Saturday, February 23, 2013

ജസ്റ്റീസ് വര്‍മ്മ കമ്മിറ്റി പറയുന്നത്.....


https://www.facebook.com/echmu.kutty/posts/295517567241641

( കുടുംബമാധ്യമത്തിലെ സ്വകാര്യത്തില്‍ 2013 ഫെബ്രുവരി  1 നു  പ്രസിദ്ധീകരിച്ചത്. )

നമ്മുടെ അറുപത്തിനാലാമത് റിപ്പബ്ലിക് ദിനത്തിനു തൊട്ടു മുന്‍പാണ്  റിട്ട. ജസ്റ്റീസ് വര്‍മ്മയും റിട്ട. ജസ്റ്റീസ് ലീലാ സേഥും പഴയ സോളിസിറ്റര്‍ ജനറല്‍ ഗോപാല്‍ സുബ്രഹ്മണ്യവും ചേര്‍ന്ന് ഒരു മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് കൊടുത്തത്. സ്ത്രീകള്‍ക്കെതിരേ നടക്കുന്ന കുറ്റകൃത്യങ്ങള്‍ തടയുവാന്‍ വേണ്ട  ചില നിര്‍ദ്ദേശങ്ങളാണ് ആ റിപ്പോര്‍ട്ടിലുള്ളത്.  ദില്ലിയില്‍ നടന്ന ആ കൊടുംക്രൂരതയില്‍  കഠിനമായി പ്രതിഷേധിച്ച  സാധാരണ  ജനങ്ങളെ ലാത്തികൊണ്ട്  തടവുകയും  ചെളിവെള്ളത്തില്‍ കുളിപ്പിക്കുകയും  കണ്ണീര്‍ വാതകത്തില്‍  പുകയിടുകയും ഒക്കെ ചെയ്ത ശേഷം  ഒന്ന് സമാശ്വസിപ്പിക്കാന്‍  കേന്ദ്രഗവണ്മെന്‍റ്  നിയമിച്ചതാണ് ജസ്റ്റീസ്  വര്‍മ്മ കമ്മിറ്റിയെ.  കമ്മിറ്റി റിപ്പോര്‍ട്ട്  ഇത്ര പെട്ടെന്ന് തയാറാക്കപ്പെടുമെന്ന്  നിയമിച്ച ഗവണ്‍മെന്‍റ്  തന്നെ കരുതിയിട്ടില്ല. അതുകൊണ്ട്  പല ഗവണ്‍മെന്‍റ്  ഡിപ്പാര്‍ട്ട്മെന്‍റുകളും റിപ്പോര്‍ട്ടെഴുതുന്നതില്‍ യാതൊരു സഹകരണവും കൊടുത്തില്ല.  മിക്കവാറും സംസ്ഥാനങ്ങളിലെ ഏറ്റവും മുതിര്‍ന്ന പോലീസ് ഓഫീസര്‍മാരായ  ഡി ജി പിമാര്‍  കമ്മിറ്റിയോട്  സംസാരിക്കാന്‍  പോലും തയാറായില്ല. പല സംഘടനകളും  കമ്മിറ്റിയുടെ ചോദ്യങ്ങള്‍ക്ക് ഒരുത്തരവും നല്‍കിയില്ല.  പക്ഷെ,സാധാരണ ജനങ്ങള്‍ വളരെ നന്നായി പ്രതികരിച്ചുവെന്ന് കമ്മിറ്റി വെളിപ്പെടുത്തി. ഏറ്റവും ആശാവഹമായ, ഏറ്റവും മഹത്തായ  ഒരു  മാറ്റമാണിത്.

കൂടുതലും സ്ത്രീകളുടെ കാഴ്ചപ്പാടില്‍, സ്ത്രീകള്‍ക്ക് സ്വന്തം ശരീരത്തിന്മേലുള്ള അവകാശ നിര്‍ണയത്തിലുറപ്പിച്ച്  തയാറാക്കിയ  ഒന്നാണിതെന്ന നിസ്സാരീകരണം ഈ റിപ്പോര്‍ട്ടിനെ  ഇതിനകം ബാധിച്ചു  കഴിഞ്ഞു.  അതുകൊണ്ട് തന്നെ  ഇതിലെ ഭൂരിഭാഗം നിര്‍ദ്ദേശങ്ങളും ഒരിക്കലും  നടപ്പിലാക്കപ്പെടുകയില്ലെന്നും മറ്റു പല  റിപ്പോര്‍ട്ടുകളേയും പോലെ ഇതും കോള്‍ഡ് സ്റ്റോറേജില്‍ സൂക്ഷിക്കപ്പെടുമെന്നും ഉള്ള  ആശങ്കയും വ്യാപകമായി പങ്കുവെയ്ക്കപ്പെടുന്നുണ്ട്. ഗവണ്‍മെന്‍റും  പ്രതിപക്ഷവും ഒന്നിച്ചു   പുലര്‍ത്തുന്ന  അര്‍ഥഗര്‍ഭമായ മൌനം  ഈ സാധ്യതയെ കൂടുതല്‍ ഉറപ്പിക്കുകയും ചെയ്യുന്നു.

ദുരന്തത്തില്‍   പൊലിഞ്ഞു പോയ ദില്ലിയിലെ ആ പെണ്‍ ജീവിതവും  അവിടെ  സമരത്തിലേര്‍പ്പെട്ട യുവജനങ്ങളും വലിയ പ്രേരണയായി മാറിയ ഈ റിപ്പോര്‍ട്ടിലെ  നിര്‍ദ്ദേശങ്ങള്‍ പ്രധാനമായും ഇങ്ങനെയൊക്കെയാണ്. സ്ത്രീ  പീഡനങ്ങളെക്കുറിച്ചുള്ള  പരാതികളില്‍ എഫ് ഐ ആര്‍ എഴുതാന്‍  വിസമ്മതിക്കുന്ന പോലീസുദ്യോഗസ്ഥന്‍ തീര്‍ച്ചയായും ശിക്ഷിക്കപ്പെടേണ്ടതുണ്ട്. സ്ത്രീകളെ പിന്തുടര്‍ന്ന് ശല്യപ്പെടുത്തുന്നതും  പരസ്യമായി നഗ്നയാക്കുന്നതും പോലെയുള്ള  വ്യത്യസ്ത രീതിയിലുള്ള ലൈംഗിക പീഡനങ്ങള്‍ക്ക്  വ്യത്യസ്ത ശിക്ഷാവിധികള്‍ നടപ്പിലാക്കേണ്ടതുണ്ട്. പല ലൈംഗിക പീഡനങ്ങള്‍ക്കും ഇപ്പോള്‍ നിലവിലുള്ളതിലും കൂടുതല്‍  കര്‍ശനമായ ശിക്ഷകള്‍ ഈ റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നു. ബലാല്‍ക്കാരം ചെയ്യപ്പെട്ട സ്ത്രീയില്‍  നടത്തി വരുന്ന  കന്യകാത്വ പരിശോധന നിരോധിക്കേണ്ടതാണ്.  ഭാര്യ ഭര്‍ത്താവിന്‍റെ  അധീനതയിലുള്ള സ്വത്തായി കരുതപ്പെടുന്നതു കൊണ്ടാണ് ഭര്‍ത്താവ് ഭാര്യയെ ബലാല്‍സംഗം ചെയ്യുന്നത് മാപ്പാക്കിക്കളയാമെന്ന രീതി ഇപ്പോഴും  തുടരുന്നതെന്നും കമ്മിറ്റി നിരീക്ഷിക്കുന്നു. പോലീസ് കസ്റ്റഡിയില്‍ നടക്കുന്ന സ്ത്രീ പീഡനങ്ങള്‍ക്ക് പോലിസ് ഓഫീസര്‍ ശിക്ഷിക്കപ്പെടണമെന്നും  AFSPA എന്ന നിയമത്തിന്‍റെ സുരക്ഷ സ്ത്രീ പീഡനം നടത്തിയ സൈനികന് ഒരിക്കലും ലഭ്യമാകാന്‍  പാടില്ലെന്നുമുള്ള അതിപ്രധാനമായ നിര്‍ദ്ദേശങ്ങള്‍  ഈ കമ്മിറ്റി ശക്തമായി പ്രകടിപ്പിക്കുന്നു. ഒരു വ്യാഴവട്ടക്കാലമായി  AFSPA യ്ക്കെതിരേ നിരന്തര സമരം ചെയ്യുന്ന ഇറോം ശര്‍മ്മിളയോടുള്ള ഐക്യദാര്‍ഢ്യ  പ്രഖ്യാപനമായി കമ്മിറ്റിയുടെ  ഈ നീക്കത്തെ കാണാം. പ്രശ്നബാധിത മേഖലകളിലെ സ്ത്രീ സുരക്ഷയ്ക്ക്  സ്പെഷ്യല്‍ കമ്മീഷണര്‍മാരെ നിയമിക്കണമെന്ന് കമ്മിറ്റി ആവശ്യപ്പെടുന്നു. ഹിജഡകളും സ്വവര്‍ഗ്ഗസ്നേഹികളും ഉള്‍പ്പെടുന്ന എല്ലാ  ലൈംഗിക ന്യൂനപക്ഷങ്ങളും നേരിടേണ്ടി വരുന്ന ലൈംഗിക പീഡനങ്ങള്‍ക്കെതിരെയും നിയമ നിര്‍മ്മാണമുണ്ടാകണം. തികച്ചും  ജാതീയമായ ഖാപ് പഞ്ചായത്തുകള്‍ക്ക്  ഇന്ത്യന്‍ ഭരണഘടനക്ക്  വിരുദ്ധമായ വിവാഹനിയമങ്ങള്‍ അനുശാസിക്കാനുള്ള ഒരു  അധികാരവുമില്ല. നിരപരാധിത്വം തെളിയിക്കപ്പെടാത്തിടത്തോളം കുറ്റാരോപിതനായ ഒരാള്‍ക്ക് എം എല്‍ എ യോ എം പി യോ  ആവാനുള്ള അവസരമുണ്ടാവരുത് . പോലീസും കോടതികളും പീഡിതരോട് ലിംഗനീതിയോടെയും സുജനമര്യാദയോടെയും   പെരുമാറാനുള്ള പരിശീലനം നേടണം. കേസുകള്‍ ഏറ്റവും വേഗം നീതിപൂര്‍വകമായി അന്വേഷിക്കപ്പെടുകയും കൂടുതല്‍ ജഡ്ജിമാരും  അതിവേഗ കോടതികളും  ഉണ്ടാവുകയും വേണം. ബലാല്‍സംഗം ചെയ്തവന്  ജീവപര്യന്തം തടവ് എന്നാല്‍ ജീവിതം  മുഴുവനും തടവ് എന്ന അര്‍ഥമാണെന്ന് കമ്മിറ്റി പറയുമ്പോള്‍, ബലാല്‍സംഗത്തിനിരയായതുകൊണ്ട്  മാത്രം നാല്‍പതു വര്‍ഷമായി ബോധമില്ലാതെ കിടക്കുന്ന അരുണാ ഷാന്‍ബാഗിന്‍റെ  ദൈന്യം കണ്മുന്നില്‍ തെളിയുന്നു. ദൈവ നീതിയനുസരിച്ചോ  മനുഷ്യ നീതിയനുസരിച്ചോ അങ്ങനെ ഇരയ്ക്ക് മാത്രമാവരുതല്ലോ ജീവപര്യന്തം!

ഈ റിപ്പോര്‍ട്ട് എല്ലാം കൊണ്ടും പൂര്‍ണമാണെന്നല്ല. തീര്‍ച്ചയായും അനവധി കുറവുകള്‍ ഇതിനുമുണ്ട്. ഉദാഹരണത്തിനു മതപരവും ജാതീയവുമായ വഴക്കുകളില്‍ സംഭവിക്കുന്ന സ്ത്രീ പീഡനങ്ങള്‍, വിവിധതരം അവകാശലംഘനങ്ങള്‍ ,  പട്ടിക ജാതി പട്ടിക വര്‍ഗക്കാരായ സ്ത്രീകള്‍ക്ക് നേരിടേണ്ടി വരുന്ന അതിക്രമങ്ങള്‍, യൂണിവേഴ്സിറ്റികളില്‍ ഉണ്ടാകുന്ന പീഡനങ്ങള്‍ ഇവയൊന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കപ്പെട്ടിട്ടില്ല. അതുപോലെ  സ്ത്രീപീഡനക്കേസ്സുകള്‍  അവസാനമില്ലാതെ വൈകിക്കുന്നതില്‍ ജുഡീഷ്യറിക്കുള്ള  പങ്ക്  വേണ്ടത്ര വിശദീകരിക്കപ്പെടുന്നില്ല.  എങ്കിലും ഈ റിപ്പോര്‍ട്ടിനെ ഒരു  അടിസ്ഥാന മാര്‍ഗരേഖയായി  സ്വീകരിച്ച് , കൂടുതല്‍ സമഗ്രമായ ഒരു റിപ്പോര്‍ട്ടെഴുതുവാനും ഇപ്പോള്‍ ലഭിച്ച  നിര്‍ദ്ദേശങ്ങളെ ഏറ്റവും വേഗത്തില്‍ നടപ്പിലാക്കാനും നമുക്ക് കഴിയേണ്ടതുണ്ട്. ......

Wednesday, February 20, 2013

ഹൃദയത്തില്‍ നന്മയുള്ള പുരുഷന്മാര്‍ ..........


https://www.facebook.com/echmu.kutty/posts/467370873312027

( കുടുംബമാധ്യമത്തിലെ സ്വകാര്യത്തില്‍ 2013 ജനുവരി  25  നു  പ്രസിദ്ധീകരിച്ചത്. )

സ്ത്രീ ശരീരങ്ങളില്‍  അസാധാരണമായ വിധം  കടുത്ത ആഘാതമേല്‍പ്പിക്കുന്ന, പ്രശ്നങ്ങള്‍ മാത്രമേ കുറച്ചെങ്കിലും എളുപ്പത്തില്‍ സ്ത്രീ പ്രശ്നങ്ങളായി തിരിച്ചറിയപ്പെടുകയുള്ളൂ . മാനസികമായി സ്ത്രീ സഹിക്കുന്ന വേദനകളെ സ്ത്രീ പ്രശ്നങ്ങളായി അങ്ങനെ  ആരും എണ്ണാറില്ല; സ്ത്രീയുടെ എന്ന്  വേര്‍ തിരിച്ച് കാണിക്കപ്പെടുന്ന പ്രശ്നങ്ങളില്‍ ഒട്ടുമുക്കാലും കടുത്ത സാമൂഹിക ദുരവസ്ഥകളാണെന്നും അവയെ പരിഹരിക്കേണ്ടത് സ്ത്രീകള്‍ക്ക് മാത്രമല്ല പുരുഷന്മാര്‍ക്കും അത്യന്താപേക്ഷിതമാണെന്നും അതുകൊണ്ടു തന്നെ  എല്ലാ സ്ത്രീ പ്രശ്നങ്ങളും  തീര്‍ച്ചയായും പുരുഷ പ്രശ്നങ്ങള്‍ കൂടിയാണെന്നും ആരും മനസ്സിലാക്കാറില്ലാത്തതു പോലെ. 

സ്ത്രീകളെക്കുറിച്ചും അവരുടെ വിഷമങ്ങളെയും ആഹ്ലാദങ്ങളെയും സ്വപ്നങ്ങളെയും കുറിച്ചും എഴുതുന്നതും സംസാരിക്കുന്നതും  ചില പുരുഷന്മാരിലും സ്ത്രീകളിലും  വലിയ പ്രയാസങ്ങള്‍ ഉണ്ടാക്കാറുണ്ട്. എന്തുകൊണ്ട് പുരുഷന്മാരെക്കുറിച്ച് എഴുതുന്നില്ല എന്ന ചോദ്യം  സാധിക്കുമ്പോഴെല്ലാം  ഉന്നയിക്കപ്പെടാറുണ്ട്. സ്ത്രീകളെക്കുറിച്ച് എഴുതുന്നയാള്‍ ഒരു സ്ത്രീ പക്ഷപാതിയാണ്  എന്ന്  മുദ്ര കുത്തുകയും  ആ എഴുത്തിനെ  സ്ത്രീ പക്ഷപാതിയുടെ വിലയിരുത്തലുകള്‍ എന്ന് നിസ്സാരമാക്കുകയും ചെയ്യാറുണ്ട്. പുരുഷന്‍റെ നന്മയേയും  സ്നേഹത്തേയും  കഴിവുകളെയും രാഷ്ട്രീയവും മതവും കലയും സാഹിത്യവും സംസ്ക്കാരവും അങ്ങനെയങ്ങനെ  ഈ പ്രപഞ്ചം മുഴുവന്‍  കൊണ്ടു നടക്കാനുള്ള അതികേമമായ പ്രാപ്തിയേയും പറ്റി  എത്രയെത്ര പേജുകള്‍ ആരെല്ലാം എങ്ങനെയെല്ലാം വര്‍ണ്ണിച്ചെഴുതിയിട്ടുണ്ടെന്നതിന് അളവോ കണക്കോ ഇല്ല.  പുരുഷ മനസ്സിലെ  ആകുലതകളും  വിഹ്വലതകളും വിങ്ങലും വേദനയും എല്ലാം ഗൌരവതരമായ വിധത്തില്‍ വ്യാഖ്യാനിക്കപ്പെട്ടിട്ടുണ്ട്.  എങ്കിലും അതൊരു  പുരുഷ പക്ഷപാതിത്തമാണെന്ന്  സമൂഹത്തിനു തോന്നുകയില്ല. പകരം അതാണ്, അതു മാത്രമാണ് സത്യമെന്നും  അതിനപ്പുറത്തേക്ക് ഒരു സത്യമുണ്ടാവാന്‍ പാടില്ലെന്നും  കൂടി  സമൂഹം വിശ്വസിക്കുന്നു. 

ദില്ലിയില്‍  ഈയിടെ നടന്ന കൊടുംക്രൂരതയ്ക്ക് ശേഷം സ്ത്രീ പീഡന വാര്‍ത്തകളില്‍ പുരുഷനെ വല്ലാതെ പ്രതിസ്ഥാനത്ത് നിറുത്തുന്ന നിലപാട് കാണുന്നുവെന്നൊരു ആക്ഷേപമുന്നയിക്കപ്പെടുന്നുണ്ട്.  വളരെക്കുറച്ച്  പുരുഷന്മാര്‍  മാത്രം തിന്മയുടെ ആള്‍രൂപങ്ങളായിരിക്കേ കാടടച്ച് വെടിവെയ്ക്കുന്ന മാതിരി എല്ലാ  പുരുഷന്മാരെക്കുറിച്ചും മോശമായ ധാരണ പരത്താന്‍ മാധ്യമങ്ങള്‍ തുനിയുന്നുവെന്നാണ് ഈ ആക്ഷേപത്തിന്‍റെ കാതല്‍. 

ഹൃദയത്തില്‍ നന്മ സൂക്ഷിക്കുന്ന,  പ്രവൃത്തികളിലും വാക്കുകളിലും നോട്ടത്തിലും നന്മ പ്രസരിപ്പിക്കുന്ന, പുരുഷന്മാരെ അവര്‍ പുരുഷന്മാരായി ജനിച്ചു പോയെന്ന ന്യായം കാണിച്ച്   വേദനിപ്പിക്കുന്നതും അപമാനിക്കുന്നതും തികച്ചും  അധമമായ കര്‍മ്മമാണ്. എന്തു  സ്ത്രീ വാദം പറഞ്ഞാലും  അമ്മാതിരിയുള്ള  അധമമായ കാര്യങ്ങള്‍    ചെയ്യുന്നതിന്  യാതൊരു ന്യായീകരണവുമില്ല. സ്ത്രീ പീഡനം എന്തു വില കൊടുത്തും  എതിര്‍ക്കപ്പെടേണ്ടതു പോലെ പുരുഷ പീഡനവും എന്തു വില കൊടുത്തും  എതിര്‍ക്കപ്പെടേണ്ടതാണ്. ഒരു യഥാര്‍ഥ സ്ത്രീ വാദിയെ സംബന്ധിച്ചിടത്തോളം സ്ത്രീ പുരുഷ പീഡനം മാത്രമല്ല, പ്രകൃതി പീഡനവും ജീവി പീഡനവും സമ്പദ് പീഡനവും കലാ സാംസ്ക്കാരിക സാഹിത്യ   പീഡനവും  രാഷ്ട്രീയ  ഭരണ പീഡനവും മത പീഡനവും  എല്ലാം എതിര്‍ത്തു തോല്‍പ്പിക്കേണ്ട  കൊടും പാതകങ്ങള്‍ തന്നെയാണ്.  അതുകൊണ്ടു തന്നെയാണ്  സ്ത്രീവാദിയായിരിക്കുക എന്നത് വലിയൊരു ഉത്തരവാദിത്തവും ഒരു സമ്പൂര്‍ണ  ജീവിത പദ്ധതിയുമായി മാറുന്നത്. യഥാര്‍ഥ സ്ത്രീവാദികളുടെ എണ്ണം കുറയുന്നതും ഇപ്പറഞ്ഞ അതി കഠിനമായ ചുമതലാഭാരം നിമിത്തമാണ്. 

 മാധ്യമങ്ങള്‍ പുരുഷന്മാരെ ഒന്നടങ്കം കണ്ണും മൂക്കുമില്ലാതെ ആക്ഷേപിക്കുന്നുവെന്ന വാദം പരിശോധിക്കപ്പെടുകയും ആവശ്യമെങ്കില്‍ അതിനെതിരേ നിലകൊള്ളുകയും വേണ്ടതാണെങ്കിലും  അക്കാര്യത്തില്‍ ഇത്രയധികം വേവലാതി വേണമോ  എന്ന സംശയം  തീര്‍ച്ചയായും ഉന്നയിക്കപ്പെടേണ്ടതുണ്ട്. അങ്ങനെ നോക്കുകയാണെങ്കില്‍ കഴിഞ്ഞു പോയ കാലം മുഴുവന്‍  നമ്മുടെ സമൂഹവും അതിന്‍റെ  ചെറുതും വലുതുമായ എല്ലാ  അടരുകളും ഒന്നടങ്കം  സ്ത്രീകളെക്കുറിച്ച്  പറഞ്ഞു കേള്‍പ്പിച്ച് വിശ്വസിപ്പിച്ചു പഠിപ്പിച്ചു പോരുന്ന പഴഞ്ചൊല്ലുകളും ഉദാഹരണങ്ങളും ദോഷപാഠ കഥകളും എല്ലാം എത്രമാത്രം അധിക്ഷേപാര്‍ഹമാണ്!!!  എത്രമാത്രം വീറോടെ എതിര്‍ക്കപ്പെടേണ്ടതാണ്!!! പുരുഷന്‍റെ കണ്ണ് ചുവപ്പിക്കലും  കൈയോങ്ങലും  വേലിക്കെട്ടുകളുമില്ലെങ്കില്‍  സ്ത്രീ ഉടനെ വഴി പിഴച്ചുപോകുമെന്ന, സ്വന്തമായി സ്വഭാവശുദ്ധിയില്ലാത്തവളാണെന്ന ആ ഒരൊറ്റ ആക്ഷേപം മാത്രം മതിയല്ലൊ, അവളുടെ  ആത്മാഭിമാനത്തെ  നിത്യമായി ഹനിക്കുവാന്‍....  
    
മാധ്യമങ്ങള്‍  മോശമായി ചിത്രീകരിച്ചതുകൊണ്ടു മാത്രമൊന്നും നല്ലവനായ അച്ഛനേയോ സഹോദരനേയോ  ഭര്‍ത്താവിനേയോ അല്ലെങ്കില്‍  മകനേയോ അതുമല്ലെങ്കില്‍ മറ്റു ബന്ധുജനങ്ങളേയോ  ഒരു സ്ത്രീയും തെറ്റിദ്ധരിക്കാന്‍  പോകുന്നില്ല. സ്ത്രീകള്‍ പീഡിപ്പിക്കപ്പെടുന്നത് അവരുടെ കൈയിലിരിപ്പുകൊണ്ടാണെന്ന്  സാധിക്കുമ്പോഴെല്ലാം ഉറക്കെയുറക്കെ പ്രഖ്യാപിക്കപ്പെടുന്ന നമ്മുടെ സമൂഹത്തില്‍ നല്ലവരായ പുരുഷന്മാര്‍ക്ക് ലഭിക്കുന്ന ആദരവിനും മഹത്വത്തിനും ഒന്നടങ്കം കോട്ടമേല്‍പിക്കാന്‍ മാത്രമുള്ള ജനസ്വാധീനമൊന്നും മാധ്യമങ്ങള്‍ക്കുണ്ടെന്ന് തോന്നുന്നില്ല.

നന്മയുള്ള പുരുഷന്മാരും സ്ത്രീകളും മുകളില്‍  സൂചിപ്പിച്ചതു പോലെ ഒരു യഥാര്‍ഥ സ്ത്രീവാദിയായി മാറുന്നത് ഈ ലോകത്തെ സങ്കല്‍പ്പിക്കാന്‍  സാധിക്കാത്തത്രയും വലിയ അളവുകളില്‍  മാറ്റിപ്പണിയും ......... 

Friday, February 15, 2013

പ്രേം നസീറിനെപ്പോലെ........അച്ഛന്‍.


https://www.facebook.com/echmu.kutty/posts/419462608137869

( 2013 ഫെബ്രുവരി 14 ന് നാട്ടുപച്ചയില്‍ വന്നത്. )

പി ഭാസ്ക്കരനും  വയലാറും ദേവരാജനും ചേര്‍ന്ന് സ്വര്‍ഗീയമായ  അനുഭൂതിയാക്കി മാറ്റിയ  അനവദ്യസുന്ദര ഗാനങ്ങള്‍ പഴയ  മലയാള ചലച്ചിത്രങ്ങളില്‍ ഒട്ടേറെയുണ്ട്. യേശുദാസ് അതിമനോഹരമായി ആലപിച്ച ഗാനങ്ങള്‍. എത്ര വരണ്ട മനസ്സുകളിലും ഞൊടി നേരത്തേക്കെങ്കിലും  പ്രണയത്തിന്‍റെ കുളിര്‍ മഴ പൊഴിക്കുന്ന മധുര ഗാനങ്ങള്‍. ഈ ഗാനങ്ങളിലധിക പങ്കും അഭിനയിച്ചത് പ്രേംനസീര്‍ തന്നെ.

സിനിമയെക്കുറിച്ച് അല്‍പമെന്തെങ്കിലും അറിയാമെന്ന് വെറുതെ ഭാവിക്കുന്നവര്‍ പോലും വളരെ എളുപ്പത്തില്‍  അദ്ദേഹത്തെ പരിഹസിക്കുന്നതു കണ്ടിട്ടുണ്ട്. അഭിനയിക്കാനറിയില്ല, ഒരു ആനച്ചന്തമുണ്ടെങ്കിലും ലവലേശം പൌരുഷമില്ല, മിക്കവാറും എല്ലാ ചിത്രങ്ങളിലും ഒരേ  തരം  പ്രകടനങ്ങളാണ്, മലയാള സിനിമയില്‍ മറ്റൊരു നായകനുണ്ടാവാന്‍ സമ്മതിച്ചില്ല,  എന്നൊക്കെ പലതരം ആരോപണങ്ങള്‍ ഉന്നയിക്കുന്നത് കേട്ടിട്ടുണ്ട്. അല്‍പം വര്‍ഗീയതയുടെ വിഷം  മനസ്സിലുള്ളവരാകട്ടെ  അദ്ദേഹത്തെ വളരെ നിസ്സാരനാക്കി മേത്തനെന്നു വിളിക്കുന്നതും  സാധാരണമാണ്. 

പാട്ടുകളോടുള്ള  താല്‍പര്യം കൊണ്ടാണോ എന്നറിയില്ല, സാധിക്കുമ്പോഴെല്ലാം അദ്ദേഹം അഭിനയിച്ച ഗാനരംഗങ്ങള്‍ ഞാന്‍ കാണാറുണ്ട്. കറുപ്പും വെളുപ്പുമായ  സിനിമാ ചിത്രങ്ങള്‍ക്ക്  തന്‍റെ ഗന്ധര്‍വസാന്നിധ്യം കൊണ്ട് പ്രേംനസീര്‍ മഴവില്ലിന്‍റെ വര്‍ണശോഭ പകര്‍ന്നുവെന്ന്  അപ്പോഴെല്ലാം എനിക്ക് തോന്നും. പ്രേംനസീറിന്‍റെ അഭിനയത്തെക്കുറിച്ച് വിലയിരുത്താനുള്ള  അറിവൊന്നും  എനിക്കില്ലെങ്കിലും അദ്ദേഹം എഴുതിയ പുസ്തകങ്ങള്‍ ( എന്നെ തേടിയെത്തിയ കഥാപാത്രങ്ങള്‍,  ജീവിതചിത്രങ്ങള്‍  എന്നോ മറ്റോ പേരിട്ടിട്ടുള്ള അദ്ദേഹത്തിന്‍റെ കുറെയേറെ സ്മരണകള്‍)  ഞാന്‍ തേടിപ്പിടിച്ച് വായിച്ചിട്ടുണ്ട്. അദ്ദേഹത്തെക്കുറിച്ച് എഴുതി വരുന്നതെല്ലാം ഞാന്‍ കഴിയുന്നത്ര വായിക്കാറുമുണ്ട്. അതിനു പ്രത്യേകമായ ഒരു കാരണമുണ്ടെന്നു മാത്രം. 

അതെന്തെന്നല്ലേ?

പ്രേംനസീറിന്‍റെ  മാനറിസങ്ങള്‍  അച്ഛനെ ഓര്‍മ്മിപ്പിക്കുന്നവയാണ്.

അച്ഛന്‍  പ്രേംനസീറിനെ അനുകരിക്കുകയായിരുന്നു എന്നത് വാസ്തവമാണ്. തിരിച്ചാവാന്‍ ഒരു വഴിയുമില്ലാത്തിടത്തോളം അതങ്ങനെയാവാനല്ലേ തരമുള്ളൂ. 

പൊതുസമൂഹം  ഒരു സുന്ദരന് അത്യാവശ്യമായത്  എന്ന് കുറിപ്പിട്ട് വെച്ചിട്ടുള്ള  സൌന്ദര്യ സങ്കല്‍പങ്ങളില്‍ അച്ഛന്‍ ഒരിക്കലും  പാകമായിരുന്നില്ല. 
 
കഷ്ടിച്ച്  അഞ്ചടി അഞ്ചിഞ്ച്  ഉയരവും  നല്ല  കറുത്ത നിറവുമായിരുന്നു  അദ്ദേഹത്തിനുണ്ടായിരുന്നത്. പക്ഷെ,  താന്‍ തികച്ചും  സുന്ദരനും വളരെയേറെ  ആകര്‍ഷണീയനുമാണെന്ന ഉറച്ച വിശ്വാസം അദ്ദേഹം വെച്ചു പുലര്‍ത്തിയിരുന്നു. മെഡിക്കല്‍ ബിരുദങ്ങളും വഹിച്ചിരുന്ന ഉയര്‍ന്ന ഉദ്യോഗവും  കീഴുദ്യോഗസ്ഥരായ അനവധി സ്ത്രീകളുടെ നിരന്തര  സാമീപ്യവും   സര്‍ക്കാര്‍ അദ്ദേഹത്തിനു  നല്‍കിയിരുന്ന സൌകര്യങ്ങളുമെല്ലാം  അച്ഛന്‍റെ  ഇത്തരമൊരു  ആത്മവിശ്വാസത്തെ ശതഗുണീഭവിപ്പിച്ചു. ലോകത്തില്‍  ആരേയും  ആകര്‍ഷിക്കാന്‍ അദ്ദേഹത്തിന് കഴിയുമെന്ന്  അച്ഛന്‍  എല്ലായ്പോഴും  ധ്വനിപ്പിച്ചിരുന്നു.  ചില  ഫോട്ടോകളില്‍ അദ്ദേഹം ശരിക്കുമൊരു സുന്ദരന്‍  തന്നെയായിരുന്നു താനും. ഒരു കേടും ഒരിക്കലും പറ്റാത്ത നിരയൊത്ത പല്ലുകളും തുടുത്തു ചുവന്ന ചെറിയ കൈപ്പത്തികളുമായിരുന്നു അച്ഛന്‍റേത്.  വൃത്തിയായി  വെട്ടിയ നഖങ്ങളും  ഡെറ്റോളിന്‍റേയും ലൈസോളിന്‍റേയും സമ്മിശ്ര സുഗന്ധവും  അച്ഛന്‍റെ  പ്രത്യേകതകളായിരുന്നു. ആ  കാല്‍മടമ്പുകളില്‍  ഒരിക്കലും   അഴുക്കു പറ്റിയിരുന്നില്ല. അവയും സദാ തുടുത്തു ചുവന്നിരുന്നു. 

ഷര്‍ട്ടിലും പാന്‍റിലും ഒന്നും ഒരു ചുളിവ് വീഴുന്നത് അച്ഛന്‍ ഇഷ്ടപ്പെട്ടിരുന്നില്ല. അതുകൊണ്ട്  ഞങ്ങള്‍ കുട്ടികള്‍ അച്ഛനെ വളരെ അപൂര്‍വമായി മാത്രമേ  സ്പര്‍ശിച്ചിരുന്നുള്ളൂ. എന്‍റെ ഷര്‍ട്ട്  ചുളിക്കാതെ നീങ്ങി നില്‍ക്ക് എന്ന് കടുപ്പിച്ച്  പറയാന്‍  അച്ഛന്‍  ഒട്ടും മടിച്ചിരുന്നില്ല. തന്‍റെ കറുത്തിരുണ്ട് ചുരുണ്ട് ഇടതൂര്‍ന്ന  തലമുടിയെപ്പറ്റി അച്ഛന്‍ വലിയ അഭിമാനം വച്ചു പുലര്‍ത്തിയിരുന്നു. അതുകൊണ്ടാണ് മുടി നരക്കുകയും കഷണ്ടി ബാധിക്കുകയും ചെയ്തു തുടങ്ങിയപ്പോള്‍ അദ്ദേഹം അതികഠിനമായി അസ്വസ്ഥനായത്. മുടി  കറുപ്പിക്കുന്ന പലതരം ചായങ്ങള്‍ അച്ഛന്‍റെ ദൌര്‍ബല്യമായത്. വാര്‍ദ്ധക്യത്തിനോട് ഏറ്റുമുട്ടാന്‍ അച്ഛന്‍ പലതരം ക്രീമുകളേയും പൌഡറുകളേയും  കൂട്ടുപിടിച്ചു. ആ സമരത്തില്‍ സ്വയം വിജയിച്ചതായി അഭിമാനപൂര്‍വം  കരുതിയിരുന്ന  അച്ഛന്‍റെ മുഖം ഞാനൊരിക്കലും മറക്കാനിടയില്ല.

