Wednesday, July 16, 2014

മനസ്സു വായിക്കാന്‍ പഠിച്ച ധന്വന്തരികള്‍ 7


https://www.facebook.com/echmu.kutty/posts/294008220778479

ഏഴാം ഭാഗം

പത്തുനാള്‍ കഴിഞ്ഞ്  വന്ന ഒരു  ഞായറാഴ്ചയാണ്  സമയം  കിട്ടിയത്.  ബാക്കി  ദിവസങ്ങളിലെല്ലാം  ഒന്നുകില്‍  ഇച്ചാക്ക  അധിക ജോലി  തരും.. അല്ലെങ്കില്‍  സന്ദീപ്  സാര്‍  അധിക ജോലി തരും. ചെയ്യാന്‍ കഴിയില്ല  എന്ന്  പറയാന്‍  എനിക്കെന്നല്ല നിത്യ എതിര്‍പ്പുകാരനായ  പ്രദീപ്  ജെയിനു  പോലും  മടിയുണ്ടായിരുന്നു.  പല്ലുകള്‍ക്കിടയില്‍  ചീത്ത വാക്കുകള്‍  പറഞ്ഞുകൊണ്ടാണെങ്കിലും  അയാളും ഏല്‍പിച്ച എല്ലാ ജോലിയും ചെയ്യുമായിരുന്നു. ഓവര്‍ ടൈമായി സാമാന്യം നല്ലൊരു  തുകയും  ഞങ്ങള്‍ക്ക്  ലഭിച്ചുകൊണ്ടിരുന്നു. 

ഞായറാഴ്ച രാവിലെ ഭോഗല്‍  മാര്‍ക്കറ്റില്‍  ഞാന്‍ പൂജയെ കാത്തു നിന്നു. നല്ല തണുപ്പുള്ള  ഒരു പ്രഭാതമായിരുന്നതുകൊണ്ട്    കടകള്‍ കൂടുതലും  അടവായിരുന്നു. വഴിയില്‍  ജനത്തിരക്കും കുറവായിരുന്നു. അധിക  സമയം നില്‍ക്കേണ്ടി വന്നില്ല  .. അപ്പോഴേക്കും  പൂജ  വന്നു.  അവളുടെ   വാക്കുകളില്‍   ഉല്‍ക്കണ്ഠയുടെ  ഒരു നിഴലുണ്ടായിരുന്നു.

സീമയുടെ  ആരോഗ്യം ശരിക്കും മെച്ചപ്പെട്ടിരിക്കുമെന്ന്  നിനക്ക് തോന്നുന്നുണ്ടോ ശാന്തീ...    എന്ന്  പൂജ   ചോദിക്കും വരെ  ഞാന്‍  അതിനെപ്പറ്റി  ഒന്നും  ആലോചിച്ചിരുന്നില്ല.  

തനിച്ചാവുമ്പോഴെല്ലാം കൊടുങ്കാറ്റിലെ  മണല്‍ത്തരികളെപ്പോലെ ചിതറിപ്പോയ എന്‍റെ  ജീവിതത്തെക്കുറിച്ചോര്‍ത്ത്   വേദനിക്കുമായിരുന്നു  ഞാന്‍.. അത്രയും തീക്ഷ്ണതയോടെ  മറ്റൊന്നും തന്നെ  എനിക്ക് ഓര്‍മ്മിക്കാന്‍ കഴിഞ്ഞിരുന്നില്ല.  

പൂജ  എന്നെപ്പോലെ ദുര്‍ബലയായിരുന്നില്ല. സ്വാര്‍ഥയുമായിരുന്നില്ല. 

അവള്‍ക്ക്  സീമയും ഗരുവുമെല്ലാം അടുത്ത സുഹൃത്തുക്കളാണ്..   സീമയുടെ  അവസ്ഥയില്‍  വേദനയുണ്ടെങ്കിലും എനിക്ക്  അവരെ  ഭയമാണ്.. അനവധി  പുരുഷന്മാരുടെ  ലഹരി മുഴുത്തതും  അവസാനിക്കാത്തതുമായ  കാമവും,   ഗുണ്ടകളുടെയും  പോലീസിന്‍റെയും ധിക്കാരവും എല്ലാം  തരാതരം  പോലെ  കയറിയിറങ്ങിയ  ഗരുവിന്‍റെ ദയനീയമായ ജീവിതത്തെപ്പറ്റി,  അപമാനവും  നിന്ദയും താങ്ങാന്‍  വയ്യാതെ  വീട് വിട്ടിറങ്ങുകയും  ദില്ലിയിലെ തെരുവുകളില്‍ നൃത്തം  ചെയ്തും  യാചിച്ചും  കണ്ടവരുടേയെല്ലാം കളിപ്പാട്ടമായിക്കഴിയുകയും ചെയ്യുന്ന  മോനയേ പറ്റി, പോലീസുകാരും ഗുണ്ടകളും  സ്വന്തം  ഗരുവും  ഒരു പോലെ ചതിക്കുകയും  ഇപ്പോള്‍  വെറും  യാചകി മാത്രമായി  ജീവിക്കുകയും ചെയ്യുന്ന  സ്വപ്നയേ  പറ്റി  ഒക്കെ ഓര്‍ക്കുമ്പോള്‍ ഹൃദയം പൊട്ടുന്ന  സങ്കടം വരുമെങ്കിലും എനിക്കവരെ ശരിക്കും  പേടിയാണ്.. 

ഒരളവോളം  പൂജയുടെ  മുഖം  പോലെ.. അവളുണ്ടാക്കുന്ന ഈ  സൌഹൃദങ്ങളേയും എനിക്ക്  ഭയമാണ്.. എന്നാലും എനിക്ക്  പൂജയെ  അനുസരിയ്ക്കാതിരിയ്ക്കാനോ പിന്തുടരാതിരിയ്ക്കാനോ  കഴിയുന്നുമില്ല. 

അവളെ കാണുമ്പോള്‍  എനിക്കാരുമില്ല  എന്ന തോന്നല്‍ അകന്നു മാറിയിരുന്നു.  അശ്വിനി ശര്‍മ്മയുടെ നോട്ടങ്ങളില്‍ വ്യത്യസ്തമായ ആഴവും അര്‍ഥങ്ങളുമുണരുന്നുവെന്ന തോന്നല്‍ എന്നെ  പരിഭ്രമിപ്പിച്ച സമയങ്ങളിലൊക്കെ ഒരു  പതിനെട്ടുകാരിയെപ്പോലെ  ഞാന്‍ പൂജയുടെ തോളില്‍  തല  ചായിച്ചത്  അതുകൊണ്ടാണ്.  

അശ്വിനി ശര്‍മ്മ നല്ലവനാണെന്നും  വേണമെങ്കില്‍ ഒരു  റിലേഷന്‍ഷിപ്പില്‍ ഇന്‍വോള്‍വ്ഡ് ആകാമെന്നും പൂജ  എന്നോട്  പറഞ്ഞുവെങ്കിലും  അത്  കേള്‍ക്കാത്ത  മാതിരി  അവളുടെ കനത്തിരുണ്ട തലമുടിയുടെ സുരക്ഷിതത്വത്തില്‍  എന്‍റെ  കണ്ണീരിനെ ഞാന്‍  ഒളിപ്പിച്ചു വെച്ചു.. 

എനിക്ക് ഓര്‍മ്മകള്‍    വേണ്ട.. എനിക്ക്  ഇന്നലെകള്‍ വേണ്ട..  എനിക്ക്  ഇനി  ഒരു  പുരുഷന്‍റെ നെഞ്ചിലെ  ചൂടും അവന്‍റെ  കരവലയവും ഒന്നും   ആവശ്യമില്ല.. 

തണുപ്പുകാലത്തിന്‍റെ  ഒരു  പ്രത്യേക  മണം  ഗലിയില്‍  വ്യാപിച്ചിരുന്നു. പലതരം മാംസക്കറികളുടേയും  പനീറിന്‍റേയും  വിവിധ മസാലകളൂടേയും  സുഗന്ധവും ഗലിയിലുണ്ടായിരുന്നു. കുയിലുകളുടെ  കൂജനവും  എങ്ങു നിന്നോ കേള്‍ക്കാമായിരുന്നു. 

ദില്ലി നഗരത്തിന്‍റെ  പ്രത്യേകതയാണത്.. 

അതിവിശാലമായ രാജരഥ്യകള്‍ക്ക് തൊട്ടു പുറകിലായി കനത്ത് തെഴുത്ത കുറ്റിച്ചെടികളുടെ വനമുണ്ടാകും.. അല്ലെങ്കില്‍ നൂറ്റാണ്ടുകള്‍ നിശ്ചലമായി നില്‍ക്കുന്ന ഇടുങ്ങിയ  തെരുവുകളും അവയ്ക്കിരുപുറവും അതിവിശാലമായ ഹവേലികളുമുണ്ടാവും.. മിന്നിത്തിളങ്ങുന്ന മാര്‍ക്കറ്റുകള്‍ക്കുള്ളില്‍  വീതികുറഞ്ഞ തെരുവുകളും അഞ്ചും ആറും നിലകളില്‍ പണിതുയര്‍ത്തിയ വീടുകളുമുള്ള ലാല്‍ഡോറകളുണ്ടാവും ..  മനുഷ്യന്‍റെ  നാഡീവ്യൂഹചിത്രത്തെ അതിശയിപ്പിക്കുന്ന മാതിരി  ഇലക്ട്രിക് വയറുകള്‍ ലാല്‍ഡോറകളുടെ  കുഞ്ഞ് ആകാശങ്ങളെ കഷണം കഷണമായി  മുറിക്കുന്നുണ്ടാവും.  ഗവണ്മെന്‍റിന്‍റെ കൂറ്റന്‍ മന്ദിര സമുച്ചയങ്ങള്‍ക്ക്  പിന്നില്‍,  മലം കലര്‍ന്ന ചെളിവെള്ളം  ഒഴുകുന്ന  ഓടയില്‍ നിന്ന്  വെള്ളം മുക്കിക്കുടിക്കുന്നവരും  മൂക്കീരൊലിപ്പിച്ച് അഴുക്കു വഴികളില്‍ കളിക്കുന്നവരുമായ കുഞ്ഞുങ്ങള്‍ നിറഞ്ഞു കവിയുന്ന ചേരികളുണ്ടാവും.   ഇതിനെല്ലാമിടയിലൂടെ തികച്ചും അപ്രതീക്ഷിതമായി  മിനുങ്ങുന്ന വര്‍ണങ്ങളും കാട്ടി  വിഭ്രമിപ്പിച്ചുകൊണ്ട്  ഒരു മയില്‍ ഏതെങ്കിലും ഒരു  കെട്ടിടത്തിന്‍റെ  കുഞ്ഞു ടെറസ്സിന്‍ തുറവിയിലേക്ക് പറന്നിറങ്ങുന്നുണ്ടാവും ... 

ഗരു  കരഞ്ഞുകൊണ്ടാണ് ഞങ്ങളെ  സ്വാഗതം ചെയ്തത്.. 

കാര്യങ്ങള്‍  കൂടുതല്‍  കുഴപ്പത്തിലാണെന്ന് ആ കണ്ണീര്‍  പറയുന്നുണ്ടായിരുന്നു.  

പൂജയുടെ ഉല്‍ക്കണ്ഠ  സത്യമായിരുന്നു.  സീമയുടെ  ദേഹത്തെ  മുറിവുകള്‍  മാത്രമേ ഉണങ്ങിയിരുന്നുള്ളൂ. ആ മനസ്സ് തകര്‍ന്നു  തരിപ്പണമായിരുന്നു. 

സീമ  ചുവരിലെ ഏതോ  ഒരു കറുത്ത ബിന്ദുവിനെ  ഇമവെട്ടാതെ  നോക്കി ഇരിക്കുകയായിരുന്നു.  ചിരിയോ സന്തോഷമോ പ്രതീക്ഷയോ ഒന്നുമില്ലാത്ത അതീവ ശൂന്യമായ നോട്ടം. ആരേയും തിരിച്ചറിയാത്തതുപോലെ,  നമ്മെ  നോക്കുമ്പോള്‍ നമ്മിലൂടെ കടന്നു പോകുന്ന മാതിരി ,  നമ്മള്‍  മുന്നിലില്ലാത്തതു  മാതിരി  ദൂരെ ദൂരെ  എവിടേക്കോ ഉള്ള  നോട്ടം. വിഷാദത്തിന്‍റെ  പടുകുഴിയിലേക്ക്  ആ മനസ്സ് കൂപ്പു കുത്തിക്കഴിഞ്ഞിരുന്നുവെന്ന് സീമയുടെ ഭീതിദമായ   നിശ്ചലത വെളിപ്പെടുത്തി..  

ഗരു കരഞ്ഞുകൊണ്ടിരുന്നു. 

അവരില്‍ പലരും  ലിംഗച്ഛേദനം കഴിയുമ്പോള്‍  ചിലപ്പോഴൊക്കെ സമനില തെറ്റിയവരെപ്പോലെ ആയിത്തീരാറുണ്ടെന്ന്  ഗരു   പറയുകയായിരുന്നു. ആ   കഠിന വേദനയെ സഹിക്കുന്നത് അത്  കഴിഞ്ഞാല്‍  പെണ്ണായിത്തീരാമെന്ന മോഹത്തിലാണ്. പക്ഷെ,  എത്രയായാലും  ഒരു മുഴുവന്‍ പെണ്ണാവാന്‍ ആര്‍ക്കും  കഴിയില്ലല്ലോ.  ആ സത്യവുമായി  പൊരുത്തപ്പെടേണ്ടി വരുമ്പോള്‍ കഠിന വേദനയ്ക്കും യാതനകള്‍ക്കും  ശേഷവും ജീവിതം പഴയതു പോലെ തന്നെ വഴിയോരങ്ങളില്‍  നൃത്തം ചെയ്തും  കൈ നീട്ടി യാചിച്ചും കണ്ടവരുടേയെല്ലാം  കാമം  ശമിപ്പിച്ചും മാത്രം  തുടരേണ്ടി  വരുമെന്നറിയുമ്പോള്‍  പലരുടേയും സമനില തെറ്റാറുണ്ട്.. 

ഹോര്‍മോണ്‍ കുത്തിവെച്ച്  മാറിടം വളരാന്‍ കൊതിക്കുന്ന  സീമയും മോനയും  സ്വപ്നയുമെല്ലാം ആരുടെ കൈത്തെറ്റുകളാണ്.. പരുഷമായ ശബ്ദം മാറി മധുരമായ സ്ത്രീ ശബ്ദം മോഹിക്കുന്ന  ഇവരുടെ തൊണ്ടകളില്‍  ഏതു  ജാതകയോഗമാണ് കരിമ്പാറക്കെട്ടായമരുന്നത്

പെണ്ണായിപ്പിറന്നുപോയല്ലോ എന്ന  എന്‍റെ  സങ്കടം  എത്രയോ  നിസ്സാരമാണെന്ന്  എനിക്ക്  പൊടുന്നനെ ഒരു വെളിപാടുണ്ടായി. അനേകകാലം  കണ്ണടച്ചിരുന്നിട്ട്  പെട്ടെന്ന്  കണ്ണു തുറന്നു നോക്കുന്നതു മാതിരിയായിരുന്നു അത്..  എന്‍റെ മിനുങ്ങുന്ന  കവിളുകളും മിനുസമുള്ള ചുണ്ടുകളും ചെറുതെങ്കിലും  ആകൃതിയൊത്ത  മുലകളും  മൃദുലമായ   അടിവയറും നീണ്ടുരുണ്ട തുടകളും എന്‍റെ  ആര്‍ത്തവവും  എല്ലാം.. എല്ലാം  തപസ്സു ചെയ്തു നേടേണ്ട  വിലയേറിയ അനുഗ്രഹങ്ങളായി  എന്നില്‍  അഭിമാനമുണര്‍ത്തി.  

ഇങ്ങനെയെല്ലാം  പൂജയ്ക്കും  തോന്നിയെന്ന്  അവളുടെ  വിരലുകള്‍  എന്‍റെ വിരലുകളെ  കോര്‍ത്തു പിടിച്ചപ്പോള്‍ ഞാനറിഞ്ഞു.. ഞങ്ങളില്‍ പെണ്മ ഒരു വസന്തകാലം  പീലി വിടര്‍ത്തുന്ന മയില്‍ നിറമായി ഒഴുകി.  എന്നില്‍ ഈ  അഭിമാനമുണരാനായിരിക്കുമോ  ഗരുവിനേയും  സീമയേയുമൊക്കെ  ഞാന്‍  പരിചയപ്പെട്ടത്? ഇനിയൊരിക്കലും ഒരു കാലത്തും പെണ്ണായിപ്പിറന്നുവല്ലോ  എന്ന്  വേദനിക്കില്ലെന്ന്  ഗരുവിന്‍റെ ഒഴുകുന്ന  കണ്ണുകളില്‍ നോക്കി  ഞാനുറപ്പിച്ചു. 

സീമയെ ഒരു നല്ല സൈക്യാട്രിസ്റ്റിനെ കാണിക്കാമെന്ന് പൂജ  പറഞ്ഞു.  

ഏത് കളവും എത്ര നീചതയും ചെയ്യുന്നവരാണ് സൈക്യാട്രിസ്റ്റുകളെന്ന്  വിളിച്ചു കൂവണമെന്ന്  ഞാന്‍ വിചാരിച്ചു. അവര്‍ പുതിയ പുതിയ പദങ്ങള്‍  ഉപയോഗിച്ച് ,  സിദ്ധാന്തങ്ങള്‍ ആവിഷ്ക്കരിച്ച്  മനുഷ്യ മനസ്സുകളെ ഇനിയൊരിക്കലും രക്ഷപ്പെടുത്താന്‍ കഴിയാത്ത പതനത്തിലേക്ക് വീഴ്ത്തിക്കളയുമെന്ന്   അലറിപ്പറയാന്‍  ഞാന്‍ ആഗ്രഹിച്ചു.. 

എങ്കിലും ഞാന്‍ മിണ്ടിയില്ല. എനിക്ക്  അതിനൊക്കെയുള്ള ധൈര്യവും ആത്മവിശ്വാസവും  നന്നെ കഷ്ടിയായിരുന്നു.

പൂജ  അങ്ങനെയാണ്.. പെട്ടെന്ന് തിരുമാനിക്കുക.. അതിവേഗം അത്  നടപ്പിലാക്കുക... അതിനുവേണ്ടി ഏറ്റവും കഠിനമായി എന്നാല്‍ അല്‍പം  പോലും മടുപ്പില്ലാതെ നിരന്തരമായി പരിശ്രമിക്കുക.. 

പൂജയെ എല്ലാവരും സ്നേഹിക്കുന്നത് അതുകൊണ്ടൊക്കെയാവാം.. ആവാമെന്നല്ല  ആണെന്നാണ് അശ്വിനി ശര്‍മ്മ  ഉറപ്പിച്ചു പറയാറ്.. അത്യധികം ബഹുമാനത്തോടെ മാത്രമേ പൂജ  എന്ന് അദ്ദേഹം ഉച്ചരിക്കാറുള്ളൂ. ഇച്ചാക്കയ്ക്കും  സന്ദീപ് സാറിനും  പൂജയോട്  ബഹുമാനവും ആദരവുമാണുള്ളതെന്ന് എനിക്കറിയാം. എന്തിനധികം സ്ഥിരം വഴക്കാളിയായ പ്രദീപ് പോലും ഒതുങ്ങിപ്പോകാറുണ്ട്  പൂജയുടെ  ഒച്ച ഉയരുമ്പോള്‍... . 

ഗരുവിനു വല്ലാത്ത പേടിയായിരുന്നു. പറ്റില്ലെന്ന്  അറുത്ത് മുറിച്ച്  പറഞ്ഞ്  പൂജയെ പിണക്കാന്‍ ധൈര്യം ഇല്ലെങ്കിലും  സീമയ്ക്ക് മാനസിക പ്രശ്നങ്ങളുണ്ടെന്ന്  ആരുമറിയരുതെന്ന് ഗരു  ഉറപ്പിച്ചു  പറഞ്ഞു.  സീമയെ നൃത്തം ചെയ്യാന്‍  കൊണ്ടു പോകുന്ന  ഹാര്‍മോണിക്കക്കാരന്‍ വജൂദ്  ഭായിയോ  ഡോലടിക്കുന്ന അമീര്‍ ഭായിയോ  പോലും അതറിയാന്‍ പാടില്ലെന്ന് പറയുമ്പോള്‍  ഗരുവില്‍  ഒരു  അമ്മയുടെ  മുഴുവന്‍  ഉല്‍ക്കണ്ഠയുമുണ്ടായിരുന്നു. 

പിന്നെ  അവരും ചൂഷണം  ചെയ്തു തുടങ്ങുമെന്ന് ഗരു  പിറുപിറുത്തു. 

വജൂദ് ഭായി മെലിഞ്ഞ് അരപ്രാണനായിരിക്കുന്നതൊന്നും  സാരമില്ല.  ആളു  മഹാ  ഭയങ്കരനാണെന്നേ  ... അത്  സ്വപ്നയുടെ  ശബ്ദമായിരുന്നു.

നീ പോ.. നീ പോ.. നിന്നെ ആരെങ്കിലും ഇപ്പോ ഇങ്ങോട്ട് ക്ഷണിച്ചോ..  എന്ന് ഗരു  ചീറിയെങ്കിലും  സ്വപ്ന തുടര്‍ന്ന് സംസാരിക്കുക  തന്നെയായിരുന്നു. പൂജാ ദീദി ഉള്ളപ്പോള്‍ ഗരു  ഒരു പരിധിക്കപ്പുറം വഴക്കു പറയില്ലെന്ന്  അറിയുന്നതു പോലെ.. 

വജൂദ് ഭായിയുടെ  സ്വദേശം   മുഗള്‍സരായ് ആണ്. ഉത്തരപ്രദേശിലാണ്    സ്ഥലം. അവിടെ  ഭാര്യയും മക്കളുമുണ്ട്. ഇടയ്ക്കിടെ  നാട്ടില്‍ പോകും.  പോയി വരുമ്പോള്‍ പിന്നെയും കറുത്ത്  കരുവാളിച്ച്  ക്ഷീണിക്കും. ഭാര്യ  ആര്‍ത്തിക്കാരിയാണെന്നും ഒന്നും  തിന്നാന്‍  കൊടുക്കില്ലെന്നുമാണ് വജൂദ് ഭായി വൈജയന്തിയോട് പറയുക. അവിടെ വയലിലും മറ്റും  കൃഷിപ്പണിയൊക്കെ  ചെയ്ത്  വരുമ്പോഴാണ്  ക്ഷീണിക്കുന്നതെന്ന്  എത്ര  പറഞ്ഞുകൊടുത്താലും വൈജയന്തിക്ക് മനസ്സിലാവില്ല.  വൈജയന്തി  വജൂദ് ഭായിയുടെ  ഭാര്യയെ തെറി വിളിക്കുകയും  കോഴിയേയും   ആടിനേയും ഒക്കെ പല വിഭവങ്ങളാക്കി     തീറ്റിച്ച്   ഭായിയെ രക്തപ്രസാദമുള്ളവനാക്കി മാറ്റാന്‍  കഠിനമായി അധ്വാനിക്കുകയും ചെയ്യും..

ആരാ  ഇത്ര  പാവമായ    വൈജയന്തി?  ഞാന്‍  പെട്ടെന്ന്  അങ്ങനെ  ചോദിച്ചു പോയി.  
സ്വപ്ന  ദേഷ്യപ്പെടും പോലെയാണ് സംസാരിച്ചത്.. 

പാവം .. മാത്രമല്ല..തലയില്‍ ബുദ്ധിയുമില്ല വൈജയന്തിക്ക്...   
  
ഞങ്ങളുടെ  കൂട്ടത്തിലൊരാളാണ് ദീദി  വൈജയന്തി.. വജൂദ് ഭായി വൈജയന്തിയെ  കല്യാണം  കഴിച്ചിട്ടുണ്ട്. ഞങ്ങള്‍ക്കിടയില്‍  പലര്‍ക്കും  പറ്റുന്ന  ഒരു  ചതിവാണ് ഇമ്മാതിരി  കല്യാണങ്ങള്‍. ആണൊരുത്തന്‍ ഭാര്യയായി ഏറ്റല്ലോ..   സിന്ദൂരം തൊടാമല്ലോ..  അല്ലെങ്കില്‍   ബുര്‍ക്കയിട്ട് വീട്ടുകാരി  ബീബിയാവല്ലോ..   എന്നൊക്കെ  മോഹിച്ച്  കല്യാണം  കഴിക്കും. എന്ന് വെച്ചാല്‍ വല്ല  അമ്പലത്തിലും പോയി മാലയിടും..അല്ലെങ്കില്‍  വല്ല  ദര്‍ഗയിലും പോയി ചന്ദനത്തിരി കത്തിക്കും. അത്ര  തന്നെ. ഒരാണിനൊപ്പം  സുരക്ഷിതമായി  കഴിയാമെന്ന്  കരുതി  അവരു  പറയുന്നതൊക്കെ അനുസരിക്കും.  എന്നാലും  ആണുങ്ങള്‍ക്ക്  ശരിക്കും  ഭാര്യ  വേറെ  ഉണ്ടാവും. അല്ലെങ്കില്‍  കുറച്ചു  കാലം കഴിയുമ്പോള്‍ എനിക്കൊരു അച്ഛനാവാന്‍  കൊതിയാവുകയില്ലേ എന്ന്  പറഞ്ഞ്  അവര്‍  വേറൊരു  കല്യാണം  കഴിക്കും.  ആ സ്ത്രീയാവും  ശരിക്കുമുള്ള  ഭാര്യ... 

ഞങ്ങള്‍ ഭാര്യയാണെന്നൊക്കെ  പറഞ്ഞാല്‍  ആരു  സമ്മതിക്കും  ദീദി..  പിന്നെ  ബഹളമുണ്ടാക്കിയാല്‍  പോലീസും ഗുണ്ടകളും ഒക്കെ ആണുങ്ങള്‍ക്കൊപ്പമേ  നില്‍ക്കൂ. പ്രകൃതിവിരുദ്ധത്തിന് ഞങ്ങള്‍ പണം  പിടുങ്ങുകയാണെന്ന്  പറയുകയും ചെയ്യാം. 

വൈജയന്തി സമ്പാദിക്കുന്ന  പണമെല്ലാം  ഭര്‍ത്താവായ  വജൂദ്  ഭായിയാണ് കൈകാര്യം ചെയ്യുക. ദീദി  നോക്കിക്കോളൂ.. കുറച്ച് കഴിയുമ്പോള്‍  വൈജയന്തിയും എന്നെപ്പോലെ കടകളില്‍ പോയി ഇരക്കുന്നത്  കാണാം. വജൂദ്  ഭായി വേറെ ഒരു  വിജയയേയോ  സ്വാതിയേയോ ഒക്കെ  കല്യാണം കഴിച്ചിട്ടുണ്ടാവും..  അല്ലെങ്കില്‍  ഗാവിലേക്ക്  മടങ്ങിപ്പോയിട്ടുണ്ടാവും.. 

എല്ലാവര്‍ക്കും കാശു  മതി  ദീദി.. അത്  ഇരന്നായാലും   കൊള്ളാം  കിടന്നായാലും കൊള്ളാം..ആണുങ്ങള്‍  ഞങ്ങളെ  കല്യാണം കഴിക്കുന്നത്  ഞങ്ങള്‍ വായും കുണ്ടിയും വിറ്റിട്ടായാലും അവര്‍ക്ക്  പണം സമ്പാദിച്ചുകൊടുക്കാനാണ്.
 
സ്വപ്ന ദീര്‍ഘമായി  നിശ്വസിച്ചു.  അതൊരു  പൊള്ളുന്ന  നീരാവിയായിരുന്നു. ആ നീരാവിയില്‍  വരാനിരിക്കുന്ന അനവധി തലമുറകളുടെ  കാമം  ദഹിച്ചു  ഭസ്മമാകുന്ന കനലുകളുണ്ടായിരുന്നു. 

സ്വപ്നയുടെ വാക്കുകള്‍  ഏല്‍പിച്ച ആഘാതത്തില്‍ എല്ലാവരും നിശ്ശബ്ദരായിരുന്നതേയുള്ളൂ. 

സീമയുടെ അടുത്ത് പടഞ്ഞിരിക്കുകയായിരുന്ന പൂജ  പരിചയമുള്ള  ഒരു  സൈക്യാട്രിസ്റ്റ്  മാഡത്തിനെ  കാണാമെന്നും  അവര്‍  നല്ല  കൌണ്‍സലിംഗും  അത്യാവശ്യം  മരുന്നുമൊക്കെ  തരുമെന്നും  അങ്ങനെ സീമ ഒരു  മിടുക്കിയാവുമെന്നും  ഉറപ്പിച്ചു പറഞ്ഞു. ആസിഡ് മുഖത്ത് വീണ  ആ നരക ദിവസങ്ങളില്‍  പൂജ ആ മാഡത്തിന്‍റെ  കൌണ്‍സലിംഗിനു പോയിരുന്നു... 

അവളുടെ  ആത്മവിശ്വാസം കണ്ടപ്പോള്‍ പിന്നെ ആരും എതിര്‍പ്പ്  പറഞ്ഞില്ല.  

ഞായറാഴ്ച  ആയതുകൊണ്ട്  ഉച്ചയ്ക്ക്  മുന്‍പേ ക്ലിനിക്കില്‍  ചെല്ലണം  എന്ന്  ഡോക്ടര്‍ പൂജയോട്  പറഞ്ഞു.  ഫോണ്‍ സംഭാഷണം അവസാനിപ്പിച്ചപ്പോഴേക്കും നമുക്ക് പോകാമെന്ന്  പൂജ  തിരക്ക് കൂട്ടി. ഗരു സീമയ്ക്കൊപ്പം വരുമെന്ന് ആരും കരുതിയിരുന്നില്ല. ഗരുവിന്‍റെ വാല്‍സല്യവും കരുതലും കണ്ടപ്പോള്‍ എനിക്ക് കരച്ചില്‍ വന്നു. 

അമ്മയാകുന്നതും  അച്ഛനാകുന്നതും മനസ്സുകൊണ്ടാണ്... മനസ്സുകൊണ്ട് മാത്രമാണ്.  ആ മനസ്സ് ഒട്ടുമില്ലാത്ത മനുഷ്യരില്‍ പലര്‍ക്കും  സുലഭമായി അമ്മയും അച്ഛനും  ആകാന്‍ കഴിയുന്നതാണ് മനുഷ്യവംശത്തിന്‍റെ ഏറ്റവും വലിയ ശാപം.  

ഡിഫന്‍സ്  കോളനിയിലായിരുന്നു ആ ഡോക്ടര്‍ പാര്‍ത്തിരുന്നത്. അധിക ദൂരമില്ലെങ്കിലും ഞങ്ങള്‍  ഓട്ടോയില്‍  കയറിയാണ് അങ്ങോട്ട് പോയത്. 

ക്ലിനിക്കിന്‍റെ  ഗേറ്റില്‍ പാറാവു നിന്നിരുന്ന  യൂണിഫോമിട്ട ചൌക്കിദാര്‍  പൂജയേയും എന്നേയും മാത്രമേ  അകത്തു കയറാന്‍  സമ്മതിച്ചുള്ളൂ.  ഗരുവിനേയും സീമയേയും  പുറത്ത് നിറുത്തി അയാള്‍  ഗേറ്റ്  ചേര്‍ത്തടച്ചു.

പൂജ  എത്ര അപേക്ഷിച്ചിട്ടും അയാള്‍  സമ്മതിച്ചില്ല. 

ഛക്കകള്‍ക്ക്  കയറിവരാന്‍ പാകത്തില്‍ ക്ലിനിക്കില്‍ കുട്ടികള്‍ പിറക്കുകയോ  കല്യാണാഘോഷം നടക്കുകയോ ഒന്നുമല്ലെന്ന് അയാള്‍ തീര്‍ത്തു പറഞ്ഞു.  ഛക്കകളുടെ പകര്‍ച്ച  രോഗങ്ങള്‍ക്ക് ചികില്‍സ നല്‍കുന്ന ക്ലിനിക്കുമല്ല  അത്.. 
ഗരുവിന്‍റെ  മുഖം ചുവന്നുവെങ്കിലും ഗരു  ഒന്നും  പറഞ്ഞില്ല.  ഗേറ്റു തുറക്കു  എന്ന്  കൈകൂപ്പുക മാത്രം ചെയ്തു. 

പൂജ  സമാധാനിപ്പിച്ചു.  ഡോക്ടര്‍  നേരിട്ട്  പറയുമ്പോള്‍ അയാള്‍ ഗേറ്റ് തുറന്നുകൊള്ളും.  അല്‍പനേരം  കാത്ത് നില്‍ക്കു.

ഗരു തലയാട്ടി.. 

ഞാന്‍ പൂജയ്ക്കൊപ്പം ക്ലിനിക്കിനുള്ളിലേക്ക്  നടന്നു.  

ഒട്ടും  കാത്തിരിക്കേണ്ടി  വന്നില്ല.  പ്രൌഡയായ ഒരു സ്ത്രീയായിരുന്നു ഡോക്ടര്‍. നരച്ച  തലമുടിയും സ്വര്‍ണ ഫ്രെയിമുള്ള വട്ടക്കണ്ണടയും വൃത്തിയായി ഞൊറിഞ്ഞ്  അടുക്കി  പിന്‍  ചെയ്ത  സാരിയും അവര്‍ക്ക്  കുലീനമായ ഒരു ആഢ്യത്വം സമ്മാനിച്ചു. 

മുറിയില്‍  സുഖകരമായ ഒരു ഇളംചൂടുണ്ടായിരുന്നു. 

പൂജയോട്  ഹാര്‍ദ്ദവമായ  കുശലാന്വേഷണം നടത്തുമ്പോഴും അവരെന്നെ  ചുഴിഞ്ഞു നോക്കുന്നുണ്ടായിരുന്നു. ആ നോട്ടം എന്നെ കുറച്ച്  അസ്വസ്ഥയാക്കാതിരുന്നില്ല.  ഇനി  ഞാനാണ് കൌണ്‍സലിംഗിന് വന്നിരിക്കുന്നതെന്നോ മറ്റോ അവര്‍  ധരിച്ചു  കാണുമോ?  

ഗരുവും  സീമയും പുറത്ത് കാത്തിരിക്കുന്നുണ്ടെന്ന്  പൂജ  പറയുകയായിരുന്നു.  സീമയെപ്പറ്റി  പറയുമ്പോള്‍  വികാരഭാരം കൊണ്ട്  പൂജയുടെ ശബ്ദം അല്‍പം  ഇടറി. 

ഡോക്ടറുടെ മുഖം  ചുവക്കുന്നത് ഞാന്‍ കണ്ടു.  സ്വയം  നിയന്ത്രിക്കാന്‍ അവര്‍  പണിപ്പെടുകയാണെന്ന് എനിക്ക് മനസ്സിലായി. അവരുടെ  മനസ്സ് വിങ്ങുന്നുണ്ടാവുമെന്ന് ഞാന്‍ വിചാരിച്ചു.

ചെറിയ  ശബ്ദത്തിലാണെങ്കിലും നല്ല  ഉറപ്പോടെയാണ് ഡോക്ടര്‍  സംസാരിച്ചത്. 

സാധ്യമല്ല.  ഒരു  ഛക്കയുടെ  മനോരോഗം ചികില്‍സിക്കേണ്ട ഗതികേട് എനിക്കില്ല. പൂജയ്ക്ക് അവരെയും കൂട്ടി വേഗം തന്നെ  സ്ഥലം വിടാം .
 
ഞാന്‍  നടുങ്ങാന്‍  പോലും മറന്നു  പോയി.. അല്ല, ഒരു നിമിഷം  താമസിച്ചു പോയി. 

പൂജ ഒന്നും  മനസ്സിലാകാത്തമാതിരി  മിഴിച്ചു നോക്കുന്നുണ്ടായിരുന്നു. അവളൂടെ ചുവന്നുന്തിയ കണ്ണുകളില്‍ നിന്ന്  പതിവു പോലെ നീരു  പൊഴിയുന്നുണ്ടായിരുന്നു.

ഡോക്ടറുടെ  ശബ്ദം  കല്ലുകള്‍  പതിച്ച ചാട്ടവാര്‍ പോലെ  ഞങ്ങളില്‍  ആഞ്ഞു  പതിച്ചു. 

ഛക്കകള്‍ക്ക്  വ്യക്തമായ ഒരു  മനസ്സില്ല..  അതാണ് അവരില്‍ സംഭവിച്ചിട്ടുള്ള  എറര്‍. അവര്‍ വെറും ക്രിമിനലുകളാണ്.  ഈ സിറ്റിയില്‍  നടക്കുന്ന  പല കുറ്റകൃത്യങ്ങളിലും ഛക്കകള്‍ ഇന്‍വോള്‍വ്ഡ്  ആണ്. അവരെയൊന്നും  ആരു വിചാരിച്ചാലും നന്നാക്കാന്‍ കഴിയില്ല.  കഴിഞ്ഞ ജന്മത്തില്‍  കൊടിയ പാപം  ചെയ്തവരാണ് ഇജ്ജന്മം  ഛക്കകളായി പിറക്കുന്നത്. 

പൂജ എന്തിനാണ് ഇവരെയൊക്കെ  സഹായിക്കാന്‍ ഇറങ്ങിത്തിരിക്കുന്നതെന്ന്  എനിക്ക് മനസ്സിലാകുന്നില്ല. ഷാഹ്ദ്രയിലെ  മെന്‍റല്‍  ഹോസ്പിറ്റലില്‍  പോയി ചികില്‍സിക്കാന്‍ പറഞ്ഞ്    ശല്യങ്ങളെയൊക്കെ ഒഴിവാക്കി  കൈ  കഴുകു.. അവര്‍ വല്ല ഷോക് ട്രീറ്റ്മെന്‍റും  നല്‍കി ജോലി തീര്‍ത്തോളും  
 
യാത്ര പറയാന്‍ പോലും  നില്‍ക്കാതെ പൂജ  എഴുന്നേറ്റ്  നടന്നപ്പോള്‍  ഞാനും നിശ്ശബ്ദയായി  അവളെ  പിന്തുടര്‍ന്നു.  

ഞങ്ങള്‍ക്ക്  പുറകില്‍ ആ   മുറിയുടെ  വാതില്‍ ഊക്കോടെ  അടഞ്ഞു.  

( തുടരും )

Saturday, July 5, 2014

കുത്തിക്കയറുന്ന ഇരുമ്പ് മുള്ളുകളും ആളിപ്പടരുന്ന ചെന്തീയുമായൊരു മഴവില്‍പ്പെയ്ത്ത് 6


https://www.facebook.com/echmu.kutty/posts/291061297739838

ആറാം ഭാഗം

ദ്രോണരുടെ ഗ്രാമമായ ഗുരുഗ്രാമമെന്ന  ഗുഡ് ഗാവിനപ്പുറത്ത് മാനേസറില്‍  ഫാം ഹൌസുകളുടെ അനവധി പ്രോജക്ടുകളുണ്ടായിരുന്നു  സന്ദീപ്  സാറിന് . ഇച്ചാക്ക  അവയ്ക്കെല്ലാം മനോഹരമായ ഡിസൈനുകള്‍  തയാറാക്കുമായിരുന്നെങ്കിലും  ഫാം  ഹൌസുകളുടെ ഉടമസ്ഥര്‍ക്ക്    മുന്നില്‍  അങ്ങനെ പ്രത്യക്ഷപ്പെട്ടിരുന്നില്ല.  മുസ്ലിം എന്ന  പൊറുക്കാന്‍  കഴിയാത്ത വ്രണം  തലച്ചോറില്‍  പേറുന്ന  ധനികരായ  ഹിന്ദുക്കളായിരുന്നു  അവരെല്ലാവരും തന്നെ. അവരെ അങ്ങനെ കബളിപ്പിക്കുന്നതില്‍  സന്ദീപ് സാറും   ഇച്ചാക്കയും ഒരേ പോലെയുള്ള ആഹ്ലാദം  അനുഭവിച്ചു പോന്നു. 

സാഹില്‍ എന്ന  നല്ലൊരു പേര് ഇച്ചാക്ക എന്ന മലയാളി സ്പര്‍ശമുള്ള  വിളിപ്പേരായി  മാറിയതെങ്ങനെയെന്ന് ഞാന്‍  ഓഫീസില്‍  പലരോടും ചോദിച്ചു.  അശ്വിനി ശര്‍മ്മയാണ് അതൊരു മലയാളി ഡ്റാഫ്റ്റ്സ് മാന്‍  ഇട്ട വിളിപ്പേരാണെന്ന കഥ പറഞ്ഞു തന്നത്. സലിം  എന്നായിരുന്നുവത്രെ  അയാളുടെ പേര്. അയാളുടെ ബന്ധുവായ ഒരു  ജ്യേഷ്ഠനെ ഇച്ചാക്ക എന്നയാള്‍  വിളിച്ചിരുന്നു.  ആ പേര് അയാള്‍ സാഹില്‍ സാറിനും നല്‍കി. അങ്ങനെ കാശ്മീരിയായ സാഹില്‍  മലയാളിയായ  ഇച്ചാക്കയെന്ന് അറിയപ്പെടുവാന്‍  തുടങ്ങി. ആ പേരിന്‍റെ  ഓമനത്തമാവണം ഇച്ചാക്കയെന്ന് ആരു  വിളിച്ചാലും  സാഹില്‍ സാര്‍ വിളി  കേള്‍ക്കും. സലിമിനെ എല്ലാവര്‍ക്കും  വലിയ  കാര്യമായിരുന്നു.  പിന്നീട്  ഗള്‍ഫിലേക്ക് പോയി  ധനികനായിത്തീര്‍ന്ന  സലിം  ഇന്ത്യയെ ഒരു മുസ്ലിം രാജ്യമാക്കണമെന്നും  അതിനുവേണ്ട കാര്യങ്ങള്‍  ചെയ്യുന്നവരുമായി സഹകരിക്കണമെന്നും ആവശ്യപ്പെട്ട്  എപ്പോഴും ഇച്ചാക്കയ്ക്ക്  ഫോണ്‍  ചെയ്യുമായിരുന്നു. 

ഇച്ചാക്ക എല്ലാം  മൂളി  കേള്‍ക്കും. 

ഇച്ചാക്ക  ചിരിക്കും. 

ഒപ്പം  ജീവിക്കുന്ന സ്വന്‍സലിനെപ്പോലും മുസ്ലിമാക്കാന്‍ തുനിയാത്ത ഇച്ചാക്കയാണ് കോടിക്കണക്കിനു ജാതികളിലും ഉപജാതികളിലും പിന്നെ  കുറെ  മതങ്ങളിലുമൊക്കെ  പെട്ടുഴലുന്ന  ഇന്ത്യാക്കാരെ പിടിച്ച് മുസ്ലിമാക്കാന്‍  കൂട്ടു നില്‍ക്കുന്നത്.
 
അതും പറഞ്ഞ്  അശ്വിനി ശര്‍മ്മ  പൊട്ടിച്ചിരിച്ചു. 

ഇന്ത്യ  മുഴുവന്‍ ഏകദേശം കൊടിക്കീഴിലാക്കിയ  മുഗള്‍ ഭരണാധികാരികള്‍ പോലും എല്ലാവരേയും മുസ്ലിമാക്കിയില്ല..  എന്നിട്ടാണ് പിന്നെ..  

അവരൊരുപാട്  അതിക്രമം ചെയ്തുവെന്നാണല്ലോ ചരിത്രം പറയുന്നത്   ഞാന്‍  അശ്വിനിശര്‍മ്മയുടെ വാക്കുകള്‍ക്കിടയില്‍  ഒരു  കൊള്ളി വെച്ചു കൊടുത്തു.. 

അദ്ദേഹത്തിന്‍റെ മുഖം തികച്ചും  ഗൌരവപൂര്‍ണമായി.

ലോജിക്ക് ലോജിക്ക് എന്നൊരു സാധനമുണ്ട് ഈ ലോകത്ത്... അതിനെക്കുറിച്ച്  യാതൊരു  പിടിപാടുമില്ലാത്തവര്‍ക്ക് എന്തും ചരിത്രമെന്ന പേരില്‍, അവരവര്‍  കണ്ടുപിടിച്ചതെന്ന പേരില്‍  തട്ടിമൂളിക്കാം. മുഗള്‍ ചക്രവര്‍ത്തിമാര്‍  സാമ്രാജ്യം വികസിപ്പിച്ച കൂട്ടത്തില്‍  സകലരേയും പിടിച്ച്  തൊപ്പിയിടീച്ചിരുന്നങ്കില്‍ ഇന്ന്  ഇന്ത്യയില്‍  ഇത്രേം  മുസ്ലിമുകളൊന്നും  ഉണ്ടായാല്‍  പോരാ..ശാന്തീ..  ശക്തനായ ഭരണാധികാരി  ബലമായി  മതപരിവര്‍ത്തനം  ചെയ്യിക്കാന്‍  തീരുമാനിച്ചാല്‍ എതിര്‍ത്ത് നില്‍ക്കാന്‍  കഴിവുള്ള  ഭൂരിപക്ഷം ജനത ഇന്നുവരെ    പ്രപഞ്ചത്തില്‍  ഉണ്ടായിട്ടില്ല.  പിന്നെ  അധികാരമെന്നാല്‍  എന്നും  അക്രമമാണ്..  അത്  ആരുടെയായാലും.. മുസ്ലിം അക്രമവും രജപുത്ര അക്രമവും  ഇംഗ്ലീഷ്  അക്രമവും  ഒരു പോലെ വേദനയാണ്.. നൃശംസതയാണ്. അതില്‍  ചിലത് ഉദാത്തം, മറ്റ് ചിലത് മ്ലേച്ഛം എന്നൊന്നുമില്ല. അത്  സഹിച്ചവര്‍ക്ക് ആ  ദണ്ഡമറിയാം.. അവര്‍ക്ക് മാത്രമേ  അതറിയൂ.  

ഞാന്‍  ഒന്നും  പറഞ്ഞില്ല. 

അതെ , സഹിച്ചവര്‍ക്ക്  മാത്രം  സമൃദ്ധമായി  പരിചയമുള്ള മുനകളാണ്  നൊമ്പരമുള്ളിന്‍റേത്.  

ഇച്ചാക്കയുടെ സ്വന്‍സലിനെ  പരിചയപ്പെടണമെന്ന്  ആഗ്രഹമുണ്ടായിരുന്നു  എനിക്ക്.  അവര്‍   വീല്‍ചെയറിലിരുന്ന്  ചെടികളേയും  പച്ചക്കറികളേയും എല്ലാം  പരിചരിക്കുന്നതും  തലോടുന്നതും  അവയോട്  സംസാരിക്കുന്നതുമെല്ലാം വളരെ  ഓമനത്തമുള്ള കാഴ്ചകളായിരുന്നു. പൂക്കള്‍ക്കും  ചെടികള്‍ക്കുമിടയില്‍ പ്രത്യക്ഷപ്പെടുമ്പോള്‍  അവരുടെ ഉജ്ജ്വലമായ സൌന്ദര്യം ആയിരം ഇരട്ടിയായി  പ്രകാശിക്കുന്നതു പോലെ എനിക്ക് തോന്നി.  

എന്‍റെ  ആഗ്രഹം വായിച്ചറിഞ്ഞതു പോലെ അശ്വിനി ശര്‍മ്മ   പറഞ്ഞു . സ്വന്‍സല്‍ കുറച്ച് റിസേര്‍വ്ഡ് ആണ്. ജീവിതം  ഏല്‍പ്പിച്ച ആഘാതം  കൊണ്ടാവാം.

ഒന്നു  നിറുത്തീട്ട്  ശര്‍മ്മ വാചകം  പൂര്‍ത്തിയാക്കി.

ഋതുവിനെപ്പോലെയല്ല..

ആരാണ് ഋതുവെന്ന്  എനിക്ക് മനസ്സിലായില്ല 

  മിസ്സിസ് സന്ദീപ്.  അവര്‍ ജൂതമതക്കാരിയാണ്. മലയാളിയാണ്. പക്ഷെ, മലയാളം അറിയില്ല. കിലുകിലെ എന്ന് സംസാരിച്ചുകൊണ്ടിരിക്കും. എല്ലാവരേയും  അങ്ങോട്ട്  ചെന്ന് പരിചയപ്പെടും.  ഋതു  പി  എച്ച്  ഡി  ചെയ്യുകയാണ് അമേരിക്കയില്‍.. അതാണ് സന്ദീപിന്‍റെ ഇടയ്ക്കിടെയുള്ള  അമേരിക്കന്‍ യാത്രകള്‍ക്ക് പിറകിലെ  ഒരു  കാരണം.
 
ശര്‍മ്മ മനോഹരമായ ഒരു കുസൃതിപ്പുഞ്ചിരിയമര്‍ത്തി.  

ഞാനും ചിരിച്ചു.  

സീമയെ  കാണാന്‍  ഞങ്ങള്‍ പോയതറിഞ്ഞ് എന്നെ തികച്ചും  ആത്മാര്‍ഥമായി  അഭിനന്ദിച്ചതിനു ശേഷം അശ്വിനി ശര്‍മ്മയോട്  എനിക്ക് അല്‍പം  കൂടി  സ്വാതന്ത്ര്യവും മനസ്സടുപ്പവും തോന്നുന്നുണ്ടായിരുന്നു.

സീമമാരില്‍ നിന്ന് വ്യത്യസ്തമായി  പെണ്‍ദേഹവും ആണ്‍മനസ്സുമുള്ളവരുണ്ടെന്നും അവര്‍ക്ക്  ആണ്‍ശരീരമാവാന്‍ അത്യാവശ്യമായതൊന്നും  അങ്ങനെ  കിട്ടുകയില്ലെന്നും അവര്‍ ആ ദാഹത്തോടെ തന്നെ അങ്ങനെ ജീവിക്കുമെന്നും  അദ്ദേഹമാണ് എനിക്ക്  പറഞ്ഞു  തന്നത്.  

അവരും അതിഭയങ്കരമായ ലൈംഗിക ചൂഷണങ്ങള്‍ക്ക്  വിധേയരാകാറുണ്ട്.  അവരും യാചിച്ചും നൃത്തം ചെയ്തും ഒക്കെത്തന്നെയാണ് കഴിയുന്നത്. തിരുനമ്പി  എന്ന്  വിളിക്കപ്പെടുന്ന അവരുടെ എണ്ണം പൊതുവേ  കുറവാണെന്ന്  ഒരു വിശ്വാസമുണ്ട്.  അതില്‍  എത്ര വാസ്തവമുണ്ടെന്ന്  അറിയില്ല.  

മലയാളികളില്‍  ഇത്തരം ആള്‍ക്കാരേ  ഇല്ലെന്ന് ഞാന്‍  വാദിച്ചു. മലയാളികള്‍  എല്ലാവരും ഒന്നുകില്‍ പുരുഷന്മാരായിരിക്കും അല്ലെങ്കില്‍ സ്ത്രീകളായിരിക്കും എന്ന് ഞാന്‍  ഉറപ്പിച്ചു പറഞ്ഞപ്പോള്‍  അദ്ദേഹം വിവരമേയില്ലാത്ത ഒരു കൊച്ചു കുഞ്ഞിനെ  എന്നപോലെ സ്നേഹപൂര്‍ണമായ കണ്ണുകളോടെ എന്നെ നോക്കി.  

യൂ  ആര്‍  ടൂ ഇന്നസെന്‍റ് ...

നീ  അറവാണി  എന്ന്   കേട്ടിട്ടുണ്ടോ എന്ന്  ശര്‍മ്മ  എന്നോട്  ചോദിച്ചു. 

ഇല്ലെന്ന് പറഞ്ഞപ്പോള്‍ പുതിയൊരു സിഗരറ്റ് കത്തിച്ച്  വലിച്ചുകൊണ്ട്   ആ കഥ ശര്‍മ്മ  പറഞ്ഞു  തന്നു.

അര്‍ജുനനനു നാഗരാജകുമാരിയായ ഉലൂപിയില്‍   ജനിച്ച  മകനായിരുന്നുവത്രേ  അറവണന്‍. മഹാഭാരതയുദ്ധത്തില്‍  വിജയമുണ്ടാവാന്‍  ഒരു  ബലി  അല്ലെങ്കില്‍  ഒരു മരണം  ആവശ്യമായിരുന്നു. യുദ്ധത്തിനു മുന്‍പ്  ഈ ബലി  ചെയ്യാനുള്ള  വിധി അറവണനാണ് വന്നത്.  കാരണം മറ്റ് മക്കള്‍ക്കൊക്കെ അഭിമന്യുവിനും ഘടോല്‍ക്കചനുമെല്ലാം യുദ്ധത്തില്‍ പങ്ക്  വഹിക്കാനും  അപ്രകാരം പങ്കുവഹിച്ച് മരണപ്പെടുവാനും  വിധിയുണ്ടായിരുന്നുവല്ലോ.  അങ്ങനെ പങ്കൊന്നും  വഹിക്കാനില്ലാത്ത അറവണന്‍ ബലിയാവാന്‍  വിധിക്കപ്പെട്ടു. ബലിയാവാന്‍ തയാറായെങ്കിലും വിവാഹജീവിതവും കുടുംബ സുഖവും  അനുഭവിക്കാതെ  മരിക്കേണ്ടി  വരുന്നതില്‍  അറവണന് നന്നേ  വിഷമമുണ്ടായിരുന്നു. ഒറ്റ സ്ത്രീയും  നാളെ മരിക്കുമെന്നുറപ്പുള്ള അറവണനെ പരിണയിച്ച്  വിധവയാകാന്‍ തയാറായിരുന്നില്ല.  ഒടുവില്‍ ശ്രീകൃഷ്ണന്‍  മോഹിനി  വേഷംകെട്ടി അറവണനൊപ്പം ഒരു ദിവസം  കഴിഞ്ഞു.    അറവണന്‍റെ  ഭാര്യമാരാണ്  തിരുനങ്കകളെന്നറിയപ്പെടുന്ന  സീമയും ഗരുവുമൊക്കെ.  തിരുനമ്പിമാരും ഭാര്യമാര്‍ തന്നെ .  വര്‍ഷത്തില്‍  ഒരു ദിവസം  മാത്രം  ഭര്‍തൃമതികളാകുന്നവര്‍.  പിറ്റേന്ന്  അവര്‍  വിധവ കളായി  ദു:ഖം  ആചരിക്കുമെന്നും തമിഴ് നാട്ടിലാണ് ഈ വിചിത്രമായ ആചാരമുള്ളതെന്നും  അറവണന്‍റെ ഭാര്യമാര്‍ എല്ലാവരും  അറവാണിമാരെന്ന്  അറിയപ്പെടുന്നുവെന്നും ശര്‍മ്മ  പറഞ്ഞു 

അറുവാണിച്ചി  എന്നത് മലയാള ഭാഷയിലെ ഒരു ചീത്തവാക്കാണെന്നും അതിനു വേശ്യ എന്നാണര്‍ഥമെന്നും  ഞാന്‍  മനസ്സിലാക്കിയിട്ടുണ്ടായിരുന്നു. 

അക്കാര്യം ശര്‍മ്മയോട് പറയാന്‍ അപ്പോള്‍  ഞാന്‍  ധൈര്യപ്പെട്ടു.  

പൊട്ടിച്ചിരിച്ചുകൊണ്ട്  അദ്ദേഹം സ്വന്തം  വാക്കുകള്‍ ഇങ്ങനെ  ഉപസംഹരിച്ചു. 

ഇറ്റ്  പ്രൂവ്സ്  മലയാളീസ് ഹാവ്  തേര്‍ഡ് ജെന്‍ഡര്‍ ഇന്‍  ദെയര്‍ സൊസൈറ്റി ആന്‍ഡ് ദെയര്‍ ആറ്റിറ്റ്യൂഡ്  റ്റുവേര്‍ഡ്സ്  ദെം.
 
അവരെ കാണുമ്പോള്‍   എല്ലാവര്‍ക്കും  പേടിയോ  വെറുപ്പോ  ഒക്കെയല്ലേ തോന്നൂ.. അവരുടെ പെരുമാറ്റവും....
 
 ശര്‍മ്മ  വിരലുയര്‍ത്തി  എന്നെ വിലക്കി. 

ഇല്ലാത്തവരെയും കുറഞ്ഞവരേയും  നമ്മുടെ  സമൂഹത്തിനു  വെറുപ്പാണ്.. ധനവും അധികാരവും ഇല്ലാത്തവരെ..  ബുദ്ധി കുറഞ്ഞവരെ.. ജീവിതസമരങ്ങളില്‍  തോറ്റു  പോയവരെ  അവരെയൊന്നും  നമുക്ക്  സഹിക്കാന്‍  കഴിയില്ല.  ഉള്ളവര്‍  ചെയ്യുന്ന കുറ്റകൃത്യങ്ങള്‍ ഉള്ളവരുടെ ധാര്‍ഷ്ട്യം അഹന്ത, ആര്‍ത്തി   അതൊക്കെ നമ്മള്‍  തുപ്പല്‍ കൂട്ടി വിഴുങ്ങും.. എന്നാല്‍  ഇല്ലാത്തവരുടെ കളവ് , ആര്‍ത്തി, അഭിമാനം, ആഗ്രഹം ഇതൊന്നും  നമുക്ക്  സഹിക്കാനോ  ക്ഷമിക്കാനോ പറ്റില്ല .
 
പത്തായങ്ങളില്‍  ധനവും ധാന്യവും അളവില്ലാതെ പൂട്ടിവെക്കുകയും  കള്ളപ്രമാണങ്ങളുണ്ടാക്കി  മറ്റുള്ളവരുടേതെല്ലാം തട്ടിയെടുക്കുകയും ചെയ്യുന്ന  സാധാരണ മനുഷ്യര്‍ക്ക്  ഞങ്ങളെപ്പോലെയുള്ള മക്കള്‍ പിറക്കാതിരിക്കട്ടെ  എന്ന്  അനുഗ്രഹിക്കുന്ന, അവരവരുടെ തുടര്‍ച്ചകളെ തന്നെ നിഷേധിക്കുന്ന    സീമയേയും  ഗരുവിനേയും  ഒക്കെ  എങ്ങനെ മനസ്സിലാകുമെന്ന്  അശ്വനിശര്‍മ്മ  എന്നോട്  ചോദിച്ചു. 

വാദിക്കാന്‍  എനിക്ക് വാക്കുകളില്ലാതായി. 

രണ്ടാഴ്ചയ്ക്കപ്പുറം  ഒരു  ദിവസം  സീമ ചികില്‍സ കഴിഞ്ഞ് തിരിച്ചെത്തിയെന്ന്  ആ എലുമ്പന്‍ ഹാര്‍മോണിക്കക്കാരനാണ് പൂജയോട് വന്നു പറഞ്ഞത്. തീരെ അവശനായി  കാണപ്പെട്ട അയാളോട് കൂടുതല്‍  വിശേഷങ്ങള്‍  തിരക്കാന്‍ പൂജ  ശ്രമിച്ചില്ല.  സീമയെ  വീട്ടില്‍  പോയി  കാണാമെന്ന്  ഞങ്ങള്‍ വിചാരിച്ചു.

അതൊരു നട്ടുച്ചനേരമായിരുന്നു. തണുപ്പുകാലമായിരുന്നുവെങ്കിലും മേഘം മൂടിക്കെട്ടി ഒരു  ചന്നം പിന്നം  മഴ  വീഴുന്നുണ്ടായിരുന്നു. മഴയ്ക്കൊപ്പം ചിലപ്പോള്‍ ആലിപ്പഴം പൊഴിയുമെന്ന് പൂജ  പറഞ്ഞു.

ഞാന്‍ ആലിപ്പഴം പൊഴിയുന്നത് കാണാന്‍ കൌതുകത്തോടെ  കാത്തിരുന്നു. 

അപ്പോഴാണ് സീസണില്‍  ആദ്യമായി ആലിപ്പഴം പൊഴിയുന്ന ദിവസം  ആ ഐസ് കട്ടകള്‍ പരസ്പരം കൈയില്‍ പിടിപ്പിച്ച്  നല്ല മഞ്ഞുകാലം നേരുന്ന, ശ്രീനഗറിലെ  അവരുടെ  കോളേജ് ദിനങ്ങളെപ്പറ്റി സ്വന്‍സല്‍  സംസാരിച്ചത്. 

ഇച്ചാക്കയ്ക്കൊപ്പം അവരുടെ  വീടിന്‍റെ  വരാന്തയിലിരുന്ന് ഡിസൈന്‍  ട്റേസ്  ചെയ്യുകയായിരുന്നു ഞാനും  പൂജയും. വര്‍ക്ക് സൈറ്റിലെ മേസ്തിരിമാര്‍ക്ക്  നല്‍കാനുള്ള  നിസ്സാരമായ   ജാലി  ഡിസൈനുകളായിരുന്നു  ഞങ്ങള്‍  ട്റേസ്  ചെയ്തുകൊണ്ടിരുന്നത്. സന്ദീപ്  സാര്‍  ഓഫീസിലുണ്ടായിരുന്നതുകൊണ്ട്  ഇച്ചാക്ക ഉച്ചയൂണു കഴിഞ്ഞുള്ള  ഒരു  അല്‍പ വിശ്രമ മനോഭാവത്തിലായിരുന്നു. 

സ്വന്‍സല്‍  കുങ്കുമപ്പൂവിട്ടുണ്ടാക്കിയ  കാശ്മീരികാവ കുടിക്കാന്‍ തന്നു.  തികച്ചും  അപരിചിതമായ  രുചിയുടേതായിരുന്നിട്ടും ആ ചായ  നന്നായിത്തോന്നിയത് തണുപ്പ്  കാലമായതുകൊണ്ടാവണം. 

അവര്‍  ചിനാര്‍ മരങ്ങളെപ്പറ്റി .. 

പൈന്‍ മരങ്ങളേയും ദേവദാരുക്കളേയും  പറ്റി.. 

ഷിക്കാരകളേയും ആയിരക്കണക്കിനുള്ള പൂക്കളേയും  പറ്റി ...

മഞ്ഞിനെപ്പറ്റി...

മുഗള്‍പ്പൂന്തോട്ടങ്ങളെപ്പറ്റി... 

ഭൂമിയിലെ  ആ സ്വര്‍ഗത്തെപ്പറ്റി ...

കാശ്മീര്‍ കി  കലി  എന്ന പഴയ സിനിമയെപ്പറ്റി ...

ഒക്കെ സന്തോഷത്തോടെ സംസാരിച്ചുകൊണ്ടിരുന്നു.നഷ്ടപ്പെട്ടു  പോയതെന്തും  വീണ്ടെടുക്കാന്‍  ആവാതെ പോയതെന്തും മനുഷ്യര്‍ക്ക് ഏറ്റവും പ്രിയപ്പെട്ടതാകുമെന്ന്  വിഷാദം നിഴലിട്ടതെങ്കിലും   ഉല്‍സാഹഭരിതമായ അവരുടെ വാക്കുകള്‍ എന്നെ അതികഠിനമായ ഹൃദയവേദനയോടെ  ഓര്‍മ്മിപ്പിച്ചു. 

 ഉഗ്രശേഷിയുള്ള  ഒരു  ബോംബു സ്ഫോടനത്തില്‍   മാതാപിതാക്കളേയും  സ്വന്തം കാലുകളേയും  നഷ്ടപ്പെട്ട്  അഭയാര്‍ഥിയായി  തെരുവിലലഞ്ഞ ഒരു   തണുപ്പുകാലത്തിന്‍റെ  ആദ്യ ദിവസത്തെപ്പറ്റിയാണ് സ്വന്‍സല്‍ സംസാരിച്ചതെന്ന്  എനിക്ക്  അപ്പോള്‍  മനസ്സിലായില്ല.     പച്ചമാംസത്തില്‍ കുത്തിക്കയറുന്ന ഇരുമ്പുമുള്ളുകളും പരിസരമാകെ  ആളിപ്പടരുന്ന  ചെന്തീനാളങ്ങളും  നിറഞ്ഞ ബോംബുകള്‍ ഏല്‍പിക്കുന്ന ആഘാതത്തെക്കുറിച്ചാണ് സ്വന്‍സല്‍ നടുങ്ങുന്നതെന്ന്  എനിക്ക് അപ്പോള്‍ മനസ്സിലായില്ല.ഏതു നിമിഷവും  സൈനികരാല്‍ ചോദ്യം ചെയ്യപ്പെടുന്ന അത്മാഭിമാനത്തിനു ക്ഷതം പറ്റിയ  ഒരു  ജനതയുടെ ഹൃദയവേദനയാണ് സ്വന്‍സലിനുള്ളതെന്ന്  എനിക്ക്  അപ്പോള്‍ മനസ്സിലായില്ല. അഭയാര്‍ഥി ക്യാമ്പില്‍ നിന്ന് ഇച്ചാക്കയെന്ന ഊന്നുവടിയുമായി ജീവിതത്തിലേക്ക്  മെല്ലെ മെല്ലെ  പിച്ചവെച്ചതിന്‍റെ  വിങ്ങലായിരുന്നു  സ്വന്‍സലിന്‍റേതെന്ന്  എനിക്ക്  അപ്പോള്‍ മനസ്സിലായില്ല. തീതുപ്പുന്ന തോക്കുക്കള്‍ക്കിടയില്‍ ചൂളിക്കുനിഞ്ഞിരുന്ന്  ചിത്രത്തുന്നല്‍  ചെയ്ത  ഫിരനുകളിലൊളിപ്പിച്ച കുഞ്ഞ് കുഞ്ഞ്  അംഗീട്ടികളില്‍ ചൂടും  സമാധാനവും തേടുന്ന കാശ്മീരിനെ  ഓര്‍ത്താണ് സ്വന്‍സല്‍ കണ്ണീര്‍ പൊഴിച്ചതെന്ന് എനിക്ക് അപ്പോള്‍ മനസ്സിലായില്ല.

പുതുതായിപ്പിറന്നു വീണ  ഇരു രാജ്യങ്ങളില്‍ ആര്‍ക്ക്  പങ്കുവെയ്ക്കണമെന്നറിയാതെ  ആര്‍ത്തിയില്‍ കാലിടറിപ്പോയ രാജാവും കാശ്മീരിനെ പുലര്‍ത്താന്‍  എല്ലാം  സൈന്യത്തെ  ഏല്‍പിച്ചു കിളിത്തട്ട്  കളിക്കുന്ന  ഇന്ത്യയും  സഹിക്കേണ്ടി വന്ന കൊടിയ  വഞ്ചനകള്‍ക്ക്  സാധിക്കുമ്പോഴെല്ലാം പ്രതികാരം ചെയ്യുമെന്നലറുന്ന  പാകിസ്ഥാനും  പറ്റുമ്പോഴെല്ലാം  ബോംബ് കൊണ്ട്  ദീപാവലി ആഘോഷിക്കുന്ന തീവ്രവാദികളും  ഒന്നിച്ചു  കൈയൊഴിഞ്ഞ,  ഇവരില്‍  ആരുടേയും അവസാന പരിഗണന പോലും അല്ലാത്ത  പാവപ്പെട്ട കാശ്മീരി  ജനതയുടെ  ഒടുങ്ങാത്ത  തേങ്ങലായിരുന്നു സ്വന്‍സല്‍. 

എന്നാല്‍ ഞാനോ? അതൊന്നും  ശരിയായി  മനസ്സിലാക്കാന്‍ കഴിവില്ലാത്ത വെറും ഒരു  സാധാരണക്കാരി മാത്രവും...  

( തുടരും )