Thursday, April 21, 2016

പോസ്റ്റ് മാസ്റ്ററുടെ മക്കള്‍

ഞങ്ങള്‍ ഒരു പോസ്റ്റ് മാസ്റ്ററൂടെ മക്കളാണ്, അങ്ങനെ ഒരിക്കലും അറിയപ്പെട്ടിട്ടില്ലെങ്കിലും. കാരണം പോസ്റ്റ്മാസ്റ്റര്‍ ഞങ്ങളുടെ അമ്മയായിരുന്നു. ഡോക്ടറായ അച്ഛനുണ്ടായിരുന്നതുകൊണ്ട് ഞങ്ങള്‍ ഡോക്ടറുടെ മക്കളായി മാത്രമേ അറിയപ്പെട്ടുള്ളൂ.

പതിനെട്ട് വയസ്സില്‍ ഇന്ത്യന്‍ പോസ്റ്റ് ആന്‍ഡ് റ്റെലിഗ്രാഫ് ഡിപ്പാര്‍ട്ട്മെന്‍റില്‍ ജോലിക്ക് ചേര്‍ന്ന് കഴിഞ്ഞിരുന്നു അമ്മ, ഗ്രാജുവേഷന്‍റെ റിസല്‍റ്റ് പുറത്തും വരും മുമ്പേ ... (അമ്മയ്ക്ക് ഡബിള്‍ പ്രമോഷന്‍ കിട്ടിയിരുന്നു. അതുകൊണ്ട് രണ്ട് വര്‍ഷം നേരത്തെ പഠിത്തം കഴിഞ്ഞു) പിന്നീട് നാല്‍പതുകൊല്ലം അവര്‍ ആ ഡിപ്പാര്‍ട്ട്മെന്‍റില്‍ ജോലി ചെയ്തു. പ്രമോഷനും സ്ഥലം മാറ്റവും വരാതിരിക്കാന്‍ വേണ്ടി വകുപ്പ് തല പരീക്ഷകള്‍ എല്ലാം അമ്മ ഒഴിവാക്കി. കുറെ വര്‍ഷങ്ങള്‍ മുടക്കമില്ലാതെ ജോലി ചെയ്താല്‍ നിവൃത്തികേടോടെ അതത് വകുപ്പുകള്‍ കെട്ടിയേല്‍പിക്കുന്ന ഓട്ടോമാറ്റിക് പ്രമോഷന്‍ മാത്രമേ അമ്മയ്ക്ക് കിട്ടിയിട്ടുള്ളൂ. മക്കളുടെ പഠിത്തം, അവരുടെ സുഖസൌകര്യങ്ങള്‍, വീട് നോക്കാന്‍ ആരുമില്ലാതാകുമല്ലോ എന്ന ആധി ... അങ്ങനെ കരിയര്‍ എന്നത് സ്ത്രീയെ സംബന്ധിച്ച് അത്ര പ്രധാനപ്പെട്ട ഒന്നല്ലല്ലോ, കുടുംബമല്ലേ പ്രധാനം എന്ന നിലപാടില്‍, കരിയറിലോ ഹോബിയിലോ ഒന്നും പ്രോല്‍സാഹിപ്പിക്കാന്‍ ആരുമില്ലല്ലോ എന്ന പരമ സത്യത്തില്‍ അമ്മ എന്നും പോസ്റ്റ് ആന്‍ഡ് റ്റെലിഗ്രാഫ് ഡിപ്പാര്‍ട്ടുമെന്‍റിന്‍റെ താഴെത്തട്ടിലെ ഒരു ജീവനക്കാരിയായി തുടര്‍ന്നു. അമ്മയേക്കാള്‍ ജൂനിയര്‍ ആയവരും, പലപ്പോഴും വിദ്യാഭ്യാസം കുറഞ്ഞവരും ഒക്കെ വകുപ്പ് തല പരീക്ഷകളില്‍ വിജയിച്ച് മേലുദ്യോഗസ്ഥരായി വരികയും അമ്മ ചിലപ്പോഴൊക്കെ ഓഫീസിലും തീര്‍ച്ചയായും സ്വന്തം കുടുംബത്തിലും നിസ്സാരമായ ക്ലാര്‍ക്ക് ജോലിയുടെ പേരില്‍ നിശിതമായി അപഹസിക്കപ്പെടുകയും ചെയ്തു. അമ്മയുടെ കൃത്യമായ വരുമാനം തുച്ഛമെന്ന് എണ്ണപ്പെട്ടു. അമ്മയുടെ നൂറു മാര്‍ക്കുള്ള മാത് മാറ്റിക്സ് ഡിഗ്രിയും അതിനു ലഭിച്ച സ്വരണമെഡലുമൊന്നും ആരും ഒരിടത്തും ഒരുകാലത്തും പരാമര്‍ശിച്ചില്ല... പ്രശംസിച്ചില്ല. ഒന്ന് ഓര്‍മ്മിച്ചതു കൂടിയില്ല.

തപാല്‍ വകുപ്പില്‍ ചില്ലറയായി ഔട്ട്സോഴ്സിംഗ് തുടങ്ങിയപ്പോഴേ അതായത് ഇന്‍ലന്‍ഡും കാര്‍ഡും കവറുമൊക്കെ വ്യക്തികള്‍ക്ക് വില്‍പന നടത്താന്‍ അനുവാദം കിട്ടിത്തുടങ്ങിയപ്പോഴേ, കൊറിയര്‍ കമ്പനികള്‍ സ്വന്തം സാന്നിധ്യം അറിയിച്ചു തുടങ്ങിയപ്പോഴേ കരാര്‍ ജോലിക്കാരായി ഇ ഡി പായ്ക്കര്‍മാരെ നിയമിച്ചു തുടങ്ങിയപ്പോഴേ ' അമ്മയുടെ ജോലി ഇപ്പോ പോകുമെന്ന് ദാ , ഇപ്പോ പൂട്ടും പോസ്റ്റ് ഓഫീസെന്ന് ‘ ഉള്ള നിസ്സാരമാക്കല്‍ വീട്ടിലെ ഒരു സ്ഥിരം പതിവായിരുന്നു. ഒരാളുടെ ജോലി നഷ്ടപ്പെടുമെന്ന് പറയുന്നത് എത്ര വലിയ ക്രൂരതയാണെന്ന് അന്ന് മനസ്സിലായതിലുമധികം നന്നായി ഇന്നെനിക്ക് മനസ്സിലാവും.. അമ്മ ആ സങ്കടവും ആധിയുമൊന്നും ഒരിക്കലും പുറത്ത് കാണിച്ചിട്ടില്ല.

അമ്മ ജോലി ചെയ്തിട്ടുള്ള പല പോസ്റ്റ് ഓഫീസുകളുടേയും വരാന്തകളില്‍ ഞങ്ങള്‍ ഒരുപാട് സമയം ചെലവാക്കിയിട്ടുണ്ട്. സ്റ്റാമ്പ് ഒട്ടിക്കാന്‍ വെയ്ക്കുന്ന കറുത്തതും വെളുത്തതുമായ പശ തിക്കുംപൊക്കും സൂക്ഷിച്ച്, നക്കി നോക്കിയിട്ടുണ്ട്. കിടി കിടി എന്ന് അടിക്കുന്ന റ്റെലഗ്രാമിന്‍റെ മോഴ്സ്കോഡ് ചെറുപ്പത്തിലേ മനസ്സിലാക്കീട്ടുണ്ട്. സ്പീഡ് പോസ്റ്റ് ആരംഭിച്ചപ്പോള്‍, രാവിലെ ഏഴു മണിക്ക് ഓഫീസിലെത്താന്‍ ധിറുതിപ്പെടുന്ന അമ്മയോട് ഇഡ്ഡലി വായില്‍വെച്ചു തരണമെന്ന് പറഞ്ഞ് വാശി പിടിച്ചിട്ടുണ്ട്. കാഷിന്‍റെ ചുമതലയുള്ള അമ്മയ്ക്ക് വൈകീട്ട് കണക്ക് വേഗം ടാലിയാവണേ, അമ്മയുടെ കൈയില്‍ നിന്ന് പണം നഷ്ടപ്പെടരുതേ എന്നൊക്കെ വിളക്ക് കത്തിച്ച് പ്രാര്‍ഥിച്ചിട്ടുണ്ട്. പോസ്റ്റ് ഓഫീസുകള്‍ക്ക് പ്രത്യേകമായുള്ള ഒരു ഗന്ധം ഞങ്ങള്‍ക്ക് വളരെയേറെ ഹൃദ്യമായി തോന്നിയിട്ടുണ്ട്. ടാഗോറിന്‍റെ പോസ്റ്റ് മാസ്റ്റര്‍ എന്ന ചെറുകഥ വായിച്ചതിനുശേഷം അമ്മ ജോലി ചെയ്ത പോസ്റ്റ് ഓഫീസുകളെക്കുറിച്ച് ,അമ്മയുടെ സഹപ്രവര്‍ത്തകരെക്കുറിച്ച് ഒക്കെ എഴുതണമെന്ന് വിചാരിച്ചിട്ടുണ്ട്.

തപാല്‍ വകുപ്പിനോട് ഞങ്ങള്‍ മക്കള്‍ക്ക് ഒത്തിരി സ്നേഹവും ആദരവുമുണ്ട് , നന്ദിയുണ്ട്. മുട്ടാതെ മാമു കിട്ടിയതും പഠിക്കാന്‍ കഴിഞ്ഞതും തപാല്‍ വകുപ്പ് അമ്മയ്ക്ക് കൊടുത്ത ആ ‘നിസ്സാര’ വരുമാനത്തിലാണ്. എല്ലാ മാസവും ഒന്നാം തീയതി ആയാല്‍ അമ്മ ധനികയായിത്തീരുമായിരുന്നു. അന്ന് വൈകുന്നേരം ചായയ്ക്ക് അമ്മ ബട്ടര്‍ പേപ്പറില്‍ പൊതിഞ്ഞ ടീ കേക്ക് വാങ്ങിത്തരുമായിരുന്നു....

അമ്മയുടെ ആ ‘തുച്ഛ’ മായ പണം മാത്രമേ ഞങ്ങള്‍ മക്കള്‍ക്ക് എന്നും ലഭിച്ചുള്ളൂ. മറ്റ് ഉയര്‍ന്ന യാതൊരു വരുമാനത്തിനും ഞങ്ങള്‍ ജീവിതത്തില്‍ ഒരിക്കലും അര്‍ഹരായിരുന്നില്ല.

Monday, April 18, 2016

ഒരു സവിശേഷ സുവിശേഷ ദിനം

https://www.facebook.com/echmu.kutty/posts/425322080980425

ദുബായില്‍ നിന്ന് എന്‍റെ പ്രിയ സുഹൃത്ത് വിളിച്ചു ആശംസിച്ചപ്പോഴാണ് അനവധി തിരക്കുകള്‍ക്കിടയില്‍ ഞങ്ങള്‍ മറന്നു പോയിരുന്ന ആ ദിവസമാണിന്നെന്ന് ഞാന്‍ ഓര്‍മ്മിച്ചത്..
ഞങ്ങള്‍ ഒരുമിച്ച ദിവസമെന്നൊന്നും പറയാന്‍ പറ്റില്ല. കാരണം അത് വേറൊരു ഭയങ്കര ദുഷ്ട ദിവസമാണ്. അന്ന് പ്രാകലുകളും, തുലഞ്ഞ് പോകുമെന്ന, അനുഭവിക്കുമെന്ന, ശാപങ്ങളും, കണ്ണീരും പിന്നെ വഞ്ചകി, ദുഷ്ട എന്നൊക്കെയുള്ള വാഴ്ത്തുകളുമായിരുന്നു ആശംസകള്‍ ...
അതിനിടയില്‍ ഒരുപാടു മുഖങ്ങള്‍ ലിവ് ലൈഫ് കിംഗ് സൈസിലും വലിയ മുഖം മൂടികള്‍ ധരിച്ച് പിശാചുക്കളെപ്പോലെ പല്ലിളിച്ച് വേതാളനൃത്തം ചവിട്ടി. ഞങ്ങളുടെ അല്ല, എന്‍റെ നഷ്ടങ്ങള്‍ അതിഭയങ്കരമായിരുന്നു....അതൊന്നും ഓര്‍ക്കാനുള്ള ത്രാണി ഇപ്പോഴെനിക്കില്ല. നഷ്ടങ്ങളേയും വേദനകളേയും എല്ലാം തോളില്‍ ചുമന്നുകൊണ്ട് സ്നേഹത്തിലും സൌഹൃദത്തിലും മാത്രം വിശ്വാസവും പ്രതീക്ഷയും അര്‍പ്പിച്ച് കണ്ണീരുണങ്ങാത്ത ദിവസങ്ങള്‍ കടന്നു പോയി..
അങ്ങനെ ....

കാലങ്ങള്‍ കഴിഞ്ഞു പോയപ്പോള്‍ പൊടുന്നനെ
ഈയൊരു ദിവസം ഈ പ്രപഞ്ചത്തില്‍ ഉദിച്ചു. അന്നാണ് മുതിര്‍ന്നവര്‍ അവരുടെ മനസ്സമാധാനത്തിനു ഒരു അമ്പലത്തില്‍ പോയി ഒരു താലിയെങ്കിലും കെട്ടണമെന്ന് പറഞ്ഞത്. നൂലുപോലെ ഒരു വെള്ളി മോതിരമാണ് എന്‍റെ പ്രിയതമന്‍ എനിക്ക് ജീവിതത്തിലാകെ കൂടി സമ്മാനിച്ച വിലയേറിയ ആഭരണം. അങ്ങനെയുള്ള ഒരാളോട് പെട്ടെന്ന് താലിയുണ്ടാക്കാന്‍ പറഞ്ഞാല്‍ എന്തു ചെയ്യും ?. വല്ല ഇഷ്ടികത്തുണ്ടോ റ്റൈലിന്‍റെ കഷണമോ കരിങ്കല്ലു ചീവിയതോ മതിയെങ്കില്‍ യാതൊരു ബുദ്ധിമുട്ടുമില്ലാതെ താലിയും കൊണ്ട് ഓടി വരുമായിരുന്നു.

താലിക്ക് ഇതൊന്നും പോരല്ലോ.

മഞ്ഞള്‍ച്ചരടില്‍ കോര്‍ത്ത ഒരു താലി സ്വയം സംഘടിപ്പിച്ച് ഞാന്‍ അതിവേഗം ഒരു വധു ചമഞ്ഞു. എന്തൊരെളുപ്പമായിരുന്നു ആ കല്യാണം. മുല്ലപ്പൂവും ആഭരണങ്ങളും പട്ടുസാരിയും ആളും ബഹളവും ഒന്നുമില്ല... ശടേന്ന് ഒരു കല്യാണം.
കുറച്ച് ഫോട്ടോയൊക്കെ എടുത്ത് ‘ ദാ, എന്‍റെ കല്യാണം കഴിഞ്ഞു. ഇനി എന്‍റെ പെന്‍ഷന്‍, പി എഫ് ... അതു പോലെ മെഡിക്കല്‍ ബെനിഫിറ്റ് അതു മാതിരി എല്ലാറ്റിനും ഇവള്‍ക്ക് അവകാശമുണ്ടായിരിക്കും, നോക്കു. ‘ എന്ന് കേന്ദ്ര ഗവണ്മെന്‍റിനോട് പ്രിയതമന്‍ പറഞ്ഞു.
കണ്ണട വെച്ച ഗവണ്മെന്‍റ് പൊട്ടിച്ചിരിച്ചിട്ട് ആ ഫോട്ടൊയൊക്കെ എടുത്ത് ദൂരെക്കളഞ്ഞു. എന്നിട്ട് ‘ ഇതൊന്നും പറ്റില്ല, പോയി മാര്യേജ് സര്‍ട്ടിഫിക്കറ്റ് കൊണ്ടു വരൂ’ എന്ന് ഘോരശബ്ദത്തില്‍ ഉത്തരവായി.

അങ്ങനെ ഞങ്ങള്‍ പിന്നേം കല്യാണം കഴിച്ചു.
അത് വേറൊരു ദിവസമായിരുന്നു. അന്ന് ഹോമകുണ്ഡമൊക്കെ ജ്വലിപ്പിച്ച് മൂന്നു മണിക്കൂര്‍ ഹോമം കഴിച്ച് സപ്തപദിയൊക്കെ എടുത്ത് കല്യാണം കഴിച്ച് ഞങ്ങള്‍ ശരിക്കും ക്ഷീണിച്ചു. വര്‍ക് സൈറ്റിലെ പട്ടിണിപ്പാവങ്ങളായ ജോലിക്കാര്‍ക്കെല്ലാം സദ്യ കൊടുത്തു.
അങ്ങനെ ആ വിലയേറിയ മാര്യേജ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചു.

എന്നാലും എളുപ്പമായിരുന്നു. ഉടുപുടവ, ആഭരണം, കാറ് ,വിമാനം... ഒന്നും വേണ്ടി വന്നില്ല. കുറച്ച് നെയ്യും ചന്ദനത്തിരിയും ആ പുരോഹിതനു നൂറ്റൊന്നു രൂപയും മാത്രമേ ചെലവായുള്ളൂ. ആര്യസമാജത്തിലായിരുന്നു ആ കല്യാണം..
ചിലപ്പോള്‍ എനിക്ക് തോന്നും ഞങ്ങള്‍ കല്യാണം കഴിച്ചിട്ട് നൂറു കൊല്ലമായി എന്ന്... ചിലപ്പോള്‍ തോന്നും ഇന്നലെയായിരുന്നുവെന്ന്... ഇനിയും ചിലപ്പോള്‍ തോന്നും ഞങ്ങള്‍ കല്യാണമേ കഴിച്ചിട്ടില്ലെന്ന്...

Monday, April 11, 2016

ചില ഒറ്റമരക്കാടുകള്‍; ഒരു അക്ഷര്‍ധാം യാത്രയുടെ ഓര്‍മയ്ക്ക്


‘ഞാന്‍ വരില്ല. എനിക്ക് അക്ഷര്‍ധാം ക്ഷേത്രം കാണണ്ട‘.

സുഹൃത്തിന്‍റെ വാക്കുകള്‍ കര്‍ക്കശമായിരുന്നു. മുഖം വികാരഭാരത്താല്‍  വലിഞ്ഞു മുറുകിയിരുന്നു. എനിക്ക് കാരണം ചോദിക്കാതിരിക്കാനായില്ല.

‘അവിടെ ചെല്ലുമ്പോള്‍ നിനക്ക് മനസ്സിലാകും. എന്നിട്ടും മനസ്സിലായില്ലെങ്കില്‍ പിന്നെ പറഞ്ഞിട്ടും യാതൊരു കാര്യമില്ല’. സുഹൃത്തിന്‍റെ വാക്കുകളില്‍ ഒരു തരി പോലും മയമുണ്ടായിരുന്നില്ല.

‘നീ വരൂ. ഞാന്‍ കൊണ്ടുപോകാം. എനിക്ക് വണ്ടി ഓടിക്കാന്‍ ഒരു പ്രയാസവുമില്ല. വരേണ്ടാത്തവര്‍ ഇവിടെയിരിക്കട്ടെ’. അത് സുഹൃത്തിന്‍റെ ഭാര്യ മോനയായിരുന്നു. അവളുടെ ശബ്ദത്തില്‍ ഒരുതരം അടക്കിപ്പിടിച്ച സ്പര്‍ദ്ധ നിഴല്‍ വീശിയിരുന്നു.

ഹൃദയം ഉറക്കെ മിടിച്ചു. കണ്മുന്നില്‍ ഭാര്യാ-ഭര്‍ത്താക്കന്മാര്‍ തമ്മില്‍ വഴക്കുണ്ടാകുമെന്ന് തോന്നുമ്പോഴൊക്കെയും എന്‍റെ രക്തസമ്മര്‍ദ്ദം വര്‍ദ്ധിച്ചിരുന്നു. ഞാന്‍ അതിരില്ലാതെ ഭയപ്പെടുകയും അതുകൊണ്ടു തന്നെ നീലിക്കുകയും ചെയ്യുമായിരുന്നു. കുട്ടിയായിരുന്നപ്പോള്‍ മുതല്‍ ആരംഭിച്ച ഈ ഭയം തലനരയ്ക്കാന്‍ തുടങ്ങുന്ന കാലത്തും എന്നെ വിട്ടു പോയിട്ടില്ല. ഈ പ്രപഞ്ചത്തിലെ എല്ലാ  വിവാഹങ്ങളും നിഷ്ഫലമായ യുദ്ധങ്ങളാണെന്നും വിവാഹിതര്‍ തോല്‍വി നേരത്തെ ഉറപ്പാക്കപ്പെട്ട യുദ്ധത്തിലേര്‍പ്പെടുന്ന അതീവ നിസ്സഹായരായ പടയാളികളാണെന്നും ഞാന്‍ എപ്പോഴും വിചാരിക്കാറുണ്ട്.

പത്തുവര്‍ഷത്തിലധികം കാലം അഗാധമായി പ്രണയിച്ച് വിവാഹിതരായവരായിരുന്നു എന്‍റെ സുഹൃത്തുക്കള്‍. ഭാര്യ നരേന്ദ്ര മോദിയെ ആരാധിക്കുമ്പോള്‍ ഭര്‍ത്താവ് ഒരു ഹ്യൂമനിസ്റ്റാണെന്ന് സ്വയം പ്രഖ്യാപിക്കുന്നതായിരുന്നു ഇപ്പോള്‍ അവര്‍ തമ്മില്‍ ഇത്ര സ്പര്‍ദ്ധയുണ്ടാകുവാന്‍ കാരണം.

വിഭജനകാലത്ത് ലാഹോര്‍ വിട്ടു ജീവരക്ഷയ്ക്കായി ഇന്ത്യയിലേക്ക് പാലായനം ചെയ്ത മാതാപിതാക്കളുടെ മകളാണ് മോന. ആ കാലത്തിന്‍റെ വേദനകളെപ്പറ്റിയും ഇസ്ലാം മതവിശ്വാസികളുടെ ക്രൂരതകളെപ്പറ്റിയും അവളുടെ മനസ്സില്‍ അഗാധമായ മുറിവുകളുണ്ട്. സ്വന്തം മാതാപിതാക്കന്മാര്‍ പേര്‍ത്തും പേര്‍ത്തും ഓര്‍മ്മിപ്പിച്ചിട്ടുള്ള അനവധിയനവധി എണ്ണമറ്റ അനുഭവങ്ങള്‍... അവയില്‍ എപ്പോഴും ചോര പൊടിച്ചു നിന്നു. എല്ലാ രാഷ്ട്രീയസിദ്ധാന്തങ്ങള്‍ക്കും അപ്പുറമാണ് നേരനുഭവമെന്ന സത്യസന്ധതയെന്ന് അവളുടെ നനഞ്ഞ കണ്ണുകള്‍ എന്നെ മൂകയാക്കിയിരുന്നു. എനിക്ക് വാദിക്കാന്‍ പലപ്പോഴും വാക്കുകള്‍ കിട്ടിയിരുന്നില്ല. ക്രൂരന്മാരായ ഇസ്ലാം മതവിശ്വാസികളെ ഒരു പാഠം പഠിപ്പിക്കാനാണ് മോദി അവതാരമെടുത്തിട്ടുള്ളതെന്ന് മോന കരുതുന്നു. അറുപതിലധികം വര്‍ഷം ഇന്ത്യ ഭരിച്ചു മുടിച്ച കോണ്‍ഗ്രസ്സിനേക്കാള്‍ എന്തുകൊണ്ടും മോദീഭരണം ഭേദമായിരിക്കുമെന്നും മോദിക്കും ഒരവസരം ജനാധിപത്യ ഇന്ത്യ നല്‍കണമെന്നും അവള്‍ വീറോടെ വാദിച്ചു. 

എന്‍റെ ദില്ലി സ്മരണകളില്‍ മോനയ്ക്ക് ഒരിക്കലും ഒളിമങ്ങാത്ത സ്ഥാനമാണുള്ളത്. അവള്‍ എന്‍റെ എല്ലാ സങ്കടങ്ങളിലും ഒപ്പം  കരയുകയും സ്വന്തം ദുപ്പട്ടയില്‍ എന്‍റെ കണ്ണീരൊപ്പുകയും ചെയ്തു.  ഞാന്‍ സന്തോഷിച്ചപ്പോള്‍ അവളും കലവറയില്ലാതെ സന്തോഷിച്ചു. എനിക്കു വിശന്നപ്പോഴെല്ലാം റൊട്ടിയും സബ്ജിയുമുണ്ടാക്കി സ്നേഹത്തോടെ വിളമ്പി. മതപരവും സാമൂഹികവും രാഷ്ട്രീയവുമായ അനവധി അഭിപ്രായഭിന്നതകള്‍ ഞങ്ങള്‍ തമ്മിലുണ്ടായിരുന്നു. ഞങ്ങളുടെ അമ്മാതിരി നില്‍പാടുകളില്‍ ഉറച്ചു നില്‍ക്കുമ്പോഴും എന്നെ താഴ്ത്തിക്കാണിക്കാനോ എന്നോട് കണക്കുതീര്‍ക്കാനോ ഈ അഭിപ്രായഭേദങ്ങളിലൊന്നിനെപ്പോലും അവള്‍ തെരഞ്ഞെടുത്തില്ല. അവള്‍ക്കൊപ്പമാകുമ്പോള്‍ അനേകം സ്നേഹബന്ധുക്കളുടെ നിറവുള്ള സമ്പന്നത എനിക്കുണ്ടായി. ഒറ്റമരമൊരു കാടാവുന്നതെങ്ങനെയെന്ന് മോനയാണെന്നെ പഠിപ്പിച്ചത്.
മേഘം നിറഞ്ഞു നിന്ന സെപ്തംബറിലെ ഒരു ഉച്ചയ്ക്കാണ് ഞാന്‍ അക്ഷര്‍ധാമില്‍ എത്തിയത്. ദില്ലിയിലെ അനേകം ഫ്ലൈഓവറുകളിലൂടെ തണല്‍ വൃക്ഷങ്ങളുടെ പച്ചപ്പ്  പരന്ന രാജരഥ്യകളിലൂടെ, ചിലപ്പോഴെല്ലാം അനുഭവപ്പെട്ട ഗതാഗതക്കുരുക്കുകളില്‍ മുറുമുറുത്തുകൊണ്ടാണെങ്കിലും മോന, അതിസമര്‍ഥമായി കാറോടിച്ചു. മൈലാഞ്ചിച്ചുവപ്പിന്‍റെ ചിത്രപ്പണികള്‍ നിറഞ്ഞ അവളുടെ മനോഹരമായ കൈകള്‍ മിന്നിത്തിളങ്ങുന്ന സ്റ്റിയറിംഗ് വീലിനെ താലോലിക്കുന്നത് അല്‍പം അസൂയയോടെയും അതിലേറെ ആരാധനയോടെയും ഞാന്‍ നോക്കിക്കണ്ടു.
ദില്ലി സന്ദര്‍ശിക്കുന്നവരില്‍ ഏറിയ കൂറും  അക്ഷര്‍ധാം ക്ഷേത്രത്തിലെത്തുന്നുണ്ട്. അതുകൊണ്ടാവണം ഒരു ക്ഷേത്രം എന്നതിലുപരി അതൊരു ടൂറിസ്റ്റ് കേന്ദ്രമായാണ് അനുഭവപ്പെടുക. യമുനാതടത്തില്‍ 2010-ലെ കോമണ്‍വെല്‍ത്ത് ഗെയിംസ് വില്ലേജിനടുത്ത് നാഷണല്‍ ഹൈവേ-24ലാണ് ഈ ക്ഷേത്രം. നോയിഡാമോഡിനു നന്നേ സമീപം. 43 മീറ്റര്‍ ഉയരവും 96 മീറ്റര്‍ വീതിയും 109 മീറ്റര്‍ നീളവുമുള്ള ഈ ഭീമനെ പണിതുണ്ടാക്കിയത് രാജസ്ഥാനിലെ പിങ്ക് സാന്‍ഡ് സ്റ്റോണും ഇറ്റാലിയന്‍ മാര്‍ബിളും ഉപയോഗിച്ചാണ്. കോണ്‍ക്രീറ്റോ സ്റ്റീലോ ഈ നിര്‍മ്മിതിയിലില്ല എന്ന് അവകാശപ്പെടുമെങ്കിലും ക്ഷേത്രത്തിന്‍റെ അടിത്തറ പണിയാന്‍ യഥാര്‍ഥത്തില്‍  ടണ്‍ കണക്കിനു സ്റ്റീലും കോണ്‍ക്രീറ്റും ലക്ഷക്കണക്കിന് ഇഷ്ടികകളും ഉപയോഗിച്ചിട്ടുണ്ട്.

അതിവിശാലമായിരുന്നു ക്ഷേത്രമുറ്റത്തെ കാര്‍ പാര്‍ക്കിംഗ്. അനവധി വാഹനങ്ങള്‍ അവിടെ നിറഞ്ഞു കിടന്നു. ഇന്ത്യാമഹാരാജ്യത്തിന്‍റെ ഒരു പരിച്ഛേദം തൊണ്ണൂറ് ഏക്കറില്‍ വ്യാപിച്ചിരിക്കുന്ന ആ ഭീമന്‍ ക്ഷേത്രമുറ്റത്തെ ജനങ്ങളില്‍ കാണാമായിരുന്നു.

വിശക്കുന്ന വയറുമായി ദൈവത്തെ അന്വേഷിക്കേണ്ടെന്ന് മോന സിദ്ധാന്തിച്ചു. പ്രേംവതി എന്ന് പേരിട്ട ഭക്ഷണശാലയിലേക്കാണ് ഞങ്ങള്‍ ആദ്യം പോയത്. അജന്താ, എല്ലോറ ഗുഹകളെ ഓര്‍മ്മിപ്പിക്കുന്ന ഒരു  നിര്‍മ്മിതിയാണ് പ്രേംവതി. വിദേശികള്‍ ഉള്‍പ്പടെ നല്ല തിരക്കായിരുന്നു അവിടെ. ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിലെ ഗുണസമ്പുഷ്ടമായ സസ്യഭക്ഷണം ലഭ്യമായിരുന്നെങ്കിലും ഗുജറാത്തി വിഭവങ്ങള്‍ക്കായിരുന്നു പ്രാമുഖ്യം. മധുരപലഹാരങ്ങളുടെ ഒരു നീണ്ട നിര തന്നെ ഉണ്ടായിരുന്നു.
ഞങ്ങള്‍ ഇരുവരും പഞ്ചാബി ആഹാരമായ ഛോലെ ബട്ടൂരയും കുരുമുളകു മണികള്‍ ധാരാളമായി വറുത്തിട്ട പുലാവും ബംഗാളി മധുരമായ ചംചമും മിഷ്ടിദൊയിയും എല്ലാം തികഞ്ഞ സ്വാദോടെ ഭക്ഷിച്ചു. അവള്‍ക്കൊപ്പം ഭക്ഷണം കഴിക്കുമ്പോള്‍ കിട്ടുന്ന സന്തോഷത്തേക്കാള്‍ വലിയ ദൈവം മറ്റെങ്ങുമില്ലെന്ന് എനിക്ക് അപ്പോള്‍ തോന്നാതിരുന്നില്ല. 

ബൊചാസന്‍വാസി ശ്രീ അക്ഷര്‍ പുരുഷോത്തം സ്വാമി നാരായണ്‍ സംഘടനയാണ് ഈ ക്ഷേത്രം നിര്‍മ്മിച്ചത്. രാമകൃഷ്ണ മിഷന്‍ പോലെയോ ചിന്മയ മിഷന്‍ പോലെയോ ഒരു ഹൈന്ദവ ആധ്യാത്മിക സംഘടനയാണിതും. ധനത്തിന്‍റെ ആധിക്യമായിരിക്കും എന്ന പ്രധാന വ്യത്യാസം മാത്രം. ഇതിലെ അംഗങ്ങളായ മൂവായിരത്തോളം സന്നദ്ധപ്രവര്‍ത്തകര്‍ ഏകദേശം ഏഴായിരത്തോളം തൊഴിലാളികളുമൊന്നിച്ച് ക്ഷേത്ര നിര്‍മ്മാണപ്രവര്‍ത്തനങ്ങളില്‍ പങ്കു കൊള്ളുകയായിരുന്നു. ആത്മീയ സംഘടനയുടെ നേതാവായ സ്വാമി മഹാരാജിന്‍റെയും ഗുജറാത്തിലെ അക്ഷര്‍ധാം ക്ഷേത്രം നിര്‍മ്മിക്കുന്നതില്‍ പരിശീലനം നേടിയ എട്ടോളം സന്യാസിമാരുടേയും നേതൃത്വത്തിലായിരുന്നു ക്ഷേത്രനിര്‍മ്മാണം. അഞ്ചുവര്‍ഷം കൊണ്ടാണ് ക്ഷേത്രം പണിതുയര്‍ത്തിയത്. പഞ്ചരാത്രശാസ്ത്രം, വാസ്തുശാസ്ത്രം, സ്ഥപത്യശാസ്ത്രം എന്നിങ്ങനെ ആര്‍ഷഭാരതത്തിലെ എന്‍ജിനീയറിംഗ് ഗ്രന്ഥങ്ങള്‍ മാത്രമേ ക്ഷേത്രനിര്‍മ്മാണത്തിന് ആധാരമാക്കിയിട്ടുള്ളൂ എന്ന് പറയപ്പെടുന്നു.
 ഇരുനൂറ്റിഅമ്പതോളം തൂണുകളും ഒന്‍പതു ഡോമുകളുമുണ്ട് ഈ സമുച്ചയത്തില്‍. ഓരോ തൂണും ഓരോ ഡോമും ശില്‍പവൈദഗ്ധ്യത്തിന്‍റെ അന്യാദൃശമായ നിദര്‍ശനങ്ങളാണ്. ഒന്നോ രണ്ടോ ദിവസം മുഴുവന്‍ ചെലവാക്കിയാലും  കണ്ടു തീര്‍ക്കാനാവാത്തവ. ഇരുപതിനായിരത്തിലധികം പ്രതിമകളുണ്ട്. മുപ്പത്തിമുക്കോടി ദേവകളുടെ കണക്കിലാണെങ്കില്‍ പ്രതിമകളുടെ എണ്ണം  കുറവ് തന്നെ. എങ്കിലും കണ്ടുതീര്‍ക്കുക ഒട്ടും എളുപ്പമല്ല.

സ്വാമി നാരായണ ആചാര്യന്‍റെ വിഗ്രഹം ഏറ്റവും പ്രധാനപ്പെട്ടതും നടുവിലുള്ളതുമായ ഡൊമിന് കീഴെയാണ് പ്രതിഷ്ഠിക്കപ്പെട്ടിട്ടുള്ളത്. ചുറ്റുമായി മറ്റു ആചാര്യന്മാരേയും കാണാം. കൂടാതെ ശ്രീരാമനും സീതയും, ശിവനും പാര്‍വതിയും, കൃഷ്ണനും രാധയും, ലക്ഷ്മി നാരായണനും വെട്ടിത്തിളങ്ങുന്ന പട്ടുവസ്ത്രാഭരണങ്ങളോടെ കണ്ണഞ്ചിപ്പിക്കുന്ന ശോഭയോടെ കാണപ്പെടുന്നുണ്ട്. അവയിലെ അലങ്കാരങ്ങള്‍ ഇസ്ക്കോണ്‍ അമ്പലങ്ങളെ ഓര്‍മ്മിപ്പിച്ചു. ക്ഷേത്രത്തില്‍ പ്രതിഷ്ഠിക്കപ്പെട്ട വിഗ്രഹങ്ങളെല്ലാം തന്നെ പഞ്ചലോഹനിര്‍മ്മിതമാണ്. മിന്നിത്തിളങ്ങുന്ന, വിലപിടിപ്പുള്ള കല്ലുകളില്‍ പ്രകാശം വീണു ചിതറുമ്പോഴുണ്ടാകുന്ന നിറങ്ങളുടെ ധോരണിയില്‍ പ്രധാന ഡോമും അതിനകവും ചെടിപ്പിക്കുന്ന വിധം ആഡംബരപൂര്‍ണമാണ്. ധനത്തിന്‍റെ ധാരാളിത്തം കണ്ണില്‍ക്കുത്തിക്കയറുന്ന അവിടെ നില്‍ക്കുമ്പോള്‍ അതീവധനികരായ പരിചയക്കാര്‍ക്ക് മുന്നില്‍ പൊടുന്നനെ ചെന്നുപെട്ട ഒരു ദരിദ്രയുടെ അപകര്‍ഷതയാണ് എനിക്ക് തോന്നിയത്. ഭക്തിയൊന്നും  മനസ്സിലുണര്‍ന്നതേയില്ല. നൂറ്റമ്പതോളം  ആനകള്‍ താങ്ങി നിറുത്തുന്ന ഗജേന്ദ്രപീഢമെന്ന വിശാലമായ അടിത്തറയിലാണ് ഈ ക്ഷേത്രമെന്ന് പ്രധാന ഡോമിനു പുറത്തിറങ്ങിയപ്പോഴേ ഞാന്‍ മനസ്സിലാക്കിയുള്ളൂ. ആനകളുടെ അതീവവൈവിധ്യമാര്‍ന്ന ശില്‍പങ്ങള്‍ കുറേയേറേയുണ്ട്. ഹിന്ദുസംസ്ക്കാരത്തിലും ചരിത്രത്തിലും ആനകളുടെ പ്രാധാന്യം അഭൂതപൂര്‍വമായിരുന്നെന്നും അതിനോടുള്ള ഒരു നന്ദിപ്രകാശനമാണ് ആ ഗജസാന്നിധ്യമെന്നും വിശദീകരണമുണ്ടായി. ഇതിനുചുറ്റുമായി കാണുന്ന തടാകത്തിനു നാരായണസരോവരമെന്നാണ് പേര്. ഇന്ത്യയിലെ നൂറ്റമ്പത്തൊന്നു നദികളില്‍ നിന്നുള്ള ജലമാണ് ഈ തടാകത്തിലുള്ളത്. ചുറ്റുമായി നൂറ്റെട്ടു ഗോമുഖങ്ങള്‍ ഉണ്ട്.  
ഒരു പ്രത്യേക തരം പ്രകടനാത്മക ഹൈന്ദവതയുടെ വല്ലാത്ത കുത്തിക്കയറല്‍ ആ ക്ഷേത്രപരിസരത്തുണ്ടെന്ന് തോന്നിയെങ്കിലും അതിനെക്കുറിച്ച് കൃത്യമായ നിലപാടുണ്ടാക്കാന്‍ എനിക്ക് കഴിയുന്നുണ്ടായിരുന്നില്ല. കണ്ണിനു മുന്നില്‍ വലയിട്ട, പര്‍ദ്ദ ധരിച്ച മുസ്ലിം സ്ത്രീകളുള്‍പ്പടെ എല്ലാ ജാതി, മതക്കാരും അവിടെ ഉണ്ടായിരുന്നു. എല്ലാവര്‍ക്കും പ്രവേശനമുണ്ടെങ്കിലും എന്തോ ഒരു വല്ലായ്മ എന്നെ ബാധിക്കാതിരുന്നില്ല.

സഹജാനന്ദ പ്രദര്‍ശനമെന്ന പേരില്‍ ആധുനിക റോബോട്ടിക്സും ഡയോരമകളുമായി ( പൂര്‍ണകായ മോഡലുകള്‍) സ്വാമി നാരായണ ആചാര്യന്‍റെ ജീവിതവും ഏകപക്ഷീയമായ ഒരു ഇന്ത്യാചരിത്രവും നമുക്ക് മുന്നില്‍ അനാവൃതമാകുന്നുണ്ട്. ആചാര്യന്‍ സമാധാനത്തിനും വിനയത്തിനും ഭക്തിക്കും സേവനത്തിനുമൊക്കെ വലിയ പ്രാധാന്യം കല്‍പിച്ചിരുന്നുവെന്ന് കാണാന്‍ കഴിയും. പതിനെട്ടാം നൂറ്റാണ്ടാണ് പ്രദര്‍ശനത്തിന്‍റെ കാലഘട്ടം. സ്വാമി നാരായണിന്‍റെ ശൈശവം അവതരിപ്പിക്കുന്നത് ലോകത്തിലെ ഏറ്റവും ചെറിയ അനിമാട്രോണിക് റോബോട്ട് ആണ്. ഘനശ്യാം എന്ന പേരില്‍ പാട്ടും സംഭാഷണങ്ങളും ഉദ്ബോധനങ്ങളുമെല്ലാമായി വളരെ വിശദമായ ഒരു പ്രദര്‍ശനം തന്നെയാണത്.

തുടര്‍ന്ന് അണിഞ്ഞൊരുങ്ങിയ അരയന്നപ്പൂന്തോണിയിലെ യാത്രയിലാണ് ഇന്ത്യാചരിത്രത്തെക്കുറിച്ചുള്ള പ്രദര്‍ശനം കാണാനാവുന്നത്. എന്‍റെ എല്ലാ വല്ലായ്മകള്‍ക്കും ഉള്ള നേരുത്തരം അതിലുണ്ടായിരുന്നു. ആ പ്രദര്‍ശനം തികച്ചും ഏകപക്ഷീയമായിരുന്നു. അതനുസരിച്ച് ഇന്ത്യ എന്ന സകലതും തികഞ്ഞ അതീവധനാഢ്യമായ ഹൈന്ദവദേശം. വിമാനവും കപ്പലും എന്നു വേണ്ട ആധുനിക പാശ്ചാത്യ ദേശങ്ങളിലെ അത്യാധുനികമായ കണ്ടുപിടുത്തങ്ങള്‍ ഒക്കെയും പണ്ടേക്കുപണ്ടേ ഇവിടെയുണ്ടായിരുന്നു. എല്ലാം ഹിന്ദുക്കളുടെ മാത്രം കണ്ടുപിടുത്തങ്ങള്‍. മറ്റു മതക്കാരോന്നും ഇവിടെ ഉണ്ടായിരുന്നതുമില്ല, അവരൊന്നും  കണ്ടുപിടിച്ചതുമില്ല. അവരൊക്കെ കടന്നുകയറ്റക്കാര്‍ മാത്രം...

എന്‍റെ  സുഹൃത്തിനെ അരിശം പിടിപ്പിക്കുന്നത് ഈ പ്രദര്‍ശനമാണെന്ന് എനിക്ക് ബോധ്യമായി. എനിക്ക് പ്രദര്‍ശനമപ്പാടെ ഒരു പ്രഹസനമായാണ് തോന്നിയത്. ഇക്കാണിക്കുന്നതൊന്നുമല്ല ഇന്ത്യാചരിത്രമെന്നറിയാന്‍ വലിയ ബുദ്ധിയൊന്നും ആവശ്യമില്ല. എങ്കിലും ഇതിനുള്ളില്‍ ഒതുങ്ങിയിരിക്കുന്ന മതാന്ധതയുടെ വിഷബീജങ്ങള്‍ അപകടകരമായ വിധത്തില്‍ പലരേയും പ്രകോപിപ്പിച്ചുകൂടെന്നില്ല.

യജ്ഞപുരുഷകുണ്ഡമെന്ന് പറയുന്ന ഗംഭീരമായ ഒരു തടാകമുണ്ട് ഈ ക്ഷേത്രത്തില്‍. ഇന്ത്യയിലെ ഏറ്റവും വലിയ പടിക്കെട്ടുള്ള കുളമാണത്. പടിക്കെട്ടുകള്‍ യജ്ഞകുണ്ഡത്തിലേക്ക് ഇറങ്ങിച്ചെല്ലുന്നു. ഒരു മ്യൂസിക്കല്‍ ഫൌണ്ടനാണിതിലെ പ്രധാന ആകര്‍ഷണം. അതിന് ആത്മീയ സംഘടനയുടെ സ്ഥാപകനായ ശാസ്ത്രിജി മഹാരാജിന്‍റെ പേരാണ് നല്‍കിയിട്ടുള്ളത്. അസാമാന്യമുഴുപ്പുള്ള ആ ജലധാര ഉയരുന്നത് കാണാന്‍ ഞങ്ങള്‍ക്ക്  കഴിഞ്ഞില്ല. അവിടെ അറ്റകുറ്റപ്പണികള്‍ നടക്കുകയായിരുന്നു. ജലധാരയുടെ കേന്ദ്രഭാഗമായ യജ്ഞകുണ്ഡം ഒരു എട്ടിതളുള്ള താമരപ്പൂവിന്‍റെ മാതൃകയിലാണ്. പഞ്ചരാത്രശാസ്ത്രത്തിന്‍റെ ജയാഖ്യായ സംഹിതയനുസരിച്ചാണത്രേ ഇതിന്റെ നിര്‍മ്മാണം. 
 ഭാരത ഉപവനം എന്ന പേരില്‍ ക്ഷേത്രത്തിനു ചുറ്റും നല്ല ഒരു പൂന്തോട്ടമുണ്ടാക്കിയിരിക്കുന്നു. അതൊന്നും മുഴുവന്‍ നടന്നു കാണാനുള്ള ആരോഗ്യം തോന്നിയില്ല. കുറച്ചുനേരം അവിടെയിരുന്ന് കാറ്റേറ്റു. കുറ്റിച്ചെടികളും വൃക്ഷങ്ങളും പച്ചപ്പുല്‍പ്പരപ്പുമെല്ലാം കമനീയമായി വെട്ടിയൊരുക്കി നിറുത്തീട്ടുള്ള ഒരു പ്ലാന്‍ഡ് ഗാര്‍ഡനാണത്. ധാരാളം പ്രതിമകളുമുണ്ട്.

നീലകണ്ഠയാത്രയെന്ന് പേരിട്ട തിയേറ്ററാണ് വേറൊരു തിലകക്കുറി. ദില്ലിയിലെ ആദ്യത്തേതും ഇപ്പോഴും അനന്യവുമായി തുടരുന്ന പടുകൂറ്റന്‍ ഫോര്‍മാറ്റ് സ്ക്രീനാണിവിടെയുള്ളത്. സ്വാമി നാരായണ ആചാര്യന്‍ കൌമാരകാലത്ത് നടത്തിയ തീര്‍ഥയാത്രയുടെ അനുസ്മരണമെന്ന രീതിയില്‍ ഒരു സിനിമാപ്രദര്‍ശനമുണ്ട്. സിനിമാപ്രദര്‍ശനം ഞാന്‍ കണ്ടില്ല. ഏഴുകൊല്ലം നീണ്ടു നിന്നുവത്രേ ആചാര്യന്‍റെ തീര്‍ഥയാത്ര. എട്ട് മീറ്ററിലധികം ഉയരമുള്ള നീലകണ്ഠ വര്‍ണിയുടെ (സ്വാമി നാരായണന്‍റെ ഭിക്ഷാടന വേഷം) ചെമ്പില്‍ തീര്‍ത്ത വിഗ്രഹം അവിടെ പ്രതിഷ്ഠിച്ചിട്ടുണ്ട്. ഭക്തജനങ്ങള്‍ ഈ വിഗ്രഹത്തില്‍ പാലുകൊണ്ടും ജലം കൊണ്ടും മറ്റും അഭിഷേകം നടത്താറുണ്ട്.

താമരയിതളുകളുടെ രൂപത്തില്‍ രാജസ്ഥാന്‍ പിങ്ക് കല്ലുകൊണ്ടു തീര്‍ത്ത ഒരു തോട്ടം കാണാം. അതില്‍ മാര്‍ട്ടിന്‍ ലൂഥര്‍ കിംഗിന്‍റേയും, ഗാന്ധിജിയുടേയും,വിവേകാനന്ദന്‍റെയും മറ്റും പ്രസിദ്ധവചനങ്ങള്‍ കൊത്തിയുണ്ടാക്കിയിട്ടുണ്ട്. 

ദി അക്ഷര്‍ധാം സെന്‍റര്‍ ഫോര്‍ അപ്ലൈഡ് റിസര്‍ച്ച്  ഇന്‍ സോഷ്യല്‍ ഹാര്‍മണി എന്നൊരു ഗവേഷണസ്ഥാപനവും ഈ ക്ഷേത്രസമുച്ചയത്തില്‍ പ്രവര്‍ത്തിക്കുന്നു.  
മടക്കയാത്രയില്‍, പറഞ്ഞു കേട്ട അത്ര ആകര്‍ഷകത്വമൊന്നും അക്ഷര്‍ധാമിനുള്ളതായി എനിക്ക് തോന്നുന്നില്ലെന്ന് ഞാന്‍ മോനയോട് പരാതിപ്പെടാതിരുന്നില്ല. ഹൃദ്യമായി ചിരിച്ചുകൊണ്ട് കാറിന്‍റെ ഗിയര്‍ മാറ്റുന്നതിനിടെ അവള്‍ പ്രതിവചിച്ചു. ‘നിന്നെ കൂട്ടിക്കൊണ്ടു വരുമ്പോഴേ ഇതു കേള്‍ക്കേണ്ടി വരുമെന്ന് എനിക്കറിയാമായിരുന്നു’.

അതെ, മോന അന്നും ഒരു മരമെങ്ങനെ കാടാവുമെന്ന് തന്നെയാണ് പഠിപ്പിച്ചത്...