Monday, November 11, 2019

അമ്മച്ചിന്തുകൾ 73

            
അച്ഛനു അറ്റാക്ക് വന്ന വിവരമറിഞ്ഞ് റാണി കേരളത്തിലെത്തിയ നാൾ സന്ധ്യ ക്ക് തന്നെ ഞാൻ ആശുപത്രിയിൽ പ്രവേശിച്ചിരുന്നു. കടുത്ത പനിയും ശ്വാസതടസ്സവുമായിരുന്നു എനിക്ക്. കണ്ണൻ ജോലി സംബന്ധിച്ച തിരക്കുകളുമായി ഗുജറാത്തിലാണ് കഴിഞ്ഞിരുന്നത്. ഭാഗ്യയായിരുന്നു എന്നെയും വീടിനേയും രണ്ടു മക്കളേയും ഞങ്ങളുടെ ഓഫീസിനേയും പരിപാലിച്ചിരുന്നത്.

എന്നെ ഡിസ്ചാർജ് ചെയ്തു കിട്ടിയിട്ടാണ് ഭാഗ്യയും മകളും പിറ്റേന്നു കേരളത്തിലേക്ക് പറന്നത്.

റാണി അപ്പോഴെല്ലാം താങ്ങാവുന്നതിലും എത്രയോ ഇരട്ടി അപമാനവും നിന്ദയും ശകാരവും കുറ്റപ്പെടുത്തലും സഹിച്ച് അയ്യന്തോളിലെ വീട്ടിൽ സമയം ചെലവാക്കിക്കൊണ്ടിരുന്നു. അവൾ ഉടഞ്ഞു വീഴാതെ പിടിച്ചു നിന്നത് ധൈര്യമുണ്ടായിട്ടൊന്നുമല്ല... വേറെ ഒരു ഗതിയുമില്ലാത്തതുകൊണ്ടാണ്.

അവൾ ആ വീട്ടിൽ എത്തും മുമ്പേ അവിടെ ശക്തമായ തിരച്ചിൽ നടക്കുകയായിരുന്നു. ഒത്തിരി വില പിടിച്ച സാധനങ്ങൾ അങ്ങനെ നഷ്ടപ്പെട്ടു. എന്നാൽ എന്തിനു വേണ്ടിയാണോ ആ തിരച്ചിൽ നടന്നത് അത് ആർക്കും തന്നെ കിട്ടിയില്ല. കാരണം അങ്ങനൊരു വസ്തു ഈ ലോകത്തിൽ തന്നെ ഇല്ലായിരുന്നു.

പിന്നെ വരുന്ന സുഹൃത്തുക്കൾ, ബന്ധുക്കൾ, അയൽക്കാർ... എല്ലാവരും ചേർന്ന് അവളെ വഴക്ക് പറയാൻ തുടങ്ങി...

അച്ഛനെന്ന പാവത്തെ ഉപേക്ഷിച്ച അഞ്ച് താടകമാരെ എല്ലാവരും ചേർന്ന് പറ്റാവുന്നതെല്ലാം പറഞ്ഞു. അച്ഛനു അഞ്ചു അറ്റാക്ക് വന്നെന്നും അമ്മയുടെ നോട്ടക്കുറവാണ് കാരണമെന്നും എല്ലാവർക്കും ഉറപ്പുണ്ടായിരുന്നു. മറുപടിയായി റാണി ഒന്നും പറഞ്ഞില്ല. ഞങ്ങളോട് ക്ഷോഭിച്ചു തുള്ളുന്ന ആരോടും ഞങ്ങൾ ബഹളമുണ്ടാക്കി ശീലിച്ചിട്ടില്ല. യാതൊരു പ്രയോജനവുമില്ലാത്ത ഒരു കാര്യമാണതെന്ന് ഞങ്ങൾക്ക് നല്ല തീർച്ചയാണ്. റാണിക്ക് ഇപ്പോഴും വലിയ മാറ്റമൊന്നും ഇല്ല. ക്ഷോഭിച്ചലറുന്നവരെ അതിനായി വിട്ട് അവൾ അവരെ കേട്ടിരിക്കും...

എത്ര നേരമാണ് നമ്മൾ തീരെ പ്രതികരിക്കാത്ത ഒരാളോട് ബഹളമുണ്ടാക്കുക...

അച്ഛന്റെ ബന്ധുക്കൾ വീട്ടുജോലിക്ക് സഹായിച്ചിരുന്ന ആ ചേച്ചിയെ ആണ് അമ്മയുടെ സ്ഥാനത്ത് സ്വീകരിച്ചത്. അവരെ ആയിരുന്നു കൂടുതൽ വിശ്വാസവും സ്നേഹവും.

ഭാഗ്യ എത്തുമ്പോഴേക്കും അയ്യന്തോളിലെ കളക്ട്രേറ്റ് മുതൽ ഞങ്ങളുടെ വീടു വരെയുള്ള ഭാഗം മുഴുവനും ഒരു ജനസമുദ്രമായി മാറിയിരുന്നു. അദ്ദേഹം ജോലി ചെയ്ത എല്ലാ സ്ഥലത്തു നിന്നും ആളുകൾ എത്തിച്ചേർന്നു. അപ്പോഴേക്കും അച്ഛൻറെ മൃതദേഹം വീട്ടിലെത്തിച്ച് അമ്മയും റാണിയും അരികേ ഇരുന്നിരുന്നു. ഭാഗ്യയെ കണ്ടപ്പോൾ അമ്മ പൊട്ടിക്കരഞ്ഞു. റാണിയും ഭാഗ്യയും എന്നിട്ടും തികഞ്ഞ സംയമനം പാലിക്കുക തന്നെ ചെയ്തു.

അച്ഛന്റെ അടുത്ത ബന്ധുക്കൾ ആരും തന്നെ അമ്മയെ കണ്ടതായിപ്പോലും ഭാവിച്ചില്ല. വീട്ടിലെ ജോലി ചെയ്തിരുന്ന ചേച്ചിയോട് സ്ത്രീകളും കോഴി എന്ന് വിളിപ്പേരുള്ള അച്ഛന്റെ സുഹൃത്തിനോട് പുരുഷന്മാരും സംസാരിച്ചുകൊണ്ടിരുന്നു.

ജോസഫ്‌ വന്നു. കുരിശു വരച്ച് പ്രാർഥിച്ചു.

ആ സമയവും ഞങ്ങളുടെ അമ്മ ജീവിച്ചു തീർത്തു.

ചിത കൊളുത്തിയത് അച്ഛന്റെ സഹോദരിമാരുടെ ആൺമക്കളാണ്. ഞങ്ങൾ പെൺകുട്ടികളാണല്ലോ.

അമ്മ അന്നു രാവിലെ അയ്യന്തോളിലെ വീട്ടിൽ വന്ന് വൈകീട്ട് തിരിച്ചു തൃക്കൂര് വീട്ടിലേക്ക് മടങ്ങി. അമ്മീമ്മ ശയ്യാവലംബിയായതുകൊണ്ട് അതിലധികം അവിടെ നില്ക്കാൻ അമ്മക്ക് സാധിക്കുമായിരുന്നില്ല.

റാണിയും ഭാഗ്യയും അവിടെ താമസിച്ചു.

എന്തൊക്കെയായാലും ചടങ്ങുകൾ തീരുന്ന ദിവസം അമ്മയ്ക്കൊപ്പം അമ്മയുടെ രണ്ടു പെൺമക്കളും ഒരു പൗത്രിയും മൂന്നു മരുമക്കളും ഉണ്ടായിരുന്നു.

ജീവിതത്തിലെ അവസാന ദിവസം വരെ അക്കാര്യത്തിൽ അമ്മ മരുമക്കളോട് നന്ദിയുള്ളവളായിരുന്നു.

എന്തൊക്കെ ആയാലും കണ്ണനെ അംഗീകരിക്കാൻ അവർക്കൊന്നും കഴിയില്ലെന്ന് തുറന്നു പറഞ്ഞിട്ടാണ് അച്ഛന്റെ ബന്ധുക്കളിൽ പലരും ചടങ്ങുകൾ തീർത്ത് ഇറങ്ങിയത്.

അച്ഛന്റെ ചിതാഭസ്മം കണ്ണൻ ഹരിദ്വാറിൽ കൊണ്ടു പോയി ഗംഗയിലൊഴുക്കി. കണ്ണന് വിശ്വാസമേയില്ല. എങ്കിലും ആ ചടങ്ങ് ഭംഗിയായി പൂർത്തീകരിച്ചു.

അച്ഛൻ സ്വന്തം നിലപാടുകളിൽ മാത്രം ജീവിക്കാൻ സാധിച്ച ഒരാളായിരുന്നു. ജോലിയും അധികാരവും പണവും അദ്ദേഹത്തിന്റെ ഇഷ്ടമനുസരിച്ച് ഉപയോഗിച്ചു. ആണും പെണ്ണുമായ ധാരാളം സുഹൃത്തുക്കളെ നേടി. ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും അച്ഛനു സാധിക്കുന്നതെല്ലാം ചെയ്തു കൊടുത്തു. ധാരാളം വായിക്കുകയും സിനിമ കാണുകയും പാട്ടുകൾ കേൾക്കുകയും ചെയ്തു. എപ്പോഴും നല്ല ഭക്ഷണം കഴിക്കാൻ പറ്റി. നല്ല പാർപ്പിടങ്ങളും വാഹനങ്ങളും എന്നും ഉണ്ടായിരുന്നു. ആശ്രിതരും സഹായികളും കൂടെ നിന്നു... അച്ഛന്റെ ആശ പോലെ ജോലി ചെയ്തുകൊണ്ടിരിക്കുമ്പോൾ മരിക്കാനും കഴിഞ്ഞു.

