Saturday, November 9, 2019

അമ്മച്ചിന്തുകൾ 72അച്ഛൻ റാണിയോട് ചോദിച്ചു.. മക്കള് തൃക്കൂര് പോയിരുന്നോ?

റാണി ഇല്ലെന്ന് അറിയിച്ചിട്ട് തുടർന്നു, 'അച്ഛൻ സി സി യൂ വിൽ കിടക്കുമ്പോൾ ഞാനെന്തിനാ ഇപ്പോ തൃക്കൂര് പോണത്?പെ്‌ളെയിനിറങ്ങി ഞാൻ നേരെ ഇങ്ങോട്ട് വന്നു.'

അച്ഛൻ സന്തോഷത്തോടെ അവളെ നോക്കി ചിരിച്ചു.

ഐ ടി സിയുടെ ലബേണം എന്ന പ്രസ്റ്റീജിയസ് ഹൗസിംഗ് പ്രോജക്ടിൽ ജോലി ചെയ്തിരുന്ന റാണിയ്ക്ക് വന്ന ഒരു കല്യാണാലോചന അച്ഛൻ അപ്പോൾ ഓർത്തു കാണും. ബി ടെക് കാരിയായ മകൾ അവിടെ ലേബറർ ആണെന്ന് എം ടെക് കാരനായ പയ്യനോട് അച്ഛൻ തന്നെയാണ് പറഞ്ഞത്. ആ പയ്യൻറെ അച്ഛൻ ഞങ്ങളുടെ അമ്മയെ വിളിച്ചു മോള് എൻജിനീയറാണെന്ന് അമ്മ കള്ളം പറഞ്ഞുവെന്ന് അധിക്ഷേപിച്ചു. അമ്മയേയും ഞങ്ങളേയും ഞങ്ങളുടെ മക്കളേയും പാഠം പഠിപ്പിക്കാൻ കിട്ടിയ ഒരവസരവും അച്ഛൻ വെറുതേ കളഞ്ഞിട്ടില്ലല്ലോ.

അച്ഛന്റെ കണ്ണിൽ ഒരു നനവ് വന്നത് അതുകൊണ്ടാവാം.

എന്തായാലും സി സി യൂവിന് പുറത്ത് റാണി കാവലിരുന്നു. രണ്ടു ദിവസം കഴിഞ്ഞപ്പോൾ അച്ഛനു അസുഖം കുറവായി. അദ്ദേഹത്തെ ഒബ്സർവേഷൻ റൂമിലേക്ക് മാറ്റി. എങ്കിലും ദേഹത്തു ഘടിപ്പിച്ചിരുന്ന ഉപകരണങ്ങൾ ഒന്നും നീക്കിയിരുന്നില്ല.

കണ്ണൻറെ ഒരു ബന്ധു അമൃതാ ആശുപത്രിയിൽ ഉണ്ടായിരുന്നു. ആ കുട്ടി എല്ലാ വിവരവും കൃത്യമായി എനിക്ക് നല്കിയിരുന്നു.

അച്ഛനെ അവിടെ പ്രവേശിപ്പിക്കാനായി
പതിനായിരം രൂപ നല്കിയത്‌ അച്ഛന്റെ ബന്ധുക്കളാണ്. അച്ഛനു അഞ്ചാമത്തെ ഹാർട്ട് അറ്റാക്കാണെന്ന് അവരൊക്കെ എണ്ണിപ്പറഞ്ഞു. അമ്മയാണല്ലോ തീർച്ചയായും അതിന് കാരണം. ആൻജിയോഗ്രാമിന് ആരു പണം ചെലവാക്കും എന്നത് ബന്ധുക്കൾക്കിടയിൽ ഒരു ചർച്ചയായിരുന്നു. അവർ ചെലവാക്കിയ പതിനായിരം രൂപയെപ്പറ്റിയും ചർച്ചകൾ ഉണ്ടായിരുന്നു.

അടുത്ത ദിവസം ആൻജിയോഗ്രാം ചെയ്യാമെന്ന് നിശ്ചയിച്ചത് അച്ഛന്റെ ആരോഗ്യം ഭേദമാവുന്നത് കണ്ടിട്ടു തന്നെയായിരുന്നു.

അന്ന് ഉച്ചയോടെയാണ് അച്ഛന്റെ ഒരു ബന്ധു ട്രഷറി ഓഫീസിൽ വെച്ച് ബാലചന്ദ്രൻ ചുള്ളിക്കാടിനെ കാണുന്നത്.

'നിങ്ങളറിഞ്ഞില്ലേ.. ഡോക്ടർ ഹാർട്ട് അറ്റാക്ക് ആയിട്ട് അമൃതാ ആശുപത്രിയിലാണ്.'

അച്ഛന്റെ ആ ബന്ധുവുമായി ബാലന് പരിചയമോ അടുപ്പമോ ഉണ്ടായിരുന്നില്ല.

ബാലൻ ചിരിച്ചു.. എന്നിട്ടു ചോദിച്ചു. 'ഹാർട്ട് അറ്റാക്കോ... അതിനയാൾക്ക്‌ ഹാർട്ടുണ്ടോ.. '

ബന്ധുവിനെയും ആ വാക്കുകളേയും തീർത്തും നിസ്സാരമാക്കി ബാലചന്ദ്രൻ ചുള്ളിക്കാട് സ്വന്തം വഴിക്കു നടന്നകന്നു...

ആശുപത്രിയിൽ സന്ദർശന സമയമായപ്പോൾ റാണിക്കു മുമ്പേ ബന്ധു മുറിയിൽ കയറി. അച്ഛനോട് ബാലചന്ദ്രനെ കണ്ടതും സംസാരിച്ചതുമായ കാര്യങ്ങൾ വിസ്തരിച്ചു പറഞ്ഞു...

അമ്മയേം റാണിയേം വീട്ടിൽ വന്ന് തല്ലണമെന്ന് അച്ഛൻ ബാലനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ബാലൻ സമ്മതിച്ചിട്ടുമുണ്ട്. എന്നാൽ വരികയോ അടിക്കുകയോ ഉണ്ടായിട്ടില്ല. അതേ ബാലൻ എൻറെ മേൽവിലാസവും ഫോൺ നമ്പറും അച്ഛൻ ജോസഫിനു കൈമാറിയപ്പോൾ അച്ഛനെ ശരിപ്പെടുത്തുമെന്ന് ചീത്ത വിളിച്ചിട്ടുമുണ്ട്.

ബാലചന്ദ്രൻ ചുള്ളിക്കാട് എന്ന പദം അച്ഛനെ അഗാധമായി വിഷമിപ്പിച്ചിരിക്കണം. നാട്ടുകൂട്ടങ്ങളുടെ നാവിളക്കലിനും ലോകത്തിൻറെ നിർദ്ദയത്വത്തിനുമായി അച്ഛൻ കൈയൊഴിഞ്ഞ ജീവിതങ്ങൾ മുന്നിൽ നിരന്നിരിക്കണം.സ്നേഹോഷ്മളമായ സുരക്ഷിതത്വവും പ്രപഞ്ചം മുഴുവൻ ഒന്നിച്ചെതിർത്താലും നല്കേണ്ടിയിരുന്ന ഉറച്ച പിന്തുണയും ആ ജീവിതങ്ങൾക്ക് നല്കിയില്ലെന്ന് അച്ഛൻ ഓർമ്മിച്ചിരിക്കണം. അച്ഛനായതിൻറെ മാനസികവും ആത്മീയ വും ശാരീരികവുമായ ഉത്തരവാദിത്തം നിർവഹിച്ചില്ലല്ലോ എന്ന ഉൽക്കണ്ഠ അദ്ദേഹത്തെ നീറ്റിയിരിക്കണം. എത്ര ഏകാന്തവും ഭീകരവും ദയനീയവുമായിരുന്നു അച്ഛൻ റെ മുന്നിൽ നിരന്ന ജീവിതങ്ങളെന്ന് അവയുടെ കണ്ണീരുപ്പിട്ട വേദനയുടെയും അപമാനത്തിൻറെയും രക്തച്ചാലുകളെന്ന് അച്ഛൻ അന്നേരം നടുങ്ങിയിരിക്കണം.

അപ്പോൾ ഉണ്ടായത്... അത്.. അത്..
അതൊരു മാസ്സീവ് അറ്റാക്കായിരുന്നു. ആ നിമിഷം തന്നെ അച്ഛന് ബ്രെയിൻ ഡെത്ത് സംഭവിച്ചു.

റാണിക്ക് അച്ഛനെ ജീവനോടെ പിന്നെ കാണാൻ കഴിഞ്ഞില്ല.

മാതാ അമൃതാനന്ദമയി ആശുപത്രിയിൽ വന്ന സമയമായതുകൊണ്ട് അവിടെ ഗംഭീരമായ ഭജന നടക്കുകയായിരുന്നു. അച്ഛനിൽ ഘടിപ്പിച്ചിരുന്ന യന്ത്രങ്ങൾ അവയുടെ ധർമം നിർവഹിക്കാതിരുന്നില്ല. ഭജന കഴിഞ്ഞാണ് അച്ഛനെ കാർഡിയാക് ഐ സി യൂ വിലേക്ക് മാറ്റിയത്.

അച്ഛനെ ഐ സി യൂ വിലേക്ക് മാറ്റി എന്നു മാത്രമേ റാണിക്ക് അന്നേരം അറിയാനായുള്ളൂ. അച്ഛന്റെ ബന്ധു അപ്പോഴാണ് ബാലചന്ദ്രനെപ്പറ്റി പറഞ്ഞത്.

അവൾ കാത്തിരുന്നു.

രാവിലെയാണ് അവൾ അച്ഛൻ മരിച്ചുവെന്ന് അറിയുന്നത്. അച്ഛന്റെ സഹോദരിമാരുടെ മക്കളാണ് അവളെ വിവരമറിയിച്ചത്.

അമ്മയെ വിവരമറിയിക്കാൻ ജയ്ഗോപാൽ അവൾക്ക് കൂട്ടു പോയി. അവരെ കണ്ടപ്പോൾ തന്നെ അമ്മ കാര്യം മനസ്സിലാക്കിയിരുന്നു.

ഭാഗ്യക്കും കുഞ്ഞിനും പിറ്റേന്നു മാത്രമേ എത്താനാകുമായിരുന്നുള്ളൂ. അതുകൊണ്ട് അച്ഛന്റെ മൃതശരീരം തൃശൂരിലെ എലൈറ്റ് ഹോസ്പിറ്റൽ മോർച്ചറിയിൽ സൂക്ഷിച്ചു.

ഞങ്ങളുടെ അടുത്ത പരീക്ഷണഘട്ടങ്ങൾക്ക് അങ്ങനെ തുടക്കമായി.

1 comment:

Cv Thankappan said...

ഹൃദയസ്തംഭനം!!!
ആശംസകൾ