Monday, September 14, 2020
കനവുചെപ്പിൻറെ നാലാമത്തെ അറ 5
22/07/2020
മൽസ്യ ഭക്ഷണത്തിൻറെ രുചിനിറവുകൾ ജീവിതത്തിൽ ഏകദേശം ഒരു ഇരുപത്തഞ്ചോളം വർഷം കഴുത്തിൽ കല്ലുകെട്ടി വെള്ളത്തിലിട്ടാലെന്ന വണ്ണം എന്നെ ങ്ങനെ ശ്വാസം മുട്ടിച്ചിട്ടുണ്ട്.
മീൻ മണം..
മീൻ രുചി..
മീൻ വെച്ചത്…
മീൻ വറുത്തത്..
മീൻ നിറച്ചത്...
മീൻ ബിരിയാണി..
എല്ലാം ഞങ്ങൾക്ക് അപമാനത്തിൻറെ ഒരിക്കലും ഒടിയാത്ത, തുരുമ്പ് പിടിക്കാത്ത, ഘനമേറിയ ഇരുമ്പ് താക്കോലുകൾ. അത് കൈയിൽ ചുരുട്ടിപ്പിടിച്ച് ഈ ലോകത്തിലെ ഏത് ആണ്മക്കും ഏത് പെണ്മക്കും എത്ര വേണമെങ്കിലും ഞങ്ങളെ ചോര നീലിക്കും വരെ ഇടിക്കാം. ചോദിക്കാനും പറയാനും ആരുമില്ലാത്തവരെ ഇടിക്കാനും അടിക്കാനും ചവിട്ടാനും എല്ലാവർക്കും ഇഷ്ടവുമാണ്.
അടുത്തതായി
നത്തോലി,
മുള്ളൻ,
ചാള,
അയില,
തിലോപ്പിയ,
ചെമ്മീൻ,
ഞണ്ട്,
കല്ലുമ്മക്കായ,
കണമ്പ്,
കോളേജ് കുമാരി അല്ലെങ്കിൽ ഉണ്ണിമേരി അതുമല്ലെങ്കിൽ കിളി മീൻ, ഇനി ഇതൊന്നുമല്ലെങ്കിൽ പൂമീൻ,
ആവോലി അല്ലെങ്കിൽ ആകോലി,
തിരുത,
ബ്രാല് അല്ലെങ്കിൽ വരാല്,
സ്രാവ്,
മഞ്ഞക്കോര,
നെയ്മീൻ…
ഈ പേരുകാരായ സുന്ദരിമാരൊക്കെ എന്നേ വല്ലാത്ത സങ്കടക്കടലിൽ തള്ളിയിട്ടിട്ടുള്ളവരാണ്. കണ്ടാൽ ഇവരെ ആരേം തിരിച്ചറിയില്ലാരുന്നു. പെടക്കണതാണോ വാടീതാണോ, മരുന്നിട്ടതാണോ, ചീഞ്ഞതാണോ.. ഒന്നും അറിഞ്ഞു കൂടാത്ത ഒരു ഭൂലോക മണ്ടശ്ശിരോമണിയായിരുന്നു ഞാൻ.
നല്ല മീൻ കൂട്ടാൻ, മീൻ വറുത്തത്, മീൻ ഉപ്പേരി, മീൻ തോരൻ, മീൻ അവിയൽ, മീൻ മപ്പാസ്, മീൻ മോളി, മീൻ കട്ലറ്റ്, മീൻ വാഴയിലയിൽ പൊതിഞ്ഞു ചുട്ടത്, ചെമ്മീനും ഞണ്ടും പൊരിച്ചത്, കല്ലുമ്മക്കായ നിറച്ചത്, മീൻ ബിരിയാണി… ഇതൊക്കെ ധാരാളം ഉണ്ടാക്കാൻ… പ്ളേറ്റ് നീറച്ച് വിളമ്പാൻ...ഉദരം വഴി ഹൃദയത്തിൽ സ്ഥിര പ്രതിഷ്ഠ നേടാൻ ഒക്കെ അദമ്യമായ ആഗ്രഹവും…
കയിലു കുത്താനറിയാത്ത ആശാരിച്ചി, നാവേറ് പാടാനറിയാത്ത പുള്ളുവത്തി, ഭിക്ഷയെടുക്കാൻ പറ്റാത്ത കുഷ്ഠരോഗി ഇവരെയൊക്കെ സാധാരണ മനുഷ്യർക്ക് ഭയങ്കര പരിഹാസമായിരിക്കും. ആശാരിച്ചികളുടേയും പുള്ളുവത്തികളുടേയും കുഷ്ഠരോഗികളുടേയും ഇടയ്ക്കാണെങ്കിൽ പോലും ഇവരെ എല്ലാവരും കൂടി കാക്ക വളഞ്ഞിട്ട് ഞോടും പോലേ ഞോടിക്കളയും…
ഞാൻ ശരിക്കും ഈ അവസ്ഥയിലായി…
രാത്രി ഉറങ്ങിയാലുടനെ ഞാനിങ്ങനെ പറ്റുന്ന പോലെ കടലീപ്പോയിത്തുടങ്ങി..
ആരും ല്ല കൂട്ട്..
വള്ളമൊക്കെ തള്ളിയിറക്കി ഞാൻ 'പുന്നപ്പറക്കാരേ..ചാകര ...ചാകര..'എന്നും പാട്ടും പാടി കടലീപ്പോവാണ്…
മീൻ പിടിക്കലാണെങ്കി ഹൗ … എൻറെ ആ കഴിവ് കണ്ടിര്ന്നെങ്കീ എന്നെ അപ്പത്തന്നെ മീൻ പിടിക്കണോരൊക്കെ കൂടി കേരളത്തിൻറെ മൊത്തം തൊറയിലരയത്തി ആക്കിയേനേം..
ആര്ടെ ഭാഗ്യാവോ അങ്ങനെ ഒന്നും ണ്ടായില്ല..
ഈ കടല്ണ്ടല്ലോ നമ്മള് കടൽത്തീരത്ത് നിന്ന് കാണണ പോലെ ഒന്നുമല്ല..
അതൊരു ഭാരതച്ചട്ടി പോലേയാണ് സ്വപ്നത്തില് കടന്ന് വരാ….കയിലിട്ട് മീൻ കഷണങ്ങൾ ഇങ്ങനെ കോരി എടുത്ത് ചോറിൻറേ അടുത്ത് വെക്കില്ലേ… അതു പോലേയാ ഞാൻ ഇങ്ങനെ മോളിൽ വിവരിച്ച മീനുകളെ കടലീന്ന് കോരിക്കോരി എടുക്കണത്….
എന്നിട്ട് അപ്പത്തന്നെ എല്ലാ മീനിനേം വെട്ടി കല്ലുപ്പ് ഇട്ട് ഒരച്ച് കഴുകി ശരിപ്പെടുത്തും..
ആ മറന്നു…
അന്നേരം എൻറെ വഞ്ചീണ്ടല്ലോ ഒരു ബെസ്റ്റ് അടുക്കള ആയിട്ട് കടലിൻറെ നീലിച്ചു പച്ചച്ച വെള്ളത്തിൽ താളം തല്ലി ഓലോലം പാടി അരുമയായിട്ട് കൊഞ്ചികിടക്കുണുണ്ടാവും.
പിന്നെ, പാചകത്തിൻറെ അഞ്ചു കളിയാണ്..
വെയ്ക്കുന്നു, വറക്കുന്നു, പൊരിക്കുന്നു, ചുടുന്നു, നിറയ്ക്കുന്നു..ദമ്മിടുന്നു…
എല്ലാം ചെയ്യുമ്പോ നല്ല നറുമണം കിട്ടും എനിക്ക് കേട്ടോ. പിന്നെ ദാരിദ്ര്യം പിടിച്ച അടുക്കളയൊന്നല്ല..എൻറെ വഞ്ചി. അതിങ്ങനെ സർവസാധനങ്ങളും നിറച്ച തിമിംഗലത്തലയോളം പലതരം മസാലകളരച്ച പാത്രങ്ങൾ വെച്ച ഒരു വൻ സംഭവമാണ്.
അങ്ങനെ എല്ലാം ഉണ്ടാക്കി പാക്ക് ചെയ്ത് ചേറ്റുവേലോ നാട്ടികേലോ വാടാനപ്പിള്ളീലോ വലപ്പാട് ബീച്ചിലോ മറ്റോ ഞാൻ വഞ്ചി അട്പ്പിക്കാൻ നോക്ക്മ്പോ ഒരു തിമിംഗലം വരും..
വെറും തല്ലിപ്പൊളി ഓഞ്ഞ തിമിംഗലമൊന്നുമല്ല..
നല്ല ബെസ്റ്റ് നീല തിമിംഗലമാണ്… അതിനാണെങ്കിൽ എന്നോട് മുടിഞ്ഞ സ്നേഹോമാണ്.
അത് രാഷ്ട്രപതീടെ വീടു പോലത്തെ വായും തുറന്ന് എന്നോട് പറയാണ്..
അതിനേം മുറിച്ചു കറിവെയ്ക്കാൻ..
'ഇന്നത്തേക്ക് മതി.. ഇത്ര മതി.. ഞാൻ നാളേ വരാംന്ന് നാളേ ഒറപ്പായിട്ടും വരാന്ന് ' പറേമ്പോഴാവും… അത് വാലിട്ടടിച്ചിട്ട് കടൽവെള്ളം ഇങ്ങനെ കേറിക്കേറി വരണത്…
ഒന്ന്ല്ലാന്ന്…ഒക്കെ കിനാവല്ലേ ..
അന്നൊക്കെ എൻറെ മോള് ചെറുതല്ലേ… അവള് ഉറക്കത്തിൽ മൂത്രമൊഴിക്കുന്നതും നനവ് തട്ടുമ്പോൾ ഉറക്കെ കരയുന്നതുമാണ്… കടലായിട്ടും തിമിംഗലം മിണ്ടണതായിട്ടും ഒക്കെ.. ങാ.. അതേന്ന്…
അദ്ദന്നേന്ന്...
Subscribe to:
Post Comments (Atom)
1 comment:
മീൻ കിനാവുകൾ ..
Post a Comment