Monday, June 15, 2020

സുനിതാ കോഹ്‌ലി

                                       
മകൻറെ ഭാര്യ ഒരു പെൺകുഞ്ഞിന് ജന്മം നല്കിയെന്നറിയിക്കാനാണ് സുനിത ഇന്ന് എന്നെ വിളിച്ചത്…

ഞാൻ മുഴുവൻ സമയവും റിയയ്ക്കൊപ്പമുണ്ടായിരുന്നുവെന്ന് സുനിത എന്നോടു പറഞ്ഞു. അപ്പോൾ അവൾ കരയുകയായിരുന്നുവെന്ന് ഇങ്ങു ദൂരേ ദൂരേ തിരുവനന്തപുരത്തിരുന്നിട്ടും എനിക്കു മനസ്സിലായി..

ഈ കൊവിഡ് കാലത്തും അവൾ മരുമകൾക്ക് ഒപ്പം നിന്നിരിക്കുന്നു.

കുറച്ചു വർഷങ്ങൾക്കു മുമ്പേ.. മഴ ആർത്തു പെയ്യുന്ന ഒരു വൈകുന്നേരത്താണ് വിപിൻ കോഹ്‌ലി എന്ന സുന്ദരനായ ചെറുപ്പക്കാരൻ ദില്ലിയിലെ ലാറിബേക്കർ ബിൽഡിംഗ് സെൻററിൽ വരുന്നത്. ഗൗതം ഭാട്ടിയ എന്ന പ്രശസ്ത ആർക്കിടെക്ട് എഴുതിയ ലാറിബേക്കറെക്കുറിച്ചുള്ള പുസ്തകം അയാൾ കമ്പോടുകമ്പ് വായിച്ചു പഠിച്ചിരുന്നു.

അയാൾക്കൊരു ഫാം ഹൗസ് പണിയണം. ഗുഡ്ഗാവിലാണ് അയാളുടെ സ്ഥലം.

വലിയ ഒരു ഫാം ഹൗസ് ഡിസൈൻ ചെയ്യപ്പെട്ടു. കണ്ണൻറെ ഡിസൈൻ, സൂപ്പർ വിഷൻ.. കെട്ടിടം പണി തകൃതിയായി നടന്നു.

നല്ല പച്ചപ്പുള്ള ഒരു നാലേക്കർ ഭൂമിയായിരുന്നു അത്. എല്ലാത്തരം പച്ചക്കറികളും അവിടെ വിളഞ്ഞു. കട്ട് ഫ്ളവറുകളുടെ അതിമനോഹരമായ ഉദ്യാനമുണ്ടായിരുന്നു. മാവും പുളിയും ആര്യവേപ്പും ശീശമും കീക്കറും അവിടെ പച്ചച്ചു നിന്നു.

മയിലുകൾ പീലിക്കെട്ടുമായി അലസം നടന്നു. തത്തകൾ പാറിപ്പറന്നു. കുയിലുകൾ മധുരമധുരമായി പാടി.

ശരിക്കും സ്വർഗം പോലെ..

കെട്ടിടം പണി തീർന്നപ്പോഴാണ് വിപിൻറെ വിവാഹമുണ്ടായത്. ക്ഷണിക്കപ്പെട്ടിരുന്നുവെങ്കിലും ഞങ്ങൾ വിവാഹസൽക്കാരത്തിന് പോവുകയുണ്ടായില്ല. അതിനൊന്നുമുള്ള മാനസികാവസ്ഥ ഉണ്ടായിരുന്നില്ല അന്ന്.

അഞ്ചെട്ടു മാസങ്ങൾക്കു ശേഷം ഗർഭിണിയായിരുന്ന ഭാര്യ സുനിതയേയും കൂട്ടി വന്ന് വിപിൻ ഞങ്ങളെ ക്ളാരിഡ്ജസ് ഹോട്ടലിൽ ഡിന്നറിന് കൊണ്ടുപോയി. ഞങ്ങളുടെ മടിയും ഒഴിവുകഴിവുമൊന്നും അന്ന് വിലപ്പോയില്ല.

ആ ദിവസമാണ് ഞാൻ സുനിതയെ ആദ്യമായി കാണുന്നത്.

കഷ്ടിച്ച് ഇരുപതു വയസ്സുള്ള സുനിതയോട് ഞാൻ പെട്ടെന്ന് തന്നെ അടുപ്പത്തിലായി. അവളുടേത് ഒരു അൺകൺവെൻഷനൽ ഫാമിലിയാണെന്ന് ഞാനറിഞ്ഞു. ആ പ്രയോഗം എനിക്ക് വളരേ ഇഷ്ടപ്പെട്ടു. ഞങ്ങൾ എല്ലാവരുടേയും കുടുംബങ്ങൾക്ക് ആ പ്രയോഗം ചേരുമെന്ന് എനിക്ക് പിന്നീട് പലപ്പോഴും തോന്നീട്ടുണ്ട്.

ഗർഭത്തിൻറെ ഒത്തിരി ആകുലതകൾ സുനിതക്കുണ്ടായിരുന്നു. പ്രസവവേദനയെ വല്ലാതെ ഭയന്നിരുന്നു അവൾ. മരിച്ചുപോകുമെന്ന വിചാരമുണ്ടായിരുന്നു.

ഞാൻ കുറെയേറെ സംസാരിച്ചു.. സമാധാനപ്പെടുത്തി. ധൈര്യമായിരിക്കാൻ പറഞ്ഞു.

അതിനുശേഷം സുനിത ഇടയ്ക്ക് ഓഫീസിലേക്ക് വിളിക്കും. ഭയങ്ങൾ പങ്കുവെക്കും. ഞാൻ പുല്ലു പോലെ പന്ത്രണ്ട് പെറ്റവളെന്ന നാട്യത്തിൽ കുറെ ധൈര്യവും ബലവും അവൾക്ക് കുത്തിവെക്കും.

അക്കാലത്ത് എൻറെ ശ്വാസകോശത്തിന് കുറച്ച് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നു. അതിൻറെ ചികിത്സ കട് വാരിയ സരായിലെ ഒരു കൂറ്റൻ ആശുപത്രിയിലായിരുന്നു.

ഞാനവിടെ ചെന്ന ആ ദിവസം.. തണുപ്പ് കാലത്തിലെ ആ ദിവസം..

ഒരു മിനിറ്റ് മാത്രമാണ് ഞാൻ സുനിതയെ കണ്ടത്. അവൾ കരഞ്ഞുകൊണ്ട് നില്ക്കുമ്പോൾ വിപിൻറെ അമ്മ നാടകീയമായി ആശംസിക്കുന്നു. ' ബെസ്റ്റ്‌ വിഷസ് '. അടുത്ത സെക്കൻഡിൽ സുനിത നഴ്സിനൊപ്പം പോകുന്നു. അമ്മയും വിപിനും പുറത്തേക്ക് ഇറങ്ങുന്നു.

എനിക്ക് കാര്യങ്ങൾ മനസ്സിലാവാൻ ഒട്ടു സമയമെടുത്തു.

സുനിത പ്രസവിക്കാൻ പോവുകയാണ്.

ഉത്തരേന്ത്യയിൽ പ്രസവത്തിന് സ്ത്രീകൾ സ്വന്തം അമ്മയച്ഛന്മാരുടെ അടുത്തു പോവാറില്ല. ശ്വശ്രുവാണ് പ്രസവം നോക്കുക. പല അമ്മായിഅമ്മമാരും ഇക്കാലയളവിൽ മരുമകളെ ശരിക്കും ഒരു പാഠം പഠിപ്പിക്കുകയും ചെയ്യും.

വിപിൻ അമ്മയ്ക്കൊപ്പം പോയത് എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞില്ല. ഇന്നും കഴിഞ്ഞിട്ടില്ല.

അൺകൺവെൻഷനൽ ഫാമിലി ആയതുകൊണ്ട് സുനിതയെ ആരും അന്വേഷിച്ചു വരില്ലെന്ന് അവൾ പലവട്ടം പറഞ്ഞിരുന്നത് ഞാൻ ആ നിമിഷം ഓർമ്മിച്ചു.

എനിക്ക് വല്ലാത്ത സങ്കടം തോന്നി.

ഞാൻ ആ പ്രസവമുറിയുടെ പുറത്ത് ഇരുന്നു. കുറെക്കഴിഞ്ഞിട്ടാണ് ഞാനവിടെ ഉണ്ടെന്ന് നഴ്സ് വഴി സുനിതയെ അറിയിക്കാനുള്ള ബോധം എന്നിലുദിച്ചത്..

വിപിനും അമ്മയും മടങ്ങിവരുമ്പോഴേക്കും സുനിത പ്രസവിച്ചിരുന്നു.മൂക്കും വായും അടച്ചു കെട്ടി സർജിക്കൽ ഗ്ളൗസും ധരിച്ച് തുടുത്തു ചുവന്ന ആദർശ് കോഹ്‌ലിയെ ആദ്യമായി കൈയിലെടുത്തത് ഞാനാണ്..

കണ്ണൻ ഡിസൈൻ ചെയ്തു നിർമ്മിച്ച ആ ഫാംഹൗസ് പൊളിച്ചു കളഞ്ഞുവെന്ന് സുനിത പറഞ്ഞാണ് ഞാൻ അറിഞ്ഞത്. വിപിൻറെ അമ്മക്ക് ആ കെട്ടിടം ഒട്ടും ഇഷ്ടമായിരുന്നില്ലത്രേ. വിപിൻറെ അച്ഛൻ ജീവിച്ചിരുന്നപ്പോൾ അവർ അത് മാറാത്ത കൺകുരു പോലെ സഹിച്ചുപോന്നു. അദ്ദേഹം കടന്നുപോയപ്പോൾ അവർ ആദ്യം ചെയ്തത് ആ കെട്ടിടം ഇടിച്ചുപൊളിച്ചു കളയുകയാണ്..

കണ്ണൻറെ ഇത്രയും കാലത്തെ ആർക്കിടെക്ചർ പ്രാക്ടീസിൽ അങ്ങനെ ഒരു കെട്ടിടമേ പൊളിച്ചു കളയപ്പെട്ടിട്ടുള്ളൂ.

വിപിന് അമ്മയെ വിഷമിപ്പിക്കാൻ കഴിയില്ലെന്ന് അറിയാമായിരുന്നതുകൊണ്ട് എനിക്ക് യാതൊരു അൽഭുതവും തോന്നിയില്ല..

ആദർശ് കോഹ്‌ലിയുടെ ഭാര്യ റിയയ്ക്കൊപ്പം ഡെലിവറി സ്യൂട്ടിലിരുന്ന് മരുമകളുടെ പ്രസവത്തിന് എല്ലാ പിന്തുണയും കൊടുത്തിരിക്കുന്നു… എൻറെ പ്രിയപ്പെട്ട കൂട്ടുകാരി..

അന്ന് സ്വന്തം പ്രസവത്തെ ഭയന്നു കണ്ണീരൊലിപ്പിച്ച എൻറെ സുനിത…
1 comment:

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

രണ്ട് തലമുറകൾ തമ്മിലുള്ള വിടവുകൾ..ഹൃദ്യമായി.