നാട്ടുപച്ചയിലെ വർത്തമാനത്തിൽ വന്ന കുറിപ്പിന്റെ പൂർണരൂപം
അമ്മീമ്മയുടെ ജ്യേഷ്ഠത്തി വല്ലപ്പോഴും ഓരോ കത്തുകളയച്ചിരുന്നു. സ്വന്തം അനിയത്തിയോട് തമിഴിൽ സംസാരിയ്ക്കുന്ന രീതിയിൽ, അക്ഷരപ്പിശകുകൾ സുലഭമായ മലയാളം ലിപിയിൽ, നല്ല വടിവൊത്ത കൈപ്പടയിലുള്ള എഴുത്തുകൾ.
ആ കത്തുകൾ വായിച്ച് ഞാനും എന്റെ അനിയത്തിയും അതെഴുതിയ ആളുടെ വിവരമില്ലായ്മയെച്ചൊല്ലി പൊട്ടിച്ചിരിയ്ക്കും. ചിരിച്ച് ചിരിച്ച് ഞങ്ങൾക്ക് ശ്വാസം മുട്ടുകയും കണ്ണിൽ നിന്ന് വെള്ളം വരികയും ചെയ്യുമായിരുന്നു.
അഗ്രഹാരമെന്നതിന് അക്കരക്കാരമെന്നും ഫ്രണ്ട് ഓഫീസ് എന്നതിന് വണ്ടാവിസ്സാ എന്നും അവർ എഴുതി. അത് വായിച്ച് ഞങ്ങൾ ആർത്തു ചിരിച്ചു.
അവർ സ്കൂളിൽ പോയിട്ടില്ലെന്നും സ്വന്തം പേരെഴുതുവാൻ പോലും അവർക്കറിയുമായിരുന്നില്ലെന്നും അമ്മീമ്മ പറഞ്ഞു തന്ന ദിവസം ഞങ്ങളുടെ ചിരി മാഞ്ഞു. അവരുടെ കഠിന പ്രയത്നം കൊണ്ട് മാത്രമാണ് തെറ്റുകൾ നിറഞ്ഞ ഈ കത്തെങ്കിലും എഴുതുവാൻ അവർക്ക് സാധിയ്ക്കുന്നത് എന്നും അമ്മീമ്മ പറഞ്ഞു.
‘ഒരു പൊണ്ണുണ്ടോടീ വക്കീല്? ഒരു പൊണ്ണുണ്ടോടീ ജഡ്ജി? ഒരു പൊണ്ണുണ്ടോടീ……..‘
ഈ ചോദ്യങ്ങൾ അമ്മീമ്മയിൽ നിന്ന്, ആ ദിവസമാണ് ആദ്യമായി കേട്ടത്.
അമ്പതറുപത് വർഷം മുൻപ്, അക്ഷരം പഠിയ്ക്കണമെന്ന് ശാഠ്യം പിടിച്ച് നിരാഹാരമിരുന്ന അമ്മീമ്മയെ മഠത്തിലെ പുരുഷന്മാർ അപഹസിച്ചത് ഈ ചോദ്യങ്ങളുതിർത്തുകൊണ്ടായിരുന്നുവത്രെ.
അക്കാലത്ത് അമ്മീമ്മയുടെ മഠത്തിലെ സ്ത്രീകൾക്ക് വിദ്യാഭ്യാസം ഒരാവശ്യമേ ആയിരുന്നില്ല. അവൾക്ക് അടുക്കളയാണ് ലോകം. പിന്നെ ഭർത്താവിന്റെ ഇംഗിതമനുസരിച്ച് എത്ര വേണമെങ്കിലും പ്രസവിയ്ക്കാം, തറയിൽ മുട്ട് മടക്കിയിരുന്ന് വത്തൽക്കുഴമ്പും പൊരിയലും കൂട്ടി ഒരില ചോറുണ്ണാം. വേറെ എന്താണ് കോശാപ്പുടവയുടുക്കുന്ന ഒരു പെണ്ണിനു വേണ്ടത്?
മുപ്പത് വയസ്സ് തികഞ്ഞിട്ടും, സ്വന്തം പേരു പോലും എഴുതാനാകാത്ത, നിസ്സഹായത അമ്മീമ്മയെ കാർന്നു തിന്നുകയായിരുന്നു. പന്ത്രണ്ടു വയസ്സിൽ ഒരു മുപ്പത്കാരനെ രക്ഷിതാക്കളുടേയും വാധ്യാരുടേയും ആശീർവാദങ്ങളോടെ വിശദമായ പൂജകളോടെ ഭർത്താവായി സ്വീകരിച്ചിട്ടും, വെറും നാലു ദിവസത്തിൽ ആ മഹാ ബ്രാഹ്മണനാൽ ഉപേക്ഷിക്കപ്പെടുവാൻ ഇടവന്ന ഒരു സ്ത്രീയായിരുന്നുവല്ലോ അവർ.
