Monday, September 14, 2020

മനുഷ്യക്കുഞ്ഞുങ്ങൾ അനാഥരാണ്.


19/07/2020 

കുഞ്ഞുങ്ങളെ എന്നു വെച്ചാൽ മാനസികമായും ശാരീരികമായും പ്രായപൂർത്തിയാകാത്തവരെ ലൈംഗിക മായി പീഡിപ്പിക്കുന്ന മനുഷ്യർ, അവർ ആരായാലും ഏതു ബന്ധത്തിൽപ്പെട്ടവരായാലും തികഞ്ഞ സാമൂഹ്യവിരുദ്ധർ തന്നെയാണ്. അത്തരം പീഢനങ്ങൾ ഏതു നിയമം വെച്ചു നോക്കിയാലും ശിക്ഷ ലഭിക്കേണ്ട ക്രിമിനൽ കുറ്റമാകേണ്ടതാണ്.

മനുഷ്യക്കുഞ്ഞുങ്ങളോളം നിസ്സഹായരായ അവസ്ഥയിൽ, നീണ്ട വർഷങ്ങളിലെ വൈകാരികവും സാമ്പത്തികവും സാമൂഹികവും ആയ ആശ്രിതത്വം പുലർത്തേണ്ട അവസ്ഥയിൽ മറ്റൊരു ജീവിവർഗ്ഗത്തിൻറെയും സന്താനങ്ങൾ ഉണ്ടാകുന്നില്ല.

മനുഷ്യക്കുഞ്ഞുങ്ങൾക്ക് സാമാന്യം ഭേദപ്പെട്ട രീതിയിൽ വളർന്നു വലുതാകാൻ ഒരുപാട് കാര്യങ്ങൾ വേണം. ശാരീരികവും മാനസികവും വൈകാരികവുമായ മിനിമം സുരക്ഷിതത്വമെങ്കിലും അവർക്ക് അത്യാവശ്യമാണ്.

തൻറെ ശരീരം തൻറെയാണെന്ന് പോലും കുഞ്ഞുങ്ങൾക്ക് ശരിക്കും അറിയില്ല. എന്നിട്ടു വേണമല്ലോ അതിന്മേൽ നടക്കുന്ന ചൂഷണത്തിൻറെ ആഴം അവരറിയാൻ..

മിഠായി മുതൽ ബിരിയാണി വരെ... കളിപ്പാട്ടം മുതൽ വെറുതെ നടക്കാൻ കൊണ്ടു പോവുന്നതുവരെ.. റിബൺ മുതൽ കഥ പറഞ്ഞുറക്കുന്നതു വരെ...

എത്രയോ എത്രയോ ആരുമറിയാത്ത ആരും ഒരിക്കലും സംശയിക്കാത്ത അവസരങ്ങൾ.. സ്നേഹ വാൽസല്യപ്രകടനങ്ങൾ..

വേദനയില്ലെങ്കിൽ പല അസ്വാഭാവിക അസ്വസ്ഥതകളും കുഞ്ഞുങ്ങൾ സഹിക്കും. സംഭവിക്കുന്നത് എന്താണെന്ന് അവർ അറിയില്ല..

വേദനിക്കുമ്പോൾ കുഞ്ഞുങ്ങൾ കരയും, അവർക്ക് പനി വരും, സംസാരിക്കുമ്പോൾ വിക്കും, പേടിസ്വപ്നം കാണും.

അപ്പോഴാണ് നീചമനസ്സുകൾ പറഞ്ഞു തുടങ്ങുന്നത്

'കുറുമ്പ് കാണിച്ചപ്പോൾ രണ്ടടി കൊടുത്തു. വേറൊന്നും ഉണ്ടായിട്ടില്ല. ഞാൻ കുഞ്ഞിൻറെ ഇന്ന ആളല്ലേ... കുഞ്ഞിനെ നല്ല സ്വഭാവം പഠിപ്പിക്കാൻ എനിക്കവകാശമില്ലേ...ഞാൻ അങ്ങനൊക്കെ മോശമായി നമ്മുടെ കുഞ്ഞിനോട് പെരുമാറുമോ..'

ഉടനെ എല്ലാവരും സമ്മതിക്കും. 'നല്ല കുട്ടിയായി വളരണ്ടേ..അതിനല്ലേ. ഒരടി കൊടുത്താലെന്താ..അവകാശമുണ്ടായിട്ടല്ലേ..'

കുഞ്ഞുങ്ങൾ മൗനത്തിന്റെ കൂടന്വേഷിക്കും. അവിടെയുമിവിടെയും അപ്രസന്നരായി കുത്തിയിരിക്കും. അവരെ ആരും ശരിക്കും അറിയുന്നില്ലെന്ന്, അവർക്ക് അവരെ പറഞ്ഞു വെളിപ്പെടുത്താനാവുന്നില്ലെന്ന് കുഞ്ഞുങ്ങൾ ദണ്ണപ്പെടും..

ഈ ഘട്ടം കഴിയുമ്പോഴേക്ക് നീചമനസ്സുകൾ കൂടുതൽ മുന്നോട്ടേക്ക് നീങ്ങുകയാവും. അവർക്ക് ധൈര്യമായി. തിരുമണ്ടരായ മാതാപിതാക്കൾക്കോ ബന്ധുക്കൾക്കോ പാവം കുഞ്ഞുങ്ങളുടെ ദണ്ണം അറിയാനായിട്ടില്ല.

അവർ കുഞ്ഞുങ്ങളെ ഭീഷണിപ്പെടുത്തും. 'ആരോടെങ്കിലും മിണ്ടിയാൽ കൊല്ലും.. നിൻറമ്മേ കൊല്ലും..അച്ഛനെ കൊല്ലും..'

കുഞ്ഞുങ്ങൾ പേടിച്ച് വിറയ്ക്കും... അവർ സംസാരിക്കില്ല.. അല്ലെങ്കിൽ വേദനിക്കുന്നിടം ആരും അമ്മ പോലും തൊടണ്ട എന്നു പറയും.. വയറു വേദനിക്കുന്നു... പേടിയാകുന്നു ... നെഞ്ചത്ത് വേദനിക്കുന്നു എന്നൊക്കെ പറയും..

ആശുപത്രിയിൽ പോവേണ്ടി വരികയോ ടീച്ചർമാരോ മറ്റാരെങ്കിലുമോ അറിയുകയോ ചെയ്തു കാര്യങ്ങളിൽ
സംശയമുണ്ടാവുമ്പോഴും നീചമനസ്സുകൾ നിഷ്കളങ്കതയുടെ ഏത്തമിട്ടു കാണിച്ച് നല്ലവരാകും.

'ഞാൻ ചെയ്തിട്ടേയില്ല... കുഞ്ഞിനെ എപ്പോഴും സ്നേഹിക്കുകയും വാൽസല്യപ്പെടുത്തുകയുമേ ചെയ്തിട്ടുള്ളൂ.'

അപ്പോൾ നമ്മുടെ നാട്ടിൽ, മാതാപിതാക്കളിൽ, ബന്ധുക്കളിൽ ഒക്കെ ആധി കയറുകയായി. ഒരു പെൺകുട്ടി അല്ലേ... ഇങ്ങനെയൊക്കെ ഉണ്ടായി എന്നു ലോകരറിഞ്ഞാൽ നല്ല കല്യാണം നടക്കുമോ നാളേ... പെൺകുട്ടി വീട്ടിലിരുന്നു പോവില്ലേ..

അപ്പോൾ കുഞ്ഞുങ്ങളോട് എല്ലാവരും കൂടി ഉപദേശിക്കും. സമാധാന പ്പെടുത്തും..

'പോട്ടേ, ചക്കരേ... മക്കൾക്ക് തോന്നിയതാവും. ആ മാമൻ ,ആ ആള്, അച്ഛൻ, ആ മാഷ്, ആ .. ആ... അങ്ങനൊന്നും ചെയ്യില്ല.. മക്കൾക്ക് വെറുതെ തോന്നിയതാവും...'

കുഞ്ഞുങ്ങൾക്ക് നുണയും സത്യവും തമ്മിൽ കുഴയും.. സ്വപ്‌നവും കാഴ്ചയും തമ്മിൽ ഉരുണ്ടു മറിയും...ശബ്ദവും മൗനവും തമ്മിൽ തെറ്റും.

പിന്നെ നമ്മുടെ സമൂഹത്തിൻറെയും കൂടി നീചമായ ഉത്തരവാദിത്തത്തിൽ സംഭവിക്കുന്ന നീചമനസ്സുകളുടെ അതിരില്ലാത്ത ആത്മവിശ്വാസത്തിൻറെ ആകാശപ്പറക്കലുകളാണ്..

അതിൽ ഒന്നുകിൽ കുഞ്ഞുങ്ങൾ കൊല്ലപ്പെടും..

അല്ലെങ്കിൽ പരാതിയും കേസുമാകും.

കുഞ്ഞുങ്ങൾ കൊല്ലപ്പെട്ടാൽ സമൂഹത്തിൽ ആശ്വാസമാണ്.. മരിച്ചുവല്ലോ. എണീറ്റു വന്ന് ഒന്നും വിളിച്ചു പറയില്ലല്ലോ.

മരിച്ചില്ലെങ്കിൽ കേസ് അന്വേഷിക്കുന്ന പോലീസ്, പട്ടാളം, ഗവൺമെന്റുകൾ, നിയമം, മാധ്യമങ്ങൾ എല്ലാവരും ചേർന്ന് ഉറക്കെ ഉറക്കെ അലറും

'കുഞ്ഞുങ്ങൾ ശരിക്കും കാര്യങ്ങൾ പറയുന്നില്ല.. വൈരുദ്ധ്യം ഉണ്ട്. മാതാപിതാക്കൾ പണം തട്ടാൻ വേണ്ടി ചമച്ച കള്ളക്കേസാണ്.... അമ്മയച്ഛന്മാർ അറിഞ്ഞുകൊണ്ട് നടന്നതാണ്.. നേരത്തേ തന്നെ കാര്യങ്ങൾ പറയേണ്ടതായിരുന്നില്ലേ. അമ്മേം അച്ഛനും കൂടീ വഴക്കാണ്. അമ്മ അച്ഛനെ കുടുക്കാൻ വേണ്ടി പറഞ്ഞുണ്ടാക്കിയ കേസ്സാണ്.അച്ഛനെതിരേ പരാതിപ്പെട്ട അമ്മക്ക് മാനസിക പ്രശ്നമുണ്ട്.'

പൊതുസമൂഹത്തിന് അതോടെ സമാധാനമായി.കാര്യങ്ങൾക്ക് ഒരു തീർച്ച വന്നല്ലോ. വെറുതെ കുറ്റമാരോപിക്കപ്പെട്ട ആ മനുഷ്യനോട് മാപ്പു പറയണം കുഞ്ഞുങ്ങളുടെ ഒപ്പം നിന്നവർ എന്നും പൊതുസമൂഹം ഉറപ്പിക്കും. കല്പിക്കും.

അപ്പോൾ കുഞ്ഞുങ്ങളെ ദ്രോഹിച്ച നീചമനസ്സുകൾക്കായി പലരും വലിയ അക്ഷരങ്ങളിൽ എഴുതിത്തുടങ്ങും

കുഞ്ഞ് ആസ്വദിച്ചു... കുഞ്ഞിന് സമ്മതമായിരുന്നു.. അല്ലെങ്കിൽ കുഞ്ഞിന് ഉറക്കെ ഒന്ന് ഒച്ചവെക്കാമായിരുന്നില്ലേ.. അമ്മ ശരിക്കും കുഞ്ഞുങ്ങളെ പഠിപ്പിക്കേണ്ടേ..

അതത് പാർട്ടികളിലെ നീചമനസ്സുകളെ അതത് പാർട്ടികളും അതത് പാർട്ടികളുടെ അനുയായികളും കൂടി സംരക്ഷിക്കും.

ഞങ്ങളാണ് അധികാരത്തിലെങ്കിൽ കുഞ്ഞുങ്ങളെ ദ്രോഹിച്ച നീചമനസ്സുകളെ മാതൃകാപരമായി ശിക്ഷിക്കും എന്നു പറയും.

മനുഷ്യരുടെ കുഞ്ഞുങ്ങൾ അതീവനിസ്സഹായരാണ്. അവർക്ക് ആരുമില്ല.

മനുഷ്യക്കുഞ്ഞുങ്ങൾ അനാഥരാണ്...

No comments: