പ്രോഗ്രസ്സ് കാർഡ് എല്ലാ കുട്ടികളും ടീച്ചർക്ക് തിരികെ കൊടുക്കുമ്പോൾ തലയും കുമ്പിട്ടങ്ങനെ ഇരുന്നു.
ഭാഗ്യം. അധിക നേരം ഇരിയ്ക്കേണ്ടി വന്നില്ല.
ബെല്ലടിച്ചപ്പോൾ എല്ലാവരും ക്ലാസ്സിൽ നിന്ന് പുറത്തേയ്ക്ക് ഓടി. സ്വന്തം റൂട്ട് നമ്പർ നോക്കി സ്ക്കൂൾ ബസ്സിൽ തള്ളിക്കേറി ബഹളം വെച്ചുകൊണ്ടിരുന്നു.
സീറ്റിൽ ചാരിയിരുന്നപ്പോൾ ഉറക്കം വരുന്ന മാതിരി.
‘നീ ഇന്നും പ്രോഗ്രസ്സ് കാർഡ് കൊണ്ട്ന്നില്ലേ?‘ അടുത്തിരിയ്ക്കുന്ന കിഷോറാണ്. കണ്ണും പൂട്ടിയിരുന്നു. ഉറങ്ങീന്ന് വിചാരിച്ചോട്ടെ.
രണ്ട് ദിവസം മുമ്പാണ് കാർഡ് അവരവരുടെ അച്ഛനെക്കൊണ്ട് ഒപ്പിടീയ്ക്കാൻ പറഞ്ഞ് ടീച്ചർ തന്നത്. അപ്പോഴാണ് അറിയാതെ നിക്കറിൽ മൂത്രമൊഴിച്ചതും.
ക്ലാസ്സിൽ ആകെ ബഹളമായി. എല്ലാവരും ഹ ഹ എന്ന് ചിരിച്ചു. പറ്റിയാൽ ഭൂമിയുടെ അടിയിലേയ്ക്ക് താണു പോണമെന്നുണ്ടായിരുന്നു. ടി വി യില് സീത പോയതു പോലെ. നാണക്കേടായിട്ട് അട്ടേടെ മാതിരി ചുരുണ്ടു.
ഡോളി ടീച്ചർ അടിച്ചില്ലെന്നു മാത്രമല്ല, പ്രോഗ്രസ്സ് കാർഡ് വീട്ടിൽ കൊണ്ടുപോകേണ്ടെന്ന് സമാധാനിപ്പിയ്ക്കുകയും ചെയ്തു. അമ്മയെ സ്കൂളിലേക്ക് വിളിപ്പിച്ച് സംസാരിച്ചോളാമെന്നും പറഞ്ഞ് പുറത്തു തടവി.
ആ കാർഡു നിറയെ ചോന്ന വരകളാണ്. അതും കൊണ്ട് വീട്ടിൽ ചെന്നാൽ ശേലായി. അടീടെ പൂരായിരിയ്ക്കും.
പരീക്ഷയ്ക്ക് എല്ലായ്പോഴും ഫുൾ മാർക്ക് വാങ്ങണമെന്നാണ് വീട്ടിലെ ചട്ടം.
അമ്മ കൈയിൽ കിട്ടുന്നതെന്തും വച്ച് അടിയ്ക്കും, ബെൽറ്റോ ഹാംഗറോ തവിയോ, എന്തായാലും പ്രാണൻ പോകും.
അച്ഛനെക്കൊണ്ട് അത്ര അലട്ടില്ല. രാവിലെ സ്ക്കൂളിലേയ്ക്കിറങ്ങുമ്പോൾ അച്ഛനുണർന്നിട്ടുണ്ടാവില്ല. രാത്രി ഉറങ്ങുമ്പോൾ വന്നിട്ടുമുണ്ടാവില്ല.
ഇക്കൊല്ലമാണ് ഇംഗ്ലീഷ് മീഡിയത്തിലാക്കിയത്. ക്ലാസ്സിൽ പറയുന്നതൊന്നും ശരിയ്ക്ക് മനസ്സിലാകുന്നില്ല. എല്ലാ വിഷയത്തിനും ട്യൂഷനുണ്ട്. എന്നിട്ടും വലിയ വിശേഷമൊന്നുമില്ല.
പരീക്ഷയ്ക്ക് വന്ന ഒരു മാതിരി ചോദ്യങ്ങളൊന്നും പിടി കിട്ടിയില്ല. പിന്നെന്ത് എഴുതാനാണ്? ആൻസർ പേപ്പർ കിട്ടിയില്ല എന്ന് പറഞ്ഞാണ് തൽക്കാലം അമ്മയേയും ട്യൂഷൻ സാറിനേയും പറ്റിച്ചിരിയ്ക്കുന്നത്.
കളവു പറഞ്ഞത്കൊണ്ട് വീട്ടിലിരിയ്ക്കുമ്പോഴെല്ലാം പനി പിടിച്ച മാതിരിയാണ്. ഇടയ്ക്കിടയ്ക്ക് മുഖം കഴുകുകയും വെള്ളം കുടിയ്ക്കുകയും ഒക്കെ ചെയ്ത് നോക്കാറുണ്ട്. എങ്കിലും വായിലെപ്പോഴും പാവയ്ക്ക തിന്ന പോലെയാ, ഒരു ചീത്ത സ്വാദ്.
നാമം ചൊല്ലുമ്പോൾ രഹസ്യമായി എന്നും ഉണ്ണിക്കൃഷ്ണനോട് പ്രാർത്ഥിയ്ക്കും, കള്ളം പറഞ്ഞതിന് ശിക്ഷിയ്ക്കല്ലേ…….. വേറെ ഒരു വഴിയും ഇല്ലാഞ്ഞിട്ടല്ലേ?
ദ്വാരക മുക്കിക്കളഞ്ഞ മാതിരി അമേരിയ്ക്കേം മുക്കിക്കളയാൻ പ്രാർത്ഥിച്ചതിനു ശേഷമാണ് സാധാരണ പുതിയ കാര്യങ്ങൾ പറയാറ്. ഇപ്പോൾ പക്ഷെ കളവിന്റെ കാര്യം മാത്രമേ പറയാറുള്ളൂ. അമേരിയ്ക്കയുടെ കാര്യം ഈ പ്രശ്നം തീർന്നിട്ട് മതി.
അമ്മാവനും അമ്മായിയും അമേരിയ്ക്കയ്ക്ക് പോയതോടെയാണ് കാര്യങ്ങൾ ഇത്ര വഷളായത്.
ആ ചിന്നുവുണ്ടല്ലോ, അമ്മാവന്റെ മോള്; അവള് ചിരിയ്ക്കണതും കൂടി ഇംഗ്ലീഷിലാണത്രെ.
ചിന്നുവിനെപ്പോലെ ഇംഗ്ലീഷ് പറയണം, ഇംഗ്ലീഷിൽ ചിരിയ്ക്കണം, ഇംഗ്ലീഷിൽ കരയണം. ഇനി അപ്പിയിടുന്നതും മൂത്രമൊഴിയ്ക്കുന്നതും കൂടി ഇംഗ്ലീഷിലാക്കേണ്ടി വരും.
അമ്മയ്ക്ക് ശരിയ്ക്കും അമ്മായിയെ കണ്ണെടുത്താൽ കണ്ടുകൂടാ. ‘ആ ഉർവശീടെ പെരട്ടിൽ മയങ്ങീലേ കോന്തൻ‘ എന്നാണ് അമ്മായിയേം അമ്മാവനേം പറ്റി അമ്മ പല്ലു കടിയ്ക്കുന്നത്. എന്നാലും നേരിട്ട് കാണുമ്പോൾ വലിയ ചിരിയും വർത്തമാനവുമൊക്കെയാണ്.
അവർ വരുന്നു എന്നു കേട്ടാൽ മതി വീട്ടിലാകെ ഇരമ്പമാണ്. പിന്നെ അതു വീടാണെന്ന് തോന്നുകയില്ല.
എല്ലാവരും ചെവീലു പ്രാണി കയറിയ പോലെ പിരു പിരുന്നനെ ഓടിക്കൊണ്ടിരിയ്ക്കും. ചട്ടം പഠിപ്പിയ്ക്കലാണെങ്കിൽ റാണിയ്ക്കും കൂടിയുണ്ടാകും. ‘വെറുതെ കൊരച്ച് ബഹളണ്ടാക്കരുത്, അന്തസ്സില്ലാത്ത പോലെ‘.
അമേരിയ്ക്കയിൽ പട്ടികൾക്കൊക്കെ നല്ല സ്വഭാവാണ്. കുരച്ച് ബഹളണ്ടാക്കി കടിയ്ക്കാനൊന്നും വരില്ല.
കുഞ്ഞു വാവകളും കൂടി ങ്ഹ് ങ്ഹ് എന്നു ചിണുങ്ങിക്കരയില്ല. ഇവിടുത്തെ പിള്ളേരങ്ങനെയാണോ? എന്തൊരു ഒച്ചയും വിളിയും വാശിയുമാണ് നാശങ്ങൾക്ക്!
മനുഷ്യർക്കൊക്കെ നല്ല മര്യാദ. കള്ളു കുടിച്ച് പാട്ട് പാടി വഴീല് വീഴലൊന്നൂല്ല.
അമ്മായിയും അമ്മാവനും കൂടി മത്സരിച്ചാണ് അമേരിയ്ക്കയെ പുകഴ്ത്താറ്. അവിടത്തെ റോഡുകൾ, പാലങ്ങൾ, ഷോപ്പുകൾ, സ്ക്കൂളുകൾ, ആശുപത്രികൾ, മരങ്ങൾ, കാറ്റ്, വെളിച്ചം, ശബ്ദം………………………. ഹൌ! എല്ലാം ബഹു കേമാണത്രെ.
ഇവിടെയാണെങ്കിലോ, കൊതുകും പാറ്റയും മൂട്ടയും എലിയും പല്ലിയും ഒക്കെള്ള വീട്.
പറമ്പിൽ തൊട്ടാവാടീം ചേരും പാമ്പും പഴുതാരയും…………….
ഒരു മഴ പെയ്താൽ ചെളിപിളിയാവണ വഴി……… നല്ല ഒരു റോഡുണ്ടോ ഈ നശിച്ച നാട്ടിൽ?
അമ്പലത്തിൽ നിന്നും പള്ളിയിൽ നിന്നുമൊക്കെ എന്തൊറക്കെയാ ഇവിടെ പാട്ട് വെയ്ക്കുന്നത്?
എന്തു പറഞ്ഞാലും ഒരു കൊടീം പിടിച്ചെറങ്ങണ നാട്ട്കാരും.
ഒരു പരിഷ്ക്കാരവും ഇല്ല.
കുറെ കേക്കുമ്പോ ചെവി മരവിയ്ക്കും. അമേരിയ്ക്കയല്ല, അമരക്കായയാണ്.
ഈ നാടും ഇവിടുള്ള മനുഷ്യരും ഇത്ര മോശക്കാരാണെങ്കിൽ പിന്നെന്തിനാണാവോ കൊല്ലാകൊല്ലം പെട്ടീം തൂക്കി ഇങ്ങനെ വരണത്?
കഴിഞ്ഞ വർഷത്തെ വേനലവധിയ്ക്ക് അമ്മാവൻ വന്നപ്പോഴാണ് ഈ നശിച്ച ഇംഗ്ലീഷ് മീഡിയത്തിൽ പഠിപ്പിച്ചില്ലെങ്കിൽ ആകാശം ഇടിഞ്ഞു വീഴുമെന്ന കാര്യം വീട്ടിലെല്ലാവർക്കും പിടി കിട്ടിയത്. അന്നു തുടങ്ങിയ കഷ്ടപ്പാടാണ്. ഇംഗ്ലീഷിൽ മലയാളവും കണക്കും സയൻസുമൊക്കെ പഠിച്ച് പഠിച്ച് ഇപ്പോൾ ഇംഗ്ലീഷേതാ കണക്കേതാ എന്നൊന്നും മനസ്സിലാവാതെയായി. അതാണല്ലോ നിറച്ചും ചോന്ന വരയിട്ട് പ്രോഗ്രസ്സ് കാർഡ് കിട്ടിയതും.
ഇതൊക്കെ ശരിയ്ക്ക് പഠിച്ച്, കമ്പ്യൂട്ടറും പഠിച്ചിട്ട് വേണം അമേരിയ്ക്കയിലെ ഒരു ഐടീ കമ്പനിയിൽ ജോലിയ്ക്കയയ്ക്കാൻ എന്നാണ് വീട്ടിലെല്ലാവരുടേയും ആശ. അത്രയൊന്നും പഠിയ്ക്കാത്ത തെക്കേ വീട്ടിലെ ശശിച്ചേട്ടനും ഒരു ഐടീക്കമ്പനിയിലാണ് പണി. മൂന്നാറിലോ മറ്റോ ആണ്. കമ്പ്യൂട്ടറും പഠിച്ച് അമേരിയ്ക്കയ്ക്ക് പോയാലേ ഐടീ കമ്പനിയിൽ ജോലി കിട്ടൂ എന്നുണ്ടോ?
ആർക്കറിയാം? ചിലപ്പോൾ ഈ ഐടീ കമ്പനിയുടെ ചായയ്ക്ക് കൂടുതൽ രുചിയുണ്ടാകുമായിരിയ്ക്കും.
വളർന്ന് വല്യേ ചെക്കനാവുമ്പോഴേയ്ക്കും അമേരിയ്ക്ക കടലിൽ മുങ്ങിപ്പോയാൽ പിന്നെ ആ വഴിയ്ക്ക് പോണ്ടല്ലോ.
ചായക്കമ്പനിയിൽ ആരോടും മിണ്ടാതെ ഒരു കമ്പ്യൂട്ടറും നോക്കി ചായയും കുടിച്ചിരിയ്ക്കുന്നത് ആലോചിച്ചാൽ തന്നെ ചർദ്ദിയ്ക്കാൻ തോന്നുന്നുണ്ട്.
വലിയ വളവു തിരിഞ്ഞ് ബസ്സ് ആലിന്റെ ചുവട്ടിൽ നിൽക്കാൻ പോവുകയാണ്. ബസ്സിൽ ഇങ്ങനെ ഇരുന്നാൽ പോരല്ലോ. വീട്ടിലേക്ക് പോകണ്ടേ?
വീടിന്റെ മുൻവശത്ത് ആരേയും കാണാനില്ല.
ബസ്സിറങ്ങി, തീരെ പതുക്കെ ഒച്ചയുണ്ടാക്കാതെ ചാരിയിട്ടിരുന്ന ഗേറ്റു തുറന്നു.
മാവിൻ ചുവട്ടിൽ കിടക്കുന്ന റാണി ചിണുങ്ങി… ഗും.. ങ്..ങ്……..
മുൻ കാലുകൾ നീട്ടിക്കാണിച്ച്, മുഖം കാലുകളിലേയ്ക്ക് അടുപ്പിച്ച് അവളുടെ വക നമസ്ക്കാരം.
അവളെ ഒന്നു തടവുമ്പോഴാണ്……………..
ആകാശം ഇടിഞ്ഞു പുറത്തു വീണതു പോലെ.
ചറുപിറുന്നനെ അടി. അലർച്ച, ബഹളം………
അമ്മയൊന്നല്ല മുമ്പില്, അമ്പലത്തിലെ ഭദ്രകാളിയാ…..
അലറി…….. അലറിക്കരഞ്ഞു.
മുറ്റത്ത് തന്നെയാ ചളുക്കോന്ന് വീണത്. അടിയാണെങ്കിൽ പധൊ പധൊന്നങ്ങനെ……………….
‘നശിയ്ക്ക്, നശിയ്ക്ക്, നൊണ പറേണ ചെക്കൻ ന്ത്നാ ജീവിയ്ക്കണ്? എല്ലാറ്റ്ലും തോറ്റത് പിന്നേം ഷെമിയ്ക്കാം. നൊണ പറേ…. ആ കിഷോറ് വിളിച്ച് പറ്ഞ്ഞ്പ്പളല്ലേ അറിഞ്ഞ്……….. ഇങ്ങനെ ഒരു തല തെറിച്ച്ത് ന്റെ വയ്റ്റില് വരാൻ ഞായെന്താ ചെയ്തേ……….. ന്റെ ദൈവേ……..’
കുറെ നേരത്തേയ്ക്ക് എന്താണുണ്ടായതെന്ന് മനസ്സിലായില്ല.
പിന്നെ എണീറ്റിരുന്നു. ചുറ്റും നോക്കി. സ്കൂൾ ബാഗ് തെറിച്ച് ദൂരെ കിടക്കുന്നു. മേലൊക്കെ മണ്ണും പൊടീം, നീറ്റോം വേദനീം ……
തൊട്ടരികെ റാണിയുണ്ട് നോക്കി നിന്നിട്ട് ……….
ആ കഴുത്തിൽ കെട്ടിപ്പിടിച്ച് കരഞ്ഞോണ്ട് വിളിച്ചു, ന്റെ…. ന്റെ……മ്മേ .………