Monday, September 20, 2010

സുഖാണോ .……….

എപ്പളും സുഖാന്ന് പറേണംന്നാ.
അതെന്താ എപ്പളും?
അങ്ങനെ വേണംന്നാ. പിന്നെ സന്തോഷോം വേണംന്നാ.
അങ്ങനെ വേണന്ന് ആരാ പറഞ്ഞേ?
അച്ഛനാ. അല്ലെങ്കീ പിന്നെം പഷ്ണിയാവൈയ്.
അമ്മ എന്ത് പറഞ്ഞു?
അമ്മ ചത്ത് പോയി.
അയ്യോ! എപ്പോ?
കൊറെ നാളായി, വീട്ട്ല് തിന്നാൻ ഒന്നൂല്ലാത്ത ഒരീസം ങ്ങ്നെ നീലച്ച് കെടന്ന്. ആശൂത്രി കൊണ്ട് പോയപ്പോഴേയ്ക്കും ……..
ഈ സ്ഥലത്ത് എങ്ങനെ വന്നു?
മാമൻ കൊണ്ടന്നതാ.
എവിട്ന്ന്?
വീട്ട്ന്ന്. പണീട്ത്താ വയറ് നെറ്ച്ചും തിന്നാൻ തരുന്ന് പറഞ്ഞ്.
ഇവ്ടെ ആരാള്ള്ത്.?
മാമന്മാരും മാമിമാരും.
എന്താ ഇബ്ടെ പണി?
രാത്രീല് വരണോര്ക്ക് ചോന്ന വെള്ളോം ചിക്കനും കൊട്ക്കല്. പിന്നെ പാത്രം കഴ്കണം.
ആരാ വരാ ഇതൊക്കെ കഴിയ്ക്കാൻ?
ലോറി ഓടിയ്ക്കണ മാമൻമാരും കാറോടിയ്ക്കണ മാമൻമാരും അങ്ങനെ എല്ലാരും വരും.
എത്ര കാശ് കിട്ടും?
കാശില്ല.
അതെന്താത്?
അച്ഛന് കൊറെ കാശ് എന്നെ കൊണ്ടന്ന അന്ന്ന്നെ കൊട്ത്ത്, മാമൻ.
വെശ്ക്കണുണ്ടോ?
ഇല്യാ, ലേശം ചോന്ന വെള്ളോം അഞ്ചാറ് റൊട്ടീം കാലത്ത് തന്ന്. കൊറെ ഉമ്മേം തന്ന്.
ഹെന്ത്?.. ഹാര്?
മാമന്മാര് എന്നും തരും. രാത്രീല് തോനെ ചിക്കനും ചോന്ന വെള്ളോം തരും, എല്ലാരും മാറി മാറി കൊറെ ഉമ്മ തരും. പിന്നെ ഷീണാവുമ്പോ ഒറങ്ങും.
അകത്തേയ്ക്ക് വാടീ പിശാചേ , കടേല് ചായ കുടിയ്ക്കാൻ വരണോരോട് കൊഞ്ചാണ്ട്…….
അയ്യോ! മാമി വിളീക്ക്ണ്ട്. ഇനി ഇബ്ടെ നിന്നാ ചവിട്ട് കിട്ടും.
ഞാൻ……. ഞാൻ……
ചായ കുടിച്ചോളോ…… നല്ല ചായ്യ്യാ….. യാത്രാഷീണം മാറ്ട്ടെ…….

അഴുക്കും പൊടിയും രക്തവും പുരണ്ട ഉണങ്ങാത്ത വ്രണങ്ങളും ഒരു പ്ലാസ്റ്റിക് ബക്കറ്റിലൊതുങ്ങുന്ന സ്ഥാവരജംഗമങ്ങളുമായി എന്റെ ജീവിതം ഞാനലഞ്ഞു തീർക്കവേ………
നാഷണൽ ഹൈവേയിലെ ചായക്കടയിൽ…….. ഒരു പത്തുവയസ്സുകാരി…………………..
കാലക്കണക്കുകളുടെ മറുപുറങ്ങളിൽ പോലും എന്റെ പ്രജ്ഞയെ കുത്തിക്കവരുന്ന ആ ചെമ്പിച്ച മിഴികൾ………..
വറ്റിവരണ്ട ഉമിനീരിൽ അമ്മയും ദൈവവും ഒന്നിച്ച് തൂങ്ങി മരിയ്ക്കുന്നു.

Wednesday, September 8, 2010

പൂവനും പിടയും മുട്ടയും


ആ അഞ്ചു പുരുഷന്മാരും ആർക്കും മുഖം കൊടുക്കാതെ തങ്ങളുടെ ഊഴവും കാത്ത് നിശ്ശബ്ദരായിരുന്നു. എത്ര മാത്രം ഗതികെട്ടത് കൊണ്ടാണ് ഇവിടെയിങ്ങനെ സമയം ചെലവാക്കേണ്ടി വന്നതെന്ന് സങ്കടപ്പെടുകയായിരുന്നു അയാൾ. മറ്റു നാലു പേർക്കും ആ സങ്കടം തന്നെ ഉള്ളിലുണ്ടെന്നയാൾക്കുറപ്പുണ്ട്. അല്ലെങ്കിൽ ഒരേ വിധം അപ്രസന്നമായ മുഖഭാവം എല്ലാവർക്കും കൈവന്നതെങ്ങനെയായിരിയ്ക്കും?

ടി വി സ്ക്രീനിൽ മലയാളം പടങ്ങളിലെ ഗാനങ്ങൾ തെളിയുന്നുണ്ടായിരുന്നു. അതു കാണുകയാണെന്ന വ്യാജേനെ എല്ലാവരും ടി വിയിലേയ്ക്ക് മാത്രം ശ്രദ്ധിച്ച്, ഒന്നു പുഞ്ചിരിയ്ക്കുക പോലും ചെയ്യാതെ പരസ്പരം ഒഴിവാക്കിക്കൊണ്ടിരുന്നു.

നേരത്തെ വന്ന ഒരു നിർഭാഗ്യവാൻ ഡോക്ടറുടെ മുറിയിൽ കയറിയിട്ടുണ്ട്. അയാൾ എന്തൊക്കെ പറഞ്ഞാവുമോ സങ്കടപ്പെടുന്നത്? അതെല്ലാം കേട്ട് കഴിഞ്ഞിട്ട് വേണമല്ലോ ബാക്കിയുള്ളവരെ അകത്തേയ്ക്ക് വിളിയ്ക്കാൻ.

പഴയ വർത്തമാനക്കടലാസ്സുകൾ മാറ്റി പുതിയവ വെയ്ക്കുവാൻ വന്ന അറ്റൻഡറുടെ മുഖത്ത് ഒരു പരിഹാസം തുളുമ്പി നിൽക്കുന്നത് അയാൾ കണ്ടു. നേരത്തെ റിസപ്ഷനിലിരുന്ന കഷണ്ടിക്കാരനും ഇതേ മുഖഭാവമായിരുന്നില്ലേ എന്നയാൾ സംശയിച്ചു. അവരൊക്കെ തികഞ്ഞ ഭാഗ്യവാന്മാരായിരിയ്ക്കാം. അവരെ ‘അച്ഛാ‘ എന്ന് വിളിയ്ക്കാൻ സ്വന്തം രക്തത്തിൽ പിറന്ന മക്കൾ നിര നിരയായി നിൽക്കുന്നുണ്ടായിരിയ്ക്കാം. അല്ലെങ്കിൽ അവരുടെ കാറ്റു തട്ടിയാൽ പോലും ഭാര്യമാർ പച്ചമാങ്ങയ്ക്കും പുളിങ്ങയ്ക്കും കൊതിയ്ക്കുന്നുണ്ടായിരിയ്ക്കാം.

അയാൾക്ക് വലിയ കയ്പു തോന്നി.

ഈ ലോകത്തിലെ ഏതു മണ്ടനും ഏതു മൊശകോടനും ചുമ്മാ പുല്ലു പോലെ സാധിപ്പിയ്ക്കുന്ന ഈ കാര്യം തന്നെക്കൊണ്ട് മാത്രം പറ്റാതെ പോയതെന്ത്?

ആദ്യത്തെ ഒരു വർഷം ആഹ്ലാദം നിറഞ്ഞ ദാമ്പത്യ ജീവിതമാണ് നയിച്ചത്. ഇടയ്ക്ക് മുത്തശ്ശിയോ മറ്റോ വിശേഷമൊന്നും ആയില്ലേ എന്ന് ചോദിയ്ക്കുന്നതൊഴിച്ചാൽ ആർക്കും സുമ ഗർഭിണിയാവാത്തതിൽ വലിയ ഉൽക്കണ്ഠയൊന്നുമുണ്ടായിരുന്നില്ല.

ചില ദിവസങ്ങളിൽ കള്ളച്ചിരിയോടെ ഒരു ചുവന്ന ഹൌസ് കോട്ടും ധരിച്ച് വയറു വേദനിയ്ക്കുന്നുവെന്ന് പറഞ്ഞ് അവൾ കിടക്കയിൽ കമിഴ്ന്നു കിടന്നു.

കാലം പോകെ , എല്ലാവരുടെയും മുഖത്ത് കുറേശ്ശ ആധിയുടെ രേഖകൾ തെളിഞ്ഞപ്പോൾ സുമയുടെ നിറഞ്ഞ കണ്ണുകളിലും ‘നമുക്ക്……….?‘ എന്ന ചോദ്യമുയർന്നു തുടങ്ങിയത് അയാൾ കണ്ടില്ലെന്നു നടിച്ചു.

അവൾ തന്നിലേയ്ക്ക് ചുരുങ്ങി ഒതുങ്ങുന്നതായി തോന്നിയെങ്കിലും എല്ലാ രാത്രികളിലും ആവേശത്തോടെ അവളെ നെഞ്ചോട് ചേർത്തുകൊണ്ട് ഉരുവിട്ടു, ‘നീ സങ്കടപ്പെടണ്ട, ഇത്തവണ ഒരുത്തൻ ജനിയ്ക്കും.‘

ആരും ജനിച്ചില്ല.

പിന്നെപ്പിന്നെ ചുവന്ന ഹൌസ് കോട്ടിട്ട അവളുടെ മുഖം കള്ളച്ചിരിയ്ക്കു പകരം നെടു വീർപ്പുകൾ മാത്രം ഉതിർത്തു.

സുമ കാണുന്ന അമ്പലങ്ങളിലെല്ലാം പോകാനാരംഭിച്ചത് അപ്പോഴാണ്. ഓരോ നേർച്ച കഴിഞ്ഞ് വരുമ്പോഴും അവളുടെ മുഖം പ്രതീക്ഷയുടെയും വിശ്വാസത്തിന്റെയും പ്രസാദമായി തുളുമ്പി, പിന്നീട് പള്ളികളിലും ജാറങ്ങളിലേയ്ക്കും അവളുടെ കാലുകൾ നീണ്ടു.

പക്ഷെ, തൊഴുതവരൊന്നും അവളെ അനുഗ്രഹിച്ചില്ല.

അമ്മയ്ക്ക് സുമയോട് അകാരണമായ ദേഷ്യം വരുന്നുണ്ടെന്ന് തോന്നിയ ഒരു ദിവസം ‘അമ്മയെന്തിനാ കോപിയ്ക്കുന്നതെ‘ന്ന് ചോദിച്ചപ്പോഴാണ് അമ്മ ചട്ടുകം നിലത്തേയ്ക്ക് വലിച്ചെറിഞ്ഞുകൊണ്ട് അലറിയത്.

‘അതതെ, എനിയ്ക്ക് ദേഷ്യം വന്നതാ കുറ്റം? ഒരു മച്ചിയേം വെച്ച് ഇപ്പോ പെറും ഇപ്പോ പെറും ന്ന് നോക്കി ഇരിയ്ക്കാൻ തൊടങ്ങീട്ട് കൊല്ലം മൂന്നാവാനാ പോണേ. പണ്ടത്തെ കാലാച്ചാൽ ആറുമാസായിട്ട് ഗർഭായില്ലെങ്കി ആണങ്ങള് വേറെ പെണ്ണിനെയങ്ങട് കൊണ്ട് രും. അല്ലാണ്ടിങ്ങനെ……. നിന്റെ ഒരു കൊച്ചിനെ കാണാൻ നിക്ക് ആശേണ്ടാവില്ല്യേ, ഇനീപ്പോ ന്താ ചെയ്യാ?”

ആ സ്വരത്തിൽ കോപവും നിരാശയും പകയുമെല്ലാമുണ്ടായിരുന്നു.

അമ്മയോട് മിണ്ടാതിരിയ്ക്കുവാൻ കുറച്ച് കർശനമായിത്തന്നെ പറഞ്ഞ് മുറിയിലേയ്ക്ക് ചെന്നപ്പോൾ സുമ പൊട്ടിക്കരയുന്നതാണ് കണ്ടത്. അമ്മയുടെ വാക്കുകൾ അവളെ വല്ലാതെ തകർത്തിരിയ്ക്കുന്നു.

അമ്മയുടെ ക്രൂരമായ നിലപാടാണ് ആ ആഴ്ചയിൽ തന്നെ ഡോക്ടറുടെ അടുത്തെത്തിച്ചത്.

ചില്ലറ വല്ല പ്രശ്നവുമുണ്ടെങ്കിൽ പോലും അതു സുമയ്ക്കാവുമെന്ന അടിയുറച്ച ബോധ്യമായിരുന്നു. അതാണ് അത്ര അനായാസമായി, ഉൽക്കണ്ഠയൊന്നുമില്ലാതെ ഡോക്ടറെ സമീപിയ്ക്കാനുള്ള മനസ്സുണ്ടായത്.

ആദ്യ പരിശോധനകളിൽ ഒരു കുഴപ്പവുമുണ്ടായിരുന്നില്ല. സുമയ്ക്ക് വിദ്ഗ്ധമായ പരിശോധന വേണമെന്ന് ഡോക്ടർ പറഞ്ഞപ്പോൾ അവളെ ചേർത്തു പിടിച്ചാശ്വസിപ്പിച്ചു.

‘നിസ്സാര ട്രാഫിക് ബ്ലോക്കാണ്, ഒരു വിസിൽ വിളിച്ച് റോഡ് ക്ലിയർ ചെയ്യുമ്പോലെ. ഇതൊക്കെ ഇപ്പോ തീരും. പിന്നത്തെ കാര്യമൊക്കെ ഞാൻ നോക്കിക്കൊള്ളാം’

എന്തൊരാത്മവിശ്വാസമായിരുന്നു!

നീർ നിറഞ്ഞ മിഴികളുമായി അപ്പോൾ നിശ്ബ്ദയായിരുന്നുവെങ്കിലും രാത്രിയിൽ മറ്റൊരുവളെ വിവാഹം കഴിയ്ക്കാൻ പറഞ്ഞ് ഭ്രാന്തിയെപ്പോലെ പൊട്ടിക്കരയുകയും മോഹാലസ്യപ്പെട്ട് വീഴുകയുമായിരുന്നു സുമ. അവളെ സമാധാനിപ്പിയ്ക്കാൻ വല്ലാതെ ബുദ്ധിമുട്ടേണ്ടതായി വന്നു.

ആ സുമയാണോ ഇപ്പോൾ…………

അയാളുടെ നെഞ്ചിലെ പിടച്ചിൽ ഒരു പൊള്ളുന്ന നിശ്വാസമായി അന്തരീക്ഷത്തിലമർന്നു.

പരിശോധനകൾ നടന്നിരുന്ന കാലമത്രയും സുമ മൂകയായിരുന്നു. അതി ഭയങ്കരമായ ഒരു ദുരന്തത്തെ അവൾ മുൻപിൽ കാണുന്നതായി തോന്നി. രാത്രികളിൽ ഉറങ്ങാതെ മുറിയ്ക്കുള്ളിൽ ചുറ്റി നടക്കുന്നതിന് പലപ്പോഴും ശാസിക്കേണ്ടി വന്നു. ഇടയ്ക്കെല്ലാം കാരണമൊന്നും കൂടാതെ തന്നെ അവൾ തേങ്ങിത്തേങ്ങിക്കരഞ്ഞു.

ഒടുവിൽ പരിശോധനകളെല്ലാം തീർന്ന ദിവസം, എല്ലാം പകൽ പോലെ വെളിപ്പെട്ട ആ ദിവസം, ഡോക്ടറുടെ മുറിയിൽ ഇരുന്നുരുകിത്തീരുമ്പോൾ സുമ പറഞ്ഞു, ‘ ഒരു തരി പോലും എന്റെ കുഴപ്പമാവരുതേ എന്ന ഒറ്റ പ്രാർത്ഥനയായിരുന്നു എനിയ്ക്ക്. ദൈവം എന്റെ വിളി കേട്ടു.‘

അയാൾക്ക് പുച്ഛം തോന്നി, വെറുപ്പും അറപ്പും തോന്നി.

ഇത്ര സ്വാർത്ഥയോ ഇവൾ?

അവളുടെ പ്രാർത്ഥനകളിൽ എന്നും അവൾ മാത്രമായിരുന്നുവോ?

എന്നാലും ………

വീട്ടിലെത്തിയ സുമയുടെ ആകൃതി തന്നെ മാറിപ്പോയതായി അയാൾക്കനുഭവപ്പെട്ടു. ഫോൺ ചെയ്ത് എല്ലാവരോടും അവൾക്ക് യാതൊരു കുഴപ്പവുമില്ലെന്ന് അറിയിയ്ക്കുമ്പോൾ ആ സ്വരത്തിൽ ആഹ്ലാദവും ആത്മവിശ്വാസവും തുളുമ്പി.

അമ്മ നിറഞ്ഞ കണ്ണുകളോടെ ടി വിയിലേയ്ക്ക് നോക്കി നിശബ്ദയായിരുന്നു.

അച്ഛൻ പത്രത്തിലേയ്ക്ക് മുഖം പൂഴ്ത്തി.

പിറ്റേന്ന് രാവിലെ പതിവിലും നേരത്തെ ഉണർന്നിട്ടും അയാൾ വെറുതെ കണ്ണുകളടച്ച് കിടക്കുകയായിരുന്നു.

മുറ്റമടിയ്ക്കാൻ വരുന്ന തള്ളയോട് സുമ സംസാരിയ്ക്കുന്നത് അയാൾ മുഴുവനായും കേട്ടില്ല, പക്ഷെ, തള്ളയുടെ മറുപടി വ്യക്തമായിരുന്നു.

‘സൂട്ടും കോട്ടുമിട്ട് മയിസ്രേട്ടായി നടന്ന്ട്ട് എന്താ പലം? കെട്യേ പെണ്ണിനെ പെറീയ്ക്കാൻ പറ്റാത്ത തലേലെഴ്ത്തായില്ല്യേ? മോളടെ ഒരു തലേ വര! എന്താർന്നു അമ്മേടെ ചാട്ടംന്ന് നിശ്ശല്ല്യേ, മച്ചീ മച്ചീന്ന്…..ഇപ്പൊ ന്തായി?’

വൈകുന്നേരം ഓഫീസിൽ നിന്നു മടങ്ങുമ്പോൾ അച്ഛൻ വരാന്തയിലിരുന്ന് ആഴ്ചപ്പതിപ്പ് വായിയ്ക്കുന്നുണ്ടായിരുന്നു

അച്ഛന്റെ മുഖത്തെ വേദനയൂറുന്ന സഹതാപം അയാളെ ചുട്ടു പൊള്ളിച്ചു.

അയാളുടെ ലോകം രണ്ടായി മുറിയുവാൻ തുടങ്ങുകയായിരുന്നു, ഭാര്യയെ ഗർഭിണിയാക്കാൻ സാധിച്ച വിജയികളായ പുരുഷന്മാരുടെയും അതിനു സാധിയ്ക്കാതെ പോയ പരാജിതരായ പുരുഷന്മാരുടേയും തമ്മിൽ പൊരുത്തമില്ലാത്ത ലോകം. അതുകൊണ്ട് അച്ഛനോടും ഒന്നും സംസാരിയ്ക്കാൻ അയാൾക്ക് തോന്നിയില്ല.

സുമയിൽ വന്ന മാറ്റം അവിശ്വസനീയമായിരുന്നു. അമ്പരപ്പിയ്ക്കുന്നതായിരുന്നു.

അമ്പലത്തിൽ പോവുന്ന ഏർപ്പാട് പൂർണമായും അവസാനിപ്പിച്ച അവൾ, പ്രഭാതത്തിലും സന്ധ്യയ്ക്കും വിളക്ക് കൊളുത്തുവാൻ പോലും തയാറായില്ല.

അമ്മയാകാനുള്ള ദാഹത്തെപ്പറ്റി ഫോണിലൂടെ ഉറക്കെയുറക്കെ കൂട്ടുകാരികളോടും ബന്ധുക്കളോടും സുമ സംസാരിച്ചു. ഓരോ തരിയിലും അതു പ്രദർശിപ്പിയ്ക്കുമ്പോഴും അപാരമായ കാരുണ്യവും ദയയും ശബ്ദത്തിൽ നിറച്ചു മാത്രം സംഭാഷണം ഉപസംഹരിയ്ക്കാൻ അവൾ മനസ്സു വെയ്ക്കുകയും ചെയ്തു.

‘പക്ഷെ, ആശയിണ്ടെങ്കിലും നിക്ക് ചേട്ട്നാ എല്ലാറ്റിലും വലുത്, ങ്ങ്നെയായിപ്പോയീന്ന് വെച്ച് ചേട്ട്നെ കളയാൻ പറ്റോ?‘

അയാൾക്ക് മരിച്ചാൽ മതിയെന്നു പോലും തോന്നുകയായിരുന്നു. ഒരാളുടെ ദുരിതം മറ്റൊരാൾക്ക് ഉത്സവമാകുമോ? ആകുമായിരിയ്ക്കാം.

ഒരു രാത്രി അയാൾ പറഞ്ഞു, ‘നമുക്ക് ഒരു കുഞ്ഞിനെ ദത്തെടുക്കാം.‘ സത്യത്തിൽ അയാൾക്ക് പറയാനാഗ്രഹമുണ്ടായിരുന്നത് ‘നമുക്ക് പിരിയാം‘ എന്നായിരുന്നു. അതു പറയാനാവാത്ത സ്വന്തം ദുർബലതയിൽ ലജ്ജിച്ചുകൊണ്ടാണ് ദത്തെടുക്കുന്നതിനെക്കുറിച്ച് അയാൾ സംസാരിച്ചത്.

സുമ തേച്ചു മിനുക്കിയ കത്തി പോലെ പുഞ്ചിരിച്ചു, അവളുടെ ആ മുഖവും കരുതലോടെയുള്ള വാക്കുകളും അയാൾ ജീവിതത്തിലൊരിയ്ക്കലും മറക്കുകയില്ല.

‘ദത്തോ? അതൊന്നും വേണ്ട, ചേട്ടാ.അത് ശരിയാവില്ല. എന്ത് സ്വഭാവള്ള കുട്ട്യാ വരാന്നാര്ക്കാ അറിയാ? വേറൊരാൾടെ കൊച്ചിനെക്കൊണ്ട് ചേട്ടനെ അച്ഛാന്ന് വിളിപ്പിയ്ക്കണ മഹാപാപം ഞാനായിട്ട് ചെയ്യിപ്പിക്കില്ല. ഞാനിങ്ങനെ കഴിഞ്ഞോളാം, അല്ലാണ്ടിപ്പോ ന്താ ചെയ്യാ?’

അയാളെ നിലം പരിശാക്കിയിട്ട് ഒന്നും സംഭവിയ്ക്കാത്തതു പോലെ അവൾ മുഖത്ത് ഒരു ക്രീം തേച്ചു പിടിപ്പിയ്ക്കാൻ തുടങ്ങീ.

അതെ, സ്വന്തമായി അച്ഛനാവാൻ ത്രാണിയില്ലാത്തവൻ അങ്ങനെ അച്ഛനായി ഞെളിയേണ്ട.

വേറെ വേറെ ആൾക്കാരുടെ മക്കളായി, വേറെ വേറെ കുടുംബങ്ങളിൽ ജനിച്ച് ഇരുപതിരുപത്തഞ്ച് വയസ്സ് വരെ വളർന്ന്, പിന്നെ വിവാഹിതരായി, പരസ്പരം ഭാര്യയെന്നും ഭർത്താവെന്നും വിളിച്ച് ജീവിയ്ക്കുന്നതിലും എളുപ്പമായിരിയ്ക്കില്ലേ ഒരു പിഞ്ചു കുഞ്ഞിനെ വളർത്തി അതിനെക്കൊണ്ട് അച്ഛാ എന്നും അമ്മേ എന്നും വിളിപ്പിയ്ക്കുന്നത് എന്നു ചോദിയ്ക്കാൻ തോന്നിയെങ്കിലും അയാൾ മിണ്ടിയില്ല.

ചിലപ്പോഴെങ്കിലും അയാൾ സ്വപ്നം കണ്ടു.

ഒരൽഭുതം പോലെ സുമ ഗർഭിണിയാകുന്നു.

ഒറ്റത്തവണ മതി.

ഒരിയ്ക്കൽ മാത്രം.

തലയൊന്നുയർത്തിപ്പിടിയ്ക്കാൻ മാത്രം.

ആണാണെന്നറിയിയ്ക്കാൻ മാത്രം.

ആ വിവരമറിയുന്ന നിമിഷം സുമയുടെ മുഖത്ത് നോക്കി ഒന്നു ചിരിയ്ക്കണം. ഒരു ആണിന്റെ ചിരി.

ഈ ഡോക്ടർ വലിയ മിടുക്കനാണത്രെ, ഏതെങ്കിലും നേരിയ പഴുതുണ്ടെങ്കിൽ അദ്ദേഹം വഴിയുണ്ടാക്കിത്തരുമെന്നാണ് കേൾവി.

കൺസൾട്ടിംഗ് റൂമിന്റെ വാതിൽ തുറക്കുന്ന ശബ്ദം കേട്ടപ്പോൾ അയാൾ തിരിഞ്ഞു നോക്കി.

ടി വി യിൽ പുതിയൊരു ഗാനമുയർന്നു.

‘പൂവന്റെ മുന്നിൽ പിട വന്ന് തിരിഞ്ഞാൽ മുട്ടയിട്ട് മുട്ടയിട്ട്……..‘