ഞങ്ങളുടെ ശുശ്രൂഷയിൽ ജീവിക്കേണ്ടി വന്നിരുന്നുവെങ്കിൽ അച്ഛനു കുറച്ചിൽ തോന്നുമായിരുന്നു. ആ കുറച്ചിലനുഭവിക്കേണ്ടി വരാതെ അദ്ദേഹം കടന്നു പോയി...

അച്ഛന്റെ മരണത്തിൽ അനുശോചിച്ച് ജോസഫിൻറെ ഒരു നീണ്ട കത്ത് എനിക്ക് വന്നു. അതിൽ അച്ഛനെക്കുറിച്ച് ഞാനങ്ങനെ ഒന്നും സംസാരിച്ചു കേട്ടിട്ടില്ലെങ്കിലും അച്ഛൻ എൻറെ മനസ്സിലുണ്ടെന്നറിയാമെന്ന ഒരു പച്ചക്കള്ളം എഴുതപ്പെട്ടിരുന്നു.

അച്ഛൻ പണം കടം വാങ്ങിയെന്നും തരാനുണ്ടെന്നും ബന്ധുക്കളിൽ ചിലർ ഞങ്ങളോട് പറയാതിരുന്നില്ല. അച്ഛൻറെ കാറ് കൊടുത്താൽ മതിയെന്ന് പലരും അറിയിച്ചു. അച്ഛൻ കടം മേടിച്ചു എന്നവകാശപ്പെടുന്നവരിൽ നിന്ന് രക്ഷ പ്രാപിക്കാനെന്ത് വഴിയെന്നാലോചിക്കുന്ന കാലത്താണ് അദ്ദേഹം എഴുതിയ ഡയറിക്കുറിപ്പുകൾ ഞങ്ങളുടെ മുന്നിലെത്തിയത്. അതിൽ എല്ലാം ഉണ്ടായിരുന്നു...

കടം കൊടുത്തവരൊന്നും പിന്നീട് പണമാവശ്യപ്പെട്ട് വന്നില്ല. പലരും തീരെ മൗനത്തിലായി. അച്ഛന്റെ ബന്ധുക്കൾ ആരും തന്നെ പിന്നീട് ഞങ്ങളോട് ഇടപെട്ടില്ല, വളരെക്കാലം.

അച്ഛൻ വില്പത്രം എഴുതീട്ടുണ്ടോ എന്നും അതു കണ്ടു കിട്ടീട്ടുണ്ടോ എന്നും ചോദിച്ചവരധികവും സ്ത്രീ സുഹൃത്തുക്കളായിരുന്നു. അല്ലെങ്കിൽ അവരുടെ ഭർത്താക്കന്മാർ അതുമല്ലെങ്കിൽ അവരുടെ സഹോദരന്മാർ...

'ഇല്ലല്ലോ' എന്ന ഞങ്ങളുടെ മറുപടി അവരെ അരിശം കൊള്ളിച്ചിട്ടുണ്ട്. അടുത്ത നിമിഷം അവർ വെടിയുണ്ട പോലെ തറച്ചു കയറുമായിരുന്നു.

'ആ.. അപ്പോൾ പിന്നെ സാറിന്റെ വീട് നിങ്ങൾക്ക് തന്നെ കിട്ടുമല്ലോ'

ആയുസ്സ് ബാക്കിയുണ്ടായിരുന്നതുകൊണ്ടാണ് ആ വെടിയുണ്ടകളേറ്റ് ഞങ്ങൾ മൃതിയടയാതിരുന്നത്.

2 comments:

Cv Thankappan said...

'ആ.. അപ്പോൾ പിന്നെ സാറിന്റെ വീട് നിങ്ങൾക്ക് തന്നെ കിട്ടുമല്ലോ'കൊതിച്ചിച്ചിരുന്നവരിൽനിന്നുയരുന്ന നിരാശയുടെ നിശ്വാസം!!
ആശംസകൾ

Muralee Mukundan , ബിലാത്തിപട്ടണം said...

മരണാനന്തരം സംഭവിക്കുന്ന കാര്യം ..