Saturday, May 1, 2010

ഇങ്ങനെ ഒരു ചോള വിചാരം.

ഒരു ഇരുമ്പ് ചട്ടി നാലു സൈക്കിൾ ചക്രങ്ങളുടെ പാട്ട വണ്ടിയിൽ വെച്ച്, ആ ചട്ടിയിൽ കൽക്കരി നിറച്ച് അതിന്മേൽ ചെറു കണ്ണികളുള്ള ഇരുമ്പ് വലയുടെ ഒരു കഷണം ലേശം ഉയർത്തി നിർത്തിയിട്ടുണ്ടാവും.

ആ ഇരുമ്പ് വലയുടെ പുറത്ത് വച്ചാണ് നഖമാഴ്ത്തുമ്പോൾ പാലൂറി വരുന്ന ഉരുണ്ട മണികളുള്ള ചോളം ചുടുന്നത്.എന്നിട്ട് ഉപ്പും ചുമന്ന മുളക് പൊടിയും ചാട്ട് മസാലയും കൂട്ടി ചേർത്തതിൽ പകുതിയാക്കി മുറിച്ച ചെറു നാരങ്ങ മുക്കിത്തേച്ച വെന്ത ബുട്ട (ചോളം) തിന്നാൻ കിട്ടിയിരുന്നു, എനിക്ക്.

കാലിൽ വെള്ളിത്തളയിട്ട, കൈയിലും മുഖത്തും പച്ച കുത്തിയിരുന്ന ഒരു അമ്മൂമ്മയായിരുന്നു ചോളം ചുട്ടിരുന്നത്.

മണ്ണ് കൊണ്ട് ഇഷ്ടിയുണ്ടാക്കുന്നതിന്റെ കണക്കെടുപ്പ് ജോലിയും കഴിഞ്ഞു, തലയിലെ പൊടിയും വിയർപ്പും തുടച്ച്, കരിഞ്ഞുണങ്ങിയ മുഖവുമായി, സന്ധ്യ നേരത്തെ ബസ്സിറങ്ങി, താമസിക്കുന്ന ഒറ്റ മുറിയ്ക്ക് അടുത്തെത്തുമ്പോൾ ഞാൻ എന്നും അവരുടെ പക്കൽ നിന്നും ഒരു ബുട്ട മേടിക്കും.

അതും തിന്നുകൊണ്ട് കുട്ടികൾ കളിക്കുന്ന മൈതാനം കടന്നാണ് മുറിയിലേക്കു പോകുന്നത്. അവരുടെ ആഹ്ലാദം എന്റെ അനാഥമായ ആത്മാവിനെയും സ്പർശിച്ച് ആർത്ത് ചിരിയ്ക്കുമായിരുന്നു. കുഞ്ഞുങ്ങൾ ചിരിയ്ക്കുമ്പോൾ ലോകം ഒരു മധുര പലഹാരമായിത്തീരും.

അപ്പോഴൊക്കെ ഞാനെന്റെ മകളെ മുലപ്പാലായും കണ്ണീരായും വിങ്ങലായും നെഞ്ചിലമർത്തിപ്പിടിച്ച് കണ്ണു തുടയ്ക്കാറുണ്ട്. അവൾക്കായി മഹാ നഗരത്തിലെ വലിയ കോടതികൾ ഞാൻ കയറിയിറങ്ങിയിരുന്ന വരണ്ട കാലമായിരുന്നു അത്.

ചക്രവാളത്തിനുമപ്പുറത്തെ അകലത്തിൽ സൂര്യനായും ചന്ദ്രനായും എന്നിൽ നിറഞ്ഞിരുന്ന സ്വപ്നമായിരുന്നു അക്കാലം മൂന്നു വയസ്സുണ്ടായിരുന്ന എന്റെ മകൾ. നൊന്തു പ്രസവിച്ചിട്ടും മുലയൂട്ടിയിട്ടും നേടാനാകാത്ത അവകാശമായിരുന്നു എന്റെ മാതൃത്വം. ദയനീയമായ യാചനയും അനാഥമായ പ്രാർത്ഥനയും നിരന്തരമായ ബോധ്യപ്പെടുത്തലുമായിരുന്നു അത്.....................

അത്താഴം വേണ്ടാത്ത കണ്ണീർ വെന്ത രാത്രികളും അന്നമിറങ്ങാത്ത മനമുരുകുന്ന പകലുകളും എന്റെ സമ്പാദ്യം. ചുട്ട ചോളവും മൺകലത്തിലെ വെള്ളവും എന്റെ പോഷകാഹാരം. ദാനം കിട്ടിയ വസ്ത്രങ്ങൾ എന്റെ ശരീര കവചം.

അമ്മൂമ്മ പണം പിന്നെ തന്നാൽ മതി എന്നു പറഞ്ഞും എനിക്കു ബുട്ട തരാറുണ്ടായിരുന്നു.
‘ലേ ജാവോ ബേട്ടി, ഏക് രുപയാ സെ ക്യാ ഫറ്ക് പടേഗാ?
ഖാലോ‘ (എടുത്തുകൊള്ളൂ മകളെ. ഒരു രൂപ കൊണ്ട് എന്തു വ്യത്യാസം വരാനാണ്?)
ആ മുഖത്തെ ലക്ഷത്തിലുമധികം ചുളിവുകൾക്കിടയിൽ ഒരു പുഞ്ചിരി വിടരും.

എനിക്ക് ചുറ്റും ആർത്തിരമ്പുന്ന വൻ നഗരം, പരമ ദരിദ്രയായ അമ്മൂമ്മ.
ഒന്നുമൊന്നും സ്വന്തമായില്ലാത്ത ഞാൻ..............................

പിന്നെ ചോളം കൊണ്ട് എണ്ണയുണ്ടാക്കുമെന്നും ആ എണ്ണ കൊണ്ട് വണ്ടിയോടിക്കാൻ പറ്റുമെന്നും വായിച്ചു.
അതു കൊണ്ട് ലോകത്തേറ്റവും കൂടുതൽ ആളുകൾ ഭക്ഷിക്കുന്ന ഈ ആഹാരത്തിനു തെരഞ്ഞെടുക്കപ്പെട്ട ഉടമസ്ഥരുണ്ടാകുമെന്നും അതങ്ങനെ ചുമ്മാ പട്ടിണിക്കുന്തങ്ങൾക്ക് ശാപ്പാട് കഴിച്ച് തീർക്കാനുള്ളതല്ലെന്നും മനസ്സിലായി.

ബുട്ടയുടെ പാട്ട വണ്ടി സ്റ്റാറ്റസ് ‘ഉയർന്ന്‘ ഒരു ബി എം ഡബ്ലിയുവിന്റെ ഒപ്പമായി.
ബുട്ടയെണ്ണയുടെ വണ്ടികൾക്കും മെഷീനുകൾക്കും ഹോണും സൈറണും മറ്റും വേണ്ടി വരില്ല.
ബുട്ട പോലും തിന്നാൻ കിട്ടാതായവർ വിശന്നു കരയുന്ന ഒച്ച അത്തരം വണ്ടികളുടെയും മെഷീനുകളുടേയും ഫ്യൂവൽ ടാങ്കിൽ നിന്നു കേൾക്കും.

ചോളത്തിനെക്കുറിച്ച് തൽക്കാലം ഇത്രയും ................................

25 comments:

അലി said...

ആദ്യായിട്ടാണിവിടെ.
രണ്ടു മണി ബുട്ട ഞാനുമെടുക്കുന്നു.
സന്തോഷം!

sm sadique said...

പട്ടിണി കോലങ്ങളുടെ അവസ്ഥ ഇതൊക്കെ തന്നയാണ് ; എന്നും എവിടയും . വിതക്കാനും കൊയ്യാനും വെറും
പാവങ്ങള്‍ . അതിലൂടെ കോടികള്‍ കൊയ്യുന്നത് കുത്തക തമ്പ്രാകന്മാരും . വളരെ നല്ല പോസ്റ്റ്‌ . മൂല്യമുള്ള
ആശയം .

വരയും വരിയും : സിബു നൂറനാട് said...

ഞാന്‍ ഓഫീസ് കഴിഞ്ഞു വരുന്ന വഴിയിലുമുണ്ട് ഒരു ബുട്ടവണ്ടി. 12 ഓ - 13 ഓ വയസ്സ് പ്രായമുള്ള ഒരു കൊച്ചു ചെറുക്കനാണവിടെ...ഇന്നലെ മഴ നനഞ്ഞും ബുട്ട വില്‍ക്കുന്ന ആ പയ്യനാണ് ഇത് വായിച്ചപ്പോള്‍ എന്‍റെ മനസ്സില്‍.

റോസാപ്പൂക്കള്‍ said...

എച്ചൂ,ബുട്ട എത്ര പ്രാവശ്യം കഴിച്ചിരിക്കുന്നു.ഈ ചിന്തകള്‍ക്ക് അഭിനന്ദനങ്ങള്‍

ശ്രീ said...

ചോള വിചാരം മാത്രമല്ലല്ലൊ ചേച്ചീ... എങ്കിലും ഒന്നും ചോദിയ്ക്കാന്‍ തോന്നുന്നില്ല.

സ്വന്തം ദാരിദ്ര്യത്തിനിടയിലും പണം വാങ്ങാതെ ചോളം തരാന്‍ മനസ്സു കാണിയ്ക്കാറുള്ള ആ അമ്മൂമ്മയെ മനസ്സാ നമിയ്ക്കുന്നു.

ഇപ്പോഴത്തെ അവസ്ഥ ആണെങ്കില്‍

“ബുട്ട പോലും തിന്നാൻ കിട്ടാതായവർ വിശന്നു കരയുന്ന ഒച്ച അത്തരം വണ്ടികളുടെയും മെഷീനുകളുടേയും ഫ്യൂവൽ ടാങ്കിൽ നിന്നു കേൾക്കും.“

എന്ന് പറഞ്ഞത് എത്ര ശരി.

Typist | എഴുത്തുകാരി said...

ഞാനും എത്രയോ പ്രാവശ്യം കഴിച്ചിരിക്കുന്നു ഈ ചോളം!

Vayady said...

ഇനി ചോളം കഴിക്കുമ്പോള്‍ എച്ചുമുവിനേയും, എത്ര ദാരിദ്യത്തിലും പണം വാങ്ങാതെ ചോളം തന്നിരുന്ന, കാലിൽ വെള്ളിത്തളയിട്ട, കൈയിലും മുഖത്തും പച്ച കുത്തിയ ആ അമ്മൂമ്മയെയും ഞാന്‍ ഓര്‍ക്കും.

നല്ല ചിന്ത. ആശംസകള്‍!

എറക്കാടൻ / Erakkadan said...

ഈ പോസ്റ്റിൽ ഭാഷ നല്ല നിലവാരം പുലർത്തി.....എന്തോ വായിക്കാനൊരു സുഖം കിട്ടി

കൂതറHashimܓ said...

ചോളത്തിന്റെ ടേസ്റ്റ് എനിക്കും ഇത്തിരി കിട്ടി.. :)
എന്നാലും ബാക്കി വരികള്‍.............!!

മുകിൽ said...

ചുളിവുള്ള കൈകൾ ഇന്നും ചോളം നൽകുന്നു.. കുഞ്ഞിനു മുലയൂ‍ട്ടിക്കൊണ്ടൂ അമ്മമാർ തിരക്കുള്ള റോഡരികുകളിൽ ഒരു കൈ കൊണ്ടു കൽക്കരിക്കു മുകളിൽ വച്ച ബുട്ട വീശി വീശി ചുട്ടെടുക്കുന്നു മറുകൈ കൊണ്ടു വിറ്റു നാണയത്തുട്ടുകൾ വാങ്ങുന്നു. എച്മു കീറിമുറിച്ചു നടന്ന മൈതാനത്തിൽ ഇന്നും കുട്ടികൾ കളിക്കുന്നു.. കാലം അതേ വേഗത്തിൽ തിരിയൂന്നു..

Manoraj said...

എച്ചൂ.. പോസ്റ്റ് വേദനിപ്പിച്ചു.. വേറൊന്നും പറയാതെ പൊക്കോട്ടെ ഞാൻ..

jayanEvoor said...

ഈ ജീവിതം ഒന്നു തരണം ചെയ്യാൻ എന്തെന്തു വൈതരണികൾ.....
നല്ല എഴുത്ത്.

Unknown said...

കൊള്ളാം ചോള വിചാരം..........

Ashly said...

touching പോസ്റ്റ്‌, നല്ല അമ്മൂമ്മ !!

Kalavallabhan said...

"നൊന്തു പ്രസവിച്ചിട്ടും മുലയൂട്ടിയിട്ടും നേടാനാകാത്ത അവകാശമായിരുന്നു എന്റെ മാതൃത്വം."
ഇനി ചോളത്തിനും ഈ ഗതി വരുമോ ആവൊ ?

ശാന്ത കാവുമ്പായി said...

ആദ്യമായിട്ടാണ് വന്നത്.നെഞ്ചില്‍ കൊളുത്തി വലിക്കുന്ന വിഭാവങ്ങളാണല്ലോ കിട്ടിയത്‌.

പട്ടേപ്പാടം റാംജി said...

ചോളത്തിന്റെ ഭംഗിയോടെ നല്ലെഴുത്ത്.

ചേച്ചിപ്പെണ്ണ്‍ said...

എച്മു കുട്ടി എഴുതുന്നത് എല്ലാം കഥയാണോ അതോ കാര്യാണോ എന്ന് സംശയാണ് എപ്പഴും ..
അത്രയ്ക്ക് ജീവിതത്തോട് ചേര്‍ന്ന് നില്‍ക്കുന്നു ഓരോ വരിയും ഓരോ വാക്കും ....
നന്ദി ..

എന്‍.ബി.സുരേഷ് said...

വല്ലാത്ത ഒരു കണ്‍ഫ്യുഷന്‍ എനിക്കുണ്ടായി. ഞാന്‍ വിചാരിച്ചു. കഥയാവും എന്നു. വായിച്ചങ്ങോട്ടു ചെല്ലവെ കഥയുടെ ഘടന നഷ്ടമാവുന്നു. പിന്നെ മാതൃത്വത്തെ കുറിച്ചുള്ള വേവലാതികള്‍. പെട്ടന്നവിടെ നിന്നും ചാടി ചോളത്തിന്റെ പൊളിറ്റിക്സിലേക്കു പൊകുനു. ഒറ്റുവില്‍ ലേബല്‍ നോക്കിയപ്പോള്‍ അനുഭവം എന്നു കണ്ടു.

എല്ലാമൂണ്ടിതില്‍ പക്ഷെ ബ്ലെന്‍ഡ് ചെയ്തപ്പോള്‍ എവിടെയോഅമ്മൂമ്മ, ചോളം, മകളെ നഷ്ടപ്പെട്ട് അനാഥയായ ആ സ്ത്രീ, ഇതിന്റെയെല്ലാം പ്രശ്നങ്ങള്‍
ഒക്കെയും ഒരിടത്തു കൊണ്ടു കൂട്ടിക്കെട്ടാന്‍ നന്നായി കഴിഞില്ല.
പക്ഷെ നെഞ്ചുകീറുന്ന ഒരു വേദന ഒളിപ്പിച്ചു വച്ചിട്ടുണ്ട്.

കാരുണ്യം എച്മുവിന്റെ ഒരു ഫിലോസഫിയാവുന്നുണ്ട് എല്ലാ എഴുത്തിലും.

Echmukutty said...

അലി,
സാദിക്,
സിബു,
റോസാപ്പൂക്കൾ - വായിച്ച് പ്രോത്സാഹിപ്പിയ്ക്കുന്ന എന്റെ സുഹൃത്തുക്കൾക്ക് നന്ദി. നല്ല വാക്കുകൾക്ക് നമസ്ക്കാരം.
ശ്രീയെ കണ്ടതിൽ സന്തോഷം. എല്ലാ വേദനകളും വലിയ പാഠങ്ങൾ ചൊല്ലിത്തന്നിട്ടുണ്ട്.ആ നല്ല മനസ്സിനു നന്ദി.
എഴുത്തുകാരി,
വായാടി,
എറക്കാടൻ - പ്രത്യേകം നന്ദി. പ്രോത്സാഹനം വലിയ ആത്മവിശ്വാസം തരുന്നുണ്ടെന്നറിയിയ്ക്കട്ടെ.
ഹാഷിം,
മുകിൽ,
മനോരാജ് - തരുന്ന പ്രോത്സാഹനത്തിനും പരിഗണനയ്ക്കും നന്ദി. വേദനകളിൽ തകരാതിരിയ്ക്കാനുള്ള ബലം വേദനകൾ തന്നെ തരുമെന്നാണ് എന്റെ അനുഭവം.
ജയൻ, നന്ദി. ഓരോ വൈതരണിയും കടക്കുമ്പോൾ അടുത്തത് തല നീട്ടുന്നതാണല്ലോ ജീവിതം.
മൈഡ്രീംസ്,
ക്യാപ്റ്റൻ,
കലാവല്ലഭൻ - നല്ല വാക്കുകൾക്കും പ്രോത്സാഹനത്തിനും നന്ദി. ഇനിയും വന്ന് വായിയ്ക്കുമല്ലൊ.
ശാന്ത കാവുമ്പായിയെ കണ്ട് സന്തോഷിയ്ക്കുന്നു. മറ്റ് പല ബ്ലോഗുകളിലും കണ്ടിട്ടുണ്ട്. കവിതകൾ ശ്രദ്ധിച്ചിട്ടുമുണ്ട്. ഇനിയും വന്ന് വായിയ്ക്കുമല്ലൊ.
രാംജി ഇത്തവണ വരാൻ വൈകി. അഭിനന്ദനത്തിന് നന്ദി.
ചേച്ചിപ്പെണ്ണിന്റെ വാക്കുകൾ വലിയ പ്രോത്സാഹനമാണ്. ഇനിയും വരണേ.
സുരേഷിന്റെ നിരീക്ഷണങ്ങൾക്ക് നന്ദി. ഇനിയും വന്ന് വായിയ്ക്കുമല്ലൊ. വേദനയും കാരുണ്യവും ഒരു പക്ഷെ, പരസ്പരം പൂരിപ്പിയ്ക്കുന്നുണ്ടാവും, സുരേഷ്.
എല്ലാവർക്കും ഒരിയ്ക്കൽക്കുടി നന്ദി പറഞ്ഞുകൊണ്ട്.........

അരുണ്‍ കരിമുട്ടം said...

nice

Echmukutty said...

അരുൺ വന്ന് വായിച്ചതിൽ സന്തോഷം, നന്ദി.

Sandhu Nizhal (സന്തു നിഴൽ) said...

എന്റെ നെടുവീര്പുകള്‍ നേരുന്നു

ente lokam said...

ചോളം കണ്ടിട്ടില്ലാത്തവരെ പോലും
ഒരു ബുട കഴിച്ച അവസ്ഥയില്‍
എത്തിക്കുന്ന ഈ എഴുത്തിന്റെ മികവു
അഭിനന്ദനാര്‍ഹം ..

ചോളം കഥ വഴി കടന്നു വന്ന
അനുഭവ വിവരണങ്ങള്‍ മനസ്സില്‍ ഒരു
നീറ്റല്‍ ആയി അവശേഷിക്കുന്നു ..

ajith said...

നല്ല ചോളവിചാരം