Thursday, June 18, 2020

പിന്നേം മാങ്ങാണ്ടി പരിപ്പ് അനുഭവങ്ങൾ.



ഇപ്പോൾ താമസിക്കുന്ന വീട്ടിൽ നാലു മാവുണ്ട്. ഞങ്ങൾ വെച്ചതല്ല, നേരത്തെ ഇവിടെ പാർത്തിരുന്ന ശ്രീ മൈക്കിൾ തരകനും ഭാര്യ ശ്രീമതി സോഫിയാ തരകനും ആണ് അതിനുത്തരവാദികൾ.

ഇത്തവണ കുറെ മാങ്ങ കിട്ടി. കാരണം ലോക്ഡൗൺ പ്രമാണിച്ച് ഞങ്ങൾ വീട്ടിൽ തന്നെ ഇരിപ്പായതുകൊണ്ടും അതിഥികളോ കച്ചവടക്കാരോ ആരും തന്നെ വരാത്തതുകൊണ്ടുമാണ് ചക്കയും മാങ്ങയും ഇരിമ്പൻ പുളിയും നെല്ലിക്കാപ്പുളിയുമൊക്കെ സമൃദ്ധമായി കൈവശമായത്.

അയല്ക്കാർക്കൊക്കെ ദാനം ചെയ്തു കർണ്ണനെപ്പോലെ വലിയ മഹത്തുക്കളായി ഞങ്ങൾ ഇരുവരും.

വറുതിയുടെ കാലങ്ങളിൽ മാങ്ങാണ്ടി പ്പരിപ്പ് ഒരു പെരുംതുണയായിരുന്നുവെന്ന് വായിച്ചറിഞ്ഞതും കണ്ണന് ചെറുപ്പകാലത്ത് അമ്മയുണ്ടാക്കിക്കൊടുത്തിട്ടുള്ള മാങ്ങാണ്ടിപ്പരിപ്പ് അടയുടെ സ്മരണയുണർന്നതുമാണ് ആ വഴിക്കുള്ള ഗവേഷണത്തിന് കാരണം.

അങ്ങനെ മാങ്ങാണ്ടി വൃത്തിയായി കഴുകി എടുത്തുവെച്ചു.

ചിരവപ്പുറത്ത് വെച്ച് ഒരു കൊടിലിൽ അമർത്തിപ്പിടിച്ച് മാങ്ങാണ്ടിയെ മൂർച്ചയുള്ള കത്തികൊണ്ട് നെടുകേ പിളർന്നു.

പരിപ്പ് എടുത്ത് പാത്രത്തിലിട്ടു.

പരിപ്പിനെ പൊതിഞ്ഞിരിക്കുന്ന പ്ളാസ്റ്റിക് പോലെയുള്ള രണ്ട് തൊലി ആവരണങ്ങൾ കത്തികൊണ്ട് ചുരണ്ടി നീക്കി.

പരിപ്പ് നന്നായി കഴുകി ചെറുതായി നുറുക്കി മിക്സീലിട്ട് അരച്ചു.

കണ്ണൻറെ അമ്മ പറഞ്ഞുതന്ന പോലെ അരച്ച മാങ്ങാണ്ടിപ്പരിപ്പിൽ വെള്ളം ഒഴിച്ച് തെളിയാൻ വച്ചു.

ആദ്യമാദ്യം വെള്ളം കറുപ്പ് നിറമാകും..ആ വെള്ളം ഊറ്റിക്കളഞ്ഞ് പിന്നേയും വെള്ളം ഒഴിച്ച് വെക്കുക. അങ്ങനെ ഒരു ആറു തവണയാകുമ്പോൾ വെള്ളം തെളിയും.

മാങ്ങാണ്ടിപ്പരിപ്പ് ഉപയോഗിക്കാൻ തയാറായി.

കൂടുതൽ കാലം സൂക്ഷിച്ചു വെക്കണമെങ്കിൽ തുണിയിൽ കെട്ടിത്തൂക്കിയിട്ട് വെള്ളം കളഞ്ഞശേഷം നല്ല വെയിലത്ത് വെച്ച് വളരെ നന്നായി ഉണക്കി വായു കടക്കാത്ത ടിന്നിൽ അടച്ചു സൂക്ഷിക്കുക.

ഒത്തിരിപ്പേർ ഇൻബോക്സിൽ സംസാരിച്ചതുകൊണ്ടും പോസ്റ്റിൽ കുറച്ച് ചോദ്യങ്ങൾ വന്നതുകൊണ്ടും ആണ് എൻറെ ഈ മാങ്ങാണ്ടി അനുഭവങ്ങൾ ഇവിടെ കുറിക്കുന്നത്.

അറിയാവുന്നവർ പൊറുക്കുക..

അറിയാത്തവർ സാധിച്ചാൽ വായിച്ചു നോക്കുക..

ഫോട്ടോ എടുക്കാനുള്ള ബുദ്ധി അന്നേരം കാശിക്കു പോയിരുന്നതുകൊണ്ട് പടം ഇല്ല..

No comments: