക്യപ്പഴല്ലേ, നല്ല മൂത്ത അണലിയാര്ന്നു! സാമി അകന്ന് നിന്നപ്പോ അവൻ അണലീന്റെ പണ്യാ കഴിച്ച്. അവന് വല്ല കടീം കിട്ടിയോന്ന് പേടിച്ച്ട്ട്  രാത്രി മുഴോൻ പല വട്ടം സാമി ണീറ്റ് വന്നു. അവൻ ചൊങ്കനല്ലേ, നായ രാജാവ്. അവന് ഒന്നും പറ്റീരുന്നില്ല.

ങ്ങള് ത്ര്യോക്കെ ചുറ്റാട് നോക്കാറ്ണ്ടോ? പെണ്ണങ്ങള് ങ്ങ്നെ ചുറ്റാട് ഒന്നും നോക്കലില്ല. അതോണ്ട് ത്രയ്ക്കുള്ള വിവരേണ്ടാവുള്ളൂ. ശരിയാ, ശരിയാആ പൂച്ച വന്ന ദൂസത്തെ തെരക്കും ബഹളോം ഞാൻ മറന്നട്ട്ല്ല്യാ. ങ്ങള് പിന്നേം കാറിന്റെ കാര്യം പറഞ്ഞ്………പൂച്ച കാറിലാ വന്നത്. അതാ, അതിന്റെ തലേലെഴുത്ത് കേമംന്ന് പറയ്യാൻ കാരണം? അതേ, പൂച്ചയ്ക്ക് പൂച്ച്ടെ ജീവിതം കിട്ടണം. അല്ലാണ്ട് കാലത്ത് കാറോടിച്ച്  പോയ്യാലും വന്നാലും അതല്ല, പൂച്ച്ടെ ഭാഗ്യം..ഇതാ ങ്ങള് പെണ്ണ്ങ്ങൾടെ കൊഴപ്പം, ആര്ക്ക് എന്താ വേണ്ടേന്ന് ങ്ങക്ക് ശരിയ്ക്കും അറീല്ലവേണ്ടാത്തോര്ക്ക് വാരിക്കോരി വെള്മ്പും, പിന്നാലെ നട്ന്ന് കാലിന്റെ തോല് തേഞ്ഞാലും ആർത്തീല് കാത്തിരിയ്ക്കണ വേണ്ടോരെ കരിം പഷ്ണിക്കിടും. ഹേയ്, അതൊന്നൂല്യാ. അത് പോട്ടെ , ഓരോരോ വിജാരങ്ങള്.അതൊക്കെ ഇനി പറ്ഞ്ഞ്ട്ടെന്ത്നാ?

ബാബു മര്യാദക്കാരനാ..ങ്ങള് അത് പറേര്ത്…….ആദ്യത്തെ ദൂസം ആ പൂടപ്പൂച്ചേ ഓടിച്ചു, കൊരച്ച് പേടിപ്പിച്ചു. അത് നേരന്നെ. അവന്റെ വീട്ടില് വേറെ ആളു വന്നാ കണ്ണടച്ച് ഇരിയ്ക്കാമ്പറ്റോ. അപ്പോ ലഹളേണ്ടാക്കി.  പൂച്ച മിടുക്കത്തി……അവള് നേരെ അകത്തേയ്ക്ക് പോയി, ഗമേല്……ബാബു കൊറെ കൊരച്ച് അടങ്ങിഇപ്പോ അവര്ക്ക് വല്ല വഴക്കൂണ്ടോന്നും? പൂടപ്പൂച്ചേടെ കുഞ്ഞി മക്കളേം കൂടി ബാബു പേടിപ്പിക്ക്ണില്ല്യ, അവനറിയാം. അതിവിടുത്തെയാന്ന്.. ഒന്നിച്ചിരുത്തീട്ടല്ലേ ഫോണില് ഫോട്ടൊ കീച്ചീത് കഴിഞ്ഞൂസം…….

നായേടെ ബുദ്ദ്യൊന്നും പൂച്ചയ്ക്ക് കിട്ട്ല്ല..ങ്ങള് പഞ്ചാരയിട്ട് പാലു കുടിപ്പിച്ചിട്ടൊന്നും ഒരു കാര്യല്ല. നായേടെ നന്നീം പൂച്ചയ്ക്ക് ഈ ജമ്മത്ത് കിട്ട്ല്ല. ബാബു മല്ലിയക്കുട്ട്യേ കടിച്ചത് നന്നീം നെറോം  ഇല്ല്യാഞ്ഞിട്ട്ല്ല……അവര് കളിയ്ക്കാരുന്നു.അപ്പോ പൊട്ട ബുദ്ദിയ്ക്ക് പാവാടേലാന്ന് വിയാരിച്ച് കടിച്ചത് തൊടേലായിപ്പോയി…….കുട്ടി കരഞ്ഞപ്പോ ബാബു ഞെട്ടീ പരോശായത് ങ്ങള് കണ്ട്ല്ല്യേ? അവൻ പിന്നെ ഒരു തുള്ളി വെള്ളം കുടിച്ചിട്ട്ല്ല്യ. ഒറ്റ ഇരുപ്പാന്നു, ചത്ത മാതിരി. മിണ്ടാമ്പറ്റീങ്ങേ പറഞ്ഞേനേ തെറ്റ് പറ്റീതാന്ന്.  വളത്തീ വളത്തീ, നോക്കീ, എണ്ണേപ്പിച്ചൂ, കുൾപ്പിച്ചൂ ,മാമു കൊട്ത്തൂന്ന് നാഴിയ്ക്ക് നാപ്പതു വട്ടം പറഞ്ഞാ മതീട്ടില്ല്യാ. യ്യ് മിണ്ടാപ്രാണീടെ മനസ്സ് കാണ്ണ്ണം. അല്ലാണ്ട് ഇതൊക്കെ ങ്ങ്നെ പറഞ്ഞ്ട്ട് ന്താ വിശേഷം? ന്ന്ട്ട് അവന് നന്ദീല്യാന്ന്! അവന് നന്നീല്ല്യെങ്കി പിന്നെ ആര്ക്കാ അത്ണ്ടാവാ ആവോ?

ഇതും പെണ്ണ്ങ്ങൾടെ ഒരു തരാ‍ണ്. അവരു പറയണ ഭാഗം ജയിയ്ക്കാൻള്ള്ത് മാത്രാ അവര്ക്ക് കാണാമ്പ്റ്റാ, പിന്നെ അതന്നെ ങ്ങനെ പറഞ്ഞോണ്ടിരിയ്ക്കും, നമശ്ശിവായ ചൊല്ല്ണ മാതിരി. മുഴോൻ കാര്യങ്ങള് കാണില്ല്യ. .

ങ്ങള് ന്ത്നാന്നും ആ പട്ട്യേ കല്ലെട്ത്തെറിയണത്? അവള് ഒരു പാവം..തെണ്ടിപ്പട്ടിയാന്ന് ച്ച്ട്ട് കല്ലെട്ത്തെറിയണോ? അവളക്ക് റാണീന്ന് പേരു വെച്ചോര് മിട്ക്കുള്ളോര്ന്നെയാ. കണ്ടാലും ഒരു റാണീടെ പോല്യാ. വല്ല നല്ല നായയ്ക്കും ജൻച്ചതാവും…… എറിയണ്ടാന്നും, അതിനെ.അത് പ്ടീന്റപ്പ്റത്തല്ലേ നിക്ക്ണത്? 

ങ്ങള് ആ കഷണം മുറിയ്ക്കണത് നിറ്ത്തീട്ട് ഇങ്ങ്ട്ട് വന്നിരിയ്ക്കോ.ഒരൂട്ടം പറ്ഞ്ഞരാം.
ശർദ്ദേല് കേക്ക്ണം.

ങ്ങളു കേട്ടൊ, അത്? കേട്ട്ല്ല്യേ.അവര് തമ്മാമ്മില് വർത്താനം പറേണത്…….അതേന്ന്. ബാബൂം റാണീം വർത്താനം പറേണതാ. അവൻ വിളിയ്ക്കേം അവളു വിളി കേക്കേം ചെയ്യണതാ. അത് കൊരയ്ക്കണതല്ല. ബാബു ങ്ങനെ യേശ്വാസ് പാടണ മാതിരിയാ കൊരയ്ക്കല്? അവര്ക്ക് നല്ല പരിച്യണ്ട്. രാത്രീല് അവനെ തൊറന്ന്ടുമ്പോ അവളും വരല്ണ്ടാവും .അതാ, അവള് പകലും കാണാൻ വന്ന്തേയ്. അവര്ക്കൂണ്ടാവുല്ല്യേന്ന് തമ്മാമ്മില് സ്നേഹോം കാണാനും മിണ്ടാനും ആശേം പൂതീം. മനിഷ്യമ്മാര്ക്ക് മാത്രല്ല, ഈ മോഹോക്കെണ്ടാവാ.

ങ്ങള് ചിറിയ്ക്കണ്ടാ..ആ പടി തൊറ്ന്ന് കൊട്ത്താ കാണാം അവള് ഓടി വരണത്. അവന്റെട്ക്കേ പോണതും. അതൊറപ്പാണ്ന്ന്. ആ മോത്ത് കാണാം അവള്ടെ ആശ……മഹാപാപം കിട്ടും കല്ലെട്ത്തെറിഞ്ഞാല്.  ആ കൂടു തൊറ്ന്ന് അവനെ എറ്ക്കി വിടോന്നേയ്, അവളും അവനും കൂടി കണ്ടോട്ടെന്നും..ഇപ്പോ ആരും വരില്ലാന്നേയ്. 

ങ്ങളീ ഒരൂട്ടം വിഡ്ഡിപ്പെണ്ണ്ങ്ങ്ടെ മാതിരി ആവര്ത്. ബാബൂം റാണീം തമ്മാമ്മില് സ്നേയിച്ചാൽ മ്മ്ക്കെന്ത് ചേതാ..

ന്തായാലും ഇന്ന് വൈന്നേരം ബാബു ഈട്ന്ന് പൂവാണ്. കുട്ട്യേ കടിയ്ക്കണ നായ ഇബ്ടെ വേണ്ടാന്ന്. കാര്യം കുട്ട്യേ കുത്തിവെയ്ക്കാൻ അച്ഛൻ തന്നെണ്ട് വീട്ട്ല്. എന്നാലും കടിയ്ക്കണ നായേ വീട്ട്ല് നിറ്ത്താൻ പറ്റ്ല്യാ. ങ്ങ്ക്ക് കുട്ട്യാ വല്ലീത് അതോ പട്ട്യാ ന്ന് അമ്മ്യാര് ചോയിച്ചാ പിന്നെ സാമീടെ വായേല് എന്ത്ത്തുരാ വരാ? ഡോക്ട്രായാലും തേങ്ങ്യായാലുംഅമ്മ്മാര്ക്കാ മക്കളോട് അപ്പ്ടി സ്തായീന്നല്ലേഅച്ഛ്മ്മാര് എന്നും വെറ്ഥേക്കാര്സാമി പിന്നെ ഒന്നും പറ്ഞ്ഞില്ല്യ. നിയ്ക്ക് അത് കണ്ട്ട്ട് വെഷമായി. ബാബൂന് ഒര് പരിചേല്യാത്ത വീടും ആൾക്കാരും ഒക്കെയാവുമ്പോ സങ്ക്ടം ആവുല്ല്യേ?ദണ്ണ്ം വരുല്ല്യേ? ആരാ അത് ആലോയിയ്ക്കാൻള്ള്ത്? അവന് ഒരബ്ദ്ദം പറ്റി..അയിന് നാട് കട്ത്തേ? അമ്മ്യാര് പെറ്റ മോനാച്ചാ ഇങ്ങ്നെ പറ്യോ? അമ്മ്യാര് പറ്ഞ്ഞാലും സാമി കേക്കോ?

അപ്പോ ത്തിരി നേരം..ബാബൂം റാണീം സന്തോഷിച്ചോട്ടേന്നും.. ങ്ങക്ക് സന്തോഷം കണ്ടാ വെഷ്മം ആവൂങ്കില് അകത്തേയ്ക്ക് പോയി ടി വി കണ്ടോളോന്നേയ്. അല്ലെങ്കി പുണ്യം കിട്ടാൻ നമശ്ശിവായ ജപിച്ചോളോ. അല്ലാണ്ട് ഞാനെന്താ ഇപ്പോ പറയാ
 ..
ആ പടീം ആ കൂടും ഒന്നു തൊറന്ന്ട്ട്  അകത്തേയ്ക്ക് പൊക്കോളോന്നേയ്Sunday, February 12, 2012

അകത്തേയ്ക്കു മാത്രം തുറക്കുന്ന വാതിലുകൾ


കുടുംബ മാധ്യമത്തിലെ സ്വകാര്യം എന്ന കോളത്തിലും  (ജനുവരി 13 വെള്ളിയാഴ്ച)
ഗൾഫ് മാധ്യമത്തിലെ ചെപ്പ് എന്ന പംക്തിയിലും (ഫെബ്രുവരി 10 വെള്ളിയാഴ്ച) പ്രസിദ്ധീകരിച്ചത്.

ഈയിടെ ഒരു ദിവസം, വീടു പണിയുവാനുള്ള സ്വപ്നം പങ്കുവെച്ച ഒരു ബന്ധുവിന്റെ മുന്നിൽ അല്പനേരം കണ്ണും മിഴിച്ചിരുന്നു പോയി. വീട്ടു സ്വപ്നത്തിൽ തികച്ചും വിചിത്രമെന്ന് തോന്നാവുന്ന ഒരു നിലപാടുണ്ടായിരുന്നു. അതെന്താണെന്നല്ലേ? ആ വീട്ടുകാർക്കൊന്നും അയൽ‌പ്പക്കക്കാരോട് ഒരു ബന്ധവും പുലർത്തേണ്ട ഗതികേട് ഒരു കാലത്തും ഉണ്ടാവരുത്.  അതായത് വലിയ ചുറ്റുമതിലിനുള്ളിൽ ഒറ്റ നിലയിലുള്ള വീട് പൂർണമായും സ്വയം പര്യാപ്തമായിരിയ്ക്കണം. ഫയർ അലാറം, ബർഗ്ലർ അലാറം, ക്ലോസ്ഡ് സർക്യൂട്ട് ടി വി . എന്നു തുടങ്ങി സകല ആധുനിക സുരക്ഷാമാർഗ്ഗങ്ങളും പിടിപ്പിച്ച ഒരു “പരിപൂർണ്ണ“ വീടാണ് അവരുടെയും ഭർത്താവിന്റേയും സ്വപ്നം. ഈ സുരക്ഷാ മാർഗ്ഗങ്ങൾ ഏറ്റവും ആധുനികമായാൽ മതി. പഴയ കാലത്തെപ്പോലെ  നിസ്സാര ആവശ്യങ്ങൾക്കൊന്നും അവർക്ക് അയൽ‌പ്പക്കം വേണ്ടി വരില്ല. കാരണം അവർ തികഞ്ഞ ധനികരാണ്.

“ഞങ്ങൾ ആരുടെ വീട്ടിലും പോയിരുന്ന് ഗോസ്സിപ്പിങ്ങ് ചെയ്യില്ല, ഇവിടെ അങ്ങനൊരു കാര്യം ഞങ്ങൾ സമ്മതിയ്ക്കുകയുമില്ല.“ അവർ തീർത്തു പറഞ്ഞു. അയൽ‌പ്പക്കത്ത് നിന്നും യാതൊന്നും ആവശ്യമില്ലാത്തത്രയും സ്വയം പര്യാപ്തതയിൽ  സ്വന്തം കാര്യം നോക്കി ആരേയും ഉപദ്രവിയ്ക്കാതെ ആരുടെ കാര്യത്തിലും തലയിടാതെ ജീവിയ്ക്കാനാണ് അവർക്കിഷ്ടം.  

ശരിയാണ്. എല്ലാവർക്കും ഇപ്പോൾ അവരവർ മാത്രം മതി. അയൽ‌പ്പക്കത്തെ വീട്ടിൽ എന്തു സംഭവിച്ചാലും നമുക്ക് ഒന്നുമില്ല.  അതെല്ലാം ടി വിയിലെ പ്രധാന വാർത്തയായോ പത്രത്തിലെ ബോക്സ് ന്യൂസായോ പുട്ടും കടലയ്ക്കും ഒപ്പം മാത്രം അറിയാനാണ് നാം ആഗ്രഹിയ്ക്കുന്നത്. “ഞങ്ങള് ഗുണത്തിനില്ല, ഒരു ദോഷത്തിനും ഇല്ല“ ……. എന്നതാണ് നമ്മുടെ പരിഷ്ക്കാര മുദ്ര.

