Tuesday, January 21, 2014

അമ്മീമ്മക്കഥകളിലൂടെ....


https://www.facebook.com/echmu.kutty/posts/772341376278492
Manoj V D Viddiman

https://www.facebook.com/manaskpm/posts/4161176884939
Anas M Basheer

ചിലപ്പോള്‍ ഇതെല്ലാം  വെറും കഥകളാണ്... ചിലപ്പോള്‍ കുറെ ഓര്‍മ്മകളാണ്... ചിലപ്പോള്‍ കഠിന വേദനകളാണ്... ഇനിയും  ചിലപ്പോള്‍  പരമമായ സത്യങ്ങളാണ്...
കഥകളായി പൂത്തുലയുമ്പോള്‍  എനിക്കാവുന്നത്ര  ഭാവനയെയും സ്വപ്നങ്ങളേയും  ആവാഹിച്ചു..
ഓര്‍മ്മകളാവുമ്പോള്‍  വിങ്ങിപ്പൊട്ടിക്കൊണ്ട്  സങ്കടവും പിടച്ചിലുകളും അനുഭവിച്ചു.
ഒടുങ്ങാത്ത വേദനകളായി നീറി നിന്നപ്പോള്‍ എന്നെത്തന്നെ  ഊതിയാറ്റുവാന്‍ പരിശ്രമിച്ചു  ..
പരമമായ സത്യങ്ങളായി,  തെളിഞ്ഞു നിന്നപ്പോള്‍  എന്നും  മന്ദഹാസത്തോടെ തികഞ്ഞ ആഹ്ലാദത്തോടെ  എന്നില്‍ കുടിയിരുത്തി.
സമരത്തില്‍ ജയിക്കുന്നുവോ തോല്‍ക്കുന്നുവോ എന്നത് പ്രധാനമല്ലെന്നും കീഴടങ്ങാതെ സമരം ചെയ്യുന്നതാണ്, സമരങ്ങളിലൂടെ നമ്മെ അടയാളപ്പെടുത്തുന്നതാണ് പ്രധാനമെന്നും ആത്മാഭിമാനമാണ് മനുഷ്യരുടെ ഏറ്റവും വലിയ സമ്പത്താവേണ്ടതെന്നും ഏറ്റവും അധികം  പറഞ്ഞു തന്നത്  അമ്മീമ്മയാണ്.
അമ്മയുടെ ചേച്ചിയായിരുന്നു അവര്‍,  എന്‍റെ വൈകാരിക സുരക്ഷിതത്വത്തിന്‍റെ യഥാര്‍ഥ  അടിത്തറയും  എന്നും  അവര്‍ മാത്രമായിരുന്നു.   

അവരുടെ സ്നേഹസുരഭിലമായ ഓര്‍മ്മകള്‍ക്കു  മുന്നില്‍... ത്യാഗപൂര്‍ണമായ  ജീവിതത്തിനു മുന്നില്‍...   

എച്മുവോടുലകം  എന്ന ബ്ലോഗിലും മറ്റ്  ഇന്‍റര്‍നെറ്റിടങ്ങളിലും ചുരുക്കം അച്ചടി മാധ്യമങ്ങളിലും പരിചയപ്പെടാനിടയായ    അക്ഷരങ്ങളെ സ്നേഹിക്കുകയും ഇനിയും എഴുതൂ  എന്ന്  നിത്യവും പ്രോല്‍സാഹിപ്പിക്കുകയും ചെയ്യുന്ന  ഓരോ  വായനക്കാര്‍ക്കും മുന്നില്‍...

എന്നും തണലായി ഒപ്പമുണ്ടായിരുന്നവര്‍ക്ക് മുന്നില്‍ ...

ഈ പുസ്തകം..  

എന്‍റെ അമ്മീമ്മക്കഥകള്‍  പ്രകാശിപ്പിക്കപ്പെട്ടു.

ദത്ത് മാഷില്‍ നിന്ന് വി  ആര്‍  സന്തോഷ് പുസ്തകം ഏറ്റുവാങ്ങി.

ദത്ത്  മാഷും സന്തോഷും പിന്നീട്  പി. ഇ. ഉഷയും  പുസ്തകത്തെക്കുറിച്ച് സംസാരിച്ചു.  അത്രയുമൊക്കെ സംസാരിക്കപ്പെടാന്‍ മാത്രം ഉണ്ടോ എന്ന്  എനിക്ക് പലവട്ടം തോന്നിയെങ്കിലും ആഹ്ലാദമുണ്ടായിരുന്നു  മനസ്സില്‍ എന്നതൊരു സത്യമാണ്.

കുഞ്ഞൂസ്സിന്‍റെ നീര്‍മിഴിപ്പൂക്കള്‍ രാജു റാഫേലില്‍ നിന്ന് കുഞ്ഞൂസ്സിന്‍റെ അമ്മ  ശ്രീമതി സെബീനാ പൈലി ഏറ്റുവാങ്ങി .  റെയ്നിഡ്രീംസിന്‍റെ  അഗ്നിച്ചിറകുകള്‍  മണിലാലില്‍ നിന്ന് പ്രയാണ്‍  ഏറ്റുവാങ്ങി.

ബ്ലോഗേര്‍സിന്‍റെ  കഥാസമാഹാരമായ ഭാവാന്തരങ്ങള്‍  ശ്രീ ശിവന്‍  കാരാഞ്ചിറയില്‍ നിന്ന്  ശ്രീ ലിജു  സേവിയര്‍ ഏറ്റുവാങ്ങി.  എന്‍റെ  അസത്ത് എന്ന കഥയാണ്    സമാഹാരത്തിലെ  ആദ്യ കഥ.

 ബ്ലോഗേര്‍ സിന്‍റെ  കവിതാസമാഹാരമായ ചിരുകുകള്‍ചിലക്കുമ്പോള്‍  ശ്രീ കുഴൂര്‍വില്‍സണില്‍ നിന്ന്  ശ്രീ വിജയകുമാര്‍മിത്രക്കാമഠം ഏറ്റുവാങ്ങി.

അധ്യക്ഷന്‍ മനോജ് രവീന്ദ്രന്‍ നിരക്ഷരനായിരുന്നു. നിരക്ഷരന്‍  ഭംഗിയായി അധ്യക്ഷപ്രസംഗം  നടത്തി. ടി  ആര്‍ ചന്ദ്രദത്തെന്ന ദത്ത്  മാഷായിരുന്നു ഉദ്ഘാടകന്‍. ബ്ലോഗ്  വായിക്കാത്ത തനിക്ക് അതിനുള്ള  യോഗ്യതയില്ലെങ്കിലും കൂട്ടത്തിലെ കൂടുതല്‍ വൃദ്ധനും അവശനും  താനായതിന്‍റെ പേരില്‍ മാത്രം ഉദ്ഘാടകനാവാമെന്ന് അദ്ദേഹം പറഞ്ഞു. എന്നോടുള്ള സ്നേഹവാല്‍സല്യങ്ങള്‍ ചാലിച്ചു ചേര്‍ത്തിരുന്നെങ്കിലും  പുസ്തകത്തെ അദ്ദേഹം  വളരെ  നിശിതമായി വിലയിരുത്തി. വി  ആര്‍  സന്തോഷ് പറഞ്ഞതില്‍ കുറെ കാര്യങ്ങളൊന്നും സത്യം  പറഞ്ഞാല്‍ എനിക്ക്  പിടി കിട്ടിയില്ല. ഉഷയുടെ സ്നേഹവും സൌഹൃദവും ആ വാക്കുകളില്‍ തുളുമ്പുന്നുണ്ടായിരുന്നു.

രാവിലെ തൃശ്ശൂര്‍ റെയില്‍വേ സ്റ്റേഷനിലെ ഫ്ലൈഓവറില്‍ വെച്ച്  റോസാപ്പൂവ്  നിറഞ്ഞ സുഗന്ധമായി  സൌഹൃദപ്പരിമളം പകര്‍ന്നു. ജീവിതത്തില്‍  ആദ്യം കാണുകയായിരുന്നെങ്കിലും ഒരുപാട്  പരിചയവും അടുപ്പവും തോന്നി.

പിന്നെ  ഉഷ  വന്നു.

സാഹിത്യ അക്കാദമിയില്‍ എത്തി  കുറച്ചു  കഴിഞ്ഞപ്പോള്‍  ലീലടീച്ചറും ചന്ദ്രേട്ടനും വന്നു.  പിന്നെ ഓരോരുത്തരായി  വരാന്‍  തുടങ്ങി...

പ്രയാണും നീലലോലാക്കിട്ട ശിവകാമിയും ഒന്നിച്ചാണ് വന്നത്. കുഞ്ഞൂസ്സിനേയും  അമ്മയേയും കാണാന്‍  പറ്റിയതും  വളരെ സന്തോഷകരമായ ഒരു കാര്യമായി.  ബ്ലോഗര്‍ ചിത്രാംഗദയും വന്നിരുന്നു. ഫെമിന ജബ്ബാര്‍,  ഇര്‍ഷാദ്, അജിത..  അങ്ങനെ എല്ലാവരും..

തങ്കപ്പന്‍ ചേട്ടനോട്  തിരക്കിനിടയില്‍ വേണ്ട മാതിരി സംസാരിക്കാന്‍ കഴിഞ്ഞില്ല. ബന്ധുക്കളുടെ  വിവാഹപരിപാടികളില്‍ പങ്കെടുക്കേണ്ടിയിരുന്നിട്ടും ഈ പുസ്തകപ്രകാശനത്തിനു വരാന്‍   അദ്ദേഹം കാണിച്ച സന്മനസ്സിനു നന്ദി പറയുന്നതെങ്ങനെയാണ്... സ്നേഹം മാത്രം എന്ന് പറഞ്ഞ് നിറുത്തുന്നു.

വിഡിമാന്‍, റഫീക്, മനോജ് നിരക്ഷരന്‍, ഷംസുദ്ദീന്‍, ജെ. പി. വെട്ടിയാട്ടില്‍ ചേട്ടന്‍,  കലാവല്ലഭന്‍, ജോഷി, ജയേഷ്,  ജയരാജ് , മുകിലിന്‍റെ  അമ്മയും അനിയനും  മറ്റ്  ബന്ധുക്കളും, മലയാളി, വിദ്യയും അമലും, ബിജു, ഇന്ദിര അങ്ങനെ  ഒത്തിരി സ്നേഹിതരുടെ സാന്നിധ്യമുണ്ടായത് വലിയൊരു  സൌഭാഗ്യമായി.

എന്‍റെ മാത് മാറ്റിക്സ് അധ്യാപികയായിരുന്ന രാധ ടിച്ചറേയും  സഹപാഠിയും ടീച്ചറൂടെ മകനുമായ രാധാകൃഷ്ണനേയും കാണാന്‍ കഴിഞ്ഞു.  ടീച്ചര്‍ക്ക് ഒരു പുസ്തകം നല്‍കാന്‍ കഴിഞ്ഞത് എന്നെ ഏറെ സന്തോഷിപ്പിച്ചു.  
      
മനോജ് കുമാറും ഉഷയും എന്‍റെ  എല്ലാ  പരിഭ്രമങ്ങള്‍ക്കും പേടികള്‍ക്കുമുള്ള  മുഴുവന്‍ പിന്തുണയുമായി എപ്പോഴും ഒപ്പമുണ്ടായിരുന്നു.

വളരെ വര്‍ഷങ്ങളായി കാണാതിരുന്ന  ഷീനയും  ഭര്‍ത്താവും  വന്നതും  പുസ്തകം   കൈയൊപ്പിട്ട്  വേണമെന്ന് ഷീന  പറഞ്ഞതും  എന്നെ  അല്‍പം  അല്‍ഭുതപ്പെടുത്താതിരുന്നില്ല.

വര്‍ഷങ്ങള്‍ക്കപ്പുറം ഷണ്‍മുഖദാസ് മാഷെ  കാണാനും സംസാരിക്കാനും ഇടയായി.

വരികയും എന്നെ  പ്രോല്‍സാഹിപ്പിക്കുകയും ചെയ്ത എല്ലാവര്‍ക്കും  ഒത്തിരി  നന്ദി.. സ്നേഹം ..

വരാതെ  സന്മനസ്സുകൊണ്ട്  എന്നെ അനുഗ്രഹിച്ച എല്ലാവര്‍ക്കും  ഒത്തിരി സ്നേഹം.. സന്തോഷം.. പ്രത്യേകിച്ച്  ചന്തുവേട്ടന്‍, എന്‍ ബി സുരേഷ് മാഷ്, ശ്രീനാഥന്‍ മാഷ്, പ്രദീപ് കുമാര്‍ മാഷ്, ഉഷാകുമാരി ടീച്ചര്‍, രമേശ് അരൂര്‍, വിശ്വപ്രഭ, വി. ഏ മാഷ്,   മുകില്‍, വിന്‍സെന്‍റ്, രാംജി, സിയാഫ്, ജയ്ഗോപാല്‍, ദിനേശ്,  ദിലീപ്, അനിത, ശൈലജ, ദേവപ്രിയന്‍. ...
  
കഥയിലൂടെയും കവിതയിലൂടെയും സാഹിത്യത്തിലൂടെയുമൊന്നും  കടന്നു പോവാത്ത,  പുസ്തകങ്ങള്‍ അച്ചടിക്കുന്നതിനോട്  യാതൊരു താല്‍പര്യവുമില്ലാത്ത എന്‍റെ  കൂട്ടുകാരന്‍ മുഴുവന്‍ സമയവും നിറഞ്ഞ  മനസ്സോടെ  പരിപാടിയില്‍ പങ്കെടുത്തത്  എന്നെ ഏറെ  ആഹ്ലാദിപ്പിച്ചു. എന്‍റെ  കൂട്ടുകാരന്‍റെ റിട്ടയേര്‍ഡ് പട്ടാളക്കാരനായ അമ്മാവനും അമ്മായിയും കുമാരിചേച്ചിയും വന്നതും  എനിക്ക് സന്തോഷം പകര്‍ന്നു. എന്നെ  എഴുതാന്‍  എന്നും  പ്രേരിപ്പിച്ചിട്ടുള്ള സാജന്‍റെ  മുഴുവന്‍ സമയ സാന്നിധ്യവും തികച്ചും സന്തോഷകരമായിരുന്നു. എന്‍റെ  മോളുടെ  കൂട്ടുകാരി  വന്നതും എനിക്ക് ഒരുപാട്  ആഹ്ലാദം പകര്‍ന്നു.

എന്‍റെ എഴുത്തിനെ എന്നും പ്രോല്‍സാഹിപ്പിച്ച പ്രിയപ്പെട്ട വായനക്കാരുടെ മുന്നില്‍ തികഞ്ഞ വിനയത്തോടെ    പുസ്തകം ...

വായിക്കുകയും  അഭിപ്രായങ്ങള്‍ അറിയിക്കുകയും ചെയ്യുമല്ലോ ... എല്ലാവരോടും സ്നേഹം  മാത്രം..


Thursday, January 16, 2014

സ്ത്രൈണമാകട്ടേ ഭരണവും...


( കുടുംബമാധ്യമത്തിലെ സ്വകാര്യത്തില്‍ 2014   ജനുവരി  10  ന്  പ്രസിദ്ധീകരിച്ചത് )

നമ്മുടെ  രാജ്യതലസ്ഥാനമായ  ഇന്ദ്രപ്രസ്ഥത്തില്‍,   ചെറുതായിരിക്കുന്നതിന്‍റേയും  ലളിതമായിരിക്കുന്നതിന്‍റേയും ഋജുവായിരിക്കുന്നതിന്‍റേയും ഒക്കെ  മഹത്വത്തെപ്പറ്റി  ഒരുപക്ഷെ,  അനവധി കാലങ്ങള്‍ക്ക് ശേഷം ചൂടു പിടിച്ച ചര്‍ച്ചകള്‍  നടക്കുകയാണിപ്പോള്‍. എല്ലാം  ആവശ്യത്തിലും  എത്രയോ ഇരട്ടിയിലധികം പൊലിപ്പിച്ചു  പൊലിപ്പിച്ചു  മാത്രം  പ്രദര്‍ശിപ്പിക്കുന്ന  ഒരു  ശൈലിയാണ് ദില്ലിക്കുള്ളത്. അങ്ങനെ പ്രദര്‍ശിപ്പിച്ചില്ലെങ്കില്‍ ആരുടേയോ   മുന്നില്‍  ഒരു  രാജ്യമെന്ന നിലയില്‍ മോശക്കാരാകുമെന്ന് നമ്മെ  ഭരിച്ചിരുന്നവര്‍ എല്ലാക്കാലത്തും വിശ്വസിച്ചു പോന്നു. അതുകൊണ്ട്  മനുഷ്യരെ  ആട്ടിയോടിക്കാനും കന്നുകാലികളെ അതിര്‍ത്തി  കടത്തി വിടാനും  പടര്‍ന്നു പന്തലിച്ച വന്‍ മരങ്ങള്‍  വെട്ടിമാറ്റാനും  ബസ്സോടുന്നതു പോലെ സര്‍വസാധാരണമായി  ബുള്‍ഡോസറുകള്‍ പായിക്കാനും അനാവശ്യമായ കെട്ടുകാഴ്ചകള്‍ എഴുന്നള്ളിക്കാനും  ഭരണാധികാരികള്‍ മല്‍സരിച്ചു. വലുതാകാനും  കൂടുതല്‍ വലുതാകാനും  അങ്ങനെ പെരുംചുഴികള്‍  കണക്കേ  സങ്കീര്‍ണമാകാനുമായിരുന്നു എല്ലാവര്‍ക്കും ത്വര.  ഇനിയും ഇനിയും പണം,  ഇനിയും ഇനിയും  ഭൂമി,  ഇനിയും ഇനിയും അധികാരം അങ്ങനെ  എല്ലാം  ഇനീമിനീം വേണം... ഈ കിട്ടിയതൊന്നും  പോരാ.. ഒട്ടും മതിയായില്ല...  

വലുതാകുമ്പോഴും സങ്കീര്‍ണമാകുമ്പോഴും നമുക്ക് ചെറുതിനെയും ലളിതമായതിനേയും  നേരെയുള്ളതിനേയുംഒക്കെ  കാണാനോ  മനസ്സിലാക്കാനോ  സാധിക്കാതെയാകും. അതൊരു  സാധാരണ മനുഷ്യ സ്വഭാവമാണ്. രണ്ട് മുണ്ട് കിട്ടിയാല്‍ ഒരു  മുണ്ടുള്ളവരെ പൂര്‍ണമായും  മറക്കുകയും മൂന്നു മുണ്ടുള്ളവരെപ്പറ്റി മാത്രം ഏറിയ കൂറും വിചാരിക്കുകയും ചെയ്യുന്നതാണ് പൊതുവേ ഒരു  രീതി.   ഭരണാധികാരികള്‍  അവരാരായിരുന്നാലും  അവ്വിധം  ഒരു  വശത്തേക്കു മാത്രം നോക്കുന്നവരാകുമ്പോള്‍ സംഭവിക്കേണ്ടുന്ന  അനിവാര്യമായ ദുരന്തം നമ്മുടെ രാജ്യത്തിനു  ഇതിനോടകം ഇനി  നേരെയാക്കാനാവാത്ത വിധം  സംഭവിച്ചു കഴിഞ്ഞു.  സാധാരണക്കാരുടെ മനസ്സിലും  ഈ മനോഭാവം വളരെ ആഴത്തില്‍ വേരോടിയിട്ടുണ്ട്.  അതുകൊണ്ട്  ഒരു  മുണ്ടുമാത്രമുള്ളവരേയും  അതു  പോലുമില്ലാത്തവരേയും ഭരണാധികാരികള്‍ മാത്രമല്ല  സാധാരണക്കാരും  കാണാന്‍  ശ്രമിക്കാറില്ല. എങ്ങനേയും എന്തുചെയ്തും  ഇനിയും കൂടുതല്‍  എന്നാകുമ്പോള്‍  പിന്നെ അഴിമതി എന്ന പതിനായിരം കാലുള്ള ദുര്‍ഭൂതം  ഒരിക്കലും ഇറക്കി  വിടാനാവാത്ത വിധം നമ്മളിലാകമാനം  പിടിമുറുക്കുന്നു. 

