നീന്തല്‍
പഠിക്കാനെത്തിയ പെണ്‍കുട്ടികളോട് അധ്യാപകന്‍ പറഞ്ഞു. ‘ നിങ്ങള്‍ കൊച്ചു കുട്ടികളെപ്പോലെയല്ല, മധ്യവയസ്ക്കരായ ആന്‍റിമാരെപ്പോലെയിരിക്കുന്നു. ‘
കുട്ടികള്‍
തല താഴ്ത്തി....
അവരുടെ അമ്മമാരായ ഞങ്ങളും സ്വന്തം തലകള്‍ ആകാവുന്നത്ര താഴ്ത്തിപ്പിടിച്ചു.
വല്ലാതെ
പഴുത്തു പോയ, മാംസളമായ ചില പഴങ്ങളെപ്പോലെയായിരുന്നു അമ്മമാരില്‍
പലരും. കരുത്തുള്ള, ആരോഗ്യമുള്ള
സ്ത്രീ ശരീരത്തെക്കുറിച്ച് മിക്കവാറും അമ്മമാര്‍ക്ക്
യാതൊരു ധാരണയുമുണ്ടായിരുന്നില്ല. ഫാഷന്‍
വസ്ത്രങ്ങള്‍ ധരിക്കാനനുയോജ്യമായ ശരീരമാണ്
പെണ്‍കുട്ടികള്‍ക്ക് വേണ്ടതെന്ന്
കരുതി പട്ടിണി കിടക്കാന്‍ പലപാട്
പ്രേരിപ്പിച്ചും പട്ടിണി കിടത്തിയുമാണ് പല അമ്മമാരും പെണ്‍കുഞ്ഞുങ്ങളെ വളര്‍ത്തിയിരുന്നത്. എന്നിട്ടും എടീ
തടിച്ചി ... എടീ മന്തിപ്പാറു എന്നും
മറ്റുമുള്ള പേരുകള്‍ അമ്മമാരും തങ്ങളുടെ
പെണ്‍കുട്ടികളെ സാധിക്കുമ്പോഴെല്ലാം വിളിച്ചുകൊണ്ടിരുന്നു.
കുട്ടികള്‍
ഇതെല്ലാം തങ്ങളുടെ അധ്യാപകനോട് തുറന്നു
പറയുമെന്ന് അമ്മമാര്‍ ഒരിക്കലും കരുതിയിരുന്നില്ല.
ഹരിയാനയില്‍
ജീവിച്ച കാലത്താണ് നീന്തല്‍
പഠിപ്പിച്ചിരുന്ന അവിടത്തുകാരനായ ഈ അധ്യാപകനെ ഞാന്‍ പരിചയപ്പെട്ടത്. ആണ്‍കുട്ടികളേയും മുതിര്‍ന്ന പുരുഷന്മാരെയും
മാത്രമല്ല മുതിര്‍ന്ന പെണ്‍കുട്ടികളേയും
സ്ത്രീകളേയും അദ്ദേഹം നീന്താന്‍ പഠിപ്പിച്ചിരുന്നു. ഞങ്ങള്‍ കുറച്ചു സ്ത്രീകള്‍
പെണ്മക്കളെ നീന്താന്‍ പഠിപ്പിക്കണമെന്ന് വിചാരിച്ചിരുന്നെങ്കിലും ഒരു പുരുഷ
അധ്യാപകനെക്കുറിച്ച് മനസ്സു നിറയെ വിവിധ
തരം സംശയങ്ങളില്‍ പെരുത്ത തീവ്ര ഉല്‍ക്കണ്ഠകളുണ്ടായിരുന്നു. അതുകൊണ്ട്
അദ്ദേഹത്തിന്‍റെ ക്ലാസ്സുകള്‍ കണ്ടു
മനസ്സിലാക്കുവാന്‍ ഞങ്ങള്‍, കൂട്ടമായി സ്ക്കൂളുകളിലും
ചില ക്ലബ്ബുകളിലും മറ്റും പോയി. സംശയത്തിന്‍റേയും
ആധികളുടേയും ഉല്‍ക്കണ്ഠകളുടെയും പച്ചയും
മഞ്ഞയും നീലയുമായ കണ്ണടകള്‍ ധരിച്ച് മെലിഞ്ഞു കിളരം കൂടിയ ആ നീന്തല്‍വിദഗ്ദ്ധനെ ഉറ്റുനോക്കി.
കടുത്ത
പുരോഗമനവാദികളെന്ന് ഭാവിക്കുന്നവര്‍ പോലും,
സാധിക്കുമ്പോഴെല്ലാം പെണ്‍വസ്ത്രങ്ങളില്‍ ദൃശ്യമാകുന്ന പീഡനാഹ്വാനങ്ങളെയും പ്രേരണകളെയും പറ്റി തീവ്രമായി പരവശരാകുന്ന ഈ ആധുനിക ഹൈ ടെക്
കാലത്ത് സാധാരണക്കാരനും
ഗ്രാമീണനുമായ ആ കായികാധ്യാപകന്‍റെ നിലപാടുകള്‍ തികച്ചും വിസ്മയകരമായിരുന്നു. നീന്തല്‍
വസ്ത്രം ധരിച്ച് പഠിക്കാനെത്തുന്ന തന്‍റെ വിദ്യാര്‍ഥികളില്‍ അദ്ദേഹത്തിനു സ്ത്രീശരീരവും പുരുഷശരീരവും
ദൃശ്യമായില്ല, പകരം ശിഷ്യ
ശരീരങ്ങള്‍ മാത്രമേ ദൃശ്യമായുള്ളൂ. വാസ്തവം പറയുകയാണെങ്കില്‍ കുട്ടികളുടെ അമ്മമാര്‍ക്ക്
പോലും
അത്തരമൊരു മനോഭാവം
ഉണ്ടായിരുന്നില്ല. അതായിരിക്കാം എല്ലാ കുട്ടികളും അദ്ദേഹത്തോട്
സ്വന്തം മനോവിഷമങ്ങളും വേദനകളും മറകളില്ലാതെ പങ്കുവെച്ചത്.
സാധാരണയായി ശരീര ഭംഗിക്കുതകുന്ന തരം വ്യായാമം മാത്രമേ പെണ്‍കുട്ടികള്‍ക്കായി നിര്‍ദ്ദേശിക്കപ്പെടാറുള്ളൂ.
കരുത്തുള്ള, ഉറച്ച ശരീരം
ആണ്‍കുട്ടികള്‍ക്കും മേദസ്സില്ലാത്ത ഒതുങ്ങിയ അഴകളവുകളുള്ള ശരീരം പെണ്‍കുട്ടികള്‍ക്കും
എന്നതാണല്ലോ ഒരു പൊതുകാഴ്ചപ്പാട്. മിക്കവാറും
കായികാധ്യാപകര്‍ അവരില്‍ സ്ത്രീകളും പുരുഷന്മാരും ഉള്‍പ്പെടുമെങ്കിലും ഈ മനോഭാവം
വെച്ചു പുലര്‍ത്തുന്നവരായാണ്
എനിക്ക് തോന്നിയിട്ടുള്ളത്. ഈ
അടുത്ത കാലത്ത് മഹാരാഷ്ട്രയിലെ ചില
അധ്യാപകരുമായി ഇടപഴകാന്‍ അവസരമുണ്ടായത്
എന്‍റെ ഈ തോന്നലിനെ പിന്നെയും ശരി വെക്കുകയായിരുന്നു . സ്കൂളുകളിലെ ഫിസിക്കല്‍ ട്രെയിനിംഗ് പീര്യഡുകളില്‍ പെണ്‍കുട്ടികള്‍ അനായാസകരമായ വല്ല ചെറു കളികളിലും ഏര്‍പ്പെടുകയോ വെറുതെ സിനിമാക്കഥകള്‍ പറഞ്ഞിരിക്കുകയോ ചെയ്യുന്നത്
ഒട്ടും അസ്വാഭാവികമായി
വീക്ഷിക്കപ്പെടുന്നില്ല. കൂടുതല്‍ ഓടുന്നത് ചാടുന്നത് ഒക്കെ സ്ത്രീ ശരീരത്തിനു വലിയ ഹാനിയുണ്ടാക്കുമെന്ന് വിളിച്ചു പറയുന്നത്, ഈയടുത്തയിടയ്ക്കും നമ്മള്‍ കേള്‍ക്കുകയുണ്ടായല്ലോ.
നേരത്തെ, ഇന്ത്യയുടെ അഭിമാനമായ പി ടി ഉഷയോടും പ്രൊഫസര്‍ എം കൃഷ്ണന്‍ നായരുള്‍പ്പടെ അങ്ങനെ പറയുകയും ലേഖനങ്ങള്‍ എഴുതി ആ വിതണ്ഡവാദം സ്ഥാപിക്കാന്‍ ശ്രമിക്കുകയും
ചെയ്തിരുന്നു.
നന്നായി
ഭക്ഷണം കഴിച്ച് , ഉപയോഗിക്കാതിരുന്നാല്‍
കോലംകെട്ടു പോകുന്ന ശരീരമെന്ന യന്ത്രത്തെ എണ്ണയിട്ട് മിനുക്കും മാതിരി വ്യായാമം ചെയ്ത് തികച്ചും സുസജ്ജമാക്കി വെക്കണമെന്ന് ആ ഗ്രാമീണനായ അധ്യാപകനെപ്പോലെ തന്‍റെ ശിഷ്യരെ
ഉപദേശിക്കുന്നവര്‍ ഒരു പക്ഷെ, വിരളമായിരിക്കാം.
അദ്ദേഹത്തിന്‍റെ വ്യത്യസ്തമായ വാക്കുകള്‍ ഞാന്‍ മറക്കാത്തതും അതുകൊണ്ടായിരിക്കാം.
ആണ്‍കുട്ടികളോട് ആരോഗ്യവും ആത്മവിശ്വാസവുമുള്ളവരായി വളരാന്‍
നിര്‍ദ്ദേശിച്ച അദ്ദേഹം പെണ്‍കുട്ടികളോട് ആഭരണങ്ങളിലും
വസ്ത്രങ്ങളിലും മാത്രം ഒതുങ്ങുന്ന , പെയിന്‍റു പൂശിയ ബൊമ്മകളാവരുതെന്നും ആരോഗ്യവും കരുത്തുമുള്ള
ശരീരത്തിന്‍റെയും മനസ്സിന്‍റേയും ഉടമകളാവണമെന്നും പറയാന്‍ മറന്നില്ല. ചായങ്ങള്‍
പുരട്ടിയ കൃത്രിമ സൌന്ദര്യത്തേക്കാള്‍ കരുത്തിന്‍റേയും ആരോഗ്യത്തിന്‍റേയും തിളക്കമാണ് യഥാര്‍ഥത്തില്‍ പെണ്‍കുട്ടികള്‍ക്ക് വേണ്ടത്. ആരോഗ്യമുള്ള
മനസ്സിന് അന്തരാളഘട്ടങ്ങളില്‍
മനസ്സാന്നിധ്യം നഷ്ടപ്പെടുവാന്‍ കൂടുതല്‍
സമയമെടുക്കും. മനസ്സാന്നിധ്യമുള്ളവരെ കീഴ്പ്പെടുത്തുക അത്ര എളുപ്പവുമാവില്ല.