Wednesday, December 26, 2012

നോണ്‍സ്റ്റിക് പാത്രവും വെളുത്ത നിറവും


ചെറു പ്രായത്തില്‍ തന്നെ കല്യാണം നടക്കണമെങ്കില്‍ നല്ല വെളു വെളാ എന്ന്  വെളുത്തിരിക്കണം. കല്യാണം കഴിച്ചിട്ട്  ഇനി അബദ്ധത്തില്‍ ഒരു പെണ്‍കുട്ടി പിറക്കുകയാണെങ്കില്‍ അവള്‍ തീര്‍ച്ചയായും  വെളുത്ത കുട്ടിയായിരിക്കണം.
ഇതൊക്കെ എനിക്കു  നല്ല നിശ്ചയമുള്ള കാര്യങ്ങളാണ്. എല്ലാവരും പറയുന്നത് കേട്ടു കേട്ടാണ് വെളുത്ത നിറത്തെപ്പറ്റി എനിക്കിത്ര വിവരം വെച്ചത് കേട്ടൊ. ഈ പറയുന്ന എല്ലാവരും ആരാണെന്ന് ചോദിച്ചാല്‍,  ദൈവത്തിനെ പോലെ സര്‍വശക്തിയുമുള്ള  ഒരു കൂട്ടരാണ് അവര്.    എല്ലായിടത്തും ഉണ്ട്.  എപ്പോഴും അവരെപ്പറ്റി പറയുന്നത് കേള്‍ക്കാം. എന്നാല്‍ ആര്‍ക്കും  ഒരിക്കലും  കാണാന്‍ സാധിക്കുകയില്ല എന്നു മാത്രം.
വെളുക്കാനായി  പലതരം ക്രീമുകളും പച്ച മഞ്ഞളും, ചേനയും ചേമ്പുമൊഴിച്ചുള്ള  സകല ജാതി പച്ചക്കറികളും  പഴങ്ങളും   ചെറുപ്പത്തില്‍ ഞാന്‍  കുറെ തേച്ചു പിടിപ്പിച്ചിട്ടുണ്ട്. എന്നിട്ടും  ഇത്തിരി പോലും വെളുത്തില്ല. വീട്ടില്‍ വന്നിരുന്ന അലക്കുകാരി കൊച്ചു  കിടക്കവിരികളും തോര്‍ത്തുകളും മറ്റും  വെളുപ്പിക്കുന്നതു പോലെ എന്നെയും വെളുപ്പിച്ചു  തരുമോ എന്ന്  ഞാന്‍ പലവട്ടം ചോദിച്ചതാണ്. കൊച്ചു വെളുത്ത പല്ലു കാട്ടി ചിരിക്കുകയല്ലാതെ തരാം എന്നൊരിക്കലും പറഞ്ഞില്ല.  വെളുക്കാന്‍ വേണ്ടി ചാരമോ ചുണ്ണാമ്പോ ഒക്കെ കലക്കിയ വെള്ളത്തില്‍ മുങ്ങിയിരിക്കാനും വലിയ ചെമ്പില്‍ തുണികള്‍  പുഴുങ്ങുന്നതിനകത്ത്  ഒളിച്ചിരിക്കാനും ഞാന്‍ ഒരുക്കമായിരുന്നു.
ഇപ്പോള്‍ മനസ്സിലായോ, ഈ ബ്യൂട്ടിപാര്‍ലറുകാര്‍ പറയുന്ന വെളുക്കാനുള്ള ഫ്രൂട്ട് പാക്, വെജിറ്റബിള്‍ പാക്, ബ്ലീച്ചിംഗ്, ആവി പിടിക്കല്‍ ഇതിന്‍റെയൊക്കെ പ്രാഗ്രൂപങ്ങള്‍ നമ്മുടെ വീടുകളില്‍ തന്നെ നേരത്തെ ആരംഭിച്ചതാണെന്ന്. പിന്നെ ടെക്നോളജിയുടെ സഹായം കൂടി വന്നപ്പോഴല്ലേ ഇതൊക്കെ കോടികളുടെ വ്യവസായമായി മാറിയത്.
അതെ, ഓര്‍മ്മകളിലേക്ക് തന്നെ തിരിച്ചു വരാം.  കോടികളും വ്യവസായവും ഒക്കെ അതിനു യോഗമുള്ളവര്‍ നടത്തിക്കൊള്ളും.    
കറുത്തവളെന്ന് തരം കിട്ടുമ്പോഴെല്ലാം എല്ലാവരും വിളിച്ചു. കാക്കകറുമ്പി, കറുത്തമ്മ, കാക്കത്തമ്പുരാട്ടി എന്നൊക്കെയായിരുന്നു എന്‍റെ വിളിപ്പേരുകള്‍.  അപ്പോള്‍ ഞാന്‍ കാക്കയെ നോക്കി ചിരിച്ചു കാട്ടി. കാക്ക  പറഞ്ഞു, സാരമില്ല നിന്‍റെ പല്ലുകളും കണ്ണിന്‍റെ സില്‍വറും നല്ല വെളുത്തതാണ്. എനിക്ക് അങ്ങനെയും ഒരു വെളുപ്പില്ലല്ലോ.   
അത്  ഞാനും സന്തോഷത്തോടെ  സമ്മതിച്ചു.
ക്രീമും പൌഡറുമൊന്നും എന്നെ വെളുപ്പിച്ചില്ല, എന്നാല്‍  പിന്നെ ലേശം കുമ്മായമോ വെളുത്ത പെയിന്‍റോ പരീക്ഷിച്ചാലോ എന്നും ഞാന്‍ വിചാരിക്കാതിരുന്നില്ല. ഉപയോഗിക്കാന്‍  സൌകര്യത്തിനു അതൊന്നും വേണ്ട മാതിരി കൈയില്‍ കിട്ടിയില്ലായിരുന്നു. തന്നെയുമല്ല കുമ്മായമടിക്കാനും പെയിന്‍റടിക്കാനും വരുന്ന ഔസേപ്പിനോടും വേലായുധനോടും ഒക്കെ എങ്ങനെ പറയും എന്നെ വെളുപ്പിച്ചു തരാന്‍ ..........ഛേ! നാണക്കേടല്ലേ അത്?