അതിനു ശേഷം സ്വന്തം പിതൃ ഭവനത്തിൽ അവർ അനവധി നീണ്ട വർഷങ്ങൾ ജീവിച്ചു. അവരുടെ വിദ്യാ സമ്പന്നരായ ജ്യേഷ്ഠാനുജന്മാർ വലിയ ഉദ്യോഗങ്ങളിൽ പ്രവേശിയ്ക്കുകയും വിവാഹം കഴിയ്ക്കുകയും അച്ഛന്മാരാവുകയും ചെയ്തു. അനുജത്തിമാരും വിവാഹിതരായി, അമ്മമാരായി.
അമ്മീമ്മയുടെ ജീവിതത്തിൽ ഒരു മാറ്റവും ഉണ്ടായില്ല. അമ്പലത്തിലും അടുക്കളയിലും പശുത്തൊഴുത്തിലും തീണ്ടാരിപ്പുരയിലും കുളിക്കടവിലുമായി അവർ സമയം ചെലവാക്കി. കൂടപ്പിറപ്പുകളുടെ മക്കളെ അത്യധികം സ്നേഹത്തോടെയും നിറഞ്ഞൊഴുകുന്ന വാത്സല്യത്തോടെയും പരിചരിച്ചു.
‘നീ വളർന്ന പെണ്ണാണ്, ആരോടും സംസാരിച്ച് നിന്ന് കുടുംബത്തിനു മാനക്കേടുണ്ടാക്കരുതെ‘ന്ന് എല്ലാവരും അവർക്ക് എന്നും താക്കീത് നൽകി. ഭർത്താവില്ലാത്തതു കൊണ്ട് വാഴാവെട്ടി എന്നും പ്രസവിയ്ക്കാത്തതു കൊണ്ട് മച്ചി, മലട് എന്നും വിളിച്ച് ക്രൂരമായി അവരെ അപഹസിയ്ക്കാൻ ആർക്കും വിഷമമൊന്നുമുണ്ടായിരുന്നില്ല.
അങ്ങനെയാണ് പഠിച്ച് സ്വയം പര്യാപ്തത നേടണമെന്നും ഒരു വിലയും നിലയും സമ്പാദിയ്ക്കണമെന്നുമുള്ള ആഗ്രഹം തന്നിൽ ഒരു തീവ്രമായ പ്രതിഷേധമായും വേദനയായും മാറിയതെന്ന് അമ്മീമ്മ പറഞ്ഞിരുന്നു. ഭാര്യയായും അമ്മയായും ഒക്കെ മറ്റുള്ള സ്ത്രീകൾ നേടുന്ന പദവിയൊന്നും അമ്മീമ്മയ്ക്ക് ലഭിയ്ക്കുമായിരുന്നില്ലല്ലോ.
അക്ഷരവിദ്യ പഠിയ്ക്കാനുള്ള അനുവാദത്തിനായി നിരാഹാരമനുഷ്ഠിച്ച് ക്ഷീണിതയായ അവരുടെ വലതു കൈ തല്ലി തകർക്കാനും അവരെ മുറിയിലിട്ട് പൂട്ടാനും സംസ്ക്കാര സമ്പന്നരെന്ന് എപ്പോഴും അവകാശപ്പെടുന്ന ബ്രാഹ്മണർ മുതിർന്നുവെന്നറിയുമ്പോഴാണ് ആ ഒരുവൾ സമരത്തിന്റെ വീറ് എത്ര മാത്രമായിരുന്നുവെന്ന് മനസ്സിലാക്കാൻ കഴിയുക. സ്ത്രീകൾക്ക് സ്വന്തമായി നിലപാടുകൾ ഉണ്ടാകുന്നതും അവർ പ്രതിഷേധിക്കുന്നതും അന്നും ഇന്നും മാപ്പർഹിയ്ക്കാത്ത കുറ്റമാണല്ലോ.
അധ്യാപകനായിരുന്ന പെരിയപ്പാവാണത്രെ കോപാകുലരായ ബ്രാഹ്മണരെ പിന്തിരിപ്പിച്ചത്.
അമ്മീമ്മയുടെ ഏറ്റവും ചെറിയ അനുജത്തിയിൽ നിന്നാണ് അവർ അക്ഷരം എഴുതുവാൻ പഠിയ്ക്കുന്നത്. ആ കാലമായപ്പോഴേയ്ക്കും പെൺകുട്ടികൾ സ്കൂളിൽ പോയി പഠിച്ചു തുടങ്ങിയിരുന്നു.
