Wednesday, September 9, 2020

കേരളവർമ്മയിലെ ഒരു സഹപാഠി




ഇത് നിന്നെക്കുറിച്ചാണ്..

നിൻറെ പേര് ആദ്യമായി കേൾക്കുന്നത് പ്രീഡിഗ്രിയുടെ ട്യൂഷൻ ക്ളാസ്സിൽ എം.കെ മേനോൻ മാഷ് പുകഴ്ത്തിയിട്ടാണ്. ദാ, ഉയർന്നു വരുന്നു ഒരു എൻജിനീയർ.. ഫിസിക്സ് ബൈഹാർട്ട്, കെമിസ്ട്രി കംപ്ളീറ്റ് ബൈഹാർട്ട്, മാത് സ് മുഴുവൻ പ്രോബ്ളംസും ടിപ്സിലാണ്..

നിൻറെ മുഴുവൻ പേര് മാഷ് പറയില്ല.. ഇനിഷ്യൽസ് ഉപേക്ഷിക്കും..

മാഷ് പറയുന്നത് കേട്ടാൽ തോന്നുക നീയൊരു എൻജിനീയറായി, ഏതോ വലിയ ഫേമിൻറെ ചീഫ് ആയി എന്നൊക്കെയാണ്. സകല വിവരവും ടിപ്സിലുള്ള കഴിവുറ്റ ഒരു എൻജിനീയർ.. മാഷുടെ സ്വന്തം മോനെപ്പോലും അദ്ദേഹം ഇങ്ങനെ പുകഴ്ത്താറില്ല.

നീ മോണിംഗ് ബാച്ചിലും ഞാൻ ഈവനിംഗ് ബാച്ചിലുമായിരുന്നു.

രണ്ടു വർഷത്തെ ട്യൂഷൻ കഴിഞ്ഞ് നടന്ന ഫെയർവെല്ലിൻറെ അന്നാണ് നമ്മൾ തമ്മിൽ ആദ്യം കാണുന്നത് തന്നെ

അന്ന് നീയൊരു കഥ വായിച്ചു. അർഥമില്ലാത്ത ചോദ്യങ്ങൾ ചോദിച്ച് ക്ളാസ്സിനെ ചിരിപ്പിക്കുന്ന പനിപിടിച്ച മുഖമുള്ള ഒരു പെൺകുട്ടിയെക്കുറിച്ചായിരുന്നു കഥ. മേനോൻ മാഷിൻറെ ക്ളാസ്സ് തന്നെയായിരുന്നു കഥയിലെ അന്തരീക്ഷവും..

പിന്നീട് നമ്മൾ കാണുന്നത് കേരളവർമ്മ കോളേജിലാണ്. നിന്നെ അവിടെ കണ്ടപ്പോൾ ഞാൻ അൽഭുതപ്പെട്ടു. തൃശൂർ ഗവണ്മെൻറ് എൻജിനീയറിങ് കോളേജിൻറെ പച്ചബസ്സിൽ വലിയ ഗമയിൽ കയറിപ്പോവേണ്ടിയിരുന്ന നീ.. ദേ, കേരളവർമ്മയുടെ മുറ്റത്ത് മരച്ചുവട്ടിൽ ചുമ്മാ നില്ക്കുന്നു ..

ഞാൻ മലയാളം പഠിക്കുമ്പോൾ നീ ഫിസിക്സ് പഠിച്ചു. ഗോവിന്ദൻ കുട്ടി മാഷുടെ ഗ്യാലറി ക്ളാസ്സിൽ നീ ഇരിക്കുന്നതും, ഫിസിക്സ് ലാബിൽ നിന്ന് നീ ഇറങ്ങി വരുന്നതും ഞാൻ കണ്ടിട്ടുണ്ട്.

അക്കാലത്തൊന്നും നമ്മൾ ഒരക്ഷരം പോലും സംസാരിച്ചിട്ടില്ല.

ആ വർഷത്തെ വൈഖരി ക്യാമ്പിൽ ഒരു ക്വിസ് പ്രോഗ്രാം ഉണ്ടായിരുന്നു. നീ അത് ഓർക്കുന്നുണ്ടോ എന്നെനിക്കറിയില്ല.

ഞാൻ ആണ് ഒന്നാമതായത്. ഗ്രേപ്സ് ഓഫ് റാത്ത് എന്നതായിരുന്നു എന്നെ ഒന്നാമതാക്കിയ ചോദ്യത്തിൻറെ ഉത്തരം. അന്നാണ് 'നല്ലപോലേ വായിക്കുമല്ലേ' എന്ന ചോദ്യം നീ എന്നോട് ചോദിച്ചത്.

നമ്മൾ അല്പാല്പം സംസാരിച്ചു തുടങ്ങിയത് അതിനു ശേഷമാണ്.

അതിനു ശേഷം പുറത്തിറങ്ങിയ കേരളവർമ്മക്കവിതകളിൽ എൻറെ ഒരു കവിതയും ചേർക്കപ്പെട്ടിരുന്നു. ഞാൻ കവിത നിൻറെ പക്കൽ ഏല്പിക്കുകയാണ് ചെയ്തത്. ഇഷ്ടം പോലെ ചെയ്യൂ എന്ന മട്ടിൽ…

ആ കവിതകളും കഥകളും പുസ്തകങ്ങളാകുന്നതുമായി ബന്ധപ്പെട്ട ഒരു ചർച്ചയിൽ നമ്മൾ പങ്കെടുത്തിരുന്നു. അധ്യക്ഷത വഹിച്ചത് ഇന്നത്തെ പ്രശസ്ത കവി രാവുണ്ണി ആയിരുന്നു. കോളേജ് യൂണിയൻ ചെയർമാൻ കൂടി ആയിരുന്നുവല്ലോ അന്ന് രാവുണ്ണി. മൈഗ്രേൻ മൂത്ത് തലവേദനയിൽ തുടിച്ച എന്നെ മീറ്റിങിൽ നിന്ന് പറഞ്ഞുവിടാൻ നീ ഒരു ഓട്ടോറിക്ഷയുമായി വന്നെത്തി. പിന്നീട് ഒരിക്കൽ പോലും ആ പുസ്തകങ്ങളെപ്പറ്റി നമ്മൾ സംസാരിച്ചതുമില്ലായിരുന്നു.

വൈഖരി ക്യാമ്പിനും ആ മീറ്റിങിനും ശേഷം വന്ന ന്യൂ ഇയറിന് രാവുണ്ണിയും നീയും എനിക്ക് ഓരോ ന്യൂ ഇയർ കാർഡുകളയച്ചിരുന്നു. എനിക്ക് വന്ന മറ്റു പല കാർഡുകളും അച്ഛൻ കണ്ടിരുന്നു. എന്നാൽ സ്ത്രീ നാമമല്ലാതിരുന്നതുകൊണ്ട് നിങ്ങളുടെ കാർഡുകൾ അച്ഛനെ അനാവശ്യമായി ക്ഷുഭിതനാക്കി.

ഇനി മേലിൽ കാർഡയക്കരുതെന്ന് ഞാൻ നിന്നോട് പറഞ്ഞു. ഏറെ സീനിയറായ രാവുണ്ണിയെ എനിക്ക് പേടിയായിരുന്നു. അതുകൊണ്ട് ഞാൻ അന്വേഷിക്കുകയോ കാർഡയക്കരുതെന്ന് പറയുവാൻ ശ്രമിക്കുകയോ ചെയ്തില്ല. പ്രിൻസിപ്പലിൻറെ മുറിക്കു മുന്നിലായി ഒരു മരമുണ്ടായിരുന്നു. അവിടെ നീളത്തിൽ കല്ലുകെട്ടിയിരുന്നു. ആൺകുട്ടികൾ ഇഷ്ടം പോലെ വാചകമടിച്ചുകൊണ്ട് അവിടെ മണിക്കൂറുകളോളം ഇരിക്കാറുണ്ടായിരുന്നു അക്കാലത്ത്.

നീ അല്പം വിഷണ്ണനായി. എന്നിട്ട് ചോദിച്ചു.

'നിത്യജീവിതം വല്ലാതെ ദുരിതപൂർണമാണ് അല്ലേ'

ചമ്മൽ ഒളിപ്പിക്കാനായി ഞാൻ ഗൗരവത്തോടെ നടന്നകന്നു.

പിന്നെ ഏറെക്കാലം നമ്മൾ ഒരക്ഷരം പോലും സംസാരിച്ചതേയില്ല.

എൻറെ വീട്ടിലെ എല്ലാ സ്ത്രീകളുടേയും ജീവിതത്തെ തകർത്തുകളഞ്ഞ ആ തീരുമാനമെടുത്ത ദിവസം നമ്മൾ ലൈബ്രറിയിൽ വെച്ച് കണ്ടിരുന്നു. ഞാൻ ഒന്നും നിന്നോട് പറഞ്ഞില്ല. നീയെല്ലാം അറിഞ്ഞിരുന്നുവെന്ന് പിന്നീടാണ് എനിക്ക് മനസ്സിലായത്. അരിമ്പൂരിലെ കൊച്ചു വാടകവീട്ടിൽ നീ വന്ന ദിവസം..

കോളേജ് അധ്യാപകർക്ക് ഒരു കുടുംബം പോറ്റാനുള്ള ശമ്പളമൊന്നുമില്ലെന്നും ദാരിദ്ര്യത്തിനെ പേടിയാണെന്നും നീ അന്നേ കണ്ണട വെച്ച ആ മുഖത്തു നിന്നു കേട്ടു കഴിഞ്ഞിരുന്നുവത്രേ.

ചായ കുടിച്ച് ഇറങ്ങുമ്പോൾ പിടിയരിപ്പാത്രം എന്ന ചെലവ് ചുരുക്കൽ ടെക്നിക്കിനെപ്പറ്റി നീ എന്നോട് പറഞ്ഞു. പിന്നെ ആ ടെക്നിക്ക് ഒരുപാട് പേർ എനിക്ക് പറഞ്ഞു തന്നിട്ടുണ്ട്. എൻറെ ഗുരുനാഥനായിരുന്ന ആർ ജി മാഷടക്കം.

നീ എൻട്രൻസ് എഴുതുന്നില്ലെന്നും ഷോപ്പ് ഇടുവാൻ പോവുകയാണെന്നും മറ്റും കേട്ടപ്പോൾ ഞാൻ അമ്പരന്നു. ബി എസ് സി കഴിഞ്ഞ് നീ കേമനായി
എൻജിനീയറിങ് പാസ്സാകും.. മേനോൻ മാഷ് പറഞ്ഞിരുന്ന പോലെ ഏതെങ്കിലും ഒരു വലിയ ഫേമിൻറെ തലപ്പത്ത് എത്തും. ഒപ്പം ഒരു നല്ല എഴുത്തുകാരനുമാകും എന്നൊക്കെയായിരുന്നു നിൻറെ ഭാവിയെക്കുറിച്ച് ഞാൻ കരുതീരുന്നത്.

അങ്ങനെയാണ് ഞങ്ങൾ ഇരുവരും ഒന്നിച്ച് നിൻറെ വീട്ടിൽ വന്നത്. അനിയത്തിമാരേയും അമ്മയേയും കണ്ടത്. അമ്മ തന്ന തേനൂറുന്ന വരിക്കച്ചക്കപ്പഴം വയറു നിറയെ കഴിച്ചത്.

പിന്നെ നിൻറെ ഷോപ്പിലേക്കും ഞങ്ങൾ വന്നു. ആ ഷോപ്പ് നടത്താൻ വേണ്ട വിദ്യാഭ്യാസയോഗ്യത നീ സമ്പാദിച്ചു കഴിഞ്ഞുവെന്നറിഞ്ഞപ്പോൾ എനിക്ക് മനസ്സിലായി, മേനോൻ മാഷുടെ വാക്കുകളിലെ മിടുക്കനായ എൻജീനിയർ ഇതാ ഒരു ഷോപ്പുടമസ്ഥനായി അവതരിച്ചിരിക്കുന്നു.

പിന്നീട് നമ്മൾ തമ്മിൽ കണ്ടതേയില്ല.

ആ ജനുവരി മാസം ആദ്യം നീ കവിത പോലുള്ള ഇഷ്ടിക വീട്ടിലേക്ക് കയറി വന്നു. ഞാൻ തൃശൂർ വിട്ടു പോകുന്നതിന് കുറച്ചു നാൾ മുമ്പ്. ഞാനും മോളും എൻറെ വീട്ടുസഹായി ലിസിയും മാത്രമേ ഉണ്ടായിരുന്നുള്ളൂ ആ കവിത വീട്ടിൽ..

കോസ്റ്റ്ഫോർഡിലെ പലരും എന്നെ ആണുങ്ങളെ വലവീശിപ്പിടിക്കുന്നവൾ എന്ന് വിശേഷിപ്പിക്കുന്നത് നീ അറിഞ്ഞിരുന്നു. എസ് എഫ് ഐ പ്രവർത്തകർ എൻറെ സദാചാരമില്ലായ്മ യെപ്പററി രോഷാകുലരാണെന്ന് നീയറിഞ്ഞിരുന്നു. മാഷ് എത്ര ദുരിതപൂർണമായ ജീവിതമാണ് നയിക്കുന്നതെന്നതും അതിൽ അവരെല്ലാം എത്ര വേദനയാണ് അനുഭവിക്കുന്നതെന്നതും നീ അറിഞ്ഞിരുന്നു.

നിനക്കറിയാവുന്നതിൽ വെച്ച് ഏറ്റവും മൃദുലമായ വാക്കുകളോടേയാണ് നീ ഇതെല്ലാം എന്നോട് പറഞ്ഞത്.

എല്ലാം നിസ്സാരമാക്കി, മാഷ് ഒപ്പമുണ്ടെന്ന് പ്രഖ്യാപിച്ചു നിന്നെ ഞാൻ മൗനിയാക്കി..

നിനക്ക് ചായ തന്നു.

എൻറെ മകളുടെ കുസൃതികളെക്കുറിച്ച് പറഞ്ഞു. കഴിയുന്നത്ര നിൻറെ നോട്ടങ്ങളെ ഞാൻ അവഗണിച്ചു.

യാത്ര പറഞ്ഞിറങ്ങിയ നീ അഞ്ചാറടി വെച്ച് തിരിഞ്ഞു നിന്നു..

'സൂക്ഷിക്കണം. .. ഒന്നും പ്രശ്നമല്ലെന്ന് എല്ലാം മനസ്സിലാക്കുന്നുവെന്ന് മാഷ് പറയുന്നതൊക്കെ സത്യമാവണമെന്ന് നിർബന്ധമില്ല..

കല സൂക്ഷിക്കണം'

ഞാൻ സ്തബ്ധയായി നിന്നു.

മുപ്പതു വർഷം കടന്നു പോയി.

ഇരുപത്തിനാല് തികയും മുമ്പേ നീ പ്രവചനമായി പറഞ്ഞ വാക്കുകളുടെ ഭാരമോർത്ത് എത്രയോ രാത്രികളിൽ ഞാൻ ഞെട്ടിയുണർന്നിട്ടുണ്ട്.

നിൻറെ മേൽവിലാസം ഞാൻ ഒരിക്കലും മറന്നിരുന്നില്ല.

എൻറെ മോൾ എന്തൊക്കെ അനുഭവിക്കും എന്ന ഭ്രാന്ത് പൂക്കുന്ന മരണോന്മാദം രക്തത്തിൽ പതയുന്ന നേരത്ത് ഒന്ന് എൻറെ മോളേ പോയി കണ്ടു വരാമോ എന്ന് നിന്നോട് ചോദിക്കണമെന്ന് വിചാരിച്ചിട്ടുണ്ട്.

പക്ഷേ, പേടിയായിരുന്നു.

എല്ലാവരും വിചാരിച്ച പോലെ ഞാൻ ഒരു ശരീരവില്പനക്കാരിയാണെന്ന് നീ കരുതീട്ടുണ്ടെങ്കിൽ എന്നോർത്ത് കിടുകിടെ വിറക്കുമായിരുന്നു ഞാൻ..

അതുകൊണ്ട് സൂര്യനോടും ചന്ദ്രനോടും മാത്രം എൻറെ നിലാവിൻറെ കഷണത്തെ പറ്റി ഞാൻ എന്നും ചോദിച്ചു...

അന്നൊന്നും വിശക്കില്ല.. ദാഹിക്കില്ല.. ഉറക്കവും വരില്ല..

എന്തൊരു കാലമായിരുന്നു അത്...

പിന്നീട്...

നിൻറെ ഷോപ്പിനടുത്തു കൂടെ കടന്നു പോവുമ്പോൾ ഞാൻ ഓർക്കും… ഒന്ന് അന്വേഷിച്ചാലോ.. അടുത്ത നിമിഷം ആലോചന മാറ്റും. നിനക്ക് എന്നോട് സൗഹൃദം ബാക്കിയുണ്ടാവുന്നതെങ്ങനേ?.. ഒരു വഴിയുമില്ലല്ലോ.. അങ്ങനെ ആ ആലോചന ഞാൻ കുടഞ്ഞു തെറിപ്പിക്കും.

മാഷെ സ്തുതിച്ച് എല്ലാവരും എഴുതിയ ആ പുസ്തകം ഞാൻ കണ്ടത് എൻറെ സുഹൃത്തായ ദേവപ്രിയൻ എന്ന ആർക്കിടെക്റ്റിൻറെ വീട്ടിൽ വെച്ചാണ്. അതിൽ നിൻറെ കുറിപ്പും ഉണ്ടായിരുന്നു.

തികഞ്ഞ നിസ്സംഗതയോടെ ഞാൻ ആ പുസ്തകം വായിച്ചു തീർത്തു.

എൻറെ ആത്മകഥാ പ്രകാശനത്തിന് നിന്നെ ക്ഷണിക്കാൻ ഞാൻ അധൈര്യപ്പെട്ടത് ആ സ്തുതി ബുക്കിലെ കുറിപ്പ് വായിച്ചതുകൊണ്ടാണ്. നീ സ്തുതിച്ചിരുന്നില്ല.. എന്നാലും എനിക്ക് മടി തോന്നി.

എൻറൊപ്പം പഠിച്ച ഒരാൾ സ്വന്തം ഔദ്യോഗിക വേഷത്തിലല്ലാതെ പുസ്തകപ്രകാശനത്തിന് എത്തിയിരുന്നു. സംസാരിക്കാൻ അവസരം കിട്ടിയവരോടെല്ലാം ഞാൻ കള്ളമാണ് എഴുതിയതെന്ന് അയാൾ ആണയിട്ടു. എൻറെ അനിയത്തി ഭാഗ്യയെ കിട്ടിയ അവസരത്തിൽ പറ്റാവുന്ന പോലെ അപമാനിച്ചു. സി. ജെസ്മിയെ പരിഹസിച്ചു. അയാളുടെ ഫോൺനമ്പർ എനിക്ക് തന്നിട്ട് അയാളെ വിളിക്കാൻ പറഞ്ഞു.

ആത്മാർഥതയില്ലാത്ത ആ പ്രകടനം എന്നെ വല്ലാതെ വെറുപ്പിച്ചു.

ഭാഗ്യ ഡ്രൈവ് ചെയ്യുന്ന കാറിൽ എറണാകുളത്തേക്ക് മടങ്ങുമ്പോൾ ആ കാർഡ് ഞാൻ പറത്തിക്കളഞ്ഞു. എനിക്കയാളെ വിളിക്കേണ്ട.

എൻറൊപ്പം കേരളവർമ്മയിലെ ക്ളാസ്സിലിരുന്ന് പഠിച്ച ഒരാളും എന്നെ അന്വേഷിച്ചിട്ടില്ല ഇന്നുവരെ. ഇതെഴുതുന്ന ഈ നിമിഷം വരെ..

അപ്പോഴാണ് നീ ഒരല്ഭുതമായി എന്നെ അന്വേഷിച്ചത്.. അതും എല്ലാമറിഞ്ഞുകൊണ്ട്.. എല്ലാം ശരിയായി മനസ്സിലാക്കിക്കൊണ്ട്.. കൈക്കുടന്നയിലെ വെള്ളം പോലെ തിരിച്ചറിഞ്ഞുകൊണ്ട്…

എൻറെ ഒരേയൊരു സഹപാഠി, ഒരു ക്ളാസ്സിലും ഒന്നിച്ചു പഠിക്കാത്ത നമ്മൾ..

ആരും വേണ്ട, നീ മതി.. നീ മാത്രം മതി. കേരളവർമ്മയിലെ എൻറെ ഒരേയോരു സഹപാഠിയായി...

1 comment:

Muralee Mukundan , ബിലാത്തിപട്ടണം said...

ഓർമ്മയിൽ എന്നും തിളങ്ങി നിൽക്കുന്ന ഒരിക്കലും ഒരുമിച്ചു പഠിക്കാത്ത സഹപാഠി ...