Thursday, September 17, 2020
ഒരു ബാസ്മതി അമളി
12/08/2020
ദില്ലിയിൽ ആണ് വാസം. ഒറ്റ മുറി വീടാണ്. അല്പം വിസ്തരിച്ചു പറഞ്ഞാൽ ആകെ ഇരുനൂറു സ്ക്വയർഫീറ്റ് കാണും. ഞാനും വാവയും കണ്ണനും തീരേ പരിമിതമായ സൗകര്യങ്ങളും മാത്രം…
രാവിലെ കോൺഫ്ളേക്സ്, പാല്, നട്സ്. കുറച്ച് പപ്പായക്കഷണങ്ങൾ, ഈരണ്ടു സ്ലൈസ് വെണ്ണപുരട്ടിയ ബ്രഡ്. ഇങ്ങനെ ബ്രേക് ഫാസ്റ്റ് തീർന്നു.
ഉച്ചയാവുമ്പോഴേക്കും എനിക്ക് വിശദമായ പാചകം ചെയ്യാനുണ്ട്. വളരെ പ്രധാനപ്പെട്ട രണ്ട് അതിഥികൾ വരികയാണ്. അവരെ സ്വീകരിച്ചു ഭംഗിയായി ഭക്ഷണം നല്കി ഒരു പതിനഞ്ച് ദിവസം കൂടെ പാർപ്പിക്കേണ്ടതുണ്ട്.
സെപ്തംബർ മാസം കാലമാണ്. ദില്ലിയിൽ പാകം ചൂടും പാകം തണുപ്പും ആയിരിക്കും. നേരിയ ഒരു പുതപ്പ് മതി രാത്രിയിൽ സുഖമായി ഉറങ്ങാൻ..
നാലു ബങ്ക് ബെഡുകളാണ് മുറിയിൽ. രണ്ടെണ്ണമാണ് ഞങ്ങൾ ഉപയോഗിച്ചിരുന്നത്. ഒരെണ്ണം കൂടി തൂത്തു തുടച്ച് ശയ്യയും തലയണയും മൃദുലമായ പുതപ്പും ഒക്കെ ശരിപ്പെടുത്തി. മററു കിടക്കവിരികൾ , തലയിണ ഉറകൾ എല്ലാം അലക്കി വെളുപ്പിച്ചു. മുറി തേച്ചുകഴുകി മിനുക്കി. അരിപ്പൊടി, ഗോതമ്പ് പൊടി..പലതരം പലവ്യഞ്ജനങ്ങൾ, കാപ്പി, ചായ, വറവ് പലഹാരങ്ങൾ,ബിസ്ക്കറ്റുകൾ, അച്ചാറുകൾ, കൊണ്ടാട്ടങ്ങൾ അങ്ങനെ സകല പരിപാടികളും റെഡിയാണ്.
കുളിമുറിയിൽ ഒരു റണ്ണിംഗ് ഹീറ്റർ വെച്ചു. സോപ്പ് ഡിഷടക്കം കഴുകി മിനുക്കി.
അങ്ങനെ അതിഥികളെ കൂട്ടിക്കൊണ്ടു വരാൻ മോളും അച്ഛനും റെയിൽ വേ സ്ററേഷനിലേക്ക് പോയി.
ഞാൻ പരിപ്പ് ഉണ്ടാക്കി, നെയ്യും പപ്പടവും ചേർത്ത് കഴിക്കാൻ… ജീരകവെള്ളവും സാമ്പാറും വെച്ചു. ഒട്ടും ചാറില്ലാതെ കുറുകിയിരിക്കുന്ന അവിയൽ വെച്ചു. ബീൻസ് തോരൻ നിർമ്മിച്ചു. പിന്നെ മത്തങ്ങയും പയറും ചേർന്ന എരിശ്ശേരിയും. മടിയൊന്നും കാട്ടിയില്ല. തേങ്ങ ചുമക്കേ വറുത്തിടുക വരെ ചെയ്തു.
തൈരുണ്ട്, മാങ്ങ, നാരങ്ങാ അച്ചാറുകളുണ്ട്. പപ്പടവും കാച്ചി, പയറു കൊണ്ടാട്ടവും വറുത്തു.
ഒടുവിലായി സേമിയാപ്പായസവും തയാറാക്കി.
