പാതി രാത്രിയിൽ പെയ്ത മഴയ്ക്ക് ഭ്രാന്തായിരുന്നു.
ഹുങ്കാരത്തോടെ വീശിയടിച്ച കാറ്റിൽ മരങ്ങളുടെ കൊമ്പുകൾ ഒടിഞ്ഞു വീണു.
എങ്കിലും രാവിലെയായപ്പോഴേയ്ക്കും മഴക്കോളെല്ലാമകന്ന് മാനം പൂർണമായും തെളിഞ്ഞിരുന്നു.
വാർത്തയറിഞ്ഞ എല്ലാവരും ഞെട്ടിത്തെറിച്ചുപോയി.
‘കുട്ടപ്പൻ നായരെ ആരോ വെട്ടിക്കൊന്നു‘
കള്ളു ഷാപ്പിന്റെ മുൻപിലാണ് ശവം കിടന്നിരുന്നത്. ആയുധമൊന്നും പരിസരത്ത് കണ്ടില്ല. രക്തം വാർന്നൊഴുകിയതെല്ലാം മഴയിൽ ഒലിച്ച് പോയിരിയ്ക്കുന്നു. ആകെ ചളിപിളിയായതുകൊണ്ട് ശവത്തിനരികെ കാൽപ്പാടുകളുമില്ല.
മരം വെട്ടുകാരൻ ശങ്കുരുവും സഹായിയായ ഗോപിയും ആളുകളെ ശവത്തിനരികെ ചെല്ലുന്നതിൽ നിന്നും വിലക്കി.
‘കൊലയാ, കൊല. കളിയ്ക്കണ കളിയല്ല. പോലീസ്കാര് വരട്ടെ. അത് വരെ അനങ്ങാണ്ട് നിക്കണം. അടുത്ത് ചെല്ലണ്ട. കോടതി കേറി ജമ്മം പാഴാവും.‘
എല്ലാവരും കടുത്ത ഭയത്തോടെയും വല്ലാത്ത ഒരു വെറുങ്ങലിപ്പോടെയും മാറി നിന്നു.
കുട്ടപ്പൻ നായരോട് ആർക്കാണ് ഇത്ര വിരോധം?
കുറെ അശ്ലീല തമാശകൾ പറയുമെന്നല്ലാതെ മറ്റൊരു കുഴപ്പവും കാണിയ്ക്കാത്ത ഒരാൾ. ഭാര്യയും മക്കളുമായി കഴിഞ്ഞു കൂടുന്നു. നല്ല ഈശ്വര വിചാരമുള്ളവൻ. തറവാടിയായ സ്ഥാനി. ഇതിനൊക്കെ പുറമേ ഇഷ്ടം പോലെ സ്വത്തും പണവുമുണ്ട്.
ആർക്കും ആലോചിച്ചിട്ട് ഒരെത്തും പിടിയും കിട്ടിയില്ല.
പെണ്ണുങ്ങളിൽ ചിലർ പരസ്പരം നോക്കി കണ്ണിറുക്കി. അതു പിന്നെ അങ്ങനെയാണല്ലോ. ആണുങ്ങളുടെ ചില സ്വഭാവങ്ങൾ അവരേക്കാളും നന്നായി പെണ്ണുങ്ങൾക്കാണല്ലോ അറിയുക
കുട്ടപ്പൻ നായർക്ക് ചില്ലറ ദൌർബല്യങ്ങളൊക്കെ ഉണ്ടായിരുന്നു.
വളരെ നേർമ്മയായ ഒറ്റ മുണ്ട് മാത്രം ധരിച്ചുകൊണ്ടുള്ള നാട് ചുറ്റലായിരുന്നു അതിലൊന്ന്. നല്ല വെളുത്ത് തുടുത്തിരുന്ന നായർ ആകാവുന്നത്ര സ്വന്തം ശരീര സൌഭാഗ്യം പ്രദർശിപ്പിച്ചു. സ്ത്രീകളെ കാണുമ്പോൾ, ആളും തരവും വിജനതയും നോക്കി മുണ്ട് ഒന്നഴിച്ച് വിടർത്തി ഉടുക്കാറുമുണ്ടായിരുന്നു.
മറ്റൊരു ദൌർബല്യം ഒന്നു രണ്ട് വീടുകളിൽ അസമയത്ത് കുട്ടപ്പൻ നായർ കയറിച്ചെല്ലുമായിരുന്നു എന്നതാണ്. ആ വീടുകളിൽ വേറെ ചിലരും അങ്ങനെ പോവാറുണ്ടായിരുന്നു. അവിടെ ഉണ്ടായ വല്ല കുഴപ്പവുമായിരിയ്ക്കുമോ കൊലയ്ക്കു നിദാനമായതെന്ന് ഓർമ്മിച്ച് പെണ്ണുങ്ങൾ തല പുകച്ചു.
ആ വീടുകളിലെ പതിവുകാരായ മറ്റ് ആണുങ്ങൾക്കും അല്പാല്പം പരിഭ്രമം തോന്നുന്നുണ്ടായിരുന്നു.
കുട്ടപ്പൻ നായരുടെ ഭാര്യയും മക്കളും വീട്ടിലുണ്ടായിരുന്നില്ല. കഴിഞ്ഞ മൂന്നാലു ദിവസമായി അവർ ഭാര്യ വീട്ടിലാണ്. അവരെ ആരു ചെന്ന് സങ്കടം അറിയിയ്ക്കുമെന്നോർത്തപ്പോൾ ഗ്രാമീണർ വിവശരായി.
നല്ലൊരു സ്ത്രീയാണ് നായരുടെ ഭാര്യ. ഗ്രാമത്തിലെ എല്ലാ സ്ത്രീകളോടും സൌഹൃദം പുലർത്തുന്ന വീട്ടമ്മ. കുട്ടപ്പൻ നായരുടെ ശീലക്കേടുകൾ ഗ്രാമീണർ സഹിച്ചതിനു പുറകിൽ നല്ലവളായ ഭാര്യയുടെ സൌശീല്യവുമുണ്ടെന്നത് ഒരു പരമാർത്ഥമാണ്.
പതിനൊന്ന് മണിയോടടുപ്പിച്ച്, ഒരു ജീപ്പ് നിറയെ പോലീസ് വന്നു.
പോലീസുകാർ ആദ്യം തന്നെ കൂട്ടം കൂടി നിന്ന ഗ്രാമീണർക്ക് നേരെ ലാത്തി വീശി, അവരെ അകറ്റി.
‘ആരെടാ ആദ്യം ശവം കണ്ടത്?‘
കുട വയറും പിരിച്ചുവെച്ച കൊമ്പൻ മീശയുമുള്ള ഒരു പോലീസുകാരൻ ഉറക്കെ ചോദിച്ചു.
മൂത്രമൊഴിയ്ക്കാൻ മുട്ടിയ ഗ്രാമീണർ ശബ്ദിച്ചില്ല.
‘മര്യാദയ്ക്ക് പറഞ്ഞോ. ആരാടാ ഇത് ചെയ്തത്?‘
ഗ്രാമീണരുടെ വിറയൽ പെരു വിരലിൽ നിന്ന് നിറുകന്തലയോളമെത്തി.
‘സത്യം പറഞ്ഞാ എല്ലാർക്കും നല്ലത്, അല്ലെങ്കിൽ ന്താ വേണ്ടേന്ന് ഞങ്ങക്കറിയാം. പോലീസുകാരോട് കളിയ്ക്കല്ലേ, പുതിയേ പുതിയേ കളികള് ഇണ്ടാക്കി കളിപ്പിയ്ക്കണോരാ ഞങ്ങള്………’
ഇത്രയുമായപ്പോൾ രാമൻ മാഷ് പറഞ്ഞു, ‘ഞാനാ ആദ്യം കണ്ടത്, കാലത്ത് അമ്പലത്തിൽക്ക് വരുമ്പോ….‘
ചെറുപ്പക്കാരനായ എസ് ഐ മാഷ്ടെ ശബ്ദ്ം കേട്ട് തിരിഞ്ഞു നോക്കി, അടുത്ത് വന്നു തൊഴുതു.
‘മാഷ്, ഇവിടെ……….ന്നെ ഓർമ്മ്ണ്ടോ? ന്നെ…… പഠിപ്പിച്ചിട്ടുണ്ട്… ഞാൻ ഗോവിന്ദൻ കുട്ടി.‘
അല്പനേരം അയാളെ സൂക്ഷിച്ച് നോക്കിയ മാഷ്ടെ മുഖം തെളിഞ്ഞു.
പിന്നെ കാര്യങ്ങൾ വളരെ വേഗത്തിൽ നീങ്ങി. അവിടെ ഉണ്ടായിരുന്ന എല്ലാവരേയും ആദ്യ റൌണ്ട് ചോദ്യം ചെയ്യൽ കഴിച്ചുവെങ്കിലും പോലീസുകാർ മര്യാദ കൈ വിട്ടില്ല.
കൊല നടന്നതാരും കണ്ടിട്ടില്ല. കള്ള് ഷാപ്പുകാരൻ ഒമ്പത് മണിയ്ക്ക് ഷാപ്പടയ്ക്കുമ്പോൾ കുട്ടപ്പൻ നായർ കുശലം പറഞ്ഞ് നടന്നു പോയതാണ്.
പിന്നെ നായർക്ക് ഷാപ്പിൽ വരേണ്ട കാര്യമില്ല. ഇനി വേറെ എവിടെയെങ്കിലും വച്ച് കൊന്നതിനു ശേഷം ഇവിടെ കൊണ്ടിട്ടതാകുമോ?
പോലീസുകാർ ടേപ്പ് പിടിച്ച് അളവെടുക്കുമ്പോഴാണ് കണ്ടത്, കുട്ടപ്പൻ നായരുടെ പുലി നഖം കെട്ടിച്ച സ്വർണമാല ഒരു കേടും പറ്റാതെ കഴുത്തിൽ തന്നെ കിടക്കുന്നു! മാത്രവുമല്ല, ഏലസ്സ് കെട്ടിയ അരഞ്ഞാണവും വലത്തെ കൈയിലെ, ഉലക്കച്ചുറ്റ് മോതിരവും ഒക്കെ ശവത്തിന്മേലുണ്ട്. നല്ല പൊലിമയുള്ള കനപ്പെട്ട സ്വർണം!
രാമൻ മാഷ് കാണും മുൻപേ ആരെങ്കിലും ശവം കണ്ടിരുന്നെങ്കിൽ ആഭരണങ്ങൾ അടിച്ച് മാറ്റുമായിരുന്നില്ലേ?
പോലീസ്കാർക്കും ആ വിചാരമായിരുന്നു മനസ്സിൽ. ജനങ്ങൾ കാൺകേ ആഭരണങ്ങളുടെ കണക്കെടുപ്പ് വേണ്ടി വന്നില്ലേ? രഹസ്യമായിട്ടായിരുന്നെങ്കിൽ എന്തെല്ലാം സാധ്യതകളുണ്ടാകുമായിരുന്നു!
‘അപ്പോ കക്കാനല്ല.‘ എസ് ഐ പിറുപിറുത്തു.
ആരായിരിയ്ക്കും? എന്തിനായിരിയ്ക്കും?
വലിയ വാക്കത്തിയും പിടിച്ച്, അല്പമൊരു ഞൊണ്ടലോടെ അന്ത്രു അപ്പോഴാണ് അവിടെ പ്രത്യക്ഷപ്പെട്ടത്.
അനാഥനും ദരിദ്രനുമായ കൂലിപ്പണിക്കാരനാണ് അന്ത്രു. പത്തു വയസ്സുള്ളപ്പോൾ ഒരു പാണ്ടി ലോറിയിൽ കയറി ആ ഗ്രാമത്തിൽ വന്നു പറ്റി. ചില്ലറപ്പണികളൊക്കെ ചെയ്ത് അവിടെത്തന്നെ വളർന്ന് അവൻ ഒരു ഒത്ത ആണായി.
ഏതു നാറ്റം പിടിച്ച പണിയ്ക്കും ഒരു മടിയും അറപ്പും കൂടാതെ അന്ത്രു വരും.
എല്ലാവരും ഉൽക്കണ്ഠയോടെ നിൽക്കുമ്പോൾ അവൻ നേരെ ചെന്ന് എസ് ഐയുടെ മുൻപിലേയ്ക്ക് കൈകൾ നീട്ടിപ്പിടിച്ചു.
അന്ത്രുവോ?
രാമൻ മാഷ് ഒരു താക്കീതിന്റെ ഒച്ചയിൽ വിലക്കി, ‘ഡാ, അന്ത്രൂ നീയെന്ത് വിഡ്ഡിത്തരാ കാട്ട്ണേ? ഇങ്ങ്ട് നീങ്ങിക്ക്.’
വല്ലാത്ത ഒരു തരം ഇളിച്ചു കാട്ടലായിരുന്നു അതിനുള്ള ഉത്തരം.
‘നീയാണോ ഇയാളെ കൊന്നത്?‘ എസ്. ഐ ഇടിവെട്ടും പോലെ ചോദിച്ചു.
‘ആ, അതെ. ഞാന്തന്ന്യാ………‘ അന്ത്രുവിന്റെ മറുപടി വളരെ ശാന്തമായിരുന്നു.
കൂടി നിന്ന എല്ലാവരും വിറച്ചു പോയി.
അന്ത്രു ഒരാളെ കൊല്ലുകയോ? പോലീസുകാരെ കണ്ട് അവന് പ്രാന്തായിപ്പോയെന്നാണ് ഗ്രാമീണർക്ക് ആദ്യം തോന്നിയത്.
കുടവയറൻ പോലീസുകാരൻ അന്ത്രുവിന്റെ വാക്കത്തിയിലേയ്ക്ക് വിരൽച്ചൂണ്ടി അലറി, ‘ഇതോണ്ടാണാടാ നായിന്റെ മോനെ നീ ആളെ കാച്ചീത്?‘
അവൻ ഒരു ഭാവഭേദവുമില്ലാതെ തല കുലുക്കി.
പോലീസുകാർക്ക് അരിശം പുകയുകയായിരുന്നു. ഇങ്ങനെയുമുണ്ടോ മനുഷ്യർ? സ്വർണം എടുത്തില്ല എന്നത് സാരമില്ലാന്നു വെയ്ക്കാം, കത്തിയും പിടിച്ച് കൊലപാതകി തന്നെ മുൻപിൽ വന്ന് നിൽക്കുകയെന്ന് വെച്ചാൽ……..പിന്നെ പോലീസുകാരുടെ പവറ് എങ്ങനെയാണ് ഒന്ന് കാണിയ്ക്കുന്നത്?
ഇതോടെ കേസ് തീർന്നില്ലേ?
ആൾക്കാരെ വിരട്ടി അധികാരത്തിന്റെ ഗമ കാണിച്ച് ചില്ലറ തുട്ടൊക്കെ കൈയിൽ മേടിയ്ക്കാൻ പറ്റിയേനെ അപ്പോഴേയ്ക്കും ഈ നാശം പിടിച്ചവനെ കെട്ടിയെടുത്തല്ലോ.
കൂടുതൽ ചോദ്യങ്ങളൊന്നും അന്ത്രുവിനോട് ചോദിയ്ക്കാതെ ശവം പോസ്റ്റുമാർട്ടത്തിനയക്കാൻ ഏർപ്പാടാക്കിയിട്ട് അവനെ വിലങ്ങു വെച്ച് ജീപ്പിൽ കയറ്റി പോലീസുകാർ സ്ഥലം വിട്ടു.
അവനെ അന്വേഷിച്ച് സ്റ്റേഷനിൽ ആരും വരുന്നില്ലെന്ന് കണ്ടപ്പോഴാണ് ഈ കേസിൽ നിന്ന് യാതൊരു ലാഭവുമുണ്ടാവാൻ പോകുന്നില്ലെന്ന് പോലീസുകാർക്ക് മനസ്സിലായത്.
അവർ അവനെ ചോദ്യം ചെയ്യാൻ തുടങ്ങി.
ആദ്യം ചുടുചുടെന്ന് ഉശിരൻ രണ്ട് പെട കരണക്കുറ്റിയ്ക്ക് കൊടുത്തു. കുടവയറൻ പോലീസുകാരനായിരുന്നു ഏറ്റവുമധികം കലി. അയാൾ മൂന്നാമതും അടിയ്ക്കാനോങ്ങിയപ്പോൾ എസ് ഐ തടഞ്ഞു.
‘മതിയെടോ, കൊന്നൂന്ന് അവൻ പറഞ്ഞല്ലോ, ഇനീപ്പോ അടിച്ച് പറയിപ്പിയ്ക്കാൻ………ബാക്കി കാര്യങ്ങള് അറിഞ്ഞാ പോരേ?‘
അന്ത്രു നിശബ്ദനായി തല കുനിച്ച് നിൽക്കുകയാണ്. അടി കൊണ്ടപ്പോൾ ദേഹമാകെ വെന്തു പുകയുന്നതു പോലെ തോന്നി അവന്. ഇവരിനീം പിടിച്ച് തല്ലുമോ? പോലീസുകാർ ഒരു മന:സാക്ഷിയുമില്ലാത്ത ജന്തുക്കളാണെന്ന് അന്ത്രു കേട്ടിട്ടുണ്ട്.
ഇതു വരെ ഇങ്ങനെ ഒരു തലേലെഴുത്തുണ്ടായിട്ടില്ല.
എസ് ഐ അവന്റെ താടി ലാത്തികൊണ്ട് ഉയർത്തി, എന്നിട്ട് ചോദിച്ചു, ‘എന്തിനാടാ നീ അത് ചെയ്തത്? മര്യാദയ്ക്ക് സത്യം പറഞ്ഞോ, അല്ലാണ്ട് നീ ജീവനോടെ ഇവിട്ന്ന് പോവില്ല.’
‘കുട്ടപ്പ്ൻ നായര് തൊള്ളേത്തോന്നീത് പറഞ്ഞ്പ്പോ സകിച്ചില്ല്, ന്നെപ്പറ്ഞാ സാരല്യാ, ആ ച്ത്തോയ അമ്മേ പറ്ഞ്ഞ്, അപ്പൊ സകിച്ചില്ല്യ്, അതാങ്ങനെ പറ്റീത് ‘
അന്ത്രു പുലമ്പി.
‘ഏതാ ടാ ആ അമ്മ്?‘ കുടവയറൻ പൊലീസ് അറപ്പിയ്ക്കുന്ന ഒരു അശ്ലീലാംഗ്യത്തോടെയാണ് അമറിയത്.
‘വേണ്ടെടോ, ഞാൻ ചോദിക്കാം. താൻ ചെല്ല്.‘ എസ് ഐ സിഗരറ്റ് കത്തിച്ച് വലിയ ഒരു പുകയൂതി അന്ത്രുവിന്റെ മുഖത്തേയ്ക്ക് വിട്ടുകൊണ്ട് സ്വന്തം കീഴുദ്യോഗസ്ഥനെ വിലക്കി.
അയാൾ എന്തോ പിറുപിറുത്തുകൊണ്ട് സ്ഥലം വിട്ടു.
‘നിന്റെ അമ്മയ്ക്കാണോടാ നായര് പറഞ്ഞത്?‘ എസ് ഐ കനത്ത ശബ്ദത്തിൽ ചോദിച്ചു.
‘എന്റമ്മ്യായിരുന്നെങ്കി………..നിക്ക്തിനിള്ള യോഗല്ല്യാല്ലോ സാറെ‘………ഇപ്പോൾ അന്ത്രുവിന്റെ ഒച്ച ഇടറി.
‘ടാ, കഴ്വേറി, നിന്റെ നാടകം കാണാനല്ല്, മര്യാദയ്ക്ക് മണി മണി പോലെ ഒള്ള കാര്യങ്ങട് പറഞ്ഞോ. അതാ നല്ലത്. അല്ലെങ്കി എന്റെ തനിക്കൊണം നീയറിയും’ എസ് ഐയ്ക്ക് കോപം വന്നു.
‘ഇന്നലെ രാത്രീക്ക് ഞാമ്മ്ടെ ദേവൂന്റോടെ പോയീര്ന്ന്. ഒന്നിനും ആയിട്ട് പോയതല്ല. പത്ത് പൈസണ്ടായില്ല്യ കൈയില്. പിന്നവള് വല്ലൂം തരോ? കാശ് കൊട്ക്ക്മ്പോ തന്നെ അവളക്ക് ഞാനൊക്കെ വല്ലോണം പോല്യാ. കാശിന് സ്തായിണ്ടാവുല്യാല്ലോ, പണിയ്ല്ലേണ്ടാവാ?
തിണ്ണേല് വെറ്തേ ഇരിക്ക്മ്പ്ളാ കുട്ടപ്പ്ൻ നായര് വന്ന്ത്. ഞാനപ്പോ തന്നെ എറങ്ങിപ്പോന്നു. ന്ന്ട്ട് ആ കള്ള്ഷാപ്പ്ന്റെ വ്രാന്തേല് ഇരിക്ക്യേര്ന്ന് ………’
‘നിന്ക്ക് വീട്ടിപ്പോയി പണ്ടാറടങ്ങാര്ന്ന്ല്യേ?‘
‘സങ്കടാര്ന്ന് സാറെ, അതാ‘
‘ദേവൂന്റവ്ട്ന്ന് ഒന്നും തരാവാഞ്ഞോണ്ട് അല്ല്ടാ, നീ കൊള്ളാലോടാ…. നായിന്റെ മോനെ….. ‘എസ് ഐ ഒരു വൃത്തികെട്ട ചിരിയോടെ, ലാത്തി ഉയർത്തി അന്ത്രുവിന്റെ അടി വയറ്റിൽ ഒരു കുത്തു കൊടുത്തു.
അവൻ പിടഞ്ഞു പോയി
‘അല്ലാ ന്റെ സാറെ, മിനിഞ്ഞാന്നാ ആ മാത്തോത്തെ തറവാട്ട്ലെ അമ്മ മരിച്ച്. കാലുമ്മേ വെഷക്കല്ല് കാച്ചീട്ട് നട്ക്കാൻ പറ്റാണ്ട് ഞാൻ രണ്ടൂസം അവടയ്ക്ക് പോയില്ല്യ്. അപ്പോ ആരും ഒന്ന് തിരിഞ്ഞ് നോക്കീല്ല് ആ അമ്മേ, പൂട്ട്യേ മുറീലു കെടന്ന് ഒരിറ്റ് വെള്ളെറക്കാണ്ട് മരിച്ച് ആ പാവം. അതാരുന്ന് ന്റെ സങ്കടം………
ഇടർച്ചയോടെ അവൻ പറഞ്ഞു.
‘ഞാനാ ഓർമ്മേം വെളിവുല്ലാത്ത അതിനെ നോക്ക്യേർന്ന്തേയ്. ദൂസം അമ്പ്തുർപ്യ തരും, ആ അമ്മേടെ മരുമോള്. കുള്പ്പിക്കേം തുണി അലക്കേം കഞ്ഞി കൊട്ക്കേം വേണം. ഓർമ്മ്ല്യാത്ത ആ അമ്മ തീട്ടം വാരി എറിയ്യും. എപ്പളും തുപ്പലം ഒലിപ്പിയ്ക്കും, ഒക്ക്പ്പാടെ കണ്ടാ നല്ല പ്രാന്ത്ന്നെ’
‘പെയേള്ള പെണ്ണൊര്ത്തീനെ നോക്കാൻ നിന്നെപ്പോലെ ഒത്ത ആണാ പോണ്? വയസ്സായീച്ചാലും പെണ്ണ്ല്ലേ ജാതി? നാട്ട്ല് ഒരു പെണ്ണ്ണ്ടായില്ലേ? അതോ നെനക്ക് ആ മരുമോളേം ഒരു നോട്ടംണ്ടാരുന്നോടാ?‘
‘അയ്യോ ന്റെ പൊന്ന് സാറെ, ഇല്ല്യാത്ത്ത് പറേല്ലെ. ………. അയിന് ബോധല്യല്ലോ. ബോധല്ലെങ്കി ആണും പെണ്ണും തമ്മ്ല് ന്താ ഒരു വെറ്റ്യാസം സാറെ? സൊന്തം പെണ്ണ്ങ്ങളെ ഒരു പ്രാന്തി തള്ള്ടെ തീട്ടോം മൂത്രോം കോരാൻ ആണങ്ങള് വിടോ?അവനാന്റെ ആണങ്ങളെ പെണ്ണ്ങ്ങളും വിടൂല്യാ. ഞാനാരൂല്യാത്തോനല്ലേ ന്റെ സാറെ. നിക്ക് ഏത് പണീം ചീതൂടെ? ന്നെ ആരാ പോണ്ടാന്ന് പറയാൻ…………‘
അന്ത്രു ഇടത്തെ കൈപ്പടം ഉയർത്തി കണ്ണു തുടച്ചു.
