Thursday, May 31, 2012

മുലപ്പാലിന്റെ നിറവ്


 
ഒരേ തൂവൽ പക്ഷികൾ എന്ന ബ്ലോഗിൽ പ്രസിദ്ധീകരിച്ചത് ( 2012 മെയ് 11)

കഥയിൽ പല കാലങ്ങളുണ്ട്. അത് അതിനു തോന്നും പോലെ മാറിമറിയും. ഇന്ന് കഴിഞ്ഞാൽ എന്തായാലും നാളെയാവണമെന്ന് ആരും വാശി പിടിക്കരുത്. 

അപ്പോ കഥയിലെ ഇന്നത്തെ കാലത്തിന്റെ തൊട്ടു മുൻപ് ഒരിടത്തൊരു നാട്ടിൽ ഇങ്ങനെയൊക്കെയുള്ള പഴഞ്ചൊല്ലുകളുണ്ടായി. ബാക്കി ഒരു നാട്ടിലും ഇല്ല ഇങ്ങനെ എന്ന് വഴക്കുണ്ടാക്കരുത്, കേട്ടോ. കഥയല്ലേ……ഏതു നാട്ടിലും എപ്പോൾ വേണമെങ്കിലും എങ്ങനെ വേണമെങ്കിലും ഒരു കഥയുണ്ടാവാം

ചില്ലിക്കാശ് ചെലവില്ല.

കേടു വരില്ല.

തിളപ്പിച്ച് ആറിയ്ക്കേണ്ട.

പൂച്ച തട്ടിക്കുടിയ്ക്കില്ല.

വായ തുറന്നാൽ, അപ്പോ കിട്ടും.

പിന്നെ, പിന്നെ...

ഇതിലും നല്ലൊരു പാൽപാത്രം ഇല്ല.

ഹി.ഹി.

മെഡിക്കൽ കോളേജിൽ പഠിച്ചയാളാണു ഇതെല്ലാം പറഞ്ഞത്. ഒരിയ്ക്കലും മുലപ്പാലൂറിയിട്ടില്ലാത്ത ഒരു ആൾ. അയാൾക്കേ ഇങ്ങനെ പറയാൻ പറ്റൂ.

പ്രസവിച്ചിട്ട് രണ്ടായി, ദിവസം.

സ്ത്രീധനം ബാക്കി വന്നാലും പെണ്ണ് ആണിനെ പെറാത്ത ദുരിത നഷ്ടമുണ്ടായാലും അത് ഗാന്ധിത്തല എണ്ണിത്തീർക്കണം. വേണ്ടേ? കടങ്ങളൊന്നും ബാക്കി വെയ്ക്കാൻ പാടില്ല. കെട്ടിക്കൊണ്ട് വന്ന പെണ്ണിനെ പോറ്റാനാണല്ലോ സ്ത്രീധനം. അതും ബാക്കി, പുറമേ ആ പെണ്ണ് ഒരു പെണ്ണിനെയും കൂടി പെറ്റിട്ടാൽ……ഇതിനൊക്കെ ആരു ചെലവിനു കൊടുക്കാനാണ്? കാശിനു കാശു തന്നെ വേണം. വേണ്ടേ?

അതാണ് കുഞ്ഞിനെ നീക്കിപ്പിടിച്ച് അതിന്റെ തന്തയും തറവാടും ഉറഞ്ഞു തുള്ളിയത് . മുലമുട്ടിപ്പ് തന്ത്രത്തിന് പത്രങ്ങളിലും മാസികകളിലും ഒന്നും ആരും ഇതുവരെ പഠനങ്ങളെഴുതീട്ടില്ല. കിട്ടുന്ന പുസ്തകത്തിലൊക്കെ നോക്കി, ഒന്നും കണ്ടില്ല. ആരെങ്കിലും കണ്ടാൽ പെണ്ണിനോട് പറയണേ
മുലപ്പാൽ നിറഞ്ഞു വീർത്തു നീരു വന്നു മുട്ടി. കക്ഷം വരെ ഉണ്ടായിരുന്നു രണ്ട് നാൾ മുൻപ് പെറ്റ പെണ്ണിന്റെ മുല. 

പോലീസുകാർ അടിവയറ്റിൽ ഇടിച്ചാൽ മൂത്രം മുട്ടും. ആണിനും പെണ്ണിനും മുട്ടും. അത് സിനിമയിലും ലേഖനത്തിലും കഥയിലും ഒക്കെ എല്ലാവരും കാണുകയും വായിയ്ക്കുകയും ചെയ്തിട്ടുണ്ട്. അതുകൊണ്ട് മൂത്രം മുട്ടിപ്പ് എല്ലാർക്കും പെട്ടെന്ന് അറിയും. അയ്യോ! കഷ്ടം! അക്രമം! എന്ന് എല്ലാവരും സങ്കടപ്പെരുമഴയായി പെയ്യും. 

മുല മുട്ടിപ്പ് മുട്ടിയാലേ അറിയൂ. മുട്ടിച്ചാലേ അറിയൂ. പെറ്റവൾ രണ്ടു കൈകളും പൊക്കിപ്പിടിച്ച് അലറിക്കരഞ്ഞു. തൊണ്ടയടയുവോളം പ്രാകി. ബോധം കെടുവോളം വെറുത്തു. പശുവിന്റെ പാലിനല്ലേ പണമെണ്ണി കിട്ടൂ. വിറ്റാൽ കാശ് കിട്ടാത്ത മുലപ്പാല് പിഴിഞ്ഞ്  പെറ്റ പെണ്ണ് തെങ്ങിൻ ചോട്ടിലൊഴിച്ചു. പിന്നെ വിളഞ്ഞ ഇളന്നീരിന് മുലപ്പാലിന്റെ രുചി

മുലമുട്ടിപ്പ് തീരാൻ ഏഴര സെന്റും അമ്പതിനായിരം രൂപയും. സ്ത്രീധന ബാക്കിയും പിന്നെ പലിശയും ഒക്കെയാവുമ്പോൾ അതു വേണം. അത്രയെങ്കിലും കൊടുക്കണം. “ആണൊരുത്തനല്ലേടീ? നിന്റൊപ്പം കഴിയണ്ടേ? നീ പെറ്റിട്ട പെൺകൊച്ചിനു തന്ത വേണ്ടേടീ…“ അപ്പോ സ്വത്തിനൊപ്പം സ്വത്ത്. പണത്തിനൊപ്പം പണം. അതു കൊടുക്കണം. വാക്കു പറഞ്ഞ കാശും മൊതലും തീർത്ത് കൊടുക്കണം.

‘മഹാപാപീ, അപ്പോ ഈ വെറുതെ  ഒഴുകിപ്പോയ മുലപ്പാലിന്റൊപ്പം ……..‘

‘മുലപ്പാലിനൊപ്പം ……നിന്റമ്മേടെ തലയാടീ, തല. ആരാ പറഞ്ഞത് ആ തള്ളയോട് നിന്നെപ്പോലെ ഒരു പെണ്ണിനെ പെറ്റു പോറ്റി എന്റെ കഴുത്തീലു ഞാത്തിയിടാൻ?‘

‘കൊടുക്ക് നീ പെറ്റ ഈ നാശത്തിന് മുലപ്പാല്. എന്തൊരു കീറലാ ഏതു നേരത്തും. ചെവി തല കേട്ടിട്ടില്ല, ഈ നാലു ദിവസം‘

ഏറ്റവും സുഖകരമായ, അനുഭൂതി ദായകമായ സ്പർശം ഏതാണ്? ആദ്യ ചുംബനം?  ആദ്യഭോഗം? 

ച്ഛി, അതൊക്കെ ഏതാണ്ടു പണ്ടാര കഥയിലും പൊട്ടക്കവിതയിലും നേരമ്പോക്കിന്, ജോലിയില്ലാത്തവര് എഴുതി നിറക്കണത്..

നീരു മുട്ടിയ മുല കുടിച്ച്, അതൊരു കാറ്റു പോയ ബലൂണാക്കി, അമ്മൂമ്മയുടെ ഭസ്മ സഞ്ചിയാക്കി ചിരിച്ച കുഞ്ഞിളം ചുണ്ടിന്റെ  സ്പർശത്തോളം ഉണ്ടോ ചുംബനവും ഭോഗവുമൊക്കെ? 

ആ പറഞ്ഞതൊക്കെ കെട്ടുകഥകൾ. ഉയരത്തിൽ കെട്ടിയ കൊടിക്കൂറകൾ. അതിലെ കീറലും മങ്ങലും നാലാള് കാണണ്ട. ഇനീം ആൾക്കാരു ആദ്യ ചുംബനത്തിന്റേം കൂടെ കിടന്നതിന്റേം  ഗമക്കൊടി പിടിച്ച് നടക്കേണ്ടേ? മുല മുളയ്ക്കുന്ന പെൺകുട്ടികൾക്കും  മീശ കുരുക്കുന്ന ആൺകുട്ടികൾക്കും കേൾക്കുമ്പോൾ രോമാഞ്ചം വരണ്ടേ?ആദ്യം സീലു പൊട്ടിച്ച കഥ പറയേണ്ടേ?
അതിത്രേള്ളൂ, അത് നിസ്സാരം എന്ന് പറഞ്ഞാ തീർന്നില്ലേ കുടുംബം, കെട്ടുറപ്പ്, ആവാസ വ്യവസ്ഥ, സദാചാരം? ഈ ലോകം?

കാശില്ലാത്ത പെണ്ണ് പെറ്റു കിടക്കരുത്. അതാണ് മുലപ്പാൽ കനം കൂടിയ ഉടുപ്പ് കവിഞ്ഞും പണിസ്ഥലത്തൂടെ ഒഴുകിയത്. നേർപ്പിച്ച പശുവിൻ പാലും പാൽ‌പ്പൊടി കലക്കിയതും കുടിച്ച് മുലയൂട്ടുന്ന അമ്മമാരുടെ പടങ്ങളും കണ്ട് കുഞ്ഞ് കിടന്നു. 

ധനാർത്തിയേക്കാൾ വലിയ കറുത്ത പൂച്ചയോ വെളുത്ത പൂച്ചയോ ഉണ്ടോ?

കെട്ടി നിന്ന മുലപ്പാലു കുഞ്ഞിന് വയറിളക്കും. 

കെട്ട സ്ത്രീയുടെ മുല കുടിച്ച് കുഞ്ഞ് വളരേണ്ടെന്ന് തീരുമാനിയ്ക്കാൻ എത്ര സമയം വേണം? ഗാന്ധിത്തലയുടെ എണ്ണം തെറ്റിയെന്ന് തോന്നാൻ എത്ര സമയം വേണം? ഭൂമിയുടെ സെന്റ് കണക്ക് പോരാന്ന് തോന്നാൻ എത്ര നേരം വേണം? ചെല ആണൊരുത്തന്മാർക്ക് തോന്നിയാ പിന്നെ ദൈവത്തിനു തോന്നിയ മാതിരി. 

കുട്ടി ആണായാലും പെണ്ണായാലും തന്തയ്ക്ക് പിറക്കും, അല്ലാതെ തള്ളയ്ക്ക് പിറക്കാറുണ്ടോ? ഇന്നേവരെ ഏതെങ്കിലും ഒരു കുട്ടി തള്ളയ്ക്ക് പിറന്നിട്ടുണ്ടോ?

“പിച്ചിപ്പൂവോ മുല്ല മാലയോ മുലയിൽ കെട്ടിവെച്ചാൽ പാല് നിൽക്കും പെണ്ണേ..നീയിങ്ങനെ കരയണ്ട.“ പെറ്റ കുഞ്ഞുങ്ങളെല്ലാം ഒരോന്നായി ചത്തു കെട്ടു പോയ പ്രാന്തിത്തള്ള വായനശാലയുടെ തിണ്ണയിലിരുന്ന്  ചിരിച്ചു..പിന്നേം ചിരിച്ചു. “നിന്റെ കുട്ടി ചത്തിട്ടില്ലല്ലോടീ“ന്ന് അലറിക്കരഞ്ഞു.  പ്രാന്തിത്തള്ളയ്ക്ക് പ്രാന്താണെന്ന് പറഞ്ഞോർക്കാണ് പ്രാ‍ന്ത്.

പിച്ചിപ്പൂവും മുല്ലപ്പൂവും കാണുമ്പോൾ ഇപ്പോഴും കരച്ചിലു വരുന്നത് അതുകൊണ്ടാണ്.

പെട്ടെന്ന് ഈ കഥയില് കാലം മാറി, ഭാവി കാലം വന്നു.

അങ്ങനെ ഇല്ലാതായ,അകന്നു നീങ്ങിപ്പോയ പാലൊഴുകും മുലക്കണ്ണുകൾ കീഴ്ചുണ്ടായി തീർന്നു കുഞ്ഞിനു ധൈര്യമായി...കുഞ്ഞ് സ്വന്തം ചുണ്ടു കുടിച്ച്കുടിച്ച് വളർന്നു, വലുതായി..

പാൽ കെട്ടി നിറുത്തിയ തെറ്റിന് പാൽ‌പ്പാത്രത്തിന്റെ ഭംഗി കവർന്ന വലിയ മുഴകൾ  എന്റെ തെറ്റല്ലെന്ന് താണു കേണു പറഞ്ഞിട്ടും  നഖം വെച്ച് ഇറുക്കുകയും മുള്ളു വെച്ച് കുത്തുകയും ചെയ്ത് അലറിച്ചിരിച്ചു, ആ ചിരി സൂക്ഷിച്ചു വെച്ചിരുന്നത് പ്രവചിയ്ക്കാൻ ആരുമില്ലാത്ത ഒരു ഭാവികാലത്തിലായിരുന്നു.

ഈ കഥയിൽ പിന്നൊരു പഴയ പഴയ ഭൂതകാലമുണ്ട്. അതു മറന്നാലെങ്ങനെയാണ്? എത്രയായാലും വന്ന വഴി മറക്കാൻ പാടില്ല. എപ്പോഴും വേരുകളും പിന്നെ ഓർമ്മകളും നമുക്കുണ്ടായിരിക്കണം.

മരിക്കൊഴുന്തും മുല്ലപ്പൂവും കൊഴിച്ചു കളഞ്ഞു ഒരു അമ്മ. 

മോരും വെണ്ണയും ദൂരെ നീക്കി ആ അമ്മ. 

കുത്തരിയും പഴയരിയും കളഞ്ഞു വെളുത്ത അമ്മ. 

സ്വന്തം സ്നേഹത്തെ ഒരുപാടു സ്നേഹിച്ചു അമ്മ. 

അപ്പോൾ നാടും വീടും ശീലവും രുചിയും ഇഷ്ടവും തിരിഞ്ഞു നോക്കാതെ ഒരു ആട്ടും പിന്നെ ഒരു തുപ്പും ഒടുവിലൊരു ചവിട്ടും കൊടുത്ത് പടി കടന്ന് പോയി.

എന്നിട്ടെന്തുണ്ടായി? 

സ്നേഹം സ്നേഹം എന്ന് കരഞ്ഞു അമ്മ

പട്ടിണി കിടന്നു അമ്മ, 

കഞ്ഞിവെള്ളം കുടിച്ചു അമ്മ, 

അടിയും കൊണ്ടു അമ്മ. 

പ്രസവിച്ചപ്പോൾ ആ അമ്മയ്ക്ക് ഒരു തുള്ളി മുലപ്പാലുണ്ടായിരുന്നില്ല. മുല മുറിച്ചാലുമില്ല പാലെന്ന് നിറഞ്ഞ പാലുള്ള മുഴുത്ത മുലക്കളിയാക്കിച്ചിരികൾ. അതുകൊണ്ട് അമ്മേടേ കുഞ്ഞിന് മുല കുടിയ്ക്കാൻ അറിയുമായിരുന്നില്ല. അതിന് ഒരിയ്ക്കലും ആശയും കൊതിയും വന്നില്ല.

മരിക്കൊഴുന്തും മുല്ലപ്പൂവും കുത്തരിയും പഴയരിയും മോരും വെണ്ണയും ഇല്ലെങ്കിലും, നല്ല ചുട്ട അടി ശീലമായ അമ്മ പിന്നെ പട്ടിണി കിടന്നില്ല. സ്നേഹത്തിന് കരഞ്ഞില്ല. ഒക്കെ ശീലമായാൽ മതി, പെണ്ണുങ്ങൾക്ക്. പിന്നെ ഒരു കുഴപ്പവുമില്ല. അതുകൊണ്ടാണ് താഴെപ്പിറന്നവൾ മ്ണാം മ്ണാം എന്ന് മുല കുടിയ്ക്കുന്നത് കണ്ട് അന്തം വിട്ട് നിൽക്കാൻ പറ്റിയത്. അടുത്ത വർഷം വന്ന മുലപ്പാലിന്റെ പുതിയ അവകാശിയെ നോക്കി അവൾ എന്നിട്ടും പല്ലു കടിച്ചു. കൈകാലുകൾ കുടഞ്ഞ് അലറിക്കരഞ്ഞു. 

അപ്പോൾ ആണിനെ അറിയാത്ത, പെറ്റിട്ടില്ലാത്ത ഒരു വല്യമ്മച്ചിയാണ് അവൾക്ക് പാലില്ലാത്ത മുല കൊടുത്തത്. അതുകൊണ്ട് അവളായിരുന്നു എന്നും വല്യമ്മച്ചിയുടെ മോളു കുട്ടി. 

ആൺപിറന്നവനെന്തിനാണ് അമ്മയാവാനെന്ന് വല്യമ്മച്ചി.

ഒരു കുഞ്ഞുണ്ടായാൽ എല്ലാ പെണ്ണുങ്ങൾക്കും മുലപ്പാൽ വരണം.  പെണ്ണുങ്ങൾക്കെല്ലാം മുല കിട്ടിയപ്പോൾ അതും കിട്ടാമായിരുന്നു. ഒന്നാലോചിച്ചു നോക്ക്. ഏതു പെണ്ണ് വാരിയെടുത്താലും ഏതു കുഞ്ഞിനും മുല കുടിക്കാൻ പറ്റിയിരുന്നെങ്കിൽ

ഇത് കഥയിലെ ഭൂതവുംർത്തമാനവും ഭാവിയുമല്ലാത്ത ഒരു സത്യകാലം.

സത്യകാലത്തിൽ ഒക്കെ ദൈവഹിതം അല്ലേ? ആവോ? ദൈവത്തിനു ഹിതമായത് ആരേ പറഞ്ഞ് തന്നത് ?

ആ ഹിതത്തിനാണോ ഒരു വീട്ടിൽ പെറ്റ് കിടക്കുന്ന പെണ്ണിന്റെ കുഞ്ഞിനെ കുഴിയിലേക്ക് എടുക്കുന്നത്? അവിടത്തെ അച്ഛനു കുടിയ്ക്കാൻ പിന്നത്തെ നേരം തള്ളേടെ കണ്ണീര്ആ അച്ഛൻ വിങ്ങിവിങ്ങിക്കരയുമ്പോൾ കണ്ണീരൊലിച്ച് കിണർ നിറഞ്ഞു.

ആ പറഞ്ഞ ദൈവഹിതത്തിനു തന്നെയാണോ പിന്നൊരു വീട്ടിൽ മുല കുടിയ്ക്കുന്ന കുഞ്ഞിന്റെ തള്ളയെ ചിതയിലേക്ക് വെയ്ക്കുന്നത്? അവിടത്തെ കുഞ്ഞിനു കുടിയ്ക്കാൻ അന്നേരം ആദ്യം അച്ഛന്റെ കണ്ണീര്.. അതൊരു ചുവന്ന കണ്ണീരായിരുന്നു. കണ്ണീരിന്റെയും കണ്ണീരായിരുന്നു. 

ഒക്കെ സുഭിക്ഷമായി.. ന്ത്? കണ്ണീര് തന്നെ
 
ദൈവഹിതം , ഒരു സംശയവും വേണ്ട.

Friday, May 25, 2012

അഹോ! ത്യാഗമയീ……ദേവതാ…..നാരീ


കുടുംബ മാധ്യമത്തിലെ സ്വകാര്യത്തിൽ( 2012 ഏപ്രിൽ 20 വെള്ളിയാഴ്ച) പ്രസിദ്ധീകരിച്ചത്.

അടുത്തയിടയ്ക്കാണ്  ഈ അമ്മയെ പരിചയപ്പെട്ടത്. അപ്പോൾ നേരത്തെ അറിയാതിരുന്ന, അറിഞ്ഞെങ്കിലും സാരമാക്കാതിരുന്ന ചില സമാന അനുഭവങ്ങൾ കൂടി തിക്കിത്തിരക്കി ഉള്ളിൽ കയറി വന്നു. ഇമ്മാതിരിയുള്ള അമ്മമാരും സഹോദരിമാരും ഭാര്യമാരും എല്ലാം നമുക്കു ചുറ്റും ധാരാളമുണ്ട്. അവരെ കാണാറില്ലെന്നതിന്റെ ന്യായീകരണത്തിന് അവർ അങ്ങനെ തന്നെയല്ലേ ആവേണ്ടത് എന്ന അടിയുറച്ചു പോയ ചൂഷണ മനോഭാവവും കൂടി കാരണമാകുന്നില്ലേ എന്ന സംശയവും ഇല്ലാതില്ല. സ്ത്രീകൾ വീട്ടിൽ ജോലിചെയ്യാതെ വെറുതെയിരിയ്ക്കാൻ പാടില്ല എന്ന് തുടങ്ങി അധികം ഭക്ഷിച്ചാൽ പ്രസവിയ്ക്കുകയില്ല എന്നുവരെ തരം കിട്ടുമ്പോഴെല്ലാം പറഞ്ഞു കേൾപ്പിയ്ക്കുന്നതുകൊണ്ട് പ്രത്യേകിച്ചും.

യാത്ര തുടങ്ങുമ്പോൾ അമ്മയും മകനുമെന്ന് തോന്നിപ്പിച്ച രണ്ടു യാത്രക്കാർ മാത്രമായിരുന്നു എതിരെയുള്ള സീറ്റിൽ. അമ്മ മുഖം നിറച്ച് പരിഭ്രമവുമായി മറ്റു യാത്രക്കാരെ ഇടയ്ക്കിടെ പാളി നോക്കികൊണ്ടിരുന്നു. അവരുടെ കറയും വരയും വീണു കറുത്തു പോയ കൈവിരലുകൾ മുണ്ടിന്റെ തലപ്പിൽ കെട്ടുകളിടുകയും അഴിയ്ക്കുകയുമായിരുന്നു. വലിയ യാത്രാപരിചയമൊന്നും തോന്നിപ്പിയ്ക്കാത്ത, അതീവ സാധാരണക്കാരിയായ ഒരു സ്ത്രീ. മകനെപ്പോലെയിരുന്ന യുവാവ് ലാപ്ടോപ്പിൽ തിരക്കിട്ട് ജോലി ചെയ്യുന്നുണ്ടായിരുന്നു. അയാൾ അമ്മയെ ശ്രദ്ധിച്ചതേയില്ല കുറച്ച് കഴിഞ്ഞപ്പോൾ മകന്റെ സുഹൃത്തും കമ്പാർട്ട്മെന്റിലേയ്ക്ക് കടന്നു വന്നു. അവർ ഒരുമിച്ച് സാങ്കേതികതയുടെ അതിവിശാല ലോകങ്ങളിലേയ്ക്ക് പാറിപ്പറന്നു, അവരുടെ മൊബൈൽ ഫോണുകളും ലാപ് ടോപ്പുകളും അവിരാമം പ്രവർത്തിച്ചു. ഉച്ചത്തിൽ ചിരിച്ചും നേരമ്പോക്കുകൾ പങ്കിട്ടും അവർ ഉല്ലസിച്ചു.

ഉച്ചഭക്ഷണ സമയത്ത് കൂട്ടുകാരനു കഴിയ്ക്കാൻ ആഹാരമുണ്ടായിരുന്നില്ല. അമ്മ കൈസ്സഞ്ചിയിൽ നിന്നെടുത്ത സ്വന്തം ഭക്ഷണപ്പൊതി മകന്റെ കൂട്ടുകാരൻ പയ്യനു കൈമാറി. വാട്ടിയ വാഴയിലയുടെയും വെന്തു മലർന്ന ചോറിന്റേയും നാടൻ കറികളുടേയും കൊതിപ്പിയ്ക്കുന്ന സൌരഭ്യത്തോടെ മകനും കൂട്ടുകാരനും തൃപ്തിയായി ഭക്ഷണം കഴിയ്ക്കുന്നത് നിർന്നിമേഷയായി നോക്കിക്കൊണ്ടിരുന്നു. “അമ്മ കഴിയ്ക്കു“ എന്നോ “അയ്യോ! എനിയ്ക്ക് വേണ്ട“ “ഞാൻ പുറമേ നിന്ന് കഴിച്ചോളാം” എന്നോ മറ്റോ ഉള്ള മര്യാദ വചനങ്ങളൊന്നും മകനോ കൂട്ടുകാരനോ ഉച്ചരിച്ചില്ല. ഭക്ഷണം കഴിഞ്ഞ് അവർ ബെർത്തിൽ നീണ്ടു നിവർന്ന് കിടന്ന് ഉറക്കവുമായി. കുറച്ച് ജീരക വെള്ളം മാത്രം ഇറക്കി അമ്മയും കിടന്നു.

മകൻ ഉണർന്നെഴുന്നേറ്റപ്പോൾ ആ അമ്മ ഭക്ഷണം കഴിയ്ക്കാതെ ഉറങ്ങിയതിനെക്കുറിച്ച് ഒരു യാത്രക്കാരി എന്തോ ചിലതെല്ലാം സംസാരിയ്ക്കുവാൻ മുതിർന്നു. അപ്പോഴാണ് കേൾക്കുന്നവരെയെല്ലാം അതിശയിപ്പിച്ചുകൊണ്ട് മകൻ പറഞ്ഞത്. എല്ലാവർക്കും വയറു നിറയെ കഴിയ്ക്കാൻ കൊടുത്ത് പട്ടിണി കിടക്കുന്നതാണത്രെ അമ്മയുടെ ശീലം. അമ്മ ഇങ്ങനെ പട്ടിണിയിരിയ്ക്കുന്നതും രാവന്തിയോളം ജോലിയെടുക്കുന്നതും ഒക്കെ  അയാളെ സംബന്ധിച്ച് ഒരു സാധാരണ കാര്യമാണ്. അതിനെക്കുറിച്ച് ആലോചിയ്ക്കാനെന്തെങ്കിലും ഉണ്ടെന്ന് തന്നെ അയാൾക്ക് ഒരിയ്ക്കലും തോന്നിയിട്ടില്ല. രാവിലെ വെയിലുദിയ്ക്കുന്നതു മാതിരിയുള്ള ഒരു സ്വാഭാവിക കാര്യമെന്നതിൽ കവിഞ്ഞ് എന്താണതിലുള്ളത്? അടുക്കളയിലേയും വീട്ടിലേയും എല്ലാ ജോലികളും അമ്മ ചെയ്തുകൊള്ളും, ആർക്കും ഒരു ജോലിയും ചെയ്യാൻ ബാക്കി വെയ്ക്കാതെ. അമ്മ പുതിയ കാല പരിഷ്ക്കാരമൊന്നും ശീലിച്ചിട്ടില്ല, അതുകൊണ്ട് സ്വന്തം കാര്യം മാത്രം നോക്കുന്ന ചീത്ത സ്വഭാവവുമില്ലെന്ന് അയാൾ പറഞ്ഞ് നിറുത്തി.

എന്താണ് അവർ ശീലിയ്ക്കാത്ത പുതിയ കാല പരിഷ്ക്കാരമെന്ന്, എന്തായിരിയ്ക്കാം അവരുടെ സ്വന്തം കാര്യം മാത്രം നോക്കുന്ന ചീത്ത സ്വഭാവമെന്ന് ആലോചിയ്ക്കുകയായിരുന്നു അപ്പോൾ മുതൽ. ചില മനുഷ്യരുടെ ഒരു പ്രത്യേകതയായി പലപ്പോഴും തോന്നിയിട്ടുള്ള ഒരു കാര്യമാണിത്. ആവശ്യത്തിലും എത്രയോ അധികം മറ്റുള്ളവർക്കായി വൃഥാ ചുമക്കുകയും പിന്നെ അവരവർക്ക് വളരെ അത്യാവശ്യമായതു പോലും ഒഴിവാക്കുകയും ചെയ്യുക. ഒന്നിച്ചു താമസിയ്ക്കുന്ന എല്ലാവർക്കും ആവശ്യമുള്ളതാണ് വീടെങ്കിലും അത് പരിപാലിയ്ക്കുന്ന ചുമതല തന്റേതു മാത്രമാണെന്ന് ഒരിയ്ക്കലും തിരുത്താനാകാത്ത തലേവിധി പോലെ അംഗീകരിയ്ക്കുക. കാക്ക കരയും മുൻപ് എഴുന്നേറ്റ് പാതിരാപ്പുള്ള് ചിലയ്ക്കും വരെ ജോലി ചെയ്യുമ്പോഴും വീട്ടിലെ മറ്റാരുമായും ആ ജോലികളൊന്നും തന്നെ പങ്കു വെയ്ക്കാതിരിയ്ക്കുക. എന്തു ബുദ്ധിമുട്ടുണ്ടായാലും അതെല്ലാം സഹിച്ച് എടുത്താൽ പൊങ്ങാത്ത ഭാരവുമായി വേച്ചു വേച്ചു നടക്കുക. എന്നിട്ട് ഒടുവിലൊടുവിൽ ഈ തീരാത്ത ജോലികളും അതു നിമിത്തം വന്നു ചേരുന്ന ഒടുങ്ങാത്ത ത്യാഗങ്ങളും ആരും കണ്ടില്ലെന്നും മനസ്സിലാക്കിയില്ലെന്നും സങ്കടപ്പെടുക. ഭക്ഷണം നേരാംവണ്ണം കഴിയ്ക്കാത്തതു മുതൽ ഇഷ്ടപ്പെട്ട ഒരു പാട്ട് കേൾക്കാൻ സാധിയ്ക്കാത്തതു മുതൽ ഭംഗിയുള്ള ഒരു പൂവിനെ കാണാൻ വരെ, ഒരു കിളിയൊച്ച കേൾക്കാൻ വരെ പറ്റിയില്ലെന്ന് വിതുമ്മി വിതുമ്മി വേദനിയ്ക്കുക…….. 

ആരുടെയും പരിഗണനകളില്ലാതെ വേദനിയ്ക്കേണ്ടി വരുന്നുവെന്ന് സങ്കടപ്പെടുന്നവരെ കാണുമ്പോൾ നെഞ്ചു പൊടിയുന്നതു പോലെ തോന്നും. അവരുടെ അവസാനമില്ലാത്ത അദ്ധ്വാനത്തിൽ പൂത്തു തളിർത്തവരാകട്ടെ “ഓ! അമ്മ അങ്ങനെയാണ്, അല്ലെങ്കിൽ ചേച്ചിയുടെ ശീലമതാണ്. പരിഷ്ക്കാരമില്ല, ഗ്രാമീണരാണ്, സ്വന്തം കാര്യം നോക്കില്ല” എന്നൊക്കെയുള്ള ഒഴിവുകഴിവുകളിൽ വളരെ ഭംഗിയായി താന്താങ്ങളുടെ കൈകഴുകുന്നതും കാണാം. തന്നെയുമല്ല അടുത്ത തലമുറയിലും ഇതു തന്നെ അവർ പ്രതീക്ഷിയ്ക്കുകയും ചെയ്യുന്നു. അതുകൊണ്ടാണല്ലോ, ചീഞ്ഞ ഓറഞ്ച് എടുത്തെറിഞ്ഞ ഭാര്യയോട് ഭർത്താവിന് നീരസം ഉണ്ടായതും ഇത്തരം ഒരു മറുപടി കൊടുത്തതും. “എന്റെ അമ്മ ചീഞ്ഞതെല്ലാം സ്വയം കഴിച്ച് നല്ലതെല്ലാം അച്ഛനും ഞങ്ങൾക്കുമായി തരികയാണ് ചെയ്യുക. അതായിരുന്നു അമ്മയുടെ ത്യാഗ ശീലം. അമ്മ ഒരു ദേവതയെപ്പോലെ കുടുംബസ്നേഹമുള്ള കൂട്ടത്തിലാണ്“ ഒരിയ്ക്കൽ പോലും അമ്മയുടെ ആ ത്യാഗ ശീലം തിരുത്തപ്പെടേണ്ടതാണെന്ന് മകനു തോന്നിയിട്ടില്ല. തന്നെയുമല്ല അമ്മാതിരി ശീലവും കുടുംബസ്നേഹവും തന്റെ ഭാര്യയ്ക്കും അനുവർത്തിയ്ക്കാമെന്ന് അയാൾ കരുതുകയും ചെയ്യുന്നു! മക്കളോ ഭർത്താവോ ഒരു ഗ്ലാസ് കഴുകിയതിൽ തന്റെ പിടിപ്പുകേടും ഒരു കൈലേസ് മടക്കി വെച്ചതിൽ തീരാത്ത കുറ്റബോധവും തോന്നുന്ന അമ്മമാരും ഭാര്യമാരും സ്വന്തം ജീവിതത്തെ മറന്നു പോവുക മാത്രമല്ല, മക്കളേയും ഭർത്താവിനേയും തികഞ്ഞ പരാശ്രയത്തിലും കൊടിയ അലസതയിലും ഒരു അവകാശം പോലെ മുഴുകിക്കഴിയാൻ സഹായിയ്ക്കുകയും ചെയ്യുന്നു. അങ്ങേയറ്റം വ്യക്തിപരമായ കാര്യങ്ങൾ കൂടി സ്വയം ചെയ്തു ജീവിയ്ക്കാൻ പ്രാപ്തിയില്ലാത്തവർക്ക് ആത്മാഭിമാനത്തെപ്പറ്റി ആലോചിയ്ക്കാൻ പോലും കഴിയില്ലെന്ന് മറ്റാരു മറന്നു പോയാലും അമ്മമാർ മറക്കുവാൻ പാടില്ല.

സമൂഹാംഗങ്ങളെല്ലാം തന്നെ സമൂഹത്തോടുള്ള ഉത്തരവാദിത്തങ്ങൾ പാലിയ്ക്കേണ്ടതുണ്ടെന്ന് എല്ലാവർക്കുമറിയാം അതേ സമയം വീട് സമൂഹത്തിൽ പെടാത്ത ഒരു കാര്യമാണെന്ന മട്ടിലാണ് ചിത്രീകരിയ്ക്കപ്പെടുന്നത്. വീട്ടിൽ പാർക്കുന്ന എല്ലാവരും ജോലികളിൽ വളരെ ആത്മാർഥമായി പങ്കെടുത്താൽ മാത്രം ഭംഗിയായി നടത്തികൊണ്ടു പോകാവുന്ന ഒരു സ്ഥാപനമാണ് വീടെന്ന വലിയ ബോധത്തിലേയ്ക്ക് വീടുപയോഗിയ്ക്കുന്നവരെല്ലാം ഉണർന്നേ തീരൂ. ഒരിയ്ക്കലുമൊരിയ്ക്കലും തീരാത്ത വീട്ടുജോലികളെ ഫലപ്രദമായും കാര്യക്ഷമമായും നേരിടാൻ ഇത് തികച്ചും അത്യാവശ്യമാണ്. സമൂഹത്തിൽ ഒരു വിഭാഗത്തിനു മാത്രമേ വീട് ആവശ്യമുള്ളൂ. അതുകൊണ്ട് അവരാണ്, അവർ മാത്രമാ‍ണ് കെട്ടുറപ്പുള്ള വീടിനായി പ്രയത്നിക്കേണ്ടതെന്ന  കാലഹരണപ്പെട്ട മൂഢ വിശ്വാസം എല്ലാ വീട്ടംഗങ്ങളും മനസ്സിൽ നിന്ന് തുടച്ചു മാറ്റേണ്ടതുണ്ട്. വീട്ടിൽ സന്തോഷവും കുടുംബത്തിൽ ഇമ്പവുമാണ് വേണ്ടത്. അങ്ങനെയല്ലാത്ത വീടുകൾ കെട്ടിടങ്ങളും കുടുംബങ്ങൾ ആളുകളും മാത്രമാണ്.

മക്കളുടെ അന്തസ്സുറ്റ ഭവനങ്ങളിലെ വർണ്ണാഭമായ ചുമരുകളിൽ,ആത്മവിശ്വാസത്തിന്റെ കണിക പോലുമില്ലാതെ പകച്ച നോട്ടത്തോടെയും പരിഭ്രമം നിഴലിയ്ക്കുന്ന മുഖത്തോടെയും തൂങ്ങിക്കിടക്കുന്ന ഓർമ്മപ്പടങ്ങളായാൽ പോരാ നമ്മുടെ അമ്മമാർ. എപ്പോഴും എല്ലാവർക്കും വേണ്ടി ഏതു ജോലിയും ചെയ്യുന്ന, സ്വന്തമായി ചിന്തകൾ പോലുമില്ലാത്ത, ചുളിഞ്ഞു മുഷിഞ്ഞ വസ്ത്രങ്ങൾ വാരി വലിച്ചു ധരിച്ച, നേരാംവണ്ണം ഭക്ഷണം കഴിയ്ക്കാത്ത, ആരോഗ്യം ക്ഷയിച്ചു വരുന്ന, സങ്കടം കല്ലിച്ച മുഖമുള്ള, ഏറെസ്സഹിയ്ക്കുന്ന ആ അമ്മമാരുടെ മക്കളാവരുത് നമ്മുടെ അടുത്ത തലമുറ. എല്ലാ ജോലിയുടെയും അന്തസ്സ് എല്ലാ വീട്ടംഗങ്ങളേയും ബോധ്യപ്പെടുത്തുന്ന, ആരോഗ്യവും പ്രസാദവുമുള്ള, പ്രതികരണശേഷിയും ആത്മാഭിമാനവും തുളുമ്പുന്ന, സന്തോഷവതികളായ അമ്മമാരുടെ മക്കളാവണം അവർ. സന്തോഷം പ്രസരിപ്പിയ്ക്കുന്ന അഭിമാനവതികളും പക്വമതികളുമായ അമ്മമാരുടെ മക്കൾക്കും ഇതെല്ലാമുണ്ടാകും. അവർക്കേ ഉണ്ടാകൂ

Wednesday, May 9, 2012

ച്ഛീ…ദേ, ഒരു പെൺകുഞ്ഞ്! കൊല്ല്…അതിനെ കൊല്ല്.


കുടുംബ മാധ്യമത്തിലെ സ്വകാര്യത്തിൽ( 2012 മെയ് 4 വെള്ളിയാഴ്ച) പ്രസിദ്ധീകരിച്ചത്.


കഴിഞ്ഞമാസമാണ്, ബാഗ്ലൂരിൽ അഫ്രീൻ എന്ന് പേരായ പിഞ്ചുകുഞ്ഞിനെ പിതാവ് തറയിലടിച്ചുകൊന്നുവെന്ന വാർത്ത വായിച്ച് ഞാൻ ഞെട്ടിപ്പോയത്……

പെണ്ണാണെന്ന് തിരിച്ചറിയിയ്ക്കുന്നതെല്ലാം ഒരു മന്ത്രവടി ഉപയോഗിച്ച് മായിച്ച് കളയാൻ എന്തു വഴിയുണ്ടെന്ന് അഫ്രീൻ ആലോചിച്ചിട്ടുണ്ടാവില്ല. മൂന്നു മാസം മാത്രം പ്രായമുണ്ടായിരുന്ന ആ തലച്ചോറിന് അത്രയ്ക്കും അറിവുണ്ടാവാൻ വയ്യല്ലോ. ജനിപ്പിച്ചവൻ തന്നെ ആലോചിച്ച് പദ്ധതികൾ ഉണ്ടാക്കി ജീവനെടുക്കാൻ തുനിയുമെന്ന്
 
അവളുടെ ചെറുപ്പക്കാരനായ പിതാവിന് ഭ്രാന്താവും എന്നും അല്ലെങ്കിൽ അയാൾ ലഹരിയ്ക്കടിമയായിരിയ്ക്കും എന്നും  വിചാരിയ്ക്കാൻ ഒരുപക്ഷെ, ആഗ്രഹിയ്ക്കാൻ  ആ വാർത്തയറിഞ്ഞതു മുതൽ എല്ലാവരും ഉൽക്കടമായി പരിശ്രമിയ്ക്കുകയായിരുന്നു. മാതൃത്വത്തിലും പിതൃത്വത്തിലുമുള്ള വിശ്വാസം മുറുക്കിപ്പിടിയ്ക്കാൻ വേണ്ടി…… വിശ്വാസങ്ങളുടെ ബലത്തിൽ തുടർന്ന് ജീവിയ്ക്കാൻ വേണ്ടി…… പക്ഷെ, അയാൾക്ക് പെൺകുഞ്ഞിനോട് കടുത്ത വെറുപ്പായിരുന്നു, കുഞ്ഞിനെ വേണ്ടായിരുന്നു, ഇല്ലാതാക്കാൻ ജനിച്ച ദിവസം മുതൽ ക്രൂരമായ പല ശ്രമങ്ങളും നടത്തി വരികയായിരുന്നു എന്നു വെളിപ്പെട്ടപ്പോൾ…… ആ വെറുപ്പിന്റെ ആഴം എത്രയെന്ന് അളക്കാനാവാതെ തകർന്ന് ചിതറാൻ മാത്രമേ എല്ലാവർക്കും കഴിഞ്ഞുള്ളൂ. ആണിനെയും പെണ്ണിനെയും ജനിപ്പിയ്ക്കുന്നത് പുരുഷ ബീജം തന്നെയാണെന്ന ശാസ്ത്ര സത്യം ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിൽ പോലും വേണ്ടത്ര മനസ്സിലാക്കപ്പെടാതെപോവുകയും അമ്മമാരും പെൺകുട്ടികളും അതിന്റെ പേരിൽ നരകയാതനകൾ സഹിയ്ക്കേണ്ടി വരികയുമാണല്ലോ എന്നോർത്ത് വേദനിയ്ക്കാൻ മാത്രമേ കഴിഞ്ഞുള്ളൂ.

ശാരീരികമായി സംഭവിച്ചു പോകുന്ന, അറിയാതെ പറ്റിപ്പോകുന്ന ഒരു അബദ്ധം മാത്രമാണോ ഒരു പെൺകുഞ്ഞിന്റെ അച്ഛനാവലും അമ്മയാവലും?ഏറ്റവും വേഗം തിരുത്തപ്പെടേണ്ട ഒരു തെറ്റ്? അതെ, എന്ന് തന്നെയാണ് കഴിഞ്ഞ ഇരുപതുകൊല്ലത്തെ കണക്കുകൾ നമ്മളോട് വിളിച്ച് പറയുന്നത്. ഈ കാലയളവിൽ മാത്രം നമ്മുടെ ഇന്ത്യാ മഹാരാജ്യത്ത് ഇല്ലാതാക്കപ്പെട്ട പെൺകുഞ്ഞുങ്ങൾ ഒരു കോടിയിലധികമാണ്. ഭ്രൂണമായും ജനിച്ചു കഴിഞ്ഞും അഞ്ചു വയസ്സിനകം തന്നെ ആർക്കും വേണ്ടാതായ പെൺകുഞ്ഞുങ്ങൾ……. പുതിയ സെൻസെസ് റിപ്പോർട്ട് പ്രകാരം ആയിരം ആൺകുട്ടികൾക്ക് ഇപ്പോൾ തൊള്ളായിരത്തിപ്പതിന്നാല് പെൺകുട്ടികൾ മാത്രമേയുള്ളൂ. ഇന്ത്യയിലെ എട്ടു സംസ്ഥാനങ്ങളിലെങ്കിലും അത് തൊള്ളായിരത്തിലും താഴെയുമാ‍ണ്. കഴിഞ്ഞ് അമ്പതു വർഷമായി പെൺകുട്ടികളുടെ എണ്ണം കുറച്ച് കുറച്ച് കൊണ്ടു വരുന്ന പ്രവണതയുണ്ടെങ്കിലും ഈ ഇരുപതു വർഷത്തിലാണ് ഇത്രയും രൂക്ഷമായ കുറവുണ്ടായിട്ടുള്ളത്. 2020 ആകുമ്പോഴേയ്ക്കും സ്ത്രീകളെ അപേക്ഷിച്ച് രണ്ടരക്കോടി പുരുഷന്മാർ ഇന്ത്യയിൽ അധികമായി ഉണ്ടായിരിയ്ക്കുമത്രെ!

“സ്ത്രീകൾ എണ്ണത്തിൽ കുറയുന്നത് വളരെ മോശപ്പെട്ട ഒരു കാര്യം തന്നെയാണ്, എങ്കിലും എനിയ്ക്ക് ആൺകുട്ടി മതി, നിങ്ങൾക്ക് വേണമെങ്കിൽ പെണ്ണാവാം“ എന്നാണ് എല്ലാവരുടേയും ഈ പ്രശ്നത്തിലുള്ള ചിന്താഗതി. “ഒരു കുഞ്ഞേയുള്ളൂ? അതും പെണ്ണ്! അയ്യോ! കഷ്ടമായി.“ എന്ന് തികച്ചും ആത്മാർഥമായി സഹതപിയ്ക്കുന്നവരുടെ എണ്ണം കൂടിക്കൂടി വരുന്നതേയുള്ളൂ. ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും നൂറു പുത്രന്മാരുണ്ടാവട്ടെ എന്നു മാത്രം അനുഗ്രഹിയ്ക്കുന്ന ആചാരങ്ങളാണല്ലോ തികഞ്ഞ സംസ്ക്കാര സമ്പന്നരായ നമുക്കുള്ളത്. അധികാരവും പണവും പദവിയും തൊഴിലും സ്വത്തുക്കളും എല്ലാം പുരുഷന്മാരുടെ കൈവശമായതുകൊണ്ടും അവനാണു ഈ ലോകം തിരിയ്ക്കുന്നത് എന്ന ഉത്തമ ബോധ്യമുള്ളതുകൊണ്ടുമാണല്ലോ ആ അനുഗ്രഹം ഒരു പുതുഭാര്യയ്ക്ക് എല്ലാവരും സമൃദ്ധമായി നൽകുന്നത്. അപ്പോൾ പിന്നെ ഒരു സമ്പാദ്യത്തിനും ഇട നൽകാത്ത ചെലവുകളുടേതു മാത്രമായ പെൺ പിറവി എങ്ങനെയെങ്കിലും ഒഴിവാക്കിയല്ലേ പറ്റൂ. സാധിയ്ക്കുമെങ്കിൽ ഇരു ചെവിയറിയാതെ അമ്മയുടെ വയറ്റിൽ തന്നെ അവസാനിപ്പിയ്ക്കുക, പറ്റിയില്ലെങ്കിൽ പുറത്ത് വന്ന ശേഷം നാലഞ്ചു വയസ്സിനുള്ളിൽ ഏതു വിധേനയെങ്കിലും അവളെ ഒഴിവാക്കിയെടുക്കുക. “എന്റെ കുഞ്ഞാണെങ്കിൽ അത് ആണായിരിയ്ക്കും“ എന്ന് ഉറപ്പിച്ച് പറഞ്ഞ സോഫ്റ്റ് വെയർ എൻജിനീയറുടെ മുഖം മനസ്സിൽ നിന്ന് മായുന്നില്ല. അയാളുടെ സോഫ്റ്റ് വെയർ എൻജിനീയറായ ഭാര്യ ലേബർ റൂമിൽ കയറും മുൻപ് പേടിച്ചരണ്ടിരുന്നു. അവൾ പ്രസവിയ്ക്കുന്നത് ആൺകുഞ്ഞിനെയല്ലെന്നു വന്നാൽ……
 
‘പെൺകുട്ടി ആൺകുട്ടിയ്ക്കൊപ്പം‘, ‘മക്കൾ തമ്മിൽ ഭേദമരുത്‘ എന്നൊക്കെ ടി വിയിലും വർത്തമാനക്കടലാസ്സുകളിലും ഗവണ്മെന്റ് വക പരസ്യം കാണാറുണ്ട്. സിഗരറ്റ് വലി ആരോഗ്യത്തിനു ഹാനികരമെന്ന് സിഗരറ്റ് പാക്കറ്റിനു പുറത്ത് അച്ചടിയ്ക്കുന്നതു പോലെ.. മദ്യപാനം ഹാനികരമെന്ന് മദ്യക്കുപ്പിയിന്മേൽ അച്ചടിയ്ക്കുന്നതു പോലെ ഒരു കള്ളത്തരം മാത്രമാണ് സർക്കാരിന്റെ ഈ പരസ്യങ്ങൾ. അങ്ങേയറ്റം സ്ത്രീ വിരുദ്ധമായ അതുകൊണ്ടു തന്നെ തീർത്തും മനുഷ്യത്വ വിരുദ്ധമായ കാര്യങ്ങൾ നിത്യേനെ എന്നോണം സംഭവിയ്ക്കുമ്പോഴും അതിനെതിരേ കാര്യക്ഷമമായ യാതൊരു പ്രതിരോധവും നിയമം വഴി പോലും നടപ്പിലാക്കാനാവാത്ത സർക്കാരിന്റെ വെറും തമാശയാണ് ഈ പരസ്യങ്ങളെന്ന് എല്ലാവർക്കും അറിയാം. സ്ത്രീ വിരുദ്ധമായ ആശയങ്ങൾ വീണ്ടും വീണ്ടും പ്രചരിപ്പിയ്ക്കുന്ന സാഹിത്യത്തിനും കലയ്ക്കും മതങ്ങൾക്കും മാധ്യമങ്ങൾക്കും  രാഷ്ട്രീയത്തിനും അധികാരത്തിനും പരമ്പരാഗത ആചാര വിശ്വാസങ്ങൾക്കും മാത്രമാണ് യഥാർത്ഥത്തിൽ നമ്മുടെ സമൂഹം പ്രാധാന്യം നൽകുന്നത്. അതു തന്നെയാണ് ഇമ്മാതിരിയുള്ള കൊടും പീഡനങ്ങൾക്കും ദുരിതങ്ങൾക്കും കാരണമാകുന്നതും.

2003ൽ റിലീസ് ചെയ്യപ്പെട്ട, മനീഷ് ഝാ സംവിധാനം ചെയ്ത ‘മാതൃഭൂമി‘ എന്ന ഹിന്ദി സിനിമ പെണ്ണുങ്ങളില്ലാതായിത്തീർന്ന ഒരു ഗ്രാമത്തിന്റെ തീവ്രാനുഭവമാണ്. ഒമ്പതു വർഷങ്ങൾക്കിപ്പുറം, തികച്ചും പ്രവചനാത്മകമായ ഒരു മഹാസത്യമെന്നതു പോലെ, ആ സിനിമ നെഞ്ചിലിടിച്ച് വിങ്ങുന്നു. 2003ലെ വെനീസ് ഫിലിം ഫെസ്റ്റിവലിൽ ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് ഫിലിം ക്രിടിക്സ് അവാർഡും പോളണ്ട് ഫിലിം ഫെസ്റ്റിവലിലും ഗ്രീസിലെ തെസ്സലോനികി ഫിലിം ഫെസ്റ്റിവലിലും ഫ്ലോറൻസ് ഇൻഡ്യൻ ഫിലിം ഫെസ്റ്റിവലിലുമായി നിരവധി അവാർഡുകളും ഈ സിനിമ നേടുകയുണ്ടായി. തമിഴ്, തെലുങ്ക്, ഗുജറാത്തി, ഭോജ്പുരി, ബംഗാളി, എന്നീ ഇൻഡ്യൻ ഭാഷകളിലും ഫ്രഞ്ച് ഭാഷയിലും സിനിമ ഡബ് ചെയ്യപ്പെട്ടു.

പെൺകുഞ്ഞുങ്ങളെ കൊന്നു കൊന്നു പരിപൂർണമായും സ്ത്രീരഹിതമായിത്തീർന്ന ഒരു ഗ്രാമമാണു സിനിമയിൽ ചിത്രീകരിയ്ക്കപ്പെടുന്നത്. ഒരു സ്ത്രീ ശരീരത്തിനായി പുരുഷന്മാർ ദാഹാർത്തരായി ഉഴറുന്ന ഗ്രാമം. കഥയിലെ ധനികനായ അച്ഛൻ ഗ്രാമത്തിൽ നിന്ന് ദൂരെ പാർക്കുന്ന കൽക്കിയെന്ന പെണ്ണിനെ പണം കൊടുത്ത് വാങ്ങി അഞ്ചാണ്മക്കളുടെയും തന്റെയും കൂടി ഭാര്യയാക്കുന്നു. ഏറ്റവും ഇളയ മകൻ മാത്രമാണ് ഇതിൽ അല്പം മനുഷ്യത്വമുള്ളയാൾ. അയാളെ സ്വസഹോദരന്മാർ തന്നെ കൽക്കിയുമായുള്ള അടുപ്പത്തിന്റെ പേരിൽ നിഷ്ക്കരുണം വധിയ്ക്കുകയാണ്. പുരുഷന്മാർ തമ്മിലുള്ള ജാതി വഴക്കുകളിൽ കൽക്കി ഒരു പണയ വസ്തുവാകുകയും കൂട്ട ബലാത്സംഗത്തിനിരയാക്കപ്പെടുകയും ചെയ്യുന്നു. അതിനു ശേഷം അവളെ ഒരു കാലിത്തൊഴുത്തിൽ കെട്ടിയിടുകയാണ്. ആ ബന്ധനത്തിൽ കിടന്നുകൊണ്ടു തന്നെ അവൾക്ക് പല പുരുഷന്മാരേയും തൃപ്തിപ്പെടുത്തേണ്ടിയും വരുന്നുണ്ട്. അവൾക്ക് ഒരു പെൺകുഞ്ഞുണ്ടാവുകയാണെന്നറിയുമ്പോൾ കൽക്കിയും പെൺകുഞ്ഞും തന്റെയാണ് തന്റെയാണ് എന്ന അവകാശവാദത്തിൽ ഗ്രാമത്തിൽ പുരുഷന്മാർ പരസ്പരം വെട്ടിയും കുത്തിയും ചാകുന്നു. 

സിനിമ തീരുമ്പോൾ ചുവന്നു തുടുത്ത കനൽക്കട്ടകൾ പോലെ നീറിപ്പിടിയ്ക്കുന്ന പൊള്ളലും ഭയവും വേദനയും കാണികളെ വേട്ടയാടാതിരിയ്ക്കില്ല.

അച്ഛന്മാർ തന്നെ അമ്മമാരും ആങ്ങളമാർ തന്നെ പെങ്ങൾമാരും ഭർത്താക്കന്മാർ തന്നെ ഭാര്യമാരും ആണ്മക്കൾ തന്നെ പെണ്മക്കളും ആകുന്ന ഏകലിംഗലോകത്തിലേയ്ക്ക് പെൺകുഞ്ഞുങ്ങളെ കൊന്നുകളയാനാഗ്രഹിയ്ക്കുന്ന എല്ലാവർക്കും അതിവേഗം പ്രവേശനമുണ്ടാകട്ടെ. അമ്മിഞ്ഞകളില്ലാത്ത അമ്മമാരും മുറ്റിയ താടിയുള്ള പെങ്ങൾമാരും കട്ടമീശയുള്ള പുത്രിമാരും ഗർഭാശയങ്ങളില്ലാത്ത ഭാര്യമാരും ലോകം കീഴടക്കട്ടെ. ആരു കണ്ടു? ചിലപ്പോൾ കുരുതികൊടുക്കപ്പെടുന്ന ഒരുപാട് പെൺജീവനുകളുടെ അവസാന തുടിപ്പുകളിൽ നിന്നാവാം അവരെ പെറ്റിട്ടവർ മറ്റൊരു ലോകമുണ്ടാക്കാൻ തുടങ്ങുന്നത്..

എങ്കിലും അഫ്രീൻനിന്റെ അരുമയായ മുഖം മനസ്സിനെ പൊള്ളിച്ചുകൊണ്ടേയിരിയ്ക്കുന്നു.
Thursday, May 3, 2012

ബ്രഹ്മരക്ഷസ്സ്


ഒരേ തൂവൽ പക്ഷികൾ എന്ന ബ്ലോഗിൽ പ്രസിദ്ധീകരിച്ചത് (2012 ഏപ്രിൽ 14)

എല്ലാവർക്കും പരിചയമുണ്ടാവുമോ ആവോ, ബ്രഹ്മരക്ഷസ്സെന്ന വാക്ക്? ഉണ്ടെങ്കിൽ നന്നായി. ഇനി ഇല്ലെങ്കിൽ എന്റെ വളരെ പരിമിതമായ അറിവു വെച്ച് ചെറുതായി ഒന്നു പരിചയപ്പെടുത്താൻ ശ്രമിയ്ക്കാം.

ദുർമ്മരണപ്പെട്ട ബ്രാഹ്മണന്റെ പ്രേതമാണത്രെ ബ്രഹ്മരക്ഷസ്സ്. അല്ലെങ്കിൽ ജീവിച്ചിരിയ്ക്കേ ഒരുപാട് ക്രൂരതകളും തിന്മകളും ചെയ്തിട്ടുള്ള ബ്രാഹ്മണനായാലും മതി, മരിച്ചാൽ  ബ്രഹ്മരക്ഷസ്സായിത്തീരും.

മരിയ്ക്കും വരെ ശാസ്ത്ര വേദ പുരാണ ഇതിഹാസ മന്ത്രങ്ങളെ കുറിച്ചെല്ലാം തികഞ്ഞ അജ്ഞനായിരുന്നാലും  ബ്രഹ്മരക്ഷസ്സായി മാറിയാൽ പിന്നെ ആ മാതിരി സകല വിവരവും ഉള്ള ഒരു ഉശിരൻ എൻസൈക്ലോപീഡിയയായി തീരുമത്രെ, മരിച്ച ബ്രാഹ്മണൻ. പോരാത്തതിന് ജീവിത കാലം മുഴുവൻ വെണ്ടയ്ക്കയും പടവലങ്ങയും മാത്രം തിന്നു ജീവിച്ച ബ്രാഹ്മണ വിദ്വാൻ ബ്രഹ്മരക്ഷസ്സായാൽ, ഉഗാണ്ടക്കാരൻ ഇദിഅമീന്റെ അടുത്ത ചാർച്ചക്കാരനായി മാറുകയും ചെയ്യും. വളരെ ഉയർന്ന നിലയിലുള്ള വിജ്ഞാനം ആർജ്ജിച്ച മഹാ പണ്ഡിതനും അതി ദിവ്യനുമായ ഒരു മന്ത്രവാദിയ്ക്കു മാത്രമേ ഈ അത്യപകടകാരിയായ ബ്രഹ്മരക്ഷസ്സിനെ ഹരഹര ചൊല്ലി കീഴടക്കാൻ സാധിയ്ക്കൂ.

പൊതുവേ പറഞ്ഞ് കേട്ടിട്ടുള്ള ബ്രഹ്മരക്ഷസ്സിന്റെ  രൂപത്തിന് ഒരു പിൻ കുടുമയും രണ്ട് കൊമ്പുകളും ഉണ്ടാവും, മരത്തിൽ തല കീഴായി തൂങ്ങിക്കിടക്കുകയാണ് സാധാരണ പതിവ്, വിക്രമാദിത്യന്റെ വേതാളത്തെ പോലെ. മന്ത്രവാദികളുടേയും മറ്റും ഭാവനയിൽ ആറു നില കെട്ടിടത്തിന്റെ പൊക്കവും തീ തുപ്പുന്ന വായും നീട്ടിയാൽ ലോകം മുഴുവൻ എത്തുന്ന കൈകളും ഒക്കെയുണ്ടാവാറുണ്ട്. ആളനക്കം കുറഞ്ഞ വിശാലമായ പറമ്പുകളിലാണ് ബ്രഹ്മരക്ഷസ്സിന്റെ സാന്നിധ്യം അധികമുണ്ടാകുക.

ഈ അപകടകാരി പ്രസാദിച്ചാലോ?  സ്വർണം, ഭൂമി, പദവി അങ്ങനെ ചോദിയ്ക്കുന്ന എന്തും തരും, അലാവുദ്ദീന്റെ നല്ല ഭൂതത്തേ പോലെ ഒരു സ്നേഹക്കാരനായിത്തീരും. സാധാരണയായി ബ്രഹ്മരക്ഷസ്സിന്റെ വിഗ്രഹത്തിനു മുൻപിൽ എപ്പോഴും ഒരു വിളക്ക് കത്തിച്ചു വെയ്ക്കാറുമുണ്ട്.

ഭയത്തോടു കൂടി മാത്രമേ ബ്രഹ്മരക്ഷസ്സുമായി ആരും ഇടപെടുകയുള്ളൂ. കോപിച്ചാൽ പിന്നെ ഒരു രക്ഷയുമില്ല, ഇണങ്ങിയാൽ നക്കിക്കൊല്ലുന്ന മാതിരി പിണങ്ങിയാൽ കുത്തിയും കൊല്ലും. അതുകൊണ്ട് നന്നെ സൂക്ഷിച്ചു മാത്രം കൈകാര്യം ചെയ്യണമെന്ന് എല്ലാവർക്കും അറിയാം.

ഇത്രയും ആമുഖം.

ശേഷം ഒരു ഓർമ്മ.

കൈയിൽ കിട്ടുന്നതെന്തും വായിയ്ക്കുന്ന എന്റെ തല തിരിഞ്ഞ സ്വഭാവത്തിന് സാരമായ വെല്ലുവിളിയുണ്ടായത് അതി കഠിനമായ തലവേദനയിൽ നിന്നായിരുന്നു. തല പൊളിഞ്ഞു പോകുന്ന വേദന, കണ്ണു തുറന്ന് നോക്കാൻ ബുദ്ധിമുട്ടാവുന്നത്രയും വേദനഒരു ദിവസം, രണ്ടു ദിവസം മൂന്നു ദിവസമൊക്കെ നീളുന്ന ഭീകരവും നിരന്തരവുമായ തലവേദന……എന്റെ തലവേദന അമ്മീമ്മയെ വല്ലാതെ അലട്ടിയിരുന്നു. ഒത്തിരി ആയുർവേദ മരുന്നുകൾ കഴിപ്പിച്ചിട്ടും പല തരം എണ്ണകൾ പരീക്ഷിച്ചിട്ടും എന്തൊക്കേയോ പച്ചിലകൾ അരച്ചു പുരട്ടിയിട്ടും തലവേദന കീഴടങ്ങാൻ കൂട്ടാക്കിയില്ല.

പുസ്തകം വായിയ്ക്കാതിരുന്നാൽ മാത്രം മതി, തലവേദന വരില്ലെന്ന് തീർത്തു പറഞ്ഞത് അനിയത്തിയായിരുന്നു. അത്ര ബുദ്ധിമുട്ടി വായിച്ച് മനസ്സിലാക്കേണ്ടുന്ന ഒരു കാര്യവും ഒരു പുസ്തകത്തിലും ആരും ഇന്നുവരെ എഴുതിയിട്ടില്ലെന്ന് അവൾ സിദ്ധാന്തിച്ചു. ആ സമയം മരങ്ങളെയും കിളികളേയും മണ്ണിനേയും വെള്ളത്തിനേയും ആകാശത്തിനേയും ഒക്കെ സൂക്ഷിച്ച് നോക്കിയാൽ മതി, അവരു പറയുന്നതും ചിരിയ്ക്കുന്നതും സങ്കടപ്പെടുന്നതും ചിലപ്പോൾ ദേഷ്യപ്പെടുന്നതും ഒക്കെ മനസ്സിലാക്കിയാൽ മതി, തലവേദനയും വരില്ല, പനിയും വരില്ല.

ഒരു പുസ്തകം ഉണ്ടാക്കുവാൻ കുറെ മരങ്ങൾ മുറിയ്ക്കണമെന്ന് പഠിച്ച ദിവസം അവൾ ഉറക്കെ  പ്രഖ്യാപിച്ചു, “എഴുത്തും വായനയുമൊക്കെ അതി കഠിനമായ ദു:ശീലങ്ങളാണ്, സിഗരറ്റ് വലിയ്ക്കുന്നതും കള്ളു കുടിയ്ക്കുന്നതും മാതിരി. പാവപ്പെട്ട മരങ്ങളുടെ ഡെഡ്ബോഡിയാണ് എടുത്ത് മടിയിലും നെഞ്ചത്തും മേശപ്പുറത്തും ഒക്കെ വെയ്ക്കുന്നത്. ഓരോ പേജ് മറിയ്ക്കുന്ന ശബ്ദത്തിലും ശ്രദ്ധിച്ചാൽ മരങ്ങളുടെ ജീവനെടുക്കുന്ന സങ്കടക്കരച്ചിൽ കേൾക്കാം. പുസ്തകമില്ലാതെ വായിയ്ക്കാൻ കഴിയുന്ന ഒരു വരം തരാൻ ദൈവത്തിനോട് പ്രാർഥിയ്ക്കയാണു ശരിയ്ക്കും ചെയ്യേണ്ടത്. വായിയ്ക്കണമെന്ന് തോന്നുമ്പോൾ ആ സംഭവം ഇങ്ങനെ കണ്മുൻപിൽ തെളിഞ്ഞ് വരണം. വായിച്ചു കഴിഞ്ഞാൽ അത് കാണാതാവുകയും വേണം. അല്ലെങ്കിൽ നിന്നെപ്പോലെയുള്ള പുസ്തകം തീറ്റക്കാര് കാരണം എല്ലാ മരവും ഇങ്ങനെ മരിച്ചു മരിച്ചു പോകും.“

അവളുടെ ഭാവനയിലുള്ള ആ വിചിത്ര വായനാ കൌശലം മുന്നിൽ നിവരുന്നതാലോചിച്ച് തുറു കണ്ണുകളോടെ ശ്വാസം മുട്ടി ഞാൻ അങ്ങനെ ഇരിയ്ക്കും..ഒരു മറുപടിയും എന്റെ വായിൽ ഉദിയ്ക്കാറില്ല. അവൾക്ക് നല്ല ഉശിരുള്ളതുകൊണ്ട് ഒരു അടിയോ നുള്ളോ പോലും കൊടുക്കാനും പറ്റാറില്ല.

ഒരു തലവേദന സെഷൻ അങ്ങനെ വിജയകരമായ മൂന്നാം ദിവസത്തിലേയ്ക്ക് കടന്നു കഴിഞ്ഞിരുന്നു. എണ്ണ പുരട്ടലും ആവി പിടിയ്ക്കലും ചൂട് ടൌവൽ തലയിൽ പൊതിയലും വെള്ളയ്ക്ക അരച്ച് നെറ്റിയിൽ പൂശലും ഒന്നും ഏശുന്നുണ്ടായിരുന്നില്ല. അപ്പോഴാണ് അമ്മീമ്മയുടെ സുഹൃത്തുക്കളും അയൽ‌പ്പക്കക്കാരികളുമായിരുന്ന വിജയ മാമിയും രാജി മാമിയും അനന്തലക്ഷ്മി മാമിയും ഒറ്റസ്വരത്തിൽ അഭിപ്രായപ്പെട്ടത്.

“കൊഴന്തയെ ഇപ്പ്ടി വലിയിലെ തുടിയ്ക്ക വിടാതെ, സാമി കിട്ടെ കൂട്ടിക്കിണ്ട് പോ. അവളോട് അമ്മ ഇങ്കെ ഇരുന്താ മിന്നാലേയെ കൂട്ടിക്കിണ്ട് പോയിരുപ്പൾ“ ( കുട്ടി ഇത്രയും വേദന സഹിയ്ക്കാനുള്ള വഴിവെയ്ക്കരുത്, സാമിയുടെ അടുത്ത് കൊണ്ടുപോകു. അവളുടെ അമ്മ ഇവിടെ ഉണ്ടായിരുന്നെങ്കിൽ ഇതിനു മുൻപേ കൊണ്ടു പോകുമായിരുന്നു.)

ആ വാക്കുകൾ അമ്മീമ്മയെ വല്ലാതെ വിഷമിപ്പിച്ചു. അക്കാലങ്ങളിൽ എന്റെ അമ്മ സ്വന്തം ജോലിയുമായി ബന്ധപ്പെട്ട് നഗരത്തിലായിരുന്നു. അമ്മീമ്മ എന്നെ വേണ്ട വിധം ശ്രദ്ധിയ്ക്കുന്നില്ലെന്നൊരു ധ്വനിയുണ്ടായിരുന്നു ആ മാമിമാരുടെ വാക്കുകളിൽ. അതുകൊണ്ടു മാത്രം അമ്മീമ്മ അല്പം പരവശയായി. എന്നാലും സാമിയുടെ അടുത്ത് പോകുന്നതിന് അമ്മീമ്മയ്ക്ക് വല്ലാത്ത വൈമനസ്യമുണ്ടായിരുന്നു.

ആരാണു  സാമി എന്നല്ലേ?

വെളുത്ത തലമുടിയും ഭംഗിയായി വെട്ടിയൊതുക്കിയ താടിയും വെണ്മയുള്ള ഉറച്ച ശരീരവും ഉണ്ടായിരുന്ന അദ്ദേഹം ശരിയ്ക്കും ദൈവമായിരുന്നു. അല്ലെങ്കിൽ ആഴ്ചയിൽ രണ്ടു ദിവസം ദൈവം അദ്ദേഹത്തെ കാണാൻ എത്തിയിരുന്നു. തിങ്കളും വ്യാഴവും ദിവസങ്ങളിൽ രാവിലെയും വൈകുന്നേരവും  ദൈവം സാമിയുടെ വായിലൂടെ സംസാരിച്ചുപോന്നു . അപ്പോൾ അദ്ദേഹത്തിന്റെ ശബ്ദം മാധുര്യമേറിയ, അതീവ പ്രസാദാത്മകമായ ഒന്നായിത്തീർന്നു. എല്ലാവരുടേയും പ്രശ്നങ്ങൾ അദ്ദേഹം അലിവോടെ കേട്ടു.. പരിഹാരങ്ങൾ നിർദ്ദേശിച്ചു.. ചന്ദനവും കുങ്കുമവും അദ്ദേഹത്തിന്റെ വിരൽത്തുമ്പുകളിലൂടെ ഒഴുകി……വിഗ്രഹങ്ങളിൽ നിന്ന് സുഗന്ധമുള്ള ഭസ്മവും അപൂർവമായി വിശുദ്ധ ഗംഗയും പ്രവഹിച്ചു……ആ വീട്ടിലെ വരിയ്ക്ക പ്ലാവിൽ ഒരു ദിവസം വേണുവൂതുന്ന നീലക്കാർവണ്ണനെ കണ്ടു

ആളുകൾ വിങ്ങിവിങ്ങിക്കരഞ്ഞുകൊണ്ട് സാമിയെ കാണുവാനെത്തി. പല നാടുകളിൽ നിന്ന് പല വണ്ടികളിൽ കയറിയും കാൽ നടയായും ദു:ഖിതരായ മനുഷ്യർ ആ ദിവ്യ സവിധത്തിലേയ്ക്ക്  പ്രവഹിച്ചു.  തീർത്തും നിശ്ചലമായ ആ ഗ്രാമത്തെരുവ് സാമി ദൈവത്തിന്റെ അനുഗ്രഹത്താൽ ചായ, പലഹാരം, കാപ്പി ക്ലബ്ബുകളുടേയും പൂജാസാമഗ്രി തട്ടുമുട്ടു കടകളുടേയും ഒക്കെ വലിയ തിരക്കിൽ വീർപ്പുമുട്ടി. ബസ്സുകൾ ജനങ്ങളെ കുത്തി നിറച്ച് കിതപ്പോടെ ഓടിത്തളർന്നു.

കടുത്ത ഗുരുവായൂരപ്പ ഭക്തയായിരുന്നിട്ടും അമ്മീമ്മയ്ക്ക് ആ വീട്ടിലെ പ്ലാവിൽ ഇടയ്ക്കൊക്കെ പ്രത്യക്ഷപ്പെട്ടിരുന്ന കാർവർണ്ണനെ കാണാൻ ആശയുണ്ടായില്ല. എല്ലാവരും പോയി തൊഴുത് കാണിയ്ക്കയർപ്പിച്ചപ്പോഴും സാമിയെ പ്രകീർത്തിച്ചപ്പോഴും അമ്മീമ്മ പോകാൻ കൂട്ടാക്കിയില്ല. ഗുരുവായൂരപ്പനെ അമ്മീമ്മയ്ക്ക് മാത്രം കണ്ടാൽ പോരല്ലോ, അദ്ദേഹത്തിനും അമ്മീമ്മയെ കാണണ്ടേ? അപ്പോൾ ഗുരുവായൂരപ്പൻ അവിടെയുമിവിടെയും പോയിരിയ്ക്കയല്ല, അമ്മീമ്മയെ കാണാൻ നേരെ  ഈ വീട്ടിൽ കയറി വരികയാണ് ചെയ്യുക, കാപ്പി ഉണ്ടാക്കി തരാൻ പറയുകയാണ് ചെയ്യുക എന്ന് അമ്മീമ്മ പറഞ്ഞു. അത് അനന്തലക്ഷ്മി മാമിയെ ക്രുദ്ധയാക്കി.

“ഒനക്ക് ടീച്ചർ വേലയിരുക്ക്,എല്ലാ മാസവും ഉൻ കൈയ്യിലെ രൂവ്വായ് കെടക്കറ്ത്. അന്ത തിമിരാക്കും“ എന്ന് അവർ ചീറി.

സ്വന്തം മകൾ സ്വർണത്തിന്റെ കല്യാണം നടന്നത്, സാമിയുടെ അനുഗ്രഹം കൊണ്ടാണെന്ന് അനന്തലക്ഷ്മി മാമി ഉറച്ച് വിശ്വസിച്ചിരുന്നു. കല്യാണത്തിന് സ്ത്രീധനമായി അവരുടെ മഠം പയ്യന്റെ പേർക്ക് രജിസ്റ്റർ ചെയ്തു കൊടുത്തു.  ഇപ്പോൾ ആ മഠത്തിൽ ജാമാതാവിന് വാടകയും കൊടുത്ത് കഴിയുകയാണ്. എന്നാൽ തന്നെ എന്താ? സ്വർണത്തിന്റെ കഴുത്തിൽ താലി വീണില്ലേ? അതിൽ‌പ്പരം ഒരു ഭാഗ്യമെന്തുണ്ടാവാനാണ്?

ഇമ്മാതിരിയുള്ള വാക്കു തർക്കങ്ങൾ പലപ്പോഴും ഉണ്ടായിട്ടുണ്ടങ്കിലും, അന്ന് അമ്മീമ്മയ്ക്ക് അവരോടെല്ലാം തർക്കിക്കാൻ നന്നെ ബലക്കുറവുണ്ടായിരുന്നു. അതിനു കാരണം എന്റെ മാറാത്ത തലവേദന തന്നെയായിരുന്നു. ഞാനും അനിയത്തിയുമായിരുന്നു അമ്മീമ്മയുടെ ഏറ്റവും വലിയ ദൌർബല്യം. ഞങ്ങൾക്കു വേണ്ടി എന്തു വിട്ടുവീഴ്ചകൾക്കും അവർ തയാറായി. എങ്കിലും ഏറെ മടിച്ചും “വേണോ കുട്ടീ, അവിടെ പോണോ, കുട്ടിയ്ക്ക് വേദന ഒട്ടും കുറവില്ലേ?അവിടെ പോയാൽ മാറുമോ?“ എന്ന് എന്നോട് പലവട്ടം ചോദിച്ചും ഒടുവിൽ അമ്മീമ്മ എന്നെയും അനിയത്തിയേയും കൂട്ടി, മനസ്സില്ലാമനസ്സോടെ സാമിയുടെ മഠത്തിലെത്തിച്ചേർന്നു.

സന്ധ്യയാവാൻ തുടങ്ങിയിരുന്നു, അപ്പോൾ. വരാന്തയിൽ കുറെ ഭക്തജനങ്ങൾ നാമം ജപിച്ചുകൊണ്ടിരുന്നു. സാമി ആർക്കെല്ലാമോ ദൈവവാക്കുകൾ കേൾപ്പിയ്ക്കുന്നുണ്ടായിരുന്നു. ചന്ദനത്തിരികളുടേയും വിവിധ പൂജാദ്രവ്യങ്ങളുടേയും സുഗന്ധം അന്തരീക്ഷത്തിൽ പരന്നിരുന്നു. ഹരേ രാമ ഹരേ കൃഷ്ണാ ജപവും നാരായണീയ ശ്ലോകങ്ങളും അവിടെ മുഴങ്ങിക്കൊണ്ടിരുന്നു.

തോർത്തുമുണ്ടുകൊണ്ട് തലയിൽ ഒരു കെട്ടും കെട്ടിയിരുന്ന എന്നെ അദ്ദേഹം അലിവോടെ അടുത്തേയ്ക്ക് വിളിച്ചു. തലയിൽകെട്ട് അഴിച്ചു മാറ്റുവാൻ പറഞ്ഞു. കുറച്ചു തണുപ്പുള്ള ഭസ്മം എന്റെ നെറ്റിയിൽ പൂശിയിട്ട് , “എല്ലാ വലിയും പോയൂടും“ എന്ന് മെല്ലെപ്പറഞ്ഞു. എനിയ്ക്ക് തലവേദനയാണെന്ന് അദ്ദേഹം എങ്ങനെ മനസ്സിലാക്കിയെന്ന് ഞാൻ അൽഭുതപ്പെട്ടു. ആ നിമിഷം മുതൽ തലവേദന കുറയുന്നതായും അല്പ നേരത്തിൽ അത് നിശ്ശേഷം മാറിയതായും എനിയ്ക്ക് തോന്നി.

“വരാനിത്ര താമസിച്ചതെന്ത് ?“ എന്ന് സാമി ചോദിച്ചപ്പോൾ അമ്മീമ്മ പറഞ്ഞു  “മാറുമെന്ന് കരുതി“. അപ്പോൾ അദ്ദേഹം ചിരിച്ചു. പിന്നെ  ഇരമ്പിപ്പെയ്യുന്ന മഴ പോലെ കുറെ സംസാരിച്ചു. അപ്പോഴാണ് അമ്മീമ്മയുടെ അപ്പാ ബ്രഹ്മരക്ഷസ്സായി മാറിയിട്ടുണ്ട് എന്ന് ഞാനറിഞ്ഞത്. അദ്ദേഹം അമ്മീമ്മയുടെ വീട്ടിൽ സ്ഥിരമായി  താമസിയ്ക്കുകയാണത്രെ!. എല്ലാ പ്രശ്നങ്ങൾക്കും അതാണ് കാരണം. പ്രശ്നങ്ങളെന്നു വെച്ചാൽ, അമ്മീമ്മയുടെ സഹോദരന്മാരുമായി കിടപ്പാടത്തിന്റെ പേരിലുള്ള കോടതിക്കേസുകൾക്കും എന്റെ മാതാപിതാക്കന്മാരുടെ സ്വരച്ചേർച്ചക്കുറവിനും എന്റെ ആരോഗ്യക്കുറവിനും അങ്ങനെ സകലതിനും കാരണം ബ്രഹ്മരക്ഷസ്സിന്റെ സാന്നിധ്യമാണ്. അതിന് അനവധി പൂജകളും ചില ഹോമങ്ങളും അദ്ദേഹം നിർദ്ദേശിച്ചു. എല്ലാം ഭംഗിയായി നിവർത്തിച്ചു തരാമെന്നും അദ്ദേഹം ഏൽക്കാതിരുന്നില്ല.

അമ്മീമ്മ തല കുലുക്കി കേട്ടു. പൂജകൾ ചെയ്തില്ലെങ്കിൽ ഒരുപാട് അനർത്ഥങ്ങൾ വരുമെന്നൊരു താക്കീതും കൂടി സാമി അവസാനത്തെ  ദൈവവാക്കായി അരുൾ ചെയ്യാതിരുന്നില്ല. അമ്മീമ്മ ഒരു വാക്കും മറുപടി പറഞ്ഞില്ല. അദ്ദേഹം തന്ന ഭസ്മവും തണുത്തു കുളിർത്ത ചന്ദനവും വളരെ ശ്രദ്ധയോടെ എന്റെ തലയിൽ പുരട്ടുക മാത്രം ചെയ്തു.

അന്നു രാത്രി അതി ഭയങ്കരനായ ബ്രഹ്മരക്ഷസ്സിനെ സ്വപ്നത്തിൽ കണ്ട്, ഞാൻ ഭയന്നു നിലവിളിച്ചു. അമ്മീമ്മയുടെ അപ്പാവിന്റെ മുഖം എന്റെ ഓർമ്മയിൽ ഒരിയ്ക്കലും ഉണ്ടായിരുന്നില്ല. എനിയ്ക്ക് ഒരു വയസ്സുള്ളപ്പോൾ ഒരിയ്ക്കൽ മാത്രം കണ്ട ആ മുഖം എങ്ങനെ ഓർമ്മയുണ്ടാവാനാണ്?

ഞെട്ടിയുണർന്നു കിതയ്ക്കുന്ന എന്നെ പേടിയ്ക്കാനൊന്നുമില്ലെന്ന് അമ്മീമ്മ സമാധാനിപ്പിച്ചു. ഒന്നാമത് അമ്മീമ്മയുടെ അപ്പാ ദുർമ്മരണപ്പെട്ടിട്ടില്ല. രണ്ടാമത്  സ്വന്തം മക്കളിൽ ആൺ കുട്ടികളെ കുറെ അധികം സ്നേഹിച്ചു എന്നതല്ലാതെ ആർക്കും ദ്രോഹമൊന്നും അദ്ദേഹം ചെയ്തിട്ടില്ല. അതുകൊണ്ട് ബ്രഹ്മരക്ഷസ്സാകാനുള്ള പരീക്ഷയ്ക്കിരിയ്ക്കാൻ അദ്ദേഹം ഒട്ടും ക്വാളിഫൈഡ് അല്ല.

“പക്ഷെ, സാമി പറഞ്ഞല്ലോ..എനിയ്ക്ക് തലവേദനയാണെന്ന് നമ്മൾ പറയാതെ തന്നെ അദ്ദേഹത്തിന് മനസ്സിലായില്ലേ? അപ്പോൾ സാമി പറഞ്ഞത്  തട്ടിക്കളയാൻ പാടുണ്ടോ?……“

അമ്മീമ്മ മനോഹരമായി ചിരിച്ചു.

“തലയിൽ ഒരു കെട്ടും കെട്ടി ചുവന്നു വീർത്ത കണ്ണുകളുമായി വരുന്ന ആൾക്ക് തല വേദനയുണ്ടെന്ന് അറിയാൻ ഒരു പ്രയാസവുമില്ല. പിന്നെ കേസിന്റെ കാര്യവും അമ്മയുടേയും അച്ഛന്റേയും വഴക്കുകളും  ഈ നാട്ടിലാർക്കാണറിയാത്തത്? ഇനി എന്റെ അപ്പാ ബ്രഹ്മരക്ഷസ്സായി ഈ വീട്ടിലുണ്ടെന്ന് തന്നെ കരുതൂ. ഞാൻ ആ അപ്പാവിന്റെ മകളല്ലേ? എനിയ്ക്ക് സങ്കടം വരുത്തുന്ന ഒന്നും അദ്ദേഹത്തിന് ചെയ്യാൻ പറ്റില്ല. അതുകൊണ്ട് ആ ബ്രഹ്മരക്ഷസ്സിനെ ഒട്ടും പേടിയ്ക്കണ്ട. കുട്ടി സമാധാനമായി ഉറങ്ങൂ.“

അവരുടെ ആത്മവിശ്വാസം തുളുമ്പുന്ന വാക്കുകൾ കേട്ട്, ജോലികൾ ചെയ്ത്ചെയ്ത് പരുത്തുപോയ ആ  കൈകളുടെ തലോടലിൽ അലിഞ്ഞ് ഞാൻ ഉറക്കത്തിലേയ്ക്ക് വഴുതിവീണു. പേടി സ്വപ്നങ്ങളില്ലാത്ത, സുരക്ഷിതവും ശാന്തവുമായ ഉറക്കത്തിലേയ്ക്ക്.. പിറ്റേന്ന് രാവിലെ ഉണർന്നപ്പോൾ എനിയ്ക്ക് തലവേദന ഒട്ടുമുണ്ടായിരുന്നില്ല.

ആൾദൈവങ്ങളുടെ അതി കേമമായ സിദ്ധികളെക്കുറിച്ച് എല്ലാവരും വാചാലരാകുന്ന,  ഇരുപത്തൊന്നാം നൂറ്റാണ്ടിലെ പരിഷ്ക്കാരത്തിന്റേയും ശാസ്ത്രബോധത്തിന്റേയും ഈ ആധുനിക കാലത്ത് ഞാൻ അമ്മീമ്മയുടെ വാക്കുകൾ ഓർമ്മിച്ചുകൊണ്ടിരിയ്ക്കുന്നു. ലതരം രക്ഷകളും ചരടുകളും കുറികളും ജപങ്ങളും വ്രതങ്ങളും എന്റെ ചുറ്റും പറന്നു നടക്കുമ്പോൾ,  എല്ലാ ദു:ഖങ്ങളിൽ നിന്നും ദുരിതങ്ങളിൽ നിന്നുമുള്ള ശാന്തിയും മോചനവും എവിടെ എവിടെ എന്ന്………..