Tuesday, September 22, 2020

പ്ളാശ് മരത്തിന്റെ വട്ടയിലകൾ

11/09/2020 

ഈ മരത്തിന്റെ ശാസ്ത്ര നാമം എനിക്കറിയില്ല. വട്ടയിലകളായി പടർന്നു നില്ക്കുന്ന ഒരു സുന്ദരി മരമാണിത്. ഓറഞ്ച് നിറമുള്ള പൂക്കളിൽ ഈ മരം അണിഞ്ഞൊരുങ്ങിയ ഒരു മണവാട്ടിയെപ്പോലെ മുഗ്ദ്ധയായി തോന്നും.

മീനമാസം ഒന്നാം തീയതിയാണ് സാവിത്രി വ്രതം. അത് തന്നെ. സത്യവാൻറെ ജീവൻ മിസ്റ്റർ യമധർമ്മൻറെ കാലപാശത്തീന്ന് രക്ഷപ്പെടുത്താൻ വേണ്ടി സാവിത്രി എടുത്ത ആ വ്രതം.

തമിഴ് ബ്രാഹ്മണപ്പെണ്ണുങ്ങളുടെ തിരുമംഗല്യ നൊയമ്പ്.

ഞങ്ങൾ അമ്മീമ്മയുടെ ഒപ്പം വളർന്നതുകൊണ്ട് വ്രതാനുഷ്ഠാനങ്ങൾ, നിത്യപൂജകൾ, ഗായത്രി, അതിവിശിഷ്ട സ്ത്രോത്രരത്നങ്ങൾ, സഹസ്രനാമങ്ങൾ, വിവിധ തരം കവചങ്ങൾ, രുദ്രം, ചമകം എന്നു വേണ്ട സകലതും മന:പാഠമാക്കിയിരുന്നു.

തമിഴ്ബ്രാഹ്മണപ്പുരുഷന്മാർക്ക് മാത്രം ജപിക്കാൻ അവകാശമുള്ളതെന്ന് പറഞ്ഞു കേൾക്കാറുള്ള ജപങ്ങൾ കൂടി അമ്മീമ്മയിലെ ഫെമിനിസ്റ്റ് സ്വയം പഠിക്കുകയും ചൊല്ലുകയും ഞങ്ങളെ പഠിപ്പിക്കുകയും ചെയ്തിരുന്നു.

ഞങ്ങളെ ആര് വിവാഹം കഴിക്കുമെന്ന് പറ്റാവുന്നവരൊക്കെ ചോദിക്കും. ആ ചോദ്യം എല്ലാവർക്കും ഒരു രസവും പുച്ഛവും തമാശയുമായിരുന്നു. ഞങ്ങടെ അമ്മ ചെയ്ത തെറ്റിനെ അവരൊക്കെ സഹതാപപൂർവം ഓർമ്മിപ്പിക്കും. 'കുട്ടികള് പഠിച്ചാലും ജോലിണ്ടായാലും കാണാൻ വല്യ തെറ്റില്ലാണ്ടിരുന്നാലും ആരും വന്ന് പെണ്ണ് ചോദിക്കില്ലല്ലോ' എന്ന് കവിളിൽ കൈ വെച്ച് കഷ്ടം ഭാവിക്കാത്ത ഒറ്റ ഒരാളേയും ഒറ്റ മനുഷ്യനേയും എൻറെ ബാല്യ കൗമാര കാലത്ത് എനിക്കോർക്കാനേ പറ്റുന്നില്ല.

അച്ഛന് ചില തമിഴ് ബ്രാഹ്മണ സുഹൃത്തുക്കൾ ഉണ്ടായിരുന്നു. എസ് ബി ഐ യുടെ റീജണൽ മാനേജർ, എൽ ഐ സിയുടെ റീജണൽ ചീഫ്, സീതാറാം മിൽസിൻറെ എം ഡി, ഒന്നു രണ്ട് ഡോക്ടർമാർ അങ്ങനെ ചിലർ …

അവരുടെ ഭാര്യമാരോട് അമ്മക്കും അമ്മീമ്മക്കും നല്ല സൗഹൃദവുമായിരുന്നു. ആധുനിക രീതിയിൽ അലങ്കരിച്ച പൂന്തോട്ടങ്ങളും ബൊമ്മക്കൊലുവിന് അലങ്കരിക്കാൻ ആയിരക്കണക്കിന് പാവകളും അവരുടെ വീടുകളിൽ ഉണ്ടാവാറുണ്ട്. ധാരാളം വെളിച്ചമുള്ള മനോഹരമായി സംവിധാനം ചെയ്യപ്പെട്ട നല്ല വീടുകളായിരുന്നു അവ.

അമ്മയും അമ്മീമ്മയും കേസിൻറെ കാര്യം പറഞ്ഞ് ആ മാമിമാരോട് സങ്കടപ്പെട്ടിരുന്നു. അവർക്കും കേൾക്കുമ്പോൾ വിഷമം തന്നെയാണ്. നല്ല തറവാട്ടിൽ പിറന്നിട്ട് ഇങ്ങനെ ആയല്ലോ എന്ന സങ്കടം… പുറമേ ഞങ്ങളുടെ കല്യാണം എന്ന് ആളുകൾ പുച്ഛിക്കുന്നത്…

അപ്പോൾ ആ മാമിമാർ പറയും.

'എന്നടീ, രാജം.. മൂന്നു പൊൺകൾ താനേ.. എങ്കളോട് പയ്യന്മാരിലെ മൂന്നു പേർ വേട്ടുക്ക്ണ്ടാ പോരാതാ ഒനക്ക്… അമൈതിയാ ഇര്..'

അമ്മക്കും അമ്മീമ്മക്കും അത്തരം പ്രതീക്ഷകൾ ഉണ്ടായിരുന്നു. അവരിലൊരാളുടെ മകളെ ഒരു ബന്ധുപ്പയ്യന് എൻറെ പാവം അമ്മ ആലോചിക്കുകയും ചെയ്തു. പക്ഷേ, അക്കാലത്ത് അയാൾ റിസർവ് ബാങ്ക് ഓഫീസറായിരുന്നു. പെൺകുട്ടിക്ക് ജോലി ആയിരുന്നില്ല. ആ പയ്യൻ അമ്മയെ തന്നെ ഭീകരമായി ഇകഴ്ത്തി.

അത് പോട്ടേ…

നമുക്കു പ്ളാശിലേക്ക് മടങ്ങി വരാം.

തൃക്കൂർ മഹാദേവ ക്ഷേത്രത്തിൽ കൂറ്റനൊരു പാറയുണ്ട്. ആനയെപ്പോലെ തോന്നും. പല ജൈന ക്ഷേത്രങ്ങളിലും ഇത്തരം വലിയ ഒറ്റപ്പാറകൾ ഞാൻ പിന്നീട് കണ്ടിട്ടുണ്ട് . അതിൻറെ അരികിൽ ഒരു സുന്ദരി പ്ളാശ് നിന്നിരുന്നു. ഈ സാവിത്രീ വ്രതദിനങ്ങളിൽ നല്ല ധൈര്യമുള്ള ബ്രാഹ്മണപ്പയ്യന്മാർ അതിൽ കയറും. താഴെ നിന്ന് അനവധി കല്പടവുകൾ കയറി വരുന്ന പാപ്പാത്തി പെൺകുട്ടികൾക്ക് ഇലകൾ പറിച്ചു കൊടുക്കും. ആ ഇലയിലാണ് അട പരത്തി വേവിച്ച് വെണ്ണയും ചേർത്ത് ചന്ദ്രന് നേദിക്കുന്നത്. പെൺകുട്ടികൾ പകൽ മുഴുവനും പട്ടിണി ആയിരിക്കും… വ്രതമാണല്ലോ..

ഒരിക്കൽ ഒരു വ്രതകാലത്ത് മറ്റു പെൺകുട്ടികൾക്കൊപ്പം ഞാനും റാണിയും പ്ളാശിൻറെ ഇലകൾക്ക് കൈ നീട്ടി…

'നീങ്കൾ ആശാരിക്കുട്ടികളല്ലവോ… ഒങ്ക്ള്ക്ക് എന്ന സാവിത്രി വ്രതം?... പ്ളാശും പ്ളാശെലൈയും ബ്രാഹ്മണക്കുട്ടികൾക്ക് മട്ടും താൻ….

എട്ടുപത്തു വയസ്സുള്ള ബ്രാഹ്മണ പ്പയ്യനാണ് ഇങ്ങനെ അലറുന്നത്… അതുവരെ ഞങ്ങൾ എല്ലാ പെൺകുട്ടി കളും ഒന്നിച്ചായിരുന്നു. ഒരു കൂട്ടമായിരുന്നു.

ആ നിമിഷം ഞാനും റാണിയും വേർതിരിക്കപ്പെട്ടു.

ഞങ്ങൾ പിന്നീട് ആ വഴിക്ക് പോയതേയില്ല.

അമ്മീമ്മ വാഴയിലയിൽ വട്ടത്തിൽ അട പരത്തി വെണ്ണയും വെച്ച് നേദിച്ചു തരും. മഞ്ഞൾച്ചരട് കെട്ടിത്തരും.

പ്ളാശ് നട്ടു പിടിപ്പിക്കണമെന്ന് ഉണ്ടായിരുന്നു ആദ്യമാദ്യം… പിന്നീട് ജീവിതത്തിൽ വലിയ പരീക്ഷണങ്ങൾ നേരിടേണ്ടി വന്നപ്പോൾ ബ്രാഹ്മണരുടെ പ്ളാശും പ്ളാശലൈയും എല്ലാം തീർത്തും വിസ്മൃതിയിലായി.

1 comment:

Muralee Mukundan , ബിലാത്തിപട്ടണം said...

പ്ളാശും പ്ളാശെലൈയും ബ്രാഹ്മണക്കുട്ടികൾക്ക് മട്ടും താൻ….