ഒറ്റമുറിയിൽ ഒരു കിച്ചനെറ്റാണ് ഉള്ളത്. അധികം പരത്തി ഇടാൻ സ്ഥലം ഇല്ല. വിഭവങ്ങൾ ഉണ്ടാക്കുന്നതനുസരിച്ച് എല്ലാം സെർവിങ്ങ് പാത്രങ്ങളിലേക്കാക്കി കുഞ്ഞു മേശപ്പുറത്ത് വെച്ച് ഉണ്ടാക്കിയ പാത്രങ്ങൾ കഴുകി കമഴ്ത്തി വെക്കും.
ചോറു മാത്രം കുക്കറിൽ നിന്ന് മാറ്റാറില്ല.
ഞാൻ കുളിച്ച് നല്ല ഭംഗിയുള്ള സൽവാർക്കമ്മീസിട്ട് പൊട്ടൊക്കെ കുത്തി ചുന്നരിപ്പാറുവായി നിന്നു.
അങ്ങനെ അതിഥികൾ എത്തി.
എല്ലാവർക്കും സന്തോഷമായി. അതിഥികൾ അല്പം ജീരകവെള്ളം കുടിച്ചിട്ട് ശടേന്ന് കുളിച്ച് വന്നു. എല്ലാവർക്കും നല്ലോണം വിശക്കുന്നുണ്ടായിരുന്നു.
വടക്കേ ഇന്ത്യക്കാരുടെ വലിയ തളിക പ്ളേററിൽ ഞാൻ വിഭവങ്ങൾ വിളമ്പി.
കൊണ്ടാട്ടം, അച്ചാറ്, പപ്പടം, ബീൻസ് തോരൻ, എരിശ്ശേരി, അവിയൽ..
ചോറു വിളമ്പാനായി കുക്കർ തുറന്നപ്പോഴാണ് നല്ല ബാസ്മതി അരി ആവശ്യത്തിനുള്ള വെള്ളം മാത്രം ചേർത്ത് അടച്ചുവെച്ചിരിക്കയാണെന്നറിഞ്ഞത്. ഞാൻ കുക്കർ അടുപ്പത്ത് വെച്ചിട്ടു പോലുമില്ലായിരുന്നു!!!
ഞങ്ങളുടെ വിശിഷ്ടാതിഥികൾ ആരായിരുന്നുവെന്നോ… കണ്ണൻെറ അമ്മയും അച്ഛനും… ഞങ്ങളുടെ ദില്ലി താമസസ്ഥലത്തേക്ക് അവർ ആദ്യമായി വന്നതായിരുന്നു….
തുറന്ന കുക്കർ കണ്ടു ആദ്യം എല്ലാവരും രണ്ടു സെക്കൻഡ് അന്തംവിട്ടിരുന്നു. പിന്നെ ഒറ്റ മുറി കുലുങ്ങുന്ന മാതിരി പൊട്ടിച്ചിരിച്ചു.
'നീയിങ്ങനാണോടീ എൻറെ മോന് ചോറ് വെച്ച് വിളമ്പുന്നതെ'ന്നായി കണ്ണൻറെ അമ്മ.
അച്ഛൻ പൂരിപ്പിച്ചു… ' എന്നാലും നല്ല ആത്മാർഥത ഉണ്ട് '
പൊട്ടിച്ചിരികൾക്കിടയിൽ ഞാൻ കുക്കർ അടുപ്പത്ത് കയറ്റി വെച്ചു.
തളികയിൽ വിളമ്പിയതെല്ലാം തോണ്ടി ത്തിന്നും പൊട്ടിച്ചിരിച്ചും എല്ലാവരും എൻറെ അമളി നന്നായി ആഘോഷിച്ചു.
ഞാനും ഇങ്ങനെ ഇളിച്ചോണ്ടിരുന്നു...
Subscribe to:
Post Comments (Atom)
2 comments:
ഞങ്ങളുടെ സുഹൃത്തിന് ഇതുപോലെയൊരു അബദ്ധം പറ്റിയിട്ടുണ്ട്. ഓണത്തിന് ഞങ്ങൾ കൂടിയതായിരുന്നു. കറിയെല്ലാം വിളമ്പി വൃത്തിയായി മേശയിൽ വച്ചിട്ട് ചോറ് നോക്കിയപ്പോഴാണ് അങ്ങിനെയൊരു സംഭവം അടുപ്പത്ത് കയറിയില്ലെന്ന് മനസ്സിലായത് :) പിന്നെ ഇത് പോലെ കറിയെല്ലാം തോണ്ടി തിന്ന് ചോറ് വേവാൻ കാത്തിരുന്നു :)
അന്നത്തെ ആ ചമ്മിയ മോന്തായം എഴുത്തിൽ കാണാം
Post a Comment