Wednesday, June 24, 2020

വേപ്പിലക്കട്ടി

                   

എനിക്ക് പരിചയമുള്ള വേപ്പിലക്കട്ടി

ഇന്നലെ കറിവേപ്പിലപ്പൊടിയെ പ്രദർശിപ്പിച്ച് ലേശം പൊങ്ങച്ചമടിച്ചപ്പോൾ ഇതല്ലേ

 വേപ്പിലക്കട്ടീന്ന് പലരും ചോദിച്ചു.

എൻറെ പരിചയത്തിലുള്ള ആ ചങ്ങാതി ഇങ്ങനെയാണ്...

തൃക്കൂര് എടാട്ടുംപുള്ളി എന്ന ഒരു വീടുണ്ടായിരുന്നു. അവിടെയാണ് ച്യവനപ്രാശം നിർമ്മിക്കുന്നതിൽ അമ്മീമ്മയുടെ സഹായികളായിരുന്ന ജാനകിയമ്മയും ശങ്കരൻ നായരും പാർത്തിരുന്നത്. അവരുടെ മകൻ വിശ്വനാഥൻ എന്നേയും റാണിയേയും ഒന്നിലും രണ്ടിലും ട്യൂഷൻ പഠിപ്പിച്ചിട്ടുണ്ട്. വിശ്വനാഥൻ മാഷ് അന്ന് പത്താം ക്ളാസ്സ് ജയിച്ച് ടൈപ്പ് റൈറ്റിംഗും ഷോർട്ട് ഹാൻഡും പഠിക്കുന്ന ഒരു പതിനേഴുകാരനായിരുന്നു. അദ്ദേഹത്തിന്റെ ചേച്ചി രത്‌ന അമ്മീമ്മ യുടെ വീട്ടുസഹായിയുമായിരുന്നു.

എടാട്ടുംപുള്ളി വീട്ടിൻറെ മുറ്റത്താണ് വലിയൊരു വടുകപ്പുളി നാരകമുണ്ടായിരുന്നത്.

ഇടയ്ക്കിടെ ആ ഇലകൾ പറിച്ച് അമ്മീമ്മ ഉണ്ടാക്കിത്തന്നിരുന്നതാണ് വേപ്പിലക്കട്ടി. കറിവേപ്പില തണ്ടുകളും നാരകത്തിലയുടെ ഞരമ്പുകളും പച്ചമുളകും ഇഞ്ചിയും കൂടി ഉരലിൽ ഇടിച്ചു കലക്കിയത് ചേർത്താണ് വൈക്കത്തപ്പൻറെ അമ്പലത്തിൽ സംഭാരമുണ്ടാക്കുന്നതെന്ന് കേട്ടിട്ടുണ്ട്. ഞാൻ അമ്പലത്തിലെ സംഭാരം കുടിച്ചിട്ടില്ല. പക്ഷേ, അമ്മീമ്മ ഇവയെല്ലാം അമ്മിയിൽ വെച്ചു ചതച്ച് സംഭാരമുണ്ടാക്കിത്തരുമായിരുന്നു. ഉന്മേഷവും ഉണർവ്വും നല്കുന്ന രുചികരമായ ഒരു പാനീയമായിരുന്നു അത്.

വേപ്പിലക്കട്ടിയിൽ വടുകപ്പുളി നാരകത്തിൻറെ നടു ഞരമ്പ് നീക്കിയ തളിരില, ( ഇല രണ്ടായി മടക്കി ഞരമ്പ് വിട്ട് കീറി എടുക്കുക ), കുറച്ച് കറിവേപ്പില, ഇഞ്ചി, പുളി, ഉപ്പ് എന്നിവ പച്ചക്കും അയമോദകം, കായം, ചുവന്നമുളക് എന്നിവ വറുത്തും ലവലേശം വെള്ളമില്ലാതെ പൊടിച്ച് ഒന്നിച്ച് ചേർത്തിളക്കി ചെറിയ ഉണ്ടകളായി തയാർ ചെയ്യുക

അച്ചാറിൻറെ ഫലമാണ് വേപ്പിലക്കട്ടിക്ക്. ഉഴുന്നില്ലാത്ത അരിദോശക്ക് സൈഡ് ഡിഷായി അല്പം വെളിച്ചെണ്ണ ചാലിച്ച് ഉപയോഗിക്കാം. തൈർസാദത്തിന് സൈഡ് ഡിഷാകുമ്പോൾ എണ്ണ ചാലിക്കേണ്ട. സംഭാരത്തിലും വേപ്പിലക്കട്ടി ഇളക്കിച്ചേർത്ത് കുടിക്കാം.

ഞാൻ ഇപ്പോൾ ഉണ്ടാക്കിയിട്ടില്ല. അതുകൊണ്ട് പടം ഇല്ല.

വടുകപ്പുളി നാരകത്തിൻറെ ഇല കിട്ടാൻ ഒരു വഴിയും തെളിഞ്ഞിട്ടില്ല... അതാണ് ഉണ്ടാക്കാത്തത്..

കരുവേപ്പലൈ പൊടി..
സൂട് സാദത്തിലെ തുളി നെയ് ക്കൊപ്പം സാപ്പട്ട് പാരുങ്കൾ.. പ്രമാദമാ ഇരുക്കും. അപ്പളാം കൂടെ ഇര്ന്താ ജോർ..

കറിവേപ്പില പൊടീന്നേയ്..

അദ്ദാണ് കാര്യം.

ഉഴുന്ന് പരിപ്പ് അരക്കപ്പ്, ഒരു വലിയ സ്പൂൺ കടലപ്പരിപ്പ്, കാൽ കപ്പ് നാളികേരം ചിരവിയത്, നാലഞ്ചു കപ്പ് കറിവേപ്പില, ആവശ്യത്തിന് കുരുമുളക്, കുറച്ച് പുളി, ഒരു വലിയ കഷണം ഇഞ്ചി, കുറച്ചു കായം, വേണ്ടത്ര ഉപ്പ്. ( കായത്തിന് പകരം ഇഷ്ടമുള്ളവർക്ക് വെളുത്തുള്ളി ചേർക്കാം ).

എല്ലാം ഓരോന്നായി പ്രത്യേകം പ്രത്യേകം വറുത്തുകോരുക. പുളിയും ഇഞ്ചിയും കായവും മാത്രം അല്പം നല്ലെണ്ണയിൽ വറുക്കുക. ബാക്കിയെല്ലാം ഓട്ടുവറവ് മതി. ഉപ്പും ചേർത്ത് പൊടിച്ച് ഭദ്രമായി അടച്ച് സൂക്ഷിക്കുക.

ചൂടുചോറിനൊപ്പം ശകലം നെയ്യോ വെന്ത വെളിച്ചെണ്ണയോ ചേർത്ത് കറിവേപ്പില പൊടിയും കുഴച്ച് അപ്പളാമും (അരി പപ്പടം) കൂട്ടിക്കഴിക്കുക..

പരിപ്പ്പൊടിയും, കറിവേപ്പിലപ്പൊടിയും, കാണം (മുതിര)പൊടിയും എല്ലാം തന്നെ ഊണിൻറെ സ്റ്റാർട്ടറുകൾ ആണ്. കുറെ വിഭവങ്ങൾ ഉള്ളവർക്ക്. അല്ലാത്തവർക്ക് ചോറും ഇത്തരം പൊടികളും ആഹാരത്തിൻറെ മെയിൻ കോഴ്സ് തന്നെ. കർണാടകയിലും ആന്ധ്രയിലും തമിഴ് നാട്ടിലും ഇവ പ്രശസ്തമാണ്..

ഈ പൊടി ഉണ്ടാക്കിയാൽ അടുക്കള രണ്ടു ദിവസത്തേക്ക് കറിവേപ്പിലയുടെ രുചികരമായ സുഗന്ധത്തിൽ മുങ്ങിയിരിക്കും.

ഞാൻ ഉണ്ടാക്കിയ കറിവേപ്പില പൊടി.

Monday, June 22, 2020

ചൊക്ളി 23 
ആലൂര് സെൻററിലെ ചുടുകാട്ടിൽക്കാണ് രവ്യേട്ടനെ കൊണ്ടോയിത്. അന്തോണി മാപ്ളേരെ മൂത്തോൻ പ്രാഞ്ചീസും പപ്പിനീം ചൊക്ളീം കൂട്യാണ് രവ്യേട്ടനെ ചോന്നത്. മറിയപ്പാറ അങ്ങാടീന്ന് ചുടുകാട് വരെ നട്ന്നു. പപ്പിനീന് മുന്നില് നടന്നേ..അവള് നെലോളിക്കും.. മൂക്ക് വലിക്കും… കണ്ണ് തൊടയ്ക്കും.. എന്നാലും നട്ക്കും.

അവള് കുത്തീട്ട മാങ്ങാണ്ടീം ചക്കക്കുരൂം ചെല്തൊക്കെ മൊള്ച്ച് വല്താവ്ണ്ട്. തണല് ആവാമ്മാത്തറം ഇല്യ.

പ്രാഞ്ചീസിന് രവ്യേട്ടനെ ഇപ്പോ ങ്ങനെ തോളീ ചോക്കണേന് പിന്നൊരൂസം കപ്പേം പോത്തെറച്ചീം വയ് റ് നെറ് യെ കൊട്ക്കാന്ന് പപ്പിനി പറഞ്ഞ്ണ്ട്.

പ്രാഞ്ചീസ് ഒര് നട്ടപ്രാന്ത്നാ. അന്തോണി മാപ്ളോട് ഒര് കത്തീം പിടിച്ച് തൊള്ളേട്ടു ഒരീസം അങ്ങാടീല് നിന്നട്ട്.

'അപ്പനാന്ന് നോക്ക്ല്യാ.. കത്ത്യാ ൻറെ കയ്യുമ്മേ.. ഇഞ്ഞിങ്ങക്ക് മൊക്ക്ള് ഇണ്ടാവാൻ പറ്റ്ല്ല.. ൻറെ അമ്മ ഇഞ്ഞി പെറ്റ് കെട്ക്കാൻ പറ്റ്ല്ല.'

അന്തോണി മാപ്ള അപ്പളന്നെ വീട്ടിപ്പോയി. നാലൂസം അങ്ങാടീല്ക്ക് വന്ന്ല്ല.. മാപ്ളക്ക് പെയ പോല്യാര്ന്നു.

പ്രാഞ്ചീസ് പീടിയ നോക്കി.. ചോയിച്ചോരൊടൊക്കെ അപ്പൻണ്ട് കുടുമ്മത്ത്ന്ന് മോത്തോക്കിട്ടന്നെ പറ്ഞ്ഞു.

കുരുത്തം കെട്ടോനാ ആ ചെക്കൻന്ന് അങ്ങാടീല് എല്ലര്ക്കും തോന്ന്യേര്ന്നു. പപ്പിനിക്ക് മാത്ത്റേ അവമ്പറഞ്ഞത് ശര്യാന്ന് തോന്നീള്ളോ. തൃസ്സക്കുട്ടീരേ ദണ്ണാണ് അയിൻറെ കാര്യം.. പെറ്റ്പെറ്റ് തൃസ്സക്കുട്ടി പണ്ടാരായീണ്ടാര്ന്നു.

അന്തോണി മാപ്ള പീടിയേല് വന്നിര്ന്നപ്പോ പ്രാഞ്ചീസ് ഒര് തട്ടിക്കൂട്ട് വണ്ട്യായിറ്റ് എറങ്ങി. കിട്ടണ പച്ചക്കറിയോളും കണ്ട കടിച്ചാദി സാനങ്ങളും ഒക്ക്യായിറ്റ്.. പുസ്സകം വായ്ക്കലുണ്ട്..പപ്പിനീരേ പോലന്ന്യാ പ്രാഞ്ചീസിൻറെ തൊള്ളേന്ന് വർത്താനം വരാ.. മ്മള്ക്ക് ഒര് മറോടീം വര്ല്ല തൊള്ളേന്ന്..

ഒര് ആള് അന്നേഴിച്ച് വന്ന്ല്ല. രവ്യേട്ടനെ.. ആര്ക്കും വേണ്ടാത്ത ഒരു തോറ്റോനാര്ന്നില്ല്യേ...പിന്നെ ആരാ വരാ.. രവ്യേട്ടൻ ഇന്നല്ലേങ്ങി നാളെ മരിക്കുന്ന് എല്ലാര്ക്കും അറിയേര്ന്നു. അറിയാഞ്ഞത് ചൊക്ളി… അറിഞ്ഞിട്ടും വിശ്ശൊസിക്കാഞ്ഞത് പപ്പിനി.

പോല്ലീസാര് കൊണ്ടോയി തല്ലിച്ചതച്ച രണ്ട് നസ്കലേറ്റോളും അങ്ങനെ ഇല്യാണ്ടായി. കോടംകരേലെ രാമൻ മാഷും വാര്യം കെണറിൻറോടത്തെ രവ്യേട്ടനും. മാഷേ കാണാല്യാണ്ടായി… രവ്യേട്ടനെ ദേ, കത്തിക്കാമ്പോണ്..

പൊലച്ചേ നേരത്ത് പപ്പിനി ഒറക്കൊറക്കെ ഒച്ചീം വിളീം ഓളീം നെലോളീം കൂട്ടീപ്പോ അവളടെ തള്ളേരെ പേടി പോല്ലീസാര് വരോ.. മ്മള് കൊന്നൂന്ന് പറയ്യോ നാട്ടാരൊക്കെക്കൂടി ഇവടന്നോ ടിക്കോന്നൊക്കേ ആര് ന്നു.

എവടെ?

ഒര് മൻഷൻ വന്ന്ല്ല.

ചൊക്ളി നെലോളിച്ച്ല്ല.. ചത്ത്ത് രവ്യേട്ടനല്ല.. അവനന്ന്യാന്നാ ചൊക്ളിക്ക് തോന്ന്യേ… ചത്തോന് ഒച്ചീം വിളീം നെലോളീം ഇടുക്കാൻ പറ്റോ....സൂക്കടാണ്ച്ചാലും രവ്യേട്ടൻ സൊന്താര്ന്നു. പണി കയിഞ്ഞ്ട്ട് പെട്ടന്നന്നെ വര്ണം. രവ്യേട്ടൻ കുത്തീരിക്ക്ണ്ട് ന്നൊര് വിജാരം.. ഇഞ്ഞി ആര് കുത്തിര്ക്കാനാ.. ചൊക്ളി എങ്ങട്ട് പോയ്യാലും ആര്ക്കെന്ത് തേങ്ങ്യാ..

പപ്പീനീരേ നെഞ്ചത്ത് ഒര് ചവ്ട്ട് കൊടക്കണന്ന് ചൊക്ളിക്ക് തോന്നാണ്ട്ര്ന്ന്ല്ല.അവളടെ കളിമേളാങ്ക കാര്ണം രവ്യേട്ടൻ ങ്ങനെ ചത്ത് പോയി. ന്ന്ട്ട് ഒറ്ക്കെഒറ്ക്കെ തൊള്ളേട്ണ് …

ചുടുകാട്ടിലെത്തീപ്പളക്കും രാമേട്ടൻ എത്ത്യേര്ന്ന് അവ്ടെ. വെറ്കും കൊണ്ടന്ന്ണ്ട്.

നല്ല നട്ടപ്പറ വെയ്ലാര്ന്നോണ്ട് ഉര്കിപ്പോയ്ര്ന്നു രവ്യേട്ടനേം ചോന്ന് നട്ക്ക്മ്പോ..മണ്ണടിച്ചൊറപ്പ്ച്ച നെലത്ത് രവ്യേട്ടനെ കെട്ത്തീട്ട് പപ്പിനീം പ്രാഞ്ചീസും കൂടീണ് വെറകട്ക്ക്യേ.. ചൊക്ളി രവ്യേട്ടന്റട്ത്ത് കുത്തീര്ന്നു. അപ്പോത്തോന്നി, രവ്യേട്ടൻ വിളിക്ക്ണ്ട്..

'ഒന്നുല്ലടാ, ചൊക്ള്യേ..നീയ്യ് പേടിക്കണ്ട്ടാ..ഒക്കേം നടക്കും..'

ചൊക്ളി ആ മോത്തക്കന്നെ സൂക്ഷ്ത്ത്ല് നോക്കി.

ഒന്ന് ചിറിച്ചൂന്ന് തോന്നി രവ്യേട്ടൻ..

ഒക്കെ പെട്ട്ന്നാ കയിഞ്ഞു. പപ്പിനി ആരോടും ഒന്നും ചോയിച്ചില്ല.. വെറക്മ്മേ കെട്ത്ത്മ്പോ മാത്തറം അവള് നെലോളിച്ചു..

പിന്നയ്ക്ക് കണ്ണങ്ങ്ട് പൂട്ടീട്ട് വെറ്ക് വെച്ച് ഓലച്ചൂട്ട് കത്ത്ച്ച് അവ്ള് തീയ്യാ കൊട്ത്തു. ന്നട്ട് നെഞ്ഞത്തടിച്ച് നെലോളിച്ച് രവ്യേട്ടനെ കെട്ത്ത്യേര്ന്നോട്ത്ത്ന്ന് കൊറെ മണ്ണ് വാരി മണ്ടേലും ഇട്ട്. അവള്ടെ തൊണ്ട പൊട്ട്ണ്ടാര്ന്നു

'അന്ത സറ്ക്കാരും പോലീസാരും വന്ത് ശാമ്പലെട്ത്ത് തിന്ന്ട്ടെ..എന്ന നോയാ സകിച്ചേ ആ പാവം.. ഒക്കേം തണ്ണില്ലാമെ പൊരിഞ്ച് ചാകും.'

ആര് ക്കും ഒന്നും മറോടി പറയ്യാൻ പറ്റീല്ല..

സറ്ക്കാരിന് ജീവൻണ്ടായ്ട്ട് വെള്ളല്യാണ്ട് ചാവ് ല്ല. അയിന് ജീവൻ ല്ല. ഓട്ട് കുത്തണ മനിഷേമ്മാര്ക്കാ ജീവൻള്ളത്. സറ്ക്കാര് പണിക്കാര്ക്കാ ജീവൻള്ളത്.

ചുടുകാട്ട്ലെ കെട്ട്ടത്ത്ല് നല്ല നീട്ടത്ത്ല്ള്ള ഒര് കുറ്പ്പ് പുസ്സകണ്ടാര്ന്ന്. അയില് പ്രാഞ്ചീസാ എയ്തിട്ടേ കാര്യങ്ങ്ള്. ചുടുകാട്ട്ലെ സൂച്ചിപ്പാരൻ കുട്ടേട്ടൻ പപ്പിനീനേം കൊണ്ട് വേഗാ കടന്നു പൂവ്വാമ്പറഞ്ഞ് പ്രാഞ്ചീസിനോട്…

പൊറത്ത് എറ്ങ്ങീപ്പൊ ദിനേശ് ബസ്സ് വരണ് ടാര്ന്നു. അയില് കേറി മറിയപ്പാറേല് വന്നെറങ്ങീപ്പോ ചൊക്ളിക്ക് വല്യ വായേല് നെലോളിക്കാന്തോന്നി…

അവൻറെ തൊണ്ട പൊട്ടി..

ഇന്ന് പിതൃദിനം

  
ഇന്ന് പിതൃദിനം..സംഗീത ദിനം...യോഗദിനം

പിതൃദിനത്തിന് കണ്ണന്റെ പടമാവും ഏറ്റവും അനുയോജ്യമെന്ന് എനിക്ക് തോന്നി.

സംഗീത ദിനത്തിനും അതേ...

കാരണം കണ്ണൻ പാടും ...ഫ്ളൂട്ട്, തബല, മൃദംഗം, ഗിറ്റാർ ഇതെല്ലാം ഭേദപ്പെട്ട രീതിയിൽ വായിക്കും.

യോഗദിനത്തിനും പറ്റും..

സൂര്യ നമസ്‌കാരം ഒരു തെറ്റും കൂടാതെ ചെയ്യാനും വിദഗ്ധനാണ് .

ഇനി മുത്തശ്ശൻ ദിനം വരികയാണെങ്കിൽ അന്നും കണ്ണൻറെ പടം ഇടാനാവുമെന്ന പ്രതീക്ഷയിലാണ് ഞാൻ..

പൗത്രിയെ കൈയിലേന്തിയ കണ്ണൻ...
                         

ചില ആന്ധ്രാ രുചിയോർമ്മകൾ

                   

 

വടക്കേ ഇന്ത്യയിലും ചെന്നൈയിലും ആന്ധ്രാക്കാരായ കുറേ കൂട്ടുകാരുണ്ട്. അവരുടെ അമ്മമാരും എൻറെ അടുത്ത കൂട്ടുകാരാണ്. അവരിൽ നിന്നും പഠിച്ചെടുത്ത ചില സൂത്രങ്ങളാണ്. അവർ തന്ന രുചികരമായ ഭക്ഷണത്തിൻറെ സ്നേഹം നിറഞ്ഞ ഓർമ്മകളിൽ നിന്നാണ്..

ചെറുപയർ ദോശയായ പെസറട്ടു , ഇലച്ചീരകളും തുവരപരിപ്പും ചേർത്തുണ്ടാക്കുന്ന പപ്പുചാറു, പൊട്ടലക്കായ(പടവലങ്ങ) ബജി, ഗൊംഗൂര ചട്നിയും അച്ചാറും, ആവക്കായ് അച്ചാറ്, ചിന്തക്കായ (പച്ചപ്പുളി) വിഭവങ്ങൾ, പരിപ്പ് പൊടി എന്നിങ്ങനെ ചിലത്..

ആദ്യം പരിപ്പ് പൊടി.

ഇത് തമിഴ് രീതിയിൽ അമ്മീമ്മ വീട്ടിലുണ്ടാക്കുമായിരുന്നു. വളരെ ലളിതമായി..

തുവരപ്പരിപ്പും ചുവന്നമുളകും പ്രത്യേകം വറുത്ത് ഉപ്പു ചേർത്ത് പൊടിച്ചെടുക്കുക. ചിലപ്പോൾ കറിവേപ്പിലയും കുരുമുളകും ഇഞ്ചിയും കായവും കൂടി ഒപ്പം വറുത്ത് പൊടിക്കും. ചൂടു ചോറിൽ ഈ പൊടിയും അല്പം നെയ്യും ചേർത്താൽ കഴിക്കാൻ നല്ല രുചിയാണ്.

അതു പോട്ടേ...

ആന്ധ്രാ പരിപ്പ് പൊടി.

തുവരപ്പരിപ്പ് ഒരു കപ്പ്, ഉഴുന്നു പരിപ്പ്, കടലപ്പരിപ്പ്, പൊട്ടു കടല, നിലക്കടല ഇവയെല്ലാം കാൽ കപ്പ് വീതം എടുത്ത് ഓരോന്നായി ഓട്ടുവറവിടുക (എണ്ണയില്ലാത്ത വറവ്). ചുവന്ന മുളക് ആന്ധ്രക്കണക്കിന് മുപ്പതാണ്. ഇരുപത്തഞ്ചു സാധാരണ ചുവന്ന മുളകും അഞ്ച് പിരിയൻ ചുവന്ന മുളകും. എന്നിട്ടു ഉഷാറായി ഓട്ടുവറവിടുക. അടുത്തത് വലിയ കഷണം ഇഞ്ചി, ഒരു നെല്ലിക്കയോളം പുളി, കായം, കറിവേപ്പില ഇവയെല്ലാം പ്രത്യേകമായി നല്ലെണ്ണയിൽ നന്നായി മൂപ്പിക്കുക. പുളി എണ്ണയിൽ നന്നായി പൊരിയും. വെളുത്തുള്ളി ചേർക്കുകയാണെങ്കിൽ കായം ആവശ്യമില്ല. അല്പം തേങ്ങയും വേണമെങ്കിൽ വറുത്ത് ചേർക്കാം.

എല്ലാം നന്നായി പൊടിച്ച് ഉപ്പും ചേർത്തിളക്കി വായു കടക്കാത്ത പാത്രത്തിൽ അടച്ചു സൂക്ഷിക്കുക. ചൂടു ചോറിൽ നെയ്യോ, വെന്ത വെളിച്ചെണ്ണയോ സഹിതം ഈ പൊടിയും അപ്പളാം എന്ന അരിപ്പപ്പടവും കൂട്ടി കഴിക്കാം.

ചിന്തക്കായ വിഭവങ്ങൾ

നമ്മുടെ പച്ചക്കോൽപ്പുളിയാണ് അവരുടെ ചിന്തക്കായ. പുളിങ്കുരു ഉറയ്ക്കും മുമ്പേയുള്ള ഇളം പ്രായമാവണം പച്ചപ്പുളിക്ക്. അത് പറിച്ച് കഴുകി ഉപ്പും ആന്ധ്രയിലെ ഉഗ്രമായ വെയിലത്ത് ഉണക്കിയെടുത്ത മഞ്ഞൾപ്പൊടിയും (എന്നു വെച്ചാൽ തീരെ വെള്ളമയം ഇല്ലാത്ത മഞ്ഞൾപ്പൊടി എന്നർത്ഥം) ചേർത്ത് ഇടിച്ച് വെക്കുക. പച്ചപ്പുളിയെ അഞ്ചാറു കഷണമായി മുറിച്ച് മിക്സീലിട്ട് കറക്കിയാലും മതി. എന്നിട്ട് ഒട്ടും വെള്ളമയമില്ലാത്ത ഭരണിയിലാക്കി മുറുകെ അടച്ച് സൂക്ഷിക്കുക. അടുത്ത വർഷത്തെ ചിന്തക്കായ വരും വരെ ഭരണിയിലിരിക്കുന്ന ഈ വിദ്വാൻ കേടാവില്ല.

ഇതാണ് പച്ചടി,ചമ്മന്തി ഒക്കെയായി ചോറിൻറെ ഒപ്പം അവതരിക്കുക.

ചിന്തക്കായ, അല്പം തൈര്, കുറച്ച് സവാള അരിഞ്ഞത്, കടുകും, ജീരകവും മുളകും കറിവേപ്പിലയും വറുത്തിട്ടത് ...ഇങ്ങനെ ഒരു എളുപ്പപ്പച്ചടി ഉണ്ടാക്കാം. വെളുത്തുള്ളി വേണമെങ്കിൽ വറുത്ത് ചേർക്കാം.

ചിന്തക്കായ, ഉഴുന്നുപ്പരിപ്പ്, നിലക്കടല, ചുവന്നമുളക്,സവാള, അല്പം നാളികേരം, കറിവേപ്പില ഒന്നിച്ചരച്ച് ചമ്മന്തി ഉണ്ടാക്കാം.

ചിന്തക്കായ, പച്ചമുളക്, മല്ലിയില, പുതിനയില നിലക്കടല വറുത്തത് എല്ലാം തരുതരുപ്പായി അരച്ച് എണ്ണയിൽ മൂപ്പിച്ച് വേവിച്ച പച്ചരി കൂട്ടിച്ചേർത്തു ഉലർത്തി സവാളയും പപ്പടവും മധുരമുള്ള ഏതെങ്കിലും അച്ചാറും കൂട്ടി കഴിക്കാം...

ഞാൻ നിർമ്മിച്ച ആന്ധ്രാ സ്റ്റൈൽ പരിപ്പ് പൊടിയുടെ പടം...

Sunday, June 21, 2020

ജീവിതമാണ് എന്ന പുസ്തകത്തിൽ നിന്ന്...ആഹാരത്തിൻറെ സവിശേഷത മനുഷ്യരുടെ ശീലമാണ്. ഒരാഹാരവും മറ്റൊന്നിനേക്കാൾ ശ്രേഷ്ഠമല്ല. ഒട്ടകപ്പാലും യാക്കിൻറെ പാലും കഴുതപ്പാലും കുതിരപ്പാലും പശുവിന്റെ പാലും തമ്മിൽ ശ്രേഷ്ഠതയിൽ വ്യത്യാസമില്ല. ലഭ്യതയിലും ശീലത്തിലും ആണ് മാറ്റം. നമ്മൾ ... നാം.. ഞാൻ അതാണ് കേമം എന്നാണ് ഓരോ മനുഷ്യരും പൊങ്ങച്ചപ്പെടുന്നത്. ആ പൊങ്ങച്ചവും അതനുസരിച്ച് മനുഷ്യരെ വേർതിരിക്കുന്നതുമാണ് പ്രശ്നം.

മനുഷ്യ ശരീരത്തിന് ദഹിപ്പിക്കാൻ കഴിയുന്ന ഏതു ആഹാരവും മനുഷ്യർക്ക് ശ്രേഷ്ഠമാണ്... ആവണം.

അത്രയേയുള്ളൂ ആഹാരമഹത്വം...

സുവർണ

നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണങ്ങളുമായി ചേര്‍ത്ത് സുഗന്ധമെന്ന വാക്ക് എന്നോട് ആദ്യം ഉപയോഗിച്ചത് സുവര്‍ണയാണ്.
അതുവരെ ഇറച്ചിക്കും മീനിനുമൊപ്പം 'ഉളുമ്പ് മണ'മെന്ന വാക്കോ അല്ലെങ്കില്‍ 'നാറ്റ'മെന്ന വാക്കോ ആയിരുന്നു ഞാന്‍ പരിചയിച്ചിട്ടുള്ളത്.

അനുഗൃഹീതയായ ഹിന്ദുസ്ഥാനി ഗായികയാണ് സുവര്‍ണ. ദൈവം സ്വന്തം ശബ്ദം പകുത്തു നല്‍കിയാണ് സുവര്‍ണയെ ഈ ഭൂമിയിലേക്ക് ഇറക്കി വിട്ടത്.

കണ്ണന്‍റെ വാസ്തുശില്‍പിയായ സുഹൃത്ത് സുവര്‍ണയുടെ സഹോദരനാണ്. അടിമുടി കലാകാരനായ ആ ബംഗാളി സുഹൃത്തിനും ഒട്ടേറെ പ്രത്യേകതകളുണ്ട്.
കുലീനത എന്ന വാക്കിന്, എന്‍റെ മനസ്സില്‍ ആ സുഹൃത്തിന്‍റെ രൂപമാണ്. ഇംഗ്ലീഷിലും ഹിന്ദിയിലും ബംഗാളിയിലുമുള്ള ഏതു വാക്കും അദ്ദേഹത്തിനറിയും. അസാധാരണമായ ഭാഷാനൈപുണ്യവും അസൂയാവഹമായ പദസ്സമ്പത്തുമായിരുന്നു ഈ ഭാഷകളില്‍ അദ്ദേഹത്തിനുണ്ടായിരുന്നത്. ആ വിരലുകളില്‍ ദൈവം ചിത്രങ്ങളായി, ഡിസൈനുകളായി ജീവിച്ചിരുന്നു. വാസ്തുവിദ്യ പഠിച്ച ആര്‍ക്കും വീടു വരയ്ക്കാനാവും.. അല്‍പം ശ്രദ്ധിച്ചാല്‍ തെറ്റില്ലാത്ത കൊള്ളാവുന്ന ഡിസൈനുകള്‍ ചെയ്യാനുമാവും. എന്നാല്‍ സുവര്‍ണയുടെ സഹോദരന്‍ വരയ്ക്കുന്ന വീടുകളില്‍, ചെയ്യുന്ന ഡിസൈനുകളില്‍, കുറ്റങ്ങളും കുറവുകളുമില്ലെന്നു മാത്രമല്ല , ഈശ്വരന്‍ ആഹ്ലാദത്തോടെ പുഞ്ചിരിക്കുന്നതും, തറയുടെയും ചുവരുകളുടേയും മേല്‍ക്കൂരയുടേയും താളമായി ലയമായി ആ പുഞ്ചിരി സ്വച്ഛന്ദം ഒഴുകുന്നതും നമുക്ക് കാണാം..

ദില്ലിയില്‍ എല്ലാ നവംബര്‍ മാസങ്ങളിലും ഇന്‍റര്‍ നാഷണല്‍ ട്രേഡ് ഫെയര്‍ നടക്കാറുണ്ട്. ചെലവ് കുറഞ്ഞ ഗൃഹനിര്‍മ്മാണ രീതികള്‍ അതില്‍ പ്രദര്‍ശിപ്പിക്കുമായിരുന്നു. ആ സ്റ്റാളുകള്‍ അനവധി വര്‍ഷങ്ങള്‍ തുടര്‍ച്ചയായി കണ്ണന്‍റെ ചുമതലയിലായിരുന്നു. ആ പ്രദര്‍ശനങ്ങളിലെ ഞങ്ങളുടെ കഠിനാധ്വാനത്തിനു പല വര്‍ഷങ്ങളിലും സ്വര്‍ണമെഡലുകള്‍ ലഭിച്ചിരുന്നു.

ഇരുപതു ദിവസങ്ങളായിരുന്നു പ്രദര്‍ശനങ്ങളുടെ തയാറെടുപ്പിനു വേണ്ടി കിട്ടിയിരുന്നത് .മൂന്നു ഷിഫ്റ്റുകളിലായി നിരന്തരമായി ജോലി ചെയ്തുകൊണ്ടാണ് ആ ജോലി ഞങ്ങള്‍ പൂര്‍ത്തീകരിച്ചിരുന്നത്. നവംബര്‍ മാസത്തില്‍ ദില്ലി തണുക്കാനാരംഭിക്കും. രാത്രികാലങ്ങളില്‍ ചെയ്യുന്ന സിമന്‍റു പണികള്‍ രാവിലെ ആയാലും സെറ്റ് ആവുകയില്ല. കുമ്മായച്ചാന്ത് വലിയുകയില്ല. പലപ്പോഴും വലിയ ബ്ലോവറുകള്‍ ഉപയോഗിച്ച് വീശി ഉണക്കിയിരുന്നു. എങ്കിലും എല്ലാ പ്രയാസങ്ങള്‍ക്കുമിടയിലും ഒരു ഉല്‍സവം പോലെ സന്തോഷത്തോടെ, വാസ്തുശില്‍പികളും മേസന്മാരും മെയ്ക്കാടു പണിക്കാരും ആ ദിനരാത്രങ്ങള്‍ പ്രഗതി മൈതാനില്‍ ചെലവാക്കുമായിരുന്നു.

നവംബര്‍ 14 നു രാവിലെ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്ന ആ പ്രദര്‍ശനം സുരക്ഷാക്രമീകരണങ്ങള്‍ക്കായി 13നു അര്‍ദ്ധരാത്രിയ്ക്കു മുന്‍പ് തന്നെ ജോലി പൂര്‍ത്തിയാക്കി സുരക്ഷാഭടന്മാര്‍ക്കായി വിട്ടുകൊടുക്കണമെന്നാണ് നിയമം. എന്നാല്‍ ഒരിക്കലും പണി സമയത്തിനു തീരുകയില്ല. അറ്റന്‍ഷനില്‍ ഫാളിന്‍ ആവുന്ന തോക്കേന്തിയ ഭടന്മാര്‍ക്കു നടുവില്‍ നിന്നുകൊണ്ട് അവസാന മിനുക്ക് പണികള്‍ തീര്‍ക്കാറാണ് എപ്പോഴും പതിവ്.

അന്നു രാത്രി ജോലിക്കാര്‍ക്കെല്ലാമുള്ള ഭക്ഷണം തയാറാക്കുന്നത് എന്‍റെ അനൌദ്യോഗിക ജോലിയായിരുന്നു. കുറേയേറെ ചപ്പാത്തികളും ഒന്നോ രണ്ടോ തരം സബ്ജിയും പുലാവും എന്തെങ്കിലും മധുരവും ( മിക്കവാറും ക്യാരറ്റ് ഹല്‍വ ആയിരിക്കും ) ആണു സ്ഥിരം മെനു. ഞാന്‍ ഭക്ഷണം തയാറാക്കിക്കൊണ്ടു ചെല്ലുന്നത് വലിയൊരു അംഗീകാരവും സ്നേഹവുമായി അവര്‍ കണ്ടിരുന്നു. ജോലി ക്ഷീണവും ഉറക്കവും ഭാരമേറ്റിയ, അവരുടെ കുഴിഞ്ഞ കണ്ണുകളില്‍ സ്ഫുരിക്കുന്ന ആ കൃതജ്ഞത എനിക്കൊരിക്കലും മറക്കാന്‍ കഴിയില്ല. അവര്‍ക്കൊന്നും പൊതു മതവും ജാതിയുമായ ദാരിദ്ര്യമൊഴിച്ച് വേറൊരു ജാതിയോ മതമോ ഉണ്ടായിരുന്നില്ല.

അങ്ങനെ ഒരു നവംബര്‍ 13 രാത്രി ഭക്ഷണ സമയമായിരുന്നു..

കുറെ അധികം മല്‍സ്യം വറുത്തതും കുറച്ചു ബീഫ് കട് ലറ്റുമുണ്ടായിരുന്നു അന്നു ചപ്പാത്തിയ്ക്ക് ഒപ്പം... പിന്നെ ബട്ടര്‍ചിക്കന്‍...

പൂര്‍ണ സസ്യഭുക്കുകള്‍ക്കായി മട്ടര്‍ പനീറും മിക്സ്ഡ് വെജിറ്റബിളും..
മധുരത്തിനു സ്ഥിരം ഐറ്റമായ ക്യാരറ്റ് ഹല്‍വ ...

സഹോദരന്‍റെ അനുഗൃഹീതമായ ഡിസൈനുകളിലെ മിനുക്കു പണികാണാനും എല്ലാവര്‍ക്കുമൊപ്പം ആഹാരം കഴിക്കാനുമായി സുവര്‍ണയും വന്നു.

സുവര്‍ണ ഒരു ഭജനും പിന്നെ ഒരു ഗസലും ആലപിച്ച് എല്ലാവരേയും ഹര്‍ഷപുളകിതരാക്കി..

സംഗീതത്തിനു ശേഷം എല്ലാവരും ഭക്ഷണം കഴിച്ചു തുടങ്ങി.. എനിക്കൊപ്പം ഒടുവിലാകാമെന്ന് സുവര്‍ണ സ്വന്തം സഹോദരനും കണ്ണനും തടിച്ച മീന്‍ കഷണങ്ങളും ചിക്കനും ഒക്കെ പ്രത്യേകം തെരഞ്ഞെടുത്ത് വിളമ്പിക്കൊണ്ട് നല്ല ആതിഥേയയായി ...

കൂട്ടത്തില്‍ പറയട്ടെ , തികഞ്ഞ മാംസഭുക്കായി , മട്ടണും ബീഫും പോര്‍ക്കുമൊക്കെ ഇഷ്ടം പോലെ കഴിച്ചു വളര്‍ന്ന സുവര്‍ണ വിവാഹം കഴിച്ചത് ഒരു പൂര്‍ണ സസ്യഭുക്കായ ഗുജറാത്തി ബ്രാഹ്മണനെയായിരുന്നു. ഗാഢമായ പ്രണയത്തില്‍ അകപ്പെട്ടു പോയ സുവര്‍ണയ്ക്ക് സവാളയും വെളുത്തുള്ളിയും പപ്പായയും പോലെയുള്ള 'താമസിക' സസ്യാഹാരങ്ങള്‍ കൂടിയും ഒഴിവാക്കിക്കൊണ്ടുള്ള ജീവിതത്തെ പറ്റി വലിയ ഉല്‍ക്കണ്ഠയൊന്നും ആ പ്രണയകാലത്ത് തോന്നിയില്ല.
പക്ഷെ, പിന്നീട് സഹോദരനെ കാണാന്‍ തനിയെ വരുമ്പോഴെല്ലാം ബീഫും ചിക്കനും മട്ടനും പോര്‍ക്കും മീനുമെല്ലാം വയറു നിറയെ കഴിച്ച് സ്വന്തം രുചി മുകുളങ്ങളെ ആവുംവിധമെല്ലാം സാന്ത്വനപ്പെടുത്തുമായിരുന്ന സുവര്‍ണയിലെ മാംസഭുക്കിനെ കണ്ട് എനിക്ക് സങ്കടം വന്നിട്ടുണ്ട്. പാവം തോന്നിയിട്ടുണ്ട്.

പ്രണയം ഒരുവളെക്കൊണ്ട് എന്തെല്ലാം ചെയ്യിക്കുന്നുവെന്ന് അപ്പോഴൊക്കെ ഞാന്‍ അതിശയിച്ചിട്ടുണ്ട്.

അന്നത്തെ ആ രാത്രി ഭക്ഷണത്തിനായി മല്‍സ്യം വറുത്തത് ബംഗാളി രീതിയില്‍ നാരങ്ങാ നീരും മഞ്ഞളും ഉപ്പും കടുകു പേസ്റ്റും പുരട്ടിയായിരുന്നു. മലയാളികളെപ്പോലെ ബംഗാളികള്‍ മല്‍സ്യത്തിന്‍റെ തൊലിയും കൊച്ചുകൊച്ചു ചെതുമ്പലുമൊന്നും അങ്ങനെ നീക്കം ചെയ്യാറില്ല. എപ്പോഴും വെള്ളത്തില്‍ ജീവിക്കുന്ന നല്ല വൃത്തിയുള്ള മല്‍സ്യത്തിനെ ഇത്ര അധികം ഉരച്ചു തൊലി കളയുന്നതും കഴുകുന്നതുമെല്ലാം എന്തിനാണെന്ന് ബംഗാളി ചോദിക്കും.

മല്‍സ്യം ഇഷ്ടമാണെങ്കിലും മലയാളിയായ കണ്ണനു മീനിന്‍റെ തൊലിയോട് അകല്‍ച്ച ഉണ്ടായിരുന്നു. അതുകൊണ്ട് ഭക്ഷണം കഴിഞ്ഞപ്പോള്‍ അദ്ദേഹത്തിന്‍റെ പ്ലേറ്റില്‍ മീന്‍ മുള്ളും തൊലിയും ബാക്കി വന്നു.

സ്വന്തം സഹോദരന്‍റെ പ്ലേറ്റില്‍ അവശേഷിച്ച ചിക്കന്‍ തരികള്‍ നുള്ളിത്തിന്നുന്നതിനിടയില്‍ കണ്ണൻറെ
പ്ലേറ്റിലും സുവര്‍ണയുടെ കണ്ണുകള്‍ എത്തി.

‘ ഇത്ര നല്ല ഭക്ഷണം ഇങ്ങനെ ചുമ്മാ കളയുകയോ’ എന്ന് സുവര്‍ണ കണ്ണനെ കണ്ണുരുട്ടിക്കാണിച്ചു . എന്നിട്ട് ആ മീന്‍ തൊലിയെടുത്തു സ്വാദോടെ ചവയ്ക്കുന്നതിനിടയില്‍ എന്നോട് പറഞ്ഞു...

‘ ക്യാ ഖുശ്ബൂ.. ഹേ നാ.. മച്ഛി, ബീഫ്, ചിക്കന്‍ സബ് കോ ക്യാ ഖുശ്ബൂ ഹെ! മുഝേ വോ ഖുശ്ബൂ ബഹുത് അച്ഛാ ലഗ്താ ഹേ ! ‘
(എന്തൊരു സുഗന്ധം! മല്‍സ്യത്തിനും ബീഫിനും ചിക്കനുമെല്ലാം എന്തൊരു സുഗന്ധമാണ്. എനിക്ക് ആ സുഗന്ധം വളരെ നന്നായി തോന്നുന്നു.)

സ്വന്തം സഹോദരന്‍റെ പ്ലേറ്റില്‍ ബാക്കി വന്നത് കഴിച്ച് വെടിപ്പാക്കിയതു പോലെ കണ്ണന്‍റെ പ്ലേറ്റും സുവര്‍ണ വെടിപ്പാക്കുമെന്ന് ഞാന്‍ തീരേ പ്രതീക്ഷിച്ചില്ല എന്നതാണ് വാസ്തവം.
സുവര്‍ണയ്ക്ക് മറുപടിയായി എല്ലാ വിഭവങ്ങളും പ്ലേറ്റില്‍ വിളമ്പി, ഒരു അമ്മയുടെ വാല്‍സല്യത്തോടെ ഞാന്‍ ക്ഷണിച്ചു ..

‘ സുവര്‍ണ വരൂ , വയറു നിറയെ കഴിക്കു.’

ഭക്ഷണത്തിന്‍റെ പേരില്‍ തര്‍ക്കങ്ങളുണ്ടാക്കുകയും വെറുതേ വാദിച്ചു കഷ്ടപ്പെടുകയും അങ്ങനെ താന്‍ കഴിക്കുന്ന ഭക്ഷണത്തിന്‍റെ മാത്രം ശ്രേഷ്ഠത ഉച്ചൈസ്തരം പ്രഖ്യാപിക്കുകയും ചെയ്യുന്നവരെ കാണുമ്പോള്‍, അവരെപ്പറ്റി വായിയ്ക്കുമ്പോള്‍, എല്ലാം ഞാന്‍ സുവര്‍ണയെ ഓര്‍ക്കും..

ഒപ്പം ആ മീന്‍തൊലിയേയും ആ നവംബര്‍ രാത്രിയേയും.....

ചിരിക്കുന്ന പടം..

Thanuja Bhattathiri പറഞ്ഞതു പോലെ...

ഇത്തിരി വൈകിയത് ക്ഷമിക്കണം..
             

                  
                                                    ജൂൺ 21 ഞായറാഴ്‌ച ഉച്ചയ്ക്കു 12 മണി (Toronto time) മുതൽ ഒരു മണിക്കൂർ നേരം എച്ച്മുക്കുട്ടി വായനാരാമത്തിലെത്തുന്നു.... 
                        

ശ്വാസം നോറ്റ മൂക്ക്മുറിക്ക് ആദ്യമാദ്യം നാലുവശങ്ങളായിരുന്നു. ഇപ്പോൾ എത്ര വശങ്ങളാണെന്ന് തന്നെ മനസ്സിലാവുന്നില്ല. എണ്ണവും മറന്ന പോലേ..

അല്ല, നാല് ആയിരുന്നു..

ഒരു വീതി വശത്ത് ഇരുനിലക്കട്ടിൽ.. മറ്റേ വീതീ വശത്ത് പിന്നേം ഇരുനിലക്കട്ടിൽ.. ഇരട്ടിയുള്ള നീളവശത്ത് ഈരണ്ടു ഇരുനില കട്ടിൽ…

അല്ലല്ലോ.. ആകെ തിരിഞ്ഞു പോയോ?

മുകളിലുള്ള കട്ടിലിലാണ്.. കിടന്നിരുന്നത്. അസുഖം തുടങ്ങിയപ്പോൾ മുകളിലെ കട്ടിലിൽ നിന്ന് ബാക്കി എല്ലാവരും കൂടെ സഹായിച്ച് താഴത്തെ കട്ടിലിലേക്ക് കിടത്തി. താഴെ കിടന്നിരുന്ന ബീഹാറുകാരൻ മുകളിലെ കട്ടിലിൽ കിടന്നു. മാറ്റിക്കിടത്താനൊ തൊടാനൊ ആർക്കും കിറ്റൊ മാസ്ക്കൊ ഒന്നും ആവശ്യമില്ലായിരുന്നു. സാധാരണപോലെ... ആർക്കും ഒരു ഭയവും ഇല്ലാത്ത മാതിരി. എട്ട് പേരും ഇടപഴകി കഴിഞ്ഞു. ഒന്നു രണ്ടുപേർക്ക് ചെറിയ പനി വന്നെങ്കിലും പെനഡോൾ രണ്ടു ദിവസം കഴിച്ചപ്പോൾ സുഖമായി.

ആ ബീഹാറുകാരൻ ..പേര് മറന്നു.. ഇല്ല. ഓർമ്മയുണ്ട്..

ശ്വാസം മുട്ടുന്നു..

അവൻ തന്നെയാണല്ലോ ഇന്നലെ ബംഗ്ലാദേശികളുടെ ചന്തയിൽ നിന്ന് കുബ്ബൂസ് മേടിച്ചു കൊണ്ട് വന്നത്.

അവൻറെ പേര് ഉള്ള ഒരു മന്ത്രി ഉണ്ടായിരുന്നു ദല്ഹീല്.. ഓർമ്മ വരുന്നില്ല..എന്തോ ഒരു പസ്വാൻ..

ആ.. പോട്ടേ…

നാലു കുബ്ബൂസ് .. അല്ല, ഒര് കുബ്ബൂസ് അതിൻറെ ഒരു നുള്ള് തണുത്ത ചായേല് മുക്കിക്കഴിച്ചതാണ് ഇത്തിരി മുമ്പേ..

ഇറങ്ങുന്നില്ല.

അയാൾക്ക് തൊണ്ട പൊട്ടുന്ന പോലെ തോന്നി.

വില്ലയിൽ വേറെ ആരും ഇല്ല..

ചുട്ടുപഴുത്ത മണലിൻറെ ആവിയിലും മന്തുരോഗിയുടെ കാലിലെ ഉണങ്ങാവ്രണം പോലെ തുടുത്തു ചുവന്ന അഡീനിയം പൂക്കളെ കാണാം.

ജീവനുണ്ടെന്ന് തോന്നുന്നത് തന്നെ ആ കാഴ്ചയിലാണ്.

രണ്ടാഴ്ച മുമ്പ് വരെ ഇതൊന്നുമായിരുന്നില്ല സ്ഥിതി. കമ്പനി വേണമെങ്കിൽ അവധി എടുത്തോളാൻ പറഞ്ഞിരുന്നു. ജോലിക്ക് പോയില്ലെങ്കിൽ ശമ്പളം തരില്ല. അതിപ്പോൾ ഏതു രാജാവിന്റെ തീട്ടൂരമാണെങ്കിലും ഏതു സുൽത്താൻറെ കല്പനയാണെങ്കിലും എന്ത് രോഗമാണെങ്കിലും എത്ര പരക്കുന്നതാണെങ്കിലും ജോലി ചെയ്യാതെ ശമ്പളം തരുന്ന പരിപാടിയൊന്നും കമ്പനിക്കില്ല. കുറച്ച് കാലം ജോലിക്ക് പോകാതേ ജീവിക്കാൻ കഴിവുള്ളവർക്ക് അവധി എടുക്കാം. ആ കൂട്ടത്തിൽ പെടാത്തവർക്ക് പോയേ പറ്റൂ.

ആ കൂട്ടത്തിൽ അയാളെങ്ങനെ ഉൾപ്പെടും?

അച്ഛനും അമ്മയും കൂടി വലിയൊരു കുടുംബമുണ്ടാക്കിത്തന്നു. അഞ്ച് അനിയത്തിമാർ.. ഒര് അനിയൻ.. അച്ഛൻ അതോടെ വീണും പോയി.

തെങ്ങിൽ നിന്നാണ് വീണത്. പിന്നെ എണീറ്റിട്ടില്ല.

അന്ന് തുടങ്ങിയ ഭാരം വലിക്കലാണ്. അതുകൊണ്ട് കമ്പനിയിൽ പോയി… എന്തായാലും ശമ്പളം കിട്ടിയേ തീരൂ.

എന്നും ടി വി കാണും. നാട്ടിലെ കരുതലിനെപ്പറ്റി..ചികിത്സാ രീതികളെപ്പറ്റി.. മുഖ്യമന്ത്രി വർത്തമാനം പറയുന്നത് കണ്ണിമ ചിമ്മാതെ കേട്ടിരിക്കും.

മാസ്ക്ക്, ഗ്ളൗസ്, സാനിറ്റൈസർ,കിറ്റ്, കൈകഴുകൽ, ക്വാറൻറൈൻ...പുതിയ പുതിയ വാക്കുകൾ നല്ല പരിചയമായിത്തീർന്നു… ഈ മണൽക്കാട്ടിലെ ഒരു മുറിയിൽ എട്ടും പത്തും പേർ താമസിക്കുന്നിടത്ത് മുഖ്യമന്ത്രി പറയുന്നതൊന്നും നടപ്പിലാവില്ലെന്നോർത്തപ്പോൾ ആദ്യം ചിരി വന്നു..

പിന്നെപ്പിന്നെ ആ പരിപാടിയും എന്നത്തേയും വാർത്ത കാണുന്നതു പോലെയായി.

അയാൾ കൈയെത്തിച്ച് ഇത്തിരി വെള്ളം എടുത്തു.. ഓരോ തുള്ളിയായിട്ടേ ഇറങ്ങുന്നുള്ളൂ. അത്ര വേദനയാണ്.

ഇപ്പോൾ വലിയ മോഹങ്ങളൊന്നുമില്ല.. ഇത്തിരി ശ്വാസം..മതിയാകുംവരെ മൂക്കിലൂടെ ഒന്ന് വലിക്കണം.

ശ്വാസം.. ശ്വാസമാണ് പ്രധാനം. അതു മതി..

ബംഗ്ലാദേശികളെ സമ്മതിക്കണം. എന്തു വന്നാലും പച്ചക്കറിയും മീനും അത്യാവശ്യ സാധനങ്ങളും ഉള്ള ചന്ത ഉണ്ടാകും അവരുടെ. അവർക്ക് ഒന്നിനേം ഭയമില്ല..അതോ ഗതികെട്ടിട്ടാണോ?

അതായിരിക്കും.. ഗതികേടാവും കാരണം.

നാലു അനിയത്തിമാരെ കല്യാണം കഴിപ്പിച്ച് അച്ഛനെ ചികിത്സിപ്പിച്ച് … പത്തിരുപത്തഞ്ച് കൊല്ലമായി ഈ മണൽക്കാട്ടിൽ..ആകെ അഞ്ചു തവണയാണ് നാട്ടിലേക്ക് പോയത്. പോയി വരുന്ന ചെലവ് ആലോചിച്ചാൽ പോകണ്ട എന്നേ തോന്നിയിട്ടുള്ളൂ..

ഇനീം ഉണ്ട് അനിയനും അനിയത്തിയും അച്ഛൻറെ ചികിത്സയും വീടുണ്ടാക്കലും..

എല്ലാം ഓർത്താൽ എവിടെയും പോകാൻ തോന്നില്ല..

തലപൊളിയുന്ന വേദനയുണ്ട്.. തൊണ്ട യും പൊള്ളുന്നു. കൈ കുത്തി എഴുന്നേല്ക്കാൻ ശ്രമിച്ചു. ശരീരം ആകെ തളർന്നിരിക്കുന്നു. കഴുത്തൊടിഞ്ഞതുപോലെ തല കുനിഞ്ഞുകുനിഞ്ഞുപോകുന്നു. കണ്ണ് കനം വെച്ച് തുറക്കാൻ സാധിക്കുന്നില്ല. തളർച്ച കൊണ്ട് ബെഡ്ഡിൽ തന്നെ കുഴഞ്ഞു കിടന്നു..

ഒരിറ്റു ശ്വാസത്തിന് അയാൾ വായും കൂടി തുറന്നു പിടിച്ചു.

വില്ലയിൽ ആരെങ്കിലും വന്നാൽ ഇത്തിരി ചൂടുവെള്ളം ഉണ്ടാക്കിത്തരാൻ പറഞ്ഞുനോക്കാമായിരുന്നു.

ആദ്യമാദ്യം കുറേപ്പേരൊക്കെ അവധിയെടുത്ത് വില്ലയിലിരുന്നു. ദിവസം ചെല്ലുന്തോറും ആ അവധിക്കാരൊക്കെ ജോലിക്കാരായി തന്നെ മാറി. നാട്ടിൽ നിന്ന് ഓരോരോ ആവശ്യങ്ങൾക്കായി കണ്ണീരും ഗദ്ഗദവും ഒച്ച മുറിയലും വേറെ ആരാ ഉള്ളതെന്ന വിങ്ങലും കേൾക്കുമ്പോൾ ജോലിക്ക് പോവാതെയും ശമ്പളം വാങ്ങാതെയും വിശ്രമിക്കാൻ ആർക്കാണ് പറ്റുന്നത്?

കുറച്ചു ദിവസം സാനിറ്റൈസറും മാസ്കും ഒക്കെ വെച്ചിരുന്നു. പിന്നെ അതും കുറേശ്ശേയായി കുറഞ്ഞു.

പത്തു മുറികളുള്ള അടുത്ത വില്ലയിൽ രണ്ടു പേർക്ക് അസുഖം വന്നെന്ന് അറിഞ്ഞപ്പോഴാണ് എല്ലാവരും പിന്നേയും മാസ്ക്കും സാനിറ്റൈസറും ഷെല്ഫിൽ നിന്ന് എടുത്തത്.. ഒരു മുറിയിൽ എട്ടും പത്തും പേർ പാർക്കുമ്പോൾ ഇതുകൊണ്ടൊന്നും ഒരു കാര്യവും ഇല്ലെന്ന് ബോധ്യമില്ലാതെയല്ല. ഒരു ചടങ്ങായിട്ട് മൂന്നാലു ദിവസം ചെയ്തു. ചടങ്ങാവുമ്പോൾ തന്നെ അത് വൈകാതേ അവസാനിക്കും എന്നുറപ്പല്ലേ…

ഒരടുക്കളയും രണ്ടു മൂന്നു കക്കൂസും കുളിമുറിയും ഉപയോഗിച്ച് എൺപതും നൂറും പേർ ജീവിക്കുന്ന വില്ലയിൽ ഇതൊക്കെ ആരെക്കൊണ്ട് സാധിക്കും..

അസുഖവും അത് വന്ന ആ പാവം
ബംഗാളിയുടെ മരണവും കണ്ണിൻറെ മുമ്പിൽ തെളിഞ്ഞപ്പോൾ അയാൾക്ക് വല്ലാതെ നെഞ്ച് വിങ്ങി.

ശ്വാസം മുട്ടിപ്പിടഞ്ഞ് അയാൾ പിന്നേയും മേല്പുര അടരും പോലെ വായ പൊളിച്ചു. എത്ര എളുപ്പത്തിൽ ചെയ്തു പോന്നിരുന്ന ഒരു കാര്യമായിരുന്നു … ഇപ്പോൾ ..സഹിക്കാൻ പറ്റാത്തവിധമായി..

കട്ടിലിൽ പാമ്പ് ഉണ്ടോ.. അയാൾക്ക് പേടിയായി.. ഉറക്കെ കരയണമെന്ന് തോന്നി..എന്താണാവോ ഓരോരോ ഭയങ്ങൾ അരിച്ച് കയറുന്നത്. മരിക്കേണ്ട നേരമായോ? നാശം. പാമ്പ് വന്നാൽ എഴുന്നേറ്റു ഓടാൻ പറ്റില്ല..അയ്യോ.. വില്ലയിലേക്ക് ആരും വരുന്നില്ലല്ലോ..

മയ്യത്ത് കട്ടിലിൽ കിടക്കുമ്പോളെവിടെന്നിന്നാണ് സമയമാം രഥത്തിലെന്ന് കേൾക്കുന്നത്.. അയ്യോ .....ചിത കത്തിക്കാൻ പോകുന്നു..

ബോധം പോവുകയാണോ..

മജീദാണ് പറഞ്ഞത് കമ്പനി എല്ലാവരുടേയും കോൺട്രാക്ട് അവസാനിപ്പിച്ചു. ഇപ്പോൾ എല്ലാവരും നിത്യക്കൂലിക്കാർ മാത്രമാണെന്ന്.. എന്നു വെച്ചാൽ വിമാനക്കൂലിയും കമ്പനി തരില്ല..മെഡിക്കൽ ചെലവും തരില്ല..വില്ലയിലെ താമസവും വേണമെങ്കിൽ കമ്പനിക്ക് നിറുത്താം..

ആരാണ് ? ആരുടേ നിഴലാണ്? മനസ്സിലായില്ല..

മജീദായിരുന്നോ.. ഒരു മലയാളീം കൂടെ ഉണ്ടല്ലോ ഈ മുറിയിൽ.. ആരാണത്? ഏത് നാട്ടുകാരനായിരുന്നു.. ഭാര്യയും മക്കളും ഉള്ള ഒരാൾ.. ഇനി അയാളാണോ പറഞ്ഞത്..

അസുഖമുണ്ടെന്ന് പറഞ്ഞപ്പോൾ ക്വാറൻറൈനിൽ പോവാൻ നിർദ്ദേശിച്ചു കമ്പനി മാനേജർ. വൈകാതെ ആശുപത്രിയിൽ പോകാനും കല്പിച്ചു. ഒറ്റയ്ക്ക് ഒരു മുറി വില്ലയിൽ താമസിക്കുന്ന ആർക്ക് കിട്ടും? എവിടെ കിട്ടും? ഫാമിലിയായി പാർക്കുന്നതു പോലെ അല്ലല്ലോ അത്.. കമ്പനി മാനേജർക്ക് അതറിയേണ്ട.

ഡോക്ടർമാരുടെ കൊച്ചു ക്ളിനിക്കുകളാണ് ചികിത്സക്കുള്ളത്. ആരും ശ്രദ്ധിക്കുക പോലും ഇല്ല. അവർക്കൊക്കെ ആൾക്കാരെ ഒറ്റനോട്ടത്തിൽ അറിയാം. കൈയിൽ പണമുള്ളവനാണോ അല്ലാത്തവനാണോ ...പണമുള്ളവന് എവിടെയും ഒരു പ്രത്യേക സ്ഥാനം തന്നെയാണ്. അവിടെ ഉള്ളത് ശരിക്കും ഡോക്ടർമാരാണോ എന്ന് പോലും അയാൾക്ക് സംശയമുണ്ട്. മജീദും സംശയിച്ചിട്ടുണ്ട്. പറഞ്ഞിട്ടുമുണ്ട്. പെനഡോളിനും കഫ്സിറപ്പിനും അപ്പുറം ഒരു മരുന്നും അവർ എഴുതിയിട്ടുമില്ല..തന്നിട്ടുമില്ല.

കുറേ ദൂരം ബുദ്ധിമുട്ടി യാത്രയും ചെയ്തു വലിയ ആസ്പത്രിയിൽ പോയിരുന്നു, മരിച്ചു പോയ ആ ബംഗാളിയുടെ ഒപ്പം.. ആരാണ് പോയത്?

ശ്വാസം ...ശ്വാസമാണ്… വേണ്ടത്..വായ മുഴുവനും തുറന്നിട്ടും അതു കിട്ടുന്നില്ലല്ലോ..കൈ വീശി ശ്വാസം പിടിച്ച് എടുക്കുമ്പോൾ എന്തോ ഉരുണ്ട്‌ വീണു..

എവിടെയാണ്… മുഖ്യമന്ത്രി സംസാരിക്കുന്നുണ്ടോ.. വിമാനത്തെപ്പറ്റി എന്തോ പറഞ്ഞുവോ?

ഓർമ്മ കിട്ടുന്നില്ല. ഒന്നും മനസ്സിലാവുന്നില്ല.

ആശുപത്രിയിൽ നിന്ന് പട്ടിയേപ്പോലെ ഓടിച്ചത് ..ബംഗാളിയുടെ ഒപ്പം പോയപ്പോഴാണ്. ഇൻഷുറൻസ് ഇല്ലാത്ത അയാൾ മൂന്നാലു ദിവസം കഴിഞ്ഞ് മരിച്ചുവെന്ന് പറഞ്ഞത്….

ആ.. അതേ.. ചായ ഉണ്ടാക്കിത്തന്ന സദൂ..സദൂ..സദാനന്ദൻ.

അപ്പോഴാണ് ആ വില്ല അടച്ചത്. പത്തടിപ്പൊക്കത്തിൽ മതില് കെട്ടിയ വില്ല.. പോലീസ് വന്ന് പൂട്ടി. എല്ലാവർക്കും ക്വാറൻറ്റൈൻ.. അത് കഴിഞ്ഞി റങ്ങുമ്പോൾ ആരൊക്കെയുണ്ടാവും അസുഖമില്ലാതെ.. ആരുടെയൊക്കെ ജോലി ബാക്കിയുണ്ടാകും..ആർക്കും ഒന്നും അറിയില്ല.

അതാണ് അയാൾക്ക് പനിച്ചിട്ടും തലവേദനിച്ചിട്ടും തൊണ്ട വേദനിച്ചിട്ടും ശ്വാസം മുട്ടിയിട്ടും പെനഡോളിനും കഫ്സിറപ്പിനും അപ്പുറം ഒരു ചികിത്സക്കും പോവാത്തത്..

കുറയും..അസുഖം കുറയും.. ബംഗ്ലാദേശികളെപ്പോലെ ധൈര്യമായി രിക്കുക തന്നെ.

എത്ര ജോലിയുണ്ട് നാട്ടിൽ ഇനിയും പൂർത്തിയാക്കാൻ..അനിയൻ, അനിയത്തി, അച്ഛന്റെ ചികിത്സ, വീട് ഉണ്ടാക്കൽ…

ഈ മണൽക്കാട്ടിൽ നിന്ന് അങ്ങനെ പോവാനൊന്നും പറ്റില്ല..

ശ്വാസം.. ഇത്തിരി ശ്വാസം..അതുമതി..അതു മാത്രം മതി..അതില്ലാതെ..

ഇപ്പോൾ അതില്ലാതായാലും ഈ മണൽത്തരികളിൽ തന്നെ നീറിത്തീരും. പിന്നെപ്പിന്നെ എങ്ങോട്ടും പോവേണ്ടി വരില്ല…

Thursday, June 18, 2020

പിന്നേം മാങ്ങാണ്ടി പരിപ്പ് അനുഭവങ്ങൾ.ഇപ്പോൾ താമസിക്കുന്ന വീട്ടിൽ നാലു മാവുണ്ട്. ഞങ്ങൾ വെച്ചതല്ല, നേരത്തെ ഇവിടെ പാർത്തിരുന്ന ശ്രീ മൈക്കിൾ തരകനും ഭാര്യ ശ്രീമതി സോഫിയാ തരകനും ആണ് അതിനുത്തരവാദികൾ.

ഇത്തവണ കുറെ മാങ്ങ കിട്ടി. കാരണം ലോക്ഡൗൺ പ്രമാണിച്ച് ഞങ്ങൾ വീട്ടിൽ തന്നെ ഇരിപ്പായതുകൊണ്ടും അതിഥികളോ കച്ചവടക്കാരോ ആരും തന്നെ വരാത്തതുകൊണ്ടുമാണ് ചക്കയും മാങ്ങയും ഇരിമ്പൻ പുളിയും നെല്ലിക്കാപ്പുളിയുമൊക്കെ സമൃദ്ധമായി കൈവശമായത്.

അയല്ക്കാർക്കൊക്കെ ദാനം ചെയ്തു കർണ്ണനെപ്പോലെ വലിയ മഹത്തുക്കളായി ഞങ്ങൾ ഇരുവരും.

വറുതിയുടെ കാലങ്ങളിൽ മാങ്ങാണ്ടി പ്പരിപ്പ് ഒരു പെരുംതുണയായിരുന്നുവെന്ന് വായിച്ചറിഞ്ഞതും കണ്ണന് ചെറുപ്പകാലത്ത് അമ്മയുണ്ടാക്കിക്കൊടുത്തിട്ടുള്ള മാങ്ങാണ്ടിപ്പരിപ്പ് അടയുടെ സ്മരണയുണർന്നതുമാണ് ആ വഴിക്കുള്ള ഗവേഷണത്തിന് കാരണം.

അങ്ങനെ മാങ്ങാണ്ടി വൃത്തിയായി കഴുകി എടുത്തുവെച്ചു.

ചിരവപ്പുറത്ത് വെച്ച് ഒരു കൊടിലിൽ അമർത്തിപ്പിടിച്ച് മാങ്ങാണ്ടിയെ മൂർച്ചയുള്ള കത്തികൊണ്ട് നെടുകേ പിളർന്നു.

പരിപ്പ് എടുത്ത് പാത്രത്തിലിട്ടു.

പരിപ്പിനെ പൊതിഞ്ഞിരിക്കുന്ന പ്ളാസ്റ്റിക് പോലെയുള്ള രണ്ട് തൊലി ആവരണങ്ങൾ കത്തികൊണ്ട് ചുരണ്ടി നീക്കി.

പരിപ്പ് നന്നായി കഴുകി ചെറുതായി നുറുക്കി മിക്സീലിട്ട് അരച്ചു.

കണ്ണൻറെ അമ്മ പറഞ്ഞുതന്ന പോലെ അരച്ച മാങ്ങാണ്ടിപ്പരിപ്പിൽ വെള്ളം ഒഴിച്ച് തെളിയാൻ വച്ചു.

ആദ്യമാദ്യം വെള്ളം കറുപ്പ് നിറമാകും..ആ വെള്ളം ഊറ്റിക്കളഞ്ഞ് പിന്നേയും വെള്ളം ഒഴിച്ച് വെക്കുക. അങ്ങനെ ഒരു ആറു തവണയാകുമ്പോൾ വെള്ളം തെളിയും.

മാങ്ങാണ്ടിപ്പരിപ്പ് ഉപയോഗിക്കാൻ തയാറായി.

കൂടുതൽ കാലം സൂക്ഷിച്ചു വെക്കണമെങ്കിൽ തുണിയിൽ കെട്ടിത്തൂക്കിയിട്ട് വെള്ളം കളഞ്ഞശേഷം നല്ല വെയിലത്ത് വെച്ച് വളരെ നന്നായി ഉണക്കി വായു കടക്കാത്ത ടിന്നിൽ അടച്ചു സൂക്ഷിക്കുക.

ഒത്തിരിപ്പേർ ഇൻബോക്സിൽ സംസാരിച്ചതുകൊണ്ടും പോസ്റ്റിൽ കുറച്ച് ചോദ്യങ്ങൾ വന്നതുകൊണ്ടും ആണ് എൻറെ ഈ മാങ്ങാണ്ടി അനുഭവങ്ങൾ ഇവിടെ കുറിക്കുന്നത്.

അറിയാവുന്നവർ പൊറുക്കുക..

അറിയാത്തവർ സാധിച്ചാൽ വായിച്ചു നോക്കുക..

ഫോട്ടോ എടുക്കാനുള്ള ബുദ്ധി അന്നേരം കാശിക്കു പോയിരുന്നതുകൊണ്ട് പടം ഇല്ല..

മാങ്ങാണ്ടിപ്പരിപ്പിനോട്
മാങ്ങാണ്ടിപ്പരിപ്പിനോട് കടുത്ത പ്രണയമായി എനിക്ക്..

അരിപ്പൊടിയും ഗോതമ്പ് പൊടിയും റാഗിപ്പൊടിയും ചോളപ്പൊടിയും പകുതി അളവ് മതി.. പുട്ടും കൊഴുക്കട്ടയും ദോശയും ഇഡ്ഡലിയും ഉണ്ടാക്കാൻ..
മാങ്ങാണ്ടിപ്പരിപ്പ് അരച്ച് വെള്ളം പലവട്ടം മാറ്റി ഒഴിച്ച് കട്ടു കളഞ്ഞ് ഉണക്കിയെടുത്തു വെച്ചാൽ, അത് ചേർക്കാം..ഇവയ്ക്കെല്ലാം ഒപ്പം..

സുന്ദരികളുടേയും സുന്ദരന്മാരുടെയും കൈപ്പത്തികളിൽ കാണുന്ന ഇളം റോസ് നിറമുള്ള ഇഡ്ഡലി, പുട്ട്, കൊഴുക്കട്ട ..

കാണാൻ നല്ല ചന്തം..

മാമ്പഴപ്പുളിശ്ശേരി, തേങ്ങാ അരയ്ക്കാതെ അതേ കൊഴുപ്പോടെ നല്ല രുചിയോടെ ഉണ്ടാക്കാം.. അല്പം മാങ്ങാണ്ടിപ്പരിപ്പ് അരച്ചത് അല്ലെങ്കിൽ പൊടി ചേർത്താൽ മതി.

മാങ്ങാണ്ടിപ്പരിപ്പ് നല്ല രോഗപ്രതിരോധശേഷി തരുമെന്നും കേട്ടു.

കോപ്പിയടി, കള്ളത്തരം...ഒന്നും പറയണ്ട ഈ വിഷയത്തെപ്പറ്റിയെന്നാണ് വിചാരിച്ചത്. പിന്നെത്തോന്നി സ്വന്തം അനുഭവമെഴുതാമെന്ന്...

ഒരിക്കലും കോപ്പിയടിച്ചിട്ടില്ല..ഒരു പരീക്ഷക്കും.. ആരുടേ ഉത്തരക്കടലാസ്സിലും ഒരിക്കൽ പോലും ഒന്ന് എത്തി നോക്കിയിട്ടില്ല.

തൃക്കൂരിലെ രണ്ട് സ്കൂളുകളിലും വളരെ നിസ്സാര കാരണങ്ങൾക്ക് ഞങ്ങൾ ഞാനും റാണിയും അധിക്ഷേപിക്കപ്പെട്ടിരുന്നു. സവർണ തയും അവർണതയും അമ്മീമ്മയോടുള്ള എതിർപ്പും അമ്മീമ്മയുടെ ധനികരായ സഹോദരന്മാരുടെ സ്വാധീനവും അതിൻറെ കാരണങ്ങളായിരുന്നു.

ഉച്ചയൂണ് കഴിക്കാനിരുന്ന നീളമേറിയ ബെഞ്ചിൻറെ കീഴിൽ കിടന്ന ചുവന്ന മുളകായിരുന്നു ഒരിക്കൽ അപമാനിക്കപ്പെട്ടതിൻറെ കാരണം. പ്രശസ്ത മദ്ദള വിദ്വാൻ ഗോപാലൻകുട്ടി മാരാരുടെ അമ്പലനടയിലുള്ള പലചരക്ക് കടയിൽ നിന്ന് എല്ലാ തൃക്കൂരുകാരേയും പോലെ അമ്മീമ്മ വാങ്ങിയതായിരുന്നു ആ ചുവന്നമുളക്. അതിൽ എൻറേം റാണിയുടേയും പേര് എഴുതപ്പെട്ടിരുന്നുവെന്ന് കണ്ടു പിടിച്ച മിടുക്കരായിരുന്നു സവർണരും അവർണരുമായ ടീച്ചർമാർ..

എൻറെ ക്ളാസ്സിൽ നിന്ന് വിളിച്ച് ഇറക്കി ഊണു കഴിക്കാനിരുന്ന റാണിയുടെ ക്ളാസ്സ് മുറിയിൽ കൊണ്ടു പോയി ഞങ്ങളെ ആ ബെഞ്ചിനു മുന്നിൽ നിറുത്തി നാലു മുതിർന്ന ടീച്ചർമാർ ന്യായാധിപരായി വിചാരണ ചെയ്തു.

ഞങ്ങൾ അന്തം വിട്ട് പരിഭ്രമിച്ച് ഭയന്ന് നില്ക്കുകയാണ്.

വായിൽ ഉമിനീരില്ല.

ഞാൻ രണ്ടിലും റാണി ഒന്നിലും പഠിക്കുന്ന കാലമാണ്.

വിചാരണകൾക്കൊടുവിൽ ഞങ്ങളാണ് അത് അവിടെ ഇട്ടിട്ടു പോയതെന്ന് ഞാൻ സമ്മതിച്ചു. എന്നാൽ അക്കാര്യത്തിൽ ഞങ്ങൾക്ക് യാതൊരു ഉറപ്പും ഉണ്ടായിരുന്നില്ല.

എന്നെക്കൊണ്ട് അതെടുത്തു കളയിച്ച് ബ്രാഹ്മണരെപ്പോലെ എച്ചിൽ ഇടം വെള്ളം തളിച്ചു ശുദ്ധമാക്കിത്തുടപ്പിച്ചിട്ടേ ആ ടീച്ചർമാർ എന്നെ വിട്ടുള്ളൂ.

ഞങ്ങളുടെ ബ്രാഹ്മണ്യവും ആശാരിത്തവും അങ്ങനെയാണ്. എല്ലാവർക്കും സവർണർക്കും അവർണർക്കും ദളിതർക്കും ക്രിസ്ത്യാനികൾക്കും മുസ്‌ലിമുകൾക്കും സൗകര്യം പോലെ എടുത്ത് അപമാനിക്കാം.

അങ്ങനെ വേണമായിരുന്നുവോ വൃത്തിയും വെടിപ്പും കൊച്ചുകുട്ടികളെ പഠിപ്പിക്കാൻ...

എനിക്കിന്നും സംശയമുണ്ട്.

ആ ചുവന്ന മുളക് ഞങ്ങൾ തന്നെ ഇട്ടതാണെന്ന് അവർ എങ്ങനെ തീർച്ചപ്പെടുത്തിയെന്നും എനിക്ക് ഇപ്പോഴും സംശയമുണ്ട്.

കണക്ക് പരീക്ഷയിൽ നൂറുമാർക്ക് റാണി വാങ്ങാൻ പാടില്ലെന്നത് ടീച്ചർമാർക്ക് നിർബന്ധമായിരുന്നു. ബ്രാഹ്മണക്കുട്ടി കൾക്കും നായർകുട്ടികൾക്കും അവളേക്കാൾ മാർക്ക് കുറവാണെങ്കിൽ
അവളുടെ സ്ലേറ്റ് വാങ്ങി 100 എന്നത് തിരുത്തി 97 ആക്കിയിടുന്നത് പതിവായിരുന്നു. ആ കുട്ടികളുടെ സ്ലേറ്റ് എത്തും വരെ റാണിയുടെ സ്ലേറ്റ് നോക്കി മാർക്കിടാതിരിക്കുന്നതും ടീച്ചർമാർ വെച്ചു പുലർത്തിയിരുന്ന ഒരു നയമായിരുന്നു. അപ്പോൾ ഞങ്ങൾ അവരുടെ കണ്ണിൽ ആശാരിത്തമുള്ളവർ, കണക്കറിയാൻ പാടില്ലാത്തവർ മാത്രമാകും...

പണ്ടത്തെ നല്ല കാലം... ഗുരുഭക്തി എന്നൊക്കെ കേൾക്കുമ്പോൾ ഞങ്ങൾ ക്ക് ശരിക്കും പേടിയാവും.. ഇപ്പോഴും..

ഈ അനുഭവങ്ങൾ ഒത്തിരിയുള്ളതുകൊണ്ട് കോപ്പിയടി പോയിട്ട് അതിനെപ്പറ്റി സംസാരിക്കാൻ പോലും ഞങ്ങൾക്ക് ധൈര്യമുണ്ടായിരുന്നില്ല.

അദ്ധ്യാപകൻ മൂല്യനിർണയം ചെയ്യാൻ വിട്ടുപോയ ഒരു പദ്യഭാഗം എൻറെ ഉത്തരക്കടലാസ്സു കിട്ടിയപ്പോൾ ഞാൻ കണ്ടുപിടിച്ചിരുന്നു. സ്റ്റാഫ്‌ റൂമിൽ പോയി അദ്ദേഹത്തിനെ അതു കാണിച്ചുകൊടുത്ത് അഞ്ചു മാർക്ക് കൂടുതൽ മേടിക്കാൻ ഞാൻ ശ്രമിച്ചു. പന്ത്രണ്ട് വയസ്സായിട്ടുണ്ട് എനിക്ക് അക്കാലത്ത്.... എല്ലാ അദ്ധ്യാപകരും കേൾക്കേ അദ്ദേഹം അലറി.

'ഈ പദ്യം പിന്നീട്‌ കുട്ടി എഴുതിച്ചേർത്തതാണ്..'

ഞാൻ നീലിച്ചു പോയി..

അല്ല എന്നു പറയാൻ കഴിഞ്ഞില്ല. മാർക്ക് ചോദിച്ചത് എന്തിനാണെന്ന് ഓർക്കാൻ തന്നെ എനിക്ക് ബലമില്ലാതായി.

അദ്ധ്യാപകർ അധികാരികളാണ്. വിവേചനപൂർവം അധികാരം ഉപയോഗിക്കണമെന്ന് അറിയാത്ത അദ്ധ്യാപകർ തലമുറകളെയാണ് ദ്രോഹിക്കുന്നത്.

വിത് ബുക്ക് പരീക്ഷ ആവാമെന്ന് ഞാൻ എപ്പോഴും വിചാരിക്കാറുണ്ടായിരുന്നു. പല ഉത്തരങ്ങളുടേയും തുടക്കം അറിയാതെ ബുദ്ധിമുട്ടിയിട്ടുള്ള സന്ദർഭങ്ങളിൽ.. ഉത്തരത്തിൻറെ ആദ്യസ്റ്റെപ്പ് ഒഴിച്ച് ബാക്കിയെല്ലാം അറിയാം.. ബുക്കിലെ പേജ് നമ്പർ പോലും അറിയാം. അടുത്ത പേജും അറിയാം.. എന്നാൽ ഉത്തരത്തിൻറെ ആദ്യഭാഗം അറിയില്ല.. അല്ലെങ്കിൽ അത് മറന്നു പോയിക്കാണും.

ബുക്കു നോക്കാമായിരുന്നെങ്കിൽ..

എനിക്ക് കിട്ടിയിട്ടുള്ളതിലും കുറേയധികം മാർക്ക് കിട്ടുമായിരുന്നു..

പരീക്ഷാരീതികൾ മാറണം.. മാറണമെന്ന് തന്നെയാണ് എൻറെ ആഗ്രഹം.

ഭാവിയിലേക്കു ചൂണ്ടുന്ന വിരലുകളുള്ളവരും മൂർച്ചയും തിളക്കവുമുള്ള ആലോചനകളുള്ളവരുമാകണം അദ്ധ്യാപകർ.

വേണ്ടേ?

എച്മു കൊഴക്കട്ടൈ..


            
അമ്മീമ്മയും അമ്മയും നാഗമ്മാമിയുമാണ് കൊഴുക്കട്ട ഉണ്ടാക്കിത്തന്നിട്ടുള്ളത്. നാളികേരവും ശർക്കരയും നിറച്ച കൊഴുക്കട്ടയെ പൂർണം വെച്ച കൊഴക്കട്ടൈ എന്ന് വിശേഷിപ്പിക്കും. അത് അപൂർവമായേ ഉണ്ടാക്കാറുള്ളൂ. തൃക്കൂര് വീട്ടിലെ പറമ്പിൽ തെങ്ങൊന്നും കായ്ച്ചു തുടങ്ങീരുന്നില്ല. നാളികേരം ചിരകി അരച്ച് ശർക്കരപ്പാവിൽ വരട്ടിയാണ് അമ്മീമ്മ യും അമ്മയും നാഗമ്മാമിയും പൂർണം ഉണ്ടാക്കിയിരുന്നത്. നാഗമ്മാമി മാസത്തിൽ ഒന്നു രണ്ടു തവണ പൂർണം വെച്ച കൊഴുക്കട്ട ഉണ്ടാക്കി ഭഗവാന് നേദിക്കും. അപ്പോൾ ഞങ്ങൾക്കും തരും. അച്ഛൻ അവരെ ചികിത്സിച്ചതിനു ശേഷം ഞങ്ങൾക്ക് ആഹാരം തറയിൽ വെച്ചു തരുന്ന രീതി അവർ ഉപേക്ഷിച്ചിരുന്നു.

അച്ഛന് ഈ പൂർണം വെച്ച കൊഴുക്കട്ടയും ഇലയടയും വലിയ ഇഷ്ടമായിരുന്നു. അതുകൊണ്ട് അമ്മ ഇടയ്ക്കിടെ അതുണ്ടാക്കും. അച്ഛൻ ഹൃദയാഘാതം വന്ന് ആശുപത്രിയിലായ ദിവസവും അമ്മ ഇലയട ഉണ്ടാക്കി കൊടുത്തിരുന്നു. അച്ഛൻ കഴിച്ചു ബാക്കിയായ ഇലയട ഫ്രിഡ്ജിൽ ഇരുന്നതോർത്ത് അമ്മ ഇടയ്ക്ക് കരയും. അച്ഛൻറെ ആണ്ട് ശ്രാദ്ധം വരുമ്പോൾ എല്ലാം ഈ കഥ പറയുമായിരുന്നു അമ്മ.

പിന്നൊരു കൊഴുക്കട്ടയുണ്ട്.. അമ്മിണിക്കൊഴുക്കട്ട. പച്ചരി കുതിർത്ത് നാളികേരവും ഉപ്പും ചേർത്തരച്ച് അടുപ്പിൽ വെച്ച് കുറുക്കി ചൂടാറുമ്പോൾ കൊഴുക്കട്ട പിടിച്ച് ആവിയിൽ വേവിക്കുന്നു. പിന്നെ കടുകും മുളകും ഉഴുന്നുപരിപ്പും കറിവേപ്പിലയും വറുത്തിടുന്നു. നല്ല രുചിയാണ് അത് കഴിക്കാനും.

അമ്മീമ്മ ആവിയിൽ അല്ലാതെ, തിളച്ചവെള്ളത്തിലിട്ടും ആ കൊഴുക്കട്ട വേവിക്കുമായിരുന്നു. കൊഴുക്കട്ട പൊട്ടുകയോ അലിയുകയോ ഒന്നുമില്ല.

രാജസ്ഥാനിൽ കടലമാവ് ഇങ്ങനെ മുറുക്കത്തിൽ പിടിച്ച് തിളച്ച വെള്ളത്തിൽ വേവിച്ച്, തക്കാളിയും സവാളയും മസാലയാക്കി ഉണ്ടാക്കുന്ന ഒരു കറിയുണ്ട്. ഘാട്ടേ കി സബ്ജി എന്നു പറയും.ചോറിനും ചപ്പാത്തിക്കും പറാത്തേക്കും എല്ലാം യോജിച്ച കറിയാണ്. ധനികർ നെയ്യിൽ വറുക്കും കടലമാവ് ഉണ്ട. ദരിദ്രർ വെള്ളത്തിൽ വേവിക്കും. അതങ്ങനാണല്ലോ. എല്ലാ ആഹാരത്തിനും ധനിക ദരിദ്ര ഭേദമുണ്ടല്ലോ എപ്പോഴും... എല്ലായിടത്തും.

ഇനിയാണ് എച്മു കൊഴക്കട്ടൈ.

എൻറെ പരീക്ഷണം.

മാങ്ങാണ്ടിപ്പരിപ്പ് കിട്ടീട്ടുണ്ട്. അതുവെച്ച് കറിയും പുട്ടും ഉണ്ടാക്കി. ഇപ്പോൾ കൊഴുക്കട്ടയിൽ ഒരു പരീക്ഷണം..

പുട്ടുപൊടിയും മാങ്ങാണ്ടി പ്പരിപ്പ് അരച്ചതും തേങ്ങയും ജീരകവും ഉപ്പും കൂടി മിക്സിയിൽ ഒന്നു കറക്കി ഒരു ലേശം വെണ്ണ ചേർത്ത് കൊഴുക്കട്ട പിടിച്ച് ആവിയിൽ വേവിക്കുക.

ചീനച്ചട്ടിയിൽ കടുകും ഉഴുന്ന് പരിപ്പും ചുവന്നമുളകും സവാളയും ഇഞ്ചിയും പച്ചമുളകും കറിവേപ്പിലയും വറുത്ത് ലേശം കായപ്പൊടീം മൂപ്പിച്ച് കൊഴക്കട്ടൈ അതിലിട്ട് പെരട്ടി എടുക്കുക. വേണമെങ്കിൽ കൊഞ്ചം തേങ്കാ തിരുവിനത് വിതറി അലങ്കരിക്കാം.

രുചികരമായ എച്മു കൊഴക്കട്ടൈ തയാർ..

ചൂടുചായയോ ചൂട് കാപ്പിയോ ഉണ്ടെങ്കിൽ രൊമ്പ പ്രമാദം..

മാങ്കാകൊട്ടൈ കുളമ്പ്

                            


ഡെഹ്റാഡൂണിൽ കുറേ ലാറിബേക്കർ വീടുകൾ പണിതിട്ടുണ്ട്. അക്കാലത്ത് കരിങ്കൽപ്പണിക്കായി ഒരു തമിഴൻ മേസ്തിരി ഉണ്ടായിരുന്നു. വിഭാര്യൻ.. പത്തു പതിനെട്ടു വയസ്സുള്ള മോളാണ് കൂടെയുള്ളത്. എല്ലാവരും തന്നെ സൈറ്റിൽ ടെൻറടിച്ച് പാർക്കും.

ഹിമാലയൻ താഴ് വരയായ ഡെഹ്റാഡൂണിൽ നല്ല തണുപ്പാണ് അധിക സമയവും. കീറിയ സ്വറ്ററും ഷാളും ധരിച്ച് അഴകി രാവിലെ തന്നെ ഉണർന്ന് അപ്പാവുക്ക് കുളിക്കാൻ ചുടുത്തണ്ണി, കുടിക്കാൻ ചക്കരക്കാപ്പി, കഴിക്കാൻ മുട്ടൈ, റൊട്ടി, ഉരുളക്കിഴങ്ങ് കറി എല്ലാം തയാറാക്കും. കല്യാണം ആലോചിക്കുന്നുണ്ട്. ഒന്നും ശരിയായിട്ടില്ല.

ഞാൻ അവരുടെ കൂടെ ഡെഹ്റാഡൂണിലെ പച്ചക്കറി മാർക്കറ്റിൽ പോകുമായിരുന്നു. അഴകിക്ക് പനി പിടിച്ചപ്പോൾ ഡോക്ടറെ കാണാനും പോയിട്ടുണ്ട്. അന്നൊക്കെ ഇത്തിരി തമിഴ് കേൾക്കുമ്പോൾ തന്നെ എനിക്ക് ഒത്തിരി സന്തോഷമാകുമായിരുന്നു.

അവൾ പഠിപ്പിച്ചു തന്നതാണ് ഈ കറി.

മാങ്ങാണ്ടി പരിപ്പ് എടുത്ത് അരച്ച് വെള്ളമൊഴിച്ച് ഊറുവാൻ വെക്കുക. രാവിലെ അരച്ചുവെച്ചാൽ രാത്രി ചൂടുചോറും മാങ്കാകൊട്ടൈ കുളമ്പുമായി നല്ലാ ശാപ്പടലാം. ഇടയ്ക്കിടെ ഊറൽവെള്ളം മാറ്റി പുതിയ വെള്ളം ഒഴിച്ചുകൊടുക്കണം. മാങ്ങാണ്ടി യിലെ കട്ട് പോവാനാണ് ഇങ്ങനെ ചെയ്യുന്നത്.

ചീനച്ചട്ടിയിൽ എണ്ണയൊഴിച്ച് കടുകും മുളകും പെരുഞ്ചീരകവും കറുത്ത ജീരകവും ഉലുവയും നല്ല ജീരകവും പൊട്ടിക്കുക. വെളുത്തുള്ളി, സവാള, ഇഞ്ചി ഇവയെല്ലാം വഴറ്റുക, മുളക് പൊടിയും മല്ലിപ്പൊടിയും ചേർത്ത് വഴറ്റി പുളിവെള്ളം ചേർക്കുക. മഞ്ഞൾപ്പൊടി യും ഉപ്പും ചേർക്കുക.

നന്നായിട്ടു തിളക്കുമ്പോൾ അരച്ചുവെച്ച് ഊറി കട്ട് പോയ മാങ്ങാണ്ടിപ്പരിപ്പ് ഒഴിക്കുകയും ഒപ്പം തുടരേയിളക്കുകയും വേണം. കുളമ്പ് പെട്ടെന്ന് കുറുകും. അന്നേരം തക്കാളി പൊടിയായി അരിഞ്ഞതും കറിവേപ്പിലയും മല്ലിയില യും കുരുമുളക് പൊടിച്ചതും ചേർക്കാം. അല്പം നെയ് ഉറ്റിച്ചാൽ പ്രമാദമായി..

ഞാനുണ്ടാക്കിയ മാങ്കാകൊട്ടൈ കുളമ്പ്

Wednesday, June 17, 2020

എൻറെ അമ്മ കരുതിവെച്ച നിധിസൂക്ഷിപ്പുകൾ..

            05/06/2020

ലോകപരിസ്ഥിതി ദിനത്തിലാണ് അവൾ വന്നത്.. എൻറെ ഏറ്റവും വലിയ വടവൃക്ഷം..

ഞാൻ വേദന മാത്രമായി രൂപാന്തരപ്പെട്ട അപൂർവനിമിഷങ്ങളായിരുന്നു അത്. ഈ പ്രപഞ്ചത്തിലെ യാതൊന്നുമായും എനിക്കപ്പോൾ ഒരു ബന്ധവുമുണ്ടായിരുന്നില്ല. ആ നിമിഷങ്ങളിലൊന്നിൽ രക്തത്തിൻറെ ഒരു കീറ് നെറ്റിമേൽ പുരട്ടി, പുറത്തേക്ക് വന്ന മകൾ, ഒരു പുതുപനിനീർപ്പൂവിൻറെ കാന്തിയോടേ എന്നെ അനുഗ്രഹിച്ചു. കൊഴുത്തുരുണ്ട് ആരോഗ്യവതിയായ ഒരു പെൺകുട്ടി. ഈ പ്രപഞ്ചത്തിൽ എനിക്ക് വെളിപ്പെട്ട ഏറ്റവും ദൈവീകമായ കാഴ്ചയായിരുന്നു കണ്ണീർമറയിലൂടെ ഞാൻ കണ്ട ആ കുഞ്ഞുമുഖം...

അവളുടെ ആദ്യത്തെ ടർക്കി ടവ്വൽ, ജിബിലക്കുപ്പായം, വള...

എൻറെ അമ്മ കരുതിവെച്ച നിധിസൂക്ഷിപ്പുകൾ..

ഡോളി ടീച്ചർ

                  
തൃക്കൂരിലെ ഗവൺമെന്റ് ലോവർ പ്രൈമറി സ്കൂളിലാണ് ഞാനും റാണിയും ഒന്നാം ക്ളാസ്സ് മുതൽ നാലാം ക്ളാസ്സ് വരെ പഠിച്ചത്.

എൻറെ അമ്മ പഠിച്ചതും അവിടെത്തന്നെയാണ്. അമ്മ പഠിക്കുമ്പോൾ ആ സ്ക്കൂളിൻറെ പേര് പാലിയം സ്ക്കൂൾ എന്നായിരുന്നു. പാലിയത്തച്ചന്മാരായിരുന്നു അന്ന് സ്ക്കൂളിൻറെ ഉടമസ്ഥർ.

വിശാലമായ ഒരു പറമ്പിലായിരുന്നു ചതുരവടിവിൽ റ എന്നെഴുതിയ ആകൃതിയിൽ ഉള്ള ആ സ്ക്കൂൾ. വലിയ മുറ്റം, ധാരാളം മരങ്ങൾ, ഉപ്പുമാവുണ്ടാക്കുന്ന പാപ്പി അമ്മൂമ്മ...

ഒന്നാം ക്ളാസ്സിൽ എൻറെ ക്ളാസ്സ് ടീച്ചർ ഡോളി ടീച്ചറായിരുന്നു. ചിയ്യാരം മുതൽ ഗോസായിക്കുന്നു വരെയുള്ള ദേശത്ത് എവിടെയോ ഒരിടത്താണ് ടീച്ചർ പാർക്കുന്നതെന്ന് ഞാൻ വിശ്വസിച്ചിരുന്നു. അതിൻറെ കൃത്യമായ കാരണം എനിക്കറിഞ്ഞു കൂടാ. ആരെങ്കിലും അങ്ങനെ പറഞ്ഞിരിക്കാം.

ടീച്ചർ എപ്പോഴും മധുരമായി സംസാരിച്ചിരുന്നു. പഠിപ്പിക്കുക മാത്രമല്ല ഞങ്ങളുടെ ഒപ്പം ആഹ്ളാദത്തോടെ കളിക്കുന്ന ടീച്ചർ കൂടിയായിരുന്നു അവർ. കൂ കു കൂ കു തീവണ്ടി എന്ന പദ്യം ചൊല്ലി ത്തരുമ്പോൾ ടീച്ചറുടെ സാരിത്തുമ്പ് പിടിച്ചാണ് ഞങ്ങൾ ക്ളാസ്സിലൂടെ തീവണ്ടിയായി ഓടാറ്.

രാവിലെ ടീച്ചർ ബസ്സിറങ്ങി സ്ക്കൂളിലേക്ക് വരുന്നത് കാത്താണ് ഞങ്ങളിരിക്കുക. ഞാൻ, അനിത, രമേശ്‌, മഹാദേവൻ,സബിതാ മേനോൻ,ഡേവീസ്… ഞങ്ങൾ സ്കൂൾ മുറ്റത്ത് ഓടിക്കളിക്കുകയായിരിക്കും. എന്നാലും എപ്പോഴും ബസ്സു വരുന്നുണ്ടോന്ന് നോക്കും. ടീച്ചർ അവധിയെടുക്കുന്നത് ഞങ്ങൾക്ക് ഇഷ്ടമേ അല്ലായിരുന്നു. ക്ളാസ്സിലെ കുട്ടികളെ പകുതി പകുതി എണ്ണി വേറെ വേറേ ഡിവിഷനുകളിലേക്ക് അയക്കുന്ന ഏർപ്പാട് ഒരു ദിവസത്തേക്കാണെങ്കിൽ പോലും ഞങ്ങൾക്ക് തീരെ രുചിച്ചിരുന്നില്ല.

പച്ചനിറത്തിൽ വെളുത്ത വരകളുള്ള ഒരു സാരിയാണ് ടീച്ചർ അധികദിവസവും ഉടുത്തിരുന്നത്. പൂക്കളും ഇലകളും നിറങ്ങളും ഒക്കെയുള്ള മറ്റു സാരികളും ഉണ്ടായിരുന്നു. എന്നാൽ ഈ പച്ചസാരി ധരിച്ച ഡോളി ടീച്ചർ എന്നതാണ് മനസ്സിലെ പച്ചകുത്തപ്പെട്ട ഓർമ്മ.

അന്ന് പഠനോപകരണങ്ങൾ ഒന്നും അങ്ങനെ ഉണ്ടായിരുന്നില്ല. എങ്കിലും പളുങ്ക് ഗോട്ടികളും മഞ്ചാടിക്കുരുക്കളും ടീച്ചർ കട്ടിക്കടലാസ്സിൽ വരച്ച് ചായമിട്ട് ആകർഷകമാക്കി കൊണ്ടുവരുന്ന പലതരം ചിത്രങ്ങളും ഉണ്ടായിരുന്നു.

ഹാജർ വിളിച്ച ശേഷം 'ഇന്നലെ നന്നായി ഉറങ്ങിയോ, കാലത്ത് എന്തു കഴിച്ചു' എന്നീ രണ്ടു ചോദ്യങ്ങൾ ടീച്ചർ ചോദിക്കുമായിരുന്നു. 'പല്ലു തേച്ചോ, കുളിച്ചോ' എന്നും ചോദിച്ചിരുന്നു. ഞങ്ങളെ എടുക്കാനും മടിയിലിരുത്താനും ടീച്ചർക്ക് യാതൊരു വൈമനസ്യവുമുണ്ടായിരുന്നില്ല. സ്കൂൾ മുറ്റത്ത് വിരിഞ്ഞു നിന്നിരുന്ന വെളുപ്പിൽ മഞ്ഞ കലർന്ന നിറമുള്ള അരളിപ്പൂവിനും ഡോളി ടീച്ചർക്കും ഒരേ സുഗന്ധമായിരുന്നുവെന്ന് ഞാനറിഞ്ഞത് ടീച്ചറുടെ മടിയിലിരുന്നപ്പോഴാണ്.

ഉച്ചയ്ക്ക് എല്ലാവരും ചോറ്റുപാത്രം തുറന്ന് കഴിക്കാൻ തുടങ്ങുന്നതു വരെ ടീച്ചർ ക്ളാസ്സിലുണ്ടാകും. അതിനു ശേഷമേ സ്റ്റാഫ് റൂമിലേക്ക് പോവാറുള്ളൂ. 'നന്നായി കഴിച്ചോ, ആഹാരം കളഞ്ഞില്ലല്ലോ 'എന്നും ഉച്ചക്ക് ക്ളാസ്സ് തുടങ്ങുമ്പോൾ ചോദിച്ചു ഉറപ്പ് വരുത്തുമായിരുന്നു.

എനിക്കുറപ്പിച്ച് പറയുവാൻ കഴിയും, ഒന്നാംക്ലാസിലെ ഏറ്റവും വലിയ സന്തോഷം ഡോളി ടീച്ചറായിരുന്നു.

ടീച്ചർ വിവാഹിതയായി, ഭർത്താവുമൊത്ത് ആദ്യമായി സ്കൂളിൽ വന്ന ദിവസം എന്നെ വാരിയെടുത്ത് മടിയിലിരുത്തി. ഭംഗിയുള്ള ഒരു നെക് ലസ് ടീച്ചർ കഴുത്തിലണിഞ്ഞിരുന്നു. അത് ഊരി എനിക്ക് ചാർത്തി തന്നു. ആ നെക്ലസിലുണ്ടായിരുന്ന വെളളക്കല്ലുകളുടെ പ്രകാശത്തിൽ എൻറെ മുഖം തിളങ്ങുന്നതു പോലെ എനിക്ക് തോന്നി. എൻറെ ആ ചന്തം നോക്കിയിട്ട് എന്നെ അതീവ വാല്സല്യത്തോടെ ടീച്ചർ കെട്ടിപ്പിടിച്ചു..

അത്രയും ആത്മാർഥത നിറഞ്ഞ ഒരു സ്നേഹപ്രകടനം ഒരു പക്ഷേ, മറ്റൊരു ടീച്ചറും എനിക്ക് നല്കീട്ടില്ല.

ആലുവയിലേക്ക് സ്ഥലം മാറിപ്പോയതിനു ശേഷം പിന്നീടൊരിക്കലും ഞാൻ ടീച്ചറെ കണ്ടില്ല. തൃക്കൂര് നിന്ന് തൃശൂരിലേക്ക് പോവുമ്പോഴൊക്കെ ചിയ്യാരം മുതൽ ഗോസായിക്കുന്നു വരെ, റോഡരികിൽ കാണപ്പെടുന്ന ഏതെങ്കിലും വീടിന്റെ മുറ്റത്ത് ആ അരളിപ്പൂമണത്തോടെ ഡോളി ടീച്ചർ പ്രത്യക്ഷപ്പെടുമെന്നാണ് ഇന്നും എൻറെ വിചാരം.

ഇന്നലെ സായിശ്വേത ടീച്ചർ ഒന്നാം ക്ളാസ്സിൽ പഠിപ്പിക്കുന്നത് കണ്ടപ്പോൾ ഓർമ്മ വന്നത്.

ഇരുവരും നല്ല നർത്തകിമാരാണ്..

                                         


നോക്കൂ...

കണ്ണൻറെ അനിയത്തി... അനിയത്തിയുടെ മകൾ..

ഇരുവരും നല്ല നർത്തകിമാരാണ്..
                               
https://www.facebook.com/echmu.kutty/videos/1517850195060936/

Tuesday, June 16, 2020

പട്ടിയമ്മയും പട്ടിക്കുട്ടികളും 4

              
അമ്മ നന്നായി വെളുത്തിട്ടും അച്ഛൻ നന്നായി കറുത്തിട്ടുമായിരുന്നു.

അച്ഛൻറെ കറുപ്പ് വർണം ചെറുപ്പത്തിലോ മുതിർന്നപ്പോഴോ ഒരലോസരവും ആ ജീവിതത്തിൽ ഉണ്ടാക്കിയിട്ടില്ല.

അച്ഛന്റെ കറുപ്പിന് ഏഴഴകാണെന്ന് അദ്ദേഹത്തിന്റെ എല്ലാ വനിതാ സുഹൃത്തുക്കളും എപ്പോഴും പറയുമായിരുന്നു.

അമ്മക്ക് അച്ഛന്റെ ബന്ധുക്കളിൽ നിന്ന് ജീവിതത്തിലാകേ അല്പം ഒരംഗീകാരത്തിൻറെ ലാഞ്ഛന ലഭിച്ചത് വെളുത്ത തൊലിയുടെ പേരിൽ മാത്രമാണ്..

അതിങ്ങനെയായിരുന്നു…

കറുപ്പു രാശി ഏറേയുള്ള ഞങ്ങളുടെ തവിട്ടു നിറത്തെ നോക്കി താടിക്ക് കൈ കൊടുത്ത് അവർ പരിതപിക്കും..

ഒരെണ്ണത്തിനെങ്കിലും തള്ളേടെ നെറം കിട്ടിയില്ലല്ലോ..

ചിലർ അമ്മയോട് ഇങ്ങനേം പറയും.

ഒരു വെളുത്തതിനെയെങ്കിലും പെറ്റിടാൻ കഴിഞ്ഞില്ലല്ലോ..

തമിഴ് ബ്രാഹ്മണ്യത്തിന് ഞങ്ങളുടെ നിറത്തിൽ വലിയ അവജ്ഞയായിരുന്നു. കറുത്ത പട്ടാളങ്ങൾ, കരിങ്കുട്ടികൾ, കരിമ്പൂച്ചകൾ എന്ന് ഞങ്ങൾ വിശേഷിപ്പിക്കപ്പെട്ടു.

തൃക്കൂരിലും സ്ക്കൂളിലും ഒക്കെ ചെറുപ്പകാലത്ത് വവ്വാൽ, പാറാട, കാക്കത്തമ്പുരാട്ടി എന്നൊക്കെ ഞങ്ങൾ വിളിക്കപ്പെട്ടിരുന്നു. സതീർഥ്യരായ സവർണരും അവർണരും ദളിതരും മറ്റു മതക്കാരും ഇക്കാര്യത്തിൽ ഒറ്റക്കെട്ടായിരുന്നു. ചില ടീച്ചർമാരും പരസ്യമായി ഇങ്ങനെ വിളിച്ചിട്ടുണ്ട്. 'പല്ലിൻറെ വെണ്മയും കണ്ണിൻറെ സിൽവറും ശരിക്കറിയാം' എന്ന് അട്ടഹസിച്ചിട്ടുണ്ട്.

തൃശൂരിലെ സേക്രഡ് ഹാർട്ട് കോൺവൻറിലും സെൻറ് മേരീസ് കോളേജിലും കേരളവർമ്മ കോളേജിലും ഇത്തരമൊരു അവസ്ഥ ഒരിക്കലും ഉണ്ടായിട്ടില്ല..

വെളുക്കാൻ നല്ല ആഗ്രഹമുണ്ടായിരുന്നു ഞങ്ങൾക്ക്.

മഞ്ഞൾ, ചന്ദനം, രക്തചന്ദനം, തൈര്, നാരങ്ങ നീര്, കടലപ്പൊടി, വിക്കോ ടർമറിക് ക്രീം ഇതൊക്കെ ഞങ്ങളും അരച്ചും കലക്കിയും തേച്ചും നോക്കീട്ടുണ്ട്.

കാര്യമൊന്നുമുണ്ടായില്ല.

എപ്പോഴും ആഘാതങ്ങൾ തരുന്ന ഒരു ജീവിതമായിരുന്നതുകൊണ്ട് വെളുത്ത നിറം കൈവരാനുള്ള പ്രയത്നങ്ങൾ അങ്ങനെ തുടരാനും പറ്റിയില്ല. വീട്ടിൽ ലൈംഗിക ആക്രമണങ്ങൾ നേരിടേണ്ടി വരിക, അമ്മയുടെ കൈയോ കാലോ കണ്ണോ ഒക്കെ അടി കൊണ്ട് തകരാറിലാവുക, വീട് വിട്ടിറങ്ങേണ്ടി വരിക, അപവാദങ്ങൾ മതിലിന്മേൽ പേരുകളായി പ്രത്യക്ഷപ്പെടുക… ഇങ്ങനെയൊക്കെ വരുമ്പോൾ വെളുക്കാനോ സൗന്ദര്യം സംരക്ഷിക്കാനോ ഒന്നും ഞങ്ങൾക്ക് തോന്നാതെയായി.

അമ്മ കറുത്തവളാണെന്നും അമ്മയ്ക്ക് ബ്രാഹ്മണരുടെ ഒരു മുഖച്ഛായയുമില്ലെന്നും ആശാരിച്ചി ആണെന്നാരും സമ്മതിക്കുമെന്നും ജോസഫിൻറെ ബന്ധുക്കൾ എന്നോട് പറയാറുണ്ട്. എനിക്കത് കേൾക്കുമ്പോൾ ഒരു വികാരവും തോന്നാറില്ല. അപ്പോഴേക്കും വ്യക്തികളുടേയും ജാതികളുടേയും മതങ്ങളുടേയും നീചവും നിന്ദ്യവുമായ മനുഷ്യത്വമില്ലായ്മയിലും അല്പത്തങ്ങളിലും വൈകൃതങ്ങളിലും കുടുങ്ങി ഞാൻ ജീവിതത്തെ തന്നെ വെറുത്തു കഴിഞ്ഞിരുന്നു.

കൃഷ്ണശിലയുടെ താളവും കുളിർമ്മയുമുള്ള എൻറെ മോൾ എന്നൊക്കെ ജോസഫ് എനിക്ക് കത്തെഴുതിത്തന്നിരുന്നെങ്കിലും എൻറെ കറുപ്പ് അവരുടെ വീട്ടിൽ വലിയ നാണക്കേട് തന്നെ ആയിരുന്നു. അതുകൊണ്ടാണ് എൻറെ നഗ്നതയിൽ തുപ്പാൻ പോലും ജോസഫ് മുതിർന്നത്.

നിറത്തിൻറെ പേരിൽ അത്രയും അപമാനിക്കപ്പെട്ടു കഴിയുമ്പോൾ പിന്നെ, നിറങ്ങളിൽ നമുക്കൊരു താത്പര്യവും ഇല്ലാതെയാകും. അത്രയും അനുഭവിച്ചിട്ടില്ലാത്തവർക്ക് ആ അവസ്ഥ മനസ്സിലാക്കാൻ കഴിയണമെന്നുമില്ല.

എൻറെ കുഞ്ഞ് കറുത്തതായിരിക്കുമെന്ന ഭീഷണി ഗർഭകാലത്ത് എന്നും കിട്ടിയിരുന്നു. പ്രസവത്തിൽ ഞാനും കുഞ്ഞും മരിക്കണമെന്നായിരുന്നല്ലോ എൻറെ പ്രാർഥന. നിറമൊന്നും എന്നെ അലട്ടുന്ന ഒന്നായിരുന്നില്ല.

വെളുത്ത നിറത്തിൽ ജനിച്ച പെൺകുഞ്ഞിനെ കാണുമ്പോഴൊക്കെയും അതു വലുതാകുമ്പോൾ കറുക്കും, അതിൻറെ ചെവി കറുത്തിരിക്കുന്നു, നിൻറെ അച്ഛന്റെ നിറത്തിലാവും എന്നൊക്കെ തുടർന്നും എല്ലാവരും എന്നോടു പറഞ്ഞിരുന്നു. ആൺകുട്ടി കറുത്താൽ കുഴപ്പമില്ല.. എന്നാൽ പെൺകുട്ടി കറുത്താൽ..ചിലപ്പോൾ വീട്ടിലിരുന്നു പോകും..

ജനിച്ചിട്ട് മാസങ്ങൾ മാത്രം പ്രായമുള്ള പെൺകുഞ്ഞിൻറെ കാര്യമാണീ പറയുന്നതെന്നോർക്കണം.. നിറത്തിൻറെ പ്രിവിലേജ് സ്വന്തമായുള്ള പുരുഷന്മാർക്ക് ഇക്കാര്യം മനസ്സിലാവില്ല..കുട്ടിയുടെ കറുപ്പും വെളുപ്പും അമ്മയ്ക്കല്ല പ്രശ്നമായതെന്ന് എൻറെ കാര്യത്തിൽ എനിക്ക് തീർച്ച പറയാൻ കഴിയും..

എച്മുക്കുട്ടി എന്ന പേര് മാധവിക്കുട്ടിയെ അനുകരിച്ച് ഇട്ടതല്ലേ എന്നാണ് വേറൊരു ചോദ്യം.

എനിക്ക് അനുകരിക്കാൻ പറ്റിയ ഒരാളേയല്ല അവർ. അവർക്ക് അറിയാവുന്ന യാതൊന്നും എനിക്കറിഞ്ഞു കൂടാ. സ്വന്തം ഭർത്താവായ മാധവദാസിൻറെ പേരുമായി ചേർത്താണ് അവർ മാധവിക്കുട്ടി എന്ന പേരിട്ടതെന്ന് കേട്ടിട്ടുണ്ട്.

അമ്മയുടെ മഠത്തിലെ വീട്ടുസഹായി ആയിരുന്ന, തൃക്കൂര് ഗ്രാമത്തിൽ എല്ലാ വാതിലുകളും അമ്മീമ്മക്കു മുന്നിൽ അടഞ്ഞിരുന്നപ്പോഴും അവരോട് സ്നേഹാദരങ്ങൾ പ്രകടിപ്പിച്ച എച്മുവമ്മയുടെ പേര് ഞാൻ എടുത്തു വെന്നതിനെക്കുറിച്ചും ചോദ്യമുണ്ടായിരുന്നു. എനിക്ക് കിട്ടിയ പണത്തിനും പ്രശസ്തിക്കും അവർക്കും അവകാശമില്ലേന്നും എന്നോട് ചോദിച്ചിരുന്നു. എൻറെ അവരോടുള്ള ഐക്യപ്പെടലിനെ അപമാനിക്കുന്ന ചോദ്യങ്ങൾ ഉണ്ടായിരുന്നു.. സവർണ അഹങ്കാരമുള്ള ഞാൻ കാണിച്ച ഒരു അവർണ അനുഭാവ പ്രകടനം മാത്രമല്ലേ എന്നായിരുന്നു ആ ചോദ്യം..

എനിക്ക് ഒരാളോടുള്ള, ഒരാളോടു തോന്നുന്ന സ്നേഹാദരങ്ങളെപ്പറ്റി ഞാനാണ് പറയേണ്ടത്. എന്നെ ഒരു പരിചയവുമില്ലാത്തവർ എൻറെ സ്നേഹാദരങ്ങൾ കെട്ടുകാഴ്ചയല്ലേ എന്ന് ചോദിച്ചാൽ, നിങ്ങളുടെ താത്പര്യം പോലെ തീരുമാനിച്ചുകൊള്ളൂ എന്നു മാത്രമേ എനിക്ക് പറയാൻ കഴിയൂ..

ഗർഭപാത്രത്തിൻറെ വിശുദ്ധി എന്നൊരു പ്രയോഗം കൂടിയുണ്ട്. എനിക്ക് നേരിടേണ്ടി വന്ന മൂർച്ചയുള്ള ഒരു ആയുധമാണത്. എനിക്കും കണ്ണനും കുഞ്ഞുണ്ടാവാതെ പോയതിൻറെ വിശദീകരണമങ്ങനെയാണ്. കടുത്ത ഈശ്വര വിശ്വാസികൾ എന്നോട് പറ്റുമ്പോഴെല്ലാം പറയുന്ന വാക്കുകളാണത്. അതില്ലാതെ പോയതുകൊണ്ടാണ് കണ്ണനെപ്പോലൊരാളുടെ കുഞ്ഞിൻറെ അമ്മയാവാൻ കഴിയാത്തത്. എൻറെ അശുദ്ധി ദിനംപ്രതി വളരുന്നതുകൊണ്ട് പ്രത്യേകം അയയിൽ ഉണക്കാനിട്ട എൻറെ വസ്ത്രങ്ങൾ ഉണങ്ങിക്കഴിഞ്ഞാൽ പോലും ഇത്തരം വിശ്വാസികളുടേതിനൊപ്പം ഒരു കട്ടിലിലോ സോഫയിലോ വെക്കാൻ പാടില്ല.

സവർണതയുടെ അതിരില്ലാത്ത മാഹാത്മ്യങ്ങൾ...ആ ബോധം എന്നിൽ വളരാനാവശ്യമായ സുഖശീതളിമയുടെ രോമാഞ്ചം തുളുമ്പുന്ന അതിമനോഹരമായ സുഖാനുഭവങ്ങൾ അവ ഇങ്ങനെയൊക്കെയാണ്.

മനുഷ്യരായി അംഗീകരിക്കപ്പെടാൻ ഓരോരുത്തർക്കും കിട്ടുന്ന ഓരോ അവസരവും പല മനുഷ്യർ പലകാലങ്ങളിൽ വിട്ടുവീഴ്ചകളില്ലാതെ നിരന്തരമായി നടത്തിയ സമരങ്ങളുടെ തുടർഫലങ്ങളാണ്. ആ സമരങ്ങളുടെ ആകെത്തുകയാണ് തീരേ പരിമിതമായിട്ടാണെങ്കിൽപ്പോലും പലതരം അധികാരങ്ങളുടേയും ധനവാഴ്ചയുടേയും നേരെ പ്രതിഷേധിക്കാനും സമരം ചെയ്യാനും മനുഷ്യരെ പ്രാപ്തരാക്കുന്നത്. അങ്ങനെ കിട്ടിയതൊന്നും തന്നെ ആരേയും പുച്ഛിക്കാനോ പരിഹസിക്കാനോ ഉള്ള അവകാശമായി മാറരുത്. അപ്പോൾ നമ്മൾ ആർക്കെതിരേ സമരം ചെയ്തോ അവരുടെ തലത്തിൽ തന്നെ നാം എത്തിച്ചേരും. നമുക്ക് എതിരേയും സമരകാഹളം മുഴങ്ങും. അതാണ് കാലത്തിൻറെ നീതി.

ആത്മകഥ എഴുതിയതിനു ശേഷം പലരും ഇൻറർവ്യൂകൾ നടത്തി, ഇങ്ങനെ കുറേ ചോദ്യങ്ങൾ വന്നു. ആരും മറുപടികൾ പ്രസിദ്ധീകരിച്ചില്ല. അധികം പേരും ഇൻറർവ്യൂ തന്നേ പ്രസിദ്ധീകരിച്ചില്ല. വെളിച്ചം കണ്ടവയാണെങ്കിൽ അതിഭയങ്കരമായി എഡിറ്റ് ചെയ്യപ്പെട്ട കബന്ധങ്ങളായിരുന്നു….

പട്ടിയമ്മയും പട്ടിക്കുട്ടികളും. 3

            
അമ്മയുടേയും അമ്മീമ്മയുടേയും തമിഴ് ബ്രാഹ്മണ്യത്തെപ്പറ്റി ഞാൻ സംസാരിക്കുന്നത് സവർണതയുടെ അഹങ്കാരപ്രകടനമല്ലേ എന്നാണ് ചോദ്യം..

എൻറെയും സഹോദരിമാരുടേയും ജാതിയില്ലായ്മയെക്കുറിച്ച് വിവരിക്കുമ്പോൾ അമ്മയുടെ തമിഴ് ബ്രാഹ്മണ്യവും അച്ഛന്റെ വിശ്വകർമ്മത്വവും എനിക്ക് പറഞ്ഞേ പറ്റൂ. ഫോർവേഡ് കാസ്റ്റ്സ് ഓഫ് ഹിന്ദു കമ്മ്യൂണിറ്റിയും അവർണരും ക്രിസ്ത്യാനികളും തരാതരം പോലേ പുലച്ചി, ആശാരിച്ചി, ചോത്തി, മാപ്ളച്ചി, പരിപ്പ് തിന്ന് പണി ചെയ്യാതെ നാറ്റ വളി വിട്ട് പടിക്കേ തൂറണ വൃത്തിയില്ലാത്ത പട്ടത്തി എന്നൊക്കെ പേർത്തും പേർത്തും വിളിക്കുന്നതിനെപ്പറ്റി എഴുതുമ്പോൾ അമ്മയച്ഛന്മാരുടെ ജാതിയെപ്പറ്റി പറഞ്ഞേ തീരൂ. സാധാരണ മനുഷ്യർക്ക് ഒരു ജാതിപ്പേരോ മതപ്പേരോ വിളിക്കുന്നതല്ലേ കേൾക്കാനാവൂ.. ഞങ്ങൾക്കങ്ങനെയല്ല.. സവർണരും അവർണരും മൽസരിച്ചാണ് വിവിധ ജാതിപ്പേരുകൾ ചാർത്തിത്തരിക.

ഞങ്ങളുടെ ജീവിതം ദുരിതമയമാക്കിയതിൽ തമിഴ് ബ്രാഹ്മണ്യം പ്രത്യക്ഷമായും പരോക്ഷമായും വഹിച്ച പങ്കിനെ വെളിപ്പെടുത്താതിരിക്കാൻ എന്തായാലും കഴിയില്ല.

ജാതി മതങ്ങളിൽ ഉറച്ച് വിശ്വസിക്കുന്നവർ തമ്മിൽ ഒരു പാരസ്പര്യമുണ്ട്. അവർക്ക് എരിവുള്ള വിശ്വാസികളോടാണ് എപ്പോഴും താത്പര്യം. അവിശ്വാസികളെ അവർ അംഗീകരിക്കുന്നതേയില്ല. 'ഞങ്ങൾ ഞങ്ങളുടെ ജാതി മതത്തിൽ ഉറച്ചു വിശ്വസിക്കുന്നു. നിങ്ങൾ നിങ്ങളുടേതിൽ വിശ്വസിക്കുന്നു. നമ്മൾ തമ്മിൽ ഒരു വഴക്കും പ്രശ്നവുമില്ല. ' ജാതി മത സൗഹാർദ്ദം പുഷ്കലമാണെന്ന പുറംകാപട്യമാണത്.

ശബരിമല പ്രശ്നം വന്നപ്പോൾ ഈ കപടസൗഹാർദ്ദം പൂത്തുലഞ്ഞു പരിമളം പരത്തുന്ന കാഴ്ച ഏറ്റവും ഭംഗിയായി ദൃശ്യ മായല്ലോ.

അകത്ത് എന്താണ് സ്ഥിതി?

ചട്ടി കൊതിക്കും.. അതായത് കൊട്ടി ചതിക്കും. ചോത്തിപ്പെണ്ണിനെ കണ്ടാൽ ഉടനെ കുളിക്കണം.

നായ കടിക്കും. മിക്കവാറും നായന്മാർക്ക് തന്തയില്ല.. നായര് എന്തുകണ്ടാലും നാറ്റിച്ചു നോക്കും.

പുലയനല്ലേ.. കക്കാതിരിക്കുമോ?

മണ്ണാൻ മജിസ്‌ട്രേറ്റ് ആയ പോലേ..വായ തുറന്നാൽ മണ്ടത്തരമേ പറയൂ.

വിഡ്ഡ്യമ്പൂരി.. മൂന്ന് ഉ ആണ് നമ്പൂരീടെ ആകെയുള്ള ജോലി.. ഉണ്ണുക, ഉറങ്ങുക, ഉണ്ണിയെ ഉണ്ടാക്കുക.

വയറൻ പട്ടര്, പടിക്കേ തൂറും. പട്ടരിൽ പൊട്ടരേയുള്ളൂ. തുപ്പല് പുരട്ടി പലഹാരം ഉണ്ടാക്കും.

പട്ടമ്മാര്ക്ക് ബന്ധങ്ങളില്ല. ആരെങ്കിലും മരിച്ചാൽ രണ്ടു മിനിട്ടിൽ കത്തിക്കും.

ആശാരി വീട്ടിൽ കേറിയാൽ അടുപ്പിലെ ചാരം കൂടി വാരിയേ പോകൂ

വാരര് എന്ത് കണ്ടാലും വാരിയെടുക്കും. എമ്പ്രാന്തിരിയുടെ വിളക്കത്താണ് വാരര് അത്താഴം കഴിക്കുക.

മാപ്ള അറുത്ത കൈയിന് ഉപ്പ് തേക്കില്ല. പണം എവിടെ കണ്ടാലും നക്കിയെടുക്കും. ഒരടി സ്ഥലം കിട്ടിയാൽ കുരിശു നാട്ടും.

ജോനോനെ കുഴിച്ചിട്ട പോലേ.. ജോനോൻ പുറത്ത് നിന്നിട്ട് പെരേടെ അകത്തേക്ക് തുപ്പും.

ഹിന്ദുക്കളുടെ ദൈവം ചെരുപ്പാണ്. അവരുടെ പ്രസാദത്തിൽ ചെരുപ്പിലെ മണൽത്തരികളും പൂജ ചെയ്യുന്ന വിദ്വാൻ റെ മലവും മൂത്രവും ചേർക്കും.

ഇസ്‌ലാം അല്ലാത്തോരെല്ലാം കാഫ്രീങ്ങളാണ്.

പട്ടരിൽ പൊട്ടരേയില്ല.

പുട്ടോ.. അയ്യേ.. അത് കുംഭം തൂറിയതല്ലേ.. കണ്ടിയപ്പം അല്ലേ..കീഴ്ജാതിക്കാരുടെ ഭക്ഷണം

സകല അവർണരും ദളിതരും ബുദ്ധി ഇല്ലാത്തവരാണ്. സംവരണം കൊണ്ട് മാത്രം പഠിത്തവും ജോലിയും കിട്ടിയവർ.

സംസ്ഥാനങ്ങളേയും ദേശങ്ങളേയും വിവിധ ജനവിഭാഗങ്ങളേയും ഉൾപ്പെടുത്തി ഇത് എത്ര വേണമെങ്കിലും വിപുലീകരിക്കാൻ കഴിയും..

ഉദാഹരണത്തിന് ബീഹാറികൾ കള്ളന്മാരാണ്,

ഒരു സിന്ധിയേയും പാമ്പിനേയും ഒന്നിച്ചു കണ്ടാൽ ആദ്യം സിന്ധിയെ കൊല്ലണം.

ഇതൊക്കെ പരസ്പരം പറഞ്ഞും കേട്ടും
ജീവിക്കുന്ന മനുഷ്യർക്കുള്ളിൽ എല്ലാം അച്ചിട്ട പോലെ പതിയും. മുൻവിധികളായി ഉറഞ്ഞു കിടക്കുകയും ചെയ്യും.

എന്തൊരു മനോഹരമായ ജാതിമതസൗഹൃദമാണല്ലേ നമ്മുടെ ആർഷ ഭാരത രാജ്യത്ത്..

1950 കളിൽ പഠിക്കാനും ജോലി നേടി സ്വന്തം കാലിൽ നില്ക്കാനും ബ്രാഹ്മണ്യത്തോട് കലഹിച്ച അമ്മീമ്മ.. ഒറ്റയ്ക്ക് ആയ സ്ത്രീക്ക് തനിച്ച് സ്വത്തും ധനവും കൈകാര്യം ചെയ്യാൻ അവകാശമുണ്ടെന്ന് ബ്രാഹ്മണ്യത്തോട് പ്രഖ്യാപിച്ച അമ്മീമ്മ..

1960 കളിൽ വിശ്വകർമ്മജനെ വിവാഹം കഴിച്ച അമ്മ..

തമിഴ് ബ്രാഹ്മണ്യം കൊണ്ട് എൻറെ അമ്മക്കും അമ്മീമ്മക്കും ചൊൽക്കേട്ട ഒരു സവർണ ആനുകൂല്യവും ജീവിതത്തിൽ കിട്ടിയില്ല. ബ്രാഹ്മണ്യം അവരെ ജീവിതം മുഴുവൻ വേട്ടയാടി. സവർണരും അവർണരും ദളിതരും ക്രിസ്ത്യാനികളും ബ്രാഹ്മണ മൂല്യങ്ങളെ തന്നെ സ്വന്തമാക്കുകയും ആ വേട്ടയിൽ താന്താങ്ങളുടെ പങ്ക് ഉൽസാഹത്തോടെ വഹിക്കുകയും ചെയ്തു.

പലതരം നിന്ദാപമാനങ്ങളിൽ അവരെ ഉരുക്കി.
ലൈംഗിക പീഡനങ്ങൾ അവർക്ക് സഹിക്കേണ്ടി വന്നു.
അവരുടെ കണ്ണും കാലും കൈയും തലയും അടിയേറ്റു വീങ്ങി.
മുപ്പത് വർഷം കിടപ്പാടത്തിനായി കേസ് പറയിച്ചു.
ജോലി കളയിക്കാൻ വേണ്ടിയുള്ള പ്രവർത്തനങ്ങൾ അവരുടെ ഔദ്യോഗിക ജീവിതം മുഴുവൻ സഹിക്കേണ്ടി വന്നു.
മരിച്ചു കിടക്കുമ്പോൾ പോലും അവരെ അപമാനിക്കുന്ന സംഭാഷണങ്ങൾ നടത്തി.
ജോലി ഉണ്ടായിട്ടും സാമ്പത്തിക സ്വാതന്ത്ര്യം അവർക്ക് കിട്ടിയില്ല. 1990 കളിൽ എം ബി എ ക്ക് സീറ്റ് നേടിയ മകളെ പഠിപ്പിക്കാൻ പോലും അമ്മക്ക് കഴിഞ്ഞില്ല.

ബ്രാഹ്മണ്യം സ്വയം അവകാശപ്പെടുന്നത് സർവതോമുഖമായ ശ്രേഷ്ഠതയാണ്. എന്നാൽ എൻറെ അമ്മീമ്മയേയും അമ്മയേയും അതുപോലെ പരിചയമുള്ള അനവധി സ്ത്രീകളുടേയും ജീവിതത്തെ മുൻനിറുത്തി എനിക്ക് പറയാനുള്ളത് ബ്രാഹ്മണ്യത്തിൽ അവകാശപ്പെടുന്നതുപോലെ ശ്രേഷ്ഠ മായി ഒന്നുമില്ലെന്നു തന്നെയാണ്.

ദരിദ്രരായ അവർണരെ, ദളിതരെ ധനികരായ അധികാരികളായ സവർണർ ഉപദ്രവിക്കുന്നത് ക്രിമിനൽ കുറ്റമാണ്. അങ്ങനെ തന്നെയാണ് അത് വേണ്ടതും. നിസ്സഹായതയിൽ ഉപദ്രവിക്കപ്പെടുന്നത് കഠിനയാതനയാണ്. കുറ്റവാളികൾ ഉറപ്പായും ശിക്ഷിക്കപ്പെടണം.

സർക്കാർ ഉദ്യോഗസ്ഥനായ അച്ഛനെ വിവാഹം കഴിച്ച് അമ്മ അനുഭവിച്ച സങ്കടങ്ങളെ പരിഹസിച്ച് ചോദ്യങ്ങൾ ഉന്നയിക്കപ്പെട്ടിരുന്നു. അമ്മ അവരുടേയും മക്കളുടേയും നിലനില്പിനായി മാത്രം അധികാരത്തോടും ധനത്തോടും അതൊന്നുമില്ലാതെ കലഹിക്കേണ്ടി വന്നതും പീഡനങ്ങൾ സഹിച്ചതും ബ്രാഹ്മണ്യത്തിൻറെ പേരിൽ നിസ്സാരമാക്കുന്നത് ബ്രാഹ്മണ മൂല്യങ്ങളെ തന്നെ സ്വന്തമാക്കുന്നതുകൊണ്ടാണ്.

ഈ പോയിൻറിൽ അവർണരും ദളിതരും സവർണരുടെ മൂല്യങ്ങളെയാണ് സ്വന്തമാക്കുന്നത്....അതായത് ചിലരൊക്കെ ചില കാര്യങ്ങളിലൊക്കെ പീഡനം സഹിക്കേണ്ടവരാണ് എന്ന മൂല്യവിചാരം. ഈ ചിലരും ചില കാര്യങ്ങളും ആവശ്യമുണ്ടെങ്കിൽ എത്ര വേണമെങ്കിലും വലിച്ചു നീട്ടാവുന്നതാണെന്ന് യുഗങ്ങളായി പലരാലും പീഡിപ്പിക്കപ്പെട്ടവർ മറന്നു പോകുന്നത് ദയനീയമാണ്.

എൻറെ വേദനകളും പ്രശ്നങ്ങളുമൊന്നും വേദനകളേ അല്ല.. പ്രശ്നങ്ങളേ അല്ല കാരണം എന്നെ സഹായിക്കാൻ ആളുണ്ടായിരുന്നുവല്ലോ, ആരുമില്ലാത്ത എത്രയോ പേർ സമുദ്രം നീന്തി ക്കയറുന്നുവല്ലോ എന്നൊരു വാദവും ഉണ്ടായിരുന്നു.

ഞാൻ ആണ് ഈ ലോകത്ത് ഏറ്റവുമധികം വേദന സഹിച്ചതെന്ന് എപ്പോഴെങ്കിലും ആരോടെങ്കിലും എവിടെയെങ്കിലും പറയുകയോ എഴുതുകയോ ഉണ്ടായിട്ടില്ല. അത് ഞാനെഴുതിയതിൽ നടത്തുന്ന ഒരു
മണ്ടൻ വായനയാണ്. എൻറെ ജീവിതത്തിൽ ഇങ്ങനൊക്കെ ഉണ്ടായി എന്നു മാത്രമേ ഞാൻ പറഞ്ഞുള്ളൂ.

കറുത്ത നിറത്തെ ഞാൻ വെറുക്കുന്നുവെന്ന പ്രസ്താവനയെപ്പറ്റി നാളെ എഴുതാം

പട്ടിയമ്മയും പട്ടിക്കുട്ടികളും . 2.

     
കണ്ണൻറെ ജീവിതത്തിലേക്ക് എത്തിയപ്പോഴാണ് നായന്മാരുടെ ജാതി മഹത്വം എൻറെ പരിചയത്തിൽ വന്നത്..

അതൊരു ഒന്നൊന്നര മഹത്വമായിരുന്നു.

ധനികരായ നായന്മാർ ശരിക്കും ബ്രാഹ്മണവൽക്കരിക്കപ്പെടാൻ പൂജകളും പ്രാർഥനകളും വ്രതങ്ങളും ആചാരങ്ങളുമായി കഠിന പ്രയത്നം നടത്തുന്നവരാണ്. ഇപ്പോഴത്തെ രാഷ്ട്രീയ കാലാവസ്ഥയിൽ അത് പെട്ടെന്ന് തന്നെ സഫലമാകുമായിരിക്കും. നായന്മാരിൽ പലരും പണ്ട് അറിയപ്പെട്ടിരുന്ന ശൂദ്രരെന്ന നിലയിൽ നിന്ന് ക്ഷത്രിയർ എന്ന നിലയിലേക്ക് രൂപാന്തരം പ്രാപിച്ചിട്ടുമുണ്ട്. പടനായർ, കിരീയം വെള്ളായ്മ, മന്നാഡിയാർ അങ്ങനെ പല പല തലേക്കെട്ടുകളിൽ ക്ഷത്രിയത്തം ഇങ്ങനെ വെളിപ്പെടുന്നത് കാണാം. പണ്ട് രാജ്യം ഭരിച്ചിരുന്ന വർമ്മമാരുടെയും അച്ചൻമാരുടേയും ഒക്കെ എതിർപ്പാണ്, സമ്മതക്കുറവാണ് ഈ പൂർണ ക്ഷത്രിയരാകുന്നതിൽ നിന്ന് നായന്മാരെ ഇപ്പോഴും പ്രയാസപ്പെടുത്തുന്നത്, അകറ്റി നിറുത്തുന്നത്.

ജാതി, മതം എന്നിവയിലെ ഒരു ചർച്ചക്കും വഴങ്ങാത്ത ആളാണ് കണ്ണൻ. അതുകൊണ്ട് ജാതിമതപൊങ്ങച്ചങ്ങൾ കണ്ണൻറെ അറിവോടെ അരങ്ങേറില്ല..

എന്നാലും.. അത് പറ്റുന്നിടത്തെല്ലാം നടക്കും.. അത് ഒളിച്ചു കടത്തപ്പെടും. സ്തുതിയെന്ന പേരിൽ നിന്ദയുതിർക്കപ്പെടും. നമ്മുടെ ഇടം കാണിച്ചു തരപ്പെടും.

'അമ്യാരുമാര് ഭർത്താക്കന്മാരെ നോക്കില്ല..ആവശ്യങ്ങള് കണ്ടറിഞ്ഞ് ചെയ്യില്ല.. അതാണ് അവരുടെ ആണുങ്ങള് മറ്റു സ്ത്രീകളുടെ അടുത്ത് പോണത്.. '

'ബ്രാഹ്മണർക്ക്
ഒട്ടും വൃത്തിയില്ല.. ആശാരിമാർക്ക് പിന്നേ തീരേം ഇല്ല.. '

'നായന്മാരോളം വൃത്തി ആർക്കും ഇല്ല.'

എൻറെ മോളെ കണ്ണൻറെ മോള് എന്ന് പറയാൻ മടിയുള്ളവരായിരുന്നു മിക്കവാറും എല്ലാവരും. കണ്ണൻറെ മോൾക്കായി പ്രാർഥിക്കാൻ പറ്റില്ലല്ലോ.. അങ്ങനെ ചെയ്താൽ ദൈവത്തിന് തെറ്റും … ദൈവം കൺഫ്യൂഷനിലാകും.. കാരണം കണ്ണന് ശരിക്കും മോളില്ലല്ലോ..

ഏറ്റവും ക്രൂരമായ അധിക്ഷേപം എൻറെ മോൾക്ക് ക്രിസ്ത്യാനികളുടെ ഭൂതദയ, ക്രിസ്ത്യാനികളുടെ രോഗീ ശുശ്രൂഷാ പാടവം, ക്രിസ്ത്യാനികളുടെ സാമർഥ്യം.. ഇതൊക്കെ ഉണ്ടെന്നും എന്നാൽ പട്ടമ്മാരുടേയോ ആശാരിമാരുടേയോ ശീലങ്ങൾ ഒന്നുമില്ലെന്നും നായന്മാരുടെ നന്മകൾ കിട്ടാൻ ഒരു നിലക്കും പറ്റില്ലല്ലോന്നും ഉള്ളതായിരുന്നു…

ആശാരിമാരും ക്രിസ്ത്യാനികളും ഈഴവരും നായന്മാരും വലിയ ഉദ്യോഗസ്ഥരായ കുറച്ച് അവർണരും ടോയ്‌ലറ്റ് അടക്കം ബ്രാഹ്മണ്യം പറഞ്ഞ് (ഒരു പണീം എടുക്കാതേ പരിപ്പും തിന്ന് നാറ്റ വളി വിടുന്ന പട്ടമ്മാർ) നിഷേധിക്കുകയും ആർത്തവകാലം അതീവ ദുരിതപൂർണ്ണമാക്കുകയും ചെയ്തിട്ടുണ്ട്…

ഭക്ഷണം ഒരു ദുരന്തമായിരുന്നു പലപ്പോഴും. ജാതിമതപൊങ്ങച്ചമാണല്ലോ ധനികഭക്ഷണത്തിൻറെ ഏറ്റവും പ്രധാന ചേരുവ.

ചട്ടി കൊതിക്കും എന്ന് കേട്ടിട്ടുണ്ടോ? കൊട്ടി ചതിക്കും എന്നാണ് അതിൻറെ അർഥം...ഈഴവരെപ്പറ്റി പറയുന്നതാണിത്.

അമ്യാര് ദോശ ചുടുമ്പോൾ അതില് തുപ്പൽ പുരട്ടീട്ടേ ആർക്കായാലും കൊടുക്കൂവത്രേ. അതാണ് അവരുടെ രീതിയെന്ന് എല്ലാവരും പറഞ്ഞു കേൾപ്പിക്കാറുണ്ട്.

ഇറച്ചിയും മീനും കഴിച്ചു വളർന്നില്ല എന്ന കുറ്റത്തിന് ഞങ്ങളുടെ തലവെട്ടിക്കളയണമെന്ന് അരിശപ്പെടുന്നവർ തന്നെ ഞങ്ങൾ അതു കഴിക്കുന്നത് കാണുമ്പോൾ നല്ലോരു അമ്യാരുടെ വയറ്റിൽ പിറന്നിട്ട് ഇതൊക്കെ മൂക്കറ്റം തിന്നുന്നുണ്ടല്ലോ എന്ന് മഹാപാപം പോലെ കവിളത്ത് കൈ വെക്കും. ആ ബ്രാഹ്മണ്യത്തോട് സഹതപിക്കും..

'മോരും ചോറും പുളിവെള്ളവുമാണ് പട്ടമ്മാര് പൊതുവെ സ്വന്തം മഠങ്ങളിൽ തിന്നു ശീലിക്കുന്നത്. അതുകൊണ്ട് അവർ നല്ല ശാപ്പാട്ട് രാമൻമാരായിരിക്കും. പുറമേ നിന്ന് തിന്നാൻ കിട്ടിയാൽ കൊതിയോടെ മൂക്കറ്റം കേറ്റും..'

എന്തിനാണ് ഇത് കേൾപ്പിച്ചു തരുന്നതെന്ന് മനസ്സിലാവാതെ ഭക്ഷണത്തിനു മുന്നിൽ അന്തംവിട്ടിരിക്കുമ്പോൾ വരുന്നു അടുത്ത കൊട്ട്…

'ആശാരിമാര് വീട്ടീല് വന്നാല് അടുപ്പിലെ ചാരം കൂടീ വാരീട്ടേ പോവൂ.. എന്നാലും ഉണ്ണാൻ വിളിച്ചാൽ കൊട്ടുവടിയെടുത്ത് എങ്ങുമില്ലാത്ത പണിത്തിരക്ക് അഭിനയിക്കും..'

എന്തുകൊണ്ടാണ് ഇതൊക്കെ പലരിൽ നിന്നും ഇങ്ങനെ കേൾക്കേണ്ടി വരുന്നത്?

ജാതിയും മതവുമാണ് അസ്ഥിമജ്ജയോളം ആഴ്ന്നിറങ്ങിയ വിശ്വാസങ്ങൾ.. ബാക്കിയെല്ലാം മനുഷ്യ ത്വം പോലും അതിനു പുറമേ പുരട്ടിയ വെറും ചായം മാത്രമാണ്.

ധനികരും ദരിദ്രരുമായ സവർണരും അവർണരും ക്രിസ്ത്യാനികളും മിശ്ര വിവാഹത്തിലൂടെ ജനിച്ച ഞങ്ങളോട് പ്രകടിപ്പിച്ചിട്ടുള്ള ജാതി മത നിന്ദയെപ്പറ്റിയും അപമാനത്തെപ്പറ്റിയും ഇനിയും എത്ര പുറങ്ങൾ വേണമെങ്കിലും എഴുതാം. അതുകൊണ്ടുണ്ടായ ഏറ്റവും വലിയ മെച്ചം ഇക്കാര്യങ്ങളിൽ അല്പം പോലും വിശ്വാസമില്ലാത്തവരായി ഞങ്ങൾ മാറി എന്നതാണ്.

ആത്മകഥ എഴുതിയതോടെ അമ്മയുടെ ബ്രാഹ്മണ്യം വേറൊരു രീതിയിൽ എന്നെ ആക്രമിക്കാനുള്ള കുന്തമുനയായിത്തീർന്നു. അങ്ങനെ കുറേ ചോദ്യങ്ങൾ വന്നു.. എന്നെപ്പറ്റി അവരവരുടെ വിചാര വിജ്ഞാന അനുഭവ പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് വിശദീകരണങ്ങൾ എഴുതി പലരും. ആഹാരത്തിനെ പൈശാചികമായി പ്രഖ്യാപിക്കുന്നുണ്ട് പോലും ഞാൻ. എന്നിൽ ഭീകരമായ സവർണതയുടെ കൊമ്പ് കൂർപ്പിക്കലുണ്ടത്രേ. മനുഷ്യ സ്നേഹികളും ദളിത് അനുഭാവികളും പത്രപ്രവർത്തകരെന്നും എഴുത്തുകാരെന്നും അഭിമാനിക്കുന്നവരും മറ്റും മറ്റും ഇത്തരം പ്രസ്താവനകൾ എൻറെ മുഖത്തേക്ക് എറിഞ്ഞു.

കണ്ണനെ അവർ അംഗീകരിക്കണമെങ്കിൽ കണ്ണൻ ബീഫ് തിന്നുന്നവനായിരിക്കണ മത്രേ…

അവർ കണ്ണനെ അംഗീകരിച്ചില്ലെങ്കിൽ എന്താണ് കുഴപ്പം? ആകാശം ഇടിഞ്ഞു വീഴുമോ?

അവർണരോടുള്ള സവർണ ധാർഷ്ട്യമുണ്ടല്ലോ...നിങ്ങൾ ഇങ്ങനെയൊക്കെയായാലേ ഞങ്ങൾ നിങ്ങളെ അംഗീകരിക്കുന്നതിനെപ്പറ്റി ആലോചിക്കുക പോലും ചെയ്യൂ എന്നു ധാർഷ്ട്യപ്പെടുന്നതിൻറെ മറ്റൊരു പതിപ്പു തന്നെയാവുകയല്ലേ അത്?

അല്ലാതെ കണ്ണൻ എന്തു കഴിക്കുന്നുവെന്നത് എങ്ങനെയാണ് ഒരു പ്രശ്നം തന്നെ ആകുന്നത്?

ഇന്ന ആഹാരം ഇന്നവരേ ഉണ്ടാക്കൂ എന്നോ ഇന്നവരേ കഴിക്കൂ എന്നോ ഇന്നവരേ കഴിക്കാവൂ എന്നോ ഞാൻ എവിടെയും പറഞ്ഞിട്ടില്ല, എഴുതീട്ടില്ല. ആർക്കും ഏതാഹാരവും അവർക്ക് പിടിച്ച പോലെ ഉണ്ടാക്കിക്കഴിക്കാം എന്നതാണ് എൻറെ നിലപാട്.

എന്നാൽ എനിക്കിഷ്ടമുള്ള ആഹാരം അത് തീരേ പരിചയമില്ലാത്ത, അതുകൊണ്ട് തന്നെ അതിനോട് ഇഷ്ടക്കുറവുള്ള ഒരാളെക്കൊണ്ട് ഉണ്ടാക്കിച്ചു കഴിക്കുന്നതും നിർബന്ധമായി അയാളെ കഴിപ്പിക്കുന്നതും തെറ്റാണ്. അങ്ങനെ ചെയ്യുന്നതിന് ന്യായമായി ഞാൻ ഭർത്താവ്, ഞാൻ നിൻറെ അധികാരി, നീ ഇങ്ങനെ ചെയ്താലേ നിന്നെ അംഗീകരിക്കാൻ എനിക്ക് കഴിയൂ എന്ന് പറയുന്നത് കുറ്റമാണ്. അത് തൈരും ചോറായാലും ബീഫായാലും പോർക്കായാലും ഗോതമ്പ് ദോശയായാലും..

അങ്ങനെ ചെയ്യുന്നതാണ് ആഹാരത്തിൻറെ പിശാചുവല്ക്കരണം. മറ്റൊരാളെ എത്ര വേണമെങ്കിലും വേദനിപ്പിക്കാനുള്ള ഒരു ആയുധമായി ആഹാരത്തെ മാറ്റിത്തീർക്കൽ.. ആഹാരമുണ്ടാക്കിയവരെ നിസ്സാരമാക്കൽ, ആഹാരത്തിൽ കലഹിക്കൽ.. ദേഹോപദ്രവം ചെയ്യൽ.. എൻറെ അച്ഛനും ജോസഫും ചെയ്തിരുന്നതങ്ങനെയാണ്.

ആഹാരത്തിലെ പ്രത്യേകതകൾ ബീഫ് തിന്നുന്നുവെന്ന സ്കെയിൽ വെച്ച് മാത്രം അളക്കരുതെന്നാണ് എൻറെ അഭിപ്രായം. എഴുന്നൂറു കോടിയിലധികം മനുഷ്യരുള്ള ഈ ലോകത്ത് എല്ലാവരും വ്യത്യസ്തമായ വിഭവങ്ങൾ കഴിക്കുന്നവരാണ്. അതിൽ ഏതു വിഭവത്തിനാണ് ശ്രേഷ്ഠത കൂടുതൽ.. ഏതു വിഭവമാണ് ശ്രേഷ്ഠത കുറഞ്ഞത്… അത്തരം ശ്രേഷ്ഠത കല്പിക്കൽ, അത്തരം സ്കെയിലുകൾ നിർമ്മിക്കൽ, അതിനായി അപമാനിക്കൽ, കലഹിക്കൽ, ദേഹോപദ്രവം ചെയ്യൽ, ആളെക്കൊല്ലൽ...ഇതെല്ലാം മനുഷ്യ രാശിയോട് തന്നെ ചെയ്യുന്ന ക്രിമിനൽ കുറ്റമാണ്. വിശപ്പെന്ന വലിയ സത്യത്തിൻറെ മുന്നിൽ ചെയ്യുന്ന മാപ്പില്ലാത്ത ക്രിമിനൽ കുറ്റം.

എനിക്ക് വിശ്വാസവും സ്നേഹവുമുള്ളവർ, എന്നെ അപമാനിക്കുകയും നിന്ദിക്കുകയും ചെയ്യാത്തവർ എന്തുണ്ടാക്കിത്തന്നാലും ഞാൻ കഴിക്കും.. ഉദാഹരണത്തിന് എൻറെ മകളുടെ ഭർത്താവ്.. അവൻ എന്തു ഉണ്ടാക്കി തന്നാലും ഞാൻ ഒരു മടിയും കൂടാതെ കഴിക്കും.. അതിപ്പോൾ വെട്ടുകിളി കട്ലറ്റോ, കരടിച്ചോര കുറുക്കിയതോ, പാമ്പ് കറിയോ, ഉറുമ്പ് വറുത്തതോ, കഴുതപ്പാൽ കാച്ചിയതോ എന്തായാലും.. കഴിഞ്ഞ ആറു വർഷമായി ഞാൻ അറിഞ്ഞ ആ സ്നേഹവും വിശ്വാസവും തന്ന ബലമാണത്.

ഇതിൽക്കൂടുതൽ ആഹാരത്തിൻറെ പിശാചുവല്ക്കരണത്തെപ്പറ്റി എനിക്കൊന്നും പറയാനില്ല.

എന്നിൽ ആരോപിക്കപ്പെട്ടിട്ടുള്ള ഭീകരമായ സവർണതയുടെ കൊമ്പു കൂർപ്പിക്കലിനെപ്പറ്റി നാളെ എഴുതാം..

പട്ടിയമ്മയും പട്ടിക്കുട്ടികളും..1

                        
ഞാൻ കുറിക്കുന്നത് നായകളുടേയോ പട്ടികളുടേയോ കഥയല്ല..

ഇത് ഞങ്ങളുടെ അമ്മയും ഞങ്ങൾ മൂന്നുമക്കളും അനുഭവിച്ച ജീവിതമെന്ന പരമസത്യമാണ്.

ഇതിൽ സവർണ, അവർണ ഭേദമില്ല.. ചായ് വുകളില്ല.. വർഗീകരണമില്ല, ആഹാരത്തിൻറെ പൈശാചികവല്ക്കരണമില്ല..

ആകെ ഉള്ളത് നഗ്നവും നിന്ദ്യവുമായ മനുഷ്യത്വമില്ലായ്മ മാത്രം...

അമ്മയുടെ തമിഴ് ബ്രാഹ്മണജാതിയെ പട്ടര് എന്ന് പറയുന്ന ഒരു രീതി ഉണ്ടല്ലോ. ആ രീതിയുമായി ബന്ധപ്പെട്ടാണ് ഇത്തരം പട്ടിവിളികൾ ഞങ്ങൾ കേട്ടിട്ടുള്ളത്.

അച്ഛന്റെ ബന്ധുവീടുകളിലെ ചടങ്ങുകളിലായിരുന്നു തുടക്കം. അവിടെ ആരെങ്കിലും കാണും.. ആരുടെയെങ്കിലും പരിചയക്കാർ.. അല്ലെങ്കിൽ പരിചയക്കാരുടെ പരിചയക്കാർ.. അവർ എന്തിനാണ് അങ്ങനെ ഒരു രംഗം ഉണ്ടാക്കാൻ പരിശ്രമിക്കുന്നതെന്ന് അക്കാലത്തൊന്നും ഞങ്ങൾ കുട്ടികൾക്ക് തീരേ മനസ്സിലാവാറില്ല.

പൊടുന്നനെ അമ്മയുടെ തമിഴ് ബ്രാഹ്മണ്യം ആ ചടങ്ങിനിടയിൽ അങ്ങ് അറിയപ്പെടും. മൂളക്കത്തോടെ പറന്നു വരുന്ന ഒരു വണ്ടിനെപ്പോലെ..

ഊണു കഴിക്കുന്ന ഞങ്ങൾ കുട്ടികളുടെ അടുത്തു വന്ന് ഈ പരിചയക്കാർ മൂക്കത്ത് വിരൽ വെച്ച് ഒരു കാച്ചലാണ്..

'അയ്യോ! പട്ടത്തി അമ്മേടെ പട്ടത്തി കുട്ടികൾക്ക് ഈ ആഹാരത്തോടൊന്നും ഇഷ്ടം കാണൂല്ലാരിക്കും..'

അന്നേരം മുതിർന്ന കാരണവന്മാരും കാരണവത്തികളുമായി വല്ലാതെ ഭാവിക്കുന്ന ആണുങ്ങളും പെണ്ണുങ്ങളും ഇരച്ചെത്തുകയായി.. എന്നിട്ട് അത്യുച്ചത്തിൽ പ്രഖ്യാപിക്കും..

'ഇവിടെങ്ങും ഇല്ല, പട്ടിയമ്മയും പട്ടിക്കുട്ടികളും..'

ഞങ്ങൾക്ക് ആഹാരം തൊണ്ടയിൽ മുട്ടും.

അപ്പോൾ എൻജിനീയർമാരും വക്കീലുമാരും വലിയ കമ്പനികളുടെ ഡയറക്ടർമാരും കോളേജ് പ്രൊഫസർമാരുമൊക്കെ ആളാം വീതം ആഹാരം കഴിപ്പിച്ചു തുടങ്ങും..

'ചോറുരുട്ട്.. ആ കറിയേ തൊട്ട് വായിലോട്ടിട്..

അനുസരണ പഠിക്കണം.. ആദ്യം.. അനുസരണ.. അച്ഛനേം അച്ഛന്റെ വീട്ടുകാരേം ബഹുമാനിച്ച് പഠിക്കണം..'

ഞങ്ങൾ, പേടിച്ചരണ്ട മക്കൾ, കണ്ണു നിറഞ്ഞുകൊണ്ട് ആഹാരം കഴിച്ചെണീക്കും.

അമ്മീമ്മ തയിച്ചു തരുന്ന കുപ്പായങ്ങൾ, നീണ്ട തലമുടി, എണ്ണയൊലിക്കുന്ന വെളുപ്പും കറുപ്പുമല്ലാത്ത ഗ്രാമീണമായ മുഖം, ഏറുകൊണ്ട കില്ലപ്പട്ടിയുടെ ഭാവം ഇതെല്ലാമുള്ള ഞങ്ങൾ അച്ഛന്റെ ബന്ധുക്കൾക്കിടയിൽ വലിയ തമാശകളായിരുന്നു. അവരൊക്കെ ഇട്ടിരുന്ന ഫാഷനബിൾ കുപ്പായങ്ങൾ തൊടരുതെന്ന് ഞങ്ങളെ ഭയപ്പെടുത്തിക്കൊണ്ട് ഷാംപൂ പുരട്ടി മിനുക്കിയ മുടിയിഴകളെ അലസമായി അവരിങ്ങനെ ഒതുക്കി വെക്കും.അന്നേരം പുച്ഛവും പരിഹാസവും അവരുടെ മിഴിയിമകളിൽ പോലും തുളുമ്പി നില്ക്കും.

ഇതിനിടയിൽ അമ്മ അച്ഛനേക്കാൾ വയസ്സിനു വലുതാണെന്ന പരിഹാസവും ഞങ്ങൾക്ക് കേട്ടു നില്ക്കാനുണ്ടാകും. ഏറ്റവും വലിയ അക്രമം ഇതൊന്നുമല്ല, ഞങ്ങളെ അനുസരണയും ബഹുമാനവും പഠിപ്പിക്കാത്ത അമ്മയെ കുനിച്ചു നിറുത്തി ഇടിക്കണമെന്ന് പറയുന്നതു കേട്ട് പുഞ്ചിരിച്ചു നില്ക്കുന്ന അച്ഛന്റെ ആ വിനയമാണ്..

ഒരിക്കലൊന്നുമല്ല ഈ അനുഭവം… പലവട്ടം.. പലരാൽ.. പലയിടത്ത്.. ജോസഫ് എൻറെ രക്ഷകൻ എന്ന് ഞാൻ വിശ്വസിച്ചതിൽ ഈ പട്ടിയമ്മ, പട്ടിക്കുട്ടി വിളികൾക്ക് വലിയ പങ്കുണ്ട്.

ആഹാരം ഏറെ ആനന്ദകരമായ ഒരു അനുഭവമായി ഞങ്ങൾക്ക് വളരെ കുറച്ചു തവണ മാത്രമേ തോന്നിയിട്ടുള്ളൂ.

അമ്മയുടെ ബന്ധുക്കൾ അങ്ങനെ ചടങ്ങുകൾക്ക് വിളിക്കാറില്ല. തൃക്കൂര് ആകെ ഒരു ഗ്രേഖ്യമെന്ന മരണാടിയന്തിരം, ഒരു സീമന്തമെന്ന ഗർഭകാലച്ചടങ്ങ്, ഒരു കല്യാണം, ഒരു പൂണൂൽധാരണം, ഒരു കെട്ടുനിറ ഇത്രയുമേ കാണൂ പത്തിരുപതു വർഷങ്ങൾ അവിടെ പാർത്തിട്ട് ഞങ്ങൾ വിളിക്കപ്പെട്ട തമിഴ് ബ്രാഹ്മണവീടുകളിലെ ചടങ്ങുകൾ.

തൃശൂർ നഗരത്തിൽ അങ്ങനെ ആയിരുന്നില്ല സ്ഥിതി. അച്ഛന്റെ കീഴിൽ ജോലി ചെയ്തിരുന്ന അമ്മയുടെ ബന്ധുക്കളായ ഡോക്ടർമാരുടെയും മററു സുഹൃത്തുക്കളുടേയും കല്യാണങ്ങൾക്കും വിശേഷങ്ങൾക്കും അച്ഛനും അച്ഛന്റെ ഭാര്യയെന്ന നിലയിൽ അമ്മയും വിളിക്കപ്പെടുമായിരുന്നു. മിക്കവാറും സദ്യക്കോ റിസപ്ഷനോ ആയിരിക്കും വിളിക്കുക. അങ്ങനെ ഒരിക്കൽ പോയപ്പോഴാണ് ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ കച്ചേരിയും യേശുദാസിൻറെ ഗാനമേളയും ഞാൻ ആദ്യമായി കേട്ടത്.

അവിടെ അമ്മയെയും ഞങ്ങൾ കുഞ്ഞുങ്ങളേയും ആരും കണ്ട ഭാവമേ കാണിക്കില്ല.. അമ്മ സ്ഥാനം കൊണ്ട് അവിടെ അക്കാവും ചിത്തമ്മയും അത്തയും ഒക്കെ ആയിരിക്കും. എന്നാൽ അമ്മയെ ഒഴിവാക്കി എല്ലാവരും അച്ഛനോട് മാത്രം സംസാരിക്കും. കാരണം അച്ഛൻ തൃശൂർ നഗരത്തിൽ പദവിയുള്ള ആളാണ്… വിശ്വകർമ്മജന് ബ്രാഹ്മണപ്പെണ്ണിനെ കല്യാണം കഴിച്ചാൽ ഭ്രഷ്ട് ഇല്ല. എന്നാൽ ആ ബ്രാഹ്മണപ്പെണ്ണിനും അവൾ പെറ്റിട്ട പെൺകുഞ്ഞുങ്ങൾക്കും പൂർണ ഭ്രഷ്ടാണ്.

ഇതിനെല്ലാം പുറമേ 'അത് ആര്? രാജമല്ലവോ?' എന്ന് പട്ടുസാരി ചുറ്റിയ പെണ്ണുങ്ങൾ അടക്കം പറയുന്നത് കേൾക്കാം.. ചൂണ്ടിക്കാട്ടുന്നത് കാണാം.. കൂട്ടത്തിൽ നിറഞ്ഞ പുച്ഛത്തിലുള്ള ഉത്തരവും കൂർത്ത ചില്ലായി തുളച്ചു കയറും..

'ആമാം.. രാജം താൻ.. അന്ത ആശാരി ഡോക്ടറെ കല്യാണം പണ്ണീണ്ടാളേ..'

ഞങ്ങൾ അധികപ്പറ്റുകളും ഭ്രഷ്ടരുമായി അങ്ങനെ ചൂളി നില്ക്കും. കുട്ടികളാണ്.. പത്തു വയസ്സിൽ താഴേയുള്ള കുട്ടികൾ.. ഇങ്ങനെ മൽസരിച്ച് നിന്ദിക്കുന്ന ജാതിക്കളികളിൽ അവർ ആരുടെ ഒപ്പം നില്ക്കും.. മനുഷ്യത്വമില്ലാത്ത സവർണതയിലോ അവർണതയിലോ ഏതിൽ അഭിരമിക്കും?

ഇത് ഒരനുഭവമല്ല.. അനവധി അനവധി അനുഭവങ്ങളിൽ നിന്ന് ഒരെണ്ണം എഴുതിയെന്നേ ഉള്ളൂ.

ഞാൻ അഭയം തേടിച്ചെന്നയിടത്ത് ക്രിസ്തുമതമായിരുന്നല്ലോ പ്രബലം.
ക്രിസ്തുമതത്തിന് പിന്നെ ക്രിസ്തുമതമൊഴിച്ച് ബാക്കിയെല്ലാം താഴ്ന്ന മതങ്ങളാണ്..കത്തോലിക്കരെ സംബന്ധിച്ച് ബാക്കി ക്രിസ്തു മതവിഭാഗങ്ങളെല്ലാം അവരേക്കാൾ താഴേയാണ്.. കത്തോലിക്കാ ക്രിസ്ത്യാനികളാണ് ഏറ്റവും ഉയർന്നത്…അവിടെ പട്ടിയമ്മയും പട്ടിക്കുട്ടികളും ആശാരിച്ചിയും ഏറ്റവും യോജിക്കുന്ന സംബോധനകൾ തന്നെ.

അനിയത്തിമാർ വഴിയാണ് ഈഴവരുടെയും ബംഗാളി വൈശ്യരുടേയും ജാതിപ്പൊങ്ങച്ചം അറിയാൻ യോഗമുണ്ടായത്. ഈഴവർക്ക് പട്ടത്തിഅമ്മയുടെ പട്ടത്തിക്കുട്ടികൾ ആശാരിമാരെപ്പോലെ പട്ടിയമ്മയും പട്ടിക്കുട്ടികളും തന്നെയായിരുന്നു. അവർ ഒരു പടി കൂടി കടന്നു പട്ടിയമ്മൂമ്മയുടെ പട്ടിക്കുട്ടി എന്ന സംബോധന നല്കാനും ധൈര്യപ്പെട്ടു.

ഒരു കുടുംബമല്ലേ അങ്ങനെ പറഞ്ഞുള്ളൂ എന്ന് നിസ്സാരമായി തള്ളിയേക്കാം പലരും. അഞ്ചെട്ടു വയസ്സുള്ള പെൺകുഞ്ഞിനോട്, അവൾക്ക് അമ്മൂമ്മയെ ഏറെ ഇഷ്ടമാണെന്നറിയേ അങ്ങനെ പറയുന്നത് മനുഷ്യത്വമില്ലായ്മയല്ലെങ്കിൽ പിന്നെന്താണ്? കുടുംബവും അങ്ങനെ വട്ടത്തിലും നീളത്തിലുമുള്ള ബന്ധുക്കളും ചേരുമ്പോൾ അതൊരു പ്രത്യേക എണ്ണം ആളുകളുടെ കൂട്ടുകെട്ടാവുന്നു.

അമ്മയുടെ തമിഴ് ബ്രാഹ്മണ്യം, ആരുമില്ലായ്മ, അമ്മയുടെ പെണ്മ ഇതെല്ലാം ഉപയോഗിച്ച് ഞങ്ങളേയും അമ്മയേയും സവർണരും ധനികരായ അവർണരും എന്നും വേട്ടയാടിയിട്ടുണ്ട്. ഇന്നും അത് തുടരുകയും ചെയ്യുന്നു.

ബംഗാളി വൈശ്യർക്ക് മലയാളി വിശ്വകർമ്മൻ എന്ന പിന്നോക്കജാതിയെ ദളിതനായി മാത്രമേ മനസ്സിലാക്കാൻ പറ്റിയുള്ളൂ. ദളിതൻ എന്നാൽ ഈ ഭാരതഭൂമിയിൽ ജീവിക്കാൻ തന്നെ പാടില്ലാത്തവനാണല്ലോ. അയാളുടെ ഭാര്യയും മക്കളുമൊക്കെ അതുപോലെ ജീവിക്കാൻ പാടില്ലാത്തവർ തന്നെ. കേരളത്തിൽ ജനിച്ച ദളിത് പെണ്ണിനെ കല്യാണം കഴിക്കേണ്ടി വന്ന ദുർഗതിയിൽ വൈശ്യൻ രോഷാകുലനായി. കുഞ്ഞിനെക്കൊണ്ട് അമ്മയെ ദളിത് സ്ത്രീയേ എന്ന് തുടരേ വിളിപ്പിച്ചു…

ഞങ്ങൾക്ക് ഒരു വികാരവും തോന്നുകയില്ല.. ഒരു ജാതിപ്പേരും ഒരു മതപ്പേരും ആരോപിച്ച് ഞങ്ങളെ ഈ പ്രപഞ്ചത്തിലാർക്കും അപമാനിക്കാൻ കഴിയില്ല. കാരണം അതിൽ ഞങ്ങൾക്ക് വിശ്വാസമേയില്ല.. മനുഷ്യ ത്വമില്ലാതാവുമ്പോൾ സമസ്തവും നികൃഷ്ടമാകുമെന്ന് ജീവിതം കൊണ്ട് പഠിച്ചവരാണ് ഞങ്ങൾ…

ബാക്കി നാളെ എഴുതാം..
ഇതെനിക്ക് ഇഷ്ടപ്പെട്ടു..


                                                                                        
ഭാഗ്യയുമായുള്ള എൻറെ സൗഹൃദത്തിന്റെ വാർഷികം..

ഒരു തുണിക്കഷണത്തിൽ കിടന്നു വായ കൂട്ടാതെ ഉച്ചത്തിൽ കീറിക്കരഞ്ഞിരുന്ന ഒരു ഉണ്ടക്കുട്ടിയായിരുന്നു ഞാൻ ആദ്യമായി കണ്ട ഭാഗ്യ..

ഒരു പച്ച വെൽവെറ്റ് ഉടുപ്പും മൊട്ടത്തലയുമായി ഓടിക്കളിച്ചിരുന്ന ഭാഗ്യ..

കല അക്കാന്ന് വിളിപ്പിക്കാൻ പഠിപ്പിച്ച കുട്ടിക്കാലത്ത് അവൾ എന്നെ കാക്ക എന്ന് വിളിച്ചു തുടങ്ങി..

ഞാൻ അന്ന് നിറുത്തി ആ പഠിപ്പിക്കല്..

രണ്ട് അനിയത്തിമാരും കലാന്നും, നീന്നും , ടീന്നും വിളിച്ചു.. ഇപ്പോൾ അവരുടെ മക്കൾ വിളിക്കുന്ന പോലെ കലാമ്മ എന്നും വിളിക്കും..

ആ ബുക്ക് വായിക്ക്, ഈ ബുക്ക് വായിക്ക്.. കഥ പറയ്, കഥ കേക്ക്.. ഇങ്ങനെ കുറെ വാക്കുകൾ ഭാഗ്യ എന്നോട് പറയുമായിരുന്നു.

എട്ടാം ക്ളാസ്സിൽ പഠിക്കുമ്പോൾ ടെക്സ്റ്റ് ബുക്കിലെ ആ ലെസൺ പഠിച്ചു തീർന്നോ എന്ന എൻറെ ചോദ്യത്തിന് ഏതോ ഇംഗ്ലീഷ് നോവലിൽ നിന്ന് തല ഉയർത്തി നോക്കി അവൾ ഉത്തരം പറഞ്ഞു..

'അതോ.. അത് ഏഴിലല്ലേ.. ഞാനിപ്പോ എട്ടിലാണ് പഠിക്കുന്നത്.'

ബോധം പോയത് എൻറെയായിരുന്നു. കാരണം നാളെയാണ് അവൾക്ക് പരീക്ഷ..

എന്നാലും തൊണ്ണൂറു മാർക്ക് അവൾ കൊണ്ടു വന്നു.

ഭാഗ്യ... എൻറെ അനിയത്തി.. ഒത്തിരി യൊത്തിരി സ്നേഹം.. നിന്നെ അനിയത്തിയായി കിട്ടിയ ഞാൻ ഭാഗ്യമുള്ളവൾ തന്നെ...

ഓരോരോ പെണ്ണുങ്ങൾ

                                                    
                                                
രാവിലെ എഴുന്നേല്പിച്ചത് പൂനത്തിന്റെ ഫോൺകോളാണ്. ദില്ലിയിൽ കൊടുംചൂടാണ്. അവൾ നാലു മണിക്കേ എഴുന്നേറ്റു കഴിഞ്ഞു. 'ഈ ചൂടിൽ ആർക്കു കഴിയും കിടന്നുറങ്ങാൻ... ദീദി..'

ശരിയാണ്..

പൂനത്തിന് നാലു പെൺകുട്ടികളാണ്. ഞാനവളെ ആദ്യം കാണുമ്പോൾ ഒര് കുഞ്ഞ് മുല കുടിക്കുന്നു, പിന്നെ ഒരു വാവ 'എനിച്ചും വേണം ദുദ്ദൂ 'എന്ന അമ്മപ്പാലെന്ന് കരയുന്നു. ഏറ്റവും വലിയ കുഞ്ഞ് മൂക്കീരു നുണഞ്ഞ് ചപ്രത്തലയുമായി എന്തെങ്കിലും തിന്നാൻ കിട്ടുമോന്ന് ചുറ്റും നോക്കുന്നു. തെരുവിൽ വീണു കിടക്കുന്ന ഒരു മിഠായിക്കടലാസ്സു പോലും ആ കുഞ്ഞ് എടുത്ത് നക്കി നോക്കും.. അന്നേരം ആ കുഞ്ഞിക്കണ്ണുകൾ കാണണം.. കൊതി, ആശ, നിരാശ, സങ്കടം.. എല്ലാം ഇങ്ങനെ കണ്ണീരാൽ എഴുതിയിരിക്കും അവയിൽ...

ഇരുപത്തൊന്നു വയസ്സുള്ള പൂനത്തിന് മൂന്നു മക്കൾ..

പൂനമെന്നല്ല ശരിക്കും പേര്, സിക്കിമിൽ നിന്ന് ദില്ലിയിൽ വന്നപ്പോൾ പഴയ പേര് വേണ്ടാന്ന് വെച്ചു... ദില്ലിക്കാർക്ക് വിളിക്കാൻ എളുപ്പത്തിൽ പേര് മാറ്റിയതാണ്..

ഭർത്താവ് ഉണ്ട്.. ദില്ലിക്കാരൻ.. സിക്കിമിലേക്ക് തിരിച്ചു പോവാൻ പൂനത്തിന് കഴിയില്ല.. അവർക്ക് അങ്ങനെയാണത്രേ.. അതിപ്പോൾ എല്ലായിടത്തും അങ്ങനെ തന്നെയായിരുന്നല്ലോ.. പെണ്ണ് വീട്ടീന്ന് ഇറങ്ങരുത്... നാട്ടീന്ന് ഇറങ്ങരുത്.. പഠിക്കരുത്... ചിരിക്കരുത്.. നോക്കരുത്...

സിക്കിമിൻറെ ഭംഗിയെപ്പറ്റി, അവിടുത്തെ പൂക്കളെപ്പറ്റി, മാസ്ക്കുകളെപ്പറ്റി പൂനം പറ്റുമ്പോഴെല്ലാം എന്നോട് പൊട്ടിപ്പൊളിഞ്ഞ ഹിന്ദിയിലും കൈകാലാംഗ്യത്തിലും വിശദീകരിക്കും..

അതൊരു കാലം.. ദുരിതങ്ങളുടെ, ദണ്ഡങ്ങളുടെ, കണ്ണീരിൻറെ മാത്രം കാലം..

ഒര് ആൺകുട്ടിയെ പെറണമല്ലോ. പൂനം പിന്നേയും ഗർഭിണിയായി. നാലാമത്തെ ആ ഗർഭം സ്വയം അലസിപ്പോയി. അവളുടെ ഭർത്താവ് കൊന്നില്ലെന്നേയുള്ളൂ. മണ്ണെണ്ണ ഒഴിച്ചത് അവളുടെ മേൽ മാത്രമല്ല, ആ മൂന്ന് പെൺകിടാങ്ങളുടെ ദേഹത്തുമാണ്..

എന്തായാലും കത്തിച്ചില്ല..

പൂനം അടുത്തുണ്ടായിരുന്ന ഫ്ളാറ്റുകളിൽ വീട്ടുജോലിക്ക് പോകും. അങ്ങനെയാണ് കഷ്ടപ്പെട്ട് ജീവിച്ചിരുന്നത്. ഏതു നേരവും ജോലിയാണ്..

അങ്ങനെ അഞ്ചാമത്തെ ഗർഭവും വന്നു. പെണ്ണിനെ പെറ്റാൽ കൊലപ്പെടുമെന്ന ഭീതിയിൽ പൂനം ദണ്ഡപ്പെട്ടു കഴിഞ്ഞു കൂടി..

പെറ്റത് പെണ്ണിനെ ആയിരുന്നു.. അന്ന് ആരോടും ചോദിക്കാതെ പൂനം ഗർഭമാവലങ്ങു നിറുത്തിച്ചു.. സർക്കാർ ആശുപത്രിയിലെ ഡോക്ടർമാർ ആദ്യമൊന്നും വഴങ്ങിയില്ല.. ഭർത്താവ് വന്നാലേ പറ്റൂ ഒപ്പിട്ടു തന്നാലേ പറ്റൂ എന്ന് വാശി കാണിച്ചു. നിയമം അങ്ങനെയാണെന്ന് പറഞ്ഞു.. പറ്റാവുന്നത്ര തടസ്സങ്ങൾ ഉന്നയിച്ചു.

എന്നാലും വന്ധ്യംകരണത്തിൻറെ ടാർഗറ്റ് തെകയ്ക്കണമെന്ന ഡോക്ടർമാരുടെ ആവശ്യവും തുണച്ചതുകൊണ്ട് ഒടുവിൽ പൂനം തന്നെ ജയിച്ചു.

നാലു പെൺമക്കളുടെ അമ്മയായ പൂനത്തിന് തിരികെ വന്നപ്പോൾ കിടക്കാൻ പോലും ഇടമുണ്ടായിരുന്നില്ല. ചേരിയിലെ ഒറ്റമുറി ഭർത്താവ് വേറെ ആർക്കോ കൊടുത്തിരുന്നു. കാശും മേടിച്ച് അയാൾ സ്ഥലം വിട്ടിരുന്നു.

പെറ്റ പെണ്ണ് അടഞ്ഞു കിടക്കുന്ന ആ മുറിയുടെ വാതിലിനു മുന്നിൽ ഇരുന്നു..

മുറി വാങ്ങിച്ച ആണിനും പെണ്ണിനും പൂനത്തിനെ കണ്ടപ്പോൾ കലി വന്നു. അവർ അവളെ പിടിച്ചുന്തുകയും ചവിട്ടുകയും ചെയ്തു.. ഓടയിലേക്ക് വീണ അവളുടെ തുടയെല്ല് ഒടിഞ്ഞു.

അപ്പോഴും ചത്തില്ല..

അന്നൊക്കെ അവൾ ജീവിച്ചിരുന്നത് കാണുമ്പോൾ ഞാൻ സ്വയം ധൈര്യപ്പെടുമായിരുന്നു. സ്ലം വിങ് ഡെവലപ്‌മെന്റിന് വേണ്ടി വലിയൊരു കോംപ്ളക്സ് പണിയുന്ന ജോലിയിലായിരുന്നു ഞാൻ.. ആ പൂർത്തിയാവാത്ത കെട്ടിടത്തിന്റെ ഒരു വരാന്തയിലാണ് പൂനം പ്ളാസ്റ്ററിട്ട കാലുമായി കിടന്നിരുന്നത്.നാലു മക്കൾ അവളുടെ ശരീരത്തിനു ചുറ്റുമായി എപ്പോഴും ചുരുണ്ട് കിടക്കുന്നുണ്ടാവും..

അതൊരു ബ്രഹ്മാണ്ഡ ചേരിയായിരുന്നതു കൊണ്ടാണ് പൂനം ചത്തു പോവാതിരുന്നത്. ആരെങ്കിലും എന്തെങ്കിലും ഒക്കെ കൊടുക്കും.. ഒരു കൈ സഹായിക്കും.. ഒരു ചായ, കടല വറുത്തത്, കുറച്ചുപ്പ് ചേർത്ത റൊട്ടി, സവാള, ഒരു പിടി ചോറ്.

ഒടുവിൽ അവൾ എഴുന്നേറ്റു.. അല്പം മുടന്തോ ഏക്കമോ നടക്കുമ്പോൾ ഒരു തിരിയലോ.. എന്തോ ഒരു കുഴപ്പമുണ്ടായിരുന്നു..

ഫ്ളാറ്റുകളിലെ ജോലി അവൾ അലഞ്ഞു നടന്നു മേടിച്ചെടുത്തു. എസ് എഫ് എസ് സ്കീമിലെ ഫ്ളാറ്റുകളിൽ പണി കിട്ടിയപ്പോഴാണ് പൂനത്തിന് ഒരു മാറ്റം വന്നത്..

അക്കാലത്ത് തന്നെ മൂന്നും നാലും അഞ്ചും കോടിയൊക്കെ വില മതിച്ചിരുന്നവയായിരുന്നു എസ് എഫ് എസ് ഫ്ളാറ്റുകൾ. കൊടും പണക്കാരാണ് അവിടെ പാർത്തിരുന്നത്.

അവിടെ ചിലരുമായി പൂനം അടുത്തു. ഒന്നൊരു മേജർ ജനറലായിരുന്നു. പിന്നൊരാൾ ഒരു സിനിമാക്കാരനും..

അവരുടെ വീട്ടിൽ ഡസ്റ്റിംഗ് ആണ് പൂനം ചെയ്തു പോന്നത്.. പുരുഷന്മാരുടെ ഇംഗിതത്തിനു വഴങ്ങിയ പൂനം പണം കൃത്യമായി മേടിച്ചു…

ആ സൈനികനോട് അവൾക്ക് ഒത്തിരി ഇഷ്ടമായിരുന്നു.. അയാൾ സുഗന്ധമേറിയ സോപ്പും ഷാംപൂവും നല്ല വസ്ത്രങ്ങളും അവൾക്ക് നല്കി. അയാൾ ഒരു പരമബോറൻ സൈനിക നായിരുന്നില്ല. ഒരു സൗന്ദര്യാരാധകൻ കൂടിയായിരുന്നു. അയാളെപ്പറ്റി പറയുമ്പോൾ അവളുടെ മുഖം നവോഢയെപ്പോലെ തുടുക്കും.. അവൾക്ക് ശരീരത്തിൻറെ ലാളനയും ആനന്ദവും പകർന്നു നല്കിയത് അയാളാണ്.. അയാൾ മാത്രമാണ്.

* * * *

പെൺമക്കൾ പഠിച്ചു. മൂന്നൂ പേരിൽ ഒരാൾ നഴ്സായി, രണ്ടു പേർ സർക്കാർ ഓഫീസുകളിൽ തൂപ്പുകാരായി, മണ്ണെണ്ണ യിൽ കുതിർന്ന് മരിക്കാൻ പോയവൾ സ്റ്റേറ്റ് ബാങ്കിൽ ഓഫീസറായി. എല്ലാവരും വിവാഹം കഴിച്ചു.. ഓഫീസർ മകൾ വിവാഹം ചെയ്തത് സിക്കിംകാരനെയാണ്..

ലോക്ഡൗണിനു മുമ്പേ ഓഫീസർ മോളുമൊത്ത് പൂനം അനേകകാലങ്ങൾക്ക് ശേഷം സിക്കിമിലേക്ക് പോയിട്ടു വന്നു…. ആ ആഹ്ളാദം അവളുടെ വാക്കുകളെ ആയിരം പാദസരങ്ങളാക്കി..

'ദീദി, എനിക്ക് സിക്കിമിൽ തിമ്പുർ കിട്ടി'യെന്ന് പറയുന്നത് കേൾക്കാൻ തന്നെ എനിക്കു ഒത്തിരി സന്തോഷമായിരുന്നു..

തിമ്പുർ എന്നാൽ ഒരു തരം കുരുമുളക്.. ചൈനയിലുണ്ടാകുന്നത്. എരിവ് കുറവാണ്.. നാരങ്ങയുടെ രുചിയാണ്..

പൂനം എനിക്കുണ്ടാക്കിത്തന്നിട്ടുള്ള രണ്ട് സിക്കിം വിഭവങ്ങൾ…

തക്കാളി ചുടുക, പച്ചമുളകും, വെള്ളുള്ളിയും ചുടുക. ഒന്നിച്ചരച്ച് ഉപ്പും അല്പം കടുകെണ്ണയും ചാലിക്കുക..

പിഞ്ചു ചൊറിതണം വൃത്തിയാക്കി കഴുകി എടുക്കുക. ചോളപ്പൊടി ചേർത്ത് കൊഴുത്ത് വരുന്ന തരത്തിൽ വെള്ളം തിളപ്പിക്കുക. ചുവന്ന മുളക് വെള്ളത്തിലിട്ട് കുതിർത്തതും വെളുത്തുള്ളിയും വേണ്ടത്ര തിമ്പുർ മണികളും ചേർത്ത് അരച്ചത് തിളക്കുന്ന വെള്ളത്തിൽ ചേർക്കുക, ചൊറിതണവും ചേർക്കുക, ചൊറിതണം പെട്ടെന്ന് വേവും. ഉപ്പും ശകലം മഞ്ഞൾപ്പൊടിയും ചേർക്കുക. ഒരു മത്തെടുത്ത് കടഞ്ഞ് ചൊറിതണവും ചോളപ്പൊടി ചേർത്തവെള്ളവും പരസ്പരം നന്നായി യോജിപ്പിക്കുക. ഇപ്പോൾ അതൊരു കൊഴുത്ത, മഞ്ഞയിൽ പച്ചരാശിയുള്ള സൂപ്പായിട്ടുണ്ടാകും…

വിഭവങ്ങളുടെ പേരുകൾ അവൾ പറഞ്ഞു തന്നിരുന്നു.. ഞാൻ മറന്നു പോയി. തിമ്പുറിന് പകരം സാധാരണ കുരുമുളക് ചേർത്ത് എനിക്ക് സൂപ്പുകൂട്ടാൻ തരുമ്പോൾ ഇതല്ല.. 'ദീദി. ഇതല്ല അതിൻറെ രുചി'യെന്ന് അവൾ അമ്പതു വട്ടം പറയുമായിരുന്നു.

അവർ ചോളപ്പൊടി കുറുക്കിയതിനൊപ്പമാണ് ഈ വിഭവങ്ങൾ കഴിക്കുന്നത്.

ഞാൻ ചോറിൻറേയും ചപ്പാത്തിയുടേയും ബ്രഡിൻറേയും ഒപ്പം കഴിക്കും.

തക്കാളി ചുടുമ്പോൾ പൂനം പറയും. 'ഇത് പെണ്ണിൻറെ ജീവിതമാണ് ദീദി.'