Wednesday, October 23, 2013

അജ്മീര്‍ ദര്‍ഗയിലെ മൊയിനുദ്ദീന്‍ ചിഷ്ത്തി.


https://www.facebook.com/groups/yaathra/permalink/526758927414166/

(ഫേസ് ബുക്കിലെ യാത്രാഗ്രൂപ്പില്‍ 19 . 10. 2013 ന്  പോസ്റ്റ്  ചെയ്തത്.)  


മനുഷ്യ ജിവിതത്തില്‍   നിസ്സഹായതയുടെ  നിമിഷങ്ങള്‍  സുലഭമാകാറുണ്ട് പലപ്പോഴും. ചിലരെ സംബന്ധിച്ച് ജീവിതം മുഴുവനും  ഘോരമായ നിസ്സഹായതയിലും കഠിനമായ അരക്ഷിതത്വത്തിലും ചെലവാക്കേണ്ടി വരാറുണ്ട്. ചെറുതും വലുതുമായ നിന്ദാപമാനങ്ങളില്‍ ഉരുകിത്തീരേണ്ടി വരാറുണ്ട്. 

കല്‍ക്കത്തയില്‍ നിന്നും  ആരംഭിച്ച  ഒരു നെടുങ്കന്‍ ട്രെയിന്‍ യാത്രയിലാണ് അനവധി തുണികളുടെ ഭാണ്ഡവുമായി വയസ്സായ  ഒരമ്മയെ കണ്ടത്.  ദര്‍ഗയില്‍  ദാനം  ചെയ്യാനായി  വീടുകള്‍ തോറും  അലഞ്ഞ്  ശേഖരിച്ചതായിരുന്നു ആ ഭാണ്ഡക്കെട്ടിലെ   തുണികള്‍ . അവര്‍ മകനു വേണ്ടി പ്രാര്‍ഥിക്കാന്‍ പോവുകയായിരുന്നു. അവന്‍റെ തല തിരിഞ്ഞു പോയെന്നായിരുന്നു അവര്‍ പറഞ്ഞത്.  അപകടങ്ങളുടെ  വഴിയിലൂടെ ഒരു  ഉന്മാദിയെപ്പോലെ  അവസാനമില്ലാതെ സഞ്ചരിക്കുന്നത്  അവന്‍റെ  ഞരമ്പുകളില്‍  പതയുന്ന ലഹരിയായിത്തീര്‍ന്നിരിക്കുന്നുവെന്ന്  ആ അമ്മ  മനസ്സിലാക്കി കഴിഞ്ഞിരുന്നു.  ആരെങ്കിലും  ഉതിര്‍ക്കുന്ന ഏതെങ്കിലും ഒരു വെടിയുണ്ടയിലോ  കത്തിപ്പിടിയിലോ   തീരുന്നതാവരുത്  അവന്‍റെ ജന്മമെന്ന് അവര്‍ കണ്ണീരൊഴുക്കിയപ്പോള്‍ അതിലപ്പുറം ഒന്നും ആ പാവത്തിനോട്  ചോദിക്കാനില്ലെന്ന്  ഞാന്‍ തിരിച്ചറിഞ്ഞു.
തലസ്ഥാനത്ത്  തിലക് മാര്‍ഗിലെ  പാട്യാല ഹൌസ്  ക്രിമിനല്‍ കോടതിയില്‍ അടിമുടി ചങ്ങലയ്ക്കിട്ടും   മുഖം മൂടിക്കെട്ടിയും  രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട  തീവ്രവാദികളെ ഹാജരാക്കുന്നത്  പലവട്ടം കാണേണ്ടി   വന്നിട്ടുണ്ടെനിക്ക്. എന്‍റെ  രക്തം അവരെ കാണുമ്പോള്‍  മഞ്ഞുകട്ട  പോലെ തണുത്തുറയാറുണ്ടായിരുന്നു.  കണ്ണുകള്‍  പുറത്തേക്കു തള്ളുകയും ശ്വാസം  വിലങ്ങുകയും  ചെയ്യുമായിരുന്നു.   അവരും  ഒപ്പമുള്ള പോലീസുകാരും കോടതിമുറിയിലെ  കറകറ ശബ്ദത്തില്‍ തിരിയുന്ന ഫാനുകളും നിര്‍വികാരതയുടെ  മുഖം മൂടി ധരിച്ച നിയമജ്ഞരും  എല്ലാം എന്നെപ്പോലെ ഒരുവളെ   നിസ്സഹായതയുടേയും ഭയത്തിന്‍റേയും   പ്രതീക്ഷയില്ലായ്മയുടേയും വിശ്വാസരാഹിത്യത്തിന്‍റേയും  മാത്രമായ  ഇരുണ്ട ലോകത്തില്‍  എന്നേക്കുമായി  തളച്ചിട്ടു കളയും. അതില്‍  നിന്നൊരു മോചനത്തിനാവശ്യമായ  ആത്മവിശ്വാസം സമ്പാദിക്കുക  ഒരു സാധാരണ മനുഷ്യ ജന്മത്തില്‍  ഒട്ടും എളുപ്പമല്ല. എല്ലാത്തരം  അധികാരവും അതു തന്നെയാണ്  എപ്പോഴും കാംക്ഷിക്കുന്നതും.