അല്പം പഞ്ചസാരയോ ഇത്തിരി ഉപ്പോ ഒരു കൈവായ്പയോ അയൽ‌പ്പക്കത്ത് നിന്നു വാങ്ങാൻ നമുക്ക് അഭിമാനക്കുറവുണ്ടാകുന്നു. അതുകൊണ്ട് നമ്മൾ കാറെടുത്ത് സൂപ്പർ മാർക്കറ്റിലും ഏ ടി എമ്മിലും ഉടനെ യാത്ര പോകുന്നു. അയൽ‌പ്പക്കത്ത് ആരെങ്കിലും മരിച്ചു കിടന്നാലും നമ്മൾ അറിയില്ല. അറിയണമെന്ന് നമുക്ക് തോന്നുന്നുമില്ല. 

നാൽ‌പ്പതോളം വീടുകളുള്ള ഒരു ഹൌസിംഗ് കോളനിയിൽ മാലിന്യങ്ങൾ പ്ലാസ്റ്റിക് പാക്കറ്റുകളിലാക്കി റോഡിലിടുന്നതല്ലാതെ, അതെടുത്തു മാറ്റാത്ത കുടുംബശ്രീ സ്ത്രീകളെ അധിക്ഷേപിയ്ക്കുന്നതല്ലാതെ മറ്റെന്തെങ്കിലും ചെയ്തു പ്രശ്നം പരിഹരിയ്ക്കാൻ ആർക്കും തോന്നുന്നില്ല. ക്രെഷില്ലാത്തതുകൊണ്ട് കുഞ്ഞുങ്ങളെ ഏൽ‌പ്പിച്ചു ജോലിയ്ക്കു പോവാനാവുന്നില്ലെന്ന് സങ്കടപ്പെടുന്ന അമ്മമാർക്കും അപൂർവം അച്ഛന്മാർക്കും ആരും കേൾവിക്കാരായില്ല. മാലിന്യം നിറഞ്ഞ് ഉപയോഗശൂന്യമായ കുളം കാണുമ്പോൾ മുഖം തിരിച്ചു മടങ്ങാനല്ലാതെ അതു വൃത്തിയാക്കണമെന്ന് ആലോചിയ്ക്കാൻ പോലും ആർക്കും കഴിയുന്നില്ല. അയൽ‌പ്പക്കക്കാർ ഒത്തൊരുമിച്ച് ശ്രമദാനം ചെയ്തിരുന്ന പുരകെട്ടലും വിവാഹ സൽക്കാരവും അടിയന്തിരവും പോലെയുള്ള കാര്യങ്ങൾ നമ്മുടെ ജീവിതങ്ങളിൽ നിന്ന് ഇടം  മാറി. ഒരു സമ്മാനപ്പാക്കറ്റും കൈയിലേന്തി ചടങ്ങുകൾ നടക്കുന്ന പൊതുസ്ഥലങ്ങളിൽ വന്ന് ഭക്ഷണം കഴിച്ച് പോവുക എന്നതു മാത്രമായി അയൽ‌പ്പക്ക സൌഹൃദം.

“നമ്മൾ എന്തുചെയ്യാനാണ്? നമുക്കിവിടെ പരിചയക്കാരൊന്നുമില്ലല്ലോ.“ എന്ന് ഓരോ വീട്ടുകാരും ഓരോ പ്രശ്നത്തിലും സ്വയം വിലപിയ്ക്കുമ്പോഴും അയൽ‌പ്പക്കവുമായി പരിചയപ്പെടാനോ എന്തെങ്കിലും പങ്കു വെയ്ക്കാനോ സാധിയ്ക്കാത്ത മട്ടിലുള്ള ഒരു പ്രതിരോധം അവരുടെയെല്ലാമുള്ളിൽ നിലനിൽക്കുന്നുമുണ്ട്. 

അന്യ വീട്ടിലെ വിശേഷങ്ങൾ അറിയുന്നത്, അവരോട് സംസാരിയ്ക്കുന്നത് ഒക്കെ പെണ്ണുങ്ങളുടെ നാട്ടു വർത്തമാനം പറച്ചിലെന്ന നിസ്സാരത്വമായിരുന്നു പണ്ടെങ്കിൽ, ഇന്ന് അങ്ങനെയൊരു കാര്യമേ ആവശ്യമില്ല എന്നായിട്ടുണ്ട്. വീട്ടമ്മമാർ പഴയ കാലത്ത് പരസ്പരം വിശേഷങ്ങൾ പങ്ക് വെച്ചിരുന്നതിനെയാണല്ലോ പെണ്ണുങ്ങളുടെ നൊണേം കൊതീം പരദൂഷണവും പറഞ്ഞുള്ള സമയം  കളയലായി നമ്മുടെ സാഹിത്യത്തിലും സിനിമയിലും ഒക്കെ വ്യാഖ്യാനിയ്ക്കപ്പെട്ടിരുന്നത്! നല്ല സ്ത്രീകൾ സ്വന്തം വീട്ടിലെ ജോലി കഴിഞ്ഞ് അയൽ‌പ്പക്കം നിരങ്ങാതെ അടങ്ങിയൊതുങ്ങി ഒരു ഭാഗത്തിരിയ്ക്കുന്നവരും ഈശ്വര നാമം ചൊല്ലുന്നവരും ഒക്കെയായി ചിത്രീകരിയ്ക്കപ്പെട്ടിരുന്നു!

അങ്ങനെയെല്ലാം ഉദ്ബോധിപ്പിച്ചിട്ടാണോ എന്തോ ഇപ്പോൾ എല്ലാവരും ടി വി  പരിപാടികളിലെ  വീടുകളുമായി മാത്രമേ അയൽ‌പ്പക്ക ബന്ധം പുലർത്താൻ ഇഷ്ടപ്പെടുന്നുള്ളൂ. ടി വിയിലെ വീടുകളിലൊന്നും നമ്മൾ പോകേണ്ടതില്ല, അവർ നമ്മുടെ വീട്ടിൽ വന്ന് വിശേഷങ്ങൾ പങ്കു വെച്ചുകൊള്ളും.. ഗോസ്സിപ്പിംഗ് എന്ന് ഇംഗ്ലീഷിൽ പറയുന്ന നമ്മുടെ നാട്ടു വർത്തമാനം ഇല്ലാതാക്കിയതിൽ ടി വി പരിപാടികൾക്ക് വലിയ പങ്കുണ്ട്. കൂട്ടു ചേരലുകളുടെ രാഷ്ട്രീയം എപ്പോഴും അപകടമാണെന്നറിയാവുന്ന അധികാരമാണ് ടി വിയെ നമ്മുടെ സ്വീകരണ മുറിയിലും പലപ്പോഴും കിടപ്പുമുറിയിലും പോലും എത്തിച്ചത്. തമ്മിൽ സംസാരിയ്ക്കുന്നതും ആശയങ്ങളും വിഭവങ്ങളും പരസ്പരം പങ്കുവെയ്ക്കുന്നതും അങ്ങനെ  സൌഹൃദമുണ്ടാകുന്നതും  മനുഷ്യരിൽ സംഘടിത ശക്തിയുണ്ടാക്കുമെന്ന് ഭയപ്പെടുന്നവരെല്ലാം അയൽ‌പ്പക്കങ്ങളിൽ നിന്ന് അകന്നു നിൽക്കുന്നതാണ് ശരിയെന്ന് വിശ്വസിയ്ക്കുകയും അങ്ങനെ വിശ്വസിപ്പിയ്ക്കാൻ കഠിന പരിശ്രമം നടത്തുകയും ചെയ്യും. 

അവരവർ മാത്രമെന്ന് കാണുമ്പോഴാണ് ഒരിടത്ത് അണക്കെട്ടിന്റെ  ഉറപ്പ് പ്രശ്നമാകുന്നതും അയൽ‌പ്പക്കക്കാരന് അത് “ഒരു പ്രച്ച്നമേയില്ലൈ“ എന്നുമാകുന്നത്. അവിടെ ആണവ നിലയം പ്രശ്നമാകുമ്പോൾ “ഹോ! മനുഷ്യനു വൈദ്യുതി വേണ്ടേ? വ്യവസായം വളരേണ്ടേ“  എന്ന് ഇപ്പുറത്തെ അയൽ‌പ്പക്കത്തിന് അത് നിസ്സാരമാകുന്നത്. പ്രത്യേക മതങ്ങളിൽ ജനിച്ചു പോയവരുടെ ഗർഭത്തിൽ കിടക്കുന്നവരെ പോലും കുത്തിക്കൊല്ലുന്ന വാർത്തകൾ നമുക്ക് വിദൂര അയൽ‌പ്പക്കത്തിന്റെ വിശ്വസിയ്ക്കാനാവാത്ത കെട്ടുകഥയാകുന്നത്. ഒരു വ്യാഴവട്ടത്തോളം പട്ടിണി കിടന്ന് അധികാരികളുടെ മനുഷ്യത്വമില്ലായ്മക്കെതിരെ  പ്രതിഷേധിയ്ക്കുന്ന സ്ത്രീയുടെ മുഖചിത്രം കണ്ടുകൊണ്ട് ബിരിയാണി കഴിച്ച് ഏമ്പക്കം വിടാൻ സാധിയ്ക്കുന്നത്. 

ഒരു വീടിന്റെ, ഒരു നാടിന്റെ പശ്ചാത്തലമാണ് അതിന്റെ അയൽ‌പ്പക്കങ്ങൾ. അവയിൽ നിന്ന് ആ വീടിനെയും നാടിനേയും  അടർത്തിയെടുക്കുമ്പോൾ വീടും നാടും ഏകാന്തമാകുന്നു. ആത്മാവിൽ തനിച്ചായിത്തീർന്ന കുറച്ച് ശരീരങ്ങളെ  ഒളിപ്പിയ്ക്കുന്ന ഒരിടം മാത്രമായി അവ രണ്ടും ചുരുങ്ങിയൊതുങ്ങിപ്പോകുന്നു. അതിന്റെ വാതിലുകൾ അകത്തേയ്ക്ക് മാത്രം തുറക്കുന്നവയായി മാറുന്നു. ക്രോസ്സ് വെന്റിലേഷൻ ഇല്ലാത്ത മുറികളിലെന്ന പോലെ ഒരു ജീർണ്ണമണം വ്യാപിയ്ക്കുന്നു.


Saturday, February 4, 2012

മണ്ണാങ്കട്ടിയും പോതും പൊണ്ണും ….പോരാഞ്ഞിട്ട് ഒരു നകുഷയും


                               

അടുത്താഴ്ച നാട്ടിലുണ്ടാവുകയില്ലെന്ന് അവൻ ഫോണിൽ മെല്ലെ ചിരിച്ചു. അതു കേട്ടപാടെ “നീ പോകുന്നിടത്തേയ്ക്ക് ഞാനും വരട്ടെ” എന്ന് ചോദിച്ചു കഴിഞ്ഞിരുന്നു. വേണ്ടെന്ന് പറയാൻ അവനാവുകയില്ല. ആളൊഴിഞ്ഞ ഈ വലിയ മുറികളിൽ ഒറ്റയ്ക്ക് തലങ്ങും വിലങ്ങും നടന്ന്  സമയം പോക്കുന്നതിൽ അവന് എല്ലാ കാലത്തും അനിഷ്ടമുണ്ടായിരുന്നുവല്ലോ.

എങ്കിലും അവന് എന്നും തിരക്കായിരുന്നു.അവന്റെ പിന്നാലെ എപ്പോഴും തടിച്ച ഫയലുകളും കുറെ മനുഷ്യരും അവസാനമില്ലാത്ത നെടുങ്കൻ യാത്രകളുമുണ്ടായിരുന്നു. മെലിഞ്ഞു നേർത്ത് മനോഹര നാദമാലപിയ്ക്കുന്ന ഫോണുകളും അംഗലാവണ്യം തുള്ളി തുളുമ്പുന്ന കമ്പ്യൂട്ടറും അവൻ തനിയ്ക്ക് സ്വന്തം തനിയ്ക്ക് മാത്രം സ്വന്തമെന്ന് സദാ കലഹിച്ചുകൊണ്ടിരുന്നുഇവരെല്ലാം ഒഴിവാകുന്ന അത്യപൂർവ നിമിഷങ്ങളിൽ മാത്രമാണ് അവൻ മിഴികളിൽ ഉറ്റുനോക്കിയത്.  പുസ്തകങ്ങളിൽ ലയിച്ചിരിയ്ക്കുമ്പോൾ പൊടുന്നനെ, പിൻ കഴുത്തിൽ ഒരു തൂവൽ സ്പർശം പോലെ ഉമ്മവെച്ചത്.

പച്ച നിറത്തിന്റെ മഴവില്ലുകൾ തെളിയുന്ന ഒരു മനോഹര തീരത്തേയ്ക്കായിരുന്നു അവനൊപ്പമുള്ള ആ യാത്ര. ഒരു പച്ച കൂടാരത്തിൽ ഒറ്റയ്ക്കിരുത്തിയിട്ട് അവൻ പതിവു പോലെ സ്വന്തം തിരക്കുകളിലേയ്ക്ക് ഊർന്നു പോയി.അവനു പോകാനാവുന്ന പല സ്ഥലങ്ങളും എന്നും അന്യമായിരുന്നപ്പോഴും അവന് കടന്നു വരാനാവാത്ത ഒരു സ്ഥലവും  ഒരിയ്ക്കലും  ഉണ്ടായില്ല. അവനെന്നും ഒരു കാറ്റായിരുന്നു.

തളിർപ്പച്ചയും ഇലപ്പച്ചയും ഇരുൾപ്പച്ചയും വെയിൽപ്പച്ചയും മഴപ്പച്ചയും മയിൽ‌പ്പച്ചയും ചാണകപ്പച്ചയുമായി .പച്ച നിറം സ്വന്തം ഇന്ദ്രജാല മികവിൽ വിസ്മയിപ്പിയ്ക്കുന്ന ഒരു പ്രപഞ്ചമായിരുന്നു അത്.   ചുവന്നു തുടുത്ത മണ്ണിന്റെ ആരും കാണാത്ത വന്യമായ അടരുകൾ ലാസ്യ ഭംഗിയോടെ പുഞ്ചിരിച്ചു. ആരോഗ്യമുള്ള ഒരു പച്ചത്തുള്ളൻ ആശകളിൽ ചലനമാർന്നു.

ചെമ്മണ്ണ് നിറഞ്ഞ വഴികളിലൂടെ വെറുതേ നടക്കുമ്പോൾ മരക്കൊമ്പുകളിലിരുന്ന് പല തരം പക്ഷികൾ കലപില കൂട്ടി സംസാരിയ്ക്കാൻ തുടങ്ങി. അവരിൽ തന്നെ സാമർഥ്യക്കാരായ ചിലർ കൈയെത്തിത്തൊടാമോ എന്ന് വെല്ലുവിളിച്ച്  തലയ്ക്ക് മുകളിലൂടെ ശീഘ്രം പറന്നു. വർണ്ണപ്പകിട്ടാർന്ന സ്വന്തം തൂവൽച്ചിറകുകൾ വിടർത്തിക്കാണിച്ച്, മങ്ങിയ വർണ്ണത്തിൽ ചുളുക്കു കുപ്പായമിട്ട സൌന്ദര്യബോധത്തെ നോക്കി ച്ഛിൽ ച്ഛിൽ എന്ന് കളിയാക്കി.

അപ്പോൾ ചുളുക്ക് കുപ്പായം പെട്ടെന്ന് ഫ്രില്ലു പിടിപ്പിച്ച ഒരു ഫ്രോക്കായിത്തീർന്നു. പറ്റെ വെട്ടിയ മുടി ഇരുവശവും ഒഴുകിയിറിങ്ങിയ പിന്നലുകളായി. അതിൽ കനകാംബരവും മദിരാശി മുല്ലയും മയിർക്കൊഴുന്തും പട്ടു റിബണും പിറന്നു. 

ഉറക്കെയാണ് പാടിയത്..പഴയൊരു കുട്ടിപ്പാട്ട്

ചുണ്ടയ്ക്ക വെത്തൽ വിത്ത പണം
കൊടുത്തു വിടമ്മാ പെരിയായീ
നല്ല കാലം വറതമ്മാനല്ല കാലം വറതമ്മാ
കുടുകുടുപാണ്ടി പേച്ചമ്മാചിത്താശൻ വാക്കമ്മാ“ 

കൌതുകത്തോടെ ശ്രദ്ധയോടെ എതിരേ വന്ന അമ്മ പറഞ്ഞു, “ചിത്താശനൊണ്ണും ഇന്തക്കാലം കെടയാത്”   


അറിയാമായിരുന്നു. ആരാണു ചിത്താശനെന്ന് അമ്മയ്ക്കും അറിയുമായിരുന്നില്ലെന്ന് അല്പം കഴിഞ്ഞപ്പോൾ മനസ്സിലായി. നല്ല കാലം വരുന്നെന്ന്, കുടു കുടു ഉടുക്കു കൊട്ടിപ്പാടിക്കൊണ്ട് വർഷത്തിലൊരിയ്ക്കൽ മാത്രം വീട്ടിൽ വന്നിരുന്നവരായിരുന്നു ചിത്താശന്മാർ. വളരെ കുഞ്ഞു നാളിലേ  അവരെ കണ്ടിട്ടുള്ളൂ. അവർക്ക് പാളത്താറും കണ്ണഞ്ചിപ്പിയ്ക്കുന്ന വിധം വർണാഭമായ തലപ്പാവുമുണ്ടായിരുന്നു.  കർണ്ണാടകത്തു നിന്ന് ദേശാന്തര യാത്രയ്ക്ക് വരുന്ന അവർ, വെട്ടിക്കൊല്ലുമെന്നു ഭീഷണിപ്പെടുത്തിയാലും സത്യമേ പറയൂവത്രെ. 

അമ്മയുമായുള്ള സൌഹൃദം നിമിഷങ്ങളിൽ തന്നെ പടർന്നു പച്ചച്ച് പന്തലിച്ചു..നാല്പതു കൊല്ലം മുൻപ് വെറും തരിശായിക്കിടന്ന ഭൂമിയുടെ പുരാവൃത്തം വെറ്റില തുപ്പൽ തെറിപ്പിച്ചും സ്വന്തം മുഖത്തെ ചുളിവുകളിളക്കിയും അമ്മ പാടിത്തന്നു. വെള്ളക്കാരൻ സ്സാ‍യ്പ് തരിശ് കടന്ന് വന്ന് പച്ച ദ്വീപ് ചമച്ച മരതകക്കഥ.

“വന്താണ്ടീ വന്താണ്ടീ വെള്ളക്കാരൻ വന്താണ്ടീ……..
വന്താണ്ടീ വന്താണ്ടീ പൈത്യക്കാരൻ വന്താണ്ടീ........

ചില സ്സായ്പുമാർക്ക് ചില തരം പ്രാന്ത് ഉണ്ടാകുമെന്ന് അമ്മ ഉറക്കെ ചിരിച്ചു. അത് ശരി വെച്ചുകൊണ്ട് സമീപത്തു കൂടി ഇഴഞ്ഞ് പോയത് കറുപ്പിൽ മഞ്ഞ പുള്ളികളുള്ള സാരി ധരിച്ച ഒരു പാമ്പായിരുന്നു. ഭയം ആദ്യം നീലിപ്പിച്ചു പിന്നെ വെളുപ്പിച്ചു.

അമ്മ ചിരിച്ചുകൊണ്ട് സമാധാനിപ്പിച്ചു. “ഒന്നും പേടിയ്ക്കാനില്ല. നമ്മൾ ഉപദ്രവിയ്ക്കാതിരുന്നാൽ മതി അവരൊന്നും ചെയ്യില്ല. അവർക്ക് കഴിയ്ക്കാൻ ഇവിടെ ധാരാളം ഭക്ഷണമുണ്ട്. അവർ അവരുടെ പാട്ടിന് കഴിഞ്ഞുകൊള്ളും.“

അതാണ് മരതക ദ്വീപിന്റെ നിയമം. അവിടെ എല്ലാവരുമുണ്ട്. കഴിയുന്നത്ര പരസ്പരം സഹകരിച്ച് അവർ കഴിഞ്ഞു കൂടുന്നു.എന്നാലും ചിലപ്പോൾ അപകടങ്ങൾ വരാറുണ്ട്. അപ്പോൾ ചികിത്സിയ്ക്കും, രക്ഷപ്പെടുമോ എന്ന് നോക്കും .ഇല്ലെങ്കിൽ പിന്നെ .....ചിരഞ്ജീവികളെല്ലാം പുരാണങ്ങളിൽ മാത്രമല്ലേയുള്ളൂ എന്നു പറഞ്ഞ് അമ്മ കണ്ണിറുക്കിക്കാട്ടി.  

അമ്മ നിറുത്താതെ സംസാരിച്ചുകൊണ്ടിരുന്നു. അതു പറച്ചിലിന്റേയും കേൾവിയുടെയും ആഹ്ലാദ ഉത്സവമായിരുന്നു. അമ്മ അവിടെ പലതരം ജോലികൾ ചെയ്തു കഴിഞ്ഞു കൂടുകയാണ്. അവിടെ കുറെ വീടുകളുണ്ട്, ബേക്കറിയുണ്ട്, പല തരം ഓഫീസുകളുണ്ട്, അമ്പലമുണ്ട്..... അവിടെയെല്ലാം ഒത്തിരി ജോലികളുമുണ്ട്. 

അമ്മയുടെ വീട്ടുകാരനെക്കുറിച്ചും മക്കളെക്കുറിച്ചും അന്വേഷിച്ചപ്പോൾ അമ്മ ചിരിച്ചുകൊണ്ട് പറഞ്ഞു.

“കല്യാണം കഴിച്ചില്ല.“

അൽ‌പ്പം ചമ്മലുണ്ടായി. വേണ്ടായിരുന്നു. ആവശ്യമില്ലാത്ത അന്വേഷണം.

മൌനം കണ്ട് അവർ വിശദീകരിച്ചു. 

“അതൊരു കാര്യമായിത്തോന്നിയില്ല, അതിലും വലിയ കാരണം ഉണ്ടായിരുന്നു, കല്യാണം വേണ്ടെന്ന് തോന്നാൻ..“

അപ്പോഴേയ്ക്കും ആരോ ഉച്ചത്തിൽ വിളിയ്ക്കുന്നതു കേട്ടു

“പോതും പൊണ്ണ് അത്തേ, പോതും പൊണ്ണ് അത്തേ……“

ആ പേരു വിചിത്രമായി തോന്നി. പോതും പൊണ്ണെന്ന്…… എന്നുവെച്ചാൽ മതി പെണ്ണെന്ന്. എന്തൊരു പേര്! മനുഷ്യർ ഇങ്ങനെയും പേരു വെയ്ക്കുമോ?

അമ്മയുടെ ഉത്തരം അതിലും വിചിത്രമായിരുന്നു.

“ഇങ്കെ വാടീ, മണ്ണാങ്കട്ടീ, ദോ ഇങ്കെയേ താൻ..“ 

“ഓ! വാറേൻ..“ 

മണ്ണാങ്കട്ടിയോ? ഇനി അതും മനുഷ്യനാണോ? മണ്ണാങ്കട്ടി എന്നു പേരുള്ള മനുഷ്യരുണ്ടാകുമോ ഈ ലോകത്ത്?

നേർത്തൊരു കിതപ്പോടെ സൈക്കിളിൽ പ്രത്യക്ഷപ്പെട്ടത് മണ്ണാങ്കട്ടിയാണെന്നറിഞ്ഞപ്പോൾ  ഞെട്ടിപ്പോയി. കടഞ്ഞെടുത്ത കരിവീട്ടി പോലൊരു പെണ്ണ്. നല്ല ഉറച്ച ശരീരം. എണ്ണയിട്ടു മിനുക്കിയ മുടിയിൽ മുല്ലപ്പൂവും കനകാംബരവും, കണ്ണിൽ നീളത്തിലെഴുതിയ കരി..ഇവളെങ്ങനെ ഒരു മണ്ണാങ്കട്ടിയാകും?

അത്  ആചാരമാണെന്ന് അമ്മ വിശദീകരിച്ചു. ആൺകുഞ്ഞുണ്ടാവാനായി മാത്രമാണല്ലോ വിവാഹം കഴിയ്ക്കുന്നത്. ഉണ്ടായ ആൺകുഞ്ഞ് മരിച്ചു പോയാലോ? അതിലും വലിയൊരു ദുരന്തമില്ല. പിന്നെ ജനിയ്ക്കുന്ന പെൺകുഞ്ഞിന് അതുകൊണ്ട് മണ്ണാങ്കട്ടി എന്നു പേരു വിളിച്ച് ദൈവത്തോട് പ്രാർഥിയ്ക്കുന്നു, ചിലർ കല്ലും മണ്ണും കലർത്തിയ ആഹാരം ഭക്ഷിയ്ക്കുമത്രെ പ്രാർഥനയ്ക്കൊപ്പം ഒരു നേർച്ച മാതിരി…….ഇതു പോലെ ഒരു മണ്ണാങ്കട്ടിയെ അല്ല, നല്ലൊരു പുത്രനെ തരണേ എന്ന് മനമുരുകി പ്രാർഥിയ്ക്കുമ്പോൾ ദൈവം കനിയാതിരിയ്ക്കില്ല. പെൺകുട്ടിയെ മണ്ണാങ്കട്ടി എന്നു വിളിച്ചാൽ എന്താണ് തരക്കേട്? ശരിയ്ക്കും ചെലവുണ്ടാക്കുന്ന ഒരു മണ്ണാങ്കട്ടി തന്നെയല്ലേ പെൺകുട്ടി? 

നീയൊരു മണ്ണാങ്കട്ടിയാണെന്ന് വിളിച്ച് വളർത്തപ്പെട്ട ആ കരീവീട്ടിപ്പെണ്ണിന്റെ മുഖത്തു നോക്കി  സ്തബ്ധയായി നിൽക്കുമ്പോൾ.. .

“മയില് അല്ലാട്ടി കതിര്ന്ന് ശൊല്ലിയാച്ച്…… പിന്നാടി പളക്കം പളക്കം ശൊല്ലമാട്ടാങ്കോ. ഇന്നമേ പോതും പൊണ്ണും മണ്ണാങ്കട്ടിയും കെടയാത്, കട്ടായം.“ മണ്ണാങ്കട്ടി കാട്ടരുവി പോലെ ഇളകി മറിഞ്ഞു.

അപ്രതീക്ഷിതമായി അമ്മയുടെ കണ്ണു നിറയുന്നത് കണ്ടു. അവർ സ്നേഹത്തോടെയും വാത്സല്യത്തോടെയും മണ്ണാങ്കട്ടിയെ മാറോടണച്ചപ്പോൾ ഇരുവരെയും ആ ലോകത്തിൽ വിട്ടിട്ട്  നിശ്ശബ്ദയായി മുന്നോട്ടു നടക്കുക മാത്രം ചെയ്തു. 

വഴിയരികിൽ വില്പനയ്ക്കു വെച്ചിരുന്ന കൌതുക വസ്തുക്കളിൽ നിന്ന് കടലാസ്സു കമ്മലും കുറച്ചു ചന്ദനത്തിരികളും സുഗന്ധമുള്ള മെഴുകുതിരിയും വാങ്ങിച്ചു. കൂടാതെ ഒരു പ്ലേറ്റ് പച്ചക്കറി ചാട്ടും. വെള്ളരിയ്ക്കയും ക്യാരറ്റും  ബീറ്റ്രൂട്ടും തക്കാളിയും മുളപ്പിച്ച പയറും സവാളയും ഉപ്പും നാരങ്ങാ നീരും ഇത്തിരി ചാട്ട് മസാലയും കലർത്തി വിളമ്പിയതായിരുന്നു പ്ലേറ്റിലുണ്ടായിരുന്ന വിഭവം. ചുവന്ന മണ്ണിൽ പുതഞ്ഞു കിടന്ന ഒരു കൃഷ്ണ ശിലയിൽ ഇരുന്ന്, പ്ലേറ്റിലെ പച്ചക്കറികൾ മെല്ലെ മെല്ലെ തിന്നു തീർക്കുമ്പോഴും  മനസ്സിൽ  പോതും പൊണ്ണും മണ്ണാങ്കട്ടിയും ഊഞ്ഞാലാടിക്കൊണ്ടിരുന്നു. മുകളിൽ പടർന്നു പന്തലിച്ചു നിന്ന വന്മരത്തിൽ കെട്ടിത്തൂക്കിയിട്ട കൂറ്റൻ വിൻഡ് കൈമിന്റെ മുഴക്കത്തിനൊപ്പം ഉരുവിട്ടു. “മണ്ണാങ്കട്ടിയും പോതും പൊണ്ണും. പോതും പൊണ്ണും മണ്ണാങ്കട്ടിയും“

പിറുപിറുക്കൽ അല്പം ഉച്ചത്തിലായിപ്പോയോ? വട്ടികളുമായി നടന്നു പോവുകയായിരുന്ന കാപ്പിയുടെ നിറമുള്ളവൾ തിരിഞ്ഞു നിന്നു പറഞ്ഞു. “ദോ അതു താൻ മണ്ണാങ്കട്ടി കടൈ.“ എന്നിട്ട് വലത്തേയ്ക്ക് ചൂണ്ടിക്കാണിച്ചു.

അപ്പോൾ മണ്ണാങ്കട്ടിയ്ക്കു കടയുമുണ്ട്, ശരി എന്തായാലും അവിടെ പോയിട്ടു തന്നെ കാര്യം.

മണ്ണാങ്കട്ടിയുടെ കടയിൽ കുറെ ഗ്രീറ്റിംഗ് കാർഡുകളും നല്ല തിളക്കമുള്ള കല്ലുകളുടെ ആഭരണങ്ങളും ഉണ്ടായിരുന്നു. പിന്നെ പലതരം ചന്ദനത്തിരികളും സ്കാർഫുകളും. എല്ലാം അവിടത്തെ ആളുകൾ നിർമ്മിച്ചതാണെന്ന് അവൾ വിശദീകരിച്ചു. വിലയൽ‌പ്പം കൂടുതലാണെങ്കിലും എല്ലാ വസ്തുക്കളും അതീവ മനോഹരമായിരുന്നു.

ഒന്നു രണ്ടു ഗ്രീറ്റിംഗ് കാർഡുകളാണു തെരഞ്ഞെടുത്തത്. അവൾ അനായാസമായി ബില്ലെഴുതുന്നത് കണ്ടപ്പോൾ അവളുടെ വിദ്യാഭ്യാസത്തെപ്പറ്റി ചോദിയ്ക്കാതിരിയ്ക്കാൻ കഴിഞ്ഞില്ല.

“എല്ലാം പോതും പൊണ്ണ് അത്ത കത്ത് കുടുത്താങ്ക“

അത്തയെന്നാൽ അമ്മായി. അത്ത ഒറ്റാന്തടിയാണ്. അതിന്റെ കാരണവും അവൾ വിസ്തരിച്ചു. പ്രസവിയ്ക്കുന്നത് പെൺകുഞ്ഞാണെങ്കിൽ പോതുംപൊണ്ണെന്ന് പേരിട്ട് ദൈവത്തിനോട് യാചിയ്ക്കണം ആൺകുട്ടി പിറക്കാൻ. ഒരമ്മയ്ക്ക് ആണും പെണ്ണും തമ്മിൽ ഭേദമുണ്ടാകാൻ പാടില്ലെന്ന്  അത്ത വിശ്വസിയ്ക്കുന്നു. അയ്യോ! പെണ്ണ് പിറന്നതു മതിയേ എന്നു സദാ ഓർമ്മിപ്പിയ്ക്കുന്ന, പെണ്ണ് അത്ര അനാവശ്യമാണെന്ന് പ്രഖ്യാപിയ്ക്കുന്ന ആചാരത്തിനു കീഴ്പ്പെട്ട് ഒരു പെൺകുഞ്ഞിനെ വളർത്തേണ്ടി വരുമെന്ന് കരുതി അത്ത കല്യാണത്തിനു തയാറായില്ല. പോതും പൊണ്ണെന്നും മണ്ണാങ്കട്ടിയെന്നും പേരിടാതെ പെൺകുഞ്ഞിനെ വളർത്തിയെടുക്കാമെന്ന് പറയാൻ ചുണയുള്ള ഒരു പുരുഷനും അത്തയുടെ ജീവിതത്തിൽ കടന്നു വന്നതുമില്ല.
അതു പറയുമ്പോൾ  മണ്ണാങ്കട്ടിയുടെ മുഖത്ത് ഒരേ സമയം അഭിമാനവും സങ്കടവുമുണ്ടായിരുന്നു.

മയിലെന്നോ കതിരെന്നോ ജനിയ്ക്കുന്ന പെൺകുട്ടിയ്ക്ക് പേരിടാമെന്ന് ഉറപ്പ് കൊടുത്ത  ഒരു ചുണക്കുട്ടനെ അവൾ തനിയ്ക്കായി കണ്ടുപിടിച്ചു കഴിഞ്ഞിരിയ്ക്കുന്നുവത്രെ. അത് അറിയിയ്ക്കാനായിരുന്നു അവൾ നേരത്തെ അത്തയെ തേടി വന്നത്.

എങ്കിലും അവിവാഹിതയായ അത്ത വയസ്സുകാലത്ത് തനിച്ചാവില്ലേ എന്നൊരു വിഡ്ഡിച്ചോദ്യം ചോദിച്ചു.

“ തിരുമണം ചെഞ്ച് പുള്ളൈകുട്ടി പെത്താ മൂച്ചു മുടിയും വരെ ഒതകും കട്ടായമെങ്കേ?  ഉടമ്പിലെ തെമ്പ് ഇരുന്താ ഒഴൈച്ച് ശാപ്പിടലാം. മീതിയെല്ലാം കടവുൾ വേലൈ. “ 

അത് പോതും പൊണ്ണത്തയുടെ മറുപടിയായിരുന്നു. പ്രയത്നിച്ച് ജീവിയ്ക്കാമെന്ന് പറയുന്ന ആ ഉറച്ച അഭിമാനത്തിനു മുൻപിൽ  പൈങ്കിളിച്ചോദ്യങ്ങൾ തലയിൽ ഒരു മുണ്ടിട്ട് ഓടിയൊളിച്ചു. അഭിമാനത്തിന്റേയും തന്റേടത്തിന്റെയും അർത്ഥം എല്ലാവർക്കും ഒന്നു പോലെയല്ലല്ല്ലോ.

കൊത്തി മുറിവേൽ‌പ്പിച്ച് രക്തത്തിൽ കുളിപ്പിയ്ക്കുന്ന ഏകാന്തതയെ തോൽ‌പ്പിയ്ക്കാൻ വേണ്ടി മാസങ്ങൾക്കു ശേഷം വീണ്ടും അവനോടൊപ്പം ഒരു യാത്ര പോയി. 

എത്തിയത് കറു കറുത്ത മഴവില്ലിന്റെ ദേശത്തായിരുന്നു. എണ്ണക്കറുപ്പും, വൈരക്കറുപ്പും, പുകക്കറുപ്പും കരിക്കറുപ്പും, മേഘക്കറുപ്പും, കാക്കക്കറുപ്പും , ശവക്കറുപ്പുമായിരുന്നു ആ കറുകറുത്ത മഴവില്ലിലുണ്ടായിരുന്നത്. അന്നത്തിന്റെ വെള്ളം പോലും കുടിയ്ക്കാതെ അന്നം വിളയിയ്ക്കുന്നവർ നിത്യം നിത്യം തൂങ്ങി മരിയ്ക്കുന്ന ദേശമായിരുന്നു അത്.  ജനിച്ചു വളർന്ന ഗ്രാമങ്ങൾ വില്പനയ്ക്ക് നിരത്തി വെച്ച് പട്ടിണിക്കോലങ്ങളായ ഗ്രാമീണർ തുപ്പലിറക്കി അവിടെ കഴിഞ്ഞിരുന്നു. വിഷം വാങ്ങാൻ കാശില്ലാതെ തൂങ്ങിച്ചത്തവന്റെ പെണ്ണിന്  “ഒരു പശുവിനെ വളർത്തി ജീവിച്ചു കൂടേ“ എന്ന ബുദ്ധിയുപദേശിച്ച് സർക്കാർ തന്നെ പശുവിനെ നൽകിയ നന്മദേശമായിരുന്നു. പശുവിനെ തീറ്റിപ്പോറ്റാനായി  അവളും മക്കളും ഭിക്ഷയെടുക്കേണ്ട വറുതിദേശമായിരുന്നു. ഏറ്റവും കൂടുതൽ ചേരികൾ ഉണ്ടായിരുന്നത് ആ ദേശത്തായിരുന്നു

കുറച്ചു കാതങ്ങൾക്കപ്പുറമാകട്ടെ അംബര ചുംബികളായ വാസ സ്ഥലങ്ങളും  ജോലിയിടങ്ങളും കറുപ്പ് മാഞ്ഞ സ്വർണ നിറമുള്ള മണ്ണിൽ വർണ്ണപ്പകിട്ടുള്ള വാനത്തിലേയ്ക്ക് പൌഡറിട്ടു മിനുക്കിയ മുഖവുമായി തിളങ്ങി നിന്നിരുന്നു. അവിടെ ത്രീ ഫോർത്തണിഞ്ഞ സുന്ദരിമാരും കമ്മലിട്ട സുന്ദരന്മാരും ലേസ് ചിപ്സും മക്ഡോണാൾഡ് ബർഗറും തിന്നുന്ന തുടുപ്പൻ കുട്ടികളും ഉണ്ടായിരുന്നു. വലിയതും ചെറിയതുമായ കാറുകളിൽ സഞ്ചരിച്ച് അവർ നഗരത്തിന്റെ കവലകളെ കാച്ചിത്തിളക്കി. കോൺ ക്രീറ്റ് ചെയ്ത വീതി കൂടിയ തെരുവോരങ്ങളിൽ അവർ തുപ്പിയ ഷോപ്പേഴ്സ് സ്റ്റോപ്പിന്റെയും പാന്റ്ലൂണിന്റേയും ഈസ്റ്റ് വെസ്റ്റിന്റേയും പ്ലാസ്റ്റിക് കൂടുകൾ ചിതറിക്കിടന്നു.

പ്രവേശനമില്ലാത്ത വലിയൊരു കെട്ടിട സാമ്രാജ്യം അവനെ മുഴുവനോടെ വലിച്ചെടുക്കുന്നതും നോക്കി പടുകൂറ്റൻ ജലധാരായന്ത്രങ്ങളുടെ വശ്യനൃത്തത്തിനു മുൻപിൽ, തനിച്ചിരിയ്ക്കുമ്പോഴാണ് പച്ച വർണ്ണ കുപ്പിവളകൾ ധരിച്ച് നനഞ്ഞ സാരിയുടെ ഫർ ഫർ ശബ്ദവുമായി കുട്ട കമിഴ്ത്തിയ മാതിരി മൂക്കുത്തികളും ഇട്ട് അവൾ വന്നത്. വന്നപാടെ, തറയിൽ പടഞ്ഞിരുന്ന് കൈയിലെ കടലാസ്സു പൊതി നിവർത്തി ക്ഷണിച്ചു.

“ഖാനാ ലോ ദീദി.“

വേണ്ടെന്ന് തലയാട്ടി ചിരിച്ചപ്പോൾ അവൾ ആർത്തിയോടെ ബണ്ണും വടയും സവാളയും  തിന്നാൻ തുടങ്ങി, ഇടയ്ക്ക് പച്ചമുളകെടുത്ത് കടിച്ച്, ശീ എന്നൊരു ശബ്ദം പുറപ്പെടുവിച്ചു. സ്വന്തമായി വേണ്ടത്ര ഭക്ഷണമില്ലാത്തപ്പോഴും  ഉള്ളതു പങ്കിടാൻ ക്ഷണിച്ച ആ മനസ്സ് ദൈവികമായിരുന്നു. ബർഗർ കണ്ടുപിടിച്ചത് മക്ഡോണാൾഡൊന്നുമല്ലെന്ന് അപ്പോഴാണ് മനസ്സിലായത്. മറ്റൊന്നും കഴിയ്ക്കാൻ കിട്ടാത്ത പട്ടിണിക്കാർ ഉണക്ക ബണ്ണിനിടയിൽ എന്തെങ്കിലുമൊക്കെ  കടത്തി വെച്ച് തിന്നതാവണം ആദ്യത്തെ ബർഗർ.

“ക്യാ നാം ഹേ ആപ്കാ?“

പുച്ഛത്തിലൊന്നു കോടിയ ചിറിയുമായി പച്ചക്കുപ്പിവളകൾ കിലുങ്ങി, “കോയി നാം നഹി.മേം നകുഷാ ഹും”

എല്ലാം ഓർമ്മ വന്നു. അതെ, “വേണ്ടാത്തവൾ“ എന്ന് അർഥമുള്ള വാക്ക്, പെണ്മക്കൾക്കായി  ആ ദേശത്തെ മാതാപിതാക്കൾ നൽകുന്ന പേര്, ഒരു സ്കൂളിൽത്തന്നെ എത്രയോ നകുഷമാർ ഉണ്ടാകുന്നത്, ജില്ലാ ഭരണകൂടം ഇടപെട്ട് കുറെയേറെ പെൺകുട്ടികൾക്ക് പേരുമാറ്റം നടത്തിയത്..

ഇപ്പോൾ മുൻപിലൊരു നകുഷ!

“സർക്കാർ പേരു മാറ്റിക്കൊടുക്കുന്നുണ്ടല്ലോ, അതുകൊണ്ട് പേരു മാറ്റാവുന്നതല്ലേ“ എന്ന വിഡ്ഡിച്ചോദ്യം ചോദിയ്ക്കാതിരിയ്ക്കാനുള്ള ബുദ്ധിയെങ്കിലും ഉണ്ടാകണമായിരുന്നു.

“നിങ്ങൾ പഠിച്ചവരെല്ലാം ഇങ്ങനെയാണ് ദീദി. പത്തു പന്ത്രണ്ടു വയസ്സു വരെ നകുഷ എന്ന് വിളിച്ചിട്ട് നാളെ വേറൊരു പേരു വിളിച്ചാൽ വേണ്ടാത്തവൾ എന്ന വിചാരം മാറിപ്പോവുമോ? അപ് നാ സിർ ഊഞ്ചാ കർക്കെ ഹമ് ലഡ്കീ  മാംഗ്താ ഹെ ബോൽനെ കി, ഖോപ്ഡി മേ ബദ് ലാവ് മൻ മേ ബദ് ലാവ് സോച്ച് വിചാർ മേ ബദ് ലാവ് മാംഗ്താ ദീദി

“ശരിയാവും എല്ലാം. ഇപ്പോൾ പെൺകുട്ടികൾക്കും ആൺ കുട്ടികൾക്കും തമ്മിൽ  ഭേദമൊന്നുമില്ലല്ലോ.“

അത്യുച്ചത്തിലായിരുന്നു പരിഹസിയ്ക്കുന്ന ചിരി. കൊടുവാളിന്റെ മൂർച്ചയുള്ള ചിരി. 

“അതെ, നാലു പെൺകുട്ടികൾ പഠിച്ചാൽ, രണ്ടു പേർ സർക്കാർ ജോലി ചെയ്താൽ, ഒരാൾ കാറോടിച്ചാൽ……അപ്പോഴേയ്ക്കും നിങ്ങൾ പഠിച്ചവർ ഇങ്ങനെ പറഞ്ഞു തുടങ്ങും. വേണ്ടാത്തവരെന്ന് സ്വന്തം പേരുള്ള, പട്ടിണി കിടക്കുന്ന, അടി കൊള്ളുന്ന, എല്ലാ തരത്തിലും ഗതികെട്ട ബാക്കി പെണ്ണുങ്ങളെയൊന്നും നിങ്ങൾക്ക് പിന്നെ കാണാനേ കഴിയില്ല. 

പഠിപ്പുള്ള ദീദി, വേണ്ടാത്തവൻ എന്ന് സ്വന്തം പേര് ജന്മപത്രത്തിലെഴുതീട്ടുള്ള ഒരു ആൺ കുട്ടിയെ കാണിച്ചു തരാമോ നമ്മുടെ നാട്ടിൽ……..വേണ്ട, ചാകാറായ ഒരു തന്തയെ കാട്ടി തന്നാലും മതി… “

അവൾ കാറിത്തുപ്പി.
‌----------------------------------------------------------------
ചുണ്ടയ്ക്ക വെത്തൽ വിത്ത പണം
കൊടുത്തു വിടമ്മാ പെരിയായീ
നല്ല കാലം വറതമ്മാനല്ല കാലം വറതമ്മാ
കുടുകുടുപാണ്ടി പേച്ചമ്മാചിത്താശൻ വാക്കമ്മാ“
(ചുണ്ടയ്ക്ക വറ്റൽ വിറ്റ പണം
തന്നയയ്ക്കു വലിയമ്മേ
നല്ല കാലം വരുന്നമ്മേ
കുടു കുടു കൊട്ടുന്ന പാണ്ടിയുടെ പറച്ചിലമ്മേ
ചിത്താശന്റെ വാക്കാണമ്മേ)

“ചിത്താശനൊണ്ണും ഇന്തക്കാലം കെടയാത്”  
 ( ഇക്കാലത്ത് ചിത്താശൻ ഇല്ല )

“വന്താണ്ടീ വന്താണ്ടീ വെള്ളക്കാരൻ വന്താണ്ടീ……..
വന്താണ്ടീ വന്താണ്ടീ പൈത്യക്കാരൻ വന്താണ്ടീ’‘
(വന്നല്ലോ വന്നല്ലോ വെള്ളക്കാരൻ വന്നല്ലോ
വന്നല്ലോ വന്നല്ലോ ഭ്രാന്തുള്ളവൻ വന്നല്ലോ)

“മയില് അല്ലാട്ടി കതിര്ന്ന് ശൊല്ലിയാച്ച്…… പിന്നാടി പളക്കം പളക്കം ശൊല്ലമാട്ടാങ്കോ. ഇന്നമേ പോതും പൊണ്ണും മണ്ണാങ്കട്ടിയും കെടയാത്, കട്ടായം.“ 
(മയിൽ അല്ലെങ്കിൽ കതിർ എന്നു പേരു വെയ്ക്കും. പിന്നീട്  ആചാരമാണെന്ന് പറയില്ല. ഇനി മേലിൽ പോതും പൊണ്ണും മണ്ണാങ്കട്ടിയും ഉണ്ടാവില്ല.).

“എല്ലാം പോതും പൊണ്ണ് അത്ത കത്ത് കുടുത്താങ്ക“
(എല്ലാം പോതും പൊണ്ണ് അത്ത പഠിപ്പിച്ചു തന്നതാണ്)

“ തിരുമണം ചെഞ്ച് പുള്ളൈകുട്ടി പെത്താ മൂച്ചു മുടിയും വരെ ഒതകും കട്ടായമെങ്കേ?  ഉടമ്പിലെ തെമ്പ് ഇരുന്താ ഒഴൈച്ച് ശാപ്പിടലാം. മീതിയെല്ലാം കടവുൾ വേലൈ. “ 
( കല്യാണം കഴിച്ച് കുഞ്ഞുങ്ങൾ ഉണ്ടായാൽ തന്നെ അവർ അവസാനം വരെ നോക്കുമെന്ന് വല്ല ഉറപ്പുമുണ്ടോ? ശരീരത്തിനു ബലമുണ്ടെങ്കിൽ അധ്വാനിച്ച് കഴിയാം. ബാക്കിയെല്ലാം ദൈവത്തിന്റെ കളി തന്നെ)
 
“ഖാനാ ലോ ദീദി.“
(ആഹാരം കഴിയ്ക്കാം, ചേച്ചി)

“ക്യാ നാം ഹേ ആപ്കാ?“
(പേരെന്താണ്?) 

“കോയി നാം നഹി.മേം നകുഷാ ഹും” 
( യാതൊരു പേരുമില്ല, ഞാൻ വേണ്ടാത്തവളാണ്.)

അപ് നാ സിർ ഊഞ്ചാ കർക്കെ ഹമ് ലഡ്കീ  മാംഗ്താ ഹെ ബോൽനെ കി, ഖോപ്ഡി മേ ബദ് ലാവ് മൻ മേ ബദ് ലാവ് സോച്ച് വിചാർ മേ ബദ് ലാവ് മാംഗ്താ ദീദി“ 
( തല ഉയർത്തിപ്പിടിച്ച് ഞങ്ങൾക്ക് പെൺകുട്ടി വേണം എന്നു പറയാൻ തലച്ചോറിലും മനസ്സിലും ചിന്തകളിലും വിചാരങ്ങളിലും മാറ്റങ്ങളുണ്ടാവണം, ചേച്ചി)