വല്ലാതെ കെട്ടിക്കിടന്ന്  ദുര്‍ഗന്ധമുയര്‍ത്തുന്ന  വലിപ്പത്തിന്‍റെയും  സങ്കീര്‍ണതയുടേയും ആയ   ഈ ദുരവസ്ഥയിലേക്കാണ് പെട്ടെന്ന് ചെറുതെന്നും ലളിതമെന്നും ഋജുവെന്നും മറ്റും  പറഞ്ഞുകൊണ്ടും അങ്ങനെയാവാന്‍  തികഞ്ഞ ആഗ്രഹമുണ്ടെന്നു പ്രഖ്യാപിച്ചുകൊണ്ടും അതീവ  സാധാരണക്കാരെന്ന് അവകാശപ്പെട്ടുകൊണ്ടും കുറച്ച്   മനുഷ്യര്‍ രംഗത്ത് വന്നിരിക്കുന്നത്.  ഹേയ്,  അവര്‍  ശരിയല്ല.. അവര്‍ക്ക് നയ പരിപാടികളില്ല..  അവര്‍ക്ക് ഒന്നും ചെയ്യാന്‍  കഴിയില്ല എന്നൊക്കെ തന്നെ എല്ലാവരും പറഞ്ഞിരുന്ന ഇടത്തു നിന്നു തന്നെയാണ്    ചിലപ്പോള്‍ ശരിയായേക്കും എന്ന രീതിയിലേക്ക്  അവര്‍  ഇപ്പോള്‍ മാറ്റപ്പെട്ടിരിക്കുന്നത്. അവര്‍  എങ്ങനെ ദില്ലി ഭരിക്കുന്നു എന്നതും അവരുടെ സാധീനം എത്രത്തോളം മറ്റു ഇന്ത്യന്‍ സംസ്ഥാനങ്ങളിലേക്ക്  പരിവഹനം ചെയ്യപ്പെടുന്നു  എന്നതും കാത്തിരുന്ന് കാണേണ്ട കാര്യമാണ്. 

ചെറുതാകുന്നതിന്‍റേയും സാധാരണമാകുന്നതിന്‍റേയും നേരെചൊവ്വേ  ആകുന്നതിന്‍റേയുമൊക്കെ പ്രസക്തി മനുഷ്യരില്‍  വീണ്ടും ഉണര്‍ത്തിയെന്നതാണ്  ഒരുപക്ഷെ, ഈ മനുഷ്യര്‍ ചെയ്ത  ഏറ്റവും വലിയ കാര്യം. സത്യസന്ധത നല്ലൊരു കാര്യമാണെന്നും ധനാസക്തിയും  അധികാരാസക്തിയും   വാഴ്ത്തപ്പെടുന്നതു പോലെ അത്ര കേമമല്ലെന്നും ഇപ്പോള്‍  പലരും  വല്ലപ്പോഴുമെങ്കിലും ആലോചിക്കാന്‍ തുടങ്ങിയിട്ടുണ്ട്. ഇതൊക്കെ എത്രകാലം  അവരില്‍ ശക്തമായി നിലനില്‍ക്കുമെന്നത്  കണ്ടറിയേണ്ട കാര്യമാണെങ്കിലും... ലാളിത്യത്തിനുവേണ്ടി ലളിതമാകാതിരിക്കാനുള്ള ജീവിത ബോധ്യവും    തീര്‍ത്തും അത്യാവശ്യമായ കാര്യങ്ങള്‍ മാത്രം നിവര്‍ത്തിക്കാനുള്ള ജീവിതബോധ്യവും പറഞ്ഞ വാക്കുകളില്‍ ഉറച്ചു നില്‍ക്കാനുള്ള  ജീവിതബോധ്യവും ദില്ലി സംസ്ഥാനത്തിന്‍റെ  പുതിയ ഭരണാധികാരികള്‍ക്ക്  ഉണ്ടാവട്ടെ എന്ന് വിചാരിക്കാം.

