അമ്മ നന്നായി വെളുത്തിട്ടും അച്ഛൻ നന്നായി കറുത്തിട്ടുമായിരുന്നു.
അച്ഛൻറെ കറുപ്പ് വർണം ചെറുപ്പത്തിലോ മുതിർന്നപ്പോഴോ ഒരലോസരവും ആ ജീവിതത്തിൽ ഉണ്ടാക്കിയിട്ടില്ല.
അച്ഛന്റെ കറുപ്പിന് ഏഴഴകാണെന്ന് അദ്ദേഹത്തിന്റെ എല്ലാ വനിതാ സുഹൃത്തുക്കളും എപ്പോഴും പറയുമായിരുന്നു.
അമ്മക്ക് അച്ഛന്റെ ബന്ധുക്കളിൽ നിന്ന് ജീവിതത്തിലാകേ അല്പം ഒരംഗീകാരത്തിൻറെ ലാഞ്ഛന ലഭിച്ചത് വെളുത്ത തൊലിയുടെ പേരിൽ മാത്രമാണ്..
അതിങ്ങനെയായിരുന്നു…
കറുപ്പു രാശി ഏറേയുള്ള ഞങ്ങളുടെ തവിട്ടു നിറത്തെ നോക്കി താടിക്ക് കൈ കൊടുത്ത് അവർ പരിതപിക്കും..
ഒരെണ്ണത്തിനെങ്കിലും തള്ളേടെ നെറം കിട്ടിയില്ലല്ലോ..
ചിലർ അമ്മയോട് ഇങ്ങനേം പറയും.
ഒരു വെളുത്തതിനെയെങ്കിലും പെറ്റിടാൻ കഴിഞ്ഞില്ലല്ലോ..
തമിഴ് ബ്രാഹ്മണ്യത്തിന് ഞങ്ങളുടെ നിറത്തിൽ വലിയ അവജ്ഞയായിരുന്നു. കറുത്ത പട്ടാളങ്ങൾ, കരിങ്കുട്ടികൾ, കരിമ്പൂച്ചകൾ എന്ന് ഞങ്ങൾ വിശേഷിപ്പിക്കപ്പെട്ടു.
തൃക്കൂരിലും സ്ക്കൂളിലും ഒക്കെ ചെറുപ്പകാലത്ത് വവ്വാൽ, പാറാട, കാക്കത്തമ്പുരാട്ടി എന്നൊക്കെ ഞങ്ങൾ വിളിക്കപ്പെട്ടിരുന്നു. സതീർഥ്യരായ സവർണരും അവർണരും ദളിതരും മറ്റു മതക്കാരും ഇക്കാര്യത്തിൽ ഒറ്റക്കെട്ടായിരുന്നു. ചില ടീച്ചർമാരും പരസ്യമായി ഇങ്ങനെ വിളിച്ചിട്ടുണ്ട്. 'പല്ലിൻറെ വെണ്മയും കണ്ണിൻറെ സിൽവറും ശരിക്കറിയാം' എന്ന് അട്ടഹസിച്ചിട്ടുണ്ട്.
തൃശൂരിലെ സേക്രഡ് ഹാർട്ട് കോൺവൻറിലും സെൻറ് മേരീസ് കോളേജിലും കേരളവർമ്മ കോളേജിലും ഇത്തരമൊരു അവസ്ഥ ഒരിക്കലും ഉണ്ടായിട്ടില്ല..
വെളുക്കാൻ നല്ല ആഗ്രഹമുണ്ടായിരുന്നു ഞങ്ങൾക്ക്.
മഞ്ഞൾ, ചന്ദനം, രക്തചന്ദനം, തൈര്, നാരങ്ങ നീര്, കടലപ്പൊടി, വിക്കോ ടർമറിക് ക്രീം ഇതൊക്കെ ഞങ്ങളും അരച്ചും കലക്കിയും തേച്ചും നോക്കീട്ടുണ്ട്.
കാര്യമൊന്നുമുണ്ടായില്ല.
എപ്പോഴും ആഘാതങ്ങൾ തരുന്ന ഒരു ജീവിതമായിരുന്നതുകൊണ്ട് വെളുത്ത നിറം കൈവരാനുള്ള പ്രയത്നങ്ങൾ അങ്ങനെ തുടരാനും പറ്റിയില്ല. വീട്ടിൽ ലൈംഗിക ആക്രമണങ്ങൾ നേരിടേണ്ടി വരിക, അമ്മയുടെ കൈയോ കാലോ കണ്ണോ ഒക്കെ അടി കൊണ്ട് തകരാറിലാവുക, വീട് വിട്ടിറങ്ങേണ്ടി വരിക, അപവാദങ്ങൾ മതിലിന്മേൽ പേരുകളായി പ്രത്യക്ഷപ്പെടുക… ഇങ്ങനെയൊക്കെ വരുമ്പോൾ വെളുക്കാനോ സൗന്ദര്യം സംരക്ഷിക്കാനോ ഒന്നും ഞങ്ങൾക്ക് തോന്നാതെയായി.
അമ്മ കറുത്തവളാണെന്നും അമ്മയ്ക്ക് ബ്രാഹ്മണരുടെ ഒരു മുഖച്ഛായയുമില്ലെന്നും ആശാരിച്ചി ആണെന്നാരും സമ്മതിക്കുമെന്നും ജോസഫിൻറെ ബന്ധുക്കൾ എന്നോട് പറയാറുണ്ട്. എനിക്കത് കേൾക്കുമ്പോൾ ഒരു വികാരവും തോന്നാറില്ല. അപ്പോഴേക്കും വ്യക്തികളുടേയും ജാതികളുടേയും മതങ്ങളുടേയും നീചവും നിന്ദ്യവുമായ മനുഷ്യത്വമില്ലായ്മയിലും അല്പത്തങ്ങളിലും വൈകൃതങ്ങളിലും കുടുങ്ങി ഞാൻ ജീവിതത്തെ തന്നെ വെറുത്തു കഴിഞ്ഞിരുന്നു.
കൃഷ്ണശിലയുടെ താളവും കുളിർമ്മയുമുള്ള എൻറെ മോൾ എന്നൊക്കെ ജോസഫ് എനിക്ക് കത്തെഴുതിത്തന്നിരുന്നെങ്കിലും എൻറെ കറുപ്പ് അവരുടെ വീട്ടിൽ വലിയ നാണക്കേട് തന്നെ ആയിരുന്നു. അതുകൊണ്ടാണ് എൻറെ നഗ്നതയിൽ തുപ്പാൻ പോലും ജോസഫ് മുതിർന്നത്.
നിറത്തിൻറെ പേരിൽ അത്രയും അപമാനിക്കപ്പെട്ടു കഴിയുമ്പോൾ പിന്നെ, നിറങ്ങളിൽ നമുക്കൊരു താത്പര്യവും ഇല്ലാതെയാകും. അത്രയും അനുഭവിച്ചിട്ടില്ലാത്തവർക്ക് ആ അവസ്ഥ മനസ്സിലാക്കാൻ കഴിയണമെന്നുമില്ല.
എൻറെ കുഞ്ഞ് കറുത്തതായിരിക്കുമെന്ന ഭീഷണി ഗർഭകാലത്ത് എന്നും കിട്ടിയിരുന്നു. പ്രസവത്തിൽ ഞാനും കുഞ്ഞും മരിക്കണമെന്നായിരുന്നല്ലോ എൻറെ പ്രാർഥന. നിറമൊന്നും എന്നെ അലട്ടുന്ന ഒന്നായിരുന്നില്ല.
വെളുത്ത നിറത്തിൽ ജനിച്ച പെൺകുഞ്ഞിനെ കാണുമ്പോഴൊക്കെയും അതു വലുതാകുമ്പോൾ കറുക്കും, അതിൻറെ ചെവി കറുത്തിരിക്കുന്നു, നിൻറെ അച്ഛന്റെ നിറത്തിലാവും എന്നൊക്കെ തുടർന്നും എല്ലാവരും എന്നോടു പറഞ്ഞിരുന്നു. ആൺകുട്ടി കറുത്താൽ കുഴപ്പമില്ല.. എന്നാൽ പെൺകുട്ടി കറുത്താൽ..ചിലപ്പോൾ വീട്ടിലിരുന്നു പോകും..
ജനിച്ചിട്ട് മാസങ്ങൾ മാത്രം പ്രായമുള്ള പെൺകുഞ്ഞിൻറെ കാര്യമാണീ പറയുന്നതെന്നോർക്കണം.. നിറത്തിൻറെ പ്രിവിലേജ് സ്വന്തമായുള്ള പുരുഷന്മാർക്ക് ഇക്കാര്യം മനസ്സിലാവില്ല..കുട്ടിയുടെ കറുപ്പും വെളുപ്പും അമ്മയ്ക്കല്ല പ്രശ്നമായതെന്ന് എൻറെ കാര്യത്തിൽ എനിക്ക് തീർച്ച പറയാൻ കഴിയും..
എച്മുക്കുട്ടി എന്ന പേര് മാധവിക്കുട്ടിയെ അനുകരിച്ച് ഇട്ടതല്ലേ എന്നാണ് വേറൊരു ചോദ്യം.
എനിക്ക് അനുകരിക്കാൻ പറ്റിയ ഒരാളേയല്ല അവർ. അവർക്ക് അറിയാവുന്ന യാതൊന്നും എനിക്കറിഞ്ഞു കൂടാ. സ്വന്തം ഭർത്താവായ മാധവദാസിൻറെ പേരുമായി ചേർത്താണ് അവർ മാധവിക്കുട്ടി എന്ന പേരിട്ടതെന്ന് കേട്ടിട്ടുണ്ട്.
അമ്മയുടെ മഠത്തിലെ വീട്ടുസഹായി ആയിരുന്ന, തൃക്കൂര് ഗ്രാമത്തിൽ എല്ലാ വാതിലുകളും അമ്മീമ്മക്കു മുന്നിൽ അടഞ്ഞിരുന്നപ്പോഴും അവരോട് സ്നേഹാദരങ്ങൾ പ്രകടിപ്പിച്ച എച്മുവമ്മയുടെ പേര് ഞാൻ എടുത്തു വെന്നതിനെക്കുറിച്ചും ചോദ്യമുണ്ടായിരുന്നു. എനിക്ക് കിട്ടിയ പണത്തിനും പ്രശസ്തിക്കും അവർക്കും അവകാശമില്ലേന്നും എന്നോട് ചോദിച്ചിരുന്നു. എൻറെ അവരോടുള്ള ഐക്യപ്പെടലിനെ അപമാനിക്കുന്ന ചോദ്യങ്ങൾ ഉണ്ടായിരുന്നു.. സവർണ അഹങ്കാരമുള്ള ഞാൻ കാണിച്ച ഒരു അവർണ അനുഭാവ പ്രകടനം മാത്രമല്ലേ എന്നായിരുന്നു ആ ചോദ്യം..
എനിക്ക് ഒരാളോടുള്ള, ഒരാളോടു തോന്നുന്ന സ്നേഹാദരങ്ങളെപ്പറ്റി ഞാനാണ് പറയേണ്ടത്. എന്നെ ഒരു പരിചയവുമില്ലാത്തവർ എൻറെ സ്നേഹാദരങ്ങൾ കെട്ടുകാഴ്ചയല്ലേ എന്ന് ചോദിച്ചാൽ, നിങ്ങളുടെ താത്പര്യം പോലെ തീരുമാനിച്ചുകൊള്ളൂ എന്നു മാത്രമേ എനിക്ക് പറയാൻ കഴിയൂ..
ഗർഭപാത്രത്തിൻറെ വിശുദ്ധി എന്നൊരു പ്രയോഗം കൂടിയുണ്ട്. എനിക്ക് നേരിടേണ്ടി വന്ന മൂർച്ചയുള്ള ഒരു ആയുധമാണത്. എനിക്കും കണ്ണനും കുഞ്ഞുണ്ടാവാതെ പോയതിൻറെ വിശദീകരണമങ്ങനെയാണ്. കടുത്ത ഈശ്വര വിശ്വാസികൾ എന്നോട് പറ്റുമ്പോഴെല്ലാം പറയുന്ന വാക്കുകളാണത്. അതില്ലാതെ പോയതുകൊണ്ടാണ് കണ്ണനെപ്പോലൊരാളുടെ കുഞ്ഞിൻറെ അമ്മയാവാൻ കഴിയാത്തത്. എൻറെ അശുദ്ധി ദിനംപ്രതി വളരുന്നതുകൊണ്ട് പ്രത്യേകം അയയിൽ ഉണക്കാനിട്ട എൻറെ വസ്ത്രങ്ങൾ ഉണങ്ങിക്കഴിഞ്ഞാൽ പോലും ഇത്തരം വിശ്വാസികളുടേതിനൊപ്പം ഒരു കട്ടിലിലോ സോഫയിലോ വെക്കാൻ പാടില്ല.
സവർണതയുടെ അതിരില്ലാത്ത മാഹാത്മ്യങ്ങൾ...ആ ബോധം എന്നിൽ വളരാനാവശ്യമായ സുഖശീതളിമയുടെ രോമാഞ്ചം തുളുമ്പുന്ന അതിമനോഹരമായ സുഖാനുഭവങ്ങൾ അവ ഇങ്ങനെയൊക്കെയാണ്.
മനുഷ്യരായി അംഗീകരിക്കപ്പെടാൻ ഓരോരുത്തർക്കും കിട്ടുന്ന ഓരോ അവസരവും പല മനുഷ്യർ പലകാലങ്ങളിൽ വിട്ടുവീഴ്ചകളില്ലാതെ നിരന്തരമായി നടത്തിയ സമരങ്ങളുടെ തുടർഫലങ്ങളാണ്. ആ സമരങ്ങളുടെ ആകെത്തുകയാണ് തീരേ പരിമിതമായിട്ടാണെങ്കിൽപ്പോലും പലതരം അധികാരങ്ങളുടേയും ധനവാഴ്ചയുടേയും നേരെ പ്രതിഷേധിക്കാനും സമരം ചെയ്യാനും മനുഷ്യരെ പ്രാപ്തരാക്കുന്നത്. അങ്ങനെ കിട്ടിയതൊന്നും തന്നെ ആരേയും പുച്ഛിക്കാനോ പരിഹസിക്കാനോ ഉള്ള അവകാശമായി മാറരുത്. അപ്പോൾ നമ്മൾ ആർക്കെതിരേ സമരം ചെയ്തോ അവരുടെ തലത്തിൽ തന്നെ നാം എത്തിച്ചേരും. നമുക്ക് എതിരേയും സമരകാഹളം മുഴങ്ങും. അതാണ് കാലത്തിൻറെ നീതി.
ആത്മകഥ എഴുതിയതിനു ശേഷം പലരും ഇൻറർവ്യൂകൾ നടത്തി, ഇങ്ങനെ കുറേ ചോദ്യങ്ങൾ വന്നു. ആരും മറുപടികൾ പ്രസിദ്ധീകരിച്ചില്ല. അധികം പേരും ഇൻറർവ്യൂ തന്നേ പ്രസിദ്ധീകരിച്ചില്ല. വെളിച്ചം കണ്ടവയാണെങ്കിൽ അതിഭയങ്കരമായി എഡിറ്റ് ചെയ്യപ്പെട്ട കബന്ധങ്ങളായിരുന്നു….
No comments:
Post a Comment