Sunday, September 27, 2020

സ്വന്തം.. സ്വന്തമായിട്ട് വേണ്ടേ?

21/09/2020 

കണ്ണൻ ഹഡ്കോയിൽ ജോലി ചെയ്യുന്ന കാലമാണ്. കുറേ ദിവസങ്ങളായി ഒരു പുതിയ ശീലം ആരംഭിച്ചിരുന്നു. ഒൻപതു പത്തു മണിയാവാതെ വീട്ടിലെത്തില്ല. ഞാൻ യാത്ര പോകുന്ന സമയത്താണെങ്കിൽ ഈ നേരം വൈകൽ മനസ്സിലാക്കാം. ഞാൻ വീട്ടിൽ ഇടിച്ച പുളിയോടെ പണയം വെച്ച ഉരുളി മാതിരി ഇരിപ്പുണ്ട്.
പിന്നെവിടെ പോകുന്നു?
'പണിയുണ്ട് അമ്മച്ചീ'…. എന്നുത്തരമാണ്.
കണ്ണൻറെ മോളുടെ അമ്മയായതുകൊണ്ടാണ് എന്നെ 'അമ്മച്ചി' എന്നു വിളിക്കുന്നത്. 'കല' എന്നു ഒരു നിവർത്തിയും ഇല്ലെങ്കിലേ പറയൂ. ദേഷ്യം വരുമ്പോൾ 'ഢീ' ന്ന് വിളിക്കും. പിന്നെ ആ തിരുവായീന്ന് ഇംഗ്ലീഷ് മാത്രമേ വരൂ.
അമ്മച്ചിയിൽ തന്നെയാണ് എന്നും മറുപടി.
എൻറടുത്ത് അങ്ങനെ രഹസ്യം സൂക്ഷിക്കേണ്ട യാതൊരു കാര്യവും കണ്ണൻ ചെയ്യാറില്ല.
കണ്ണൻറെ പേഴ്സീന്ന് പൈസ മോഷ്ടിക്കുന്ന രഹസ്യം ഞാനാണ് സൂക്ഷിക്കുന്നത്. ആ പേഴ്സ് കണ്ടാൽ എനിക്ക് നിയന്ത്രണം വിട്ടു പോകും. അന്നേരം കുറച്ച് പണം, അത് അഞ്ഞൂറ് മുതൽ രണ്ടായിരം വരെ ആകാം. വേറേ ആരുടെ പേഴ്സീന്നും, എൻറെ മോളുടെ പേഴ്സീന്ന് പോലും ഞാൻ പണം എടുക്കില്ല. റാണി ഞാനവൾക്കൊപ്പമാണെങ്കിൽ എ ടി എം കാർഡ് തന്നെ എനിക്ക് വിട്ടു തരും.
കണ്ണൻറെ പേഴ്സ് എൻറെ ഒര് വീക്നെസ്സാ ണ്. അതാണ് ആ മോഷണമാണ് എൻറെ ഒരു പ്രധാന രഹസ്യം. ആ പണം കൊണ്ട് ഷോപ്പിങ് ചെയ്യാൻ എനിക്ക് വലിയ ഇഷ്ടമാണ്.
കണ്ണനറിയാഞ്ഞിട്ടൊന്നുമാവില്ല… പോട്ടേന്ന് വെച്ചിട്ടാവും.
കുറേ യാത്രകൾ ഉണ്ട്… സൈറ്റ് പരിശോധനകൾ ഉണ്ട്.. ഡിസൈൻ ചെയ്യണം. ഫയൽ നോക്കണം. തെരക്കാവും എന്ന് തന്നെ ഞാൻ കരുതി.
അങ്ങനെയിരിക്കേ ഒരു നെടുങ്കൻ ടൂർ പ്രോഗ്രാം വന്നു. പത്തു ദിവസം യാത്ര… ഞാനും പുറപ്പെട്ടു കൂടെ…
ആ ടൂറിലാണ് ഒരു സഹപ്രവർത്തകൻറെ തറവാട്ട് വീട്ടിൽ പോവാനുള്ള അവസരമൊരുങ്ങിയത്.
കൊത്തുപണികളും കളർ ഗ്ളാസുപീസുകളും പലനിറത്തിലുള്ള തറയോടുകളും ഡോമുകളും ഒക്കെയായി കാലിഡോസ്ക്കോപ്പ് പോലെ വർണ്ണശബളിമ തിളങ്ങുന്ന ഒര് വീട്. എന്താ അതിൻറെ ഒരു തലപ്പൊക്കം!!!. രാജകൊട്ടാരമെന്നോ ഹവേലി എന്നോ ഒക്കെ പറയാം…
എൻറെ കണ്ണു ശരിക്കും ഫ്യൂസായി.
സഹപ്രവർത്തകൻറെ ഭാര്യ ആ രാജകീയമായ തറവാട്ടിലാണ് താമസം. അയാൾ മഹാനഗരത്തിലും… അവധി സമയത്ത് വന്നു പോകും..
അയാളുടെ അമ്മയും അച്ഛനുമാണ് സത്ക്കാരപ്രിയർ. മകൻറെ മേലുദ്യോഗസ്ഥനും ഭാര്യയുമല്ലേ ഒന്നിനും ഒരു കുറവും ഇല്ലാതെ എന്നല്ല എല്ലാം ആവശ്യത്തിലുമധികമായി തന്നെ ചെയ്യുന്നുണ്ട്.
രാത്രി അത്താഴം കഴിഞ്ഞിട്ടാണ് സഹപ്രവർത്തകൻ ഭാര്യയേയും കൂട്ടി ഞങ്ങളുടെ അടുത്ത് വന്നിരുന്നത്.
ഗംഭീരമായ ഒരു പഞ്ചനക്ഷത്ര ഹോട്ടൽ സ്യൂട്ട് റൂം പോലേയാണ് ആ ബെഡ് സ്പേസ്. ലിവിങ് ഏരിയ, ബെഡ് റൂം, ഡ്രസ്സിംഗ് റൂം, ബാത് റൂം, ബാൽക്കണി…
ഇയാൾ എന്തിനാണ് ഈ ഹഡ്കോ ജോലിക്ക് പോകുന്നതെന്ന് ഞാൻ ആ വീട് കണ്ട നിമിഷം മുതൽ ഇങ്ങനെ അന്തം വിടുന്നുണ്ട് ….
എന്നാൽ ഭാര്യയെ കണ്ടതും എനിക്കു വല്ലാത്ത സങ്കടമായി.
നല്ല സാരിയും ആഭരണങ്ങളും സിന്ദൂരവും ഒക്കെയുണ്ട്. വൈദ്യുതി പ്രഭയിൽ അവയെല്ലാം മിന്നിത്തിളങ്ങുന്നുണ്ടായിരുന്നു.
പക്ഷേ, വിളർത്ത് വിളർത്ത് വെളുത്ത വല്ലാത്ത ഒരു മെലിച്ചിലുള്ള സ്ത്രീയായിട്ടാണ് അവർ കാണപ്പെട്ടത്.
അവർ ശ്വാസം വലിക്കുന്നതു പോലും ബുദ്ധിമുട്ടിയാണെന്ന് എനിക്ക് തോന്നി.
മക്കളില്ല… അവർക്ക്.
ലക്ഷം ലക്ഷം രൂപ ഇങ്ങനെ കപ്പലണ്ടി പൊതിഞ്ഞുകൊടുക്കും പോലെ ചെലവാക്കിയാണ് ഭാര്യയെ ചികിത്സിക്കുന്നത്.
രണ്ടു മൂന്നു തവണ ഗർഭിണി ആയെങ്കിലും അത് നീണ്ടു കിട്ടിയില്ല.
എന്നാൽ അവർ ചികിത്സ നിറുത്തീട്ടുമീല്ല.
അപ്നാ വാരിസ് വേണമല്ലോ. സ്വന്തം അവകാശി വേണ്ടേ.. ഈ സകലസ്വത്തുക്കൾക്കും തൻറെ രക്തത്തിൽ പിറന്ന കുഞ്ഞു വേണ്ടേ?
ഭർത്താവിൻറെ എത്ര ശതമാനം രക്തമാണ് ഒരു കുഞ്ഞിൻറെ ശരീരത്തിൽ ഉണ്ടാവുക എന്നായിരുന്നു ഞാൻ അപ്പോൾ ആലോചിച്ചുകൊണ്ടിരുന്നത്. ലൈംഗികബന്ധത്തിൽ പോലും പുരുഷൻ രക്തം ചിന്താറില്ലല്ലോ. സ്ത്രീയുടെ രക്തമല്ലേ, സ്ത്രീയുടെ മാംസമല്ലേ 'സിക്താണ്ഡം' അല്ലെങ്കിൽ 'zygote' എന്ന സ്ത്രീപുംഭ്രൂണത്തെ മനുഷ്യക്കുഞ്ഞായി പാകമാക്കുന്നത്…
മാസത്തിൽ ഇരുപത് ദിവസവും ആ ഭാര്യക്ക് ആർത്തവമാണെന്നാണ് കണ്ണൻറെ സഹപ്രവർത്തകൻ മൊഴിഞ്ഞത്. അതു കൊണ്ട് 'ഇവിടുത്തെ വീട്ട് ജോലികൾ തീരേ ചെയ്യേണ്ടതില്ല.'അങ്ങനെ പറയുമ്പോൾ സഹപ്രവർത്തകൻ പുഞ്ചിരിച്ചു കൊണ്ടിരുന്നു.
എനിക്ക് ചിരിയൊന്നും വന്നില്ല. മാസത്തിൽ ഇരുപതു ദിവസം ആർത്തവം വന്നാലത്തെ ശാരീരിക അവസ്ഥയും അവശതയും ഒന്നും ഗൈനക്കോളജിയും ഒബ്സ്ട്രക്ററിക്സും പഠിച്ച പുരുഷഡോക്ടർമാർക്ക് തന്നെ മനസ്സിലാകുമോന്ന് എനിക്കറിയില്ല. പിന്നെയാണ് ആർക്കിടെക്ടുമാർക്ക്…
ഇനീം ചികിത്സിച്ചു പരീക്ഷിച്ച് കുഞ്ഞിനെ ജനിപ്പിക്കാൻ തന്നെയാണ് പരിപാടി. ആ ഭർത്താവിനെ ബോധവല്ക്കരിക്കാനാണ് ഓഫീസ് സമയം കഴിഞ്ഞുള്ള നേരം കണ്ണൻ വിനിയോഗിച്ചിരുന്നത്.
സ്വന്തം എന്നത് അങ്ങനെ ആവുന്നതല്ല ആക്കുന്നതാണെന്നായിരുന്നു ഞങ്ങളുടെ ന്യായം. കല്യാണം എന്ന ചടങ്ങ് കഴിഞ്ഞാൽ പരസ്പരം സ്വന്തമാകുന്നുണ്ടോ എത്ര നാൾ കഴിയണം ആ ഫീലിംഗ് വരാൻ...കുട്ടി ആശുപത്രിയിൽ ജനിക്കുന്നു. അവിടെ വെച്ച് മാറിപ്പൊയ്ക്കൂടേ? സ്വന്തം എന്നത് നമ്മുടെ ഒരു വിശ്വാസം മാത്രമാണ്.
അയാൾ ഭാര്യയെ കുറ്റപ്പെടുത്തി. 'സാറ് പറഞ്ഞതൊക്കെ ഞാൻ ഇവളോട് സംസാരിച്ചു. പക്ഷേ, സ്വന്തം ശ്വശ്രുക്കളോട് കാര്യം പറഞ്ഞു മനസ്സിലാക്കാൻ ഇവൾക്ക് കഴിവില്ല. ഞാൻ എന്ത് ചെയ്യാനാണ്. ? '
അതിന് കണ്ണൻ പറഞ്ഞ മറുപടി ഞാൻ എന്നും ഓർക്കും…
'അത് നമ്മൾ പുരുഷന്മാരുടെ ഒരു ഗംഭീര പ്രിവിലേജാണ്. നമ്മുടെ അമ്മയേം അച്ഛനേം മൂന്നാലു വർഷം മുമ്പ് നമ്മുടെ വീട്ടിലേക്ക് വന്ന പെണ്ണ് അവളുടെ പ്രയാസങ്ങളും ബുദ്ധിമുട്ടുകളും കാര്യങ്ങളും പറഞ്ഞ് മനസ്സിലാക്കണം. പത്തിരുപത്തഞ്ച് വർഷം നമ്മളെ വളർത്തിയ നമ്മുടെ അച്ഛനമ്മമാരെ ഇതൊന്നും പറഞ്ഞ് മനസ്സിലാക്കാൻ നമുക്ക് പറ്റില്ല…. അതിൻറെ കാരണം എന്താ.. ഇനി ഇതൊന്ന് തിരിച്ചിട്ടു നോക്കൂ. ഭാര്യയുടെ അച്ഛനമ്മമാരെ കാര്യങ്ങൾ വല്ലതും പറഞ്ഞു മനസ്സിലാക്കിക്കാൻ നമ്മൾ പോവാറുണ്ടോ? ശ്രമിക്കാറുണ്ടോ? അവിടെ അവരുടെ മകളായ നമ്മുടെ ഭാര്യ തന്നെ പരിശ്രമിക്കണം. അല്ലേ…'
ആ മെലിഞ്ഞുവിളർത്ത സ്ത്രീ 'മേരേ ഭയ്യാ 'എന്ന് വിളിച്ചു കണ്ണൻറെ കാല് തൊട്ട് വന്ദിച്ചു.
അടുത്ത നിമിഷം അവർ ബോധരഹിതയായി. അവരെ ആശുപത്രിയിൽ കൊണ്ടു പോവുകയും ചികിത്സിക്കുകയും ചെയ്തു. അവർക്ക് മറ്റ് ബുദ്ധിമുട്ടൊന്നും ഉണ്ടായില്ല.
എന്തായാലും ഞങ്ങൾ സ്ഥലം മാറുമ്പോഴേക്കും ഒരു ആൺകുട്ടിയും പെൺകുട്ടിയും അവരുടെ സ്വത്തിന് അവകാശികളായി വന്നിരുന്നു. ചികിത്സിച്ചു പ്രസവിപ്പിക്കുകയല്ല കുട്ടികളെ ദത്തെടുക്കുകയാണ് ചെയ്തത്.
കണ്ണൻെറ നാലഞ്ചു സുഹൃത്തുക്കളെങ്കിലും ഒന്നും രണ്ടും ആയി കുഞ്ഞുങ്ങളെ ദത്തെടുത്ത് വളർത്തുന്നുണ്ട്.
എല്ലാവരും നല്ല മിടുക്കുള്ള കഴിവുള്ള നല്ല കുട്ടികൾ…..
എൻറെ മോൾ അവർക്കെല്ലാം ചേച്ചിയാണ്.

2 comments:

© Mubi said...

"മാസത്തിൽ ഇരുപതു ദിവസം ആർത്തവം വന്നാലത്തെ ശാരീരിക അവസ്ഥയും അവശതയും ഒന്നും ഗൈനക്കോളജിയും ഒബ്സ്ട്രക്ററിക്സും പഠിച്ച പുരുഷഡോക്ടർമാർക്ക് തന്നെ മനസ്സിലാകുമോന്ന് എനിക്കറിയില്ല. പിന്നെയാണ് ആർക്കിടെക്ടുമാർക്ക്.."അതാണ്! 

പിന്നെ ആ പേഴ്സ് കണ്ടാലുള്ള വീക്നെസ്സ് അത് കലക്കി :) :)

Muralee Mukundan , ബിലാത്തിപട്ടണം said...

വല്ലാത്ത അനുഭവങ്ങൾ