ചാരിയിട്ടിരുന്ന
വാതില്‍ തുറന്ന് അകത്തെ മുറിയിലേക്ക് വെറുതേ ഒന്നു പാളി നോക്കി. ചിത്ര ഉടുപ്പുകളും മറ്റു സാധനങ്ങളും അടുക്കി വെക്കുകയാണ്. നാളെ രാവിലെ പുറപ്പെടണമല്ലോ.
വല്ലാതെ
തളരുന്നതു പോലെ. അതുകൊണ്ട്
ഒച്ചയുണ്ടാക്കാതെ തറയില്‍ ഇരുന്നു.
വിളിക്കുമോ
? കൂടെ വരാന്‍ പറയുമോ?
അതോ....
ചങ്ക്
പൊട്ടുന്നു . മരിച്ചു പോയേക്കുമോ .
ഒരു
നല്ല വാക്ക് പറഞ്ഞിട്ടില്ലിന്നു വരെ.
പൊന്നേന്നോ
ചക്കരേന്നോ മുത്തേന്നോ ആരും എപ്പോള്‍ വേണമെങ്കിലും ഏറ്റവും എളുപ്പത്തില്‍ വിളിക്കുന്ന
പഞ്ചാര വാക്കുകളില്‍ ഒന്നു പോലും വിളിച്ചിട്ടില്ല. ......
എപ്പോഴും
കടുപ്പത്തില്‍ ... കത്തിയുടെ മൂര്‍ച്ചയില്‍. ഒന്നു മണത്താലോ തൊട്ടാലോ സര്‍വാംഗം എരിഞ്ഞു നീറുന്ന ഒരു മുളകു പോലെ . അങ്ങനെയായിരുന്നു.
ശ്വാസമടക്കി
ഭയപ്പെടുത്തി നിശ്ചലയാക്കി നിറുത്തുമ്പോഴായിരുന്നു ആശ്വാസം, സമാധാനം. കണ്ണുകള്‍
കൊണ്ടൊരു വേലിയും കെട്ടി നാക്കിന്‍റെ മൂര്‍ച്ചയുള്ള കത്തിയും ഏന്തി, കൈയിലൊരു വടിയും
പിടിച്ചാണ് ജീവിച്ചത് .
തുളസി
മാഡം എപ്പോഴും പറയും.
‘നീ അവളെ ഒന്നു
കെട്ടിപ്പിടിച്ചുമ്മ വെയ്ക്ക് .നിന്‍റെ
ഈ അറപ്പ് മാറും.... ‘
അതു
കേള്‍ക്കുമ്പോള്‍ ഭദ്രകാളിയാവാനാണു തോന്നുക.
സ്വന്തം
തലയില്‍ ആഞ്ഞിടിച്ച് പ്രാകും. പുഴുത്ത് ചാകും... പുഴുത്ത് ചാകും. ആര്? ആരാണെന്ന്
വെച്ചിട്ടാണ് ഈ പ്രാക്ക്........
ഒന്നും
മറക്കാന്‍ കഴിഞ്ഞിട്ടില്ല, കഴിയുന്നില്ല, ഈ ജന്മത്ത് കഴിയുകയുമില്ല.
ചന്ദനമരങ്ങളുടെ സുഗന്ധം
കമലഹാസന്‍റെ
കണ്ണുകളും കട്ടമീശയുമായിരുന്നു. ബസ്സിന്‍റെ വലതു വശത്തെ കണ്ണാടിയില്‍
ആ കണ്ണുകള്‍ തേടിയെത്തുമ്പോള്‍ കവിളുകള്‍ ചുവന്നു പോയിരുന്നു. രാത്രി പഠിക്കാനിരിക്കുമ്പോള്‍ കണ്ണുകള്‍
മാത്രമായിരുന്നു പുസ്തകം നിറയെ.
ഒരു
ദിവസം പതിയെ പറഞ്ഞു.
‘ഇഷ്ടമാണ്.
ഒരുപാടൊരുപാട് ‘
ഒന്നും
തിരിച്ചു പറയാന്‍ കഴിഞ്ഞില്ല.
ചന്ദനമരങ്ങളുടെ
സുഗന്ധത്തില്‍ ലയിച്ച് ഒരു തൂവലായി
ഒഴുകുകയായിരുന്നു. പാറി വീഴുന്ന മഴത്തുള്ളികളുടെ കുളിരില്‍ കുതിരുകയായിരുന്നു.
പൊന്‍വെയിലിന്‍റെ മഞ്ഞപ്രഭയില്‍ കുളിച്ചു
തോര്‍ത്തുകയായിരുന്നു. വെള്ളിനിലാവിന്‍റെ വെണ്മയിലലിഞ്ഞു ചേരുകയായിരുന്നു.
ആ
കൈകള്‍ സ്റ്റിയറിംഗ് വീലിനെ
താലോലിക്കുന്നത് അസൂയയോടെ നോക്കി നില്‍ക്കും. പലപ്പോഴും കോളേജിന്‍റെ
സ്റ്റോപ്പെത്തുന്നത് അറിയാറില്ല. ബസ്സില്‍ തന്നെ ജീവിക്കാന്‍ കഴിഞ്ഞിരുന്നെങ്കിലെന്ന്
ഉള്ളിലെ മോഹം പീലി വിടര്‍ത്തിയാടും ...... പതിനേഴു
വയസ്സിന്‍റെ വര്‍ണാഭമായ മോഹങ്ങള്‍ ....
പൊന്‍ വളകള്‍
ആദ്യ
വര്‍ഷ പരീക്ഷയുടെ ഹാള്‍ടിക്കറ്റുമായാണ് ഒന്നിച്ചു സിനിമയ്ക്ക് പോയത്. അത് ആ
സിനിമയായിരുന്നു.
തടി
കോണ്‍ട്രാക്ടറുടേയും ക്ലാരയുടേയും സിനിമ , മഴയുടെ സിനിമ, സ്നേഹത്തിന്‍റെ
സിനിമ….
ഹോട്ടലിലെ
ഫാമിലി റൂമിലിരുന്നു ഭക്ഷണം കഴിച്ചു. ഒടുവില്‍ കഴിച്ചത് നാരങ്ങാവെള്ളമാണ്. അത്
തൊണ്ടയില്‍ കല്ലിച്ചു പോയി ....
പിന്നെയൊരിക്കലും
നാരങ്ങാവെള്ളം കുടിച്ചിട്ടില്ല.
മറക്കാന്‍
കഴിഞ്ഞിട്ടില്ല, കഴിയുന്നില്ല, ഈ ജന്മത്ത്
കഴിയുകയുമില്ല.
കമലഹാസന്‍
കണ്ണുകളിലൂടെ... ചുണ്ടിലൂടെ... മെല്ലെ...മെല്ലെ , തടയാനാവുന്നതിനു മുന്‍പേ, കൊതിപ്പിക്കുന്ന
ആഗ്രഹിപ്പിക്കുന്ന സുഖകരമായ മയക്കത്തിലൂടെ...
ആകെ
അലിഞ്ഞു പോവുകയായിരുന്നു...
കുപ്പിവളകള്‍
പൊട്ടുമ്പോള്‍ കാതില്‍ പറഞ്ഞു.... ‘സാരമില്ല, പൊന്‍ വള കിട്ടില്ലേ എന്‍റെ മോള്‍ക്ക്.. ..’
പിന്നെയെപ്പോഴാണ്
ചിരികളും അട്ടഹാസങ്ങളും ഉയര്‍ന്നത്?
ആദ്യത്തെ
എട്ടു കൈയുകളും എട്ടു കാലുകളും
എണ്ണിയിരുന്നു.
പിന്നെ
പല്ലുകളും നഖങ്ങളും എണ്ണത്തില്‍ തെറ്റി.
ഒടുവില്‍
കാലുകള്‍ക്കിടയിലെ ഇരുമ്പ് ദണ്ഡുകള്‍ പഴുപ്പിച്ച് പൊള്ളിച്ച് പിന്നെയും പൊള്ളിച്ചു പഴുപ്പിച്ച്.... വീണ്ടും പഴുപ്പിച്ചു പൊള്ളിച്ച്.....
കമലഹാസന്‍റെ
കണ്ണുകളും കട്ട മീശയും പിന്നീടൊരിക്കലും
കണ്ടിട്ടില്ല. ആ പൊന്‍ വളകള്‍ ഒരിക്കലും കിട്ടിയതുമില്ല
...
തേവിടിശ്ശി
ആരോ
ചന്തിയില്‍ ആഞ്ഞു നുള്ളിയപ്പോഴാണ് കരഞ്ഞുകൊണ്ടുണര്‍ന്നത്. അത് ഒരു
ആശുപത്രിയായിരുന്നു. രാക്ഷസിയെപ്പോലൊരു നഴ്സും അവരുടെ കൂട്ടുകാരായ വനിതാ
പോലീസും... കൂടെ വെടലച്ചിരിയുമായി പരിക്ക് പറ്റിയ ദേഹത്തിട്ടിരുന്ന തുണി ഇടയ്ക്കിടെ മാറ്റിനോക്കുന്ന ആണ്‍ പോലീസും...
.
‘ അവരെന്തൊക്കെ
ചെയ്തെടീ നിന്നെ... മലര്‍ന്നു കെടന്ന് സുഖിച്ചപ്പോ ഒരുത്തന്‍ നാലായതറിഞ്ഞില്ലേടീ...
ഹൌ അവളങ്ങ് സുഖിച്ചു.... ‘
‘ അയ്യോ! ചേട്ടാ വേണ്ടാ....
വേണ്ടാ. .... വേണ്ട..ണം... വേണം...
വേണംന്നായി കരച്ചില് അല്ലേടീ...’
തേവിടിശ്ശീ, നിന്നെയൊക്കെ
ഒണ്ടാക്കിയവന്‍റെ അഡ്രസ്സ് പറയെടീ..ഇനിയൊണ്ടോടീ
നിന്നെക്കൂട്ട് അയാക്ക് വേറേയും
ഉരുപ്പടികള്.... ‘
തൊണ്ട
പൊട്ടും വിധം ഉച്ചത്തില്‍ കരഞ്ഞപ്പോള്‍ വനിതാ പോലീസ് കവിളത്താണ് ഓങ്ങിയടിച്ചത്. പല്ലുകളുടേയും നഖങ്ങളുടെയും വലിയ പാടുകളില്‍ ....
പിന്നെ
മിണ്ടിയില്ല. ഒന്നും മിണ്ടിയില്ല ...
ആരോടും
ഒന്നും മിണ്ടിയില്ല. ഒരിക്കലും ഒന്നും മിണ്ടിയില്ല.
മിണ്ടാനാരും
പറഞ്ഞില്ല.
ആണ്‍
പോലീസ് അഡ്രസ്സും മേടിച്ച് വീട്ടില്‍ പോയി മടങ്ങി വന്നപ്പോള്‍ നല്ലവണ്ണം
കള്ളുകുടിച്ചിരുന്നു. ആളൊഴിഞ്ഞു കിട്ടിയ
ആദ്യ തക്കത്തിനു അയാള്‍ മുലകളില്‍ അല്‍പം
ബലമായി പല്ലമര്‍ത്തിക്കൊണ്ട് പുലമ്പി.
‘ഇനി എന്‍റൊപ്പം മലര്‍ന്ന്
കെടക്കാടീ കൂത്തിച്ചി
നിനക്ക്...’
കരച്ചില്‍
ചവച്ചിറക്കി.
പിന്നെ
അയാള്‍ക്കൊപ്പം......
ഛര്‍ദ്ദിയും
തലകറക്കവും മാറാതെ വന്നപ്പോള്‍, അയാള്‍ ആദ്യം പോലീസ് സ്റ്റേഷനിലും പിന്നെ കോടതിയിലും അവസാനം അനാഥാലയത്തിലും എത്തിച്ചു.
കൂടെ കിടന്നുവെന്ന് ആരോടെങ്കിലും പറഞ്ഞാല്‍ ഒറ്റച്ചവിട്ടിനു കൊല്ലുമെന്ന് അയാള്‍ ആരും കേള്‍ക്കാതെ അമറിയിരുന്നു. അയാളെയും
കള്ളിനേയും പരിചയമായല്ലോ കൂടെ കിടന്നു
കിടന്ന്.......അയാളെന്തൊക്കെ എങ്ങനെയൊക്കെ ചെയ്യുമന്നറിയാമായിരുന്നുവല്ലോ. അതുകൊണ്ട്
പിന്നെ
മിണ്ടിയില്ല. ഒന്നും മിണ്ടിയില്ല ... മിണ്ടാനാരും പറഞ്ഞുമില്ല. .
ആരോടും
ഒന്നും മിണ്ടിയില്ല. ഒരിക്കലും ഒന്നും മിണ്ടിയില്ല.
ചതികളുടെ കള്ളപ്പേര്.
അനാഥാലയം
എന്നത് വലിയ വലിയ ചതികളുടെ ഒരു കള്ളപ്പേരാണ്.
കുറെ നാള്‍ പട്ടിണിയാവുമ്പോള്‍ ഒരു
ബിരിയാണിക്കും ഇറച്ചിക്കറിക്കും വേണ്ടി.... ഒരു സാരിക്കു വേണ്ടി ...
പല
ഗ്രേഡുകളിലുള്ളവരുണ്ട്. ഇഷ്ടമുള്ളപ്പോള്‍
വരുന്നവര്‍ ...
ചിലര്‍ക്ക്
തുണിയഴിച്ച് വെറുതേ കണ്ടാല്‍ മതി, വേരെ ചിലര്‍ക്ക് അമര്‍ത്തിയമര്‍ത്തി തൊടണം, ഇനിയും ചിലര്‍ക്ക് മതിവരുവോളം കിടന്നാലേ പറ്റൂ.
പ്രസവിക്കുന്നത്
വരെ അലട്ടുണ്ടായിരുന്നില്ല.
പെറ്റത്
ജീവനുള്ളതിനെയാണെന്ന് അറിഞ്ഞപ്പോള്‍ ചങ്കു പൊട്ടിക്കരഞ്ഞു. അതിന്‍റെ മുഖത്ത് നോക്കി
അലറി,
‘ചാകാമായിരുന്നില്ലേ ചെകുത്താനേ നിനക്ക്?’
അതു
ചത്തില്ല.
മുല
കൊടുത്താല്‍,
സ്നേഹം
വരുമെന്ന് പറഞ്ഞു അനാഥാലയത്തിലെ വയസ്സിത്തള്ള.
പെറ്റിട്ടതിന്‍റെ തുടുത്തു ചുവന്ന മുഖത്ത് നോക്കുമ്പോള്‍ കാലിനിടയിലെ പഴുപ്പിച്ച് പൊള്ളിച്ച ഇരുമ്പ് ദണ്ഡുകള്‍ ഓര്‍മ്മയിലുയരും .
വലിയ കളികളുടെ ചെറിയ തുടക്കങ്ങള്‍
തുളസി
മാഡം ആദ്യമായി
സന്ദര്‍ശനത്തിനു
വന്ന ദിവസമാണ് ആ ഭയങ്കര കുഴപ്പമുണ്ടായത്.
അനാഥാലയത്തിലെ
മേട്രണ്‍ ബിജു എന്ന് വിളിക്കുന്ന ഒരാള്‍ ഇടയ്ക്കിടെ വരാറുണ്ടായിരുന്നു. വെളുത്ത് തുടുത്ത്, എരിഞ്ഞു കയറുന്ന മണം പുരട്ടിയ ബിജു . മേട്രണ്‍
എല്ലാമെല്ലാം കണ്ണടച്ചു വാരിവാരി കൊടുക്കുന്ന ബിജു. പകല്‍ സമയത്ത് ബിജു വരുമ്പോള്‍ എല്ലാവര്‍ക്കും വസ്ത്രങ്ങളും ബിരിയാണിയും മധുരപലഹാരങ്ങളും കിട്ടും.
രാത്രി
കാണുന്നവര്‍ക്ക് പണവും കിട്ടും.
രണ്ടു
മൂന്നു തവണ ആയിരം രൂപ കിട്ടിയിട്ടുണ്ട്.
അന്ന്
അയാള്‍ തുളസി മാഡത്തിന്‍റെ സന്ദര്‍ശനം
പ്രമാണിച്ച് , പൊതു പരിപാടികളുടെ ഒരു മേല്‍ നോട്ടത്തിനു
വന്നതാവണം.
മൂന്നു
വയസ്സായിരുന്നു അതിന്. ബിജു വെറുതെ തൊടുകയായിരുന്നു. ഒരു കളിയായിരുന്നു
അത്. ആ തൊടലില്‍ അത് ഉണ്ടായിരുന്നു. അനവധി പേര്‍ തൊട്ടിട്ടുണ്ടെങ്കില്‍ അത് വേഗമറിയും. വെറുതെ കണ്ടു നിന്നാല്‍ മതി, അതറിയാന്‍. തൊടുന്നവന്‍റെ മുഖമെരിയുന്നതും ഞരമ്പുകള്‍ മുറുകുന്നതും അവന്‍റെ വിരലുകള്‍ കള്ളത്തരം കാട്ടുന്നതും വേഗമറിയും.
വലിയ
വലിയ കളികളുടെ ചെറിയ ചെറിയ തുടക്കങ്ങള്‍
അവിടെയാണ്.
സഹിക്കാന്‍ പറ്റിയില്ല.
‘എടാ, പട്ടീ തൊട്ടു പോകരുത് അതിനെ ’ എന്നലറിക്കൊണ്ട് ബിജുവിന്‍റെ നേരെ കുതിച്ചത് ഓര്‍മ്മയുണ്ട് .
എല്ലാവരും
ചേര്‍ന്ന് ചവുട്ടിക്കുഴച്ചു. തല പൊട്ടി, അടിയുടെ
കറുത്തു നീലിച്ച പാടുകള്‍ ശരീരമാകെ തിണര്‍ത്തു. ഉടുമുണ്ട് ചോരയില്‍ കുതിര്‍ന്നു.
എന്നിട്ടും
മരിക്കാന്‍ പ്രയാസമുണ്ടായിരുന്നു. കാരണം ആ സമയമെല്ലാം അതിനെ അങ്ങനെ തൊട്ടുതൊട്ട് ബിജു ഒരു പുഞ്ചിരിയോടെ മര്യാദ പഠിപ്പിക്കുകയായിരുന്നുവല്ലോ.
ഓര്‍ത്താല്‍
ഇപ്പോഴും ചങ്കു പൊട്ടും.
ഉറക്കസ്സ്വപ്നങ്ങളിലിപ്പോഴും.....
സാജന്‍
സാറും തുളസി മാഡവും ഒന്നിച്ചാണ് വന്നത്.
അടച്ചിട്ട
എല്ലാ മുറികളും സാറ് തുറപ്പിച്ചു. ‘ രക്ഷിക്കണേ’ യെന്ന് ഉച്ചത്തില്‍ ഏങ്ങലടിച്ച് കരഞ്ഞ് ആ കാലുകളില്‍ മുറുകെ കെട്ടിപ്പിടിക്കുകയായിരുന്നു. അദ്ദേഹം
ആരാണെന്നോ എന്താണെന്നോ ഒന്നും അറിയുമായിരുന്നില്ല.
അരമണിക്കൂറിലാണ്
തുളസി മാഡം മേട്രണ് സസ്പെന്ഷന്‍
എഴുതികൊടുത്തത്.
പോകും
മുന്‍പ് കൊച്ചുടുപ്പിട്ട് ചിരിച്ചു കാട്ടിയ അതിനെ അവര്‍ ചിത്ര എന്നു പേരു
വിളിച്ചു.
നാലഞ്ചാഴ്ച
പിന്നെയും കഴിഞ്ഞിട്ടാണ് മാഡത്തിന്‍റെ
വീട്ടില്‍ വന്നത്. ഗേറ്റ് കടക്കുമ്പോള്‍
കണ്ടു തൂണിന്‍റെ ഇരുവശത്തും എഴുതി
വെച്ചിരിക്കുന്നത്.
കെ.
തുളസിമാല ഐ എ എസ് , സാജന്‍ അഹമ്മദ് ഐ എ എസ് .
അന്നു
മുതല്‍ ജീവിതം മാറി.
മാഡത്തിനും
സാറിനും മക്കള്‍ക്കും വെച്ചുവിളമ്പി, പാത്രം കഴുകി, തുണികള്‍ അലക്കി മടക്കി
ഇസ്തിരിയിട്ടു. അടിച്ചു വാരി തുടച്ചു. പട്ടിയെ കുളിപ്പിച്ചു, ചെടികള്‍ക്ക് വെള്ളമൊഴിച്ചു....
ആരും
വഴക്ക് പറയുകയോ അടിക്കുകയോ ചെയ്തില്ല .
നല്ല
ഭക്ഷണവും വസ്ത്രവും കിടക്കാന്‍ അടച്ചുറപ്പുള്ള മുറിയും കിട്ടി.
സാറില്ലാത്തപ്പോള്‍
മാഡത്തിനും മക്കള്‍ക്കുമൊപ്പം കഴിഞ്ഞു. മാഡമില്ലാത്തപ്പോള്‍ സാറിനും മക്കള്‍ക്കുമൊപ്പം
കഴിഞ്ഞു.
ചിത്രയെ
വളര്‍ത്താന്‍ ബുദ്ധിമുട്ടിയില്ല.
പഠിപ്പിക്കാന്‍
ബുദ്ധിമുട്ടിയില്ല.
ഇപ്പോള്‍
ജോലി കിട്ടാനും ബുദ്ധിമുട്ടിയില്ല.
ചിത്ര
പരീക്ഷ എഴുതി, ചിത്ര ഇന്‍റര്‍വ്യൂവിനു പോയി, ചിത്രയ്ക്ക് ജോലി കിട്ടി.
ചിത്ര
നാളെ പോകും.
പനി
വന്നപ്പോള്‍ ചിത്രയ്ക്ക് മരുന്നു കൊടുത്തു, വിശക്കുമ്പോള്‍
ഭക്ഷണം കൊടുത്തു, ധരിക്കാന്‍
ഉടുപ്പും ചെരുപ്പുമൊക്കെ കൊടുത്തു. തലമുടി ചീകിക്കൊടുത്തു, കാലുകള്‍ക്കിടയിലൂടെ ചോരയൊഴുകിയ പ്പോള്‍
തുണിയുടുക്കാന്‍ പഠിപ്പിച്ചു കൊടുത്തു, വയറു
വേദനിച്ചപ്പോള്‍ ചൂടുവെള്ളം പിടിച്ച്
തടവിക്കൊടുത്തു. രാത്രിയിലിരുന്നു പഠിക്കുമ്പോള്‍ ചായയിട്ടു കൊടുത്തു .
പക്ഷെ, ഒരു ദിവസം പോലും എന്‍റെ
മോളെ എന്നു വിളിച്ച് മാറോടു ചേര്‍ത്തിട്ടില്ല. ഒരു പുന്നാരം പറഞ്ഞിട്ടില്ല. ഒന്നു
മടിയിലിരുത്തി കൊഞ്ചിച്ചിട്ടില്ല. പത്തു പ്രാവശ്യം
അമ്മേ എന്നു വിളിക്കുമ്പോള്‍ ഒരു പ്രാവശ്യം വിളി കേള്‍ക്കും.
ചിത്ര
ഉറങ്ങുന്നതും നോക്കി കണ്ണും തുറന്ന് കിടന്ന്
ആലോചിക്കും.
ആരാണ്..
ആരാണ്....
അറപ്പു തോന്നും, ആ അറപ്പു മാറാന്‍ പാതിരാത്രികളില്‍ കുളിക്കും.
ഉറക്കസ്സ്വപ്നങ്ങളില്‍
പല്ലുകളുടെ ചിപ്സും നഖങ്ങളുടെ അച്ചാറും
കണ്ണുകളുടെ ബുള്‍സ് ഐയും കൈകാലുകളുടെ ഇറച്ചിക്കറിയും ഇലയില്‍ നിരക്കും ...
പഴുത്തു
പൊള്ളി തിളച്ചുരുകിയ പലതരം ഇരുമ്പ്
ദണ്ഡുകള്‍ ഗ്ലാസുകളില്‍ പതഞ്ഞുയരും.
തുളസി
മാഡം എപ്പോഴും പറയും... ‘ മറക്ക് നീയെല്ലാം
മറക്ക്. ചിത്ര മിടുക്കിയല്ലേ, അവളെ തന്നില്ലേ ദൈവം.
അതു കണ്ട് സന്തോഷിക്ക് ... ‘
ഒന്നും
മറക്കാന്‍ കഴിഞ്ഞിട്ടില്ല, കഴിയുന്നില്ല, ഈ ജന്മത്ത് കഴിയുകയുമില്ല.
ചിത്ര
പരീക്ഷ എഴുതി, ചിത്ര ഇന്‍റര്‍വ്യൂവിനു പോയി, ചിത്രയ്ക്ക് ജോലി കിട്ടി.
ചിത്ര
നാളെ പോകും.
വിളിക്കുമോ
?
കൂടെ
വരാന്‍ പറയുമോ?
അതോ....
ചങ്ക്
പൊട്ടുന്നു.
ഇപ്പോള്‍ മരിച്ചു പോയേക്കുമോ ....