രാവിലെ ഏഴുമണി എന്നൊരു സമയമുണ്ടെങ്കില്‍ അച്ഛന്‍ കുളിച്ചു തയാറായിട്ടുണ്ടാവും. അഞ്ചു മിനിറ്റിനുള്ളില്‍ അലക്കിയ വസ്ത്രങ്ങള്‍ ധരിച്ച് മുടി ചീകി ഷൂ ഇട്ട്  അച്ഛന്‍ പുറത്തിറങ്ങിയിരുന്നു. അത്ര  എളുപ്പത്തില്‍, അത്ര വൃത്തിയായി  തയാറാവാന്‍ ഈ പ്രപഞ്ചത്തില്‍  മറ്റാര്‍ക്കും  സാധിക്കില്ലെന്ന്  ഞാന്‍ കരുതിപ്പോന്നു.

ഒരു ഡോക്ടര്‍  എങ്ങനെയാവണമെന്നും  എങ്ങനെയാവരുതെന്നും  വളരെ കുട്ടിയായിരിയ്ക്കുമ്പോഴേ എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞിരുന്നു. അത്  ഒരു ഡോക്ടര്‍  എന്ന നിലയില്‍ അച്ഛന് രോഗികളോടുണ്ടായിരുന്ന പ്രതിബദ്ധത കണ്ടറിയാന്‍ സാധിച്ചതുകൊണ്ടാണ്. രോഗി എത്ര പരിമിതമായ ജീവിത സാഹചര്യങ്ങളിൽ നിന്നായാലും ഏതു സമയത്തായാലും  അച്ഛന്റെ സേവനം ആവശ്യപ്പെട്ടാൽ അതു കൊടുക്കാൻ അദ്ദേഹം നിറഞ്ഞ മനസ്സോടെ സദാ സന്നദ്ധനായി. ഡോക്ടര്‍ക്ക് നല്‍കാന്‍ പണമില്ലാത്തതുകൊണ്ട്  ഒരു രോഗിക്കും ചികില്‍സ ലഭിക്കാതെ ബുദ്ധിമുട്ടേണ്ടി വരരുതെന്ന്  അദ്ദേഹം പറയാറുണ്ടായിരുന്നു. പണത്തിനു ആര്‍ത്തിയുള്ള ഡോക്ടര്‍മാര്‍  പാവനമായ വൈദ്യവൃത്തിയെ അതികഠിനമായി കളങ്കപ്പെടുത്തുന്നവരാണെന്ന്  അച്ഛന്‍ ഉറച്ചു  വിശ്വസിച്ചു.  കാറിൽ മാത്രമല്ല, ഇരുട്ടുള്ള പാട വരമ്പിലൂടെ നടന്നും അറ്റക്കഴകൾ ചാടിക്കടന്നും സൈക്കിളിന്റെ ക്യാരിയറിലിരുന്നും ഒക്കെ അദ്ദേഹം രോഗികളെ പരിശോധിയ്ക്കാൻ പോകാറുള്ളത്  എനിക്കൊരിയ്ക്കലും മറക്കാൻ കഴിയില്ല. ഇന്നും  എന്നില്‍ ബാക്കി നിൽക്കുന്ന അച്ഛന്റെ ഓർമ്മയായ ഡെറ്റോൾ സുഗന്ധവും പരത്തിക്കൊണ്ട് അത്തരം യാത്രകളിൽ നിന്ന് അദ്ദേഹം തിരികെ വരുന്നതും കാത്ത് ഞങ്ങൾ ഉറങ്ങാതിരിക്കാറുണ്ടായിരുന്നു

അങ്ങനെയെല്ലാമാണെങ്കിലും  മദ്യം അദ്ദേഹത്തെ കുടിച്ചു വറ്റിയ്ക്കുന്ന ദിവസങ്ങളിലും  അമ്മയോടുള്ള കലഹങ്ങൾ അദ്ദേഹത്തെ ലാവയാക്കിച്ചുവപ്പിയ്ക്കുന്ന ദിവസങ്ങളിലും എത്തിച്ചേരുന്ന രോഗികളുടെ നിലവിളികൾ ആ ചെവികളിൽ പതിയാതിരിയ്ക്കുന്നതും, രോഗിയുടെ ബന്ധുക്കൾ കരഞ്ഞ് ചുവന്ന് തുറിച്ച കണ്ണുകളോടെ മടങ്ങിപ്പോകുന്നതും ഞാന്‍  കണ്ടിട്ടുണ്ട്.

എന്ത് പറ്റീ സാറിന് എന്നവർ ചോദിയ്ക്കുമ്പോൾ തലവേദനയെന്ന്, പനിയെന്ന്, വയറുവേദനയെന്ന് മാറ്റിമാറ്റി പറയുന്ന അമ്മയുടെ കണ്ണുകൾ കലങ്ങിച്ചുവന്നിരിയ്ക്കും. ശബ്ദം ഇടറിയിരിയ്ക്കും, കവിളുകൾ തിണർത്തിരിയ്ക്കും. വന്നവർ എപ്പോഴും കൂടുതലൊന്നും ചോദിയ്ക്കാതെ, കൂടുതലൊന്നും കാണാതെ മടങ്ങിയിരുന്നു. സാമൂഹികമായും വൈകാരികമായും നമ്മെ മാത്രം ആശ്രയിച്ചു  കഴിയുന്ന വീട്ടിലെ സ്ത്രീകളോട്   സ്നേഹപൂര്‍ണമായും മാന്യമായും  പെരുമാറുവാന്‍  ഉന്നത വിദ്യാഭ്യാസമോ ഉയര്‍ന്ന ഉദ്യോഗമോ ഒന്നും ഒരു പുരുഷനെ പ്രാപ്തനാക്കുകയില്ലെന്ന് എനിക്ക്  മനസ്സിലാക്കിത്തന്നത് എന്‍റെ അച്ഛന്‍ തന്നെയാണ്. അതിനു സമത്വചിന്തയിലൂന്നിയ പ്രത്യേകമായ സാംസ്ക്കാരിക വിദ്യാഭ്യാസം അത്യാവശ്യമാണെന്നും അദ്ദേഹം എന്നെ പഠിപ്പിച്ചു.

അച്ഛനോളം  ഭംഗിയായി കാറോടിക്കുന്ന ഒരാളെയും ഞാനിതു വരെ കണ്ടിട്ടില്ല.  കണ്ണൂരു നിന്ന് തിരുവനന്തപുരം വരെ  ഒരിടത്തും നിറുത്തി സംശയം ചോദിക്കാതെയും എന്നാല്‍ ഒരു വളവ് പോലും തെറ്റിപ്പോകാതെയും അച്ഛന്‍ കാറോടിച്ചിരുന്നു. ഏതു ദേശത്തായാലും ഒരിക്കല്‍ സഞ്ചരിക്കാന്‍ ഇടയായ   വഴികള്‍ കൃത്യമായി  ഓര്‍മ്മിക്കുന്നതില്‍ അദ്ദേഹത്തിനു  അസാമാന്യമായ നൈപുണ്യമുണ്ടായിരുന്നു. 

അച്ഛന്‍ അതിഗംഭീരനായ  ഒരു വായനക്കാരനായിരുന്നു. മിക്കവാറും കാര്യങ്ങളെപ്പറ്റിയെല്ലാം എന്തെങ്കിലും  രണ്ട്  വാചകം പറയാന്‍ എപ്പോഴും അച്ഛന് കഴിഞ്ഞിരുന്നു. കൈയിലെത്തുന്ന  ഏതു  പുസ്തകവും ക്ഷമയോടെ അദ്ദേഹം വായിച്ചു. ആ ശീലം കൊണ്ടാവണം ധാരാളം പുസ്തകങ്ങള്‍ സംഭരിക്കാന്‍ അദ്ദേഹം എന്നും ഔല്‍സുക്യം കാട്ടിയിരുന്നത്.  

അമ്മയുടെ മുറിയിലെ  ചുവരില്‍ തൂങ്ങുന്ന അച്ഛന്‍റെ പടത്തിന്  പ്രേംനസീറിന്‍റെ സാദൃശ്യമുണ്ട്.  ഒരുപക്ഷെ, ഞങ്ങള്‍ക്ക് മാത്രം മനസ്സിലാകുന്ന സാദൃശ്യം.  വിനയം പ്രദര്‍ശിപ്പിക്കുന്ന  ആ തല കുനിക്കല്‍, ദൂരക്കാഴ്ചയിലെ  അല്‍പം  ചെരിഞ്ഞുള്ള നടത്തം, ആ മധുരപ്പുഞ്ചിരി, ആ നോട്ടം……. പ്രേംനസീറിന്‍റെ  കുറച്ച്  പ്രായം തോന്നിപ്പിക്കുന്ന ധനികരായ കഥാപാത്രങ്ങള്‍ പലരും അച്ഛന്‍റെ ചലനങ്ങളുള്ളവരാണ്. വിട പറയും മുമ്പേയിലെ  മാധവന്‍ കുട്ടി, ധ്വനിയിലെ ജഡ്ജി  അങ്ങനെ അങ്ങനെ....  

പ്രേംനസീര്‍  പാടി അഭിനയിച്ച ഗാനരംഗങ്ങളില്‍  പലപ്പോഴും  അച്ഛനെ കാണാറുണ്ട് ഞാന്‍.  സന്ധ്യയ്ക്കെന്തിനു സിന്ദൂരം  എന്ന ഗാനരംഗത്ത് അച്ഛനും അമ്മയുമാണെന്ന്  ഞാന്‍  വിചാരിക്കുമായിരുന്നു.  കാരണം ആ ഗാനരംഗത്തിലെ പ്രേംനസീറിന്‍റെ വേഷമായിരുന്നു അച്ഛനെപ്പോഴും വീട്ടില്‍  ധരിക്കാറ്. കായാമ്പൂ കണ്ണില്‍  വിടരും, ആയിരം പാദസരങ്ങള്‍ കീലുങ്ങി, കസ്തൂരി മണക്കുന്നല്ലോ കാറ്റേ, സന്യാസിനി നിന്‍ പുണ്യാശ്രമത്തില്‍, മാനത്തെ കായലിന്‍, ജീവിതേശ്വരിക്കേകുവാന്‍, ലക്ഷാര്‍ച്ചന കണ്ടു ,   സുപ്രഭാതം സുപ്രഭാതം .... പ്രേംനസീര്‍ അഭിനയിച്ച  മിക്കവാറും  പ്രേമ ഗാനങ്ങളും വിഷാദഗാനങ്ങളും  എവിടെയെല്ലാമോ അച്ഛനെ  ഓര്‍മ്മിപ്പിക്കുന്നു.

നിലയ്ക്കാത്ത ചുമയുമായി  ബുദ്ധിമുട്ടുന്ന എനിക്ക് അവസാനമായി  തന്ന പ്രിസ്ക്രിപ്ഷനില്‍  എന്‍റെ  തൊണ്ടയിലെ സ്വാബ്  പരിശോധിക്കണമെന്ന് അദ്ദേഹം എഴുതി.  അതിനുശേഷം പതിനഞ്ചു ദിവസം മാത്രമേ അച്ഛന്‍ ജീവിച്ചിരുന്നുള്ളൂ. അപ്പോള്‍  കടുത്ത ക്ഷയരോഗം ബാധിച്ച്  ഗുരുതരമായ അവസ്ഥയില്‍ ആശുപത്രിയിലായിക്കഴിഞ്ഞിരുന്നു  ഞാന്‍. അതുകൊണ്ട്  അച്ഛന്‍റെ നിശ്ചല ശരീരം ഞാന്‍ കാണുകയുണ്ടായില്ല.