Sunday, September 6, 2020
ചൊക്ളി 30
'ആ മാവും പിലാവും ബസ്സോടണ വഴീടെ എതയ്ക്കല് നട്ട്ട്ട് ഒരു കാര്യോല്ല ചൊക്ളിയേ.. പപ്പിന്യോട് അത് പറേണം. സർക്കാര് വനം ന്ന് ച്ചാല് കാട്ണ്ടാക്കല് തൊട്ങ്ങീണ്ട്. ഊക്കാലി, അക്കേഷ ഒക്ക്യാ ബസ്സോള് ഓടണ വഴീല് നട്ട് വെക്കാ..മറ്റേതൊക്കേ എടോഴീല് അവളക്ക് വേണങ്കി കുത്തിയോട്ടേ..'
രാമേട്ടൻ ഒപ്പം നടക്കേര്ന്ന്. ചൊക്ളി മിണ്ടീല്ല. അധികോന്നും മിണ്ടാനറീല്ല. അനാദൻ ചണ്ണക്കാലൻ ന്നല്ലാണ്ട് എന്തിറ്റ് തേങ്ങ്യാണ് ചൊക്ളി മിണ്ട്ണ്.
'അത് മനസ്സീന്ന് കളേരാ ചൊക്ളിയേ… ആ പെണ്ണിന് ലശ്ശം വീട് വിട്ട് വേറേ പാറ്ക്കണം. മ്മ്ടെ ഗോയിന്നൻ മന്ത്രി ദാനം കൊട്ത്ത വീട് വേണ്ടാന്ന്.. പിന്നെ നിൻക്ക് ആരൂല്ല.. പെരേല്ല….പെണ്ണങ്ങള് ചെലേര് ഇങ്ങന്ന്യാ.. ആരാ ന്താന്നൊന്നും നോക്ക്ല്യാ തൊള്ളേലടിക്കണ പോല്യാ ചെലയ്ക്കാ. ആ കോരൻ തന്ത്യാണെങ്കി കേട്ടപ്പളക്കും അവളെ തല്ലി. ചെല പെണ്ണ്ങ്ങളെ തല്ലീട്ടൊന്നും കാര്യല്ല. രണ്ടായി മുറിച്ചാ മുറി കൂടണ എനങ്ങളാ അദികം പെണ്ണങ്ങളും. ഞാൻ വേറേ ഒല് ചൊണക്കുട്ടി തനിതങ്കം പോലത്തെ പെണ്ണിനെക്കൊണ്ടന്ന് തരും നെനക്ക്. നീയ്യ് ഒരു കുടുമ്മായിറ്റ് കഴീണ കണ്ടിറ്റേ രാമേട്ടൻ ചത്തൊട്ങ്ങള്ളടാ…'
ചൊക്ളി ഒന്നും പറഞ്ഞ്ല്ല.
രാമേട്ടൻ പൊഴമ്പള്ളത്ത്ല് അമ്മാമ്മേരേ കടേല് കേറ്റി ചൊക്ളിക്ക് പള്ള നെറച്ചും പോത്തെറച്ചീം കപ്പേം വേടിച്ച് കൊട്ത്ത്. വിശ്ശൊനാദസ്സാമീരെ അവടെ എർച്ചീം മീനോന്നും കിട്ട്ല്ല. പിന്നെ പൊഴമ്പള്ളത്തല്ലേ, അതോണ്ട് മണലും കേറ്റി പോണ വഞ്ചിക്കാര് മീനും ചോറും കപ്പേം പോത്തും ആരും അറ്യാണ്ട് തേക്കെലേല് പൊതിഞ്ഞ് കൊണ്ടന്ന് വിക്കും.
അത് പറ്റണോര് ഒക്കെ നിന്ന നിപ്പില് വാരി മുണുങ്ങാറ്ണ്ട്. വെങ്ങട്ടൂ ഡോക്കിട്ടറും മീൻ പൊരിച്ചതും പോത്ത് വറ്റിച്ചതും തിന്നുന്ന് ജാനൂൻറെ അമ്മ പറയേ..തിന്നേരിക്കും..
ആവോ..
പട്ടമ്മാര് മീൻ ത് ന്നാലും എർച്ചി ത് ന്നാലും വിരോദല്യാ ന്നാലും അവര് പട്ടമ്മാരാന്നും ജാനുൻറെ അമ്മ പറഞ്ഞേരുന്നു. അവര്ക്കാ അതോണ്ട് ജാതിക്കൊറവ് ഒന്നൂം വര്ല്ലാന്ന്.
രാമേട്ടൻ പോയപ്പോ ചൊക്ളി മറിയപ്പാറേരെവടെ പോയി. അങ്ങാടി ദൂസോം ദൂസോം വല്താവാണ്. പ്രാഞ്ചീസിൻറെ മാത്രല്ല ഓട്ടർഷ, പിന്നീം മേത്തമ്മാരും ചോമ്മാരും ഒക്കെ വേടിച്ച്ണ്ട്. ഓട്ടണ്ടേരിക്കും.. അദല്ലേ വേടിക്കണത്.. മൊയ്തീൻക്കേരെ കടേണേങ്കി താറാ കൂട്ടത്തിൻറെന്തിയാണ്.. കടോള് ഇങ്ങനെ വലുതാക്കി കൊണ്ടരാണ്. മൊയ്തീൻ ക്കേരെ കൊറെ ബന്തുക്കളും മറിയപ്പാറേരേ അപ്പറേം ഇപ്പറേം ഒക്കെ പാറ്ക്കണ്ട്.
പപ്പിനിക്ക് കോളായിണ്ടാവും… മേത്തന്മാര്ടെ വീടോളില് ചട്ടീം കലോം വേണം ന്തായാലും. അവള് നല്ലോണം വിക്കണ്ടാവും..
ചൊക്ളി ചെന്നത് പപ്പിനീരെ വീട്ട് ല്‌ക്ക് തന്നേരുന്ന്. സാമീരോടേ പാറ്ക്കാൻ തൊടങ്ങ്യേപ്പിന്നെ ഇങ്ങട്ട് വരല് കൊറവാ. എന്നും പണീണ്ട്ന്ന് മഡങ്ങളില്.. കാശ് എന്നും തര്ല്ല. ഞാറാഴ്ചേണ് തരല്.. അന്ന് ഇത്തരെ ഒയിവ് ഇണ്ടാവും. അങ്ങനേണ് ആലൂര് ശാരത കൊട്ടകീല് പോയി സിന്മ കണ്ടേ.. ശാരത കൊട്ടക തുന്നക്കാരൻ ശങ്കരൻറേണ്.
പപ്പിനീരേ തള്ള തീരെ ആവ്ത് ഇല്ലാണ്ട് കെട്പ്പിലേര്ന്ന്. അബടെ ചെന്നപ്പളേ ചൊക്ളി അറിഞ്ഞൊള്ളോ. ചടച്ച് എല്ലും തോലുവായി തള്ള. വായ തൊറന്ന്ട്ട് ശാസം വലിക്ക്ണ്ട്. നെഞ്ഞ് തെറ്ച്ച് വരണ്ണണ്ട്.
പപ്പിനി കാൽനീട്ടി ഇര്ന്ന് നെഞ്ചത്ത് തവിട് കിഴി കുത്താണ്.
അവള് ചിറിച്ചു.
ചൊക്ളീം ചിറിച്ചു. നെലോളിക്കാൻ പറ്റ്ല്ലല്ലോ.
'നീയെന്തേ പറയാത്തേ..? '
'എന്തിറ്റ് പറേനാടാ.. അമ്മിക്ക് വയ്യാന്നാ...അത് പുതിശല്ല..'
ചൊക്ളി പിന്നെ ഒന്നും ചോയിച്ചൂല്ല.. പറഞ്ഞൂല്ല.
അവളരെ ദണ്ണം ആരറിഞ്ഞില്ലേലും ചൊക്ളി അറീം...അവളോട് എന്തിറ്റ് തേങ്ങ്യാ പറയ്യാ.. ആ കോക്കാച്ചിപെണ്ണ് ചണ്ണക്കാലൻന്ന് ആട്ട്യേറക്കീന്നൊക്കേ പറ്യാൻ പറ്റ്യ നേരോം. പപ്പിനീരെ തള്ള ശാസം വലിച്ച് കെട്ക്ക്മ്പോ…
കൊറച്ച് കയിഞ്ഞപ്പോ ചൂളം മാതിര്യൊര് ഒച്ചേല് തള്ള തല ഒന്നനക്കി. പിന്നൊന്നുണ്ടായില്ല.
പപ്പിനീരെ ഒപ്പം ചൊക്ളീം നെലോളിച്ച് ഒറക്കനെ… ആൾക്കാര് ഓടി വന്നപ്പോ രണ്ടാളും ഓളീട്ട് കരേര്ന്നു...
Subscribe to:
Post Comments (Atom)
No comments:
Post a Comment