വളര്‍ന്ന്  പഠിത്തമൊക്കെ  ഒരു പെട്ടിയില്‍  വെച്ചു പൂട്ടി, സര്‍ട്ടിഫിക്കറ്റുകള്‍ അടുക്കിപ്പിടിച്ച്  ജോലിയന്വേഷിക്കുന്ന കാലത്ത്  ഒരു ജ്വല്ലറിയില്‍  സെയില്‍സ് ഗേളിന്‍റെ  ഇന്‍റര്‍വ്യൂവിനു  പോയി.  അത്  നിസ്സാര ജ്വല്ലറിയൊന്നുമായിരുന്നില്ല. തിരുവനന്തപുരത്തെ ശ്രീ  പത്മനാഭസ്വാമിയുടെ  പക്കലൂള്ളതിലും സ്വര്‍ണവും വെള്ളിയും നവരത്നങ്ങളും ഒക്കെ അവരുടെ  അലമാരകളിലുണ്ടായിരുന്നു.  മാലയും  കമ്മലും വളയും വങ്കിയും ഒഡ്യാണവും ചുട്ടിയും  മോതിര വുമൊക്കെ ആയിട്ടായിരുന്നു എന്നു മാത്രം. ലെന്‍സ്  വെച്ചു നോക്കണം, കണക്കെടുക്കണം, ഉരച്ചു നോക്കണം  എന്നൊന്നും പറഞ്ഞ്  ആരും തന്നെ അവരെ ശല്യപ്പെടുത്തിയിരുന്നില്ല. പകരം മനുഷ്യരൊക്കെ   ധാരാളം പണം  തുപ്പലു തൊട്ട് എണ്ണികൊടുത്ത്  ഇതെല്ലാം വാങ്ങിക്കൊണ്ടു പോയി, തിക്കും പൊക്കും  നോക്കി വിവിധ ബാങ്ക് ലോക്കറുകളില്‍, സ്വന്തം പേരുകളിലായി പതുക്കി   വെക്കുക മാത്രം ചെയ്തു .
നല്ല ചുട്ടു പഴുത്ത വെയിലത്ത്  കുറെ  നേരം നടന്നിട്ടാണ്  ജ്വല്ലറിയുടെ കോര്‍പ്പറേറ്റ് ഓഫീസില്‍  ഞാന്‍ കയറി ചെല്ലുന്നത്. ചവുട്ടിയാല്‍ പതുങ്ങുന്ന കാര്‍പ്പെറ്റും സുഖകരമായ തണുപ്പും കണ്ണ് ഫ്യൂസാവുന്ന  ഹൈ വോള്‍ട്ടേജ് തിളക്കങ്ങളും ഒക്കെയായി  ഇന്ദ്രലോകം എന്നോ ദേവലോകം എന്നോ  വിളിക്കാന്‍ പറ്റുന്ന  തരം ഒരു ഓഫീസായിരുന്നു അത്.  ഇന്നത്തെക്കാലത്ത്, വെറും പത്തു ലക്ഷം  രൂപ ചെലവാക്കി നിര്‍മ്മിക്കുന്ന  മോഡുലാര്‍ കിച്ചണില്‍ വഴി തെറ്റി  പറന്നു കയറിയ കാക്കയെപ്പോലെയോ, ഇഴുകി വീഴുന്ന മിനുസവും  പളപളപ്പുമുള്ള  വനിതാ മാഗസിന്‍റെ  സെന്‍റര്‍ പേജില്‍ വീണടിഞ്ഞ  പല്ലിക്കാഷ്ടത്തെ പോലെയൊ ഒക്കെയായി  എന്‍റെ സ്ഥിതി.
അവിടെ നിന്നിറങ്ങിപ്പോവുന്നതാണ് നല്ലതെന്ന് മനസ്സിന്‍റെ ഇടതു   ഭാഗം ആജ്ഞാപിച്ചപ്പോള്‍ ആര്‍ത്തി പിടിച്ച  വലതു ഭാഗം ബലമായി  എന്നെ പിടിച്ചു നിറുത്തി. ആര്‍ത്തി എന്നു വെച്ചാല്‍ അവരുടെ ഇന്‍റര്‍വ്യൂ   പരസ്യം  കണ്ടിട്ടുണ്ടായതാണ്. നല്ല ശമ്പളം, യൂണിഫോം, മെഡിക്കല്‍ അലവന്‍സ് , പി എഫ്, ഗ്രാറ്റ്വിറ്റി ......... അങ്ങനെ  ഒരു ഉദ്യോഗാന്വേഷിയെ  തീര്‍ത്തും ലഹരി പിടിപ്പിക്കുന്ന അനവധി വാഗ്ദാന മധു ചഷകങ്ങള്‍. കഴിഞ്ഞില്ല,  ദീപാവലിക്കും  അക്ഷയതൃതീയക്കും  ഒരു സ്വര്‍ണ നാണയം വീതം  സമ്മാനം. ..... ഞാന്‍ ഒരു മുപ്പത്തഞ്ചു കൊല്ലം അവിടെ ജോലി ചെയ്താല്‍ എന്‍റെ പക്കല്‍ എത്ര സ്വര്‍ണനാണയം  ഉണ്ടാവും? ഒരു നാണയം കുറഞ്ഞത് ഒരു പവന്‍ കാണാതിരിക്കുമോ? ഒരു പവന്‍   എന്നാല്‍  എട്ടു ഗ്രാം. അപ്പോള്‍ ആകെ മൊത്തം  എത്ര ഗ്രാം സ്വര്‍ണമുണ്ടാവും എന്‍റടുത്ത് ? ഈ മനക്കണക്ക് പെരുക്കിപ്പെരുക്കി ഞാന്‍ തളര്‍ന്നു എന്നു  പറഞ്ഞാല്‍  മതിയല്ലോ.     
ദേവലോകം പോലെയുള്ള ഓഫീസില്‍ എന്നെ ഇന്‍റര്‍വ്യൂ ചെയ്യാന്‍ ഉപവിഷ്ടരായവര്‍  ആരൊക്കെയായിരുന്നുവെന്നോ? സൌന്ദര്യം ഉടലാര്‍ന്നതു മാതിരി, രവിവര്‍മ്മ ചിത്രങ്ങളില്‍ നിന്ന് ഇറങ്ങി വന്ന,  പനങ്കുലത്തലമുടിയുള്ള   ഒരു അപ്സരസ്സ്,  പിന്നെ വൃത്തിയായി വെട്ടിയൊതുക്കിയ താടിയും മുടിയുമായി ജീന്‍സും ജുബ്ബയുമിട്ട, ഇംഗ്ലീഷില്‍ മൊഴിയുകയും ചിന്തിക്കുകയും ചെയ്യുന്ന  ഒരു  ആധുനിക മഹര്‍ഷി , ജാക്കറ്റും കോട്ടും ടൈയും ധരിച്ച്, അദ്ദേഹം  ഒന്നു പുഞ്ചിരിച്ചാല്‍ ആകാശം  ഇടിഞ്ഞു വീഴുമെന്നോ സുനാമി വരുമെന്നോ തെറ്റിദ്ധരിച്ച് , ചീര്‍ത്ത മുഖം ഒന്നും കൂടി വീര്‍പ്പിച്ചിരിക്കുന്ന കോര്‍പ്പറേറ്റ് സ്വര്‍ണ മുതലാളി, അതീവ ഗൌരവക്കാരനായ, ദൈവത്തേക്കാളും കേമനായ പൂജാരിയെപ്പോലെ  ഒരു കമ്പ്യൂട്ടര്‍  ഓപ്പറേറ്റര്‍, പലതരം  ഫോണുകള്‍ കൈയിലിട്ട്  അമ്മാനമാടുന്ന,  ഭേദപ്പെട്ട സൌന്ദര്യമുള്ള മറ്റൊരു യുവതി എന്നിവര്‍.
ലോകത്തിലെ പ്രധാന സ്വര്‍ണഖനികളുടെ പേരൊക്കെ പഠിച്ചിരുന്നുവെങ്കിലും പതിവു പോലെ പരീക്ഷകരെ കണ്ടപ്പോള്‍ എന്‍റെ തല ബ്ലാങ്കായി മാറി. കുറച്ചു  നാളത്തെ സ്വര്‍ണ വിലയും പവന്‍  കണക്കിലും തോല കണക്കിലും പ്രത്യേകം പ്രത്യേകം  ഓര്‍മ്മ വെച്ചിരുന്നതും മറന്നു പോയി.  നല്ല വൃത്തിയില്‍ ധരിച്ച വസ്ത്രവും മുഖത്തു ഭംഗിയായി  ഒട്ടിച്ചു വെച്ച ഒരു നൂറു വാട്ട് പുഞ്ചിരിയും  ങാ,  എന്നു വെച്ചാല്‍ ഈ പ്രസന്‍റബ്ള്‍ എന്ന് സായിപ്പ്  പറയുന്ന ആ സംഭവമുണ്ടല്ലോ, അതു തന്നെ , അങ്ങനെ ഒരു  നല്ല  തയാറെടുപ്പിലാണ് ഞാന്‍ ഇന്‍റര്‍  വ്യൂവില്‍ പങ്കെടുക്കുന്നത്.
എന്‍റെ സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിച്ചത്  ഫോണ്‍ സുന്ദരിയാണ് . അവയൊക്കെ അതിനിസ്സാരം, അവളുടെ കാല്‍പ്പൊടിക്കു പോലും കിട നില്‍ക്കുമോ എല്ലാ സര്‍ട്ടിഫിക്കറ്റും കൂടി ഒന്നിച്ചു തൂക്കിയാലും എന്ന മട്ടില്‍ പെട്ടെന്നു തന്നെ  മടക്കിത്തരികയായിരുന്നു, ചെക്കിംഗ് എന്ന പേരില്‍ സുന്ദരി ചെയ്തത് . മഹര്‍ഷിയും സ്വര്‍ണ മുതലാളിയും ആ സമയത്തെല്ലാം  എന്നെ സൂക്ഷിച്ചു നോക്കുന്നുണ്ടായിരുന്നു. കുറെ സമയം മൌനമായിരുന്ന മഹര്‍ഷി ഒടുവില്‍ എന്‍റെ പേരില്‍  പോലീസ് കേസൊന്നുമില്ലല്ലോ  എന്ന ഒറ്റച്ചോദ്യത്താല്‍ എന്നെ നിലം പരിശാക്കിക്കൊണ്ട് ഇന്‍റര്‍ വ്യൂ അവസാനിപ്പിക്കുകയും ചെയ്തു.  
പിന്നെയാണ്  അപ്സരസ്സ്  സംസാരിക്കാന്‍ തുടങ്ങിയത്. അധികമൊന്നും അവര്‍  മൊഴിഞ്ഞില്ല കേട്ടോ. നിങ്ങള്‍ എല്ലാം കൊണ്ടും എലിജിബിള്‍ ആണെങ്കിലും ഈ നിറം ഒരു ജ്വല്ലറി ഷോപ്പില്‍  ശരിയാവില്ല. പ്രത്യേകിച്ച്  ഇത്ര ഹൈ പ്രൊഫൈല്‍ ഷോപ്പില്‍.... നിങ്ങള്‍ക്ക് ഒട്ടും ശോഭയില്ല , യൂ നോ... .  അപ്സരസ്സിന്‍റെ ലിപ്സ്റ്റിക്കില്‍ പൊതിഞ്ഞ ചുണ്ടുകളിലൂടെ  പുറപ്പെട്ട  അവസാന വാചകം കാച്ചിയെടുത്ത ഉളിയുടെ അഗ്രത്തില്‍ നിന്നും തെറിച്ചു വീഴുന്ന മരച്ചീളു പോലെയുണ്ടായിരുന്നു....
കറുപ്പ് താന്‍ എനക്ക് പിടിച്ച കളറ് എന്ന പാട്ട്  പിന്നീടാണ്  ശ്രീമതി അനുരാധാ ശ്രീരാം  പാടി പ്രശസ്തമാക്കിയത്.  
ഞാന്‍ ഓഫീസ് വിട്ടിറങ്ങുമ്പോള്‍  പാവം തോന്നിയിട്ടെന്ന പോലെ അപ്സരസ്സ് പറഞ്ഞു. നഴ്സിംഗ് പഠിച്ചിരുന്നെങ്കില്‍ പെട്ടെന്ന് ജോലി കിട്ടുമായിരുന്നു. ധാരാളം കറുത്ത സ്ത്രീകള്‍ നഴ്സ് മാരായി ഇവിടെ വിവിധ ആശുപത്രികളില്‍ ജോലി ചെയ്ത് ജീവിക്കുന്നുണ്ട്.
ദയയോടെ  പകര്‍ന്നു തന്ന ആ  അറിവിനു, നന്ദിയോടൊപ്പം എന്‍റെ വെളുത്ത പല്ലുകളും കണ്ണിന്‍റെ സില്‍വറും  മുഴുപ്പിച്ച്  കാട്ടി ചിരിച്ച് ഞാന്‍ അപ്സരസ്സിനോട് യാത്ര  ചോദിച്ചു.
കറുത്തിരുന്നാലും പഠിയ്ക്കാത്ത വിദ്യയുടെ കെയറോഫില്‍  എനിക്കെവിടുന്നാണ് ജോലി കിട്ടുക?
 
കെട്ടിട നിര്‍മ്മാണത്തിലെ ചില്ലറ ജോലികളിലും ചെറു വരുമാനത്തിലും ഞാന്‍ കഴിഞ്ഞു പോരുന്ന കാലമായിരുന്നു അത്.    
അക്കാലത്തെ എന്‍റെ ഒരു സുഹൃത്തായിരുന്നു, പൂജ. ഭര്‍ത്താവിനും മകനുമൊപ്പം കഴിഞ്ഞിരുന്ന പൂജയുടെ പ്രധാന ഹോബി, ഇന്‍സ്റ്റാള്‍മെന്‍റില്‍ അടുക്കള പാത്രങ്ങള്‍ സ്വന്തമാക്കുകയായിരുന്നു.  ഒഴിവുള്ളപ്പോഴെല്ലാം പൂജയ്ക്കൊപ്പം എല്ലാ  പാത്രക്കടകളിലും ഞാനും പോയി. മിന്നിത്തിളങ്ങുന്ന സ്റ്റെയിന്‍ലസ് സ്റ്റീല്‍  പാത്രങ്ങള്‍ എന്നെയും മോഹിപ്പിക്കാറുണ്ടായിരുന്നു. തേച്ചു മിനുക്കിയ സ്റ്റീല്‍ പാത്രങ്ങള്‍ കമഴ്ത്തി കമഴ്ത്തി  അടുക്കി വെക്കുന്ന ശീലം എന്നിലെ ബ്രാഹ്മണ വേരുകള്‍ എനിക്ക്  തന്നതാവണം.
 ഇഡ്ഡലിയോടും പലതരം ദോശകളോടും സാമ്പാറിനോടും ചട്ണിയോടുമെല്ലാം പഞ്ചാബിയായ പൂജയ്ക്ക് ഒരു തരം ആര്‍ത്തി തന്നെയുണ്ടായിരുന്നു. ഥോഡാ ഓര്‍  സാമ്പാര്‍ മിലേഗാ  എന്ന്  സൌകര്യം കിട്ടുമ്പോഴെല്ലാം അവള്‍ എന്നോട്  ചോദിച്ചു പോന്നു.
അങ്ങനെയാണ് ഒരു ഇഡ്ഡലി കുക്കറും  നോണ്‍സ്റ്റിക് ദോശക്കല്ലും  വാങ്ങി  ഇഡ്ഡലിയും ദോശയും സാമ്പാറും ചട്ണിയുമുണ്ടാക്കി പ്രഭാതങ്ങള്‍ ഒരു  ആഘോഷമാക്കി മാറ്റാന്‍  ഞങ്ങള്‍ തീരുമാനിച്ചത്. അതനുസരിച്ച് ഇഡ്ഡലി കുക്കര്‍ പൂജയും നോണ്‍ സ്റ്റിക് ദോശക്കല്ല് ഞാനും വാങ്ങാമെന്ന് ഉറപ്പിച്ചു. നാലു  മാസം ഇന്‍സ്റ്റാള്‍മെന്‍റില്‍ പണമടച്ച് ഞങ്ങള്‍ കാത്തിരുന്നു.
ഏപ്രില്‍ മാസത്തിലെ ഒരു വെള്ളിയാഴ്ചയാണ് എനിക്ക് നോണ്‍സ്റ്റിക് ദോശക്കല്ല് കിട്ടിയത്. അതിന്‍റെ  കറുപ്പു നിറമുള്ള പിടിയും ചുവപ്പു നിറം പൂശിയ പുറം ഭാഗവും ദോശമാവ് കോ രിയൊഴിച്ച്  പരത്താനുള്ള മിന്നിത്തിളങ്ങുന്ന കറുത്ത പ്രതലവുമെല്ലാം കണ്ട് ഞങ്ങള്‍ ആഹ്ലാദ ഭരിതരായി.
നെയ് റോസ്റ്റ്,
മസാല ദോശ,
മൈസൂര്‍ മസാല ദോശ,
ഒണിയന്‍ ഊത്തപ്പം,
പെസറട്ടു,
ഹായ്, പലതരം ദോശകളെപ്പറ്റി സ്വപ്നം കണ്ടും പറഞ്ഞും  ഞങ്ങളുടെ വായില്‍ വെള്ളമൂറി. അരിയ്ക്കും ഉഴുന്നിനുമൊപ്പം  ഉലുവയും ഇഞ്ചിയും കറിവേപ്പിലയും അരച്ചു ചേര്‍ത്ത് നെയ്യൊഴിച്ച്   ചുട്ടു, അമ്മീമ്മ തരാറുള്ള,   കൊതിപ്പിക്കുന്ന മണമുയരുന്ന  ദോശയെപ്പറ്റിയും ഞാന്‍ പൂജയോട് ആര്‍ത്തിയോടെ സംസാരിച്ചു.
വിവിധ തരം കെട്ടിട നിര്‍മ്മാണ സൈറ്റുകളില്‍ ജോലികള്‍  ചെയ്തിരുന്ന,  മിക്കവാറും ആ സൈറ്റുകളില്‍  തന്നെ താമസിച്ചിരുന്ന  എനിക്ക് എപ്പോഴും ചെറിയ  സഹായികള്‍ അവിടെ തന്നെ ഉണ്ടാവാറുണ്ടായിരുന്നു. ഞാന്‍ വിലക്കുമ്പോഴും അവര്‍ എന്‍റെ കൊച്ചുമുറിയില്‍ സ്ഥിരമായി വരികയും  ചില്ലറ  വീട്ടു ജോലികളില്‍ സഹായിക്കുകയും ചെയ്തു പോന്നു. ജോലിയിലുമധികം മനസ്സു തുറന്ന് സംസാരിക്കുന്നതില്‍ അവരെപ്പോലെ ഞാനും ആഹ്ലാദിച്ചു. ഡി നഗരത്തിലെ ബിഷപ്പിനെ കൂട്ട്  മുറിയുടെ വാതില്‍ കുറ്റിയിടാതെ   എനിക്ക്  ജീവിക്കാന്‍ കഴിഞ്ഞ ഒരു  കാലമായിരുന്നു,  അത്.
അതുകൊണ്ടാണ് പൂജയുടെ ചെറിയ അടുക്കളയിലിരുന്നു ദോശയ്ക്ക് മാവരക്കുമ്പോള്‍ മുന്നി വന്ന് എന്‍റെ മുറി  വൃത്തിയാക്കുന്നതില്‍  എനിക്ക് ഒരു പ്രശ്നവുമില്ലാതിരുന്നത്.  എനിക്ക് അവളെ വിശ്വാസമാണെന്ന്  മുന്നിക്കും അറിയാമായിരുന്നുവല്ലോ.
എന്നിട്ടും ദോശമാവരച്ച് തീര്‍ത്ത്  ഞാന്‍ മുറിയിലേക്ക് തിരിച്ചു വന്നപ്പോള്‍  മുന്നി  എന്നോട് കോപിച്ചു.
പാത്രം അടുപ്പില്‍ വെച്ച്  ഉറങ്ങിപ്പോയോ ദീദി? ഇങ്ങനേയും ചെയ്യുമോ നമ്മള്‍ പെണ്ണുങ്ങള്‍. ...? ആരും ചോദിക്കാനും പറയാനും ഇല്ലാത്തതു കൊണ്ടാണ് ഇങ്ങനെ......
എന്തു പറ്റി മുന്നീ ?
ഈ തവ ഇങ്ങനെ കരിഞ്ഞ് കരിഞ്ഞ് കറുത്ത് കറുത്ത്.... ഞാന്‍  എത്ര കഷ്ടപ്പെട്ടാണ് അതു തേച്ചുരച്ച് വെളുപ്പിച്ചത്.  ഒരു കഷ്ണം കല്ലിട്ട്  ഉരച്ചിട്ടാണ് ആ കറുപ്പ് പോയത്. ഇപ്പോഴും നോക്കു  അതിന്‍റെ അരികു മുഴുവനും  കറുത്തിരിക്കുന്നത്..... 
ആ നോണ്‍ സ്റ്റിക് ദോശക്കല്ല്,  അതിന്‍റെ കറുപ്പ് കോട്ടിംഗെല്ലാം കഴുകി കളഞ്ഞ് ബേസ് അലുമിനിയത്തിന്‍റെ ഉജ്ജ്വല തിളക്കവുമായി, എന്‍റെ കണ്ണിനെ കുത്തിത്തുളച്ചുകൊണ്ട് മുന്നിയുടെ കൈയിലിരുന്നു ഒരു സെര്‍ച്ച്  ലൈറ്റു പോലെ  മിന്നി.   
പാത്രങ്ങള്‍ കരിയെല്ലാം പോയി വെളുത്തിരിക്കണം. മുന്നി പറഞ്ഞവസാനിപ്പിച്ചു.
അതെയതെ , മനുഷ്യരും പാത്രങ്ങളും ഒക്കെ  എപ്പോഴും വെളുവെളാന്ന്  വെളുത്തിരിക്കണം.
അരച്ചു വെച്ച ദോശമാവും എണ്ണി വെച്ച  ദോശകളും  നുണഞ്ഞിറക്കിയ കൊതികളും  എല്ലാം അങ്ങനെ ഒറ്റയടിക്ക്  ...........
ഹൌ, ഈ വെളുപ്പിന് എന്തൊരു വെളുപ്പ് അല്ലേ?

Thursday, December 20, 2012

ചില യാത്രാ വിശേഷങ്ങള്‍


( കുടുംബമാധ്യമത്തിലെ സ്വകാര്യത്തില്‍ 2012 നവംബര്‍ 30 നു  പ്രസിദ്ധീകരിച്ചത്. )

നമ്മളെപ്പോലെ,  അതീവ സാധാരണക്കാരായ  പെണ്ണുങ്ങള്‍ക്ക്  വീട്ടിനു പുറത്ത്   ഒറ്റയ്ക്ക്,  കഴിവതും  യാത്രകളില്ല. വീടകങ്ങളിലെ യാത്രകളാണു നമ്മള്‍ നടത്തുന്നതത്രയും. ഇനി അഥവാ ചക്കയിട്ടപ്പോള്‍  മുയല്‍ ചത്ത മാതിരി, തികച്ചും യാദൃച്ഛികമായി ഒരു യാത്ര വേണ്ടി വരികയാണെങ്കില്‍  നേരം നന്നായി പുലര്‍ന്നാല്‍ മാത്രം വീട്ടില്‍ നിന്നിറങ്ങുന്ന നമ്മള്‍ സന്ധ്യയാകും മുമ്പ്   തിടുക്കപ്പെട്ട്  വീട്ടിലെത്തുകയും ചെയ്യും. വൈകുന്നേരം  അഞ്ചുമണിയാവാറാവുമ്പോഴേ നമുക്ക്  പേടിയായിത്തുടങ്ങും. പകല്‍ വെളിച്ചത്തിലും ചിലപ്പോഴൊക്കെ  സംഭവിക്കാറുണ്ടെങ്കിലും  ഇരുട്ടില്‍ ഉറപ്പായും  നമുക്ക് നേരിടേണ്ടി വരുന്ന  വെറും  പിച്ചലും മാന്തലും തുടങ്ങി  ഭയങ്കരന്മാരായ ഗോവിന്ദച്ചാമിമാര്‍ വരെ നമ്മെ പേടിസ്സ്വപ്നം കാണിക്കും. നമ്മെ കാത്തിരിക്കുന്നുവല്ലോ വീട്ടുകാരന്‍,  കുഞ്ഞുങ്ങള്‍, വയസ്സായ അച്ഛനമ്മമ്മാര്‍, നിര്‍വഹിക്കാനുള്ള  വീട്ടുചുമതലകള്‍ എന്നോര്‍ത്ത്  ഓരോ മിനിറ്റു താമസിക്കുമ്പോഴും  നമ്മള്‍  പരവശരാകുന്നു.  നേരം വൈകി വീട്ടില്‍ച്ചെല്ലുമ്പോള്‍ അവിടെ നമ്മെ എതിരേല്‍ക്കുന്ന  മുഖംവീര്‍പ്പുകളും താക്കീതുകളും  എന്താവും എന്നാലോചിച്ചും നേരിടേണ്ടി വരുന്ന ആരോപണങ്ങള്‍ക്ക് എന്തു വിശദീകരണങ്ങള്‍ നല്‍കുമെന്ന് പരിഭ്രമിച്ചും  യഥാര്‍ഥത്തില്‍ യാത്ര ചെയ്തുകൊണ്ടിരിക്കുമ്പോഴും നമ്മള്‍  ഒരു യാത്രയും ചെയ്യുന്നില്ല. ഒരു കാഴ്ചയും കാണുന്നില്ല.

അടിസ്ഥാനപരമായി  നമ്മള്‍ അങ്ങനെ വിറച്ച് വിറച്ച് കഴിഞ്ഞു കൂടുന്നവരാണ്.  നമുക്ക് ഉശിരന്‍ യാത്രാവിവരണങ്ങള്‍  എഴുതാന്‍ പറ്റില്ല.   ഒരു യാത്രയെപ്പറ്റി ആലോചിക്കാന്‍ തുടങ്ങുമ്പോഴേ നമ്മള്‍ പല തരം പേടിവിവരണങ്ങള്‍  എഴുതിക്കഴിയും. എനിക്ക്  ഇങ്ങനെ  യാത്രചെയ്യേണ്ടി വരുന്നുവല്ലോ  എന്ന സങ്കടത്തിലാണു നമ്മുടെ ഓരോ യാത്രയും തുടങ്ങുന്നത്. സങ്കടവും ഭയവും വേണ്ടായ്മയും പരിഭ്രമവും  ഒക്കെ ആയി യാത്ര ചെയ്യുന്ന നമുക്ക് യാത്രകള്‍  ആസ്വദിക്കാന്‍ ആവാത്തതില്‍ ഒരു അല്‍ഭുതവുമില്ല. സ്വയം ആസ്വദിക്കാനാവാത്ത  ഒരു യാത്രയുടെ എന്തു വിവരണമാണു എഴുതാന്‍ കഴിയുക? എല്ലാവരും ഒന്നിച്ചുള്ള യാത്രയിലാകട്ടെ വീടകങ്ങളിലെ നമ്മുടെ ചുമതലകള്‍ മിക്കവാറും യാത്രായിടങ്ങളിലേക്കും കൂടി സൌകര്യപ്രദമായി വ്യാപിക്കുകയാണു പതിവ്.  വീട്ടില്‍   നിന്നിറങ്ങിയാലും വീടിനേയും  തലയില്‍  ചുമന്നുകൊണ്ടാണ് നമ്മള്‍  യാത്ര പോവുന്നത്. 

രാവിലെ ജോലിക്കു പോകുന്നതും വൈകീട്ട്  വീട്ടിലേക്ക് മടങ്ങുന്നതും മാത്രമാണ് ഭൂരിപക്ഷം സ്ത്രീകളുടേയും ഒറ്റയ്ക്കുള്ള യാത്രകള്‍. ഒരു പുതിയ സ്ഥലം കാണാനോ,  നിത്യ ജീവിതപ്രശ്നങ്ങള്‍  വല്ലാതെ മനസ്സ് മടുപ്പിക്കുമ്പോള്‍  ഒറ്റയ്ക്ക് ഒരു യാത്ര പോകാനോ ഒന്നും നമുക്ക് കഴിയില്ല. ഇക്കാര്യത്തില്‍  നമ്മള്‍ ഇപ്പോഴും വിക്റ്റോറിയന്‍ കാലഘട്ടത്തില്‍ തന്നെയാണ്.   ടിക്കറ്റ്  ബുക് ചെയ്ത് വലിയ തയാറെടുപ്പോടെയുള്ള നീണ്ട യാത്രകളെപ്പറ്റിയൊന്നുമല്ല ഞാന്‍ സംസാരിക്കുന്നത്. ടി വി ചാനലുകള്‍ സ്പോണ്‍സര്‍ ചെയ്യുന്ന സ്ത്രീ യാത്രകളോ മിനുങ്ങുന്ന  മാഗസിനുകളുടെ  താല്‍പര്യത്തില്‍  കവറേജ് കിട്ടുന്ന യാത്രകളോ ഒന്നുമല്ല , എന്‍റെ വിവക്ഷ. സാധാരണ സ്ത്രീകളുടെ ജീവിതത്തില്‍   വീടിനു  നാലു കിലോ മീറ്റര്‍ അപ്പൂറത്തുള്ള  ബീച്ചോ അല്ലെങ്കില്‍ അണക്കെട്ടോ അതുമല്ലെങ്കില്‍  പ്രശസ്തമായ ഉദ്യാനമോ കാണാന്‍ പോകുന്നതു  പോലെയുള്ള ചെറിയ യാത്രകള്‍ കൂടി വിപുലമായ അകമ്പടിയില്ലാതെ ചെയ്യാന്‍ സാധിക്കാറില്ല. 

സ്ത്രീകള്‍ക്ക് അങ്ങനെ ഒറ്റയ്ക്ക്  ഒരു  ശാന്തി, ഒരു സമാധാനം ഒക്കെ ആവശ്യമുണ്ടോ എന്ന്  ആര്‍ക്കും ആലോചിക്കാന്‍ തന്നെ പറ്റുന്നില്ല. ഭര്‍ത്താവും കുട്ടിയും കുടുംബവും സന്തുബന്ധുക്കളും ഒന്നുമില്ലാതെ പെണ്ണിനെന്തു ശാന്തി ? സമാധാനം? അവള്‍ക്ക് ഏകാന്തതയും  അവളെക്കുറിച്ച് ആലോചിക്കാനുള്ള സമയവും അവളില്‍ തന്നെ അല്‍പ നേരം മുഴുകുവാനുള്ള അവസരവും ഒക്കെ ആവശ്യമുണ്ടോ?  പൊതുസമൂഹം സ്ത്രീക്ക്  ഇതൊന്നും ആവശ്യമില്ലെന്നും  ഇമ്മാതിരി തോന്നലുകള്‍  തന്നെ ഭയങ്കര അതിക്രമമാണെന്നും ഇങ്ങനെയാണു കുടുംബങ്ങള്‍  തകരാന്‍ തുടങ്ങുന്നതെന്നും പറയുന്നതുകൊണ്ട് ഭൂരിഭാഗം സ്ത്രീകളും തത്തകളെപ്പോലെ ഇങ്ങനെയൊക്കെ മൊഴിയും. അയ്യോ! എനിക്ക് ഒറ്റയ്ക്ക്   വീട്ടില്‍ നിന്ന് പുറത്തിറങ്ങാനേ തോന്നില്ല. ഞാനില്ലാത്തപ്പോള്‍  അദ്ദേഹം കഴിച്ചോ കുളിച്ചോ എന്നൊന്നുമറിയില്ലല്ലോ. ഞാനില്ലെങ്കില്‍ എന്‍റെ വീട്ടില്‍ പിന്നെ ഒരു കാര്യവും ശരിയാവില്ല.  ഞാന്‍ ഒരു ദിവസം അവധിയെടുത്താല്‍  എന്‍റെ ഓഫീസ് അപ്പോള്‍ത്തന്നെ  ടപ്പേന്ന്  ഇടിഞ്ഞുപൊളിഞ്ഞു വീഴും എന്ന്  പറയുന്ന ചില പുരുഷന്മാരെപ്പോലെ...  ഉത്തരം താങ്ങുന്ന പല്ലികളാവാന്‍  എല്ലാവര്‍ക്കും ഒരേ താല്‍പര്യമാണ്. സ്ത്രീകളുടെ ഇമ്മാതിരി വര്‍ത്തമാനങ്ങള്‍ തങ്ങളോടുള്ള അപാരമായ സ്നേഹത്തിന്‍റെയും വിധേയത്വത്തിന്‍റെയും  പ്രത്യക്ഷ ലക്ഷണങ്ങളാണെന്ന് കരുതി  പുരുഷന്മാര്‍ പുളകം കൊള്ളുന്നു. ഓഫീസിലെ പ്രാമുഖ്യത്തെപ്പറ്റിയുള്ള  തന്‍റെ പുരുഷന്‍റെ പൊങ്ങച്ചം അദ്ദേഹത്തിന്‍റെ ഉദ്യോഗപ്രൌഡിയുടെ വലുപ്പമാണെന്ന് കരുതി സ്ത്രീയും ആഹ്ലാദിക്കുന്നു.  ഇങ്ങനെയൊന്നും  പറയാത്ത സ്ത്രീയും പുരുഷനും ആകട്ടെ, നമ്മുടെ സമൂഹത്തിലും വീട്ടിലും  യഥാക്രമം സ്നേഹമില്ലാത്തവളും നിസ്സാര ജോലിക്കാരനുമായിത്തീരുന്നു.

ഈ ഭൂരിപക്ഷത്തിനിടയില്‍  ചില സ്ത്രീകള്‍  ജോലിയുടെ  പേരിലാണെങ്കിലും അസമയത്ത്  ദൂരയാത്രകള്‍  ചെയ്യുന്നുണ്ട്. വിചിത്രങ്ങളായ സാഹചര്യങ്ങളെ , അഭിമുഖീകരിക്കുന്നുണ്ട്.  അവരിലും യാത്രകള്‍, തനിച്ചുള്ള യാത്രകള്‍, വലിയ വിഷമവും ബുദ്ധിമുട്ടും തന്നെയാണുണ്ടാക്കുന്നത്. സാധാരണ നാട്ടു  ചന്തകളില്‍  പണിയെടുക്കുന്ന സ്ത്രീകള്‍  മുതല്‍  വലിയ  ഐ ടി കമ്പനി ഉദ്യോഗസ്ഥകള്‍ വരെ നീളുന്ന ഈ  സ്ത്രീ സമൂഹം  എന്തിനാണു പെണ്ണുങ്ങള്‍ നേരം കെട്ട നേരത്ത് ജോലിക്കാണെന്നും പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങുന്നത് എന്ന പൊതുവായ  ചോദ്യത്തെ നേരിടേണ്ടതിനോടൊപ്പം മറ്റു പ്രശ്നങ്ങളേയും സഹിക്കാന്‍ ബാധ്യസ്ഥരായിത്തീരുന്നു. ചില്ലറ മോഷണങ്ങള്‍  മുതല്‍ അതീവ ഗുരുതരമായ കുറ്റകൃത്യങ്ങള്‍  വരെ  യാത്രകളില്‍ അവരെ  വേട്ടയാടുന്നു .  ബസ്സിലും ട്രെയിനിലും സഹയാത്രികര്‍ ഉണ്ടാക്കുന്ന പലതരം ശല്യങ്ങള്‍ വലിയ  പ്രയാസമുണ്ടാക്കാറുണ്ട്.  ഓട്ടോയിലും ടാക്സിയിലുമുള്ള അരക്ഷിതാവസ്ഥയെ   നേരിടേണ്ടി വരാറുണ്ട്. നിയമവും സംരക്ഷണവും നടപ്പിലാക്കേണ്ട പോലീസും മറ്റുദ്യോഗസ്ഥരും പലപ്പോഴും കുറ്റവാളികളെ പ്രോല്‍സാഹിപ്പിക്കുന്നു.  അതേ  സമയം  തനിച്ച്  നേരം വൈകി  യാത്രകള്‍ ചെയ്യുന്നതെന്തിന് എന്ന ഭയങ്കര  ചോദ്യം ഉന്നയിച്ച്  സ്ത്രീകളെ  കൂടുതല്‍  നിസ്സഹായരാക്കുകയും ചെയ്യുന്നു. അതിനും പുറമേ സാധിക്കുന്ന സന്ദര്‍ഭങ്ങളിലെല്ലാം പോലീസും ഉദ്യോഗസ്ഥരും കുറ്റവാളികളുടെ കുപ്പായത്തില്‍ കയറിക്കൂടാറുമുണ്ട്.

 മൂത്രപ്പുരകളും  കക്കൂസുകളും  ഇല്ലാത്തിലുള്ള  പരാതിയും അമര്‍ഷവും മറ്റു പല ബുദ്ധിമുട്ടുകളെയും വിഴുങ്ങി ശീലിക്കുന്ന കൂട്ടത്തില്‍ സ്ത്രീ യാത്രക്കാര്‍ക്ക് വിഴുങ്ങേണ്ടതായി തന്നെ  വരുന്നു. ഇനി അബദ്ധത്തില്‍ വല്ല  കക്കൂസുകളും കാണപ്പെടുകയാണെങ്കില്‍  സുരക്ഷിതത്വക്കുറവും വൃത്തിഹീനതയും നിമിത്തം ആ പരിസരത്തിലേക്ക് അടുക്കാന്‍  സാധിക്കുകയില്ല.   സ്ത്രീ യാത്രക്കാര്‍ക്ക് ആരാധനാ സൌകര്യങ്ങള്‍ ഉള്ളതായി വലിയ ബോര്‍ഡുകള്‍ പലയിടത്തും  കാണാറുണ്ട് . സ്ത്രീകള്‍ക്ക്  പലപ്പോഴും ദൈവം മാത്രമേ തുണയാവാറുള്ളൂ എന്നുള്ളപ്പോള്‍ പ്രത്യേകിച്ചും  ദൈവത്തെ സാധിക്കുമ്പോഴെല്ലാം ആരാധിക്കുന്നത്  നല്ല കാര്യം തന്നെയാണ് . എന്നാല്‍ ജാതിമതഭേദമില്ലാതെ  സ്ത്രീ യാത്രക്കാര്‍ക്ക് സുരക്ഷിതമായ വൃത്തിയുള്ള പ്രാഥമിക സൌകര്യങ്ങള്‍ ഉള്ളതായി ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെടണമെന്ന്  നീണ്ട യാത്രകളില്‍ പലപ്പോഴും ഞാന്‍ ആഗ്രഹിച്ചുപോയിട്ടുണ്ട്.  

നമ്മൂടെ നഗരങ്ങളിലും ഗ്രാമങ്ങളിലും  വഴി വിളക്കുകള്‍  തീരെ ഇല്ലാത്ത  റോഡുകള്‍ ധാരാളമുണ്ട്. വിളക്കുകള്‍ ഉണ്ടെങ്കില്‍ തന്നെ മങ്ങിമങ്ങിക്കത്തുന്നവയായിരിക്കും . അല്‍പം നേരം വൈകിയാല്‍  പോ ലും ആകെ ഇരുണ്ട് പോകുന്ന ഈ റോഡുകള്‍ നമ്മുടെ ഒറ്റയ്ക്കള്ള യാത്രകളില്‍ ഭയപ്പെടുത്തുന്ന യാഥാര്‍ഥ്യങ്ങളാണ്.  പട്ടിണി കിടന്ന് ആരോഗ്യം നശിച്ച  നാല്‍ക്കാലികളും തെരുവു നായ്ക്കളും ഈ നിരത്തുകളില്‍ അലഞ്ഞു  തിരിയുന്നു. അവയുടെ  കോപത്തിനിരയായവര്‍ക്ക്  മാത്രമേ ആ ബുദ്ധിമുട്ട്  ഒരുപക്ഷെ, മനസ്സിലാക്കാനും കഴിയുകയുള്ളൂ.

സമയം പാലിക്കുന്നതില്‍  യാതൊരു താല്‍പര്യവുമില്ലാത്ത നമ്മുടെ  എല്ലാ പൊതുയാത്രാ  മാധ്യമങ്ങളും യാത്രകളെ  ദുരിതപൂര്‍ണമാക്കുന്നതില്‍ വലിയ പങ്കു വഹിക്കുന്നുണ്ട്. അസമയത്ത് അപരിചിതമായ  സ്ഥലങ്ങളില്‍ എത്തിപ്പെടുമ്പോള്‍ ഭയം  ഭേദിക്കാനാവാത്ത  ഒരു വലിയ കൂടാരമായി നമ്മെ പൊതിയുന്നു. നമ്മൂടെ നാട്, സ്വതന്ത്ര ഭാരതം എന്നൊക്കെ വിശ്വസിക്കുമ്പോഴും  അപരിചിതമായ ഒരു വിദേശ രാജ്യത്ത്  എത്തിയതു പോലെ അന്തരംഗം ഭയപൂരിതമാവുകയാണു ചെയ്യുന്നത്.

ഇത്രയെല്ലാം ബുദ്ധിമുട്ടി യാത്ര ചെയ്യുന്നതെന്തിനെന്ന്  ആരെങ്കിലും  ചിന്തിച്ചു പോയാല്‍  അവരെ കുറ്റപ്പെടുത്താനാകുമോ?

ഈ പറഞ്ഞ പ്രയാസങ്ങളൊക്കെയും  തീര്‍ച്ചയായും  ഏറിയും  കുറഞ്ഞും പുരുഷന്മാരെയും  ബാധിക്കുന്നവ തന്നെയാണ്. എങ്കിലും ഹേയ്, ഞങ്ങള്‍ക്ക്  അങ്ങനെയുള്ള ഒരു പ്രയാസവും ഇല്ലെന്ന് ഭാവിച്ച്,  ഞങ്ങള്‍ അതിശക്തരാണെന്ന്  ഉദ്ഘോഷിച്ച് , നിലവിലുള്ള  കഷ്ടപ്പാടുകളെ ഇല്ലായ്മ ചെയ്യാനുള്ള  സമരങ്ങളില്‍  ഏര്‍പ്പെടാതെ,  അവയെ  അതേ പടി നിലനിര്‍ത്തുന്നതില്‍  പുരുഷന്മാര്‍ വലിയ പങ്ക് വഹിക്കുന്നുണ്ട്.  സൌകര്യങ്ങളില്ലായ്മയില്‍  ഇമ്മാതിരി  കേമത്തം കാണിക്കാനാവുമെങ്കില്‍  ഇല്ലായ്മയും കഷ്ടപ്പാടും അതുപോലെ തുടര്‍ന്നുകൊള്ളട്ടെ എന്നര്‍ഥം. കേമന്‍ എന്ന് ഭാവിക്കാനാവാത്ത വിധം സൌകര്യങ്ങളും പൊതുജീവിത നിലവാരവും മെച്ചപ്പെട്ടാല്‍ എന്തു ചെയ്യുമെന്ന് പുരുഷന്മാര്‍ ചിലപ്പോഴൊക്കെയെങ്കിലും  പരിഭ്രമിക്കുന്നുണ്ട്.    

എന്നാലും, എല്ലാ കഷ്ടപ്പാടുകള്‍ക്കിടയിലും  യാത്രകള്‍ക്ക്  മാത്രം  പ്രദാനം ചെയ്യാന്‍ കഴിയുന്ന  ചില മനോഹര നിമിഷങ്ങളുണ്ട്. ഇരുപത്തഞ്ചു വയസ്സില്‍  ജീവിതത്തിലാദ്യമായി  ട്രെയിനില്‍ കയറുന്ന പെണ്‍കുട്ടി , വിവാഹം കഴിച്ച് തന്നെ ദൂരദേശത്തേക്ക് കൂട്ടിക്കൊണ്ട് പോവുന്ന ഭര്‍ത്താവിനെ നാണത്തില്‍  പൊതിഞ്ഞ  പുഞ്ചിരിയും അതിശയം തുളുമ്പുന്ന  കൌതുകവുമായി കടാക്ഷിക്കുന്ന മനോഹരദൃശ്യം ഒരു ദൂരയാത്ര എനിക്കു തന്നതാണ്. ആ കാഴ്ചയുടെ ഉന്മേഷം ഇപ്പോഴും എന്നെ വിട്ടു പിരിഞ്ഞിട്ടില്ല.

ഓരോ യാത്രയും ഒരു  പുതിയ ലോകത്തേക്കുള്ള കാല്‍വെപ്പാണ്.