പച്ചവെള്ളം പോലെ കണക്ക് അറിയാവുന്ന ക്കിടുമനും ക്കിടുമിയും ഇത് വായിയ്ക്കണ്ട……………………
അവരുടെ ആൽജിബ്രാ ഗവേഷണത്തിലും ജ്യോമട്രി സഹതാപത്തിലും മുക്കിയ നോട്ടങ്ങൾ കൈ മാറേണ്ട…………….
മാത് മാറ്റിക്സ് എന്ന കണക്ക് ഒട്ടും തിരിയാത്തവർക്കു മാത്രമേ ഈ ദണ്ണവും ഈ നൊമ്പരവും ഈ പിടച്ചിലും ഈ ചങ്കിടിപ്പുമൊക്കെ മനസ്സിലാകു. അതായത് എന്നെ പോലെയുള്ള നിഷ്ക്കണക്കികൾക്കും നിഷ്ക്കണക്കന്മാർക്കും മാത്രം.
മസിൽമാനാകാനാശയുള്ള ഒരു പെരുച്ചാഴി ആർത്തിയോടെ, പവർമാൾട്ടിലോ ജീവൻ ടോണിലോ ഒക്കെ കുതിർത്ത് കപ്പ തിന്നുന്നത് പോലെ, ഒൻപത് വയസ്സു മുതൽ കണക്ക് എന്റെ മനസ്സമാധാനം തിന്നു തീർത്തു.
നാലാം ക്ലാസ്സിലെ വാർഷിക പരീക്ഷയ്ക്കാണ് ഏറ്റവും ഒടുവിൽ കണക്കിൽ നൂറ് മാർക്ക് കിട്ടിയത്. അതിനു ശേഷം എല്ലാ പരീക്ഷയ്ക്കും ബ്രേക്കില്ലാത്ത വണ്ടി ഇറക്കം ഇറങ്ങുന്ന മാതിരി ഒറ്റ വരവായിരുന്നു എന്റെ മാർക്ക്. അങ്ങനെ നാല്പത് എന്ന മാജിക് നമ്പറിൽ എത്താനാകട്ടെ വെറും ആറു മാസവും രണ്ടു പരീക്ഷയുമേ വേണ്ടി വന്നുള്ളൂ.
മറ്റ് എല്ലാ വിഷയങ്ങളിലും എൺപത്തഞ്ചും തൊണ്ണൂറും മാർക്ക് വാങ്ങിയിരുന്ന, ബഹു മിടുക്കിയായ എന്നെ കണക്കിലും കൂടിയൊന്ന് ജയിപ്പിയ്ക്കണമല്ലോ എന്നു കരുതി ദൈവം കണ്ടു പിടിച്ച ഒരു മാജിക് നമ്പറായിരിക്കണം നാല്പത്.
ഈ സനാതന സത്യത്തിന്റെ പരം പൊരുളായി എന്റെ ഉത്തരക്കടലാസ്സ് തലയും കുമ്പിട്ട് ചുവന്ന കുറിയും തൊട്ട് ഒരു ചരടും കെട്ടി ഇരിയ്ക്കുന്നുണ്ടാവും.
ഒരു മുപ്പത്തെട്ടര – മുപ്പത്തൊമ്പത് ആണ് ആദ്യ റൌണ്ട് വാലുവേഷനിൽ, എനിക്കു കിട്ടുന്നത്. ചില വഴിക്കണക്കുകളിൽ അരയും കാലും മാർക്കുകൾ ടീച്ചറുടെ വക ഇഷ്ടദാനമായിട്ട് എഴുതി കിട്ടുമ്പോൾ ഞാൻ മാജിക് ഫോർട്ടി എന്ന സ്വത്തിന്റെ ഉടമയാകും.
ഈ എണ്ണം പറഞ്ഞ ടെക്നിക് ആവട്ടെ എന്റെ ഉത്തരക്കടലാസ്സ് കാണുന്ന ആർക്കും വെറും ഗ്രാസ്സു പോലെ കണ്ടു പിടിക്കാൻ കഴിയുമായിരുന്നു.
ഞാൻ കണക്ക് പഠിയ്ക്കാത്ത മടിച്ചിപ്പാറുവും കോതയുമൊന്നുമായിരുന്നില്ല. കണക്കിൽ എങ്ങനെയും എൺപത് മാർക്ക് സമ്പാദിയ്ക്കുക എന്നതായിരുന്നു അപ്പോൾ ജീവിതത്തിലെ ഒരേയൊരു മോഹം.
പെരുക്കപ്പട്ടിക പഠിയ്ക്കാനായി എന്നും കാലത്ത് പള്ളി മണി പോലെ മുഴങ്ങുന്ന, അലാറം വെച്ച് എണീക്കും. വെറും വയറ്റിൽ ബ്രഹ്മി നീര് കുടിക്കും. കണക്ക് പുസ്തകത്തിലെ എല്ലാ കണക്കുകളും ഇമ്പോസിഷൻ പോലെ ചെയ്തു തീർക്കും.
എന്നാലും കണക്ക് പരീക്ഷയുടെ ചോദ്യക്കടലാസ്സ് കിട്ടുമ്പോഴേയ്ക്കും ഞാൻ ആകെ വിയർത്ത് കുളിച്ചിട്ടുണ്ടാവും. എന്റെ ഹ് റുദയം ‘തോൽക്കും നീ തോൽക്കും‘ എന്ന് പിറുപിറുത്തുകൊണ്ട് അത്യുച്ചത്തിൽ മിടിയ്ക്കുന്നുണ്ടാവും. ഐസ് പെട്ടിയിൽ വെച്ച മീനിനെ പോലെ എന്റെ കൈത്തലങ്ങൾ വെറുങ്ങലിച്ചിട്ടുണ്ടാവും.
ഞാനെത്ര ശ്രമിച്ചിട്ടും ഒരു സിംഗിൾ മാർക്ക് പോലും കൂടുതൽ കിട്ടിയില്ല.
എന്റെ വീട്ടിലാണെങ്കിൽ കണക്കറിയാവുന്നവരുടെ ത്റുശ്ശൂർ പൂരമായിരുന്നു. അതിൽ ഏറ്റവും തലയെടുപ്പുള്ള മംഗലാം കുന്ന് കർണൻ എന്നേക്കാൾ രണ്ട് വയസ്സിനിളപ്പമുള്ള അനിയത്തിയും.
കണക്ക് പരീക്ഷയാണോ, അവൾക്ക് നൂറുമാർക്കാണ്.
‘നീ അവളെ കണ്ട് പഠിയ്ക്ക്‘ വീട്ടിലെ ചിതലരിച്ച ഉത്തരവും പൊളിഞ്ഞ തൂണും കൂടി എന്നെ ഉപദേശിച്ച് തുടങ്ങും.
മലയാളത്തിലും ഇംഗ്ലീഷിലുമൊന്നും എന്നെപ്പോലെ, തൊണ്ണൂറ് മാർക്ക് അവൾക്ക് കിട്ടുകയില്ല. എന്നിട്ടും അവളോട് എന്നെ കണ്ട് പഠിയ്ക്കാൻ ഒരാളും, ചുമ്മാ തമാശയ്ക്ക് പോലും പറയാറില്ല.
എന്റെ മാർക്ക് – ‘ഹേയ്, അതൊക്കെ ഒരു മാർക്കാണോ? കണക്കിനല്ലേ മാർക്ക് വേണ്ടത്?‘
‘കണക്കറിയാത്ത നീ എങ്ങനെ ജീവിയ്ക്കും? കടയിൽ നിന്ന് ഒരു സാധനം വാങ്ങാനും കൂടി നിനക്ക് പറ്റ്ല്യ. നിന്നെ കടക്കാരൊക്കെ പറ്റിയ്ക്കും.‘
‘പണവുമായിട്ടുള്ള ഒരിടപാടും നിനക്ക് സാധിയ്ക്കില്ല. എല്ലാവരും നിന്റെ കാശൊക്കെ അടിച്ചോണ്ട് പോകും. കണക്കറിയാത്തവരുടെ കാര്യം വലിയ കഷ്ടാ.‘
കണക്കറിയാത്തവരെ ഈ ഭൂമിയിലേയ്ക്ക് ദൈവം എന്തിനാണ് ഇങ്ങനെ തള്ളി ഇടുന്നതാവോ?
ഞാൻ ദൈവവുമായി ബൌദ്ധികമായ ഒരു തർക്കത്തിൽ ഏർപ്പെട്ടു. ദൈവം നേരിട്ട് പരിഹരിയ്ക്കേണ്ട ആ അന്യായം ചൂണ്ടിക്കാണിച്ചു കൊടുത്തു. മറ്റ് വിഷയങ്ങളൊന്നുമല്ല, കണക്ക് മാത്രമാണു സൂപ്പർ സ്റ്റാറെന്നുണ്ടെങ്കിൽ കണക്കിനെ എല്ലാവർക്കും എളുപ്പത്തിൽ കൈയെത്തിപ്പിടിയ്ക്കാൻ കഴിയുന്ന ഒരു ജനകീയ നടനാക്കണം.
അത് പറ്റില്ല എന്നാണെങ്കിൽ കണക്കിനെ ഒരു എക്സ്ട്രാ നടനാക്കി തരം താഴ്ത്തണം.
വീട്ടിലെ ചുവരിൽ ഫോട്ടൊ ആയും അമ്പലത്തിലെ ശ്രീ കോവിലിൽ വിഗ്രഹമായും ഇരുന്ന് ദീപ പ്രഭയുടെ ഗമയിൽ ദൈവം ചിലപ്പോൾ തലയാട്ടി. ചിലപ്പോൾ കണ്ണിറുക്കി കാണിച്ചു.
എന്നാൽ എന്റെ മാർക്കിലോ കണക്കിന്റെ സ്റ്റാർ പദവിയിലോ യാതൊരു മാറ്റവും വരുത്തിയില്ല.
കോട്ടിടാതെയും സന്നതെടുക്കാതെയും സ്വന്തം കാര്യത്തിനു വേണ്ടി ചെയ്ത വക്കീൽപ്പണി ദൈവത്തിന് പിടിച്ചില്ലായിരിയ്ക്കുമോ?
വാദവും തർക്കവും നിറുത്തി ഞാൻ നിറഞ്ഞൊഴുകുന്ന കണ്ണുകളോടെയും നിശ്ശബ്ദ വേദനയോടെയും ങ്ഹ് ങ്ഹ് , ഖുംശ് ഖുംശ് എന്ന ഏങ്ങലുകളോടെയും ഇക്കാലത്തെ സീരിയൽ നടിയെപ്പോലെ, നിരന്തരമായി അപേക്ഷിക്കുവാൻ തുടങ്ങി.
എന്റെ അനിയത്തിയ്ക്ക് സാധിക്കുന്ന മാതിരി ചേച്ചിയായ ഞാൻ പഠിയ്ക്കേണ്ട കണക്ക് കൂടി ചുമ്മാ പുല്ലു പോലെ ചെയ്യാൻ പറ്റണേ എന്ന അത്യാഗ്രഹമൊന്നും എന്റെ അപേക്ഷയിലുണ്ടായിരുന്നില്ല. ദൈവം വിചാരിച്ചാൽ അതൊക്കെ നിസ്സാരമായി നടക്കുമെന്ന് എനിക്കറിയാമായിരുന്നെങ്കിലും.
ദൈവത്തെ സഹായിയ്ക്കാൻ പ്ലാനിംഗിന്റേയും മാനേജുമെന്റിന്റേയും ചില ആശയങ്ങളും ഞാൻ നിർദ്ദേശിച്ചു.
ഉദാഹരണത്തിന്, കണക്ക് പരീക്ഷയുടെ ചോദ്യപേപ്പർ കാലേകൂട്ടി, അതായത് പേപ്പർ അച്ചടിച്ചാൽ ഉടനെ, എല്ലാ രാത്രിയിലും മുടങ്ങാതെ സ്വപ്നത്തിൽ കാണിച്ചു തരിക, അത് പറ്റിയില്ലെങ്കിൽ ഞാൻ തെറ്റായി ഉത്തരമെഴുതിയാലും അത് ശരിയുത്തരമാക്കി ഉത്തരക്കടലാസ്സ് നോക്കുന്ന ടീച്ചറുടെ മുൻപിൽ അവതരിപ്പിയ്ക്കുക.
ദൈവം വിചാരിച്ചാൽ ഇതിനൊക്കെ വല്ല ബുദ്ധിമുട്ടുമുണ്ടോ?
ഉണ്ടായിരുന്നു എന്നു തന്നെ വേണം മനസ്സിലാക്കാൻ. ഈ അപേക്ഷയിലൊന്നും ദൈവം വീണില്ല.
രാഷ്ട്രീയ സ്വാധീനമുപയോഗിച്ച് കണക്ക് പ്രശ്നത്തിന് ഒരു പരിഹാരമുണ്ടാക്കാനാകുമോ എന്നും ഞാൻ ആലോചിക്കാതിരുന്നില്ല.
ആഹാരം സർവ പ്രധാനമായതു കൊണ്ട് അരിയ്ക്കു വേണ്ടി എല്ലാ രാഷ്ട്രീയ കക്ഷികളും കേന്ദ്ര ഗവണ്മെന്റിനോട് സമരം ചെയ്യുന്നതു പോലെ, സർവ പ്രധാനമായ കണക്കിൽ എല്ലാ കുട്ടികൾക്കും നൂറു മാർക്കു കിട്ടുവാൻ ഒരു സമരം സംഘടിപ്പിക്കുന്നത് നന്നായിരിയ്ക്കില്ലേ?
ഒരു കണക്ക് സമരത്തെയോ ഒരു നൂറു മാർക്ക് ജാഥയേയോ നേരിടുവാൻ ടീച്ചർമാർക്ക് സാധിക്കുമോ?
എന്നാൽ എന്റെ കൂടെ സമരത്തിനിറങ്ങാനുള്ള ചങ്കുറപ്പ്, അതല്ലെങ്കിൽ ആ ഒരു രാഷ്ട്രീയ അവബോധം ആർക്കും ഉണ്ടായിരുന്നില്ല.
ഇതിനിടയിൽ ആൽബർട്ട് ഐൻസ്റ്റീന് കണക്കറിയുമായിരുന്നില്ല എന്നൊരു മനോഹരമായ കഥ ഞാൻ വായിച്ചു. കുറച്ചു നാൾ ഞാനുമങ്ങനെ കണക്കറിയാതെ തന്നെ വലിയൊരു ശാസ്ത്രജ്ഞയായി മാറുമെന്ന് സ്വപ്നം കണ്ടു നോക്കിയെങ്കിലും, കണക്ക് കണ്ണുരുട്ടിയും നാക്ക് നീട്ടിയും കൂർത്ത നഖങ്ങൾ കാട്ടിയും പേടിപ്പിച്ചുകൊണ്ട് എന്നെ സദാ ആ ജിലേബി സ്വപ്നത്തിൽ നിന്നുണർത്തിക്കൊണ്ടിരുന്നു.
ഫിസിക്സ്, കെമിസ്ട്രി തുടങ്ങിയ വിഷയങ്ങളിലും കണക്കുകൾ ചെയ്യേണ്ടി വന്ന കണ്ടകശ്ശനിക്കാലത്ത് മാത് സ് ദ നൈറ്റ് മെയ്ർ എന്ന ഹൊറർ മൂവി കണ്ട് ഞാൻ ഉറക്കെ നിലവിളിച്ചിരുന്നു.
ഒടുവിൽ നാല്പത് മാർക്കും പൊതിഞ്ഞു വാങ്ങി ഞാൻ ദുരിത പൂർണമായ സ്ക്കൂൾ പഠിത്തം അവസാനിപ്പിച്ചു.
ആകാശം ഇടിഞ്ഞു വീണാലും ഭൂമിയിൽ അപ്പടി സുനാമി വന്നാലും ഇനി കണക്ക് പഠിയ്ക്കുകയില്ല എന്ന പത്രോസിയൻ പാറത്തീരുമാനത്തോടെ ഞാൻ സാഹിത്യം പഠിയ്ക്കുവാൻ പോയി.
അവിടേയും ട്രിഗണോമട്രിയും അസ്ട്രോണമിയും പോലെ വ്യാകുലപ്പെടുത്തുന്ന വ്യാകരണവും ഇന്റെഗ്രലും ലോഗരിതവും പോലെ ലജ്ജിപ്പിയ്ക്കുന്ന ലിംഗ്വിസ്റ്റിക്സുമൊക്കെ എന്നെ നിരന്തരം വേട്ടയാടി.
കണക്കിലെ പലതരം കളികളായി കാലം നീങ്ങിക്കൊണ്ടിരുന്നു.
ഒരു തൊഴിലുറപ്പുമില്ലാത്ത ജീവിതം, ചെയ്യാൻ പറ്റാത്ത കണക്കു പോലെ എന്നെ തുറിച്ചു നോക്കി.
അങ്ങനെ ജോലി അന്വേഷിയ്ക്കാൻ തുടങ്ങിയപ്പോഴാണ് കണക്കിന്റെ രാജകീയവും ദൂര വ്യാപകവുമായ പ്രൌഢിയും അന്തസ്സും വിലയും നിലയും എല്ലാം നെറ്റിപ്പട്ടം കെട്ടി, ആലവട്ടവും വെഞ്ചാമരവുമായി ജോലിപ്പൂരത്തിനു (ജോബ് ഫെസ്റ്റ്) വന്നത്.
‘മാത് സായിരുന്നെങ്കിൽ…………‘
‘സ്റ്റാറ്റിറ്റിക്സായിരുന്നെങ്കിൽ…………‘
‘കോമേഴ്സായിരുന്നെങ്കിൽ……….‘
‘ഫിസിക്സായിരുന്നെങ്കിൽ…………‘
‘കെമിസ്ട്രിയായിരുന്നെങ്കിൽ…………..‘
‘ഈ കാൽക്കാശിനു കൊള്ളാത്ത ഭാഷ പഠിയ്ക്കാൻ പോയ നേരത്ത് പ്രയോജനമുള്ള മറ്റെന്തെങ്കിലും പഠിയ്ക്കാമായിരുന്നില്ലേ?‘
ദൈവം മന്ദഹസിച്ചിരിയ്ക്കും. എന്റെ പ്രാർത്ഥനകളൊന്നും ദൈവം മറന്നിരിയ്ക്കാൻ വഴിയില്ല.
അവസാനം കണക്കെഴുതുവാൻ പഠിയ്ക്കുക തന്നെ എന്ന് ഞാൻ നിശ്ചയിച്ചു.
കൊമ്പും തുമ്പിക്കൈയുമൊക്കെയുള്ള മംഗലാം കുന്ന് കർണന്റെ നീറാങ്ങളമാരാകാൻ പറ്റിയ, അതി പ്രഗൽഭരായ, രണ്ട് ചാർട്ടേട് എക്കൌണ്ടന്റ്ന്മാരുടെ വിനീത ശിഷ്യയായി ഞാൻ കണക്ക് എഴുതാൻ പഠിച്ചു തുടങ്ങി.
പിന്നീട് ഞാൻ ടാലി പഠിച്ചു.
ക്രെഡിറ്റ് എന്നും ഡെബിറ്റ് എന്നും കേട്ടാൽ ചക്കയൊ മാങ്ങയൊ ആയി വിചാരിച്ചോളൂ എന്നാരെങ്കിലും പറഞ്ഞാൽ ആത്മാർത്ഥമായും സത്യസന്ധമായും അങ്ങനെ മാത്രം വിചാരിയ്ക്കുന്ന ഞാനാണ് ടാലി പഠിച്ചത്.
തന്നെയുമല്ല, വളരെ ഏറെ വർഷങ്ങൾ കണക്കുകൾ എഴുതിയും പണം വിതരണം ചെയ്തും ഓഫീസാവശ്യങ്ങൾക്കുള്ള സ്റ്റേറ്റ്മെന്റുകൾ തയാറാക്കിയും ഞാൻ, ഒരു തണ്ടമ്മച്ചി വരട്ട് ചൊറി കണക്കപ്പിള്ളയായി ജീവിച്ചു.
സമ്പത്തില്ലാത്തവന് കണക്കൊന്നും എഴുതാനില്ല എന്ന പ്രപഞ്ച സത്യം കാരണം സാമ്പത്തിക മാന്ദ്യം വന്നപ്പോൾ, എന്റെ ഓഫീസിൽ എഴുതാനും മാത്രം കണക്ക് ഇല്ലാതായി.
അങ്ങനെ ഓഫീസിന്റെ ശമ്പളക്കണക്കിൽ നിന്ന് അപ്രത്യക്ഷയായ ഞാൻ ഇപ്പോൾ ബ്ലോഗ് എഴുതി സമയം ചെലവാക്കുന്നു.
പണ്ട് ഞങ്ങളെ കണക്ക് പഠിപ്പിച്ച ടീച്ചറെ തികച്ചും അപ്രതീക്ഷിതമായി കാണാനിടയായി. വിശേഷങ്ങൾ അന്വേഷിയ്ക്കുന്ന കൂട്ടത്തിൽ എനിക്കെന്താണ് ജോലിയെന്ന് ടീച്ചർ ചോദിച്ചു.
ബ്ലോഗ് എഴുതുന്നതിനു ശമ്പളമൊന്നുമില്ലാത്തതു കൊണ്ട് ഞാൻ വെറുതെ പുഞ്ചിരിച്ചതേയുള്ളൂ.
മംഗലാം കുന്ന് കർണനായ അനിയത്തിയെ അന്വേഷിയ്ക്കാൻ ടീച്ചർ മറന്നില്ല.
അവൾ അമേരിക്കൻ കമ്പനിയിൽ ഉദ്യോഗ പവറിലാണെന്നും നല്ല ഗമണ്ടനായ ഒരു ശക്തിമാൻ ട്രക്കിലാണ് നോട്ട് കെട്ടുകൾ കൊണ്ടുവരാറെന്നും അറിയിക്കേ, ടീച്ചർ ചിരിച്ചുകൊണ്ട് പറഞ്ഞു.
‘മിടുക്കിയായിരുന്നു പണ്ടും. കണക്കിൽ നൂറിൽ കുറഞ്ഞ് മാർക്ക് വാങ്ങിയിട്ടില്ല. കണക്കറിയണോര്ക്ക് എവടേം നല്ല നെലേണ്ടാവും.‘
എനിക്കെന്നും നാല്പത് മാർക്ക് തന്നിരുന്ന, എന്നെ ഫുൾ പാസ്സാക്കിയിരുന്ന ടീച്ചറാണ് പറയുന്നത്.
ഇപ്പോഴും എപ്പോഴും എവിടേയും എന്നേയ്ക്കും കണക്ക് താൻ ടാ, സൂപ്പർ സ്റ്റാർ.