Saturday, November 30, 2019

അമ്മച്ചിന്തുകൾ 85

                  

അമ്മയുടെ മരണവുമായി ബന്ധപ്പെട്ടുള്ള ആചാരങ്ങൾ... കുറെ പൂജകള്‍, പ്രാര്‍ഥനകള്‍, വിളക്കു വെയ്ക്കല്‍, രണ്ടു നേരവും കുളി... മന്ത്രങ്ങള്‍ ഉരുവിടല്‍ അങ്ങനെയങ്ങനെ..
അസ്ഥി ഒഴുക്കുവാന്‍ ചേലാമറ്റത്ത് പോയപ്പോള്‍ കാക്കയ്ക്കു നല്‍കാനുള്ള പിണ്ഡവുമുണ്ടായിരുന്നു.
പരിസ്ഥിതീമലിനീകരണഭീഷണിയുള്ളതുകൊണ്ട് എവിടെ ഒഴുക്കാം എവിടെ പാടില്ല എന്നൊക്കെ കര്‍ശനനിര്‍ദ്ദേശങ്ങള്‍ ഉണ്ടായിരുന്നു. അത് നല്ലൊരു കാര്യമായിത്തന്നെയാണ് എനിക്ക് തോന്നിയത്. എല്ലായിടത്തും ചപ്പും ചവറും നിറഞ്ഞ് വൃത്തികേടാവുന്നത് ഒട്ടും നല്ല കാര്യമല്ല തന്നെ.

പിണ്ഡമായ അരിയും എള്ളും ഭക്ഷിക്കാന്‍ ഏറ്റവും അര്‍ഹരായവര്‍ കാക്കബ്രാഹ്മണരാണ്. ബലിയിടുന്ന സ്ഥലങ്ങളിലെല്ലാം ഇവര്‍ക്ക് ഭയങ്കര ഡംഭുമാണ്. ആടുകളേയും പശുവിനേയും ഒക്കെ മനുഷ്യര്‍ ഓടിച്ചു കളയുകയും കാക്കബ്രാഹ്മണരെ കൈ തട്ടി വിളിച്ചു ആദരിച്ച് പിണ്ഡം എടുക്കാന്‍ അപേക്ഷിക്കുകയും ചെയ്യും.

പശുവും ആടുമൊക്കെ വിശന്നു വലഞ്ഞു നടക്കുകയാണവിടെ.നല്ല ശാപ്പാട് കഴിച്ച് കാക്കകള്‍ പശുവിന്‍റെ പുറത്തും ആടിന്‍റെ പുറത്തും ഒക്കെ കയറിയിരുന്നു ഫുള്‍ ഗമയില്‍ സഞ്ചരിക്കുകയും ചെയ്യുന്നുണ്ടായിരുന്നു.

അമ്മയുടെ പിണ്ഡം എന്തായാലും വിശന്നു വലഞ്ഞ ഒരു പശു തന്നെ കഴിച്ചു. എന്നിട്ട് അത് ഞങ്ങളെ കൃതജ്ഞതയോടെ നോക്കി. ഞങ്ങള്‍ അതിനെ അടിച്ചോടിക്കാനൊന്നും പോയില്ല.

അമ്മ പറയുമായിരുന്നു... 'പശിയെടുക്കറവാളുക്ക് ശാപ്പാട് പോടണം.'

ഞങ്ങള്‍ അമ്മയുടെ വാക്ക് അപ്പോഴും പാലിച്ചു.

അങ്ങനെ എല്ലാം തീര്‍ത്ത് ആഹാരവും നല്‍കി ഞങ്ങള്‍ അമ്മയുടെ ഗ്രേഖ്യ ക്രിയാകര്‍മ്മാദികള്‍ അവസാനിപ്പിച്ചു. ഇനി എല്ലാവരും സ്വന്തം ജീവിതത്തിന്‍റെ അലകടലില്‍ തോണികള്‍ തുഴയണം.... അതെവിടെയായാലും എത്ര ക്ലിഷ്ടമായാലും.. ആരുണ്ടെങ്കിലും ഇല്ലെങ്കിലും ..

ഞങ്ങള്‍ക്ക് വേണ്ടി അളവില്ലാത്ത മര്‍ദ്ദനങ്ങള്‍ സഹിച്ച, അപമാനവും നിന്ദയും മാത്രം എന്നും കുടിച്ച, വേദനകളില്‍ പുളഞ്ഞ, കണ്ണില്‍ നിന്നും തീത്തുള്ളികള്‍ ഒഴുക്കിയ, ധനനഷ്ടങ്ങളേയും മാനനഷ്ടങ്ങളേയും ഉള്‍ക്കരുത്തോടെ നേരിട്ട അമ്മയ്ക്ക് മുന്നില്‍ , ഒരു മര്‍ദ്ദനത്തിലും തകര്‍ച്ചയിലും നഷ്ടത്തിലും തലകുനിയ്ക്കാത്ത മക്കളായി ഞങ്ങള്‍ക്ക് നിലനിന്നേ തീരു..

ഞങ്ങള്‍ക്ക് അമ്മയോടുള്ള കടവും കടമയും അങ്ങനെ മാത്രമേ വീട്ടാനായി പരിശ്രമിക്കാന്‍ പറ്റൂ. അതുകൊണ്ടാണ് പതിമൂന്നാം നാൾ കുറെ അനാഥരായ അമ്മമാര്‍ക്ക് അന്നദാനം ചെയ്യാമെന്ന് ഞങ്ങള്‍ തീരുമാനിച്ചതും .

പലവട്ടം കണ്ണുകള്‍ നിറഞ്ഞെങ്കിലും ഞങ്ങള്‍ കണ്ണീരിനെ ബലമായി അകത്തേക്ക് വലിച്ചു, ഗദ്ഗദം തൊണ്ടക്കുഴിയില്‍ സമ്മര്‍ദ്ദമുണ്ടാക്കിയെങ്കിലും ഞങ്ങള്‍ ഗദ്ഗദത്തെ അതിജീവിച്ചു. ആ അമ്മമാരോടൊപ്പമിരുന്ന് ആഹാരം കഴിച്ചു.... അമ്മമാർ നോൺവെജ് ആഹാരമാണ് താല്പര്യപ്പെട്ടതെന്ന് പിന്നീടാണ് ഞങ്ങൾ അറിഞ്ഞത്. ഭാഗ്യ യുടെ ഒപ്പം പഠിച്ച ഒരു കന്യാസ്ത്രീ യായിരുന്നു ആ അമ്മമാരുടെ സംരക്ഷണം ഏറ്റെടുത്തിരുന്നത്.

ആ അമ്മമാരൊക്കെ യൂറിന്‍ ട്യൂബ് ശരീരത്തില്‍ ഘടിപ്പിച്ചിരുന്നു. അമ്മയുടെ വാക്കിംഗ് സ്റ്റിക് പിടിച്ച് സുഖമായി നടക്കാനാവുന്നുവെന്ന് പറഞ്ഞ ഒരമ്മ അനിയത്തിമാരുടേ ശിരസ്സില്‍ കൈ വെച്ചനുഗ്രഹിച്ചു.. എല്ലാം നന്നാവും.. എല്ലാം ശരിയാവും എന്ന് പറഞ്ഞു.

ഒരമ്മ ഒന്നെടുത്ത് ഒക്കത്ത് വെയ്ക്കാമോ എന്ന് ചോദിച്ചു. ഞങ്ങള്‍ക്ക് അത് സാധിച്ചില്ല.അവരുടെ ശരീരം വല്ലാതെ കുഴഞ്ഞു പോയിരുന്നു. പിന്നൊരമ്മ ഭക്ഷണത്തിനു താങ്ക്യൂ എന്ന് പറഞ്ഞു. അതീവ സുന്ദരിയായ ഒരു അമ്മയുണ്ടായിരുന്നു, പക്ഷെ, അവര്‍ക്ക് സംസാരിക്കാന്‍ കഴിവില്ല. തലച്ചോറിലെ രക്തസ്രാവം അവരെ തീര്‍ത്തും മൌനിയാക്കിയിരിക്കുന്നു.

ചിംബ്ളുവിനെ എല്ലാ അമ്മമാരും പ്രത്യേകം അനുഗ്രഹിച്ചു..

ഞങ്ങളുടെ അമ്മ എവിടെയെങ്കിലും ഇരുന്നു അതൊക്കെ അറിയുന്നുണ്ടാവും..

അത്തരമൊരു പ്രതീക്ഷയില്‍ ശുഭവിശ്വാസത്തില്‍ ഞങ്ങള്‍ മടങ്ങി..

അമ്മ ഭാഗ്യയുടെ ചുമലിലായിരുന്നു. അവളുടെ ഏറ്റവും വലിയ ഉത്തരവാദിത്തമായിരുന്നു. എനിക്കോ റാണിക്കോ കഴിയാത്ത രീതിയിൽ ഏറ്റവുമധികം ഭംഗിയായി അവൾ ആ ചുമതല നിർവഹിക്കുകയും ചെയ്തു.

അമ്മ പോയപ്പോൾ അവളും ചിംബ്ളു വും ഒറ്റക്കായി.. പ്രതീക്ഷിച്ചിരുന്നതാണെങ്കിലും അമ്മയുടെ ആശകൾ സാധിക്കാനായില്ല എന്ന സങ്കടം ഞങ്ങൾക്ക് എല്ലാവർക്കും ഉണ്ടായിരുന്നു.

ഭാഗ്യ ഡ്രൈവിംഗ് പഠിച്ച് കാറു വാങ്ങിയെങ്കിലും അമ്മയെ കാറിലിരുത്തി എങ്ങും കൊണ്ടു പോവാൻ അവൾക്ക് കഴിഞ്ഞില്ല. അത് എന്നും രാവിലെ ഓഫീസിൽ പോവാനിറങ്ങുമ്പോൾ, കാറ് ഓടിക്കുമ്പോൾ അവളിൽ സങ്കടമായി നിറഞ്ഞു വരുമായിരുന്നു. 'ഞാൻ നമ്മുടെ അമ്മയെ ഇത്തിരീം കൂടി നോക്കേണ്ടതായിരുന്നു' എന്ന് ഇപ്പോഴും സങ്കടപ്പെടുന്ന മകളാണവൾ.

ഒരു വ്രതം പോലേ മാസത്തിൽ രണ്ടു ദിവസം അച്ഛൻ വീട്ടിൽ ചെലവിടണമെന്ന കോടതി വിധി പാലിച്ചിരുന്നു ചിംബ്ളു. അവളുടെ അമ്മക്ക് ഇനി ആ വീട്ടിൽ നിന്നും പ്രയാസമൊന്നും തന്നെ നേരിടേണ്ടി വരരുതെന്ന് ചിംബ്ളുവിന് നിർബന്ധമായിരുന്നു. ഞങ്ങളുടെ അമ്മ ബോധരഹിതയായപ്പോൾ ചിംബ്ളു ആ യാത്ര അവസാനിപ്പിച്ചു. അവളുടെ അഭാവത്തിൽ അമ്മൂമ്മ മരിച്ചെങ്കിലോ എന്ന ആധിയായിരുന്നു കാരണം.

ചിംബ്ളു അതീവ ജനാധിപത്യബോധമുള്ള ഒരു പെൺകുട്ടിയാണ്. അച്ഛൻ വീട്ടിൽ അസുഖമോ മരണമോ അങ്ങനെ എന്തു സങ്കടമുണ്ടായാലും അവൾ പോകും. സന്തോഷങ്ങളിൽ പോയില്ലെങ്കിലും.. എൻറെ ജീവിത നൊമ്പരങ്ങൾ ആറുവയസ്സിൽ മനസ്സിലാക്കിയ കുഞ്ഞാണല്ലോ അവൾ. ആരുടേയും വേദനകൾ അറിയാനും മനസ്സിലാക്കാനും പ്രത്യേക പരിശീലനം ആവശ്യമില്ലാത്തവൾ.

റാണി ദൂരെ ആയിരുന്നതുകൊണ്ട് അവളുടെ കാറുകളോ ഉദ്യോഗ പ്രൗഢിയോ താമസ സൗകര്യങ്ങളോ ഒന്നും അമ്മക്ക് കാണാനായില്ല. അമ്മ ആശിച്ചത്രയും റാണിയുടെ മകനെയും കൊഞ്ചിക്കാനായില്ല. അമ്മ കടന്നു പോകുമ്പോൾ റാണി അതീവ ദൈന്യത്തിലായിരുന്നു. അമ്മ അതറിഞ്ഞിരുന്നു എങ്കിലും ഞങ്ങൾ സമ്മതിക്കാത്ത കാര്യം അമ്മ കുത്തിക്കിഴിച്ച് ചോദിച്ചിരുന്നില്ല. വിരൽത്തുമ്പാൽ പോലും തൻറെ കുലീനത വിട്ടുകളയുവാൻ അമ്മക്ക് താല്പര്യമുണ്ടായിരുന്നില്ല.

റാണി ഇക്കഴിഞ്ഞ നാലുവർഷമാണ് പൊരുതിയത്. അവൾ പരാജയങ്ങളും നിന്ദയും അപമാനവും എല്ലാത്തരം നഷ്ടങ്ങളും മാലകൾ പോലെ ഏറ്റുവാങ്ങി. ചെരുപ്പ് മാലയുമിട്ട് ചീമുട്ടയേറും സഹിച്ച് ഏകാകിനിയായി ജീവിച്ചു. ജില്ലാ കോടതിയും ഹൈക്കോടതിയും പെണ്ണുങ്ങളോട് സാധാരണ പറയുന്ന എല്ലാ തമാശകളും അവളോടും പറഞ്ഞു. വക്കീലുമാർ പണം കൊള്ളയടിച്ചു. ആ പൊരുതലിനിടയിൽ അവളെ ജോലിയിൽ നിന്ന് പിരിച്ചു വിട്ട് കമ്പനി യും കൂറു തെളിയിച്ചു...

അമ്മയുടേയും അമ്മീമ്മയുടേയും മകളായതുകൊണ്ടാണ് അപ്പോഴും പിടിച്ചു നില്ക്കാൻ അവൾക്ക് കഴിഞ്ഞത്. സെക്കൻഡുകൾ എണ്ണിയെണ്ണിക്കുറച്ചുകൊണ്ട് ആറുമാസക്കാലം തൻറെ വിശാലവും വൈവിധ്യമാർന്നതുമായ ഇലക്ട്രിക്കൽ എൻജിനീയറിങ് വൈദഗ്ദ്ധ്യവുമായി ഇന്ത്യ മുഴുവനും അവൾ ജോലി അന്വേഷിച്ചു.

അങ്ങനെ എല്ലാ സമരങ്ങൾക്കും ഒടുവിൽ നഷ്ടങ്ങളെല്ലാം അവൾക്കു ലാഭമായിത്തീർന്നു. നൊന്തു പ്രസവിച്ച മകൻ അവളുടേതു മാത്രമായി ആ അമ്മമടിയിൽ അഭയം തേടി....പശ്ചാത്താപത്തിൻറെ കണ്ണുനീരിൽ അവൻ അപ്പോൾ ജനിച്ച ശിശുവായി , തികച്ചഘ.നിർമ്മലനായി. മറ്റൊരു കമ്പനിയിലെ വി പി ആയി നഷ്ടപ്പെട്ട ജോലി അവളെ മുംബൈയിൽ കാത്തിരുന്നു. അവളെ പാഠം പഠിപ്പിച്ച് തോല്പിച്ചവർ ഇപ്പോൾ പൂർണ മൗനത്തെ വരിച്ചിരിക്കുന്നു.

റാണിയുടെ ജീവിതസമരം ഞങ്ങളെ ഇന്നത്തെ ഇന്ത്യയുടെ സ്ത്രീപ്പദവിയെന്തെന്ന് ശരിക്കും പഠിപ്പിച്ചു തന്നു. സ്ത്രീ അനുകൂല നിയമങ്ങൾ എപ്രകാരമെല്ലാം
വളച്ചൊടിച്ചു വികൃമാക്കി പെണ്ണിന് നീതി നിഷേധിക്കാൻ കഴിയുമെന്ന് ഞങ്ങൾ സമരത്തിൻറെ ഓരോ പടവിലും മനസ്സിലാക്കി. സാമ്പത്തിക ശേഷിയുള്ള പെണ്ണിനെ അടിച്ചൊതുക്കാനും എല്ലാവരും മൽസരിക്കുമെന്ന് ഞങ്ങൾക്കു തീർച്ചയായി. ഏകലിംഗമേധാവിത്ത സമൂഹം അതിനെന്തെല്ലാം സഹായം ചെയ്യുമെന്നും ഞങ്ങൾ ആദ്യം കണ്ട് പിന്നെ കൊണ്ട് അറിഞ്ഞു.

ഏകലിംഗമേധാവിത്തസമൂഹം സ്വന്തം ലിംഗത്തിൽ പെട്ടവരേയും അപമാനിക്കും നിന്ദിക്കും പരിഹസിക്കും. അത് കണ്ണൻ ഏറ്റുവാങ്ങിയ ദുരിതമാണ്. ഞങ്ങൾ ക്കൊപ്പം നിന്നതുകൊണ്ടു മാത്രം ഭ്രാന്തനെന്നും കണ്ണൻ അറിയപ്പെട്ടു. അങ്ങനെ വിളിച്ചവരെ ആദരിക്കുന്ന സ്നേഹിക്കുന്ന സ്ത്രീകളും കണ്ണൻറെ ജീവിതത്തിൽ ഉണ്ട്. എന്നാൽ അവരോട് കണ്ണൻ കലഹിക്കുന്നതേയില്ല. കാരണം അവരുടെ സമൂഹബോധ്യങ്ങൾ അങ്ങനെയാണ്.

റാണിയുടെ മകനും ഒരുപാടു ദുരിതം സഹിച്ചു. അമ്മയെ മനസ്സിലാക്കാൻ അവൻ വൈകി. സ്നിഗ്ദ്ധമായ സ്നേഹത്തിന്റെ രുചി അവനു നിഷേധിക്കപ്പെട്ടു. അവൻ കാപട്യത്തിൻറെ ചതുരംഗപ്പലകയിൽ കള്ളങ്ങൾക്ക് വേണ്ടി നിരത്തപ്പെട്ട കരു മാത്രമായി തരം താഴ്ന്നു.

തികഞ്ഞ ബ്രാഹ്മണസ്ത്രീയായിരുന്ന അമ്മീമ്മയുടെ ചിത കത്തിച്ചത് ഈഴവ ജാതിക്കാരനായതുകൊണ്ട് ഒരപകടവും ഉണ്ടായില്ല. അമ്മയുടെ മരണാനന്തരകർമ്മങ്ങൾ ചെയ്തത് ഈഴവരായ പുരോഹിതരായിരുന്നു. വിശ്വകർമ്മജനെ വിവാഹം കഴിച്ചപ്പോൾ അമ്മയും വിശ്വകർമ്മജയായി എന്നാണ് അവരെ അയച്ച ബ്രാഹ്മണപുരോഹിതൻ ന്യായം പറഞ്ഞത്. ഞാൻ ചിത കത്തിച്ചതുകൊണ്ട് ഉടനെ വിധവയാകുമെന്നും ബ്രാഹ്മണ പുരോഹിതൻ പിന്നീട് ഭീഷണിപ്പെടുത്തി.
ബ്രാഹ്മണ സ്ത്രീകൾ ചുടലയിൽ പോലും പോവില്ലല്ലോ.. ഞാൻ.. എനിക്ക് എന്ത് ബ്രാഹ്മണ്യം? എന്ത് വിശ്വകർമത?എന്ത് ക്രൈസ്തവത ? എന്ത് നായരത?

അങ്ങനെ നോക്കുമ്പോൾ ബ്രാഹ്മണ സ്ത്രീയെ പ്രേമിച്ച്, മഠത്തിൽ നിന്ന് ഇറക്കിക്കൊണ്ടുവന്ന് വിവാഹം കഴിച്ച വിപ്ളവകാരിയായി അറിയപ്പെട്ട വിശ്വകർമ്മജനായ അച്ഛനാണ് കലർപ്പില്ലാത്ത വിശ്വകർമ്മജരായ മരുമക്കളാൽ ചിതയിൽ വെക്കപ്പെട്ടത്...

എൻറെ മകളുടെ വിവാഹത്തിനും ജാതിയും മതവും ആചാരവിശ്വാസങ്ങളും ഉണ്ടായില്ല. അമ്മ അതിനെക്കുറിച്ച് സംസാരിച്ചതേ ഇല്ല. റാണിയും ഭാഗ്യയും സംസാരിച്ചില്ല. കണ്ണന് അൽഭുതം തോന്നിയ കാര്യമായിരുന്നു അത്.

അമ്മക്ക് കുഞ്ഞുങ്ങൾ രണ്ടു പേരും സന്തോഷത്തോടെ ജീവിക്കണമെന്ന ഒറ്റ ആഗ്രഹമേ ഉണ്ടായിരുന്നുള്ളൂ.

ചൂഷണം ചെയ്യപ്പെടുന്നത് മിടുക്കു കുറയുമ്പോഴാവാം. എന്നാൽ ചൂഷണം ചെയ്യുന്നത് അതിസാമർഥ്യം കൊണ്ടാണെന്നാണ് അമ്മീമ്മ പറഞ്ഞു തന്നിട്ടുള്ളത്. അതിസാമർഥ്യം പാടില്ലെന്നും പറഞ്ഞിരുന്നു.

തോറ്റവരെന്നും ഏകാകികളായിരിക്കും. എക്കാലത്തും തോറ്റവർക്ക് ഒപ്പം നില്ക്കണമെന്ന് അമ്മീമ്മ പറയുമായിരുന്നു.

ഞങ്ങൾക്ക് മക്കളെ തരില്ലെന്ന ഭീഷണിയാണ് പൊതുവായി നേരിടേണ്ടി വന്ന ഒരു മഹാദുരന്തം. കുറേക്കാലം അതു നടപ്പിലാക്കാനും ഭീഷണിപ്പെടുത്തിയവർക്കെല്ലാം സാധിക്കുകയും ചെയ്തു. എന്നാൽ മക്കൾ പൂർണമായും ഞങ്ങളെ മനസ്സിലാക്കി ഒപ്പം നില്ക്കുക എന്ന അനുഭവവും ഞങ്ങൾക്കായി കാത്തുവെയ്ക്കപ്പെട്ടിരുന്നു. ആ നിലയിൽ ഏറ്റവും വലിയ ആഗ്രഹം സാധിച്ചു കിട്ടിയവരെന്ന നിലയിൽ ഈ പ്രപഞ്ചത്തിലെ മഹത്തായ സമ്മാനിതർ ഞങ്ങൾ തന്നെയാണ്.

1920 കൾ മുതൽ നൂറു വർഷക്കാലത്തുടർച്ചയിൽ ജീവിച്ച ആറേഴു പെണ്ണുങ്ങളുടെ ജീവിതമാണ് ഞാൻ എഴുതാൻ ശ്രമിച്ചത്. അക്ഷരാഭ്യാസം മുതൽ മുലപ്പാലിനു വരെ വിവേചനം അനുഭവിച്ച കുറച്ചു പെണ്ണുങ്ങൾ..

എല്ലാത്തരം വിവേചനങ്ങളേയും ഞാൻ അല്ല ഞങ്ങൾ എന്നും എതിർക്കുന്നു. എതിർക്കുകയും ചെയ്യും...

സ്നേഹം ... സ്നേഹം മാത്രം...

അമ്മച്ചിന്തുകൾ അവസാനിച്ചു.