പടു വൃദ്ധയായ  ആ അമ്മയാണ് അജ്മീര്‍ ഖ്വാജയെപ്പറ്റിയും  മൊയിനുദ്ദീന്‍ ചിഷ്ത്തിയെപ്പറ്റിയും  എനിക്ക്  ആദ്യമായി  പറഞ്ഞു തന്നത്. 
 
പ്രാര്‍ഥനകളെ സഫലമാക്കുന്ന , ആരേയും വെറും കൈയുമായി പറഞ്ഞു വിടാത്ത  ബാബ... പാവങ്ങളുടെയും നിസ്സഹായരുടേയും ഒന്നുമില്ലാത്തവരുടെയും  ബാബ . 

എനിക്കുമുണ്ടായിരുന്നു ഒരു  പ്രാര്‍ഥന.  അതുകൊണ്ട്  അവിടെ പോകാന്‍ ഞാനും ആഗ്രഹിച്ചു. 

ദില്ലിയില്‍ നിന്നൊരു വോള്‍വോ  ബസ്സിലായിരുന്നു ഞാന്‍ പോയത്. എന്‍റെ  തൊട്ടടുത്തിരുന്ന യാത്രക്കാരന്‍  സ്വന്തം  ബെഡ് റൂമാണെന്ന  മട്ടില്‍  സ്വയം മറന്നുറങ്ങാന്‍ തുടങ്ങിയപ്പോള്‍  എനിക്കാദ്യം കരച്ചില്‍ വന്നു. പിന്നീട്  കോച്ച് അറ്റന്‍ഡന്‍റിനെ വിളിച്ച്  പരാതിപ്പെടുകയും  മറ്റൊരു സീറ്റിലേക്ക് മാറിയിരിക്കാന്‍  പറ്റുമോ എന്നന്വേഷിക്കുകയും ചെയ്തു.  
 
മാഡം, അവിടെയിരിക്കൂ... ഇയാളെ മാറ്റിയിരുത്താം  എന്ന് അറ്റന്‍ഡന്‍ഡ്  എന്നെ സമാധാനിപ്പിച്ചു.

മാറിയിരിക്കില്ലെന്നും  താനൊരു  മാന്യനാണെന്നും,  അറിയാതെ ഒന്നു മുട്ടിപ്പോയാല്‍  അലിയുന്ന  ശരീരമുള്ള  ഞാന്‍ ടാക്സിക്കാറു വിളിച്ച് പോവണമെന്നും  ആ യാത്രക്കാരന്‍ അലറി.

പോലീസ് ജിപ്സി  വിളിക്കാന്‍ മടിക്കില്ലെന്ന്  അറ്റന്‍ഡന്‍ഡ്  കര്‍ശനക്കാരനായപ്പോഴാണ്  യാത്രക്കാരന്‍ അല്‍പം ഒതുങ്ങിയത്. 

എന്‍റെ  മനസ്സ്  കലങ്ങിക്കഴിഞ്ഞിരുന്നു. യാത്ര  അവസാനിപ്പിച്ചാലോ  എന്ന്  ഞാന്‍ ആലോചിക്കാതിരുന്നില്ല.  അതും എളുപ്പമല്ലായിരുന്നു... സന്ധ്യ  കഴിഞ്ഞോ , രാത്രി  സമയത്തോ  പുറത്തിറങ്ങുന്നത്  ഇന്ത്യയില്‍  എല്ലായിടത്തും ഒരു പെണ്‍ശരീരത്തെ  സംബന്ധിച്ച്  തികച്ചും  അപകടകരമാണ്. വന്‍ നഗരങ്ങളിലാണെങ്കില്‍ കൂടെയുള്ള  സംരക്ഷകനായ  പുരുഷനെപ്പോലും  കൊലയ്ക്ക് കൊടുക്കലാകുമത്. മറ്റു പുരുഷന്മാര്‍ ആക്രമിക്കും വരെയല്ലേയുള്ളൂ സംരക്ഷകന്‍റെ വാഴ്ത്തപ്പെടുന്ന  കരുത്തും ശക്തിയുമെല്ലാം? അപോള്‍  പിന്നെ  തനിച്ചാകുന്ന ഒരു  പെണ്‍ ശരീരത്തിന്‍റെ  കാര്യം   .. .. 

അപമാനവും നിസ്സഹായതയും  സങ്കടവും  കൊണ്ട്   ഞാന്‍ പരിക്ഷീണയായി.. അമര്‍ഷം എന്നില്‍  നിസ്സഹായമായ പല്ലുകടിക്കലുകളായി... 

അപ്പോഴാണ് കിഷോര്‍ കുമാറിന്‍റെ  പാട്ട്  പതിഞ്ഞ ശബ്ദത്തില്‍  ബസ്സിലൊഴുകിയത്... 
 
' മുസാഫിര്‍ ഹും യാരോ.... ന ഖറ് ഹേ നാ ഠിക്കാനാ... മുഝേ  ചല്‍കേ  ജാനാ ഹേ....  ബസ് ചല്‍കേ ജാനാ...

അതെ...എനിക്ക്  യാത്ര  ചെയ്തേ  തീരൂ... 

അതിരാവിലെ ഞാന്‍ ജയ്പ്പൂരിലെത്തി . നല്ല  തണുപ്പുണ്ടായിരുന്നു.  ഹോട്ടലില്‍  ചെക് ഇന്‍ ചെയ്തു കഴിഞ്ഞപ്പോള്‍  ശരിക്കും പുതച്ചുമൂടി  കിടന്നുറങ്ങാനാണ് തോന്നിയത്. ഉറങ്ങാത്ത രാത്രിയും  അടക്കിവെച്ച അന്തക്ഷോഭവും  കണ്‍പോളകള്‍ക്കു  കീഴില്‍ കറുപ്പായി  തടിച്ചുയര്‍ന്നു.
ചൂടുവെള്ളത്തില്‍ കുളിച്ച്  തീര്‍ത്തും രാജസ്ഥാനി മട്ടില്‍   ചൂടു പൂരിയും വിവിധതരം പഴങ്ങളും   ദാല്‍ ബാട്ടിയും  ( കടലമാവ്  ആവിയില്‍ പുഴുങ്ങി  അവിയലിനു  അരിയുന്ന മാതിരി  നീളത്തില്‍  മുറിച്ച്  കുറുകിയ മസാല ചാറില്‍  നറു നെയ്യ്  ധാരാളമായൊഴിച്ചുണ്ടാക്കുന്ന കറി )  അടങ്ങുന്ന  ബ്രേക്ഫാസ്റ്റും കഴിച്ചപ്പോള്‍ ഞാന്‍ നഷ്ടമായിപ്പോയ  ഉന്മേഷം വീണ്ടെടുത്തു.

അജ്മീറിലേക്കുള്ള  നൂറ്റിമുപ്പത്തഞ്ചു കിലോമീറ്റര്‍  ദൂരം ഏകദേശം ഒന്നര മണിക്കൂര്‍ കൊണ്ട് ഓടിച്ചെത്തിക്കാമെന്ന് ഡ്രൈവര്‍ ഉറപ്പു തന്നു. വോ തോ ബായേം ഹാഥ് കാ കാമ് ഹെ.. എന്നായിരുന്നു വര്‍ണപ്പകിട്ടുള്ള രാജസ്ഥാനി തലേക്കെട്ടും സമൃദ്ധമായ മീശയും  തടവിക്കൊണ്ട് അയാള്‍  നിസ്സാരമാക്കിയത് . 
ഗോള്‍ഡന്‍ ക്വാഡ്രിലാറ്ററല്‍ നാഷണല്‍ ഹൈവേയുടെ തീരത്താണ് അജ്മീര്‍ . ജയ്പൂരു നിന്ന്  അജ്മീറിലേക്കുള്ള  എക്സ്പ്രസ്സ് ഹൈവേ ആറുവരിപ്പാതയാണ്.  ഒട്ടകങ്ങള്‍ അനവധിയുണ്ടായിരുന്നു  നാഷണല്‍ ഹൈവേയ്ക്കരികിലുള്ള  സര്‍വീസ്  റോഡുകളില്‍ പച്ചക്കറിയും വൈക്കോലും മാര്‍ബിള്‍പ്പലകകളും  മറ്റും നിറച്ച  വണ്ടികള്‍ വലിച്ചുകൊണ്ട്  അവ  തിരക്കിട്ടു പോകുന്നുണ്ടായിരുന്നു. അവയുടെ ചെറിയ  തലയും  വലിയ പല്ലുകളും  നീണ്ട കഴുത്തും  കൌതുകകരമായ  ഒരു കാഴ്ചയായി  എനിക്കനുഭവപ്പെട്ടു.   ഹൈവേയുടെ മീഡിയനുകളില്‍   വടക്കേ  ഇന്ത്യയില്‍ സാധാരണ കാണാറുള്ള കടലാസുപൂച്ചെടികള്‍ക്കും അരളിപ്പൂമരങ്ങള്‍ക്കും  പകരം റെഡ്  സ്റ്റോണ്‍  സ്ലാബുകള്‍  നാട്ടിയിരുന്നു. അവയുടെ  ആകൃതി  എന്തുകൊണ്ടോ മീസാന്‍ കല്ലുകളെ ഓര്‍മ്മിപ്പിച്ചു. ഒന്നോര്‍ത്തപ്പോള്‍   മീസാന്‍  കല്ലുകളുടെ പ്രസക്തി എനിക്കു  വെളിപ്പെടാതിരുന്നില്ല.   ദരിദ്രന്‍റെ  സഞ്ചാര സ്വാതന്ത്ര്യത്തിന്‍റെ  ശവമടക്കാണല്ലോ ഓരോ  എക്സ്പ്രസ് വേയുടേയും പളപളപ്പ്.  ഖബറില്‍  പിന്നെ  മറ്റെന്താണ്  നാട്ടാന്‍ കഴിയുക.?

ദരിദ്രരുടെ ബാബയായിരുന്ന ചിഷ്ത്തി,  പ്രവാചകന്‍  മുഹമ്മദ്  സ്വപ്നത്തില്‍  വന്ന് ആവശ്യപ്പെട്ടതുകൊണ്ട്  ഇന്ത്യയിലേക്ക് വരികയായിരുന്നുവെന്ന്  ഹിന്ദുക്കളും മുസ്ലിമുകളും ഒരുപോലെ വിശ്വസിക്കുന്നു. ഇന്ത്യയിലെ സൂഫി പാരമ്പര്യത്തിനു കരുത്തു പകര്‍ന്ന സന്യാസിയായിരുന്നു  ചിഷ്ത്തി. ഇന്നത്തെ അഫ്ഗാനിസ്ഥാനിലുള്ള  ചിഷ്ത്തി എന്ന സ്ഥലത്ത് അബു ഇഷാക് ഷാമി എന്ന സന്യാസി  ആരംഭിച്ചതാണ് സൂഫിസത്തിലെ  ചിഷ്ത്തി  പരമ്പര. അദ്ദേഹം  പുഴ പോലെയുള്ള ദാനശീലവും സൂര്യനെപ്പോലെയുള്ള സ്നേഹവും  ഭൂമിയെപ്പോലെയുള്ള ആതിഥ്യവും ആണ് ശിഷ്യന്മാര്‍ക്ക്  ഉപദേശിച്ചത്. നിസ്സഹായരുടെ സഹായമാവുന്നതും  വിശപ്പുള്ളവര്‍ക്ക് അപ്പം നല്‍കുന്നതുമാണ്  ഏറ്റവും വലിയ  ആരാധനയെന്ന് അദ്ദേഹം വിശ്വസിച്ചു. 
 
ആപ് ചിന്താ മത്  കരോ , ബാബ  സബ് കുച്ച് ഠീക്  കര്‍ ദേഗാ എന്നുറപ്പിച്ചു  പറഞ്ഞ രാജസ്ഥാനി ഡ്രൈവര്‍  ഒരു ഉറച്ച  ഹിന്ദു  മതവിശ്വാസി തന്നെയായിരുന്നു. ചാദ്ദറും ചന്ദനത്തിരികളും  പൂക്കളും സമര്‍പ്പിച്ച്  കണ്ണീരോടെ പ്രാര്‍ഥിച്ചാല്‍  ബാബ  കേള്‍ക്കാതിരിക്കില്ല.  ബാബയെ കണ്ടിട്ട്  പത്തു പതിനഞ്ചു കിലോമീറ്റര്‍ അകലെയുള്ള  പുഷ്കറില്‍ ചെന്ന്  പതിന്നാലാം നൂറ്റാണ്ടില്‍  നിര്‍മ്മിക്കപ്പെട്ട ബ്രഹ്മാവിന്‍റെ  ക്ഷേത്രത്തിലും  ദര്‍ശനമാവാമെന്ന്  ഡ്രൈവര്‍  എന്നോട് പറഞ്ഞു. ആ യാത്രയില്‍ രാജസ്ഥാന്‍റെ  എത്ര പകര്‍ത്തിയാലും  കൊതി തീരാത്ത  പ്രകൃതി സൌന്ദര്യം  മതിവരുവോളം  എനിക്കാസ്വദിക്കാമെന്നും അയാള്‍ പ്രലോഭിപ്പിക്കാന്‍  മറന്നില്ല. അജ്മീറിനേയും  പുഷ്ക്കറിനേയും തമ്മില്‍  ബന്ധിപ്പിക്കുന്ന  പുഷ്കര്‍ ഘട്ടിന്‍റെ  മനോഹാരിതയെപ്പറ്റിയും  അയാള്‍  വാചാലനായി. 

ബാബ പ്രവാചകന്‍ മുഹമ്മദിന്‍റെ  രക്തബന്ധത്തില്‍  ജനിച്ചതാണെന്നാണ് വിശ്വാസം. അദ്ദേഹം  സൂഫിസത്തിലെ ചിഷ്ത്തി ശാഖയ്ക്ക്  പ്രചാരം നല്‍കി. ചിഷ്ത്തി ശാഖ പല യാഥാസ്ഥിതികമായ കെട്ടുപാടുകളില്‍ നിന്നും വളരെയേറെ സ്വതന്ത്രമായിരുന്നു. മൊയിനുദ്ദീന്‍  ചിഷ്ത്തിക്കു ശേഷം ബക്ത്യാര്‍ കാക്കി, ബാബാ ഫരീദ്, നിസാമുദ്ദീന്‍ ഔലിയ, അഷ്രഫ്  ജംഹാഗീര്‍   സെമനാനി എന്നീ പ്രമുഖ സൂഫി വര്യന്മാരാണ് ചിഷ്ത്തി ശാഖയെ മുന്നോട്ട്  നയിച്ചത്. എ ഡി 1141ല്‍ പഴയ  പേര്‍ഷ്യയില്‍  അല്ലെങ്കില്‍ ഇന്നത്തെ ഇറാനിലാണ്  ബാബ  ജനിച്ചത്. ഷേഖ്  ഇബ്രാഹി ഖണ്ഡൂസിയും ഉസ്മാന്‍  ഹാറൂണിയുമായിരുന്നു ബാബയുടെ ഗുരുനാഥന്മാര്‍.  അവര്‍ക്കൊപ്പം  സമര്‍ഖണ്ഡും  മെക്കയും  മെദീനയും എല്ലാം സന്ദര്‍ശിച്ച ബാബ  ഒടുവില്‍ സുല്‍ത്താന്‍  മുഹമ്മദ്  ഘോറിക്കൊപ്പമാണ്  ഇന്ത്യയിലെത്തിയത്.

മൊയിനുദ്ദീന്‍  ചിഷ്ത്തി   അജ് മീറില്‍  തന്നെ താമസമുറപ്പിക്കുവാന്‍ എന്തായിരുന്നു  കാരണമെന്ന്  എനിക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞില്ല.  രജപുത്രരെയും മാര്‍വാഡികളേയും  സംബന്ധിച്ച് അജ് മീര്‍ എന്നും ഒരു  പ്രധാനപ്പെട്ട  രാഷ്ട്രീയ  ആത്മീയ കേന്ദ്രമായിരുന്നു . 1198 വരെ  അജ്മീര്‍ രജപുത്രരായ  ചൌഹാന്‍  രാജ വംശക്കാരുടെ ഭരണ സിരാകേന്ദ്രമായിരുന്നുവെങ്കിലും  മുഹമ്മദ് ഘോറി  പൃഥ്വിരാജ്  ചൌഹാനെ  തോല്‍പിച്ച പ്പോള്‍ അജ് മീറും ദില്ലി സുല്‍ത്താന്‍റെ ഭരണത്തിന്‍ കീഴിലായിത്തീരുകയായിരുന്നു.  അജ് മീറില്‍ പാര്‍ത്തുകൊണ്ട്  ജീവിതകാലമത്രയും വിവിധ വിശ്വാസികള്‍ തമ്മില്‍ മനുഷ്യര്‍  എന്ന നിലയില്‍ ഉണ്ടാവേണ്ട  ഐക്യത്തെപ്പറ്റി ചിഷ്ത്തി  സംസാരിച്ചു കൊണ്ടിരുന്നു.  അനവധി  പുസ്തകങ്ങള്‍  അദ്ദേഹം എഴുതിയിട്ടുണ്ട്. അനീസ് അല്‍ അര്‍വാ'  എന്നും ' ദലീല്‍ അല്‍ ആര്‍ഫിന്‍'   എന്നും പേരുള്ള രണ്ടു  പുസ്തകങ്ങളിലായി   ഒരു യഥാര്‍ഥ മുസ്ലിം എങ്ങനെ ജീവിയ്ക്കണമെന്ന്  അദ്ദേഹം  വിശദമായി  ചര്‍ച്ച  ചെയ്യുന്നുണ്ട്. 1236ല്‍  അജ്മീറില്‍  വെച്ച്  മരണമടയുമ്പോഴേക്കും  അനവധി മനുഷ്യരെ  ആഴത്തില്‍  സ്വാധീനിക്കാന്‍ ബാബയ്ക്ക് സാധിച്ചിരുന്നു. 
മുഗള്‍  ചക്രവര്‍ത്തിയായിരുന്ന അക്ബറിന്‍റെ അകമഴിഞ്ഞ പ്രോല്‍സാഹനത്തിലാണ്  അജ്മീറിര്‍  ഖ്വാജയുടെ  പ്രശസ്തി വാനോളം ഉയര്‍ന്നത്.  ' അക്ബര്‍നാമ'   ഇക്കാര്യം വിശദമായി  പ്രതിപാദിക്കുന്നു.  അഷ്രഫ് ജഹാംഗീര്‍ സെമനാനിയെന്ന സൂഫി  ആചാര്യന്‍റെ കിച്ചൌച്ചാ ഷരീഫ്  ദര്‍ഗയില്‍   (ഇന്നത്തെ യൂ  പിയിലെ  അംബേദ്കര്‍  നഗര്‍ )  ആരാധനയ്ക്കെത്തിയ അക്ബര്‍ സലിം ചിഷ്ത്തിയെന്ന സൂഫി  സന്യാസിയെപ്പറ്റി അറിയുകയും ആണ്‍ കുഞ്ഞുണ്ടാവാനുള്ള പ്രാര്‍ഥനയുമായി അദ്ദേഹത്തെ കാണുകയും ചെയ്തുവത്രെ. ജോധാഭായിയില്‍  അക്ബറിനു ജനിച്ച മകന് സലിം എന്നു പേരിടാന്‍ കാരണം  ആചാര്യനോടുള്ള  ചക്രവര്‍ത്തിയുടെ ഭക്തിയായിരുന്നു. ആഗ്രയിലെ  ഫത്തേപ്പൂര്‍ സിക്രിയെന്ന കോട്ടയില്‍  സലിം ചിഷ്ത്തിയുടെ  ശവകുടീരമുണ്ട്.  മനോഹരമായ വെളുത്ത  മാര്‍ബിളില്‍ പണിത ഒരു  അതി സുന്ദര നിര്‍മ്മിതി. ചിഷ്ത്തി  ശാഖയിലെ   ഹിന്ദുസ്ഥാന്‍  പ്രഥമനായ മൊയിനുദ്ദീന്‍ ചിഷ്ത്തിയുടെ  അജ്മീര്‍ ദര്‍ഗയും  സലിംചിഷ്ത്തിയോടുള്ള  ആരാധന നിമിത്തമാണ്   അക്ബറുടെ പ്രത്യേക പരിഗണനയ്ക്ക്  പാത്രീഭവിച്ചത്. 

കായരയായി  എന്നൊരു  വാക്കു   മാത്രം തിരിച്ചറിയാന്‍  കഴിയുന്ന വിധത്തില്‍  രാജസ്ഥാനി  ഫോക്  സംഗീതം ആ കാറില്‍ ഒഴുകിയിരുന്നു. നഗാരയുടെ  ശബ്ദവും മുഴങ്ങിയിരുന്നു.  പാട്ടിന്‍റെ  അര്‍ഥമെന്തെന്ന്  മനസ്സിലായില്ലെങ്കിലും   സംഗീതം എന്നെ  തികച്ചും ആകര്‍ഷിച്ചു. ഏതു  നാട്ടിലെയും  ഫോക് സംഗീതത്തിന്   മനുഷ്യരെ  ആകര്‍ഷിക്കാന്‍  കഴിയുമെന്ന്  എനിക്ക്  തോന്നിയിട്ടുണ്ട്.  ഭാഷയുടെയും  അര്‍ഥത്തിന്‍റെയും  താളത്തിന്‍റെയും   മറ്റും  അതിരുകള്‍ക്കപ്പുറത്ത്  മനസ്സിനെ  സ്വാധീനിക്കാനാവുന്ന  ലാളിത്യം  ഫോക് താളങ്ങളുടെ  നൈസര്‍ഗികതയാണ്. 
  
അരാവലി കുന്നുകളുടെ  മടിത്തട്ടിലാണ് അജ്മീര്‍. രാജസ്ഥാന്‍  മരുഭൂമിയുടെ ഹൃദയത്തില്‍  എന്ന്  ആലങ്കാരികമായി പറയാം. അരാവലിയിലെ താരാഗര്‍ നിരകളുടെ  അടിവാരത്തില്‍,  നഗരത്തിന്‍റെ  വടക്കു  ഭാഗത്തുള്ള  അനാസാഗര്‍ എന്നറിയപ്പെടുന്ന  കൃത്രിമത്തടാകത്തിന്‍റെ   തലോടലില്‍  കുളിര്‍ന്ന് , കൊടും ചൂടുള്ള  താര്‍ മരുഭൂമിയില്‍ നിന്ന്    നാഗപത്തര്‍  കുന്നുകളാല്‍  സംരക്ഷിക്കപ്പെടുന്ന   അജ്മീര്‍  രാജസ്ഥാനിലെ   വലിയ  നഗരങ്ങളില്‍  അഞ്ചാമതാണ്. 

ഷരീഫ്  ദര്‍ഗയ്ക്ക്  മുന്‍പിലെ  റോഡില്‍  അഭൂതപൂര്‍വമായ  തിരക്കായിരുന്നു. തിരക്കില്‍  എന്നെ  കുത്തിത്തിരുകി  ഞാനും   റോഡിലൂടെ  ഒഴുകി. സുറുമയും ഹെന്നയും  ഊദും  അത്തറും  പര്‍ദ്ദയും ചിത്രത്തുന്നലുകളുള്ള  തൊപ്പികളും  മറ്റും  വില്‍ക്കുന്ന  അനവധി കടകള്‍  ആ റോഡിന്‍റെ ഇരുവശങ്ങളിലും  നിരന്നു നിന്നു.  മസാലയില്‍  കുതിര്‍ന്ന  വിവിധ തരം ആഹാരപദാര്‍ഥങ്ങളുടെ  കൊതിപ്പിക്കുന്ന  സുഗന്ധം  അന്തരീക്ഷത്തില്‍  പരന്നിരുന്നു. അജ്മീറി  കോട്ടണില്‍  നിര്‍മ്മിച്ച  മിനുസമേറിയ വര്‍ണാഭമായ  ദുപ്പട്ടകള്‍  കാറ്റില്‍  പാറിക്കളിച്ചു.   ലെന്‍സ്  വെച്ച്  മാത്രം  വായിക്കാന്‍  കഴിയുന്ന അതിസൂക്ഷ്മമായ  വിശുദ്ധ ഖുര്‍ആന്‍ പതിപ്പുകള്‍  ഒരു സുവനീര്‍  എന്ന നിലയില്‍  പലരും  വാങ്ങുന്നുണ്ടായിരുന്നു. ആ  വഴിയോരക്കടകള്‍  അജ്മീര്‍  നഗരത്തിന്‍റെ വിവിധ മേഖലകളിലുള്ള   തനതായ രുചിക്കൂട്ടുകള്‍   തീര്‍ച്ചയായും  ഒരു സഞ്ചാരിയ്ക്ക്  പകര്‍ന്നു തരാതിരിക്കില്ല. വില പേശി  ഷോപ്പിംഗ്  ചെയ്യുന്നതില്‍  താല്‍പര്യമുള്ളവരെ  സംബന്ധിച്ച്  നല്ലൊരു  അനുഭവമായിരിക്കും  അത്.  

തിരക്കൊഴുകുന്ന   റോഡ്  അവസാനിക്കുന്നത്  ദര്‍ഗയ്ക്കകത്തെ  നടുമുറ്റത്തിലാണ്.  രണ്ടു  നടുമുറ്റങ്ങള്‍ക്കിടയില്‍  വെളുത്ത മാര്‍ബിളില്‍  തീര്‍ത്ത  വാസ്തുവിദ്യാ വിസ്മയമാണ് ഷരീഫ്  ദര്‍ഗ. വെട്ടിത്തിളങ്ങുന്ന  ശരറാന്തലുകള്‍   പ്രകാശത്തിന്‍റെ  സൌന്ദര്യ പ്പെരുമഴ പൊഴിക്കുന്നു.  ദര്‍ഗയുടെ പടുകൂറ്റന്‍  പ്രവേശന കവാടം  ഒരു നൂറ്റാണ്ടു മുന്‍പ്  ഹൈദരാബാദിലെ നൈസാം  പണികഴിപ്പിച്ചതാണ്.
ദര്‍ഗയിലെ തിരക്കില്‍ എനിക്ക്  ശ്വാസം മുട്ടല്‍  അനുഭവപ്പെട്ടു. മൊയിനുദ്ദീന്‍ ചിഷ്ത്തിയുടെ  ശവകുടീരം  അക്ബറി മോസ്കിലാണുള്ളത്.  വലിയ കുംഭഗോപുരമുള്ള   നിര്‍മ്മിതി  ഷാജഹാന്‍ ചക്രവര്‍ത്തിയുടെ  താല്‍പര്യത്തില്‍  പണി  ചെയ്തത്രെ.  സലിം രാജകുമാരന്‍  പിറന്ന  ആഹ്ലാദത്തിനു  നന്ദി  പ്രകടിപ്പിക്കാന്‍  അക്ബറും  ജോധാഭായിയും  എല്ലാ വര്‍ഷവും   ദര്‍ഗയിലേക്ക്  ആഗ്രയില്‍  നിന്നും  കാല്‍ നടയായി  തീര്‍ഥയാത്ര  ചെയ്തിരുന്നു.  ആഗ്രയില്‍  നിന്നും  അജ്മീര്‍  വരെയുള്ള  ദൂരമത്രയും,   ഓരോ  മൂന്നു കിലോ മീറ്ററിലും കോസേ മീനാറുകള്‍ എന്ന  വന്‍ സ്തംഭങ്ങള്‍  പടുത്തുയര്‍ത്താനുള്ള  കാരണം  ചക്രവര്‍ത്തിയുടെ   തീര്‍ഥയാത്രയാണ്.  രാജകീയ തീര്‍ഥയാത്രയുടെ  വിശ്രമ കേന്ദ്രങ്ങളിലായിരുന്നു   വന്‍ സ്തംഭങ്ങള്‍  പണികഴിപ്പിച്ചത്.  

സൂഫി  സംഗീതത്തേയും സൂഫി നൃത്തത്തേയും  അനുസ്മരിപ്പിക്കുന്ന  പ്രാര്‍ഥനകളും  ശരീര ചലനങ്ങളുമായി  അനവധി വിശ്വാസികള്‍  ദര്‍ഗയുടെ  നടു മുറ്റങ്ങളില്‍  അടിഞ്ഞു കൂടിയിരുന്നു.  ബാബയുടെ  ഖബറിനരികില്‍  ചെല്ലാനാവുമെന്ന്   പോലും  എനിക്ക്  തോന്നിയില്ല. അത്രമാത്രം  തിരക്കായിരുന്നു  അവിടെ.  ചന്ദനത്തിരിയും  കുറച്ചു  റോസാപുഷ്പങ്ങളും  എങ്കിലും  കൈയില്‍  കരുതാമായിരുന്നുവെന്ന്  എനിക്ക്  ഒരു വീണ്ടുവിചാരമുണ്ടായി . റോഡിലേക്കിറങ്ങി  അവ നിറച്ച  ഒരു തട്ടം  വാങ്ങിയാലോ  എന്ന് ഓര്‍ക്കുമ്പോഴേക്ക്  അതി ഭയങ്കരമായ  ഒരു തള്ളലില്‍  ഞാന്‍  അക്ബറി മോസ്കിലെത്തിച്ചേര്‍ന്നു.  ബാബയുടെ  ശവകുടീരത്തില്‍  പച്ചനിറമുള്ള ചാദ്ദറുകള്‍  പുതപ്പിക്കുവാന്‍  എല്ലാവരും മല്‍സരിക്കുന്നുണ്ടായിരുന്നു.  ഭയങ്കരമായി  തിക്കിത്തിരക്കുമ്പോഴും എന്‍റെ ഒപ്പമുണ്ടായിരുന്ന സ്ത്രീകളോട്  തൊപ്പി ധരിച്ച  പുരോഹിതര്‍  വളരെ  വിനയത്തോടെ പെരുമാറുന്നുണ്ടായിരുന്നു.  ഞാനും ആ സംഘത്തിലാണെന്ന്  കരുതിയിട്ടോ  എന്തോ  എന്‍റെ  തലയിലും മയില്‍പ്പീലിക്കെട്ട്  ഉഴിയുകയും  ' ബാബ  സബ് ബലാ കരേംഗെ '   എന്ന്  ആത്മാര്‍ഥമായി  അനുഗ്രഹിക്കുകയും ചെയ്തു.   

ദക്ഷിണേന്ത്യയിലെ വളരെ പ്രമുഖനായ  ഒരു  രാഷ്ട്രീയ നേതാവിന്‍റെ  വീട്ടുകാരായിരുന്നു   സ്ത്രീകള്‍. എന്നെ  അവരിലൊരാളായി  തെറ്റിദ്ധരിച്ചതുകൊണ്ടാണ് ബാബയുടെ അത്രയും അരികില്‍  ചെല്ലാന്‍  അനുവാദം സിദ്ധിച്ചതെന്ന്  അക്ബറി  മോസ്ക്കില്‍  നിന്ന്  പുറത്ത്  കടന്നപ്പോഴാണ് എനിക്ക്  മനസ്സിലായത്.

നടുമുറ്റങ്ങളില്‍  മെല്ലെ  നടന്ന്  ബാബയെ  കാണാന്‍ വരുന്നവരെ  ഞാന്‍  വീക്ഷിച്ചുകൊണ്ടിരുന്നു.  പ്രശസ്തരായ സിനിമാതാരങ്ങളും  രാഷ്ട്രീയ നേതാക്കന്മാരും  മറ്റും  ബാബയെ കാണാന്‍ വരാറുണ്ടെന്ന്  കൂടെയുള്ളവര്‍ക്ക്  വിശദീകരിച്ചു കൊടുക്കുന്ന പലരേയും  അപ്പോള്‍  എനിക്ക്  കാണാന്‍ കഴിഞ്ഞു. കാല്‍  വേദനിക്കുന്നുവെന്ന തോന്നലില്‍ ശരറാന്തലുകളൂടെ  സൌന്ദര്യമാസ്വദിച്ച്  ഞാന്‍ ചുമരും ചാരി  ഇരി ക്കുമ്പോഴായിരുന്നു  ' മേരാ പൈസാ ചോരീ ഹോ ഗയാ' എന്നൊരാര്‍ത്തനാദം  ഉയര്‍ന്നു കേട്ടത് , പിന്നീട്  പണം  നഷ്ടപ്പെട്ട  നിരാശയുടേയും സങ്കടത്തിന്‍റേയുമായ  ആര്‍ത്തനാദം  മതങ്ങളുടെ  തണല്‍പ്പാടില്‍  അസഭ്യമായി കലഹമായി  വളര്‍ന്നു . അസഭ്യവും  കലഹവും  വൈരമായി  മൂര്‍ച്ചയോടെ  കുത്തിക്കയറുമ്പോള്‍,  അഗ്നിച്ചിറകുകളുമായി  പറക്കാന്‍  തുടങ്ങിയപ്പോള്‍  ഞാന്‍ ഉല്‍ക്കണ്ഠയോടെയും  ഭയത്തോടെയും  കിതപ്പോടെയും 

നൈസാം പണി കഴിപ്പിച്ച  പ്രവേശന  കവാടം   കടന്ന് തിരിഞ്ഞു നോക്കാതെ   ഓടി.. എത്ര പെട്ടെന്നാണ് , നിമിഷങ്ങള്‍ക്കുള്ളിലാണ്  നിങ്ങളും  ഞങ്ങളുമായി  തിന്മയും നന്മയും  കണ്ണുപൊത്തിക്കളിക്കുവാന്‍ തുടങ്ങുന്നതെന്ന് ,  വെറുമൊരു  സധാരണ  മോഷണം,  ഒരു പോക്കറ്റടി വലിയ ലഹളയാകാന്‍  തുടങ്ങുന്നതെന്ന്  ഞാന്‍  വിറ കൊള്ളുമ്പോഴും   കാല്‍ വെപ്പുകള്‍ക്ക്  പുറകില്‍  ആരുടെയോ കനത്ത  പാദപതനങ്ങള്‍   എന്നെ പിന്തുടര്‍ന്നിരുന്നു. കരച്ചിലുകളും  നിലവിളികളും  കാതില്‍ വന്നലച്ചിരുന്നു. 

കാറിനുള്ളിലേക്ക്  കുഴഞ്ഞു  വീണ  എനിക്ക്  നന്നെ  ചെറിയ ഒരു വിശുദ്ധ   ഖുര്‍ആനും ലെന്‍സും  നീട്ടി,  ' ബാബ ബലാ കരേഗാ '  എന്ന് ആശ്വസിപ്പിച്ച  വൃദ്ധന്‍റെ കുഴിയില്‍ പെട്ട  കണ്ണുകള്‍  നിറഞ്ഞിരുന്നു.  ദാരിദ്ര്യം കൊണ്ടാണോ... അനാഥത്വം കൊണ്ടാണോ  ഭയം കൊണ്ടാണോ.. എന്നെനിക്ക്  മനസ്സിലായില്ല. പണം കൊടുത്ത്  വിശുദ്ധ ഖുര്‍ ആന്‍  കൈപ്പറ്റിയെങ്കിലും   വൃദ്ധന്‍റെ  നൈരാശ്യവും സങ്കടവും എന്നെ വല്ലാതെ  ഉലച്ചുകൊണ്ടിരുന്നു... ഹൃദയത്തെ  കഠിനമായി  മഥിച്ചുകൊണ്ടിരുന്നു.  

വിവിധ വിശ്വാസികള്‍ തമ്മില്‍ മനുഷ്യര്‍  എന്ന നിലയില്‍ ഉണ്ടാവേണ്ട  ഐക്യത്തെപ്പറ്റിയും  , സ്നേഹത്തെപ്പറ്റിയും മാത്രം   നിരന്തരമായി  സംസാരിച്ച , സ്വന്തം ജീവിതത്തെ  മാതൃകയാക്കിയ,  മൊയിനുദ്ദീന്‍ ചിഷ്ത്തി ... ഖബറില്‍  കിടന്ന് പൊട്ടിക്കരയുകയായിരിക്കുമോ  ... ചിലപ്പോള്‍ ..
എനിക്കറിയില്ല...  
  
മടക്കയാത്രയില്‍   ഞാന്‍ പുഷ്ക്കറിലേക്ക്  പോയില്ല. എനിക്ക്  ബ്രഹ്മാവിനോട്  ഒന്നും  പ്രാര്‍ഥിക്കാന്‍   സാധിക്കുന്നുണ്ടായിരുന്നില്ല.. ബ്രഹ്മാവിന്‍റെ  മനുഷ്യനെന്ന  അതിവിചിത്ര  സൃഷ്ടിയെപ്പറ്റി  ഓര്‍ത്തുകൊണ്ട്  ഞാന്‍  നിശ്ശബ്ദയായി  കാറിലിരുന്നു. 

മീസാന്‍ കല്ലുകള്‍  പിന്നിലേയ്ക്കോടി  മറയുകയായിരുന്നു...