Saturday, November 2, 2019

അമ്മച്ചിന്തുകൾ 69

 
അങ്ങനെ തൃക്കൂര് പോയി വന്നുകൊണ്ടിരുന്ന അച്ഛൻ പതുക്കെപ്പതുക്കെ രാത്രിയിലും
അവിടെ തങ്ങിത്തുടങ്ങി. അമ്മീമ്മയെ
ശുശ്രൂഷിക്കാനാണെന്ന് അച്ഛൻ എല്ലാവരേയും അറിയിച്ചു. ഞങ്ങൾ മക്കൾ അമ്മയേയോ അമ്മീമ്മയേയോ ശ്രദ്ധിക്കാറില്ലെന്നും കത്തെഴുതുകയോ ഫോൺ ചെയ്യുകയോ ചെയ്യാറില്ലെന്നും പറഞ്ഞു.

അമ്മയും അമ്മീമ്മയും എന്തൊക്കെ അക്രമം കാണിച്ചാലും അച്ഛനു അവരെ ഉപേക്ഷിച്ചു പോവാൻ പറ്റില്ലല്ലോ. റാണിയുടെ വിവാഹം കഴിയാത്തതുകൊണ്ട് അവൾ എൻറെ ചൊൽപ്പടിയിലാണെന്നും അതിൽ അച്ഛനു വേദനയുണ്ടെന്നും അദ്ദേഹം സങ്കടപ്പെട്ടു.

അച്ഛൻ ആഴ്ചയിൽ നാലുദിവസമൊക്കെ താമസിക്കുന്നത് ഒരു പതിവായി. രാത്രിയിൽ കല്യാണം എപ്പോഴും വിളിച്ചു ബുദ്ധിമുട്ടിക്കുന്നുവെന്നും അത് രാജം ഉറങ്ങുന്നത് അമ്മീമ്മക്ക് സഹിക്കാനാവാതെയാണെന്നും അച്ഛൻ വ്യാഖ്യാനിച്ചിട്ടുണ്ട്. അമ്മീമ്മയും അമ്മ പ്രസവിച്ച മക്കളും ചൂഷണം മാത്രം ചെയ്യുന്നവരാണെന്ന് , എന്നാൽ അച്ഛൻ സ്നേഹിക്കുന്ന ഭർത്താവാണെന്ന് വാദിക്കുകയായിരുന്നു അച്ഛൻ. അമ്മീമ്മയേയും ഞങ്ങൾ മക്കളേയും അമ്മ കൈയൊഴിയണമെന്നും അച്ഛൻ ആശിച്ചു.

ഭാഗ്യ കുഞ്ഞിനെയും കൊണ്ട് തൃക്കൂര് വന്നപ്പോൾ വയ്യാതെ കിടക്കുന്ന അമ്മീമ്മയെ ശുശ്രൂഷിക്കാൻ അച്ഛൻ അമ്മക്ക് അനുവാദം നല്കിയതുപോലെയാണ് അച്ഛൻ ഭാവിച്ചിരുന്നത്. എന്നാലും അവളുടെ വാവയുമായി അപ്പൂപ്പൻ കളിച്ചു കൊഞ്ചിയത് എല്ലാവർക്കും സന്തോഷം നല്കി. ഭാഗ്യയുടെ ഭർതൃഗൃഹത്തിൽ അച്ഛൻ വളരെയേറെ ആദരിക്കപ്പെട്ടു. അച്ഛനു പിടിച്ച ആഹാരം വിളമ്പി... അയല്പക്കക്കാർ വന്ന് പരിചയപ്പെട്ട്.. അങ്ങനെ ഞങ്ങൾ മൂന്നു മക്കളിൽ ഒരേ ഒരാളുടെ ഭർതൃഗൃഹത്തിലാണ് ആദ്യവും അവസാനവുമായി അച്ഛൻ ആദരിക്കപ്പെട്ടത്. എനിക്കതിൽ വലിയ സന്തോഷമുണ്ട്. അച്ഛൻ സർവീസിലിരുന്ന കാലമായിട്ടു പോലും എനിക്ക് അക്കാലത്തൊന്നും ജോസഫിൻറെ വീട്ടുകാരെക്കൊണ്ട് അച്ഛനെ ഒരിക്കൽ പോലും ആദരിപ്പിക്കാൻ കഴിഞ്ഞില്ല. കണ്ണൻറെ വീട്ടിലാകട്ടെ അച്ഛൻ വന്നതുമില്ല.

റാണിയുടെ വിവാഹം നടന്നില്ല. അമ്മയെപ്പോലെ ഞാനും പത്രപ്പരസ്യം നല്കിയും പരസ്യങ്ങൾക്ക് മറുപടി കൊടുത്തും അന്വേഷിച്ചു വന്നവരോട് സംസാരിച്ചും പലപാട് ശ്രമിച്ചെങ്കിലും ഒന്നും സംഭവിച്ചില്ല. ജോലി രാജി കൊടുക്കണമെന്ന ഡിമാൻഡ് വെച്ചവരെയും പണത്തിനും സ്വർണ ത്തിനും നിറത്തിനും കുടുംബപ്രശ്നങ്ങൾക്കും കണക്ക് പറഞ്ഞവരേയും അവൾ നിരസിച്ചു. ഞങ്ങൾക്കും അത്തരം ആളുകളോട് താത്പര്യം ഉണ്ടായിരുന്നില്ല.

നാലഞ്ചു വർഷമായി ഞങ്ങൾക്കൊപ്പം ജോലി ചെയ്തിരുന്ന ഒരു ബംഗാളി ആർക്കിടെക്ടാണ് റാണിയെ വിവാഹം കഴിച്ചത്.

അച്ഛനെ ക്ഷണിച്ചത് ഞാനാണ്. വരണമെന്ന് ഞാൻ നിർബന്ധിച്ചു പറഞ്ഞു. അമ്മയുടെ അടുത്തേക്ക് പോകാൻ തുടങ്ങിയപ്പോൾ എൻറെ ഫോൺനമ്പറും അഡ്രസ്സും ജോസഫിനു നല്കി എന്നെ ആവുന്ന മട്ടിലൊക്കെ പ്രയാസപ്പെടുത്താൻ അച്ഛൻ ശ്രമിച്ചിരുന്നു. സാധിക്കുമ്പോഴെല്ലാം എൻറെ മകളെ കുറിച്ച് ആ ക്രിസ്ത്യാനിപ്പെണ്ണ് അവിടെ എന്തെടുക്കുന്നുവെന്ന് റാണിയോടു മാത്രം ചോദിക്കുകയും ചെയ്തിരുന്നു. ബാലചന്ദ്രൻ ചുള്ളിക്കാട് അച്ഛനെ വഴക്ക് പറയുകയുണ്ടായി. അങ്ങനെയൊക്കെയാണെങ്കിലും ഞാൻ റാണിയുടെ വിവാഹക്കാര്യം
അച്ഛനെ അറിയിക്കാമെന്ന് തന്നെ കരുതി.

അച്ഛനോട് ചോദിച്ചില്ല കല്യാണവും തീയതിയും തീരുമാനിക്കാ നെന്നതായിരുന്നു ആദ്യത്തെ പ്രശ്നം.

റാണിയുടെ പ്രായം ഞാൻ ഓർമ്മിപ്പിച്ചു. അവളേക്കാൾ എത്ര വയസ്സിനു താഴേയാണ് അച്ഛൻറെ ബന്ധുക്കളുടെ മക്കൾ, അവരുടെ വിവാഹങ്ങൾക്ക് പോയിരുന്നില്ലേ എന്ന് ചോദിച്ചു.

'നിങ്ങൾ അമ്മേം മക്കളും എന്നെ ഉപേക്ഷിച്ചു പോയതുകൊണ്ട് പണമൊക്കെ ഞാൻ ധൂർത്തടിച്ചു കളഞ്ഞു. എൻറടുത്ത് ഒട്ടും പണമില്ല' എന്നായി അപ്പോൾ അച്ഛൻ.

അച്ഛന്റെ പണം... ആ പണം ഞങ്ങൾക്ക് എന്നാണ് അങ്ങനെ കിട്ടിയതെന്ന് ഓർക്കുകയായിരുന്നു ഞാനന്നേരം.

ഒട്ടു മൗനം ദീക്ഷിച്ചിട്ട് ഞാൻ ചിരിച്ചു. എന്നിട്ട് ശാന്തമായി മറുപടി നല്കി.

'ഓ! പണമോ? അത് സാരമില്ല. അച്ഛൻ അഞ്ചു പൈസ ചെലവാക്കിയില്ലെങ്കിലും ഈ വിവാഹം നടക്കും. നിറപറയിൽ കുത്തി നിറുത്താൻ ഒരു തെങ്ങിൻപൂക്കുല കിട്ടിയാൽ കൊണ്ടു വരൂ'.

ഇതിൽക്കൂടുതൽ എളുപ്പത്തിൽ ഏതച്ഛനാണ് മൂന്നു പെൺകുട്ടികളെ വിവാഹിതരായി കാണാൻ കഴിയുക.. ഞങ്ങളുടെ അച്ഛനെപ്പോലെ...

അച്ഛൻ വന്നു. ഞങ്ങൾ എയർപോർട്ടിൽ പോയി സ്വീകരിച്ചു കൊണ്ടുവന്നു. എല്ലാവരും സന്തോഷമായി തന്നെ പെരുമാറി. കണ്ണനോട് സംസാരിക്കാൻ അച്ഛൻ മടിച്ചു. അവർക്കിടയിൽ മൗനമായിരുന്നു അധികവും.

ഞങ്ങളുടെ വീടും ഓഫീസും ജോലിക്കാരും സൗകര്യങ്ങളും തിരക്കും അച്ഛൻ കണ്ടു. ഞങ്ങൾ തകർന്നുടഞ്ഞു തരിപ്പണമായിട്ടില്ലെന്ന് അദ്ദേഹം മനസ്സിലാക്കി.

കല്യാണത്തിന് വന്നവരിൽ അധികവും ഞങ്ങളുടെ പ്രായമുള്ളവരായിരുന്നു. എല്ലാവരും അച്ഛന്റെ കാൽ തൊട്ട് വണങ്ങി. അച്ഛൻ ഏറ്റവുമധികം ആദരിക്കപ്പെട്ട അഭിനന്ദിക്കപ്പെട്ട അവസരമായിരുന്നു അത്.

ഒരു മലയാളി സുഹൃത്തുണ്ടായിരുന്നു കല്യാണത്തിൽ പങ്കെടുക്കാൻ... കാറു കൊണ്ടു വന്ന് ഞങ്ങളുടെ യാത്രക്കു പോലും സഹായിച്ച സുഹൃത്ത്. എല്ലാ ദുരിതവും അറിയുന്ന ഒരാളായിരുന്നു. അയാളെ എങ്ങനെ അറിയാം എന്ന് അച്ഛൻ എന്നോടു ചോദിച്ചു.. അയാൾ ഒരു ക്രിസ്ത്യാനിയായിരുന്നുവെന്നതാണ് അച്ഛൻ ആ ചോദ്യം ചോദിക്കാൻ കാരണം.

ഞാൻ ചിരിച്ചു..

'ദില്ലിയിലെ ഗതികെട്ട കാലത്ത് പരിചയമായതാണ് അച്ഛാ. എനിക്ക് ഒന്നുമൊന്നും ഇല്ലാത്ത കാലത്തും ചെറിയാൻ സുഹൃത്താരുന്നു. ഇന്നും സുഹൃത്താണ് '

അച്ഛൻറെ മുഖം വിവർണമായി.

എനിക്ക് ഒന്നുമൊന്നുമില്ലാതിരുന്ന കാലത്ത് അച്ഛനും ഉണ്ടായിരുന്നില്ലല്ലോ.

3 comments:

മാധവൻ said...

എച്ചു്മു
ഇപ്പോ
എല്ലാരേയും അറിയാം.
അമ്മീമയിൽ തുടങ്ങി രക്തത്തിലെഴുതിയ എല്ലാരേയും.
ഓരോ കോശങ്ങൾക്കുള്ളിലും ഒരോ പുഴു ഇരുന്നു നുഴക്കുന്ന തോന്നൽ ഇനിയും മാറിയിട്ടില്ല.
എന്റെ മകളെ ഒന്നര വയസുള്ള എന്റെ മോളെ തൊടാൻ എനിക്ക് പേടിയായി..
വിശദമായി പിന്നൊരിക്കൽ എഴുതുന്നുണ്ട്.

Muralee Mukundan , ബിലാത്തിപട്ടണം said...

അച്ഛൻ സർവീസിലിരുന്ന കാലമായിട്ടു പോലും എനിക്ക് അക്കാലത്തൊന്നും ജോസഫിൻറെ വീട്ടുകാരെക്കൊണ്ട് അച്ഛനെ ഒരിക്കൽ പോലും ആദരിപ്പിക്കാൻ കഴിഞ്ഞില്ല. കണ്ണൻറെ വീട്ടിലാകട്ടെ അച്ഛൻ വന്നതുമില്ല...!

Cv Thankappan said...

അചഛ്ന് അവിടെയും നാട്ടിലെ സ്വഭാവം കൈവിടാഞ്ഞത് മോശമായി.
ആശംസകൾ