Wednesday, September 16, 2020

പറയി പെറ്റ പന്തിരുകുലം.


02/08/2020 

വരരുചി എന്ന ബ്രാഹ്മണ അഹങ്കാരിക്ക് അങ്ങനെ തന്നെ വേണം എന്ന് കഥ പറഞ്ഞു തന്നിട്ടുണ്ട് അമ്മീമ്മ. ചെറിയൊരു വാവയുടെ തലയ്ക്ക് ഭാഗത്ത് തിരിയും കത്തിച്ചു വെച്ച് വാവയെ വെള്ളത്തിലൊഴുക്കിയ വരരുചിയുടെ പാണ്ഡിത്യം, പക്ഷി ഭാഷയിലെ അറിവ്, വാഴ്ത്തപ്പെടുന്ന കേമത്തം….ഇതൊന്നും അമ്മീമ്മക്ക് പ്രശ്നമല്ല. മനുഷ്യത്വം ഇല്ലാത്തയാൾക്ക് ബാക്കി എന്തുണ്ടായിട്ടും കാര്യമില്ല. അക്കാര്യത്തിൽ അമ്മീമ്മക്ക് നല്ല ഉറപ്പായിരുന്നു.

എത്ര മക്കളെയാണ് അയാൾ അമ്മയില്ലാത്തവരാക്കി മാറ്റിയത്..എത്ര മാത്രം ഗർഭക്ളേശം സഹിച്ച്… നരകം പോലത്തെ പ്രസവവേദനയും സഹിച്ച് ..എല്ലാം കഴിഞ്ഞു കുഞ്ഞിനെ കളഞ്ഞേക്കാൻ പെറ്റമ്മയോടു പറയുന്ന വരരുചിയുടെ ബ്രാഹ്മണ്യത്തിന് അമ്മീമ്മയുടെ ദൃഷ്ടിയിൽ യാതൊരു വിലയും ഇല്ല..

കഥയനുസരിച്ചാണെങ്കിൽ … അമ്മീമ്മ യുടെ ബോധ്യമനുസരിച്ചാണെങ്കിൽ ജനിച്ചയുടനെ അമ്മയെ പിരിയേണ്ടി വന്ന പെറ്റിട്ട മക്കളെയെല്ലാം പിരിയേണ്ടി വന്ന ആ പറയിയാണ് ലോകമാതാവ്. അവരെയാണ് നാമം ചൊല്ലി ആദരിക്കേണ്ടത്.

ഞങ്ങൾ ആലോചിച്ചു തുടങ്ങും…

ശരിയാണല്ലോ.

ഇതിനൊക്കെ കാരണമുണ്ട്.

അമ്മീമ്മക്ക് കുട്ടയും വട്ടിയും പനമ്പും മുറവും ഒക്കെ നെയ്തു കൊടുക്കുന്ന ഒരു അമ്മയും മോളും ഉണ്ടാരുന്നു. അമ്മയുടെ പേര് ഞാൻ മറന്നുപോയി. മോളുടെ പേര് തങ്ക എന്നായിരുന്നു. അമ്മ ഇരു നിറമുള്ള കുറെ തലമുടിയുള്ള സ്ത്രീ ആയിരുന്നു. മോള് തുടുത്തു ചുവന്ന് അല്പം ചെമ്പൻ മുടിയുള്ളവളും…

ആൾക്കാരല്ലേ… അമ്മക്ക് ഏതോ സായിപ്പിൽ നിന്ന് ഉണ്ടായ പെണ്ണാണെന്നൊരു കഥ പ്രചരിപ്പിക്കാൻ എല്ലാവരും താത്പര്യപ്പെട്ടു.

പറച്ചികൾ എന്നാണ് എല്ലാവരും അവരെ വിളിക്കുക. അവരാകട്ടെ എല്ലാവരേയും തമ്പുരാട്ടി എന്ന് വിളിച്ചു പോന്നു.

ഞങ്ങൾ പറച്ചികളെന്നൊന്നും ഒരിക്കലും വിളിച്ചിട്ടില്ല. അങ്ങനെ നായരച്ചി, അമ്മ്യാര്, ചോത്തി, പുലയി, പറച്ചി, മാപ്ളച്ചി എന്നൊക്കെ ആരെങ്കിലും പറഞ്ഞതായി പറഞ്ഞാൽ പോലും അമ്മീമ്മ ചുട്ടപെട തരുമായിരുന്നു. അങ്ങനെ വിളിക്കുന്നത് കടുത്ത അധിക്ഷേപമാണെന്ന് അവർ ഞങ്ങളെ എപ്പോഴും പഠിപ്പിച്ചു.

അമ്മീമ്മക്ക് കൃഷി ചെയ്യാൻ വലിയ ആഗ്രഹമായിരുന്നു. അതുകൊണ്ട് കുറച്ചു ജോലിക്കാർ ഇടയ്ക്കിടെ വീട്ടിലെത്തും. ഗോവിന്നൻ, രാവുണ്ണി, നാരായണൻ, രാമൻ നായര് അങ്ങനെ കുറച്ച് അമ്മാവന്മാർ.. എല്ലാവരും അമ്മീമ്മയെ ടീച്ചറെ എന്ന് വിളിച്ചു സംസാരിക്കും. അവരെല്ലാം അമ്മീമ്മയെക്കാൾ ചെറുപ്പമായിരുന്നു.

വലിയ പനമ്പ്, ചവറുകൊട്ട, ചാണകക്കൊട്ട, കൊമ്പ് മുറം, പറക്കൊട്ട, മുറം, പൂവട്ടി, പഴക്കൊട്ട ഇതൊക്കെ കൃഷി ആവശ്യങൾക്കുള്ള അമ്മീമ്മയുടെ വീട്ടുപകരണങ്ങളായിരുന്നു. തങ്കേച്ചിയും അമ്മയുമാണ് ഈ പറഞ്ഞ കാര്യങ്ങൾ ഒക്കെ ശരിപ്പെടുത്തിക്കൊണ്ടുവരിക. മുണ്ടിൻറെ മടി കുറെ നീളത്തിൽ ഇട്ട് അതിങ്ങനെ ഞെറിഞ്ഞ് അരയിൽ കുത്തിവെച്ചിരിക്കും ഇരുവരും. ഭയങ്കര മുറുക്കുകാരാണ് അമ്മയും മോളും. തേക്കിൻറെ വലിയ ഒരിലയിൽ മുറുക്കാനുള്ള വെറ്റില മസാലകളും വെറ്റിലയും പൊതിഞ്ഞ് മടിയിൽ തിരുകീട്ടുണ്ടാവും. പിന്നെ നല്ല മൂർച്ചയുള്ള കത്തിയും.

വീട്ടിൽ വന്നാൽ വില്പന പതുക്കെയാണ് നടക്കുക. ആദ്യം മുറുക്കൽ, പിന്നെ പറമ്പിലെ മാങ്ങ, ഇഞ്ചി, നാരങ്ങ ഇതൊക്കെ എടുക്കൽ, അരച്ചുകലക്കിയും മെഴുക്കുപുരട്ടിയും കൊണ്ടാട്ടവും കടുമാങ്ങയും മോരും കൂട്ടിയുള്ള ഊണ്, ഉണ്ണുമ്പോൾ വലിയ ഉരുളകളായാണ് അവർ ഉണ്ണുക. എന്നിട്ട് മുഖം ചുളിച്ച് പറയും… 'എരൂം ല്ല.. പുളീം ല്ല.. നാല് പച്ചമൊളക് തരോ ടീച്ചറേ..'

ഇതും കഴിഞ്ഞു അമ്മീമ്മയുമായി മുൻവശത്തെ വരാന്തയിലിരുന്ന് പ്രാരാബ്ധം പറയും.. തൂത് കുടിക്കണ പാളോൻ, തൊയിരം തരാത്ത അമ്മായിഅമ്മ, ഈററ കിട്ടാത്തത്, ഈറ്റമ്പൊളി കുത്തിക്കേറി വിരൽ പഴുത്തത്, ഈറ്റക്ക് പോയപ്പോൾ അത്തമൻ ചാഞ്ഞേരേ മലമ്പാമ്പിനെ കണ്ടത്…

'മക്കള് പഠിക്കണുണ്ടോ..മേലാക്കത്തേക്ക് ആയണ്ടാവോ' എന്ന് അമ്മീമ്മയുടെ ക്ളാസ്സിൽ പഠിക്കുന്ന
കോളനിയിലെ കുട്ടികളെ അന്വേഷിച്ച് അവർ ആകുലപ്പെടും..

പിന്നെയാണ് വില്പന.. വിൽക്കുക മാത്രമല്ല പനമ്പും മറ്റും ചാണകം മെഴുകി വെക്കുകയും ചെയ്യും.

എനിക്കും റാണിക്കും ചെറിയ മുറം, ചെറിയ കുട്ട, തവി ഒക്കെ കളിക്കാനായി അവർ ഉണ്ടാക്കിത്തന്നിട്ടുണ്ട്.

ആരും തുണയില്ലാതെ തനിച്ചു താമസിച്ച് സവർണതയോടും ബ്രാഹ്മണ്യത്തിനോടുമെല്ലാം പൊരുതേണ്ടി വന്നതുകൊണ്ടാവാം അമ്മീമ്മക്ക് ജാതിയും മതവും തരിമ്പും പ്രശ്നമല്ലാതായിത്തീർന്നത്.

അമ്മീമ്മ മരിച്ച ദിവസം തങ്കേച്ചിയും കൂട്ടുകാരികളും മക്കളും വീട്ടിൽ വന്ന് നെഞ്ചത്തടിച്ചു നിലവിളിച്ചു…

എൻറെ ടീച്ചറേ….

പാളുവഭാഷയെപ്പറ്റി മൃദുലാദേവിMruduladevi S എഴുതിയപ്പോൾ ഓർമ്മിച്ചത്.

No comments: