Thursday, June 18, 2020

എച്മു കൊഴക്കട്ടൈ..


            
അമ്മീമ്മയും അമ്മയും നാഗമ്മാമിയുമാണ് കൊഴുക്കട്ട ഉണ്ടാക്കിത്തന്നിട്ടുള്ളത്. നാളികേരവും ശർക്കരയും നിറച്ച കൊഴുക്കട്ടയെ പൂർണം വെച്ച കൊഴക്കട്ടൈ എന്ന് വിശേഷിപ്പിക്കും. അത് അപൂർവമായേ ഉണ്ടാക്കാറുള്ളൂ. തൃക്കൂര് വീട്ടിലെ പറമ്പിൽ തെങ്ങൊന്നും കായ്ച്ചു തുടങ്ങീരുന്നില്ല. നാളികേരം ചിരകി അരച്ച് ശർക്കരപ്പാവിൽ വരട്ടിയാണ് അമ്മീമ്മ യും അമ്മയും നാഗമ്മാമിയും പൂർണം ഉണ്ടാക്കിയിരുന്നത്. നാഗമ്മാമി മാസത്തിൽ ഒന്നു രണ്ടു തവണ പൂർണം വെച്ച കൊഴുക്കട്ട ഉണ്ടാക്കി ഭഗവാന് നേദിക്കും. അപ്പോൾ ഞങ്ങൾക്കും തരും. അച്ഛൻ അവരെ ചികിത്സിച്ചതിനു ശേഷം ഞങ്ങൾക്ക് ആഹാരം തറയിൽ വെച്ചു തരുന്ന രീതി അവർ ഉപേക്ഷിച്ചിരുന്നു.

അച്ഛന് ഈ പൂർണം വെച്ച കൊഴുക്കട്ടയും ഇലയടയും വലിയ ഇഷ്ടമായിരുന്നു. അതുകൊണ്ട് അമ്മ ഇടയ്ക്കിടെ അതുണ്ടാക്കും. അച്ഛൻ ഹൃദയാഘാതം വന്ന് ആശുപത്രിയിലായ ദിവസവും അമ്മ ഇലയട ഉണ്ടാക്കി കൊടുത്തിരുന്നു. അച്ഛൻ കഴിച്ചു ബാക്കിയായ ഇലയട ഫ്രിഡ്ജിൽ ഇരുന്നതോർത്ത് അമ്മ ഇടയ്ക്ക് കരയും. അച്ഛൻറെ ആണ്ട് ശ്രാദ്ധം വരുമ്പോൾ എല്ലാം ഈ കഥ പറയുമായിരുന്നു അമ്മ.

പിന്നൊരു കൊഴുക്കട്ടയുണ്ട്.. അമ്മിണിക്കൊഴുക്കട്ട. പച്ചരി കുതിർത്ത് നാളികേരവും ഉപ്പും ചേർത്തരച്ച് അടുപ്പിൽ വെച്ച് കുറുക്കി ചൂടാറുമ്പോൾ കൊഴുക്കട്ട പിടിച്ച് ആവിയിൽ വേവിക്കുന്നു. പിന്നെ കടുകും മുളകും ഉഴുന്നുപരിപ്പും കറിവേപ്പിലയും വറുത്തിടുന്നു. നല്ല രുചിയാണ് അത് കഴിക്കാനും.

അമ്മീമ്മ ആവിയിൽ അല്ലാതെ, തിളച്ചവെള്ളത്തിലിട്ടും ആ കൊഴുക്കട്ട വേവിക്കുമായിരുന്നു. കൊഴുക്കട്ട പൊട്ടുകയോ അലിയുകയോ ഒന്നുമില്ല.

രാജസ്ഥാനിൽ കടലമാവ് ഇങ്ങനെ മുറുക്കത്തിൽ പിടിച്ച് തിളച്ച വെള്ളത്തിൽ വേവിച്ച്, തക്കാളിയും സവാളയും മസാലയാക്കി ഉണ്ടാക്കുന്ന ഒരു കറിയുണ്ട്. ഘാട്ടേ കി സബ്ജി എന്നു പറയും.ചോറിനും ചപ്പാത്തിക്കും പറാത്തേക്കും എല്ലാം യോജിച്ച കറിയാണ്. ധനികർ നെയ്യിൽ വറുക്കും കടലമാവ് ഉണ്ട. ദരിദ്രർ വെള്ളത്തിൽ വേവിക്കും. അതങ്ങനാണല്ലോ. എല്ലാ ആഹാരത്തിനും ധനിക ദരിദ്ര ഭേദമുണ്ടല്ലോ എപ്പോഴും... എല്ലായിടത്തും.

ഇനിയാണ് എച്മു കൊഴക്കട്ടൈ.

എൻറെ പരീക്ഷണം.

മാങ്ങാണ്ടിപ്പരിപ്പ് കിട്ടീട്ടുണ്ട്. അതുവെച്ച് കറിയും പുട്ടും ഉണ്ടാക്കി. ഇപ്പോൾ കൊഴുക്കട്ടയിൽ ഒരു പരീക്ഷണം..

പുട്ടുപൊടിയും മാങ്ങാണ്ടി പ്പരിപ്പ് അരച്ചതും തേങ്ങയും ജീരകവും ഉപ്പും കൂടി മിക്സിയിൽ ഒന്നു കറക്കി ഒരു ലേശം വെണ്ണ ചേർത്ത് കൊഴുക്കട്ട പിടിച്ച് ആവിയിൽ വേവിക്കുക.

ചീനച്ചട്ടിയിൽ കടുകും ഉഴുന്ന് പരിപ്പും ചുവന്നമുളകും സവാളയും ഇഞ്ചിയും പച്ചമുളകും കറിവേപ്പിലയും വറുത്ത് ലേശം കായപ്പൊടീം മൂപ്പിച്ച് കൊഴക്കട്ടൈ അതിലിട്ട് പെരട്ടി എടുക്കുക. വേണമെങ്കിൽ കൊഞ്ചം തേങ്കാ തിരുവിനത് വിതറി അലങ്കരിക്കാം.

രുചികരമായ എച്മു കൊഴക്കട്ടൈ തയാർ..

ചൂടുചായയോ ചൂട് കാപ്പിയോ ഉണ്ടെങ്കിൽ രൊമ്പ പ്രമാദം..

No comments: