Tuesday, September 29, 2020

ചൊക്ളി 37.

28/09/2020

ചൊക്ളി പപ്പിനീനെ കാണാനൊന്നും പോയില്ല. പ്രാഞ്ചീസ് ഓട്ടർഷേം കൊണ്ട് വരൊക്കെ ചീതു.
വെവരറിഞ്ഞപ്പൊ പ്രാഞ്ചീസ് വല്യ വല്യ ആള്ക്കാര് കാട്ടണപോലെ വലത്തേ കയ്യാ പിട്ച്ച് കുല്ക്കി. പ്രാഞ്ചീസ് ഓട്ടർഷ ഓടിക്കണ പരിഷ്ക്കാരിണ്. ത് ര്ശൂര് പട്ണം കണ്ട്ണ്ട്…
ജാനൂൻറെ അട്ത്ത്ന്ന് ചൊക്ളി എങ്ങ്ട്ടും മാറീല്യ.. പിന്നെ. പപ്പിനീനെ കണ്ട് രാമേട്ടൻ പോയകാര്യം പറേണന്ന്ണ്ടാര്ന്നൂന്ന് കേട്ടപ്പ്യന്നെ ജാനൂൻറെ മോറ് കറത്തു.
'ചൊക്കേട്ടൻ ആ തേവടച്ചീനെ കാണാമ്പോയാല് ഞാൻ പൊഴേച്ചാടിച്ചാവും'
രണ്ട് കണ്ണും ചോപ്പിച്ച് കരഞ്ഞോണ്ട് ജാനൂൻറെ മറോടി.
ചൊക്ളി പിന്നെ പപ്പിനിന്ന്ള്ള പേരന്നെ മറ്ന്ന്. എന്നാലും സാമിരെ പറ്മ്പില് ന്ന് കിട്ടണ മരങ്ങള്ടെ വിത്തോളൊക്കെ നട്ക്കണ എടോഴീലോക്കെ കുയിച്ചിട്ട് താന്നി പപ്പിനി, പൂവ്വരച് പപ്പിനി, തേക്ക് പപ്പിനി , മഞ്ചാടി പപ്പിനി ന്നൊക്കെ വിളിച്ചു. വെള്ളം ഒയിക്കാനൊന്നും പറ്റീല്ല.. ചെലൊര് ഒയിച്ചൊടുക്കും. അബടെ അത് വല്താവും. വിത്ത് മൊളക്കാത്തോടത്ത് ചൊക്ളി പിന്നേം കുയിച്ചിടും.
ബാലേന്ദരനും സുകുമാഷും മാസത്തീ ഒരിക്കേ മരപ്പൂജ നടത്താറ്ണ്ട്. അത് കാരണം കൊറേ മരൊക്കെ പിട്ച്ച് നിന്ന്. ഇന്തുക്കള് ക്ക് മരങ്ങള് ഒക്കീം ദൈവാന്നാ ബാലേന്ദരൻ പറയല്..
ജാനൂനോട് ചൊക്ളി പറയാഞ്ഞ ഒര് കാര്യം പപ്പിനീരേ പെരേടെ താക്കോല് കൈയില്ണ്ട്ന്നാര്ന്നു. അത് ബസ്സിൻറെ ഓയല് വരണ ഒരു പാട്ടേന്ന് ഇച്ചിരെ എടുത്ത് വേറൊര് കുഞ്ഞിപ്പാട്ടേലാക്കി കടവിൻറട്ത്ത്ള്ള ഒര് ചേര് മരത്തിന്റെ ചോട്ട്ല് കുയിച്ചാ ഇട്ടു. ചേര് തൊട്ടാ മേല് വീങ്ങൂലോ. ആരും വരില്യ അങ്ങട്…
ചൊക്ളിക്ക് പേടീണ്ടാര്ന്ന് കൊച്ചിന് ചണ്ണക്കാല് വരോന്ന്..
ഉഷാമ്യാരെ പിന്നേം ചിറിച്ചു.. 'ഏയ് ഒന്ന് ണ്ടാവില്ല്യ… പേടിക്കണ്ടാന്ന്.'
അന്ന് രാത്രി ജാനൂൻറെ വയറ്മ്മെ തലോട്മ്പേ ജാനു കണ്ണ് പെടപ്പിച്ചോണ്ട് കൊഞ്ചി..
'വാവക്ക് എൻറെ നെറാ കിട്ടാ..ചണ്ണക്കാലൊന്നുണ്ടാവില്ല.. ചൊക്കേട്ടനെപ്പോലേ ആങ്കുട്ട്യാവും… നോക്കിക്കോ'
ചൊക്ളി അവളടെ വയറ്റിൽ തുരുതുരെ ന്ന് മുത്തി. എന്നിറ്റ് കെതച്ചോണ്ട് ചോയിച്ചു.. അതെങ്ങ്ന്യാ ഒറ്പ്പിക്കാ ജാന്വോ.. വയറ്റില് കെട്ക്കണ ഉണ്ണീനെ മ്മക്ക് കാണാമ്പറ്റോ…
ജാനു പിന്നേം പൂമ്പാറ്റേൻറെ പോല്യാ കണ്ണാ പെട്പ്പിച്ചു.
'എൻറച്ഛൻ കറത്ത്ട്ടാര്ന്നു. അമ്മ കുറ്ക്ക്യേ പാലിൻറെ നെറത്ത്ലും… ഞാൻ ആരടെ പോല്യാ.. അമ്മേരേ പോലേ..അതോലേ ഉണ്ണി കാണ്ണാൻ എന്നേപ്പോല്യാ ആവാ.. ചൊക്കേട്ടൻറന്തി ആണാവും'
അത് കേട്ടപ്പോ ചൊക്ളിക്ക് ഒര് സമാദാനം കിട്ടി.
ജാനൂൻറെ ഇഷ്ടത്തിനല്ലാണ്ട് ഒര് കാര്യോം ചെയ്തില്ല.. അവളക്ക് പായസം കുടിക്കണം, തേങ്ങാപ്പൂളും ശർക്കരേം തിന്നണം.ചാള വറത്ത്ത് തിന്നണം..
ചാള വറ്ത്ത് തൃസ്സക്കുട്ടി കൊട്ത്തയച്ച്.. പ്രാഞ്ചീസ് കൊണ്ടന്ന്.. ചാളേരെ മുള്ള് കുയിച്ചിട്ട് ചൊക്ളി…
അങ്ങനെ ഒക്കേം ഇഷ്ടത്തിനന്നെ ചെയ്ത്.
ദേശവെളക്ക് വന്നപ്പോ ഇത്തിരി അല്മ്പ് ണ്ടായി, ആദ്യായിറ്റ് ന്നാണ് എല്ലരും പറേണത്. മറിയപ്പാറേരേ പേര് ഇഞ്ഞ്യൊട്ട് അയ്യപ്പൻ കുന്ന് ന്നെ മതീന്ന് ഇന്തുക്കള് ബകളാക്കി. അതില്ന്നെ ചെലര്ക്ക് അത് വാറോട്ട് മനക്കുന്ന്ന്നാക്കണംന്നാര്ന്നു. ബകളത്തിൻറെ എടക്ക് പാട്ടും പജനേം മോശായീന്നാ ചൊക്ളിക്ക് തോന്ന്യേ…
മൊയ്തീൻക്ക എന്താവോ വല്യകട അടച്ച് ഇട്ടിര്ക്കാര്ന്നു. കോടംകര പള്ളീല് പെര്ന്നാളാണ് ആ ദൂസം. അവടിണ് മൊയ്തീൻക്ക ചെറ്യ കട ഇട്ടേര്ന്നത്. ചൊക്ളി ചോയിച്ചപ്പോ മൊയ്തീൻക്ക ചിറിച്ചു.. ഒന്നും മുണ്ടീല്ല..
പ്രാഞ്ചീസാണ് പറ്ഞ്ഞത്. ആകെ അല്മ്പ് ആയി വരാണ് ചൊക്ള്യേ.. പത്ക്കനെ പത്ക്കനെ കൊഴപ്പാവും..
ചൊക്ളിക്ക് ഒന്നും തിരിഞ്ഞില്ല..
ആലൂരമ്പലത്ത്ലെ ഉൽസോത്തിന് ചൊക്ളി പോയില്ല. ജാനൂന് തീരേ വയ്യാണ്ടായിണ്ട്. ഒര് സമാദാനം കിട്ട്ല്ല.. അവള് ഇല്ലാണ്ട് എന്ത് ഉൽസോം?
ഉഷമ്യാരെ ഒരീസം ചൊക്ളീനെ വിളിച്ച് പറഞ്ഞു..
ചെലപ്പൊ രണ്ട് മൂന്നാഴ്ച നേരത്തെ ആവുംന്നാ വയറ് നോക്കുമ്പോ തോന്നണെ.. പേടിക്കാനൊന്നും ഇല്ല.. ചൊക്ളി എങ്ങട്ടും അങ്ങനെ പോണ്ടാ
ചൊക്ളിക്ക് ആധി കേറി..
മീനമാസാവുംന്നാ ജാനൂൻറെ അമ്മ പറഞ്ഞേ.. ഇപ്പോ കുംഭമാസത്തിലന്നെ ഇണ്ടാവോ..
അമ്മ ആകെനേ മഞ്ഞച്ചു… അത് കേട്ട്.. എന്ന്ട്ട് കരച്ചലായി..
രണ്ടും കേടില്ലാണ്ട് രണ്ട് പാത്രത്തിലാവണേൻറെ ആലൂരപ്പാന്ന് വിളിയൊടങ്ങി.
പേടിച്ച് തും വെറച്ച്തും പോലെ ഒന്ന്ണ്ടായില്ല… കുംഭമാസത്തിലന്നെ ജാനു വെളുത്ത് തുടുത്ത ഒര് ആങ്കുട്ടീനെ പെറ്റു.
ചൊക്ളി അച്ഛനായി.
ഉഷമ്യാരെ പറ്ഞ്ഞ്… കുട്ടീനെ വെയില് കൊള്ളിക്കണം.. ഇത്തിരി നേരത്ത്യായാണ്ട് ചെലപ്പോ മഞ്ഞിപ്പ് വരുന്ന്…
ജാനൂൻറെം ഉണ്ണീരേം കാര്യങ്ങള് ഒക്കെ ചൊക്ളീം അവളരെ അമ്മേം കൂടി നന്നായന്നെ നോക്കി… ഒര് കൊറവും വരാൻ ചൊക്ളി സമ്മേയ്ച്ചില്ല.

Sunday, September 27, 2020

പെണ്ണിനെ തെറി പറയാം

27/09/2020 

പെണ്ണിനെ തെറി പറയാം, അവൾ തുണി ഉടുത്തെന്നും ഉടുത്തത് വേണ്ടമാതിരി ആയില്ലെന്നും ഉടുത്തേയില്ലെന്നും പറയാം. .....മോളെ എന്നും വെടി എന്നും വേശ്യ എന്നും കഴപ്പെന്നും
ഏത് വാക്കും കൂട്ടിച്ചേർത്തു വിളിക്കാം.യോനിയിൽ മുളകരച്ച് തേക്കണമെന്നും കുത്തുവിളക്കും ലാത്തിയും കുപ്പിയും കൊണ്ട് ബലാത്സംഗം ചെയ്യണമെന്നും പറയാം. എന്തും പറയാം... കുറെ മനുഷ്യരൂപം ധരിച്ചവർ പറയാനും പ്രോൽസാഹിപ്പിക്കാനും ആസ്വദിക്കാനും തയാറായിട്ടുണ്ടാവും...എന്നും.
കരി ഓയിൽ ഒഴിക്കുക, അടികൊടുക്കുക, പുരുഷന്മാർ വീടുകളിൽ സ്ത്രീകളുടെ മുഖത്തും ദേഹത്തും ഉപദ്രവിച്ചുകൊണ്ട് വിളിക്കുന്ന തെറിവാക്കുകൾ സ്ത്രീകൾ വിളിക്കുക എന്നതൊക്കെ നിയമം കൈയിലെടുക്കലാണ്. അത് പെണ്ണുങ്ങൾ ചെയ്യാൻ പാടില്ല.
നിയമളുണ്ടാക്കി കൈവശം വെച്ച് ഭരിക്കുന്ന ആൺതാത്പര്യങ്ങൾക്ക് മാത്രമേ നിയമം കൈയിലെടുക്കാവൂ. പെണ്ണുങ്ങൾ നിയമം കൈയിലെടുത്താൽ അതിന് ശേഷം ഉണ്ട്.
പെണ്ണുങ്ങളെ ആർക്കും എന്തും പറയാം.പോലീസോ പട്ടാളമോ കോടതിയോ ആരും അറിഞ്ഞഭാവം കാണിക്കില്ല.
പെണ്ണുങ്ങൾ അടിക്കുക, തെറിപറയുക, കരി ഓയിൽ ഒഴിക്കുക, ലാപ്ടോപ് പിടിച്ചെടുക്കുക ഇതൊക്കെ ഭയങ്കര കുറ്റമാണ്. സ്ത്രീകൾ ശിക്ഷിക്കപ്പെടണം..
എന്തൊരു വിചിത്രമായ നിയമം ല്ലേ..
ഭാഗ്യലക്ഷ്മി, സന, ശ്രീലക്ഷ്മി .....ഒപ്പം...
അടികളും ചവിട്ടും തെറിയും ഏറ്റ് എന്നും തലകുമ്പിട്ട് നിന്നിട്ടുള്ള ഒരു പെണ്ണ്... തല കുമ്പിട്ട് കുമ്പിട്ട് പിന്നേം പിന്നേം അടിയും തെറിയും ചവിട്ടും ഏറ്റിട്ടുള്ള ഒരു പെണ്ണ്.....

ഇന്നത്തെ എൻറെ ആഹ്ളാദം...

                                                    20/09/2020
 ഇന്നത്തെ എൻറെ ആഹ്ളാദം...
ബഹിയ@Bahiya യുടെ ഉരഗപർവം എന്ന ചെറുകഥാസമാഹാരം ഞാൻ പ്രകാശിപ്പിക്കുമ്പോൾ....

                                   


               https://www.facebook.com/echmu.kutty/videos/1615207908658497/

സ്വന്തം.. സ്വന്തമായിട്ട് വേണ്ടേ?

21/09/2020 

കണ്ണൻ ഹഡ്കോയിൽ ജോലി ചെയ്യുന്ന കാലമാണ്. കുറേ ദിവസങ്ങളായി ഒരു പുതിയ ശീലം ആരംഭിച്ചിരുന്നു. ഒൻപതു പത്തു മണിയാവാതെ വീട്ടിലെത്തില്ല. ഞാൻ യാത്ര പോകുന്ന സമയത്താണെങ്കിൽ ഈ നേരം വൈകൽ മനസ്സിലാക്കാം. ഞാൻ വീട്ടിൽ ഇടിച്ച പുളിയോടെ പണയം വെച്ച ഉരുളി മാതിരി ഇരിപ്പുണ്ട്.
പിന്നെവിടെ പോകുന്നു?
'പണിയുണ്ട് അമ്മച്ചീ'…. എന്നുത്തരമാണ്.
കണ്ണൻറെ മോളുടെ അമ്മയായതുകൊണ്ടാണ് എന്നെ 'അമ്മച്ചി' എന്നു വിളിക്കുന്നത്. 'കല' എന്നു ഒരു നിവർത്തിയും ഇല്ലെങ്കിലേ പറയൂ. ദേഷ്യം വരുമ്പോൾ 'ഢീ' ന്ന് വിളിക്കും. പിന്നെ ആ തിരുവായീന്ന് ഇംഗ്ലീഷ് മാത്രമേ വരൂ.
അമ്മച്ചിയിൽ തന്നെയാണ് എന്നും മറുപടി.
എൻറടുത്ത് അങ്ങനെ രഹസ്യം സൂക്ഷിക്കേണ്ട യാതൊരു കാര്യവും കണ്ണൻ ചെയ്യാറില്ല.
കണ്ണൻറെ പേഴ്സീന്ന് പൈസ മോഷ്ടിക്കുന്ന രഹസ്യം ഞാനാണ് സൂക്ഷിക്കുന്നത്. ആ പേഴ്സ് കണ്ടാൽ എനിക്ക് നിയന്ത്രണം വിട്ടു പോകും. അന്നേരം കുറച്ച് പണം, അത് അഞ്ഞൂറ് മുതൽ രണ്ടായിരം വരെ ആകാം. വേറേ ആരുടെ പേഴ്സീന്നും, എൻറെ മോളുടെ പേഴ്സീന്ന് പോലും ഞാൻ പണം എടുക്കില്ല. റാണി ഞാനവൾക്കൊപ്പമാണെങ്കിൽ എ ടി എം കാർഡ് തന്നെ എനിക്ക് വിട്ടു തരും.
കണ്ണൻറെ പേഴ്സ് എൻറെ ഒര് വീക്നെസ്സാ ണ്. അതാണ് ആ മോഷണമാണ് എൻറെ ഒരു പ്രധാന രഹസ്യം. ആ പണം കൊണ്ട് ഷോപ്പിങ് ചെയ്യാൻ എനിക്ക് വലിയ ഇഷ്ടമാണ്.
കണ്ണനറിയാഞ്ഞിട്ടൊന്നുമാവില്ല… പോട്ടേന്ന് വെച്ചിട്ടാവും.
കുറേ യാത്രകൾ ഉണ്ട്… സൈറ്റ് പരിശോധനകൾ ഉണ്ട്.. ഡിസൈൻ ചെയ്യണം. ഫയൽ നോക്കണം. തെരക്കാവും എന്ന് തന്നെ ഞാൻ കരുതി.
അങ്ങനെയിരിക്കേ ഒരു നെടുങ്കൻ ടൂർ പ്രോഗ്രാം വന്നു. പത്തു ദിവസം യാത്ര… ഞാനും പുറപ്പെട്ടു കൂടെ…
ആ ടൂറിലാണ് ഒരു സഹപ്രവർത്തകൻറെ തറവാട്ട് വീട്ടിൽ പോവാനുള്ള അവസരമൊരുങ്ങിയത്.
കൊത്തുപണികളും കളർ ഗ്ളാസുപീസുകളും പലനിറത്തിലുള്ള തറയോടുകളും ഡോമുകളും ഒക്കെയായി കാലിഡോസ്ക്കോപ്പ് പോലെ വർണ്ണശബളിമ തിളങ്ങുന്ന ഒര് വീട്. എന്താ അതിൻറെ ഒരു തലപ്പൊക്കം!!!. രാജകൊട്ടാരമെന്നോ ഹവേലി എന്നോ ഒക്കെ പറയാം…
എൻറെ കണ്ണു ശരിക്കും ഫ്യൂസായി.
സഹപ്രവർത്തകൻറെ ഭാര്യ ആ രാജകീയമായ തറവാട്ടിലാണ് താമസം. അയാൾ മഹാനഗരത്തിലും… അവധി സമയത്ത് വന്നു പോകും..
അയാളുടെ അമ്മയും അച്ഛനുമാണ് സത്ക്കാരപ്രിയർ. മകൻറെ മേലുദ്യോഗസ്ഥനും ഭാര്യയുമല്ലേ ഒന്നിനും ഒരു കുറവും ഇല്ലാതെ എന്നല്ല എല്ലാം ആവശ്യത്തിലുമധികമായി തന്നെ ചെയ്യുന്നുണ്ട്.
രാത്രി അത്താഴം കഴിഞ്ഞിട്ടാണ് സഹപ്രവർത്തകൻ ഭാര്യയേയും കൂട്ടി ഞങ്ങളുടെ അടുത്ത് വന്നിരുന്നത്.
ഗംഭീരമായ ഒരു പഞ്ചനക്ഷത്ര ഹോട്ടൽ സ്യൂട്ട് റൂം പോലേയാണ് ആ ബെഡ് സ്പേസ്. ലിവിങ് ഏരിയ, ബെഡ് റൂം, ഡ്രസ്സിംഗ് റൂം, ബാത് റൂം, ബാൽക്കണി…
ഇയാൾ എന്തിനാണ് ഈ ഹഡ്കോ ജോലിക്ക് പോകുന്നതെന്ന് ഞാൻ ആ വീട് കണ്ട നിമിഷം മുതൽ ഇങ്ങനെ അന്തം വിടുന്നുണ്ട് ….
എന്നാൽ ഭാര്യയെ കണ്ടതും എനിക്കു വല്ലാത്ത സങ്കടമായി.
നല്ല സാരിയും ആഭരണങ്ങളും സിന്ദൂരവും ഒക്കെയുണ്ട്. വൈദ്യുതി പ്രഭയിൽ അവയെല്ലാം മിന്നിത്തിളങ്ങുന്നുണ്ടായിരുന്നു.
പക്ഷേ, വിളർത്ത് വിളർത്ത് വെളുത്ത വല്ലാത്ത ഒരു മെലിച്ചിലുള്ള സ്ത്രീയായിട്ടാണ് അവർ കാണപ്പെട്ടത്.
അവർ ശ്വാസം വലിക്കുന്നതു പോലും ബുദ്ധിമുട്ടിയാണെന്ന് എനിക്ക് തോന്നി.
മക്കളില്ല… അവർക്ക്.
ലക്ഷം ലക്ഷം രൂപ ഇങ്ങനെ കപ്പലണ്ടി പൊതിഞ്ഞുകൊടുക്കും പോലെ ചെലവാക്കിയാണ് ഭാര്യയെ ചികിത്സിക്കുന്നത്.
രണ്ടു മൂന്നു തവണ ഗർഭിണി ആയെങ്കിലും അത് നീണ്ടു കിട്ടിയില്ല.
എന്നാൽ അവർ ചികിത്സ നിറുത്തീട്ടുമീല്ല.
അപ്നാ വാരിസ് വേണമല്ലോ. സ്വന്തം അവകാശി വേണ്ടേ.. ഈ സകലസ്വത്തുക്കൾക്കും തൻറെ രക്തത്തിൽ പിറന്ന കുഞ്ഞു വേണ്ടേ?
ഭർത്താവിൻറെ എത്ര ശതമാനം രക്തമാണ് ഒരു കുഞ്ഞിൻറെ ശരീരത്തിൽ ഉണ്ടാവുക എന്നായിരുന്നു ഞാൻ അപ്പോൾ ആലോചിച്ചുകൊണ്ടിരുന്നത്. ലൈംഗികബന്ധത്തിൽ പോലും പുരുഷൻ രക്തം ചിന്താറില്ലല്ലോ. സ്ത്രീയുടെ രക്തമല്ലേ, സ്ത്രീയുടെ മാംസമല്ലേ 'സിക്താണ്ഡം' അല്ലെങ്കിൽ 'zygote' എന്ന സ്ത്രീപുംഭ്രൂണത്തെ മനുഷ്യക്കുഞ്ഞായി പാകമാക്കുന്നത്…
മാസത്തിൽ ഇരുപത് ദിവസവും ആ ഭാര്യക്ക് ആർത്തവമാണെന്നാണ് കണ്ണൻറെ സഹപ്രവർത്തകൻ മൊഴിഞ്ഞത്. അതു കൊണ്ട് 'ഇവിടുത്തെ വീട്ട് ജോലികൾ തീരേ ചെയ്യേണ്ടതില്ല.'അങ്ങനെ പറയുമ്പോൾ സഹപ്രവർത്തകൻ പുഞ്ചിരിച്ചു കൊണ്ടിരുന്നു.
എനിക്ക് ചിരിയൊന്നും വന്നില്ല. മാസത്തിൽ ഇരുപതു ദിവസം ആർത്തവം വന്നാലത്തെ ശാരീരിക അവസ്ഥയും അവശതയും ഒന്നും ഗൈനക്കോളജിയും ഒബ്സ്ട്രക്ററിക്സും പഠിച്ച പുരുഷഡോക്ടർമാർക്ക് തന്നെ മനസ്സിലാകുമോന്ന് എനിക്കറിയില്ല. പിന്നെയാണ് ആർക്കിടെക്ടുമാർക്ക്…
ഇനീം ചികിത്സിച്ചു പരീക്ഷിച്ച് കുഞ്ഞിനെ ജനിപ്പിക്കാൻ തന്നെയാണ് പരിപാടി. ആ ഭർത്താവിനെ ബോധവല്ക്കരിക്കാനാണ് ഓഫീസ് സമയം കഴിഞ്ഞുള്ള നേരം കണ്ണൻ വിനിയോഗിച്ചിരുന്നത്.
സ്വന്തം എന്നത് അങ്ങനെ ആവുന്നതല്ല ആക്കുന്നതാണെന്നായിരുന്നു ഞങ്ങളുടെ ന്യായം. കല്യാണം എന്ന ചടങ്ങ് കഴിഞ്ഞാൽ പരസ്പരം സ്വന്തമാകുന്നുണ്ടോ എത്ര നാൾ കഴിയണം ആ ഫീലിംഗ് വരാൻ...കുട്ടി ആശുപത്രിയിൽ ജനിക്കുന്നു. അവിടെ വെച്ച് മാറിപ്പൊയ്ക്കൂടേ? സ്വന്തം എന്നത് നമ്മുടെ ഒരു വിശ്വാസം മാത്രമാണ്.
അയാൾ ഭാര്യയെ കുറ്റപ്പെടുത്തി. 'സാറ് പറഞ്ഞതൊക്കെ ഞാൻ ഇവളോട് സംസാരിച്ചു. പക്ഷേ, സ്വന്തം ശ്വശ്രുക്കളോട് കാര്യം പറഞ്ഞു മനസ്സിലാക്കാൻ ഇവൾക്ക് കഴിവില്ല. ഞാൻ എന്ത് ചെയ്യാനാണ്. ? '
അതിന് കണ്ണൻ പറഞ്ഞ മറുപടി ഞാൻ എന്നും ഓർക്കും…
'അത് നമ്മൾ പുരുഷന്മാരുടെ ഒരു ഗംഭീര പ്രിവിലേജാണ്. നമ്മുടെ അമ്മയേം അച്ഛനേം മൂന്നാലു വർഷം മുമ്പ് നമ്മുടെ വീട്ടിലേക്ക് വന്ന പെണ്ണ് അവളുടെ പ്രയാസങ്ങളും ബുദ്ധിമുട്ടുകളും കാര്യങ്ങളും പറഞ്ഞ് മനസ്സിലാക്കണം. പത്തിരുപത്തഞ്ച് വർഷം നമ്മളെ വളർത്തിയ നമ്മുടെ അച്ഛനമ്മമാരെ ഇതൊന്നും പറഞ്ഞ് മനസ്സിലാക്കാൻ നമുക്ക് പറ്റില്ല…. അതിൻറെ കാരണം എന്താ.. ഇനി ഇതൊന്ന് തിരിച്ചിട്ടു നോക്കൂ. ഭാര്യയുടെ അച്ഛനമ്മമാരെ കാര്യങ്ങൾ വല്ലതും പറഞ്ഞു മനസ്സിലാക്കിക്കാൻ നമ്മൾ പോവാറുണ്ടോ? ശ്രമിക്കാറുണ്ടോ? അവിടെ അവരുടെ മകളായ നമ്മുടെ ഭാര്യ തന്നെ പരിശ്രമിക്കണം. അല്ലേ…'
ആ മെലിഞ്ഞുവിളർത്ത സ്ത്രീ 'മേരേ ഭയ്യാ 'എന്ന് വിളിച്ചു കണ്ണൻറെ കാല് തൊട്ട് വന്ദിച്ചു.
അടുത്ത നിമിഷം അവർ ബോധരഹിതയായി. അവരെ ആശുപത്രിയിൽ കൊണ്ടു പോവുകയും ചികിത്സിക്കുകയും ചെയ്തു. അവർക്ക് മറ്റ് ബുദ്ധിമുട്ടൊന്നും ഉണ്ടായില്ല.
എന്തായാലും ഞങ്ങൾ സ്ഥലം മാറുമ്പോഴേക്കും ഒരു ആൺകുട്ടിയും പെൺകുട്ടിയും അവരുടെ സ്വത്തിന് അവകാശികളായി വന്നിരുന്നു. ചികിത്സിച്ചു പ്രസവിപ്പിക്കുകയല്ല കുട്ടികളെ ദത്തെടുക്കുകയാണ് ചെയ്തത്.
കണ്ണൻെറ നാലഞ്ചു സുഹൃത്തുക്കളെങ്കിലും ഒന്നും രണ്ടും ആയി കുഞ്ഞുങ്ങളെ ദത്തെടുത്ത് വളർത്തുന്നുണ്ട്.
എല്ലാവരും നല്ല മിടുക്കുള്ള കഴിവുള്ള നല്ല കുട്ടികൾ…..
എൻറെ മോൾ അവർക്കെല്ലാം ചേച്ചിയാണ്.

Thursday, September 24, 2020

കനവ് ചെപ്പിൻറെ നാലാമത്തെ അറ 6


15/09/2020 

ഞാനങ്ങനെ ഒരു നേരം മാത്രം ഭക്ഷണം കഴിച്ച്, ഇഷ്ടം പോലെ പച്ചവെള്ളം കുടിച്ചു, കെട്ടിടനിർമ്മാണത്തൊഴിലാളികൾ സങ്കടം തോന്നി ഇടയ്ക്ക് വാങ്ങിത്തരുന്ന ചായയും കുടിച്ച് ജീവിക്കുന്ന പട്ടിണിക്കാലമാണ്.
കരച്ചിലാണ് പ്രധാന പരിപാടി. ഒരുറുമ്പ് പോവുന്നത് കണ്ടാൽ മതി, എനിക്ക് കരച്ചിൽ വരികയായി. വർക്സൈറ്റിൽ കുറെ സ്ത്രീകളും പല വലിപ്പത്തിലുള്ള കുഞ്ഞുങ്ങളുമുണ്ടായിരുന്നു. ആ കഞ്ഞുങ്ങളെയൊക്കെ ഞാനെടുത്ത് കൊഞ്ചിക്കും. എന്നിട്ട് കുറേ കരയും. പിന്നെ കണക്ക് എഴുതും…
ഞാൻ കരയുന്നതെന്താണെന്ന് ആരും ചോദിക്കില്ല..
അങ്ങനെ ഒരു ദിവസം ജമ്മു കാശ്മീരിൽ നിന്ന് രണ്ട് ആർക്കിടെക്ടുമാർ വന്നു. ലാറിബേക്കർ ടൈപ്പ് വാസ്തുവിദ്യാ പരിശീലനമായിരുന്നു അവരുടെ ലക്ഷ്യം..
അവർ പ്രൊജക്ട് മാനേജർ ആയിരുന്ന കണ്ണന് സമ്മാനിക്കാൻ ഒരു കിലോ കാശ്മീരി സുഗന്ധി അരി കൊണ്ടു വന്നിരുന്നു.
എസ്. കെ പൊറ്റെക്കാട്ടിൻറെ ഹിമാലയൻ പര്യടനം വായിച്ചാണ് ആദ്യമായി സുഗന്ധി അരി എന്ന് ഞാൻ അറിയുന്നത്.
ആദ്യമായി കാണുന്നത് ആ ദിവസമായിരുന്നു. അതിന് ഭയങ്കര വിലയാണത്രെ. പിന്നെ പാകം ചെയ്യുമ്പോൾ പരിസരമെല്ലാം അതീവഹൃദ്യമായ നറുമണം പരക്കുമത്രെ. കാശ്മീരി പുലാവിൻറെ യഥാർത്ഥ രുചി അറിയണമെങ്കിൽ കാശ്മീരി സുഗന്ധി അരി തന്നെ വേണം.
പകുതി അരി എനിക്ക് കിട്ടി.
ഞാൻ കല്ലുപോലെ ജീവിക്കയല്ലേ.. എന്നെ തൊടുമോ കാശ്മീരി സുഗന്ധി അരി?
അരി കളയാൻ പാടില്ല.
അങ്ങനെ ഒരു ഞായറാഴ്‌ച അവധി ദിനത്തിൽ ഞാൻ സുഗന്ധി അരി വെച്ചു. അക്കാലത്ത് അരിയുടെ കണക്ക് ഒന്നും നോക്കാറില്ല ഞാൻ, അതുകൊണ്ട് വെന്തു കഴിഞ്ഞപ്പോൾ കുറെ ചോറായിപ്പോയി.
എനിക്ക് സുഗന്ധം അനുഭവപ്പെട്ടു എന്നതല്ലാതെ, നല്ല നീളമേറിയ വറ്റുകളാണെന്ന് മനസ്സിലായി എന്നതല്ലാതെ വേറേ പ്രത്യേകതയൊന്നും തോന്നിയില്ല.
രസമൊഴിച്ചും തൈരു ചേർത്തും ഞാൻ ആ ചോറ് ഉണ്ടു. അന്നേരം കൊള്ളാമല്ലോ എന്ന് തോന്നി. ഉടനെ കരച്ചിലും വന്നു. അക്കാലത്ത് വിശേഷപ്പെട്ട എന്തെങ്കിലും കിട്ടിയാൽ എൻറെ കുഞ്ഞിനു കൊടുക്കാൻ കഴിയുന്നില്ലല്ലോ എന്ന വിചാരത്തിൽ കണ്ണുകൾ കവിഞ്ഞൊഴുകും.
പുളിയോദരൈ ഉണ്ടാക്കി പിറ്റേന്നും ഒരു വറ്റു പോലും കളയാതെ ഞാൻ സുഗന്ധി അരിയുടെ ചോറ് ഭക്ഷിച്ചു തീർത്തു.
സുഗന്ധി അരി ദില്ലിയിൽ കിട്ടും. നല്ല വിലയാണ്. കാപ്പിക്ക് വില കൂടിയതുകൊണ്ട് കാപ്പി ഉപേക്ഷിച്ചവളാണ്. ആ ഞാനുണ്ടോ സുഗന്ധി അരി വാങ്ങാൻ പോകുന്നു!!!
ഇല്ല.
എൻറെ കുഞ്ഞിന് നല്കാൻ കഴിഞ്ഞില്ലല്ലോ എന്ന് ആത്മാർഥമായ സങ്കടം ഉണ്ടായിരുന്നു എനിക്ക്….
പിന്നെ ഇടയ്ക്കിടെ ഞാൻ കാശ്മീരിൽ പോവുക പതിവായി. സുഗന്ധി അരീ വിളയുന്ന നെല്പാടങ്ങൾ കാണുക പതിവായി…മോൾക്ക് സുഗന്ധി അരിയുടെ പുലാവ് കൊടുക്കണമെന്ന അത്യാഗ്രഹമായി.
അക്കാലത്ത് എൻറെ നെഞ്ചിൽ ഒരു ഏക്കം വരും… ഉള്ളിലേക്ക് കയറിയ ശ്വാസം പുറത്തേക്ക് പോവാത്തതു പോലെ.. ഇനി ജീവിതത്തിലൊരിക്കലും എൻറെ കുഞ്ഞിനെ കാണാൻ പറ്റില്ലേ എന്ന ആധി ഭ്രാന്ത് ആയി കയറുമ്പോൾ…
അതൊരു അന്തരാളഘട്ടമായിരുന്നു. സുബോധത്തിനും ഭ്രാന്തിനും ഇടയിലെ ആ നേർത്ത വരമ്പായിരുന്നു.
അന്നേരം കണ്ണനോടും ദിലീപിനോടും ശശിയോടും ദിനേശിനോടും അനിൽ ജേക്കബ് വർഗീസിനോടും ജയ്ഗോപാലിനോടും സാജനോടും എല്ലാം ഞാൻ ഈ ചോദ്യം ചോദിക്കും…
എനിക്ക് ജീവിതത്തിലൊരിക്കലും എൻറെ കുഞ്ഞിനെ കാണാൻ കഴിയില്ലേ…
അവർ ഇടിവെട്ടിയ കൊന്നത്തെങ്ങുകളായി നില്ക്കും… ഉത്തരവും ഞാൻ തന്നെ പറയും… 'മോഹിക്കണം. ഉത്ക്കടമായി മോഹിക്കണം. ഉത്ക്കടമായി മോഹിച്ചാൽ വാവ വരും. നിങ്ങളെല്ലാവരും എൻറൊപ്പം ഉൽക്കടമായി മോഹിക്കണം.'
കണ്ണീരൊതുക്കിയ മിഴികളുമായി എല്ലാ കൊന്നത്തെങ്ങുകളും തലയാട്ടും...
ഒടുവിൽ എൻറെ കുഞ്ഞ് എൻറടുത്തെത്തുന്ന കാലം വന്നു. സുഗന്ധി അരി സ്വപ്നത്തിൻറെ തേരേറി വരാൻ തുടങ്ങി. ആ സുഗന്ധം എൻറെ മൂക്കിലടിച്ചു തുടങ്ങി…
ഒര് തണുത്ത പുലർ കാലത്ത് രണ്ടു കാശ്മീരി മുസ്ലീം വ്യാപാരികൾ വന്ന് മുറിയുടെ വാതിലിൽ തട്ടി. മയിലാഞ്ചി ചുവപ്പുള്ള താടിയുള്ളവർ. ചൗക്കിദാറിൻറെ കണ്ണിൽപ്പെടാതെ ഓഫീസ് മുറിയിലേക്ക് പോവാതേ, അവരെങ്ങനെ നേരേ ഞങ്ങളുടെ മുറിവാതില്ക്കൽ എത്തി എന്നെനിക്കറിയില്ല.
ഒരു വലിയ ചാക്ക് കാശ്മീരി സുഗന്ധി അരി അവർ എനിക്ക് തന്നു. വെറും അഞ്ഞൂറു രൂപയ്ക്ക്. ഈ അരി വിറ്റു പോയില്ലെന്നും ഇനി ഇതും ചുമന്ന് ശ്രീ നഗറിലേക്ക് മടങ്ങിപ്പോവാൻ വയ്യെന്നും പറഞ്ഞാണ് അവർ ആ കച്ചവടം ചെയ്തത്…
അതു കഴിഞ്ഞ് അവർ തിടുക്കത്തിൽ മടങ്ങിപ്പോയി.
അതൊരു സ്വപ്‌നം ആയിരുന്നില്ല… സത്യമായിരുന്നു. അവർ.. ഒരുപക്ഷേ, അല്ലാഹു അയച്ച മലക്കുകളായിരിക്കാം.
തീത്തുള്ളികളിൽ വെന്തു പോയ ഒരമ്മയ്ക്കും കുഞ്ഞിനും ഒരു സമ്മാനം നല്കാൻ ഏല്പിച്ചതായിരിക്കാം.
പൈനാപ്പിൾ കഷണങ്ങളും മാതളനാരങ്ങ യുടെ അല്ലികളും ചേർത്ത് , നറും മണത്തിൽ രുചികരമായ പുലാവ് എൻറെ മോളുടെ കുഞ്ഞുവായിൽ സ്പൂൺ കൊണ്ട് കോരിക്കൊടുത്ത ആ ദിവസത്തിൻറെ മാധുര്യം…. ഇന്നും എന്നെ വിട്ടു പോയിട്ടില്ല…

തൃക്കൂരിലെ ഗ്രാമീണ വായനശാലക്ക് വേണ്ടി

                                                                   


ഗ്രന്ഥശാലാ ദിവസമായിരുന്നുവല്ലോ, ഇന്നലെ. അമ്മീമ്മയുടേയും അമ്മയുടേയും നാടായ, ഞാൻ വായന ശീലമാക്കിയ തൃക്കൂരിലെ ഗ്രാമീണ വായനശാലക്ക് വേണ്ടി കുറച്ചു വാക്കുകൾ ഇങ്ങനെ പറയാൻ ഭാഗ്യ മുണ്ടായി.
കേട്ടു നോക്കൂ..

ഇന്നും ഒരു മാററവുമില്ല ഇതിനൊന്നും.

14/09/2020
പണ്ട് എന്ന് വെച്ചാൽ നാലോ അഞ്ചോ വർഷം മുമ്പ് എഴുതിയതാണ്...
ഇന്നും ഒരു മാററവുമില്ല ഇതിനൊന്നും. ഇങ്ങനത്തെ മക്കളുണ്ടാവുന്നതിന് ലൈംഗിക ബന്ധത്തിൻറെ സമയത്തെ അമ്മയുടെ മനസ്ഥിതിയാണ് കാരണം എന്നൊക്കെ എഴുതിവെയ്ക്കുന്ന പ്രഗൽഭരുണ്ട്. ഇത്തരം കുഞ്ഞുങ്ങളുടെ അമ്മമാരെ ഏതുതരം തെറിയും വിളിക്കുന്ന ആണുങ്ങളും പെണ്ണുങ്ങളും ഉണ്ട്...
മനുഷ്യരോളം ക്രൂരതയുള്ള ഒരു ജീവി വർഗത്തേയും ഈ പ്രകൃതി ഇതുവരെ ജനിപ്പിച്ചു പോറ്റിയിട്ടില്ല....
ദില്ലിയിലെ അമര്‍കോളനിയില്‍..
ഉഡാന്‍ എന്ന സംഘടന..
കുഞ്ഞുങ്ങള്‍ ... കൊച്ചുകുഞ്ഞുങ്ങളാണെല്ലായിടത്തും.. പിന്നെ അവരുടെ അമ്മമാര്‍.. അമ്മൂമ്മമാരുമുണ്ട്. അച്ഛന്മാരും അപ്പൂപ്പന്മാരും ഇല്ല..
മിക്കവാറും കുഞ്ഞുങ്ങള്‍ മിണ്ടുകയില്ല, കളിക്കില്ല, എഴുന്നേല്‍ക്കില്ല, അവരുടെ കഴുത്ത് നേരെ നില്‍ക്കില്ല, അവരുടെ ദേഹം ഒരു വഴക്കവുമില്ലാതെ വടി പോലെ നില്‍ക്കുന്നു..
തലച്ചോറു തകരാറായവര്‍, ബുദ്ധികുറഞ്ഞവര്‍, മംഗോളിസവും ഡൌണ്‍ സിന്‍ഡ്രോമും ബാധിച്ചവര്‍...
ഓട്ടിസം ബാധിച്ച കുട്ടികളുമുണ്ട്... അവര്‍ എന്നെ കണ്ട് അലറി... എന്‍റെ കൈയിലുണ്ടായിരുന്ന ആഹാരം മാത്രം തട്ടിപ്പറിക്കുമ്പോലെ വാങ്ങിച്ചു... പിന്നെയും ഒച്ചയുണ്ടാക്കി..
ഞങ്ങളുടെ മക്കള്‍ക്ക് ഭ്രാന്താണെന്നാണു ആള്‍ക്കാര്‍ പറയുകയെന്ന് അവരുടെ അമ്മമാര്‍ കണ്ണീര്‍ തൂകി.. ഞങ്ങള്‍ക്കും ഞങ്ങളുടെ മക്കള്‍ക്കും ആരുമില്ലെന്നും അവര്‍ പറയാതിരുന്നില്ല.
ഇത്തരം കുട്ടികള്‍ ജനിക്കുമ്പോള്‍ അച്ഛന്മാര്‍ അമ്മയേയും മക്കളേയും വേണ്ട എന്ന് ഉപേക്ഷിക്കുന്നു. ഇത്തരം കുഞ്ഞുങ്ങളുടെ കസ്റ്റഡിക്ക് വേണ്ടി ഒരച്ഛനും അമ്മയോട് കേസു പറയുന്നില്ല. കഴിവില്ലാത്ത, അനവധി കാലം അല്ലെങ്കില്‍ ജീവിതകാലമത്രയും ചികില്‍സയും ശുശ്രൂഷയും വേണ്ട കുട്ടികള്‍ക്ക് ഒരേയൊരു രക്ഷാകര്‍ത്താവേ ഉള്ളൂ.. അമ്മ മാത്രം..
അസാധാരണരായ കുട്ടികള്‍ക്ക് വേണ്ടി ഉഡാന്‍ പ്രവര്‍ത്തിക്കുന്നു. അവര്‍ക്ക് അല്‍പമെങ്കിലും സ്വയമായി സ്വന്തം കാര്യങ്ങള്‍ ചെയ്യാനുള്ള കഴിവുണ്ടാകാന്‍...സ്വന്തമായി എഴുന്നേല്‍ക്കാന്‍ കഴിയാത്തവര്‍ക്ക് പതുക്കെപ്പതുക്കെ പിടിച്ച് പിടിച്ച് എഴുന്നേല്‍ക്കാന്‍ കഴിയുമ്പോഴാണല്ലോ സ്വയം പര്യാപ്തതയുടെ ഒരു പാഠമാവുന്നത്..
വിശക്കുന്നുവെന്ന്, ദാഹിക്കുന്നുവെന്ന്, അപ്പി ഇടണമെന്ന്, മൂത്രമൊഴിക്കണമെന്ന് ... ഇതൊക്കെ തിരിച്ചറിയാന്‍ കഴിയുന്നത്... അതിനായി പഠിക്കേണ്ടി വരുന്നത്..
ആ കുട്ടികള്‍ക്കൊപ്പമാണ് ഞാന്‍.. ആ അമ്മമാര്‍ക്കൊപ്പം..അവരെ പഠിപ്പിക്കുന്ന അധ്യാപകര്‍ക്കൊപ്പം...
ഇത്തരം യതൊരു കുറവുകളുമില്ലാത്ത മനുഷ്യരുടെ എല്ലാ പ്രശ്നങ്ങളും അവയുടെ സാന്ദ്രതയും ഈ കുഞ്ഞുങ്ങളുടെ മുന്നില്‍ നില്‍ക്കുമ്പോള്‍ .... എന്നെ എന്തു പറയണമെന്നറിയാത്തൊരു അഗാധ നിശ്ശബ്ദതയിലേക്ക് വലിച്ച് താഴ്ത്തിക്കളയുന്നു...
എന്‍റെ ഇടതുകൈയില്‍ ബലമാര്‍ന്ന വഴക്കമില്ലാത്ത ഒരു കുഞ്ഞു വിരലുണ്ട്.. തള്ളപ്പൊക്കാച്ചി .. ചൂണ്ടു ചൂണ്ടാണി.. എന്ന് ഞാന്‍ വിരലുകളോരോന്നായി വിടര്‍ത്തിപ്പിടിച്ച് കളിപ്പിച്ചുകൊണ്ട് ആഹാരം നല്‍കുമ്പോള്‍ ബുദ്ധിമുട്ടി തുറക്കാന്‍ ശ്രമിക്കുന്ന ഒരു ചോരിവായുണ്ട്... കുഴഞ്ഞു വീഴുന്ന കഴുത്തിനെ പിടിച്ചുനിര്‍ത്താന്‍ പാടുപെടുന്ന ദയനീയമായ ചലനങ്ങളുണ്ട്..
കണ്ണമര്‍ത്തിത്തുടയ്ക്കുന്ന ഒരു അമ്മയുണ്ട്...

രഹ്ന ഫാത്തിമ



ഇത് രഹ്ന ഫാത്തിമ എറണാകുളം സിറ്റിയിൽ ഒരു വാടക വീട് വേണമെന്നും ലഭിക്കാൻ സാധ്യതയുണ്ടോ എന്നും സഹായം ചോദിച്ചു എഴുതീട്ടുള്ള ഒരു പോസ്റ്റിൻറെ ലിങ്ക് ആണ്. അയ്യായിരത്തിലധികം പേർ പോസ്റ്റ്‌ കണ്ടതായി അറിയാം. ആയിരത്തി എണ്ണൂറിലധികം കമൻറുകളുമുണ്ട്.
വായിക്കുമ്പോൾ ഒരു സ്ത്രീയെ വേശ്യയെന്ന് വിളിച്ചു രതിമൂർച്ഛ കിട്ടുന്ന ഈശ്വരവിശ്വാസികളെ, തത്വമസി എന്നു പറഞ്ഞ അയ്യപ്പസ്വാമിയുടെ അതീവ നീചമായ മനസ്സുള്ള ഭക്തരെ, അക്രാമകമായ വൈരാഗ്യവും മറ്റൊരാളോട് എന്ത് ക്രൂരതയും കാണിക്കാൻ തയാറുള്ള മനുഷ്യത്വം ഒട്ടുമില്ലാത്ത ഒരു ജനക്കൂട്ടത്തെ കാണാം.
ഞാൻ ഇക്കാര്യം അവിടെ എഴുതിയതിന് എന്നേയും എന്തൊക്കേയോ പറഞ്ഞിട്ടുണ്ട്.
https://m.facebook.com/story.php?story_fbid=2691302934414884&id=100006056105757
ഇത്തരം സംസ്ക്കാരം ആർജ്ജിക്കുന്ന ഒരു പുതു തലമുറ ഇന്ത്യയെ മുച്ചൂടും നശിപ്പിക്കും. സ്ത്രീകളെ എത്ര ക്രൂരമായും ഇല്ലായ്മ ചെയ്യും...
പണ്ടത്തെ ഭയങ്കര പകർച്ചവ്യാധികളായിരുന്ന വസൂരിയോ പ്ളേഗോ ഇന്നത്തെ കൊറോണയോ ഒന്നും രഹ്നയുടെ രക്തത്തിനു ദാഹിച്ചു അവിടെ കമൻറിട്ടിരിക്കുന്ന മനുഷ്യരൂപം ധരിച്ചവരുടെ മുന്നിൽ ഒന്നുമല്ല.

അസമയത്തെ ഫോൺ വിളി

12/09/20

രാത്രി രണ്ടു മണിക്ക് ഒക്കെ ഫോൺ ബെല്ലടിച്ചു കേൾക്കുമ്പോൾ ഞാൻ പെട്ടെന്ന് തന്നെ എടുത്തു പോകും. അസമയത്തെ ഫോൺ വിളി എന്നെ ഭയചകിതയാക്കാറുണ്ട്. കണ്ണൻ യാത്ര യിലാണെങ്കിൽ ഞാൻ ശരിക്കും കിടുങ്ങിപ്പോകാറുണ്ട്.
ഇപ്പോൾ അത്തരം ഫോണുകൾ ശീലമായി.
'എച്മു... എച്മൂ.. '
എന്നായിരിക്കും വിളിക്കുന്നത്. ടോയ്‌ലറ്റിൽ ഇരുന്നാവും കണ്ണീരിൻറെ നനവുള്ള ശബ്ദം.
'എച്മു ക്ഷമിക്കണം..
എന്നെ ഓർക്കുന്നുണ്ടോ... ഞാൻ ഇന്ന ആളാണ്. '
അപ്പോൾ ഞാൻ ചോദിക്കും..
'ബുക്ക് അയച്ചത് കിട്ടിയോ.. ബുക്ക് വന്നുവോ'
തേങ്ങലിൻറെ ഒച്ചയാണ് പിന്നേ...
'എച്മു, എനിക്ക് ബുക്ക് വാങ്ങാൻ പററില്ല. എനിക്ക് ജോലിയൊന്നുമില്ല. ഞാനൊരു വീട്ടമ്മയാണ്. മനോരമ പത്രം വരുത്തുന്നുണ്ട്. അത് വായിച്ചാ മതി എന്ന് പറഞ്ഞു മൂപ്പര്. ബുക്കിന് കാശ് തരില്ല.'
'സാരമില്ല ... പിന്നെ എപ്പോഴെങ്കിലും ശരിയാക്കാം ബുക്കിൻറെ കാര്യം.'
'ഞാൻ എന്തിനാ എച്മു ഇങ്ങനെ കഴിയണത്... ബുക്ക് മേടിക്കാൻ സമ്മതിക്കണേന്ന് വിചാരിച്ച് നല്ല മീൻ കൂട്ടാനും വാഴച്ചുണ്ട് തോരനും ബീഫ് കട്ലേറ്റും ഒക്കെ വെച്ച് കൊടുത്ത്, ഒരാഴ്ചയായി ഒരു കറുത്ത വാക്ക് പറയാണ്ട് രാത്രീലും ഇഷ്ടത്തിനൊക്കെ കെടന്ന്ട്ട്... നാളെ ബുക്ക് വരുന്ന് പറഞ്ഞപ്പോൾ കാശ് തരില്ലാന്ന്...
നീ എവിടേങ്കിലും പോയി മോഷ്ടിച്ചു കാശ് കൊടുക്കെടീന്ന്..'
പിന്നെ പൊട്ടിക്കരച്ചിലാണ്.
'കൊതിച്ചു പോയീ എച്മൂനെ ഒന്ന് അടുത്ത് കിട്ടാൻ.. അതാണ് അന്ന് ഓർക്കാണ്ട് അയച്ചോളാൻ പറഞ്ഞത്. എച്മൂന് ദേഷ്യായോ എന്നോട്... ഞാൻ ബുക്കു എടുക്കില്ല... എനിക്ക് പററില്ല എൻറെ എച്മു..
ക്ഷമിക്കണം..
ഉമ്മ, എൻറെ എച്മു. '
ഞാനും പറയും..
'ഉമ്മ.. കരയണ്ട.. ബുക്കിന് വേറെ എന്തേലും വഴി നോക്കാം.. സാരല്ല.. ഉറങ്ങിക്കോളൂ ... '
ഫോൺ വെച്ചിട്ട് ലോഗോസിനും ഇന്ദുലേഖക്കും ഡിസിക്കും മെസ്സേജ് കൊടുക്കും. 'ഇന്ന ആൾക്ക് അയച്ചുവോ, അയച്ചില്ലെങ്കിൽ ഇനി അയക്കണ്ട. അയച്ചെങ്കിൽ അത് തിരിച്ചു വരും കേട്ടോ... പിന്നീട് അയക്കാം... എങ്ങനെ വേണമെന്ന് ഞാൻ പറയാം'
രാത്രി ആയതിനാൽ അവർ ആരും അന്നേരം തിരിച്ച് മെസ്സേജ് അയക്കില്ല...
തേങ്ങലുകൾ ഓർത്തുകൊണ്ട് ഞാൻ ഉറക്കം കാത്തു കിടക്കും...
പുറത്തു നിലാവുണ്ടാവും... കാററുണ്ടാവും... ചിലപ്പോൾ മഴയുമുണ്ടാവും....

ചൊക്ളി 36.

20/09/2020 

ജാനു വാഴേരെ ചോട്ട്ല് ര്ന്ന് ഓക്കേനിക്കേര്ന്ന്. അവളരേ തള്ള പൊറം ഉഴിയേം 'ടീ , പിശാശേ, പതക്കനെ.. പതക്കനെ.. ഒച്ചീം വിളീം കൂട്ടല്ലേടി'ന്ന് പറേം ചിയ്യണ്ട്..
ചൊക്ളി ചണ്ണക്കാലും വലിച്ച് ഓടിച്ചെന്നപ്പോ 'ഇനിക്ക് വയ്യെൻറേ ചൊക്കേട്ടാ'ന്ന് വിളിച്ച് അവള് കാലുമ്മേക്കാ ചാഞ്ഞു.
ചൊക്ളീൻറെ നെഞ്ഞ് കത്തിപ്പോയി..
ആരും അങ്ങനെ ഏൻറ്റട്ട്ല്ല. വെള്ള കീറീ വരണ്ണേള്ളൂ..പുന്നേം താന്നീം ഒക്കെ ങ്ങനെ എല എള്ക്ക്ണ്ട്..അപ്പോ ആല്ൻറെ എല പാട്ട് തൊട്ങ്ങീണ്ടാവും..
ചൊക്ളി രാമേന്ദരൻ ഡോക്കിട്ടറ്ടെ മഡത്തിൻറ മുന്നിൽത്തെ ആലുതറേ കൊണ്ടന്നാ കെട്ത്തി ജാനൂനേ.. അവള് വാഴേരെ പിണ്ടി ചേൽക്കാ കെട്ക്ക്ണ്.ചണ്ണക്കാലും വെച്ച് അവളേം ഏന്തീറ്റ് ചൊക്ളീ വെശർത്തു.. കാലത്തന്നേ..
ജാനൂൻറെ അമ്മ ചത്തോണം നിക്കാണ്.
ചൊക്ളി തിണ്ണേമ്മേക്കേറി വിളിച്ച്..
സാമിമ്പ്രാനേ.. ഡോക്കിട്ടറേ.. സാമിമ്പ്രാനേ..
രാമേന്ദരൻ ഡോക്കിട്ടറ് ഏൻറ്ണ്ടാർന്നു മാത്രല്ല… കുളീം മന്ത് രം പറേലും ഒക്കെ കഴിഞ്ഞ്ണ്ട്. നെഞ്ഞത്തും കൈയിമ്മേം തലേലും ഒക്കെണ്ട് പസ്മം..
ജാനു… ഓക്കാനിക്ക്ണ്.. ബോദല്യാ.. എന്തിറ്റാ..
അപ്പളക്കും ചൊക്ളിക്ക് വെസനം വന്നു..
രാമേന്ദരൻ ഡോക്കിട്ടറ് ജാനൂൻറെ കൈ പിടിച്ചോക്കി...കണ്ണ്..തൊറന്നോക്കി..
എന്ന്ട്ട് ചിറിച്ചു..
'ഒന്ന്ല്ല.. അവളെ ഉഷമ്യാരെ കാണിക്ക്..ഒന്ന്ല്ല.. അവടെ ഒക്കെ പറഞ്ഞു തരും. '
ഉഷമ്യാര് മുമ്പിൽത്തെ പലകപ്പല്ല് രണ്ടും നല്ലോണം പൊറത്ത് കാട്ടി ചിരിച്ചു..
'ചൊക്ളി അച്ഛനാവാണ് ല്ലേ… നന്നായീ.. ഞാൻ നോക്കിക്കോളാം ജാനൂനെ.. '
ജാനൂന് കെർപ്പാണ്.. അതന്നേണ്ണ്..
ചൊക്ളിക്ക് കണ്ണ് കാണാണ്ടായി… അവന് ഒര് കൊച്ച്ണ്ടാവേ.. അവനെ അച്ഛാന്ന് വിളിക്കാൻ ഒരാള്….
ചൊക്ളീരേ മേത്തൊക്കേ രോമങ്ങളേറ്റ് നിന്ന്..
ചൊക്ളി ആരൂല്യാത്തോനല്ല, ഒര് കൊച്ചിൻറെ തന്ത്യാവാൻ പോണോനാണ്.
ജാനു കട്ട്ല്മ്മേ എൻറ്റിര്ന്നു. അവള് ആകനെ വെള്ളാമ്പിച്ച്ണ്ട്. അമ്യാര് ജാനൂൻറെ അമ്മേരേര്ത്ത് കൊറേ കുളിയേം മര്ന്നും കുപ്പീം ഒക്കെ കൊട്ത്തു. കുളിയ തിന്നണം.. മര്ന്ന് കുട്ക്കിണന്നൊക്കെ പറ്ഞ്ഞു.
ചൊക്ളി ഒന്നും കേട്ട്ല്യാ.. ചെവിട്ട് ല് ഒര് മൂളക്കാ… അച്ഛാന്ന്ള്ള വിളിയാ…
ജാനും അമ്മേം പിന്നയ്ക്ക് വന്ന്. ചൊക്ളി വീട് ല് ചെന്ന് കേറി.. ആരോടാ ഒന്ന് ഒച്ചീം വിളീം എട്ത്ത് പറയാ.. ബസ്സോള് പൊറപ്പെട്ണ്ടാവും… അവ്ടെ ചെന്ന് പറഞ്ഞോക്ക്യാലോ..
കിളി രാഗവേട്ടൻ വന്നിറ്റ് പറയാന്ന് വെച്ചപ്പളേക്കും ജാനൂം അമ്മേം വന്ന്.
അമ്മ പണിക്കെറങ്ങീതും ചൊക്ളി ജാനൂനെ വട്ടാ പിടിച്ചു… 'നീ തള്ള്യാവ്ണ് ഞാൻ തന്തേം… ല്ലേ..' ന്ന് അവളരേ വയറ്റില് മുത്തിച്ചോപ്പിച്ചു…
അവള് മിണ്ടീല്ല.. ഇങ്ങ്നെ നിക്കാ…
ചൊക്ളിക്ക് വെഷമായി..
'നിന്ക്ക് വെതല്ലേങ്കി കെട്ന്നോ ഞാൻ അമ്മേരെരത്ത് പണിട്ക്കാം…'
അപ്പൊ അവള് പറഞ്ഞു…
'വേണ്ട.. ഞാ പൊക്കോണ്ട്… '
ചൊക്ളി പണിക്ക് എറ്ങ്ങി.. അവള് വെല്യ അടുക്ക്ളേൽക്ക് നട്ക്കണ കണ്ട്പ്പോ…
അവ്ള്ക്ക് പേടീണ്ട്ന്ന് ചൊക്ളി ക്ക് മൻസ്സിലായി.. പാവം..ആദിക്ക് പേടിണ്ടാവ് ല്ലേ.. അവളരെ അമ്മേണ്ടല്ലോ…
ചൊക്ളീരെ അരീത്ത് കൊർച്ച് കാശ്ണ്ട്.. കൂല്യൊക്കെ എല്ലരും ചണ്ണചണ്ണാന്ന് പറ്ഞ്ഞ് കൊർച്ച് ന്ന്യേ തന്ന്ട്ട് ള്ളോ.. ഇന്നാലും കിട്ടീത് കൂട്ട്യച്ച്ണ്ട്..
ഇവടെ കിട്ടീതും കൂട്ടിവെച്ച്ണ്ട്. ജാനൂന് ഒര് കൊറവും വരാണ്ട് നോക്കണം.
കൂട്ടുപണിക്കാരോട് ഒക്കെ പറയ്യാന്ന് പറഞ്ഞപ്പോ ജാനൂൻറെ അമ്മ സമ്മേയ്ച്ചില്ല.. ജാനൂം തല ആട്ടീല്ല.. അമ്മ പറഞ്ഞു.. 'കൊച്ച് വരട്ടേരാ മോനേ, ഒര് കൊറ് വും വരാണ്ട് രണ്ടും രണ്ടോടത്താവട്ടെ.. അമ്പത്തേഴ് നരമ്പ് പൊട്ടുണതാ ഒര് പേറ്.. കൊച്ചിന് കൊറവൊന്നും വരാണ്ടിരിക്കട്ടേരാ.'
ചണ്ണേരെ കൊച്ച് ചണ്ണ്യാവുന്നാണോ കൊറവ് ന്ന് അവര് പറേണേന്നാലോയ്ച്ചപ്പോ അവന് വെസനം തോന്നി.അതോ കർത്ത് കര്യട്ട പോലെ ഇണ്ടാവുന്നാ..
ജാനു ഒറപ്പിച്ച് പറഞ്ഞു.
'ഞാൻ പെറണ കൊച്ചിന് ചണ്ണേണ്ടാവില്ല..അതെന്നെപ്പോല്യന്നാ വെള്ത്ത് ചോന്ന്ട്ടന്യാ ഇരിക്ക്യാ..
ചൊക്കേട്ടനെ അമ്മ ഓരോന്ന് പർഞ്ഞ് വെഷ്മിപ്പിക്കര്ത്.'


Wednesday, September 23, 2020

ചൊക്ളി 35

23/08/2020
രാമേട്ടൻ പൊകയായപ്പളാണ് പ്രാഞ്ചീസിൻറെ ഒപ്പം ചൊക്ളി പോന്നത്. ചൊക്ളിക്ക് വല്ലാണ്ട് വെഷമാവ്ണ്ടേര്ന്നു. പ്രാഞ്ചീസിൻറെ മനസ്സ്ല് എന്തിറ്റാന്നറീല്ല. തൊള്ള തൊറന്നാലല്ലേ വല്ലതും അറ്യാൻ പറ്റൂ.
പേർഷക്കാരൻ വിജേൻറെ അനിയൻ ചെക്കൻറെ കടേല് കേറി പ്രാഞ്ചീസ് ഒരു മൂലയ്ക്കേ ചെന്ന് കുത്ത് ര്ന്നു. ചൊക്ളീം അട്ത്തന്നെ ഇര്ന്നപ്പോ പ്രാഞ്ചീസ് ആദ്യായിറ്റ് തൊള്ള തൊറന്നു.
രണ്ട് കപ്പേം ബീഫും..രണ്ട് കട്ടനും.
ചൊക്ളി ഒന്നും പറഞ്ഞ്ല്ല..
തിന്നാൻ വന്നപ്പോ പ്രാഞ്ചീസിൻറെ കണ്ണാ നെറ്ഞ്ഞു..
ചൊക്ള്യേ..സയിക്ക്ണില്യടാ….രാമേട്ടൻ ഇങ്ങനങ്ങട്ട് പോയ്ക്കളേന്ന് ഞാൻ വിചാര്ച്ച്ല്ല… നെഞ്ഞ് പൊട്ടണന്തി വെഷമം..
പിന്നെ പ്രാഞ്ചീസ് പൊഴ പോലെങ്ങട്ട് ഒഴ്കേര്ന്ന്..
ആലൂര് ദേശത്ത് ബുദ്ദീം ബോദോം ള്ള ഒര് മാർക്കിസ്റ്റ് … എട്ക്കണ പണി, പറേണ വാക്ക് ഇത് ലൊന്നും ഒര് കൊറവ് വര്ല്ല.. എല്ലാ മനിഷേരോടും സിനേകം, സൊന്തായിറ്റ് ഒര് സാനല്ല..സമ്പാദിച്ച്ത്.. ബൂമിൽക്ക് വര്മ്പോ കൊണ്ടന്ന സാനം മാത്രേ പൂവ്വുമ്പളും ള്ളോ. എങ്ന്യാണ്ടാ ചൊക്ള്യേ ഒര് മനിഷേന് ഒര് സാനോം സൊന്താക്കിവെക്കാൻ തോന്നാണ്ട് ജീവിക്കാൻ പറ്റാ… തേങ്ങേം മാങ്ങേം അടയ്ക്കേം ഒക്കെ കച്ചോടണ്ടാര്ന്ന്. കാശും കിട്ടിയേര്ന്ന്. എല്ലാരേം സഹായ്ച്ചു. ഒരീസം ഒരാള്ടെ ചെലവ് ല് തിന്ന്ല്ല..
പ്രാഞ്ചീസിൻറെ കണ്ണീന്ന് വെള്ളൊലിച്ച് ബീഫില് വീണു.
ഇനിക്ക് ഓട്ടർഷ വേടിക്കാൻ കാശ് തന്ന്..മൻഷേരൊക്കേ ഒന്നാണ്ന്ന് പറേണ പുസ്തങ്ങള് തന്നു. ലോഗം മുഴ്ക്കേനും ദാരിദ്രംണ്ട്ന്ന് സങ്കടണ്ട്ന്ന് പറഞ്ഞ് തന്നു. മനുഷേര് വേറേ വേറേ്‌യാന്ന് പറേണത് തൊള്ളേലടി കിട്ടാണ്ടാന്ന് പറഞ്ഞ് തന്ന്…കാശും അതികാരോം മൻഷേരേ പെഴപ്പിക്കുന്ന് പടിപ്പിച്ച്..
ഇനിക്ക് താങ്ങാൻ പറ്റ്ണില്ല്യടാ..
ചൊക്ളിക്കും സങ്കടാവ്ണ്ടാര്ന്നു. നല്ലത് മാത്രേ രാമേട്ടൻ ചീത്ട്ട്ള്ള്. എപ്പ്ളും ഒപ്പം നിന്നേര്ന്നു. ആരുല്യാത്തോനാണ്ന്നോ ചണ്ണക്കാലനാണ്ന്നോ ഒര്ക്കലും വിളിച്ച്ട്ടല്ല..
പപ്പിനീനെ കാണാണ്ട് പോയീ .. അവള് സകിക്കോ ന്നറീല്ല ചൊക്ളീയേ.. അവളരെ തന്തേരെ പറ്റാര്ന്ന് രാമേട്ടൻ.. അവരേ മടീ കെടന്ന് വളന്ന് അവര് പറേണദൊക്കേ കേട്ട്ട്ടാണ് പപ്പിനീങ്ങനെ മുറിച്ചാ തുള്ളണ പെണ്ണായ്ത്. അവള്ടെ വാല്മ്മേ കെട്ടാൻ കൊള്ളോ ഇന്നാട്ടിലെ ഒര് പെണ്ണിനെ..
പ്രാഞ്ചീസിൻറെ വായേന്ന് എന്തിറ്റാ വീഴ്ണേന്ന് ചൊക്ളിക്ക് തിരിഞ്ഞ് ല്ല.
കൊറേ നേരം നെലോളിച്ച് പിന്നെ മുമ്പിലിര്ന്ന തീറ്റ്യൊക്കെ വായേല് കുത്തിക്കേററി പ്രാഞ്ചീസ് നട്ന്നൊടങ്ങി. ചൊക്ളീം നടന്നു. പൊഴമ്പള്ളത്തെത്തീപ്പോ പ്രാഞ്ചീസ് പറഞ്ഞു…
നീയ്ണ്ട്രാ ചൊക്ള്യേ.. നാളെ ഓട്ടർഷേല് പപ്പിനീനെ കാണാമ്പൂവ്വാ.. നീയ് സാമ്യോട് പറഞ്ഞാ മതി.. ഇമ്മക്ക് വൈന്നാരം പോയി രാത്ത്രീല് പോരാടാ… അവളോട്‌ ഒന്ന് പറയണടാ.. അത് ഒര് മര്യാദ്‌യാടാ..
ചൊക്ളി സമ്മേയ്ച്ചു.
പ്രാഞ്ചീസ് മറിയപ്പാറ അങ്ങാടീൽക്ക് നടന്നു.. ചൊക്ളി വീട്ടില് ചെന്ന് കേറി..
ജാനൂൻറമ്മ തോർത്തും ഒര് തേയപ്പൊട്ട് സോപ്പും നീട്ടീട്ട് പറഞ്ഞു.. 'ഒന്ന് കുളിച്ചാ മോനെ… ചൊട് ലേന്ന് വരല്ലേ..'
ചൊക്ളി കടവില് ക്ക് നടന്നു.
കുളിച്ച് വന്ന്പ്പോ ജാനുണ്ട് ചോറ് വെള്മ്പാൻ നില്ക്കണ്.. ഒന്നും തിന്നണ്ടാന്ന് പറഞ്ഞേപ്പോ അവള് സങ്കടത്ത്ല് നോക്കീച്ചാലും മിണ്ടീല്ല…
പപ്പിനീനെ കാണ്ണാമ്പോണ കാര്യം വെളിച്ചായിറ്റ് പറയാന്നാ ചൊക്ളി വിജാരിച്ചേ…
ജാനു അരീത്ത് വന്ന് കെട്ടിപ്പിടിച്ച് കെടന്ന്… അവളങ്ങട് ഒറങ്ങി.. ചൊക്ളി രാമേട്ടനേന്നെ വിജാരിച്ച് കെടന്ന്…
എപ്പളാണ്ട് ഒറങ്ങിപ്പോയി.
വെളിച്ചായിറ്റ് ഏൻറ്റപ്പോ കേട്ടത് ജാനു ഓ ക്കിനിക്കണ ഒച്ചേണ്..
ചൊക്ളി പെടഞ്ഞേൻച്ച് പൊറത്തേക്ക് പാഞ്ഞു. എന്ത്ട്ടാവോ അവളക്ക് പറ്റ്യേ...


Tuesday, September 22, 2020

പ്ളാശ് മരത്തിന്റെ വട്ടയിലകൾ

11/09/2020 

ഈ മരത്തിന്റെ ശാസ്ത്ര നാമം എനിക്കറിയില്ല. വട്ടയിലകളായി പടർന്നു നില്ക്കുന്ന ഒരു സുന്ദരി മരമാണിത്. ഓറഞ്ച് നിറമുള്ള പൂക്കളിൽ ഈ മരം അണിഞ്ഞൊരുങ്ങിയ ഒരു മണവാട്ടിയെപ്പോലെ മുഗ്ദ്ധയായി തോന്നും.

മീനമാസം ഒന്നാം തീയതിയാണ് സാവിത്രി വ്രതം. അത് തന്നെ. സത്യവാൻറെ ജീവൻ മിസ്റ്റർ യമധർമ്മൻറെ കാലപാശത്തീന്ന് രക്ഷപ്പെടുത്താൻ വേണ്ടി സാവിത്രി എടുത്ത ആ വ്രതം.

തമിഴ് ബ്രാഹ്മണപ്പെണ്ണുങ്ങളുടെ തിരുമംഗല്യ നൊയമ്പ്.

ഞങ്ങൾ അമ്മീമ്മയുടെ ഒപ്പം വളർന്നതുകൊണ്ട് വ്രതാനുഷ്ഠാനങ്ങൾ, നിത്യപൂജകൾ, ഗായത്രി, അതിവിശിഷ്ട സ്ത്രോത്രരത്നങ്ങൾ, സഹസ്രനാമങ്ങൾ, വിവിധ തരം കവചങ്ങൾ, രുദ്രം, ചമകം എന്നു വേണ്ട സകലതും മന:പാഠമാക്കിയിരുന്നു.

തമിഴ്ബ്രാഹ്മണപ്പുരുഷന്മാർക്ക് മാത്രം ജപിക്കാൻ അവകാശമുള്ളതെന്ന് പറഞ്ഞു കേൾക്കാറുള്ള ജപങ്ങൾ കൂടി അമ്മീമ്മയിലെ ഫെമിനിസ്റ്റ് സ്വയം പഠിക്കുകയും ചൊല്ലുകയും ഞങ്ങളെ പഠിപ്പിക്കുകയും ചെയ്തിരുന്നു.

ഞങ്ങളെ ആര് വിവാഹം കഴിക്കുമെന്ന് പറ്റാവുന്നവരൊക്കെ ചോദിക്കും. ആ ചോദ്യം എല്ലാവർക്കും ഒരു രസവും പുച്ഛവും തമാശയുമായിരുന്നു. ഞങ്ങടെ അമ്മ ചെയ്ത തെറ്റിനെ അവരൊക്കെ സഹതാപപൂർവം ഓർമ്മിപ്പിക്കും. 'കുട്ടികള് പഠിച്ചാലും ജോലിണ്ടായാലും കാണാൻ വല്യ തെറ്റില്ലാണ്ടിരുന്നാലും ആരും വന്ന് പെണ്ണ് ചോദിക്കില്ലല്ലോ' എന്ന് കവിളിൽ കൈ വെച്ച് കഷ്ടം ഭാവിക്കാത്ത ഒറ്റ ഒരാളേയും ഒറ്റ മനുഷ്യനേയും എൻറെ ബാല്യ കൗമാര കാലത്ത് എനിക്കോർക്കാനേ പറ്റുന്നില്ല.

അച്ഛന് ചില തമിഴ് ബ്രാഹ്മണ സുഹൃത്തുക്കൾ ഉണ്ടായിരുന്നു. എസ് ബി ഐ യുടെ റീജണൽ മാനേജർ, എൽ ഐ സിയുടെ റീജണൽ ചീഫ്, സീതാറാം മിൽസിൻറെ എം ഡി, ഒന്നു രണ്ട് ഡോക്ടർമാർ അങ്ങനെ ചിലർ …

അവരുടെ ഭാര്യമാരോട് അമ്മക്കും അമ്മീമ്മക്കും നല്ല സൗഹൃദവുമായിരുന്നു. ആധുനിക രീതിയിൽ അലങ്കരിച്ച പൂന്തോട്ടങ്ങളും ബൊമ്മക്കൊലുവിന് അലങ്കരിക്കാൻ ആയിരക്കണക്കിന് പാവകളും അവരുടെ വീടുകളിൽ ഉണ്ടാവാറുണ്ട്. ധാരാളം വെളിച്ചമുള്ള മനോഹരമായി സംവിധാനം ചെയ്യപ്പെട്ട നല്ല വീടുകളായിരുന്നു അവ.

അമ്മയും അമ്മീമ്മയും കേസിൻറെ കാര്യം പറഞ്ഞ് ആ മാമിമാരോട് സങ്കടപ്പെട്ടിരുന്നു. അവർക്കും കേൾക്കുമ്പോൾ വിഷമം തന്നെയാണ്. നല്ല തറവാട്ടിൽ പിറന്നിട്ട് ഇങ്ങനെ ആയല്ലോ എന്ന സങ്കടം… പുറമേ ഞങ്ങളുടെ കല്യാണം എന്ന് ആളുകൾ പുച്ഛിക്കുന്നത്…

അപ്പോൾ ആ മാമിമാർ പറയും.

'എന്നടീ, രാജം.. മൂന്നു പൊൺകൾ താനേ.. എങ്കളോട് പയ്യന്മാരിലെ മൂന്നു പേർ വേട്ടുക്ക്ണ്ടാ പോരാതാ ഒനക്ക്… അമൈതിയാ ഇര്..'

അമ്മക്കും അമ്മീമ്മക്കും അത്തരം പ്രതീക്ഷകൾ ഉണ്ടായിരുന്നു. അവരിലൊരാളുടെ മകളെ ഒരു ബന്ധുപ്പയ്യന് എൻറെ പാവം അമ്മ ആലോചിക്കുകയും ചെയ്തു. പക്ഷേ, അക്കാലത്ത് അയാൾ റിസർവ് ബാങ്ക് ഓഫീസറായിരുന്നു. പെൺകുട്ടിക്ക് ജോലി ആയിരുന്നില്ല. ആ പയ്യൻ അമ്മയെ തന്നെ ഭീകരമായി ഇകഴ്ത്തി.

അത് പോട്ടേ…

നമുക്കു പ്ളാശിലേക്ക് മടങ്ങി വരാം.

തൃക്കൂർ മഹാദേവ ക്ഷേത്രത്തിൽ കൂറ്റനൊരു പാറയുണ്ട്. ആനയെപ്പോലെ തോന്നും. പല ജൈന ക്ഷേത്രങ്ങളിലും ഇത്തരം വലിയ ഒറ്റപ്പാറകൾ ഞാൻ പിന്നീട് കണ്ടിട്ടുണ്ട് . അതിൻറെ അരികിൽ ഒരു സുന്ദരി പ്ളാശ് നിന്നിരുന്നു. ഈ സാവിത്രീ വ്രതദിനങ്ങളിൽ നല്ല ധൈര്യമുള്ള ബ്രാഹ്മണപ്പയ്യന്മാർ അതിൽ കയറും. താഴെ നിന്ന് അനവധി കല്പടവുകൾ കയറി വരുന്ന പാപ്പാത്തി പെൺകുട്ടികൾക്ക് ഇലകൾ പറിച്ചു കൊടുക്കും. ആ ഇലയിലാണ് അട പരത്തി വേവിച്ച് വെണ്ണയും ചേർത്ത് ചന്ദ്രന് നേദിക്കുന്നത്. പെൺകുട്ടികൾ പകൽ മുഴുവനും പട്ടിണി ആയിരിക്കും… വ്രതമാണല്ലോ..

ഒരിക്കൽ ഒരു വ്രതകാലത്ത് മറ്റു പെൺകുട്ടികൾക്കൊപ്പം ഞാനും റാണിയും പ്ളാശിൻറെ ഇലകൾക്ക് കൈ നീട്ടി…

'നീങ്കൾ ആശാരിക്കുട്ടികളല്ലവോ… ഒങ്ക്ള്ക്ക് എന്ന സാവിത്രി വ്രതം?... പ്ളാശും പ്ളാശെലൈയും ബ്രാഹ്മണക്കുട്ടികൾക്ക് മട്ടും താൻ….

എട്ടുപത്തു വയസ്സുള്ള ബ്രാഹ്മണ പ്പയ്യനാണ് ഇങ്ങനെ അലറുന്നത്… അതുവരെ ഞങ്ങൾ എല്ലാ പെൺകുട്ടി കളും ഒന്നിച്ചായിരുന്നു. ഒരു കൂട്ടമായിരുന്നു.

ആ നിമിഷം ഞാനും റാണിയും വേർതിരിക്കപ്പെട്ടു.

ഞങ്ങൾ പിന്നീട് ആ വഴിക്ക് പോയതേയില്ല.

അമ്മീമ്മ വാഴയിലയിൽ വട്ടത്തിൽ അട പരത്തി വെണ്ണയും വെച്ച് നേദിച്ചു തരും. മഞ്ഞൾച്ചരട് കെട്ടിത്തരും.

പ്ളാശ് നട്ടു പിടിപ്പിക്കണമെന്ന് ഉണ്ടായിരുന്നു ആദ്യമാദ്യം… പിന്നീട് ജീവിതത്തിൽ വലിയ പരീക്ഷണങ്ങൾ നേരിടേണ്ടി വന്നപ്പോൾ ബ്രാഹ്മണരുടെ പ്ളാശും പ്ളാശലൈയും എല്ലാം തീർത്തും വിസ്മൃതിയിലായി.

പ്രൊഫൈൽ ചിത്രങ്ങൾ

 




 

ആംബുലൻസ് വേണമെന്നില്ല.., ബലാത്സംഗം ചെയ്യുന്നവരെ.., ഒരാൾക്കെങ്കിലും തോന്നിയല്ലോ

                                            

ആംബുലൻസ് വേണമെന്നില്ല... കോവിഡ് വേണമെന്നില്ല...

പെണ്ണായാൽ മതി, കൂടെ ബലാത്സംഗത്തിൻറെ വിവിധ തരം പാക്കേജുകൾ സംവരണം ചെയ്യപ്പെട്ടിട്ടുണ്ട്...

അത് ചെയ്തവനെ ന്യായീകരിക്കാൻ ആണും പെണ്ണും ഉണ്ട്. അനുഭവിച്ചവളെ കുറിച്ച് പറയാൻ അവൾ മാത്രം...

കൊന്നാൽ പിന്നെ അവളും പറയില്ല...

 

ബലാത്സംഗം ചെയ്യുന്നവരെ ആണും പെണ്ണും അടങ്ങുന്ന ജനതതി ഒന്നിച്ചു തള്ളിപ്പറയുന്ന, അവരുടെ വളിച്ചു പുളിച്ചു നാറി ചീഞ്ഞളിഞ്ഞ ന്യായീകരണങ്ങൾക്ക് അല്പം പോലും ഇടം കൊടുക്കാത്ത, ഭരിക്കുന്ന ഗവൺമെന്റ് ആണ് കുറ്റം ചെയ്തതെന്ന് പറയാത്ത ഒരു പൊതുമണ്ഡലമാണ് എൻറെ സ്വപ്നം.

എൻറെ ജീവിതകാലത്ത് അത് സംഭവിക്കുമോ എന്നറിയില്ല.

എല്ലാവരും ബലാത്സംഗികളെ സ്നേഹിക്കുന്ന ന്യായീകരിക്കുന്ന കാലമല്ലോ ഇത്.

ബലാത്സംഗം സഹിച്ച് പരിക്ക് പറ്റിയവർ റോഡിൽ നിന്ന് അനാഥരായി കരയുകയും ഉടുപ്പ്, നടപ്പ്, സമയം,അവരുടെ വീട്ടുകാരുടെ കുറ്റം, ഒന്നുറക്കെ കരയാത്ത കുറ്റം എന്നൊക്കെ കേട്ട് തല കുമ്പിടുകയും ചെയ്യുന്ന കാലമല്ലോ ഇത്...

ഞാൻ ബലാത്സംഗിക്കൊപ്പമില്ല എന്ന ടാഗ് ഇടുന്ന ഒരു ഫേസ്‌ബുക്ക് മൂവ്മെൻറ് പോലും ആണുങ്ങൾ ആരും ചെയ്യാത്തതെന്ത്?

                                             


Navas Paduvingal

ഈ അനുഭാവത്തിനെ, ഈ അനുതാപത്തിനെ ഞാൻ സന്തോഷത്തോടെ പങ്കുവെയ്ക്കുന്നു... ഒരാൾക്കെങ്കിലും തോന്നിയല്ലോ....ഞങ്ങൾ ബലാത്സംഗികൾക്കൊപ്പമല്ല എന്ന് എല്ലാ പുരുഷന്മാരും സ്ത്രീകളും എവിടെയും എപ്പോഴും നെഞ്ച് വിരിച്ച് നിന്ന് ഉറപ്പോടേ പ്രഖ്യാപിക്കുന്ന ആ കാലം വരട്ടേ

                                 



മഴയാണ്...

04/09/2020

പെയ്തു നിറയട്ടെ.

ഓണം കഴിഞ്ഞു മുറ്റവും റോഡും തൂക്കുന്ന അമ്മാമ്മ വന്നു.

'എന്തൊര് ചവറ്... തൂത്ത് ഊപ്പാടെളവി' എന്ന് സങ്കടം പറഞ്ഞു. ഞാൻ ഒരു നല്ല കാപ്പിയിട്ട് കൊടുത്തു.

അമ്മാമ്മ ഉടുക്കുന്ന ലുങ്കിയുടെ പേരാണ് പേശ. ഒരു തോർത്ത്, ഒരു ബ്ലൗസ് ഇതാണ് എല്ലായ്പ്പോഴും ഓണപ്പട.

ഇത്തവണ ഞാൻ തുണി എടുത്തില്ല. കടയിലൊന്നും പോയില്ല.

ഉത്രാടത്തിൻറെ അന്ന് ഞാൻ അവർക്ക് കാശ് കൊടുത്തിട്ട് പറഞ്ഞു. 'പേശയും തോർത്തും ബ്ലൗസും വാങ്ങിച്ചോളൂ. '

അമ്മാമ്മ പണം മടക്കിത്തന്നിട്ട് വരാന്തയിലിരുന്നു. 'ഇത്തിപ്പോരം തൈലം താ മക്കളേ...കാല് വേദന...'

തൈലം പുരട്ടുന്ന അമ്മാമ്മയോട് കാശു മേടിച്ചു പേശ എടുക്കാൻ പറഞ്ഞു ഞാൻ..

അമ്മാമ്മ പറയ്യാണ്..'എന്തരോണം..എന്തര് പേശ. എങ്ങും പൊക്കൂടാ. ആരേം കണ്ടൂടാ..

ചമഞ്ഞിട്ടെന്തര് ചെയ്യാൻ..

ലോകം മുഴുവനും ആൾക്കാര് ചത്ത്പോണേൻറെടക്ക്, എല്ലാരും നെഞ്ചത്തറഞ്ഞ് കരേന്നെൻറെടക്ക് എനിക്ക്ന്തെര് പേശ... എന്തര് സദ്യ...'

ഓണത്തിന് ആയി രണ്ട് തേങ്ങയും വാങ്ങി അമ്മാമ്മ പോയി...

'കഞ്ഞിക്ക് ചമ്മന്തി അരക്കാല്ലോ' തേങ്ങ സഞ്ചിയിലിടുമ്പോൾ അമ്മാമ്മ പുഞ്ചിരിച്ചു.

അങ്ങനാണ് ഓണം. അത്രേയുള്ളൂ ഓണം...

മഴക്കാലം…


02/09/2020
Mini Vish എഡിറ്റർ ആയ ഇത്തവണത്തെ മുഖം മാസികയിൽ എഴുതിയ കുറിപ്പ്.

മഴക്കാലം…

തൃക്കൂരിനെ ചുറ്റിപ്പറ്റിയാണ് മഴക്കാല ഓർമ്മകൾ അധികവും. പിന്നീട് മുതിർന്ന പ്പോൾ ആലിപ്പഴം വീഴുന്ന മഴയും പൊടി പോലെ ഐസ് തൂവുന്ന പിശറൻ മഴയും മരുഭൂമിയിലെ ലൂ എന്ന പൊടിക്കാറ്റിനൊപ്പം വരുന്ന പ്രാന്തൻ മഴയും ഒക്കെ ധാരാളമായി കണ്ടിട്ടുണ്ടെങ്കിലും തൃക്കൂര് വീട്ടിലേയും നാട്ടിലേയും മഴയാണ് എന്നും മഴയോർമ്മകളായി ആദ്യം മുന്നിൽ വിരിയുന്നത്.

മഴക്കാലം വരും മുമ്പെ മേല്പുരയിലെ അകന്ന ഓടുകൾ അടുപ്പിക്കുക, ഇടയിൽ കാണുന്ന വലിയ വിടവുകളിൽ പാളക്കഷണങ്ങളും വേസ്റ്റ് ഏക്സ്റെ ഫിലിമുകളും തിരുകുക, ഓട്ടിൻ പുറത്തേയും പാത്തികളിലേയും ചപ്പുചവറുകൾ എടുത്തു കളയുക, പട്ടിക, ഉത്തരം, കഴുക്കോൽ എന്നിവയിലൊക്കെ കശുവണ്ടി എണ്ണ പൂശുക എന്നതൊക്കെ അമ്മീമ്മ എല്ലാ വർഷവും മുടക്കമില്ലാതെ ചെയ്തു പോരുന്ന അറ്റകുറ്റപ്പണി കളായിരുന്നു.

ചെറിയ മഴകൾ ആഹ്ളാദമായിരുന്നു എന്നും. ചേമ്പിലയിൽ വെള്ളം ഉരുണ്ട് കൂടി മുത്തു മണികളായി താഴോട്ട് പതിക്കുന്നതും ആ മുത്തുമണികളാൽ ഒരു ഉശിരൻ മാല പണിയിപ്പിക്കണമെന്ന് പറഞ്ഞപ്പോൾ അമ്മീമ്മ പൊട്ടിച്ചിരിച്ചതും ഞാൻ ഇന്നും ഓർക്കുന്നുണ്ട്.

മഴ പെയ്താൽ അതുവരെ പൊടിയണിഞ്ഞ് ചളിക്കുട്ടികളായി നിന്നിരുന്ന എല്ലാ ചെടികളും എണ്ണേം സോപ്പും തേച്ച് കുളിച്ച് മിനുസമുള്ള മുടിയും വിതിർത്തിട്ട് ഉല്ലാസവതികളായി നടന്നു പോകുന്ന ഗ്രാമീണ തരുണികളാകും. പൂക്കളിൽ വൈരമൂക്കുത്തി പോലെ വെള്ളത്തുള്ളി പറ്റി നില്ക്കുന്നുണ്ടാവും.

ഞാനും റാണിയും ഇതു കണ്ടു വല്ലാതെ അതിശയപ്പെടുമായിരുന്നു. ഞങ്ങൾ ചെടികൾക്കെല്ലാം ധാരാളം വെള്ളം ഒഴിക്കാറുണ്ട്, വേനല്ക്കാലത്ത്. എന്നാലും ചെടികൾ ഒരിക്കലും ഇങ്ങനെ പ്രസാദവതികളും സുന്ദരികളും അനുഗ്രഹദായിനികളുമായി തെളിഞ്ഞു മിന്നാറില്ല.

സാവധാനം ഞങ്ങൾക്ക് അതു മനസ്സിലായി മഴയും ചെടികളും തമ്മിൽ ദിവ്യമായ ഒരു രസതന്ത്രമുണ്ട്. അതിലിടപെടാൻ മനുഷ്യന് കഴിവില്ല.

ഞാനും റാണിയും അമ്മീമ്മയുമായി മഴക്കാലത്ത് നനഞ്ഞ് കുതിർന്ന് സ്കൂളിൽ പോകും. വീട്ടിൽ നിന്ന് രണ്ട് കിലോമീറ്റർ നടക്കണം. സ്കൂളിലേക്ക്.. അതൊരു രസകരമായ നടപ്പായിരുന്നു. മേക്കട്ടിപ്പാടത്തെത്തുമ്പോൾ ഇരുവശവും നെല്പാടങ്ങളായിരുന്നതുകൊണ്ടും കാറ്റ് മഴത്തുള്ളികളെ ഇങ്ങനെ ചരിച്ചു വീഴ്ത്തുന്നതു കൊണ്ടും എങ്ങനെ ആയാലും ഞങ്ങൾ നനയും. കാര്യം ബസ്‌ അതിലേ പോകുമെങ്കിലും റോഡിൽ ലക്ഷം കുഴികളും കിടങ്ങുകളും ഉണ്ടായിരുന്നു. നന്നേ സൂക്ഷിച്ചില്ലെങ്കിൽ തുടുത്ത ചായ പോലേയുള്ള ചെളിവെള്ളം മേല് തെറിച്ചു വീഴും. റോഡിനിരുവശവും ഒതുങ്ങി നിന്ന് ഉടുപ്പിൽ ചെളിവെള്ളം വീഴാതെ രക്ഷപ്പെടുന്നത് ഒരു കല തന്നെ ആയിരുന്നു.

സ്ക്കൂളിൽ ഒരു നിര കെട്ടിടം നിർമിച്ചത് പൂർണമായും ഓലഷെഡ് ആയിട്ടാണ്. ചുവരും ഇടച്ചുവരും മേച്ചിലും എല്ലാം ഓല. തറ മണ്ണിട്ട് അല്പം ഉയർത്തി അടിച്ചുറപ്പിച്ചത്. ബെഞ്ച്, ഡസ്ക്, വലിയ ബോർഡ് എല്ലാം ഉണ്ട്. ചോർച്ചയൊന്നുമില്ല. നല്ല ഒന്നാന്തരം ഓലക്കെട്ടിടങ്ങൾ..

മഴ ഭരതമലയുടെ മുകളിൽ നിന്ന് വെള്ളത്തുള്ളികളും പറത്തി താഴ് വാരങ്ങളിലൂടെ ആടിയുലഞ്ഞ് പച്ചച്ച നെല്പാടങ്ങളേയും കുളിപ്പിച്ച് സ്ക്കൂൾ ഗ്രൗണ്ടിൽ കളിച്ചു തിമിർത്ത് ഓലഷെഡ്ഡിൻറെ മുകളിൽ കയറി തിമിർത്താടുമ്പോൾ ടീച്ചർമാർ പഠിപ്പിക്കൽ നിറുത്തി മഴയുടെ രൗദ്രതാളം ആസ്വദിക്കാൻ ഞങ്ങൾ കുട്ടികളെ അനുവദിക്കും. അതൊരു വല്ലാത്ത അനുഭൂതി ആയിരുന്നു. ഇന്നും മഴപെയ്യുമ്പോൾ ആ ശബ്ദം കേൾക്കുന്ന പോലെ എനിക്ക് തോന്നാറുണ്ട്.

'ഓലക്കെട്ടിടം മാറ്റി ഓടുകെട്ടിടം പണിയൂ പഞ്ചായത്തേ, വിദ്യാർത്ഥി ഐക്യം സിന്ദാബാദ് 'എന്നൊക്കെ വിളിച്ച് പത്താം ക്ളാസ്സിലെ ചേട്ടന്മാരും ചേച്ചിമാരും കല്ലൂരുള്ള പഞ്ചായത്ത് ഓഫീസിലേക്ക് ജാഥയായി പോകും. അന്ന് സ്ക്കൂളിൽ സമരമായിരിക്കും. എന്തായാലും ഒന്നു രണ്ടു വർഷത്തിനുള്ളിൽ ഓലക്കെട്ടിടം മാറ്റി ഓടിട്ട കെട്ടിടം വന്നു. സമരത്തിന് ഫലമുണ്ടായി.

ഞാനും അനിയത്തിമാരും അമ്മീമ്മ യുമായി തൃക്കൂരുള്ള അമ്മീമ്മയുടെ വീട്ടിൽ പാർക്കുമ്പോൾ രാത്രിയിൽ മഴ പെയ്യുന്നതും ഇടിയും മിന്നലും ഉഗ്രമായി അനുഭവപ്പെടുന്നതും ഞങ്ങൾ കുട്ടികളെ വല്ലാതെ ഭയപ്പെടുത്തിയിരുന്നു. അന്നൊക്കെ ചെറുകാറ്റടിച്ചാൽ മതി, വൈദ്യുതി പോകാൻ.. പാവം. അമ്മീമ്മ! ഭയന്നു വിറക്കുന്ന ഞങ്ങളെ ധൈര്യപ്പെടുത്തിക്കൊണ്ട് കോഴിമുട്ട വിളക്കിൻറെ വെളിച്ചത്തിൽ പാചകവും ആഹാരം തരലും സമാധാനപ്പിച്ച് കിടത്തി ഉറക്കലും എല്ലാം ചെയ്യും. അവരെ സമാധാനിപ്പിക്കാൻ ആരുമില്ലാത്തതുകൊണ്ട് അമ്മീമ്മ ഒരിക്കലും ഭയമോ കണ്ണീരോ പുറത്തു കാണിച്ചിരുന്നില്ല.

മഴക്കാലരാത്രികൾ എനിക്ക് ശൈശവം മുതൽ എന്നും കടുത്ത അസ്വസ്ഥതയും ഭയവും മാത്രമേ തന്നിട്ടുള്ളൂ. അത് മാറ്റാനാവശ്യമായ മാധുര്യമൊന്നും ജീവിതത്തിൽ ഒരുകാലത്തും കടന്നുവന്നതുമില്ല..

കുട്ടികളായിരിക്കേ മഴക്കാലത്ത് പല സ്ത്രീകളും അമ്മീമ്മയെ വന്നു കാണുമായിരുന്നു. അടുക്കള വരാന്തയിലായിരിക്കും അവരുടെ ഒച്ച താഴ്ത്തിയുള്ള സംഭാഷണം. ഓലകൾ, തടിക്കമ്പുകൾ, പഴയ തഴപ്പായ, പഴയ പുതപ്പ്, പഴയ സാരി ഇതൊക്കെ ആവും അവരുടെ ആവശ്യങ്ങൾ… ചിലർ അരിയും കഞ്ഞിവെള്ളവും വാങ്ങാറുണ്ട്.

മഴക്കാലത്തിൻറെ മധുരിമ, കുളിർമ, ആഹ്ളാദം…. എന്നൊക്കെ എല്ലാവരും പറയുകയും പാടുകയും ചെയ്യുമ്പോൾ ഞാൻ ഭയഭീതമായ രാത്രികളേയും ചെറിയ ആവശ്യങ്ങൾക്കായി അമ്മീമ്മയെ കാണാൻ വന്നിരുന്ന ആ സ്ത്രീകളേയും ഓർക്കും…

അതാവും എനിക്ക് മഴക്കുളിരില്ലാതായത്...

Monday, September 21, 2020

കളിമ്പങ്ങളിലെ പെരുംനോയ്


01/09/2020

അക്ഷരകൈരളി ഓണപ്പതിപ്പിൽ 2020...പ്രസിദ്ധീകരിച്ച ചെറുകഥ..

കളിമ്പങ്ങളിലെ പെരുംനോയ് (കഥ)

ഒരു സിനിമാ നടനാവുന്നത് അതികഠിനമായ ഏർപ്പാടാണ്.

നടനാവണമെങ്കിൽ, നല്ല പടം കിട്ടണമെങ്കിൽ, കിട്ടിയാൽ അത് ഭംഗിയായി പൂർത്തിയാകണമെങ്കിൽ, ആയാൽ തട്ടും പരിക്കും കേസും കുന്തവും കുടച്ചക്രവും ഇല്ലാതെ തിയേറ്ററിൽ ഹൗസ് ഫുള്ളായി ഒരു നൂറ് ദിവസം ഓടണമെങ്കിൽ, ഓവർസീസ് റൈറ്റ്സും സാറ്റലൈറ്റ് റൈറ്റ്സും ഭംഗിയായി ലഭിക്കണമെങ്കിൽ…

ഏറ്റവുമധികം വേണ്ടത് ഭാഗ്യമാണ്.

കുടവയറും തൂങ്ങിയ മസിലും ഒന്നും നടന് പാടില്ല. അമ്പത് വയസ്സിലും കൂടിപ്പോയാൽ മുപ്പതേ മതിക്കാവൂ. അതിന് ജിം, പേർസണൽ ട്രെയിനർ, കൃത്യം ഭക്ഷണം, സ്വന്തം ഡ്രസ്സ് ഡിസൈനർ, സ്വന്തം ഹെയർ സ്ററെലിസ്ററ്, സ്വന്തം മേക്കപ്പ് മാൻ ഇവരെയെല്ലാം കോ ഓർഡിനേററ് ചെയ്യാൻ മാനേജർ, ഫോണുകൾക്കും മെസ്സേജുകൾക്കും വാർത്തകൾക്കും മറുപടി നല്കാൻ ഒരു വക്താവ്, കഥ കേൾക്കാനും അത് അരിച്ചരിച്ച് തൻറടുത്തെത്തിക്കാനും മറ്റൊരു ബുദ്ധിമാനായ വിശ്വസ്തൻ… ചാർട്ടേഡ് എക്കൗണ്ടൻറ്സിൻറെ ടീം, ഡോക്ടർമാരുടെ ടീം...

ഇവരിൽ ഏതെങ്കിലും ഒരാൾ വിചാരിച്ചാൽ മതി നടൻറെ കിങ് സൈസ് ജീവിതം കുഴപ്പത്തിലാവാൻ..

പറയുമ്പോൾ ഗ്ളാമറോട് ഗ്ളാമറാണ്. അതിൻറെ ഉള്ളിലെ നിലകിട്ടാത്ത അടിയൊഴുക്കുകൾ ആലോചിച്ചാൽ ഭ്രാന്തെടുത്തു പോകും.

ഭാര്യക്ക് സംശയം കൂടി ഉണ്ടെങ്കിൽ പിന്നെ ആത്മഹത്യ തന്നെയാണ് ഭേദം.

വലിയ നടന്മാർ പലരും കാലങ്ങളായി വിജയിച്ച് നില്ക്കുന്നത് എന്തുകേട്ടാലും കുലുക്കമില്ലാത്ത കുടുംബത്തിൻറെ പിന്തുണ കൊണ്ടാണ്.

ദേവിക്ക് ഇതുവരെ ഒര് പ്രശ്നവും ഉണ്ടായിരുന്നില്ല. വനിതയിലും ഗൃഹലക്ഷ്മിയിലും മറ്റു പെൺമാസികകളി ലും പത്രങ്ങളിലും മറ്റും 'കൃഷ്ണകുമാറിന്റെ സ്വന്തം ദേവി,' 'കൃഷ്ണൻറെ ദേവി,' 'കൃഷ്ണകുമാർ എന്നും ദേവിക്ക് സ്വന്തം'...എന്നൊക്കെ അടിച്ചു വരുന്ന ലേഖനങ്ങൾ, അവരുടെ ഫോട്ടോഷൂട്ടുകൾ ഒക്കെ വലിയ താത്പര്യമായിരുന്നു.

ബുട്ടീക്കുകളും കോഫി ടേബിൾ ബുക്ക് ഷോപ്പുകളും ജ്വല്ലറികളും ഉദ്ഘാടനം ചെയ്യാനും ആനീസ് കിച്ചണിലും ബേബി ഷോയ്ക്കും ഫ്ളവർഷോയ്ക്കും എല്ലാം ഉടുത്തൊരുങ്ങി പോകുമായിരുന്നു. ദേവി രണ്ടു പ്രസവിച്ചുവെങ്കിലും കണ്ടാൽ ഇപ്പോഴും ഒരു ഇരുപത്തഞ്ചേ മതിക്കൂ..

സിനിമയിൽ പെണ്ണുങ്ങൾക്ക് വേറെ സംഘടന വേണ്ട എന്നാണ് കൃഷ്ണ കുമാറിൻറെ ഇപ്പോഴത്തെ സുചിന്തിതമായ അഭിപ്രായം. മലയാള സിനിമക്ക് ഒഴിവാക്കാൻ ആവാത്ത താരമെന്ന നിലക്ക് ഇത്തരം അഭിപ്രായങ്ങൾ പറയുന്നതിൽ അയാൾക്ക് പ്രയാസമുണ്ടായിരുന്നില്ല. സിനിമാക്കാർ - സെറ്റിലെ തൂപ്പുകാർ മുതൽ സുരേഷ് ഗോപിയും മോഹൻലാലും മമ്മൂട്ടിയുമടങ്ങുന്ന സൂപ്പർ മെഗാസ്റ്റാറുകൾ വരെ സിനിമയുടെ സ്വന്തം കുടുംബമാണ് എന്നാണ് അയാൾ പറയുക. എല്ലാവരും പരസ്പരം ഗാഢമായി സ്നേഹിക്കുന്നു. സിനിമയാണ് എല്ലാവരുടേയും ചോറ്. ഒരാൾക്ക് ഒരു പ്രശ്നം വന്നാൽ അവർ എല്ലാവരും ഒന്നിച്ച് നിന്ന് അതു പരിഹരിക്കും. മാധ്യമങ്ങളും സോഷ്യൽ മീഡിയയും ചുമ്മാ അവർക്ക് വായനക്കാരെ കിട്ടാൻ ഓരോ ഇല്ലാക്കഥകൾ പടച്ചു വിടുകയാണ് എന്നായിരുന്നു പണ്ടേ കൃഷ്ണകുമാറിന്റെ പക്ഷം.

അയാൾ എന്നും സമവായത്തിൻറെ നിലപാട് വിശദീകരണത്തിൻറെ സ്നേഹത്തിൻറെ ശാന്തതയുടെ കാരുണ്യ ത്തിൻറെ ആളായിരുന്നു.

മമ്മൂട്ടി ഒരിക്കൽ ചോദിച്ചിട്ടു കൂടിയുണ്ട്.. 'ഇതെങ്ങനെ സാധിക്കുന്നു കിണ്ണാ, ഇത്ര സംയമനം പാലിക്കാൻ… എന്നെക്കൊണ്ടാണെങ്കിൽ പറ്റില്ല.'

മുകേഷ് ആണ് പറഞ്ഞത്, 'അത് മമ്മൂക്ക, കിണ്ണൻ പാലും പഴവും വെണ്ണയും പഞ്ചസാരയുമേ തിന്നത്തൊള്ളൂ.'

പെണ്ണുങ്ങളുടെ സംഘടന അങ്ങനെയുള്ള തനിക്കെതിരെ വന്നിരിക്കുന്നുവെന്ന് ലോകം അറിഞ്ഞാൽ, എത്ര ഭയങ്കര ചീത്തപ്പേരാവും ഉണ്ടാവുക…

ആലോചിച്ചിട്ട് എത്തും പിടിയും കിട്ടുന്നില്ല. അവർ എന്തിനാണ് ദേവിയേയും തൻറെ ഒപ്പം വിളിച്ചിരുത്തി ആ പരാതി ചർച്ച ചെയ്തത്?

പൊതുവെ സിനിമാക്കാർ പുരുഷന്മാർ സ്ത്രീകളോട് ചില്ലറ കളിമ്പങ്ങൾ കാണിക്കാറുണ്ട്. അത് ആരും അങ്ങനെ വലിയ ഒരു പ്രശ്നമാക്കാറില്ല..

തലമുടിയിൽ തഴുകുന്നതു മുതൽ കവിളിൽ തട്ടുന്നതും കെട്ടിപ്പിടിക്കുന്നതും കൈപിടിച്ച് അമർത്തുന്നതും ഒക്കെ പോലെ മുലയിലും മൂട്ടിലും തട്ടുന്നതും ഒക്കെയുണ്ടാവാറുണ്ട്.

അങ്ങനെ ഒന്നും ചെയ്യാത്ത തനി പ്യൂരിട്ടൻ ഗൗരവക്കാരും നടന്മാരിലുണ്ട്. അവർക്ക് അവരുടെ ഭാര്യയേ മാത്രമേ ഈ പ്രപഞ്ചത്തിൽ പെണ്ണായി തോന്നുകയുള്ളൂ.

പെൺതാരങ്ങളിൽ ചിലർക്ക് എല്ലാം ഇഷ്ടമാണ്. കൊഞ്ചാതെ സംസാരിക്കില്ല.. ക്ഷണിക്കുന്ന പോലേയേ നോക്കൂ.. 'സാറ് മുറിയിൽ തനിച്ചാണോ… വല്ലാതെ സങ്കടം വരുന്നു സാർ… പത്തുമിനിറ്റ് അവിടെ വന്നിരുന്നോട്ടെ' എന്ന് ഗദ്ഗദത്തോടെ ചോദിച്ച് സീ ത്രൂ നൈറ്റിയുമിട്ട് വരും.. കണ്ണു നിറച്ചാണെങ്കിലും കൊത്തിവലിക്കുന്ന പോലെ നോക്കും.

പെൺതാരങ്ങളിലും ഉണ്ട് ഈ വക ഏർപ്പാടുകൾ ഒന്നും തീരെയില്ലാത്തവർ. അധികവും അങ്ങനെയാണ്.. വരുന്നു സ്വന്തം ജോലി ചെയ്യുന്നു.. മടങ്ങുന്നു. അല്പം ശൃംഗാരം അബദ്ധത്തിലെങ്ങാനും നമ്മുടെ നോട്ടത്തിൽ വന്നുപോയാൽ ആ സ്ത്രീകളുടെ കണ്ണുകൾ അഗ്നി പോലെ ജ്വലിക്കും.

എപ്പോഴാണ് തൻറെ പക്കൽ നിന്ന് ഇങ്ങനെ ഒരു കളിമ്പം ഉണ്ടായതെന്ന് ഓർത്തെടുക്കാൻ അയാൾ വല്ലാതെ പാടുപെട്ടു. അന്ന് കഴിച്ച മദ്യമാണോ ഓർമ്മയെ വിലക്കുന്നത്?

എത്രയോ നടിമാർ, ജൂനിയർ ആർട്ടിസ്റ്റുമാർ, ഇവർക്ക് എല്ലാം ഒപ്പം ജോലി ചെയ്തു കഴിഞ്ഞു. തമിഴ്, കന്നഡ, തെലുങ്ക് സിനിമകളിലും അഭിനയിച്ചു. അനവധി വലിയ ബ്രാൻഡുകളുടെ അംബാസിഡർ ആയി. കുറെ അവാർഡുകൾ മേടിച്ചു. ലോകത്തെ മിക്കവാറും എല്ലാ വിദേശരാജ്യങ്ങളിലും പോയി. ഗവർണറും മുഖ്യമന്ത്രിയും ഡി ജി പിയും എന്നു വേണ്ട പ്രധാനമന്ത്രി വരെ എല്ലാവരേയും അറിയും. ഫാൻസ് അസ്സോസിയേഷനുകളുണ്ട്… ശരിക്കും ഏറെ ധനികനാണ്.. ഇഷ്ടം പോലെ ഭൂസ്വത്തുണ്ട്. വിലയേറിയ കാറുകളുടെ ഒരു ശേഖരമുണ്ട്.

ദേവിയെ അല്ലാതെ ഒരു പെണ്ണിനേയും തൊട്ടിട്ടില്ലെന്നല്ല. തയാറായി വന്നവരെ വളരെ ഭംഗിയായി അനുഭവിച്ചിട്ടുണ്ട്. അങ്ങനെ വരുന്ന സ്ത്രീകളുടെ ആരാധന, അവരുടെ ശരീരസമർപ്പണത്തിലൂടെ അനുഭവിക്കുന്നത് വല്ലാതെ ത്രസിപ്പിക്കുന്ന ഒരു കാര്യമാണ്. അവർക്ക് സന്തോഷം… തനിക്കും സന്തോഷം.. പണവും സമ്മാനങ്ങളും കൈനിറയെ നല്കീട്ടുണ്ട്. കൂടെ കിടന്നിട്ട് പണം കിട്ടാതെ പോയി എന്നാരും വേദനിക്കരുത്. അത് നിർബന്ധമാണ്. രണ്ടാമത് അവർ സ്വയം വരാതെ ഒരിക്കലും അങ്ങോട്ട് പോയി ക്ഷണിച്ചിട്ടില്ല. പിന്നീട് ഒരു പരിചയഭാവം പോലും മുഖത്ത് വെക്കാറുമില്ല.

എന്നിട്ടും ഈയൊരു പെണ്ണ് എവിടന്നു വന്നു?.

മദ്യപിക്കാറുണ്ട്… അങ്ങനെ അധികമൊന്നുമില്ല. മലയാള സിനിമ പാർട്ടികളിലൊന്നും ഒട്ടും മദ്യപിക്കാറില്ല. വിദേശത്തോ തെലുങ്ക് പടം ചെയ്യാനോ പോവുമ്പോൾ മാത്രം… അല്ലെങ്കിൽ ദേവിയുടെ മുന്നിൽ, സ്വന്തം വീട്ടിലെ ബാറിൽ..

മദ്യപിച്ച് നില തെറ്റിയ ഒരു നിമിഷം താനറിയാതെ കടന്നു വന്നിരുന്നോ ഗ്ളാമറസായ ആരും കൊതിക്കുന്ന ഈ ജീവിതത്തിൽ…

ജൂനിയർ ആർട്ടിസ്റ്റ് ആയ അവളെ മദ്യത്തിൻറെ ബലത്തിൽ കീഴ്പ്പെടുത്തി അമർത്തിവെച്ച ഫാൻറസികൾ വല്ലതും സാധിച്ചോ…

ഇത് രഹസ്യമായി ഒതുക്കി വെക്കാൻ ഒന്നും പറ്റില്ല. എല്ലാവരും ഇപ്പോൾ അറിയും. പെണ്ണുങ്ങളുടെ സംഘടനയിൽ കുറച്ച് പാരവെപ്പും അടിച്ചു പിരിയലും മുറുമുറുപ്പും ഒക്കെ ഉണ്ടെങ്കിലും ഇക്കാര്യം മാധ്യമങ്ങൾ വഴിയും സോഷ്യൽ മീഡിയ വഴിയും ലോകം മുഴുവൻ അറിയും..

കൃഷ്ണകുമാർ എന്ന വലിയ നടൻ എ സി മുറിയിലിരുന്നിട്ടും വെട്ടി വിയർത്തു.

എന്തായാലും ആദ്യം ദേവിയെ അനുനയിപ്പിക്കുക തന്നെ. അവൾ ഒപ്പം നിന്ന് 'എൻറെ ഏട്ടൻ ആരേം ചതിക്കി'ല്ലെന്ന് പറഞ്ഞാൽ പകുതി പ്രശ്നം തീരും.

ബാക്കി ആലോചിക്കാം..

പിറ്റേന്ന് പുലരേണ്ടി വന്നില്ല… ലോകം മുഴുവനും വാർത്ത പരന്നുകഴിഞ്ഞിരുന്നു.

ടിവിചാനലുകളാണല്ലോ പ്രധാന പ്രശ്‌നം.. എല്ലാവരോടും നിഷേധിച്ചു പറഞ്ഞു. ദേവി ഒപ്പം തന്നെ നിന്നത് ആശ്വാസമായി..

സൗന്ദര്യമുള്ള പൗരുഷമുള്ള മുഖം, അനുഗൃഹീതമായ ശബ്ദം, വികാരങ്ങളെ കൺകോണിൻറെ ഒരു നോട്ടത്തിലൂടെ പ്രതിഫലിപ്പിക്കാനുള്ള അസാധാരണമായ കഴിവ്, മുഴക്കമുള്ള വാക്കുകൾ, അതീവ ശാന്തമായ സംഭാഷണം.

നിഷ്കളങ്കനാണെന്നേ ആരും കരുതൂ..

ഓർമ്മ വന്നു.. ആ പെൺകുട്ടിയെ.. അസാധാരണമായ സൗന്ദര്യമായിരുന്നു. മനോഹരമായ എക്സ്പ്രഷനുകളായിരുന്നു. ആ സിനിമയിൽ ശരിക്കും അവളാണ് നായിക ആവേണ്ടിയിരുന്നത്.

സംസാരിച്ചിരുന്നു.. വൈകിട്ട് ഡിന്നറിന് ക്ഷണിച്ചു..

രുചിയേറിയ നല്ല ഭക്ഷണം കഴിച്ചപ്പോൾ തന്നെ അവൾക്ക് ഉറക്കം വന്നു തുടങ്ങിയിരുന്നു.. പിന്നെ എല്ലാം എളുപ്പത്തിൽ നടന്നു.

പെൺസംഘടനകളാണ് കാര്യങ്ങൾ കുത്തിയിളക്കിയത്.

അവളുടെ പേരും കിട്ടി.. ഇടവും കിട്ടി.

അയാൾ എല്ലാം ഭംഗിയായി നിഷേധിച്ചു.. ആ കുട്ടിക്ക് ഇങ്ങനെ ഒരു ദുർവിധി ഉണ്ടായതിൽ കഠിനമായ നൊമ്പരമുണ്ടെന്ന് പറഞ്ഞു. എന്തു സഹായവും ചെയ്യാമെന്ന് പറഞ്ഞു. അയാളുടെ നിഷ്കളങ്കത കണ്ട സ്ത്രീ പ്രേക്ഷകർ അധികവും ന്യൂസാണെന്ന് പോലും മറന്ന് കരഞ്ഞു പോയി.

'അവളും ഈ പെണ്ണുങ്ങളുടെ സംഘടനാന്നും പറഞ്ഞ് വീടും കുടുംബവും ഒന്നുമില്ലാത്ത മുടീം മുറിച്ച് നടക്കണ പെണ്ണുങ്ങളും കൂടി ഉണ്ടാക്കണ കള്ളത്തരമാണെന്നേയ്. ആ മനുഷ്യൻറെ മുഖത്തോട്ടൊന്ന് നോക്കിയേ.. ഒരു കള്ളത്തരമില്ലാത്ത മുഖം..കാശടിക്കാൻ വേണ്ടി ഓരോ അവളുമാരും പിന്നാലെ നടക്കാൻ കുറെ പെണ്ണുങ്ങളും. അല്ലെങ്കിലും മഹാലക്ഷ്മിയെപ്പോലെയാണ് അദ്ദേഹത്തിന്റെ ഭാര്യ ദേവി. അവര് വീട്ടിൽ കാത്തു കാത്തിരിക്കുമ്പോൾ അദ്ദേഹം എന്തിനാണ് ഈ നാണക്കേടിന് പോകുന്നത്? ഇനീപ്പോ അങ്ങേർക്ക് പെണ്ണിനെ വേണമെന്ന് തോന്നിയാൽ ഇവള് വേണോ.. ഒന്നു കൈ ഞൊടിച്ച് വിളിച്ചാൽ ആയിരം പേര് ആ കാലീ ചെന്ന് വീഴില്ലേ? '

മണിക്കൂറുകൾക്കുള്ളിൽ രണ്ടു തരം വാർത്തകൾ പരന്നു.. ഉണ്ടെന്നും ഇല്ലെന്നും.. എന്തായാലും കൃഷ്ണ കുമാറെന്ന സുമുഖനായ പ്രശസ്ത സിനിമാതാരത്തിൻറെ ജനസ്വാധീനത്തിനടുത്തൊന്നും വരില്ലല്ലോ ഒരു ജൂനിയർ ആർട്ടിസ്റ്റിന് സംഭവിച്ചെന്ന് പറയുന്ന ലൈംഗിക പീഡനത്തിൻറെ ചീള് വാർത്ത.

സിനിമയിലും പുറത്തുമുള്ള സ്ത്രീ സംഘടനകളുടെ സമരമൊന്നും എവിടെയും എത്താൻ പോകുന്നില്ലെന്ന് അയാൾക്കറിയാമായിരുന്നു. പോലീസും കാര്യമായി ഒന്നും ചെയ്യില്ല.

ഒരാഴ്ച ദേവിയ്ക്കൊപ്പം ചെലവാക്കീട്ട്, അവളാണ് തൻറെ ദേവിയെന്ന് പറ്റാവുന്ന അത്രയും ബോധ്യമാക്കീട്ട് അയാൾ അന്ന് അതിരാവിലെ തമിഴ്നാട് ബോർഡറിനടുത്തുള്ള മലയോര ഗ്രാമത്തിലേക്ക് കാറോടിച്ചു.

നാലഞ്ചു മണിക്കൂറിനുള്ളിൽ അവിടത്തെ പള്ളിയിൽ എത്തി..

സർവീസ് ഒന്നുമുണ്ടായിരുന്നില്ല.

വികാരിയച്ചൻ തുറന്നുപോയ വായ് അടയ്ക്കാൻ അല്പം വൈകിയോ?

അയാൾ ഹാർദ്ദമായി ചിരിച്ച് അച്ചന് കൈ കൊടുത്തു. അഭൗമമായ ആ പുരുഷസൗന്ദര്യത്തെ അത്ര അടുത്ത് കണ്ട അൽഭുതമായിരുന്നു അച്ചന്.

അയാൾ അൾത്താരയ്ക്ക് മുന്നിൽ മുട്ടുകുത്തി. കുരിശുവരച്ച് പ്രാർഥിച്ചു… അച്ചൻ അയാളുടെ തലയിൽ കൈവെച്ച് അനുഗ്രഹം ചൊരിഞ്ഞു.

പള്ളി മേടയിലിരുന്ന് സംസാരിക്കുമ്പോഴാണ് അയാൾ മനസ്സു തുറന്നത്.

ആ പെൺകുട്ടി ഈ ഇടവകയിലെ ആണെന്ന് അയാൾക്കെന്ന പോലെ അച്ചനും അറിയാമായിരുന്നു. ദൈവഭയമില്ലാതെ തമിഴ് , തെലുങ്ക് നാടകങ്ങളിലും സിനിമകളിലും മൂടും മുലയും കുലുക്കി ആടിയിട്ടാണ് ആരോ കള്ളോ മറ്റോ കൊടുത്ത് പണി പറ്റിച്ചത്.

അയാൾ അഗാധമായ വേദന ധ്വനിപ്പിക്കുന്ന സ്വരത്തോടെ തിരുത്തി.

'ദാരിദ്ര്യം ഒരു പ്രധാന കാര്യമാണ് ഫാദർ. ഇല്ലായ്മ അഭിമാനത്തെ നഷ്ടപ്പെടുത്തിക്കളയും.'

ഫാദർ അയാളേ കരുണയോടെ നോക്കി.

അയാൾ തുടർന്നു. 'ഈ ഇടവകയിലെ അല്ലെങ്കിൽ ഈ ഏരിയയിലെ വീടില്ലാത്തവർ, പരമ ദരിദ്രർ അവരെ യൊക്കെ സഹായിക്കാമെന്ന് കരുതുകയാണ് ഞാൻ… ഫാദർ അവരെ കാണിച്ചു തന്നാൽ ഞാൻ ചെറുതാണെങ്കിലും വീടുകളും ഒരു ചെറിയ ജീവിതമാർഗവും ചെയ്യാൻ ശ്രമിക്കാം ഫാദർ..

വലിയ പരസ്യം വേണ്ട… പെസഹാ വ്യാഴത്തിന്റെ അന്ന് സാധാരണ പുരുഷന്മാരുടെ കാലു കഴുകലല്ലേ പതിവുള്ളൂ. ഇത്തവണ സ്ത്രീകളുടെയും കാലു കഴുകൽ ഞാനും ദേവിയും വന്ന് ചെയ്യാം. ഉച്ചഭക്ഷണം, വീടുകളുടെ താക്കോൽ ദാനം, കോഴി ഫാം, ആടു ഫാം, ഓട്ടോറിക്ഷകൾ ഒക്കെ അന്ന് നല്കാം.

ഫാദർ ഒന്ന് മുന്നിൽ നിന്ന് നയിച്ചാൽ മതി..

ദാരിദ്ര്യമാണ് നമ്മുടെ പെൺകുട്ടികളെ ദ്രോഹിക്കുന്നതെന്ന് എനിക്ക് നല്ല ഉറപ്പാണ്. '

ഫാദർ വികാരാധീനനായി.. അദ്ദേഹം എഴുന്നേറ്റു നിന്ന് ആ സിനിമാനടൻറെ നിറമാർന്ന് തിളങ്ങുന്ന ആത്മാർഥതക്ക് മുന്നിൽ കൈകൂപ്പി.

യേശുക്രിസ്തു ഹിന്ദുവായ ഒരു സിനിമാനടൻറെ രൂപത്തിലും വരുമെന്ന് ഫാദർ കണ്ടു.

തിരികെ കൊച്ചിയിലേക്ക് വരുമ്പോൾ കൃഷ്ണകുമാർ ഉല്ലാസവാനായിരുന്നു.

ദേവി എതിർത്തു..

'അവളുടെ, ആ നാശം പിടിച്ചവളുടെ കാല് കഴുകേണ്ടി വന്നാലോ.. അയ്യേ… '

അയാൾ പൊട്ടിച്ചിരിച്ചു.

'പൊന്നുമോളേ, അതോടെ എൻറെ പേരിലുള്ള എല്ലാ ചീത്തപ്പേരും പോവില്ലേ..
നീ നോക്കിക്കോ ഇത് വലിയൊരു സംഭവമായിരിക്കും. എൻറെ പ്രശസ്തി കുതിച്ചുയരും.. കാരുണ്യ പ്രവർത്തനത്തിൽ മമ്മൂട്ടി പോലും ഇനി എൻറടുത്ത് എത്തില്ല.

ദേവി പിറുപിറുത്തു.

'അങ്ങേര് എന്തായാലും ഈ ജന്മത്ത് നിങ്ങൾക്കൊപ്പം വരില്ല.'

ദേവിയുടേത് പരിഹാസമാണോന്നറിയാൻ പറ്റിയില്ല. അത്ര ശാന്തമായ ശബ്ദ മായിരുന്നു അവളുടേത്.

ജി. ശങ്കർ മതി ആർക്കിടെക്ട് എന്നായിരുന്നു കൃഷ്ണകുമാർ വിചാരിച്ചത്. മണ്ണ് വീട് പോര എന്ന് ഫാദർ ചൂണ്ടിക്കാട്ടി. അങ്ങനെ അതു നടന്നില്ല. അച്ചൻ വെറും പത്തു വീടുകളേ നിർദ്ദേശിച്ചുള്ളൂ. ഒന്ന് അവളുടെ അമ്മയ്ക്കായിരുന്നു. അയാൾ തമിഴ് നാട്ടിലെ ഒരു ബിൽഡറെ ഏർപ്പാടാക്കി.

പ്രശസ്തി വേണ്ട എന്ന് പറഞ്ഞെങ്കിലും അതിനായി എല്ലാം കൃത്യമായി ചെയ്യപ്പെട്ടിരുന്നു. ചാരിറ്റിക്കായി ചെലവിടുന്നതിൻറെ ടാക്‌സ് എക്സംപ്ഷൻ ചാർട്ടേർഡ് എക്കൗണ്ടൻറ് കണക്കു കൂട്ടി വെച്ചിരുന്നു.

പെസഹയുടെ അന്ന് രാവിലെ തന്നെ അയാൾ ദേവിയുമൊത്ത് അവിടെ എത്തി. ഒരുക്കങ്ങൾ എല്ലാം തികച്ചും ഭംഗിയായിട്ടുണ്ടെന്ന് സ്വയം നോക്കി തൃപ്തിപ്പെട്ടു. ചടങ്ങിനായി ലളിതമെന്ന് തോന്നിപ്പിക്കുന്ന വസ്ത്രധാരണവും ശ്രദ്ധാപൂർവം അശ്രദ്ധമാക്കിയ തലമുടിയും മേക്കപ്പും അയാൾ നിശ്ചയിച്ചിരുന്നു.

ഭിക്ഷക്കാരികളും കുഷ്ഠരോഗികളുമുൾപ്പടെ അനവധി സ്ത്രീകൾ ഉണ്ടായിരുന്നു. അവൾ വരില്ലെന്നാണ് അയാൾ കരുതിയിരുന്നത്. കൂസലില്ലാതെ അവൾ വന്നിരിക്കുന്നത് കണ്ടപ്പോൾ അയാൾക്ക് പരിഭ്രമം തോന്നി.

ചടങ്ങുകൾ ലൈവ് ആയി പ്രസാരണം ചെയ്യപ്പെടുന്നുണ്ടായിരുന്നു, പല ചാനലുകളിലും..

ദേവി തട്ടം അതിഥികളുടെ കാൽക്കീഴിൽ വെച്ച് വെള്ളമൊഴിക്കുമ്പോൾ അയാൾ മയമുളള ടവൽ കൊണ്ട് വെള്ളം ഒപ്പി മാറ്റി. കാൽകഴുകൽ ശുശ്രൂഷ തീരുന്നതനുസരിച്ച് ആളുകൾ ഭക്ഷണത്തിനായി നീങ്ങിക്കൊണ്ടിരുന്നു.

അവളുടെ കാലിൽ വെള്ളമൊഴിച്ച് ദേവി പൊടുന്നനെ അടുത്തയാളുടെ അടുത്തേക്ക് നീങ്ങിയ ആ നിമിഷം പല്ലുകൾ കടിച്ചു പിടിച്ചു അവൾ പ്രാകി..

'കടങ്കാറാ, മഹാപാപീ.. പെരുംനോയ് വരുമെടാ ഒനക്ക്'

അയാൾ ആ ഒരു നിമിഷം ആയിരം തുണ്ടുകളായി ചിതറിപ്പോയി.

**************************************************

ഇപ്രാവശ്യത്തെ പെസഹ വന്നപ്പോൾ മാർപ്പാപ്പയുടെ പക്കൽ നിന്ന് കഴിഞ്ഞ വർഷം അയാൾക്ക് ലഭിച്ച വിലയേറിയ ആ സർട്ടിഫിക്കറ്റ് എല്ലാവരേയും കാണിക്കുന്ന തിരക്കിലായിരുന്നു ദേവി..

അയാൾ നിശ്ശബ്ദമായി അവളെ നോക്കിക്കൊണ്ടിരുന്നു.

കർദ്ദിനാൾ നേരിട്ടാണ് മാർപാപ്പയുടെ ആ സർട്ടിഫിക്കറ്റ് അയാൾക്ക് സമ്മാനിച്ചത്. ഒരു ഹിന്ദു മതവിശ്വാസിയായ അയാൾ ഭിക്ഷക്കാരികളുൾപ്പടെയുള്ള പാവപ്പെട്ട സ്ത്രീകളുടെ കാൽകഴുകൽ ശുശ്രൂഷ ചെയ്തു ക്രിസ്തുവിൻറെ പ്രിയപുത്രനായിരിക്കുന്നുവെന്ന് മാർപ്പാപ്പ അനുഗ്രഹിച്ചിരുന്നു.

ലോകം മുഴുവനുമുള്ള ചാനലുകളിലും പത്രങ്ങളിലും അയാളുടെ നന്മ വാർത്തയായിരുന്നു. അയാളുടെ അരുമയായ മുഖം ആ മനസ്സിൻറെ കണ്ണാടിയാണെന്ന് എല്ലാവരും പറഞ്ഞു.

പ്രധാനമന്ത്രിയും പ്രസിഡന്റും അയാളെ വിളിച്ചു അഭിനന്ദിച്ചു. ആഭ്യന്തരമന്ത്രിയായ അമിത്ഷാ അഭിനന്ദിച്ച് പറഞ്ഞത് ഇന്ത്യക്കാർ പുലർത്തുന്ന മതസൗഹാർദ്ദത്തിൻറെ ഉത്തമദൃഷ്ടാന്തമാണ് കൃഷ്ണകുമാറിന്റെ പ്രവൃത്തിയെന്നാണ്…

ഉറങ്ങാൻ കിടന്നപ്പോൾ ദേവി മെല്ലെ ചിരിക്കുന്നത് കേട്ടു.

'എന്തേ ഒരു ചിരി?'

'അതല്ല, കിച്ചേട്ടാ, ഈ കോവിഡ് കാലത്താരുന്നു ആ പെണ്ണിൻറെ ഇഷ്യൂ വന്നതെങ്കിൽ കിച്ചേട്ടൻ കുടുങ്ങിപ്പോയേനേ.. ഇത്ര വിപുലായിട്ട് ഇന്നസെൻസ് പ്രൂവ് ചെയ്യാൻ പറ്റില്ലാരുന്നു. കാര്യം അന്ന് ആ പെണ്ണ് കിച്ചേട്ടനെ പ്രാകീന്ന് വെച്ചാലും..

അതോർത്തപ്പോൾ ചിരിച്ചതാ..

ഉറങ്ങിയോ കിച്ചേട്ടാ.. '

ഓണമാണ്... തിരുവോണം.


31/08/2020              



കഴിഞ്ഞ രണ്ടു മൂന്ന് വർഷമായി ഓണം വിഷമത്തിലായിരുന്നു.

അമ്മ പോയി, പ്രളയം വന്നു, ഇത്തവണ കൊറോണയുണ്ട്..

മോൾ കൂടെയില്ലാതിരുന്ന കാലത്തെ ഓണങ്ങൾ പോലേ, ഒരു ഓണം.

എന്നാലും നോർത്ത് ഇന്ത്യയിൽ പണിയെടുത്ത കാലത്തെല്ലാം ഞാനും കണ്ണനും സഹപ്രവർത്തകർക്കും മറ്റ് ജോലിക്കാർക്കും ഗംഭീരമായി ഓണസ്സദ്യ വിളമ്പുമായിരുന്നു.

എന്നെ സഹായിക്കും ആർക്കിടെക്ട്മാരും ജോലിക്കാരും എല്ലാവരും തന്നെ..

ഇഞ്ചിത്തൈര് മുതൽ പാലടപ്രഥമൻ വരെ എല്ലാ വിഭവങ്ങളും ഒരുക്കി ഒരു ഫുൾ ഓണസദ്യയാണ് വിളമ്പുക. ഞങ്ങൾ വിളമ്പിക്കൊടുക്കുന്നത് അവർക്കൊക്കെ വളരെ വലിയ കാര്യമായിരുന്നു.

ഇഷ്ടിക ഉരച്ച് തൃക്കാക്കരയപ്പനെ ഉണ്ടാക്കി 'മാഡം ജി കി ഭഗ് വാൻ 'എന്ന് ബഹുമാനത്തോടെ കൊണ്ടു വന്നു വെക്കും. അതിരാവിലെ തന്നേ. ചുരയ്ക്ക കൊണ്ട് തൃക്കാക്കരയപ്പനെ ഉണ്ടാക്കി കാവി പൂശിത്തന്നിരുന്നവരും ഉണ്ടായിരുന്നു. പൂക്കൾക്കും അതും നോർത്ത് ഇന്ത്യൻ ഗ്രാമപരിസരങ്ങളിലെ കാട്ടുപൂക്കൾക്കും പ്രയാസമുണ്ടായിട്ടില്ല.

കണ്ണൻ ഡബിൾ മുണ്ടും ഖാദി കുർത്തയുമാണ് ധരിക്കുക. അങ്ങനെയുള്ള കണ്ണനെ കാണുന്നത് എല്ലാവർക്കും വലിയ കാര്യമാണ്. സാബിൻറെ ഉൽസവവസ്ത്രമാണതെന്ന് അവരൊക്കെ വിശ്വസിച്ചിരുന്നു. ഓണത്തിന് മാത്രം ഞാൻ പുത്തൻ വസ്ത്രം ഇടണമെന്ന് കണ്ണൻ ശാഠ്യം പിടിക്കും. അതറിഞ്ഞ ദിവസം എൻറെ അമ്മ കരഞ്ഞുകൊണ്ട് എന്നെ മാറോടണച്ചു. 'ഒനക്ക് എന്നയ്ക്കും അന്ത ഭാഗ്യം ഇരുക്കട്ടും' എന്ന് അനുഗ്രഹിച്ചു.

ഓഫീസിൻറെ വലിയ അങ്കണത്തിൽ നാല് വരിയായി ഇലയിട്ട് സദ്യ വിളമ്പും. പരിപ്പ്,നെയ്യ്, പപ്പടം, പൈനാപ്പിൾ പച്ചടി, പയറു മെഴുക്കുപുരട്ടി,സാമ്പാർ, പാലടപ്രഥമൻ ഇവരായിരുന്നു സദ്യയിലെ താരങ്ങൾ. എല്ലാവരും നല്ല ഭംഗിയായി ഭക്ഷണം കഴിക്കും.

ഒടുവിലാണ് ഞാനും കണ്ണനും കഴിക്കുക. അന്നേരം വിളമ്പാൻ ഒരു തിരക്ക് ഉണ്ടാവും..

ഇന്ത്യയിലെ മിക്കവാറും എല്ലാ സംസ്ഥാന ങ്ങളിലേയും കുറച്ച് കെട്ടിട നിർമ്മാണ ജോലിക്കാർക്ക് ഞാൻ ഓണസദ്യ വെച്ചുവിളമ്പിയിട്ടുണ്ട്.

ഊണുകഴിയുമ്പോൾ 'കലാ, യൂ ആർ നെക്സ്റ്റ് ടു ഗോഡ് ' എന്ന് ആർക്കിടെക്ട്മാരും എൻജിനീയർമാരും പറയും.

ഇംഗ്ലീഷ് അറിയാത്ത കെട്ടിട നിർമ്മാണ ജോലിക്കാർ 'മാഡം ജി, ആപ് ദേവി ഹോ' എന്നു പറയും.

ഈ മോട്ടാ ചാവൽ (നമ്മുടെ ചുവന്ന മട്ടയരി) വെക്കണ്ട എന്ന് ചിലർ പറയാറുണ്ട്. അത് കഴിച്ചാൽ പിന്നെ നാളേയേ വിശക്കൂ എന്നാണ് അവരുടെ അഭിപ്രായം.

ഊണു കഴിഞ്ഞാൽ ഓണത്തിൻറെ കഥ പറഞ്ഞുകൊടുക്കും. മഹാബലിയെ വാമനൻ ചവിട്ടിത്താഴ്ത്തിയ കഥ. പലരും കഥ കേട്ട് ഉറങ്ങാറുമുണ്ട്. ചിലർ കള്ളവും ചതിയുമില്ലാത്ത രാജ്യമോ എന്നന്തം വിടും. ഒടുവിൽ ചോദിക്കും. 'മാഡം ജി, ചുമ്മാ കഥ പറയുകയല്ലേ, അങ്ങനത്തെ രാജ്യമൊന്നുമില്ലല്ലോ ശരിക്കും?'

കഥ ആണെന്ന് ഞാൻ സമ്മതിക്കും.

വിശക്കുന്ന ആ പാവപ്പെട്ടവർക്ക് ഓണസ്സദ്യ ഉണ്ടാക്കി വിളമ്പിയും ചപ്പാത്തിയും പൂരിയും ഒക്കെ ഉണ്ടാക്കിക്കൊടുത്തുമാണ് നല്ലൊരു പാചകക്കാരിയാണെന്ന ആത്മവിശ്വാസം ഞാൻ മെല്ലെ നേടിയെടുത്തത്.

എൻറെ എല്ലാ കൂട്ടുകാർക്കും സുരക്ഷിതമായ ഒരു ഓണം ആശംസിക്കട്ടെ...

ഇന്ന് പൂരാടം..


29/08/2020

അമ്മീമ്മ ഉത്രാട സദ്യക്കുള്ള ഒത്തിരി ഒരുക്കങ്ങൾ ചെയ്തു തീർക്കുന്ന സമയമാണിത്. സന്ധ്യാവെളിച്ചം പോയിത്തുടങ്ങുമ്പോഴേക്കും അടുക്കള ജോലികൾ നിറുത്തി അമ്മീമ്മ മേലു കഴുകി വന്ന് വിളക്ക് കൊളുത്തും. പിന്നെ ഉഷാറായി നാമം ചൊല്ലണം. കാച്ചിയ പാൽ, പുളിയിഞ്ചി, ശർക്കരപുരട്ടി, കായ വറുത്തുപ്പേരി, മാങ്ങാക്കറി, വെള്ള നാരങ്ങാക്കറി, കാളൻ ഇവരൊക്കെ നേദിക്കപ്പെടും.

എനിക്കും അനിയത്തിമാർക്കും ഈ ഉത്രാടസ്സദ്യ അത്ര ഇഷ്ടപ്പെടുന്ന ഒരു കാര്യമായിരുന്നില്ല.

അന്നത്തെ വിശിഷ്ടാതിഥികൾ ഒരു നെയ്ത്തുകാരനും സുമതിയമ്മ എന്നൊരു വീട്ടമ്മയുമായിരിക്കും എന്നതാണ് ഞങ്ങളുടെ ഇഷ്ടക്കുറവിനു കാരണം.

നെയ്ത്തുകാരൻ തോർത്തുമുണ്ട്, കർട്ടൻ പോലത്തെ സാരി ഒക്കെ അമ്മീമ്മക്ക് വിറ്റിട്ട്, തലേന്ന് നേദിച്ച ആ കാച്ചിയ പാൽ ഉറയൊഴിച്ച് കിട്ടുന്ന തൈരും മറ്റു വിഭവങ്ങളും കുമ്പളങ്ങസ്സാമ്പാറും പപ്പടവും പയറു മെഴുക്കുപുരട്ടിയും ഗോതമ്പ് പായസവും കഴിച്ച് സന്തോഷത്തോടെ മടങ്ങും.

നെയ്ത്തുകാരൻറെ ആ സാരി ഞങ്ങൾക്ക് ഇഷ്ടമേ അല്ലാരുന്നു. പരുക്കൻ സാരി. മുറിച്ച് മുണ്ടായി ഉടുക്കാം. തോർത്തുമുണ്ടുകൾ നല്ല വലുപ്പമുള്ളതുകൊണ്ട് താത്പര്യമായിരുന്നു. ഞങ്ങളുടെ നീണ്ട തലമുടി തോർത്തി വട്ടത്തിൽ കെട്ടിവെക്കാൻ കൃത്യം പാകമായിരുന്നു അവ.

ഇതൊക്കെ കഴിഞ്ഞു ഒരു മൂന്നു മണിയാവുമ്പോഴാണ് സുമതിയമ്മ വരിക. അവരുടെ വീട്ടിൽ ഒക്കെയുണ്ട്. നെല്ല്, തേങ്ങ, പച്ചക്കറികൾ, അത്യാവശ്യം കാശും പണവും. അവർ സ്വന്തം വീട്ടിൽ ഉഷാറായി ഉത്രാടസ്സദ്യ തയാറാക്കും. ഭർത്താവിനേം മൂന്നു ആൺമക്കളേം വയറു നിറയെ കഴിപ്പിക്കും. എന്നിട്ട് പണികളൊക്കെ തീർത്ത് മേല് കഴുകി മുടി ചീകി പൊക്കി കെട്ടി വെച്ച് എന്തേലും പൂവും ചൂടി ചുവപ്പോ പച്ചയോ കരയുള്ള മുണ്ടും അതിന് ഒത്ത ബ്ളൗസും ഇട്ട് വലിയ സിന്ദൂരപ്പൊട്ട് കുത്തി ചുട്ടിയുള്ള വെളുത്ത തോർത്ത് ഒരു ജാഡയിലൊക്കെ പുതച്ചാണ് വരിക.

എന്തിനാണ് വരുന്നത്?

പടിഞ്ഞാറ് വശത്തെ തിണ്ണയിൽ ഇരുന്ന് പ്ളാവിൻറെ കാറ്റുമേറ്റ് നാക്കിലയിൽ അമ്മീമ്മ വിളമ്പുന്ന ഉത്രാടസ്സദ്യ കഴിക്കാൻ...

നാണാവില്ലേന്ന് ചോദിക്കാൻ തോന്നില്ലേ മനുഷ്യർക്ക് ആർക്കായാലും...

ഉണ്ണുന്ന ആൾക്കും വിളമ്പുന്ന ആൾക്കും ആ സംഗതി അടുത്തു കൂടി പോലും പോയിട്ടില്ല.

നല്ല പിടി പിടിക്കും സുമതിയമ്മ. കഷണങ്ങൾ ഒക്കെ ചവച്ചരച്ച് സ്വാദ് അറിഞ്ഞ് സമയമെടുത്ത് നല്ല വിശദമായിട്ടാണ് ഉണ്ണുക.

എന്നിട്ട് പറയും.. 'എൻറെ ടീച്ചറെ, ഈയൊരു ഊണാണ് കൊല്ലത്തിലെ ഒര് സുഖം. എനിക്ക് ഒരാളും ഒരു കാപ്പിടെ വെള്ളം കാച്ചിത്തരാൻ ല്യ. ഒക്കെ വെച്ച് വെളമ്പി തീറ്റ കൊട്ക്കാം. ഞാൻ കഴിച്ചോന്നും കൂടി ആരും ചോദിക്കില്ല. പിന്ന്യല്ലേ ഇണ്ടാക്കി ഇര്ത്തി വെളമ്പിത്തരല്...

എനിക്ക് സദ്ദിക്ക് പോവ്വാനും കടപ്പണ്ടം തിന്നാനും വലിയ കൊത്യാന്നാ മൂപ്പര് പറേണ്. ശര്യന്ന്യാ ടീച്ചറേ, ഞാൻ പൊക ഊതാണ്ട് എനിക്ക് ഒരാള് ഒക്കെ ഇണ്ടാക്കി വെളമ്പിത്തര്ണത് തിന്നാൻ എനിക്ക് കൊതിയന്നെയാ...

അതില് വല്ല കുറ്റോം ണ്ടോ എൻറെ ടീച്ചറേ..'

അടുക്കളയുടെ ഭാരം ചുമന്ന് തുടങ്ങിയപ്പോഴാണ് സുമതിയമ്മ യുടേയും അമ്മീമ്മയുടേയും സൗഹൃദം എനിക്ക് മനസ്സിലായത്...

ബാലചന്ദ്രൻ ചുള്ളിക്കാട് ചത്തൊഴിയുന്ന കാലം... ആ ലോകം..


28/08/2020

പൊതുജനാഭിപ്രായം മാനിച്ച് , മേലാൽ സാഹിത്യോൽസവങ്ങളിലോ കവിയരങ്ങുകളിലോ പ്രഭാഷണ പരിപാടികളിലോ പങ്കെടുക്കുകയില്ല എന്നു ഞാൻ തീരുമാനിച്ച വിവരം സസന്തോഷം അറിയിക്കട്ടെ.

എന്റെ രചനകൾ പ്രസിദ്ധീകരിക്കപ്പെടരുത് എന്നാഗ്രഹിക്കുന്നവർ അക്കാര്യം പത്രാധിപന്മാരോടും പ്രസാധകരോടും ആവശ്യപ്പെടാനപേക്ഷ.

സിനിമ- സീരിയൽ രംഗങ്ങളിൽനിന്ന് എന്നെ ഒഴിവാക്കാൻ ആഗ്രഹിക്കുന്നവർ അക്കാര്യം നിർമ്മാതാക്കളോടും സംവിധായകരോടും ആവശ്യപ്പെടാനപേക്ഷ. കാശുകിട്ടുന്ന കാര്യമായതുകൊണ്ട് ഞാൻ സ്വയം ഒഴിവാകയില്ല. (പണത്തോട് എനിക്കുള്ള ആർത്തി എല്ലാവർക്കും അറിയാവുന്നതാണല്ലൊ.)

ഇപ്പോൾ എനിക്ക് വയസ്സ് അറുപത്തിമൂന്നു കഴിഞ്ഞു. എഴുപതു കഴിഞ്ഞിട്ടും ചത്തില്ലെങ്കിൽ ഞാൻ ആത്മഹത്യചെയ്ത് സ്വയം ഒഴിവായിത്തന്നുകൊള്ളാം.

പരമാവധി വിനയത്തോടെ,

-ബാലചന്ദ്രൻ ചുള്ളിക്കാട്

ബാലൻ എനിക്ക് വാട്സ്ആപിൽ തന്ന സന്ദേശമാണ്. എല്ലാവർക്കും കൊടുത്തതാണ്. കൂട്ടത്തിൽ എനിക്കും കിട്ടി.

ബാലൻ ഒരു നന്മമരമാണെന്നൊന്നും ഞാൻ സാക്ഷ്യം പറയില്ല. എനിക്ക് അല്പം മാത്രം അറിയാവുന്ന ആ മനുഷ്യൻ എന്നോട് സ്വയം സമ്മതിച്ചിട്ടുള്ളത് ലോകത്തിൽ അദ്ദേഹം ഏറ്റവുമധികം ദ്രോഹിച്ചിട്ടുള്ളത് എന്നെയാണെന്നാണ്.

മറ്റൊരു സ്ത്രീ ബാലൻ കള്ളനാണ്, നുണയനാണ്, ചതിയനാണ്, എന്നെ കേറിപ്പിടിച്ചവനാണ് എന്നൊക്കെ പറഞ്ഞാൽ അവരെ വിശ്വസിക്കാനാണ് സ്ത്രീ എന്ന നിലയിൽ എനിക്ക് ആദ്യം തോന്നുക. എനിക്ക് തോന്നിയിട്ടുള്ളതും അങ്ങനെയാണ്.

സ്വപ്നത്തിൻറെ കൊടികൾ ഞാനിന്ന് താഴ്ത്തിക്കെട്ടുന്നു എന്നെഴുതിയ ഒരു കത്ത് എനിക്ക് ലഭിച്ചിരുന്നു. ഒരു പതിനെട്ടു വയസ്സിൽ. ആ വരികൾ ബാലൻ ആ ആൾക്ക് എഴുതിയതാണെന്നും അത് ആ ആൾ കോപ്പിയടിച്ച് എനിക്ക് തരികയാണുണ്ടായതെന്നും അറിഞ്ഞപ്പോഴേക്കും എൻറെ സ്വപ്‌നത്തിൻറെ കൊടികളെല്ലാം കത്തിയെരിഞ്ഞു കഴിഞ്ഞിരുന്നു.

ബാലൻ കള്ളുകുടിയനാണ് എന്ന് ഞാൻ കേട്ടും കണ്ടും അറിഞ്ഞിട്ടുണ്ട്. എന്നാൽ കള്ളു കുടിച്ച് കടന്നു പിടിക്കുകയോ ഉമ്മ വെക്കുകയോ വീടു മുഴുവനും ഛർദ്ദിച്ചിട്ട് അതെല്ലാം വെള്ളമൊഴിച്ച് അടിച്ചുകഴുകി വൃത്തിയാക്കേണ്ട സ്ഥിതിയിലേക്ക് എന്നെ എത്തിക്കുകയോ ഒരിക്കലും ചെയ്തിട്ടില്ല. മഹാനായ ഫിലിം മേക്കർ ജോൺ എബ്രഹാമിൻറെ അടക്കം അനവധി പേരുടെ മദ്യത്തിൽ കുതിർന്ന നാറുന്ന ച്ഛർദ്ദി കഴുകി വെടിപ്പാക്കിയിട്ടുള്ളവളാണ് ഞാൻ..

അത് ചെയ്യിക്കാത്തതിൽ എനിക്ക് ബാലനോട് ഒത്തിരി ബഹുമാനമുണ്ട്.

ആദ്യം ബാലന് എന്നോട് കടുത്ത വെറുപ്പായിരുന്നു. എല്ലാവരേയും പോലെ ചെറുപ്പക്കാരികളായ പെണ്ണുങ്ങൾ കണ്ണു കാണിച്ചാൽ എട്ടൊമ്പത് വർഷം സൗഹൃദവും പ്രണയവും പുലർത്തിയ സ്ത്രീയെ വേണ്ട എന്ന് വെയ്ക്കുന്ന അബദ്ധം നിഷ്കളങ്കരായ പുരുഷന്മാർക്ക് എളുപ്പത്തിൽ പറ്റും എന്ന് കരുതിയിരുന്ന ഒരാളായിരുന്നു ബാലനും.. ഉപേക്ഷിക്കപ്പെട്ട സ്ത്രീ യാണെങ്കിൽ ബാലൻറെ വരികൾ തന്നെ നിങ്ങളുടെ സുഹൃത്ത് എൻറെ ശവശരീരം തോണിയാക്കി ജീവിതത്തിൻറെ മറുകരയിലേക്ക് തുഴഞ്ഞുപോയി എന്ന് ചുവന്ന മഷിയിൽ എഴുതി അയച്ചപ്പോൾ ബാലൻ എന്നെ അടിമുടി വെറുത്തു. കേരളവർമ്മ കോളേജിലെ ഫിലോസഫി അധ്യാപകനായിരുന്ന ഗോപിമാഷും അങ്ങനെ വെറുത്ത ഒരാളാണ്.

ഞാനും ബാലനെ വെറുത്തിരുന്നു. ബാലൻ വിജിയെ ബെൽറ്റ് കൊണ്ട് തല്ലും എന്നാണ് ഞാൻ എൻറെ ഇരുപതു വയസ്സു കാലങ്ങളിൽ കേട്ടിരുന്നത്. അപ്പുവിന്റെ കണ്ണിൽ മുളക് എഴുതും എന്നും ഞാൻ അക്കാലത്ത് കേട്ടിട്ടുണ്ട്. സ്ത്രീ വിമോചനം എന്ന വാക്കിനെപ്പോലും എതിർക്കുന്ന പാട്രിയാർക്കാണ് ബാലൻ എന്നും എല്ലാ വനിതാ വിമോചകപ്രവർത്തകരും പറഞ്ഞിരുന്നു. കവിയാണെങ്കിലും ഒര് രാക്ഷസനാണ് ബാലനെന്ന് എൻറെ സഹപാഠിനിയായിരുന്ന അക്കിത്തത്തിൻറെ മകൾ ലീലയോട് ഞാൻ ഇതൊക്കെ വിശ്വസിച്ച് തർക്കിച്ചിട്ടുണ്ട്. സതീഷ് ബാബു പയ്യന്നൂർ ആണെന്നാണ് എൻറെ ഓർമ്മ ബാലനേം വിജിയേം കഥാപാത്രങ്ങളാക്കി ഒരു ചെറുകഥ എഴുതീരുന്നു. അതിലും ബാലൻ അങ്ങനെ നല്ലവനായി ചിത്രീകരിക്കപ്പെട്ടിരുന്നില്ല. ഇതൊക്കെ എന്നെ ശരിക്കും പേടിപ്പിച്ചു.

പിന്നീട് തൃശൂർ വിട്ട് പോകും മുമ്പേ ബാലനും വിജിയും അപ്പുവും കൂടി ആ വീട്ടിൽ വന്നപ്പോഴാണ് ബാലൻ വിജിയെ അടിക്കില്ലെന്ന് എനിക്ക് തോന്നിയത്. വിജി അതീവ സന്തോഷവതിയായിരുന്നു. ഇഷ്ടം പോലെ പൊട്ടിച്ചിരിച്ചിരുന്നു. കവിത ചൊല്ലി കേൾപ്പിച്ചിരുന്ന ബാലൻറെ നെഞ്ചിൽ കിടന്നാണ് അപ്പു ഉറങ്ങീരുത്. ഇമ്പമുള്ള ഒരു കുടുംബമാണതെന്ന് എനിക്ക് തോന്നി.

പിറ്റേന്ന് ആ വലിയ തറവാട്ടിൽ ഞാൻ വേർതിരിക്കപ്പെടുന്നതും അപമാനിക്കപ്പെടുന്നതും കണ്ടപ്പോൾ വിജി പറഞ്ഞു. ബാലയുടെ വീട്ടിൽ എന്നോട് ആരെങ്കിലും ഇങ്ങനെ പെരുമാറിയാൽ ബാല മഹാഭാരതയുദ്ധം നടത്തും അവിടെ. എന്നെ ആരും അപമാനിക്കാൻ ബാല സമ്മതിക്കില്ല.

ഞാൻ വെറുതെ ചിരിച്ചു.

ബാലൻ അടിമുടി ശരിയാണ്. പറയുന്നതും എഴുതുന്നതും ചിന്തിക്കുന്നതും ഒക്കെ വെള്ളം കൂട്ടാതെ വിഴുങ്ങേണ്ടതാണ് എന്നൊന്നും ഞാൻ ഒരിക്കലും അഭിപ്രായപ്പെടുകയില്ല.

എന്നാലും....

ഇങ്ങനെ ചത്തൊഴിഞ്ഞുകൊള്ളാം എന്നൊരു കുറിപ്പ് ബാലൻ എഴുതുമ്പോൾ എനിക്ക് ഒത്തിരി വിഷമമാകുന്നുണ്ട്.

ഒരു എഴുത്തുമൽസരത്തിലും പങ്കെടുക്കുകയില്ലെന്ന് ഞാൻ ആദ്യമേ തീരുമാനിച്ചിരുന്നു. എൻറെ രണ്ട് സുഹൃത്തുക്കൾ ഒരു കഥയും ആദ്യം ഇറങ്ങിയ പുസ്തകമായ അമ്മീമ്മക്കഥകളും ഓരോ മൽസരങ്ങൾക്ക് അയച്ചുകൊടുത്തതൊഴിച്ചാൽ ഇന്നേവരെ ഒരു മൽസരത്തിലും ഞാൻ പങ്കെടുത്തിട്ടില്ല. ഇനി ഒരിക്കലും പങ്കെടുക്കുകയുമില്ല. എൻറെ ഈ നിലപാടിൻറെ വഴികാട്ടി ബാലനാണ്.

എൻറെ ജീവിതത്തിൻെറ എൻറെ എഴുത്തിൻറെ ഏറ്റവും വലിയ നോബൽ സമ്മാനം 'എനിച്ച് നിന്നെ അറച്ചണു' എന്നു പറഞ്ഞിരുന്ന എൻറെ മകൾ , 'അമ്മയുടെ മകളായിപ്പിറന്നതാണ് എൻറെ ഏറ്റവും വലിയ ഭാഗ്യം' എന്ന് അവൾക്ക് പറ്റുമ്പോഴെല്ലാം വിളിച്ചുപറയുന്നതാണ്.

അതിലും വലിയ എന്ത് അവാർഡാണ് എനിക്ക് വേണ്ടത്?.

വർഷങ്ങൾ എൻറെ പൊന്നുമോളെ ഒന്നു കാണാതെ, ഒന്നു തൊടാതേ, അവളുടെ ശബ്ദം കേൾക്കാതെ ജീവിച്ച എൻറെ നെഞ്ചിൻറെ പൊരിച്ചിൽ, എൻറെ കണ്ണിലെ തീത്തുള്ളികൾ, തലച്ചോറിൽ ഇന്നും തിരിയുന്ന തീച്ചക്രം ഇതൊക്കെ എത്ര പേർക്ക് മനസ്സിലാവും എന്ന് എനിക്കറിയില്ല.

എന്നെക്കുറിച്ചുള്ള തെറ്റിദ്ധാരണകൾ മാറിയപ്പോൾ എൻറെ കുഞ്ഞിനെ എൻറെ കണ്മുന്നിൽ കൊണ്ടു നിറുത്തി തന്ന ബാലൻ എനിക്ക് ദൈവത്തേക്കാൾ ഉയരത്തിലുള്ളവനാണ്. കണ്ണൻറെ കാൽപ്പൊടി എടുക്കാൻ ബാലന് അർഹതയില്ലെന്ന് എന്നോട് പൊട്ടിക്കരഞ്ഞ ബാലനെ എൻറെ ചേട്ടൻ എന്ന് ഞാൻ പറഞ്ഞതിന് ധാരാളമായി അധിക്ഷേപിച്ച എല്ലാ വനിതാ പുരുഷ എഴുത്തുകാരോടും ആക്ടിവിസ്റ്റുകളോടും സൈദ്ധാന്തിക രോടും എനിക്ക് ഒന്നും പറയാനില്ല.

ഞാൻ എൻറെ ചേട്ടൻ എന്ന് ഉറപ്പായി കരുതുന്ന ബാലൻ ഇല്ലാത്ത ഈ ഭൂമിയിൽ തുടരണമെന്ന് എനിക്ക് വലിയ മോഹവുമില്ല.

Sunday, September 20, 2020

ഈ വീട് മുപ്പത്തിരണ്ട് വർഷം മുമ്പ്‌




 


                        
ഈ ലിങ്കിലൂടെ യുട്യൂബ് വീഡിയൊ കാണാം


ഈ വീട് മുപ്പത്തിരണ്ട് വർഷം മുമ്പ്‌ ആർ ഡി പത്മകുമാർ എന്ന കണ്ണൻ ഡിസൈൻ ചെയ്തു കൂടെ നിന്ന് പണിയിച്ചതാണ്. വടക്കൻ പറവൂരിലെ കൈതാരം എന്ന സ്ഥലത്ത്. കണ്ണൻറെ രണ്ടാമത്തെ വർക്കാണിത്.

ഉണ്ണികൃഷ്ണൻ മാഷിനും ശാന്തേച്ചിക്കും ആ വീടിനെക്കുറിച്ച് ഇന്നും സന്തോഷമാണെന്നറിയുന്നത് എനിക്ക് അഭിമാനകരമായ ഒരു കാര്യമാണ്.

കാണാൻ സാധിക്കുന്നവർ കാണുമല്ലോ...

മുപ്പത്തിരണ്ട് വർഷം മുമ്പാണ്.....അന്ന് കണ്ണൻ എൻറെ ആരുമായിരുന്നില്ല.

                                               

കണ്ണൻ ഡിസൈൻ ചെയ്തതാണ്...നാളെ ഉദ്ഘാടനം




കണ്ണൻ ഡിസൈൻ ചെയ്തതാണ്... കോസ്റ്റ്ഫോർഡ് നിർമ്മിച്ചതാണ്.

ഡിസൈൻറെ കാര്യം ഞാൻ പറയുന്നുവെന്നേയുള്ളൂ. കണ്ണൻ അങ്ങനൊന്നും പറയില്ല. ഉദ്ഘാടനച്ചടങ്ങിലേക്കൊന്നും പോവുകയുമില്ല..

നാളെ ഉദ്ഘാടനം..
                                                         



Thursday, September 17, 2020

ഒരു ബാസ്മതി അമളി


12/08/2020

ദില്ലിയിൽ ആണ് വാസം. ഒറ്റ മുറി വീടാണ്. അല്പം വിസ്തരിച്ചു പറഞ്ഞാൽ ആകെ ഇരുനൂറു സ്ക്വയർഫീറ്റ് കാണും. ഞാനും വാവയും കണ്ണനും തീരേ പരിമിതമായ സൗകര്യങ്ങളും മാത്രം…

രാവിലെ കോൺഫ്ളേക്സ്, പാല്, നട്സ്. കുറച്ച് പപ്പായക്കഷണങ്ങൾ, ഈരണ്ടു സ്ലൈസ് വെണ്ണപുരട്ടിയ ബ്രഡ്. ഇങ്ങനെ ബ്രേക് ഫാസ്റ്റ് തീർന്നു.

ഉച്ചയാവുമ്പോഴേക്കും എനിക്ക് വിശദമായ പാചകം ചെയ്യാനുണ്ട്. വളരെ പ്രധാനപ്പെട്ട രണ്ട് അതിഥികൾ വരികയാണ്. അവരെ സ്വീകരിച്ചു ഭംഗിയായി ഭക്ഷണം നല്കി ഒരു പതിനഞ്ച് ദിവസം കൂടെ പാർപ്പിക്കേണ്ടതുണ്ട്.

സെപ്തംബർ മാസം കാലമാണ്. ദില്ലിയിൽ പാകം ചൂടും പാകം തണുപ്പും ആയിരിക്കും. നേരിയ ഒരു പുതപ്പ് മതി രാത്രിയിൽ സുഖമായി ഉറങ്ങാൻ..

നാലു ബങ്ക് ബെഡുകളാണ് മുറിയിൽ. രണ്ടെണ്ണമാണ് ഞങ്ങൾ ഉപയോഗിച്ചിരുന്നത്. ഒരെണ്ണം കൂടി തൂത്തു തുടച്ച്‌ ശയ്യയും തലയണയും മൃദുലമായ പുതപ്പും ഒക്കെ ശരിപ്പെടുത്തി. മററു കിടക്കവിരികൾ , തലയിണ ഉറകൾ എല്ലാം അലക്കി വെളുപ്പിച്ചു. മുറി തേച്ചുകഴുകി മിനുക്കി. അരിപ്പൊടി, ഗോതമ്പ് പൊടി..പലതരം പലവ്യഞ്ജനങ്ങൾ, കാപ്പി, ചായ, വറവ് പലഹാരങ്ങൾ,ബിസ്ക്കറ്റുകൾ, അച്ചാറുകൾ, കൊണ്ടാട്ടങ്ങൾ അങ്ങനെ സകല പരിപാടികളും റെഡിയാണ്.

കുളിമുറിയിൽ ഒരു റണ്ണിംഗ് ഹീറ്റർ വെച്ചു. സോപ്പ് ഡിഷടക്കം കഴുകി മിനുക്കി.

അങ്ങനെ അതിഥികളെ കൂട്ടിക്കൊണ്ടു വരാൻ മോളും അച്ഛനും റെയിൽ വേ സ്ററേഷനിലേക്ക് പോയി.

ഞാൻ പരിപ്പ് ഉണ്ടാക്കി, നെയ്യും പപ്പടവും ചേർത്ത് കഴിക്കാൻ… ജീരകവെള്ളവും സാമ്പാറും വെച്ചു. ഒട്ടും ചാറില്ലാതെ കുറുകിയിരിക്കുന്ന അവിയൽ വെച്ചു. ബീൻസ് തോരൻ നിർമ്മിച്ചു. പിന്നെ മത്തങ്ങയും പയറും ചേർന്ന എരിശ്ശേരിയും. മടിയൊന്നും കാട്ടിയില്ല. തേങ്ങ ചുമക്കേ വറുത്തിടുക വരെ ചെയ്തു.

തൈരുണ്ട്, മാങ്ങ, നാരങ്ങാ അച്ചാറുകളുണ്ട്. പപ്പടവും കാച്ചി, പയറു കൊണ്ടാട്ടവും വറുത്തു.

ഒടുവിലായി സേമിയാപ്പായസവും തയാറാക്കി.

ഒറ്റമുറിയിൽ ഒരു കിച്ചനെറ്റാണ് ഉള്ളത്. അധികം പരത്തി ഇടാൻ സ്ഥലം ഇല്ല. വിഭവങ്ങൾ ഉണ്ടാക്കുന്നതനുസരിച്ച് എല്ലാം സെർവിങ്ങ് പാത്രങ്ങളിലേക്കാക്കി കുഞ്ഞു മേശപ്പുറത്ത് വെച്ച് ഉണ്ടാക്കിയ പാത്രങ്ങൾ കഴുകി കമഴ്ത്തി വെക്കും.

ചോറു മാത്രം കുക്കറിൽ നിന്ന് മാറ്റാറില്ല.

ഞാൻ കുളിച്ച് നല്ല ഭംഗിയുള്ള സൽവാർക്കമ്മീസിട്ട് പൊട്ടൊക്കെ കുത്തി ചുന്നരിപ്പാറുവായി നിന്നു.

അങ്ങനെ അതിഥികൾ എത്തി.

എല്ലാവർക്കും സന്തോഷമായി. അതിഥികൾ അല്പം ജീരകവെള്ളം കുടിച്ചിട്ട് ശടേന്ന് കുളിച്ച് വന്നു. എല്ലാവർക്കും നല്ലോണം വിശക്കുന്നുണ്ടായിരുന്നു.

വടക്കേ ഇന്ത്യക്കാരുടെ വലിയ തളിക പ്ളേററിൽ ഞാൻ വിഭവങ്ങൾ വിളമ്പി.

കൊണ്ടാട്ടം, അച്ചാറ്, പപ്പടം, ബീൻസ് തോരൻ, എരിശ്ശേരി, അവിയൽ..

ചോറു വിളമ്പാനായി കുക്കർ തുറന്നപ്പോഴാണ് നല്ല ബാസ്മതി അരി ആവശ്യത്തിനുള്ള വെള്ളം മാത്രം ചേർത്ത് അടച്ചുവെച്ചിരിക്കയാണെന്നറിഞ്ഞത്. ഞാൻ കുക്കർ അടുപ്പത്ത് വെച്ചിട്ടു പോലുമില്ലായിരുന്നു!!!

ഞങ്ങളുടെ വിശിഷ്ടാതിഥികൾ ആരായിരുന്നുവെന്നോ… കണ്ണൻെറ അമ്മയും അച്ഛനും… ഞങ്ങളുടെ ദില്ലി താമസസ്ഥലത്തേക്ക് അവർ ആദ്യമായി വന്നതായിരുന്നു….

തുറന്ന കുക്കർ കണ്ടു ആദ്യം എല്ലാവരും രണ്ടു സെക്കൻഡ് അന്തംവിട്ടിരുന്നു. പിന്നെ ഒറ്റ മുറി കുലുങ്ങുന്ന മാതിരി പൊട്ടിച്ചിരിച്ചു.

'നീയിങ്ങനാണോടീ എൻറെ മോന് ചോറ് വെച്ച് വിളമ്പുന്നതെ'ന്നായി കണ്ണൻറെ അമ്മ.

അച്ഛൻ പൂരിപ്പിച്ചു… ' എന്നാലും നല്ല ആത്മാർഥത ഉണ്ട് '

പൊട്ടിച്ചിരികൾക്കിടയിൽ ഞാൻ കുക്കർ അടുപ്പത്ത് കയറ്റി വെച്ചു.

തളികയിൽ വിളമ്പിയതെല്ലാം തോണ്ടി ത്തിന്നും പൊട്ടിച്ചിരിച്ചും എല്ലാവരും എൻറെ അമളി നന്നായി ആഘോഷിച്ചു.

ഞാനും ഇങ്ങനെ ഇളിച്ചോണ്ടിരുന്നു...

സ്ത്രീകളുടെ ഒപ്പമാണ് ഞാൻ..,

 11/08/2020

സൈബർ ആക്രമണം നേരിടേണ്ടി വന്ന, വരുന്ന, വരാൻ പോകുന്ന സ്ത്രീകളുടെ ഒപ്പമാണ് ഞാൻ. അതിൽ കക്ഷി രാഷ്ട്രീയ നിലപാട് ഭേദമില്ല. കാരണം സകല സ്ത്രീകളേയും അവരുടെ പെണ്മയുടെ പേരിൽ ലൈംഗികമായി മാത്രമാണ് പച്ചത്തെറികളുടെ അകമ്പടിയോടെ ആക്രമിക്കുന്നത്. പെണ്ണ് പൊതുസമൂഹത്തിന് എത്ര വേണമെങ്കിലും എപ്പോൾ വേണമെങ്കിലും എങ്ങനെ വേണമെങ്കിലും അപമാനപ്പെടുത്താവുന്ന ഒരു ചരക്ക് മാത്രമാണ് എന്ന ബോധ്യമാണ് ഈ ആക്രമണത്തിൻറെ അജൻഡ.

നൂറ്റി ഇരുപത് കൊല്ലം മുമ്പേ


07/08/2020

നൂറ്റി ഇരുപത് കൊല്ലം മുമ്പേ ഓഗസ്റ്റ് മാസം അഞ്ചിന് ഒരു കവി ഇങ്ങനെ എഴുതി..

സന്യാസി ചൊല്ലി

'ആ അമ്പലത്തില് ദൈവമില്ല'

രാജാവ് ക്രുദ്ധനായി.

'നിരീശ്വരവാദിയെപ്പോലെ സംസാരിക്കരുത്. മുത്തും പവിഴവും വജ്രവും പതിച്ച സുവർണ കിരീടമണിഞ്ഞ ആ വെട്ടിത്തിളങ്ങുന്ന വിഗ്രഹം കണ്ടില്ലേ?. എന്നിട്ട് അമ്പലത്തിലാരുമില്ലെന്നോ?'

സന്യാസി വിശദമാക്കി.

'അമ്പലത്തിൽ ആരുമില്ലെന്നല്ല, രാജകീയ പ്രൗഡിയും ധനവും അതിൽ വർഷിക്കപ്പെട്ടിട്ടുണ്ട്. രാജാവിനെ തന്നെയും അർപ്പിച്ചിട്ടുണ്ട്. പക്ഷേ, ലോകത്തിൻറെ ദൈവം അവിടെയില്ല.'

രാജാവ് അലറി.

'ഇരുപത് ലക്ഷം സ്വർണ നാണയം ചെലവിട്ടാണ് ആകാശചുംബിയായ ഈ അമ്പലം പണിതത്. എല്ലാ ആചാരാനുഷ്ഠാനങ്ങളും കൃത്യമായി ചെയ്ത് ഞാൻ ഈ അമ്പലം ദൈവത്തിനു സമർപ്പിച്ചതാണ്.. എന്നിട്ടിവിടെ ദൈവമില്ലെന്ന് പറയാൻ എങ്ങനെ ധൈര്യം വന്നു?'

സന്യാസി ശാന്തനായി മറുപടി നല്കി…

'ഈ വർഷം ഇരുന്നൂറു ലക്ഷം ജനങ്ങൾ കഠിനമായ വരൾച്ച സഹിയാതെ, ഭക്ഷണവും പാർപ്പിടവുമില്ലാതെ സഹായത്തിന് നിലവിളിച്ചുകൊണ്ട് അങ്ങയുടെ പടിവാതിൽക്കൽ വന്നു… ആട്ടിയോടിക്കപ്പെടാൻ മാത്രമായി..

അവർ കാട്ടിലും മേട്ടിലും ഗുഹകളിലും വഴിവക്കിലെ മരച്ചോട്ടിലും വെളിച്ചമില്ലാത്ത അമ്പലങ്ങളിലും അഭയം തേടി.

ആ വർഷമാണ് അങ്ങ് ഇരുപത് ലക്ഷം സ്വർണ നാണയങ്ങൾ ചെലവാക്കി അങ്ങയുടെ ഈ അമ്പലം പണിതത്.'

അന്നാണ് ദൈവം അരുളിച്ചെയ്തത്.

'എൻറെ ശാശ്വതമായ ഭവനം ആകാശനീലിമയിൽ ഒരിക്കലും അണയാത്ത ദീപങ്ങളാൽ അലങ്കരിക്കപ്പെട്ടിരിക്കുന്നു.
എൻറെ ഭവനത്തിൻറെ അടിത്തറ സത്യത്തിന്റെ മൂല്യത്താലും സമാധാനത്താലും അനുതാപത്താലും സ്നേഹത്താലും പണിയപ്പെട്ടിരിക്കുന്നു.
ഈ ദരിദ്രനും നിസ്സാരനുമായ പിശുക്കൻ, സ്വന്തം പ്രജകൾക്ക് അഭയം നല്കാനാവാത്തവൻ..എനിക്ക് വീടുണ്ടാക്കിക്കളയാമെന്ന് സ്വപ്‌നം കാണുകയാണോ?

ആ ദിവസമാണ് ദൈവം അങ്ങയുടെ അമ്പലം വിട്ട് പുറത്തേക്ക് പോയത്. റോഡരികിലെയു മരച്ചോട്ടിലേയും പാവങ്ങൾക്കൊപ്പം ചേർന്നത്.
അങ്ങയുടെ അമ്പലം വിശാല സമുദ്രത്തിലെ പത മാത്രമാണ്.
അങ്ങയുടെ ലൗകികമായ ഈ അമ്പലം പൊള്ളയാണ്. അത് ധനത്തിൻറേയും അഹങ്കാരത്തീൻറേയും ഒരു കുമിള മാത്രമാണ്.'

രോഷാകുലനായ രാജാവ് അലറി.

'വികലബുദ്ധിയായ കപടജീവി. ഈ നിമിഷം എൻറെ രാജ്യം വിട്ടു പോവുക'

സന്യാസി ശാന്തമായി മറുപടി പറഞ്ഞു.

'എവിടേക്കാണോ ദൈവത്തെ നാടുകടത്തിയത്, അവിടേക്കു തന്നെ സത്യധർമ്മികളേയും നാടുകടത്തുക.'

കവിയുടെ പേര് രവീന്ദ്രനാഥ ടാഗോർ..

വിവർത്തനം... എച്മുക്കുട്ടി

Wednesday, September 16, 2020

പാലത്തായിയിൽ.., ആ അമ്മ 75 വയസ്സുവരെ...., ഇന്ത്യ ഒരു ജനാധിപത്യവികസ്വര.., ഞാൻ 130 കോടിയിൽ ഇല്ല..,


27/27/2020

പാലത്തായിയിൽ ആ കുഞ്ഞിനെ ദ്രോഹിച്ചവർ... ഇപ്പോൾ ദ്രോഹിക്കാൻ കൂട്ടു നില്ക്കുന്നവർ അവർ ആരായാലും ശിക്ഷിക്കപ്പെടണം. അതുകൊണ്ട് കുഞ്ഞിന് മുഴുവൻ നീതിയും കിട്ടുമെന്ന മണ്ടൻ വിശ്വാസമൊന്നും എനിക്കില്ല...

കുഞ്ഞ് ഈ വേദനകളേയും സങ്കടങ്ങളേയും അതിജീവിക്കാൻ അവളെ ഉപദ്രവിച്ചവർക്ക് ശിക്ഷ കിട്ടി എന്ന അറിവ് ഒരു സഹായമാകും. അവൾ തനിച്ചല്ല, നിയമം അവൾക്കൊപ്പമുണ്ട് എന്ന ആത്മവിശ്വാസം കുഞ്ഞിനുണ്ടാകും.

അതിനുശേഷം ആ മുറിവുകൾ ഉണങ്ങാനുള്ള സ്നേഹൗഷധങ്ങൾ, ആത്മവിശ്വാസമരുന്നുകൾ, തൻറേടഗുളികൾ, ഇത്തരം സങ്കടങ്ങളിൽ പെട്ടുഴലുന്നവരെ ചേർത്തു പിടിക്കാനുള്ള ധൈര്യക്കഷായങ്ങൾ, അക്രമങ്ങൾക്കെതിരേ പൊരുതാൻ വേണ്ട ഇൻജെക് ഷൻ ഷോട്ടുകൾ എല്ലാം അവൾക്ക് പകർന്നു നല്കണം. അത് നമ്മുടെ ഓരോരുത്തരുടേയും കടമയാണ്....

അവൾ ഈ ഉപദ്രവങ്ങളെ അതിജീവിച്ച് സൂര്യനെപ്പോലെ ജ്വലിക്കണം. നമ്മൾ അവളെ അതിനു സഹായിക്കണം...

പെണ്ണും ആണും ഇതരലിംഗക്കാരുമടങ്ങുന്ന ഈ മനുഷ്യസമൂഹം...

പറയി പെറ്റ പന്തിരുകുലം.


02/08/2020 

വരരുചി എന്ന ബ്രാഹ്മണ അഹങ്കാരിക്ക് അങ്ങനെ തന്നെ വേണം എന്ന് കഥ പറഞ്ഞു തന്നിട്ടുണ്ട് അമ്മീമ്മ. ചെറിയൊരു വാവയുടെ തലയ്ക്ക് ഭാഗത്ത് തിരിയും കത്തിച്ചു വെച്ച് വാവയെ വെള്ളത്തിലൊഴുക്കിയ വരരുചിയുടെ പാണ്ഡിത്യം, പക്ഷി ഭാഷയിലെ അറിവ്, വാഴ്ത്തപ്പെടുന്ന കേമത്തം….ഇതൊന്നും അമ്മീമ്മക്ക് പ്രശ്നമല്ല. മനുഷ്യത്വം ഇല്ലാത്തയാൾക്ക് ബാക്കി എന്തുണ്ടായിട്ടും കാര്യമില്ല. അക്കാര്യത്തിൽ അമ്മീമ്മക്ക് നല്ല ഉറപ്പായിരുന്നു.

എത്ര മക്കളെയാണ് അയാൾ അമ്മയില്ലാത്തവരാക്കി മാറ്റിയത്..എത്ര മാത്രം ഗർഭക്ളേശം സഹിച്ച്… നരകം പോലത്തെ പ്രസവവേദനയും സഹിച്ച് ..എല്ലാം കഴിഞ്ഞു കുഞ്ഞിനെ കളഞ്ഞേക്കാൻ പെറ്റമ്മയോടു പറയുന്ന വരരുചിയുടെ ബ്രാഹ്മണ്യത്തിന് അമ്മീമ്മയുടെ ദൃഷ്ടിയിൽ യാതൊരു വിലയും ഇല്ല..

കഥയനുസരിച്ചാണെങ്കിൽ … അമ്മീമ്മ യുടെ ബോധ്യമനുസരിച്ചാണെങ്കിൽ ജനിച്ചയുടനെ അമ്മയെ പിരിയേണ്ടി വന്ന പെറ്റിട്ട മക്കളെയെല്ലാം പിരിയേണ്ടി വന്ന ആ പറയിയാണ് ലോകമാതാവ്. അവരെയാണ് നാമം ചൊല്ലി ആദരിക്കേണ്ടത്.

ഞങ്ങൾ ആലോചിച്ചു തുടങ്ങും…

ശരിയാണല്ലോ.

ഇതിനൊക്കെ കാരണമുണ്ട്.

അമ്മീമ്മക്ക് കുട്ടയും വട്ടിയും പനമ്പും മുറവും ഒക്കെ നെയ്തു കൊടുക്കുന്ന ഒരു അമ്മയും മോളും ഉണ്ടാരുന്നു. അമ്മയുടെ പേര് ഞാൻ മറന്നുപോയി. മോളുടെ പേര് തങ്ക എന്നായിരുന്നു. അമ്മ ഇരു നിറമുള്ള കുറെ തലമുടിയുള്ള സ്ത്രീ ആയിരുന്നു. മോള് തുടുത്തു ചുവന്ന് അല്പം ചെമ്പൻ മുടിയുള്ളവളും…

ആൾക്കാരല്ലേ… അമ്മക്ക് ഏതോ സായിപ്പിൽ നിന്ന് ഉണ്ടായ പെണ്ണാണെന്നൊരു കഥ പ്രചരിപ്പിക്കാൻ എല്ലാവരും താത്പര്യപ്പെട്ടു.

പറച്ചികൾ എന്നാണ് എല്ലാവരും അവരെ വിളിക്കുക. അവരാകട്ടെ എല്ലാവരേയും തമ്പുരാട്ടി എന്ന് വിളിച്ചു പോന്നു.

ഞങ്ങൾ പറച്ചികളെന്നൊന്നും ഒരിക്കലും വിളിച്ചിട്ടില്ല. അങ്ങനെ നായരച്ചി, അമ്മ്യാര്, ചോത്തി, പുലയി, പറച്ചി, മാപ്ളച്ചി എന്നൊക്കെ ആരെങ്കിലും പറഞ്ഞതായി പറഞ്ഞാൽ പോലും അമ്മീമ്മ ചുട്ടപെട തരുമായിരുന്നു. അങ്ങനെ വിളിക്കുന്നത് കടുത്ത അധിക്ഷേപമാണെന്ന് അവർ ഞങ്ങളെ എപ്പോഴും പഠിപ്പിച്ചു.

അമ്മീമ്മക്ക് കൃഷി ചെയ്യാൻ വലിയ ആഗ്രഹമായിരുന്നു. അതുകൊണ്ട് കുറച്ചു ജോലിക്കാർ ഇടയ്ക്കിടെ വീട്ടിലെത്തും. ഗോവിന്നൻ, രാവുണ്ണി, നാരായണൻ, രാമൻ നായര് അങ്ങനെ കുറച്ച് അമ്മാവന്മാർ.. എല്ലാവരും അമ്മീമ്മയെ ടീച്ചറെ എന്ന് വിളിച്ചു സംസാരിക്കും. അവരെല്ലാം അമ്മീമ്മയെക്കാൾ ചെറുപ്പമായിരുന്നു.

വലിയ പനമ്പ്, ചവറുകൊട്ട, ചാണകക്കൊട്ട, കൊമ്പ് മുറം, പറക്കൊട്ട, മുറം, പൂവട്ടി, പഴക്കൊട്ട ഇതൊക്കെ കൃഷി ആവശ്യങൾക്കുള്ള അമ്മീമ്മയുടെ വീട്ടുപകരണങ്ങളായിരുന്നു. തങ്കേച്ചിയും അമ്മയുമാണ് ഈ പറഞ്ഞ കാര്യങ്ങൾ ഒക്കെ ശരിപ്പെടുത്തിക്കൊണ്ടുവരിക. മുണ്ടിൻറെ മടി കുറെ നീളത്തിൽ ഇട്ട് അതിങ്ങനെ ഞെറിഞ്ഞ് അരയിൽ കുത്തിവെച്ചിരിക്കും ഇരുവരും. ഭയങ്കര മുറുക്കുകാരാണ് അമ്മയും മോളും. തേക്കിൻറെ വലിയ ഒരിലയിൽ മുറുക്കാനുള്ള വെറ്റില മസാലകളും വെറ്റിലയും പൊതിഞ്ഞ് മടിയിൽ തിരുകീട്ടുണ്ടാവും. പിന്നെ നല്ല മൂർച്ചയുള്ള കത്തിയും.

വീട്ടിൽ വന്നാൽ വില്പന പതുക്കെയാണ് നടക്കുക. ആദ്യം മുറുക്കൽ, പിന്നെ പറമ്പിലെ മാങ്ങ, ഇഞ്ചി, നാരങ്ങ ഇതൊക്കെ എടുക്കൽ, അരച്ചുകലക്കിയും മെഴുക്കുപുരട്ടിയും കൊണ്ടാട്ടവും കടുമാങ്ങയും മോരും കൂട്ടിയുള്ള ഊണ്, ഉണ്ണുമ്പോൾ വലിയ ഉരുളകളായാണ് അവർ ഉണ്ണുക. എന്നിട്ട് മുഖം ചുളിച്ച് പറയും… 'എരൂം ല്ല.. പുളീം ല്ല.. നാല് പച്ചമൊളക് തരോ ടീച്ചറേ..'

ഇതും കഴിഞ്ഞു അമ്മീമ്മയുമായി മുൻവശത്തെ വരാന്തയിലിരുന്ന് പ്രാരാബ്ധം പറയും.. തൂത് കുടിക്കണ പാളോൻ, തൊയിരം തരാത്ത അമ്മായിഅമ്മ, ഈററ കിട്ടാത്തത്, ഈറ്റമ്പൊളി കുത്തിക്കേറി വിരൽ പഴുത്തത്, ഈറ്റക്ക് പോയപ്പോൾ അത്തമൻ ചാഞ്ഞേരേ മലമ്പാമ്പിനെ കണ്ടത്…

'മക്കള് പഠിക്കണുണ്ടോ..മേലാക്കത്തേക്ക് ആയണ്ടാവോ' എന്ന് അമ്മീമ്മയുടെ ക്ളാസ്സിൽ പഠിക്കുന്ന
കോളനിയിലെ കുട്ടികളെ അന്വേഷിച്ച് അവർ ആകുലപ്പെടും..

പിന്നെയാണ് വില്പന.. വിൽക്കുക മാത്രമല്ല പനമ്പും മറ്റും ചാണകം മെഴുകി വെക്കുകയും ചെയ്യും.

എനിക്കും റാണിക്കും ചെറിയ മുറം, ചെറിയ കുട്ട, തവി ഒക്കെ കളിക്കാനായി അവർ ഉണ്ടാക്കിത്തന്നിട്ടുണ്ട്.

ആരും തുണയില്ലാതെ തനിച്ചു താമസിച്ച് സവർണതയോടും ബ്രാഹ്മണ്യത്തിനോടുമെല്ലാം പൊരുതേണ്ടി വന്നതുകൊണ്ടാവാം അമ്മീമ്മക്ക് ജാതിയും മതവും തരിമ്പും പ്രശ്നമല്ലാതായിത്തീർന്നത്.

അമ്മീമ്മ മരിച്ച ദിവസം തങ്കേച്ചിയും കൂട്ടുകാരികളും മക്കളും വീട്ടിൽ വന്ന് നെഞ്ചത്തടിച്ചു നിലവിളിച്ചു…

എൻറെ ടീച്ചറേ….

പാളുവഭാഷയെപ്പറ്റി മൃദുലാദേവിMruduladevi S എഴുതിയപ്പോൾ ഓർമ്മിച്ചത്.

സ്വപ്ന തീയറ്ററും മണീസ് കേഫും


   31/07/2020                          

തൃശൂർ സ്വരാജ് റൗണ്ടിലെ പഴയ രാമവർമ്മ തീയറ്റർ രൂപാന്തരം പ്രാപിച്ച് പുതിയ സ്വപ്ന തീയറ്റർ ആയി മാറിയത് ഞാൻ വിദ്യാർത്ഥിനി ആയിരിക്കുമ്പോഴാണ്... ആ തീയറ്റർ വാങ്ങിയവർ എഴുപത് വർഷം പഴക്കമുള്ള മണീസ് കേഫും വാങ്ങി പൊളിച്ചു കളയുന്നുവെന്ന് ഇന്നെൻറെ സുഹൃത്ത് മനോജ് പിഷാരത്താണ്Manojkumar Pisharath അറിയിച്ചത്.

കേട്ടപ്പോൾ വലിയ വ്യസനം തോന്നി.

രാമവർമ്മ തീയറ്റർ എന്തുകൊണ്ടോ എന്നിൽ വലിയ ഓർമ്മയായി തെളിയുന്നില്ല. പിന്നീട് സ്വപ്ന ആയി മാറിയ ആ തീയറ്ററിൽ ആദ്യമായി കണ്ട സിനിമ ശങ്കരാഭരണമായിരുന്നു. ഞാനും അച്ഛനും അമ്മയും ഭാഗ്യയും കൂടിയാണ് അതു കണ്ടത്.

പിന്നേയും ചില സിനിമകൾ അവിടെ കണ്ടിട്ടുണ്ട്. പ്രേമാഭിഷേകം, എങ്ങനെ നീ മറക്കും, എൻറെ മോഹങ്ങൾ പൂവണിഞ്ഞു, മൂന്നാം പിറ...

മണീസ് കേഫ് അമ്മയുടെ ഒരു പ്രിയപ്പെട്ട ഇടമായിരുന്നു. അമ്മ പ്രീയൂണിവേഴ്സിറ്റിക്ക് തൃശൂർ സെൻറ് മേരീസ് കോളേജിൽ പഠിക്കുമ്പോൾ അമ്മയുടെ അപ്പാ രാവിലെ പതിനൊന്നു മണിക്കും ഉച്ചതിരിഞ്ഞ് മൂന്നു മണിക്കും കാപ്പിയും ചെറുകടിയും അമ്മയ്ക്ക് കോളേജിൽ ലഭ്യമാക്കീരുന്നു. അതാണോ കാരണമെന്ന് അറിയില്ല….അമ്മ എപ്പോഴും മണീസ് കേഫ് എന്നു പറഞ്ഞുപോന്നു.

അച്ഛനു ആ കേഫ് ഇഷ്ടമായിരുന്നില്ല. അച്ഛന്റെ ഔദ്യോഗിക പ്രൗഢിക്ക് അതു പോരാ എന്ന് അദ്ദഹത്തിന് തോന്നീയിരുന്നു. സീഗോ, കാസിനോ, ഇന്ത്യൻ കോഫീ ഹൗസ്, അമ്പാടി, എലൈറ്റ്, പത്തൻസ് ഈ ഇടങ്ങളായിരുന്നു അച്ഛനു ഇഷ്ടം. നല്ല നേരങ്ങളിൽ എലൈറ്റിൽ നിന്ന് വെജിറ്റബിൾ പുലാവ് വാങ്ങിത്തന്നിട്ടുണ്ട് അച്ഛൻ.

കേരളവർമ്മ കോളേജിൽ ഡിഗ്രിക്ക് പഠിക്കുമ്പോൾ ഒരു സഹപാഠിനി ഉണ്ടായിരുന്നു. അവളുടെ ചേട്ടൻ സ്വപ്ന തീയറ്ററിൽ ടിക്കറ്റ് നല്കുന്ന ജോലി ചെയ്തിരുന്നു. അവൾക്ക് അവിടെ നൂൺഷോക്ക് ഒരിക്കൽ എന്നെ കൂട്ടിക്കൊണ്ടു പോയി. മറ്റു വിദ്യാർത്ഥി നികളെല്ലാം വളരെ അടക്കവും ഒതുക്കവും ഉള്ള ഒത്തിരി നല്ല കുട്ടികളായിരുന്നു. അവർക്കാർക്കും സിനിമ ഇഷ്ടമായിരുന്നില്ല.

ഞാൻ അവൾക്കൊപ്പം പോയി.

ബാൽക്കണിയിൽ ഇരുന്ന് ഞാനും അവളും കൂടി എങ്ങനെ നീ മറക്കും എന്ന സിനിമ കണ്ടു. അന്ന് അവളുടെ ചേട്ടൻ ഒരു എക്ളയർ മിഠായിയും മണീസ് കേഫിലെ കാപ്പിയും ഉഴുന്നുവടയും ഞങ്ങൾക്ക് സൽക്കരിച്ചു. എനിക്കന്ന് ഒത്തിരി സന്തോഷം തോന്നി.

തൃക്കൂര് പല വീടുകളിലും കല്യാണപ്പെണ്ണിന് സാരി വാങ്ങാൻ പോവുമ്പോൾ അമ്മീമ്മയെ കൂട്ടിക്കൊണ്ടു പോവാറുണ്ട് വീട്ടുകാർ. അമ്മീമ്മയുടെ ഭ്രഷ്ട് കുറെ കുറഞ്ഞതിനു ശേഷമാണ് ഇത്തരം കാര്യങ്ങൾ ഉണ്ടായിട്ടുള്ളത്.

അങ്ങനെ ഒരിക്കൽ കല്യാൺ സിൽക്ക്സിൽ നിന്ന് സാരികളൊക്കെ വാങ്ങി ഞങ്ങൾ കുറച്ച് പെണ്ണുങ്ങൾ മണീസ് കേഫിലെത്തി. അന്നാണ് മണീസ് കേഫിലെ രുചികരമായ മസാലദോശ ഞാൻ ആദ്യമായി കഴിക്കുന്നത്.

അമ്മയും ഒരിക്കലോ രണ്ടു തവണയോ എന്നേയും ഭാഗ്യയേയും അവിടെ കൊണ്ടു പോയി ഭക്ഷണം വാങ്ങിത്തന്നിട്ടുണ്ട്.

പിന്നീട് ജീവിതവും ലോകവും മാറി മറിഞ്ഞപ്പോൾ
ഞാൻ തല്ലുണ്ടാക്കുന്ന വഴക്കു കൂടുന്ന വിസമ്മത രാത്രികളുടെ പിറ്റേന്ന് ദുർലഭം ചിലപ്പോഴൊക്കെ എന്നെ അവിടെ കൊണ്ട് പോയി കാപ്പീം മസാലദോശേം വാങ്ങിത്തരും. കരച്ചിൽ ചവച്ച് ചവച്ച് ഞാൻ അത് കഴിക്കും.

കഠിനം.. ദയനീയം...എന്നിലെ പെണ്മയെ കുത്തിക്കൊല്ലുന്ന ...ശരീരത്തിൻറെ ഓരോ അണുവിലും ഭ്രാന്തായി പൂക്കുന്ന നിന്ദാപമാനങ്ങൾ.

പെറ്റതിനു ശേഷം എനിക്ക് ഒടുക്കത്തെ വെശപ്പാരുന്നു. പെരുവയറിയെന്ന, തീറ്റപ്പണ്ടാരമെന്ന കളിയാക്കലിൽ ഹ ഹ ചിരിച്ചുകൊണ്ട് രണ്ട് മസാലദോശയും രണ്ട് കാപ്പിയും ഒക്കെ ഞാൻ ഒന്നിച്ചു തട്ടിവിട്ടിട്ടുണ്ട്.

പോട്ടേ...ഒന്നും സാരമില്ല..

അനവധി വർഷങ്ങളായി ഞാൻ സ്വപ്ന തിയേറ്ററിൽ പോയിട്ട്.. അനവധി വർഷങ്ങളായി ഞാൻ മണീസ് കേഫിൽ പോയിട്ട്….

ഇനി പോവാൻ കഴിയില്ല..

എന്നാലും…

സ്വപ്ന തീയറ്ററിൻറെ പടം ജെസ്മിച്ചേച്ചി Jesme Chirakekaran തന്നതാണ്..