Thursday, November 28, 2019

അമ്മച്ചിന്തുകൾ 84

          https://www.facebook.com/echmu.kutty/posts/135154194835842928/11/19 
അമ്മ മരിച്ചു പോയതിനു ശേഷം വളരെയേറെ ദിവസങ്ങൾ ചിംബ്ളു ഉറങ്ങിയില്ല. ആഹാരം കഴിച്ചില്ല. ഞങ്ങള്‍ മൂന്നമ്മമ്മാര്‍ കൂടെ ഉണ്ടായിരുന്നിട്ടും ചിംബ്ലുവിന്‍റെ മനസ്സിലെ ആ തീ കെട്ടില്ല.

അമ്മ മരിച്ചുപോയ നിമിഷം ദിനേശ് എന്ന സുഹൃത്ത് കൃത്യമായി എന്നെ വിളിച്ചു. ഇന്ദ്രപ്രസ്ഥത്തിലിരുന്ന് എങ്ങനെ അത്ര വേഗം ആ വിവരം അറിഞ്ഞു എന്ന് എനിക്ക് മനസ്സിലായില്ല. അത്ര കൃത്യമായിരുന്നു ആ ഫോണ്‍. ഞാന്‍ ഉറക്കെ ഏങ്ങലടിച്ചു കരഞ്ഞു.

'എനിക്കാരുമില്ലാതായി ' എന്ന് പുലമ്പി. 'ഞാനിനി എന്തിനു ജീവിക്കണ'മെന്ന് ചോദിച്ചു. 'അമ്മയ്ക്കൊപ്പം മരിക്കാനാണ് എന്‍റെ മോഹം' എന്ന് പറഞ്ഞു. എല്ലാം മൂളിക്കേട്ടിട്ട്, 'കരയരുതെ'ന്ന് പറഞ്ഞിട്ട്, 'അമ്മ പോയപ്പോള്‍ നിനക്കാരുമില്ലാതായെങ്കില്‍ നീ പോകുമ്പോള്‍ എനിക്ക് '… എന്ന് നിറുത്തി. . അപ്പോള്‍ സങ്കടം കൊണ്ട് മന്ദീഭവിച്ച എന്‍റെ തലയില്‍ ഒരു തിരിവെട്ടം വീണു.

കണ്ണൻ വന്നപ്പോൾ രാത്രി വൈകിയിരുന്നു. അമ്മയെ ഫ്രീസറിൽ കിടത്തി ഞങ്ങൾ മിനുമിനാ നോക്കിയിരിക്കുമ്പോഴാണ് കണ്ണൻ വന്നത്. അമ്മ പോയി എന്ന് ഞാൻ പൊടിഞ്ഞു തകർന്നു. കണ്ണൻ എന്നേയും ചിംബ്ളുവിനേയും ഏറ്റവും ആർദ്രമായി കെട്ടിപ്പിടിച്ചു ..ഒട്ടു നേരം മൗനമായി നിന്നു.

ഞങ്ങള്‍ക്ക് ബന്ധുക്കള്‍ ആരും ഇല്ലായിരുന്നുവല്ലോ. അതുകൊണ്ട് അധികമാരും വരാനുണ്ടായിരുന്നില്ല. ഫ്ളാറ്റിലെ അയല്പക്കക്കാർ മാത്രം വന്നു.

അമ്മയുടെ സഹപ്രവർത്തകർ ആരും ഒരിക്കലും വന്നില്ല. എൻറെ മോൾക്കും വരാൻ കഴിഞ്ഞില്ല. അവൾ ഒരു ട്രെയിനിംഗിലായിരുന്നു. മൈസൂരിൽ, ട്രെയിനിംഗ് സെൻററിനടുത്തുള്ള ഒരു ക്ഷേത്രത്തിൽ കയറി കരഞ്ഞുകൊണ്ടിരുന്നുവെന്ന് മോൾ പറഞ്ഞു.

ചിംബ്ളുവിൻറെ സഹപാഠികൾ പോയി നാളത്തെ ശവദാഹത്തിനാവശ്യമായ പൂജാസാമഗ്രികൾ ശേഖരിച്ചെത്തിച്ചു. കുട്ടികൾ കട്ടൻ കാപ്പി കൊണ്ടു തന്ന് രാത്രി മുഴുവനും ഞങ്ങൾക്ക് കൂട്ടിരുന്നു.

ആ രാത്രി ആരും ഉറങ്ങിയില്ല.

അച്ഛനും അമ്മീമ്മയും മരിച്ചപ്പോൾ ഞാനും കണ്ണനും അടുത്തില്ലായിരുന്നല്ലോ. അമ്മ മരിക്കുമ്പോൾ ഞങ്ങൾ ഉണ്ടായിരുന്നു. എന്തായാലും കണ്ണന്‍റെ അമ്മയും പെങ്ങളും അവളുടെ മകളും രാവിലെ വന്നു ചേര്‍ന്നു. 'നിങ്ങള്‍ക്ക് ഒരു ആണ്‍ തരിയില്ലേ കര്‍മ്മം ചെയ്യാന്‍? ഒന്നു ചോദിക്കട്ടെ, ഈ ഫ്ലാറ്റ് ആരുടേതാണ് ? 'അമ്മ പോട്ടെ... അമ്മ കടന്നു പോട്ടെ' എന്ന് വന്നവരെല്ലാവരും സമാധാനിപ്പിക്കാൻ തുനിഞ്ഞു. രോഗിണിയായ പ്രായമായ അമ്മ കടന്നു പോവുക തന്നെ വേണമല്ലോ. ഫ്ളാറ്റിൻറെ ഉടമസ്ഥതയും ആരുടേതാണെന്ന് അറിയണം. ഞങ്ങൾക്ക് ആൺതരി ഇല്ലെന്ന് ഉറപ്പിച്ച് പറയണം...

മനുഷ്യർ എപ്പോഴും അങ്ങനെയാണ്.

ഞങ്ങളുടെ ജീവിതത്തില്‍ കടന്നുവന്ന പുരുഷന്മാര്‍ക്കും ഞങ്ങളിലൂടെ ഇറങ്ങി വന്ന പുരുഷസന്താനത്തിനും ഞങ്ങളല്ലാതെ വേറെയും അവകാശികളും അധികാരപ്പെട്ടവരും ഉണ്ട്. എന്‍റെ മോനെക്കൊണ്ട് കര്‍മ്മം ചെയ്യിക്കരുതെന്ന് അവര്‍ ശഠിക്കുന്നത് ആണ്‍തരിയെ പ്രസവിക്കാത്ത അമ്മയോടുള്ള വെല്ലുവിളി പോലെയായിരുന്നു. അധികാരപ്രകടനമായിരുന്നു. മോക്ഷം കിട്ടില്ലെന്ന ഭീഷണിപ്പെടുത്തലായിരുന്നു.

അവരൊക്കെ ആദ്യമേ തന്നെ അങ്ങനെ പറഞ്ഞുവെന്നേയുള്ളൂ. ഞങ്ങള്‍ ആരോടും അക്കാര്യം അഭ്യര്‍ഥിച്ചില്ല. ഞങ്ങളുടെ അമ്മയുടെ ശേഷക്രിയ ചെയ്യാന്‍ ഞങ്ങള്‍ മൂന്നുപേരെക്കാള്‍ യോഗ്യതയുള്ളവര്‍ വേറെ ആരാണ്?

അതുകൊണ്ട് മൂത്ത മകളായ ഞാന്‍ തന്നെയാണ് എല്ലാം ചെയ്തത്. ഔഭപമന്യഭഗോത്രമെന്ന അമ്മയുടെ ഗോത്രത്തെ ശിവഗോത്രമെന്നും രാജലക്ഷ്മിയെന്ന അമ്മയുടെ പേരിനെ വിജയലക്ഷ്മിയെന്നും ഥീപം, സായൂജ്ജ്യം എന്നുമൊക്കെ അതിഭയങ്കരമായി മലയാളം പറഞ്ഞ പുരോഹിതനോട് എനിക്ക് പലപ്പോഴും ദേഷ്യം തോന്നി. കണ്ണീരൊതുക്കിയൊതുക്കി എന്‍റെ കണ്ണു മാത്രമല്ല മുഖം കൂടി പൊട്ടിത്തെറിയ്ക്കാന്‍ പോവുന്നതു പോലെ ആയിത്തീര്‍ന്നു.

അമ്മയെ ചുമക്കുകയും ശ്മശാനത്തിലേക്ക് കൊണ്ടുപോവാന്‍ ആംബുലന്‍സില്‍ കയറ്റുകയും ചെയ്യുമ്പോള്‍ ഫ്ലാറ്റിലെ കെയര്‍ടേക്കര്‍മാരും സെക്യൂരിറ്റി ജീവനക്കാരും ഞങ്ങള്‍ക്കൊപ്പം വന്നിരുന്നു.

കണ്ണനും സുഹൃത്തുക്കളായ ഷിബുവും സാജനും ദേവനും ജയ് ഗോപാലും രവിപുരം ശ്മശാനത്തിലേക്കും അനുഗമിച്ചു. പക്ഷെ, ആരുണ്ടായാലും നമ്മള്‍ അമ്മയില്ലാത്തവരാകുന്നതിന്‍റെ സങ്കടം ഹൃദയം പിളര്‍ത്തുന്നതായിത്തീര്‍ന്നുവെന്നു മാത്രം .

അമ്മയെ അതികഠിനമായി വേദനിപ്പിക്കുകയും ഭയപ്പെടുത്തുകയും ചെയ്ത, ആ ആൾ അവസാനനിമിഷം വന്ന് സ്റ്റ്രെച്ചര്‍ പിടിക്കുകയും കാലു തൊട്ടു തൊഴുകയുമുണ്ടായി. കണ്ണീരുപ്പിട്ട ചില രക്തവൃത്തങ്ങള്‍ പൂര്‍ത്തിയാകുന്നത് അങ്ങനെയായിരിക്കുമെന്ന് ഞങ്ങള്‍ മക്കള്‍ തിരിച്ചറിഞ്ഞു.

ആംബുലൻസിൽ നിന്ന് ഇറക്കി ശ്മശാനത്തിലെ വെറും തറയില്‍ അമ്മയെ കിടത്തുമ്പോള്‍ എന്‍റെ നിയന്ത്രണമെല്ലാം തകര്‍ന്നു. അമ്മയുടെ തലഭാഗത്ത് ഒരു നിലവിളക്ക് തെളിയിക്കപ്പെട്ടു. ഞാന്‍ അപ്പോൾ ഉച്ചത്തിൽ ഏങ്ങലടിച്ചു കരഞ്ഞുപോയി. അനിയത്തിമാരെ ഒന്നു നോക്കാന്‍ പോലും എനിക്ക് ത്രാണിയുണ്ടായിരുന്നില്ല.

ഞാനാണ് ചിതയെരിയിക്കുന്നതെന്ന് അറിയിച്ചപ്പോൾ ബ്രാഹ്മണസ്ത്രീകളെ അങ്ങനെ ദഹിപ്പിക്കില്ലല്ലോ എന്നായി ശ്മശാന ജീവനക്കാർ. ഞങ്ങളുടെ അമ്മക്ക് ഞങ്ങളേയുള്ളൂ.. വേറെ ആരുമില്ല എന്ന്‌ ഭാഗ്യ അവരോടു പറഞ്ഞു.

അവർ ഒരു തടസ്സവും പിന്നെ പ്രകടിപ്പിച്ചില്ല.

ഒട്ടും വൈകാതെ,
ചിരട്ടപ്പുറത്ത്, ചകിരിപ്പുറത്തേയ്ക്ക് അമ്മയുടെ തണുത്ത, അതീവമൃദുലമായ ദേഹത്തെ മാറ്റിക്കിടത്തി. പലരും എരിഞ്ഞു തീര്‍ന്ന ആ മുറി കറുത്ത് കരിപിടിച്ച് യമദേവന്‍റെ വാതില്‍മാടമായി പ്രത്യക്ഷപ്പെട്ടു. ഒരു ചുവന്ന പട്ടുകൊണ്ട് അമ്മയുടെ മുഖം മൂടുവാന്‍ എന്നോട് പറഞ്ഞു. എനിക്കത് ഹൃദയഭേദകമായി തോന്നി... പിന്നെ തെരുതെരെ എന്ന് വിറകടുക്കുകയും ആ കൂമ്പാരത്തില്‍ അമ്മയെ കാണാതാക്കുകയും ചെയ്തു. വെണ്ണ തോല്‍ക്കുമുടലുള്ള അമ്മയ്ക്ക് നോവുന്നുണ്ടാവില്ലേ എന്ന് ഓര്‍ത്ത് എന്‍റെ മനസ്സ് തകര്‍ന്നു. വിറകടുക്കി തീര്‍ന്നപ്പോള്‍ ശ്മശാനജീവനക്കാര്‍ എന്നോട് പുറം തിരിഞ്ഞു നില്‍ക്കാനാവശ്യപ്പെട്ടു. പുറകോട്ട് കൈ കെട്ടി വെക്കാന്‍ പറഞ്ഞു. എന്നിട്ട് കൈയില്‍ തീക്കൊള്ളി തന്നു. അത് ചിതയിലേക്ക് വെക്കുകയായിരുന്നു ഞാന്‍ ചെയ്യേണ്ടിയിരുന്നത്. പിന്നെ അഗ്നിദേവന്‍റെ എരിയുന്ന ആര്‍ത്തിയാണ് ഞാന്‍ കണ്ടത്..

അമ്മയെ ചിതയില്‍ വെക്കുകയും കത്തിക്കാനുള്ള കൊള്ളി എടുത്ത് ആ ചിതയ്ക്ക് തീ കൊടുക്കുകയും ചെയ്യുക ഒട്ടും എളുപ്പമായിരുന്നില്ല. എന്നെ എന്തിനായി ദൈവം ഈ ഭൂമിയിലേക്കിറക്കി വിട്ടു എന്ന് ഞാന്‍ ജീവിതത്തില്‍ പലവട്ടം ആലോചിച്ചിട്ടുണ്ട്. കൊള്ളി വെയ്ക്കേണ്ടുന്ന ആ നിമിഷത്തില്‍ ഞാന്‍ ലക്ഷം തവണ ആ ചോദ്യം എന്‍റെ ഉള്ളിലിട്ടുരുക്കഴിച്ചു. എത്ര ശ്രമിച്ചിട്ടും എനിക്ക് തേങ്ങല്‍ ഒതുക്കാന്‍ പറ്റുന്നുണ്ടായിരുന്നില്ല. തീ കൊടുത്ത് ഇരുമ്പ് ഷട്ടര്‍ വലിച്ചു താഴ്ത്തി ,അമ്മയെ അഗ്നിക്ക് സമര്‍പ്പിച്ചപ്പോള്‍ ഞാനീ മഹാപ്രപഞ്ചത്തില്‍ തികച്ചും തനിച്ചായിപ്പോകുകയായിരുന്നു.

എന്‍റെ കണ്ണുകളില്‍ നിന്ന് രക്തം കണ്ണീരായി ഒഴുകി വീണു. വസുവെന്ന കൂട്ടുകാരിയെ കെട്ടിപ്പിടിച്ച് ഞാന്‍ അത്യുച്ചത്തില്‍ തേങ്ങി. അനിയത്തിമാര്‍ എന്നേക്കാള്‍ ഒതുക്കാന്‍ കഴിവുള്ളവരായിരുന്നു. അവർ കരച്ചിൽ ചവച്ചിറക്കി. എനിക്ക് നിയന്ത്രണമുണ്ടാവാന്‍ പിന്നെയും ഒട്ടു സമയമെടുത്തു.

വസു 'ഞാനിനി അനിയത്തിമാര്‍ക്കു കൂടി അമ്മയാവണം' എന്ന് ആശ്വസിപ്പിക്കുമ്പോള്‍ ജയ്ഗോപാൽ സമീപത്ത് വന്ന് എന്‍റെ കൈപിടിച്ചു. 'കരയരുത്... കരയരുത് 'എന്ന് മന്ത്രിച്ചു. 'നമ്മള്‍ കരച്ചില്‍ ബാന്‍ ചെയ്തിട്ട് എത്ര കൊല്ലമായി' എന്നോര്‍മ്മിപ്പിച്ചു. ആ പതുപതുത്ത കൈകള്‍ക്കുള്ളില്‍, അമ്മയെ അഗ്നിക്കേകിയ എന്‍റെ വലതുകൈ അമര്‍ത്തിപ്പിടിച്ചു. 'എന്‍റെ അമ്മയെ എനിക്ക് നഷ്ടപ്പെട്ടുവല്ലോ' എന്ന് ഞാന്‍ തേങ്ങിയപ്പോള്‍ ജയ്ഗോപാൽ എന്നോട് ചോദിച്ചു. 'നഷ്ടങ്ങള്‍ നിനക്ക് പുതിയതാണോ. എല്ലാത്തരം നഷ്ടങ്ങളുടേയും മഹാറാണിയല്ലേ നീ ' അപ്പോള്‍ കടന്നുപോകുന്ന ജീവിതത്തിന്‍റെ തീക്ഷ്ണതയില്‍ ഒരു നിമിഷം എന്‍റെ കണ്ണുകള്‍ പെയ്യാന്‍ മറന്നു നിന്നു.

സാജനോട് 'എന്‍റെ അമ്മ പോയി' എന്ന് കരഞ്ഞപ്പോള്‍ 'എന്‍റെ അമ്മയും പോയല്ലോ.. നമ്മള്‍ക്ക് രണ്ടാള്‍ക്കും അമ്മയില്ല. ഞാന്‍ കരയുന്നില്ല . പിന്നെ നീയെന്തിനു കരയണം' എന്ന് ആശ്വസിപ്പിച്ചു. 'നമ്മള്‍ക്ക് രണ്ടാള്‍ക്കും അമ്മയുമില്ല, അച്ഛനുമില്ല. അത്രേയുള്ളൂ' എന്നായിരുന്നു സാജന്‍റെ തലോടല്‍.

പിറ്റേന്ന് രാവിലെ റാണിയും കണ്ണനും കൂടി പോയി ഒരു ഇരുമ്പ് കൊടില്‍ കൊണ്ട് അസ്ഥിപെറുക്കുകയും കലശത്തിലാക്കുകയും ചെയ്തു.

കുറച്ചുകൂടി ജോലിയുണ്ടായിരുന്നു... അസ്ഥി നിമജ്ജനം.. തര്‍പ്പണം.. ഹോമം.. ഗ്രേഖ്യം എന്ന് വിളിക്കുന്ന അടിയന്തിരം. അത് പതിമൂന്നാം ദിവസമായിരുന്നു.

അമ്മയുടെ ഒത്തിരി സാധനങ്ങള്‍, വീല്‍ ചെയര്‍, എയര്‍ബെഡ്, ഗ്ലൌസുകള്‍, അണ്ടര്‍പാഡുകള്‍, സുഗന്ധമുള്ള പേപ്പര്‍ തൂവാലകള്‍ , വാക്കിംഗ് സ്റ്റിക് അങ്ങനെ ഒത്തിരി സാധനങ്ങള്‍ കിടപ്പിലായിപ്പോയ അനാഥസ്ത്രീകളുടെ ഒരു ആലയത്തിനു നല്‍കി. അടിയന്തിരത്തിനു വേണ്ട സദ്യയും അവിടെ തന്നെയേ ചെയ്തുള്ളൂ.

ശൂന്യമായ നോട്ടത്തോടെ ഞങ്ങള്‍ മൂന്നു സ്ത്രീകള്‍ ഫ്ലാറ്റില്‍ കുത്തിയിരുന്നു. അമ്മയുടെ ചിത്രത്തിനു മുന്നില്‍ കെടാവിളക്ക് കത്തിച്ചു. ഞങ്ങള്‍ പറ്റാവുന്നത്ര ഈശ്വരനാമങ്ങള്‍ ഉരുവിട്ടു. ഞങ്ങള്‍ക്ക് അമ്മയുടെ മണം കിട്ടുന്നുണ്ടായിരുന്നു. ആ ശബ്ദം കേള്‍ക്കുന്നുണ്ടായിരുന്നു. രാത്രി ഉറങ്ങാതെ കിടക്കുമ്പോള്‍ അമ്മ തലോടുന്നതായി തോന്നുന്നുണ്ടായിരുന്നു.

ആ ശൂന്യത അമ്മയുടെ ശൂന്യത അതു നികത്താന്‍ ഒരു ലോജിക്കും ഇന്നുവരെയും ഞങ്ങളെ ആരേയും സഹായിച്ചിട്ടില്ല.

Wednesday, November 27, 2019

അമ്മച്ചിന്തുകൾ 83അമ്മ താമസിച്ചിരുന്ന പതിനാലാം നിലയിലെ ഫ്ലാറ്റില്‍ നിന്നു നോക്കുമ്പോള്‍ ക്രിസ്തുമസ്സിനായി അണിഞ്ഞൊരുങ്ങിയ എറണാകുളം നഗരം കാല്‍ക്കീഴിനു താഴെ മിന്നിത്തിളങ്ങുന്നുണ്ടായിരുന്നു. കണ്ണീര്‍ നിറഞ്ഞ എന്‍റെ മിഴികളില്‍ നഗരവെളിച്ചം പ്രതിഫലിച്ചിരുന്നു.

ദൂരക്കാഴ്ചയിലെ ലക്ഷ്മി ഹോസ്പിറ്റലില്‍ എന്‍റെ അമ്മ ഞരങ്ങിക്കൊണ്ട് , വായ് തുറന്ന് വലിയ ശ്വാസമെടുത്തുകൊണ്ട് കിടന്നിരുന്ന ദിവസങ്ങളാണ്. അനിയത്തിമാര്‍ ഇമപൂട്ടാതെ അവിടെ കാവലിരുന്ന ദിവസങ്ങൾ.

''അമ്മയ്ക്ക് പ്രായമായില്ലേ, കഷ്ടപ്പെടാതെ പോകട്ടെ എന്ന് എല്ലാവരും ഞങ്ങളോട് പറഞ്ഞിരുന്നു. അമ്മ കഷ്ടപ്പെട്ട് ശ്വാസം കഴിച്ചുകൊണ്ട് നിസ്സഹായയായി കിടക്കണമെന്ന് തെല്ലും മോഹവുമുണ്ടായിരുന്നില്ല. എന്നാല്‍ അമ്മ ഒഴിച്ചിട്ടിട്ട് പോകുന്ന ചക്രവര്‍ത്തിനിയുടെ സിംഹാസനം എന്നുമെന്നും ശൂന്യമായിത്തീരുമെന്ന മഹാസത്യം വല്ലാതെ അമ്പരപ്പിക്കുകയും കഠിനമായി നൊമ്പരപ്പെടുത്തുകയും ചെയ്തിരുന്നു.

രണ്ടായിപ്പൊട്ടിപ്പിളരുകയായിരുന്നു ഞങ്ങൾ… ആശയോടും എന്നാല്‍ പരമമായ സത്യത്തോടും പൊരുത്തപ്പെടാന്‍ ശ്രമിക്കുകയായിരുന്നു.

അച്ഛന്‍ കടന്നു പോയപ്പോള്‍ അമ്മീമ്മയും അമ്മയുമുണ്ടായിരുന്നു. അമ്മീമ്മ പോയപ്പോള്‍ അമ്മയുണ്ടായിരുന്നു. അമ്മ പോയാല്‍ പിന്നെ ഞങ്ങൾക്ക് ഈ പ്രപഞ്ചത്തിൽ ആരുമില്ല എന്ന വാസ്തവത്തെ ഉള്‍ക്കൊള്ളാന്‍ എത്ര ശ്രമിച്ചിട്ടും കഴിഞ്ഞില്ല. അതുകൊണ്ടുതന്നെ ആ സത്യവുമായി പൊരുത്തപ്പെടുന്ന നൊമ്പരം അതിഭയങ്കരമായിരുന്നു.

വളകള്‍ കിലുങ്ങുന്ന കൈയില്‍, നെയ്യിലും പഞ്ചസാരയിലും മുക്കിയ ഇഡ്ഡലിക്കഷ്ണവുമായി സാരി അല്‍പം എടുത്തു കുത്തിയ അമ്മ എന്‍റെ ശൈശവകാലത്ത് പുറകെ ഓടിവരുമായിരുന്നു. 'ഒരു കഷ്ണം കൂടി ശാപ്പിട് 'എന്ന് കൊഞ്ചിക്കുമായിരുന്നു. എന്‍റെ കുഞ്ഞുവായില്‍ മെല്ലെ ഇഡ്ഡലി തിരുകിത്തരുമായിരുന്നു. വീടിനു മുന്നിലെ റോഡിലൂടേ ഓടിയിരുന്ന ബസ്സുകളുടെ പേരുകള്‍, കിളികളുടെ പേരുകള്‍, പല മനുഷ്യരുടെ പേരുകള്‍, ചെടികളുടേയും പൂക്കളുടേയും കായ്കളുടേയും പേരുകള്‍ അമ്മയില്‍ നിന്നാണ് ഞാന്‍ പഠിച്ചത്. ഓഫീസ് വിട്ടുവരുന്ന അമ്മയുടെ നേരെ കൈകള്‍ നീട്ടി ഓടിച്ചെല്ലുമ്പോള്‍ അമ്മ എന്നെ വാരിയെടുത്തുമ്മ വെക്കുമായിരുന്നു. കുട്ടിക്കൂറാ പൌഡറിന്‍റെ സുഗന്ധം പ്രസരിപ്പിച്ച ജോസഫ് എന്ന പുരുഷനെ ഞാന്‍ എന്നെ മറന്ന് സ്നേഹിച്ചത് അത് എന്നും അമ്മയുടെ സുഗന്ധമായിരുന്നതുകൊണ്ടും കൂടിയാണ്.

മുതിര്‍ന്നപ്പോള്‍ ഞാന്‍ അമ്മയുടെ ഒരു പ്രതീക്ഷയും നിറവേറ്റിയില്ല. ഡോക്ടറായില്ല, ഇംഗ്ലീഷ് അധ്യാപികയായില്ല, ബാങ്കുദ്യോഗസ്ഥയോ സിവില്‍ സര്‍വീസുകാരിയോ ആയില്ല. ഇതെല്ലാം എനിക്ക് സാധിക്കുമായിരുന്നുവെന്ന് ഇന്നെനിക്ക് ഉറപ്പുണ്ട്. കാലം തെറ്റി എന്നില്‍ പൂത്ത ഉറപ്പുകള്‍. എന്നാല്‍ അതിനൊന്നും ഒരുങ്ങാതെ ഞാനെന്നും എല്ലാറ്റിനും എല്ലാവരേയും ആശ്രയിച്ചു... അതുകൊണ്ടു തന്നെ എനിക്ക് ഒരുകാലത്തും ഒന്നും ഉണ്ടായതുമില്ല. അത്യാവശ്യത്തിനുള്ള പണം പോലും ... അനാവശ്യമായിരുന്ന എന്‍റെ ആ ആശ്രിതത്വ സ്വഭാവത്തെ, അമ്മ എന്നും വെറുത്തിരുന്നു. പക്ഷെ, തൊണ്ടയില്‍ പുഴുത്താല്‍ ഇറക്കുകയല്ലാതെ വേറെ വഴിയില്ലെന്നതു പോലെ അമ്മ എനിക്കു വേണ്ടി അതും ഇറക്കി.

'അമ്മാ നാന്‍ ഒന്നോട് കലാകുട്ടിയല്ലവോ' എന്ന് ചോദിക്കുമ്പോള്‍ അമ്മ മൌനം പാലിച്ചു തുടങ്ങിയിട്ട് ആറുമാസമായി... അമ്മയുടെ ശൂന്യമായ മിഴികളില്‍ ഞാനില്ല... എന്‍റെ അനിയത്തിമാരില്ല... ഞങ്ങള്‍ പ്രസവിച്ച മക്കളില്ല... അമ്മയ്ക്ക് ഞങ്ങളില്ലെങ്കില്‍ പിന്നെ ഈ പ്രപഞ്ചത്തില്‍ ആര്‍ക്കാണു ഞങ്ങളുള്ളത്? മറുപടിയില്ലെങ്കിലും 'അമ്മാ അമ്മാ' എന്ന് ഞങ്ങള്‍ എപ്പോഴും വിളിക്കുന്നു. ദ്രവരൂപത്തിലുള്ള ഭക്ഷണം അരിച്ച് മൂക്കിലെ ട്യൂബിലൂടെ നല്‍കുന്നു , ഗ്ളൗസിട്ട് മലം പുറത്തെടുത്തു കളയുന്നു. അമ്മയുടെ മാംസപേശികളിലെ തളർച്ച എന്നെ അപ്പോഴെല്ലാം ഒത്തിരി സങ്കടപ്പെടുത്തീട്ടുണ്ട്. അമ്മയുടെ മലവും മൂത്രവും ഒന്നും ഞങ്ങളിലോ ഭാഗ്യയുടെ മകളിൽ പോലുമോ യാതൊരു അറപ്പും ഉണ്ടാക്കിയില്ല. അതുകൊണ്ടു തന്നെ അമ്മയുടെ മൂത്രം അല്പം കൈയിൽ പറ്റിയെന്ന് പരാതിപ്പെട്ട കണ്ണൻറെ വൃത്തിബോധം എനിക്ക് മനസ്സിലായതുമില്ല.

അനേകം ഉത്തരവാദിത്തങ്ങളൂള്ള ജോലിക്കിടയില്‍, ജീവിതത്തിന്‍റെ ഏറ്റവും നൊമ്പരപ്പെടുത്തുന്ന സമരങ്ങള്‍ക്കിടയില്‍ എപ്പോഴാവശ്യമുണ്ടെങ്കിലും വിദൂരമായ ദില്ലിയില്‍ നിന്ന് പറന്നിറങ്ങുന്ന, അവളുടെ കണ്ണിലൂറുന്ന കണ്ണുനീരിനെ തടഞ്ഞു നിറുത്തി അത്യാവശ്യ സഹായങ്ങളുടെ മിന്നല്‍പ്പിണറുകള്‍ ഉണ്ടാക്കുകയായിരുന്നു റാണി എപ്പോഴും. കണ്ണു തുറന്ന് ഉറങ്ങാനും ഡ്രൈവ് ചെയ്യാനും ഉറങ്ങിക്കൊണ്ട് തന്നെ അമ്മയുടെ ഒരു ഞരക്കവും അനക്കവും പോലും തിരിച്ചറിയാനും കഴിവുള്ളവള്‍ ആയി മാറിയിരുന്നു എന്‍റെ കുഞ്ഞനിയത്തിയായ ഭാഗ്യ. അമ്മയുടെ മരുന്നുകളും ആംബുലന്‍സ് നമ്പറുകളും ചിംബ്ളു മന:പാഠമാക്കിയിരുന്നു .

ഈ ലോകത്തിലെ ഏറ്റവും മിടുക്കനായ ഡ്രൈവര്‍ എന്‍റെ അച്ഛനാണെന്ന് വിശ്വസിക്കാനിഷ്ടപ്പെട്ടിരുന്ന ഞാന്‍ ആംബുലന്‍സ് ഡ്രൈവര്‍മാരുടെ കഴിവും, എന്നും എപ്പോഴും അവര്‍ കാണിച്ച സഹോദരസ്നേഹവും കണ്ട് അല്‍ഭുതപ്പെട്ടിട്ടുണ്ട്. അമ്മയെ സ്കാന്‍ ചെയ്യിക്കാനും മറ്റും കൊണ്ടുപോവുമ്പോള്‍ പലപ്പോഴും ആവശ്യത്തിനു പണമില്ലാത്ത പരിതസ്ഥിതിയില്‍ പല എ ടി എമ്മുകളില്‍ പോകാന്‍ 'ചേച്ചീ ,ഞാന്‍ വരാ'മെന്ന് കൂട്ടിക്കൊണ്ടു പോയിട്ടുള്ള ആംബുലന്‍സ് ഡ്രൈവര്‍മാരെ എങ്ങനെ മറക്കാനാവും ? പതിനാലാം നിലയില്‍ നിന്ന് അമ്മയെ ഞൊടിയിടയില്‍ താഴേക്കിറക്കുകയും അതുപോലെ ആശുപത്രിയില്‍ നിന്ന് മടക്കികൊണ്ടുവരുമ്പോള്‍ കഴിയുന്നത്ര വേഗത്തില്‍ അമ്മയെ മുകളിലെ വീട്ടിലെത്തിച്ച് എയര്‍ബെഡ്ഡില്‍ കിടത്തുകയും ചെയ്യാന്‍ കൂടുന്ന കെയര്‍ടേക്കര്‍മാരും ഞങ്ങള്‍ക്ക് പിറക്കാതെ പോയ ബന്ധുക്കള്‍ തന്നെയായിരുന്നു.

'അത്യാവശ്യമുണ്ടെങ്കില്‍ വിളിച്ചോളൂ, ആവശ്യമുണ്ടെങ്കില്‍ അറിയിച്ചാല്‍ വരാം, ഞാന്‍ വന്നിട്ട് അത്യാവശ്യമൊന്നുമില്ലല്ലോ' എന്നൊക്കെ പറയാന്‍ വേണ്ടി വചനം പറയുന്നവരായിരുന്നില്ല അവരാരും തന്നെ. അവര്‍ ഒന്നും പറയാറില്ല. പ്രവൃത്തിക്കുക മാത്രമേ ചെയ്യുന്നുള്ളൂ.

അമ്മയെ തങ്കക്കുട്ടീ , അമ്മക്കുട്ടി, കനകകട്ടേ , പ്ലാറ്റിനക്കൊടമേ എന്നൊക്കെ ഞങ്ങള്‍ക്കൊപ്പം അല്ലെങ്കില്‍ ഞങ്ങളോട് മല്‍സരിച്ച് കൊഞ്ചിച്ചു വിളിച്ചിരുന്ന,യതൊരറപ്പും മടിയുമില്ലാതെ പരിചരിച്ചിരുന്ന ഓമനചേച്ചി, കാരുണ്യവാനായ ഈശോയോട് ഞങ്ങള്‍ക്ക് വേണ്ടി എപ്പോഴും എപ്പോഴും പ്രാര്‍ഥിക്കുമായിരുന്ന ശകുന്തള ചേച്ചി... ഡോ മാത്യു എബ്രഹാം, ജീവിതത്തിലെ എല്ലാ സങ്കടങ്ങളും എല്ലാ ഒറ്റപ്പെടലുകളും സമയമെടുക്കുമെങ്കിലും ആത്യന്തികമായി മാറുമെന്ന് എപ്പോഴൂം സമാധാനിപ്പിച്ചിരുന്ന ഡോ തനൂജ്, ഡോ ശ്രീരാം, എന്‍റെ സ്വന്തമെന്ന് എനിക്ക് പലപ്പോഴും തോന്നീട്ടുള്ള നീത, ചേച്ചീ എന്ന് എന്നെ എപ്പോഴും താലോലിക്കുന്ന ജെന്നി, അമ്മയുടെ മലം അല്ലെങ്കില്‍ മൂത്രം, അതുമല്ലെങ്കില്‍ കഫം തുടച്ചുകളയണോ എന്ന് സഹായം തരാന്‍ ഒട്ടും മടിക്കാത്ത നഴ്സുമാര്‍..

സംഭവിക്കുന്നതെല്ലാം നന്മക്കെന്ന് ആശ്വസിപ്പിച്ചിരുന്ന ദില്ലിയിലെ എന്‍റെ സുഹൃത്തായ ദിനേശ്.


വീ ഷാല്‍ ഓവര്‍കം... വീ ഷാല്‍ ഓവര്‍കം … വീ ഷാല്‍ ഓവര്‍ കം വണ്‍ ഡേ ....

എന്നിട്ടും.. അമ്മ ..ഞങ്ങളുടെ അമ്മ..

അങ്ങനെ ആ ക്രിസ്തുമസ്സ് ദിവസം
ഞങ്ങളുടെ സ്റ്റാറ്റസ് പൂര്‍ണമായും മാറി അമ്മീമ്മയും അച്ഛനും അമ്മയും ഇല്ലാത്ത ട്രിപ്പിള്‍ യത്തീമുകളായി ഞങ്ങള്‍.

ഇനി ക്രിസ്തുമസ്സ് ഞങ്ങള്‍ക്കെന്നും അമ്മയുടെ ദിവസമായിരിക്കും.. കാരുണ്യവാനായ കര്‍ത്താവ് ഞങ്ങളുടെ വീടിനെ സ്വന്തം ആലയമായിക്കരുതുകയും ആവശ്യങ്ങളില്‍ സഹായവും സങ്കടങ്ങളില്‍ സാന്ത്വനവും തരും. ആ ഉറപ്പുകൊണ്ടായിരിക്കണമല്ലോ അദ്ദേഹം സ്വന്തം പിറന്നാള്‍ ദിനത്തില്‍ തന്നെ ഞങ്ങളുടെ ഒരേയൊരു കവചകുണ്ഡലമായ അമ്മയെ ഞങ്ങളില്‍ നിന്ന് അകറ്റിക്കളഞ്ഞത്..

ഡിസംബര്‍ 24 നു വൈകീട്ട് ലക്ഷ്മി ഹോസ്പിറ്റല്‍ വിട്ട് അമ്മ വരുമ്പോള്‍ ഇത്തവണയും പരിസരത്തില്‍ പാത്തും പതുങ്ങിയും കാത്തു നിന്ന കണ്ണും വായും ചെവിയുമില്ലാത്ത പിംഗളകേശിനിയെ പറ്റിച്ചു എന്നാണ് ഞങ്ങള്‍ കരുതിയത്. എന്നാലവള്‍ ഈ ഫ്ലാറ്റിലേക്ക് കയറി വന്നത് ഞങ്ങള്‍ കണ്ടിരുന്നില്ല. ഒരു ഡോക്ടറായിരുന്ന ഞങ്ങളുടെ അച്ഛന് അവളുടെ ഗന്ധത്തെ തിരിച്ചറിഞ്ഞു പറയാനുള്ള കഴിവുണ്ടായിരുന്നു. പല രോഗികളേയും കണ്ട് മടങ്ങി വരുമ്പോള്‍ 'ദെയര്‍ വാസ് ദ സ്മെല്‍ …ദ സ്മെല്‍ ഓഫ് ഡെത്ത് ' എന്ന് അച്ഛന്‍ പറയുന്നത് ഞങ്ങള്‍ കേട്ടിട്ടുണ്ട്.

ക്രിസ്തുമസ്സിനു രാവിലെ അമ്മയ്ക്ക് പ്രഭാതഭക്ഷണവും മരുന്നും മൂക്കിലെ ട്യൂബിലൂടെ നല്‍കി. ക്രീം പുരട്ടിത്തിരുമ്മി തിളക്കം വരുത്തി. അമ്മയെ കെട്ടിപ്പിടിച്ചു കിടന്ന് 'മാനസനിളയില്‍ പൊന്നോളങ്ങള്‍ മഞ്ജീരധ്വനി മുഴക്കി' എന്ന നൌഷാദിന്‍റെ ഗാനം കേള്‍പ്പിച്ചു. ധ്വനി അമ്മയ്ക്കിഷ്ടപ്പെട്ട ഒരു സിനിമയായിരുന്നു. അതിലെ പ്രേം നസീറിന്‍റെ ഭാവഹാവാദികള്‍ അച്ഛനുണ്ടായിരുന്നതുകൊണ്ടാവാം . അച്ഛന്‍റെ അംഗീകാരമായിരുന്നു അമ്മ ജീവിതം മുഴുവന്‍ കൊതിച്ചിരുന്നത്. അത് ഒരു കാരണവശാലും കൊടുക്കുകയില്ലെന്ന് അച്ഛന്‍ വാശിപിടിച്ചു. അമ്മയുടെ കഠിന പരിശ്രമങ്ങള്‍ക്കും അച്ഛന്‍റെ ദുര്‍വ്വാശിക്കുമിടയില്‍ കൊഴിഞ്ഞടര്‍ന്നത് ഞങ്ങളുടെ എല്ലാവരുടെയും ജീവിതമായിരുന്നുവല്ലോ.

പിന്നീട് ഉച്ചഭക്ഷണവും മരുന്നും നല്‍കി. അമ്മ അപ്പോഴെല്ലാം ആഴത്തില്‍ ശ്വാസമെടുത്തിരുന്നു. തുടര്‍ച്ചയായി മലവിസര്‍ജ്ജനം ചെയ്തുകൊണ്ടിരുന്നു. ഞങ്ങള്‍ അതെല്ലാം വൃത്തിയാക്കുകയും 'ഉം, അപ്പീട്ട് കളിക്യാണല്ലേ, വതി അതി പെത ' എന്ന് കളിപ്പിക്കുകയും അമ്മയെ കൊഞ്ചിക്കുകയും പുന്നാരിക്കുകയും അമിതാബ് ബച്ചന്‍റെ പാട്ടുകള്‍ കേള്‍പ്പിക്കുകയും ചെയ്തു.

ഉച്ചക്ക് രണ്ടുമണിയോടെ കണ്ണൻ വന്ന് അമ്മയെ കണ്ടു. അങ്ങനെ നൊമ്പരപ്പെടാനുള്ള ഒരടുപ്പമൊന്നും കണ്ണനുണ്ടായിരുന്നില്ല. അതുകൊണ്ട് അമ്മയുടെ കൈത്തണ്ടയിൽ മെല്ലെ ഒന്നു തൊട്ടിട്ട് കണ്ണൻ തിരുവനന്തപുരത്തേക്ക് മടങ്ങി.

വൈകുന്നേരം നാലുമണി കഴിഞ്ഞ് പന്ത്രണ്ട് മിനിറ്റായപ്പോള്‍ ആഴത്തിലുള്ള ഒരു ശ്വാസത്തോടെ മനോജ്ഞമായ ആ വലിയ കണ്ണുകള്‍ അമ്മ മെല്ലെ അങ്ങ് അടച്ചു കളഞ്ഞു. ഒരു പൂവ് കൂമ്പും പോലെ.. തൊട്ടാവാടിയില വാടുമ്പോലെ... വിളക്ക് പൊടുന്നനെ കെടും പോലെ.. ഉറക്കത്തില്‍ ഒരു സ്വപ്നത്തിലേക്ക് ഇറങ്ങി പോകുമ്പോലെ .. അത്രമേല്‍ സ്വാഭാവികമായി, ശാന്തമായി അമ്മ ഞങ്ങളെ വിട്ടുപിരിഞ്ഞു.

ഡോക്ടറുടെ മക്കളായ ഞങ്ങള്‍ അമ്മയുടെ കണ്ണുകള്‍ തുറന്നു നോക്കി. ആ കറുത്ത കൃഷ്ണമണി നിശ്ചലമായിരുന്നു. പള്‍സ് കിട്ടുന്നുണ്ടായിരുന്നില്ല. അനവധി വര്‍ഷക്കാലം ജീവിതത്തിലെ എല്ലാ വേദനകളുമേറ്റിട്ടും പതറാതെ നിരന്തരമായി താളമടിച്ച ആ ഹൃദയം മൌനമായിരുന്നു. ബി പി മെഷീന്‍ എറര്‍ എന്നെഴുതിക്കാണിച്ചു. എന്നിട്ടും പ്രതീക്ഷ കൈവിടാതെ ഞങ്ങള്‍ ആംബുലന്‍സ് വിളിച്ചു. പോം പോം എന്ന് കരഞ്ഞ് വിളിച്ചുകൊണ്ട് അഞ്ചുമിനിറ്റില്‍ ലക്ഷ്മി ഹോസ്പിറ്റലില്‍ എത്തി. ഡോ തനൂജ് തന്നെയാണ് ഇ സി ജി നോക്കിയത്. 'ബ്രോട്ട് ഡെഡ് ' എന്ന് ഞങ്ങള്‍ക്ക് എഴുതി കിട്ടി.

അവയവദാനം ചെയ്യണമെന്ന് അമ്മ ആഗ്രഹിച്ചിരുന്നു. തോരാത്ത കണ്ണീരിലും ഞങ്ങള്‍ അത് ഡോക്ടറെ അറിയിക്കാതിരുന്നില്ല. കഴിഞ്ഞ ആറുമാസമായി എട്ടൊമ്പതു തവണ ഐ സി യൂവിലായിരുന്ന അമ്മ സഹിച്ച ബുദ്ധിമുട്ടുകള്‍ ശരിക്കും അറിയാമായിരുന്ന ഡോക്ടര്‍ 'അമ്മയെ ഇനി ഒന്നും ചെയ്യേണ്ട... അവര്‍ അത്രയും കഷ്ടപ്പെട്ടുകഴിഞ്ഞു.. ഒന്നും ആര്‍ക്കും കൊടുക്കേണ്ട' എന്ന് ഞങ്ങളെ വിലക്കി. ഡോ തനൂജ് അമ്മയെ ഒരു രോഗി എന്നതിലേറെ അമ്മയായി തന്നെ കാണുകയായിരുന്നുവെന്ന് ഞങ്ങള്‍ക്കുറപ്പുണ്ട്.

ഞാനും അനുജത്തി റാണിയുമാണ് പോയിരുന്നത്. മറ്റാരും തന്നെ ഞങ്ങള്‍ക്കൊപ്പമുണ്ടായിരുന്നില്ല. ക്രിസ്തുമസ്സ് ആയതുകൊണ്ട് കടകളെല്ലാം ഒഴിവായിരുന്നു. കുറെ ബുദ്ധിമുട്ടിയെങ്കിലും അനിയത്തി ഒരു പുത്തന്‍ ഗൌണ്‍ വാങ്ങിക്കൊണ്ട് വന്നു. ആശുപത്രിയില്‍ നിന്ന് തന്നെ അമ്മയെ ഡ്രസ്സ് ചെയ്യിച്ച് ആംബുലന്‍സില്‍ തിരിച്ചു വരുമ്പോള്‍ സന്ധ്യ കഴിഞ്ഞിരുന്നു. അതുകൊണ്ട് ഫ്രീസര്‍ ശവപ്പെട്ടിയിലാക്കി വീട്ടില്‍ കിടത്തി. ഞങ്ങള്‍ ഉറങ്ങിയില്ല. അമ്മയുടെ ശരീരവും കുറച്ചു മണിക്കൂറുകള്‍ക്കുള്ളില്‍ കാണാതെയാകുമല്ലോ എന്നോര്‍ത്ത് ആധിപ്പെട്ടുകൊണ്ടിരുന്നു. ആ മുഖം കണ്ണെടുക്കാതെ നോക്കിക്കൊണ്ടിരുന്നു.

അതൊരു വല്ലാത്ത രാത്രിയായിരുന്നു. ചിംബ്ളുവിൻറെ സഹപാഠികള്‍ സന്ധ്യ മുതൽ എപ്പോഴും കൂടെ ഉണ്ടായിരുന്നു. എന്തു സഹായത്തിനും അവര്‍ തയാറായിരുന്നു. അവരാണ് ആദ്യം എത്തിയ ബന്ധുക്കൾ. അവർ ഒന്നടങ്കം ഭാഗ്യയോട് പറഞ്ഞു.. 'ആൻറി പറയൂ.. എന്തു വേണമെന്ന്.. എല്ലാം ഞങ്ങൾ എത്തിക്കാം. ഞങ്ങളില്ലേ.. '

അവർക്കറിയാമായിരുന്നു ചിംബ്ളു വിന് അമ്മയോടുണ്ടായിരുന്ന ആത്മബന്ധം.

അമ്മയുടെ മകള്‍ എന്ന് എപ്പോഴും ഉറപ്പിച്ച് അവകാശപ്പെടുന്ന ചിംബ്ലു എന്ന പൌത്രി അന്നേരം ഒട്ടും തന്നെ കരഞ്ഞില്ല.. പക്ഷെ, കരയുകയായിരുന്നു ഇതിലും ഭേദം. അവൾ ആയിരം കഷണങ്ങളായി ഉടഞ്ഞു പോയി.കഴിഞ്ഞ ആറുമാസമായി രാത്രികളില്‍ ഉണര്‍ന്ന് അമ്മയുടെ മൂത്രം എടുത്തുകളയുകയും ഷുഗറും ബി പിയും ചെക് ചെയ്യുകയും ഇന്‍സുലിന്‍ കുത്തുകയും ആവശ്യമുണ്ടെങ്കില്‍ ഭക്ഷണം ട്യൂബിലൂടേ നല്‍കുകയും മലം എടുത്തുമാറ്റുകയുമൊക്കെ അവള്‍ ചെയ്തിരുന്നു. സ്കൂള്‍ വിട്ട് വന്നിട്ടും അല്ലെങ്കില്‍ തോന്നുമ്പോഴൊക്കെയും അമ്മയെ കെട്ടിപ്പിടിച്ച് കിടക്കുന്നതും അമ്മയുടെ ചെവിയില്‍ പാട്ടുപാടുന്നതും കഥ പറയുന്നതുമൊക്കെ അവളുടെ പതിവുകളായിരുന്നുവല്ലോ.

Monday, November 25, 2019

അമ്മച്ചിന്തുകൾ 82അമ്മ അനവധി വർഷമായി ഭാഗ്യക്കൊപ്പമായിരുന്നു താമസം. ഭാഗ്യ യെപ്പോലെ ഈ ലോകത്ത് മറ്റൊരാൾ ക്കും അമ്മയെ പരിചരിക്കാൻ കഴിയില്ല. അമ്മയുടെ ആഹാരം, മരുന്നുകൾ, കുളി എന്നിവ ശരിയാകാതെ, അല്ലെങ്കിൽ ശരിയാക്കാതെ ഭാഗ്യ ഒന്നും തന്നെ ചെയ്തിരുന്നില്ല. ഡെഡിക്കേറ്റഡ് എന്ന വാക്കിന് ഭാഗ്യയുടെ ച്ഛായയാണ്, ശരീര ഭാഷയാണ്.

അമ്മയുള്ളപ്പോൾ അധിക നേരം ഷോപ്പിങ് ഇല്ല, ഔട്ടിംഗ് ഇല്ല, സിനിമയും നാടകവും ഇല്ല.. ജോലി കഴിഞ്ഞാൽ ഉടനെ വീട്.. അതായിരുന്നു ഭാഗ്യയുടെ ജീവിതം. അവൾ വല്ല ട്രെയിനിംഗിനോ, അതു പോലെയുള്ള ഒഴിവാക്കാനാവാത്ത ആവശ്യങ്ങൾക്കോ പോകുമ്പോൾ ഞാൻ അമ്മക്ക് കൂട്ടായി വന്നിരിക്കും. വീട്ടുസഹായികൾ ആരുമില്ലാതാകുന്ന സമയത്ത് രണ്ടു മാസമൊക്കെ ഞാൻ അമ്മയുടെ അടുത്തു വന്നു നില്ക്കുമായിരുന്നു. ഒത്തിരി സന്തോഷമുള്ള ദിവസങ്ങളായിരുന്നു അവയൊക്കയും.

വീട്ടുജോലികളും അമ്മയുടെ ശുശ്രൂഷ യും ചെയ്യുന്നതിൽ എനിക്ക് പ്രയാസമേതുമില്ലായിരുന്നു. ബാക്കി നേരമെല്ലാം അമ്മയുമായി വർത്തമാനം പറഞ്ഞിരിക്കുന്നത് എനിക്ക് വളരെ ഇഷ്ടവുമായിരുന്നു.

അമ്മയോടോ അമ്മീമ്മയോടോ അത്ര ഹൃദയംഗമമായ അടുപ്പമൊന്നും കണ്ണൻ ഒരിക്കലും പുലർത്തീരുന്നില്ലെങ്കിലും ഞാൻ അവരെ ശുശ്രൂഷിക്കുന്നത്
തടഞ്ഞിട്ടില്ല. മുഖം വീർപ്പിച്ചിട്ടില്ല. പരാതിപ്പെട്ടിട്ടില്ല. റാണിയുടെ സമരങ്ങൾക്ക് പിന്തുണയായി എന്നെ ആറു മാസമൊക്കെ പിരിഞ്ഞു നില്ക്കാൻ കണ്ണൻ തയാറായിട്ടുണ്ട്. എന്നെക്കൊണ്ടുള്ള ധനച്ചെലവ് റാണിക്ക് സ്വയം സഹിക്കേണ്ടി വന്നെങ്കിലും...

അമ്മ രാത്രിയിൽ ഒന്നനങ്ങിയാൽ ഭാഗ്യ അറിയുമായിരുന്നു. പലപ്പോഴും ഭാഗ്യ യും ചിംബ്ളുവും അമ്മയ്ക്കൊപ്പമാണ് ഉറങ്ങിയിരുന്നത്. 'എന്നെ ആരോ തട്ടിവിളിച്ച് എഴുന്നല്പിക്കുന്നതു പോലേയാണ് ഞാൻ അമ്മയെ ശ്രദ്ധിക്കുകയെന്ന് 'ഭാഗ്യ പലപ്പോഴും പറയാറുണ്ട്...

എന്നിട്ടും അമ്മയ്ക്ക് സ്ട്രോക്ക് വരുന്നുവെന്ന് അറിഞ്ഞില്ലല്ലോ എന്നായിരുന്നു അവളുടെ ഖേദം. കുറച്ചു നാളുകൾക്കു മുമ്പേ സ്ട്രോക്കിൻറെ സൂചനകൾ ശരീരം നല്കിത്തുടങ്ങുമെന്ന വിവരം ഡോക്ടർമാർ പകർന്നു നല്കിയപ്പോൾ ഞങ്ങൾ വല്ലാതെ വേദനിച്ചു.

അമ്മ ഐ സി യൂ വിൽ ഒരു മാസം കിടന്നു. പക്ഷേ, ബോധത്തിലേക്ക് മടങ്ങിയെത്തിയില്ല..

അമ്മയുടെ മൂക്കിൽ ട്യൂബ് ഉണ്ടായിരുന്നു. മൂത്രമൊഴിക്കാനും ട്യൂബ് വെച്ചിരുന്നു.

അങ്ങനെ നീണ്ട ആറുമാസമാണ് കടന്നുപോയത്.. അമ്മ ഒന്നും പറയാതെ, വെറുതേ കണ്ണു മിഴിച്ച് നോക്കുകയും ചിലപ്പോഴെല്ലാം കണ്ണീര്‍ പൊഴിക്കുകയും മാത്രം ചെയ്തുകൊണ്ട് ഞങ്ങളുടെ കൂടെ ജീവിച്ചു.

അമ്മ സംസാരിക്കുമെന്ന്, വാ തുറന്ന് ആഹാരം കഴിക്കുമെന്ന് ഞങ്ങളും വിചാരിക്കാതെയായി. അമ്മ യാത്രയാവുകയാണ്, ഇവിടെ നിന്ന് ആര്‍ജ്ജിച്ചതെല്ലാം മെല്ലെ മെല്ലെ ഇവിടെത്തന്നെ കൈവെടിഞ്ഞുകൊണ്ട് പോവുകയാണെന്ന് ഞങ്ങളറിഞ്ഞു തുടങ്ങി.

ഹൃദയത്തിൽ തേൾ കടിക്കുന്ന വേദനയാണ് ആ തിരിച്ചറിവ് ഞങ്ങൾക്ക് നല്കിയത്.

ലക്ഷ്മി ഹോസ്പിറ്റലിലെ ഐ സി യൂ അമ്മയ്ക്ക് വീടുപോലെ പരിചിതമായിട്ടുണ്ടാവും. ആറുമാസത്തിനിടെ എല്ലാ മാസത്തിലും നാലഞ്ചു ദിവസം അമ്മ അവിടേക്ക് പോകുമായിരുന്നു. ഞങ്ങള്‍ പരിഭ്രമിച്ചും വിയര്‍ത്തും കരഞ്ഞും അമ്മയെ അനുഗമിക്കും. അവിടെ കുത്തിയിരിക്കും. അമ്മ ഇപ്രാവശ്യം വിട്ടുപോയേക്കുമോ എന്ന ഭീതിയില്‍ പരസ്പരം ഫോണ്‍ ചെയ്തു സംസാരിക്കും..ആശ്വസിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്യും.

ഒരു മകനെ പ്രസവിച്ചിട്ടില്ലാത്ത അമ്മയ്ക്ക് ഞങ്ങളുടെ ജീവിതത്തില്‍ കടന്നുവന്ന പുരുഷന്മാര്‍ ആരും തന്നെ മക്കളായില്ല. അമ്മയില്‍ നിന്ന് അവര്‍ക്കെന്തു കിട്ടിയെന്ന ചോദ്യം മാത്രം അവര്‍ എപ്പോഴും ഉരുക്കഴിച്ചു. അവര്‍ അമ്മയ്ക്ക് എന്തു നല്‍കി എന്ന ചോദ്യം ആരും ചോദിക്കാനുണ്ടായില്ല. അതുകൊണ്ട് അവര്‍ക്ക് ഉത്തരം ആലോചിക്കേണ്ട ബാധ്യത പോലുമില്ലാതായി..

ആംബുലന്‍സ് വരുത്തുവാനും സെക്യൂരിറ്റി ഗാര്‍ഡുമാരുടേയും ഫ്ലാറ്റിലെ കെയര്‍ടേക്കര്‍മാരുടെയും ആംബുലന്‍സ് ഡ്രൈവറുടേയും സഹായത്തില്‍ അമ്മയെ ആവശ്യമുള്ള അവസരത്തിലെല്ലാം ആശുപത്രിലെത്തിക്കുവാനും ഞങ്ങള്‍ പഠിച്ചു. സൈറണ്‍ മുഴങ്ങുന്ന ആംബുലന്‍സില്‍ അമ്മയുമായി പാഞ്ഞുപോകുമ്പോള്‍ സിനിമയാണീ ജീവിതമെന്ന് ഞാന്‍ വിചാരിച്ചുപോയിട്ടുണ്ട്. പലവട്ടം ഇതെല്ലാം തനിച്ചു ചെയ്ത ഭാഗ്യയും അങ്ങനെ തന്നെ വിചാരിച്ചിട്ടുണ്ടാവണം.

ആശുപത്രിയിലെ ഡോക്ടര്‍മാര്‍ അമ്മയെ ഞങ്ങള്‍ക്ക് മടക്കിത്തന്നു ഓരോ വട്ടവും. നഴ്സുമാര്‍ അമ്മയെ നല്ല പോലെ പരിചരിച്ചു. വീണ്ടും കാണണ്ട എന്ന് പറഞ്ഞ് യാത്രയാക്കി.

വീട്ടിൽ വന്ന് ട്യൂബിലൂടെ ഭക്ഷണം നല്കവേ രണ്ടു മൂന്നു തവണയെങ്കിലും ആ ട്യൂബ് അടഞ്ഞു പോയിട്ടുണ്ട്. അച്ഛൻറെ സുഹൃത്തായ അതേ ഡോക്ടർ അങ്കിളിനെ വിളിച്ചുകൊണ്ടു വന്ന് അദ്ദേഹത്തിന്റെ നിർദ്ദേശമനുസരിച്ചാണ് ആ ട്യൂബ് ക്ളീൻ ചെയ്യാൻ ഭാഗ്യയും ചിംബ്ളുവും
പഠിച്ചത്. ഒരിക്കൽ മാത്രമേ അതു വേണ്ടി വന്നുള്ളൂ. പിന്നീട് ചിംബ്ളു സിറിഞ്ചു കൊണ്ട് സ്വയം ട്യൂബ് വൃത്തിയാക്കിപ്പോന്നു.

ആ ദിവസങ്ങളിലൊക്കെ ഇന്നലെകളും നാളേകളും ഞങ്ങൾക്കുണ്ടായിട്ടില്ല. ഇന്ന് അല്ലെങ്കിൽ ഈ നിമിഷം അതു മാത്രമായിരുന്നു ജീവിതം...

എൻറെ ഭാഗ്യയുടെ മോൾ


                                                               
16/11/19

എൻറെ മോൾ...എൻറെ ഭാഗ്യയുടെ മോൾ

എല്ലാ നന്മകളും എന്നും നിങ്ങളെ ആശീർവദിക്കട്ടെ
                                                                     24/11/19
                                                                      Sapna Anu B.George


ഗവ.വിമൺ കോളേജ് കണ്ണൂരിൽ 21/11/19

കണ്ണൂരിൽ ഒരു പരിപാടി ഉണ്ടായിരുന്നു 21 നു
                                             
--------------------------------------------------------------------------------------------
22/11/19
-------------------------------------------------------------------------------------------------
21/11/19

'ആത്മം - ആഖ്യാനം 'നാഷണൽ സെമിനാർ, (ഗവ.വിമൺസ് കോളേജ് കണ്ണൂർ )ഉദ്ഘാടനം നിർവ്വഹിക്കുന്നു എച്ചുമുക്കുട്ടി.. തുടർന്ന് എച്ചുമുക്കുട്ടിയുടെ ആത്മകഥയെ ആസ്പദമാക്കി ഡോ.ആർ. ചന്ദ്ര ബോസ്, ഡോ.ജിസ ജോസ് എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. ആത്മകഥകൾ വിഭാവന ചെയ്യുന്ന ആൺകാഴ്ചപ്പാടുകളെ അട്ടിമറിച്ചു കൊണ്ട് സ്വന്തം ജീവിതത്തെ ,ഉള്ളു പിടഞ്ഞു നീറ്റിക്കൊണ്ടിരുന്ന ജീവിതാനുഭവങ്ങളെ ഒരു ശതമാനം പോലും അസത്യമില്ലാതെ തുറന്നെഴുത്തു നടത്തുകയായിരുന്നു എച്ചുമുക്കുട്ടി. സ്ത്രീകൾ പോലും അവരുടെ ആത്മാഖ്യാനങ്ങൾ നിർവഹിച്ചപ്പോൾ അത് പുരുഷനെ തൃപ്തിപ്പെടുത്തുന്ന രീതിയിൽ അല്ലെങ്കിൽ പുരുഷനെ പ്രണയത്തിന്റെ അനശ്വര ഗോപുരങ്ങളാക്കുന്ന രീതിയിലായിരുന്നു. അവിടെ നിന്നും തന്റെ ജീവിതത്തെ സത്യസന്ധമായി യാതൊരു ഭയപ്പാടുമില്ലാതെ വെളിപ്പെടുത്തുക യായിരുന്നു എച്ചുമുക്കുട്ടി. ജീവിച്ചിരിക്കുന്ന പലരും അതിൽ കഥാപാത്രങ്ങളാണ്. അവരുടെ ഭാഗത്ത് നിന്നുള്ള ഏത് തരം പ്രതികരണത്തെയും നേരിടാൻ ജീവിതം അവരെ പ്രാപ്തയാക്കിരിക്കുന്നു. വളരെ ശക്തമായ കാഴ്ചപ്പാടുകൾ ജിസ ടീച്ചറുടെയും ചന്ദ്ര ബോസ് സാറിന്റെ പ്രബന്ധങ്ങൾ മുന്നോട്ടുവച്ചു. ആവർത്തനങ്ങളിലൂടെ സത്യങ്ങൾ മാഞ്ഞു പോയേക്കാം, പക്ഷേ, അപ്പൊഴും അവ സത്യങ്ങളായി തന്നെ അവശേഷിക്കും.തന്റെ നിലപാടുകളിൽ ഉറച്ചു നിൽക്കുന്ന അവരുടെ വ്യക്തിത്വം ഏറെ പ്രശംസനീയം.തുടർന്നുള്ള സംവാദ സെഷനിൽ കേൾവിക്കാരുടെ ചോദ്യങ്ങൾക്ക് പതർച്ചകളില്ലാതെ മറുപടി നൽകി.സ്ത്രീ അവളെ പറ്റി എഴുമ്പോഴെ ങ്കിലും അത് അവളുടേ തായിരിക്കണം.അത് വീണ്ടും അച്ഛന്റെ യോ കാമുകന്റെയോ ഭർത്താവിന്റെയോ ആയി തീരരുത്. ഈ ആത്മകഥ അത് എച്ചുമുവിന്റെത് മാത്രമല്ല.പല പെൺകുട്ടികളുടേയും അനുഭവമാണ്. പെൺകുട്ടികളെ സഹനത്തിന് പ്രേരിപ്പിക്കുന്ന അത് തന്നെ പറഞ്ഞു പഠിപ്പിക്കുന്ന പലസ്ത്രീകളുടേയും അനുഭവമാണത്. പലവഴിക്ക് വന്ന് കടലിൽ ചേർന്ന് ഒന്നായി തീരുന്ന നദി പോലെ പലരേയും നീറ്റുന്ന അനുഭവങ്ങൾ ഒരൊറ്റ സ്ത്രീയിൽ പീഡിതമായിരിക്കുന്നു .സമൂഹമന:സാക്ഷിക്ക് മുന്നിൽ തല ഉയർത്തി നിന്ന് സംസാരിക്കാൻ പ്രവർത്തിക്കാൻ എച്ചുമുക്കുട്ടിയെ പ്രാപ്തയാക്കിയത് ഈ അസാധാരണമായ അനുഭവങ്ങളുടെ ആഴവും തീവ്രതയും തന്നെയാണ്.. ആത്മകഥ വായിച്ച എല്ലാവരേയും അത് പൊള്ളിച്ചു. 
Reeja Vidyadaran

                                                 


-----------------------------------------------------------------------------------------------

22/11/19

രണ്ടു വർഷം മുമ്പ് തികച്ചും അവിചാരിതമായാണ് ഞങ്ങളുടെ സംസാരത്തിലേക്ക് എച്ച്മിക്കുട്ടി കടന്നു വന്നത്.. Rashmi Ramachandran ആണ് എന്നോട് ഇവരുടെ എഴുത്തിനെ കുറിച്ച് പറഞ്ഞത് അങ്ങനെ ഒരു ആകാംക്ഷയിൽ ആണ് അവരുടെ ടൈംലൈനിലൂടെ സഞ്ചരിച്ചത് . എന്തോ വായിച്ചപ്പോൾ ഒരുപാട് ഇഷ്ടം തോന്നി അങ്ങനെ ആണ് അവരെ ഫോളോ ചെയ്തത് . അമ്മീമ്മക്കഥകൾ വായിച്ചപ്പോൾ ഇഷ്ടം കൂടി. ഒരുപക്ഷെ വളരെ അധികം ഉദ്വെഗത്തോടേ വായിച്ചതും അതായിരിക്കാം. ഇത്രയും കുഞ്ഞു പ്രായത്തിൽ ഇത്രയും അനുഭവങ്ങൾ.. അതും പൊള്ളിക്കുന്ന അനുഭവങ്ങൾ അന്ന് വരെ ആരിൽ നിന്നും വായിച്ചു അറിയാത്തത് കൊണ്ടാകാം ഓരോ പോസ്റ്റ്‌ കഴിയുമ്പോഴും അടുത്തത് എന്തായിരിക്കും എന്നറിയാനുള്ള ആകാംക്ഷ വാക്കുകൾ കൊണ്ട് വിവരിക്കാൻ പോലും പറ്റാത്തത് ആയത്. അന്ന് വായിച്ചപ്പോൾ ഞാൻ ചിന്തിച്ചിരുന്നു ഈശ്വരാ എന്തുപറഞ്ഞാണ് ഇവരെ ഒന്ന് ആശ്വസിപ്പിക്കേണ്ടത് എന്ന് സ്വന്തം ജീവിതാനുഭവങ്ങൾ ഇത്രയും തീവ്രമായി പകർത്തിയെഴുതിയതിൽ കൂടി അവർ ആ വിഷമങ്ങൾ ഒരിക്കൽ കൂടി അനുഭവിച്ചു എന്നാണർത്ഥം .. ആ അനുഭവങ്ങൾ ആയിരിക്കാം അവരെ ഇത്രയും ബോൾഡ് ആയി കഴിയാൻ ഇന്നും സാധിക്കുന്നത്.. നേരിട്ട് കണ്ടപ്പോൾ എനിക്ക് അത്ഭുതം തോന്നി.. ഈ കുഞ്ഞു പെണ്ണാണോ അന്നത്തെ ആ അമ്മീമകഥയിലെ നായിക എന്നു.. എന്ത് ക്യൂട്ട് ആണ് ആ മുഖമെന്നോ. കുറെ നാളത്തെ ആഗ്രഹമായിരുന്നു ഇന്നലെ സാധിച്ചത്.. കണ്ണൂർ വിമൻസ് കോളേജിൽ ഇന്നലെ എച്ചുമിക്കുട്ടി വന്നപ്പോൾ...

ജയ്ഹിന്ദ് റ്റീവി ചർച്ച

                                                     

ഇന്ന് ഇങ്ങനെ ഒരു ചർച്ചയിൽ ഞാൻ പങ്കെടുത്തു..
എൻറെ കൂട്ടുകാർ ആരൊക്കെ കണ്ടു എന്നറിയില്ല...എൻറെ നിലപാടുകൾ പറയാൻ സാധിച്ചപ്പോൾ എല്ലാം ഞാൻ രേഖപ്പെടുത്തി...

എന്നെ പൊതുപ്രവർത്തക എന്ന് വിശേഷിപ്പിച്ചു ചാനൽ അവതാരകർ. ഞാൻ ഞെട്ടിപ്പോയി..

എൻറെ എല്ലാ കൂട്ടുകാരോടും സ്നേഹം...
---------------------------------------------------------------------------------------------------
14.11.19 ലെ ജയ്ഹിന്ദ് ടിവി ചർച്ചയിൽ പങ്കെടുക്കവേ, ഞാൻ ...സംസാരിച്ചത് ഇങ്ങനൊക്കെയായിരുന്നു..

താല്പര്യമുള്ള കൂട്ടുകാർ കേൾക്കുമല്ലോ..
                                                                   16/11/19
                                                            
---------------------------------------------------------------------------
                                                             

                                        ദേ.. ജയയുടേ പോസ്റ്റ്‌..
                              
14/11/19

Sunday, November 24, 2019

അമ്മച്ചിന്തുകൾ 81

 
എൻറെ മോൾ മിടുക്കി ആയി പഠിച്ചു.. ജോലി നേടി .. അവൾ പല ഭാഷകൾ നൈപുണ്യത്തോടെ കൈകാര്യം ചെയ്യുന്നതും ശാന്തവും വ്യക്തവുമായ നിലപാടുകളിൽ ഉറച്ചു നില്ക്കുന്നതും അമ്മ ഇഷ്ടപ്പെട്ടു. അവളോട് അതീവ വാൽസല്യമായിരുന്നു അമ്മയ്ക്ക്. അവൾ പൊട്ടിച്ചിരിച്ചു കേൾക്കുന്നത് അമ്മയെ ആനന്ദിപ്പിച്ചു. നല്ലൊന്നാന്തരം ഒരു ഇരട്ടക്കട്ടിലും മെത്തയുമൊക്കെ അവൾ വാങ്ങിയിട്ടു അമ്മയ്ക്കായി. ബോധം മറയുന്ന അന്നു വരെ അമ്മ ആ കട്ടിലിൽ തന്നെയാണ് ഉറങ്ങിയിരുന്നത്. ആ കട്ടിലിൽ കിടക്കുന്നതിൽ അമ്മക്ക് വലിയ അഭിമാനമായിരുന്നു.

ഞാൻ എഴുതാൻ തുടങ്ങിയത് അമ്മ സ്വന്തം വിജയമായി മനസ്സിലാക്കിയിരുന്നു. അച്ചടിച്ചു വന്ന എല്ലാ രചനകളും ഒന്നൊഴിയാതെ അമ്മ വായിച്ച് അഭിപ്രായങ്ങൾ രേഖപ്പെടുത്തി. അമ്മീമ്മക്കഥകൾ പ്രകാശനം ചെയ്യപ്പെട്ടപ്പോൾ സാഹിത്യ അക്കാദമിയിൽ വരണമെന്ന് ആരോഗ്യക്കുറവിലും അമ്മ ആശിച്ചിരുന്നു. കുട്ടി എഴുതാനാവുന്നത്രയും കാലം എഴുതണമെന്ന് അമ്മ എന്നോടു പറഞ്ഞിട്ടുണ്ട്. ഞാനെന്ന പ്രതിഭയെ ചുമന്ന അമ്മവയർ ധന്യമെന്ന ഒരു അഭിപ്രായം ഫേസ്ബുക്കിൽ പോസ്റ്റ്‌ ചെയ്യപ്പെട്ടത് കാണിച്ചു കൊടുത്തപ്പോൾ അമ്മ പുഞ്ചിരിയുടെ ഉദയസൂര്യനായി പ്രകാശം പൊഴിച്ചു. ഏറെ മനോഹരമായ ആ മന്ദഹാസം അമ്മ എനിക്കുമാത്രമായി തന്ന പ്രത്യേക സമ്മാനമായിരുന്നു.

നന്നായി വായിച്ചിരുന്ന അമ്മയുടെ രണ്ടു കണ്ണുകളിലും തിമിരം ബാധിച്ചത് പൊടുന്നനെ ആയിരുന്നു. അത് അമ്മയെ വലിയ വിഷമത്തിലാക്കി. റാണി എല്ലാ ചെലവും വഹിച്ച് അമ്മയുടെ ഓപ്പറേഷൻ ഒന്നാന്തരമായി നടത്തിച്ചു. ഞാനും ഭാഗ്യയും ചിംബ്ളുവുമായിരുന്നു ശുശ്രൂഷക്കായി ഒപ്പം നിന്നത്.

അങ്ങനെ വായനയെ അമ്മ സസന്തോഷം തിരിച്ചു പിടിച്ചു.

എൻറെ മോളുടെ വിവാഹം അമ്മ ജീവിതത്തിൽ ഏറ്റവും സന്തോഷിച്ച ഒരവസരമായിരുന്നു. ആർഭാടമൊന്നും കാണിച്ചില്ല ഞങ്ങൾ. ബുക്മാർക്കു പോലെ നീണ്ടതും വീതി കുറഞ്ഞതുമായ ഒരു സാധാരണ ക്ഷണക്കത്തുണ്ടാക്കി. കണ്ണൻറെ ഡിസൈൻ ആയിരുന്നു. എല്ലാ വിവരങ്ങളും രേഖപ്പെടുത്തിയ ആ സ്പെഷ്യൽ ക്ഷണക്കത്ത് അമ്മയ്ക്ക് ഏറെ ഇഷ്ടമായി.

നല്ല പട്ടുസാരി ധരിച്ച് തികഞ്ഞ പ്രൗഡിയോടെ അമ്മ കല്യാണ സ്വീകരണത്തിൽ പങ്കെടുത്തു. എല്ലാവരും തന്നെ അമ്മയോട് സംസാരിച്ചു. ആർക്കും മാറ്റി നിറുത്താൻ പറ്റാത്ത, നിസ്സാരമാക്കാൻ പറ്റാത്ത സാന്നിദ്ധ്യമായിരുന്നു അന്ന് ഞങ്ങളുടെ അമ്മ. റാണിയും കുടുംബവും കല്യാണത്തിന് വന്നില്ല എന്നത് അമ്മയെ സങ്കടപ്പെടുത്തി. എന്നാലും ആ സങ്കടം അമ്മ പുറത്തു കാട്ടിയില്ല. എല്ലാവരോടും ചിരിച്ചു സംസാരിച്ചു.. നന്നായി ആഹാരം കഴിച്ചു.. അമ്മ അങ്ങനെ സന്തോഷം പങ്കു വെച്ചു.

റാണിയുടെ ജീവിതം ആടിയുലഞ്ഞത് ഞങ്ങൾ എല്ലാവരും അറിഞ്ഞുവെങ്കിലും ഒന്നും തന്നെ അമ്മയോട് വെളിപ്പെടുത്തിയിരുന്നില്ല. അമ്മയുടെ അവസാന രണ്ടു വർഷങ്ങളായിരുന്നു ആ കനൽക്കാലം. അമ്മയുടേയും എൻറേയും ഭാഗ്യയുടേയും ജീവിതം ഉദാഹരണങ്ങളായി ചൂണ്ടിക്കാട്ടപ്പെട്ട ഒരവസ്ഥയോടാണ് റാണിയും പൊരുതിയത്. ആരുമില്ലായ്മ തന്നെയായിരുന്നു കാരണം. തികച്ചും ഭയാനകമായ ഒരു പൊരുതലായിരുന്നു അത്. സഹിച്ച ദുരിതങ്ങൾക്കും പണ നഷ്ടത്തിനുമൊന്നും അളവോ കണക്കോ ഇല്ല. പണമെല്ലാം അവളുടെ മാത്രം അധ്വാനവും സമ്പാദ്യവുമായിരുന്നു.

അമ്മയുടെ അവസാനകാലങ്ങളിലെ ആ രണ്ടു വർഷങ്ങളിൽ റാണി കൂടെക്കൂടെ വരുമായിരുന്നു. എപ്പോഴും തനിച്ചാണ് അവൾ വരിക.. ആ വരവും കൂടുതൽ എടുക്കുന്ന അവധികളും അമ്മയെ സംശയത്തിൽ ആഴ്ത്തി. പ്രോജക്ട് ആവശ്യത്തിന് ചെന്നൈ, ബാംഗ്ലൂർ, മാലി ദ്വീപ് ഇവിടെയൊക്കെ വന്നതാണെന്നും അതിനിടയിൽ രണ്ടു നാലു ദിവസം അമ്മയ്ക്കൊപ്പം ചെലവിടാമെന്ന് കരുതിയെന്നും അവൾ പറയും. ഞങ്ങൾ അതു ശരി വെക്കും. പ്രോജക്ടുകൾ സത്യമായിരുന്നു. ഔദ്യോഗിക ആവശ്യമായതുകൊണ്ട് തനിച്ചല്ലേ വരാനാവൂ..

അമ്മയുടെ അടുത്താവുമ്പോൾ
എല്ലാ വിഷമങ്ങള്‍ക്കുള്ളിലും നിന്നുകൊണ്ട് തന്നെ ആരോഗ്യം ക്ഷയിച്ച, വെഞ്ചാമരത്തലയുള്ള, പല്ലുകള്‍ കൊഴിഞ്ഞു തുടങ്ങിയ നടക്കാന്‍ പ്രയാസമുള്ള അമ്മയുടെ ദുര്‍ബല ശരീരം നല്‍കുന്ന ഊര്‍ജ്ജം എത്ര വലുതാണെന്നറിയാൻ ഞങ്ങൾക്കു സാധിച്ചിരുന്നു.

കുട്ടി വിഷമിക്കരുത്... കുട്ടി സങ്കടപ്പെടരുത്.. എല്ലാം ശരിയാവും..

ഇതിലും വലിയ ഉറപ്പ് ... ആര്‍ക്ക് എവിടുന്ന് തരാന്‍ കഴിയും..

അമ്മയുടെയും അമ്മീമ്മയുടെയും മക്കള്‍ക്ക് തളരാന്‍ അവകാശമില്ല... പൊരുതേണ്ട ബാധ്യതയുണ്ട് താനും.

അമ്മയെ ഒളിക്കാൻ കഴിഞ്ഞുവെന്ന് വിശ്വസിച്ചുകൊണ്ട് ഞങ്ങൾ സമരത്തിൽ പങ്കെടുത്തു. എല്ലാ അപമാനവും സങ്കടവും നഷ്ടങ്ങളും സഹിച്ചു.

റാണിയുടെ പൊരുതലിൽ പങ്കെടുത്തപ്പോഴാണ് നമ്മുടെ നിയമങ്ങളും കോടതികളും വക്കീലുമാരും ഒന്നും പഴയതിൽ നിന്നും ലവലേശം പോലും മാറിയിട്ടില്ലെന്ന് ഞങ്ങൾ പിന്നേയും മനസ്സിലാക്കിയത്.

യാതൊരു ജനാധിപത്യ മര്യാദകളും ഇല്ലാത്ത പുരുഷാധിപത്യത്തെ മാത്രം പരിപോഷിപ്പിക്കുന്ന കാപട്യത്തിൻറെ ഫാസിസ്റ്റ് യൂണിറ്റാണ് നിലനില്ക്കുന്ന നമ്മുടെ കുടുംബവ്യവസ്ഥ. ഇന്ത്യയിലെ എല്ലാ കോടതികളും നിയമങ്ങളും പറ്റുന്ന രീതിലൊക്കെ അതിനു ഒത്താശ ചെയ്തു കൊടുക്കും. അതിനെ അതിജീവിക്കുന്നത് മനുഷ്യ സാധ്യമല്ലെന്ന് തോന്നിപ്പോകും എപ്പോഴും...

ആ അതിജീവന പരിശ്രമത്തിനിടയിൽ റാണി അമ്മയെ കാണാൻ വന്ന് തിരിച്ചു പോയ ദിവസം.. ഉച്ചയോടെയാണ്, അമ്മക്ക് സെറിബ്രൽ സ്ട്രോക്ക് വന്നത്. അന്ന് രാവിലെ 'റാണിക്കുട്ടാ, നീയെങ്കേ?'എന്ന് വിളിച്ചു ചോദിച്ചതാണ് അമ്മയുടെ അവസാന ശബ്ദം...

പിന്നെ മരിക്കുവോളം അമ്മ ശബ്ദിച്ചില്ല. മരിക്കുവോളം അമ്മക്ക് ബോധം വന്നതുമില്ല...

Saturday, November 23, 2019

അമ്മച്ചിന്തുകൾ 80അമ്മയെക്കുറിച്ച് ഞങ്ങൾക്ക് ആദരവും സ്നേഹവും ബഹുമാനവും മാത്രമേ ഉള്ളൂവെന്ന് ബോധ്യപ്പെടുത്താൻ കുറച്ചു സമയമേ വേണ്ടി വന്നുള്ളൂ. എനിക്ക് അമ്മയേക്കാൾ പ്രധാനമായി ആരാണുള്ളതമ്മാ എന്ന ഭാഗ്യയുടെ ചോദ്യത്തിനു മുന്നിൽ അമ്മ അത്തരം എല്ലാ സങ്കടവും കുടഞ്ഞു കളഞ്ഞു.

അമ്മയെ ഇനി മേലിൽ ഒട്ടും വിഷമിപ്പിക്കരുതെന്ന തീരുമാനം അങ്ങനെ എല്ലാവരും എടുത്തുവെങ്കിലും ഞങ്ങളുടെ ജീവിതവൈചിത്ര്യങ്ങൾ അതിന് അനുവദിച്ചിട്ടില്ല പലപ്പോഴും. ഞങ്ങളുടെ മുഖത്തിൻറെ നിറം മാറിയാൽ, ചിരിയുടെ തെളിമയിൽ മങ്ങൽ വന്നാൽ, ഒച്ചയിടറിയാൽ എല്ലാം അമ്മ അക്കാലത്ത് കൃത്യമായി അറിയുമായിരുന്നു. അമ്മയുടെ ജാതകവിശ്വാസമനുസരിച്ച് അമ്മ ജീവിച്ചിരിപ്പോളം കാലം ഞങ്ങൾ മക്കൾക്ക് ഒരു തകരാറും വരില്ല... വിഷം കൊടുത്താലും മക്കൾ മരിക്കില്ല. നൂറു കുറി മുറിച്ചാലും മുറി കൂടും..

അമ്മയ്ക്ക് അന്നും സങ്കടം തോന്നും. എല്ലാറ്റിൽ നിന്നും മക്കൾ രക്ഷപ്പെടുമെന്നത് കൊള്ളാമെങ്കിലും വിഷം നല്കാനും മുറിക്കാനും ആളുകൾ കാണുമെന്ന് അമ്മ വേവലാതിപ്പെട്ടിരുന്നു.

അങ്ങനെ കടന്നു പോയ വർഷങ്ങളിൽ ഒരിക്കൽ..

ഞാനറിഞ്ഞതേ ഇല്ല.

അന്ന് അമ്മയുടെ പിറന്നാളാണെന്ന്..

സ്വന്തം ജീവിത പ്രാരാബ്ധങ്ങള്‍ക്കിടയില്‍ ഞങ്ങള്‍ മൂന്നു മക്കളും അത് മറന്നേ പോയി. ചെറിയൊരു സംശയം പോലും തോന്നാത്തവിധത്തില്‍... നവംബര്‍ അവസാനമായെന്നോ ഡിസംബര്‍ തുടക്കമാവുന്നുവെന്നോ ആ സമയത്ത് അമ്മയുടെ പിറന്നാള്‍ വരുമെന്നോ ഒന്നും ഓര്‍മ്മയില്ലാത്ത വിധത്തില്‍...

മറ്റ് ചില ആവശ്യങ്ങളിലും ചുമതലകളിലും പെട്ടു പോയതുകൊണ്ട് , അവ നിവര്‍ത്തിക്കുന്നതിന്‍റെ ഭാഗമായി ഒരു ഇടക്കാല താവളമെന്ന പോലെ തലേന്ന് വൈകീട്ട് ഞാന്‍ അമ്മയുടെ അടുത്തെത്തിയിരുന്നു.

രാവിലെ ഒരു പതിനൊന്നു മണിയോടെ അമ്മയെ എണ്ണ തേപ്പിച്ചു ചൂടുവെള്ളമൊഴിച്ചു കുളിപ്പിച്ചു. കുട്ടി, നഖം വെട്ടിത്തരണമെന്ന് അമ്മ പറഞ്ഞപ്പോഴാണ് ഞാന്‍ അത് ചെയ്തത്.. വെഞ്ചാമരമായി മാറിയ സില്‍ക്കുനൂല്‍ പോലത്തെ തലമുടി ചീകി അലക്കിയ നൈറ്റിയിടുവിച്ച് നെറ്റിയില്‍ ഒരു കറുത്ത പൊട്ടും ചാര്‍ത്തിച്ച് ഉമ്മറത്തെ മുറിയിലിരുത്തി.

ഞാന്‍ കുറെ സംസാരിക്കും… കുറെ കഥ പറയും... കുറെ പാട്ടു പാടും... ഇതൊക്കെ അമ്മയെ കേള്‍പ്പിക്കും... അമ്മയ്ക്കും എന്‍റെ ഈ വേഷംകെട്ടലുകള്‍ ഇഷ്ടമാണ്... റാണിയും ഭാഗ്യയും പൊതുവേ മൌനികളാണ്. അങ്ങനെ ഞാന്‍ കലപിലകൂട്ടുന്നതിനിടയിലാണ്, പൊറാട്ടു കളിക്കുന്നതിനിടയിലാണ് അമ്മ പെട്ടെന്ന് പറഞ്ഞത്...

കുട്ടീ.. ഇന്നെന്‍റെ പിറന്നാളാണെന്ന്...

കലണ്ടറില്‍ നോക്കിയപ്പോള്‍ ശരിയാണ്.. വൃശ്ചികമാസത്തിലെ മൂലം നക്ഷത്രം..

ഒരിക്കലും ആഘോഷിച്ചിട്ടില്ല .. അമ്മയുടെ പിറന്നാള്‍. ഒരു പായസം വെച്ചിട്ടില്ല. ഒരു കേക്ക് മുറിച്ചിട്ടില്ല. ഒരു മെഴുകുതിരി കത്തിച്ചൂതിയിട്ടില്ല..ഒരിക്കലും .. ഒരു കാലത്തും.. ആരും ശ്രദ്ധിക്കാതെ കടന്നു പോവാറുള്ള ഒന്നായിരുന്നു ആ പിറന്നാൾ.

അമ്മീമ്മ ജീവിച്ചിരുന്ന കാലമത്രയും അച്ഛനുൾപ്പടെ എല്ലാവരുടേയും പിറന്നാൾ ദിനങ്ങളിൽ തൃക്കൂര് അമ്പലത്തിൽ ജലധാരയും മാലയും ചെയ്യിച്ചിരുന്നു.

ചുറുചുറുക്കോടെ അതിരാവിലെ ഉണര്‍ന്ന് എല്ലാ വീട്ടുജോലികളും മുഴുമിച്ച് ഏഴരമണിയോടെ ഓഫീസ് ജോലിക്കു പോയിരുന്ന അമ്മ... വീട്ടിലെ പൂന്തോട്ടത്തേയും അടുക്കളത്തോട്ടത്തേയും സ്വന്തം മക്കളെപ്പോലെ പരിപാലിച്ചിരുന്ന അമ്മ....ജ്യോതിഷഗ്രന്ഥങ്ങളും മാസികകളും ശേഖരിച്ചു വായിച്ചിരുന്ന അമ്മ....

ഞാനോ ഭാഗ്യയോ കുളിപ്പിച്ചാല്‍ കുളിക്കുന്നു. വാക്കറില്‍ പിടിച്ച് കുഞ്ഞുങ്ങളെപ്പോലെ പിച്ച വെക്കുന്നു. നന്നെക്കുറച്ച് ആഹാരം കഴിക്കുന്നു.. അമ്മയ്ക്ക് എത്ര ചെറിയ ആവശ്യങ്ങളേയുള്ളൂ....

അന്നും പിറന്നാളെന്നോ അത് ആഘോഷിക്കണമെന്നോ സമ്മാനം വേണമെന്നോ അമ്മ പറഞ്ഞിരുന്നില്ല.. ഇപ്പോഴും അമ്മ അങ്ങനെയൊന്നും പറയുന്നില്ല...

അന്ന് ഞാന്‍ അമ്മയോടൊപ്പം ഉച്ചയൂണു കഴിച്ചു.. മെഴുക്കു പുരട്ടിയും തോരനും ഒരു കൂട്ടാനും... പിന്നെ മോര്...

അമ്മ ഊണു കഴിഞ്ഞു കുറച്ചു നേരം ഉറങ്ങി

വൈകീട്ട് ഭാഗ്യയും ചിംബ്ളുവും വീട്ടിലെത്തുമ്പോഴേക്കും ഞാന്‍ ഒരു പായസമുണ്ടാക്കി.. ഒരു ചെറിയ കേക്കും ഒരു കൂടു മെഴുകുതിരിയും വാങ്ങി .

എന്‍റെ അമ്മയുടെ പിറന്നാളാണ്.. ഞങ്ങള്‍ ഒന്നിച്ച് ... ഞങ്ങള്‍ ഒന്നിച്ച് പായസം കഴിച്ചു. കേക്ക് മുറിച്ചു... മെഴുകുതിരി കത്തിച്ചൂതി..

ഞങ്ങള്‍ അമ്മയും മക്കളും ഒന്നിച്ച്....അങ്ങനെ പിറന്നാൾ ആഘോഷിച്ച ഒരു വർഷം ഉണ്ടായി..

പിന്നെ, എല്ലാ വർഷവും അങ്ങനെയായിരുന്നു. അമ്മ പോകുവോളം.

ഭാഗ്യ തനിച്ചായല്ലോ എന്ന ഖേദമുണ്ടായിരുന്നു അമ്മയ്ക്ക്. ഭാഗ്യയുടെ മകൾ മിടുമിടുക്കിയായി വളരണമെന്ന് അമ്മ കലശലായി ആഗ്രഹിച്ചു. അവളെ പഠിപ്പിച്ചത്രയും അമ്മ ആരേയും പഠിപ്പിച്ചിട്ടില്ല. അവൾക്ക് കഥ പറഞ്ഞുകൊടുത്തത്രയും മറ്റാർക്കും കഥ പറഞ്ഞുകൊടുത്തിട്ടില്ല. അവളോളം അമ്മക്കരികിലിരുന്നവരും വേറെയാരുമില്ല കേട്ടോ.

അമ്മയുടെ ആധികളിൽ അവളുടെ കുഞ്ഞുമുഖം എന്നുമുണ്ടായിരുന്നു. എല്ലാ മാസവും രണ്ടു ദിവസം അച്ഛൻ വീട്ടിൽ പോകുന്ന അവളെ കാത്ത് ഭാഗ്യയെന്ന അമ്മയുടെ മാത്രമല്ല, അമ്മൂമ്മയായ ഞങ്ങളുടെ അമ്മയുടേയും ഓരോ തരിയും ഉണർന്നിരിക്കും. ചിംബ്ളു എത്താൻ വൈകുന്ന ഓരോ നിമിഷവും അമ്മൂമ്മയായ അമ്മയും നീറിപ്പിടഞ്ഞിരുന്നു.

ഇടയ്ക്ക് ഷുഗർ താഴ്ന്നു പോയി അമ്മ മൂന്നാലു തവണ
ബോധരഹിതയായി. ആംബുലൻസ് വിളിച്ച് അമ്മയെ ആശുപത്രിയിൽ എത്തിച്ചിട്ടേ ഭാഗ്യ ഞങ്ങൾക്ക് ഫോൺ ചെയ്യുകയുള്ളൂ. ആദ്യം അമ്മയെ സുരക്ഷിതയാക്കണമെന്ന് അവൾക്കറിയാമായിരുന്നു. എറണാകുളത്തെ ആംബുലൻസ് നമ്പറുകൾ ഭാഗ്യക്ക് മാത്രമല്ല ചിംബ്ളു വിനും അങ്ങനെ മന:പാഠമായി.

എറണാകുളത്ത് ഏകദേശം അഞ്ച് വർഷത്തിൽ രണ്ടു വാടകവീടുകൾ മാറിയശേഷമാണ് വാടക കൊടുക്കേണ്ടാത്ത വീട് അമ്മക്ക് കരഗതമായത്. പൊതുവെ ആൺകുട്ടികൾ ചെയ്യുന്ന കാര്യമാണല്ലോ അമ്മക്ക് പാർക്കാൻ വീടുണ്ടാക്കി നല്കുകയെന്നത്... റാണിയാണ് അതു ചെയ്തത്. ആ വീട്ടിൽ അമ്മ ഒത്തിരി അഭിമാനത്തോടെയും സന്തോഷത്തോടെയും നാലു വർഷം താമസിച്ചു.

ആ നാലു വർഷത്തിൽ രണ്ടു തവണ റാണി കുടുംബസമേതം വന്നു താമസിച്ചതും അമ്മയെ ഒത്തിരി സന്തോഷിപ്പിച്ചു. റാണിയുടെ മകൻറെ ഹിന്ദി ഭാഷണവും ഞാൻ എൻറെ സോഫ്റ്റ് സോഫ്റ്റ് നാനി ( അമ്മൂമ്മ )യ്ക്കൊപ്പം വീട്ടിലിരിക്കാം.. നിങ്ങൾ നാടു കാണാൻ പൊക്കോളൂ എന്ന് അവൻ കൂട്ടിരുന്നതും അമ്മ ഒരിക്കലും മറന്നില്ല. ലാപ്‌ടോപ്പിൽ അവൻ അമ്മയ്ക്ക് സ്റ്റണ്ട് പടം കാണിച്ചു..മരുന്നുകൾ കൃത്യമായി എടുത്തു നല്കി, അമ്മ കൊടുത്ത ആഹാരം സന്തോഷത്തോടെ കഴിച്ചു... ഇതൊന്നും എത്ര പറഞ്ഞിട്ടും അമ്മക്ക് മതിവരുന്നുണ്ടായിരുന്നില്ല.

സ്നേഹം മാത്രമായിരുന്നു അമ്മയുടെ മൂലധനം. ആ അമ്മയെ നിന്ദിച്ചവരെ ഓർക്കുമ്പോൾ സ്നേഹം കൊടുത്താൽ സ്നേഹം കിട്ടുമെന്ന് പറയുന്ന കാപട്യ വചനങ്ങൾക്ക് നേരെ പലപ്പോഴും ചൂലെടുത്തടിക്കാൻ തോന്നീട്ടുണ്ട്.

Tuesday, November 19, 2019

അമ്മച്ചിന്തുകൾ 79
അമ്മയുടെ ബാങ്ക് പാസ്സ് ബുക്കിൽ പണം ഈടാക്കിയതിൻറെ രേഖകൾ അനവധി ഉണ്ടായിരുന്നു. എത്രമാത്രം അമ്മ സാമ്പത്തികമായി ചൂഷണം ചെയ്യപ്പെട്ടു എന്ന് ആ രേഖകൾ ഞങ്ങളെ ബോധ്യമാക്കിത്തന്നു.

എന്നാൽ അമ്മയുടെ മനസ്സിനെ കക്ക പോലെ നീറ്റിയിരുന്നത് ഒറ്റക്കാര്യമായിരുന്നു. അതറിഞ്ഞ ഞങ്ങൾ എന്ന മക്കൾ ആ നിമിഷം തന്നെ എന്നേക്കുമായി മരണപ്പെട്ടു പോയി..

കഴിവുകെട്ട മക്കളെന്ന കുറ്റബോധത്തിൽ നിന്ന് ഞങ്ങൾ ആരും പിന്നീടൊരിക്കലും രക്ഷപ്പെട്ടില്ല.. ഇന്നും രക്ഷപ്പെട്ടിട്ടില്ല. ഞങ്ങളുടെ അമ്മയെ മറക്കാൻ കഴിയാത്തതു കൊണ്ട് ഇനി ഈ ജീവിതത്തിൽ എന്നെങ്കിലും രക്ഷപ്പെടുമെന്നും തോന്നുന്നില്ല.

അച്ഛനെപ്പോലെ അമ്മയും എന്നും കൃത്യമായി ഡയറി എഴുതിയിരുന്നു. സെറിബ്രൽ സ്ട്രോക്ക് വന്ന് പൂർണമായും ബോധശൂന്യയാവുന്നതിനടുപ്പിച്ചുള്ള ദിവസങ്ങളിൽ പോലും അമ്മ ഡയറി എഴുത്ത് മുടക്കിയിട്ടില്ല.

ഞങ്ങളെ ഈ കഴിവുകെട്ട മക്കളെ ജീവിതം മുഴുവൻ ചുട്ടുപൊള്ളിക്കുന്ന വരികൾ അമ്മ ആ ഡയറിയിൽ എഴുതി വെച്ചു..

ഡോക്ടർ അങ്കിളും ആൻറിയും കാര്യങ്ങൾ ബോധ്യപ്പെടുത്തിയപ്പോഴാണ് അമ്മ അറിയാതെ ഞങ്ങൾ ഡയറി പരിശോധിച്ചത്...

മറ്റുള്ളവരുടെ ആൺമക്കൾ ഒരിക്കലും അമ്മയുടെ ആൺമക്കളാവില്ലെന്ന് ...

ആരുമില്ലാത്തവൾ, വിധവ , ആരോഗ്യം കുറഞ്ഞവൾ.. ഇങ്ങനെയുള്ളവർ ജീവിച്ചിട്ട് എന്തിനെന്ന്....

മക്കൾ തെറ്റിദ്ധരിക്കുമോ... വെറുക്കുമോ എന്ന്...

ആരോടു പറയും.. എന്തു പറയും.. എങ്ങനെ പറയുമെന്ന്..

അമ്മയ്ക്ക് പേടിയാണ്..

അമ്മ ഒറ്റയ്ക്ക് കിടക്കില്ല .. ഇനി. അമ്മയ്ക്ക് പേടിയാണ്.

അങ്ങനെ ഒരിക്കൽ അമ്മ ചവിട്ടിയിട്ടുണ്ട്. ചവിട്ടിത്തെറിപ്പിച്ചിട്ടുണ്ട്.

അമ്മയ്ക്ക് ഭ്രാന്ത് ഉണ്ടെന്ന് പറഞ്ഞ ഒരു കാലം ഞങ്ങൾക്ക് ഓർമ്മ വന്നു. അമ്മയുടെ ഭയം ഭ്രാന്താണെന്ന് മെഡിക്കൽ പശ്ചാത്തലമുള്ള സഹോദരങ്ങളെ ഉദ്ധരിച്ച് പറഞ്ഞ ആ ദിവസം ഡയറിയിൽ ചവിട്ടായി തന്നെ അടയാളപ്പെട്ടിരുന്നു.

അമ്മ 'പുലയാടി മോളേ 'എന്ന് വിളിക്കപ്പെട്ട ദിവസവും ചുവന്ന് വീങ്ങി നിന്നിരുന്നു.. അച്ഛൻ പോലും അമ്മയെ അങ്ങനെ വിളിച്ചിട്ടില്ല. പക്ഷേ, അമ്മയെ 'കഴുവേറീടെ മോളെ' എന്ന് വിളിക്കുമായിരുന്നു അച്ഛൻ.

അമ്മ എന്തു കുറ്റമാണ് ചെയ്തിട്ടുള്ളത്?

എന്തിനാണ് അമ്മ വേദനിച്ചിരുന്നതെന്ന് കൃത്യമായി മനസ്സിലായപ്പോൾ കൊലപാതകം വളരെ അഭിലഷണീയമായ ഒരു കാര്യമായി ഞങ്ങൾക്ക് തോന്നി. പക്ഷേ, ധൈര്യം ഉണ്ടായിരുന്നില്ല. അതു നടപ്പിലാക്കാനാവശ്യമായ കഴിവുണ്ടായിരുന്നില്ല ഞങ്ങൾക്ക്.. കുറേ പണം കൊടുത്തു ക്വട്ടേഷൻ ടീമിനെ ഏർപ്പാടാക്കണമെന്ന് ഞങ്ങൾ കൊതിച്ചിട്ടുണ്ട്. അതിനു പണം വേണമല്ലോ. നോട്ടടിക്കാൻ പറ്റുമോ എന്നാലോചിച്ചിട്ടുണ്ട്. കോടിക്കണക്കിന് രൂപയുടെ ലോട്ടറി കിട്ടണമെന്ന് മോഹിച്ചിട്ടുണ്ട്. രാത്രിയും പകലും ഉറക്കമില്ലാതെ ഭക്ഷണം കഴിക്കാതെ വെന്തു നീറിയിട്ടുണ്ട്.

പീഡിതരെയും ചൂഷിതരേയും ഈച്ചയെ പോലേ നിസ്സാരമാക്കി.. പീഡകരെയും ചൂഷകരേയും ഏതെങ്കിലും തരത്തിൽ, വളരെ ചെറുതായി പോലും ന്യായീകരിക്കുന്ന എല്ലാവരും ഞങ്ങളുടെ കണ്ണിൽ മനുഷ്യത്വമില്ലാത്തവരായി അധ:പതിച്ചതങ്ങനെയാണ്. അന്ന് മുതൽ ഞങ്ങളുടെ ജീവിതം വല്ലാതെ മാറി. എല്ലാ വ്യവസ്ഥാപിത സമൂഹ സങ്കല്പങ്ങളേയും ഞങ്ങൾ സംശയിച്ചു. പുതിയ പുതിയ ആളുകൾ ഏതെങ്കിലും പീഡകരെയും ചൂഷകരേയും ന്യായീകരിച്ചു പ്രത്യക്ഷപ്പെടുമ്പോൾ ഞങ്ങൾ അറിഞ്ഞു ഇവരിലും തക്കം കിട്ടിയാൽ പ്രത്യക്ഷപ്പെടുന്ന പീഡകരും ചൂഷകരും ഒളിച്ചിരിപ്പുണ്ടെന്ന്.. അനാഥരെയും പൊതു സമൂഹം വേട്ടയാടുന്നവരേയും ഇവരെല്ലാവരും സാധിക്കുന്ന പോലെയൊക്കെ പീഡിപ്പിച്ചും ചൂഷണം ചെയ്തും രസിക്കുമെന്ന്..

വയ്യാത്ത അമ്മയെ പിരിഞ്ഞു ഭാഗ്യ ഒരു ദിവസം പോലും പിന്നീട് ജീവിച്ചിട്ടില്ല. അവളുടെ ജീവിതത്തിൻറെ കേന്ദ്രബിന്ദുക്കൾ അമ്മയും ചിംബ്ളുവുമായിരുന്നു. അവർ മാത്രമായിരുന്നു. അമ്മയും അങ്ങനെ ആയിരുന്നു.

അമ്മയെ അറിയിക്കാതെയാണ് ഭാഗ്യ കോടതിയിൽ പോയിരുന്നത്. അമ്മ ഒട്ടും വിഷമിക്കരുതെന്നായിരുന്നു അവളുടെ മനസ്സിൽ..

സ്ത്രീ പുരുഷനെതിരേ എന്തു കേസിനു പോയാലും ഒരേ നടപടിക്രമങ്ങളാണ്. പുരുഷനോ അയാളുടെ വീട്ടുകാരോ കോടതി നോട്ടീസ് സ്വീകരിക്കില്ല. കോടതി വർഷങ്ങളെടുത്ത് നോട്ടീസ് പുരുഷന്റെ വീട്ടിൽ പതിക്കും. അപ്പോൾ അവിടെ നിന്ന് ആരേലും വരും.. കോടതിയെ എങ്ങനൊക്കെ പലതരം സൂത്രങ്ങൾ പറഞ്ഞു കളിപ്പിക്കാം എന്ന് മാത്രം നോക്കും.

സ്ത്രീയുടെ പരാതിയിൽ ഒരു മറുപടി പോലും പുരുഷൻറെ ഭാഗത്ത് നിന്നും വരില്ല. പക്ഷേ, കോടതിയിൽ വന്ന് നിന്ന് സ്തീയേയും അവളുടെ വീട്ടുകാരേയും ഉച്ചത്തിൽ ചീത്ത പറയും. സ്ത്രീക്ക് ചാരിത്ര്യമില്ലെന്ന് പ്രഖ്യാപിക്കും. കുഞ്ഞിനെ കാണാതെ, കൊഞ്ചിക്കാതെ, കുളിപ്പിക്കാതെ, മാമു കൊടുക്കാതെ വാല്സല്യവും സങ്കടവും കൊണ്ടു നീറുന്ന പുരുഷൻറെ സങ്കടം പ്രകടിപ്പിച്ചു കാഴ്ചക്കാരുടേയും കേൾവിക്കാരുടേയും കണ്ണു നനയിക്കും..

മറുപടി നല്കാതെ സമയം നീണ്ടു പോയി കേസ് ഏകപക്ഷീയമായി വിധിയായാൽ പിന്നേം കുറേ സമയം കഴിഞ്ഞ് കേസ് കൺഡോൺ ചെയ്തു പ്രലപിക്കും. 'എൻറെ വാദം കോടതി കേട്ടില്ലേ.. സ്ത്രീയുടെ മാത്രം വാദം കേട്ട് കോടതി എന്നെ ചതിച്ചേ.. '

'തനിക്ക് തോന്നുമ്പോൾ അതുവരെ ഫ്രീസറിലിരുന്ന വിധിയെടുത്തോണ്ട് വന്ന് കോടതിയുടെ സമയം കളയുകയാണോ 'എന്ന് കോടതി പുരുഷനോട് ചോദിക്കില്ല. എന്നാൽ സ്ത്രീയോട് അങ്ങനെ ചോദിക്കും.. കേസ് തള്ളും. പിന്നെ സ്ത്രീ ഹൈക്കോടതിയിൽ പോകണം. ഹൈക്കോടതി പറയണം.. സ്ത്രീ നീതിക്കായി നിലവിളിച്ച് ഇങ്ങനെ അലഞ്ഞു നടക്കാൻ കോടതി കാരണമാകരുതെന്ന്.. ഇന്നും ഈ ദിവസവും അങ്ങനെ പറഞ്ഞിട്ടുണ്ട് കേരള ഹൈക്കോടതി...

കുട്ടിയെ എല്ലാ അവകാശവും ഒഴിവാക്കി നല്കിയാൽ ചെലവിന് കൊടുത്തു സംരക്ഷിക്കും. അമ്മക്ക് ചെലവിന് കൊടുക്കുന്ന പ്രശ്നമേയില്ല..

അമ്മ എന്ന സ്ത്രീ കോടതിയെ തൊഴും..തൊണ്ടയിടറിക്കൊണ്ട് അപേക്ഷിക്കും.. 'കാശും സ്വത്തും ചെലവും വേണ്ട.. ഈ കുടുക്ക് ഒന്ന് ഊരിത്തരാമോ' ?

അമ്മയായതുകൊണ്ട് മുഴുവൻ കുടുക്കും കോടതി ഊരിക്കൊടുക്കില്ല. ലേശം ബാക്കി വെക്കും. കുഞ്ഞിനെ എല്ലാ മാസവും ഇത്ര ദിവസം നല്കണമെന്ന് പറയും.. അവധിക്ക് ഇത്ര നാളെന്ന് പറയും.. കേസിനിടയിൽ അമ്മയുടെ വേദനയും പേടിയും ഭയവും ആകുലതയും അറിയുന്ന കോടതി കുഞ്ഞിന്റെ അച്ഛമ്മയും അച്ഛൻ പെങ്ങളുമില്ലാത്തിടത്ത് കുഞ്ഞിനേയും കൊണ്ട് അച്ഛൻ ഒറ്റയ്ക്ക് പാർക്കരുതെന്നും കല്പിക്കും.

പിന്നെ അത്തരമൊരു കാര്യം ആരംഭിക്കുന്നു. കുഞ്ഞിനെ കൊണ്ടു പോകുന്ന ദിവസം വൈകിട്ട് അഞ്ച് മണിക്ക് തുടങ്ങും. എന്നാൽ ഞായറാഴ്ച വൈകിട്ട് അഞ്ചു മണിക്ക് രണ്ടു ദിവസമെന്ന കാലം.. നാല്പത്തെട്ടു മണിക്കൂർ എന്ന കാലം അവസാനിക്കില്ല. അത് പിറ്റേന്ന് പുലർച്ചെ വരേയും നീളാം.. കുട്ടിയുടെ അമ്മ ഒരു ജന്മത്തിൽ പല ജന്മം ജനിച്ച് ഉരുകി ഉരുകി മാസങ്ങളും വർഷങ്ങളും എണ്ണിത്തീർക്കുന്നു.

ഭാഗ്യ എന്ന അമ്മയെ അണച്ചു പിടിക്കാൻ സ്വന്തം അമ്മയല്ലേ ഉള്ളൂ..അമ്മ അതറിഞ്ഞിരുന്നു. എന്നും അണച്ചു പിടിച്ചിരുന്നു. ചിലപ്പോഴൊക്കെ എനിക്കും റാണിക്കും അസൂയ തോന്നുന്ന വിധത്തിൽ... അതുപോലെ പെറ്റമ്മയാണ് എല്ലാറ്റിലും മീതേ എന്ന് ഈ ലോകത്തോടു തെളിയിച്ച മകൾ കൂടിയാണല്ലോ എന്നും ഭാഗ്യ..

എൻറെ അനിയത്തി..

എൻറേയും റാണിയുടേയും അനിയത്തി.

Monday, November 18, 2019

അമ്മച്ചിന്തുകൾ 78

    
ഫോണിലൂടെ വധഭീഷണി ആണ് വന്നത്.. ആദ്യം എനിക്കും എൻറെ മോൾക്കും പിന്നെ ഭാഗ്യക്കും..

പെൺകുഞ്ഞിനെ ഞങ്ങളെപ്പോലെ ചീത്തയാക്കാതെ ഭർതൃഗൃഹത്തിൽ ഏല്പിക്കണമെന്നായിരുന്നു ഭാഗ്യക്ക് കിട്ടിയ ഭീഷണി. കുഞ്ഞിനെ എടുത്തുകൊണ്ട് പോകുമെന്ന അതിന് ആളെ ഏർപ്പാടാക്കിയിട്ടുണ്ടെന്ന ഭീഷണിയും ഒപ്പം വന്നു.

അന്നൊരു ഞായറാഴ്ച..

ആരേയാണ് വിളിക്കേണ്ടത്.. ആരോടാണ് പറയേണ്ടത് എന്നറിയാതെ ഞങ്ങൾ ആദ്യം കുറച്ചു നേരം പരിഭ്രമിച്ചു.

എൻറെ അനിയത്തിയായി പിറന്നതാണ് ഭാഗ്യ കേട്ട അപവാദങ്ങൾക്കെല്ലാം പ്രധാന കാരണം. ആദ്യം ആടിനെ പട്ടിയാക്കുക. പിന്നെ പട്ടിയെ പേപ്പട്ടിയാക്കുക.. അതുകഴിഞ്ഞ് പേപ്പട്ടിയെ തല്ലിക്കൊല്ലുക ... ഇത് രാഷ്ട്രീയത്തിൽ മാത്രമല്ല.. നമ്മുടെ കലഹങ്ങളുള്ള കുടുംബഘടനയിലും ഉൾച്ചേർന്നിട്ടുണ്ട്. ചീത്തപ്പേരും സംശയങ്ങളും ഉണ്ടാക്കിത്തീർക്കുന്നത് അങ്ങനെയാണ്.


ഞാൻ ബാലചന്ദ്രൻ ചുള്ളിക്കാടിന് ഫോൺ ചെയ്തു. ഗുരുവായൂരെന്തോ സമ്മേളനത്തിൽ പങ്കെടുക്കുകയായിരുന്നു ബാലൻ. തീർച്ചയായും വരാമെന്ന് പറഞ്ഞ് ബാലൻ ഫോൺ വെച്ചു.

അച്ഛന്റെ മരണത്തിന് കാരണമേ അല്ലെന്ന് ബാലൻ ഞങ്ങൾ മൂന്നു മക്കളോടും പ്രത്യേകം പ്രത്യേകം വിശദീകരിച്ചിരുന്നു. അതിനുശേഷം ഞങ്ങൾ തമ്മിൽ അങ്ങനെ സംസാരിച്ചിരുന്നതേയില്ല. സാഹചര്യം വന്നില്ല അതിന്. ബാലൻ എഴുതുന്നതൊക്കെ വായിക്കുമായിരുന്നു. ഭാഗ്യയെ അവളുടെ ഓഫീസിൽ വെച്ച് കണ്ടു മുട്ടിയപ്പോൾ 'ങാ, നീ ഭാഗ്യയല്ലേ... ഇവിടെയാണോ ജോലി ' എന്ന് ബാലൻ പരിചയം കാണിച്ചത് ഭാഗ്യ പറഞ്ഞിരുന്നു. അഞ്ചെട്ടു വർഷം മൗനമായിരുന്നിട്ട്, പിന്നേം ഒരാവശ്യവുമായി സംസാരിച്ചു തുടങ്ങിയാലും ഒരു പരിഭവവും വഴക്കും ചോദ്യം ചെയ്യലുമില്ലാതെ സംസാരിക്കുന്നവരാണ്, അപ്പോഴും പറ്റുന്ന സഹായമെല്ലാം ഞങ്ങൾക്ക് ചെയ്തു തരുന്നവരാണ് തന്നിട്ടുള്ളവരാണ് ജയ്ഗോപാലും ബാലനും .

ജയ്ഗോപാലും സാജനും ദേവപ്രിയനും സ്കന്ദനുമെല്ലാം അമ്മയ്ക്ക് ഓർമ്മക്കുറവ് എന്ന പ്രശ്നമറിഞ്ഞ് സങ്കടത്തോടെ കാണാൻ വന്നിരുന്നു. ജയ്ഗോപാലിനോട് ഭാഗ്യയുടെ ജീവിതം പ്രശ്നങ്ങളിലേക്ക് നീങ്ങുന്നുവെന്ന് ഞാൻ സൂചിപ്പിക്കുകയും ചെയ്തിരുന്നു.

അന്ന് ബാലൻ വന്നു. കുറച്ചു വർഷങ്ങൾക്ക് മുമ്പേ ജോസഫിൻറെ മാത്രം സുഹൃത്തായി വന്ന ബാലൻ.. അതേ വരാന്തയിൽ...അതേ കസേരയിൽ..അവിടിരുന്ന് ബാലൻ ഭാഗ്യയെ കേട്ടു.. അവൾ ഇടക്ക് ഏങ്ങലടിച്ചു കരഞ്ഞു.. പിന്നെ മൗനിയായി.. പിന്നേയും എന്തൊക്കേയോ എണ്ണിപ്പെറുക്കി.

ബാലൻ ചായ കുടിച്ചു. അമ്മയോട് ധൈര്യമായിരിക്കാൻ പറഞ്ഞു. അമ്മ ഒന്നും മിണ്ടിയില്ല. ബാലനെ സൂക്ഷിച്ചു നോക്കുക മാത്രം ചെയ്തു.

ആഴ്ചയിൽ ഒന്നു രണ്ടു കോഴിമുട്ടയും എന്നും കഞ്ഞിയും പയറും തക്കാളിയും കഴിക്കാൻ പറ്റുമെങ്കിൽ മനുഷ്യന് ആരോഗ്യക്കുറവില്ലാതെ ജീവിച്ചു പോകാമെന്നും അതിനായി ഭാഗ്യ ആരുടെ മുന്നിലും തല കുനിക്കരുതെന്നും ബാലൻ പറഞ്ഞു. സാംസ്കാരികമായും ബൗദ്ധികമായും അധ:പതിച്ചവർക്കൊപ്പം ജീവിക്കുന്നത് അവസാനമില്ലാത്ത ദുരിതമാണെന്നും ബാലൻ പറയാതിരുന്നില്ല. 'നീ വിഷമിക്കരുത്. ഗുരുസ്വാമി ആയ നിൻറെ ചേച്ചിയുണ്ടല്ലോ ഒപ്പം. ധൈര്യമായി ഈ ജീവിതത്തിൽ നിന്ന് പുറത്ത് കടക്ക് ' എന്ന് ബക്കറ്റുകണക്കിന് ധൈര്യം കോരിയൊഴിച്ചിട്ടാണ് ബാലൻ മടങ്ങിയത്.

ഭാഗ്യ കുറെയേറെ സമാധാനവും ആത്മവിശ്വാസവും നേടുന്നതു വരെ ബാലൻ മിക്കവാറും എന്നുമെന്ന പോലെ അവളോട് ഫോണിൽ സംസാരിച്ചിരുന്നു. അവൾ മിടുക്കിയാകും വരെ ബാലൻ അതു തുടരുകയും ചെയ്തു.

അങ്ങനെയാണ് ദത്തു മാഷിന്റെയും ബാലൻറേയും പരിപൂർണ പിന്തുണയുമായി ഭാഗ്യ ഒരു ഉറച്ച തീരുമാനത്തിലേക്ക് നടന്നത്... നിയമസഹായം തേടിയത്...

കണ്ണൻറെ വീട്ടിൽ കണ്ണനും അനിയനും ഭാര്യയുമൊഴിച്ച് എല്ലാവരും ഭാഗ്യയുടെ ഈ ജീവിതസമരത്തിന് എതിരായി രുന്നു. അവർക്ക് ഇത് മനസ്സിലായില്ല. ഭാഗ്യ എൻറെ വഴി പിന്തുടരുക യാണെന്നും കണ്ണന് മറ്റൊരു പെൺകുഞ്ഞിൻറെ ഭാരം കൂടി ചുമക്കേണ്ടി വരുമെന്നും അവരെല്ലാവരും ഭയന്നു. അച്ഛനും അമ്മയും എന്നെ ഒത്തിരി വഴക്കു പറഞ്ഞിട്ടുമുണ്ട്. ഭാഗ്യ യുടെ വീട്ടുകാരൻ അവരുടെ ദൃഷ്ടിയിൽ ഒരു പാവവും നന്മനിറഞ്ഞവനുമാരുന്നു.

അമ്മയുടെ അസുഖത്തെ വല്ലാതെ ഭയന്നിരുന്നതുകൊണ്ട് ഭാഗ്യ അധികം വൈകാതെ എറണാകുളത്തേക്ക് ജീവിതം പറിച്ചു നട്ടു. അമ്മക്ക് ഒരാവശ്യം വന്നാൽ ഓടിയെത്താനാവണം എന്നതായിരുന്നു ആ പറിച്ചു നടലിൻറെ ഏക ഉദ്ദേശം.

ഇതുവരെയുള്ള
ജീവിതത്തില്‍ ഒത്തിരി കഷ്ടപ്പെട്ടിട്ടുള്ള അമ്മ ഇനി വേദനിക്കരുതെന്ന് ഞങ്ങളും കരുതീരുന്നു. അമ്മയുടെ
സോഡിയം ലെവലിലെ വ്യത്യാസമാണെന്ന് ..
രക്തസമ്മര്‍ദ്ദം കൂടുമ്പോള്‍ ചിലപ്പോള്‍ ഇങ്ങനെ ഉണ്ടാകാമെന്ന്..
വാര്‍ദ്ധക്യ സഹജമായ വിഷാദം പിടിപെട്ടതാണെന്ന്..
മരണഭയമാണെന്ന്...
ഡോക്ടര്‍മാര്‍ ഓർമ്മക്കുറവ് എന്ന രോഗത്തെ പറ്റി ഇങ്ങനെ എന്തൊക്കെയോ ഓരോ കൂടിക്കാഴ്ച യിലും പറഞ്ഞു തന്നു. ഞങ്ങള്‍ പകുതി വിശ്വസിച്ചു.. ബാക്കി വിശ്വസിക്കാന്‍ ഞങ്ങള്‍ക്ക് ഒരിക്കലും കഴിഞ്ഞില്ല. അമ്മീമ്മയുടേതല്ലാതെ മറ്റാരുടേയും പിന്തുണ അമ്മയ്ക്കുണ്ടായിട്ടില്ല. ചില ചില്ലറ ഘട്ടങ്ങള്‍ ഒഴിച്ചാല്‍.. എന്നും വിമര്‍ശനങ്ങളും കുറ്റപ്പെടുത്തലുകളും പരിഹാസവും നിന്ദയും അടിയും തൊഴിയും മാത്രമായിരുന്നു അമ്മയുടെ അവാര്‍ഡുകള്‍. അപ്പോഴെല്ലാം ധൈര്യമായി പിടിച്ചു നിന്ന അമ്മയ്ക്ക് ഏതു ഓർമ്മക്കുറവു രോഗത്തിൻറെ ഭാഗമായാലും വിഷാദമെന്ന രോഗമുണ്ടാവുമെന്ന് ഞങ്ങള്‍ക്ക് വിശ്വാസം വന്നില്ല.
എങ്കിലും അമ്മ ഒരു കിളിക്കുഞ്ഞിനെപ്പോലെ ചകിതയായിരുന്നുവെന്നതൊരു വാസ്തവം തന്നെയാണ്.

അമ്മയുടെ തല സ്കാന്‍ ചെയ്യണമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞപ്പോള്‍ ഞങ്ങള്‍ മൂന്നു മക്കളും ഞടുങ്ങി. വലിയ കുഴപ്പങ്ങള്‍ ഉണ്ടാക്കുന്ന മഹാരോഗങ്ങളുടെ പേരുകള്‍ ഞങ്ങളുടെ ബോധമണ്ഡലത്തെ കാര്‍ന്നു തിന്നു.
സ്കാന്‍ റിപ്പോര്‍ട്ടില്‍ ഒന്നും തെളിഞ്ഞില്ല. കോശങ്ങളുടെ വാര്‍ദ്ധക്യസഹജമായ ശോഷണമല്ലാതെ..

പക്ഷെ, പഠിപ്പും വിവരവുമുള്ള പുതിയ തലമുറക്കാരായ ആ ഡോക്ടര്‍മാര്‍ ഒന്നടങ്കം ഉറപ്പിച്ചുപറഞ്ഞു.
അമ്മയ്ക്ക് ഡിമെന്‍ഷ്യ തന്നെ ആണെന്ന്.. ഓര്‍മ്മയുടെ പിടി വിട്ടു പോകുന്ന നൂലുവള്ളികളെ തെരഞ്ഞാണ് അമ്മ പരിഭ്രമത്തോടെ അലയുന്നതെന്ന്.. അതാണ് ഞാനീ ഭൂമിയില്‍ ഇല്ലല്ലോ എന്ന മാറ്റം അമ്മയ്ക്കുണ്ടാവുന്നതെന്ന്...

അമ്മയുടെ പക്കല്‍ പണം കൊടുക്കരുത്.

അമ്മയെ തനിച്ചാക്കരുത്...

അമ്മയോട് ദേഷ്യപ്പെടരുത്...

അമ്മ കുഞ്ഞാവുകയാണ്.. നിങ്ങള്‍ അമ്മമാരായല്ലോ. അതുകൊണ്ട് മക്കളെ നോക്കുന്നതു പോലെ അമ്മയെ നോക്കണം.

ഇനി പുതിയ കാര്യങ്ങളൊന്നും അമ്മ പഠിയ്ക്കില്ല.

പരിചയമായിരുന്നതൊക്കെ മറന്നു പോകും.

കഴിച്ചത് മറക്കും... ഭക്ഷണം തന്നില്ലെന്ന് പറയും...

അറിയാതെ മൂത്രമൊഴിക്കുകയും അപ്പിയിടുകയും ചെയ്യും. നിങ്ങളെ തിരിച്ചറിയാതാവും..... അങ്ങനെ പതിയെപ്പതിയെ അമ്മ ..

ഉമിനീര്‍ വറ്റിപ്പോയ ഞങ്ങള്‍ക്ക് പിന്നെ ശബ്ദിക്കാന്‍ കഴിഞ്ഞില്ല.

ഡോക്ടര്‍മാര്‍ ചികില്‍സ ആരംഭിച്ചിരുന്നു .ഡിമെന്‍ഷ്യ വ്യാപിക്കുന്നത് മെല്ലെയാക്കുന്ന മരുന്നുകള്‍ അമ്മ കഴിക്കാന്‍ തുടങ്ങി.
അമ്മയില്‍ ഒരു തരം വിറയലും ഊതിവീർക്കലും പ്രത്യക്ഷപ്പെട്ടതൊഴികേ വേറെ മാറ്റമൊന്നും വന്നില്ല. അമ്മ എപ്പോഴും ചിന്താകുലയായിരുന്നു.

ഇതെല്ലാം മനസ്സിലാക്കീട്ടാണ് ഭാഗ്യ വീടു മാറിയത്.. ജോലിയിടത്തു നിന്ന് അരമണിക്കൂറില്‍ അമ്മയ്ക്കരികേ എത്താവുന്ന സ്ഥലത്തായി അവളുടെ താമസം. മകളെ സ്ക്കൂള്‍ മാറ്റിച്ചേര്‍ത്തു. നേരത്തേ വീട്ടില്‍ സഹായത്തിനു നിന്നിരുന്ന അമ്മൂമ്മ പുതിയ വീട്ടിലും വന്നു താമസിക്കാമെന്ന് സമ്മതിച്ചു. അങ്ങനെ അയ്യന്തോളിലെ സ്വന്തം വീട് വിട്ട് എറണാകുളം ജില്ലയില്‍, ചെറിയൊരു വാടക വീട്ടില്‍ അമ്മ താമസം തുടങ്ങി.

അമ്മയുടെ ചികില്‍സ തുടരാന്‍ എല്ലായ്പോഴും കിലോമീറ്ററുകളോളം യാത്ര ചെയ്യുന്നതിന്‍റെ ബുദ്ധിമുട്ട് ഓര്‍ത്ത് പുതിയൊരു ഡോക്ടറെ അന്വേഷിക്കുമ്പോഴാണ് വാടക വീടിന്‍റെ അടുത്തു തന്നെ അച്ഛന്‍റെ സുഹൃത്തായ ഞങ്ങള്‍ ചെറുപ്പത്തിലേ അങ്കിള്‍ എന്ന് വിളിച്ചു ശീലിച്ച ഡോക്ടറുണ്ടെന്ന് അറിഞ്ഞത്.

ഭാഗ്യ അവിടെ ചെന്ന് നെഞ്ചു പൊട്ടിക്കരഞ്ഞു. അവര്‍ അങ്കിളും ആന്‍റിയും രണ്ട് പേരും ഡോക്ടര്‍മാരായിരുന്നു. അമ്മ ഭാഗ്യയെ പ്രസവിച്ച ദിവസം, ഒത്തിരി വര്‍ഷങ്ങള്‍ക്കു മുന്‍പുള്ള ഏപ്രില്‍ മാസത്തിലെ ആ ദിവസം അവരിരുവരും അമ്മയേയും കുഞ്ഞിനേയും കാണാന്‍ വന്നിരുന്നു. ജോണ്‍സണ്‍സ് ബേബി സോപ്പും കുഞ്ഞുടുപ്പും പൌഡറുമായി..
ആ ഭാഗ്യ ജീവിതത്തിന്‍റെ ചാട്ടവാറേറ്റ്, നിസ്സഹായയായി മുന്നില്‍ വന്നു നിന്ന് കരയുന്നതു കണ്ടപ്പോള്‍ അവരുടെ കണ്ണുകളും നിറഞ്ഞു. അവളുടെ വാക്കുകള്‍ കേട്ട് അവരും ദു:ഖിച്ചു.
ഡിമെന്‍ഷ്യയോ അൾസ്ഹൈമേഴ്സോ ബാധിച്ച അമ്മ അവര്‍ക്കും ഒരു വലിയ സങ്കടമായി..

അപ്പോഴാണ് ഭാഗ്യയെ അമ്മ ഫോണില്‍ വിളിച്ചത്. ‘സമയം സന്ധ്യയാവുന്നു , കുട്ടി എന്താ വരാത്തത്? കുട്ടി എവിടെപ്പോയി?’

അങ്കിളിലെ പരിചയ സമ്പന്നനായ ഡോക്ടര്‍ ഉണര്‍ന്നു.

പിന്നെ ചോദ്യങ്ങളായി..

'അമ്മ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുമോ?'

'ഉവ്വ്.'

'നമ്പറുകള്‍ സ്വയം ഡയല്‍ ചെയ്യുമോ?'

'ഉവ്വ്.'

'തെറ്റാതെ.. '

'അതെ... തെറ്റാതെ.'

'ഇത് നിന്‍റെ പുതിയ നമ്പറോ അതോ പഴയ നമ്പറോ'

'പുതിയ നമ്പര്‍ ... എടുത്തിട്ട് രണ്ടാഴ്ചയായതേയുള്ളൂ. അമ്മയ്ക്കീ നമ്പര്‍ കാണാപ്പാഠമാണ്. '

'അമ്മയ്ക്ക് എന്തൊക്കെ മരുന്നുകളാണ് കൊടുക്കുന്നത്. '

ഭാഗ്യ എല്ലാ മരുന്നുകളുടേയും പേര് ഒന്നൊഴിയാതെ ഉരുവിട്ടു.

അങ്കിള്‍ കല്‍പിച്ചു.

'നീ വീട്ടില്‍ ചെന്ന് ആ മരുന്നെല്ലാം എടുത്ത് കളയണം. ഷുഗറിന്‍റെയും പ്രഷറിന്‍റെയും മരുന്ന് മാത്രം കൊടുത്താല്‍ മതി. ഇത്രമാത്രം മരുന്നുകള്‍ കഴിച്ച് അവര്‍ ജീവിച്ചിരിയ്ക്കേണ്ട യാതൊരു കാര്യവുമില്ല. പിന്നെ നിന്‍റെ അമ്മയ്ക്ക് ഡിമെന്‍ഷ്യ ഇല്ല. അൽസ്ഹൈമേഴ്സ് ഇല്ല. ഉണ്ടെങ്കില്‍ അവര്‍ ഇത്ര കൃത്യമായി നിന്നെ അന്വേഷിക്കുമായിരുന്നില്ല. പുതിയ മൊബൈല്‍ നമ്പര്‍ പഠിയ്ക്കുമായിരുന്നില്ല. അമ്മയുടെ ദേഹം വിറയലും ഊതി വീർക്കലും എല്ലാം ഡിമെന്‍ഷ്യയ്ക്ക് കഴിയ്ക്കുന്ന ഗുളികയുടെ സൈഡ് ഇഫക്ടാണ്. അത് ഉടനടി നിറുത്തണം.'

ഭാഗ്യ കരയാന്‍ മറന്നു നിന്നു.

അങ്കിള്‍ സമാധാനിപ്പിച്ചുകൊണ്ട് ഇത്രയും കൂടി പറഞ്ഞു.

'അമ്മയുടെ ഭയത്തിനു വേറെ എന്തെങ്കിലും കാരണമുണ്ടാവും. നമുക്കന്വേഷിക്കാം. നീ സമാധാനിക്ക്.. അമ്മയെ കൂട്ടിക്കൊണ്ടു വരൂ. ഞങ്ങള്‍ പഴയ കൂട്ടുകാരല്ലേ... അമ്മ പറയും. എല്ലാം പറയും.'

ഭേദപ്പെട്ട മാര്‍ക്കും വേണ്ടത്ര പണവുമുണ്ടെങ്കില്‍ വൈദ്യവും ശസ്ത്രക്രിയയും ചികില്‍സയും എല്ലാവര്‍ക്കും പഠിയ്ക്കാം.. എന്നാല്‍ ഒരു ധന്വന്തരിയാവാന്‍ പരീക്ഷ പാസ്സായതുകൊണ്ടോ സ്കാന്‍ ചെയ്യാന്‍ എഴുതിക്കൊടുത്തതുകൊണ്ടോ ഇംഗ്ലീഷില്‍ ഇടമുറിയാതെ സംസാരിച്ചതുകൊണ്ടോ ഒന്നും സാധിക്കുകയില്ലെന്ന് ഞങ്ങള്‍ക്ക് ആ നിമിഷം വീണ്ടും വീണ്ടും ബോധ്യമാവുകയായിരുന്നു .

അമ്മ അങ്കിളിനേയും ആൻറിയേയും കണ്ടു... സംസാരിച്ചു... പിന്നേയും കണ്ടു... പിന്നേയും കണ്ടു.. സംസാരിച്ചു.. പിന്നേയും സംസാരിച്ചു..

അമ്മ ഒന്നും മറന്നിരുന്നില്ല. ആ മനസ്സില്‍ ഒതുക്കിവെച്ച സങ്കടങ്ങളും അപമാനവും ഭയവും വേദനയുമുള്‍പ്പടെ ഒന്നും മറന്നിരുന്നില്ല.

അമ്മയ്ക്ക് ഡിമെന്‍ഷ്യ ഉണ്ടായിരുന്നില്ല
അൽസ്ഹൈമേഴ്സ് ഉണ്ടായിരുന്നില്ല. അമ്മയുടെ രോഗം ഓർമ്മകൾ ആയിരുന്നു. വ്യക്തമായ ഓർമ്മകൾ.. അതൊരിക്കലും ഓർമ്മക്കുറവുകളായിരുന്നില്ല....

Sunday, November 17, 2019

അമ്മച്ചിന്തുകൾ 77


17/11/19
അമ്മയുടെ പെരുമാറ്റം തീർത്തും അസ്വാഭാവികമായിരുന്നു. ഭയം.. അനിയന്ത്രിതമായ ഭയം.. അങ്ങനെ ഭയപ്പെടാൻ കാരണമെന്തെന്ന് എനിക്ക് തീരേ മനസ്സിലായില്ല. അമ്മക്ക് പേടിയില്ലാത്ത ഒരു കാര്യവുമില്ല. ടി.വി, ഫോൺ, അച്ഛന്റെ മാരുതി കാർ എല്ലാറ്റിനേയും അമ്മക്ക് പേടിയാണ്. ഒറ്റക്കിരിക്കില്ല, ഒറ്റക്ക് കിടക്കില്ല. ആരേ കണ്ടാലും ഭയപ്പെടും. ഏതു നേരവും പറയും. 'കുട്ടി പോവല്ലേ.. കുട്ടി എങ്ങോട്ടും പോവല്ലേ..'


ഭാഗ്യ ഓഫീസിൽ നിന്ന് വരാൻ അഞ്ചു മിനിറ്റ് വൈകിയാൽ പേടി.. അവൾ മരിക്കും, അല്ലെങ്കിൽ മരിച്ചു കഴിഞ്ഞു എന്നതായിരുന്നു അക്കാലത്ത് അമ്മയുടെ ഏറ്റവും വലിയ ആധി. 'ഭാഗ്യയുടെ കുഞ്ഞ്.. ആ കുഞ്ഞ് 'എന്ന് അമ്മ ഏതു നിമിഷവും വിറളി പൂണ്ടു.


എത്ര പേടിയാവുന്നുവെന്ന് സ്വയം ആവലാതിപ്പെട്ടുവെന്നാലും സ്ക്കൂൾ വിട്ടു വരുന്ന കുഞ്ഞിന് അമ്മ ഭക്ഷണം കൊടുക്കും. ഹോംവർക്ക് ചെയ്യിക്കും. കുളിക്കുന്നതും തോർത്തുന്നതും നോക്കിയിരിക്കും. ചിലപ്പോൾ തോർത്തിക്കൊടുക്കും. എന്നും വൈകീട്ട് റവ ലഡ്ഡുവോ മാലഡ്ഡുവോ കേസരിയോ തേങ്ങാബർഫിയോ പോലെയുള്ള ചെറുമധുരപലഹാരങ്ങൾ ഉണ്ടാക്കിക്കൊടുക്കും.


ഭാഗ്യ ഒരു നിശ്ശബ്ദ ജീവിയായി മാറിയിരുന്നു. ഡയററിംഗ് ചെയ്യുന്ന സിനിമാതാരത്തെപ്പോലെ പതിനെട്ടു കിലോ തൂക്കം കുറഞ്ഞ ഭാഗ്യയെ കണ്ട് ഞാൻ നെഞ്ചുരുകിപ്പൊള്ളി. കരച്ചിൽ മാത്രമാണ് അന്നൊക്കെ അവൾക്കറിയുമായിരുന്ന ഏക ഭാഷ.


ഞാൻ ദത്ത് മാഷിന്റെ അടുത്തേക്ക് ഓടിച്ചെന്നു. മാഷെ കെട്ടിപ്പിടിച്ച് ഏങ്ങലടിച്ചു കരഞ്ഞു. ആരോടാണ് ഞാനൊരു സഹായം ചോദിക്കുക? ആരെയാണ് ആശ്രയിക്കുക? പരിഹാരമില്ലാത്ത പ്രശ്നമൊന്നുമില്ലെന്ന് എന്നത്തേയും പോലെ മാഷ് എന്നെ അന്നും സമാധാനിപ്പിക്കാൻ ശ്രമിച്ചു. ഡോക്ടറെ കാണിക്കണം അമ്മയെ എന്ന് നിർദ്ദേശിച്ചു.


അമ്മയെ പിന്നേയും ഡോക്ടറെ കാണിച്ചതാണ് അബദ്ധമായത്. കുറേ പരീക്ഷണനിരീക്ഷണങ്ങൾക്ക് ശേഷം ഭിഷഗ്വരന്മാർ വിധിച്ചു. അമ്മയ്ക്ക് ഓർമ്മകൾ മായുന്ന രോഗമാണ്. അമ്മയുടെ ഭയം ആ രോഗത്തിൻറെ ഓർമ്മക്കുറവിൻറെ ലക്ഷണമാണ്.


ഞങ്ങൾ പൊട്ടിക്കരഞ്ഞു പോയി. സഹിക്കാൻ കഴിയാത്ത സങ്കടമായിരുന്നു അത്. പാർക്കിൻസൺസ്, ഡിമെൻഷ്യ, അൽസ്ഹൈമേഴ്സ് എന്നൊക്കെ വായിച്ചു വായിച്ചു ഞങ്ങൾക്ക് ഭ്രാന്തു പിടിച്ചു. അമ്മക്ക് മുമ്പേ ഞങ്ങൾ കിടപ്പിലാകുമെന്ന് അന്ന് തോന്നീട്ടുണ്ട്. ഞങ്ങൾ മൂന്നു മക്കളും കണ്ണനും തമ്മിൽത്തമ്മിൽ എന്നും ഫോൺ ചെയ്തു ചെയ്തു കുറെ പണം അങ്ങനെയും കളഞ്ഞു. യാതൊരു സമാധാനവും ഉണ്ടായിരുന്നില്ല. എന്നിട്ട് പരസ്പരം ഉഗ്രമായി വഴക്കിട്ടു. അനിയത്തിമാർ ചിലപ്പോൾ ദയാരഹിതരായി കുറ്റപ്പെടുത്തി.. 'നീയാണ് നീ മാത്രമാണ് ഞങ്ങളുടെ എല്ലാ ദുരിതത്തിനും കാരണം.. എന്നിട്ട് നീയിപ്പോൾ സുഖമായി ജീവിക്കുന്നു. ബാക്കി ഈ വീട്ടിലെ സകലരും നരകിക്കുന്നു. ' നിൻറെ വീട്ടിലെ ഈ പഴി വരുന്ന പ്രശ്നങ്ങൾ ഒരു കാലത്തും അവസാനിക്കുകയില്ലേ' എന്ന് കണ്ണൻ എന്നോടു കയർത്തു. എങ്കിലും ദില്ലിയിൽ നിന്നും കേരളത്തിലേക്ക് സ്ഥലംമാറ്റത്തിന് ശ്രമിക്കാൻ തുടങ്ങി.


ഒരിക്കലും ഫോൺ ചെയ്തിട്ടില്ലാത്ത കുറേ ബന്ധുക്കൾ ഫോൺ ചെയ്തു തുടങ്ങി. ചിലരൊക്കെ കാണാൻ വന്നു. അമ്മയുടെ ബുദ്ധി മന്ദിച്ച് , അമ്മക്ക് ചിന്നൻ അല്ലെങ്കിൽ പെയ തുടങ്ങിയത് കാണാൻ.. അതിനെപ്പറ്റി കേട്ട് ഗൂഢമായി ആഹ്ളാദിക്കാൻ... അച്ഛനെ ദ്രോഹിച്ചതിനു കിട്ടിയ ശിക്ഷയാണെന്ന് വ്യാഖ്യാനിച്ചു മനസ്സിലാക്കിത്തരാൻ...


അമ്മക്ക് ഓർമ്മക്കുറവ് എന്ന രോഗമേയില്ലെന്ന് ഉറപ്പുണ്ടായിരുന്നത് ചിംബ്ളു എന്ന ഭാഗ്യയുടെ കുഞ്ഞിന് മാത്രമായിരുന്നു. 'അമ്മക്ക് മനസ്സിന് വിഷമമാണ് ' എന്നായിരുന്നു അവളുടെ വിശദീകരണം...


ഞങ്ങൾ കുട്ടികളല്ലല്ലോ. മുതിർന്നവരല്ലേ.. വിദ്യാഭ്യാസ

മുള്ളവരല്ലേ.. വിവരമുള്ളവരല്ലേ... അതുകൊണ്ട് കുഞ്ഞു ചിംബ്ളുവിനെ ഞങ്ങൾ ഒട്ടും കാര്യമായി എടുത്തില്ല.


കുറ്റബോധം കൊണ്ട് ഞങ്ങൾ നുറുങ്ങി.

അമ്മയുടെ ആഗ്രഹങ്ങൾ സാധിപ്പിക്കാത്ത ചീത്ത മക്കളായല്ലോ എന്ന് എല്ലാവരും വേദനിച്ചു തകർന്നു. ഓർമ്മകൾ പോയ അമ്മ കുട്ടിയാരാന്ന് ചോദിക്കുമോന്ന് പേടിച്ച് എന്നും രാവിലെകളിലേക്ക് ഞങ്ങൾ ഉണർന്നെണീറ്റു. ഇന്ന് ഓർമ്മ കുറഞ്ഞിട്ടില്ലല്ലോ എന്ന് പരസ്പരം സമാധാനിപ്പിച്ചു. നല്ല കാപ്പി ഇട്ടല്ലോ, നല്ല പോലെ എണ്ണ തേച്ച് കുളിച്ചല്ലോ എന്ന് മാറിനിന്നു അമ്മയെ വീക്ഷിച്ചു.


എങ്ങനെ ആ ദിനങ്ങൾ കടന്നുപോന്നു എന്നറിയില്ല. ഇതെഴുതുമ്പോഴും ആ ദിവസങ്ങളുടെ ഭാരമുണ്ട് മനസ്സിൽ..


എൻറെ സാന്നിധ്യം ആ വീട്ടിൽ പാടില്ലെന്ന് പറയാൻ ആളുണ്ടായി. ഭാഗ്യ എൻറെ സഹവാസത്തിൽ എന്നെപ്പോലെ ആകുമെന്നും ആ ആൾ പറഞ്ഞു തുടങ്ങി.


അമ്മയുടെ ഓർമ്മക്കുറവിനെ ഏതു നിമിഷവും കയറി വരാവുന്ന ചെകുത്താനായി ഭീതിപ്പെട്ടു കഴിയുമ്പോഴാണ് അടുത്ത വിഷപ്പാമ്പ് ഫണമുയർത്തി ഉഗ്രമായി ചീറിയത്.


ഭാഗ്യ സഹിച്ചതിന് അളവോ കണക്കോ ഇല്ല. ജോസഫ് വഴി വെട്ടിയിരുന്നല്ലോ. എല്ലാവർക്കും എല്ലാ പുരുഷന്മാർക്കും ആ വഴി നടക്കാൻ അറിയുമായിരുന്നു. ഭാഗ്യയെ എൻറെ ജീവിതം ചൂണ്ടിക്കാട്ടിയാണ്, എന്നെപ്പോലെ ആകരുതെന്ന് പറഞ്ഞാണ് അപമാനിച്ചത്. എൻറെ ജീവിതം അനിയത്തിമാർക്ക് എന്നും അപമാനവും തീരാത്ത വേദനയുമാക്കി മാറ്റാൻ എല്ലാവരും ശരിക്കും പ്രയത്നിച്ചിരുന്നു. അനിയത്തിമാർ എന്നോടു സംസാരിക്കരുതെന്നും എന്നെപ്പോലെ ചീത്തയാകരുതെന്നും എപ്പോഴും ഉപദേശിക്കപ്പെട്ടു.


ചിംബ്ളുവിൻറെ കുഞ്ഞുപ്രായത്തിൽ തന്നെ എന്നെപ്പറ്റിയുള്ള കഥകൾ അവളുടെ ചെവിയിൽ എത്തുമെന്നറിഞ്ഞ ദിവസം ഞാൻ കുഞ്ഞിനോട് എല്ലാം തുറന്നു പറഞ്ഞു. അയ്യന്തോളിൽ കളക്ടറുടെ വീടിനു പുറകിൽ ഒരു മാന്തോപ്പുണ്ട്. ഇന്ന് അവിടെ മരങ്ങളുടെ എണ്ണം ഗണ്യമായി കുറഞ്ഞു. അവിടെ ഇരുന്നാണ് ഞാൻ അവളോട് സംസാരിച്ചത്. അന്ന് അവൾക്ക് ആറു വയസ്സായിരുന്നു പ്രായം. ഞങ്ങളുടെ അഗാധമായ സൗഹൃദത്തിന്റെ ആദ്യനാമ്പ് വിരിഞ്ഞതന്നാണ്....


എല്ലാം പറയാൻ കഴിയില്ലല്ലോ.. പറ്റാവുന്നതൊക്കെ അറിയിച്ചു. കണ്ണനല്ല എൻറെ മോളുടെ അച്ഛൻ എന്നും അത് മഹാനായ ജോസഫാണെന്നും ഞങ്ങൾ ക്രിസ്ത്യാനികളാണെന്നും മറ്റും പറഞ്ഞാണല്ലോ എല്ലാവരും കഥ ആരംഭിക്കുന്നത്. ചിംബ്ളുവിനും എൻറെ മോളുടെ ഗതി വരുമെന്ന മുന്നറിയിപ്പു നല്കുന്നതങ്ങനെയാണല്ലോ..


എന്നെ അടിക്കുന്ന ആർക്കൊപ്പവും ഞാൻ താമസിക്കേണ്ടതില്ലെന്ന് ആറു വയസ്സുള്ള ചിംബ്ളു എന്നോടു പ്രഖ്യാപിച്ചു. അവൾക്കും കണ്ണനച്ഛനെ വലിയ കാര്യമാണ്... അവളുടെ അച്ഛനേക്കാൾ കാര്യമാണ്. എൻറെ മോളായ അവളുടെ ചേച്ചിക്കും അങ്ങനെ ആയിക്കോട്ടെ... ആർക്കാണ് അതിൽ പ്രയാസം? പ്രയാസമുള്ളവരോടൊക്കെ പോയി പണി നോക്കാൻ പറയാമെന്ന് ചിംബ്ളു എളുപ്പത്തിൽ പ്രശ്നം പരിഹരിച്ചു തന്നു.


ഭാഗ്യയുടെ മാത്രമല്ല ഞങ്ങൾ എല്ലാവരുടേയും ജീവിതത്തിലെ ഏറ്റവും വലിയ സൗഭാഗ്യമാണ് ചിംബ്ളു. 'എന്തായാലും നമുക്കു എല്ലാം നേരിടാം' എന്നു എപ്പോഴും പറയുന്ന ചിംബ്ളു.


അമ്മക്ക് ഒത്തിരി മരുന്നുകൾ ഉണ്ടായിരുന്നു. പിന്നെ പാർക്കിൻസൺസ് ഡിസീസ് തുടങ്ങുന്നുവെന്ന സംശയത്തിൽ ആരംഭിച്ച ഫിസിയോതെറാപ്പിയുമുണ്ടായിരുന്നു. എക്സർസൈസുകൾ എല്ലാം തന്നെ അമ്മ തെറ്റാതെ ചെയ്തിരുന്നു.


സമയം

ഓരോ സെക്കൻഡുകളായി കടന്നു പോകവേ അമ്മ ഭയപ്പെട്ടത് എന്തിനെയാണെന്ന് അറിയാനുമൊരു ദിനമുണ്ടായി വന്നു. ഞങ്ങളുടെ എല്ലാം ജീവിതത്തിൽ ആ ദുരിതവും ദൈന്യവും വേദനയും കൂടി കൂർത്ത മുള്ളുകൾ കൊണ്ട് എഴുതപ്പെട്ടിരുന്നുവല്ലോ.

Saturday, November 16, 2019

അമ്മച്ചിന്തുകൾ 76പൊതുവേ പുരുഷന്മാർ സ്ഥിരമായി ഉന്നയിക്കുന്ന പല ചോദ്യങ്ങളിൽ ഉൾപ്പെടുന്ന ഒരു പ്രധാന ചോദ്യമുണ്ട്. സ്ത്രീകൾ തന്നേക്കാൾ പഠിപ്പു കുറഞ്ഞവരെ, തന്നേക്കാൾ ശമ്പളം കുറഞ്ഞവരേ ഒക്കെ കല്യാണം കഴിക്കുമോ, ഇല്ലല്ലോ? അതിൽ നിന്നു തന്നെ അറിയാം.. സ്ത്രീകൾക്ക് പണം, ആഡംബരം, സുഖസൗകര്യങ്ങൾ എന്നിവയോടുള്ള അത്യാഗ്രഹം.... എന്ന് ആ ചോദ്യത്തിൻറെ ഉത്തരവുമുണ്ട്.

എൻറെ അനിയത്തിമാർ ഇരുവരും ഇക്കാര്യത്തിൽ തികച്ചും വിഭിന്നരായിരുന്നു. പുരുഷന്റെ പഠിപ്പും ഉദ്യോഗവും ശമ്പളവും ഒന്നും അവർ കാര്യമായി എടുത്തില്ല. പിന്തുണയും സഹകരണവും കുടുംബസ്നേഹവും ആയിരുന്നു, അതുമാത്രമായിരുന്നു അവരുടെ സ്വപ്നം.

അപ്പോൾ സ്വാഭാവികമായും സമൂഹത്തിൻറെ ദൃഷ്ടിയിൽ ഒളിച്ചോടിപ്പോയി ജാതി മാറി കല്യാണം കഴിച്ച അമ്മയുടെ മക്കളായ, ആ അമ്മ അച്ഛനെ ഉപേക്ഷിച്ചതു നിമിത്തം അനാഥരായ, ചീത്തപ്പേര് കേൾപ്പിച്ച ചേച്ചിയുടെ അനിയത്തിമാരായ പെൺകുട്ടികളെ പുരുഷന്മാർ മംഗല്യസൗഭാഗ്യം നല്കി ജീവിതം ഉദ്ധരിക്കയാണല്ലോ ചെയ്യുക..

വിദ്യാഭ്യാസക്കുറവ്, ജോലിയിലും ശമ്പള ത്തിലും കുറവ് ..പുരുഷന്മാർക്ക് അങ്ങനെയുണ്ടെങ്കിലും അത് സാരമില്ല.. അവർ ജീവിതം തരുവല്ലേ.. തന്നെയുമല്ല, വിദ്യാഭ്യാസം, ജോലി, ശമ്പളം എന്നതൊക്കെ ഉണ്ടെന്ന് ഭാവിച്ച് സ്ത്രീകൾ അഹങ്കരിക്കാമോ? ആണുങ്ങൾക്ക് ഈപ്പറഞ്ഞതൊക്കെ നേടിയെടുക്കാൻ വല്ല പ്രയാസവും ഉണ്ടോ? അതു പോലാണോ നിങ്ങൾ പെണ്ണുങ്ങളുടെ കുടുംബത്തിലെ കാര്യങ്ങൾ... ? അത് അമക്കിച്ചെരച്ചാലും പോവുമോ? ഒരിക്കേ പേരു ചീത്തയായാൽ പിന്നെ തീർന്നില്ലേ.. ഏഴു തലമുറ കഴിഞ്ഞാലും അത് ആ ചീത്തപ്പേര് പോവില്ല..

അപ്പോൾ ഞങ്ങളുടെ സ്ഥാനം നിർണയിക്കപ്പെട്ടു കഴിഞ്ഞു..

അച്ഛനുൾപ്പടെ ഞങ്ങളുടെ ജീവിതത്തിലെ പുരുഷൻമാരെല്ലാം സമൂഹത്തിലെ ആൺപ്രിവിലേജുകൾക്ക് എന്നും അർഹരായിരുന്നു. അതിൽ ഏറ്റവും കുറഞ്ഞ പ്രിവിലേജ് ലഭിച്ചത് കണ്ണനാണ്.

എന്നെ പെരുവഴിയിൽ ഉപേക്ഷിച്ചില്ല എന്നതും മോളെ വളർത്തിയെന്നതും കാരണമാക്കി പലരും കണ്ണനെ ഒത്തിരി അപമാനിച്ചിട്ടുണ്ട്. പ്രത്യക്ഷമായും പരോക്ഷമായും ...

കണ്ണൻ ചേട്ടാ എന്നും ഗുരു എന്നുമൊക്കെ വിളിച്ചവർ അവരുടെ ഭാഗത്ത് നില്ക്കുന്നില്ല എന്നു കണ്ടാലുടനെ മോളുടെ സ്വന്തം അച്ഛനല്ലല്ലോ അങ്ങനെ അഭിനയിച്ച് അഡ്ജസ്റ്റ് ചെയ്യുകയല്ലേ എന്ന് വിളിച്ചു കൂവും. മറ്റൊരാൾക്കൊപ്പം കഴിഞ്ഞ പെണ്ണിൻറെ കൂടെ ജീവിക്കുന്നവൻ എന്നു പറയും..

കണ്ണൻറെ ബോധ്യം അത്തരുണത്തിലെല്ലാം ഒരേ സമയം അഗാധവും വിശാലവുമായിരുന്നു. ഔന്നത്യമാർന്ന ഒരു പർവതമായിരുന്നില്ല കണ്ണനെങ്കിൽ വീശിയടിച്ച പ്രചണ്ഡവാതങ്ങൾ ഞങ്ങളെ എല്ലാവരേയും ഒന്നിച്ചു മരവിപ്പിക്കുമായിരുന്നു.

അമ്മയുടെ ആരോഗ്യം മോശമാവുകയായിരുന്നു.. അമ്മ ഏറ്റു വാങ്ങിയ വേദനകൾ അമ്മീമ്മയുടെ വിയോഗത്തോടെ ആ ശരീരത്തേയും വല്ലാതെ വേട്ടയാടാൻ തുടങ്ങി.

അങ്ങനെയാണ് അമ്മയെ ശുശ്രൂഷിക്കാനായി ഞാൻ കേരളത്തിലേക്ക് വന്നത്. ഭാഗ്യയുടെ കുഞ്ഞുമകളുമായുള്ള എൻറെ ചങ്ങാത്തം കരുത്താർജ്ജിക്കുന്നതും അങ്ങനെയാണ്. ഭാഗ്യയുടെ ജീവിതത്തിൽ കാറും കോളും നിറഞ്ഞു കഴിഞ്ഞിരുന്നു. അവളുടെ വീട്ടുകാരൻ ഗൾഫിലേക്ക് പോയ സമയമായിരുന്നു അത്.

ഞാൻ വരുമ്പോൾ
അമ്മയ്ക്ക് സുഖമില്ലാതെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിയ്ക്കുകയാണ്. അനിയത്തിമാര്‍ രണ്ടു പേരും ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥരായതുകൊണ്ട് അമ്മയുടെ ബൈസ്റ്റാന്‍ഡര്‍ ഞാന്‍ മാത്രമായിരുന്നു അന്ന്. ഞങ്ങളെ അനേഷിച്ച് സഹായത്തിനായി അങ്ങനെ ബന്ധുക്കളൊന്നും വരാനില്ലല്ലോ. അപ്പോള്‍ എന്തു വന്നാലും ഞങ്ങള്‍ എല്ലാം സ്വയം നേരിട്ടേ പറ്റൂ.

അമ്മയ്ക്ക് എന്താണ് അസുഖമെന്ന് ഡോക്ടര്‍മാര്‍ക്ക് ശരിക്കും മനസ്സിലായിരുന്നില്ല. എന്തുകൊണ്ടോ അമ്മയുടെ ജീവിതത്തില്‍ ഇക്കാര്യം എപ്പോഴും ആവര്‍ത്തിക്കാറുണ്ട്. അസുഖം മനസ്സിലാവാതെ വരിക, എന്നിട്ട് മറ്റൊരു അസുഖത്തിനു കുറെ നാള്‍ ചികില്‍സിക്കുക, അതുകഴിഞ്ഞ് ശരിയായ അസുഖം തികച്ചും യാദൃച്ഛികമായി തിരിച്ചറിയപ്പെടുക ...ജീവിതത്തിലെ പല ആധികള്‍ക്കിടയില്‍ ഞങ്ങള്‍ക്കങ്ങനെ ഈ ആധിയും ഒരു ശീലമായി.

പരീക്ഷണ നിരീക്ഷണങ്ങള്‍ നടക്കുകയായിരുന്നു... ഹാർട്ട് പ്രോബ്ലം ആണെന്നാണ് എല്ലാവരുടേയും ധാരണ.

അതിനിടയില്‍ ഒരു ദിവസം രാവിലെ ഉണര്‍ന്ന അമ്മ തികച്ചും അപരിചിതമായി പെരുമാറുവാന്‍ തുടങ്ങി....

അമ്മയ്ക്ക് അമ്മയാരാണെന്നറിയാത്ത പോലെ..

ഞാനാരാണെന്നറിയാത്ത പോലെ ...

ആശുപത്രിയാണെന്നറിയാത്ത പോലെ....

ഒന്നുമറിയാത്തതു പോലെ...

ഞാന്‍ ഭയം കൊണ്ട് നുറുങ്ങിപ്പോയി. എനിക്ക് എന്തു വേണമെന്ന് മനസ്സിലായില്ല. ഞാന്‍ ഡ്യൂട്ടി ഡോക്ടറെ വിളിച്ചു കരഞ്ഞു...

പ്രഷറുണ്ട് ... ഷുഗറുണ്ട്... നടക്കാന്‍ ശകലം ബുദ്ധിമുട്ടുണ്ട്. പ്രഷര്‍ കൂടിക്കണ്ടപ്പോഴാണ് അമ്മയെ അഡ്മിറ്റ് ചെയ്തത് ... ഇന്നലെ രാത്രി ഉറങ്ങുമ്പോള്‍ പോലും അമ്മയ്ക്ക് മറ്റൊരു അസുഖവും ഉണ്ടായിരുന്നതായി എനിക്ക് മനസ്സിലായിരുന്നില്ല.

അമ്മ ഐ സി യൂ വിലേയ്ക്ക് മാറ്റപ്പെട്ടു.

വെന്തുരുകി ഞാന്‍ പുറത്ത് കാവലായി... എനിക്കറിയാവുന്ന മെഡിക്കല്‍ കോമ്പ്ലിക്കേഷനുകള്‍ ഓരോന്നായി ഞാന്‍ ഓര്‍മ്മിച്ചു.... അച്ഛന്‍റെ മെഡിക്കല്‍ ഗ്രന്ഥങ്ങള്‍ മനപ്പാഠമാക്കാന്‍ തോന്നിയ അവധിക്കാലങ്ങളെ പിന്നെയും പിന്നെയും ശപിച്ചു...

സന്ധ്യയായപ്പോള്‍ അമ്മയെ മുറിയിലേയ്ക്ക് മടക്കിക്കൊണ്ടു വന്നു. അമ്മയ്ക്ക് കുഴപ്പമൊന്നുമില്ലെന്നും സോഡിയം ലെവല്‍ താഴ്ന്ന് പോയതായിരുന്നു പ്രശ്നമെന്നും അതിനകം ഞാന്‍ അറിഞ്ഞു കഴിഞ്ഞിരുന്നു.

അമ്മയുടെ പെരുമാറ്റം ശ്രദ്ധിയ്ക്കണമെന്ന് എനിയ്ക്ക് താക്കീതു തരാന്‍ ഡോക്ടര്‍ മറന്നില്ല. സോഡിയം ലെവല്‍ ഇങ്ങനെ താഴ്ന്ന് പോകുന്നത് അപകടകരമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

മുറിയില്‍ അമ്മ കണ്ണടച്ചു കിടക്കുകയായിരുന്നു. എന്‍റെ കാല്‍പ്പെരുമാറ്റം കേട്ടിട്ടാവണം അമ്മ കണ്ണുകള്‍ തുറന്നു. ഞാന്‍ ചിരിച്ചെങ്കിലും അമ്മ ചിരിച്ചില്ല.

എനിക്ക് പേടി തോന്നി. അമ്മ ഇപ്പോഴും എന്നെ തിരിച്ചറിയുന്നില്ലേ ...

അമ്മയുടെ കണ്ണുകള്‍ ടി വി യിലെ സിനിമയിലാണോ, ഇളം പച്ച ചായമടിച്ച ചുവരിലാണോ, അതോ അമ്മ ഒന്നും കാണുന്നു കൂടിയില്ലേ എന്നൊക്കെ എനിക്ക് സംശയമായി. വെണ്ണിലാ ചന്ദനക്കിണ്ണമെന്ന് മമ്മൂട്ടി തോണി തുഴയുകയായിരുന്നു ടി വിയിലപ്പോള്‍ ... ചുവരിലാകട്ടെ ഒരു പെയിന്‍റിംഗ് പോലുമുണ്ടായിരുന്നില്ല.

ഞാന്‍ അമ്മയെ ഒന്ന് പരീക്ഷിയ്ക്കാന്‍ തീരുമാനിച്ചു.

‘അമ്മാ... അതാര്... അതാരാക്കും ?’

എടുത്തെറിഞ്ഞതു പോലെ ഉത്തരം വന്നു...

‘മമ്മൂട്ടി... അത് മമ്മൂട്ടിയല്ലവാ..’

ഞാന്‍ പിന്നെയും ചോദിച്ചു...

‘നല്ലാ പാത്തിയാ.. അത് ... അന്ത ആളു താനാ?’

അമ്മ ഫോമിലായി.

‘എന്നടീ ഉനക്ക് പൈത്യമാ? അത് നമ്മോട് മമ്മൂട്ടിയല്ലവോ?’

ഞാന്‍ അമ്മയെ കെട്ടിപ്പിടിച്ചു.. കരച്ചില്‍ ഉമിനീരാക്കി വിഴുങ്ങി. അതൊരു തുടക്കമായിരുന്നു. ഞങ്ങളറിഞ്ഞില്ല ഇനിയും ഒത്തിരി കരച്ചിലുകൾ ഉമിനീരായി മാറ്റാനുണ്ടെന്ന്...