തന്നേക്കാൾ പതിനഞ്ചും ഇരുപതും വയസ്സ് കുറവുള്ള കുട്ടികൾക്കൊപ്പമിരുന്ന് അമ്മീമ്മ സ്കൂൾ ഫൈനലും ടി ടി സിയും പാസ്സായി. വളരെ ഏറെ വൈകിയാണെങ്കിലും ഗ്രാമത്തിലെ സ്കൂളിൽ പഠിപ്പിയ്ക്കാൻ തുടങ്ങി.
‘അപ്പടി ഒരു പൊണ്ണ് ടീച്ചറാനാൾ……..‘
ഇതൊക്കെ പഴമ്പുരാണമല്ലേ? ഇന്ന് സ്ത്രീകൾ വിദ്യാഭ്യാസം നേടിക്കഴിഞ്ഞുവല്ലോ എന്ന് നിസ്സാരമാക്കാൻ വരട്ടെ.
കുറച്ചു വർഷങ്ങൾക്ക് മുൻപ്, ദില്ലി നഗരത്തിലെ വലിയൊരു ചേരിയിൽ ഒരു കെട്ടിട നിർമ്മാണ പദ്ധതിയിലുൾപ്പെടുത്തി വനിതാ മേസ്തിരിമാരെ വാർത്തെടുക്കാൻ ഒരു പരിശ്രമം നടക്കുകയുണ്ടായി. നല്ല മെയ്ക്കാട് പണിക്കാരായ ആറു സ്ത്രീകളെ കണ്ടെത്തീ അവർക്ക് മേസ്തിരി പണിയിൽ പരിശീലനം കൊടുക്കുകയായിരുന്നു ആദ്യപടി. അതനുസരിച്ച് നാലര ഇഞ്ചു ഭിത്തി നിർമ്മാണം ആരംഭിച്ചു. മിടുക്കന്മാരായ പുരുഷ മേസ്തിരിമാർ പരിഹാസം പൊഴിച്ചുകൊണ്ട്, തലയ്ക്ക് സുഖമില്ലാത്ത വനിതാ സൂപ്പർവൈസറെന്ന് പദ്ധതിയ്ക്ക് നേതൃത്വം കൊടുത്തിരുന്ന വനിതാ എൻജിനീയറെ നോക്കി പിറുപിറുത്തു. പെണ്ണുങ്ങൾക്ക് ഇജ്ജന്മം നല്ല മേസ്തിരിമാരാവാൻ പറ്റില്ലെന്ന് ശഠിച്ചു. മെയ്ക്കാട് പണിയല്ല, ബുദ്ധി വേണ്ട മേസ്തിരിപ്പണി.
ടേപ്പ് പിടിച്ച് അളവെടുക്കാൻ പറഞ്ഞപ്പോഴാണ് വനിതാ എൻജിനീയറും സഹായിയും സുല്ലിട്ടു പോയത്. മിടുമിടുക്കികളായ ആ മെയ്ക്കാട് പണിക്കാർക്കൊന്നും ഒരക്കവും വായിയ്ക്കാൻ പറ്റുമായിരുന്നില്ല! അവർക്ക് അക്ഷരാഭ്യാസമില്ലായിരുന്നു, അക്കാഭ്യാസമില്ലായിരുന്നു. അതുകൊണ്ട് അവരെ ആദ്യം എഴുതാനും വായിയ്ക്കാനും പഠിപ്പിയ്ക്കണമായിരുന്നു!
തിരിച്ചടിയുണ്ടായിട്ടും തോറ്റു പിന്മാറാതെ, സ്ത്രീകളെ മേസ്തിരിമാരാക്കാൻ തുനിഞ്ഞിറങ്ങിയ ഉത്സാഹിയായ വനിതാ എൻജിനീയറുടെയും സഹായിയുടെയും സാക്ഷരതാക്ലാസ്സാവട്ടെ നാലാം ദിവസം ഫുൾസ്റ്റോപ്പിട്ട് നിറുത്തേണ്ടിയും വന്നു.
തങ്ങളുടെ ഭാര്യമാർ പഠിയ്ക്കേണ്ടെന്ന് ഭർത്താക്കന്മാർ കള്ളു കുടിച്ചു വന്ന്, ഭാര്യമാരുടെ മുടിയ്ക്ക് കുത്തിപ്പിടിച്ചുകൊണ്ടും കരണത്ത് രണ്ടു പൊട്ടിച്ചുകൊണ്ടും കാലഭൈരവന്മാരെപ്പോലെ അലറി. പെണ്ണുങ്ങൾ ഇജ്ജന്മം നല്ല മേസ്തിരിമാരാവില്ലെന്ന് ആൺ മേസ്തിരിമാർ ഉത്സാഹത്തോടെ പുഞ്ചിരിച്ചു.
കാലത്തിനു ഇന്നും അത്ര വലിയ മാറ്റമൊന്നും വന്നിട്ടില്ലെന്ന് മനസ്സിലായത് കുറച്ചു ദിവസം മുൻപ് കവിതയെഴുതുന്ന കൂട്ടുകാരി ദില്ലിയിൽ നിന്ന് വിളിച്ചപ്പോഴാണ്. അടിസ്ഥാന വിദ്യാഭ്യാസത്തിലധികം തന്റെ പെണ്മക്കൾക്കാവശ്യമില്ലെന്ന്, മകൻ മാത്രം ഉന്നത വിദ്യാഭ്യാസം നേടിയാൽ മതിയെന്ന് ശഠിച്ച അച്ഛനെ പറഞ്ഞു തിരുത്തണമെന്നും തങ്ങൾക്ക് കൂടുതൽ പഠിയ്ക്കാൻ സാധ്യതയുണ്ടാക്കിത്തരണമെന്നും അപേക്ഷിച്ചുകൊണ്ട് രണ്ടു സഹോദരിമാർ ദില്ലിയിൽ കോടതിയെ സമീപിച്ചതിനെക്കുറിച്ച് അവൾ എന്നോടു പറഞ്ഞു.
പെൺകുട്ടികളിൽ അധികം പേരും സ്ക്കൂൾ പഠനം അതിവേഗം അവസാനിപ്പിയ്ക്കാൻ നിർബന്ധിതരാകാറുണ്ട്. ആൺകുട്ടികളാണ് കുടുംബം നോക്കുന്നവർ, അവർക്കാണ് വിദ്യാഭ്യാസം അധികം ആവശ്യമുള്ളതെന്ന വിശ്വാസത്തിലാണ് പെൺകുട്ടികളെ പഠിയ്ക്കാനയയ്ക്കാത്തത്. ഉയർന്ന വിദ്യാഭ്യാസം ആവശ്യമില്ലാത്ത ജോലികൾക്കായി പെൺകുട്ടികൾ സംവരണം ചെയ്യപ്പെടുന്നതും ഇങ്ങനെയാണ്. ഗവണ്മെന്റ് സ്കൂളുകളേക്കാൾ സ്വകാര്യ വിദ്യാലയങ്ങൾ വർദ്ധിയ്ക്കുന്നതും സ്ത്രീ വിദ്യാഭ്യാസത്തിന് കൂടുതൽ തടസ്സം സൃഷ്ടിയ്ക്കുന്നുണ്ട്. പെൺകുട്ടി എന്ന അന്യ വീട്ടിലെ സ്വത്തിനെ, അതുകൊണ്ടുതന്നെ ആ നിത്യകല്യാണച്ചെലവിനെ പഠിപ്പിയ്ക്കാനും കൂടി പണം ചെലവാക്കുന്നതിൽ സമൂഹത്തിന് താല്പര്യം എപ്പോഴും കുറവു തന്നെയായിരിയ്ക്കും.
നമ്മുടെ രാജ്യം സ്വതന്ത്രമായിട്ട് ഇപ്പോൾ അറുപത്തഞ്ചു വർഷമായി. എന്നിട്ടും പുരുഷന്മാരിൽ പതിനെട്ടു ശതമാനത്തിനും സ്ത്രീകളിൽ മുപ്പത്തഞ്ചു ശതമാനത്തിനും വെറും അടിസ്ഥാനപരമായ അക്ഷര വിദ്യ - സ്വന്തം പേര് എഴുതുവാനോ വായിയ്ക്കുവാനോ ഉള്ള കഴിവ് – അതില്ല. സ്ത്രീ വിദ്യാഭ്യാസ നിരക്ക് വെറും പന്ത്രണ്ടു ശതമാനമായ രാജസ്ഥാൻ ആണവശക്തിയുള്ള നമ്മുടെ ഇന്ത്യയിൽ തന്നെയാണ്. പുതിയ കണക്കുകൾ പ്രകാരം നമ്മുടെ നാട്ടിൽ അമ്പത്തിമൂന്നു ശതമാനം സ്ക്കൂൾകുട്ടികൾ പഠിപ്പ് വേണ്ട എന്നു വെയ്ക്കുന്നവരാണ്. ഇതിൽ ഏകദേശം നാൽപ്പതു ശതമാനത്തോളവും പെൺകുട്ടികൾ തന്നെ. 2001നും 2011നും ഇടയ്ക്കുള്ള പത്തു വർഷക്കാലത്ത് നമ്മുടെ സാക്ഷരതാ നിരക്കിന്റെ വളർച്ച അതിനു തൊട്ടു മുൻപിലെ ദശകത്തെ അപേക്ഷിച്ച് 9.2% കുറവാണെന്ന് കാണാം. 2040 ആകുമ്പോൾ ലോക ജനസംഖ്യയിലെ നിരക്ഷരരിൽ അമ്പതു ശതമാനവും ഇന്ത്യയിലായിരിയ്ക്കും ഉണ്ടാവുക.
