(ജ്യോതിസ്സിന്റെ പെൺപതിപ്പിൽ - നവമ്പർ 2009 - ഈ കഥ വന്നിരുന്നു.)
അമ്മയ്ക്ക് നല്ല വെളുത്ത നിറമായിരുന്നു, വാർദ്ധക്യത്തിൽ അവർ ചുളിവുകളും പരിക്കുകളും തട്ടിയ തങ്കപ്പാവയായി കാണപ്പെട്ടു.
അച്ഛനാകട്ടെ നന്നെ കറുത്തവൻ, അവരെ ഒന്നിച്ച് കാണുമ്പോൾ പച്ചരിയും എള്ളും പോലെ തോന്നിയിരുന്നു.
അമ്മ, യാതൊരു പരിഗണനകളും ലഭിയ്ക്കാതെ മുപ്പത്താറു നീണ്ട വർഷങ്ങൾ അച്ഛനൊപ്പം ജീവിച്ചു.
അച്ഛന്റെ, കറുത്ത നിറമുള്ള ബന്ധുക്കളാരും അമ്മയെ അദ്ദേഹത്തിന്റെ ഭാര്യയായി കണ്ടില്ല. അതു കൊണ്ട് ഞങ്ങളെ മക്കളായും അവർക്ക് മനസ്സിലാക്കാനായില്ല.
ഒരിക്കൽ പോലും അമ്മായിമാരോ വല്യച്ഛന്മാരോ ഞങ്ങളെ മടിയിലിരുത്തിയിട്ടില്ല. വിരൽ കൊണ്ട് ഞങ്ങളെ സ്പർശിക്കുന്നത് മഹാപാപമായി അവർ കരുതി.
എങ്കിലും എല്ലാവരും പറഞ്ഞു.
‘ആ തള്ളയുടെ നിറം കിട്ടാമായിരുന്നു.’
ഞങ്ങൾ കറുപ്പ് വർണ്ണം കൂടുതലുള്ളവരായിരുന്നു. അല്പനേരം വെയിൽ തട്ടിയാൽ മുഖമാകെ എണ്ണയൊലിച്ചതു പോലെ, വഴുവഴുപ്പുള്ള കാളിമ പടർന്നു. ആത്മവിശ്വാസക്കുറവ് ഞങ്ങളുടെ കറുപ്പ് വർണ്ണത്തെ ഇരട്ടിയാക്കി പൊലിപ്പിച്ചു.
ഏറ് കൊണ്ട മോങ്ങലോടെ, വാൽ കാലുകൾക്കിടയിൽത്തിരുകി ഓടാൻ തുടങ്ങുന്ന കില്ലപ്പട്ടിയുടെ മുഖഭാവമുള്ള കുട്ടികളായിരുന്നു ഞങ്ങൾ.
അമ്മയുടെ ബന്ധുക്കളാകട്ടെ വെളുത്ത ശരീരമുള്ളവരായിരുന്നു. ചെളിയും മലവും പുരണ്ട പന്നിക്കുട്ടികളെ കാണുന്ന അറപ്പോടെ മാത്രമെ അവർ ഞങ്ങളെ വീക്ഷിച്ചുള്ളൂ. കരിം പൂച്ചകളെന്നും കറുത്ത പട്ടാളങ്ങളെന്നും അവർ ഞങ്ങളെ വിശേഷിപ്പിച്ചു.
അച്ഛനേയും അമ്മയേയും ഒന്നിച്ച് കാണുമ്പോൾ ‘ഓ, പുതിയ ഡ്രൈവറാണോ‘ എന്നു ഭാവിക്കുന്നത് അവരുടെ ഒരു വിദ്യയായിരുന്നു.
കുലീനമായ പ്രതികാരം നിർവഹിക്കുന്നതു പോലെ അമ്മയുടെ ഏത് ബന്ധുവിനേയും അമ്മയുടെ ഗ്രാമത്തിന്റെ പേരു പറഞ്ഞു വരുന്ന ഏതൊരാളേയും അച്ഛൻ എന്നും ഉള്ളഴിഞ്ഞ് സഹായിച്ചു പോന്നു.
അമ്മയ്ക്ക് വെളുത്തനിറത്തിന്റെ പേരിൽ അപൂർവമായെങ്കിലും ചില അംഗീകാരങ്ങൾ കൈവരുന്നുണ്ടെന്ന് ഞങ്ങൾക്ക് ചെറിയ കുട്ടികളായിരിക്കുമ്പോൾ പോലും മനസ്സിലാക്കാൻ കഴിഞ്ഞിരുന്നു. അതുകൊണ്ട് ഞങ്ങൾ കറുപ്പ് നിറം മാറ്റാൻ സ്പോഞ്ചു കൊണ്ട് ഉരച്ചു കുളിച്ചു, പച്ച മഞ്ഞളും ചന്ദനവും അരച്ച് പുരട്ടി, നിറം വെളുപ്പിക്കുമെന്ന പരസ്യത്തോടെ മാർക്കറ്റിൽ ലഭ്യമായ പലതരം ക്രീമുകൾ പരീക്ഷിച്ചു. പക്ഷേ പ്ലാസ്റ്റിക് ഇമൽഷൻ പെയിന്റ് തേച്ചാലും പുറത്ത് കാണുമെന്ന വെല്ലുവിളിയോടെ ഞങ്ങളുടെ തൊലി കറുത്ത നിറത്തിൽ തിളങ്ങി.
ഒരു വെളുത്ത കുട്ടിയെ പ്രസവിക്കുവാൻ എനിക്ക് അതി കലശലായ മോഹമുണ്ടായത് അങ്ങനെയാണ്.
മുതിർന്ന സ്ത്രീയായപ്പോൾ ഞാനൊരു വെളുത്ത നിറമുള്ള പുരുഷനെ പ്രേമിച്ചു. അദ്ദേഹത്തിന്റെ റോസ് നിറമുള്ള കൈവിരലുകളും തുടുത്ത കാൽപ്പാദങ്ങളും എന്നെ മോഹിപ്പിക്കാതിരുന്നില്ല. ആ വെളുത്ത നെഞ്ചിൽ കാണപ്പെട്ട കറുത്ത രോമങ്ങളുടെ ശോഭ എന്റെ ഞരമ്പുകളെ ആലസ്യത്തിലാഴ്ത്തി.
പ്രേമം തുളുമ്പുന്ന എന്റെ കറുത്ത മിഴികളിലും ഉറച്ച അവയവഭംഗിയുള്ള ശരീരത്തിലും ശ്രദ്ധിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.
‘കറുപ്പിന് ഏഴഴകാണ്‘!!!
എന്നിലെ കറുത്ത നിറമുള്ള കാമുകിയെ അദ്ദേഹം ‘ക്റുഷ്ണശിലയുടെ കുളിർമ്മയും താളവുമുള്ള സുന്ദരി‘ എന്നു വിളിച്ചു.
എന്റെ ലോകത്തെ മുഴുവൻ കുടഞ്ഞെറിഞ്ഞ് ഞാൻ ആ വെളുത്ത പുരുഷന്റെ ഭാര്യയായി.
ഭർത്താവിന്റെ വീട്ടിലെ ആടും പശുവും പട്ടിയും പോലും വെളുത്തവരായിരുന്നു. വെണ്മയുടെ അമ്പരപ്പിക്കുന്ന ഒരു ലോകമായിരുന്നു ആ വീട്.
എന്നെ കാണുമ്പോൾ ആ വീട്ടിലെ പുറം പണിക്കാരികൾക്ക് അറപ്പു തോന്നി, അവരെല്ലാവരും വെളുത്തവരായിരുന്നുവല്ലോ.
ഞാനൊരു അഴുക്കായി അവിടെ അടിഞ്ഞു.
വെണ്മയുടെ ധനാഡ്യമായ വീട്ടു സദസ്സുകളിൽ ഒരു വേലക്കാരിയായിപ്പോലും ഇടം കിട്ടാത്ത ജീവിതം എന്നെ തളർത്തി.
കറുത്ത തൊലി മുഴുവൻ വലിച്ചൂരി, വെളുത്ത തൊലി വാരിപ്പുതയ്ക്കാൻ മോഹിച്ച് ഞാൻ ദിവസങ്ങൾ നീക്കിക്കൊണ്ടിരുന്നു.
ആ വെളുത്ത ലോകത്തിൽ എന്നെ കാണുമ്പോൾ എന്റെ ഭർത്താവിന്റെ വെളുത്ത മുഖത്ത് കാളിമയുണ്ടായി. ക്റുഷ്ണശില അദ്ദേഹത്തിന്റെ വെണ്മയിൽ പുരണ്ട ചെളിയായപ്പോൾ ‘എനി തിംഗ് ഔട്ട് ഓഫ് പ്ലേസ് ഈസ് ഡർട്‘ എന്നത് അദ്ദേഹത്തിന്റെ പ്രിയപ്പെട്ട വചനമായിത്തീർന്നു.
എന്റെ പ്രേമം കോണിച്ചുവട്ടിലും സ്റ്റോർ മുറിയിലും വിറകു പുരയിലും നിന്ന് എന്നെ പരിഹസിച്ചു.
കറുത്ത ചെവികളും വെളുത്ത നിറവുമുള്ള ഞങ്ങളുടെ മകനെ, വെളുത്തു തുടുത്ത മനുഷ്യർ തൊടുകയോ മടിയിലിരുത്തുകയോ ചെയ്തില്ല.
ഒരു രാത്രിയിൽ ഭർത്താവ് എന്റെ ശരീരത്തിൽ നിന്നുയർന്നപ്പോൾ ഞാൻ കിടക്കറവെളിച്ചം തെളിയിച്ചു. എനിക്ക് കലശലായ ദാഹമുണ്ടായിരുന്നതു കൊണ്ട് കുറച്ച് വെള്ളം കുടിക്കേണ്ടിയിരുന്നു.
അപ്പോഴാണ് അദ്ദേഹം പറഞ്ഞത്.
‘നാശം, കെടുത്തുന്നുണ്ടോ ആ വിളക്ക്? ഇരുട്ടായതു കൊണ്ടാ ഇതൊക്കെ…….., വെളിച്ചത്തിൽ കണ്ടാൽ തൊടാനറയ്ക്കും, കരിമന്തി, എന്റെ ഗതികേടു കൊണ്ട്… അശ്രീകരം.‘
പിന്നീട് അദ്ദേഹം ശക്തിയായി കാർക്കിച്ചു, ചുവരരികിലുണ്ടായിരുന്ന വാഷ്ബേസിനിലേക്ക് തുപ്പി.
പക്ഷെ, തുപ്പൽ വീണത് വാഷ് ബേസിനിലല്ല, അല്പം മുൻപ് അദ്ദേഹത്തിന്റെ വിരലുകളിൽ ഞെരിഞ്ഞ എന്റെ കറുത്ത മുലകളിലാണ്.
ഞങ്ങളുടെ മകൻ മുല കുടിക്കുന്ന പ്രായമായിരുന്നു.
അന്നു രാത്രി പരിപൂർണമായും അനാഥമായ എന്റെ പ്രേമം സഹനത്തിന്റെ അവസാന കൂടാരവുമഴിച്ചു മാറ്റി.
പിറ്റേന്ന് ഞാൻ ആ വെണ്മയുള്ള വീടിനേയും ആ വെളു വെളുത്ത മനുഷ്യരേയും വിട്ടു പോന്നു.
കറുത്ത ചെവിയും വെളുത്ത നിറവുമുള്ള എന്റെ മകനെയും കൂട്ടി, ഞാൻ പലയിടങ്ങളിലും ജോലി തേടിപ്പോയി.
വെളുത്ത സ്ത്രീകൾക്കുള്ള ജോലികളിൽ നിന്നും ഒഴിവാക്കപ്പെട്ട എനിക്ക് കറുത്ത സ്ത്രീകൾക്കായി നീക്കിവെച്ച ജോലികൾ ചെയ്താണു മകനെ വളർത്തുവാൻ സാധിച്ചത്.
അവൻ ഗോതമ്പു നിറമുള്ള ഒരു സുന്ദരനായിത്തീർന്നു.
‘ഗോതമ്പിന്റെ നിറമുള്ള മകനു ഇത്ര കറുത്ത നിറമുള്ള അമ്മയോ? ‘എന്നു മകന്റെ കാമുകിയുടെ അമ്മ അത്ഭുതപ്പെട്ടു.
അവൻ ചിരിച്ചപ്പോൾ ഞാനും ചിരിച്ചു.
ആ പെൺകുട്ടിയുടെ അച്ഛൻ ചിരിച്ചില്ല.
‘വെളുത്ത നിറമുള്ളവരെ കാണുമ്പോൾ കൂടുതൽ കംഫർട്ടബിൾ ആയിത്തോന്നും. കറുത്ത നിറവും ചുരുണ്ട തലമുടിയും എന്തുകൊണ്ടോ, അങ്ങനെയല്ല’
അന്നാണ് കറുത്തവനായ അമേരിക്കൻ പ്രസിഡന്റിന് വധഭീഷണിയുണ്ടെന്ന വാർത്ത വന്നത്.