നമ്മള്‍  സ്ത്രീകളെ സംബന്ധിച്ച്    മാറ്റത്തിന്‍റെ  തുടക്കം,  നമ്മുടെ സ്വന്തം ഉപകരണവും  ആയുധവും ഒക്കെയായ ഒരു ചൂലില്‍ നിന്നാരംഭിക്കുന്ന മാറ്റത്തിന്‍റെ  തുടക്കം  ഒരുപക്ഷെ, പുരുഷന്മാരേക്കാളധികം സന്തോഷം പകരുന്ന ഒരു  കാര്യമാവുന്നത്  എങ്ങനെയാണെന്ന് ആലോചിക്കുകയായിരുന്നു ഞാന്‍. ആഡംബരം വേണ്ട, വലിയ  ബംഗ്ലാവ് വേണ്ട,  ബീക്കണ്‍ ലൈറ്റ് വേണ്ട,  ഇസഡ് റ്റൈപ്പ്  സെക്യൂരിറ്റി വേണ്ട  എന്നൊക്കെ  ഒരു ഭരണാധികാരി പറയുന്നത് കേള്‍ക്കുമ്പോള്‍ എല്ലാവരും അതിശയപ്പെടുന്നു. ഹൌ!  എത്ര അഭിനന്ദിച്ചിട്ടും ആര്‍ക്കും മതി വരുന്നില്ല. ജനതയെ ഭയപ്പെടുന്ന, അകറ്റി നിറുത്തുന്ന  ഭരണാധികാരി, രാജ്യത്തിന്‍റെ  അലങ്കാരമല്ല പകരം അപമാനമാണെന്ന്, കേമത്തം കാണിക്കുവാനുള്ള തത്രപ്പാടില്‍  എല്ലാ അധികാരികളും അത്  മാത്രം കണ്ട്  ശീലിച്ച  പാവം ജനങ്ങളും മറന്നു പോകുന്നു. അതാണീ അതിശയമുണ്ടാകാന്‍ പ്രേരണയാകുന്നത്. 

ഒരു  സാധാരണ വീട്ടമ്മ വീട്ടിലെല്ലാവരും കഴിച്ചിട്ട് മതി  തന്‍റെ  ഭക്ഷണം എന്ന് തീരുമാനിക്കുന്നത്... എല്ലാ മക്കളുടേയും സുഖസൌകര്യങ്ങള്‍ വേണ്ടവണ്ണമാകട്ടെ എന്ന് കരുതി തനിക്ക് കുറച്ചു മതി എന്ന് കരുതുന്ന അമ്മയാകുന്നത്. അപ്രതീക്ഷിത സാഹചര്യങ്ങളില്‍ ഓ,  എനിക്കു വേണ്ട എന്ന് എല്ലാം ഒഴിവാക്കുന്നത്   ഇതൊക്കെ  നമ്മള്‍ ഭൂരിഭാഗം സ്ത്രീകള്‍ക്കും  നിത്യ പരിചയമാണല്ലോ.... അതുകേട്ട് അതനുഭവിച്ച് വളര്‍ന്നവരാണ് മിക്കവാറും എല്ലാവരും തന്നെ. ഭരണാധികാരികളും ഉദ്യോഗസ്ഥരും  ഒക്കെത്തന്നെ. 

അത്യാവശ്യങ്ങള്‍ പോലും നീക്കിവെച്ച്  മക്കള്‍ക്കായി ജീവിക്കാന്‍ പാടുപെടുന്ന ഓരോ  അമ്മമാരുടെയും പ്രത്യേക മാനസികാവസ്ഥയിലേക്ക്,    നിസ്വാര്‍ഥതയിലേക്ക് ,  ആ സ്ത്രൈണതയിലേക്ക് നമ്മുടെ  ഓരോ  ഭരണാധികാരികളും വളരേണ്ടതുണ്ട്.  കൂട്ടത്തില്‍ പുറകിലായി  നില്‍ക്കുന്ന  കുഞ്ഞിനെ  കൂടുതല്‍  പിന്തുണയ്ക്കുന്ന  അമ്മയുടെ മനസ്ഥിതി അഴിമതികൊണ്ട്  നട്ടം തിരിഞ്ഞ ദരിദ്ര ജനതയെ സംബന്ധിച്ച്  എല്ലാ ഭരണാധികാരികള്‍ക്കും ഉണ്ടായേ തീരു. അതിനവര്‍  ഈ അമ്മമാരെ  കണ്ടാല്‍  മതി,  വേറേ എവിടേയും മാതൃകകളെ  തേടിപ്പോകേണ്ടതില്ല.  

ഭരിക്കുന്നുവെന്ന  തോന്നല്‍ അധികാരിക്കും  ഭരിക്കപ്പെടുന്നുവെന്ന  തോന്നല്‍ ജനതക്കും  ഇല്ലാതെയാകുമ്പോഴാണ് ശരിയായ  ഭരണവും ജീവിതവും ഉണ്ടാവുന്നത്.