പഠിയ്ക്കാൻ കഴിഞ്ഞവർക്ക് അതിന്റെ മാഹാത്മ്യത്തെക്കുറിച്ച് അഭിമാനമില്ല. ഒരക്ഷരം പോലും പഠിയ്ക്കാനാകാത്ത തന്റെ കൂടപ്പിറപ്പുകളെ ഓർമ്മിച്ച് ഖേദവുമില്ല. പഠിത്തം കൊണ്ട് എന്തു കാര്യം……പഠിച്ച ഭാര്യയെക്കാൾ എത്ര മടങ്ങു നല്ലതായിരുന്നു ഒരക്ഷരം പഠിച്ചിട്ടില്ലാത്ത അമ്മ, പഠിച്ച സ്ത്രീ വീട്ടു പണിയെടുക്കുകയില്ല എന്നൊക്കെ ചില ‘വലിയ വലിയ ‘ ആളുകൾ പറയുന്നത് കേട്ട് തലയാട്ടുന്നവരുടെ എണ്ണം കൂടി വരികയാണല്ലോ ഇപ്പോൾ. സ്ത്രീകൾക്ക് വിദ്യാഭ്യാസമുണ്ടായതാണ് വിവാഹമോചനങ്ങൾ വർദ്ധിയ്ക്കാൻ കാരണമെന്ന് വാദിയ്ക്കുന്ന അതി തീവ്ര കുടുംബ കെട്ടുറപ്പ് സ്നേഹികളും ധാരാളമായിട്ടുണ്ട്. സ്ത്രീ പഠിച്ചില്ലെങ്കിലെന്ത്? സ്വന്തം ഭർത്താവിന്റേയും കുട്ടികളുടെയും കര്യങ്ങൾ നോക്കി ജീവിച്ചാൽ മതി, രാഷ്ട്രീയത്തിലും രാജ്യഭരണത്തിലും ഇടപെട്ടില്ലെങ്കിലെന്ത്? സ്വന്തം വീടും കുടുംബവും കെട്ടുറപ്പോടെ സംരക്ഷിച്ചാൽ മാത്രം മതി എന്ന് അവരെ അനുകൂലിയ്ക്കുന്നവരെല്ലാം സൌകര്യം കിട്ടുമ്പോഴൊക്കെയും ഉദ്ബോധിപ്പിയ്ക്കുന്നുമുണ്ട്.
ചില പ്രത്യേക വഴികളിൽ ചിലരെ തളച്ചിട്ടാൽ മറ്റു വഴികൾ എന്നും തിരക്കു കുറഞ്ഞവയായി നിലനിന്നുകൊള്ളുമെന്നും വിവരമില്ലാത്തവരെ ഒതുക്കി മൂലയ്ക്കിരുത്താൻ എളുപ്പമാണെന്നും ഉള്ള ഭരണതന്ത്രമാണ് സ്ത്രീകൾക്ക് വിദ്യാഭ്യാസം അത്യാവശ്യമല്ല എന്ന സാമാന്യ വിശ്വാസത്തിന് കാരണമെന്ന് ചിന്തിച്ചാൽ മനസ്സിലാക്കാവുന്നതേയുള്ളൂ. അത്തരം ചില വിശ്വാസങ്ങളെ കാലക്രമേണയായാലും പൊളിച്ചടുക്കേണ്ട ബാധ്യത എന്നും ഒതുക്കപ്പെട്ട് മൂലയ്ക്കിരുന്നവർക്കില്ലേ? അവസരസമത്വം ഉണ്ടാവണമെന്ന് ആഗ്രഹിയ്ക്കുന്ന ഏവർക്കും ഉണ്ടാകേണ്ടതല്ലേ? പഠിയ്ക്കാൻ കഴിഞ്ഞവർക്ക് അതിനു കഴിയാതെ പോയവരോട് ഒരു ചുമതലയും നിർവഹിയ്ക്കാനില്ലേ?