‘നിന്റെ പ്രാന്തിത്തള്ള ചത്തതിന് നീയെന്തിനാടാ ആ നായരെ കുത്തീത്?‘ എസ് ഐ അന്ത്രുവിനെ ഉഗ്രമായി നോക്കിക്കൊണ്ട്, മുരണ്ടു. എന്നിട്ട് പല്ലിട തോണ്ടി കാർക്കിച്ചു തുപ്പി.
‘ന്നെ, ന്റെ മോനേന്ന് ഈ ലോകത്ത്ലാകെ വിളിച്ചേക്കണത് ആ അമ്മ്യാ സാറെ, ബോധല്ല്യേരിയ്ക്കും, സൂക്കേടേരിയ്ക്കും, ന്നാലും ഒരു ദൂസം ഞാൻ കുളിപ്പിച്ച് തോർത്തി മുണ്ട് ചിറ്റിയ്ക്കുമ്പോ ന്റെ കയിമ്മ്ല് പിടിച്ച്ട്ട് വിളിയ്ക്കാ ന്റെ മോനേന്ന്…………..
പിന്നേ ഒരൂസം കഞ്ഞി കൊടുക്കുമ്പോ ന്റെ പൊന്നു മോൻ കഞ്ഞ്യുടിച്ചോന്ന് ചോയിച്ച് സാറെ‘
അന്ത്രു വിങ്ങിക്കൊണ്ട് തുടർന്നു.
‘ന്റെ അന്ത്രൂന്നോ… ന്റെ മോനേന്നോ….. ഈ ലോകത്ത്ല് വേറാരും ഒരിക്കേലും ന്നെ വിളിച്ച്ട്ടല്ല്യാ…..
‘ടാ, നിന്റെ കഥാപ്രസംഗം നിറ്ത്തീട്ട് കാര്യം പറഞ്ഞില്ലെങ്കി, നീയെന്റെ കൈയീന്ന് മേടിയ്ക്കും‘ എസ് ഐയ്ക്ക് കലി വന്നു കഴിഞ്ഞിരുന്നു.
അവൻ കുടിനീരിറക്കി, കിതച്ചു.
‘ദേവൂന്റവ്ട്ന്ന് പോന്നേന് ഞായ്ന്ത്നാ മോറും കേറ്റിപ്പിട്ച്ച് നട്ടപ്പാതരയ്ക്ക് ഇവ്ടെ കുത്തിരിയ്ക്ക്ണേന്ന് നായര് ചോയ്ച്ച്. ഇക്കണ്ട നാള് ആ പ്രാന്തി തള്ളടെ ചന്തീമ്മേം മൊലേമ്മേം ഒക്കെ തൊട്ട് സുഖട്ത്ത്ട്ട് മ്ത്യായില്ലേ നിന്ക്ക് ന്നാ പണ്ടാറക്കാലൻ ഇളിച്ചോണ്ട് ചോയച്ച്പ്പോ ന്റെ നെല തെറ്റിപ്പോയീ സാറെ…….. എളീലു വാക്കത്തീണ്ടാർന്നു. ഞായെന്താ കാട്ട്യേന്ന് ഒരു ബോധല്യാണ്ടായി. ഒരു പിശാശന്ന്യാ ന്റെ മുമ്പീ ഇളിച്ച് നിക്കണേന്ന്ങ്ങ്ട് തോന്നി……….
ഓടായിരുന്ന്, അയാള് ദേവൂന്റോട്ന്ന് എറ്ങ്ങി വരണ കണ്ട്പ്പോ തന്നെ ന്റെ കുടീൽക്കങ്ങട് ഓട്യാ മത്യാരുന്ന്………..‘
ഗോവിന്ദൻ കുട്ടി എസ് ഐ അര നിമിഷം പതറിപ്പോയി.
ആ അര നിമിഷത്തിൽ അയാളും ഒരമ്മയുടെ മകൻ മാത്രമായിത്തീർന്നു.